മലയാളം ക്ലിപ്തം

‘‘ഞാൻ ഈ പണി നിർത്താൻ പോകുന്നു.’’ വിയർത്തുകുളിച്ച് വെയിലത്തുനിന്ന് കയറിവന്ന ബാലചന്ദ്രൻ പറഞ്ഞു. ‘‘നീ ഈ കാര്യം പറയാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായല്ലോ ബാലാ.’’ ‘‘വല്ലാത്ത അലച്ചിൽ, അതും കാലഹരണപ്പെട്ട വാക്കുകൾക്കുവേണ്ടി. എനിക്ക് മടുത്തു.’’ ‘‘നീ ഇതിനുവേണ്ടി പ്രത്യേകിച്ച് പണിയൊന്നും ചെയ്യുന്നില്ലല്ലോ. വേറെ തൊഴിലൊന്നുമില്ലാതെ തെക്കുവടക്ക് നടക്കുമ്പോൾ കൈയിൽ തടയുന്ന വാക്കുകൾ മാത്രമല്ലേ നീ ഇവിടേക്ക് കൊണ്ടുവരുന്നത്.’’ ദാമോദരൻ ചോദിച്ചു. ‘‘എന്നാലും എനിക്ക് മടുത്തു.’’ ‘‘വേണമെങ്കിൽ നിനക്ക് തരുന്ന പ്രതിഫലം ഞാൻ കൂട്ടിത്തരാൻ ശ്രമിക്കാം.’’ ‘‘ഇത്തരം വാഗ്ദാനങ്ങൾ എത്രയോ വർഷങ്ങൾക്കു...
Your Subscription Supports Independent Journalism
View Plans‘‘ഞാൻ ഈ പണി നിർത്താൻ പോകുന്നു.’’
വിയർത്തുകുളിച്ച് വെയിലത്തുനിന്ന് കയറിവന്ന ബാലചന്ദ്രൻ പറഞ്ഞു.
‘‘നീ ഈ കാര്യം പറയാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായല്ലോ ബാലാ.’’
‘‘വല്ലാത്ത അലച്ചിൽ, അതും കാലഹരണപ്പെട്ട വാക്കുകൾക്കുവേണ്ടി. എനിക്ക് മടുത്തു.’’
‘‘നീ ഇതിനുവേണ്ടി പ്രത്യേകിച്ച് പണിയൊന്നും ചെയ്യുന്നില്ലല്ലോ. വേറെ തൊഴിലൊന്നുമില്ലാതെ തെക്കുവടക്ക് നടക്കുമ്പോൾ കൈയിൽ തടയുന്ന വാക്കുകൾ മാത്രമല്ലേ നീ ഇവിടേക്ക് കൊണ്ടുവരുന്നത്.’’ ദാമോദരൻ ചോദിച്ചു.
‘‘എന്നാലും എനിക്ക് മടുത്തു.’’
‘‘വേണമെങ്കിൽ നിനക്ക് തരുന്ന പ്രതിഫലം ഞാൻ കൂട്ടിത്തരാൻ ശ്രമിക്കാം.’’
‘‘ഇത്തരം വാഗ്ദാനങ്ങൾ എത്രയോ വർഷങ്ങൾക്കു മുന്നെ ദാമുമാഷ് എന്നോട് പറഞ്ഞിട്ടുണ്ട്.’’
‘‘അക്ഷരങ്ങൾ, വാക്കുകൾ, വാചകങ്ങൾ, ജീവിതങ്ങൾ –ഈ പണിയെ നീ അങ്ങനെ കാണൂ.’’ ദാമോദരൻ ഉപദേശ രൂപേണ പറഞ്ഞു.
‘‘പക്ഷേ ജീവിതം അക്ഷരങ്ങൾക്കും വാക്കുകൾക്കും അതീതമാണെന്നാണ് എന്റെ തോന്നൽ.’’
ബാലചന്ദ്രൻ മറുവാദം ഉന്നയിച്ചു.
‘‘പക്ഷേ ഭാഷ എന്റെ ജീവിതംതന്നെയാണ്. ഞാൻ എന്റെ ഭാഷാസ്നേഹംകൊണ്ടാണ് ഇത്തരം പണികളൊക്കെ ചെയ്യുന്നത്. യഥാർഥത്തിൽ നിനക്ക് കൃത്യമായ പ്രതിഫലം തരാനൊന്നും എന്റെ കൈയിലില്ല.’’
‘‘ഇതൊക്കെ ചെയ്താൽ ഭാഷ നിലനിൽക്കുമോ? ഇപ്പോൾ തന്നെ അതിന്റെ ലിപികൾ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി.’’
‘‘നീ അങ്ങനെയൊന്നും പറയല്ലെ.’’
പഴയ തറവാട്ടിലെ ഇരുളിമയാർന്ന മുറിയിലിരുന്നുകൊണ്ട് ദാമോദരൻ ബാലചന്ദ്രന്റെ മുഖത്തേക്ക് നോക്കി. ‘‘നീയുംകൂടി പോയാൽ ഞാൻ ഒറ്റക്കാവും. ഒറ്റക്ക് ഞാൻ എന്ത് ചെയ്യാൻ?’’
‘‘ദാമു മാഷ് ഭൂതകാലത്തേക്ക് മാത്രം നോക്കിയിരിക്കുന്നു. അതാണ് പ്രശ്നം.’’
‘‘എനിക്ക് അങ്ങനെയൊക്കെ ചെയ്യുവാൻ മാത്രമേ കഴിയൂ. പഴയതിനോടുള്ള ഒരുതരം ഭ്രമം. അത് എന്റെയൊരു ശീലമാണ്. അതൊഴിവാക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല.’’
‘‘വാക്കുകൾ തേടിനടന്ന് എന്റെ ജീവിതം താറുമാറായി. ഞാൻ ദാരിദ്യ്രത്തിലുമായി. എന്റെ സൈക്കിൾ കേടായിട്ട് ഒന്ന് നന്നാക്കുവാൻപോലും എനിക്ക് പറ്റുന്നില്ല.’’
ബാലചന്ദ്രൻ ആവലാതി പറഞ്ഞു.
‘‘നീ ഈ പറയുന്നതൊക്കെ വെറുതെയാണ്. വാക്കുകൾ തിരഞ്ഞുനടക്കുന്നു എന്ന വ്യാജേന നീ വേറൊരു പണിക്കും പോവുന്നില്ലായെന്ന് എനിക്കറിയാം. നീ ഒരു കുഴിമടിയനാണ്. ഒരു ഉത്തരവാദിത്തവും നീ ഏറ്റെടുക്കുകയില്ല.’’
മുറ്റത്ത് മരത്തിന്മേൽ ചാരിെവച്ചിരിക്കുന്ന, ബാലചന്ദ്രന്റെ തുരുമ്പിച്ച സൈക്കിളിനെ നോക്കി ദാമോദരൻ പരിഹസിച്ചു.
‘‘അതിന് എനിക്ക് നല്ലൊരു പണി കിട്ടണ്ടെ?’’
‘‘അത് നീ തന്നെ തേടിപ്പിടിക്കണം. നിനക്ക് ഒന്നും അന്വേഷിച്ച് കണ്ടെത്താൻ കഴിയില്ല.’’
‘‘ദാമു മാഷ് അങ്ങനെ പറയരുത്. ഇത്രയും കാലത്തിനിടക്ക് ഒരുപാട് വാക്കുകൾ തേടിപ്പിടിച്ച് ഇങ്ങോട്ടേക്ക് ഞാൻ കൊണ്ടുവന്നിട്ടുണ്ട്.’’
‘‘ആ വാക്കുകളൊന്നും അത്രയ്ക്ക് ശരിയായിരുന്നില്ല. പ്രചാരത്തിലിരിക്കുന്ന പല വാക്കുകളും കാലഹരണപ്പെട്ടതാണെന്നും പറഞ്ഞ് എന്റെയടുക്കൽ നീ കൊണ്ടുവന്നു. ആ വാക്കുകളിൽ പലതും നിഘണ്ടുവിലുണ്ടെന്ന് ഞാൻ പിന്നീട് കണ്ടുപിടിച്ചു.’’
‘‘അങ്ങനെ ഞാൻ ചെയ്തിട്ടില്ലായെന്നാണ് എന്റെ വിശ്വാസം. ഞാൻ തപ്പിയെടുത്ത വാക്കുകൾ വളരെ പഴയതും പ്രചാരത്തിൽ ഇല്ലാത്തതും ആയിരുന്നു.’’
‘‘എന്താണ് നിന്റെ അടുത്ത പദ്ധതി? പുതിയ ജോലി വല്ലതും തരപ്പെട്ടുവോ?’’
ദാമോദരൻ ആകാംക്ഷയോടെ ചോദിച്ചു.
‘‘ഞാൻ എവിടേക്കും പോകുന്നില്ല. ഇവിടെത്തന്നെയുണ്ടാകും. ഈ സൈക്കിളും ചവുട്ടിക്കൊണ്ട്.’’
‘‘നിനക്ക് മാതൃഭാഷയോട് സ്നേഹമില്ലെ?’’
‘‘തീർച്ചയായും ഉണ്ട്. അതുകൊണ്ടല്ലെ ഞാൻ ഇത്രയും വർഷങ്ങൾ വാക്കുകളുടെ പുറകെ അലഞ്ഞുതിരിഞ്ഞത്. മലയാളം എന്റെ എല്ലാമാണ്. എന്റെ സ്നേഹവും വെറുപ്പുമാണ്.’’
‘‘ഭാഷയിലെ കാലഹരണപ്പെട്ട വാക്കുകളെ തേടിപ്പിടിച്ച് ഒരു നിഘണ്ടു നിർമിച്ചെടുക്കുക, മലയാളത്തിലെ ഒരു നിഘണ്ടുവിലും രേഖപ്പെടുത്താത്ത വാക്കുകളെക്കൊണ്ട്. അതാണ് എന്റെ ലക്ഷ്യമെന്ന് നിനക്കറിയാമല്ലോ. അതിനുവേണ്ടി വാക്കുകൾ തപ്പിയെടുക്കുവാൻ നിന്നെപ്പോലെ നാലഞ്ചു ചെറുപ്പക്കാരെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. അവരെല്ലാം ആദ്യം കുറച്ചു വർഷങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു. ചിലപ്പോൾ മാസങ്ങളോളം അവർ എന്നെ കാണുവാൻ വന്നില്ലായെന്നിരിക്കും. ഞാൻ വിചാരിക്കും അവർ പണി നിർത്തി പോയെന്ന്. അങ്ങനെയിരിക്കെ അവരിലൊരാൾ അപ്രതീക്ഷിതമായി ഒന്നോ രണ്ടോ വാക്കുകളുമായി കടന്നുവരും. പിന്നെപ്പിന്നെ അവർ വരുന്ന കാലയളവ് നീണ്ടു നീണ്ടുപോയി. ഒടുവിൽ അവർ ഇങ്ങോട്ടേക്ക് വരാതായി. ഇപ്പോൾ ഇതാ നീയും. ഭാഷയിൽ പണിയെടുക്കുവാൻ ആർക്കും ഒട്ടും താൽപര്യമില്ല.’’
വല്ലാത്ത നിരാശയോടെയാണ് ദാമോദരൻ അത്രയും പറഞ്ഞത്.
‘‘മാഷ് ഉണ്ടാക്കിയെടുക്കുന്ന ആ നിഘണ്ടു തന്നെ കാലഹരണപ്പെട്ടതാകില്ലേ എന്നാണ് എന്റെ സംശയം.’’
ബാലചന്ദ്രൻ സന്ദിഗ്ധതയോടെ ചോദിച്ചു.
‘‘നിനക്ക് ചരിത്രബോധമില്ലാത്തതുകൊണ്ട് തോന്നുന്ന സംശയങ്ങളാണിതൊക്കെ.’’
‘‘കാലഹരണപ്പെട്ട വാക്കുകളുടെ പുറകെ നടക്കുന്നതിലും ഭേദം വർത്തമാനകാലത്ത് ഉടലെടുക്കുന്ന പുതിയ വാക്കുകളെ ഭാഷയിൽ അംഗീകരിക്കുന്നതാണെന്ന് എനിക്ക് തോന്നുന്നു. അത്തരം വാക്കുകളെല്ലാം നിർബന്ധമായും നിഘണ്ടുവിൽ ചേർക്കുകയും വേണം. പറ്റിയ വാക്കുകളില്ലാതെ ആളുകൾ അവരവരുടെ അനുഭവങ്ങൾ മറ്റുള്ളവരോട് പറയുവാൻ കഴിയാതെ വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിനൊരു പരിഹാരം വേണം.’’
ബാലചന്ദ്രൻ ദാമോദരനെ വിമർശിച്ചു.
‘‘നിനക്ക് ഇത്തരം ഒഴികഴിവുകൾ പറഞ്ഞ് ഈ പണി ഉപേക്ഷിച്ചിട്ട് പോകാം. പക്ഷേ, എനിക്കതിന് കഴിയില്ല. വർത്തമാനകാലം പുറത്താക്കിയ ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. മറന്നുപോയ ജീവിതാനുഭവങ്ങൾ അത്തരം വാക്കുകളുടെ പിറകിൽ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. എത്രമാത്രം ദുരിതമാണെങ്കിലും അവസാനം വരെ ഞാൻ ഈ പണി തുടർന്നുകൊണ്ടുപോകും.’’
ദാമോദരൻ ദൃഢനിശ്ചയത്തോടെ പറഞ്ഞു.
‘‘മരിച്ചുപോയ വാക്കുകൾക്കുവേണ്ടി ഞാൻ ഒരുപാട് അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഈ പരിപാടി മടുക്കും. കാലഹരണപ്പെട്ട വാക്കുകൾപോലെതന്നെ ഈ പണിയും കാലഹരണപ്പെട്ടതാണെന്ന് എനിക്കു തോന്നുന്നു. അങ്ങനെ ഒരു ചിന്ത വന്നാൽ പിന്നെ ഈ പണി ഏതൊരാൾക്കും തുടർന്നുകൊണ്ടുപോകാൻ കഴിയില്ല.’’
‘‘കഴിഞ്ഞ അഞ്ചാറു മാസമായിട്ട് നീ ഒരു വാക്കുപോലും തപ്പി കണ്ടുപിടിച്ചിട്ടില്ല.’’
‘‘വാക്കുകൾ കൈവശമില്ലാത്തതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വരാത്തതും. വാക്കുകൾ ഇല്ലാതെ ദാമു മാഷിനെ കണ്ടിട്ട് കാര്യവുമില്ലല്ലോ.’’
‘‘അതിന് നീ ഇപ്പോ വാക്കുകൾ കൊണ്ടാണോ വന്നിരിക്കുന്നത്?’’
‘‘അതെ. വാക്കുകളില്ല. ഒരു വാക്ക് മാത്രം. ഇപ്പോൾ പ്രചാരത്തിലില്ലാത്ത ഒരു വാക്ക്.’’
ഒന്നു നിറുത്തിയിട്ട് ബാലചന്ദ്രൻ തുടർന്നു.
‘‘ഇതെന്റെ അവസാനത്തെ വാക്കാണ്. ഇനിമുതൽ വാക്കുകൾക്കുവേണ്ടി ഞാൻ അലയില്ല.’’
‘‘അങ്ങനെയൊന്നും തറപ്പിച്ച് പറയാതെ ബാലാ. നീ ഇനിയും വാക്കുകൾ കണ്ടുപിടിക്കുമെന്നാണ് എന്റെ പ്രതീക്ഷ.’’
‘‘ഇല്ല, ഇതെന്റെ ഉറച്ച തീരുമാനമാണ്. ഈ പഴഞ്ചാണ്ടി സൈക്കിളുംകൊണ്ട് എനിക്ക് അധികദൂരമൊന്നും പോകുവാൻ കഴിയില്ല. വിദൂരദേശങ്ങളിൽ പോയി, ആ നാട്ടുകാർ മറന്നുപോയ, അവരുടെ മരിച്ചുപോയ കാരണവന്മാർ ഉപയോഗിച്ചിരുന്ന വാക്കുകളെ കണ്ടുപിടിക്കുക അസാധ്യമായ കാര്യമാണ്. എനിക്ക് ഇത്തരം കാര്യങ്ങളിൽ ഒരുപാട് പരിമിതികളുണ്ട്.’’
‘‘ഇതിനുമുമ്പും നീ ഇതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ പണി അവസാനിപ്പിച്ചെന്നും ഇതെന്റെ അവസാനത്തെ വാക്കാണെന്നും മറ്റും. അതിനുശേഷവും നീ എനിക്ക് നിരവധി വാക്കുകൾ കൊണ്ടുവന്ന് തന്നിട്ടുമുണ്ട്.’’
‘‘ഇത്തരം വാക്കുകൾകൊണ്ട് ഇനി എന്ത് പ്രയോജനം? ആർക്കും പ്രയോജനമില്ലാത്ത ജോലിയാണ് നമ്മൾ ചെയ്തുകൂട്ടുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്നവർ ഉപയോഗിക്കാത്ത വാക്കുകൾ വളരെ ബുദ്ധിമുട്ടി തപ്പിയെടുത്തിട്ട് എന്തുകാര്യം?’’
‘‘നീ വീണ്ടും ചരിത്രബോധമില്ലാതെ സംസാരിക്കുന്നു. ചരിത്രം പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണോ നീ പറയണത്? ചരിത്രത്തെക്കുറിച്ച് ഒരാൾ ബോധവാനായാലും ഇല്ലെങ്കിലും ചരിത്രം അയാളുടെ കൂടെ ഒരു നിഴൽപോലെ എല്ലായ്പോഴും ഉണ്ടാവും. മനുഷ്യൻ ഒരു ചരിത്രജീവിതന്നെയാണ്. സംശയമില്ല.’’
ദാമോദരൻ വളരെ കാർക്കശ്യക്കാരനായി.
‘‘ഞാൻ വർത്തമാനകാല ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. സ്വന്തമായി വാക്കുകളില്ലാത്ത വസ്തുതകൾ നിരവധിയാണ്. ഇതുവരെയും ആരും ഉപയോഗിക്കാത്ത വാക്കുകൾ പുതുതായി നിർമിച്ചെടുക്കുകയാണ് വേണ്ടത്.’’
‘‘അത് നമ്മുടെ ഭാഷയുടെ മാത്രം പ്രശ്നമല്ല. ലോകത്തുള്ള എല്ലാ ഭാഷയുടെയും പ്രശ്നമാണ്.’’
കുറച്ചുനേരം മുറിയിൽ നിശ്ശബ്ദത മുറ്റിനിന്നു.
വർത്തമാനം നിലച്ചുപോയ അന്തരീക്ഷത്തിൽ ബാലചന്ദ്രൻ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു. പഴക്കം ചെന്ന ഘടികാരത്തിനുള്ളിൽനിന്ന് പുറത്തേക്ക് വമിക്കുന്ന ഗണിതസ്വരങ്ങളെ അയാൾ ശ്രദ്ധിച്ചു.
അതിന്റെ തെറ്റായി കാണിക്കുന്ന സമയസൂചിയിലേക്ക് അയാൾ സൂക്ഷിച്ചുനോക്കി.
പുറത്തുനിന്നുള്ള കാറ്റിന്റെ ശക്തിയാൽ മുറിക്കുള്ളിലേക്ക് ഒഴുകിവരുന്ന ജനൽ കർട്ടനുകൾ.
‘‘റോഡിലൂടെ ഒരു കാളവണ്ടി പോകുന്നപോലത്തെ ശബ്ദം കേൾക്കുന്നുണ്ടല്ലോ ബാലാ.’’
ചെവി വട്ടംപിടിച്ച് തന്റെ കാഴ്ചശക്തി മങ്ങിത്തുടങ്ങിയ കണ്ണുകൾ പരമാവധി വിടർത്തിപ്പിടിച്ച് ദാമോദരൻ ചോദിച്ചു.
‘‘അത് കാളവണ്ടിയൊന്നുമല്ല. പഴയൊരു അംബാസഡർ കാർ ഗട്ടറിൽ ചാടിയ ശബ്ദമാണ്. കാലമൊക്കെ വളരെ മാറിപ്പോയി ദാമു മാഷെ. മാഷ് ഇങ്ങനെ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാത്തതുകൊണ്ടാണ് ഇതൊന്നും മനസ്സിലാകാത്തത്.’’
ബാലചന്ദ്രൻ ഉറക്കെ ചിരിച്ചു.
‘‘അതെയതെ, ഞാനൊരു പഴയ മനുഷ്യൻതന്നെ.’’
വർത്തമാനകാലത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിലിരുന്ന് ഭൂതകാല മർമരങ്ങൾ പിടിച്ചെടുക്കുവാൻ ബദ്ധപ്പെടുന്ന ഒരുവനെപ്പോലെ ദാമോദരൻ കസേരയിലിരുന്ന് തപ്പിത്തടഞ്ഞു.
‘‘ദാമു മാഷ് ഭാഷയുടെ പിന്നോട്ടേക്കുള്ള വാതിൽ തുറക്കുമ്പോൾ ഞാൻ അതിന്റെ മുന്നോട്ടേക്കുള്ള വാതിൽ തുറക്കുവാൻ ശ്രമിക്കുന്നു. വർത്തമാനകാലത്തെ പുതുതലമുറയിൽ ഉടലെടുക്കുന്ന വാക്കുകളെക്കൊണ്ടു മാത്രം ഒരു നിഘണ്ടു നിർമിച്ചെടുക്കുക. അതാണ് എന്റെ മുന്നിലുള്ള പുതിയ പദ്ധതി.’’
ബാലചന്ദ്രൻ തന്റെ ഉള്ളിലിരിപ്പ് വെളിപ്പെടുത്തി.
‘‘നീ വർത്തമാനകാല ഭാഷയിൽ മുതൽമുടക്കൂ. ഞാൻ ഭൂതകാലത്തിലും. ഇന്നത്തെപ്പോലെ തിരക്കിട്ട വാക്കുകളൊന്നും പഴയകാലത്തുണ്ടായിരുന്നില്ല. നാട്ടിൽ ജനം പെരുകുന്തോറും വാക്കുകളുടെ എണ്ണവും കൂടിവരുമെന്നാണ് എനിക്കു തോന്നുന്നത്. അതുേപാലെതന്നെ ശ്രദ്ധിക്കേണ്ടതാണ് കാലം മാറുമ്പോൾ മറവിയിലാണ്ടുപോകുന്ന വാക്കുകളെ. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അത്തരം വാക്കുകളെ ശേഖരിച്ചുവയ്ക്കുക എന്നത് എന്നെപ്പോലുള്ള പഴമക്കാരുടെ ഉത്തരവാദിത്തമാണ്.’’
‘‘മണ്ണിനടിയിലാണ്ടുപോയ വാക്കുകളെ കുഴിച്ചെടുക്കുന്ന പരിപാടി. ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഇടയിലാണ് വാക്കുകൾ ഒളിച്ചിരിക്കുന്നത്.’’
ദാമോദരൻ പറഞ്ഞതിനെ ബാലചന്ദ്രൻ തിരുത്തി.
‘‘തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷ എവിടെയൊക്കെയോ ചോർന്നൊലിക്കുന്നു. പുതുതലമുറയുടെ ഭാഷ കേൾക്കുമ്പോഴും വായിക്കുമ്പോഴും എനിക്ക് അങ്ങനെയൊക്കെയാണ് തോന്നുന്നത്.’’
ദാമോദരൻ ഈർഷ്യയോടെ പറഞ്ഞു.
‘‘മഴവെള്ളം ചോർന്നൊലിക്കുന്ന ഈ പൊട്ടിപ്പൊളിഞ്ഞ തറവാടിനെപ്പോലെ തന്നെ, അല്ലെ മാഷെ.’’
‘‘നിന്റെ മലയാളം നാക്ക് വച്ച് ഇങ്ങനെയൊന്നും പറയല്ലെ ബാലാ. കുറച്ചെങ്കിലും ഭാഷാകൂറ് നീ പുലർത്തൂ. നമ്മുടെ നാട്ടിലെ തൂണിലും തുരുമ്പിലും മലയാളമുണ്ടെന്ന് നീ ഓർക്കണം.’’
‘‘അമ്പത്തിയാറ് അക്ഷരങ്ങൾ ആവശ്യത്തിലും കൂടുതലാണെന്നാണ് എനിക്കു തോന്നുന്നത്. നിഘണ്ടുവിൽ തീരെ സ്ഥലമില്ല. എല്ലായിടത്തും വാക്കുകൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്.’’
‘‘അങ്ങനെയൊക്കെ പറഞ്ഞാലും നീ ഭാഷയിൽ ജീവിക്കുന്നവൻതന്നെ. ഭാഷ തരുന്ന ഓരോ അനുഭവവും നിന്റെ ജീവിതം തന്നെയാണ്.’’
ദാമോദരൻ തന്റെ വാക്കുകൾ കടുപ്പിച്ചു.
‘‘ഭാഷയോ വ്യാകരണമോ ഇല്ലാത്ത വികാരങ്ങൾ. അനുഭവങ്ങൾ. ഓരോ വാക്കും എന്നെക്കൊണ്ടെത്തിച്ചത് അവിടെയൊക്കെയാണ്.’’
‘‘എന്തൊക്കെ പറഞ്ഞാലും ഒരുവന്റെ ജീവിതഗ്രന്ഥികൾ ചുറ്റിപ്പിണഞ്ഞിരിക്കുന്ന മാതൃഭാഷയെ അടർത്തിമാറ്റുക അസാധ്യമാണ്.’’
തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ദാമോദരൻ അഭിപ്രായപ്പെട്ടു.
‘‘നമ്മൾ ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല. നീ എന്തായാലും ഈ പണി നിറുത്തുകയാണല്ലോ. അവസാനമായി നീ എനിക്ക് കൊണ്ടുവന്ന വാക്ക് ഏതാണ്? പറയൂ.’’
ഒരിടവേളക്കുശേഷം ദാമോദരൻ ബാലചന്ദ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ആവശ്യപ്പെട്ടു.
‘‘അതൊരു പഴഞ്ചൻ വാക്കാണ്.’’
‘‘പഴഞ്ചനാണ് എനിക്ക് വേണ്ടതും.’’
‘‘ലോകാേക്രാശം. ദാമു മാഷ് അങ്ങനത്തെ വാക്ക് കേട്ടിട്ടുണ്ടോ? നിഘണ്ടു തപ്പിയാലൊന്നും ആ വാക്ക് കിട്ടില്ല.’’
ഏതോ വിദൂര ഓർമയിൽ അകപ്പെട്ടുപോയപോലെ ദാമോദരൻ കുറച്ചുനേരം നിശ്ശബ്ദനായി.
‘‘എവിടെയോ വച്ച് കേട്ടിട്ടുള്ളതുപോലെ തോന്നുന്നു. നിനക്ക് ആ വാക്ക് എവിടെനിന്നു കിട്ടി?’’
‘‘ഒരു മനയിൽനിന്ന്.’’
‘‘ഏത് മനയിൽനിന്ന്?’’
‘‘കുറച്ചു വടക്കുമാറിയാണ്. പേരൊന്നും എനിക്കറിയില്ല.’’
‘‘നീ കുറച്ചുകൂടി വ്യക്തമായി പറയൂ.’’
‘‘നിറം മങ്ങിയ വളരെ പഴക്കമേറിയ ഒരു മന. ഞാൻ എന്റെ സൈക്കിളുമുന്തിക്കൊണ്ട് അവിടേക്ക് കയറിച്ചെന്നു. കോലായിലിരിക്കുന്ന വൃദ്ധനായ നമ്പൂരി എന്നെ കണ്ടപാടെ പുറകുവശത്തേക്ക് വരാൻ പറഞ്ഞു. പറമ്പിന്റെ മൂലയിൽ ഇട്ടിരിക്കുന്ന പഴയ സാമഗ്രികളിലേക്കും തുരുമ്പിച്ച പാട്ടക്കഷണങ്ങളിലേക്കും ചൂണ്ടിക്കൊണ്ട് ഇതെല്ലാം എടുത്തോളൂ എന്നു പറഞ്ഞു.’’
ഞാൻ വല്ലാതെയായി.
‘‘ഞാൻ ആക്രിപെറുക്കുവാൻ വന്നവനല്ല.’’
‘‘പിന്നെ താൻ എന്തിനാണ് ഇങ്ങോട്ടേക്ക് കയറിവന്നത്?’’
നമ്പൂരി ദേഷ്യപ്പെട്ടു.
‘‘കാലഹരണപ്പെട്ട വാക്കുകൾ ശേഖരിക്കലാണ് എന്റെ പണി.’’
‘‘കാലഹരണപ്പെട്ട വാക്കുകളോ? അതൊരു പണിയാണോ?’’
‘‘അതും ഒരു പണിയാണ്.’’
‘‘തനിക്ക് വട്ടുണ്ടോ?’’
നമ്പൂരിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ആദ്യമായിട്ടാണ് ഒരാൾ എന്റെ മുഖത്തുനോക്കി അങ്ങനെ ചോദിക്കുന്നത്.
എനിക്ക് വട്ടുണ്ടോയെന്ന് ഞാൻ അവിടെനിന്ന് എന്നോട് സ്വയം ചോദിച്ചു. ഞാൻ ഒരു ഭാഷാെതാഴിലാളിയാണെന്ന് നമ്പൂരിയോട് പറയണമെന്ന് തോന്നിയെങ്കിലും എനിക്കതിന് കഴിഞ്ഞില്ല.
‘‘മൺമറഞ്ഞുപോയ വാക്കുകൾ തപ്പിയെടുക്കുക എന്നത് ചരിത്രരചനയുടെ ഭാഗംതന്നെയാണ്.’’
ഞാൻ ദാമു മാഷിനെ ഓർത്തുകൊണ്ട് പറഞ്ഞു.
‘‘ഇതെല്ലാം ആര് ഓർക്കുന്നു.’’
നമ്പൂരി വീണ്ടും കോലായിൽ കയറിയിരുന്നു. പുറത്തേക്ക് കണ്ണുംനട്ട് എന്തൊക്കെയോ ഓർത്തെടുക്കുന്നതുപോലെയായിരുന്നു മുഖഭാവം.
‘‘ഇത്തരം വാക്കുകൾ കിട്ടിയാൽ നിങ്ങൾക്കെന്താണ് ഒരു ഗുണം?’’
നീണ്ടുനിന്ന മൗനം വെടിഞ്ഞുകൊണ്ട് നമ്പൂരി ചോദിച്ചു.
‘‘എനിക്കല്ല, ദാമു മാഷിനാണ് പ്രയോജനം. കാലഹരണപ്പെട്ട വാക്കുകൾകൊണ്ട് ഒരു നിഘണ്ടു ഉണ്ടാക്കുക എന്നതാണ് മാഷിന്റെ ഉദ്ദേശ്യം.’’
‘‘നിങ്ങൾക്ക് പോകാൻ ധൃതിയുണ്ടോ?’’ നമ്പൂരി ഗൗരവത്തിൽ ചോദിച്ചു.
‘‘ഒട്ടുംതന്നെ ഇല്ല.’’
നമ്പൂരി പിന്നെയും ആലോചനയിൽ മുഴുകി.
‘‘ഞാൻ പ്രത്യേകിച്ചൊന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല. ഓർത്തിരിക്കുവാൻ പറ്റുന്ന തരത്തിലുള്ള വലിയ ഓർമകളും എനിക്കില്ല.’’
ഒരു ഇടവേളയിൽ നമ്പൂരി പ്രസ്താവിച്ചു.
‘‘ഇത്രയും വലിയ മനയിൽ നമ്പൂരി ഒറ്റക്കാണോ?’’
‘‘അതെ, വേണ്ടപ്പെട്ടവരെല്ലാം തന്നെ മരിച്ചുപോയി. ഞാൻ എങ്ങനെയൊക്കെയോ ഇവിടെ ഒറ്റപ്പെട്ടുപോയി. ശാപമാണത്. വിധിയെ മാറ്റാൻ ആർക്ക് കഴിയും?’’
നമ്പൂരി ദീർഘനിശ്വാസമുതിർത്തു.
‘‘എന്ത് ശാപം?’’ എനിക്ക് ഔത്സുക്യമേറി വന്നു.
നമ്പൂരി വീണ്ടും മൗനത്തിലായി. കസേരയിൽ തലകുനിച്ചിരിക്കുന്നത് കണ്ടപ്പോൾ അങ്ങേര് ഉറങ്ങിപ്പോയോ എന്നുവരെ ഒരുവേള ഞാൻ സംശയിച്ചു.
‘‘ഇത്തരം കാര്യങ്ങൾ ഞാൻ ആരോടും പറയുവാൻ ആഗ്രഹിക്കുന്നില്ല.’’ പെട്ടെന്ന് തലയുയർത്തിക്കൊണ്ട് നമ്പൂരി പറഞ്ഞു. ‘‘എന്നാലും നിങ്ങൾ പഴയ വാക്കുകൾക്കു വേണ്ടി വല്ലാതെ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ എനിക്ക് കഷ്ടവും തോന്നുന്നു.’’
നമ്പൂരി മനസ്സിൽ എന്തോ വച്ച് പറയുന്നതുപോലെ. ചെറുതായിട്ട് ഒന്ന് നിർബന്ധിച്ചാൽ നമ്പൂരി അത് തുറന്നുപറയുമെന്ന് എനിക്കു തോന്നി.
‘‘താങ്കൾക്ക് പറയുവാൻ ബുദ്ധിമുട്ടില്ലെങ്കിൽ എന്നോട് പറയൂ.’’ ഞാൻ പറഞ്ഞു.
‘‘ലോകാേക്രാശം എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടോ?’’
നമ്പൂരി ചോദിച്ചു.
‘‘ഇല്ല.’’
‘‘എന്നാൽ അങ്ങനെയൊരു വാക്കുണ്ട്. ഒരു ശാപവാക്ക്. മിക്കവർക്കും ആ വാക്ക് എന്താണെന്ന് അറിയില്ല. നിങ്ങൾ വിചാരിക്കുന്നതുപോലെ കാലഹരണപ്പെട്ടൊരു വാക്കാണ് അതെന്ന് ഞാൻ കരുതുന്നില്ല. ആ വാക്ക് ഇപ്പോഴും എന്നെ പിന്തുടരുന്നു.’’
മുറ്റത്തെ കട്ടപിടിച്ച തണലിനെ മറികടന്ന് വെയിലിൽ തരിശുകിടക്കുന്ന നെൽപ്പാടങ്ങളിലേക്ക് ദൃഷ്ടി ഊന്നിക്കൊണ്ട് നമ്പൂരി ഒരു പ്രതിമ കണക്കെയിരുന്നു.
‘‘ഇതൊരു ശാപവാക്കാണെന്ന് ഞാൻ നേരത്തേ പറഞ്ഞുവല്ലോ. സ്മാർത്തവിചാരണയിൽപ്പെട്ട് ഭ്രഷ്ടരാകുന്നവരുടെ ശാപം. അവരുടെ മനംനൊന്ത ശാപം സ്മാർത്തവിചാരണ നടത്തുന്ന നമ്പൂരിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മേലാണ് വന്ന് പതിക്കുക. അത് തലമുറകൾ കഴിഞ്ഞാലും മാറില്ല. പിന്തുടർന്നുകൊണ്ടേയിരിക്കും.’’
‘‘വല്ലാത്തൊരു വാക്ക്.’’ ഞാൻ പിറുപിറുത്തു.

‘‘അതെ, വല്ലാത്തൊരു വാക്ക് തന്നെയാണ് നീ അവസാനമായി ഇവിടേക്ക് കൊണ്ടുവന്നത്. പണ്ടെങ്ങോ കേട്ട് മറന്നൊരു വാക്കുപോലെയാണ് എനിക്ക് തോന്നുന്നത്. നീ അന്ന് പരിചയപ്പെട്ട നമ്പൂരി സ്മാർത്തവിചാരം നടത്തുന്ന സ്മാർത്തന്മാരുടെ കുടുംബത്തിൽപ്പെട്ട ഒരാളാണ്. ആ വാക്ക് കേൾക്കുമ്പോൾ എന്റെ മനസ്സ് ഒരു നൂറ്റാണ്ടോളം പുറകോട്ടേക്ക് പോകുന്നു. കുറിയേടത്തു താത്രിയും മറ്റും ഓർമയിലേക്കു കടന്നുവരുന്നു. എന്തായാലും വളരെ അപൂർവതയുള്ളൊരു വാക്കാണത്. നമ്പൂരിമാരുടെ ഇടയിൽത്തന്നെ വളരെ ചെറിയൊരു വിഭാഗം ആളുകളുടെ ഇടയിൽ ഇതിന് ഇപ്പോഴും പ്രചാരമുണ്ട്. അങ്ങനെയൊരു പ്രശ്നം ഈ വാക്കിനുണ്ട്. നീ ഇതിനു മുന്നെ കൊണ്ടുവന്ന വാക്കുകൾ ഇത്തരത്തിലുള്ളതായിരുന്നില്ല. പക്ഷേ ഈ വാക്കിന്റെ പുറകിൽ വലിയൊരു ചരിത്രവും കുറെയേറെ ദുരിതങ്ങളും ദുഃഖങ്ങളും അടങ്ങിയിട്ടുണ്ട്. ജീവിതാനുഭവങ്ങളാണ് ഓരോ വാക്കിന്റെയും അടിസ്ഥാനം. ദിവസങ്ങളോളം ഇരുന്ന് ആലോചിക്കുവാൻ പറ്റുന്ന വാക്കാണ് നീ ഇപ്പോൾ തപ്പിപ്പിടിച്ച് എന്റെ മുന്നിൽ കൊണ്ടുവന്നിരിക്കുന്നത്. എന്തായാലും ഈ വാക്ക് നിഘണ്ടുവിലില്ലായെന്ന് നിനക്ക് ഉറപ്പാണല്ലോ അല്ലെ?
പുതിയ വാക്ക് കിട്ടിയ സന്തോഷത്താൽ ദാമോദരൻ സുദീർഘമായി അത്രയും അഭിപ്രായപ്പെട്ടു.
‘‘യഥാർഥത്തിൽ വാക്കുകൾക്കുവേണ്ടി ഞാൻ അലയുന്നില്ല. ഇത്തരം വാക്കുകൾ എന്റെ മുന്നിൽ എങ്ങനെയൊക്കെേയാ കടന്നുവരികയാണ്.’’
ബാലചന്ദ്രൻ അറിയാതെതന്നെ ദാമോദരന്റെ മുന്നിൽ തന്റെ മനസ്സ് തുറന്നു.
‘‘എന്നിട്ടും നീ പറയുന്നു ഈ പണി വലിയ അലച്ചിലുള്ളതാണെന്ന്.’’
ദാമോദരൻ പരിഭവത്തോടെ ബാലചന്ദ്രന്റെ മുഖത്തേക്ക് നോക്കി.
‘‘അതെ, ഇത്തരം വാക്കുകൾകൊണ്ട് വലിയ പ്രയോജനം ഇല്ലാത്തതുകൊണ്ടുതന്നെ.’’
‘‘അത് നിന്റെ മാത്രം അഭിപ്രായം, എേന്റതല്ല.’’
‘‘എന്തായാലും ഇത്തരം വാക്കുകൾ വച്ചുകൊണ്ടുള്ള പരിപാടി ഇതോടെ ഞാൻ അവസാനിപ്പിച്ചിരിക്കുന്നു.’’
ബാലചന്ദ്രൻ തീർത്തും വ്യക്തമാക്കി.
‘‘നിനക്ക് ഭാഷാശാപം കിട്ടാതെ സൂക്ഷിച്ചോ.’’
‘‘അങ്ങനെ ഒരിക്കലും ഉണ്ടാകില്ല. ഞാൻ എന്റെ വർത്തമാനകാല ഭാഷയെ സ്നേഹിക്കുന്നുണ്ട്.’’
‘‘ഭാഷ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടേതിനേക്കാൾ മരിച്ചുപോയവരുടേതുകൂടിയാണെന്ന് നീ ഓർക്കുന്നത് നല്ലതാണ്.’’
ദാമോദരൻ മുഷിഞ്ഞ ചുവരിനെ നോക്കിക്കൊണ്ട് പ്രസ്താവിച്ചു.
‘‘കുറെയധികം വാക്കുകളുണ്ട്, ആവശ്യത്തിൽ കൂടുതൽ. തൊണ്ണൂറ് ശതമാനവും ആളുകൾ അവരുടെ ദൈനംദിനജീവിതത്തിൽ ഉപയോഗിക്കാത്തതാണ്. തടിച്ചുവീർത്ത നിഘണ്ടുകളിൽ അതെല്ലാംതന്നെ അടക്കംചെയ്തിരിക്കുന്നതുപോലെ.’’
മേശപ്പുറത്തിരിക്കുന്ന നിഘണ്ടുവിന്മേൽ കൈപ്പത്തി െവച്ചുകൊണ്ട് ബാലചന്ദ്രൻ പറഞ്ഞു.
‘‘നിന്റെ അടുത്ത പരിപാടി എന്താണ് ബാലാ?’’
‘‘ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഒരു വരുമാനമാർഗം ഉണ്ടാക്കുവാൻ പോകുന്നു.’’
‘‘ഓ, അതെന്തായാലും നന്നായി. നിനക്കെവിടെനിന്നാണ് ഇത്തരമൊരു ആശയം കിട്ടിയത്?’’
‘‘ആ നമ്പൂരിയുടെ മനയിൽ ചെന്നപ്പോൾ. ഒരുവിധത്തിൽ നമ്പൂരി എന്നെ ആക്രിക്കാരനായി തെറ്റിദ്ധരിച്ചത് നന്നായി. എനിക്ക് എന്തുകൊണ്ട് പഴയ സാമഗ്രികൾ ശേഖരിച്ചുകൂടായെന്ന് അപ്പോഴാണ് ഞാൻ ചിന്തിച്ചത്.’’
‘‘എന്നാൽ, ഒരുകാര്യം ഞാൻ പറയാം. വേണമെങ്കിൽ തമാശയായിട്ടോ കാര്യമായിട്ടോ നീ എടുത്തോ. നിന്റെ ആ പുതിയ പണി ഇവിടെനിന്നുതന്നെ തുടങ്ങിക്കൊള്ളൂ. പഴക്കമേറിയ വീടായതിനാൽ തട്ടിൻപുറത്ത് ഒരുപാട് സാമഗ്രികൾ പൊടിമൂടി കിടപ്പുണ്ട്. അതിൽനിന്ന് നിനക്ക് എന്താ വേണ്ടേന്ന് വച്ചാൽ എടുത്തുകൊണ്ട് പൊയ്ക്കൊള്ളൂ. ചെമ്പിനും പിച്ചളക്കും ഇപ്പോൾ നല്ല വിലകിട്ടും. അതെല്ലാം വിറ്റ് നീ പുതിയൊരു സൈക്കിൾ വാങ്ങ്. നീ എന്നെ വിട്ടുപോകുമ്പോൾ എനിക്ക് തരുവാൻ ഇതൊക്കെയല്ലാതെ എന്റെ കൈയിൽ വേറൊന്നുംതന്നെയില്ല.’’
തട്ടിൻപുറത്തേക്കുള്ള മരഗോവണിയിൽ ദാമോദരൻ ആയാസപ്പെട്ട് കയറി.
‘‘ഇതൊക്കെയാണ് എന്റെ സമ്പാദ്യം. നിനക്ക് ഇതിൽനിന്ന് ഏതുവേണമെങ്കിലും എടുത്തുകൊണ്ട് പോകാം.’’
പൊടിപിടിച്ച തട്ടിൻപുറത്തിന്റെ പഴമയിൽ ദാമോദരൻ പരതിക്കൊണ്ടിരുന്നു.
നിലവിളക്കുകൾ, കിണ്ടികൾ, മൊന്തകൾ, ചെമ്പ് പാത്രങ്ങൾ, പല വലുപ്പത്തിലുള്ള ഭരണികൾ, മെതിയടി, ആവണിപ്പലക, കൊത്തുപണികളുള്ള ഗാംഭീര്യം കൂടിയ ഊന്നുവടി, പഴയ പഞ്ചാംഗങ്ങൾ.
‘‘ഒരുപാട് സാധനങ്ങളുണ്ടല്ലോ.’’
മങ്ങിയ വെളിച്ചത്തിൽ നിലത്ത് ചിതറിക്കിടക്കുന്ന സാമഗ്രികളെ അവ്യക്തമായി കാണുവാൻ തുടങ്ങിയപ്പോൾ ബാലചന്ദ്രൻ പറഞ്ഞു.
‘ഇതെങ്ങനെ ഇവിടെ വന്നു?’’
പൊടിയിൽ മൂടിയ മദ്ദളവും പൊട്ടിപ്പൊളിഞ്ഞ ഒരു കഥകളി കിരീടവും ദൃഷ്ടിയിൽപ്പെട്ടപ്പോൾ ബാലചന്ദ്രൻ ചോദിച്ചു.
‘‘പണ്ട് കാരണവന്മാരുടെ കാലത്ത് ഈ തറവാട്ടിൽ കഥകളിയും മറ്റും അരങ്ങേറിയിരുന്നു.’’
തട്ടിൻപുറത്തെ ത്രികോണമുഖപ്പിലെ ആഢ്യൻ രൂപത്തിലുള്ള അലങ്കാര തുളകളെ നോക്കിനിന്നപ്പോൾ കഴിഞ്ഞുപോയ നീണ്ട കാലഘട്ടം തന്റെ മനസ്സിലേക്ക് കടന്നുവരുന്നതുപോലെ ദാമോദരന് തോന്നി.
‘‘പഴന്തുണിയിൽ കിഴികെട്ടി കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതെന്താണ്? മലയാള അക്ഷരങ്ങളാണോ?’’
ബാലചന്ദ്രൻ കിഴിയിൽ പിടിച്ച് ആട്ടിക്കൊണ്ടു ചോദിച്ചു.
‘‘ഭാഷയെ നീ ഇതുപോലെ അധിക്ഷേപിക്കരുത് ബാലാ. ഇത്രയ്ക്ക് ധിക്കാരപരമായി സംസാരിക്കുവാനും പാടില്ല. വേണമെങ്കിൽ നീ എന്നെ വേണ്ടുവോളം പരിഹസിച്ചോളൂ. പക്ഷേ മലയാളഭാഷയോട് അത് വേണ്ട.’’

ദേഷ്യത്തിൽ ദാമോദരൻ പൊട്ടിത്തെറിച്ചു.
‘‘നീ അതെടുക്കേണ്ടതില്ല.’’
മരപ്പെട്ടികളിൽ കുത്തിനിറച്ച് െവച്ചിരിക്കുന്ന മുഷിഞ്ഞ കുറെ പഴയ പ്രമാണങ്ങളും താളിയോല ഗ്രന്ഥങ്ങളും ബാലചന്ദ്രൻ കുനിഞ്ഞുനിന്ന് നോക്കുന്നതുകണ്ടപ്പോൾ ദാമോദരൻ ഒന്നുകൂടി കയർത്തു.
‘‘ഞാൻ ഇവിടെനിന്ന് ഒന്നുംതന്നെ എടുക്കുവാൻ ഉദ്ദേശിക്കുന്നില്ല. ഈ തട്ടിൻപുറത്തിന്റെ പഴമയിൽ ഇവയെല്ലാംതന്നെ അത്രയും അവശ്യങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം അതതിന്റെ സ്ഥാനത്തുതന്നെ ഇരിക്കട്ടെ.
ചില്ലോടിന്റെ മങ്ങിയ ചതുരപ്രകാശത്തിൽ നൂറ്റാണ്ടുകൾക്കപ്പുറമുള്ള ഏതോ ഭൂതകാലരൂപത്തിൽ ദാമു മാഷും താനും നിശ്ചലതപൂണ്ട് നിൽക്കുന്നതുപോലെ ബാലചന്ദ്രന് തോന്നി.
‘‘പഴയവയെ ശേഖരിച്ചുവയ്ക്കുന്ന മാഷിന് ഇത്രയും പഴക്കമുള്ള വസ്തുക്കളിലേതെങ്കിലും ഒന്ന് കൈവിട്ടുപോകുന്നതിൽ വിഷമമുണ്ടാവുമെന്ന് എനിക്കറിയാം. എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കും ഇതിൽനിന്ന് ആവശ്യത്തിന് എടുത്തോളൂ എന്ന് പറഞ്ഞത്, അല്ലേ?’’
‘‘എന്നാലും നിന്റെ കാര്യങ്ങളും നടന്നുപോകണ്ടെ. നീ ഈ പണി വിട്ട് പോകുമ്പോൾ എന്തെങ്കിലും നിനക്കും തരണ്ടെ.’’
ദാമോദരൻ ദേഷ്യം മറന്ന് സൗഹൃദഭാവത്തിലായി.
‘‘മാഷിനെ പിരിഞ്ഞുപോകുന്നതിൽ എനിക്ക് വിഷമമുണ്ട്.’’
ഗോവണിപ്പടി ഇറങ്ങുന്നതിനിടയിൽ ബാലചന്ദ്രൻ കുറ്റബോധത്തോടെ പറഞ്ഞു.
‘‘പറഞ്ഞിട്ടെന്തു കാര്യം? നിനക്കിതിനോടൊക്കെ താൽപര്യം നഷ്ടപ്പെട്ടുവല്ലോ.’’
തെല്ലിട നിറുത്തിയിട്ട് ദാമോദരൻ തുടർന്നു. ‘‘എന്തായാലും അവസാനമായി നീ ഇവിടേക്ക് കൊണ്ടുവന്നത് ഒരു ശാപവാക്കായിപ്പോയല്ലോ.’’
‘‘അത് നമ്പൂരി പറഞ്ഞുതന്ന വാക്കാണല്ലോ. അങ്ങേരുടെ കുടുംബത്തിന് കിട്ടിയ ശാപം. നമ്പൂരിയെ കണ്ടതിനുശേഷം പിറ്റന്നു രാത്രി ഉറക്കത്തിൽ ഞാൻ ഒരു വിചിത്ര സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഞാൻ ആക്രിപെറുക്കി നടക്കുകയാണ്. താഴേക്ക് നോക്കി നടക്കുന്നതിനിടയിൽ തുരുമ്പിച്ച ഒരു സാമഗ്രി എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അതെടുത്ത് മണ്ണ് തട്ടിക്കളഞ്ഞ് സൂക്ഷിച്ചുനോക്കി –ദ്രവിച്ച് നാമാവശേഷമായ ഒരു മലയാള അക്ഷരം. എന്റെ കൈപ്പത്തിയോളം വലിപ്പമേറിയത്. അത് ‘ഋ’ എന്ന അക്ഷരമാണെന്ന് സ്വപ്നത്തിലാണെങ്കിൽക്കൂടി ഞാൻ വ്യക്തമായി കണ്ടു. ഞാൻ അതിനെ എടുത്ത് ചാക്കിലിട്ടു. കുറച്ചു നടന്ന് മുന്നേറിയപ്പോൾ വേറെയൊരക്ഷരം കൂടി കാലിൽ തടഞ്ഞു. പിന്നീട് തുടർച്ചയായി നാലഞ്ചു അക്ഷരങ്ങൾകൂടി കിട്ടി. മരങ്ങളോ ചെടികളോ ഇല്ലാത്ത, പുൽനാമ്പുകൾപോലും പൊട്ടി മുളയ്ക്കാത്ത ഒരു തരിശുപ്രദേശത്തുകൂടിയായിരുന്നു എന്റെ നടത്തം. തുരുമ്പിച്ച മലയാള അക്ഷരങ്ങൾക്കുവേണ്ടി ആകാംക്ഷയോടെ മരുഭൂമിപോലെ കിടക്കുന്ന പ്രദേശത്തുകൂടെ ഞാൻ അലഞ്ഞുതിരിയുന്ന ഒരു സ്വപ്നം.’’
‘ഹൊ’, ദാമോദരൻ തലക്കടിച്ചുകൊണ്ട് പറഞ്ഞു. എത്ര ഭീകരസ്വപ്നം. നിനക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്. തുരുമ്പിച്ച, ആരാലും ഉപേക്ഷിക്കപ്പെട്ട മലയാള അക്ഷരങ്ങൾ. എനിക്കിതൊക്കെ സഹിക്കുവാൻ പറ്റുന്നതിലും അപ്പുറമാണ്. എത്ര അക്ഷരങ്ങൾ നിനക്ക് അങ്ങനെ കിട്ടി, ഓർക്കുന്നുണ്ടോ?’’
‘‘അങ്ങനെയൊന്നും പ്രത്യേകിച്ച് കണ്ടില്ല. പിന്നീട് ആ സ്വപ്നം ഉറക്കത്തിലേക്ക് അലിഞ്ഞുചേർന്നു. രാവിലെ ഉണർന്നുകഴിഞ്ഞപ്പോൾ വിജനമായ മലയാളത്തിലൂടെ നടന്നുകയറി വന്നപോലെ വല്ലാത്ത ശൂന്യതയും വിമ്മിഷ്ടവും എനിക്കനുഭവപ്പെട്ടു.’’
‘‘അതാണോ നീ ഈ വാക്കുകളുടെ പണി ഉപേക്ഷിക്കുവാൻ കാരണം?’’
ദാമോദരൻ തെല്ല് സങ്കടത്തോടെ ചേദിച്ചു.
‘‘അതൊന്നുമല്ല. ജീവിതപ്രാരാബ്ധങ്ങളാണ് ചുറ്റിനും.’’
‘‘നിനക്ക് ജീവിക്കാൻ മലയാള അക്ഷരങ്ങൾ പോരാതെ വരുന്നു, അല്ലെ ബാലാ?’’
ഇറങ്ങുവാൻ നേരം ദാമു മാഷിനോട് തർക്കിക്കേണ്ടതില്ലായെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ തികഞ്ഞ മൗനം പാലിച്ചു.
‘‘ആക്രിസാധനങ്ങൾക്കുവേണ്ടി നാട്ടിലൊക്കെ അലഞ്ഞുതിരിയുന്നതിനിടയിൽ പഴയ വാക്കുകൾ കൈയിൽ തടഞ്ഞാൽ നീ അത് എനിക്ക് കൊണ്ടു തരുവാൻ അമാന്തമൊന്നും കാണിക്കണ്ട. അല്ലെങ്കിൽ നീ നേരത്തെ പറഞ്ഞതുപോലെ അത്തരം വാക്കുകൾ നിന്നെ തേടിവരും, നോക്കിക്കോ.’’
ദാമോദരൻ മുറ്റത്തേക്കിറങ്ങിയ ബാലചന്ദ്രന്റെ പുറകെ നടന്ന് തന്റെ സംസാരം തുടർന്നു.
‘‘ലോകാേക്രാശം എന്ന വാക്ക് നിന്റെ അവസാനത്തേത് ആണെന്ന് ഞാൻ കരുതുന്നില്ല.’’
മുറ്റത്തെ മാവിൻചുവട്ടിൽ ചാരിെവച്ചിരിക്കുന്ന സൈക്കിൾ എടുത്ത് ബാലചന്ദ്രൻ പതുക്കെ ഉന്തിക്കൊണ്ട് ഇടവഴിയിലേക്ക് നടന്നു. ദാമോദരനെ തിരിഞ്ഞുനോക്കാതെ തന്നെ അയാൾ സൈക്കിളിന്മേൽ കയറിയിരുന്ന് സാവകാശം മുന്നേറി. കാലപ്പഴക്കത്താൽ തേയ്മാനം വന്ന ക്രാങ്കിപല്ലുകളിന്മേൽ ചങ്ങലക്കണ്ണികൾ പിടിക്കാതെ തെന്നി വികൃതമായ ലോഹശബ്ദങ്ങൾ പുറപ്പെടുവിച്ചു. വേഗത്തിൽ ചവിട്ടുംതോറും അതിന്റെ കഠോരതകൾക്കൊപ്പം അയാളും ചിലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കുവാൻ തുടങ്ങി.
‘‘ഇ, ഈ, ഋ, ഐ, ഔ, അഃ’’
അയാൾ പെഡലിന്മേൽ ആഞ്ഞുചവിട്ടി.
‘‘ബ, ട, ഠ, ഭ, ഷ, റ’’
അയാൾ ഉച്ചത്തിൽ പറഞ്ഞു.
