പത്ത് മിന്നൽക്കഥകൾ

പൂമ്പാറ്റ
അവിടെയിരുന്ന് നീയെന്ത് ചെയ്യുകയാണ്
എന്ന് നീ ചോദിച്ചില്ലേ?
ഞാൻ ഒരു പുഴുവിന്
ഒരു വർണക്കുപ്പായം തുന്നുകയായിരുന്നു.
നിന്റെ ചെടികൾക്കിടയിൽ
ഒരു പൂമ്പാറ്റയായി പറക്കുന്നത്
ആ പുഴുവാണ്.
മരിച്ചവർക്കും ചിലത് ചെയ്യാനുണ്ട്.
സൂര്യൻ
പഴയ സൂര്യനാണ്.
വളരെ വളരെപ്പഴയ സൂര്യനാണ്.
യുഗങ്ങളായി അവിടെത്തന്നെയുണ്ട്.
ഓരോ ദിവസവും അത് പുതിയ സൂര്യനായി നമ്മളിലെത്തുന്നു.
ഓരോ പ്രഭാതത്തിലും അനുഗ്രഹത്തിന്റെ പുതിയ രശ്മികളുമായി
നമ്മുടെയടുത്തെത്തുന്നു.
ഊതിക്കെടുത്താനാവാത്ത ദൈവത്തിന്റെ മെഴുകുതിരി.
ഉദയം
അസ്തമയം മാത്രമാണ്
എന്നോട്
ഉദയമുണ്ടെന്ന് പറയുന്നത്.
ഒച്ച്
ഒച്ചാണ്.
ഒരുപാട് ദൂരം സഞ്ചരിക്കണമെന്നുണ്ട്.
ഇഴഞ്ഞിഴഞ്ഞേ പോകാനാവൂ.
അതുകൊണ്ട് കട്ടിയുള്ള പുറന്തോടുമായി ചുരുണ്ടുകൂടി നിങ്ങളുടെ
മുന്നിൽ നിൽക്കുന്നു.
ആരെങ്കിലും കാലുകൊണ്ട് തട്ടി
ദൂരെത്തെറിപ്പിക്കൂ.
ദൂരെയെത്താമല്ലോ.
സൗന്ദര്യം
തീയ്ക്കും സൗന്ദര്യമുണ്ട്.
ആളിക്കത്തുമ്പോൾ
തൊട്ടുനോക്കരുത്.
പൂവ്
ചെടിയിൽ
ചിരിച്ചുനിൽക്കുമ്പോൾ മാത്രമല്ല,
താഴെ വീണു
ചീഞ്ഞളിയുമ്പോഴും
ഒരു പൂവിന്
ആളെ വീഴ്ത്താനാവും.
മരം
ഒരു മരം അടുത്ത് നിൽക്കുന്ന മറ്റൊരു
മരത്തോട് പറഞ്ഞു.
‘‘എനിക്ക് വിത്തിലേക്ക് മടങ്ങണം.’’
‘‘മരം അങ്ങനെ മനുഷ്യനെപ്പോലെ ആത്മഹത്യ ചെയ്യാറില്ല’’ ആഗ്രഹം വെളിപ്പെടുത്തിയ മരത്തോട് ചങ്ങാതി മരം പറഞ്ഞു.
എന്നിട്ട് കല്ലിനോടും മണ്ണിനോടുമൊപ്പം
അവർ മനുഷ്യന്റെ വാസസ്ഥലത്തെത്തി.
അതിനെ നമ്മൾ വീട് എന്ന് വിളിക്കുന്നു.
നമ്മുടെ വീട്ടിൽ എല്ലാത്തിനും സാക്ഷിയായി ആ മരങ്ങളുമുണ്ട്.
ജീവനില്ല എന്നേയുള്ളൂ.
ഒടുവിൽ
ഒടുവിൽ എന്റെ രണ്ട് കണ്ണുകൾ
പിഴുതെടുത്ത്
നിന്റെ രണ്ട് കണ്ണുകളും
എന്റെ രണ്ട് ചെവികൾ പറിച്ചെടുത്ത്
നിന്റെ രണ്ട് ചെവികളും
എന്റെ മൂക്ക് ഊരിയെടുത്ത്
നിന്റ മൂക്കും
എനിക്ക് തന്നു.
അതിനെന്തിനാണ് എല്ലാരും ഞാനില്ലാതായെന്ന് പറഞ്ഞു അലമുറയിട്ട് കരയുന്നത്.
എല്ലാം ഞാൻ കാണുകയും കേൾക്കുകയും മണക്കുകയും ചെയ്യുന്നുണ്ട്.
പാവം പൂവ്
എത്ര കുടഞ്ഞെറിഞ്ഞാലും
കഴുകിക്കളഞ്ഞാലും
മണ്ണിന്റെ മണം
വേരിൽനിന്ന് വിട്ട് പോവില്ല.
അതുകൊണ്ടുതന്നെ അത് വീണ്ടും മുളക്കുകയും പൂവുകൾ തരികയും ചെയ്യും.
പൂവിന് ഇതിനൊന്നുമാവില്ല.
നമ്മൾ
നമ്മൾ കഥകൾ കായ്ക്കുന്ന വെറും
മരങ്ങൾ മാത്രം.
