വിപ്ലവം ജയിക്കട്ടെ…

7 ഏനാദിയിലെ റാണിയും ആനഭ്രാന്തിയുമായ പനയ്ക്കൽ കുന്തിയമ്മ തമ്പുരാട്ടി വക റൂട്ട് മാർച്ചിന് സ്വീകരണമുണ്ടായി. തുരുത്തിന്‍റെ മർമമെന്ന് വിശേഷിപ്പിക്കാവുന്ന നൂറ്റിയെട്ട് ഏക്കർ തെങ്ങുംപുരയിടത്തിൽ വിയർത്ത് കുളിച്ച് പൊലീസുകാർ ഇരുന്നു. അതിര് കാവലിനെന്നപോലെ പറമ്പിൽ പലയിടങ്ങളിയായി പന്ത്രണ്ടാനകൾ ചെവിയാട്ടി നിന്നു! പനയ്ക്കൽ കൊമ്പന്മാരെന്ന പേരിൽ സകലനാട്ടിലും പേരെടുത്തവരാണ് ആ കൊലകൊല്ലികൾ! ഒന്നിനെയും തളച്ചിട്ടില്ല. കൂച്ചുവിലങ്ങ് ചുറ്റിയിട്ടുമില്ല. സർവസ്വതന്ത്രരാണ് തലയെടുത്ത് നിൽക്കുന്ന ആ ഗജവീരന്മാർ! മെരുക്കിയാൽ മെരുങ്ങാത്ത; പാപ്പാന്മാരെ നിർദാക്ഷിണ്യം ചവിട്ടിയരക്കുന്ന ആനകളോടായിരുന്നു...
Your Subscription Supports Independent Journalism
View Plans7
ഏനാദിയിലെ റാണിയും ആനഭ്രാന്തിയുമായ പനയ്ക്കൽ കുന്തിയമ്മ തമ്പുരാട്ടി വക റൂട്ട് മാർച്ചിന് സ്വീകരണമുണ്ടായി. തുരുത്തിന്‍റെ മർമമെന്ന് വിശേഷിപ്പിക്കാവുന്ന നൂറ്റിയെട്ട് ഏക്കർ തെങ്ങുംപുരയിടത്തിൽ വിയർത്ത് കുളിച്ച് പൊലീസുകാർ ഇരുന്നു. അതിര് കാവലിനെന്നപോലെ പറമ്പിൽ പലയിടങ്ങളിയായി പന്ത്രണ്ടാനകൾ ചെവിയാട്ടി നിന്നു! പനയ്ക്കൽ കൊമ്പന്മാരെന്ന പേരിൽ സകലനാട്ടിലും പേരെടുത്തവരാണ് ആ കൊലകൊല്ലികൾ! ഒന്നിനെയും തളച്ചിട്ടില്ല. കൂച്ചുവിലങ്ങ് ചുറ്റിയിട്ടുമില്ല. സർവസ്വതന്ത്രരാണ് തലയെടുത്ത് നിൽക്കുന്ന ആ ഗജവീരന്മാർ!
മെരുക്കിയാൽ മെരുങ്ങാത്ത; പാപ്പാന്മാരെ നിർദാക്ഷിണ്യം ചവിട്ടിയരക്കുന്ന ആനകളോടായിരുന്നു പനയ്ക്കൽ കുന്തിയമ്മക്ക് പ്രിയം. എങ്ങനേലും ഒന്നൊഴിഞ്ഞുകിട്ടിയാൽ മതിയെന്ന ചിന്തയിൽ ഒന്നുംവേണ്ടെന്ന് ഉടമകൾ പറഞ്ഞാലും അത്തരം മദയാനകൾക്ക് പൊന്നുംവില കൈയിൽ വെച്ചുകൊടുക്കും അവർ. ആളെക്കൊന്ന എണ്ണത്തിനാണ് ആനവില നിശ്ചയിക്കുന്നത്! ആനകളെ മാത്രമേ അവർക്ക് വേണ്ടൂ. പാപ്പാന്മാരെ വേണ്ട. ആനച്ചട്ടം അരച്ചുകലക്കി കുടിച്ച ഭർത്താവില്ലാത്ത 24 പെൺപാപ്പാത്തികൾ പനയ്ക്കൽ മുറ്റത്തുണ്ട്. അവളുമാരാണ് കൊമ്പന്മാരെ പരിപാലിക്കുന്നത്!
ചങ്ങല സ്പർശം തട്ടാതെ തുരുത്ത് ഒട്ടാകെ ഇക്കണ്ടകാലം വിഹരിച്ചിട്ടും കൊലയാളി വീരന്മാരിൽ ഒരുത്തൻപോലും ഇടഞ്ഞിട്ടില്ല. മക്കളില്ലാത്ത പനയ്ക്കൽ തമ്പുരാട്ടിയുടെ മക്കളാണ് കൊമ്പന്മാരെന്ന് നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. കുന്തിയമ്മ ഒരിക്കലേ പ്രസവിച്ചിട്ടുള്ളൂ. ആഗ്രഹിച്ചതുപോലെ ഉത്തമങ്ങളിൽ ഉത്തമമായ നേരത്ത് ശ്രേഷ്ഠ നക്ഷത്രം ഒപ്പിച്ചാണ് അവർ ആൺകുട്ടിയെ പെറ്റിട്ടത്.
ഗർഭം ധരിക്കും മുമ്പ് 21 വേദപണ്ഡിതരെ തമ്പുരാട്ടി തുരുത്തിൽ കൊണ്ടുവന്നു. കരയൊട്ടുക്ക് ക്ഷണിച്ച് ഏഴുദിനം നീണ്ട പുത്രകാമേഷ്ഠിയാഗം നടത്തിച്ചു. കണക്ക് തെറ്റാത്ത ജ്യോതിഷികളെകൊണ്ട് ചന്ദ്രബലമുള്ള രാത്രി കുറിപ്പിച്ചു. എന്നിട്ടായിരുന്നു ഭർത്താവിനൊപ്പമുള്ള കുന്തിയമ്മയുടെ ഉഗ്രസംയോഗം! വയറ്റിൽ ജീവന്‍റെ വിത്ത് വീണു! വൈക്കത്തപ്പന്‍റെ തിരുനടയിൽ 101 ബ്രാഹ്മണരെ നിരത്തിയിരുത്തി ഊണിനൊപ്പം പൊൻനാണയവും വിളമ്പിയ ദിവസംതന്നെ കുട്ടി പുറത്തുവരുകയും ചെയ്തു.
പക്ഷേ, ഒരിക്കലും വിടർത്താൻ കഴിയാത്ത നിലയിൽ ഒട്ടിക്കൂടിയ ശുഷ്കിച്ച കൈകാലുകളും പിരടിയിൽ നിൽക്കാനാവാത്ത ഭാരംകൊണ്ട് വീർത്ത കൂറ്റൻ തലയുമുള്ള ആൺകുഞ്ഞിനെ കണ്ട് കുന്തിയമ്മ ഞെട്ടി. പക്ഷേ, തളർന്നില്ല. രഹസ്യം രഹസ്യമായി തന്നെ കുഴിച്ച് മൂടണം! അതാണ് അവരുടെ നയം. പ്രസവം കഴിഞ്ഞ് പനയ്ക്കൽ തമ്പുരാട്ടി മാത്രം പുറത്തുവന്നു. അവർക്കൊപ്പം അറയിൽ ഉണ്ടായിരുന്ന ഭർത്താവും വയറ്റാട്ടിയും ദാസിപ്പെണ്ണും പ്രസവിക്കപ്പെട്ട കുഞ്ഞും പിന്നൊരു കാലത്തും പുറത്തുവന്നില്ല. അതിൽപ്പിന്നെയാണ് മദയാനകളെ വാങ്ങിവളർത്താൻ അവർ തുടങ്ങിയത്.
മാർച്ച് ചെയ്ത് ക്ഷീണിച്ച പൊലീസുകാർ നന്നായി വിശ്രമിച്ചു. ഇളനീരിൽ തുടങ്ങിയ അവർക്കുള്ള സൽക്കാരം 14 കൂട്ടം കറിയിട്ട സദ്യയിലും ശേഷമുള്ള മുറുക്കിലും വലിയിലുമാണ് അവസാനിച്ചത്. വിശാലമായ എട്ടുകെട്ടിന് പുറമെ ചുമരുകളില്ലാത്ത, പുഴക്കാറ്റ് യഥേഷ്ടം കയറിയിറങ്ങുന്ന മറ്റൊരു കെട്ടിടം കൂടി അവിടെ ഉണ്ടായിരുന്നു. ലാടം പരീതിനും പരേഡ് പൊലീസിന്റെ തലവനും അവിടെയായിരുന്നു ഭക്ഷണവും വിശ്രമവും! അതും പനയ്ക്കൽ കുന്തിയമ്മയുടെ സാമീപ്യത്തിൽ!
ഒഴിച്ച് കുടിക്കാൻ വെള്ളത്തിനുപകരം തണുത്ത പനങ്കള്ളായിരുന്നു അവർക്ക് വിളമ്പിയത്. മല്ലന്മാരായ പൊലീസുകാർ കുടിക്കുന്നതും കഴിക്കുന്നതും നോക്കി വശ്യമായി ചിരിച്ച് ആ സ്ത്രീയിരുന്നു.
വൈക്കത്ത് ചാർജെടുക്കുവോളം ഏനാദിയെന്ന ഓണംകേറാ തുരുത്തോ പനയ്ക്കൽ കുന്തിയമ്മയോ പരീതിന്‍റെ അറിവിലില്ലായിരുന്നു. പക്ഷേ, ജോലിക്ക് കേറിയ ദിവസംതൊട്ട് രണ്ടും കേട്ടുതുടങ്ങി. പ്രശ്നങ്ങൾ കാര്യമായി ഇല്ലാത്തതുകൊണ്ട് അന്ന് തുരുത്തിൽ ഔട്ട് പോസ്റ്റ് സ്ഥാപിതമായിട്ടില്ല. പകരം പനയ്ക്കൽ വീടിന്‍റെ ഉമ്മറത്ത് ഒരു പരാതി ബുക്ക് വെച്ചിട്ടുണ്ട്! ആഴ്ചയിൽ ഒന്ന് വള്ളംകയറി ഏഡുമാർ രണ്ടുപേർ പോയി ബുക്ക് തുറക്കും. പക്ഷേ, മറിക്കാൻ താളുകൾ കാണില്ല! വായിക്കാൻ പരാതികളും! അപൂർവമായി ചില ചില്ലറ പരാതികൾ അവർക്ക് വായിക്കാൻ സാധിക്കാറുണ്ട്. ഭാര്യയെ ഭർത്താവ് തെറിവിളിച്ചു, കൊഞ്ഞനംകുത്തി, തോണ്ടി, കാർക്കിച്ചുതുപ്പി എന്നിങ്ങനെ.
ചെല്ലുന്ന പൊലീസുകാർ കുനിച്ച് നിർത്തി നാലിടി ഭർത്താക്കന്മാർക്ക് കൊടുത്ത് ആ വക പരാതികൾ തീർക്കുകയും ചെയ്യും. പനയ്ക്കലമ്മ വക സൽക്കാരവും കനമുള്ള ദമ്പടിയും കിട്ടുന്നതുകൊണ്ട് ഏനാദിക്ക് പോകാൻ പൊലീസുകാർ മത്സരിച്ചു. സ്റ്റേഷനിൽ തമ്പുരാട്ടിക്ക് വൈക്കത്തപ്പന്‍റെ സ്ഥാനമുണ്ടായിട്ടും എന്ത് കുന്തി? എന്ത് ഏനാദി? എന്ന മട്ടിൽ ലാടംപരീത് ആ ഭാഗത്തേക്ക് വലിയ ശ്രദ്ധ കൊടുത്തില്ല. കിട്ടുന്ന പ്രതികളെ ഇടിച്ചുപിഴിഞ്ഞ് വൈക്കം മുഴുവൻ കൊട്ടംചുക്കാദി വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു അയാൾ. ലാടത്തിനെ ഒരുദിവസം സർക്കിൾ വിളിപ്പിച്ചു. ചെല്ലുമ്പോൾ വലിയ ഏമാന്‍റെ മുന്നിലിരിക്കുന്നു പനയ്ക്കൽ കുന്തിയമ്മ!
‘‘പരാതി ബുക്കിന്‍റെ പേരില് നാള് കുറച്ചായി കരിങ്കുട്ടിയെന്ന് പേരൊള്ള ഒരേനാദിക്കാരൻ പുണ്ടമോന് കഴപ്പ് തൊടങ്ങിയിട്ട്,’’ സർക്കിൾ പരീതിനോട് പറഞ്ഞു. ‘‘തലയോലപ്പറമ്പിൽ കൊറച്ച് ചോന്ന കൊടിക്കാരുണ്ട്. അന്മാര് മൂപ്പിച്ച് കേറ്റിയ വകേല് അവൻ അവന്‍റെ പെണ്ണിനേം കൂട്ടി തിരോന്തരം പോയി. മൂന്ന് മാസം സമരം കെടന്നു. ഔട്ട് പോസ്റ്റിനുള്ള ഓർഡറും വാങ്ങി രണ്ടും കൂടെ ഇങ്ങോട്ട് പോന്നിട്ടുണ്ട്. അതറിഞ്ഞ നിമിഷം ഔട്ട് പോസ്റ്റിനുള്ള കെട്ടിടോം സ്ഥലവും തമ്പുരാട്ടി സർക്കാരിലേക്ക് എഴുതിയിട്ടുണ്ട്. സ്റ്റേഷൻ കരിങ്കുട്ടി സ്ഥാപിച്ചോട്ട്. പക്ഷേ ചാർജ് കുന്തിയമ്മ സ്ഥാപിക്കും. മെയിൻ ഏഡായി തന്നെ അവിടെ വേണോന്ന് തമ്പുരാട്ടി ഒരാഗ്രഹം പറഞ്ഞു. എന്നാ പിന്നെ അത് നടക്കട്ടേന്ന് ഞാനും കരുതി. വർക്കീനേം പിന്നെ വേറെ ആരെയാന്ന് വെച്ചാ അവരേം കൂട്ടി ഇപ്പ തന്നെ ഏനാദിക്ക് വിട്ടോ. ആ പെലപ്പൂ… മോൻ തുരുത്തിൽ എത്തും മുമ്പ് സ്റ്റേഷൻ അവിടെ തുടങ്ങണം.’’
കെട്ടും കിടക്കയുമെടുത്ത് അപ്പോൾതന്നെ ഇറങ്ങിയതാണ് അവർക്കൊപ്പം.
‘‘ഒത്തിരി കേട്ടിരിക്കണു മദംതെറ്റി നടക്കുന്ന പരീത് ഏമാനെ. കൊമ്പനാർന്നേല് പണ്ടേ വിലയിട്ട് പനയ്ക്കലെത്തിച്ചേനെ ഞാൻ.’’
തമ്പുരാട്ടി ആദ്യം പറഞ്ഞത് അതാണ്. പിന്നെ വാ തുറന്നത് ജങ്കാറ് പുഴമധ്യത്തിൽ എത്തിയപ്പോൾ ഒരാഗ്രഹം പറയാനാണ്.
‘‘കരിങ്കുട്ടിയും പെണ്ണും അക്കരെ കടവിലെത്തുമ്പോൾ പാതിര കഴിയും. കടത്ത് കടക്കാതിരുന്നാൽ സന്തോഷം ഒരുമിച്ച് പങ്കിടാം.’’
ഏനാദി ഔട്ട് പോസ്റ്റിലെ ആദ്യകേസായി രണ്ടാളുടെ മുങ്ങിമരണം രജിസ്റ്റർ ചെയ്ത് ആഗ്രഹം സാധിച്ചു കൊടുത്തു. ഒരുമിച്ച് സന്തോഷവും പങ്കിട്ടു.
ഭക്ഷണം കഴിഞ്ഞ് കൈകഴുകുമ്പോൾ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്‍റെ ചുവട്ടിൽ ഒരുത്തിയെ ലാടം പരീത് ശ്രദ്ധിച്ചു. ഇരുനിറം. ആനയുടെ പോലും നിയന്ത്രണം കളയുന്ന വടിവ്. കൊമ്പനെ തീറ്റുകയാണ് അവൾ. ഇത്രകാലം ഈ തുരുത്തിൽ ചെരച്ചിട്ടും ഇവളെങ്ങനെ കണ്ണിൽപ്പെടാതെ പോയി. കരിങ്കുട്ടിയേയും പെണ്ണിനേയും പുഴയിൽ മുക്കിയ രാത്രി ഇവിടെയായിരുന്നു തന്‍റെ കിടപ്പ്. പിന്നെ എത്രയോ തവണ വന്നുപോയിരിക്കുന്നു. അപ്പോഴൊന്നും ഇങ്ങനൊരു മുതലിനെ കണ്ടില്ലല്ലോ?
‘‘പാപ്പാത്തികളുടെ തലയാ അവള്. ലളിത.’’ പരീതിന്‍റെ മനസ്സ് വായിച്ചപോലെ കുന്തിയമ്മ പറഞ്ഞു. ‘‘ഏമാന്‍റെ ഇഷ്ടത്തിനൊക്കും. ഭർത്താവ് മരിച്ചതാ. പക്ഷേ സമ്മതിക്കാൻ പാടാ. ശ്രമിച്ച് നോക്ക്.’’
അവൾ പോകുവോളം അയാൾ നോക്കി നിന്നു. പരേഡിന്‍റെ തലവൻ പൊലീസുകാരൻ ചോദിച്ചു.
‘‘എല്ലാം കൊലകൊല്ലി ആനകളല്ലേ. പിന്നെന്താ തമ്പുരാട്ടി പാപ്പാമാരെ വെക്കാത്തത്. ഇവിടെ മുഴുവൻ പെണ്ണുങ്ങളാണല്ലോ?’’
കുറേനേരം നിലവിട്ട് കുന്തിയമ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
‘‘നാലുമഞ്ചും പാപ്പാന്മാരെ കൊമ്പിൽ കോർത്ത കില്ലാടികളാ ദേഹത്ത് ചങ്ങല തൊടാണ്ട് ഈ പറമ്പിൽ നടക്കുന്നത്. പെണ്ണ് മെരുക്കാനിറങ്ങിയാൽ ഏതു കൊലകൊല്ലിയാടോ മെരുങ്ങാത്തെ.’’
വിശ്രമം കഴിഞ്ഞു. പൊലീസുകാർ റൂട്ട് മാർച്ചിന് തയാറെടുത്തു. തമ്പുരാട്ടി പരീതിന്‍റെ അടുത്തുചെന്നു.
‘‘പൊലീസിന്റെ ചെലവ് ഞാനേൽക്കും. എത്ര നീട്ടാവോ അത്രയും 144 നീട്ടണം. ഏനാദി പട്ടിണി അറിയണം. വലഞ്ഞ് തുലയണം ഇവിടുള്ളവർ. ആലപ്പുഴ തുലുക്കരും നസ്രാണികളും കൊണ്ടുപോകുന്ന കയറ്, കൊപ്ര, നീറ്റ് കക്ക എല്ലാം എന്റെ മുറ്റത്ത് വരണം. വരത്തന്മാരുടെ ഒറ്റവള്ളം ഇനി ഈ കര തൊടരുത്.’’
പനയ്ക്കൽ കുന്തിയമ്മ ലാടത്തെ പറഞ്ഞേൽപിച്ചു. പരേഡ് വീണ്ടും മുന്നോട്ടുപോയി. വൈകുന്നേരത്തോടെ സൈനുവിന്‍റെ വീടിന് മൂന്നുചുറ്റ് നടത്തിച്ചുകൊണ്ട് ലാടംപരീത് മാർച്ച് അവസാനിപ്പിച്ചു. അവളുടെ വീടിന് നേരെ മുന്നിൽ ടെന്‍റ് കെട്ടി താൽക്കാലിക ക്യാമ്പും അയാൾ സ്ഥാപിച്ചു.
8
കൂവക്കാടിനും പുല്ലാന്തിയാറിനും മീതെ പൂർണചന്ദ്രൻ വലയെറിഞ്ഞു. തിളങ്ങുന്ന സ്വർണമത്സ്യം പോലെ പുഴ അതിൽ കുടുങ്ങി.ഇലകളിൽ മഞ്ഞവെട്ടം തുടിച്ചു. ഭയം നിറഞ്ഞ കുറുനരികളുടെ ഒരു ചെറുസംഘം താഴെത്തട്ടിൽ മണ്ണുമാന്തി പുതിയ കിടപ്പാടം ഉണ്ടാക്കുന്നു. അവരുടെ ശ്രദ്ധയിൽപ്പെടാതെ ഒരു കൂട്ടം കുളക്കോഴികൾ പൊന്തപ്പടർപ്പിലേക്ക് അമരുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങളുമായി കണ്ടൽ വേരുകൾക്കടിയിൽ നിശ്ചലപ്പെട്ട തള്ള വരാലിന്‍റെ കണ്ണുവെട്ടുന്നതും കാത്ത് ഒരു പൊന്തൻ തവള പമ്മിയിരിക്കുന്നു. ഒഴുക്കിൽനിന്ന് കരയിലേക്ക് കയറുന്ന മലയൻ അണലി തവളയുടെ ഗന്ധത്തിലേക്ക് ഇഴയുന്നു. അണലിയെ ലാക്കാക്കി നാവുനീട്ടി ഒരുടുമ്പ് അതിനു പിന്നാലെ സാവധാനം ചലിക്കുന്നു.
എവിടൊക്കെയോ ഇരുന്ന് നിലവിളിക്കുന്ന ചീവീടുകളുടെ ഉറവിടം കണ്ടെത്താൻ മണ്ടകരിഞ്ഞ തെങ്ങിൻ പൊത്തിൽനിന്ന് മരംകൊത്തി ശിരസ്സ് പുറത്തേക്ക് നീട്ടുന്നു. എല്ലാത്തിനും നടുവിൽ ചിന്തകളുമായി ദാസനിരുന്നു. ഇന്നലത്തെ പോലയല്ല ഇന്നത്തെ കാര്യങ്ങൾ. നാലുപുറവും വലിയ ഫിലമെന്‍റ് ബൾബുകൾ തെളിച്ച് പ്രകാശത്തിൽ കുളിപ്പിച്ച് നിർത്തിയിരിക്കുകയാണ് ഔട്ട് പോസ്റ്റും പരിസരവും. കാവൽ പൊലീസ് വേറെയും. രാത്രി തന്നെ ബാനർ സ്ഥാപിച്ച് ഏനാദി വിടണമെന്ന് കരുതിയിരുന്നു. ഈ കോലാഹലങ്ങൾ അവസാനിക്കാതെ ഇനി ഒന്നും നടക്കില്ല. ദാസൻ വിചാരിച്ചു. അതുവരെ വിശപ്പകറ്റാൻ പള്ളി തന്നെ ശരണം.
അവൻ ചെല്ലുമ്പോഴേക്കും ഉസ്താദുമാർ ഭക്ഷണം കഴിപ്പ് തുടങ്ങിയിരുന്നു. ചിറിയിൽ പറ്റിയ മോഷണപ്പങ്കിന്‍റെ തരികൾ നക്കിവടിച്ച് കരിമ്പൂച്ച വാതിൽക്കൽ തന്നെയുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും കഠിനമായ രഹസ്യം പേറുന്ന രണ്ട് സൃഷ്ടികളെപ്പോലെ ഇടക്കിടെ വല്യുസ്താദും പൂച്ചയും പരസ്പരം നോക്കുന്നുണ്ട്. ദാസന്‍റെ സാമീപ്യമറിഞ്ഞതും ആജന്മശത്രുവിനെ കണ്ടതുപോലെ കണ്ടൻ മുരണ്ടു. ‘വിശപ്പ് തോൽവിയില്ലാത്ത സമരങ്ങൾ സൃഷ്ടിക്കും’ സഖാവ് പറയാറുള്ളത് ദാസൻ ഓർത്തു.
പൂച്ചയെ വിട്ട് അവന്‍റെ ശ്രദ്ധ ഉസ്താദുമാരുടെ സംസാരത്തിലേക്ക് പോയി. തന്നെക്കുറിച്ചാണ് അവർ പറയുന്നത്.
‘‘ഔട്ട് പോസ്റ്റിന് ബോംബ് എറിയുകാന്ന് വെച്ചാൽ, കൊടൂര നെക്കലേസാണ് ഹിമാറ്.’’ വല്യുസ്താദ് പറഞ്ഞു. ‘‘ആള് വല്യ പിടികിട്ടാപ്പുള്ളിയാന്നാ പരീത് ഏമാന്‍റെ അഭിപ്രായം. പുടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലുമത്രെ.’’
സഖാവിനെപ്പോലെ താനുമൊരു വിപ്ലവകാരിയായിരിക്കുന്നു. ദാസന്‍റെ രോമങ്ങൾ എഴുന്നുവന്നു. ഞരമ്പുകൾ പൊട്ടിത്തെറിക്കുന്ന മട്ടിൽ ചോര തിളച്ചൊഴുകി. പക്ഷേ, ബാനറ് കെട്ടുന്നതുവരെ സൂക്ഷിക്കണം. എന്നിട്ട് മതി രക്തസാക്ഷിത്വം. അവൻ ഉറപ്പിച്ചു.
നക്കിവടിച്ചത് കൂടാതെ കഞ്ഞിവെള്ളമൂറ്റി പാത്രം കഴുകി അതുകൂടി വലിച്ചുകുടിച്ച് കൈകളുയർത്തി അറബിയിൽ പ്രാർഥിച്ച ശേഷം വല്യുസ്താദ് എഴുന്നേറ്റ് പോയി. പൂച്ചക്ക് കാര്യമായ വിഹിതം തന്‍റെ പങ്കിൽനിന്ന് വെച്ചിട്ടാണ് കൊച്ചുസ്താദ് മുറിവിട്ടത്. ആർത്തിയോടെ തലയിട്ട് വന്നതായിരുന്നു. അപ്പോഴേക്കും പൂച്ചയുടെ മുന്നിൽനിന്ന് പാത്രം ദാസൻ തട്ടിയെടുത്തു.
‘വിശന്നിട്ടും വിപ്ലവം സൃഷ്ടിക്കാത്തവൻ ഒരു ജനതയെ തന്നെ ഇല്ലായ്മ ചെയ്യുന്നു.’ സഖാവിന്‍റെ വചനങ്ങൾ അതേപടി സ്ഫുടതയോടെ അവൻ കരിമ്പൂച്ചയോട് പറഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊന്ന് കേൾക്കുന്നത്. പൂച്ച രണ്ടടി പിന്നോട്ട് വലിഞ്ഞു. ‘‘മൊല്ലാക്ക കട്ടേന്‍റെ പങ്ക് വിഴുങ്ങിയില്ലേ ഒന്നടങ്ങ്. ഇത് ഇനി ഞാൻ വിഴുങ്ങട്ട്.’’
മീൻമുള്ളടക്കം ഒന്നര പിടിക്കുള്ളതേ പാത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. തീറ്റ കഴിഞ്ഞ് വല്യുസ്താദ് ചെയ്തതുപോലെ ചട്ടി കഴുകി കുടിച്ച ദാസൻ
കൈകൾ വിടർത്തി പ്രാർഥനപോലെ പറഞ്ഞു.
‘ഇൻക്വിലാബ് സിന്ദാബാദ്. സാമ്രാജ്യത്വം തുലയട്ടെ. ആമീൻ’...
കരിമ്പൂച്ച കൂവക്കാട്ടിലേക്ക് പൂർണമായി വലിഞ്ഞു. അയലിൽ കിടന്ന വല്യുസ്താദിന്‍റെ നീളൻ കുപ്പായം, നാലഞ്ച് തുന്നലുകളുള്ള നീലവരയൻ അണ്ടർവെയർ, പാറ്റ കരണ്ട തലേക്കെട്ട് തുണി, പല്ല് തേക്കുന്ന ചതച്ച മരക്കമ്പ്, ഒരു പെൻസിൽ എന്നിത്യാദി കുറച്ച് വസ്തുവകകൾകൂടി എടുത്ത് ദാസൻ കൂവക്കാട്ടിലേക്ക് മടങ്ങി.
9
ആ രാത്രിയും മഴ നിർത്താതെ പെയ്തു. സൈനു ഉറങ്ങിയിരുന്നില്ല. ആവലാതിയെടുത്ത് വീടിനുള്ളിൽ തപ്പിത്തടഞ്ഞ് നടക്കുന്ന ചേക്കുവിനെ ആശ്വസിപ്പിച്ച് അവളിരുന്നു. വാതിലും ജനാലകളും അടച്ചോ എന്ന് അയാൾ ആവർത്തിച്ച് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. കനമുള്ള പലതും നിരക്കി അയാൾ വാതിലിന് തടവെച്ചു. തങ്ങളുടെ കൺമുന്നിൽ തന്നെ ടെന്റ് കെട്ടിയതിനു പിന്നിൽ പരീതിന് എന്തോ ഉദ്ദേശ്യമുണ്ട്. അതായിരുന്നു അയാളുടെ ഭയം.
‘‘പേടിക്കണ്ട.’’ സൈനു പറഞ്ഞു. ‘‘ബാപ്പ കിടന്നുറങ്ങാൻ നോക്ക്. അവന്മാർ ഒരു ചുക്കും ചെയ്യില്ല.’’
‘‘ചെയ്യും മോളെ. ഇത്തവണ ചെയ്യും. ഇതവൻ മനഃപൂർവമുണ്ടാക്കുന്ന ഏനക്കേടാ. പഴയതുപോലെ അവൻ ഒറ്റക്കല്ല. തുരുത്ത് നിറയെ കാക്കിപ്പടയുണ്ട്. എനിക്കെന്ത് പറ്റിയാലും കുഴപ്പമില്ല. നിന്റെ കാര്യം ഓർത്തിട്ട് സഹിക്കാൻ പറ്റണില്ല. ആലപ്പുഴക്കാരന്റെ കാര്യത്തിൽ നീ കാണിച്ചത് വലിയ മണ്ടത്തരമായിപ്പോയി. ഇല്ലെങ്കി ഇങ്ങനൊന്നും ഉണ്ടാകത്തില്ലാർന്ന്.’’
പലവട്ടം ബാപ്പക്ക് താക്കീത് കൊടുത്തിട്ടുണ്ട് അക്കാര്യം പറയരുതെന്ന്. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. സ്വത്തും പണവുമുള്ള പേരെടുത്ത കുടുംബം! ഇതുപോലൊരു തുരുത്തിൽ, അതും നിന്നുതിരിയാൻ ഇടമില്ലാത്ത ഈ വീട്ടിൽ ചെക്കൻ ദത്ത് നിൽക്കുമെന്ന ഉറപ്പ്! ബുദ്ധിയുള്ള ആർക്കും വശപ്പിശക് തോന്നും. പക്ഷേ, ബാപ്പ വല്യുസ്താദിന്‍റെ വാക്കിൽ വീണുപോയി. ആലപ്പുഴക്കാരൻ നല്ലവനായിരുന്നു. കല്യാണരാത്രി അവൾ ഓർത്തു.
‘‘സൈനു കരുതുംപോലെ സിലോണിൽനിന്ന് നിക്കാഹിന് മാത്രമായി വന്നതല്ല ഞാൻ. ഒന്നരക്കൊല്ലായിട്ട് ഭ്രാന്താശുപത്രിയിൽ ആയിരുന്നു. നാല് ദിവസം മുമ്പ് വീട്ടിൽ കൊണ്ടുവന്ന് പൂട്ടി. ഇന്നുതൊട്ട് ഈ തുരുത്തിലും,’’ അയാൾ പറഞ്ഞു. ‘‘ഊളമ്പാറയിൽ എന്നെ അടക്കുമ്പോൾ സീതയ്ക്ക് മൂന്നുമാസം കഴിഞ്ഞിരുന്നു. എന്‍റെ കുടുംബക്കാർക്കിടയിൽ അത് ആദ്യത്തെ സംഭവമൊന്നുമല്ല. പക്ഷേ, പണിക്കാരി പെണ്ണിന്‍റെ കൂടെ ജീവിക്കുമെന്ന് ഒരാൾ പറയുന്നത് ആദ്യമായിരുന്നു. സീതയും മോളും തനിച്ചാണ്. കഷ്ടത്തിലാണ്.’’
താൻ വാതിൽ തുറന്നിട്ടു. അയാൾ പക്ഷേ, പോകാൻ മടിച്ചു. നിർബന്ധിച്ചു. വള്ളത്തിൽ കയറ്റി. അക്കരെ കൊണ്ടുവിട്ടു. ആ രാത്രി തൊട്ടാണ് തന്‍റെ മേൽ കരിജിന്ന് കുടിയിരുന്നത്. നാട്ടുകാർക്കുമുന്നിൽ താൻ അപസ്മാരം അഭിനയിച്ച് തുടങ്ങിയത്. സൈനു ഓർത്തു.
അടുക്കള വാതിൽ തുറന്ന് അവൾ പുറത്തിറങ്ങി. കടവിൽ ചെന്നിരുന്നു. വിജനമായ പുഴയിൽ ഇപ്പോഴുമുണ്ട് ഒറ്റയ്ക്കൊരു തോണി. കല്യാണവസ്ത്രങ്ങൾ ധരിച്ച പതിനാറുകാരിപ്പെണ്ണ് തുഴയുന്ന ആ പഴയ തോണി. കരയിൽ അടുക്കണോ വേണ്ടയോ എന്ന് സംശയിച്ച തോണി. സൈനു ശബ്ദമില്ലാതെ കരഞ്ഞു. ആർത്തുപെയ്യുന്ന മഴ അവളെ മൂടി.
വാതിൽ വിടർന്നതും മകൾ പുറത്തേക്ക് പോകുന്നതും ചേക്കു അറിഞ്ഞിരുന്നു. വഴക്ക് പറഞ്ഞില്ല. മടക്കി വിളിച്ചില്ല. മഴ ഓർമയിലിട്ട് കൊടുത്തില്ല. ഇരുട്ടിന്‍റെ കെണിയിൽ കുടുങ്ങിയ മട്ടിൽ മച്ച് നോക്കി വെറുതെ കിടന്നു.
മഴ ശമിക്കുവോളം സൈനു കടവിലിരുന്നു. തണുത്ത കാറ്റ് അവളെ തൊട്ടു. എഴുന്നേറ്റു. പൊലീസ് ടെന്റിനുള്ളിൽ വെളിച്ചമുണ്ട്. മൂടിപ്പുതച്ച് സുഖമായി ഉറങ്ങുകയാണ് എല്ലാവരും. അവൾ വീട്ടിലേക്ക് നടന്നു. ആകാശം മണ്ണിലേക്ക് അസംഖ്യം മിന്നലുകൾ തൊടുത്ത വെളിച്ചത്തിൽ സൈനു ഒരു കാഴ്ച കണ്ടു. ലാടംപരീതിന്‍റെ ശൈത്വാൻ ചുറ്റ് ! ഉടുതുണിയില്ലാതെ ടെന്‍റിൽ നിന്നിറങ്ങി തെക്കുപുറത്തേക്ക് നടക്കുകയാണ് അയാൾ. വല്യുസ്താദ് മന്ത്രിച്ചൂതിയ വെള്ളിയുറുക്ക് മിന്നലിൽ തിളങ്ങുന്നുണ്ട്.
പനയ്ക്കലെ പാപ്പാത്തി ലളിതയുടെ വീട്ടിലേക്കാണ് പരീത് പോകുന്നത്.
ഭർത്താവ് ശിവൻകുട്ടിയുടെ മരണശേഷം തനിച്ചാണ് അവൾ. പുറത്ത് ഏതോ കൂപ്പിൽ ആനപ്പണി തന്നെയായിരുന്നു ശിവൻകുട്ടിക്കും. അവിടെ വെച്ച് ലളിതയെ കണ്ടു. ഇഷ്ടപ്പെട്ടു. കൂടെ കൂട്ടി. നന്നായിത്തന്നെ അവൻ അവളെ നോക്കി. ഭർത്താവിനാൽ അത്രകണ്ട് സന്തോഷവതിയായ മറ്റൊരു സ്ത്രീയെ തുരുത്തിൽ സൈനു കണ്ടിട്ടില്ല. കൂപ്പിൽ പണികഴിഞ്ഞ് കടവിൽ വന്നിറങ്ങുമ്പോൾ കാലിൽ എന്തോകൊണ്ടു. വിഷം തീണ്ടിയതാന്ന് ശിവൻകുട്ടിക്ക് കിട്ടിയില്ല. പുലരാറായ നേരത്താണ് സൈനുവിന്‍റെ തോണിയിലേക്ക് ആളെ എടുത്തത്. പുഴ മധ്യമെത്തിയില്ല. അതിനുമുമ്പ് തീർന്നു.
ലാടംപരീത് ലളിതയുടെ മുറ്റത്തേക്ക് കയറുന്നത് അവൾ കണ്ടു. വാതിലിൽ തട്ടി. തുറക്കുന്നില്ല. തുരുതുരാ പിന്നെയും തട്ടി. തുറന്നില്ല. ചരിഞ്ഞ് തോളിന് രണ്ടമർത്ത്. ദുർബലമായ വാതിൽ ഇളകി വീണു. മദംപൊട്ടിയ കൊമ്പന്‍റെ കണക്ക് കാറ്റിനുപോലും കടക്കാൻ ഇടമില്ലാത്ത വിധം വാതിൽ നിറഞ്ഞ് അയാൾ നിന്നു. തൊണ്ടക്കുഴി വിട്ടിറങ്ങാൻ കൊതിച്ച ലളിതയുടെ നിലവിളി പൊത്തിപ്പിടിച്ച് പരീത് അകത്തുകയറി. കിടന്നെങ്കിലും ആ രാത്രി സൈനു ഉറങ്ങിയില്ല.

10
‘വിപ്ലവം തോൽക്കട്ടെ’.
പള്ളിമുറ്റത്ത് കസേരയിട്ട് ഇരിക്കുന്ന ലാടംപരീതിന് മുന്നിൽ തൊണ്ടപൊട്ടുന്ന ഒച്ചയിൽ ഓരോരുത്തരായി വിളിച്ചു. കാക്കിനിറമുള്ള വേലിക്കെട്ടിനുള്ളിൽ ആളുകൾ തിങ്ങിനിന്നു. കണ്ണടച്ചിരുന്ന് ഓരോ സ്വരങ്ങളും മനസ്സിൽ ആവാഹിക്കുകയാണ് പരീത്. ശബ്ദപ്പരീക്ഷ പാസാകുന്ന മുറയ്ക്ക് വരിനിൽക്കുന്ന വിശ്വാസികളെ അയാൾ പള്ളയിലേക്ക് കയറ്റിവിട്ടു. ഒന്നുരണ്ട് പേർ ഒച്ച മാറ്റി വികൃത സ്വരത്തിൽ മുദ്രാവാക്യം ഉയർത്താൻ ശ്രമം നടത്തി ലാടത്തിന്‍റെ ഇടികൊള്ളുകയുണ്ടായി. അതുകണ്ട ചിലർ വരിയിൽ നിന്നടർന്ന് സൂത്രത്തിൽ വീട് പിടിച്ചു.
ദാസൻ ഉസ്താദുമാരുടെ മുറിയിൽ ഒളിച്ച് കയറിയിരുന്നു. ഉച്ചഭക്ഷണം കൊണ്ടുവെച്ചിട്ടുണ്ട്. നേരത്തേ കഴിച്ചേക്കാം. കരിമ്പൂച്ചയോട് വെറുതെയെന്തിന് മല്ലിടണം. പൂച്ച പക്ഷേ, കാട്ടിൽനിന്ന് പുറത്തേക്ക് വരാൻ മടിച്ചു. വിപ്ലവകാരികളെ ഭയപ്പെടണമെന്ന് അതിന് നന്നായി അറിയാമായിരുന്നു.
രാവിലെയും വല്യുസ്താദിന്‍റെ ആഹാരം പകുതി ദാസൻ കഴിച്ചിരുന്നു. തന്‍റെ ഭക്ഷണം കാണാതാവുന്നത് സംബന്ധിച്ച് കൊച്ചുസ്താദുമായി വല്യുസ്താദ് തർക്കത്തിൽ ഏർപ്പെടുകയുണ്ടായി.
‘‘ഒന്നുകിൽ ചെലവ് തരുന്ന വീട്ടുകാർ എന്‍റെ റേഷൻ വെട്ടിക്കുറച്ചു. അല്ലെങ്കിൽ താൻ മനഃപൂർവം എന്തോ ചെയ്യുന്നുണ്ട്. അതുമല്ലെങ്കിൽ മറ്റാരോ ഇവിടെ വരുന്നുണ്ട്.’’
‘‘പ്രായോക്കെ കൂടിവരുകയല്ലേ റേഷൻ വെട്ടിക്കുറച്ചതാരിക്കും.’’ കൊച്ചുസ്താദ് തിരിച്ചടിച്ചു. ‘‘എനിക്ക് കിട്ടുന്നത് തന്നെ ഞാനും പൂച്ചയും കൂടാ കഴിച്ച് തീർക്കുന്നെ. പിന്നെന്തിനാ ഉസ്താദിന്‍റെ പാത്രത്തിൽ ഞാൻ കൈയിട്ടു വാരുന്നത്. മോഷണം ഹറാമാന്ന് ഇങ്ങള് തന്നെയല്ലെ നാഴികക്ക് നാൽപത് വട്ടം പിള്ളാർക്ക് പറഞ്ഞ് കൊടുക്കുന്നത്.’’
‘‘അപ്പ എന്‍റെ കമ്മീസും തലേക്കെട്ടുമോ?’’
വലിയ മൊല്ലാക്ക ചോദിച്ചു.
‘‘വല്ല ജിന്നും കൊണ്ടോയിക്കാണും. അവറ്റോളുമായിട്ടല്ലെ ഇങ്ങടെ ചങ്ങാത്തം.’’
കുത്തിപ്പറഞ്ഞിട്ട് കൊച്ചുസ്താദ് അയാളുടെ പാട്ടിന് പോയി. തന്റെ പരാതി വല്യയുസ്താദ് ചെന്ന് പള്ളിമുറ്റത്തിരിക്കുന്ന ലാടം പരീതിനോടും പറഞ്ഞു.
‘‘സ്റ്റേഷന് ബോംബെറിഞ്ഞ നക്സലാണോ പൊരിച്ചമീൻ കട്ടുതിന്ന കൂറയാണോ സ്റ്റേറ്റിന് ഭീഷണി.’’
ലാടം ചോദിച്ചു. ഉസ്താദിന് മിണ്ടാട്ടം മുട്ടി.
‘‘പുഴുങ്ങിയ മൊട്ടേല് സൂചി തറച്ച് ഒതുക്ക് ആ പന്നനെ.’’പരീത് പറഞ്ഞു.
‘‘അല്ലെങ്കിൽ പിഞ്ഞാണത്തിൽ മഷിയിട്ട് അവനേതാന്ന് കണ്ടുപിടിച്ച് താ. നാറീടെ നട്ടെല്ല് ഒടിച്ച് കിടത്താം ഞാൻ.’’
പലക വിടവിലൂടെ പള്ളിമുറ്റത്തെ കോലാഹലങ്ങൾ കണ്ടുകൊണ്ട് ദാസൻ ഉച്ചഭക്ഷണം കഴിച്ചു. അവൻ മാത്രമല്ല, പുല്ലാന്തിയാറ്റിൽ പൊന്തകളുടെ മറവിൽ പാത്തുകിടന്ന കൊതുമ്പ് വള്ളത്തിലിരുന്ന് സൈനുവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു. തലേ രാത്രിയിലെ മഴ നനയൽ അവളെ വീഴ്ത്തിയിരുന്നു. പനിച്ചു. ദേഹം വിറകൊണ്ടു. സന്ധികൾ വേദനിച്ച് പൊട്ടി. തല തെറിച്ചു പോകുമെന്ന് തോന്നി. എന്നിട്ടും അവൾ വള്ളംതുഴഞ്ഞ് പള്ളിക്ക് പിന്നിലെത്തി. ബാപ്പയോട് എന്തെങ്കിലും ചൊറ പരീത് കാണിക്കും. അവൾക്ക് ഉറപ്പായിരുന്നു.
ചേക്കുവിന്‍റെ ഊഴമെത്തി. സൈനു സാകൂതം നോക്കി. അയാളുടെ ഉള്ള് പടപടാന്ന് ഇടിക്കുന്നത് ലാടത്തിന് കേൾക്കാം. അയാൾ നിറഞ്ഞ് ചിരിച്ചു. മുദ്രാവാക്യം മുഴക്കാൻ മുന്നോട്ടുവന്ന ചേക്കുവിനെ അയാൾ തടഞ്ഞു.
‘‘വിളിക്കണ്ട.’’ ലാടം പറഞ്ഞു. ‘‘തനിക്കുള്ള സമയം ആയിട്ടില്ല. തുരുത്തിലെ സകല നായക്കാട്ടങ്ങളും വിളിച്ചശേഷം മതി തന്‍റെ ഒടുക്കത്തെ വിളി. വിപ്ലവം തൊലിക്കാൻ ഇറങ്ങിയവൻ ഈ കരക്കാരനാന്നേൽ ഈ ഒച്ചപ്പരീക്ഷയിൽ പെടും. ഇല്ലെങ്കിൽ ഞാൻ പെടുത്തും ചേക്കുമാമാ.’’
കസേരയിൽനിന്ന് എഴുന്നേറ്റ പരീത് അയാളുടെ ചെവിയിൽ ഒരു സ്വകാര്യംകൂടി പറഞ്ഞു.
‘‘തോട്ടക്കേസിൽ ഏക സാക്ഷി ഞാനാണ്. ഞാൻ പറയുന്നവനാണ് പ്രതി. അത് ആരാവണമെന്ന് തന്‍റെ മകള് വേണം തീരുമാനിക്കാൻ. ചെല്ല്. ചെന്നാലോചിക്ക് പുന്നാര മോളോട്: ഈ പ്രായത്തിൽ ബാപ്പാനെ നക്സലാക്കണോ വേണ്ടയോ എന്ന്.’’
പള്ളിയിൽ കയറാതെ ചേക്കു മടങ്ങുന്നത് സൈനു കണ്ടു. അവൾക്ക് തലചുറ്റി.
11
കൂവക്കാട്ടിലേക്ക് മടങ്ങിയ ദാസൻ പൊന്തയുടെ മറവിൽ ഒളിച്ചുകിടന്ന കൊതുമ്പുവള്ളം കണ്ടു. അതിനുള്ളിൽ ബോധമില്ലാതെ കിടക്കുന്ന; തട്ടവും മുഴുക്കൈ കുപ്പായവുമിട്ട സൈനുവിനെയും കണ്ടു. തങ്കംപോലെ തിളങ്ങുന്ന പെണ്ണ്! ഇങ്ങനെയൊരു സ്ത്രീയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. തൊടാൻ മടിച്ചു. രണ്ടടി മാറിനിന്ന് എമ്പ്രാളേ എമ്പ്രാളേന്ന് വിളിച്ചു. കേൾക്കുന്നില്ല. ചേമ്പിലയിൽ കോരി വെള്ളം മുഖത്ത് കുടഞ്ഞു. കണ്ണുകൾ അനങ്ങി. മുഖത്ത് ചലനങ്ങളുണ്ടായി. പക്ഷേ, എഴുന്നേൽക്കുന്നില്ല. അറച്ചറച്ച് ദാസൻ അവളെ തൊട്ടു. കൈപൊള്ളുന്ന ചൂട്.
മൂക്കിലൂടെ ഇഴഞ്ഞ് തലച്ചോറിൽ ഒഴുകിപ്പരന്ന പച്ചിലഗന്ധം സൈനുവിനെ ഉണർത്തി. അവൾ അമ്പരന്നുപോയി. മൊയ്ല്യാക്കന്മാരുടെ തലേക്കെട്ടും നീളൻ കുപ്പായവും ധരിച്ച് കരിജിന്ന് കണക്കൊരുത്തൻ മുന്നിൽ കുത്തിയിരിക്കുന്നു. കഴുകി വെടിപ്പാക്കിയ എന്തോ വേരിന്‍റെ കഷണം ചവച്ച് നീരിറക്കാൻ അവൻ കൊടുത്തു. മധുരവും ചവർപ്പും രുചിക്കുന്ന നീര് ചെറിയ ഉന്മേഷം അവൾക്ക് നൽകി. സൈനു എഴുന്നേറ്റിരുന്നു. അത്ഭുതത്തോടെ നോക്കി. ഇങ്ങനൊരു പടപ്പിനെ ഇതിനുമുമ്പ് തുരുത്തിൽ കണ്ടിട്ടില്ല. താടിയും വേഷവും വെച്ച് സൈനു കണക്കുകൂട്ടി. ഏതോ കറുത്ത ഉസ്താദാണ്. അല്ലെങ്കിൽ താൻ കളിപറയാറുള്ള കരിജിന്ന്. രണ്ടായാലും പ്രശ്നമില്ലെന്ന മട്ടിൽ അവൾ സലാം പറഞ്ഞു. മദ്റസയിൽ കേട്ട പരിചയം വെച്ച് ദാസൻ സലാം മടക്കി.
‘‘വലൈക്കുസ്സലാം.’’
എന്തൊക്കെയോ ഇലകളും വേരുകളുമടങ്ങുന്ന ഒരുകെട്ട് അവൻ വള്ളത്തിലേക്കിട്ടു കൊടുത്തു.
‘‘പേടിക്കാൻ മാത്രം ഒന്നൂല്ല. മഴജ്വരം പിടിച്ചതാ. ഈ ചപ്പിന് കഷായം വാറ്റി അന്തിക്കും മോന്തിക്കും കുടി.’’
‘‘നിങ്ങളാരാ? ഔലിയ ആന്നോ, അതോ ജിന്നാന്നോ?’’
സൈനുവിന്റെ ചോദ്യം അവന് തിരിഞ്ഞില്ല.

‘‘ഞാൻ. ആരൂല്ലാത്ത ദാസൻ.’’
‘‘ദാസനോ?’’
അവൾ സംശയിച്ചു.
‘‘ആന്ന്...’’ അവൻ പറഞ്ഞു. ‘‘നിങ്ങടെ കൂട്ടർക്ക് അബ്ദുല്ലാ. എമ്പ്രാള് അങ്ങനെ വിളി.’’
‘‘ഞാൻ എമ്പ്രാളും കുമ്പ്രാളും ഒന്നുമല്ല.’’ അവൾക്ക് ദേഷ്യം വന്നു. ‘‘സൈനബ. സൈനൂന്ന് വിളിക്കും. അല്ല അപ്പ നിങ്ങള് മുസ്ലിമല്ലേ.’’
‘‘അതൊന്നും എനിക്കറിയാമ്പാടില്ല. ഊരില് വെച്ച് ദാസനാർന്ന്. ഇബടെ ബന്നപ്പ അബ്ദുല്ലേം കൂടി ആന്ന് മനസ്സിലായി.’’
ഈച്ചുംപേച്ചുമില്ലാത്ത ഒരു പാവമാണ് അവനെന്ന് സൈനുവിന് തിരിഞ്ഞു. എവിടുന്നോ എങ്ങനെയോ വന്ന് ഇവിടെ പെട്ടതാണ്.
‘‘താമസം എവിടാ?’’ അവൾ ചോദിച്ചു. ‘‘ഈ വേഷോക്കെ എവിടുന്ന് കിട്ടി.’’
‘‘കെടപ്പ് ദോ കുറുക്കൻ ഗൊഹേല്.’’
ദാസൻ കൂവക്കാടിന്റെ മുകൾത്തട്ടിലേക്ക് വിരൽചൂണ്ടി. മാന്തി വലുതാക്കിയ അള്ള് അവൾ കണ്ടു. പടച്ചോനെ ഇതിനുള്ളിലൊക്കെ മനുഷ്യന്മാര് കിടക്കുമോ?
‘‘കുപ്പായോക്കെ ഉടുത്ത് മാറാനുംവേണ്ടി പള്ളീന്ന് എടുത്തതാ. ആ വല്യ താടിക്കാരന്റത്. പശിപ്പിനൊള്ളതും അയാളുടെ പിഞ്ഞാണീന്ന് കട്ട് കഴിക്കും. മോശന്നറിയാം. ചാകാണ്ട് തിരിച്ച് ഊര്ക്ക് പോണ്ടെ.’’
‘‘എന്തോന്ന് മോശം. ഉള്ളോന്റെ കൈയീന്ന് ഇല്ലാത്തോന് എടുക്കാം,’’ അവൾ പറഞ്ഞു. ‘‘ഉള്ളോൻ തെമ്മാടിയാന്നെ ഇല്ലാത്തോന് പിടിച്ച് വരെ മേടിക്കാം.’’
വിപ്ലവം! സഖാവിന്റെ വിപ്ലവം! ദാസന്റെ മനം കുളിർന്നു.
‘‘നിങ്ങള് സഖാവിന്റെ ആളാണല്ലെ?’’
‘‘ഏത് സഖാവ്?’’
‘‘കാട്ടില് കൊണ്ടോയി ഏമാന്മാര് ചുട്ട സഖാവ്.’’
സൈനു വാ പൊളിച്ചു.
‘‘ശരിക്കും താൻ ആരാ? ഇവിടെ എന്താ പണി?’’
വള്ളി പുള്ളി വിടാതെ ഉണ്ടായതെല്ലാം അവൻ വിവരിച്ചു. ഔട്ട് പോസ്റ്റിന് നേർക്ക് തോട്ടയെറിഞ്ഞത് ലാടംപരീതാണെന്നുകേട്ട് അവൾ ഞെട്ടി. കുറ്റം ചെയ്തവൻ തന്നെ കുറ്റവാളിയെ തിരക്കി നടക്കുന്നു! നല്ല ലോകം! ആരോ എന്തോ എഴുതിയ ഒരു കോറത്തുണി വലിച്ചുകെട്ടാൻ വേണ്ടി ഇത്രവലിയ അപകടത്തിൽ ചാടിയ ദാസൻ എന്തൊരു മണ്ടനാണ്. അവൾക്ക് അവനോട് ദയ തോന്നി. പെട്ടിരിക്കുന്ന കെണിയെപ്പറ്റി സൂചിപ്പിച്ചു. പക്ഷേ, എങ്ങനൊക്കെ പറഞ്ഞിട്ടും അവനൊരു കൂസലുമുണ്ടായില്ല. അവൻ പറഞ്ഞു.
‘‘എല്ലാരും ചാകാനും വേണ്ടി തന്നെ ഉണ്ടായതല്ലേ.’’
അവസാന ശ്രമമെന്ന നിലയിൽ അവൾ പറഞ്ഞു.
‘‘ആ കോറത്തുണി എന്‍റേല് തന്നിട്ട് ഇവിടുന്ന് പോകാൻ നോക്ക്. ഈ പോക്കണം കേടൊക്കെ തീരുന്ന മുറയ്ക്ക് ഞാനത് കെട്ടിക്കോളാം. രാത്രി പുഴകടത്തി ഞാൻ വിടുകയും ചെയ്യാം.’’
ദാസൻ സമ്മതിച്ചില്ല. എങ്കിൽ പിന്നെ എല്ലാം ഒന്നടങ്ങുന്നത് വരെ കൂവക്കാട്ടിൽനിന്ന് പുറത്ത് ഇറങ്ങരുതെന്നും ആഹാരവും മറ്റും എത്തിക്കാമെന്നും പറഞ്ഞ് സൈനു മടങ്ങി. വള്ളം തുഴഞ്ഞുപോകുമ്പോൾ അവൻ പറഞ്ഞത് അവളോർത്തു:
‘എല്ലാരും ആരൂല്ലാത്ത ദാസാന്ന് വിളിച്ചപ്പ ഒരാള് മാത്രം വെറും ദാസാന്ന് വിളിച്ചു. നിനക്ക് ഞാൻ ഉണ്ടെന്ന് പറഞ്ഞു. കെട്ടിപ്പിടിച്ചു. ഒരാള് നാട്ടാർക്ക് വേണ്ടി ചാകുമ്പോൾ അയാൾക്ക് വേണ്ടി നാട്ടാരും ചാകണ്ടെ? അതല്ലെ നീതി?’
(തുടരും)
