എവിടെപ്പോയൊന്ന് ശ്വാസമെടുക്കും?

ഓടിക്കൊണ്ടിരിക്കുന്ന ബസ് പൊടുന്നനെ നിന്നു. ക്ലച്ചിൽ ചവിട്ടി ഗിയർ മാറ്റിയിടുകയും ആക്സിലറേറ്ററിൽ അമർത്തുകയും ചെയ്തു, ഡ്രൈവർ. എല്ലാം വെറുതെ. വണ്ടി അകാരണമായി ചേതനയറ്റു കിടന്നു. ഞാനും പെങ്ങളും കവിഞ്ഞൊഴുകുന്ന നദി നോക്കി നടന്നു. മരവും രാസപദാർഥങ്ങളും കലർന്ന ഗന്ധം. മരണത്തെ ഗന്ധമാക്കി ഇതിലേറെ കൃത്യമായി എങ്ങനെ മാറ്റാൻ? ഫാക്ടറിക്കുള്ളിലൂടെ നടക്കുകയാണ്. പുലർച്ചെ നഗരത്തിലിറങ്ങി കാത്തുകാത്തു മടുത്തപ്പോഴാണ് ഇതിനുള്ളിലൂടെ കടന്നുപോകുന്ന ഒരു ബസ് കിട്ടിയത്....
Your Subscription Supports Independent Journalism
View Plansഓടിക്കൊണ്ടിരിക്കുന്ന ബസ് പൊടുന്നനെ നിന്നു. ക്ലച്ചിൽ ചവിട്ടി ഗിയർ മാറ്റിയിടുകയും ആക്സിലറേറ്ററിൽ അമർത്തുകയും ചെയ്തു, ഡ്രൈവർ. എല്ലാം വെറുതെ. വണ്ടി അകാരണമായി ചേതനയറ്റു കിടന്നു.
ഞാനും പെങ്ങളും കവിഞ്ഞൊഴുകുന്ന നദി നോക്കി നടന്നു. മരവും രാസപദാർഥങ്ങളും കലർന്ന ഗന്ധം. മരണത്തെ ഗന്ധമാക്കി ഇതിലേറെ കൃത്യമായി എങ്ങനെ മാറ്റാൻ?
ഫാക്ടറിക്കുള്ളിലൂടെ നടക്കുകയാണ്. പുലർച്ചെ നഗരത്തിലിറങ്ങി കാത്തുകാത്തു മടുത്തപ്പോഴാണ് ഇതിനുള്ളിലൂടെ കടന്നുപോകുന്ന ഒരു ബസ് കിട്ടിയത്. അത് ഇങ്ങനെയുമായി.
റോഡിനിരുവശവും ഉത്തരേന്ത്യയിൽനിന്ന് വന്ന ജോലിക്കാരുടെ പ്രഭാത ബഹളം. പല ഭാഷകളിൽ, പല ശബ്ദങ്ങളിൽ. പക്ഷേ, നാട്ടുകാർ അവരെ പൊതുവായി ‘ഇന്തിക്കാർ’ എന്ന് വിളിക്കുന്നു.
രാസലായനി കലങ്ങിയ ഗന്ധത്തിന് ശമനമില്ല. ശ്വാസകോശം ചീഞ്ഞുപോയി മരിച്ചു എന്നൊന്നും കേൾക്കുകപോലും ചെയ്യാറില്ല. പാടെ തളർന്നുപോയിരിക്കുന്ന കാഴ്ചകൾ, ഒന്നിനെയും സ്വീകരിക്കാത്ത വൻമതിലിനകത്തെ ജയിൽപോലെയായിരിക്കുന്നു, മനുഷ്യർ.
വെള്ളമിറ്റുന്ന കൊട്ടയിൽ മീനുമായി ഒരാൾ ബെല്ലടിച്ചു കടന്നുപോയി. തിരിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ പെങ്ങൾ ചിരിച്ച് ഒന്ന് കൈയുയർത്തി.
എവിടെയോ കണ്ടതുപോലെ, പക്ഷേ മലയാളി മുഖമല്ല.
എന്റെ അപരിചിത ഭാവം കണ്ട് പെട്ടെന്ന് നേരിയ മനഃപ്രയാസം ഒന്ന് വന്നെത്തിനോക്കി ചിരിയിലേക്ക് പോയി. ഇടക്ക് നീട്ടി ബെല്ലടിച്ച് സൈക്കിൾ മുന്നോട്ടുപോയി.
ഈ കാഴ്ച അന്യമായിപ്പോയത് ഞെട്ടലോടെ ഓർത്തു. ഇപ്പോൾ സൈക്കിളിൽ ആരും മീൻകൊട്ട വെച്ച് വിൽക്കാൻ വരാറില്ലല്ലോ.
പെങ്ങൾ പറഞ്ഞു: ‘‘അയാളെ നിങ്ങൾക്ക് അറിയില്ലേ?’’
‘‘അറിയാം, ബാബുവല്ലേ? ഏറ്റവും നല്ല മീനുകളെ ഓർമവരും. ഏറ്റവും ന്യായമായ കാശിന് ഒരു ചിരിയോടെ സൈക്കിളിൽ വരിഞ്ഞുമുറുക്കിയ കയറിൽ കുരുങ്ങിയ പ്ലാസ്റ്റിക് ഷീറ്റ് നീക്കി മീൻ തന്നുപോകുന്ന ആൾ.’’
‘‘എന്തുപറ്റി?’’
ഓർമയിൽ വല്ലാത്ത സങ്കടം വന്ന് കണ്ണ് തുളുമ്പിപ്പോകുമെന്ന് തോന്നിയപ്പോൾ അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി.
മറ്റൊരു സന്ദർഭത്തിൽ ചോദിച്ചറിയാമെന്ന് കരുതി ഞാൻ എന്റെ യാത്രാബാഗിൽ നിറയെ വസ്ത്രങ്ങൾ കുത്തിക്കയറ്റി സിബ്ബ് പൊട്ടിപ്പോകാതെ ശ്രദ്ധിച്ച് എല്ലാറ്റിനെയും ഒതുക്കി.
‘‘അത് പൊട്ടിപ്പോകും.’’
‘‘ഇല്ല, സിബ്ബിനും ബാഗിനും എന്നെ അറിയാം,’’ നിശ്ശബ്ദം ഞാൻ എന്നോടുതന്നെ പറഞ്ഞു.
ആസാമിലെ ഏതോ ഉൾഗ്രാമത്തിൽനിന്ന് അഞ്ചു മക്കളെയും പാവം ഭാര്യയെയുംകൊണ്ട് മീൻകാരൻ വന്നതാണ്. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന അവർക്കുള്ള അന്യതാത്വവും ഭയവും അയാൾക്ക് ഒട്ടുമേ ഉണ്ടായിരുന്നില്ല. പോരാത്തതിന് നല്ല മലയാളവും! എത്രയോ കാലം ഇവിടെ കഴിഞ്ഞതിന്റെ ആത്മവിശ്വാസം. ആദ്യം ഞാൻ മലയാളി എന്നുതന്നെ തെറ്റിദ്ധരിച്ചു.
മലയാളി ശരീരങ്ങളിൽ പൊതുവെ അനേകം സംസ്ഥാനങ്ങളും ചിലപ്പോൾ കുറച്ചു രാജ്യങ്ങളും പാർക്കുന്നുണ്ട്. മുഖച്ഛായകൊണ്ട് നമുക്ക് അതിനെ വായിച്ചെടുക്കാനാകില്ല. അതിർത്തി ധാർഷ്ട്യവും അന്യതാഭയവും കൂടുവെച്ച മനുഷ്യഹൃദയങ്ങൾ... അതിർത്തികൾ ഉണ്ടാക്കിയ പിശാചുക്കൾ മനുഷ്യ തിന്മകൾക്ക് കാവലിരുന്നു. അവയുടെ ഉറക്കവേളയിൽ തിന്മ തുടർന്നു.
ചേരിയുടെ തൊട്ടടുത്ത വീടുകൾ ബുൾഡോസർകൊണ്ട് തകർക്കപ്പെട്ട വാർത്ത അയാൾ രാപകലില്ലാതെ വ്യക്തമാക്കാൻ ശ്രമിച്ചു. ലോകത്തെ അനേകം ഭാഷകൾക്കൊപ്പം അയാൾ പങ്കുവെക്കാൻ ശ്രമിച്ച ഭാഷയും ദുർബലമായി. വസന്തിച്ചേച്ചിയാണ് ആദ്യം ആ ആശയം അവതരിപ്പിച്ചത്:
‘‘ആ കുടുംബത്തിനുള്ള ഭക്ഷണം ചുറ്റുമുള്ള 10 വീട്ടുകാർക്ക് ഏറ്റെടുക്കാം. ഓരോ നേരവും ഒരു കുടുംബംകൂടി നമ്മുടെ വീട്ടിലുണ്ടെന്ന് സങ്കൽപിച്ചാൽ മതി.’’
ബാബുവിന്റെ ഭാര്യ അങ്ങേയറ്റം ലജ്ജാശീലയും ഉയർന്ന അഭിമാനബോധമുള്ളവളുമായിരുന്നു. ആദ്യമൊക്കെ വേദന കലർന്ന ചിരിയോടെ നിരാകരിച്ചെങ്കിലും പതിയെ കുട്ടികളുടെ വിശപ്പിന്റെ കരച്ചിൽ അതിനെ കീഴടക്കി.
ബാബുവിന്റെ ഗ്രാമത്തിൽ എന്ത് നടന്നുവെന്ന് അവളുമായി നമ്മളാരും ചർച്ചചെയ്തില്ല, മനപ്പൂർവം തന്നെ. പകരം ആ കുടുംബത്തെ രക്ഷിക്കാനുള്ള വഴികൾ ആരാഞ്ഞു.
ഒന്നാമത്തെ വേദന ആ ഒറ്റമുറിതന്നെ. ആ മുറിയുടെ ഒത്ത മധ്യത്തിലാണ് ആഹാരമുണ്ടാക്കിയിരുന്ന തുരുമ്പിച്ച പഴയ സ്റ്റൗവ് കുടികൊള്ളുന്നത്. മുറിയിലെ അന്തേവാസികൾ ഒരു ദൈവ സന്നിധിയിൽ എന്നപോലെ അതിനുചുറ്റും വലയം ചെയ്യുകയും ഓരോ നേരത്തെ വിശപ്പും ഒരു പ്രാർഥനയാവുകയും ചെയ്തു.
വളരെയേറെ സമ്മർദങ്ങൾക്കൊടുവിൽ അയൽക്കാർ നൽകുന്ന ഭക്ഷണം അവർ സ്വീകരിക്കാൻ തയ്യാറായി. ഓരോ തവണയും ഭക്ഷണം ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് അഭിമാനത്തിന്റെ പൊട്ടിയ ചില്ലുകൾ പ്രതിഫലിച്ചു. വല്ലപ്പോഴും രണ്ടാമത്തെ വീട്ടുകാരൻ വസീറലി മൊബൈലിൽ നമ്പറമർത്തും. അങ്ങേത്തലക്കൽ ബെല്ലടിക്കുമ്പോൾ ആ ഭാര്യക്ക് ഫോൺ കൈമാറും. ഏറെ നേരത്തെ ബെല്ലടിക്കുശേഷം പതിയെ അങ്ങേയറ്റത്തുനിന്ന് ഒരാൾ അറ്റൻഡ് ചെയ്യും.
പക്ഷേ, വിചിത്രമായ ആസാമീസ് വാമൊഴി അയാളുടെ രോഗാവസ്ഥയുടെ കഠിനമായവ്യഥയിൽ ചിതറി. ഇടക്ക് ബാബു ശ്വാസത്തിനായി നീട്ടിവലിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല. ബാബുവിന്റെ ഭാര്യ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു. ആ കരച്ചിലിൽ, ഈ ഭൂമുഖത്ത് ബാബുവല്ലാതെ അവൾക്ക് ആരുമില്ലെന്നതിന്റേതാണെന്ന് അയൽക്കാർ വായിച്ചെടുത്തു.
ഇക്കാലത്തിനിടയിൽ ഇടയ്ക്ക് ബാബുവിന്റെ ഭാര്യ പഠിച്ചെടുത്ത മലയാളം കുറെക്കൂടി വികലമായി. അയൽവാസികൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: ‘‘നിങ്ങൾക്കുള്ള ഭക്ഷണം ഞങ്ങൾ എത്തിക്കും.’’ അത് കൂട്ടമായെടുത്ത പ്രതിജ്ഞതന്നെയായിരുന്നു. വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ ഞാൻ ഈ കുടുംബത്തെ അന്വേഷിക്കും. അയൽക്കാരുടെ മനഃപ്രയാസങ്ങളിൽ ഒന്ന് കുട്ടികളുടെ സ്കൂൾജീവിതമവസാനിച്ചതിനെപ്പറ്റിയാണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ ബാബുവിന്റെ ഭാര്യ തയ്യാറായില്ല.
‘‘വീട് പൊളിച്ചവർ ഇവിടെയും വരും, കുഞ്ഞുങ്ങളെ ഉപദ്രവിക്കും,’’ എന്നുമാത്രം അവൾ അറിയുന്ന മലയാളത്തിൽ പിറുപിറുക്കും പോലെ സ്വയം ശപിക്കും പോലെ പറഞ്ഞുകൊണ്ടേയിരുന്നു. ഇത് പറയുമ്പോൾ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഓരോ നേരത്തും അവിടെ എത്തിച്ചേരുന്ന ഭക്ഷണത്തെ ബാബുവിന്റെ ഭാര്യ നെടുവീർപ്പോടെ ഏറ്റുവാങ്ങി. അവൾ ആസാമിന്റെ രുചിയല്ലാത്തതിനെ തിന്നു. ഓരോ ഉരുളച്ചോറിലും സ്നേഹനിധിയായ ഭർത്താവിനെ ഓർത്തു. കടന്നുപോയതൊക്കെ വസന്തങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞു. സ്നേഹത്തിന്റെ പൊൻകിനാവുകൾ പെട്ടെന്ന് കെട്ടുപോയി.
മൃഗത്തിന്റെ പാതിമുഖമുള്ള ഒരുപറ്റം മനുഷ്യർ ഒന്നിച്ച് കൂറ്റൻ ട്രക്കുകളിൽ വന്നിറങ്ങുകയായിരുന്നു. ഗ്രാമവാസികൾ ഇതുവരെ കാണാത്തത്ര വലിപ്പമുള്ള ദിനോസറിന്റെ ഛായയുള്ള ബുൾഡോസറും പിറകെ വന്നു. കോളനിയിലെ കുട്ടികളെല്ലാം സന്തോഷത്തിമിർപ്പോടെ ഓടിയടുത്തു. ബുൾഡോസർ , അത് ശരിക്കും ജീവിതന്നെയാണെന്ന് ഒരുപറ്റം കുട്ടികൾ വാദിച്ചു. കാരണം, അവയ്ക്ക് നീണ്ട, വെട്ടാത്ത നഖമുള്ള കൈകാലുകൾ ഉണ്ട്, കൈകാൽ വിരലുകളുണ്ട്. പെട്ടെന്ന് അതിന് കഴുത്തുവെട്ടിക്കാൻ അറിയാം. തങ്ങളിലേക്ക് പെട്ടെന്ന് തിരിഞ്ഞുനിന്നപ്പോഴൊക്കെ അവർ സന്തോഷത്തിൽ ആർത്തുവിളിച്ചു. ഇത് ഉടമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജീവിയല്ലാതെ മറ്റെന്താണ്?
വീടുകൾ ഒന്നൊന്നായി കൈയേറി പൊളിച്ചുമാറ്റി. എളുപ്പം പൊളിക്കാൻമാത്രം ദുർബലവുമായിരുന്നു, ആ കോളനിയിലെ വീടുകൾ. ഓടും കല്ലും കുമ്മായക്കട്ടയും ഒന്നായിക്കിടന്നു, അതിനുള്ളിൽ കുട്ടികളുടെ ഉടുപ്പുകൾപോലും തിരോഭവിച്ചു. ആളുകൾ മറയുമ്പോൾ കുട്ടികൾ അവരുടെ കളിസാധനങ്ങളും ബൊമ്മകളും തിരഞ്ഞു. മണ്ണിൽ അമർന്നു പോയതൊക്കെ നിശ്ശബ്ദമായ ഏങ്ങലടിയിൽ വസിച്ചു.
വിലാപങ്ങൾ, ശാപങ്ങൾ, കൂട്ട നിലവിളികൾ. ഒന്നിനും ശബ്ദമില്ലാതായി. ഇടക്ക് അന്വേഷണാർഥം വന്നിറങ്ങിയ പോലീസുകാരെ കണ്ട് ആദ്യം അവർ ആശ്വസിച്ചു. പക്ഷേ, ലാത്തികളും തോക്കുകളും കോളനിവാസികളിലേക്ക് നേരെ നീളാനുള്ളതാണെന്ന് ഏറെക്കഴിയും മുമ്പ് അവർക്ക് മനസ്സിലായി.
അരക്ഷിതാവസ്ഥയുടെ കണ്ണീർത്തടാകം നിലംതൊടാത്ത അവിശ്വസനീയതയോടെ അന്തരീക്ഷത്തിൽ ഒരു മാജിക് ഷോയിൽ എന്നപോലെ നിന്നു.
അറിയുന്ന എല്ലാ നമ്പറിലേക്കും അഭയത്തിനായി കരഞ്ഞ് അവർ ഫോൺ ചെയ്തു. വോട്ട് തേടിയെത്തിയ ചിരിച്ച പല്ലുകൾ, കുട്ടികൾക്ക് കൊണ്ടുവന്ന ചോക്ലേറ്റുകൾ, ബാബുവിന്റെ കുടുംബത്തിന് നൽകിയ പരുക്കൻ ഷാളുകൾ... ഇപ്പോൾ ഏതോ മൃതദേഹമായി അവരെപ്പോലെ അവരുടെ ഫോണുകളും മാറിയിരിക്കുന്നു. ആത്യന്തിക സത്യം ഒന്നുമാത്രം -അവരുടെ വീടുകൾ ഒന്നൊന്നായി ബുൾഡോസർ തകർക്കുന്നു.
കോളനിവാസികളുടെ നിലവിളികൾ ജെ.സി.ബിക്ക് കൂട്ടിയിരുന്ന പടുകൂറ്റൻ ജനറേറ്ററിന്റെ ഒച്ചയിൽ മുങ്ങി. ഉച്ചയൂണിന്റെ ഇടവേളയിൽ എപ്പോഴോ അത് ഒന്ന് നിശ്ശബ്ദമായി. പല വീടുകളും നിരപ്പായിക്കഴിഞ്ഞു. മധ്യത്തിൽ ബാക്കിവെച്ച ഒന്നിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സംഗീതാധ്യാപകൻ മാത്രം! അയാൾ തന്റെ ഹാർമോണിയക്കട്ടയിൽ വിരൽ പായിച്ച് ആവേശപൂർവം പാടിക്കൊണ്ടിരുന്നു. അതിന്റെ ഒച്ച കേട്ട് ശത്രു മിത്ര ഭേദമന്യേ എല്ലാവരും ഞെട്ടിത്തരിച്ചു.
അയാളുമായി എപ്പോഴും ഇഷ്ടംചേർന്നുനിൽക്കുന്ന ആ ഗസൽ അയാളിൽനിന്ന് വിഭിന്നമാകാതെ പാടുന്നു:
*‘‘മൗത് കാ സെഹർ ഹെ ഫസാഓ മെ... അബ് കഹാ ജാ കെ സാസ് ലീ ജായേ...’’
(മരണത്തിന്റെ വിഷമുണ്ട് അന്തരിക്ഷം മുഴുക്കെ
ഇനിയിപ്പോൾ
എവിടെപ്പോയൊന്ന് ശ്വാസമെടുക്കും?)

ശത്രുമിത്ര ഭേദമില്ലാതെ എല്ലാറ്റിനെയും ആ ഗസൽ നടുക്കി. പെട്ടെന്ന് ആരോ ആ വീട്ടിലേക്ക് അതിമാരകശേഷിയുള്ള ബോംബെറിഞ്ഞു. എല്ലാം നിലംപരിശായിട്ടും പാട്ട് നിലയ്ക്കാതെ, എങ്ങുനിന്നെന്നില്ലാതെ നിരാശയുടെ ഉടുവസ്ത്രമണിഞ്ഞു.
സ്ഥലകാലബന്ധനം മനുഷ്യരുടെ മിഥ്യ.
അന്ന് പകൽ കോയമ്പത്തൂർ-കണ്ണൂർ ഫാസ്റ്റ് പാസഞ്ചറിൽ നിന്ന് ആരോ തന്റെ മൊബൈൽ ഫോണിൽ അത് ഉച്ചത്തിൽ വെച്ചു. ആറ് വർഷം മുമ്പ് ഇതേ ആഗസ്റ്റ് മാസത്തിൽ അന്തരിച്ച റാഹത്ത് ഇൻദോരി... ഒന്നും മയങ്ങിയപ്പോൾ എതിർ സീറ്റിൽ ഞാൻ കണ്ടു. നിസ്സഹായമായ വേദനകൾ പരേതാത്മാക്കളെപ്പോലെ എവിടെയും സഞ്ചരിച്ചെത്തുന്നു, കരുണരസത്തെ വിളിച്ചുണർത്തുന്നു.
പെട്ടെന്ന് ഓർത്തത് ഫസലിനെയാണ്. ഞാൻ ചോദിച്ചു: ‘‘ഫസൽ, എന്റെ വീടിന്റെ നാലാമത്തെ അയൽപക്കമാണ്. വാടകയ്ക്ക് അതിൽ ആറ് കുടുംബങ്ങൾ താമസിക്കുന്നു. സ്റ്റൗവാണ് ആ ഒറ്റമുറിയുടെ കേന്ദ്രകഥാപാത്രം. അതിൽ ഇടുങ്ങി താമസിക്കുന്ന ഗൃഹനാഥന്റെ നാട്ടിലെ വീട് ബുൾഡോസർ വെച്ച് പൊളിച്ചിരിക്കുന്നു, ഒരു കൂട്ടം അർധമൃഗങ്ങൾ. അയാൾ നാട്ടിൽ ഏതോ അകന്ന ബന്ധുവിന്റെ പീടികമുറിയുടെ വരാന്തയിൽ ശരീരം മുഴുവൻ തളർന്നനിലയിൽ. ബന്ധു ചപ്പാത്തിയും സവാളയും വെന്തുടച്ച ദാലും മൂന്നുനേരമുള്ള മരുന്നും കരുണയോടെ വായിൽ വെച്ചുകൊടുക്കുന്നു, പണം വാങ്ങാത്ത ഗ്രാമത്തിലെ നാട്ടുവൈദ്യൻ മൂന്ന് ദിവസത്തിലൊരിക്കൽ വന്ന് നാഡി പിടിച്ചുനോക്കുകയും നാട്ടുമരുന്ന് കൊടുക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഇവിടെ എന്റെ വീടിനടുത്താണ് ബാബുവിന്റെ മക്കളും ഭാര്യയും. ഭാര്യക്കാണെങ്കിൽ കുറച്ചു മലയാളമേ അറിയൂ. വാടക അടയ്ക്കാത്തതിനാൽ ഏതു നിമിഷവും ആ സ്ത്രീയും കുട്ടികളും തെരുവിലാകും. അവരിപ്പോൾ ഒരു ഹോട്ടലിൽ പാത്രം കഴുകുന്നു. 10 മണിക്കൂറിന് 350 രൂപ. കുട്ടികളിലെ മൂത്തവൻ മറ്റുള്ളവർ എങ്ങും പോകാതെ നോക്കുന്നു. അതിന്റെ ശാസനയ്ക്കായി ഉമ്മ ചുമരിൽ ആണിയടിച്ച് ഒരു വടി പിടിപ്പിച്ചിട്ടുണ്ട്...’’
ഫസൽ ഒരു നിമിഷം കരുണയുടെ നിശ്ശബ്ദത പൂണ്ടു. ‘‘നമുക്കൊരു വാർത്ത കൊടുക്കാം. പറ്റുമെങ്കിൽ ഓൾ എഡിഷൻ, ഞാൻ റിപ്പോർട്ടറെ അയക്കാം.’’
ഞാൻ പറഞ്ഞു: ‘‘കനിവുള്ളവരേ സഹായിക്കുക, ഈ തലക്കെട്ടിൽ പത്രത്തിൽ ഒന്നും വരരുത്.’’
ഫസൽ പറഞ്ഞു, തീർച്ചയായും! ആദ്യം റിപ്പോർട്ട്, പിന്നെ കുട്ടികളുടെ വിദ്യാഭ്യാസ അനാഥത്വം.
ഫസൽ മൂളി
ഞാനത് കേട്ടില്ല

ഞാൻ എന്നോടു തന്നെ സംസാരിച്ചുകൊണ്ടിരുന്നു: അവരുടെ വിദ്യാഭ്യാസം നിലച്ചിരിക്കുന്നു. മൂത്തവൻ ഇളയ കുട്ടിയെ താഴോട്ടിറക്കാതെ ചുമന്ന് അയൽവട്ടത്തിലെ പറമ്പുകൾ തോറും നടക്കുന്നു. ആരെങ്കിലും വല്ലതും കൊടുത്താൽ തിന്നുന്നു. തരം കിട്ടിയാൽ മലയാളി കുട്ടികളോടൊപ്പം കളിക്കുന്നു.
പെങ്ങൾ അവരെ ഉച്ചയൂണ് കൊടുത്ത് സ്നേഹിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇങ്ങോട്ട് വരണേ എന്ന് അപേക്ഷിക്കുന്നു. ഇങ്ങനെ എത്ര നാൾ? സ്കൂളിനടുത്തുള്ള എവിടെയെങ്കിലും ഒരു മൂന്ന് സെന്റ്, അതിൽ ചെറിയൊരു വീട്... റോഡ് വേണമെന്നില്ല.
എന്റെ നിശ്ശബ്ദതയെ സമാധാനിപ്പിക്കുംപോലെ ഫസൽ വീണ്ടും പറഞ്ഞു: ‘‘നമുക്ക് ഓൾ എഡിഷൻ കൊടുക്കാം. അതെ, റിപ്പോർട്ട് വായിച്ച് കരുണയുള്ള ആരെങ്കിലും മുന്നോട്ടുവരും, ഗൾഫിലും കാര്യമായി കൊടുക്കാം.’’
അന്നു രാത്രി മുഴുവൻ സ്വപ്നം നിലാവിൽ കുളിച്ചുനിൽക്കുന്ന മരങ്ങളും അവ തിങ്ങിനിറഞ്ഞ വിശാലമായൊരു പറമ്പും പടർന്നുപടർന്ന് രൂപപ്പെട്ടു, അതിലെ ഇളംകാറ്റ് എന്റെ ഉറക്കത്തെ ഓമനിച്ചുകൊണ്ടിരുന്നു. എവിടെനിന്നോ അടിച്ചുവീശിയ കാറ്റ് തീർച്ചയായും സീലിങ് ഫാനിൽനിന്നല്ല. നാളെ ജില്ലാ ലേഖകൻ വരും, ഫോട്ടോഗ്രാഫറുമൊത്ത്. ഇരുവർക്കും വേദനകളെ മനസ്സിലാക്കുന്ന കണ്ണുകൾ.
വൈകുന്നേരം ജോലികഴിഞ്ഞ് എത്തുന്നതുവരെ ഞങ്ങൾ അവരെ കാത്തുനിന്നു. അവർ വന്നുചേരുന്നത് വിചാരിച്ചതിനേക്കാൾ ക്ലേശകരമാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ മൂവർക്കും ഒരുപോലെ കഴിഞ്ഞു. അതിസാഹസികമായിരുന്നു, വീട് എന്ന പേരിലുള്ള ഇടുങ്ങിയ ആ ഒറ്റമുറിയിൽ പ്രവേശിക്കൽ. അവിടത്തെ മറ്റ് ഒറ്റമുറികളിലെ സ്ത്രീകളും കുഞ്ഞുങ്ങളും അജ്ഞാതരായ ആധികൾ കണ്ണിൽ നിറച്ച് ഞങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഓരോ മുറിയിലും ഓരോ ഉത്തരേന്ത്യൻ സംസ്ഥാനം.
ചോദിച്ചതിനൊക്കെ ആരെയോ ഭയപ്പെടുംപോലെ വളരെ ചുരുക്കിമാത്രം മറുപടികൾ. നാട്ടിലേക്ക് കയറ്റി അയച്ച ഭർത്താവിന്റെ സംസാരശേഷി തീരെ ദുർബലമായെന്ന് പറയുമ്പോഴേക്കും അവരുടെ കാഴ്ചയെ അടർത്തിമാറ്റി വന്ന കണ്ണുനീർ, അത് അവരുടെ സ്വന്തം കണ്ണുകൾതന്നെ എന്തോ ഓർത്ത് വലിച്ചുകുടിച്ചു കളഞ്ഞു. ഞാൻ കരയുന്നത് കുഞ്ഞുങ്ങൾ കണ്ണാൽ, അവർ പേടിച്ചുപോയാൽ ഞാൻ എന്ത് ചെയ്യും?’’
-ക്ഷമാപണംപോലെ അവർ പറഞ്ഞു. പെട്ടെന്ന് അവർ ഞെട്ടലോടെ പറഞ്ഞു: ‘‘പാത്രങ്ങൾ മുഴുവൻ കഴുകി കഴിഞ്ഞിട്ടില്ല, തിരിച്ച് ഹോട്ടലിലേക്ക് തന്നെ പോകണം. അയാൾ കയർക്കും.’’ സന്ധ്യ മെല്ലെ എത്തിനോക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മൂവരും പുറത്തിറങ്ങി. പിരിയുമ്പോൾ വെളിച്ചം തുളുമ്പുന്ന കണ്ണുകളുള്ള ആ പത്രക്കാരൻ പറഞ്ഞു: ‘‘നമുക്കിന്ന് വിശദമായി കൊടുക്കണം, നമുക്കിത് വിശദമായി കൊടുക്കണം.’’ ഫോട്ടോഗ്രാഫർ ഇതിനകം എടുത്ത അവരുടെ സ്നാപ്പുകൾ ചെക്ക് ചെയ്തു. ഓരോ ഫോട്ടോ എടുക്കുമ്പോഴും അരക്ഷിതബോധത്താൽ കരയുംപോലെ ഞങ്ങളെ നോക്കി. അവർക്ക് മാത്രം കാണാവുന്ന നിഴലുകൾ അവരെ വലയം ചെയ്യുന്നതായി കണ്ണുകൾ പറഞ്ഞു. അപേക്ഷാ സ്വരത്തിൽ അവർ പറഞ്ഞു: ‘‘ഞാൻ പോയ്ക്കോട്ടെ?’’
ഞങ്ങൾ അവരോട് ക്ഷമാപണസ്വരത്തോടെ യാത്ര പറഞ്ഞു.
അത്ഭുതകരമെന്ന് പറയട്ടെ, രാത്രിയിൽ തലേന്ന് കണ്ട സ്വപ്നം ആവർത്തിച്ചു. നിലാവുനിറഞ്ഞ ഏതോ സുന്ദരമായ വനപ്രദേശം, ആരോഗ്യമുള്ള മരങ്ങൾ. കാറ്റിനൊപ്പം മഞ്ഞും വന്ന് നൃത്തംചെയ്തു. ഉറക്കമുണർന്നപ്പോൾ പുറത്ത് ആ സ്ത്രീ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർക്കറിയാവുന്ന മലയാളത്തിൽ കരയുംപോലെ കൈകൂപ്പി:
‘‘പത്രത്തിലൊന്നും കൊടുക്കല്ലേ. അവരറിഞ്ഞാൽ അടുത്ത കോളനിയിലെ വീടും പൊളിക്കും.’’
ഞാൻ പറഞ്ഞു: ‘‘അങ്ങനെയൊന്നുമില്ല. ഏത് സമൂഹത്തിലും നല്ലവരും ചീത്തവരുമുണ്ട്. നല്ലവർ തുണയ്ക്കും.’’ അവർ കൈകൂപ്പി കരഞ്ഞു: ‘‘ചെയ്യരുത്. പിന്നെ ഞാനും കുഞ്ഞുങ്ങളും ഉണ്ടാവില്ല.’’ അതും പറഞ്ഞ് പിന്തിരിഞ്ഞു നോക്കാതെ അവർ പുറത്തേക്ക് അതിവേഗത്തിൽ നടന്നുമറഞ്ഞു.
സത്യത്തിൽ ഞാൻ ആകെ സ്തംഭിച്ചുനിൽക്കുകയാണ്, പത്രക്കാരോട് എന്ത് പറയും? രാവിലെ പത്രത്തിൽ വാർത്ത വരും. സന്മനസ്സുള്ളവർ അവർക്കൊരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും ഈ ഭൂമിയിൽ നിർമിച്ചുകൊടുക്കും. പക്ഷേ, അതൊന്നും വേണ്ടെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അവർ കൈകൂപ്പുന്നു. ഭയം സംസ്ഥാനങ്ങൾ കടന്ന് പറക്കുന്നു.
കോലായിൽ കണ്ണടച്ചിരിക്കവേ പത്രം വന്നു വീഴുന്നു. ആകാംക്ഷയുടെ ഭയത്തോടെ ഞാൻ പത്രത്തെ നോക്കുന്നു. അവർക്ക് വീടല്ല വേണ്ടത്, ശ്വാസോച്ഛ്വാസത്തിനുള്ള ഓക്സിജനാണ്. ചങ്കിടിപ്പോടെ പത്രം തുറന്നുനോക്കാൻ ഒരുങ്ങിയതും ഫസലിന്റെ ഫോൺ വന്നു.
‘‘നാളത്തെ പത്രത്തിലാണ് സ്റ്റോറി വരുന്നത് കേട്ടോ. ജില്ലാ ലേഖകൻ അസ്സലായി എഴുതിയിട്ടുണ്ട്. അവർക്കുള്ള വീട് ആ വാർത്ത നൽകും, അത്ര ഹൃദയത്തിൽ തട്ടി അവനെഴുതിയിട്ടുണ്ട്. ഗൾഫ് എഡിഷനിലുമുണ്ട്. ഗൾഫു മലയാളികൾ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് എന്റെ മനസ്സ് പറയുന്നു.’’
ഞാൻ പതറി: ‘‘ഫസൽ, ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ചുകേൾക്കണം...’’
അങ്ങേത്തലക്കൽനിന്ന് ഫസൽ ചോദിക്കുന്നു: എന്തുപറ്റി?
‘‘ദയവായി വാർത്ത കൊടുക്കരുത്. ആ കുടുംബം ഭയത്തിലാണ്. നമുക്കൊക്കെ മനസ്സിലാക്കാൻപോലും കഴിയാത്ത ഭയം. പുറത്തിറങ്ങുക എളുപ്പമല്ല. കാരണം, അതിനു വാതിലും ജനലുകളുമില്ല. ചില ഭയങ്ങൾ ശവക്കല്ലറകളാണ് പ്രിയപ്പെട്ടവർക്കുപോലും കൂടെനിൽക്കാനാവില്ല. നമ്മുടെ ജീവിതത്തിന് അതിനെ മനസ്സിലാക്കാൻപോലും കഴിയില്ല.’’
കയ്യിൽനിന്നും ഊർന്നുവീഴാനൊരുങ്ങിയ പത്രത്തെ ഞാൻ ചേർത്തുപിടിച്ചു.
---------------
* റാഹത് ഇന്ദോരിയുടെ ഗസലിൽനിന്ന്. പരിഭാഷക്ക് കടപ്പാട്: ഷബീർ രാരത്ത്
