നോവ്


ദേവ ഹോട്ടലിന്റെ ഫാമിലി റൂമില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനിനുപോലും ശമിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ചൂട് അനുഭവപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ വെജ് ഹോട്ടലായിരുന്നു അത്. ആളുകളുടെ തിക്കും തിരക്കുമായി എപ്പോഴും ബഹളമയമാണ് ദേവ ഹോട്ടല്‍. നല്ല ഭക്ഷണം ആഗ്രഹിച്ചു ചെല്ലുന്നവരെ ഒരിക്കലും മടുപ്പിക്കാതെ ഭക്ഷണവും സ്നേഹവും നല്കിയയക്കുന്ന ഇടം കൂടിയാണത്....
Your Subscription Supports Independent Journalism
View Plansദേവ ഹോട്ടലിന്റെ ഫാമിലി റൂമില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനിനുപോലും ശമിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ചൂട് അനുഭവപ്പെട്ടു. നഗരത്തിലെ ഏറ്റവും തിരക്കേറിയ വെജ് ഹോട്ടലായിരുന്നു അത്. ആളുകളുടെ തിക്കും തിരക്കുമായി എപ്പോഴും ബഹളമയമാണ് ദേവ ഹോട്ടല്‍. നല്ല ഭക്ഷണം ആഗ്രഹിച്ചു ചെല്ലുന്നവരെ ഒരിക്കലും മടുപ്പിക്കാതെ ഭക്ഷണവും സ്നേഹവും നല്കിയയക്കുന്ന ഇടം കൂടിയാണത്. ദേവയിലെ മസാലദോശയും വടയും കഴിക്കാന്‍ ആള്‍ക്കൂട്ടം പലപ്പോഴും കാത്തുകെട്ടിനിന്നു.
ഊണുമേശയിലേക്ക് കൈകുത്തിയിരിക്കുമ്പോള് സഞ്ജയ്ക്ക് ശരീരം പുകയുന്നതുപോലെ അനുഭവപ്പെട്ടു. മുകളില്‍ അതിദ്രുതം കറങ്ങുന്ന ഫാനിനുപോലും ആ പുകച്ചിലിനെ മാറ്റാന്‍ കഴിയാത്തതുപോലെ. കുടിച്ചിറക്കുന്ന വെള്ളത്തിനുപോലും തൊണ്ടയെ പൊള്ളിക്കാന്‍ കഴിയുന്നുണ്ട്.
‘സച്ചു...’
മുന്നിലിരുന്ന് മസാലദോശ ആസ്വദിച്ച് കഴിക്കുന്ന രേഷ്മയുടെ ചോദ്യത്തില്‍ സഞ്ജയ് മുഖമുയര്‍ത്തി. നിറഞ്ഞ കണ്ണുകളെ മറയ്ക്കാനെന്നവണ്ണം മുഖമൊന്ന് അമര്‍ത്തിത്തുടച്ച് തനിക്കുനേരെ പുഞ്ചിരിയോടെ നോക്കുന്നവളിലേക്ക് അവന് നോക്കി. രേഷ്മയുടെ വെളുത്ത മുഖം ചുവന്നുതുടുത്തിരുന്നു. കണ്ണുകള്‍ക്ക് പതിവില്ലാത്ത തിളക്കം.
‘‘സച്ചുവിന് വേണ്ടേ?’’ രേഷ്മയുടെ നിറഞ്ഞ ചിരി ഹൃദയത്തിനേറ്റ മുറിവിലേക്ക് ഉപ്പുകല്ലുകള്‍ വാരിവിതറും പോലെ തോന്നിപ്പിച്ചു.
ഒന്നും വേണ്ടെന്ന് അവന് ചുമലുകള്‍ കൂച്ചി കാണിച്ചു. വാ തുറന്ന് മിണ്ടാനവന് പേടിയായിരുന്നു; ചിലപ്പോള്‍ കരഞ്ഞേക്കാം, അല്ലെങ്കില്‍ ശബ്ദം ഇടറിയേക്കാം. സഞ്ജയ് കണ്ണുകള്‍ അടച്ച് ഇരുചെന്നിയിലും വിരലുകള്‍ കൊണ്ട് തിരുമ്മി അനങ്ങാതിരുന്നു. കാക്കക്കൂട്ടില്‍ കല്ലുവീണതുപോലെ ശ്വാസം വിടാതെന്നോണമിരുന്ന് സംസാരിക്കുന്ന രേഷ്മ ഇടക്കിടെ ഏതോ ഓർമയില്‍ അമര്ത്തിച്ചിരിച്ചുകൊണ്ടിരുന്നു.
‘സച്ചൂ...’ കൈയും കഴുകി മുഖം അമര്‍ത്തിത്തുടച്ച് അടുത്തേക്കുവന്ന രേഷ്മ ആ കൈ തന്റെ കൈക്കുള്ളിലാക്കി.
‘‘എനിക്ക് രണ്ടു മസാലദോശ പാഴ്സല്‍ വാങ്ങിത്തരോ?’’ അവളുടെ നിഷ്കളങ്കമായ ചോദ്യമുയര്‍ന്നതും സഞ്ജയ് ആ മുഖത്തേക്ക് നോക്കി. നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ് രേഷ്മ. പാഴ്സല്‍ പറയുമ്പോഴേക്ക് രേഷ്മ സഞ്ജുവിന്റെ കൈയില്‍ പതിയെ നുള്ളി.
‘രണ്ട് വടയും’ അവള് അടക്കം പറഞ്ഞു. മസാലദോശക്കൊപ്പം വടയും പറയുമ്പോള്‍ സ്വർഗം നേടിയ സന്തോഷത്തോടെ അവനില്‍ നിന്നകന്ന് അവള് പുറത്തേക്കിറങ്ങി.
ദേവ ഹോട്ടലില്‍നിന്ന് കൊല്ലം ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയില്‍ പോകുമ്പോഴും നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന രേഷ്മ സഞ്ജയ്ക്കൊരു കൗതുകം തന്നെയായിരുന്നു. അവന്റെ മറുപടി എപ്പോഴും ഒരു ചിരിയില്‍ ഒതുങ്ങി.
‘‘ഞാന്‍ മറ്റന്നാള്‍ പോവൂട്ടോ’’ തികച്ചും ലാഘവത്തോടെ പറയുന്ന രേഷ്മയുടെ മുഖത്തേക്ക് നോക്കാന്‍ സഞ്ജയ്ക്ക് കഴിഞ്ഞില്ല. ഹൃദയം കീറിമുറിയുകയാണ്; ഹൃദയത്തിന്റെ പിടച്ചില്‍ അവനു മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ.
ഓട്ടോ ബസ് സ്റ്റാൻഡില്‍ എത്തിയതും തോട്ടയ്ക്കാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ പിന്‍വാതിലിന് സമീപമുള്ള സീറ്റില്‍ പതിവുപോലെ ആദ്യമിരുന്നത് രേഷ്മയാണ്. തൊട്ടടുത്ത് സഞ്ജയും. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങളുടെ ഓർമകള്‍ മനസ്സിലേക്കെത്തിയതും സഞ്ജയ് തന്റെ കവിള് രേഷ്മയുടെ മുഖത്തേക്ക് ചേര്‍ത്തുവെച്ചു.
‘‘ദേ സഞ്ജയ്....’’ രേഷ്മയുടെ ശബ്ദം ദേഷ്യംകൊണ്ട് വിറച്ചിരുന്നു.
‘‘പറഞ്ഞാല്‍ അറിഞ്ഞൂടേ, എന്റെ വിവാഹം നിശ്ചയിച്ചു എന്ന്? ഇനിയെന്നെ തൊട്ടാലുണ്ടല്ലോ...?’’ അവള് ചൂണ്ടുവിരല്‍ അവനുനേരെ ചൂണ്ടി. സഞ്ജയ് ഒന്നും മിണ്ടിയില്ല. കനത്ത മാനസിക സമ്മർദംമൂലം ചങ്കുപൊട്ടി താനിപ്പോള്‍ മരിക്കുമെന്ന് അവന് തോന്നി. ഇല്ല, എനിക്ക് താങ്ങാന്‍ കഴിയില്ല.
‘‘രേഷൂ, ഇല്ല... നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല. എനിക്ക് വേണം നിന്നെ. കൊച്ചേ, നീയില്ലാതെ എനിക്കു വയ്യെടാ. എന്നെ ഇട്ടിട്ടു പോവല്ലേ?’’ അവന് രേഷ്മയുടെ കൈകളില്‍ കൈകോര്‍ത്തു. പിന്നിലേക്ക് ഓടിമറയുന്ന കെട്ടിടങ്ങളെയും മരങ്ങളെയും നോക്കിക്കൊണ്ട് അവള് ആ കൈകള്‍ തട്ടിയെറിഞ്ഞു.
ജീവിതവും സ്വപ്നവുമെല്ലാം പെട്ടെന്ന് അവസാനിക്കുന്നതുപോലെയാണ് സഞ്ജയ്ക്ക് തോന്നിയത്. മുന്നോട്ടുള്ള പാത അവസാനിച്ചിരിക്കുന്നു. കണ്ണുകളില്‍ നിറയെ ശൂന്യതയാണ്. എങ്ങോട്ടേക്കാണ് യാത്രയെന്ന് അവനൊരു നിമിഷം മറന്നു. ചുറ്റിനും ഇരുട്ടാക്കാന്‍ ശ്രമിച്ചുകൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു. സമയം കടന്നുപോകുന്നു. ചെറു കാറ്റിന്റെ തലോടലില്‍ ഉറങ്ങിപ്പോയ രേഷ്മ പതിയെ സഞ്ജുവിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു. പതിവെന്നതുപോലെ അവന്റെ കരുത്തുള്ള കൈകള്‍ അവളെ തന്നോടു ചേര്‍ത്തുപിടിച്ചു.
ആ യാത്രയില്‍ സഞ്ജുവിന്റെ ഓർമകള്‍ എട്ടുവര്‍ഷം മുമ്പുള്ള മറ്റൊരു പകലിലേക്ക് എത്തിച്ചു. അന്നാണവന് ആദ്യമായി രേഷ്മയെന്ന ആന്ധ്രക്കാരി പെണ്‍കുട്ടിയെ കാണുന്നത്. ഉയരം കുറഞ്ഞ്, വെളുത്ത്, ചുരുണ്ടമുടിയോടെ അൽപം തടിച്ച ശരീരവുമായി കൂട്ടുകാര്‍ക്കൊപ്പം ഓടിച്ചാടി നടക്കുന്ന രേഷ്മ. പൊക്കക്കുറവ് ഉള്ളതുകൊണ്ടുതന്നെ ആ പെണ്‍കുട്ടി നടക്കുമ്പോഴെല്ലാം ‘പന്ത് ഉരുണ്ട് വരുന്നുണ്ട്’ എന്ന് ആരോക്കെയോ ആ പെണ്‍കുട്ടി കേള്‍ക്കെയും കേള്‍ക്കാതെയും പറഞ്ഞോണ്ടിരുന്നു. ചിലതൊക്കെ ആ കാതുകളില്‍ വീണെങ്കിലും അവള്‍ക്ക് ചിരിയായിരുന്നു. ആരോടും ഒരു പരാതിയുമില്ലാതെ ഭക്ഷണത്തെ സ്നേഹിച്ചും കൂട്ടുകാരുടെ ഒപ്പം യാത്രചെയ്തും കോളജ് ജീവിതം രേഷ്മ ആസ്വദിച്ചു തുടങ്ങിയിരുന്നു.
സഞ്ജയ്, രൂപേഷ്, വേണു, ഗിരീശന്, ഫ്രഞ്ചുകാരി ജാനറ്റ്, ഡല്‍ഹിയില്‍ നിന്നുള്ള അങ്കിത എന്നിവരുടേത് വലിയ ഗാങ് തന്നെ ആയിരുന്നു. എവിടെയും ഒന്നിച്ചുമാത്രം കാണാന്‍ കഴിയുന്ന കൂട്ടുകാര്‍. എങ്കിലും ജാനറ്റിന് സഞ്ജയോടുള്ള ഇഷ്ടം പറയാതെതന്നെ എല്ലാവര്ക്കും അറിയാമായിരുന്നു. തന്റെ യാത്രകളിലെല്ലാം ജാനറ്റ് അവനെ കൂടെക്കൂട്ടി. ഡോക്ടര്‍ പഠിത്തം കഴിഞ്ഞാല്‍ ഫ്രാന്‍സിനെ കൈയെത്തിപ്പിടിക്കണമെന്നവന് വെറുതെ ആഗ്രഹിച്ചുതുടങ്ങി. കോളജിലെ ഏവരെയും അതിശയിപ്പിക്കുന്ന വിധത്തില്‍ ആ ബന്ധം ദൃഢമായി.

എത്ര പെട്ടെന്നാണ് ജീവിതം വഴിമാറിയത്? അഞ്ചു വര്‍ഷത്തെ പഠനം കഴിഞ്ഞ് മുമ്പോട്ട് പഠിക്കാനുള്ള ജീവിതസാഹചര്യങ്ങള്‍ നഷ്ടപ്പെട്ട കാലമായിരുന്നു അത്. പഠിക്കണമെന്ന തോന്നലിനേക്കാള്‍ പി.ജിക്ക് പഠിക്കുന്ന അനിയത്തിയുടെയും അച്ഛന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നത് അവനിന്നും മറന്നിട്ടില്ല. ഒരു തൊഴില്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ആരും പറയാതെതന്നെ സഞ്ജയ്ക്ക് അറിയാമായിരുന്നു.
ഏറെ താമസിയാതെ തിരുവനന്തപുരത്തുനിന്നും വളരെ അകലെയല്ലാത്ത ഒരു ത്രീസ്റ്റാര്‍ ഹോട്ടല്‍ കരാര്‍ വ്യവസ്ഥയില്‍ ലീസിനെടുക്കുമ്പോള് സഞ്ജയിന്റെ കൈയില്‍ സത്യസന്ധത അല്ലാതെ മറ്റൊന്നും കൈമുതലായി ഉണ്ടായിരുന്നില്ല.
പുതിയ തിരക്കുകളും പഴയ കൂട്ടുകാരുമായി സഞ്ജയ് തന്റെ യാത്ര കുഴപ്പമില്ലാതെ കൊണ്ടുപോയി. വലിയ തിരക്കുകളില്ലാത്ത ഒരു ദിവസം ഹോട്ടലിന്റെ പടിക്കലെത്തുന്ന ആളുകളെ കണ്ട് സഞ്ജയ് ചാടിയെണീറ്റു.
‘‘നിങ്ങള്‍, നിങ്ങളെങ്ങനെ ഇവിടെ?’’ അവന്റെ ശബ്ദമുയര്‍ന്നു.
ഹോട്ടലിന്റെ പടികടന്ന് താമസത്തിനെത്തുക ചിലപ്പോള്‍ കുടുംബങ്ങളോ സുഹൃത്തുക്കളോ, പിന്നെ വല്ലപ്പോഴുമൊരിക്കല്‍ ശരീരസുഖം തേടിയെത്തുന്നവരുമാണ്. ആ സ്ഥലത്തേക്കാണ് രണ്ട് പെണ്‍കുട്ടികള്‍!
‘‘ഹായ് സഞ്ജയ്’’ കണ്ടയുടന്‍ രേഷ്മ അവനെ കെട്ടിപ്പിടിച്ചു. ആദ്യമൊന്ന് പകച്ച സഞ്ജയ് സൗഹൃദത്തോടെ രേഷ്മയെ പുല്കി. ഇരുവരെയും സ്വീകരിച്ചിരുത്തി സഞ്ജയ് ഏറെനേരം സംസാരിച്ചിരുന്നു. ആരെങ്കിലുമൊക്കെ ഇങ്ങനെ കാണാന്‍ വരുന്നതും അൽപനേരം സംസാരിച്ചിരിക്കുന്നതും അവന് ഇഷ്ടമുള്ള കാര്യമായിരുന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. കൂട്ടുകാരോടൊപ്പവും തനിച്ചുമായി രേഷ്മയുടെ വരവ് തുടര്‍ന്നുപോന്നു.
‘‘സച്ചൂ...’’ ഒരിക്കല്‍ പതിവു സന്ദര്‍ശനത്തിനുശേഷം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഔപചാരികത ഒന്നുമില്ലാതെ രേഷ്മ അവന്റെ ഇടംകൈയില്‍ തന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ചു.
‘‘എനിക്കിഷ്ടമാണ്’’ അവളുടെ ശബ്ദം പതിഞ്ഞിരുന്നു.
സഞ്ജയ് പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ഗേറ്റ് കടന്ന് രേഷ്മ നടന്നുനീങ്ങിയതും അവന് തിരികെ ഹോട്ടലിലേക്ക് കയറി. ആ പെണ്‍കുട്ടി പറഞ്ഞത് ഒരു തമാശയായി എടുക്കാനായിരുന്നു അവനിഷ്ടം. ജാനറ്റിനോടുള്ള അവന്റെ സ്നേഹം പറയാതെ പറഞ്ഞിട്ടുള്ളതായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ജീവിതത്തിലേക്ക് ഓടിക്കയറിവന്ന പ്രാരബ്ധങ്ങള്‍ക്കിടയില്‍ സഞ്ജയ്ക്ക് പഠനമുള്‍പ്പെടെ മറ്റെല്ലാം മാറ്റിവെക്കേണ്ടിവന്നു. നേരവും കാലവും നോക്കാതെയുള്ള രേഷ്മയുടെ വരവും തന്നോടൊത്ത് സമയം ചെലവഴിക്കുമ്പോള്‍ അവളില്‍ നിറയുന്ന ആനന്ദവും സഞ്ജയ് അറിഞ്ഞു.
‘‘രേഷ്മ’’ സഞ്ജു വിളിക്കുന്നതുകേട്ട് അവള് അവനടുത്തേക്ക് ഓടിച്ചെന്നു.
‘‘എനിക്കിഷ്ടമല്ല, ഇനിയിങ്ങോട്ട് വരരുത്. നിന്നെയൊരു സുഹൃത്തായി മാത്രമാണ് കാണുന്നത്.’’ സഞ്ജുവിന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കി രേഷ്മ ഹോട്ടലില്‍ നിന്നിറങ്ങി.
ദിവസങ്ങള്‍ എത്ര വേഗമാണ് കടന്നുപോയത്. സഞ്ജു തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി രേഷ്മയെ കണ്ടുതുടങ്ങി. അച്ഛനും സഹോദരിക്കും പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടിയാണ് രേഷ്മയുമായി അവന് തങ്ങളുടെ വാടകവീട്ടിലെത്തിയത്. ആ പെണ്‍കുട്ടിയെ കണ്ടമാത്രയില്‍ അനിയത്തി തന്റെ ഭാവി നാത്തൂന്റെ കൈയില്‍ പിടിച്ച് അകത്തേക്ക് നടത്തി. അച്ഛന് അവളെ എതിരേറ്റത് സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെയാണ്. സഞ്ജുവിന് തന്റെ കുടുംബത്തെയോര്‍ത്ത് അഭിമാനം തോന്നി. ഇഷ്ടമല്ല എന്നറിയിച്ചിട്ടും വിടാതെ പിന്തുടര്‍ന്ന രേഷ്മ എത്രവേഗമാണ് തന്റെ മനസ്സ് കീഴടക്കിയത്. ആ ഓർമയില്‍ തന്നെ സഞ്ജയ് ഒന്ന് പുഞ്ചിരിച്ചു.
ആ ചെറിയ വീട്ടില്‍ സന്തോഷം നിറഞ്ഞു. അച്ഛന് സഹദേവനോടും അനിയത്തിയോടും വാതോരാതെ സംസാരിക്കുന്ന രേഷ്മ അവനില്‍ കൗതുകമായി നിറഞ്ഞുനിന്നു.
അന്ന് രാത്രിയില്‍ ആകെയുള്ള രണ്ട് മുറികളിലൊന്നില്‍ അനിയത്തിക്കൊപ്പം രേഷ്മയും കിടന്നു. ഹാളില്‍ വിരിച്ചിട്ട പായയില്‍ ഉറക്കംപിടിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ സഞ്ജയ്.
‘‘സഞ്ജൂ’’ അടുത്തുനിന്ന് പതുക്കെയുള്ള വിളിയും തന്റെ വയറിലേക്ക് അമരുന്ന ചൂടുള്ള കൈത്തലങ്ങളും. അവന്റെ ഉറക്കം പൊയ്പ്പോയി. ‘‘എന്തേ...?’’ അവന് അവളെ തന്നോട് ചേര്‍ത്തുപിടിച്ചു.
‘‘ഞാനിവിടെ കിടന്നോട്ടെ...?’’ അവളുടെ ശബ്ദത്തില്‍ കൊഞ്ചല് നിറഞ്ഞു.
‘‘വേണ്ട, അച്ഛനും അനിയത്തിയും ഉറങ്ങിയിട്ടുണ്ടാവില്ല.’’ അവന്റെ കണ്ണുകള്‍ ഇരുമുറിയുടെയും വാതില്‍ക്കലേക്ക് നീണ്ടു.
‘‘ഉറങ്ങി, സമയം പന്ത്രണ്ടായി സച്ചു’’ അവളുടെ ശബ്ദം തരളിതമായി.
അവന് ആദ്യമായിട്ടായിരുന്നു അങ്ങനൊരു അനുഭവം. എത്രയോ നാളുകളായി കാണുന്നു, അടുത്തിരിക്കുന്നു, അതിലുമെത്രയോ ചുടുചുംബനങ്ങള്‍ പകര്‍ന്നിരിക്കുന്നു. തീവ്രചുംബനത്തിന്റെ ഒടുക്കം ചുവന്നുതടിച്ച ചുണ്ടുകളും ചുവപ്പാര്‍ന്ന മുഖവുമായി നാണത്തോടെ രേഷ്മ പിന്‍വാങ്ങുമ്പോള്‍ അതിനുമപ്പുറം മനസ്സ് എന്തൊക്കെയോ കൊതിച്ചിരുന്നു.
‘‘സഞ്ജൂ’’ രേഷ്മയൊരു കുറുകലോടെ സഞ്ജുവിനോട് ഒട്ടിച്ചേരുമ്പോള്, അവനിലെ പുരുഷനും പതിയെ ഉണര്‍ന്നുതുടങ്ങിയിരുന്നു. വിചാരമില്ലാത്ത വികാരങ്ങള്‍ ചൂടുപിടിച്ചു തുടങ്ങുമ്പോള്‍ അവര്‍ പരിസരം മറന്നു. സഞ്ജുവിന്റെ വിറയാര്‍ന്ന കൈകള്‍ അവളുടെ മുഖത്തെ തഴുകി താഴോട്ടിറങ്ങി. ധരിച്ചിരുന്ന ബനിയനു മുകളിലൂടെ മാറിടത്തെ തഴുകി തലോടുമ്പോള്‍ അവള് തന്റെ അനിയന്ത്രിതമായി ഉയര്‍ന്നുപൊങ്ങുന്ന ശ്വാസത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. പ്രിയതമന്റെ കൈകള്‍ മാറിടത്തെയും കടന്ന് പൊക്കിള്‍ച്ചുഴിയില്‍ വൃത്തം വരക്കുമ്പോള്‍ രേഷ്മയുടെ തടിച്ച ശരീരമൊന്ന് ഉയര്‍ന്നുതാണു.
‘‘കൊച്ചേ...’’ അവന്റെ ശബ്ദം മായികലോകത്തുനിന്നും എത്തുന്നതുപോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത്. ഇറുക്കെ വാരിപ്പുണരുന്നതിനിടയില്‍ പരസ്പരം അറിയാനുള്ള തിടുക്കം ഇരുവരിലും ഉണര്‍ന്നുനിന്നു.
‘‘സച്ചു’’ അവള് പതിയെ അവന്റെ ചെവിയില്‍ കടിച്ചു.
അവന്റെ കൈകള്‍ ആ പെണ്‍ശരീരത്തിന്റെ അടിവയറ്റില്‍ താളംപിടിച്ചു. ആ മധുരമുള്ള ചുണ്ടുകള്‍ കവര്‍ന്നെടുത്തുകൊണ്ട്, അറിയാതെന്നോണം അകന്ന അവളുടെ തുടയിടുക്കിലെ നനവിലേക്ക് കൈപ്പത്തി ചേര്‍ത്തുവെച്ചു. രേഷ്മയുടെ കൈകള്‍ സഞ്ജവിന്റെ അരക്കെട്ടിലെ ദൃഢതയില്‍ പിടിമുറുക്കി. അവന്റെ മാന്ത്രിക വിരലുകളുടെ ലാളനയില്‍ രേഷ്മ എല്ലാം മറന്നു; സഞ്ജുവും.
എത്ര പെട്ടെന്നാണ് മാസങ്ങള്‍ കടന്നുപോയത്. രാഷ്ട്രീയത്തിലെ അതികായനായ സഹദേവന്റെ ഒട്ടുമിക്ക പരിപാടികളിലും രേഷ്മ ഇപ്പോള്‍ പങ്കെടുക്കാറുണ്ട്. അവളുടെ ഉരുണ്ടുള്ള നടത്തവും മലയാളവും തെലുങ്കും ചേര്‍ന്ന സംസാരവും കേട്ട് ചിലരെങ്കിലും ‘ആ പെണ്‍കുട്ടി ഏതാണ്?’ എന്ന് സഹദേവനോട് തിരക്കാറുണ്ട്.
‘‘മോളേ, ഇങ്ങുവന്നേ’’ ആ വിളി കേള്‍ക്കുമ്പോള്‍ രേഷ്മ ഓടി അയാള്ക്കടുത്തെത്തും.
‘‘എന്റെ മോളാണ്. മകന് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. എനിക്കിപ്പോള്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.’’ രേഷ്മയെ തന്നോട് ചേര്‍ത്തു നിര്‍ത്തി അഭിമാനത്തോടെ പറയുന്ന സഹദേവനെ ആളുകള്‍ തെല്ലസൂയയോടെ നോക്കി. അയാളുടെ വേദികളില്‍ സ്ഥിര സാന്നിധ്യമായി രേഷ്മ മാറുന്നത് സഞ്ജയ് ഏറെ ഇഷ്ടപ്പെട്ടു. അച്ഛന്റെയും അവളുടെയും സംസാരം കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു, എന്നും.
സഞ്ജയ്ക്കൊപ്പം വീട്ടിലേക്ക് വരുന്ന ദിവസങ്ങളിലെല്ലാം ആ ചെറിയ വാടകവീടിന്റെ ഇരിപ്പുമുറിയില്‍ അര്‍ധരാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇരുവരും തങ്ങളുടെ ആഗ്രഹങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ചു.

‘തോട്ടക്കാട്.... തോട്ടക്കാട്’ ബസ് കണ്ടക്ടറുടെ ഉറക്കെയുള്ള വിളിയും സഞ്ജയുടെ ഓർമകളെ മായ്ച്ചുകളഞ്ഞു.
‘‘രേഷ്മേ... കൊച്ചേ’’ തന്റെ ശരീരത്തിലേക്ക് ചാരിക്കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന പ്രണയിനിയെ വിളിച്ചുണര്‍ത്തുമ്പോള്‍ രേഷ്മയുടെ വായിലൂടെ ഒലിച്ചിറങ്ങിയ ‘ഞൊള’ അവന്റെ ഷര്ട്ടിനെയാകെ നനച്ചിരുന്നു.
അന്ന്, പതിവുപോലെ അനിയത്തി കോളജിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. എല്ലാത്തിനെയും മടുപ്പിക്കുന്ന പുതിയ ദിനങ്ങളുമായി പൊരുത്തപ്പെടാന്‍ സഞ്ജയ്ക്ക് കഴിയാതെ വന്നു. കണ്ണടയ്ക്കുമ്പോള്‍ തെളിയുന്ന പ്രണയിനിയുടെ മുഖത്തിനുനേരെ നോക്കുമ്പോഴെല്ലാം ഉള്ളം വിങ്ങിപ്പൊട്ടി. തന്നില്‍ അനുഭവപ്പെടുന്ന വികാരങ്ങളെ നിയന്ത്രിക്കാനാവാതെ സഞ്ജയ് ചിലപ്പോഴെല്ലാം വെറും തറയില്‍ കമിഴ്ന്നുകിടന്ന് ശരീരത്തെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ടേയിരിക്കുന്ന ഫോണുമായി അച്ഛനെത്തിയതും നിറഞ്ഞുതുളുമ്പുന്ന കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് സഞ്ജയ് ഫോണ്‍ വാങ്ങി.
‘‘ആ കുട്ടിയാണ്, എടുത്ത് സംസാരിക്ക്.’’ ആ ശബ്ദം സ്നേഹത്തിന്റേതായിരുന്നു.
അവന് അച്ഛനെ അനുസരിക്കാനാണ് തോന്നിയത്. ഫോണെടുത്ത് കാതില്‍ വെക്കുംമുമ്പേ രേഷ്മയുടെ സന്തോഷം നിറഞ്ഞ ശബ്ദം ഒഴുകിയെത്തി.
‘‘സഞ്ജൂ, ഞാനിതാ സ്വർണമെടുക്കാന്‍ എത്തിയിട്ടുണ്ട്. നാളെ കാണാന്‍ പറ്റോ. മറ്റന്നാള്‍ എനിക്ക് സമയമുണ്ടാവില്ല, അതുകൊണ്ടാണ്. നമ്മുടെ കോളജ് മുക്കിലെ പാലസ് ഹോട്ടലില്‍ കാത്തിരിക്കൂട്ടോ’’ അവന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ കോള്‍ കട്ടായി.
‘‘മോനേ’’ സഹദേവന് മകനടുത്തായി ഇരുന്നു.
‘‘മോള്‍ടെ കല്യാണമായി എന്നുകരുതി നീ വിഷമിക്കുകയൊന്നും വേണ്ട. അവളോട് ദേഷ്യവും കാണിക്കണ്ട. അങ്ങനെ ചെയ്താല്‍ എന്റെ കുട്ടി ആ കുട്ടിയെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല എന്നാണ് കരുതേണ്ടത്. ഇന്ന് മാത്രമല്ല മോനേ, ആ കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടും എന്ത് ആവശ്യമുണ്ടെങ്കിലും നീ സഹായിച്ചിരിക്കണം. അങ്ങനെയാണ് നിന്റെ സ്നേഹം നീ തെളിയിക്കേണ്ടത്.’’
പൊട്ടിക്കരയുന്ന മകനു മുന്നില്‍ സഹദേവന് ഇരുന്നു. ‘‘നമ്മുടെ ദുഃഖങ്ങള്‍ നമ്മെ കരയിക്കുക മാത്രമാണ് ചെയ്യാറുള്ളത്. നീയൊരു പുരുഷനാണെന്ന് മറക്കരുത്. ഒരു പെണ്ണിനെയും അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പ്രണയിക്കാതിരിക്കാന്‍ എന്റെ കുട്ടി ശ്രദ്ധിക്കണം. പോട്ടെ...’’ മകന്റെ തോളില്‍ തട്ടിക്കൊണ്ട് ആ അച്ഛന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി.

തറയില്‍ നിന്നെഴുന്നേറ്റ് മുഖം അമര്‍ത്തിത്തുടച്ച് സഞ്ജു കസേരയിലേക്കിരുന്നു. ഉള്ളം വിങ്ങുന്നുണ്ടെങ്കിലും കണ്ണുകള്‍ നിറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
കോളജ് പഠനകാലത്തെ ഇടവേളകള്‍ മുഴുവന്‍ തീര്‍ത്തത് കാന്റീന് സമീപം പടര്‍ന്നുപന്തലിച്ച ആല്‍മരത്തിനു ചുവട്ടിലെ കല്ക്കെട്ടിലായിരുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വലിയൊരു കൂട്ടം ഇപ്പോഴും അവിടെയുണ്ടാവും. സ്ത്രീസൗന്ദര്യത്തെക്കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചും തെളിഞ്ഞ ചര്‍ച്ചകളും അവരുടെ ലൈംഗികതയെക്കുറിച്ച് വാതോരാതെ സംസാരിച്ചും തള്ളിനീക്കിയ ദിവസങ്ങള്‍. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു അത്. കാന്റീന് പിന്നിലെ ഇല്ലിക്കൂട്ടങ്ങള്ക്കിടെ ജാനറ്റിനെ വരിഞ്ഞുമുറുക്കി ചുംബനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ ഇളംകാറ്റുപോലും നാണിച്ചിട്ടുണ്ടാവും. കോളജിന്റെ നീളന്‍ വരാന്തകളും കല്‍ത്തൂണുകളും മരച്ചോടുകളും പ്രണയിനികളെക്കൊണ്ട് നിറയുമ്പോള്‍ പ്രകൃതിപോലും അസൂയയുടെ നെടുങ്കന്‍ കുപ്പായം അണിഞ്ഞിട്ടുണ്ടാവും.
കോളജ് പഠനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞാണ് രേഷ്മയെന്ന യുവതി തന്റെ ജീവന്റെ പാതിയാവുന്നത്. പാര്‍ക്കില്‍, ബീച്ചില്‍, അല്ലെങ്കില്‍ മറ്റാരുടെയും കണ്ണെത്താത്ത ചെറിയ മറവില്പ്പോലും വികാരങ്ങളുടെ വസന്തം പൊഴിക്കാന്‍ എത്രയോ വട്ടം കഴിഞ്ഞിരിക്കുന്നു. രേഷ്മ എന്നാല്‍ എല്ലാമായിരുന്നു. ജീവിതത്തിന്റെ കഠിനമേറിയ കൽപാതയിലൂടെ നടക്കുമ്പോഴും ചേര്‍ത്തുപിടിക്കുന്ന കൈകളുടെ സ്നേഹം വലുതായിരുന്നു. എല്ലാം വെറുമൊരു സ്വപ്നമായിരുന്നുവെന്ന് കരുതാന്‍ അവന് കഴിയുമായിരുന്നില്ല.
അല്ലെങ്കില്‍തന്നെ എന്തു മറക്കാനാണ്? ‘‘സച്ചൂ, എനിക്ക് നിന്നെ ഇഷ്ടമാണ്’’ എന്ന് പറഞ്ഞുപോയ പകലിനെയോ?
നിരന്തരമായ കണ്ടുമുട്ടലില്‍ ഒരു പെണ്ണിനെ വിശ്വസിച്ച സ്വന്തം ചാപല്യത്തെയോ?
അച്ഛനെയും അനിയത്തിയെയും പരിചയപ്പെടുത്താന്‍ വീട്ടിലേക്ക് ക്ഷണിച്ച ദിവസത്തെയോ?
ഒടുക്കം കന്യാകുമാരിയിലെ ശീതീകരിച്ച മുറിയില്‍ കുളിച്ചൊരുങ്ങി പൊട്ടുതൊട്ട് തലനിറയെ മുല്ലപ്പൂവും ചൂടി വാരിപ്പുണര്‍ന്ന് സാരിയുടുത്തുനിന്ന് കള്ളനോട്ടം നോക്കിയ ദിവസത്തെയാണോ? അറിയില്ല. അന്ന് അവിടെവെച്ചാണ് തങ്ങളുടെ ആദ്യരാത്രിയെന്ന് പിന്നീടെത്രയോ വട്ടം ഓര്‍ത്തിട്ടുമുണ്ട്. മധുരം കിനിയുന്ന ഓർമകളുടെ വികാരപ്പെരുമഴകളുടെ തീവ്രപെയ്തില് തളര്‍ന്നുറങ്ങിയ രണ്ട് ശരീരങ്ങള്‍. ആ നിമിഷങ്ങള്‍ എന്നേന്നേക്കുമായുള്ള സൂക്ഷിച്ചുവെക്കലായിരുന്നു.
പാലസ് ഹോട്ടലിലേക്ക് കയറുമ്പോള്‍ ആദ്യം കണ്ടത് രേഷ്മയെ തന്നെ ആയിരുന്നു. വിസിറ്റേഴ്സ് മുറിയില്‍ കാലിന്മേല് കാല് കയറ്റുവെച്ച് അലസമായി ഇരിക്കുന്ന രൂപം.
‘‘ഹായ് സച്ചു’’ അവള് ഓടിവന്ന് സഞ്ജയിനെ ചുറ്റിപ്പിടിച്ചു.
‘‘വാ...’’ അവള്‍ക്കു പിന്നാലെ നടക്കുമ്പോള്‍ മനസ്സിനെ ലാഘവപ്പെടുത്തിവെക്കാന് അവന് ഏറെ പണിപ്പെട്ടു. ഓരോ തവണ ഹൃദയം നുറുങ്ങുമ്പോഴും സ്നേഹസ്പര്‍ശമായി അച്ഛന്റെ കരങ്ങള്‍ അവന്റെ തോളില്‍ പതിയെ തട്ടി ചില ഓർമപ്പെടുത്തലുകള് നടത്തി:
‘‘കരയരുത്, നീയൊരു പുരുഷനാണ്...’’
''എനിക്ക് ബിരിയാണി മതി, സച്ചുവിനോ...?' അവള് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
‘‘ഒന്നും വേണ്ട’’ സച്ചു പറഞ്ഞു.
‘‘അതെന്താ ഒന്നും വേണ്ടാത്തെ, സച്ചു കഴിച്ചതാണോ...?’’ അവളുടെ ശബ്ദത്തില്‍ പതിവ് സ്നേഹം നിറഞ്ഞു. അവനൊന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.
ആഹാരം കഴിക്കുമ്പോഴും രേഷ്മ എന്തൊക്കെയോ പറഞ്ഞു. സഞ്ജയ് വെറുതെയെല്ലാം മൂളിക്കേട്ടു.
തനിക്ക് എതിര്‍വശത്തിരിക്കുന്ന പ്രണയിനിയിലേക്ക് നോക്കാനവന്‍ ഭയപ്പെട്ടു. തന്റെ പ്രണയം മറ്റൊരാളുടേതാവുകയാണ്.
താന്‍ ആദ്യമായി തൊട്ട് രുചിച്ചറിഞ്ഞ പെണ്‍ശരീരം മറ്റൊരാള്‍ക്ക് സ്വന്തമാവുകയാണ്. അവള് ധരിച്ചിരിക്കുന്ന ചുരിദാറിനുള്ളിലെ ഓരോ ശരീരഭാഗങ്ങളും മനഃപാഠമാണ്. കാലങ്ങളോളമത് മായാതെ മനസ്സില്‍ ഉറച്ചുനില്‍ക്കും. അവളോടൊപ്പം ചെലവഴിച്ച ഓരോ സെക്കൻഡുകളും വേദനയോടെയേ ഓര്‍ക്കാന്‍ കഴിയൂ.
‘‘സച്ചു, എനിക്കൊരു ബിരിയാണി പാഴ്സല്‍ വേണേട്ടോ, രണ്ട് വടയും. ഇപ്പോള്‍ കൈകഴുകി വരാം.’’ സച്ചുവിനെ ഒന്ന് നോക്കുകപോലും ചെയ്യാതവള് കൈകഴുകാന്‍ പോയി. അവള് ഫ്രഷ് ആയി തിരികെ വരുമ്പോഴേക്ക് ബിരിയാണിയും വടയും പാഴ്സല്‍ വാങ്ങി സഞ്ജയ് അവളെ കാത്തുനിന്നിരുന്നു.
‘‘പോവാം’’, പാഴ്സല്‍ വാങ്ങി അവള് ബാഗിലേക്ക് വെച്ചു. സ്റ്റാൻഡിലേക്കുപോകാന് ഓട്ടോയിലിരിക്കുമ്പോള്‍ അവളോടൊന്നുകൂടി ചേര്‍ന്നിരിക്കാന്‍ അവനാഗ്രഹിച്ചു. രേഷ്മയോട് ചേര്‍ന്നിരുന്നുകൊണ്ട് അവളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു...
‘‘വിട് സച്ചൂ, എനിക്കിതൊന്നും ഇഷ്ടമല്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മറ്റൊരാളുടെ ഭാര്യയാവാന്‍ പോകുന്നവളാണ്. എന്നെ തൊട്ടുപോകരുത്’’ പറഞ്ഞുകൊണ്ടൊരു താക്കീതോടെ അവള് സഞ്ജയ് യെ നോക്കി.
അവന്റെ തകര്‍ച്ച പൂർണമായിരുന്നു. അവളില്‍ നിന്നുമവന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു.
‘‘സച്ചുവിനൊരു കാര്യമറിയോ? എന്നെ കെട്ടുന്നയാള്‍ നിന്നെപ്പോലെ കറുത്ത് കുറുകിയവനല്ല; നിന്നെക്കാള്‍ പൊക്കവും തടിയും വെളുത്ത നിറവുമുള്ള സുന്ദരനാണ്. പോരാത്തതിന് കേന്ദ്ര സർവിസില്‍ പൊലീസും. എന്റെ ഭാഗ്യമല്ലേ സച്ചു?’’.
അവനൊന്നും മിണ്ടിയില്ല. കരയാന്‍ പോലുമാകാതെ കീറിവരിഞ്ഞു രക്തമിറ്റുവീഴുന്ന ഹൃദയത്തോടെയവന് തളര്‍ന്നിരുന്നു. അച്ഛന്റെ ഇടറിയ ശബ്ദം കാതില്‍ മുഴങ്ങി: ‘‘കരയരുത് കുട്ടീ, നീയൊരു പുരുഷനാണ്’’.