ഇലക്കാരി

ആ മരണവാർത്ത കേട്ടാണ് ദിവസമുണർന്നത്. ഷിഫ്റ്റും കഴിഞ്ഞുവന്ന് ഫ്ലാറ്റിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.അമ്മച്ചിയാണ് ഫോണിൽ വിവരമറിയിച്ചത്: “ജെയ്ക്കേ, നമ്മടെ വൈദ്യശാലപ്പറമ്പിനടുത്താട്ടോടാ ഇലക്കാരീടെ ബോഡി കിടന്നെ. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദിവസങ്ങളായിട്ട് പട്ടിണി ആയിരുന്നെന്ന്. വയറ്റിൽ കുറച്ച് പച്ചില മാത്രേ ഉണ്ടായിരുന്നുള്ളൂന്ന് കേട്ടപ്പോ ചങ്ക് കീറി. പിന്നെയുണ്ടല്ലോടാ, പഴേ...
Your Subscription Supports Independent Journalism
View Plansആ മരണവാർത്ത കേട്ടാണ് ദിവസമുണർന്നത്. ഷിഫ്റ്റും കഴിഞ്ഞുവന്ന് ഫ്ലാറ്റിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.അമ്മച്ചിയാണ് ഫോണിൽ വിവരമറിയിച്ചത്: “ജെയ്ക്കേ, നമ്മടെ വൈദ്യശാലപ്പറമ്പിനടുത്താട്ടോടാ ഇലക്കാരീടെ ബോഡി കിടന്നെ. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദിവസങ്ങളായിട്ട് പട്ടിണി ആയിരുന്നെന്ന്. വയറ്റിൽ കുറച്ച് പച്ചില മാത്രേ ഉണ്ടായിരുന്നുള്ളൂന്ന് കേട്ടപ്പോ ചങ്ക് കീറി.
പിന്നെയുണ്ടല്ലോടാ, പഴേ കാര്യങ്ങള് കുത്തിപ്പൊക്കിയെടുത്ത് അയലോക്കത്തുള്ളവര് വ്ലോഗ് ചെയ്തിട്ടുണ്ട്. ആ വിഡിയോക്ക് താഴെ നാട്ടുകാര് മുഴുവൻ ലൈക്കും കമന്റുമിട്ടിട്ടുണ്ട്. മില്യൺ വ്യൂസ് ഉണ്ടെന്നാ കേട്ടത്. എന്നാ തെറിയാണോ നിന്റെ വല്യപ്പച്ഛനേം അപ്പച്ഛനേം അവര് വിളിച്ചിരിക്കുന്നതെന്നു ചോദിച്ചാ പറയാൻ മേല! അത് കണക്കായിപ്പോയി.എനിക്കും പത്ത് പറയണമെന്നുണ്ടായിരുന്നു. പിന്നെ പ്രഷറുള്ള മനുഷ്യനല്ലേ, അതുകൊണ്ട് വേണ്ടെന്നുവെച്ചു. വിഡിയോക്കുവരുന്ന കമന്റുകളും വായിച്ച് മുറിയിൽക്കയറി കതകടച്ചിരിപ്പുണ്ട്. എനിക്കെപ്പോഴും തോന്നും ആ ഇലക്കാരീടെ ശാപം കൊണ്ടാ നിന്റെ ജീവിതം ഇങ്ങനെയായിപ്പോയേന്ന്,” അമ്മച്ചി സമാജത്തിൽ പ്രസംഗിക്കുന്നതുപോലെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ നിസ്സംഗതയോടെ കേട്ടുകിടന്നു.
“നിന്നെ വിളിച്ചു പറഞ്ഞതിന്റെ കാരണമറിയാമോ? മുഴുവനും കാണാതെയും കേൾക്കാതെയും വരുന്ന വിഡിയോയ്ക്കെല്ലാം ലൈക്കും ഹാർട്ടും ഇടുന്നവനാണ് നീ. അങ്ങനെ വല്ലോം ചെയ്താ നിന്റപ്പച്ഛന്റെ പ്രഷറ് കൂടും, അറ്റാക്ക് വരും. എനിക്ക് പണിയാകും’’, മുന്നറിയിപ്പ് തന്നുകൊണ്ട് അമ്മച്ചി സംസാരം അവസാനിപ്പിച്ചു.
എന്റെ ഉറക്കം പോയി. എഴുന്നേറ്റ് ചെരിപ്പ് പരതി. കട്ടിലിനുകീഴെ സ്ഥിരമായി കിടക്കുന്ന ചെരിപ്പ് കാണാനില്ലായിരുന്നു. കൂടുതൽ പരതാൻ നിൽക്കാതെ സിഗരറ്റിന് തീകൊടുത്ത് ബാൽക്കണിയിൽ ചെന്നിരുന്നു. ചാറ്റൽമഴ പെയ്തുകൊണ്ടിരുന്നു. ഉള്ളിൽ ചെറിയൊരു നാട്ടുവഴി തെളിഞ്ഞു. ചെറുകാറ്റല,ചാറ്റൽ മഴ, സ്കൂളിൽ നിന്നും ബാഗും തലയിൽ വെച്ച്,
“മഴേ….മഴേ… പോ…പോ..
വെള്ളച്ചിയമ്മേ കെട്ടിച്ചുതരാം,” എന്നു പാടിക്കൊണ്ട് ഉല്ലാസത്തോടെ നടന്നുപോകുന്ന ഒരുപറ്റം കുട്ടികൾ. പെട്ടെന്ന് അവരുടെ കളിചിരികളും കലപിലകളും നിലച്ചു.
“ദേടാ, ഇലപ്രാന്തി വരുന്നു,” ഒച്ചവെച്ചുകൊണ്ട് കൂടെയുള്ളവരെല്ലാം ഓടി. ഞാൻ നോക്കുമ്പോൾ മുഷിഞ്ഞ മുണ്ടും ബ്ലൗസുമായി വഴിയിൽ കാണുന്ന ഇലകൾ പൊട്ടിച്ച് വട്ടിയിലിട്ട് ഇലക്കാരി നടന്നടുക്കുന്നു. ഞാൻ നടുങ്ങിനിന്നു.
പുതിയ ചെരിപ്പായിരുന്നു, അതും ഇട്ടുകൊണ്ട് ഓടാൻ പറ്റിയില്ല. ഉപേക്ഷിച്ചുപോയാൽ അപ്പച്ഛൻ ചൂരലെടുക്കും. ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല, ചെരിപ്പുകളഞ്ഞ് ഓടി.
ഒഴിഞ്ഞ കാലുകളുമായി പരുക്കൻ വഴിയിലൂടെയുള്ള ഓട്ടത്തിൽ കാലുപൊട്ടി ചോര പൊടിഞ്ഞു. പക്ഷേ, അന്നേരം വേദനയറിഞ്ഞില്ല. വീട്ടിൽച്ചെന്നാൽ അപ്പച്ഛന്റെ കൈയിൽ നിന്നും കിട്ടാൻപോകുന്ന ചൂരൽക്കാപ്പിയുടെ കയ്പ്പായിരുന്നു നാവിൽ. ഭാഗ്യത്തിന് വീടിന്റെ മുൻവശത്ത് ആരുമുണ്ടായിരുന്നില്ല. കുളിച്ചു, വേഷം മാറി, ചായ കുടിച്ചു. ഏതു നിമിഷവും പിടിക്കപ്പെടുമെന്ന ഭീതിയും വെപ്രാളവും! ഹോംവർക്ക് ചെയ്യാൻ തയാറെടുക്കുമ്പോഴാണ് പിറകുവശത്തെ ഗെയിറ്റ് ചെറുതായി കരഞ്ഞത്. കാറ്റിൽ തുളസിയുടെയും സർപ്പപ്പോളയുടെയും ഗന്ധം! ഓടിവന്ന് നോക്കി. ഇലക്കാരിയാണ്! ഞാൻ ജനലരികിൽ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. അവർ അടുക്കളമുറ്റത്തേക്ക് സാവധാനം നടന്നുകയറി. തലയിൽനിന്നും വട്ടിയിറക്കിവെച്ച് ഉള്ളിലെ ഇലച്ചപ്പുകൾക്കിടയിൽ നിന്നും എന്റെ പുത്തൻ ചെരിപ്പുകളെടുത്ത് മുറ്റത്തെ കെട്ടിൽ വെച്ചു. പിന്നെ വൈദ്യരുപറമ്പും നോക്കി അൽപനേരം നിന്നശേഷം ചെറുകാറ്റിൽപ്പെട്ട കരിയിലയെന്നോണം പോയി. അതിൽപ്പിന്നെ അവരെ കാണുമ്പോൾ പേടിച്ചോടിയിട്ടില്ല. അന്ന് രാത്രി അമ്മച്ചിയോട് അവരെക്കുറിച്ച് തിരക്കി. അപ്പോഴാണ് ഇലക്കാരിയുടെ ജീവിതകഥ അമ്മച്ചി പറഞ്ഞുതന്നത്.
“നമ്മുടെ കുടുംബത്തോട് വളരെ ആത്മബന്ധമുള്ളവരായിരുന്നു ഇലക്കാരി. പണ്ട് നിന്റെ വൈദ്യര് വല്ല്യപ്പച്ഛന്റെ വൈദ്യശാലയിലേക്കുവേണ്ട ബ്രഹ്മി, കൂവളം,ആര്യവേപ്പില, കറ്റാർവാഴ തുടങ്ങിയ മരുന്നിലകളെല്ലാം എത്തിച്ചിരുന്നത് അവരായിരുന്നു. നാട്ടിൽ പ്ലാസ്റ്റിക് കവറുകളും വർത്തമാനപത്രവും സുലഭമല്ലാതിരുന്ന കാലത്ത് പലവ്യഞ്ജനക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പാകത്തിനുള്ള വട്ടികളും കൂടകളും, ഇല്ലിയും ഓലയും കൊണ്ട് നെയ്തുകൊടുത്തിരുന്നതും തേക്കിലകൾ എത്തിച്ചിരുന്നതും അവർ തന്നെ. അമ്പലത്തിൽ പൂജക്കാവശ്യമായ കറുക, അശോകത്തിന്റെ ഇല, കൈമരുതിന്റെ ഇല, പ്രസാദം കൊടുക്കാനുള്ള പ്ലാശിന്റെ ഇല, മന്നാടിയാരുടെ ഹോട്ടലിനു വേണ്ട മല്ലിയില, കറുകപ്പട്ടയില, ചീരയില, സദ്യക്കുള്ള ഞാലിപ്പൂവന്റെ ഇല ഇവയെല്ലാം എത്തിച്ചിരുന്നതും അവരായിരുന്നു.നല്ല അധ്വാനിയായിരുന്നു.
എത്ര ഉയരമുള്ള മരത്തിലും കയറി തേനെടുക്കും. അക്കാലത്ത് നമ്മുടെ നാട്ടിൽ മരം കയറണ പെണ്ണുങ്ങൾ വേറെയില്ലെന്ന് ഓർക്കണം. വെള്ളനിറമുള്ള റൗക്കയിട്ട്, കള്ളിമുണ്ട് താറുടുത്ത് മലയണ്ണാനെപ്പോലെ ഒരു കയറ്റമാണ്. ഞാനും നിന്റെ അപ്പച്ഛനും അയൽക്കാരായിരുന്നല്ലോ.പഠിത്തമില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ പിള്ളേരുസെറ്റ് മരുന്നുപറിക്കാൻ അവർക്കൊപ്പം ചെല്ലും. വലിയ സ്നേഹമായിരുന്നു ഞങ്ങളോട്. ഇടക്ക് മുണ്ടിന്റെ മടിയിൽ നിന്ന് പൊട്ടുകടലയും അച്ചുവെല്ലത്തിന്റെ കഷ്ണങ്ങളും എടുത്തുതരും.
അവരുടെ ഭർത്താവ് നാണുവാശാൻ മരം കയറ്റക്കാരനായി രുന്നു. എത്ര പൊക്കമുള്ള മരത്തിലും കയറും. മരത്തിൽ വടം കൊണ്ട് കെട്ടിവരിഞ്ഞിരുന്ന് തടി മുറിക്കും. ഈർച്ചവാളിന്റെ താളത്തിനൊപ്പം ഊഞ്ഞാലിലെന്നോണം അയാൾ വടത്തിലിരുന്നാടുന്നതു കാണാൻ നല്ല രസമായിരുന്നു.”

“ഇലക്കാരിയുടെ നാടെവിടാ?”, കഥക്കിടെ ഞാൻ ചോദിച്ചു.
“അറിയില്ല. മരംമുറിക്കും തടിപ്പണിക്കുമായി കുഞ്ഞലവി സായ്വിന്റെ കീഴിൽ തമിഴ്നാട്ടിലും കാസർഗോഡും മൈസൂരുമൊക്കെ നാണുവാശാൻ പോകുമായിരുന്നു. അങ്ങനെ എവിടെ നിന്നോ കൊണ്ടുവന്നതാണ്. അന്നവർക്ക് എട്ടോ പത്തോ വയസ്സേ ഒണ്ടായിരുന്നുള്ളുവെന്നാ കേൾവി.
നാണുവാശാന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകുടുംബത്തിലായിരുന്നു അവരുടെ താമസം. ആശാനെ കറവപ്പശുവായി മാത്രം കാണുന്ന അസൂയക്കാരുടെ അടുത്തേക്കാണ് പുൽനാമ്പു പോലൊരു പെണ്ണിനെയും കൊണ്ടുവന്നത്.
“ഇവളേതാ? എവിടുന്നാ?”, വീട്ടുകാരും നാട്ടുകാരും തിരിച്ചും മറിച്ചും ചോദിച്ചിട്ടും,
“ഒരു പെണ്ണ്, ഭൂമീന്ന് മുളച്ചുവന്നത്’’ എന്നേ ആശാൻ പറഞ്ഞുള്ളൂ. ഇലക്കാരിയോട് ചോദിക്കാമെന്നുവെച്ചാൽ അവർ പറയുന്നത് ഇവിടുള്ളവർക്കോ ഇവിടെയുള്ളവർ പറയുന്നത് അവർക്കോ മനസ്സിലായില്ല.
“ഇവളൊരു വൈദ്യന്റെ മോളാണെന്ന് തോന്നുന്നു. മരുന്നിലകളെപ്പറ്റിയെല്ലാം നല്ല ജ്ഞാനം,” വൈദ്യര് വല്ല്യപ്പച്ഛൻ നിരീക്ഷിച്ചു.
“ഇവൾ ആരണ്യാനി ദേവിയുടെ അവതാരം തന്നെ! അല്ലെങ്കിൽ ഇക്കാര്യത്തിലൊക്കെ എങ്ങനെയാ ഇത്ര നിശ്ചയം?” പൂജാരിക്ക് അക്കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടായിരുന്നില്ല. അങ്ങനെ പൈസച്ചെലവില്ലാതെ അവളുടെ സേവനം പറ്റുന്നവർ അവളെ സ്വന്തം ആളാക്കാൻ മത്സരിച്ചു.
പത്തുജോടി കൈകളായിരുന്നു ഇലക്കാരിക്ക്. കുത്തഴിഞ്ഞു കിടന്ന നാണുവാശാന്റെ കുടുംബം അടുക്കിപ്പെറുക്കാൻ അവർ ശ്രമിച്ചു. ആടിയ്ക്ക് വീടുവിട്ടാൽ അമാവാസിക്ക് തിരിച്ചുകയറുന്ന പ്രകൃതക്കാരനായിരുന്നു നാണുവാശാൻ. അവർ ആരോടും ഒരു പരിഭവവും പറഞ്ഞില്ല. വീട്ടുചെലവിനുള്ള മാർഗം സ്വയം കണ്ടെത്തി. നാട്ടിൽ ആദ്യമായി ഇഡ്ഡലി പരിചയപ്പെടുത്തിയത് അവരായിരുന്നു.
ദിവസവും തലയിൽ ഇല്ലികൊണ്ടുണ്ടാക്കിയ വട്ടിയും കൈയിൽ ഓടിന്റെ രണ്ടു തൂക്കുപാത്രവുമായി അതിരാവിലെ ഇലക്കാരി വീട്ടിൽ നിന്നിറങ്ങും. വട്ടിക്കുള്ളിൽ താമരയിലകൾ നിരത്തിവെച്ച് മുകളിൽ ഇഡ്ഡലി നിറച്ച്, കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാൻ മീതേയും താമരയിലകൾ കൊണ്ട് മൂടും. തലയിൽ വട്ടിയുമേന്തി അവർ നടന്നുപോകുമ്പോൾ കാക്കകൾ അതിനു മുകളിൽ വട്ടമിട്ട് പറക്കാറില്ല. അവരെ കണികണ്ടായിരുന്നു നാട്ടിലെ കുട്ടികൾ ഉണർന്നിരുന്നത്. വീട്ടുവരാന്തയിൽ വട്ടി ഇറക്കിവെക്കുമ്പോഴേക്കും കുട്ടികൾ വായും മുഖവും കഴുകി തിണ്ണയിൽ ചെന്നിരിക്കും. ഇഡ്ഡലിച്ചൂടിൽ വാടിയ താമരയിലകളിൽ പൂപോലെ പതുപതുത്ത ഇഡ്ഡലി വിളമ്പും. അതിനു മുകളിൽ വെള്ളച്ചമ്മന്തിയൊഴിക്കും. ഒരു വശത്ത് എണ്ണയിൽ ചാലിച്ച പൊടിയുമുണ്ടാകും. എല്ലാം കൂട്ടിക്കുഴച്ച് കഴിക്കുന്നേന്റെ സ്വാദും മണവും !
ഇഡ്ഡലി വിറ്റ് മടങ്ങുംവഴി അന്നന്നു വേണ്ട ഇലകളെല്ലാം പറിച്ച് അവർ വട്ടിനിറക്കും. ആവശ്യക്കാർക്ക് ഇലകളെത്തിച്ചു കഴിഞ്ഞാൽ നാണുവാശാന്റെ വക തരിശുപറമ്പിലേക്കിറങ്ങും. വെള്ളത്തിന് വലിയ ക്ഷാമമുള്ള കാലം. രണ്ടു കിലോമീറ്ററോളം കുന്നും കുഴിയും കയറിയിറങ്ങി തലയിലും ഒക്കത്തും കൈയിലുമായി മൂന്നു മൺകുടത്തിൽ അവർ വെള്ളം ചുമന്നുകൊണ്ടുവന്നിരുന്നത് നാട്ടുകാർക്ക് പുതുമയുള്ള കാഴ്ചയായിരുന്നു. ആ തരിശിൽ അവരൊറ്റക്കാണ് വാഴയും പച്ചക്കറികളും നട്ടത്.
“ഇതൊന്നും വേര് പിടിക്കില്ല. വെറ്തെ പ്രാന്ത്,” നാണുവാശാന്റെ കുടുംബക്കാർ പരിഹസിച്ചു. എന്നാൽ, ഇലക്കാരിയുടെ വിയർപ്പ് പടർന്ന് ആ പടുനിലം പറുദീസയായി. അവിടെ മാത്രമല്ല വല്യപ്പച്ഛന്റെ വൈദ്യശാലപ്പറമ്പിലും അമ്പലപ്പറമ്പിലും അവർ നിറയെ ചെടികൾ നട്ടു. നട്ടതിനെല്ലാം വെള്ളവും കൊടുത്തു.
ഇലക്കാരിക്ക് അക്കാലത്ത് നാട്ടിൽ അടുപ്പമുണ്ടായിരുന്നത് വൈദ്യര് വല്ല്യമ്മച്ചിയോട് മാത്രമാണ്. എന്നും ഉച്ചനേരത്ത് വൈദ്യശാലയുടെ പിറകിലെ നാട്ടുമാവിന്റെ കീഴിൽ ഇരുവരും ചെന്നിരിക്കും. പരസ്പരം പേൻ നോക്കിക്കൊടുക്കും. തലയോട്ടിയിലൂടെ അരിച്ചുനീങ്ങുന്ന വിരലുകളും നഖങ്ങളിൽ ഞെരിയുന്ന പേനൊച്ചകളും അറിയാഭാഷകളുടെ വിദഗ്ധ പരിഭാഷകരായി.വ്യത്യസ്ത ഭാഷയിൽ രണ്ടു സ്ത്രീകൾ വാതോരാതെ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്.
“വൈദ്യരമ്മച്ചിക്ക് ഇലക്കാരി പറയണത് വല്ലോം തിരിയുന്നുണ്ടോ?”, നിന്റെ അപ്പച്ഛനും ഞാനും ചോദിക്കും.
“പിന്നെന്താ?”, വൈദ്യരമ്മച്ചി ഈ പിള്ളേരെന്താ പറയുന്നതെന്ന മട്ടിൽ ഞങ്ങളെ തുറിച്ചുനോക്കും.
മകനെ ഗർഭം ധരിച്ച കാലത്തും ഇലക്കാരി വിശ്രമമില്ലാതെ പണിയെടുത്തു. പ്രസവത്തിന്റെ തലേന്ന് സന്ധ്യക്കാണ് ഒമ്പതു മാസത്തിനിടെ അവർക്കൊരു വ്യാക്കൂൺ വന്നത്, അരിനെല്ലിക്ക തിന്നണം! വീടിന്റെ പിറകിൽ ഒരു ചെറിയ പാറയാണ്.അതു കയറിച്ചെന്നാൽ ഒരു അരിനെല്ലി മരമുണ്ട്. അത് കുലകുത്തി കായ്ച്ചുകിടക്കുന്ന കാലം. അവർ ഒരു കൊച്ചു തോട്ടിയുമായി മുകളിലേക്കുള്ള പടവ് കയറാനൊരുങ്ങി.
“നീയിവിടെ ഇരിക്ക്. ഞാൻ പറിച്ചോണ്ട് വരാം,” തടിപ്പണിയും ഊരുചുറ്റലും നിർത്തി വീട്ടിൽ സ്ഥിരമായ നാണുവാശാൻ തോട്ടി വാങ്ങി കോഴിക്കൂടിന്റെ അരികത്തുവെച്ച് കത്രിക്കയുടെ മിനുപ്പുള്ള അവരുടെ കഴുത്തിൽ ഒരുമ്മയും കൊടുത്ത് കയറിപ്പോയി. അന്നേരം ഇലക്കാരിയുടെ ചെവി രണ്ടും അടച്ചു. പിന്നെയത് തുറന്നത് വലിയൊരു ചൂളം വിളിയോടെയാണ്. അതേനേരം, വീടിന്റെ തെക്കേമൂലയിൽ ചൂളംകുത്തുന്ന ചെവികൾ പൊത്തിപ്പിടിച്ചുകൊണ്ട് നാണുവാശാന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു.
“സന്ധ്യനേരത്ത് മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ’’, അവർ പിറുപിറുത്തു.
കഷ്ടി രണ്ടാൾ പൊക്കമുള്ള കുട്ടി അരിനെല്ലി മരമായിരുന്നു അത്. നാണുവാശാൻ തോർത്തിൽ അഞ്ചാറു കൊത്തുനെല്ലിക്ക പൊട്ടിച്ചിട്ട് തുമ്പുകൊണ്ട് ചുറ്റിക്കെട്ടി തോളത്തിട്ടു. നിറയെ കവരകളുള്ള മരമായിരുന്നു. നാണുവാശാനെ പോലൊരാൾക്ക് കണ്ണുമടച്ച്, പുല്ലുപോലെ ഇറങ്ങാം. പക്ഷേ...എന്തു പറ്റിയെന്നറിയില്ല, ഇറങ്ങാൻ നേരം കാലുതെറ്റി വീണ് മരണപ്പെട്ടു.” അമ്മച്ചി കഥ നിർത്തി. അൽപനേരം നിശ്ശബ്ദയായിരുന്നു.
എന്റെയുള്ളിൽ കരുത്തുള്ള കോലൻ മുടി ഉച്ചിയിൽ കൊണ്ട കെട്ടിവെച്ച, ഒഴിഞ്ഞ കഴുത്തും കാതും മെലിഞ്ഞ ദേഹവും വീർത്ത വയറുമുള്ള ഇലക്കാരി നിറഞ്ഞുനിന്നു.
അമ്മച്ചി കഥ തുടർന്നു: “നാണുവാശാനും അയാളുടെ അമ്മയും മരിച്ചതോടെ കുടുംബക്കാരുടെ മട്ടു മാറി. അവർ ഇലക്കാരിയെയും മകനെയും ഇറക്കിവിട്ടു. പിന്നീടുള്ള കാലം പുറമ്പോക്കിൽ കുടിലുകെട്ടിയും കൂലിപ്പണിയെടുത്തുമാണ് അവർ മകനെ പോറ്റിയത്.
“നമുക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടതാ, ഇലക്കാരിക്ക് കൂര വെക്കാൻ അൽപം സ്ഥലം കൊടുക്കരുതോ?”, വൈദ്യശാലയുടെ ചുറ്റും പുറവും തഴച്ചു വളർന്നുനിൽക്കുന്ന ഔഷധത്തോട്ടം നോക്കി വൈദ്യര് വല്ല്യമ്മച്ചി ഒരിക്കൽ കെട്ടിയവനോട് ചോദിച്ചു.
“ഞാൻ പറഞ്ഞിട്ടാണോ അവള് ഇതൊക്കെ നട്ടത്? വേണോങ്കി വന്ന് പറിച്ചോണ്ട് പോകാമ്പാറ. പിന്നേ, വേണ്ടാത്ത മനസ്സലിവൊന്നും ആരോടും കാട്ടണ്ട,” മുറ്റത്ത് പനമ്പിൽ ഉണങ്ങാൻ ഇട്ടിരുന്ന മുത്തങ്ങക്കിഴങ്ങ് പെറുക്കിയെടുത്തുകൊണ്ടിരുന്ന നിന്റെ വൈദ്യര് വല്ല്യപ്പച്ഛൻ ഒച്ചയെടുത്തു. അങ്ങേർക്കപ്പോൾ ഓന്തിന്റെ മുഖച്ഛായയായിരുന്നു.
ഇലക്കാരിയുടെ മകനൊപ്പം നാടും വളർന്നു. ഞാൻ നേഴ്സിങ് കഴിഞ്ഞ് സൗദിയിലേക്ക് പോയി. നിന്റപ്പച്ഛൻ പത്ത് പലതവണ എഴുതി കരകയറാതെ മുടിയനായ പുത്രനായി കൂട്ടും കൂടി നടന്നു. നാട്ടിൽ ഇലയ്ക്കുപകരം പ്ലാസ്റ്റിക്കും പത്രക്കടലാസുകളും സുലഭമായി. ആളുകൾക്ക് വേണ്ടുന്നവയെല്ലാം ലോറികളിൽ ദേശം കടന്നെത്തി. എന്നാലതൊന്നും അവരെ നിരാശയാക്കിയില്ല. പതിവുപോലെ ദിവസവും കിട്ടുന്ന വിത്തുകളും ഞാലിപ്പൂവൻ വാഴത്തൈകളും കൂരയോടുചേർന്ന തരിശു പറമ്പുകളിൽ അവർ നട്ടുനനച്ചു.
വർഷങ്ങൾ വെട്ടുകിളികളെപ്പോലെ മാസങ്ങളെയും ദിവസങ്ങളെയും കൊത്തിത്തീർത്തുകൊണ്ടിരുന്നു. ഒരവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ നിന്റെ അപ്പച്ഛനുമായുള്ള എന്റെ വിവാഹം നടന്നു. എന്റെ വീട്ടിൽ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. അങ്ങേര് നന്നാവും എന്നെനിക്കൊരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതുപോയി. ഞാൻ അയച്ചുകൊടുത്ത പണമെല്ലാം പല കച്ചവടങ്ങൾ നടത്തി പൊട്ടിച്ചുതീർത്തു. അങ്ങേരോട് പിണങ്ങി രണ്ടു വർഷക്കാലം ഞാൻ നാട്ടിൽ വന്നതേയില്ല. പിന്നെ പള്ളീലച്ചൻ ഇടപെട്ടാണ് ഒത്തുതീർപ്പായത്. എനിക്ക് സൗദിയിലെ പണിയും കളഞ്ഞ് ഇങ്ങോട്ടു പോരേണ്ടിവന്നു.
“നീ കൂടെ ഉണ്ടെങ്കിൽ അവൻ നന്നാകും. എനിക്കുറപ്പാ. അല്ലേലും കുടുംബം കളഞ്ഞിട്ട് എന്തോരം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല,” അച്ചന്റെ ആ ഉറപ്പിൽ ഞങ്ങളും ശ്രമിച്ചു. മാസങ്ങൾ കൊണ്ട് ഞങ്ങൾ തമ്മിലുള്ള പിണക്കങ്ങളെല്ലാം അലിഞ്ഞു.അങ്ങനെ ഒരുവിധത്തിൽ നന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആ ചതി. വൈദ്യര് പറമ്പിനപ്പുറം കിടക്കുന്ന ഇരുപത് സെന്റ് സ്ഥലത്ത് നിന്റപ്പച്ഛനും കൂട്ടരും ചേർന്ന് കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടായിരുന്നു. വൈദ്യരപ്പച്ഛന്റെ അറിവോടെയായിരുന്നു അത്. പലവട്ടം വിളവെടുത്തെന്നാ അറിവ്. ഒരിക്കൽ ആരോ ഒറ്റി.പോലീസ് വന്നു.
“കാശുണ്ടാക്കാൻ വേറെ എന്തൊക്കെ പണികളുണ്ട്. ഇനി നിങ്ങളും ഞാനും തമ്മീ യാതൊരു ബന്ധവുമില്ല,”. “കാര്യമറിയാതെ നീ ഓരോന്ന് പറയല്ല്. ആ ഭൂമി നമ്മടെയല്ല. അത് ഞാൻ ഇലക്കാരിക്ക് ഇഷ്ടദാനം കൊടുത്തതാ. അതിൽ അവളും മോനും ചേർന്ന് ഇങ്ങനൊരു കൃഷി നടത്തുമെന്ന് ഞാനോർത്തോ? അങ്ങറ്റത്തെ സ്ഥലമല്ല്യോ. ആരുടേം കണ്ണെത്താത്തത് അവർക്ക് ഗുണമായി,” വൈദ്യരപ്പച്ഛൻ മകന് പിന്തുണയുമായി വന്നു.ഞാൻ വൈദ്യരമ്മച്ചിയെ നോക്കി.
“കാര്യമറിയാതെ നീ ഇറങ്ങിപ്പോയാ നാട്ടുകാര് എന്റെ മോനെ പറയും. ഒരു പ്രശ്നം വരുമ്പോ കുടുംബത്തിലുള്ളോരെ വിട്ടു കളയുകയല്ല, ചേർത്തുപിടിക്കുകയാ വേണ്ടത്. എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല,” നാട്ടിൽ സ്ഥിരമായി ഇല്ലാത്തതുകൊണ്ട് അവരെ ഞാൻ വിശ്വസിച്ചു.
പോലീസുകാർ ഇലക്കാരിയെയും മകനെയും പിടിച്ചുകൊണ്ടുപോയി. കണ്ടുനിന്നവരുടെ കരളുരുകുന്ന കാഴ്ചയായിരുന്നു അത്. ഇലക്കാരിയുടെ മകനെക്കുറിച്ച് ആർക്കും ഒരു ചീത്തക്കാര്യവും പറയാനില്ലായിരുന്നു. വാഴയില വിറ്റാണ് അവർ ജീവിച്ചിരുന്നത്. അപ്രതീക്ഷിതമായി വന്ന കാറ്റും മഴയും ഉപജീവനത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടിരുന്നെങ്കിലും നാട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും അവരെ മുന്നോട്ടുനയിച്ചു. കഷ്ടങ്ങളിൽ അവർ ആരോടും ഒന്നും ഇരന്നു വാങ്ങിയില്ല, വിശന്നു ചെല്ലുന്നവരെ നിരാശപ്പെടുത്തിയുമില്ല.
“പഠിക്കാൻ മിടുക്കനായിരുന്നു. കോളേജ് പഠിത്തത്തിന് പോകാൻ ഗതിയില്ലാത്തോണ്ട് ഇലക്കാരിക്കൊപ്പം വാഴകൃഷിയും ചെയ്ത് സ്വസ്ഥമായിട്ടാ ആ കൊച്ചൻ ജീവിച്ചത്” –എന്റെ അമ്മ കരഞ്ഞു.
“നിന്റെ കെട്ടിയോനും തന്തയും കൂടി നടത്തുന്ന കൃഷിയാ അത്. ആ പാവത്തുങ്ങടെ ശാപം വീണാ മുടിഞ്ഞുപോകത്തേയുള്ളൂ,” അയൽക്കാർക്കൊപ്പം എന്റെ അപ്പനും പൊട്ടിത്തെറിച്ചു.

പോലീസ് ക്രൂരമായാണ് ആ പയ്യനോട് പെരുമാറിയത്. അവനെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിക്കണമെന്ന വാശിയുള്ളത് പോലെയായിരുന്നു. ഞാൻ എന്റെ അപ്പന്റെ കൈയിൽ പണം കൊടുത്ത് അവർക്കുവേണ്ടി വക്കീലിനെ ഏർപ്പാടാക്കി. കഷ്ടപ്പെട്ടാണ് ജാമ്യം കിട്ടിയത്. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ പയ്യൻ അന്ന് രാത്രി ആത്മഹത്യ ചെയ്തു. ഞാൻ സ്തംഭിച്ചുപോയി. അവനെ കേസിൽ നിന്നും രക്ഷിച്ചെടുത്ത് ജീവിക്കാൻ വേണ്ടത് ചെയ്തു കൊടുക്കണമെന്ന് ആത്മാർഥമായും ആഗ്രഹിച്ചിരുന്നതാ ണ്. അവന്റെ മരണം ഇലക്കാരിയെപ്പോലെ ഹൃദയമുള്ള പലരെയും ബാധിച്ചു. അവരെ സഹായിക്കാമായിരുന്നു എന്ന ചിന്ത എന്നെ കാർന്നുതിന്നുകൊണ്ടിരുന്നു. അത് എന്റെമാത്രം കുറ്റമായിരുന്നില്ല. അവരെ ചൂണ്ടിക്കാണിച്ചുതരാനും ആരുമുണ്ടായിരുന്നില്ല, സ്വന്തം കാര്യം മാത്രം ചിന്തിച്ചു. ചുറ്റുവട്ടത്തേക്ക് ഒരു ചെറുനോട്ടം, അതു മതിയായിരുന്നു. പക്ഷേ….പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാത്രമാണ് നാട്ടുകാർ നമ്മുടെ കുടുംബത്തെ അന്ന് വെറുതെ വിട്ടത്. നിന്നെയന്ന് ഒരു മാസം ഗർഭിണിയായിരുന്നു ഞാൻ.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ കേസ് തേഞ്ഞുമാഞ്ഞു പോയി. നാട്ടുകാർ അതുമറന്നു. ക്രമേണ ഇലക്കാരി നാടിന്റെ കാഴ്ചകൾക്കപ്പുറത്തായി. എപ്പോഴോ അവരെ കണ്ടാൽ ‘ഇലപ്രാന്തി’ എന്നുവിളിച്ച് ഓടിയകലുന്ന പുതിയ കുട്ടികൾ വന്നു’’-അമ്മച്ചി നിസ്സംഗതയോടെ ഇലക്കാരിയുടെ ചരിത്രം പറഞ്ഞുനിർത്തി.
സിഗരറ്റ് കത്തിത്തീർന്നതിന്റെ ചൂട് വിരലുകളെ പൊള്ളിച്ചു.ചാറ്റൽമഴ മാറി നഗരദൃശ്യങ്ങൾ തെളിഞ്ഞുതുടങ്ങി. കാഴ്ചകൾക്ക് സാമാന്യം വേഗം വെച്ചുതുടങ്ങിയിരുന്നു. ഞാൻ യൂട്യൂബിൽ അയൽക്കാരനിട്ട വ്ലോഗ് കണ്ടു. വാഴയിലയിൽ, കഴുത്തറ്റം വരെ വാഴയിലകൾ കൊണ്ടുമൂടി ഇലക്കാരി! തലഭാഗത്തുവെച്ച ഒറ്റത്തിരി നിലവിളക്കിനേക്കാൾ തിളക്കമുള്ള ആ മുഖവും നോക്കി അൽപനേരമിരുന്നു. നീതികിട്ടാത്ത ആത്മാക്കൾ തന്റെ കുടുംബത്തിനു മുകളിൽ നെയ്യുന്ന അദൃശ്യവലകളെ ഭയക്കുന്ന അമ്മച്ചിയെ ആ പരിസരത്തെങ്ങും കണ്ടില്ല. ഒരുപക്ഷേ അമ്മച്ചി അവിടെ ഉണ്ടായിരുന്നെങ്കിൽ അവരുടെ വീണ്ടും വരവിന്റെ ഇലയനക്കം അനുഭവപ്പെട്ടേനെ!
ഞാൻ മൊബൈൽ ടീപ്പോയിൽ വെച്ച് ബാൽക്കണിയുടെ കൈവരി പിടിച്ചുനിന്നു. എപ്പോഴോ പിൻവാങ്ങിയ മഴയുടെ ഒരു തുള്ളി ഇരുണ്ട മേഘങ്ങളിൽ നിന്നുമുതിർന്ന് ശിരസ്സിൽ വീണു ചിതറി. തണുത്ത നിലത്ത് കാൽ കോച്ചിവലിച്ചു. മുറി മുഴുവൻ നോക്കിയിട്ടും ചെരിപ്പ് കണ്ടില്ല. ചെരിപ്പില്ലാതെ ഓടിയ കുട്ടിയെയെന്നപോലെ ഞാൻ കിതച്ചു. കാറ്റിൽ തുളസിയുടെയും സർപ്പപ്പോളയുടെയും മണം.
