സെൽഫ് ലോക്ക്

“ആയിരം തോക്കിന് അര സെൽഫോൺ”കണ്ണ് മാത്രം പുറത്തുകാണാവുന്ന രീതിയിൽ ചുറ്റിക്കെട്ടിയ മാസ്കിനുള്ളിൽനിന്നും അക്രമിയുടെ പരിഹാസവും ചിരിയും ധനലക്ഷ്മി കേട്ടു. നാലുപാടും വാതിലുകൾ അടഞ്ഞ വീട്ടിൽ താനും, ആ മുഖം മറച്ചവനും മാത്രമേയുള്ളൂ എന്ന ബോധ്യത്തിൽ അവൾക്ക് ശ്വാസം വിലങ്ങി. നോട്ടം കണ്ടാൽ വലിയ പ്രായമില്ലാത്ത ആളാണ്, പക്ഷേ ശബ്ദത്തിന്റെ ഗാംഭീര്യത്തിൽ നിന്ന് അങ്ങനെയല്ല മനസ്സിലാവുക. നാൽപത് കഴിഞ്ഞ വീട്ടമ്മയെ മൊബൈൽ ഫോൺ കൈക്കലാക്കി ഭീഷണിപ്പെടുത്തണമെങ്കിൽ...
Your Subscription Supports Independent Journalism
View Plans“ആയിരം തോക്കിന് അര സെൽഫോൺ”
കണ്ണ് മാത്രം പുറത്തുകാണാവുന്ന രീതിയിൽ ചുറ്റിക്കെട്ടിയ മാസ്കിനുള്ളിൽനിന്നും അക്രമിയുടെ പരിഹാസവും ചിരിയും ധനലക്ഷ്മി കേട്ടു. നാലുപാടും വാതിലുകൾ അടഞ്ഞ വീട്ടിൽ താനും, ആ മുഖം മറച്ചവനും മാത്രമേയുള്ളൂ എന്ന ബോധ്യത്തിൽ അവൾക്ക് ശ്വാസം വിലങ്ങി. നോട്ടം കണ്ടാൽ വലിയ പ്രായമില്ലാത്ത ആളാണ്, പക്ഷേ ശബ്ദത്തിന്റെ ഗാംഭീര്യത്തിൽ നിന്ന് അങ്ങനെയല്ല മനസ്സിലാവുക. നാൽപത് കഴിഞ്ഞ വീട്ടമ്മയെ മൊബൈൽ ഫോൺ കൈക്കലാക്കി ഭീഷണിപ്പെടുത്തണമെങ്കിൽ അവരേക്കാൾ പ്രായവും പരിചയവും വേണ്ടേ? പണമോ സ്വർണമോ എന്താണാവശ്യമെന്ന് അരമണിക്കൂർ നേരമായിട്ടും പറഞ്ഞിട്ടുമില്ല.
മൊബൈൽ ഫോണിലെ ചിത്രത്തിലേക്ക് നോക്കി അയാൾ കൊള്ളാം എന്ന് ആംഗ്യം കാണിച്ചു. ധനലക്ഷ്മിക്ക് അവിടെ നിന്ന് ഓടിരക്ഷപ്പെട്ടാൽ മതിയെന്നായി. സ്ക്രീൻ ലോക്കാവും മുമ്പേ ഫോണയാൾക്ക് കിട്ടിയെങ്കിൽ ഫോട്ടോ എടുത്ത് അയക്കുന്ന സമയത്തും അയാൾ മുറിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നിരിക്കണം. ഭർത്താവ് ഷജിത്ത് വീടിന് പുറത്തിറങ്ങിയ ഉടനെയാണ് ഈ സംഭവമെല്ലാം. അങ്ങനെയെങ്കിൽ ഷജിത്ത് വീട്ടിലുള്ളപ്പോൾ തന്നെ അയാൾ അകത്തുകയറിയിട്ടുണ്ടാവില്ലേ? ഏത് വഴിയാവും കയറിയത്? ധനലക്ഷ്മിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. മാനക്കേടും ഭയവും ഉടലൊന്നാകെ വിറപ്പിച്ചപ്പോൾ അവൾ പതിയെ കട്ടിലിൽ ഇരുന്നു. അയാൾ തൊട്ടടുത്ത് വന്നിരുന്നതോടെ അവൾ ഞെട്ടിയെഴുന്നേറ്റ് വാതിലിനടുത്തേക്ക് ഓടാൻ തുനിഞ്ഞു.
“ഇങ്ങോട്ട് ഉപദ്രവിക്കാത്തിടത്തോളം ഞാനും മാന്യനായിരിക്കും. കുടിക്കാൻ കുറച്ച് വെള്ളം വേണം. കൊണ്ടു വാ.”
കാലിന്മേൽ കാൽ കയറ്റിവെച്ച് അവനിരുന്ന് ഓർഡർ ചെയ്യുന്നു.
ഡൈനിങ് ഹാളിലെ മേശപ്പുറത്തുവെച്ച ജഗ്ഗിൽനിന്ന് വെള്ളമെടുത്ത് അവൾ അയാൾക്ക് കൊടുത്തു. പുറംതിരിഞ്ഞ് മാസ്ക് മാറ്റി അയാൾ വെള്ളം കുടിച്ചപ്പോൾ തലക്കടിച്ച് വീഴ്ത്താൻ പറ്റിയ എന്തെങ്കിലും കൈയിൽ കിട്ടുമോ എന്നവളുടെ കണ്ണുകൾ പരതി.
ഒന്നു നീട്ടിവിളിച്ചാൽ കേൾക്കുന്ന അകലത്തുണ്ട് അയൽപക്കം. പക്ഷേ ആ ചിത്രം, ചാറ്റ് ഹിസ്റ്ററി എല്ലാം അയാളുടെ കൈയിലെ ഫോണിലുണ്ട്. തന്നത്താൻ വരുത്തിവെച്ച വിനയാണ്. അനുഭവിക്കുക തന്നെ! ധനലക്ഷ്മി സ്വയം പഴിച്ചു. ഷജിത്ത് പുറത്തിറങ്ങിയ ഉടനെ തന്നെ കാമുകനെ വിളിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ തനിക്ക്? രാത്രി താനിവിടെ ഒറ്റക്കാണെന്നും വന്നാൽ നന്നായിരിക്കുമെന്നുംപറഞ്ഞ് കൊതിപ്പിച്ചു. എപ്പോൾ വിളിച്ചാലും അവൻ ഫോട്ടോ അയക്കാൻ പറയും, ഫോട്ടോ കണ്ടാൽ കിന്നാരം പറയാൻ വരും എല്ലാം തനിക്കറിയാം. എന്നിട്ടും ആ നേരത്ത് എടുപിടിയെന്ന് എല്ലാറ്റിനും നിന്നുകൊടുത്തു. തലങ്ങും വിലങ്ങും ഫോട്ടോയെടുത്ത് അയക്കുമ്പോഴാണ് ടാങ്ക് നിറഞ്ഞ് വെള്ളം മുറ്റത്തുവീഴുന്ന ശബ്ദം കേട്ടത്. കുറച്ച് വെള്ളം ഒഴുകിപ്പോയാൽ എന്തായിരുന്നു കുഴപ്പം? ഒന്നും ഡിലീറ്റ് ചെയ്യാൻ നിൽക്കാതെ ഫോണവിടെ വെച്ച് ഓടിപ്പോന്നതല്ലേ കുഴപ്പമായത്? ഉള്ളിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.
മോട്ടോർ ഓഫ് ചെയ്ത് ചെന്നപ്പോഴേക്കും ഫോൺ അയാളുടെ കൈയിലായി. ആരാണയാൾ? കള്ളനാണെങ്കിൽ ഭീഷണി മുഴക്കി ഉള്ളതൊക്കെ കൈക്കലാക്കി വീട് വിട്ടുപോവേണ്ട സമയം കഴിഞ്ഞില്ലേ? ഇനിയിപ്പോൾ രാത്രി കനക്കാൻ കാത്തുനിൽക്കുകയാണോ? രാത്രിയിൽ താനിവിടെ ഒറ്റക്കാണെന്ന ഉറപ്പിൽ അവൻ വരുമ്പോൾ ഇയാളെ കണ്ടാൽ? ഷജിത്ത് പോയില്ലെന്നോ മറ്റോ പറഞ്ഞ് അവന്റെ വരവ് തടയണമെങ്കിലും ഫോൺ കൈയിൽ കിട്ടണം. ഈ ചെകുത്താൻ അത് തരുന്നുമില്ല. എന്തുചെയ്യും? ചോദ്യങ്ങൾ സ്വയം ചുട്ടുപൊള്ളിക്കാൻ തുടങ്ങിയപ്പോൾ അവൾ അയാളിരിക്കുന്ന മുറിയിലെത്തി.
“എനിക്ക് ഫോണൊന്ന് വേണം.”
അയാൾ അത് കേട്ടതായി ഭാവിച്ചില്ല.
ഷജിത്തിന്റെ യൂണിഫോമിലുള്ള ഫോട്ടോയിൽ തൊട്ട് ‘ഹോ, മാഡത്തിന്റെ ഹസ്ബൻഡാണല്ലേ’ എന്ന ചോദ്യത്തോടെ ധനത്തിന് നേരെ തിരിഞ്ഞു. അതെ എന്നവൾ തലയാട്ടി.
“ക്രൈംബ്രാഞ്ചിലാണെന്ന് തോന്നുന്നു. നല്ല ചുള്ളനാണല്ലോ. പിന്നെന്തിനാ...”
പാതിവിഴുങ്ങിയ ശേഷം അവനൊരു നോട്ടം നോക്കി. കണ്ണിൽ വിരിഞ്ഞ അശ്ലീലച്ചിരിയിൽ ധനം ചൂളിച്ചെറുതായി.
അയാൾ മൊബൈൽ സ്ക്രീനിലേക്കുതന്നെ സാകൂതം നോക്കിനിന്നു.
“ഉം… മറ്റവനെ പറഞ്ഞിട്ട് കാര്യമില്ല. എമ്മാതിരി…”
പെട്ടെന്ന് തലവെട്ടിച്ച് അൽപം ഉച്ചത്തിൽ
“എനിക്കാ ഫോണൊന്ന് വേണം ” എന്നവൾ
ആവർത്തിച്ചു.
“തരില്ല.”
“ങ്ഹേ.”
“തരില്ലാന്ന്.”
“എനിക്കൊരാളെ വിളിക്കണം. നിങ്ങളെ ഉപദ്രവിക്കാനല്ല. പ്ലീസ്.”
“അയാളോട് ഇന്ന് വരണ്ട എന്ന് പറയാനല്ലേ? ഞാൻ മെസേജിട്ടിട്ടുണ്ട്. വലിയ അത്യാവശ്യക്കാരനാന്ന് തോന്നുന്നു. പലവട്ടം പറഞ്ഞിട്ടും എന്തേലും വഴിയുണ്ടോന്ന് ചോദിച്ചോണ്ടിരിപ്പാ.”
അയാൾ വലിയ ശബ്ദത്തിൽ ചിരിച്ചു. പിന്നെ ഒച്ചതാഴ്ത്തി ചോദിച്ചു.
“മാഡത്തിന് സീരിയലൊന്നും കാണണ്ടേ? പോയാട്ടേ. ഞാനായിട്ട് ഒന്നിനും വരില്ല. കേട്ടല്ലോ.”
ഒന്നും സംഭവിക്കാത്തതുപോലെ സ്വീകരണ മുറിയിലിരുന്ന് ടി.വി സീരിയൽ കാണാവുന്ന അത്ര മനസ്സാന്നിധ്യമൊന്നും ധനത്തിനില്ല. വീട്ടിനകത്തിരിക്കുന്ന അയാളല്ല, അയാളുടെ കൈയിലിരിക്കുന്ന ഫോണാണ് സ്വസ്ഥത തരാത്തത്. ഡിലീറ്റ് ചെയ്താലും ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്തെടുക്കാമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ അയാളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാവും. വേറെ ആർക്കെങ്കിലും ഷെയർ ചെയ്താൽ? സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ? ധനത്തിന് ഹൃദയം പുറത്തുവന്ന് ചാടിത്തുള്ളുന്നുണ്ടെന്ന് തോന്നി. അന്നേ ദിവസം ഉച്ചക്ക് ഇതേ ഹൃദയം തുള്ളിച്ചാടിയത് ഷജിത്തിന് അർജന്റായി ബാംഗ്ലൂർ വരെ പോകണമെന്നറിഞ്ഞപ്പോഴാണ്. ആ തുള്ളലിന് കൂടെ തുള്ളാൻ ഒരിമ്പം ഉണ്ടായിരുന്നു. ഇതോ!
അടുക്കളയോടുചേർന്ന് ചായ്ച്ച്കെട്ടിയ വർക്കേരിയയുടെ പടിയിലാണ് ധനത്തിന്റെ ഇരിപ്പ്. ആസ്ബസ്റ്റോസ് മേഞ്ഞ, ഹോളോബ്രിക്സിന്റെ ചുവരുള്ള അവിടെ രാത്രി ഒറ്റക്ക് വന്നിരിക്കൽ പതിവില്ലാത്തതാണ്. ഗ്രിൽസിട്ട മേൽ ഭാഗത്തുകൂടി കാണുന്ന പുറം കാഴ്ചയിലെ ഇരുട്ട് അവളെ ഭയപ്പെടുത്താറുണ്ട്. എന്നാൽ, ഇപ്പോൾ ആ ഇരുട്ടിലാണ് വെളിച്ചമെന്ന് അവൾക്ക് തോന്നി.
അടുക്കളയിൽ പാത്രം അനങ്ങുന്നതുകേട്ട് നോക്കിയപ്പോൾ അയാൾ ഓരോന്നും തുറന്നുനോക്കുകയാണ്. പെട്ടെന്ന് പ്ലേറ്റെടുത്ത് എല്ലാം വിളമ്പിയെടുത്ത് മുറിക്കുള്ളിലേക്കുതന്നെ തിരികെ പോയി. കൊഞ്ച് ഫ്രൈയുടെ പാത്രം കാലിയാക്കിയതു കണ്ട് ധനത്തിന് സങ്കടം വന്നു. തിന്ന് ചാവട്ടെ പണ്ടാരം ! അവൾക്ക് വിശപ്പൊന്നും ഉണ്ടായില്ല. രാത്രി കനക്കുംതോറും ഭയമേറി വന്നു. വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ വിളിച്ചന്വേഷിക്കുന്ന ആളല്ല ഷജിത്ത്. താനങ്ങോട്ട് വിളിക്കുന്നത് കാണാഞ്ഞാൽ ചിലപ്പോൾ വിളിക്കാൻ സാധ്യതയുണ്ട്. ഫോൺ കിട്ടിയാൽ അതുമായി പുറത്തേക്കോടുന്ന കാര്യത്തെക്കുറിച്ചാണ് ഇപ്പോൾ ആലോചന. പുറത്തിറങ്ങി വാതിൽ ലോക്ക് ചെയ്ത് ചാറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യണം. എന്നിട്ട് എല്ലാവരെയും വിളിച്ചുകൂട്ടി ഈ ഭീകരനെ പിടിപ്പിക്കണം. അതിന് തന്നെ ആര് വിളിക്കാനാണ്!

“മുകളിലെ റൂമിൽ ഫാനുണ്ടോ? ഈ റൂമിൽ വല്ലാത്ത വാട! ഞാൻ മുകളിൽ കിടന്നോളാം.”
പിന്നേ വിരുന്ന് വന്നവനാണല്ലോ റൂം ഫ്രഷാക്കിക്കൊടുക്കാൻ! ധനത്തിന് ദേഷ്യം ഇരച്ചുവന്നെങ്കിലും അവളൊന്നും മിണ്ടിയില്ല.
“പിന്നെ ഉറങ്ങുമ്പോൾ എന്നെ പറ്റിച്ച് ഫോണെടുക്കാം എന്ന് കരുതണ്ട. ഞാൻ ആ ഫോട്ടോയും ചാറ്റും എന്റെ വാട്സാപ്പിലേക്ക് അയച്ചിട്ടുണ്ട്. അപ്പോ ഗുഡ് നൈറ്റ്.”
മുറിയിലെ ലൈറ്റ് അണച്ചതോടെ ഇരുട്ടും പേടിയും തന്നെ വന്ന് ഇറുക്കിയമർത്തുന്നതുപോലെ ധനത്തിന് തോന്നി. ആ ചൂടത്തും അവൾ ബ്ലാങ്കറ്റ് വാരിപ്പുതച്ചു. എ.സി ഓണാക്കാൻ തോന്നിയില്ല. ബോധം കെട്ട് ഉറങ്ങാനൊന്നും പോവുന്നില്ലല്ലോ. ആരെന്നോ എന്തിന് വന്നെന്നോ അറിയാത്ത ഒരുത്തൻ മുകളിലുള്ളപ്പോൾ എങ്ങനെ ഇവിടെ കിടക്കാൻ പറ്റുന്നു എന്നവൾ സ്വയം ചോദിച്ചു. വർക്കേരിയയോട് ചേർന്നാണ് അവൾ കിടക്കുന്ന റൂം. പെട്ടെന്ന് ആസ്ബസ്റ്റോസ് ഷീറ്റിന് മേലേക്ക് എന്തോ ചാടുന്ന ശബ്ദം അവൾ കേട്ടു. ആരോ മാന്തുന്ന പോലെ ഗ്രിൽസിലെ കമ്പികളുടെ കിരുകിരുപ്പ്. അവളെഴുന്നേറ്റ് വാതിൽ തുറന്നു. ചാരക്കണ്ണുകൾ ഇരുട്ടിൽ തിളങ്ങി ! ഇതവനാണ് ആ മരപ്പട്ടിക്കുഞ്ഞ് ! അവൾ വാതിലടച്ച് വീണ്ടും വന്നു കിടന്നു.
വർഷങ്ങളായി ടെറസിന് മുകളിൽ അവന്റെ തള്ളയുണ്ട്. അതെത്രയോ തവണ പെറ്റിട്ടും ഉണ്ടാവാം! എന്നാൽ ഇപ്പോഴാണ് ഒരെണ്ണത്തെ താഴെയിറങ്ങിക്കാണുന്നത്. രണ്ടാഴ്ചയായി രാത്രിയിൽ ഇവന്റെ വിളയാട്ടമാണ്. കെണിവെക്കാനുള്ള ഷജിത്തിന്റെ ത്വരയെ, കുഞ്ഞ് അധികകാലം തള്ളയ്ക്കൊപ്പം നിൽക്കില്ലെന്നും വേറെ താവളം തേടി പൊക്കോളുമെന്നും പറഞ്ഞ് തടഞ്ഞുവെക്കാൻ ശ്രമിച്ചു ധനം. കെണിവെക്കുന്നെങ്കിൽ മുകളിൽ വെച്ച് തള്ളയെ പിടിക്കെന്ന് പറഞ്ഞപ്പോൾ, കെണി കൊണ്ടുവന്ന് കൊടുത്തവന് ഇളം ഇറച്ചി തന്നെ വേണമെന്ന്! പിന്നെയും പിന്നെയും തടയാൻ ചെന്നപ്പോൾ ‘ഇത്ര ദെണ്ണപ്പെടാൻ നിന്റെ കുഞ്ഞൊന്നും അല്ലല്ലോ’ എന്ന ക്രൂരമായ തമാശ ധനത്തിന്റെ വായടച്ചു. കണ്ണും നിറച്ചു. പിന്നെ അവളൊന്നും പറയാൻ പോയിട്ടില്ല. കെണിക്കൂടിനുള്ളിൽ ഷജിത്ത് വെക്കുന്ന മൈസൂർ പഴം അയാൾ കാണാതെ അവളെന്നും പുറത്തെടുത്ത് മാറ്റിവെക്കും. രാവിലെ അയാൾ ഉണർന്ന് വരുംമുമ്പ് കൂടുതുറന്ന് അത് തിരികെത്തന്നെ വെക്കും. സ്വന്തമായി കുഞ്ഞില്ലാത്തവൾക്ക് ഏത് കുഞ്ഞും സ്വന്തം തന്നെയാണെന്ന് ഉള്ളിൽ പറയും.
കുഞ്ഞൻ ചാടിമറിഞ്ഞ് ഏതോ പാത്രം നിലത്തുവീഴുന്ന ശബ്ദം! ധനം അനങ്ങിയില്ല. കൂടെ ആരോ ഉണ്ടെന്ന ആശ്വാസം! അവളൊന്ന് കണ്ണടച്ചു. പിന്നെയെപ്പോഴോ ഉണർന്നപ്പോൾ ശബ്ദമെല്ലാം നിലച്ചിരുന്നു. അവൻ തിരികെ പോയ്ക്കാണും! മുകളിലെ റൂമിൽ പേരറിയാത്ത ഒരു വില്ലൻ കിടന്നുറങ്ങുന്നുണ്ടല്ലോ എന്നോർമ വന്നപ്പോൾ അവൾ പതുക്കെ എണീറ്റ് പെൻടോർച്ചിന്റെ വെളിച്ചത്തിൽ മുറിക്ക് പുറത്തിറങ്ങി. കോണിപ്പടിയുടെ ചുവട്ടിൽ പോയി നിന്നു. റൂമിൽ ഫാൻ കറങ്ങുന്ന ശബ്ദം. പതുക്കെ കയറി അയാൾ കിടക്കുന്ന റൂമിന് മുന്നിലെത്തി. വാതിലടച്ചിട്ടില്ലെന്നത് അവളെ അത്ഭുതപ്പെടുത്തി.
ഉറക്കത്തിന്റെ താളമുണ്ട് അവന്റെ ശ്വാസത്തിന്. എന്തോ ധൈര്യത്തിൽ അകത്തു കടന്നു. ടോർച്ച് ലൈറ്റിന്റെ തീവ്രത കൈപ്പത്തികൊണ്ട് മറച്ച് നേരിയ വെട്ടത്തിൽ അവൾ തിരഞ്ഞു. എവിടെയും അവളുടെ ഫോണില്ല. അവന്റെ തലയണക്കീഴിലേക്ക് അവൾ താഴ്ന്ന് ചെന്നു. മറയില്ലാത്ത മുഖം കണ്ടപ്പോൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. കട്ടിയുള്ള കൂട്ടുപുരികവും നെറ്റിക്ക് നടുവിൽ രോമച്ചുഴിയും. അവിടെ നിന്ന് ഒരു വരിയായി തലയിലേക്ക് കയറുന്നുണ്ട് രോമക്കൂട്ടം. അങ്ങനെ ഒരു മനുഷ്യമുഖം അവളാദ്യമായി കാണുകയാണ്. മരപ്പട്ടിക്കുഞ്ഞന്റെ മുഖം പോലെ ! പെട്ടെന്നവൻ കണ്ണുതുറന്നു, അവൾ ഞെട്ടി പിറകോട്ട് നിവർന്നു. തിരിഞ്ഞോടിയ ഓട്ടത്തിൽ ഇടതുകാലിന്റെ ചെറുവിരൽ മേശക്കാലിൽ തട്ടി ജീവൻ പിടയുന്ന വേദന തോന്നി. അതൊന്നും ശ്രദ്ധിക്കാതെ കോണിയിറങ്ങി മുറിയിലേക്കോടി. വാതിലടക്കും മുമ്പേ അവനും ഓടിവന്ന് അകത്തുകടന്നു.
ബെഡിലേക്ക് വീഴ്ത്തി അവളെ ഞെരിച്ചമർത്തി കിടത്തി അവൻ. ഒരു കൈകൊണ്ട് വായും പൊത്തിയിരുന്നു.
“ഇങ്ങോട്ട് ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാനും അടങ്ങിയിരിക്കില്ലെന്ന് പറഞ്ഞതല്ലേ…”
പിടയാൻ പോലുമാവാതെ ധനം കിടന്നു. ക്രൂരമായ ബലാൽക്കാരത്തിന് വിധേയരായി കൊല്ലപ്പെട്ട സ്ത്രീകളുടെ ഓർമകൾ അവളെ ശ്വാസം മുട്ടിച്ചു. അടുത്ത നിമിഷം സംഭവിക്കാവുന്ന അത്തരമൊരാക്രമണത്തെ നേരിടാൻ ധൈര്യം സംഭരിച്ചു. അജ്ഞാതന്റെ ചുടുനിശ്വാസം മുഖത്തുതട്ടി അവൾക്ക് പൊള്ളി. അയാളുടെ പിടി അയഞ്ഞുവന്നു. പെട്ടെന്നെണീറ്റ് വേഗത്തിൽ മുകളിലേക്ക് നടന്നു. അവൻ നടന്നകന്നിട്ടും ശ്വാസം ആഞ്ഞുവലിക്കാൻ ഭയന്ന് നെഞ്ച് വിലങ്ങിത്തന്നെ അവൾ കിടന്നു. എഴുന്നേറ്റ് വാതിലടക്കണമെന്നുണ്ട്. പറ്റുന്നില്ല. പൊടുന്നനെ ഫ്ലാഷ് ലൈറ്റിന്റെ നേർത്ത വെളിച്ചം ഹാൾ കടന്ന് മുറിയിലെത്തി. അവൻ വീണ്ടും!
ഞെട്ടലോടെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. കാൽ ഭാഗത്തേക്ക് വെളിച്ചം വീഴ്ത്തി അവൻ സൂക്ഷിച്ച് നോക്കുന്നതാണ് ധനം കണ്ടത്.
“എന്താ? എന്താ തനിക്ക് വേണ്ടത്.”
‘കിടക്കവിടെ’ എന്നൊരൊറ്റത്തള്ള്. ശക്തിയായി പുറമടിച്ച് അവൾ കിടക്കയിലേക്ക് വീണു. ഇടത് കാൽപാദം പിടിച്ചുനോക്കി ചെറുവിരലിൽ അവനെന്തൊക്കെയോ ചെയ്യുന്നു. ഇടക്ക് ചെറിയൊരു നീറ്റൽ തോന്നി. മരുന്ന് വെച്ചുകെട്ടിയ ശേഷം ഫ്ലാഷ് ലൈറ്റ് കോണി കയറിപ്പോയത് അവളറിഞ്ഞു. കതകടക്കുന്ന ശബ്ദം കേട്ടിട്ടും അവളെഴുന്നേറ്റില്ല. വാതിലടക്കാതെ അവളുറങ്ങി. ഗാഢമായിത്തന്നെ!
രാവിലെ അടുക്കളയിൽ പാത്രങ്ങൾ മുട്ടുന്ന ശബ്ദം കേട്ടാണ് ധനം ഉണർന്നത്. അജ്ഞാതൻ ചായയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇഞ്ചി ചതച്ചിട്ട കട്ടൻ ചായ ഗ്ലാസിലേക്ക് പകർന്ന് ധനത്തിനെ ഗൗനിക്കുക പോലും ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി. അയാൾ മുഖം മറച്ചിരുന്നില്ല!
ആദ്യമായി ഒരാണിന്റെ സ്പർശമേറ്റ പാത്രങ്ങൾ കുളിരുകൊണ്ട പോലെ ചൂളി നിൽക്കുന്നു. പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന കട്ടൻ ധനം കുടിച്ചുനോക്കി. പാകത്തിന് മധുരവും ഇഞ്ചിയുടെ രുചിയും! എഴുന്നേറ്റു വരുമ്പോൾ ഒരു കട്ടനിട്ടുതരാൻ ആളുണ്ടാവുന്നത് നല്ലതാണെന്ന് അവൾക്കു തോന്നി. അക്രമിയായാലും ഭീകരനായാലും മറ്റൊരാളുടെ കൈകൊണ്ടു കിട്ടിയ ചായ ഊതിയൂതിക്കുടിച്ച് അവൾ സിറ്റൗട്ടിലിരുന്ന് പത്രം വായിച്ചു.
ഷജിത്ത് വീട്ടിലില്ലാത്ത ദിവസങ്ങളിൽ ധനം അടുക്കള തുറക്കാറില്ല. ചിലപ്പോൾ ഓർഡർ ചെയ്ത് ഭക്ഷണം വരുത്തിക്കും. ചിലപ്പോൾ ഒന്നും കഴിക്കില്ല. വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുന്ന മറ്റുജീവികളെപ്പോലെ അവളും സമയക്രമം മറക്കും. അന്ന് പക്ഷേ, അവൾ പുട്ടുപൊടി കുഴച്ചു. ഫ്രിഡ്ജിലുണ്ടായിരുന്ന മുട്ടയെടുത്ത് കറിയും വെച്ചു. ഒരു പാത്രത്തിൽ പുട്ടും കറിയും എടുത്ത് അവൾ മുകളിലെത്തി. മേശപ്പുറത്ത് വെച്ചപ്പോഴും അവൾ അവനെ ശ്രദ്ധിച്ചില്ല. തിരിച്ചിറങ്ങുമ്പോൾ കോണിപ്പടിയിൽ രക്തപ്പാടുകൾ കണ്ടു. ഇത്രയൊക്കെ മുറിവ് പറ്റിയിരുന്നോ നിനക്ക് എന്ന ഭാവത്തിൽ അലിവോടെ അവൾ കുഞ്ഞുവിരലിനെ നോക്കി.

ഉച്ചക്ക് ചെമ്മീൻ ബിരിയാണിയുണ്ടാക്കി മുകളിൽ കൊണ്ടെത്തിച്ചപ്പോൾ അവൻ ഫോണെടുത്ത് അവൾക്കുനേരെ നീട്ടി.
“തുടർച്ചയായി വിളിക്കുന്നുണ്ട് മറ്റേ കക്ഷി. എന്തെങ്കിലും പറഞ്ഞ് അതിനെ ഒന്ന് സമാധാനിപ്പിക്ക്. ഓഹ് ഇങ്ങനുണ്ടോ ഒരാക്രാന്തം!”
ധനം ഫോൺ വാങ്ങിനോക്കി. പതിമൂന്ന് മിസ്ഡ് കാൾസ്.
“അപകടം. പിന്നെ വിളിക്കാം” എന്ന് ടൈപ്പ് ചെയ്ത് അവൾ താഴേക്കിറങ്ങി. ഇനി അങ്ങോട്ട് വിളിക്കാതെ ഒന്നും ഉണ്ടാവില്ല. പിന്നെ ഷജിത്തിന്റെ നമ്പറെടുത്ത് വിളിക്കണോ എന്നാലോചിച്ചു. ഒറ്റ വിളിയും ഇങ്ങോട്ട് വന്നിട്ടില്ല. പിന്നെന്തിന്? ആലോചന റദ്ദാക്കി അവൾ ഊണുകഴിക്കാനിരുന്നു. കഴിക്കുന്നതിനിടയിൽ ചാറ്റ് ബോക്സ് പരിശോധിച്ചു. ചിത്രങ്ങൾ സഹിതം എല്ലാം ക്ലിയർ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി തന്റെ കാമുകന്റെ വരവ് തടയാൻ അവൻ എന്ത് മെസേജാവും അയച്ചിട്ടുണ്ടാവുക എന്നൊരു കൗതുകം അവളിലുണ്ടായി. അത് തനിക്ക് അപകടം വരുത്തുന്ന ഒന്നായിരിക്കില്ല എന്നവൾക്ക് തീർച്ചയുണ്ടായിരുന്നു.
പിന്നീടുള്ള രണ്ട് ദിവസങ്ങളിലും രാവിലെ കട്ടനിട്ട് കൊടുത്ത് അവളെ വർക്കിങ് മോഡിലേക്ക് കൊണ്ടുവരുന്ന ഗെസ്റ്റിനെ അവൾ വിരുന്നൂട്ടി. അവനെന്തിന് വന്നുവെന്നോ, എന്തേ പോവാത്തതെന്നോ, ഇനിയെന്ന് പോവുമെന്നോ അന്വേഷിക്കാൻ പോലും അവൾക്ക് തോന്നിയില്ല. മൂന്നാംനാൾ രാത്രി അപ്രതീക്ഷിതമായി ഷജിത്ത് തിരിച്ചെത്തും വരെ. സാധാരണ ഇത്തരം പോക്കുകൾ ഒരാഴ്ച നീളാറുള്ളതാണ്. ഇൻവെസ്റ്റിഗേഷന്റെ പേരും പറഞ്ഞുള്ള വിനോദയാത്രകളാണ് മിക്കതും. ഇതെന്ത് പറ്റിയെന്ന് അവൾക്ക് മനസ്സിലായില്ല.
“അന്വേഷിച്ച് പോയ ആളെ ഇത്ര പെട്ടെന്ന് കിട്ടിയോ?”
“മൊബൈൽ ഫോൺ ബസിലിട്ട് ദൃശ്യം കളിച്ചതാ തെണ്ടി. അവനവിടേക്കൊന്നും പോയില്ല.”
ധനം താടിക്ക് കൈകൊടുത്ത് അതേയോ എന്ന ഭാവത്തിൽ ഇരിക്കുകയാണ്.
“മെഡിക്കൽ കോളേജിലേക്ക് സ്റ്റഫ് പാഴ്സൽ വന്നാൽ ആരും അറിയില്ലെന്ന് വിചാരിച്ചിട്ട് പിടിച്ചില്ലേ! അവനെയും കിട്ടും.”
“മെഡിക്കൽ കോളേജിലോ?”
“ആ… എമ്പീബിയെസ്സിന് പഠിക്കുന്നവനാ കക്ഷി. ഇവനൊക്കെ ഡോക്ടറായിട്ട്…”
അയാൾ തിരിച്ചുവന്നപ്പോൾ തൊട്ട് കുടലൊക്കെ ആളിക്കത്തുന്ന ഫീലാണ് ധനത്തിന്. മുകളിലേക്ക് ആളങ്ങനെ കയറാറില്ല. ത്രെഡ് മിൽ ഉണ്ടായിരുന്ന സമയത്ത് ഇടക്ക് കയറിയിരുന്നു. അതെടുത്ത് പെങ്ങളുടെ മോന് സമ്മാനിച്ച ശേഷം കയറിയിട്ടേയില്ല. ഇപ്പോഴും കയറാൻ സാധ്യതയില്ല. എന്നാലും അഥവാ കയറിയാൽ…
ഷജിത്ത് കുളിക്കാൻ കയറിയ നേരത്ത് ഒരു നേന്ത്രപ്പഴവുമായി അവൾ മുകളിലെത്തി.
“ഇത് കഴിച്ച് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷപ്പെട്. ആരാ എന്താ ഒന്നും എനിക്കറിയണ്ട. ടെറസിലേക്കുള്ള വാതിൽ കുറ്റിയിട്ടിട്ടില്ല. അതുവഴി താഴേക്കിറങ്ങിക്കോ. അതാ സേഫ്.”
ആ പെൻടോർച്ചും ധനം അവന് കൊടുത്തു. തിരിച്ചിറങ്ങാൻ നേരം ആ കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നുണ്ടെന്ന് അവൾക്ക് തോന്നി.
അത്താഴം കഴിച്ച് അവൾ കിടന്നപ്പോഴും ഷജിത്ത് അടുക്കളയിലും വർക്കേരിയയിലുമായി ചുറ്റിനടക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവൾക്ക് പേടി തോന്നി.
“ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടന്നൂടേ.”
“നീ കെടന്നോ. എനിക്കിത്തിരി ജോലിയുണ്ട്.”
കിടന്നിട്ടും അവൾക്കുറക്കം വന്നില്ല. മുകളിലെ വാതിൽ തുറക്കുന്ന നേർത്ത ശബ്ദത്തിന് കാതോർത്തുകിടന്ന് എപ്പോഴോ അവളൊന്ന് മയങ്ങി. എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. ഹാളിലും അടുക്കളയിലുമൊന്നും ലൈറ്റില്ല. കട്ടിലിൽ ഷജിത്തുണ്ടോ എന്നവൾ പരതി. ഇല്ല. ബാത്ത്റൂമിലും ഇല്ല! എവിടെ പിന്നെ?
ഫ്ലാഷ് ലൈറ്റ് ഓണാക്കി പതുക്കെ മുകളിലേക്ക് നടന്നു. ഭാഗ്യം പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നു. റൂമിനുള്ളിലും അവനില്ല. ആശ്വാസത്തോടെ അവളൊന്ന് കിടക്കയിലിരുന്നു. അൽപം ദൂരെ നിന്നായി ഏതോ വാഹനം സ്റ്റാർട്ടായ ശബ്ദം! അവൾ വേഗം പടിയിറങ്ങി താഴെയെത്തി. ഷജിത്തെവിടെ? ഹാളിലെ ലൈറ്റിട്ടപ്പോൾ പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. നട്ടെല്ലിൽ തേൾ കുത്തിയ പോലൊരു പിടച്ചിൽ! സിറ്റൗട്ടിലെ ലൈറ്റ് ഓൺ ചെയ്തപ്പോൾ മുറ്റത്തെ സപ്പോട്ടയുടെ ചുവട്ടിൽ അവന്റെ ബാഗ് വീണുകിടക്കുന്നത് കണ്ടു. ഓട്ടത്തിനിടയിൽ അബദ്ധത്തിൽ വീണുപോയതാവുമോ? അതോ? ബാക്കി ചിന്തിക്കാൻപോലുമാവാതെ അവൾ തലകുടഞ്ഞു.
ഇറങ്ങിച്ചെന്ന് ബാഗെടുത്ത് അവൾ അകത്തേക്കോടി. മുറിയിലെത്തി തുറന്നുനോക്കി. ഫസ്റ്റ് എയ്ഡ് ബോക്സ്, അവൾ കൊടുത്ത ടോർച്ച്, കുറച്ച് കാശ് തിരുകിവെച്ച പേഴ്സ്... അങ്ങനെയെന്തൊക്കെയോ… പേഴ്സിൽ ചുളിയാതെ നിവർത്തിവെച്ച പത്രക്കട്ടിങ് അവളെടുത്ത് നോക്കി.
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിദ്യാർഥി അച്ഛനമ്മമാരോടൊപ്പം ഇരുന്ന് കേക്ക് പങ്കിടുന്ന ചിത്രം. ട്യൂഷൻ സെന്ററിലെ പ്രത്യേക കോച്ചിങ് ഒന്നുമില്ലാതെ സ്വയം പഠിച്ച് വിജയിച്ചവൻ! മൂന്നുവർഷം മുമ്പത്തെ പത്രമാണ്. മീശയിത്തിരി കട്ടിവെച്ചതല്ലാതെ വലിയ മാറ്റമൊന്നും ഇപ്പോഴും ആ മുഖത്തിനില്ലല്ലോയെന്ന് ധനം ചിന്തിച്ചു.
വർക്കേരിയയിൽ എന്തോ താഴെവീണ ശബ്ദം! വെപ്രാളപ്പാച്ചിലും കമ്പിയിൽ മാന്തലും ധനം വ്യക്തമായി കേട്ടു. ഓടിയെത്തി വാതിൽ തുറന്നപ്പോൾ കൂടിനുള്ളിൽ പകച്ചുവിറച്ച് കുഞ്ഞൻ. നല്ല തുടുത്ത മൈസൂർ പഴമുണ്ട് അകത്ത്. ധനം തലയിൽ കൈവെച്ച് പടിയിലിരുന്നു.
“അവസാനം കുടുങ്ങിയല്ലോ ചങ്ങായ്.”
ഷജിത്തിന്റെ ആഹ്ലാദസ്വരം.
“പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നല്ലേ ധനലക്ഷ്മീ ചൊല്ല്!”
ധനത്തിന്റെ കണ്ണുകൾ നിറഞ്ഞു തൂവി. അവൾ ഷജിത്തിന്റെ കാൽക്കലിരുന്ന് കരഞ്ഞു.
“മുകളിലുള്ള തള്ളയെ പിടിക്ക് ഷജീ… അതിനിയും പെറും. ഇത് കുഞ്ഞല്ലേ പാവം! തുറന്നു വിട്. പൊക്കോളും. തുറന്നുവിട് ഷജീ… പ്ലീസ് ”
അവളുടെ പൊട്ടിക്കരച്ചിൽ കണ്ട് നിഷേധാർഥത്തിൽ തല വെട്ടിച്ച് ഗൂഢമായ ചിരിയോടെ ഷജിത്ത് റൂമിലേക്ക് കയറിപ്പോയി.
അതേസമയം ഇരുമ്പഴിക്കുള്ളിൽ കിടക്കുന്ന കൂട്ടുപുരികക്കാരനും ഇതേമട്ടിൽ പൊലീസിനെ വെല്ലുവിളിച്ചു.
“എനിക്ക് കിട്ടിയ സ്ഥലവും തന്നയാളിനെയും എല്ലാം തെളിവ് സഹിതം ഞാൻ കാണിച്ചുതരാം. ധൈര്യമുണ്ടെങ്കിൽ പിടിക്ക് സാറേ…
