വിബ്ജിയോർ

01അർധനാരീശ്വരക്ഷേത്രം കഴിഞ്ഞുള്ള ഇറക്കത്തിൽ വവ്വാലുകൾ ചേക്കേറുന്ന പുരാതനമായ ആൽമരത്തിനു ചുവട്ടിലെ ചായക്കടക്കു മുന്നിൽ സിദ്ദു പതിവുപോലെ വണ്ടി നിർത്തി. നാട്യശാസ്ത്രയിൽ ഭാസനാടകത്തിന്റെ ഡെമോൺസ്ട്രേഷൻ കാണാൻ പോകുന്നു എന്ന് പാർവതി അമ്മക്ക് വാട്സ്ആപ്പിൽ സന്ദേശമയച്ചപ്പോഴേക്ക് അവൻ രണ്ടു ചില്ലുഗ്ലാസുകളിൽ ചായയുമായി വന്നു. സിദ്ദുവുണ്ടോ കൂടെ..? പാർവതിയുടെ ഫോണിൽ അമ്മ സീതാലക്ഷ്മിയുടെ മറുപടിച്ചോദ്യം. ഒരു സെൽഫിച്ചിത്രം അമ്മക്കയച്ച് അവൾ...
Your Subscription Supports Independent Journalism
View Plans01
അർധനാരീശ്വരക്ഷേത്രം കഴിഞ്ഞുള്ള ഇറക്കത്തിൽ വവ്വാലുകൾ ചേക്കേറുന്ന പുരാതനമായ ആൽമരത്തിനു ചുവട്ടിലെ ചായക്കടക്കു മുന്നിൽ സിദ്ദു പതിവുപോലെ വണ്ടി നിർത്തി.
നാട്യശാസ്ത്രയിൽ ഭാസനാടകത്തിന്റെ ഡെമോൺസ്ട്രേഷൻ കാണാൻ പോകുന്നു എന്ന് പാർവതി അമ്മക്ക് വാട്സ്ആപ്പിൽ സന്ദേശമയച്ചപ്പോഴേക്ക് അവൻ രണ്ടു ചില്ലുഗ്ലാസുകളിൽ ചായയുമായി വന്നു.
സിദ്ദുവുണ്ടോ കൂടെ..?
പാർവതിയുടെ ഫോണിൽ അമ്മ സീതാലക്ഷ്മിയുടെ മറുപടിച്ചോദ്യം.
ഒരു സെൽഫിച്ചിത്രം അമ്മക്കയച്ച് അവൾ ഫോൺ കെടുത്തി.
സംസ്കൃതനാടകങ്ങളിലാണ് സിദ്ദുവിന്റെ ഗവേഷണം. നാട്യശാസ്ത്രയിലെ ഡെമോൺസ്ട്രേഷനിൽ അവനും സംസാരിക്കുന്നുണ്ട്.
വരുന്നോ എന്നവന്റെ സന്ദേശം വായിക്കുമ്പോൾ പാർവതി ഒമ്പതാം ക്ലാസുകാരുടെ ജീവശാസ്ത്രം ഉത്തരക്കടലാസിൽ ചുവന്ന മഷികൊണ്ട് ശരികളും തെറ്റുകളും അടയാളപ്പെടുത്തുകയായിരുന്നു.
ഇതൊക്കെതന്നെയാണോ ശരിക്കും ശരിയും ശരിക്കും തെറ്റും എന്നാർക്കറിയാം എന്നാലോചിച്ചപ്പോൾ അവൾക്ക് ചിരിവന്നു.
വരുന്നു എന്നവൾ സിദ്ദുവിന് മറുപടി അയച്ചു. ഗവേഷണത്തിനു വേണ്ടി അവൻ നടത്തുന്ന യാത്രകളിലൊക്കെ അവളും കൂടെയുണ്ടാവാറുണ്ട്.
നിന്റെ കൂടെ നടന്ന് ഞാനും നാടകം പഠിച്ചെന്നു തോന്നുന്നുണ്ട്.
റോഡിനപ്പുറത്ത് പുഴക്കരയിലൂടെ വടക്കോട്ട് പോകുന്ന തീവണ്ടിയെ നോക്കി അവൾ പറഞ്ഞു.
എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം വേണമല്ലോ.
അവൻ ഒരു ചായക്കു കൂടി പറഞ്ഞു.
അവനങ്ങനെയാണ്. രണ്ടും മൂന്നും ചായകൾ
ഒരുമിച്ചു കുടിക്കും...
കാശ് കൊടുക്കണേ... എന്റേല് കാലണയില്ല.
അവൾ ബാഗിൽനിന്ന് കാശെടുത്ത് അവന്റെ നേരെ നീട്ടി.
നീയങ്ങു കൊടുത്താൽ പോരേ..?
അതുവേണ്ട, നിങ്ങൾ പുരുഷന്മാർക്ക് ഈഗോ ഹർട്ട് ചെയ്യും.
ഒരു കൂട്ടം വവ്വാലുകൾ ശബ്ദമുണ്ടാക്കി അവരുടെ തലക്കു മേലെ പറന്ന് ആലിൻകൊമ്പിൽ തലകീഴായി തൂങ്ങിക്കിടന്നു.
അമ്മയോട് എന്തുപറഞ്ഞു?
സിദ്ദുവുണ്ടെങ്കിൽ എവിടെ പോയാലും അമ്മക്ക് പേടിയില്ലല്ലോ..! അമ്മ കരുതുന്നത് നമ്മളുടനെ കല്യാണം കഴിക്കുമെന്നാണ്.
പാർവതി പറഞ്ഞു.
നീയിതു വരെ അമ്മയോടൊന്നും പറഞ്ഞില്ല അല്ലേ..?
സിദ്ദു അവളെ നോക്കി.
എനിക്കൊരു കാര്യം പറയാനുണ്ട് എന്നൊക്കെ പറഞ്ഞ് ഒരു ദിവസം മുഖവുരയിട്ടതാണ്. പക്ഷേ, എങ്ങനെയാണു പറയേണ്ടത് എന്നറിയാതെ കുഴങ്ങിപ്പോയി.
പക്ഷേ കുഴപ്പമതല്ല സിദ്ദൂ... അമ്മ കരുതുന്നത് ഞാൻ പറയാൻ പോകുന്നത് നിന്റെ കാര്യമാണെന്നാണ്.
പാർവതി താഴെ വീണ ഒരാലിലയിൽ നഖംകൊണ്ട് വെറുതെ പോറി.
പക്ഷേ, നമുക്കത് പറഞ്ഞല്ലേ പറ്റൂ.
സിദ്ദു ചോദിച്ചു
നീയൊരു ദിവസം വന്ന് അമ്മയെ കാണണം.
എന്നിട്ട്..?
അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം.
വരാം... നിനക്ക് ഞാനല്ലേ ഉള്ളൂ.
അതു മറക്കാതിരുന്നാൽ മതി.
അവൾ കൈ ചുരുട്ടി അവന്റെ വയറിൽ ഇടിച്ചു.
കയറ്.
സിദ്ദു വണ്ടി സ്റ്റാർട്ടാക്കി.
പ്രൊതിമാ നാടകത്തിന്റെ രംഗാവിഷ്കരണവും തുടർന്നു നടന്ന ഓപൺഫോറവും അതിൽ സിദ്ദു നടത്തിയ പ്രഭാഷണവും ഗംഭീരമായിരുന്നു. ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തിയയാൾ ശ്രീമാൻ സിദ്ദീഖ് കെ.എസിന്റെ പ്രഭാഷണത്തെ പ്രത്യേകം പരാമർശിക്കുകയും അദ്ദേഹത്തിന്റെ റിസർച് എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ എന്നാശംസിക്കുകയും ചെയ്തു.
പുറത്തേക്ക് നടക്കുമ്പോൾ പാർവതി സിദ്ദുവിന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
02
എനിക്കൊന്നാലോചിക്കണം.
ഏറെ നേരത്തെ നിശ്ശബ്ദതക്കുശേഷം സീതാലക്ഷ്മി സിദ്ദുവിന്റെയും പാർവതിയുടേയും മുഖത്തുനോക്കാതെ പറഞ്ഞു. രണ്ടുപേരെയും ശ്രദ്ധിക്കാതെ അകത്തേക്കുകയറി പോകുകയും ചെയ്തു.
അമ്മയെ ഞാൻ സങ്കടപ്പെടുത്തി.
പോകാനിറങ്ങിയ സിദ്ദു ഉമ്മറപ്പടിയിൽ തിരിഞ്ഞു നിന്ന് പാർവതിയെ നോക്കി.
അവന്റെ കണ്ണുകൾ കലങ്ങിയും ചുണ്ടുകൾ വിതുമ്പിയുമിരുന്നു.
സാരമില്ല, ചില സങ്കടങ്ങൾ ഒഴിവാക്കാൻ പറ്റാത്തവയാണ്. നീ സമാധാനമായിട്ടു പോ സിദ്ദൂ.
****
രണ്ടാളും കൂടി എന്തൊക്കെ നാടകങ്ങളാണ് കളിക്കുന്നത്?
മുറിയിലേക്ക് വന്ന പാർവതിയോട് സീതാലക്ഷ്മി ചോദിച്ചു.
അവൻ പറഞ്ഞതൊക്കെ ഞാൻ കണ്ണടച്ച് വിശ്വസിക്കുമെന്നാണോ കരുതുന്നത്?
സീതാലക്ഷ്മിയുടെ ശബ്ദത്തിൽ ദേഷ്യമാണോ സങ്കടമാണോ എന്ന് പാർവതിക്ക് തിരിച്ചറിയാനാവുന്നില്ല.
അതങ്ങനെയല്ലമ്മ...
അവൾ അമ്മയോട് ചേർന്നിരുന്നു.
പിന്നെ..?
സിദ്ദു പറഞ്ഞത് മുഴുവൻ ശരിയാണ്.
അവൾ അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു.
അമ്മക്ക് സീനത്താന്റിയെ ഓർമയുണ്ടോ..?
പാർവതി പതുക്കെയാണ് ചോദിച്ചത്.
സീതാലക്ഷ്മിയിൽ ആ പേരുണ്ടാക്കിയ ഞെട്ടൽ അവൾ കണ്ടു.
മറക്കാൻ പറ്റ്വോ സീതക്ക് സീനത്തിനെ..?
അവൾ അമ്മയുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
പാർവതിയുടെ കണ്ണിൽ സീതാലക്ഷ്മി തന്നെത്തന്നെ കണ്ടു.
സീനത്തിന്റെ മാളികവീടിന്റെ തട്ടിൻപുറമായിരുന്നു രണ്ടാളുടെയും വിഹാരകേന്ദ്രം.
നിർത്താതെ ചിരിക്കുമായിരുന്നു സീതാലക്ഷ്മി.
സീതാലക്ഷ്മി ചിരിക്കുമ്പോൾ സീനത്തിന് ഉടൽ പൂക്കുമായിരുന്നു.
രണ്ടുപേർക്കും തലച്ചോറിൽ നിഗൂഢമായ കാമനകളുടെയും അഭിനിവേശങ്ങളുടെയും വേലിയേറ്റങ്ങളുണ്ടാവുമായിരുന്നു.
ഉപ്പയുടെ പുസ്തകശേഖരത്തിൽനിന്ന് ‘ആനി ഓൺ മൈ മൈൻഡ്’ കണ്ടെടുത്തത് സീനത്താണ്.

അജ്ഞാതമായ ഏതൊക്കെയോ ആരാമങ്ങളിൽ രണ്ടു പേരും കൈകോർത്തുപിടിച്ച് അലഞ്ഞു നടന്നു. ഞാൻ ഞാനെന്ന് മത്സരിച്ച് പൂക്കളുടെ ജനിപുടം പിളർത്തി തേൻ നുകർന്നു. സങ്കൽപ നദികളിൽ ആഴത്തിലാഴത്തിൽ മുങ്ങിനിവർന്നും നീന്തിത്തുടിച്ചും ലിസയും ആനിയുമായി മതിമറന്നു നടക്കുമ്പോഴാണ് ഒരു ദിവസം സീനത്തിന്റെ ഉമ്മ കോണികയറി തട്ടിൻ പുറത്തേക്കുവന്നത്.
സീനത്തിന്റെ മിഴികളിലെ കലങ്ങിയ സുറുമയും സീതാലക്ഷ്മിയുടെ കണ്ണുകളിലെ പാതിനിദ്രയും കണ്ട് ഉമ്മയൊന്നമർത്തി മൂളി.
കോണിയിറങ്ങി വരുമ്പോൾ ഉമ്മയും ഉപ്പയും താഴെയുണ്ട്.
ഉപ്പ ഒന്നേ പറഞ്ഞുള്ളൂ.
സീത ഇനി ഇങ്ങോട്ടു വരരുത്. സീനത്തിനെ കാണരുത്.
ആരോടും ഒന്നും പറയാതെ പുറത്തേക്ക് നടക്കുന്നതിനിടെ ഒന്നു തിരിഞ്ഞുനോക്കി.
രണ്ടു വലിയ നീർത്തുള്ളി പോലെ തുളുമ്പാൻ വിതുമ്പിനിൽക്കുന്ന കണ്ണുകളാണ് സീനത്തിനെക്കുറിച്ചുള്ള അവസാനത്തെ ഓർമ.
സീനത്താന്റിയുടെ മകളാണ് സിത്താര.
പാർവതി പറഞ്ഞു.
ഞങ്ങൾക്കൊരുമിച്ചു ജീവിക്കണം. അമ്മ അതിനു സമ്മതിക്കണം.
അവൾ സീതാലക്ഷ്മിയുടെ കണ്ണുകളിൽ നോക്കി.
നിനക്കിതെന്നോട് നേരത്തേ പറയാമായിരുന്നു.
സോറി അമ്മ.
പാർവതി അമ്മയുടെ വയറിലേക്ക് മുഖം ചേർത്ത് ഇറുകെ കെട്ടിപ്പിടിച്ചു.
03
ചേച്ചിക്കെന്തു തോന്നുന്നു?
സീതാലക്ഷ്മി പറഞ്ഞതു മുഴുവൻ കേട്ട് സച്ചു ചോദിച്ചു.
അച്ചുവേട്ടനുള്ളപ്പോഴും സീതാലക്ഷ്മി എന്തു തീരുമാനിക്കുന്നതിനും മുമ്പ് സച്ചുവിന്റെ അഭിപ്രായം കേൾക്കും. ഭർത്താവിന്റെ അനിയനല്ല, സ്വന്തം അനിയനാണ് സീതാലക്ഷ്മിക്ക് അവൻ.
അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നാണ്.
അവൾ പതുക്കെ പറഞ്ഞു.
ഏട്ടനുണ്ടായിരുന്നെങ്കിൽ ഇതു സമ്മതിക്കും എന്നു തോന്നുന്നുണ്ടോ..?
സച്ചുവിന്റെ ശബ്ദത്തിൽ കാലുഷ്യമുണ്ടെന്ന് സീതാലക്ഷ്മി തിരിച്ചറിഞ്ഞു.
മരിച്ചവരുടെ ഇഷ്ടങ്ങളേക്കാൾ വലുത് ജീവിച്ചിരിക്കുന്നവരുടെ സന്തോഷമല്ലേ അനിയാ..!
കുട്ടികളെന്തെങ്കിലും പറഞ്ഞാൽ ഉടനെ അതു വകവെച്ചു കൊടുക്കുകയല്ല വേണ്ടത്.
സച്ചു മീശയുടെ തുമ്പു പിരിച്ചുകൊണ്ടിരുന്നു.
അവന്റെ ശബ്ദത്തിന് ഇത്രയും ഘനമുണ്ടെന്ന് സീതാലക്ഷ്മിക്ക് ഇതുവരെ അറിഞ്ഞുകൂടായിരുന്നു.
ചേച്ചി അവളെ പറഞ്ഞു മനസ്സിലാക്ക്. എന്നിട്ട് നമ്മുടെ നിലക്കും വിലക്കും ചേർന്ന ഏതെങ്കിലും തറവാട്ടിൽ പിറന്ന ആൺകുട്ടികളെ അന്വേഷിക്ക്.
തറവാട് എന്ന വാക്കിന് അവൻ കൊടുത്ത ഊന്നൽ സീതാലക്ഷ്മിക്ക് മനസ്സിലാവാതെയിരുന്നില്ല.
ഏതെങ്കിലും അന്യനാട്ടിൽ ജോലിചെയ്യുന്ന കുട്ടിയായിരുന്നെങ്കിൽ ആരുമറിയില്ലെന്നു വെക്കാമായിരുന്നു.
സച്ചു സ്വയമെന്നോണം പറഞ്ഞു.
ഇത് സ്വന്തം നാട്ടിൽ, സ്കൂൾ ടീച്ചർ. ചേച്ചി വിചാരിക്കുന്നപോലെ അത്ര എളുപ്പമാവില്ല കാര്യങ്ങൾ.
എനിക്കറിയേണ്ടത് നീയെന്റെ കൂടെ നിൽക്കുമോ എന്നാണ്.
അവർക്കിടയിൽ ഒരു നിമിഷത്തെ നിശ്ശബ്ദത ഇറുന്നുവീണു.
ഇല്ല ചേച്ചീ,
അവൻ എഴുന്നേറ്റു.
എനിക്കുമുണ്ട് രണ്ടു പെൺകുട്ടികൾ. ഇതുകണ്ട് നാളെ അവരും ഇങ്ങനെയൊക്കെ ആയാലോ എന്ന പേടി എനിക്കുണ്ട്...
ചേച്ചി അവളെ പറഞ്ഞ് മനസ്സിലാക്ക്. ഇതൊന്നും നമ്മുടെ കുടുംബത്തിന് ചേർന്നതല്ലെന്ന്...
അവൻ തിരിഞ്ഞുനോക്കാതെ പുറത്തേക്കിറങ്ങിപ്പോയി.

04
ഹെഡ്മിസ്ട്രസ് വിളിക്കുന്നു എന്ന് സാറച്ചേച്ചി വന്നു പറഞ്ഞപ്പോൾ പാർവതിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. സ്റ്റാഫ് റൂമിൽ നിന്നിറങ്ങി അവരോടൊപ്പം ഓഫീസിലേക്ക് നടന്നു.
എന്തോ പുകിലുണ്ടല്ലോ ടീച്ചറേ.
എന്തു പുകിലാ ചേച്ചീ?
ആ എനിക്കറിയാമ്പാടില്ല... ആ പി.ടി.എ പ്രസിഡന്റും വേറെയാരാണ്ടുമുണ്ട് ഓഫീസിൽ...
പാർവതിയെ കണ്ടതോടെ ഹെഡ്മിസ്ട്രസും പി.ടി.എ പ്രസിഡന്റും വർത്തമാനം നിർത്തി.
ചർച്ചാവിഷയം താനാണ് എന്ന് പാർവതിക്ക്
ഉറപ്പായി.
ഇവരൊക്കെ പറയുന്നത് ശരിയാണോ?
ഹെഡ്മിസ്ട്രസ് മുഖവുരയൊന്നും കൂടാതെ ചോദിച്ചു.
ടീച്ചർ ഇരിക്കൂ.
പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ മഠത്തിൽ പാർവതിയെ നോക്കി പറഞ്ഞു.
എല്ലാ ജോലിയും പോലെയല്ല ഒരു ടീച്ചറുടെ ജോലി എന്ന് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ പാർവതിക്ക്.
അയാൾ വാക്കുകൾ നിർത്തിനിർത്തിയാണ് പറഞ്ഞത്.
കുട്ടികൾ നിങ്ങളെയാണ് മാതൃകയാക്കുന്നത്.
പാർവതിക്ക് മനസ്സിലാവുന്നുണ്ടോ?
അവൾ ഒന്നും മിണ്ടിയില്ല.
ഈ സ്കൂളിനൊരു സൽപേരുണ്ട്. അതു കാത്തുസൂക്ഷിക്കേണ്ടവരാണിവിടത്തെ അധ്യാപകർ.
ഒട്ടും അംഗീകരിക്കാനാവാത്ത ഒന്ന് പെട്ടെന്നു കേട്ടതിന്റെ ഞെട്ടൽ ഹെഡ്മിസ്ട്രസിന്റെ ശബ്ദത്തിലുണ്ട്.
കുട്ടികൾക്ക് നേർവഴി കാട്ടേണ്ടവരുതന്നെ ഓരോ തോന്ന്യാസം കാണിക്കുകാന്നുവെച്ചാൽ എന്തുചെയ്യും..?
ഇതൊക്കെ ശരിയാണെന്ന് പാർവതിക്ക് തോന്നുന്നുണ്ടോ?
സെബാസ്റ്റ്യന്റെ അടുത്തിരുന്ന അരുന്ധതി മേനോൻ ആകാവുന്നത്ര വെറുപ്പ് മുഖത്തു പ്രകടിപ്പിച്ച് ചോദിച്ചു.
നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികൾ നിങ്ങളെ എങ്ങനെയാണ് കാണുക എന്നൊന്നാലോചിച്ചു നോക്കൂ.
ഓർത്തിട്ടുതന്നെ എനിക്കു ലജ്ജ തോന്നുന്നു.
ഹെഡ്മിസ്ട്രസിന്റെ കലി തീരുന്നില്ല.
ടീച്ചർക്ക് എന്റെ മകളുടെ പ്രായമേയുള്ളൂ. അതുകൊണ്ട് പറയുന്നതാണെന്ന് കരുതിയാൽ മതി. ആ തീരുമാനത്തിൽനിന്നങ്ങ് പിന്മാറിയേക്ക്.
പ്രസിഡന്റ് നാടകീയമായി പറഞ്ഞുനിർത്തി.
ഇനി അതല്ല, ഞങ്ങളെയൊക്കെ ധിക്കരിക്കാനാണ് തീരുമാനമെങ്കിൽ.
അരുന്ധതി മേനോനാണ് പൂരിപ്പിച്ചത്.
ഞങ്ങടെ കുട്ടികൾ ഇതൊന്നും കണ്ടു പഠിക്കണ്ട എന്നു ഞങ്ങളും നിശ്ചയിക്കും.
അതുകൊണ്ട് ഈ സ്കൂളിന്റെ സൽപേര് കളങ്കപ്പെടുത്താതിരിക്കാനും നാടിന്റെ സംസ്കാരത്തിന് പോറലേൽക്കാതിരിക്കാനും വേണ്ടി പാർവതി ടീച്ചർ ഈ തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്.
ഞാനിനി എന്തു ചെയ്യണം?
ഹെഡ്മിസ്ട്രസ് ആരോടെന്നില്ലാതെ ചോദിച്ചു.
ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇനി ഇതിന്റെ പേരിൽ ഞങ്ങളെ ഇങ്ങോട്ട് വരുത്തരുത്.
സെബാസ്റ്റ്യൻ മഠത്തിലും അരുന്ധതി മേനോനും അരവാതിൽ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങിപ്പോയി.
ഇനി എന്തു കേൾക്കാനാണ് ഇവിടെ നിൽക്കുന്നത്..? ഇറങ്ങി പൊക്കൂടേ.
ഹെഡ്മിസ്ട്രസിന്റെ ദേഷ്യം കണ്ടപ്പോൾ പാർവതിക്കു ചിരിക്കാൻ തോന്നി.
ചിരിച്ചാൽ അതിന്റെ പേരിൽ അവരുടെ ദേഷ്യം കൂടുമല്ലോ എന്നു വിചാരിച്ച് അവൾ, വന്ന ചിരിയോട് വന്നവഴി തിരിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞു.
ഞാൻ വന്നപ്പോൾ മാഡം ഒരു ചോദ്യം ചോദിച്ചില്ലേ..? അതിനുത്തരം പറഞ്ഞിട്ടു പോകാമെന്നു വിചാരിച്ചു.
ഹെഡ്മിസ്ട്രസിന്റെ മിഴിഞ്ഞ കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചുനോക്കി.
അവർ പറഞ്ഞതും നിങ്ങൾ കേട്ടതുമൊക്കെ സത്യമാണ്. പിന്നെ, പാർവതിയുടെ ജീവിതമാണ്, അത് പാർവതി തീരുമാനിക്കും. അതിൽ നിങ്ങൾക്കാർക്കും ഒരു കാര്യവുമില്ല. മനസ്സിലായല്ലോ.. മേലാൽ ഇതും പറഞ്ഞ് എന്നെ ഇങ്ങോട്ട് വരുത്തരുത്.
അവൾ പുറത്തേക്കു നടന്നു.
ഒരുപറ്റം കുട്ടികൾ വരിവരിയായി അവൾക്കു പിന്നാലെ നടന്നു.
05
സീനത്തും സീതാലക്ഷ്മിയും ഏറെനേരം കെട്ടിപ്പിടിച്ചു നിന്നു. അവർക്കിടയിൽ അനാദിയും അനന്തവുമായ കാലം ഒരു അണ്ഡകോശത്തോളം ചെറുതായിത്തീർന്നു.
എന്നാലും നീയെന്നെ മറന്നില്ലല്ലോ എന്നവർ നിശ്ശബ്ദമായി അന്യോന്യം സാന്ത്വനിപ്പിച്ചു.
കൈസഞ്ചിയിൽനിന്ന് ഒരു വർണക്കടലാസുപൊതി സീനത്ത് സീതാലക്ഷ്മിക്കു നീട്ടി.
എന്താദ്?
തുറന്നു നോക്ക്.
ആനി ഓൺ മൈ മൈൻഡ്.
പോയ വർഷങ്ങൾ പരിക്കുകളേറെ വരുത്തിയിട്ടുണ്ടെങ്കിലും ആനിയും ലിസയും അതിനകത്ത് പഴയതുപോലെ തന്നെ ജീവിക്കുന്നുണ്ട്.
സിത്താരയെ സീതാലക്ഷ്മി ചേർത്തുപിടിച്ചു. പാർവതിയെ സീനത്തും.
സിദ്ദുവാണ് ആദ്യം കൈയടിച്ചത്. ചുറ്റുമുള്ളവർ അവനോടൊപ്പം ചേർന്നു.
ചുമരിൽ പുതുതായി സ്ഥാപിച്ച പാർവതിയുടെയും സിത്താരയുടെയും ഫോട്ടോ നോക്കിനിൽക്കുന്ന സിദ്ദുവിനോട് പാർവതി പറഞ്ഞു.
എന്റെ കുട്ടികൾ തന്നതാ. ടീച്ചർ ധൈര്യമായിട്ടിരി. ഞങ്ങളില്ലേ കൂടെ എന്നവർ കട്ട സപ്പോർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.
നന്നായിട്ടുണ്ട്.
അവന്റെ കണ്ണിൽ നീർ പൊടിയുന്നത് പാർവതി കണ്ടു.
അവളവന്റെ കൈയിൽ മുറുകെ പിടിച്ചു.
നന്ദി സിദ്ദൂ.
പാർവതി അവനുമാത്രം കേൾക്കാൻ വേണ്ടിയാണത് പറഞ്ഞത്.
അവൻ കണ്ണു തുടച്ചു.
ഞാൻ ചെല്ലട്ടെ. വൈകുന്നേരം ‘നാട്യശാസ്ത്ര’യിൽ ശാകുന്തളം കളിക്കുന്നുണ്ട്. അതിനു പോണം.
നമുക്കൊരു സെൽഫിയെടുക്കണ്ടേ..
പാർവതി സിത്താരയുടെ കൈപിടിച്ച് സിദ്ദുവിനോടൊപ്പം പുറത്തേക്കിറങ്ങി.
കിഴക്കേ മാനത്ത് അപ്പോഴൊരു മഴവില്ല് തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
============
*ആനി ഓൺ മൈ മൈൻഡ്: നാൻസി ഗാർഡൻ (നോവൽ ഇംഗ്ലീഷ്, 1982)
