Begin typing your search above and press return to search.
proflie-avatar
Login

L എ​ന്ന ബോ​ർ​ഡ് ​െവ​ച്ച് സ​ഞ്ച​രി​ക്കു​ന്ന മ​നു​ഷ്യ​ർ

L എ​ന്ന ബോ​ർ​ഡ് ​െവ​ച്ച്   സ​ഞ്ച​രി​ക്കു​ന്ന മ​നു​ഷ്യ​ർ
cancel

‘‘എ​പ്പോ​ഴും ഒ​രു സ​ഹാ​യി കൂ​ടെ​വേ​ണം എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് കു​ടും​ബം എ​ന്ന​തി​ന്റെ നി​ർ​വ​ച​നം. ഒ​റ്റ​യ്ക്ക് ജീ​വി​ക്കാ​ൻ ആ​വു​മെ​ങ്കി​ൽ അ​താ ന​ല്ല​ത്. പി​ന്നെ, സെ​ക്സ്. അ​ത് സ​പ്ര​സ്ചെ​യ്യാ​ൻ ശീ​ലി​ച്ചാ മ​തി.’’ഫാ​ദ​ർ മൈ​ക്കി​ൾ പ​റ​ഞ്ഞ പ​ല​തും സോ​ണി ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത് യാ​ത്ര​ക​ളി​ലാ​ണ്. പു​ല​ർ​കാ​ല​ത്ത് തു​ട​ങ്ങു​ന്ന യാ​ത്ര​ക​ൾ മി​ക്ക​വാ​റും അ​വ​സാ​നി​ക്കു​ന്ന​ത് ഉ​ച്ച​ക്കാ​യി​രി​ക്കും. അ​സ്​​ത​മ​യ​ത്തോ​ടെ എ​യ​ർ​​പോ​ർ​ട്ട് വീ​ണ്ടും സ​ജീ​വ​മാ​കും. ഫാ​ദ​ർ മൈ​ക്കി​ൾ വെ​ഞ്ച​രി​ച്ച ഒ​രു കൊ​ന്ത കാ​റി​ന്റെ ക​ണ്ണാ​ടി​ക്ക് മു​ന്നി​ൽ ധൂ​പ​ക്കു​റ്റി...

Your Subscription Supports Independent Journalism

View Plans

‘‘എ​പ്പോ​ഴും ഒ​രു സ​ഹാ​യി കൂ​ടെ​വേ​ണം എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് കു​ടും​ബം എ​ന്ന​തി​ന്റെ നി​ർ​വ​ച​നം. ഒ​റ്റ​യ്ക്ക് ജീ​വി​ക്കാ​ൻ ആ​വു​മെ​ങ്കി​ൽ അ​താ ന​ല്ല​ത്. പി​ന്നെ, സെ​ക്സ്. അ​ത് സ​പ്ര​സ്ചെ​യ്യാ​ൻ ശീ​ലി​ച്ചാ മ​തി.’’

ഫാ​ദ​ർ മൈ​ക്കി​ൾ പ​റ​ഞ്ഞ പ​ല​തും സോ​ണി ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത് യാ​ത്ര​ക​ളി​ലാ​ണ്. പു​ല​ർ​കാ​ല​ത്ത് തു​ട​ങ്ങു​ന്ന യാ​ത്ര​ക​ൾ മി​ക്ക​വാ​റും അ​വ​സാ​നി​ക്കു​ന്ന​ത് ഉ​ച്ച​ക്കാ​യി​രി​ക്കും. അ​സ്​​ത​മ​യ​ത്തോ​ടെ എ​യ​ർ​​പോ​ർ​ട്ട് വീ​ണ്ടും സ​ജീ​വ​മാ​കും. ഫാ​ദ​ർ മൈ​ക്കി​ൾ വെ​ഞ്ച​രി​ച്ച ഒ​രു കൊ​ന്ത കാ​റി​ന്റെ ക​ണ്ണാ​ടി​ക്ക് മു​ന്നി​ൽ ധൂ​പ​ക്കു​റ്റി വീ​ശും​പോ​ലെ തൂ​ങ്ങി​യാ​ടു​ന്നു​ണ്ട്. ആ​ട്ട​ത്തി​ന് ആ​യം കൊ​ടു​ക്കു​ന്ന​ത് അ​തി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വെ​ള്ളി​നി​റ​മു​ള്ള കു​രി​ശാ​ണ്.

വ​ണ്ടി​യു​ടെ ന​മ്പ​ർ പ്ലേ​റ്റ് മ​ഞ്ഞ​യി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്കു മാ​റി. മു​ന്നി​ലും പി​ന്നി​ലും ഉ​ണ്ടാ​യി​രു​ന്ന L എ​ന്ന പ​ഴു​ത്ത ക​പ്പ​ൽ​മു​ള​കി​ന്റെ നി​റ​മു​ള്ള സ്റ്റി​ക്ക​ർ ഇ​ള​ക്കി​മാ​റ്റി. അ​ത് പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന ചി​ല്ലി​ലെ പ​ശ​യെ വെ​ളി​ച്ചെ​ണ്ണ പു​ര​ട്ടി തു​ര​ത്തി. എ​ന്തി​നാ​ണ് അ​ത് വെ​ച്ച് ഓ​ടി​ക്കു​ന്ന​തെ​ന്ന​തി​ന് ഫാ​ദ​ർ പ​റ​ഞ്ഞ ഉ​ത്ത​രം ഓ​ർ​ക്കു​മ്പോ​ൾ ചി​രി​വ​രും.

‘‘ഓ​ട്ടം​പ​ഠി​ക്കു​ന്ന​വ​ന്റെ വ​ണ്ടീ​ൽ ആ​രും ക​യ​റി​ല്ല. ന​മ്മു​ടെ ബോ​ർ​ഡ് കാ​ണു​മ്പോ​ൾ എ​തി​രേ വ​രു​ന്ന​വ​ർ സൂ​ക്ഷി​ക്കും.’’ എ​ന്തു പ​റ​ഞ്ഞാ​ലും പ​റ​ഞ്ഞ​തി​ന്റെ ചൂ​ടാ​റും​മു​മ്പേ പു​ഞ്ചി​രി​ക്കും ഫാ​ദ​ർ.

യൂ​ബ​ർ ഓ​ടി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വി​ക്കാ​നു​ള്ള കൊ​തി​ക്കും വേ​ഗ​ത​യേ​റി. ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത കു​റ​ഞ്ഞു​വ​ന്നു. പ​ണ്ട് വ​ണ്ടി​യോ​ടി​ച്ചി​രു​ന്ന​പ്പോ​ൾ മ​രി​ക്കാ​നു​ള്ള കൊ​തി​യാ​യി​രു​ന്നു ത​ല​ച്ചോ​റി​ൽ നു​ര​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ ഒ​ന്നി​നേ​ക്കു​റി​ച്ചും വേ​വ​ലാ​തി ഇ​ല്ലാ​താ​യി. ഒ​രു ത​രം മ​ര​വി​പ്പ്.

ഫാ​ദ​ർ മൈ​ക്കി​ൾ കി​ട​പ്പാ​യ​തി​നു​ശേ​ഷ​മാ​ണ് അ​ല​മാ​ര​യി​ലി​രു​ന്ന ഡ​യ​റി​ക​ളി​ൽ ഒ​രെ​ണ്ണം എ​ടു​ത്ത് ഒ​രു കി​റ്റി​ലാ​ക്കി മു​റി​യി​ൽ കൊ​ണ്ടു​പോ​യി വെ​ച്ച​ത്. ഫാ​ദ​റി​നെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ൻ എ​ന്തെ​ങ്കി​ലു​മൊ​ക്കെ വേ​ണ​മെ​ന്നു ക​രു​തി. കു​റെ​യേ​റെ ഡ​യ​റി​ക​ൾ ക​ത്തി​ച്ചു ക​ള​യു​ന്ന​വ​യു​ടെ കൂ​ട്ട​ത്തി​ൽ അ​തെ​ങ്കി​ലും പെ​ടാ​തി​രി​ക്ക​ട്ടെ എ​ന്നു തോ​ന്നി.

അ​ന്ന് ടെ​ർ​മി​ന​ൽ വാ​ർ​ഡി​ൽ ആ​രു​മാ​യും സം​സ​ർ​ഗ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു ഫാ​ദ​ർ. കാ​ലും മു​ഖ​വും നീ​രു​കെ​ട്ടി വി​ങ്ങി​യി​രു​ന്നു. ഒ​രു​പാ​ട് വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തു​ന്നു​ണ്ടെ​ന്ന് മു​ഖ​ത്തു​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാം. ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ മു​റി​യി​ൽ പ​നി​ച്ചു കി​ട​ക്കു​ന്ന ഫാ​ദ​റി​നെ നോ​ക്കാ​നു​ള്ള ദൗ​ത്യം ബൈ​സ്റ്റാ​ൻ​ഡ​റാ​യ സോ​ണി​ക്കാ​യി​രു​ന്നു.

പി​ന്നീ​ട് ഫാ​ദ​റി​നെ മു​റി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഫാ​ദ​റി​ന്റെ ജ​ന്മ​ദി​നം. ആ ​ദി​വ​സം സ്​​പെ​ഷ്യ​ൽ കു​ർ​ബാ​ന​യോ കേ​ക്ക്മു​റി​ക്ക​ലോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​മ​യി​ൽ​ക്കി​ട​ക്കു​ന്ന ഫാ​ദ​റി​ന് അ​തേ​ക്കു​റി​ച്ച് അ​റി​വു​ണ്ടെ​ന്നും തോ​ന്നി​യി​ല്ല. ജീ​വി​ച്ചി​രി​ക്കു​മ്പോ​ഴേ വ​യ​സ്സി​നെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​യു​ണ്ടാ​വൂ. ഒ​രു​പാ​ട് വേ​ദ​ന​ക​ൾ ഉ​ള്ളി​ലൊ​തു​ക്കി​യ ക​വി​യാ​യി​രു​ന്നു ഫാ​ദ​ർ മൈ​ക്കി​ൾ എ​ന്ന് സോ​ണി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​വാം ഏ​​തൊ​രാ​ളു​ടെ​യും ഉ​ള്ളു​തു​ള​ച്ച് മ​ന​സ്സ് വാ​യി​ക്കാ​ൻ ഫാ​ദ​റി​ന് ക​ഴി​യു​മാ​യി​രു​ന്ന​ത്.

ധ്യാ​ന ഗു​രു​വാ​യ ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​സം​ഗ​ത്തി​ന് അ​റു​തി​യാ​യ​ത് ആ​ദ്യ​ത്തെ സ്​േ​ട്രാ​ക്കോ​ടെ​യാ​ണ്. വാ​ക്കു​ക​ൾ​ക്കു​വേ​ണ്ടി ത​പ്പി​ത്ത​ട​യു​ന്ന അ​വ​സ്​​ഥ. മു​റി​യി​ൽ മാ​ത്ര​മൊ​തു​ങ്ങി​യ ഫാ​ദ​റി​ന്റെ ൈഡ്ര​വ​റും ബൈ​സ്റ്റാ​ൻ​ഡ​റു​മാ​യി എ​ത്തു​മ്പോ​ഴാ​ണ് ത​ന്റെ ദുഃ​ഖ​ങ്ങ​ളൊ​ക്കെ സു​ല്ലി​ടു​മെ​ന്ന് സോ​ണി ക​രു​തി​യ​ത്.

* * * *

വ​ണ്ടി​യോ​ടി​ക്കു​മ്പോ​ൾ ഫാ​ദ​റി​നെ​ക്കൊ​ണ്ട് പ​ഴ​യ ക​ഥ​ക​ളൊ​ക്കെ പ​റ​യി​പ്പി​ക്കും സോ​ണി. വേ​ഗം​കു​റ​ച്ച് വ​ണ്ടി​യോ​ടി​ക്കു​ന്ന​ത് ഫാ​ദ​റി​ന് ഇ​ഷ്​​ട​മ​ല്ല. യൂ​ട്യൂ​ബി​ൽ​നി​ന്നും ചി​ല പാ​ട്ടു​ക​ൾ തി​ര​ഞ്ഞു​പി​ടി​ച്ച് സേ​വ്ചെ​യ്ത് വെ​ച്ചി​ട്ടു​ണ്ട് ഫാ​ദ​ർ. അ​തി​ലൊ​ന്ന് ‘‘പ​വി​ഴം പോ​ൽ...’’ എ​ന്ന പാ​ട്ടാ​ണ്. ഒ.​എ​ൻ.​വി​യു​ടെ വ​രി​ക​ളും ജോ​ൺ​സ​ന്റെ സം​ഗീ​ത​വും യേ​ശു​ദാ​സി​ന്റെ ആ​ലാ​പ​ന​വും ഒ​ത്തു​വ​ന്ന ആ ​പാ​ട്ട് ‘ന​മു​ക്ക് പാ​ർ​ക്കാ​ൻ മു​ന്തി​രി​ത്തോ​പ്പു​ക​ൾ’ എ​ന്ന പ​ത്മ​രാ​ജ​ൻ ചി​ത്ര​ത്തി​ലേ​താ​ണ്. ‘‘മാ​ത​ള​ങ്ങ​ൾ ത​ളി​ർ ചൂ​ടി​യി​ല്ലേ’’ എ​ന്ന വ​രി​ക​ൾ റീ ​അ​ടി​ച്ച് ഒ​ച്ച​താ​ഴ്ത്തി ഫാ​ദ​ർ അ​തോ​ടൊ​പ്പം ചേ​രും.

ആ​രെ​യാ​ണ് ഫാ​ദ​ർ അ​തി​ൽ ക​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചി​ക​ഞ്ഞെ​ടു​ക്കാ​ൻ ഒ​രു​പാ​ട് ശ്ര​മം ന​ട​ത്തി​നോ​ക്കി. പൂ​ച്ച​ക്ക​ണ്ണു​ള്ള ശാ​രി എ​ങ്ങ​നെ​യാ​ണ് ഫാ​ദ​റി​ന്റെ തി​ര​ച്ചി​ലി​ലെ​ത്തു​ന്ന​ത് എ​ന്ന് ഒ​രു കു​മ്പ​സാ​ര​ത്തി​ലെ പാ​പം ഏ​റ്റു​പ​റ​യു​ന്ന​തു​പോ​ലെ ആ​യി​രു​ന്നു. പാ​ട്ടു​ക​ഴി​യു​മ്പോ​ൾ ശ്വാ​സം​മു​ട്ട​ലോ​ടെ ഫാ​ദ​ർ പ​റ​ഞ്ഞു.

‘‘സോ​ണി​ക്ക​റി​യോ. ഓ​ർ​മ​ക​ൾ​ക്ക് നി​റം വ​യ്ക്കു​ന്ന​ത് ഇ​ങ്ങ​നെ​യു​ള്ള പാ​ട്ടു​ക​ൾ കേ​ൾ​ക്കു​മ്പോ​ഴാ​ണ്.’’

ഒ​രു പെ​ൺ​കു​ട്ടി ഫാ​ദ​റി​ന്റെ ജീ​വി​ത​ത്തി​ൽ മി​ന്നി​മ​റ​ഞ്ഞ​ത് ചോ​ദി​ക്കാ​ൻ മു​തി​ർ​ന്നി​ല്ല. പ​ക്ഷേ, ഇ​രി​പ്പു​റ​ക്കാ​തെ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി സോ​ണി ചോ​ദി​ച്ചു.

‘‘ഇ​ങ്ങ​നെ​യൊ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടു​മു​ട്ടി​യ​ത് ഏ​ത് പ്രാ​യ​ത്തി​ലാ?’’

വാ​ശി​ക്കാ​ര​നാ​യ ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ മ​റു​പ​ടി ഒ​രു ഉ​ത്ത​ര​ത്തി​ന് പ​ക​ര​മാ​കു​ന്ന​ത് പ്ര​തീ​ക്ഷി​ച്ച സോ​ണി​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഫാ​ദ​ർ മൊ​ഴി​ഞ്ഞു.

‘‘പ്രീ​ഡി​ഗ്രി​ക്ക് എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കാ​ത​റി​ൻ, ഒ​രു​പാ​ട് സ്​​നേ​ഹ​മാ​യി​രു​ന്നു. പാ​ട​വ​ര​മ്പി​ലൂ​ടെ ഒ​രു​മി​ച്ച് ന​ട​ന്നാ കോ​ളേ​ജി​ൽ പോ​യി​രു​ന്ന​ത്.’’

ആ​കാം​ക്ഷ​യോ​ടെ ചോ​ദി​ച്ച​തി​ന് ഒ​റ്റ ഉ​ത്ത​ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

‘‘അ​ന്ന​ത് േപ്ര​മ​മാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​പ്പോ​ൾ വെ​ക്കേ​ഷ​ന് പ​ള്ളി​യി​ൽ വ​ച്ച് ക​ണ്ട​പ്പോ​ഴാ​ണ് കാ​ത​റി​ൻ പ​റ​ഞ്ഞ​ത് അ​വ​ൾ േപ്ര​മ​ത്തി​ലാ​ണ് ആ ​ബ​ന്ധം തു​ട​ർ​ന്ന​തെ​ന്ന്.’’

ഫാ​ദ​റി​ന്റെ ക​ണ്ണു​പെ​യ്ത് മാ​ത​ള​നി​റ​മാ​ർ​ന്ന ക​വി​ൾ ന​ന​ഞ്ഞു. വ​ണ്ടി​ക്കു​ള്ളി​ലെ കോ​ബാ​ൾ​ട്ട് നി​റം മാ​റു​ന്ന​തും ഫാ​ദ​റി​ന്റെ മു​ഖ​ത്ത് ഇ​രു​ട്ട് വ്യാ​പി​ക്കു​ന്ന​തും ക​ണ്ടു.

ഫാ​ദ​റി​ന്റെ ഏ​റ്റ​വും ആ​ഹ്ലാ​ദ​ക​ര​മാ​യ കാ​ലം ക​ഴി​ഞ്ഞു​പോ​യ​ത് ഗ്രാ​മ​ത്തി​ലെ സ്​​കൂ​ളി​ലും കോ​ളേ​ജി​ലു​മാ​ണ്. മ​രി​ക്കാ​ൻ കാ​ല​ത്ത് സ്വ​ന്തം ത​റ​വാ​ട്ടി​ൽ ചെ​ന്നാ​ൽ ബ​ന്ധു​ക്ക​ളാ​രു​മി​ല്ല. കാ​ത​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ പു​തു​ക്കാ​ൻ ഇ​ഷ്​​ട​മാ​യി​രു​ന്നി​ല്ല ഫാ​ദ​റി​ന്.

* * * *

 

അ​റി​യ​പ്പെ​ടു​ന്ന ക​വി​യാ​യി​രു​ന്ന ഫാ​ദ​റി​ന്റെ മ​ര​ണം മ​റ്റ​നേ​കം മ​ര​ണ​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. ഒ​റ്റ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും അ​വ​രു​ടെ മാ​ന​സി​ക​വ്യാ​പാ​രം തീ​ർ​ക്കു​ന്ന വേ​ദ​ന​ക​ളെ​ക്കു​റി​ച്ചും എ​ഴു​തി​യ ഒ​രു​പാ​ട് പാ​ട്ടു​ക​ൾ ഫാ​ദ​റി​ന്റെ ഡ​യ​റി​യി​ലു​ണ്ട്. അ​തൊ​ന്നും ആ​രും പാ​ടി​യി​ട്ടി​ല്ല. ആ​രു​മ​തി​ന് സം​ഗീ​തം ന​ൽ​കി​യി​ട്ടു​മി​ല്ല. ഇ​നി​യ​തി​ന്റെ ഗ​തി ക​ത്തു​ന്ന ച​പ്പു​ച​വ​റു​ക​ൾ​ക്കി​ട​യി​ലാ​വും.

ഫാ​ദ​ർ മൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വെ​ള്ള സാ​ൻ​േ​ട്രാ കാ​ർ സോ​ണി​യു​ടെ പേ​രി​ൽ ട്രാ​ൻ​സ്​​ഫ​ർ ചെ​യ്തു​കൊ​ടു​ത്തു. അ​തി​ന്റെ താ​ക്കോ​ൽ ഏ​ൽ​പി​ക്കു​മ്പോ​ൾ ഫാ​ദ​ർ പ​റ​ഞ്ഞു.

‘‘വ​ണ്ടി നി​ന​ക്കാ. അ​ച്ച​നെ കൊ​ണ്ടു​ന​ട​ന്ന വ​ണ്ടി അ​ന്ന​ത്തി​ന് ഉ​പ​ക​രി​ക്ക​ട്ടേ. ഇ​വി​ടെ ഓ​ട്ട​മു​ള്ള​പ്പോ​ൾ വി​ളി​ക്കാ​ൻ ഏ​ർ​പ്പാ​ടാ​ക്കാം.’’

ഫാ​ദ​ർ മൈ​ക്കി​ൾ മ​രി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് മൃ​ത​ദേ​ഹം കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് സോ​ണി​ക്ക​റി​യാം. മ​രി​ച്ച​വ​രെ കാ​ണു​മ്പോ​ൾ ഒ​രു​ത​രം വി​ഷാ​ദം ചു​റ്റി​വ​രി​യു​ന്ന​തു​കൊ​ണ്ട് മ​ര​ണം ന​ട​ന്ന വീ​ടു​ക​ളി​ൽ പോ​വാ​റി​ല്ല സോ​ണി. ച​ര​മ​ക്കോ​ള​ങ്ങ​ൾ നോ​ക്കു​ന്ന​തു​പോ​ലും ഉ​ള്ളി​ൽ സ​ങ്ക​ട​വി​ത്തു​ക​ൾ മു​ള​പ്പി​ച്ചി​രു​ന്നു. മ​രി​ച്ച ഫാ​ദ​റി​നെ ക​ണ്ട് വേ​ർ​പാ​ട് സ്​​ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് പു​ഴ​യോ​ര​ത്തെ സെ​മി​നാ​രി​യി​ലെ സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കി​ന് പോ​യി​ല്ല. ആ​രും കാ​ണാ​തെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി. ആ​രും അ​ന്വേ​ഷി​ച്ച് വ​രി​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ലും, ക​ണ്ണ​ട​ച്ച് മ​യ​ങ്ങാ​ൻ​പോ​ലും ആ​യി​ല്ല.

മ​ര​ണ​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട പ​ട്ടി​ക സോ​ണി​യു​ടെ മൊ​ബൈ​ലി​ലെ ന​മ്പ​റു​ക​ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ക്കാ​നാ​വും. ഫാ​ദ​ർ മൈ​ക്കി​ൾ കൊ​ടു​ത്ത സാം​സ​ങ്ങി​ന്റെ ഫോ​ണാ​ണി​ത്. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ആ​രോ സ​മ്മാ​ന​മാ​യി കൊ​ടു​ത്ത ഫോ​ണി​ന്റെ ക​വ​ർ നീ​ട്ടു​മ്പോ​ൾ ഫാ​ദ​ർ പ​റ​ഞ്ഞു.

‘‘മാ​ങ്ങാ​ണ്ടി​പോ​ല​ത്തെ ഫോ​ൺ ഉ​പേ​ക്ഷി​ച്ചേ​രേ. ഇ​താ, ഇ​ത് നി​ന​ക്ക് ഉ​പ​ക​രി​ക്ക​ട്ടെ.’’

‘‘മാ​ത​ള​ങ്ങ​ൾ ത​ളി​ർ ചൂ​ടി​യി​ല്ലേ’’ എ​ന്ന വ​രി​യാ​യി​രു​ന്നു ഫാ​ദ​റി​ന്റെ​യും സോ​ണി​യു​ടെ​യും റി​ങ്ടോ​ൺ.

അ​മ്മ​യും അ​പ്പ​നും ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് ഫോ​ണോ ന​മ്പ​റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ട്ടി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ന്ന് അ​പ്പ​ന്റെ പ​ല​ച​ര​ക്ക് ക​ട പൂ​ട്ടി​പ്പോ​യ​പ്പോ​ൾ കു​ത്തു​പാ​ള​യെ​ടു​ത്ത വീ​ട്ടി​ലെ നാ​ല​ക്ക ന​മ്പ​ർ വി​ച്ഛേ​ദി​ച്ചു​വെ​ങ്കി​ലും ആ ​ന​മ്പ​ർ സോ​ണി​യു​ടെ ഓ​ർ​മ​യി​ൽ മി​ന്നി​മ​റ​യു​ന്നു​ണ്ട്. ക​ടം​ക​യ​റി ബാ​ങ്കു​കാ​ർ വീ​ട് ജ​പ്തി​ചെ​യ്ത​പ്പോ​ൾ ജീ​വി​തം സ്വ​യം അ​വ​സാ​നി​പ്പി​ച്ച​ത് െട്ര​യി​നി​ന് കൊ​ത്തി​നു​റു​ക്കാ​ൻ നി​ന്നു​കൊ​ടു​ത്താ​ണ്. പ​ല​പ്പോ​ഴും ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള പാ​സ്​​വേ​ഡു​ക​ളാ​യി ആ ​ന​മ്പ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​ടു​വി​ൽ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ആ ​ന​മ്പ​ർ​ത​ന്നെ എ.​ടി.​എം പാ​സ് വേ​ഡി​ലു​മെ​ത്തി. ചി​ല ത​ല​വ​ര​ക​ൾ​പോ​ലെ, മാ​യി​ച്ചാ​ലും മാ​യാ​ത്ത​താ​യി ഒ​രു ലാ​ൻ​ഡ്ഫോ​ൺ ന​മ്പ​ർ.

ചേ​ച്ചി​മാ​ർ​ക്ക് ഫോ​ൺ​ന​മ്പ​റി​ല്ല. അ​നി​യ​ൻ മാ​ത്ത​ച്ച​ന്റെ ഫോ​ൺ​ന​മ്പ​ർ സേ​വ്ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ആ​ക്സി​ഡ​ന്റി​ലാ​ണ് ടെ​മ്പോ ൈഡ്ര​വ​റാ​യ അ​നി​യ​ൻ അ​ഞ്ചു വ​ർ​ഷം മു​മ്പ് മ​രി​ച്ച​ത്. അ​തോ​ടെ അ​വ​ന്റെ ഭാ​ര്യ ഒ​രു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി. വ​രു​മാ​ന​മി​ല്ലാ​തെ അ​വി​ടെ ക​ഴി​ഞ്ഞു​പോ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തു​കൊ​ണ്ട് അ​വ​ൾ ഒ​രു ഹോ​സ്​​പി​റ്റ​ലി​ൽ അ​റ്റ​ൻ​ഡ​റാ​യി പോ​കു​ന്നു​ണ്ട്. കു​ഞ്ഞി​നെ നോ​ക്കി വ​ലു​താ​ക്കി​യ​ത് അ​വ​ളു​ടെ അ​മ്മ​യും അ​പ്പ​നു​മാ​ണ്.

ഇ​ട​ക്കി​ടെ അ​വ​ൾ വി​ളി​ക്കും. ‘‘സോ​ണി​ച്ച​ൻ വേ​റൊ​രു ക​ല്യാ​ണം ക​ഴി​ക്ക​ണം. ഡെ​യ്സി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ വേ​റൊ​രു വ​ഴി.’’

ആ​യി​ട​ക്കാ​ണ് സെ​മി​നാ​രി​യി​ൽ ൈഡ്ര​വ​റാ​യി ചേ​രു​ന്ന​ത്. ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ വ​ണ്ടി​യാ​ണ് മി​ക്ക​വാ​റും ഓ​ടി​ക്കു​ന്ന​ത്. അ​ങ്ങ​നെ ഫാ​ദ​റി​ന്റെ ബൈ ​സ്റ്റാ​ൻ​ഡ​റും ൈഡ്ര​വ​റു​മാ​യി. എ​ഴു​പ​ത് ക​ഴി​ഞ്ഞ ഫാ​ദ​റി​ന്റെ സ​ഹ​ചാ​രി​യാ​യി​രു​ന്നു വെ​ള്ള സാ​ൻ​േ​ട്രാ കാ​ർ. ഡ​യാ​ലി​സി​സ്​ ഉ​പേ​ക്ഷി​ച്ച് കി​ട​പ്പാ​കും​വ​രെ ഫാ​ദ​ർ വ​ണ്ടി​യോ​ടി​ച്ചി​രു​ന്നു. ഒ​രു റെ​യ്സി​നു പോ​കു​മ്പോ​ഴു​ള്ള ക​ൺ​േ​ട്രാ​ളും സ്​​പീ​ഡു​മാ​ണ് ഫാ​ദ​റി​ന്. വ​ണ്ടി വാ​ങ്ങു​മ്പോ​ൾ വെ​ച്ച L എ​ടു​ത്തു​മാ​റ്റി​യി​രു​ന്നി​ല്ല.

‘‘എ​നി​ക്കി​തു​പോ​ലെ ക​യ്യ​ട​ക്ക​മി​ല്ല. പ്രാ​യ​മാ​യി​ട്ട് ൈഡ്ര​വി​ങ്, പ​ഠി​ച്ചാ​ലു​ള്ള കു​ഴ​പ്പ​മാ​ണ​ത്.’’ സോ​ണി സ്വ​യം പ​റ​യു​ന്ന കു​റ്റ​പ്പെ​ടു​ത്ത​ൽ ഫാ​ദ​റി​ന് പ​ക്ഷേ, ബോ​ധി​ക്കാ​റി​ല്ല.

‘‘മ​ര​ണ​ത്തി​ന് വി​ധി​ക്ക​പ്പെ​ട്ട ഒ​രു​വ​നെ​പ്പോ​ലെ ആ​യി​രു​ന്നു ഞാ​ൻ. എ​ന്നി​ട്ടും അ​തി​നെ അ​തി​ജീ​വി​ച്ചി​ല്ലേ.’’

സ്​േ​ട്രാ​ക്ക് വ​ന്ന് ഒ​രു​വ​ശം ത​ള​ർ​ന്ന ഫാ​ദ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് സോ​ണി​യു​ടെ പ​രി​ച​ര​ണം മൂ​ല​മാ​ണെ​ന്ന് ഫാ​ദ​ർ സ​മ്മ​തി​ക്കും. ആ​യി​ട​ക്കാ​ണ് വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​ത്. ഡ​യാ​ലി​സി​സ്​ ചെ​യ്ത് ആ​യു​സ്സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഫാ​ദ​റി​ന് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു.

സം​സാ​രി​ക്കാ​ൻ ആ​വാ​തെ വ​ന്ന​പ്പോ​ൾ സോ​ണി​യു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു മെ​സേ​ജ് വ​ന്നു.

‘‘എ​ന്റെ മ​ര​ണം വ​ലി​ച്ചു​നീ​ട്ട​രു​ത്. ഐ.​സി.​യു​വി​ൽ കി​ട​ത്തി എ​ന്നെ ദ​ണ്ഡി​പ്പി​ക്ക​രു​ത്.’’

* * * *

‘‘എ​നി​ക്ക് ഞാ​ൻ ആ​യി​രി​ക്കു​ന്ന​ത് ക​വി​ത​യെ​ഴു​താ​ൻ ത​ട​സ്സ​മാ​ണ്. അ​രൂ​പി​യാ​യി​ട്ടാ​ണ് ഞാ​ൻ എ​ഴു​തു​ന്ന​ത്.’’ വ​ണ്ടി​യോ​ടി​ക്കു​മ്പോ​ഴും പാ​ട്ടി​നി​ട​യി​ൽ ഫാ​ദ​ർ പ​റ​യും.

ഫാ​ദ​റി​നെ മു​റി​യി​ലാ​ക്കി ഷെ​ഡി​ൽ കാ​റി​ട്ട് തി​രി​ച്ച് മു​റി​യി​ലെ​ത്തു​മ്പോ​ൾ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്റെ തെ​രു​വു​ക​ളു​ടെ വി​ഷാ​ദം മ​ന​സ്സി​നെ ക​ട​കോ​ലി​ട്ട് ഇ​ള​ക്കി​മ​റി​ക്കും. വേ​ദ​ന​യു​ടെ ലോ​ക​മാ​ണി​തെ​ന്ന് സോ​ണി പ​റ​യു​ന്ന​ത് ഫാ​ദ​റും സ​മ്മ​തി​ക്കാ​റു​ണ്ട്.

സ്വ​ർ​ഗാ​രോ​പി​ത​രു​ടെ ഒ​സ്യ​ത്ത്പോ​ലെ​യാ​ണ് അ​ച്ച​ന്റെ ഡ​യ​റി. ഓ​ല​യി​ൽ നാ​രാ​യം​കൊ​ണ്ട് എ​ഴു​തി​യ​പോ​ലെ​യാ​ണ​ത്. പ്ര​ഭാ​ത​ത്തി​ൽ ഫാ​ദ​റി​നെ ഒ​പ്പ​മി​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ആ​കാ​ശ​ത്തി​ന്റെ ച​ക്ര​വാ​ള​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന സൂ​ര്യ​ൻ ജാ​ല​കം ക​ട​ന്ന് മു​ഖ​ത്ത് പ്ര​ഭ വി​ത​റു​ന്നു. മ​ഴ​ക്കെ​ടു​തി​യി​ലാ​യി​രു​ന്നു ഭൂ​ത​ലം. ജീ​വി​ത​ത്തെ സ​ഹി​ക്കു​ന്ന ഒ​രു ജ​ന്മ​മാ​യി ഫാ​ദ​ർ ടെ​ർ​മി​ന​ൽ വാ​ർ​ഡി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി സോ​ണി​യു​ണ്ടാ​യി​രു​ന്നു.

* * * *

പ്രാ​യ​മാ​യ പു​രോ​ഹി​ത​ന്മാ​ർ താ​മ​സി​ക്കു​ന്ന​യി​ട​ത്ത് ഒ​രു മു​റി​യു​ണ്ടാ​യി​രു​ന്ന​ത് ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ വേ​ർ​പാ​ടോ​ടെ ന​ഷ്​​ട​പ്പെ​ട്ടു. മ​രി​ച്ച​ട​ക്ക് ക​ഴി​ഞ്ഞ് ര​ണ്ടാം ദി​വ​സം ഫാ​ദ​റി​ന്റെ സാ​ൻ​േ​ട്രാ കാ​ർ സെ​മി​നാ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​വി​ടെ​നി​ന്നും വ​ന്ന ഡീ​ക്ക​ന​ച്ച​ൻ പ​റ​ഞ്ഞു.

‘‘സോ​ണി​ബ്ര​ദ​റി​നോ​ട് ഈ ​വ​ണ്ടി​യി​ൽ​ത്ത​ന്നെ പോ​രാ​ൻ പ​റ​ഞ്ഞു. എ​നി​ക്ക് ഓ​ടി​ക്കാ​ൻ അ​റി​യി​ല്ല.’’

ജം​ഗ​മ​വ​സ്​​തു​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഫാ​ദ​റി​ന്റെ അ​ല​മാ​ര കാ​ലി​യാ​ക്കി കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ളി​ല​ടു​ക്കി​യ ഡ​യ​റി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ത് വ​ണ്ടി​യു​ടെ പി​ന്നി​ലെ സീ​റ്റി​ലൊ​തു​ക്കി.

‘‘ആ​ർ​ക്കെ​ങ്കി​ലും സ​ന്മ​ന​സ്സ് തോ​ന്നി​യാ​ൽ എ​ഴു​തി​വ​ച്ച​തി​ൽ നി​ന്ന് വി​രി​യു​ന്ന ക​വി​ത​ക​ൾ പു​സ്​​ത​ക​മാ​കും. ജ​ന​ങ്ങ​ൾ മൈ​ക്കി​ൾ അ​ച്ച​നെ കൂ​ടു​ത​ൽ സ്​​നേ​ഹി​ക്കാ​ൻ പ​ഠി​ക്കും. അ​ല്ലെ​ങ്കി​ൽ ഇ​തൊ​ക്കെ വെ​റും ചാ​രം. മ​നു​ഷ്യ​ന്റെ കാ​ര്യ​വും വെ​റും ചാ​ര​മാ​ണ​ല്ലോ.’’ വ​ണ്ടി​യോ​ടി​ക്കു​മ്പോ​ൾ കൂ​ട്ടു​വ​ന്ന ഡീ​ക്ക​ന​ച്ച​ൻ പ​റ​ഞ്ഞു.

ഒ​ര​ക്ഷ​രം മ​റു​പ​ടി പ​റ​യാ​തെ വെ​റു​തെ മൂ​ളു​ക​മാ​ത്രം ചെ​യ്തു. മ​ന​സ്സ് കൈ​വി​ടു​മ്പോ​ൾ മൗ​ന​ത്തി​ലൊ​ളി​ക്കു​ന്ന പ്ര​കൃ​ത​ത്തി​ലെ​ത്തി​യി​രു​ന്നു സോ​ണി.

‘‘ഒ​റ്റ​പ്പെ​ടു​മെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ ഏ​കാ​ന്ത​ത​യു​ടെ വേ​ദ​ന അ​നു​ഭ​വി​ക്കാ​ൻ പ​ഠി​ക്ക​ണം’’ ഫാ​ദ​ർ മൈ​ക്കി​ൾ ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ന്നു.

കാ​റു​മാ​യി സെ​മി​നാ​രി​യി​ലെ​ത്തി. വ​ണ്ടി കാ​ർ​പോ​ർ​ച്ചി​ലി​ട്ട് വി​സി​റ്റേ​ഴ്സ്​ റൂ​മി​ൽ എ​ത്തി​യ​പ്പോ​ൾ േപ്രാ​വി​ൻ​ഷ്യാ​ൾ കാ​ത്തു നി​ന്നി​രു​ന്നു.

‘‘സോ​ണി​യെ​ന്ന​ല്ലേ പേ​ര്. അ​ച്ച​ന്റെ സാ​ൻ​േ​ട്രാ കാ​റി​നെ​ക്കു​റി​ച്ച് അ​റി​യാ​നാ​ണ്.’’ േപ്രാ​വി​ൻ​ഷ്യാ​ൾ പ​റ​ഞ്ഞു.

‘‘ഫാ​ദ​ർ ഈ ​വ​ണ്ടി ട്രാ​ൻ​സ്​​ഫ​ർ ചെ​യ്ത​താ​ണ​ല്ലോ എ​ന്റെ പേ​ർ​ക്ക്. േപ്രാ​വി​ൻ​ഷ്യാ​ള​ച്ച​ന് അ​ത​റി​യാ​ലോ.’’

‘‘ഒ​രു ക്ലാ​രി​റ്റി വ​രു​ത്ത​ണം അ​േ​ത്ര​യു​ള്ളു. ഫാ​ദ​ർ മൈ​ക്കി​ളി​ന്റേ​താ ആ ​കാ​ർ. എ​ത്ര​നാ​ളാ​യി അ​ത് നി​ന്റെ പേ​രി​ലാ​ക്കി​യി​ട്ട്.’’

‘‘അ​ച്ച​നോ​ട് ഫാ​ദ​ർ മൈ​ക്കി​ൾ ഫോ​ൺ​ചെ​യ്ത് പ​റ​ഞ്ഞ​ത് ഞാ​ൻ കേ​ട്ട​താ​ണ​ല്ലോ. ആ​ർ.​ടി ഓ​ഫീ​സി​ൽ ഫാ​ദ​ർ ഒ​പ്പി​ട്ട ഫോ​മു​ക​ൾ കൊ​ടു​ത്താ​ണ് എ​ന്റെ പേ​രി​ലാ​ക്കി​യ​ത്. യൂ​ബ​ർ ആ​യി ഓ​ടി​ക്കാ​ൻ പെ​ർ​മി​റ്റും കി​ട്ടി.’’ സോ​ണി പ​റ​ഞ്ഞു.

ആ​ർ.​സി ബു​ക്കി​ന്റെ കോ​പ്പി കാ​ണി​ച്ച​പ്പോ​ൾ അ​ത് നോ​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ േപ്രാ​വി​ൻ​ഷ്യാ​ൾ പ​റ​ഞ്ഞു. ‘‘വ​ണ്ടി നി​ന​ക്കു​ത​രു​ന്ന കാ​ര്യം ഫാ​ദ​ർ മൈ​ക്കി​ൾ എ​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു. നി​ന​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഒ​രു വ​ഴി​യാ​വ​ട്ടെ എ​ന്ന് ഞാ​നും ക​രു​തി. പ​ക്ഷേ, അ​ത് എ​ടു​പി​ടീ​ന്നി​ങ്ങ​നെ ന​ട​ന്നൂ​ന്ന് ഞാ​ൻ ക​രു​തി​യി​ല്ല. ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ അ​ക്കൗ​ണ്ടീ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ മാ​റ്റി​യി​ട്ടു​ണ്ട​ല്ലോ നി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക്.’’

കു​റ്റ​പ്പെ​ടു​ത്തും​പോ​ലെ േപ്രാ​വി​ൻ​ഷ്യാ​ൾ ചോ​ദി​ച്ചു.

ത​ർ​ക്കി​ക്കാ​നാ​ണ് ഭാ​വ​മെ​ന്ന് ക​ണ്ട​പ്പോ​ൾ ന​ട​യി​റ​ങ്ങി തി​രി​ഞ്ഞു​നി​ന്ന് സോ​ണി പ​റ​ഞ്ഞു.

‘‘ര​ണ്ടു കൊ​ല്ലം ഒ​പ്പ​മു​ണ്ടാ​യി​ട്ടും ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല ഞാ​ൻ. ചെ​ക്ക് കൊ​ടു​ത്താ​ണ് ഫാ​ദ​ർ​ത​ന്നെ അ​ത് മാ​റ്റി​യ​ത്.’’

* * * *

മ​രി​ച്ചു​പോ​യ​വ​രു​ടെ ന​മ്പ​റു​ക​ളു​ടെ നി​ര വേ​ദ​ന​ക​ളു​ടെ അ​ക്ക​ങ്ങ​ളാ​യി ഫോ​ണി​ൽ കി​ട​ന്നി​രു​ന്നു. മ​രി​ച്ചു​പോ​യ​വ​രു​ടെ​ത​ന്നെ ഓ​ർ​മ​ക​ളു​ടെ ഭാ​രം സ​ങ്ക​ട​ക്ക​ട​ലാ​യി ത​ല​ച്ചോ​റി​ൽ അ​ല​യ​ടി​ച്ചി​രു​ന്നു. വേ​ണ്ടാ​ത്ത ന​മ്പ​റു​ക​ളു​ടെ ഭാ​ര​മൊ​ഴി​വാ​ക്കാ​ൻ അ​തൊ​ക്കെ ഒ​ന്നൊ​ന്നാ​യി മാ​യി​ച്ചു​ക​ള​ഞ്ഞു.

ര​ണ്ടു​വ​ർ​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ച, കാ​മു​ക​നോ​ടൊ​പ്പം പോ​യ ഭാ​ര്യ​യു​ടെ ന​മ്പ​ർ മാ​യ്ച്ചു​ക​ള​ഞ്ഞാ​ലും ര​ക്ഷ​യി​ല്ലെ​ന്ന മ​ട്ടി​ൽ ത​ല​ച്ചോ​റി​ൽ കോ​റി​യി​ട്ടി​രി​ക്കു​ന്നു. കാ​ണാ​പ്പാഠം വ​ന്നു​ചേ​രു​ന്ന ചി​ല ന​മ്പ​റു​ക​ളു​ണ്ട്. പി​ന്നീ​ട് ആ​വ​ശ്യം വ​ന്നി​ല്ലെ​ങ്കി​ലും വാ​ശി​യോ​ടെ മാ​യ്ച്ചു​ക​ള​ഞ്ഞാ​ലും ആ ​ന​മ്പ​റു​ക​ൾ ഒ​രു അ​ച്ച്കു​ത്തു​പോ​ലെ ഓ​ർ​മ​ക​ളെ ന​ടു​ക്കി നി​ല​കൊ​ള്ളും.

കു​ടും​ബ​കോ​ട​തി​യു​ടെ തീ​രു​മാ​നം ഉ​ണ്ടാ​കും​വ​രെ സൂ​ക്ഷി​ച്ച ആ ​ന​മ്പ​ർ മൊ​ബൈ​ലി​ൽ ഇ​പ്പോ​ൾ ഇ​ല്ലെ​ങ്കി​ലും അ​തി​ന്റെ ഒ​ടു​വി​ലെ നാ​ല​ക്കം മ​റ്റൊ​രു പാ​സ്​​വേ​ഡാ​യി ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്.

* * * *

ഫാ​ദ​ർ മൈ​ക്കി​ൾ മ​രി​ച്ചി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. വെ​റു​തെ ആ ​ന​മ്പ​ർ ക​റ​ക്കി. കു​റെ​നേ​രം ബെ​ല്ല​ടി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​ങ്ങേ​ത്ത​ല​ക്ക​ൽ ഫോ​ൺ എ​ടു​ത്ത് ഹ​ലോ പ​റ​ഞ്ഞ​ത് മൈ​ക്ക​ളി​ച്ച​നാ​ണ്.

‘‘സോ​ണി​ച്ച​നോ... നീ ​വി​ളി​ക്കൂ​ന്ന് എ​നി​ക്ക​റി​യാ​യി​രു​ന്നു.’’

ഫോ​ൺ ക​ട്ട് ചെ​യ്തെ​ങ്കി​ലോ എ​ന്നോ​ർ​ത്ത് വി​ങ്ങ​ലോ​ടെ ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ സം​ഭാ​ഷ​ണ​ത്തി​ന് കാ​തോ​ർ​ത്തി​രു​ന്നു സോ​ണി.

‘‘നീ ​ഒ​റ്റ​പ്പെ​ട്ടു​വെ​ന്ന് ക​രു​താ​തെ. അ​വി​ട​ന്ന് മാ​റി​യ​ത് ന​ന്നാ​യി. ഒ​ന്നി​ലും ഭ​യ​പ്പെ​ട​രു​ത്. ലോ​ക​ത്തി​ന്റെ കാ​പ​ട്യം തി​രി​ച്ച​റി​ഞ്ഞാ​ൽ മാ​ത്രം മ​തി.’’

ആ​രാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന​റി​യാ​ൻ വീ​ഡി​യോ കോ​ളി​ലി​ട്ട​പ്പോ​ൾ ഫോ​ൺ ക​ട്ടാ​യി. ആ​രാ​ണ് ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​ൻ മ​റ്റൊ​രു ഫോ​ണി​ൽ​നി​ന്നും വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ നി​ശ്ച​ലം. അ​തെ ന​മ്പ​റി​ൽ​നി​ന്നും ഇ​ങ്ങോ​ട്ട് വി​ളി​യി​ല്ലെ​ന്നും ശ്ര​ദ്ധി​ച്ചു.

േപ്രാ​വി​ൻ​ഷ്യാ​ള​ച്ച​നാ​ണ് വി​ളി​ക്കു​ന്ന​ത്.

‘‘സോ​ണി​ച്ചാ. ന​മ്മു​ടെ സെ​മി​നാ​രി​യി​ലെ പി​ള്ളേ​രെ ൈഡ്ര​വി​ങ് പ​ഠി​പ്പി​ക്കാ​ൻ ആ ​വ​ണ്ടി കൊ​ണ്ടു​വ​രാ​മോ. നി​ന​ക്കാ​വു​മ്പോ ഓ​ട്ട​മി​ല്ലാ​ത്ത​പ്പോ ഒ​ഴി​വു​കാ​ണൂ​ലോ.’’

മ​റു​പ​ടി പ​റ​യാ​തെ വെ​റു​തെ മൂ​ളു​ക​മാ​ത്രം​ചെ​യ്ത് ഫോ​ൺ ക​ട്ടു​ചെ​യ്തു.

ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ ഫോ​ൺ​ന​മ്പ​റി​ൽ​നി​ന്നാ​ണ് വി​ളി​വ​ന്ന​ത്. ആ​രാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​യി​ല്ല.

‘‘സോ​ണി​യ​തി​ന് തു​നി​ഞ്ഞി​റ​ങ്ങ​ണ്ടാ. അ​റ്റു​പോ​കു​ന്ന​തൊ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ നോ​ക്ക​ണ്ടാ.’’ തി​രി​ച്ചെ​ന്തെ​ങ്കി​ലും പ​റ​യും മു​മ്പേ ഫോ​ൺ ക​ട്ടു​ചെ​യ്തു.

എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു പോ​കാ​ൻ യൂ​ബ​ർ വി​ളി​ച്ച​ത് ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ ഫോ​ൺ​ന​മ്പ​റി​ൽ​നി​ന്നു ത​ന്നെ​യാ​ണ്. സെ​മി​നാ​രി​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ േപ്രാ​വി​ൻ​ഷ്യാ​ള​ച്ച​നെ കാ​ണ​രു​തെ​ന്ന പ്രാ​ർ​ഥ​ന മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കാ​ർ​പോ​ർ​ച്ചി​ൽ ബാ​ഗു​മാ​യ് നി​ൽ​ക്കു​ന്ന​ത് ഡീ​ക്ക​ന​ച്ച​നാ​ണ്. സൂ​ട്ട്കേ​സ്​ പി​ന്നി​ൽ​വെ​ച്ച് മു​ന്നി​ലെ ഡോ​ർ തു​റ​ന്ന് ഹാ​യ് പ​റ​ഞ്ഞ് സീ​റ്റി​ലി​രു​ന്ന ഡീ​ക്ക​ന​ച്ച​ൻ പ​റ​ഞ്ഞു.

‘‘എ​യ​ർ​പോ​ർ​ട്ട്. ഡൊ​മ​സ്റ്റി​ക്ക്.’’

‘‘എ​ന്നെ​വി​ളി​ച്ച​ത് ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ ന​മ്പ​റി​ൽ​നി​ന്നാ​ണ​ല്ലോ. ഡീ​ക്ക​ന​ച്ച​ൻ ആ​യി​രു​ന്നു അ​ല്ലേ?’’

‘‘മ​രി​ച്ച​വ​ർ ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യു​മോ. ഫാ​ദ​ർ മൈ​ക്കി​ളി​ന്റെ ശ​ബ്ദം അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു​നോ​ക്കി. സോ​ണി പേ​ടി​ച്ചോ. ന​മ്മ​ളൊ​ക്കെ L വെ​ച്ച് ജീ​വി​തം ഓ​ടി​ക്കു​ന്ന​വ​രാ​ണ​ല്ലോ.’’

‘‘മൈ​ക്കി​ള​ച്ച​ന്റെ ശ​ബ്ദം​പോ​ലെ തോ​ന്നി​ച്ചു. അ​തോ​ണ്ട് ചോ​ദി​ച്ച​താ?’’

‘‘ച​തി ക​ണ്ടു​നി​ൽ​ക്കാ​ൻ എ​നി​യ്ക്കാ​വി​ല്ല. അ​താ സോ​ണി​യെ വി​ളി​ച്ച​ത്. ആ​രേ​യും പേ​ടി​ക്ക​ണ്ടാ. ദൈ​വം​കൂ​ടെ​യു​ണ്ടെ​ന്ന് ക​രു​തു.’’ കാ​റി​ന്റെ ഡോ​ർ തു​റ​ന്നു​പി​ടി​ച്ച് ഡീ​ക്ക​ൻ പ​റ​ഞ്ഞു.

ഗൂ​ഗി​ൾ പേ ​ചെ​യ്ത് പി​ല്ല​റു​ക​ൾ​ക്കി​ട​യി​ലൂ​ടെ ബാ​ക്ക്പാ​ക്ക് തൂ​ക്കി ച​ടു​ല​മാ​യി അ​ക​ന്നു​പോ​കു​ന്ന ഡീ​ക്ക​നെ നോ​ക്കി​യി​രു​ന്നു. ഒ​രി​ക്ക​ൽ​പോ​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല ഡീ​ക്ക​ൻ.

വ​ണ്ടി​യെ​ടു​ത്ത് പു​റ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ൾ റി​ങ് ടോ​ണാ​യി കി​ട​ക്കു​ന്ന ‘‘മാ​ത​ള​ങ്ങ​ൾ ത​ളി​ർ​ചൂ​ടി​യി​ല്ലേ’’ എ​ന്ന വ​രി​ക​ൾ കാ​റി​ന​ക​ത്ത് മു​ഴ​ങ്ങി​നി​ന്നു.

News Summary - Malayalam story