വിശുദ്ധമലിന ജീവിതങ്ങൾ

‘‘നീ വരുന്നുണ്ടെന്നുറപ്പായതോടെ, ഞാൻ ഈ മുറി ഒരുക്കിവെച്ചു. നഗരക്കാഴ്ചക്കുവേണ്ടിമാത്രം ജനിച്ച ജാലകങ്ങളാണ്, കണ്ടില്ലേ?'' ഷൈൻ പറഞ്ഞു. അത് അക്ഷരാർഥത്തിൽ ശരിയാണ്. കുറ്റമറ്റ നഗരനിർമിതിയുടെ ഭാഗമായി പൂർണസജ്ജീകരണം സാധിച്ചെടുത്ത സുന്ദരമായ തെരുവുകൾ നിറയേ ചതുരവിളക്കുകളുമായി ജ്വലിച്ചുനിൽക്കുന്നത് ജാലകങ്ങളിലൂടെ നന്നായി കാണാം. അതങ്ങനെ താഴേക്ക് ഒഴുകിയിറങ്ങുകയാണ്. നെറ്റിപ്പട്ടത്തിൽ അസ്തമയസൂര്യൻ മിന്നുന്നതുപോലെ. നന്നായി...
Your Subscription Supports Independent Journalism
View Plans‘‘നീ വരുന്നുണ്ടെന്നുറപ്പായതോടെ, ഞാൻ ഈ മുറി ഒരുക്കിവെച്ചു. നഗരക്കാഴ്ചക്കുവേണ്ടിമാത്രം ജനിച്ച ജാലകങ്ങളാണ്, കണ്ടില്ലേ?''
ഷൈൻ പറഞ്ഞു.
അത് അക്ഷരാർഥത്തിൽ ശരിയാണ്. കുറ്റമറ്റ നഗരനിർമിതിയുടെ ഭാഗമായി പൂർണസജ്ജീകരണം സാധിച്ചെടുത്ത സുന്ദരമായ തെരുവുകൾ നിറയേ ചതുരവിളക്കുകളുമായി ജ്വലിച്ചുനിൽക്കുന്നത് ജാലകങ്ങളിലൂടെ നന്നായി കാണാം. അതങ്ങനെ താഴേക്ക് ഒഴുകിയിറങ്ങുകയാണ്. നെറ്റിപ്പട്ടത്തിൽ അസ്തമയസൂര്യൻ മിന്നുന്നതുപോലെ. നന്നായി കാണാൻപറ്റുന്ന ഉയരത്തിലാണ് ഷൈൻ വീടുവെച്ചിരിക്കുന്നത്. താഴ്ചക്കുമപ്പുറം, ദൂരെ, വളവുപുളവുകളുടെ വിചിത്രചതുരം വിന്യസിച്ചുനിൽക്കുന്ന ഏതാനും വമ്പൻകെട്ടിടങ്ങൾ കണ്ടു. നിറദീപ്തി മാഞ്ഞിട്ടില്ലാത്ത വിശാലാകാശത്തേക്ക് തലനീട്ടുന്ന തിരക്കിലാണ് അവയത്രയും. താമസക്കാരായ മനുഷ്യരുമായി മാനത്തു നീന്താൻ പോകുന്ന യാത്രാനൗകകളെപ്പോലെ. വരാനിരിക്കുന്ന നക്ഷത്രരാത്രിയിലേക്ക് തലയുണക്കാനിരിക്കുന്ന മെൽബൺ നഗരമാണത്രെ, അത്.
വർഷങ്ങളായി ഷൈൻ താമസിക്കുന്ന ആ വിക്ടോറിയൻ നഗരത്തിൽ ആദ്യമായിട്ട് വന്നെത്തുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളുമായും തൊഴിൽപരമായ ബാന്ധവങ്ങൾ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ മഹാസമുദ്രം ഭേദിച്ച്, മറ്റൊരു വൻകരയിലേക്ക് ഇതേവരെ കയറിച്ചെന്നിട്ടില്ല. വേനൽക്കാലമാണെന്നൊക്കെ ഷൈൻ പൊങ്ങച്ചം പറഞ്ഞെങ്കിലും, എനിക്കങ്ങനെയല്ല തോന്നിയത്. രാത്രിയിൽ വിമാനമിറങ്ങിയതും മരുസമാനമായ തണുപ്പ് ശരീരത്തിലേക്ക് ഓടിക്കയറി. നഗരച്ചൂട് വെറും ഒമ്പതു ഡിഗ്രിയാണത്രെ. പാർക്കിങ് ഏരിയയിലെ ശീതത്തെ വെട്ടിച്ച് വല്ലവിധേനയും കാറിൽക്കയറി.
‘‘വിശാലം ഇന്ന് ഹോസ്പിറ്റലിൽനിന്ന് തിരിച്ചെത്താൻ വൈകും, ഷിഫ്റ്റ് അത്തരത്തിലാണ്. അവളെക്കാത്തിരിക്കണ്ട, വീട്ടിലെത്തിയതും നീ ഉറങ്ങിക്കോ. യാത്രാക്ഷീണമുണ്ടാവുമല്ലോ. നാളെ നമുക്ക് ഒത്തുകൂടാം... തമ്മിൽ കണ്ടിട്ട് കാലമെത്രയായെടാ...’’
സഞ്ചാരപാതയിൽ, സദാ തിരിക്കാനുള്ള വാഹനചക്രത്തിനു പിന്നിലായിട്ടുപോലും ഷൈൻ വല്ലാതെ വികാരാധീനനായി. പൂർവബന്ധമുള്ളവരെ കാലംകൂടികാണുമ്പോൾ പിന്നോട്ടോടിമറഞ്ഞ മഹാകാലത്തെ എത്തിപ്പിടിച്ചതുപോലെ തോന്നുമത്രെ. കൈവിട്ടോടിയ കുട്ടിയെ കടന്നുപിടിക്കുന്നതിനോളം എളുപ്പം അതിനുണ്ടെന്നാണ് അവന്റെ ഭാവം.
വീട്ടിലെത്തിയതും അവർ വളർത്തുന്ന പൂഡിൽ കുരയോടെ വരവേറ്റു. മണത്തുപരിചയപ്പെട്ടതോടെ പട്ടി ശാന്തനായി. ഭക്ഷണം തന്ന് വേഗംതന്നെ ഷൈൻ എന്നെ കിടപ്പുമുറിയിലെത്തിച്ചു. ഒട്ടും സമയം കളഞ്ഞതുമില്ല. ഹീറ്റർ പ്രവർത്തിപ്പിച്ച്, ശുഭരാത്രിയും ആശംസിച്ച് ഷൈൻ പോയി. പിൻതുടർന്ന് അവന്റെ പൂഡിലും. എനിക്കാണെങ്കിൽ എന്തോപോലെ. വൻകരകളും, വിമാനയാത്രയും ചേർന്നൊരുക്കിയ സമയത്തിന്റെ കെണി ആശയക്കുഴപ്പമുണ്ടാക്കിയതുകൊണ്ടാണോ? അതോ, കിടക്കയിലേക്കു പിടിച്ചമർത്താൻ ശ്രമിക്കുന്ന തണുപ്പു കാരണമോ? ഉറങ്ങാൻ കിടന്നപ്പോൾ അടുത്താരോ ഉണ്ടെന്നൊരു തോന്നൽ. ഉറങ്ങുമ്പോഴും മറ്റൊരു ശ്വാസം കൂട്ടിരിക്കുന്നതുപോലെ. കാതിനോട് ചുണ്ടുചേർത്ത് അതെന്തൊക്കെയോ പറയുന്നുണ്ട്. ചെവിയിൽ നിശ്വാസം തട്ടുന്നുമില്ല, ശബ്ദംമാത്രം!
‘‘ആരാണവിടെ?’’
ചോദിച്ചിട്ടുണ്ടാവാം, ഉറക്കത്തിലായതുകൊണ്ട് സ്വയം അറിഞ്ഞില്ലെന്നേയുള്ളൂ.
‘‘ഞാനിവിടെത്തന്നെയുണ്ട്. പുതിയതായി വന്നെത്തിയത് നീയല്ലേ?’’
മറുപടി വന്നു. പരിചിതമായിത്തോന്നിയ ഒച്ച. ആരുടേതാണെന്നു മനസ്സിലായതേയില്ല. അതങ്ങനെ കഴിഞ്ഞു. ബോധം തെളിഞ്ഞപ്പോൾ ആദ്യം കേട്ടത്, വിശാലത്തിന്റെ ശബ്ദമാണ്. അവളുടെ ശബ്ദമാണെന്നു മനസ്സിലാക്കാൻ രണ്ടാമതൊരുവട്ടം ശ്രദ്ധിക്കേണ്ടിവന്നു. പണ്ടൊരുകാലത്ത്, ഏതൊരു ഒച്ചപ്പാടിനകത്തും വേറിട്ടുതെളിയുന്ന സുഖശബ്ദമായിരുന്നു. ഇപ്പോൾ, മുറിപ്പെട്ട മൃഗത്തിന്റേതുപോലെ! കനത്ത വെള്ളപ്പുതപ്പിനകത്തുനിന്ന് മെല്ലെ ഊർന്നിറങ്ങി, മുറിയിൽനിന്ന് പുറത്തുചാടി.
തുറന്ന അടുക്കളയിൽ ദമ്പതികൾ പ്രഭാതപാചകത്തിന്റെ തിരക്കുകളിലാണ്. നെയ്യിൽ മൊരിയുന്ന ദോശ ചേലോടെ മണക്കുന്നു. അടുക്കളയോടുചേർന്ന്, ചുമരിനപ്പുറം മരപ്പലകകൾ നീളത്തിൽപ്പാവിയ ചെറുമുറ്റത്തുനിന്ന് ഇളവെയിൽ ചില്ലുവാതിൽക്കടന്ന് അകത്തേക്കു വന്നുവീഴുന്നുണ്ട്. പുത്രനെന്നമട്ടിൽ ദത്തെടുത്ത്, അരുമയോടെ ലാളിച്ചുവളർത്തുന്ന പൂഡിൽപട്ടി മുറ്റത്ത് പ്രകൃതിയുടെ വിളി കേൾക്കുന്ന തിരക്കുകളിലാണ്. എന്റെ ശബ്ദം കേട്ടപ്പോൾ, വാതിലിലെ സൂത്രോട്ടയിലൂടെ പട്ടി അകത്തുവന്നു. തലേന്നത്തെ പരിചയത്തിലാവണം, ഫ്രഞ്ച്മര്യാദയോടെ എന്നെ വലംവെച്ചു മണപ്പിച്ച് പിന്മാറി.
‘‘സലീം ഇരിക്കൂ. ബ്രേക്ക്ഫാസ്റ്റിന് സമയമായോ?’’
വിശാലം കുശലമിട്ടു. പറഞ്ഞതിനുശേഷം, അവൾ എനിക്കുപിന്നിലേക്കു നോട്ടമിടുന്നതു കണ്ടു. ആരോ അവിടെ നിൽക്കുന്നതായി തോന്നിയോ, ആവോ. അയഞ്ഞവസ്ത്രങ്ങളിൽ ക്രമീകരിച്ചുസൂക്ഷിച്ച ഉറച്ചശരീരവുമായി വിശാലം ആരോഗ്യത്തോടെ തുടരുന്നുണ്ട്. പക്ഷേ, മാർബിൾ ചുമരുപോലെ മിനുത്ത ശൂന്യതയാണ് മുഖത്തുകണ്ടത്. അതത്ര സുഖകരമല്ല.
‘‘സലീം തടിച്ചു, കേട്ടോ.’’
വിശാലം വിലയിരുത്തി. ഷൈൻ അതു ശ്രദ്ധിച്ചില്ല. അവൻ പറഞ്ഞത് മറ്റൊന്നാണ്.
‘‘പണ്ട്, നിന്റെ ഇഷ്ടഭക്ഷണം മൊരിഞ്ഞ ദോശയായിരുന്നല്ലോ. വിശാലം അതൊന്നും മറന്നിട്ടില്ല, കേട്ടോടാ.’’
ദോശ മൊരിയുന്നതിന്റെ മണത്തോടൊപ്പം അവന്റെ വർത്തമാനവും വിശപ്പിനെ പ്രഭാതഭക്ഷണത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ്. വൻകര മാറിയെങ്കിലും അവരിപ്പോഴും കേരളത്തെ കൊച്ചു ടിന്നുകളിലായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പാലക്കാടൻ മട്ടയരിയും, ഉഴുന്നും, വെളിച്ചെണ്ണയുമെന്നുവേണ്ട, നാട്ടിലുള്ള എല്ലാം അവിടെയുണ്ട്. വിറകടുപ്പും, മഷിപോലുള്ള അട്ടക്കരിയും, സങ്കടവും കൂടിയാൽ കേരളീയ ബാല്യകാലഭൂതം മുഴുവനായി!
വിശാലമായ ഊൺമേശക്കുപിന്നിൽ കസേര വലിച്ച് ഞാനിരുന്നു.
‘‘സലീം, വെറുംവയറ്റിൽ നിനക്ക് ഓൺ ദ റോക്സ് ഒരെണ്ണം വിടണോ?’’
കസേരയിൽ ചാഞ്ഞിരിക്കുന്ന ഷൈൻ കണ്ണിറുക്കിച്ചിരിച്ചു.
‘‘നീ കാലത്തുതന്നെ അവനെ മനുഷ്യകവചമാക്കല്ലേ...’’
ആൽക്കഹോളിന്റെ കലാശം നോക്കിപ്പോകുന്ന വഴിമരുന്ന് ഒറ്റയടിക്ക് തട്ടിക്കളയുന്നതുപോലെ വിശാലം ആഞ്ഞുചിരിച്ചു. അതിനിടയിൽ അവൾ എനിക്കുള്ള ചൂടുചായ തന്നു. വെട്ടിയാൽ മുറിയാത്ത ചായ! എത്ര മേഞ്ഞാലും തീരാത്ത വിശാലമായ പുൽമേടുകളിൽവെച്ച് മുലക്കനംനേടിയ വമ്പൻ പശുക്കളാണ്, വൻകരയിൽ. അവറ്റ നിർത്താതെ ചുരത്തുന്ന കൊഴുത്തപാലാണത്രെ അതേമട്ടിൽ കുപ്പികളിൽ കിട്ടുന്നത്.
‘‘ഇപ്പോഴും, നിനക്ക് കുളി നിർബന്ധംതന്നെയാണോ?’’
ഷൈൻ കളിയായി ചോദിച്ചു. അതെയെന്നു ഞാൻ. എങ്കിൽ, അതുകഴിഞ്ഞ്, ആഹാരവുംകഴിച്ച്, പൂഡിലിനെ നടത്താൻ കൊണ്ടുപോകാമെന്നായി, അവൻ. വീടിനു മുന്നിലെ വാഹനപ്പാതയിൽനിന്ന് ഇടപ്പാതകളിലൊന്നിലേക്കു മുറിച്ചുകടന്നാൽ പട്ടികൾക്ക് ഓടിനടക്കാനുള്ള വിശാലമായ മൈതാനം, ഒപ്പം മനുഷ്യർക്കും. നായ്നരനെന്ന ഭേദമില്ലാതെയാണ് ഗവൺമെന്റ് അവിടെ സൗകര്യമൊരുക്കുന്നത്. പുനർജന്മത്തിലെങ്കിലും, മനുഷ്യതസ്തിക വിട്ടെറിഞ്ഞു പട്ടിയാവാൻ മോഹിച്ചുപോകുന്ന സന്ദർഭങ്ങളുണ്ടത്രെ!
വൃത്തിയുള്ള മലിനജലമൊഴുകുന്ന ചോലയോടുചേർന്ന്, പുല്ലുവളർത്തിയ പാതയിലൂടെ പൂഡിലുമായി നടക്കുമ്പോൾ ഓർക്കാപ്പുറത്ത് ഷൈൻ ചോദിച്ചു.
‘‘ഇന്നലെ രാത്രി, നിനക്കു വിചിത്രമായി വല്ലതും അനുഭവപ്പെട്ടോ?’’
വെളിപ്പെടുത്തുന്നതിനുപകരം, അജ്ഞത നടിക്കാനാണ് തൽക്കാലം തോന്നിയത്.
‘‘മുമ്പ്, ഛായാനാഥനും ഞാനും താമസിച്ചിരുന്ന മുറിയാണത്.’’ തുടക്കത്തിൽതന്നെ അവന്റെ തൊണ്ടയിടറി. തുടർന്ന്, യാതൊന്നും പറയാൻകഴിയാതെ അവൻ വിഷമിച്ചു. കുറെനേരം ഞങ്ങൾ നിശ്ശബ്ദരായി നടന്നു. തൊലിയടർന്ന യൂക്കാലിമരങ്ങൾ നിരയൊത്തുനിന്ന വഴിത്താരക്ക് പുൽപ്പച്ചയുടെ ഭംഗിയും പതുപതുപ്പും. അതിർത്തികളിൽ, അളന്നുമുറിച്ചതുപോലെ പണിതിട്ട ചന്തമുള്ള വീടുകളുടെ ലോലമായ സിംഫണി. രൂപത്തിന്റെ സംഗീതംപോലെ.
പുറത്തിറങ്ങിയതിന്റെ സന്തോഷത്തോടെ പൂഡിൽ മുന്നോട്ടു പറക്കാൻ വെമ്പുകയാണ്, ലീഷ് മുറുക്കെപ്പിടിച്ച ഷൈന്റെ തോളെല്ലിൽ അതിന്റെ ആന്ദോളനം കാണാം.
ഷൈൻ ശരിക്കും വിഷമത്തിലാണെന്നു തോന്നി. തെല്ലുനേരം മിണ്ടാട്ടമില്ലാതായി. ഛായാനാഥനെപ്പറ്റി പരാമർശമുണ്ടായാൽ അത് സ്വാഭാവികം. എനിക്കറിയാം, വൻകരയിലേക്ക് ഒപ്പം ചേക്കേറിയവരാണ് അവർ. അന്ന്, ഈ വീട് മറ്റൊരാളുടേതായിരുന്നു. പേയിങ് ഗെസ്റ്റ് എന്ന നിലയിലാണ് ഇരുവരുടെയും താമസം. തളരാത്ത തൊഴിലന്വേഷണമായിരുന്നു, നിരന്തരമായ പണി. ഛായാനാഥന് അപ്പഴപ്പോൾ പണം സഹായിക്കാൻ നാട്ടിൽ വിശാലമുണ്ടായിരുന്നു. അതിൽ പങ്കുപറ്റി ഷൈനും പിടിച്ചുനിന്നു. അവൾക്ക് അന്നും നഴ്സായി ജോലിയുണ്ട്, ഈ കിഴക്കൻ വൻകരയിലേക്ക് പറിച്ചുനടണമെന്ന മോഹവും. ശരിക്കുംപറഞ്ഞാൽ, ഛായാനാഥനായിരുന്നു അവളുടെ പ്രതീക്ഷയുടെ ഗോവണി.
‘‘നഴ്സേ, നിന്നെ എന്നാണ് ഛായാനാഥൻ ഇവിടെനിന്ന് മാറ്റിപ്രതിഷ്ഠിക്കുക?’’
വിഗ്രഹംപോലെ തോന്നിച്ചിരുന്ന അവളെ ഞാൻ പലപ്പോഴും അർഥവത്തായി കളിയാക്കും. അവൾ നാണത്തോടെ പുഞ്ചിരിക്കും. അക്കാലത്ത്, സ്ത്രീകൾക്ക് സന്തോഷം പ്രകടിപ്പിക്കാനുള്ള എളുപ്പവഴിയായിരുന്നല്ലോ, സുന്ദരനാണം. വിക്ടോറിയൻ സംസ്ഥാനത്തിൽ പാഞ്ഞുപണിയെടുക്കുന്ന ചങ്ങാതിമാരുടെ കഥകളെല്ലാം എന്നെ കാണുമ്പോൾ വിശാലം ഒന്നുവിടാതെ പറയും. പലപ്പോഴും അവൾ ജോലിചെയ്യുന്ന ആശുപത്രിയിൽവെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുക. മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ വേഷത്തിലായിരുന്നു, അക്കാലം, ഞാൻ.
നടത്തക്കിടയിൽ, പൂഡിൽ ഷൈനിന്റെ കൈകളിൽനിന്നൂർന്നുപോയി. കിട്ടിയതക്കത്തിന് അവൻ ദൂരെ മേഞ്ഞുനടക്കുന്ന സഹചരന്മാർക്കരികിലേക്കോടി. സന്ദർഭം പരിചിതമല്ലാത്തതുകൊണ്ട് ‘അയ്യോ’ എന്നായി, ഞാൻ.
‘‘കുഴപ്പമില്ല, കളി കഴിഞ്ഞാൽ അവൻ താനേ തിരിച്ചുവരും.’’
ഷൈൻ സമാധാനിപ്പിച്ചു.
പട്ടി പോയത് അവനൊരാശ്വാസമായതുപോലെ! ചിലതെല്ലാം വെളിപ്പെടുത്താൻതന്നെ ഷൈൻ തീരുമാനിച്ചെന്ന് എനിക്കൊരു തോന്നൽ. പൂഡിലിനെ പറഞ്ഞയച്ചത് ചുമ്മാതല്ല. പറയാനിരിക്കുന്നത് പട്ടിപോലും കേൾക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരിക്കാം.
‘‘സലീം, ആ മുറിയിൽ താമസിക്കാൻ ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ പറയണേ. ഇതിനു മുമ്പ്, ചിലർക്കെല്ലാം അത്തരം മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്.’’
ഒറ്റമൂച്ചിന് അവൻ പറഞ്ഞു. തെല്ലൊരു പരിഭ്രമം തോന്നി. എങ്കിലും, അടുത്തമാത്ര കുഴപ്പമില്ലെന്നു പറഞ്ഞൊഴിയാനായി. മുഖം വല്ലാതെ വിളറിയെങ്കിലും അവനത് കണ്ടിട്ടുണ്ടാവില്ല.
‘‘സലീം, നിനക്കറിയാമോ, ആ മുറിയിൽവെച്ചായിരുന്നു ഛായാനാഥന്റേയും വിശാലത്തിന്റേയും ആദ്യരാത്രി.’’
ഞങ്ങൾക്കിടയിലേക്ക് മഞ്ഞുമലയെന്നോണം മൗനം പൊട്ടിച്ചാടിയത് ഒറ്റയടിക്കാണ്. ഏറെ സമയത്തേക്ക് അതു ഞങ്ങളെ വേർതിരിച്ചു. മരവിച്ച അഗ്നിമാതിരി മഞ്ഞുകട്ടികളങ്ങനെ പെരുകുകയാണ്, മനസ്സിൽ. മാംസത്തെയെന്നല്ല, അകതാരിലെ അസ്ഥികൂടത്തെവരെ തണുപ്പിച്ചുപൊട്ടിക്കാൻ ശക്തിയുള്ള മഞ്ഞിൻകട്ടകൾ. ചൂടുറവകളെപ്പോലും അവ മരവിപ്പിച്ചുകഴിഞ്ഞു. തണുപ്പിന്റെ ആവിയിൽ നിലവിളി ശബ്ദങ്ങളത്രയും തരിശ്ശിൽ തൂവിപ്പോകുന്നു...
വീട്ടിലേക്ക് തിരിച്ചുപോകാനുള്ള സമയമായപ്പോൾ കൂട്ടാളികളോടു യാത്രപറഞ്ഞ്, പട്ടി മടങ്ങിവന്നു. സന്ദർശകൻ കഴിവതും പുതിയസ്ഥലങ്ങൾ കണ്ടോട്ടേയെന്നു കരുതിയാവാം, വീട്ടിലേക്ക് മടങ്ങിയത് മറ്റൊരു വഴിയിലൂടെയാണ്. പൂന്തോട്ടത്തിനു നടുവിലെ പൊതുഅടുപ്പിനടുത്തെത്തിയപ്പോൾ പട്ടി മണപ്പിച്ചു. യജമാനന്റെ മുഖത്തേക്ക് അർഥവത്തായി നോക്കി.
‘‘ബാർബിക്യൂ എവിടെ കണ്ടാലും അവന്റെ വായിൽനിന്ന് അന്നേരം, വെള്ളമിറ്റുവീഴും. പാവ്ലോവിന്റെ നിയമം പൂഡിലും പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു.’’
ഷൈൻ കളിപറഞ്ഞു.
മാംസം തുറന്നുകാണിക്കുന്ന യൂക്കാലിമരക്കൂട്ടത്തിനു നടുവിൽ, ആകാശത്തേക്കു സദാ മലർന്നിരിക്കുന്ന അടുപ്പ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വിശന്ന വയറിനുള്ള തുറന്ന അടുക്കള ഈ ഭൂമിതന്നെയാണെന്ന് അദൃശ്യതയിലാരോ പറയാതെ പറയുന്നതുപോലെ.
അന്നു പകൽ മുഴുവൻ ഉൾക്കടലിന്റെ തീരപ്രദേശത്തും, യാരാ നദിക്കരയിലുമായി ചെലവിട്ടു. നിർത്താതെ നഗരംചുറ്റി. തിരിച്ചെത്തുമ്പോഴേക്കും രാത്രിയായി. സൂര്യൻ മറഞ്ഞിട്ടില്ലാത്ത ചെമന്ന ഇരവ്. ഇരുട്ടിലേക്ക് സൂര്യനെ നീട്ടിക്കൊണ്ടുപോകുന്ന അയനകാലമാണത്രെ. അതുകൊണ്ട് പകലിന് ദുഃഖത്തേക്കാൾ നീളമുണ്ട്. വാതിൽ തുറക്കുമ്പോൾ, ഞാൻ കിടന്നുറങ്ങിയ മുറിയിൽനിന്ന് പൂഡിൽ ഇറങ്ങിവരുന്നു. വിശാലം കാണാതെ ഷൈൻ എന്നെയൊന്ന് ഇരുത്തിനോക്കി. വസ്ത്രം മാറ്റാൻവേണ്ടി അവൾ മുറിയിൽ കയറിയ തക്കത്തിന് എന്റെ കാതിൽ പറഞ്ഞു.
‘‘നിനക്കെല്ലാം മനസ്സിലായില്ലേ, സലീം? ഛായാനാഥന് പട്ടിയുമായി വല്ലാത്തൊരു ചങ്ങാത്തമുണ്ട്.’’
എനിക്ക് ആകപ്പാടെ വല്ലായ്ക തോന്നി.
അന്നുരാത്രി തലയിണയിൽനിന്ന് ഉറക്കത്തിനുമുമ്പ്, ശബ്ദം വന്നു.
‘‘നീ ഉറങ്ങിയോ, സലീം?’’
ശബ്ദത്തിന് ഇടറലോടെ പ്രായം ബാധിച്ചിട്ടുണ്ടെങ്കിലും, അത് ഛായാനാഥന്റേതെന്ന് മനസ്സിലായി. പേടിയല്ല തോന്നിയത്, വെറുങ്ങലിച്ച ശൂന്യത. ലക്ഷണംകെട്ട നിർലേപത.
‘‘സമൂലം നേടി എന്ന വിചാരവുമായി ഉപകാരമില്ലാതെ മരണംവരിച്ചതിലൂടെ വിലപ്പെട്ട ഭൂമിയൊന്നാകെ നഷ്ടപ്പെട്ടെന്ന് വിഷമം തോന്നുന്നില്ലേ, ഛായാനാഥാ?’’
എന്തോ അങ്ങനെ ചോദിക്കാനാണ് തോന്നിയത്. ഒരർഥത്തിൽ, സ്വന്തം മരണം അവന്റെതന്നെ കുറ്റകൃത്യമാണെന്ന വ്യക്തമായ ഒരിനം കുറ്റപ്പെടുത്തൽ നിശ്ചയമായും അതിനുപിന്നിലുണ്ട്. കാരണം, എനിക്ക് അവർ മൂവരുടെയും ജീവിതമെന്താണെന്ന് കുറെയൊക്കെ അറിയാവുന്നതാണ്. എല്ലാം മാറിമറഞ്ഞതിന്റെ ആശയക്കുഴപ്പം എന്നെ മഥിക്കുന്നുമുണ്ട്. ഛായാനാഥന്റെ ഭാര്യയായിത്തന്നെ വിശാലത്തെ മനസ്സാ കണ്ടുശീലിച്ചവനാണല്ലോ, ഞാൻ. എപ്പോഴും, അങ്ങനെ കാണാനാണ് ഇഷ്ടവും. മറ്റൊരാൾ ആ സ്ഥാനത്തു കയറിനിൽക്കുന്നത് ഒട്ടും സഹിക്കാനാവുന്നില്ല. വയസ്സിൽ ഒരൽപം താഴെനിൽക്കുന്ന ഷൈൻ അവളുടെ ഭർത്താവായി മാറിയത് മരമണ്ടനായ ഛായാനാഥന്റെ അനാവശ്യമായ ആത്മഹത്യ കാരണമാണ്, തീർച്ച. അതു സഹിക്കാനും ഞാനൊരുക്കമല്ല. അത്തരത്തിലാണ് വികാരമെങ്കിൽ, ഛായാനാഥനോടുള്ള സമീപനത്തിൽ കുറ്റപ്പെടുത്തലിന്റെ ശാപശീലുകൾ നീളെ പറക്കുകതന്നെചെയ്യും!
‘‘അകത്തേക്കു വക്രമായി ഉൾവലിഞ്ഞ ഈ വൻകരഭൂമിക്ക് വലുപ്പം കുറവാണ്, സലീം. അതുകൊണ്ട് വിശാലത മുഴുവൻ ആകാശത്തിനാണ്. മരിച്ചുപോയവരെല്ലാം ചെന്നെത്തുന്നത് അവിടെയാണെന്ന് കേട്ടിട്ടില്ലേ? മരണംമൂലം മാനത്തവസാനിക്കുന്നവർക്ക് ഈ വൻകര വളരെ നല്ലതാണ്. ആത്മവിഹാരത്തിന് സ്ഥലസൗകര്യം ധാരാളം! പക്ഷേ, മരിച്ചിട്ടുപോലും അത്തരം വിശാലാകാശത്തെത്താൻ എനിക്കു സാധിച്ചില്ലെടാ. വിശാലത്തെയും ഷൈനിനെയും വിട്ടുനിൽക്കാൻ കഴിയാത്ത എനിക്ക് പക്ഷേ, ഇവരോടൊപ്പം പുറത്തിറങ്ങാനും ആവുന്നില്ല. അതാണ് ശരിക്കും ദുരന്തം. ഇരുവരും പുറത്തിറങ്ങിപ്പോകുന്നതോടെ വീട്ടിനകത്ത് ഒറ്റക്കാവും. കിടപ്പുമുറിയിൽ നടവട്ടമില്ലാത്ത വയസ്സനേപ്പോലെ തുടരുകയല്ലാതെ മറ്റൊരു വഴിയുമില്ല, കഷ്ടം! ഇടക്കിടെ, അവരുടെ പട്ടി കിടക്കയിലേക്കു കയറിവരുമെങ്കിലും ആ ജന്തുവുമായി സഹവസിക്കാൻ ഞാനിതുവരെ പഠിച്ചിട്ടില്ല. കഴിയാവുന്നിടത്തോളം വെറുപ്പിച്ചുനോക്കി. എന്നിട്ടും, അതിന്റെ സാന്നിധ്യം അവസാനിക്കുന്നില്ല... തുടർന്നുപോരുന്നത് പൂർണദുരന്തത്തിന്റെ ഒരിനം മരണാനന്തരജീവിതമാണെങ്കിലും, വിശാലത്തിന്റെ പരിസരത്താണല്ലോ എന്നുമാത്രമാണ് ആകെ ഒരാശ്വാസം.’’
‘‘സത്യം പറ, ആത്മഹത്യയെന്നൊരു മണ്ടൻചിന്തയിൽ നീ എങ്ങനെയെത്തി?’’
ഞാൻ ചോദിച്ചു. ദുരന്തത്തിന്റെ പല്ലിൽക്കയറി സങ്കടത്തോടെ ഛായാനാഥൻ പുഞ്ചിരിച്ചു.
‘‘തോറ്റുപോയതുകൊണ്ടുതന്നെ. സലീം, തോറ്റവരുടെ തെറ്റുകൾ പ്രത്യേകം കണ്ടുപിടിക്കാനൊന്നും നീ ബുദ്ധിമുട്ടരുത്. കാരണം അളവില്ലാത്ത തോൽവിതന്നെ മുഴുത്ത തെറ്റാണ്. അളവുതൂക്കത്തിന്റെ നീക്കുപോക്ക് അതിനനുവദിക്കേണ്ടതില്ല.’’
‘‘പരക്കെയുള്ള സാധ്യതകൾ മിക്കവർക്കുംകാണും. എനിക്കറിയേണ്ടത് അതിന്റെ ശരിയായ കാരണമാണ്.’’
‘‘സലീം, എനിക്ക് ആകെയുണ്ടായിരുന്നത് ജോലിയാണല്ലോ. അതുകൂടി നഷ്ടപ്പെട്ടതിനുശേഷമായിരുന്നു, മരണദിവസത്തെ തിരിച്ചുവരവ്.’’
പുതപ്പുമാറ്റി, അവന്റെ ശബ്ദം പുറത്തിറങ്ങി. പൊടിമഞ്ഞിന്റെ തുണയൊന്നുമില്ലാതെ ഒറ്റക്ക് പുറത്തിറങ്ങിയ അശരീരിയായ തണുപ്പ് പുറമെ, ജാലകച്ചില്ലുകളിൽ മുഖമടച്ചുവീണിരിക്കുന്നു. എഴുന്നേൽക്കാനാവുന്നില്ല. അത്തവണ ഛായാനാഥന്റെ ശബ്ദം നിശ്വാസമൂതിയപ്പോൾ, മരവിച്ച ചില്ലിന്റെ മുഖത്ത് മറുകുകൾ ചിലതു വന്നുമാഞ്ഞു. അകംപുറങ്ങളിലെ അഗ്നിബാധയുടെ തോത് അളന്നാൽ എന്റെ സ്ഥിതിയും മോശമല്ല. അടിമുടി ജീവിതത്തിന്റെ താപമിറ്റുവീഴുന്ന രണ്ടുപേർ. അതേനിലയിൽ ഞങ്ങൾ തെരുവിലേക്കിറങ്ങിച്ചെന്നാൽ പാവം തണുപ്പിന് ദൂരപലായനംനടത്തേണ്ടിവരും, തീർച്ച! ഉരുകിയ ലോഹംപോലെ കനത്തിലിറ്റുവീഴുന്ന ജീവിതം ഒട്ടും നിസ്സാരക്കാരനല്ല, കല്ലിൽപ്പോലും കുഴികളുണ്ടാക്കാൻ അതിനാവും.
‘‘വിശാലം വിമാനമേറി ഇങ്ങോട്ടുപോരുമ്പോൾ സത്യംപറഞ്ഞാൽ എന്തുചെയ്യണമെന്നുപോലും എനിക്കറിയില്ലായിരുന്നു. വെറുമൊരു ടൂൾമേക്കറിൽനിന്ന് അൽപംപോലും ഉയരാനാവാത്തനിലയിൽ മുരടിച്ചുനിൽപ്പായിരുന്നു, ഞാൻ. നാട്ടിലെത്തി അവളെ കെട്ടിയത് ഏതോ പൊട്ടധൈര്യത്തിനുപുറത്താണ്. രണ്ടുമാസത്തിനുള്ളിൽ അവൾക്ക് ഇവിടെ വന്നെത്താനുംപറ്റി. എന്റെ പരിഭ്രമം വീണ്ടും, വർധിച്ചു. ഷൈൻ പകർന്നുതന്ന ധൈര്യംകൊണ്ടുമാത്രമാണ് ഞാൻ പിടിച്ചുനിന്നത്. അതില്ലായിരുന്നെങ്കിൽ, വിശാലം ഈ വൻകരതന്നെ കാണുകയില്ല... നിനക്കറിയാമല്ലോ, ഷൈൻ ബഹുമിടുക്കനാണ്, എന്നേപ്പോലെയല്ല. ഐ.ടിയുമായി ഇവിടെയെത്തിയവന് കിട്ടിയജോലി പബ്ലിക്ക് ട്രാൻസ്പോർട്ട് ബസിൽ! പക്ഷേ, അവൻ ഒട്ടും പതറിയില്ല. കേവലമൊരു ഡ്രൈവറാവാൻ അവന് തെല്ലും വിഷമം തോന്നിയതുമില്ല. കൈവെള്ളയിലെ രേഖകളെന്നോണം നഗരപാതകളെ മനഃപാഠമാക്കിയത് വിരലിലെണ്ണാവുന്ന ദിവസംകൊണ്ടാണ്!
-ഹൗസ് ഓണർ പെർത്തിലേക്കു മാറിപ്പോവുകയാണത്രെ. വേണമെങ്കിൽ അയാൾ വീട് നമുക്കു വിൽക്കും. എന്റെ പേരിൽ ലോണിട്ട് വാങ്ങിയാലോ? എന്തായാലും, വിശാലംകൂടി വന്നെത്തുകയല്ലേ?
പെട്ടെന്നൊരു ദിവസം, ഷൈൻ ചോദിച്ചു. സംഭ്രമംകൊണ്ട് എനിക്ക് മിണ്ടാട്ടംമുട്ടി. അത്തരം പദ്ധതികൾക്കുമുന്നിൽ നിവർന്നുനിൽക്കാനുള്ള ധൈര്യം ഒരുകാലത്തും എനിക്കില്ല. അവനാണെങ്കിൽ അത് വേണ്ടുവോളമുണ്ടായിരുന്നു.
സത്യംപറഞ്ഞാൽ ഇന്നും, ഇത് അവന്റെ വീടാണ്. ഞങ്ങളോ, വാടകയില്ലാതെ താമസിക്കുന്ന രണ്ടതിഥികളും. പക്ഷേ, അവന്റെ ഭാഗത്തുനിന്ന് അത്തരമൊരു സൂചന ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. വിശാലത്തിന് ആശുപത്രിയിൽ ജോലി കിട്ടിയത് അവന്റെ കഴിവുകൊണ്ടാണ്. മാസങ്ങൾക്കുള്ളിൽ സ്വന്തം കഴിവുകൊണ്ട് അവളവിടെ കത്തിക്കയറി. ഞാൻമാത്രം എവിടെയും കഴിവുകാണിച്ചില്ല. തെല്ലുപോലും വളർന്നതുമില്ല. സ്വന്തമായി വാഹനമില്ലാത്ത, ഡ്രൈവിങ്ങറിയാത്ത വെറുമൊരു ടൂൾമേക്കർ! രാവിലെ ബസുകയറി ജോലിസ്ഥലത്തെത്തും. പതിവുബസിൽതന്നെ വൈകീട്ട് മടങ്ങിവരും. സ്വന്തം ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതുപോലും അവളാണ്.
നിനക്കറിയാമോ, എന്നെപ്പോലെ എങ്ങും കാലുതൊടാതെ നീങ്ങുന്നവർക്ക് ദൈവം ജീവിതത്തിൽ പ്രത്യേകസ്ഥാനം കാത്തുവെച്ചിട്ടുണ്ടാവും. നിലനിൽപിന്റെ അവസാനതാവളം. തിരിച്ചുപോക്കില്ലാത്ത അന്ത്യബിന്ദു. എല്ലാ കഴിവില്ലാത്ത മനുഷ്യരെയുംപോലെ ഒടുവിൽ, ഞാനും ദൈവത്തിന്റെ അന്ത്യബിന്ദുവിലെത്തി.
എല്ലാം മാറിമറിയുന്ന വല്ലാത്തൊരു സ്ഥലമാണത്! വിശാലത്തോടുള്ള സ്നേഹംപോലും കാരണമില്ലാതെ ഗതിമുട്ടി. മറ്റുമനുഷ്യരുടെ യാനപാതയിൽ സ്വയം ഗതിതടസ്സമായി അകപ്പെടുന്നത് ഒട്ടും സഹിക്കാവുന്നതല്ല. അതൊരു വല്ലാത്ത സ്തംഭനംതന്നെയാണ്. അത്ഭുതമെന്താണെന്നറിയാമോ, സമ്മർദമത്രയും നമുക്കായിരിക്കും. പാതയിലെ മറ്റുവാഹനങ്ങൾ മിക്കവാറും അതറിയുകയേയില്ല.
കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതിയാണ് ഞാൻ അവരില്ലാത്തനേരംനോക്കി ഗ്യാരേജിൽ തൂങ്ങിയത്. അതൊരുതരത്തിൽ എല്ലാംകൊണ്ടും നന്നായി. അതോടെ വീടിനാകെ ഐശ്വര്യംവന്നു. പുതിയ ചായം കയറി, അതിനൊരു രണ്ടാംനിലയുണ്ടായി... പക്ഷേ, അതൊന്നുമല്ല എന്റെ മരണാനന്തര സന്തോഷങ്ങളിൽ പ്രധാനപ്പെട്ടത്. പരീക്ഷണഘട്ടത്തിൽ വിശാലത്തെ കൈവിടാതെ, ഇണയായി ഏറ്റെടുക്കാൻ ഷൈൻ കാണിച്ച നന്മയുണ്ടല്ലോ, അതാണ്. അവൾക്ക് തികച്ചും യോജിക്കുന്ന പുരുഷൻ, അവൻതന്നെ! മുമ്പൊരിക്കൽ, തനിക്കുപിണഞ്ഞ തെറ്റ് ദൈവം തിരുത്തിയിരിക്കുന്നു. പക്ഷേ, പാവം ഷൈൻ! ചേച്ചിയെപ്പോലെ താൻ കരുതിയ ഒരാളെ ഭാര്യയാക്കുന്നത് എത്രത്തോളം ഭയങ്കരമാണ്! അത്തരം ത്യാഗത്തിന് അവൻ ഇരയായത് എനിക്കുവേണ്ടി മാത്രമാണ്, സലീം.’’
‘‘ചീട്ടുകെട്ടെന്നോണം കാര്യങ്ങളെല്ലാം ദൈവം കശക്കി ശരിപ്പെടുത്തിയെങ്കിൽ, പിന്നെ നീയെന്തിന് ചുറ്റിപ്പറ്റിനിൽക്കുന്നു? സ്ഥലംവിട്ടുകൂടെ, ചങ്ങാതീ?''
സഹികെട്ടപ്പോൾ ദീർഘമൗനം പൊളിച്ചുമാറ്റി, ഞാൻ പുറത്തുചാടി.
ഛായാനാഥൻ വിടർന്നുചിരിച്ചു: ''ശരിയാണ്. പക്ഷേ, എവിടേക്ക്?''
ഞാനങ്ങു വല്ലാതായി. അത്രയും ഗൗരവമുള്ള ചോദ്യം ജീവിതത്തിൽ അന്നോളം നേരിട്ടിട്ടില്ല. മരിച്ചവർക്ക് പരിഹാരം നിശ്ചയിക്കാൻ ഞാനാര്? നിരാശ തോന്നി, വല്ലപ്പോഴുമൊരിക്കൽ സ്വന്തംനിലക്ക് അത്തരം അവസ്ഥയിൽപ്പെടുന്നതോർത്ത് വല്ലാത്തൊരു പേടിയും.
പിറ്റേന്ന്, ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ സവാരിചെയ്ത്, അപ്പോസ്തലന്മാരെ കാണാൻപോകാനായിരുന്നു ഷൈൻ പദ്ധതിയിട്ടത്. വൈകാതെ അങ്ങോട്ടെത്തണമെങ്കിൽ നേരം പുലരുന്നതിനുമുമ്പ്, മെൽബൺ സിറ്റി മറികടക്കണം. അതനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയത്. വിശാലത്തിന് വരാനൊക്കില്ല. അവൾക്ക് മോണിങ് ഷിഫ്റ്റാണ്.
‘‘ലീവെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്, സലീം. ഞങ്ങൾ തൊഴിൽസമരത്തിലേക്കു പ്രവേശിക്കാനിരിക്കുകയാണ്.’’
അവൾ ക്ഷമാപണംചെയ്തു.
നാലുദിവസം മുട്ടിപ്പായി അവധിയെടുത്ത ഷൈൻ, തളരാത്ത സാരഥിയായി ഡ്രൈവിങ് സീറ്റിലുള്ളപ്പോൾ എനിക്ക് വിഷമിക്കാനൊന്നുമില്ലല്ലോ. പലനേരങ്ങൾക്കായി പലയിനം ഭക്ഷണം യാത്രാവശ്യത്തിന് വിശാലം വാഹനത്തിലൊരുക്കി. അതോടെ സന്ദർഭത്തിന് കൃതകൃത്യതയായി.
തെക്കൻകടലോരത്ത്, മലഞ്ചരിവിൽ തൂങ്ങിക്കിടക്കുന്ന കറുത്തബെൽറ്റാണ് നിശ്ചയിക്കപ്പെട്ട യാത്രാപാത. വളഞ്ഞുപുളഞ്ഞുകിടക്കുന്ന യുദ്ധസ്മാരകം. തിരിക്കാനുള്ള ചക്രത്തിൽനിന്ന് തെല്ലൊന്നു കൈതെറ്റിയാൽ, ജീവിതയുദ്ധമവസാനിപ്പിച്ച് സഞ്ചാരിക്ക് സ്വയമൊരു സ്മാരകമാവാൻ സൗകര്യമൊരുക്കുന്ന ഹെയർപിൻ വളവുകൾ. തിരിവുകൾ മറികടക്കുന്നമുറക്ക് വാഹനത്തിനുമുന്നിൽ ഇടവിട്ട് സംഭവിക്കുന്നുണ്ട്, താഴ്ചയിലെ നീലസമുദ്രത്തിന്റെ ക്ഷണികമുഖാമുഖം. ചില്ലുകളടച്ചതുകൊണ്ടുമാത്രം സമുദ്രക്കാറ്റിന്റെ കൈപ്പത്തി കവിളിൽ വന്നുവീഴുന്നില്ല, ആശ്വാസം.
അപ്പോസ്തലന്മാർക്കരികിലെത്തുമ്പോഴേക്കും വെയിൽ മറുവശത്തെത്തി. വാഹനത്തിൽനിന്ന് കടലിന്റെ നിലക്കാത്ത ശബ്ദങ്ങളിലേക്ക് ഒറ്റയടിക്ക് ഇറങ്ങിക്കൊടുത്തു. ഭൂമി കുറഞ്ഞവരുടെ ആകാശംപോലെ മുഴുവൻ മുഴുപ്പുമായി മാനം മുന്നിലുണ്ട്. അറ്റമില്ലാത്ത നീലയിൽ ചുരുണ്ട പഞ്ഞിമേഘങ്ങൾ മെല്ലെ ചലിക്കുന്നു. ചുരുണ്ടുനരച്ച കൃത്രിമമുടിയോടെ ബ്രിട്ടണിലെ നീതിപതികളുടെ സംഘം കോടതിവരാന്തകളിലൂടെ നീങ്ങിപ്പോകുന്നതുപോലെ. കാറ്റിൽ പൊടിപടലങ്ങൾ തീരെയില്ലാത്തതുകൊണ്ട് കാഴ്ചക്ക് ഹ്രസ്വദൃഷ്ടിയെ കവച്ചുവെക്കുന്ന തെളിമ. കുമിളക്കാറ്റു പതിയിരിക്കുന്ന കടൽവെള്ളം നിരന്തരം പാഞ്ഞടിച്ചതുകൊണ്ടാവാം, അപ്പോസ്തലന്മാർ മണൽപ്പാവകളെപ്പോലെ ദ്രവിച്ചിട്ടുണ്ട്. ആർക്കറിയാം, വിജയപരാജയങ്ങൾക്ക് ഭേദമില്ലാതെ മനുഷ്യജീവിതത്തിലും കാലം മണ്ണരിപ്പ് ഒരുക്കിവെക്കുന്നുണ്ടാവാം. അപ്പോസ്തലന്മാരുടെ തുടയിലടിക്കുന്ന തീരാത്തിരകളിൽനിന്നു നോട്ടം പിൻവലിച്ച ഞാൻ തറയിലൂന്നിയ ഷൈനിന്റെ കാലുകളിലേക്കു സ്വയമറിയാതെ നോക്കി.
തലേന്നുരാത്രി, മൂവർനാടകത്തിലെ ആദ്യാംഗത്തിൽതന്നെ അരങ്ങൊഴിഞ്ഞവന്റെ മിഴിവറ്റ കൃതാർഥതക്കു ഞാൻ സാക്ഷിയായി. ഇപ്പോൾ, തൊട്ടടുത്ത കഥാപാത്രത്തെ നേരിടുകയാണ്.
‘‘ഷൈൻ, എനിക്കിന്നലെ ഒരനുഭവമുണ്ടായി.’’
തുടങ്ങിവെച്ചതും വ്യഗ്രതയോടെ അവൻ ചാടിവീണു: ‘‘ങേ! ഛായാനാഥനെ നീയും കണ്ടോ?’’
‘‘ഉവ്വെ’’ന്ന് ഞാൻ തലയിളക്കി. അവന്റെ മുഖം താണു.
‘‘സലീം, ഒരുപക്ഷേ, കഥകളെല്ലാം അവനിൽനിന്ന് നീ അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവും. അതല്ലെങ്കിൽ, വരുംദിവസങ്ങളിൽ കേൾക്കാനിരിക്കുന്നു. അതിനു മുമ്പ്, അതെല്ലാം ഞാൻതന്നെ ഏറ്റുപറയാം. അതുകൊണ്ട് ഗുണം വല്ലതുമുണ്ടോ? അറിയില്ല, എനിക്കെങ്കിലും, തെല്ലാശ്വാസമായെങ്കിലോ.’’
എന്തുകൊണ്ടോ, അവനെ അഭിമുഖീകരിക്കാൻ വിഷമം തോന്നി. ചില കുമ്പസാരങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ദൈവംപോലും ബുദ്ധിമുട്ടും. ഞാൻ അപ്പോസ്തലന്മാർക്കും അപ്പുറത്തേക്കു നോക്കിനിന്നു. തെക്കൻകടൽ നീലഗ്രഹണത്തിലെന്നതുപോലെ സ്വയം നിറം കടുപ്പിച്ചിട്ടുണ്ട്. അരിപ്പയില്ലാത്ത നീലാകാശം കുത്തനെ കീറിമുറിച്ചെത്തുന്ന വിഷമരശ്മികളുടെ സ്ഫടികവെയിൽ. തലതല്ലിത്തീരാത്ത അലകളുടെ തലയിൽ തുടരെ ചവിട്ടടിവെക്കുന്ന കാലഭേദിയായ കാളിയമർദനം.
''നോക്കൂ, മുമ്പ്, പന്ത്രണ്ട് അപ്പോസ്തലന്മാരുണ്ടായിരുന്നതാണ്. ഇപ്പോൾ, അത്രയും കാണുന്നില്ല. മണൽപ്പാവകളെപ്പോലെ അവയത്രയും കാലപ്പോക്കിൽ തിരയെടുത്തുപോയി. സത്യവചനങ്ങളെല്ലാം ക്രമേണ ഉപ്പുകടലിൽ അലിയുകയാണ്.’’
ഷൈൻ പറഞ്ഞു, നിശ്ശബ്ദപ്രഘോഷണത്തിലൂടെ താൻ മുൻവെക്കാനിരിക്കുന്ന നിജത്തെ, സ്വവചനത്തിലേക്ക് ത്വരിതപ്പെടുത്താനുള്ള ആത്മപ്രോത്സാഹനംപോലെ. കാലത്തിന്റെ ഉപ്പുനീരിൽ അലിയുംമുമ്പ്, നിജത്തിന്റെ മണൽത്തൂണുകളെ ഏകാസ്പദത്തിനുമുന്നിൽ എടുത്തുവെക്കാനുള്ള ത്വര. ഗുരുവിന്റെ കുരിശേറ്റത്തിൽ മൗനമായിപ്പോകുന്ന ശിഷ്യരുടെ നാവുകൾക്ക് കാലത്തുറസ്സിൽ എവിടെവെച്ചെങ്കിലും തുറവി കിട്ടാതെപോകില്ലല്ലോ.
‘‘സലീം, ഒന്നു ചോദിക്കട്ടേ, ഒരിക്കലെങ്കിലും നിനക്ക് വിശാലത്തെ സ്വന്തമാക്കണമെന്നു മോഹം തോന്നിയിട്ടില്ലേ?’’
ഷൈൻ തുടക്കമിടുന്നതുപോലെ ചോദിച്ചു.
‘‘ഇല്ല.’’
ഞാൻ പറഞ്ഞു. കൈവശം കിട്ടിയതെന്താണോ, അതുമായി മുന്നോട്ടുപോകുന്നതാണ് എന്റെ രീതി, ആഗ്രഹിച്ചതിനുപിറകെ ഓടണമെന്ന് ഒരിക്കലും, വിചാരിച്ചിട്ടില്ല.
‘‘ഛായാനാഥൻ അവസാനം കൊല്ലപ്പെടുകയേയുള്ളൂ. അവൻ യാതൊരു കാരണവശാലും രക്ഷപ്പെടില്ല. അത് നന്നായിട്ടറിയാവുന്ന ഒരാൾ ഞാനാണെന്നു പറഞ്ഞാൽ നീ ഞെട്ടും. എന്നാൽ, അതാണ് സത്യം. സലീം, നീയെങ്കിലും എനിക്ക് മാപ്പുതരണം. ഇക്കാലമത്രയും വിശാലം എനിക്ക് അതനുവദിച്ചിട്ടില്ല. ഛായാനാഥനിൽനിന്നും പ്രതീക്ഷിക്കാനും കഴിയില്ലല്ലോ.
നിനക്കറിയാമല്ലോ, ഛായാനാഥൻ എക്കാലത്തും തികഞ്ഞൊരു മന്ദൻതന്നെ. ഒരിക്കലും, ഭാഗ്യം അവനോട് കരുണകാണിച്ചില്ല. എന്നാൽ, അവനെപ്പോലൊരുത്തന്റെ മുന്നിലേക്കാണ് ദൈവം വിശാലത്തെ ഇട്ടുകൊടുത്തത്! നമ്മുടെ കൗമാരകാലം നിനക്കോർമയില്ലേ, നാം മൂവരുംചേർന്ന് എവിടെ നിൽക്കുമ്പോഴും, വിശാലം എന്നെ നോക്കില്ല, നിന്നെയും. അവൾ കണ്ടത് ഛായാനാഥനെ മാത്രമായിരുന്നു. കെൽപ്പുള്ളവർക്കുമുന്നിൽ എല്ലായ്പ്പോഴും, ഒന്നിനുംകൊള്ളാത്തവൻ ശ്രദ്ധാകേന്ദ്രം! എക്കാലവും, അവനെ ചുറ്റിപ്പറ്റിയാണ് കാര്യങ്ങളെല്ലാം വിന്യസിക്കപ്പെട്ടത്. മരണശേഷംപോലും! പെണ്ണ് ആർക്കൊപ്പമാണോ, അവനോടൊപ്പം ലോകം ഒന്നാകെയൊഴുകുന്നു!
കൈവശം എന്തൊക്കയുണ്ടെന്നു പറഞ്ഞിട്ടെന്താ, ഞാൻ എവിടെയും പിന്നിലായി. വെറുമൊരു രണ്ടാമൂഴക്കാരൻ. പ്രായംകൊണ്ട് അവൾക്കു പിറകിലായിപ്പോയതുതന്നെയാണ് ആദ്യപരാജയം. നിനക്കറിയാമോ, അവർക്ക് ആദ്യരാത്രി ഒരുക്കിയതുപോലും ഞാനാണ്. സന്തോഷം അഭിനയിച്ചുകൊണ്ട് എനിക്കതും ചെയ്യേണ്ടിവന്നു... വിശാലത്തോടുള്ള മുഴുവൻ സ്നേഹവുമുപയോഗിച്ച് അന്നുരാത്രി, ഞാൻ അവനെ നിർത്താതെ ശപിച്ചു. രാത്രിയുടെ വിദ്യകളിൽ നിശ്ചയമായും അവൻ തോറ്റുപോയിട്ടുണ്ടാവും. അശരീരിയായ ശാപം അത്രത്തോളം കഠിനമായിരുന്നു. അന്നുമാത്രമല്ല, തുടർന്ന്, അവരുടെ ഓരോ രാത്രികളെയും ഞാൻ ശപിച്ചുശപിച്ച് നശിപ്പിച്ചു... പക്ഷേ, കാര്യമെന്ത്, വിശാലം അപ്പോഴും, അവനുവേണ്ടി സ്വയം മാറ്റിവെച്ചു.
സലീം, വിശാലത്തിന് നല്ലൊരു തൊഴിൽജീവിതം ഉണ്ടാക്കിക്കൊടുത്തത് ഞാനാണ്. അവന് അതിനൊന്നും കഴിവില്ല. താൻ പതിവായി സഞ്ചരിക്കുന്ന പാതക്കപ്പുറം നഗരത്തെ ഒരിഞ്ചുപോലും മനസ്സിലാക്കാത്തവനാണ്, ഛായാനാഥൻ. പുതിയസ്ഥലത്ത് അറിയാതെ ചെന്നുപെട്ടാൽ അവൻ സ്വന്തംനിലക്ക് വീട്ടിലെത്തില്ല, അറിയാമോ? ഡ്രൈവറായതുകൊണ്ടുതന്നെ നഗരപാതകളുടെ മഹേന്ദ്രജാലമൊന്നും എന്നോടു നടപ്പില്ല. ഗൂഗ്ൾ മാപ്പിന്റെ സഹായമില്ലാതെ വിക്ടോറിയ സ്റ്റേറ്റ് മുഴുവൻ എനിക്കു പോകാനാവും. വേണമെങ്കിൽ, മെൽബൺ സിറ്റി കൈവെള്ളയിൽ ഞാൻ കാണിച്ചുതരാം... അവളോടൊപ്പം തൊഴിലന്വേഷണത്തിന് തുണപോകാനുള്ള യോഗ്യതനേടിയത് അങ്ങനെയാണ്. ഒരേ സീറ്റിൽ പരസ്പരം ചേർന്നിരിക്കുമ്പോൾ അവൾക്കെന്തു തോന്നിയെന്നറിയില്ല, എനിക്കത് പരമാനന്ദംതന്നെ!
വിശാലം ഡ്രൈവിങ് പഠിച്ചതും, കാറു വാങ്ങിയതുമെല്ലാം എന്റെ സഹായംകൊണ്ടാണ്. അവളോടൊപ്പമുള്ള അവന്റെ വാഹനയാത്രകൾ വിരലിലെണ്ണാം. ബസ്സുതന്നെയായിരുന്നു അവന്റെ സ്ഥിരാശ്രയം. പോകപ്പോകെ, വിശാലത്തിന്റെ ജീവിതത്തിൽ ഛായാനാഥന്റെ സാന്നിധ്യം എങ്ങുമില്ലെന്ന അവസ്ഥയായി. അതായിരുന്നു എനിക്കാവശ്യം. നിറവാഴ്വിലേക്കെന്നോണം ഉദിച്ചുനിൽക്കുന്ന ജീവിതമുഖമാണ് വിശാലത്തിനുള്ളത്. തിരിച്ചുകയറാനാവാത്ത ഏതോ കയത്തിലേക്ക് അതെന്നെ പതിവായി പിടിച്ചാഴ്ത്തി. സഹിക്കാൻ ഞാനനുഭവിച്ച കഷ്ടപ്പാട് പറയാവതല്ല!
വിശാലത്തെ എത്രത്തോളം കൈയാളുന്നുവോ, അത്രത്തോളം ഛായാനാഥൻ ഞങ്ങളിൽനിന്ന് അകന്നുപോകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അവിടെയാണ് അവനെന്നെ മലർത്തിയടിച്ചത്. കവർച്ചക്കാരനെന്നനിലയിൽ അവൻ എന്നെ വരവുവെച്ചില്ല, പേടിച്ചതുമില്ല. പകരം, ദൈവത്തെപ്പോലെ കണ്ടു. ശീലമില്ലാത്ത സന്ദർഭങ്ങളിലേക്കിറങ്ങുമ്പോൾ ഓരോതവണയും, വിശാലത്തിന് എന്റെ തുണ വേണമെന്ന നിർബന്ധം ഛായാനാഥനായിരിക്കും. സഹിക്കാവുന്നതിനപ്പുറമായിരുന്നു, എനിക്കത്. അവനെ എങ്ങനെയെങ്കിലും ചൊടിപ്പിക്കുന്നിടത്താണ് എന്റെ വിജയമിരിക്കുന്നത്. എന്നെ ജാരനാക്കി, വിശാലത്തെ അവൻ സംശയത്തിന്റെ നിഴലിൽ പിടിച്ചുനിർത്തണം. എങ്കിൽ, ഞാൻ വിജയിച്ചു. ക്രമേണ അവൾക്കുതന്നെ അവനെ സഹിക്കാതാവും. കഴിവുകെട്ടവന്റെ സംശയം ആരായാലും വെച്ചുപൊറുപ്പിക്കില്ലല്ലോ. അന്നേരം, അവളെ സ്വതന്ത്രയാക്കുന്ന നടപടികൾ വളരെ എളുപ്പമാവും. അവൻ വീട്ടിൽനിന്ന് തലകുമ്പിട്ട് ഇറങ്ങിപ്പോകും. തുടർന്ന്, ഞങ്ങൾമാത്രം... ഒരേ മേൽക്കൂരക്കുതാഴെ, പെണ്ണിനെ ഒറ്റക്ക് ഒത്തുകിട്ടിയാൽ അവളെ എന്നന്നേക്കുമായി സ്വന്തമാക്കുന്നതെങ്ങനെയെന്ന് എനിക്കറിയാം.
കഴിവുകെട്ട അവനെ നിലനിർത്തിക്കൊണ്ടുതന്നെ അവളെ കയറിപ്പിടിക്കാവുന്നതല്ലേയുള്ളൂ? നിനക്ക് അങ്ങനെ തോന്നാം. എനിക്കും തോന്നിയിട്ടുണ്ട്. മന്ദനായ അവന് നോക്കിനിൽക്കുകയല്ലാതെ മറ്റുവഴികളൊന്നുമുണ്ടാവില്ലെന്നും ഉറപ്പാണ്. അങ്ങനെയായാൽ, മനംനൊന്ത് അവൻ സ്വയം ഒഴിഞ്ഞുപോയെന്നിരിക്കും. പക്ഷേ, അതപകടമാണ്. വിശുദ്ധനായി സീലടിക്കപ്പെട്ട അവനെ പിന്തുടർന്ന് വിശാലവും ഇറങ്ങിപ്പോയാലോ? അതു വയ്യ! ഛായാനാഥൻ സ്വന്തം തെറ്റിന്റെ ഉത്തരവാദിത്തത്തോടെ ഞങ്ങളിൽനിന്ന് സ്വയം പിരിഞ്ഞുപോകണം. വിശാലം അവനെ വെറുക്കണം. അങ്ങനെ, പരിപൂർണമായ ആശ്വാസത്തോടെ അവളോടു ചേരാനാണ് ഞാൻ ആഗ്രഹിച്ചത്. അതിനായി കാളയെപ്പോലെ കാത്തിരിക്കണമെങ്കിൽ അതിനു തയാർ. പക്ഷേ, കാലത്തോടൊപ്പം സമ്മർദവും മുറുകിയെന്നല്ലാതെ അനുകൂലമായതൊന്നും സംഭവിച്ചില്ല.
രാവിലെ ഞാൻ എന്റെ സമയത്തിന് വീട്ടിൽനിന്നിറങ്ങും. അതിനുപിന്നിൽ അവളും. അവസാനത്തെയാൾ ഛായാനാഥൻ. പതിവുപോലെ അവൻ ബസ്സിൽപ്പോയി, അതിൽതന്നെ തിരിച്ചെത്തി. ഞങ്ങൾക്കെല്ലാവർക്കുമുള്ള ഭക്ഷണമുണ്ടാക്കി. വീട് വൃത്തിയാക്കി. പുറമെനിന്നു വാങ്ങാനുള്ള സാധനങ്ങളെല്ലാം വിക്ടോറിയാ മാർക്കറ്റിൽനിന്ന് വാങ്ങിക്കൊണ്ടുവന്നു... കഷ്ടംതന്നെ, എവിടെയും അവനു പാളുന്നില്ല. കുറ്റമറ്റൊരു അയോഗ്യനെ സദാ സഹിക്കുന്നതുപോലെ വിഷമംപിടിച്ച മറ്റൊന്നും ഈ ലോകത്തില്ല!
എന്തു നടക്കരുതെന്ന് ബലംപിടിച്ചുനിന്നുവോ ഒടുവിൽ, അതുതന്നെ സംഭവിച്ചു. ഛായാനാഥൻ മാർക്കറ്റിലേക്കുപോയ ഒരു ദിവസം, ഞാൻ വിശാലത്തെ മറ്റൊരുമട്ടിൽ ചെന്നു തൊട്ടു.
–നീ ഇത് ഇത്രേം കാലം വെച്ചുതാമസിപ്പിച്ചെന്നോ!
അങ്ങനെയാണ് അവൾ പറഞ്ഞത്. എന്തായിരുന്നു അതിന്റെ അർഥം? അറിയില്ല. അല്ലെങ്കിലും, അവനവനെ വെളിപ്പെടുത്താതിരിക്കാനുള്ള ബലത്തിൽ പെണ്ണിനെ അതിശയിക്കാനാവില്ല. തുടർന്ന്, എന്തുവേണമെന്നറിയാതെ ഞാൻ ഒരുമാത്ര നിശ്ചലനായി. കയത്തിന് ഒരു സ്വഭാവമുണ്ട്. ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട്, തിരിച്ചുകയറാൻ ശ്രമിക്കുന്നത് കൂടുതൽ മുങ്ങിത്താഴാൻ മാത്രമേ ഉപകരിക്കൂ. തമ്മിൽ കലരാൻ ഉറപ്പിച്ചതുപോല ഞാൻ അവളെ കടന്നുപിടിച്ചു. അവൾ അനുസരിച്ചില്ല, ഒട്ടും എതിർത്തതുമില്ല. നടക്കാനിരിക്കുന്നത് പാപമെങ്കിൽ, അത് അതിക്രമിയുടെമാത്രം ഉത്തരവാദിത്തമാണെന്നമട്ടിൽ ചുമ്മാ നിന്നുതന്നു. ഞാനൊരു കവർച്ചക്കാരനാണ്, സമ്മതിക്കുന്നു. അതിന്റെ കുറ്റവ്യസനവുമുണ്ട്. എങ്കിലും, അതല്ല മനസ്സിൽ മുങ്ങിനിന്നത്. രണ്ട് പരിശുദ്ധരുടെ ക്രൂരതക്ക് ഇരയാവുകയാണല്ലോ എന്നായിരുന്നു. കഠിനമാണത്.

എന്തായാലും, അന്നു ഞാൻ, ശരീരംകൊണ്ട് വിശാലത്തെ നന്നായി അറിഞ്ഞു, അവൾ എന്നേയും.
–ആദ്യമായിട്ടാണ്.
എല്ലാം തീർന്നപ്പോൾ, അവൾ പറഞ്ഞു. ഞങ്ങളുടെ സമാഗമത്തേക്കുറിച്ചായിരുന്നില്ല അവൾ പറഞ്ഞതെന്നു തീർച്ച. ഛായാനാഥനോടൊത്തുള്ള സ്വന്തം ജീവിതത്തിലേക്കായിരുന്നു ആ വെളിച്ചം മിന്നിപ്പോയത്. കയറ്റിറക്കങ്ങളെല്ലാം അവസാനിച്ചതിനുശേഷം, അവളുടെ കവിളുകളിലേക്ക് മാർബിളിന്റെ മരവിപ്പു കയറുമെന്നു കരുതിയ ഞാനാണ്, വിഡ്ഢി. അവിടെ അപ്പോഴും, കുങ്കുമംപൂശിനിന്നത് അടുത്ത കാൽവെപ്പിനുള്ള ജീവിതംതന്നെ! കൂടുതൽ താലോലിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് അത്തവണ ഞാൻ അവളിൽനിന്ന് വേഗം പിന്മാറി.
–വെയിൽ.
കിടപ്പുമുറിയിൽനിന്ന് പുറമേക്കുവന്നപ്പോൾ വിശാലം പറഞ്ഞു. പുറമെ, ചുമ്മാ ഒന്നു ചുറ്റിയടിച്ചാൽ ആശ്വാസമാകും. ഞാനവളോട് സമ്മതം ചോദിച്ചു. അവൾ തലയാട്ടി. എളുപ്പത്തിൽ എന്റെ മണമുള്ള ഉടുപ്പുകളിൽനിന്ന് ഊരിമാറി, പൂമണമുള്ള മറ്റൊന്നിൽക്കയറി. ഗ്യാരേജിലേക്കുള്ള വാതിൽ അകത്തുനിന്നു തുറന്നതും നിലവിളിയോടെ പിന്മാറിയത് ഞാനൊരിക്കലും മറക്കില്ല. അവിടെ, ഛായാനാഥൻ തൂങ്ങിനിൽപ്പുണ്ടായിരുന്നു. ചലനം നിലച്ചിരുന്നെങ്കിലും ഉടലിൽ ചൂട് അപ്പോഴും, ബാക്കിയുണ്ട്.
-ഈ വാതിൽ അകത്തുനിന്നു കുറ്റിയിട്ടിരുന്നോ, ഉറപ്പുണ്ടോ?
അത്തരം സന്ദർഭത്തിലും അവൾ ചോദിച്ചതങ്ങനെയാണ്.
എനിക്കറിയാം, അവൻ അകത്തേക്കു പ്രവേശിച്ചിട്ടില്ലെന്ന്. പക്ഷേ, ഗ്യാരേജിനോടു ചേർന്നാണ് കിടപ്പുമുറി. അകത്തെ ശബ്ദങ്ങളുടെ കാര്യത്തിൽ വിധിപറയാനുള്ള ധൈര്യം പോരാ. പുറത്തുള്ളയാളെ അകത്തുകടത്താതിരിക്കാൻ വാതിൽക്കുറ്റി ധാരാളം. എന്നാൽ, അകത്തെ ശബ്ദങ്ങളെ പിടിച്ചുകെട്ടാൻ ആർക്കു സാധിക്കും?
-എല്ലാം കേട്ടിട്ടുണ്ടാവും, തീർച്ച.
കുറ്റപ്പെടുത്തുന്നതുപോലെ അവൾ എന്നെ നോക്കി പറഞ്ഞു. മുഖത്തോടു ചേർന്നുകിടന്ന തലയിണയിൽ സ്വന്തം ശബ്ദം ഒളിപ്പിക്കാൻ അവൾക്കായി. ആകാശത്തായിരുന്നതുകൊണ്ട് അന്നേരത്തെ പൊട്ടിത്തരിപ്പിൽ എനിക്കതിനു സാധിച്ചതുമില്ല, ശരിയാണ്. എനിക്കറിയാം, ഛായാനാഥൻ എല്ലാം കേട്ടുകാണും. വലിയുന്ന കയറിൽപ്പെട്ട് അകത്തേക്കു ചുരുങ്ങിപ്പോകുന്ന കണ്ഠഞരമ്പുകളിൽ ശ്വാസം അതിന്റെ യാത്രയവസാനിപ്പിക്കുന്നതുവരെ എന്നെ നിർത്താതെ ശപിച്ചിട്ടുണ്ടാവും... സലീം, മറ്റൊരുമട്ടിൽ അവൻ പുനർജനിക്കുന്നതുവരെ ഭൂമിയിൽ എനിക്ക് മോക്ഷമുണ്ടാവില്ല.’’
ഷൈൻ പറഞ്ഞവസാനിപ്പിച്ചു.
ഉയരമില്ലാത്ത പടുമരങ്ങളെ ദൂരക്കാഴ്ചയിൽ സദാ നിലനിർത്തി, എട്ടുമണി വെയിലിലൂടെ വാഹനം രാത്രിയെനോക്കി തിരിച്ചോടി. തുടർന്ന്, സംഭവിക്കാനിരിക്കുന്നതെല്ലാം അതിന്റെ ക്രമത്തിൽ എനിക്ക് ഊഹിക്കാനാവും.
ഏറെനേരം കഴിഞ്ഞിട്ടാണെങ്കിലും ഞങ്ങൾ തിരിച്ചെത്തും. ഷൈൻ വിശാലത്തിന്റെ കിടക്കയിലേക്കു പോകും. ഞാൻ അവരുടെ പഴയകിടപ്പുമുറിയിലെത്തും. ഒട്ടും ഉറക്കം വരില്ല. മെല്ലെ സഹകാരിക്കുനേർക്ക് തിരിഞ്ഞുകിടന്നാൽ തലയിണ ശബ്ദമായി ഛായാനാഥനെത്തും. തെല്ലോളം ഛായപോലുമില്ലാതെ.
‘‘വിശാലത്തിന്റെ മണമുള്ള ഈ മുറിയിൽനിന്ന്, നിഷ്കളങ്കനായ പാവം ഷൈൻ ജീവിക്കുന്ന പരിസരംവിട്ട്, ഞാനൊരിക്കലും മറ്റൊരു ജന്മത്തിന്റെ കൊമ്പുതേടിപ്പോകില്ല. കൈവന്ന വിശുദ്ധജീവിതത്തിൽ ഞാൻ ധന്യനാണ്, സലീം.’’
അവൻ തന്റെ വായ്ത്താരി ആവർത്തിക്കും. എനിക്ക് ദേഷ്യം വരും. ചത്തുപോയവരെ വേദനിപ്പിക്കരുതെന്ന പാഠമെല്ലാം വായകലത്തിൽ മാറ്റിവെച്ച് ഞാൻ അലറും.
‘‘അടിമുടി വഞ്ചിക്കപ്പെട്ടു, നാണമില്ലാതെ ചത്തുംപോയി. ഇത്രയൊക്കയായിട്ടും ബുദ്ധിയുദിക്കാത്ത മൈരേ, നിനക്കുപറ്റിയ പണി മറ്റൊന്നാണ്.’’
ഇത്തരുണത്തിൽ ആത്മരോഷമെങ്കിലും ആഞ്ഞുപിടിക്കാനില്ലെന്നിരിക്കട്ടേ, മൂന്നുപാത്രങ്ങൾ മാത്രമുള്ള നാടകത്തിലേക്ക് കാണിയായി കയറിക്കൂടിയ നാലാമനെന്ന നിലയിൽ ഞാൻ നിസ്സഹായതയുടെ മറ്റൊരു വിശുദ്ധമാലിന്യമായിത്തീരില്ലേ? അതു വയ്യ!
