മാതംഗി

തിളപ്പിച്ചാറ്റിയ പതിമുഖം ബോട്ടിലിൽ ഭദ്രമായി നിറച്ച് നീലിമ വണ്ടിയിലേക്ക് കയറി. പലവിധ പെർഫ്യൂമുകൾ കലർന്ന കാറിന്റെ ശീതളിമയിലേക്കിറങ്ങും മുമ്പേ സൈഡ്സീറ്റിന്റെ ഡാഷിലേക്ക് കുപ്പി ഇറക്കിവെച്ചു. ശ്യാം അവളുടെ ബോട്ടിൽ കണ്ട് പതിയെ ചിരിച്ചു. വീട്ടിൽ തിളപ്പിച്ച വെള്ളവും ചുമന്നുള്ള ഈ ഇറക്കം നീലിമക്ക് പണ്ടു മുതലേയുള്ള ശീലമാണ്. വീട് കൂടെയുള്ളതുപോലെ തോന്നുമെന്നാണ് അവളുടെ ന്യായം. കാറിൽ അവരഞ്ചുപേർ ഒതുങ്ങി. അവരവരുടെ ജീവിതങ്ങൾ...
Your Subscription Supports Independent Journalism
View Plansതിളപ്പിച്ചാറ്റിയ പതിമുഖം ബോട്ടിലിൽ ഭദ്രമായി നിറച്ച് നീലിമ വണ്ടിയിലേക്ക് കയറി. പലവിധ പെർഫ്യൂമുകൾ കലർന്ന കാറിന്റെ ശീതളിമയിലേക്കിറങ്ങും മുമ്പേ സൈഡ്സീറ്റിന്റെ ഡാഷിലേക്ക് കുപ്പി ഇറക്കിവെച്ചു. ശ്യാം അവളുടെ ബോട്ടിൽ കണ്ട് പതിയെ ചിരിച്ചു. വീട്ടിൽ തിളപ്പിച്ച വെള്ളവും ചുമന്നുള്ള ഈ ഇറക്കം നീലിമക്ക് പണ്ടു മുതലേയുള്ള ശീലമാണ്. വീട് കൂടെയുള്ളതുപോലെ തോന്നുമെന്നാണ് അവളുടെ ന്യായം.
കാറിൽ അവരഞ്ചുപേർ ഒതുങ്ങി. അവരവരുടെ ജീവിതങ്ങൾ ബാഗിലൊതുക്കി വർത്തമാനങ്ങളിലാണ്ടു. കുട്ടികളും പരവേശങ്ങളും നീറ്റ് എക്സാമും കെട്ടിയോനും ഗെറ്റ്ടുഗദറും പിന്നിട്ട് അമ്മച്ചീടെ മുട്ടോപ്പറേഷനെത്തുമ്പോഴേക്കും നീലിമക്ക് വയർ ഉരുണ്ടു മറിയാൻ തുടങ്ങി.
‘‘ഇവള് ടാബ് ലെറ്റ് കഴിച്ചില്ലേ?” രജനി തിരക്കി.
ഇല്ലെന്ന് ശർദ്ദിലൊഴിഞ്ഞതിന്റെ ആലസ്യത്തിൽ കണ്ണും നെറച്ച് നീലിമ നിന്നു. ധിറുതിയിൽ ബാഗിൽനിന്നും ടാബ് ലെറ്റെടുത്ത് വിഴുങ്ങി. അന്നനാളം വഴി ഇറങ്ങുന്ന ചൂടുള്ള വെളളം ചെറിയ നീറ്റലോടെ അറിഞ്ഞ് അവൾ സീറ്റിൽ തലചായ്ച്ചു.
കണ്ണടച്ച് കെടന്നു.
കിഷൻ സ്പോട്ടിഫൈയിൽ ഗുലാം അലിയുടെ
ഗസൽ പ്ലേ ചെയ്തു.
“നിനക്കിപ്പൊഴും ഇത് തന്നെയല്ലേ പ്രിയം?”
നീലിമ കണ്ണുതുറക്കാതെ തലയാട്ടിക്കൊണ്ട് ഉറക്കത്തിലേക്ക് വീഴാൻ ശ്രമിച്ചു.
* * * *
വണ്ടി നഗരങ്ങൾ പിന്നിട്ട് ഹൈറേഞ്ചിലേക്ക് പ്രയാണം തുടങ്ങിയിട്ടുണ്ടാവണം. പൊട്ടിയും പൊളിഞ്ഞും കിടന്ന റോഡിന്റെ ഏതോ ഒരു കുഴിയിലേക്കിറങ്ങിയതും കാറൊന്നു ശക്തിയിൽ കുലുങ്ങി
“നമ്മളെത്തിയോ?”
“നീയിങ്ങനെ ഉറങ്ങാനാണോ വന്നത്. നിന്റെ ജക്കരാന്തകൾ മുഴുവൻ പൂത്തിരിക്കുന്നത് കണ്ടോ?”
അലീന തലക്ക് കിഴുക്കി.
യാത്രയുടെ പ്ലാൻ ആരംഭിച്ചപ്പോൾ മുതൽ നീലിമ വഴിയിൽ കാണാനിരിക്കുന്ന പൂക്കാഴ്ചകളെക്കുറിച്ചുള്ള കൗതുകത്തിലായിരുന്നു. കോടമഞ്ഞിൽ ജക്കരാന്തയുടെ വയലറ്റ് നിറത്തിന് ഒരു മിസ്റ്റിക് ഫീലുണ്ട്.
നമ്മളീ ഭൂമിയിലല്ലെന്ന് അത് തോന്നിപ്പിക്കും.
ശരിയാണ്, ഓവർ എക്സൈറ്റഡായിരുന്നു. ഇനി മടക്കത്തിൽ നോക്കാം.
“മാതംഗിയിലേക്കുള്ള മാപ്പ് ഓൺ ചെയ്യട്ടെ? ഏതാ സ്ഥലം?”
“ഇട്ട് വെച്ചോളൂ. അങ്ങോട്ട് റേഞ്ചില്ല. കിട്ടുന്നില്ലെങ്കി നമുക്ക് പേട്ടയെത്തി ചോയ്ച്ച് ചോയ്ച്ച് പോകാം.”
ചെക്ക് പോസ്റ്റിനപ്പുറത്ത് കൈയിൽ നാലഞ്ചുകുപ്പി ഹോംമേഡ് വൈനുമേന്തി വിഷ്ണു കാത്തുനിൽക്കുന്നു.
“ഞങ്ങൾ മുന്നിൽ പോകാം. പിറകെ വിട്ടോളൂ.”
ഫോറം തികഞ്ഞു.
വിഷ്ണുവും സിബിച്ചനും മുന്നിൽ പുറപ്പെട്ടു.
“ഇതാർക്കാണീ പഞ്ചാരലായനി?”
അലീന വൈൻകുപ്പി നോക്കി അലോസരപ്പെട്ടു.
“പേടിക്കേണ്ട. നിനക്കുള്ളത് വണ്ടിയിൽ കാണും.”
മലകൾ പിന്നെയും പലതു പിന്നിട്ടു. നീലിമ ചില്ലുതാഴ്ത്തി കാടിന്റെ ഗന്ധം വലിച്ചെടുത്തു. വഴിയിൽ നിർബാധം ജീവിക്കുന്ന വാനരകുടുംബങ്ങളെ നോക്കി വീടോർമയിൽ നെടുവീർപ്പിട്ടു.
“അതാ ഒരു സ്കൂട്ടി നമ്മടെയൊക്കെ മുന്നിലുണ്ട്,” രജനി മുന്നിലോട്ട് ചൂണ്ടി.
“അതാണ് ദേവൻ. മൂപ്പരാണ് അവിടത്തെ നമ്മടെ കെയർടേക്കർ.”
“ഞാനാദ്യമായാണ് ഒരു ദേവനെ കാണാൻ പോകുന്നത്.”
നീലിമ ചിരിച്ചു കൊണ്ട് ബാഗിൽ കുത്തനെ ചുരുട്ടിവെച്ച ചിത്രത്തെ തലോടി. മാതംഗി എന്ന പേര് കേട്ടതു മുതൽ പോരാൻ നേരം വരെ വരച്ചുകൊണ്ടിരുന്ന ചിത്രമാണ്. മിനുക്കി മതിയാവുന്നില്ല. പറ്റിയാൽ ഇനിയും വൃത്തിയാക്കണം.
ഇരുണ്ട ഇടതൂർന്ന മിഴികൾ. മെലിഞ്ഞ അരക്കെട്ട്. അഴകുള്ള മാറിടത്തിലൂടെ മുന്നിലോട്ട് വീണ മുടിയിഴകൾ. നിറം മങ്ങിയ കടുംകാപ്പി നിറത്തിലുള്ള ചേലയ്ക്ക് സ്വർണക്കര. വരക്കാനിരുന്ന നേരംമുതൽ താനറിയാതെ വരച്ചുതീർക്കുകയായിരുന്ന ഒരു സ്ത്രീരൂപം നീലിമ ഓർത്തു. കൈപിടിച്ച് ആരോ വരപ്പിക്കും പോലെ.
ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും പരിചിതമെന്നു തോന്നുന്ന മുഖം. അലസമെങ്കിലും അഴകുള്ള ചേലചുറ്റൽ, ഉറപ്പുള്ള മുഖവടിവുകൾ. വരച്ചുതീർന്ന ചിത്രത്തിന് എന്തു പേരിടുമെന്ന ചിന്തക്ക് ഒരു നിമിഷത്തിന്റെ ആലോചന പോലും വേണ്ടി വന്നില്ല.
ആ മുഖം മനസ്സിൽ നിറച്ചുകൊണ്ട് ചിത്രത്തിന് താഴെ സ്വാഭാവികമായി എഴുതുകയായിരുന്നു.
മാതംഗി.

* * * *
വിചാരിച്ചതുപോലെ ഒന്നുമായിരുന്നില്ല, മെലിഞ്ഞ വിരലുകളുള്ള കവിളൊട്ടിയ ഒരു ചെറിയ മനുഷ്യനായിരുന്നു ദേവൻ. തലമുഴുവൻ മൂടുന്ന തൊപ്പി. കട്ടിയുള്ള രോമക്കുപ്പായം. നീണ്ട കാലുറ. പുറത്തു കാണാവുന്ന നീണ്ട മുഖം. കുറുകിയ കണ്ണുകൾ.
“മാഡം ബാഗ് തരൂ.”
നീലിമയുടെ നോട്ടം കണ്ട് ദേവൻ കൈ നീട്ടി. അവൾ പരുങ്ങലോടെ ബാഗ് കൈമാറിയതുകണ്ട് ശ്യാം ചിരിച്ചു.
“ദേവനെങ്ങനെയുണ്ട്?”
അവൾ കുസൃതിയോടെ മുഖം തിരിച്ചു.
ഫലവൃക്ഷങ്ങൾ നിറഞ്ഞ സമൃദ്ധമായ ഒരു തോപ്പ്. നാസാരന്ധ്രങ്ങളെ വശീകരിക്കുന്ന കാപ്പിപ്പൂമണം. നീലിമ കണ്ണടച്ച് പൂമണം ഉള്ളിലേക്ക് വലിച്ചെടുത്തു. വൈകുന്നേരത്തിന്റെ കുളിരിലേക്ക് കൈനീട്ടി പഴുത്തൊരു പേരക്ക പറിച്ചെടുത്തു.
“കടിക്കരുത് മാഡം. പുഴു കാണും.”
പല്ലാണ്ട ദ്വാരത്തിലൂടെ ഒരു തക്ഷകൻ പുറത്തേക്ക് തലനീട്ടുന്നു.
“സന്ധ്യക്ക് മുമ്പേ കുറച്ച് ചിത്രങ്ങൾ എടുക്കട്ടെ.”
ശ്യാം കാമറയുമായി പുറത്തിറങ്ങി. നീലിമ വീടിനകത്തേക്ക് കയറി. കുടകുമലയുടെ മുകളിൽ പഴയ മട്ടിലുള്ള ഒരു സമ്പന്നഗൃഹം. പഴമ നഷ്ടപ്പെടുത്താതെ മനോഹരമായി മോഡിഫൈ ചെയ്തുവെച്ചിരിക്കുന്നു. ടൈലിനിടയിൽ പുല്ലുപാകിയ മുറ്റത്ത് കോലം വരച്ചത് മഴയിൽ നനഞ്ഞുകിടക്കുന്നു. തഴച്ചു സമൃദ്ധമായിവളർന്ന ഒരു തുളസിത്തറ. ആത്താംകുടി ടൈൽസ് പാകിയ വിശാലമായ മുറികൾ. വലുപ്പമുള്ള ഹാളുകൾ.
ആരും ഒന്ന് നൃത്തം വെച്ച് പോകുന്ന നിലം!
മാൻ കൊമ്പുകളും പലതരം ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ചുവരുകൾ. ഏറ്റവും പതിഞ്ഞ ശബ്ദത്തിൽ ആരോ പാടുന്ന ഒരഷ്ടപദിയുടെ ശീലുകൾ.
“പശ്യതി ദിശി ദിശി രഹസിഭവന്തം
ത്വദധര മധുരമധൂനി പിബന്തം...”
പഴയ മട്ടിലുള്ള ഒരു ടേപ്പ്റിക്കാർഡറിൽ നിന്നാണ്. നീലിമ അടുത്തുചെന്ന് ശബ്ദം ഒരൽപം കൂട്ടിവെച്ചു.
അപ്പോഴത്തെ ഒരു തോന്നലിൽ അലസമായി ഒരു ചുവടുവെച്ചു.
ആളനക്കം കേട്ടാവണം ദേവൻ അകത്തുനിന്ന് ഇറങ്ങിവന്നു.
“മാഡം എന്തെങ്കിലും ആവശ്യമുണ്ടോ?”
“ദേവാ നിങ്ങൾ ഇന്നാട്ടുകാരനാണ്?”
“അതെ മാഡം, ഞാനീ വീടിന്റെ സൂക്ഷിപ്പുകാരനാണ്. വർഷങ്ങളായി.”
“കുടുംബം?”
“ഇവിടെ അടുത്ത് തന്നെയാണ്. ഒരു പത്തുമിനിറ്റ്. പിന്നെ, ഇവിടെ അടുത്ത് കടകൾ ഒന്നുമില്ല കേട്ടോ. നിങ്ങൾ നേരത്തെ ഏർപ്പാടാക്കിയ പ്രകാരമുള്ള സാധനങ്ങൾ ഇവിടെ കൊണ്ടുവന്നുവെച്ചിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കിത്തരാൻ ഇവിടെ ആളുകൾ ഉണ്ട്. എന്താണ് വേണ്ടതെന്ന് പറഞ്ഞാട്ടെ.”
“അപ്പോൾ മലയാളി അല്ല?’’
“മലയാളം മനസ്സിലാകും. പറയാനും അറിയാം.”
നീലിമ മുന്നിലെ കാസറ്റുകൾ പരിശോധിച്ചുകൊണ്ട് നിന്നു.
ചൂടുകാപ്പിയുമായി ഒരു പെൺകുട്ടി അരികിലേക്ക് വന്നു.
കുടകുകാപ്പി തിളച്ചതിന്റെ ഗന്ധം!
പച്ചയിൽ ഓറഞ്ചുകരയുള്ള കൊടവസാരി. കുടകു പെൺകുട്ടികളുടെ പതിവുവേഷം, ഉറപ്പുള്ള മുഖവടിവുകൾ. സുന്ദരിയാണ്.
“നിങ്ങളെഴുത്തുകാരിയാണോ?’’
അവൾ ദേവനെ ഒളിഞ്ഞുനോക്കിക്കൊണ്ട് നീലിമയോട് പാതിമലയാളത്തിൽ ചോദിച്ചു.
അവളുടെ ഇടതുമൂക്കിലെ ചുവന്ന മൂക്കുത്തി തിളങ്ങി. അതിന്റെ ശോഭയിൽ ചുണ്ടുകൾ വിരിഞ്ഞു.
“ആരു പറഞ്ഞു?’’
“ഞാൻ കഥയെഴുതുന്ന സ്ത്രീകളെ കണ്ടിട്ടില്ല. നിങ്ങളിലൊരാൾ എഴുത്തുകാരിയാണെന്ന് ഇവിടെ പറയുന്നതു കേട്ടു. അത് നിങ്ങളാണോ?’’
ദേവൻ അരികിലേക്ക് വരുന്നതുകണ്ട് അവൾ പെട്ടെന്നുതന്നെ അടുക്കളയിലേക്ക് മറഞ്ഞു
“മാഡം, അവള് കാശോ മറ്റോ ചോദിക്കുന്നുണ്ടോ? ഇവിടെ അടുക്കളയിൽ സഹായത്തിനായി നിർത്തിയതാണ്. പൊതുവെ ഇവിടെ വരുന്ന വിരുന്നുകാർ സ്വയം ഭക്ഷണമുണ്ടാക്കാൻ താൽപര്യപ്പെടാറുണ്ട്. അല്ലാത്ത ആളുകൾ വരുമ്പോഴേ ഭക്ഷണകാര്യങ്ങൾ ഏറ്റെടുക്കാറുള്ളൂ. ഇത്തവണ ഇവിടെ അടുത്തുള്ള കാവിൽ ഉത്സവമാണ്. ഈ സമയത്ത് ഇവിടത്തെ പെണ്ണുങ്ങളെ പണിക്ക് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇവരെല്ലാം ഈയിടെ വന്ന പുതിയ കുട്ടികളാണ്. ഇവിടത്തെ ശീലങ്ങളൊന്നുമറിയില്ല.”
“ഇല്ല, ദേവാ അവൾ കാശൊന്നും ചോദിച്ചില്ല.”
അകത്തേക്കു നോക്കിക്കൊണ്ട് നീലിമ പറഞ്ഞു
കട്ടനൂതിവിട്ടുകൊണ്ട് മുറ്റത്തേക്ക് നടന്നു. കോടനിറഞ്ഞ് താഴ്വാരമൊക്കെ മൂടിയിരിക്കുന്നു. തൊട്ടപ്പുറത്തു നിൽക്കുന്ന ആളിനെപ്പോലും കാണാൻ കഴിയുന്നില്ല. ഒരു കവിൾ കാപ്പി മൊത്തിക്കൊണ്ട് അവൾ തന്റെ ചൂടുശ്വാസം മുന്നിലെ കോടയിലേക്കൂതി.
തൊട്ടുപിന്നിലായി ഒരു വെള്ളിക്കൊലുസിന്റെ അനക്കം. അവളാണ്. ചൈനാക്ലേ കൊണ്ടു നിർമിച്ച ചെറിയൊരു പിഞ്ഞാണത്തിൽ മൊരിഞ്ഞ, ഇപ്പോൾ അടുപ്പത്തുനിന്നു തിളച്ചു കോരിയ പക്കുവട. തണുപ്പുവീണ സന്ധ്യയും നിറഞ്ഞ കോടയും കുടകുകാപ്പിയുടെ വശ്യമായ സുഗന്ധവും അകത്തുനിന്നു കേൾക്കുന്ന അഷ്ടപദിയും.
‘‘ആഹാ അന്തസ്സ്!’’ നീലിമ കണ്ണടച്ചു.
“കുട്ടിയുടെ പേരെന്താ?’’
“ഗൗരി.”
“ഗൗരിക്ക് മലയാളമറിയാമോ?”
“ഇവിടത്തുകാർക്ക് കന്നടയും മലയാളവും തമിളും ഒക്കെ അറിയാം ചേച്ചീ.’’
അവൾ അഭിമാനത്തോടെ പറഞ്ഞു.
നല്ല ആരോഗ്യവും പ്രസരിപ്പുമുള്ള കുട്ടി. ഒരു പക്ഷേ കുടകിലെ സ്ത്രീകൾക്ക് ഈ ശരീരഭംഗി പൊതുവായുണ്ട്.
ഒരു ചിത്രം വരച്ചുപൂർത്തിയാക്കാത്തതു പോലെ, കേൾക്കാൻ ബാക്കിയായ ഒരു കഥ കാത്തിരിക്കും പോലെ, നീലിമ മാതംഗിയെ ഓർത്തു. അവൾ കാപ്പിത്തോട്ടത്തിലേക്കിറങ്ങി. ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. കാപ്പിച്ചെടികളിൽ കടുംചുവപ്പു നിറമുള്ള കായ്കൾ ഇരുട്ടിൽ മറ്റൊരു ചേർച്ചയുണ്ടാക്കി.
“ഗൗരി, കാപ്പിപ്പൂക്കൾ ഏതു ഭാഗത്താണ്?”
“പൂക്കാലം കഴിഞ്ഞു ചേച്ചീ. കാപ്പിച്ചെടികളിൽ കായ്കൾ പറിക്കേണ്ട കാലമാണിത്.”
“പിന്നെ ഈ കാപ്പിപ്പൂമണം എവിടെ നിന്നു വരുന്നു?’’
അവൾ വീണ്ടും വീണ്ടും ആ സുഗന്ധത്തെ ഉള്ളിലേക്കാവാഹിച്ചു.
“അത് ചേച്ചിക്കു വേണ്ടി കുടകുമല കാത്തുവെച്ചതാവും.”
ഗൗരി ചിരിയോടെ അകത്തേക്ക് കയറിപ്പോയി.
കൊടവരുടെ തോട്ടമായിരിക്കണം. കാട്ടുപന്നികളെപ്പോലെ വെറും കൈകൊണ്ട് മണ്ണിൽ കിളച്ച് ഒരു ദേശം തന്നെ നിർമിച്ചെടുത്ത കൊടവരുടെ പൂർവികചരിത്രം എവിടെയോ വായിച്ചതോർത്തു.
മലമുകളിൽനിന്ന് താഴേക്ക് പുഴയൊഴുകുന്ന ശബ്ദം. തലക്കാവേരിയിൽ നിന്നുവരുന്ന കാവേരി ഈവഴിയാണോ ഒഴുകുന്നത്? ബ്രഹ്മഗിരിമലകളിൽ നിന്നും നാട്ടിലൂടെ പലവഴി ഒഴുകിയെത്തുന്ന പുഴകളുടെ ഓർമയിൽ നീലിമക്ക് ആ കാട്ടുചോലക്കിലുക്കത്തോട് ഒരു ബന്ധുസ്നേഹം തോന്നി. തോട്ടത്തിനിടയിലൂടെ നടപ്പാതയുണ്ടെങ്കിലും അതുവഴി സഞ്ചരിക്കാൻ ഭയമുണ്ട്. അട്ടകളോ കാട്ടുജീവികളോ പാമ്പുകളോ കണ്ടേക്കാം.
അപ്പോഴേക്കും ദേവന്റെ സഹായത്തോടെ മുറ്റത്ത് കമ്പുകൾ കൂട്ടി തീപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. തൂവലുകളൂരിയെടുത്ത കോഴികളെ മസാലക്കൂട്ട് തേച്ചുകുളിപ്പിച്ചു ചുട്ടെടുക്കാൻ പാകത്തിന് ഒരുക്കിനിർത്തിയിട്ടുണ്ട്. സിബിച്ചൻ ഏതോ വിഷാദഗാനം മൂളാൻ ശ്രമിക്കുന്നുണ്ട്.
അകത്തേക്ക് ചെന്നു. രജനിയും അലീനയും കുളിക്കാനുള്ള വട്ടത്തിലാണ്. ഉള്ളിൽച്ചെന്ന് മാതംഗിയുടെ ചിത്രം പുറത്തെടുത്തു. അവളുടെ നെറ്റി മുതൽ മൂക്കിൻതുമ്പുവരെ വിരലോടിച്ചുകൊണ്ട് നീലിമ ആ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.
ദേവൻ കപ്പ നുറുക്കുകയാണ്. വേഷം മാറിയിട്ടുണ്ട്. പിറുപിറുക്കുംപോലെ എന്തോ പറയുന്നുണ്ട്. ഒരുപക്ഷേ വല്ല പ്രാർഥനയുമാവാം.
“ദേവാ ആരാണ് മാതംഗി?’’
പെട്ടെന്നുള്ള അവളുടെ കടന്നുവരവും ആ ചോദ്യവും ദേവനെ ഒന്ന് ഉലച്ചു.
“മാഡം എന്തെങ്കിലും ചോദിച്ചോ?’’
“അല്ല, എന്താണ് ഈ വീടിന് മാതംഗി എന്ന പേരിട്ടത്.”
“മാഡം. ഉള്ളിലത്തെ ഹാളിൽ രണ്ടാമത് ഇരിക്കുന്ന ആ വലിയ ചിത്രമില്ലേ, അവരാണ് മാതംഗി.”
മാതംഗിയുടെ ചിത്രമോ? നീലിമ അമ്പരന്നു. അങ്ങനെ ഒരു ചിത്രം ഹാളിൽ കണ്ടതായി ഓർക്കുന്നില്ല.
“അത് ഞാൻ പറഞ്ഞുതരാൻ മറന്നു. ഇപ്പൊ വരാം.”
“വേണ്ട ഞാൻ ചെന്ന് നോക്കാം.”
അവൾ അൽപം ധിറുതിയോടെ ഹാളിലേക്ക് പാഞ്ഞു.
അതെ ആദ്യം കാണുന്നത് കാവേരി ദേവിയുടെ ചിത്രം. അതിനോടുചേർന്ന് ആജ്ഞാശക്തിയുള്ള കണ്ണുകളോടെ ഒരു സ്ത്രീയുടെ മനോഹരമായ ചിത്രമുണ്ട്. നേരത്തെ അത് കണ്ടതേയില്ല. പിറകിലോട്ട് മടക്കുകളിട്ട മനോഹരമായ ചേലചുറ്റി വലിയ ചുവപ്പ് പൊട്ടുതൊട്ട് കാതിൽ പതക്കമിട്ട് കഴുത്തിൽ കല്ലുപതിച്ച മാലയിട്ട് കൊടവ സ്ത്രീയുടെ മാതൃകയെന്നോണം ഒരു സ്ത്രീരൂപം.
നീലിമ മുറിയിലേക്ക് ചെന്ന് വിറയലോടെ തന്റെ ചിത്രവുമായി തിരിച്ചുവന്നു. അതേ കണ്ണുകൾ. മൂക്കിനടിയിൽ കൊരുത്തിട്ട മൂക്കുത്തി. ആകെ ഒരു വ്യത്യാസമുള്ളത് ചേലചുറ്റലിൽ മാത്രമാണ്.
“ഇതാരുടെ ചിത്രമാണ് ചേച്ചീ?”
ഗൗരി തൊട്ടുപിറകിലായി വന്ന് എത്തിനോക്കി.
“നിങ്ങൾ അടുക്കളയിൽ നിന്നാൽ മതി.”
ദേവൻ അങ്ങോട്ട് കടന്നുവന്ന് അരിശത്തോടെ ഗൗരിയെ പറഞ്ഞയച്ചു. നീലിമയുടെ കൈയിലിരിക്കുന്ന ചിത്രത്തിലേക്ക് അയാൾ അത്ഭുതത്തോടെ നോക്കി.
“നിങ്ങൾക്ക് മാതംഗിയെ അറിയാമായിരുന്നോ?’’ നീലിമയുടെ ചിത്രത്തിലേക്ക് ചൂണ്ടി അയാൾ കണ്ണുതള്ളി. അയാളുടെ ചൂണ്ടു വിരൽ വിറക്കും പോലെ നീലിമക്ക് തോന്നി.
കണ്ണൂരിൽ നിന്നും അവധിയാഘോഷിക്കാൻ വരുന്ന ആ വിരുന്നുകാരിൽ മാതംഗിയെ അറിയുന്ന ആരെങ്കിലും ഉണ്ടായിരിക്കുമെന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“ഇല്ല ദേവൻ. എനിക്ക് മാതംഗിയെ അറിയില്ല. മാത്രവുമല്ല ഇത് ഞങ്ങളുടെ നാട്ടിലെ ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ്. നോക്കൂ നിങ്ങളുടെ മാതംഗി. അവരൊരു കൊടവസ്ത്രീയാണ്.”
ദേവനിൽ അവിശ്വസനീയതയുടെ ഭാവം മാറിയില്ല. അയാൾ നീലിമയെ സംശയത്തോടെ തറപ്പിച്ചുനോക്കിക്കൊണ്ട് അടുക്കളയിലേക്ക് പോയി. ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു.
നീലിമ രണ്ടു ചിത്രവും മാറിമാറി നോക്കി
“മാതംഗി!’’
ചിത്രമായി എന്നിലേക്ക് കടന്നുവരുന്ന ഇവളാരാണ്?’’
“എല്ലാരും ഒന്ന് വരുന്നുണ്ടോ?’’
കിഷൻ അക്ഷമനായി പുറത്തുനിന്ന് ഉറക്കെവിളിച്ചു.
അലീനയും രജനിയും ശ്യാമുമെല്ലാം പെട്ടെന്നുതന്നെ ഫാളിന്നായി.
നീലിമ കോടയിറങ്ങിയ മലഞ്ചുവടിലേക്ക് നോക്കി ആലോചനയിലാണ്ടു. കുന്നിനുമുകളിലെ ഈ രാത്രിക്ക് തന്നോട് വിശേഷിച്ചെന്തെങ്കിലും പറയാനുണ്ടോ?
തീ കൂട്ടിയതിനു ചുറ്റുമിരുന്നുകൊണ്ട് പഴയകാല പ്രണയകഥകളുടെ ചുരുളുകളഴിഞ്ഞു. കോർപറേറ്റ് ബുജികൾ വീര്യമേറിയ പഴയ വിപ്ലവഗാഥകൾ മൊത്തി. അതിനിടയിലാണ് ശ്യാം നീലിമയുടെ അഭാവം ശ്രദ്ധിച്ചത്.
“അവൾ വന്നില്ലേ?’’
“അത് അവൾക്കുള്ളതാണല്ലോ, എല്ലാവരും ഒരുമിച്ചു നിൽക്കുമ്പോൾ ഒരു മാറിനിൽക്കൽ.”
അലീന കനലുകുത്തിക്കൊണ്ട് മറുപടി നൽകി.
“അവൾ എന്തെങ്കിലും പേഴ്സണൽ തിരക്കിലാവും.”
കിഷൻ സന്ദർഭത്തെ നേർപ്പിക്കാനായി പറഞ്ഞു,
“ആർക്കാ ഇവിടെ ഇപ്പോൾ തിരക്കില്ലാത്തത്? ഞാനാണെങ്കിൽ നൂറുകൂട്ടം കാര്യങ്ങൾക്കിടയിലാണ് ഇങ്ങനെ രണ്ടുദിവസം കണ്ടെത്തിയതുതന്നെ. ഇവിടെ വന്ന് സ്വന്തം കാര്യത്തിനുവേണ്ടി മാറിനിൽക്കാനാണെങ്കിൽ പിന്നെ എന്തിനാ വരുന്നേ?” അലീന ഉച്ചത്തിൽ തന്നെ പിറുപിറുക്കാൻ തുടങ്ങി.
അത്രയുമായപ്പോഴേക്കും തലയിൽനിന്നും അധികചിന്തകളെ കുടഞ്ഞെറിഞ്ഞു കൊണ്ട് നീലിമ അവർക്കൊപ്പം പോയിരുന്നു.
“ആരാടീ? അലൻ ബാരിയാണോ തലയിൽ? നിന്റെ പുതിയ ഐറിഷ് ആരാധകൻ?’’
കനലിലേക്ക് സാമാന്യം വലുപ്പമുള്ള ഒരു വിറക് ശ്രദ്ധയോടെ എടുത്തു വെക്കുന്നതിനിടയിൽ വിഷ്ണു തിരിഞ്ഞിരുന്ന് ചോദിച്ചു.
“ഓ, അയാളെ ഞാൻ മറന്നുപോയി. ഓർമിപ്പിച്ചതിന് നന്ദി. ഗോസിപ്പ് പറയുമ്പോൾ ഇങ്ങനെ ഷാർപ്പായി ഗെസ് ചെയ്യുന്നവരെ ഞാനിതുവരെ കണ്ടിട്ടില്ല.”
നീലിമ ചുണ്ട് കോട്ടി.
ആ രാവ് അങ്ങനെ തന്നെ പുലർന്നു. വെളുക്കുവോളം ആരും ഉറങ്ങിയില്ല. കോട ശീതമായും ആവിയായും വന്നും പോയും കൂട്ടിരുന്നു. കവിതകളും പാട്ടും നിറഞ്ഞു. വലിയ ബിസിനസ് പ്ലാൻ വരെ കനലിലെരിഞ്ഞു.
പുലരാൻ നേരം എപ്പോഴോ ആണ് ഉറക്കത്തിന്റെ കാറ്റിൽ എല്ലാവരും കിടക്കയിലേക്ക് ചാഞ്ഞത്.

സംഗീതസാന്ദ്രമായ ഒരു മണിയൊച്ചയിലാണ് വീടുണർന്നത്. കോളിങ് ബെല്ലാണ് കേൾക്കുന്നത് എന്ന് തിരിച്ചറിയാൻ തന്നെ സമയമെടുത്തു. ആണുങ്ങളുടെ കിടപ്പുമുറിയാണാദ്യത്തേത്. അതിനാൽ വാതിൽ തുറക്കേണ്ട ചുമതല അവർക്കാണ്. ശ്യാം പുതപ്പ് വലിച്ചു മാറ്റി കൂടെയുള്ളവരെ ഉണർത്താതെ എഴുന്നേറ്റു.
ഇത്തരം അലോസരങ്ങൾ നഗരത്തിലെ റിസോർട്ടിലാണെങ്കിൽ ഉണ്ടാവുകയില്ല. നാട്ടിൻപുറത്തിന്റെ ഒരു ശല്യമാണിത്. വാതിൽ തുറക്കുന്ന നേരം ശ്യാം ആലോചിച്ചു.
“സാറേ ആരും എഴുന്നേറ്റില്ലേ?’’ ദേവനാണ്. കൂടെ കൊടവരുടെ പരമ്പരാഗത മുഖഭാവത്തോടെ വലിയ ആകാരമുള്ള ഒരാൾ. സംശയം നിറഞ്ഞ കണ്ണുകൾ.
“ഇദ്ദേഹം കരിയപ്പ. രജപുത്ര രജിമെന്റിലെ ഫീൽഡ് മാർഷലായിരുന്ന തിമ്മയ്യയുടെ കുടുംബക്കാരൻ. നമ്മുടെ നാട്ടിലെ പ്രമുഖനാണ്. പോലീസ് സർവീസിൽ നിന്ന് ഇയ്യിടെ റിട്ടയറായി.”
ശ്യാം അവരെ സ്വീകരിച്ചിരുത്തി. പുറത്തെ സംസാരം കേട്ട് വിഷ്ണുവും സിബിയുമെല്ലാം എഴുന്നേറ്റുവന്നു.
“ഞങ്ങൾ പരമ്പരാഗതമായി ഇവിടത്തുകാരാണ്. ഈ മനെ, മാതംഗി അയ്യങ്കട മനെ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു വീടാണ്. ഏറെ ചരിത്രമുറങ്ങുന്ന വീട്. മാതംഗി ഞങ്കളുക്ക് അവ്വയാർ മാതിരി. നിങ്ങൾ മാതംഗിയുടെ ചിത്രം വരച്ചിട്ടുണ്ട് എന്നുകേട്ട് കാണാൻ വന്നത്.”
മിശ്രമായ ഒരു ഭാഷയിൽ മുന്നറിയിപ്പൊന്നുമില്ലാതെ അയാൾ നേരെ വിഷയത്തിലേക്ക് കടന്നു.
“മാതംഗിയുടെ ചിത്രമോ? ആരു വരച്ചു?’’
“ഇവിടെ നിങ്ങടെ കൂടെയുള്ള ഒരു പെങ്കൊച്ച്.”
ദേവൻ പരുങ്ങലോടെ തലചൊറിഞ്ഞുകൊണ്ടു പറഞ്ഞു,
‘‘ഞാനത് കണ്ടിട്ടുണ്ട്.’’
* * * *
“അവളെന്നു ഒന്ദു കര ഇരീ.”1
കരിയപ്പ ദേവനെ കണ്ണുകാട്ടിക്കൊണ്ടു പറഞ്ഞു
“അവളെണ്ണു എദ്ദേളുവിട്ട് നോഡുവ.”2
ഇവർ എന്താണ് ഈ പറയുന്നതെന്ന് കിഷൻ ഗൂഗിൾ ട്രാൻസ്ലേറ്റർ വെച്ച് നോക്കി.
വിഷ്ണു ഇടയിൽ കയറി.
“അവറു ഹൊത്താഗി മർഗുത്താരെ. എദ്ദേളുവിട്ട് ബറുവാക ഹൊത്താഗുത്ത. നീയു മത്തെ ബന്നീ.”3
തെളിച്ചമില്ലാതെ മരിയപ്പ എഴുന്നേറ്റ് കൈകൂപ്പി.
“വീണ്ടും വരാം.”
എന്തിനു? ഇയാൾ ഇതെന്തിനാ ഇനിയും വരുന്നത്, കിഷൻ മുഷിച്ചിലോടെ തല കുടഞ്ഞു.
“പ്രശ്നങ്ങൾക്ക് അവധി കൊടുത്താണ് ഇങ്ങോട്ട് വന്നത്. ഇവിടിപ്പോ എന്താ വരാൻ പോണേ.”
“നമ്മുടെ പ്രൈവസി പോകൂലേ? ദേവനോട് പറയണം, ഇതൊന്നും പറ്റൂലാന്ന്.”
ശ്യാമത് ശരിവെച്ചു.
“എടാ നിയ്യത് കണ്ടോ? ആരാ ഇവിടെ മാതംഗിയുടെ ചിത്രം വരച്ചത്?’’ വിഷ്ണു ചോദിച്ചു
“എനിക്കറിയില്ല. ഈ കൂട്ടത്തിൽ പടം വര ആർക്കാ? അലീനക്ക് ഗ്രൗണ്ടിലായിരുന്നു പ്രിയം. രജനിക്ക് പാട്ടും. നീലിമക്ക് എഴുത്തിന്റെ സൂക്കേടുണ്ടെന്നറിയാം. ചിത്രം വര കണ്ടിട്ടില്ല.”
“അവരെ വിളിക്കാം” –കിഷൻ വാതിലിൽ മുട്ടി
ഉറക്കംവിടാതെ രജനി വിളിച്ചുപറഞ്ഞു,
“ഞങ്ങളെ നോക്കണ്ട നിങ്ങൾ പൊയ്ക്കോളൂ.”
രാവിലെ താഴ്വാരത്തിലേക്ക് നടക്കാമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് പുറത്തേക്ക് ഒരു ഡ്രൈവ് ആകാമെന്നും. ഉറക്കം മുറിക്കാൻ വയ്യാതെ തിരിഞ്ഞുകിടന്ന രജനിയെ കെട്ടിപ്പുണർന്ന് അലീന വീണ്ടും ഉറക്കത്തിലാണ്ടു.
നീലിമ ഏതോ സ്വപ്നത്തിന്റെ പിന്നാലെയാണ്.
കനത്ത ചുവരുകളുള്ള ഏതോ തടവറ. തടവിലാക്കപ്പെട്ട നിസ്സഹായരായ അനേകം പെൺകുട്ടികൾ. കൂട്ടത്തിലൊരുവൾ ഒച്ചയുണ്ടാക്കാതെ പുറത്തിരുന്നുറങ്ങുന്ന കാവൽക്കാരന്റെ ഉത്തരീയത്തിൽ കൊളുത്തിയ താക്കോൽ വലിച്ചെടുക്കുന്നു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറക്കുന്നു. പെൺകുട്ടികളോട് തന്നെ പിന്തുടരാൻ പറയുന്നു. പുറത്ത് കൊട്ടാരം കിടങ്ങിലേക്ക് വീണു കിടക്കുന്ന പനത്തടിയിലൂടെ രക്ഷപ്പെട്ട് പുഴയിലൂടെ നീന്തിരക്ഷപ്പെടുന്നു. നിലാവ്. ചന്ദ്രബിംബം. അവരുടെ ഉലയുന്ന ഉടയാടകൾ. പുഴ…
തണുപ്പേറിയതിനാൽ അവൾ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടെ ചുരുണ്ടു.
ആവിയിൽ വേവുന്ന നൂൽപ്പുട്ടിന്റെ മണം. വറുത്തുപൊടിച്ച മസാലക്കൂട്ടിന്റെ മണം. സ്വന്തം കൈയാലല്ലാതെ അടുക്കളയിൽ ബ്രേക്ഫാസ്റ്റ് പാകം ചെയ്യപ്പെടുന്നതിന്റെ സുഖകരമായ സുഗന്ധത്തിൽ അലീന കിടക്കയിൽ ഒന്ന് മൂരിനിവർന്നു.
ഇല്ല ബ്രഷ് എടുത്തുവെച്ചിട്ടില്ല!
“മാന്തളിരിൻ പട്ടുചുറ്റിയ മാർകഴിപ്പൂംകന്യകേ
മാൻമിഴി നീയൊന്നു ചെല്ല്.”
‘‘പോയി മാഞ്ചപ്പെടുത്തു പല്ല് തേക്കടീ.’’
നീലിമ പാട്ടുപാടിക്കൊണ്ട് അലീനയെ പുറത്തേക്ക് തള്ളി.
മണംപിടിച്ച് അടുക്കളയിലെത്തിയ രജനി കാപ്പിക്കോപ്പയുമായി വന്ന് തിടുക്കപ്പെട്ടു.
“വേഗം പുറത്തേക്ക് വാ. അവമ്മാര് നിന്നെ വിളിക്കുന്നു.” നീലിമ തലമുടി ഒന്നു കുടഞ്ഞുകെട്ടി. ടോപ്പ് നേരെ പിടിച്ചിട്ട് ബാക്കി മൂളി.
“പൊങ്കലോ പൊന്നോണപ്പുലരിയോ.’’
കിഷൻ പാട്ട് പൂരിപ്പിച്ചു,
“തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ”
“പാട്ടും കൂത്തും അവിടെ നിക്കട്ടെ. ഇവിടാരാ വരക്കാരി?” ശ്യാം പ്രശ്നത്തിലേക്ക് കടന്നു
“എന്താ കാര്യം!” നീലിമ നെറ്റിചുളിച്ചു.
“പറയ്. ആരാ മാതംഗിയുടെ പടം വരച്ചത്?’’
“ഞാൻ വരച്ചു. അതിവിടുത്തെ മാതംഗിയൊന്നുമല്ല. എന്റെ മനസ്സിൽ തോന്നിയ ഒരു പെണ്ണിന്റെ പടം ഞാൻ വരച്ചു. അതിന് മാതംഗിയെന്ന് പേരുമിട്ടു അത്രേയുള്ളൂ.”
“കാണട്ടെ അതെടുത്തോണ്ടു വന്നേ”
കൈയിലെടുക്കും മുന്നേ തന്നെ മാതംഗിയുടെ കണ്ണുകൾ നീലിമയെ കൊളുത്തിവലിച്ചു. അവളാ ചിത്രം മേശമേൽ തുറന്നുവെച്ചു.
“ഹൊ! നീയിത്ര ഭംഗിയിൽ ചിത്രം വരയുമോ? എന്തൊരു സുന്ദരി, എന്താ… സ്ട്രക്ച്ചർ!”
വിഷ്ണു ചിത്രത്തിലൂടെ ഒന്നു തലോടി.
“ഇന്നലെ ദേവനാണ് എനിക്ക് ഈ മാതംഗിയുടെ ചിത്രം കാണിച്ചുതന്നത്.’’
നീലിമ ചുവരിലേക്ക് കൈചൂണ്ടി.
അപ്പോഴാണവർ അവിടെ അങ്ങനെ ഒരു ചിത്രം കാണുന്നതു തന്നെ. അതിസുന്ദരിയായ ഒരു കൊടഗത്തി. നോക്കി നിന്നുപോകും.
“വൗ! എന്തൊരു സാമ്യമാണ്! നീ വരച്ചത് കേരളാവിലെ മാതംഗി. ഇത് കൊഡവരുടെ മാതംഗി. വെറുതെയല്ല നിന്നെയവർ തിരക്കി വന്നത്,” ശ്യാം പിറുപിറുത്തു.
“ആരു തിരക്കിവന്നു?’’ നീലിമ ഞെട്ടലോടെ ചോദിച്ചു.
ശ്യാം രാവിലത്തെ വിവരങ്ങൾ വെളിപ്പെടുത്തി. അവരിനിയും വരുമെന്നു കേട്ടപ്പോൾ നീലിമക്ക് വല്ലായ്മ തോന്നി.
‘മാതംഗി’… പുറത്തെ മലനിരകൾ നോക്കി അവൾ പതുക്കെ ആ പേര് തന്നോടെന്നവണ്ണം ഉരുവിട്ടു.
* * * *
അയ്യങ്കട മനെ മാതംഗി
ചെംഗപ്പ അയ്യങ്കട മനെ ഉണ്ടാക്കിയത് ഒരു ചരിത്രം തന്നെയാണ്.
ദേവനില്ലാത്ത നേരം നോക്കി അരികിൽ വന്ന ഗൗരിയാണത് പറഞ്ഞത്.
“ചേച്ചിക്ക് മാതംഗിയുടെ കഥ എഴുതാമോ? ഞാൻ പറഞ്ഞുതരട്ടെ?’’
നീലിമക്ക് മാതംഗിയോടും ഗൗരിയോടും ഒരേ സമയം കൗതുകം തോന്നി.
“വിരോധമില്ലെങ്കിൽ അടുക്കളപ്പുറത്തേക്ക് വായോ, എന്റെ പണിയും നടക്കുമല്ലൊ. പണി നടന്നില്ലെങ്കിൽ അയ്യാളെന്നെ ശരിയാക്കും.”
അടുക്കള മുറ്റത്ത് ഒരുഭാഗത്തുള്ള അലക്കുകല്ലിന്മേൽ നീലിമ ഇരുന്നു. ഒരു പരപ്പു മുറത്തിൽ ചെറിയുള്ളിയുമായി ഗൗരി അടുക്കളത്തിണ്ടിലും.
“ചെംഗപ്പ, അയാൾ കൊടകിലെത്തുമ്പോൾ അതൊരു ജനവാസമില്ലാത്ത ദേശമായിരുന്നുപോലും. തികഞ്ഞ അഭ്യാസിയും വീരനുമായിരുന്നു ചെംഗപ്പ. തന്റെ കൈക്കരുത്ത് കൊണ്ടാണ് അയാൾ ആ കാടിനെ മെരുക്കിയെടുത്തത്. അവിടെ മണ്ണിളക്കി ഇഞ്ചിയും കുരുമുളകും വിളയിച്ചെടുത്തു. വീടുകെട്ടി. തീകൂട്ടി കാട്ടുജീവികളെ അകറ്റി. കാണാൻ അതിസുന്ദരനായിരുന്നു ചെംഗപ്പ. ഗായകനും സ്വഭാവഗുണങ്ങളുമുള്ളവനുമായ ആ യോദ്ധാവിനെ അന്നാട്ടിലെ സ്ത്രീകളെല്ലാം ആരാധിച്ചു.
എന്നാൽ, എന്നും തനിക്ക് സഹായിയായി നിന്ന കൊടവൻ തിമ്മയ്യയുടെ മകൾ വീരവതിയെയാണ് ചെംഗപ്പ തന്റെ പെണ്ണായി തിരഞ്ഞെടുത്തത്. ഒരു സാധാരണ കൊടഗത്തി. മണ്ണിൽ വിയർപ്പൊഴുക്കാനും വിളവെടുക്കാനുമറിയാവുന്ന പെണ്ണൊരുത്തി. അവർക്ക് ദേവകാന്ത, ഉദയകാന്ത, വീരകാന്ത, രാജകാന്ത എന്നിങ്ങനെ നാല് ആൺമക്കൾ.
അതിൽ ദേവകാന്തയുടെ മകളായിരുന്നു ഈ മാതംഗി.”
ഗൗരി മുറം മടിയിലമർത്തിപ്പിടിച്ച് മുന്നോട്ടാഞ്ഞ് രഹസ്യം പോലെ അവസാനത്തെ വാചകം പൂർത്തിയാക്കി. നീലിമയുടെ കണ്ണുകൾ വിടർന്നു.
“വീരാംഗനയായ ഋതുപർണയായിരുന്നു മാതംഗിയുടെ അമ്മ. നാട്ടിലെ പ്രഭുവായ നേർപ്പണ്ട മാഡയ്യയുടെ മകൾ.
അയ്യങ്കട മനെയിൽ മാതംഗി വളർന്നുവന്നത് കൊടകുമല മേലെ സൂര്യകാന്തി വിടരുന്നതുപോലെയായിരുന്നു. വൻമരങ്ങൾ തലയെടുപ്പോടെ നിൽക്കുന്ന കാടിന്റെ വന്യതയിൽ, വളരും തോറും കൈക്കരുത്തിലും ഉറപ്പിലും അവൾ താത്തായുടെ പിൻഗാമിയെന്ന് തെളിയിച്ചുകൊണ്ടിരുന്നു. ആ ഗാനമാധുരി പോലും പകർന്നുകിട്ടിയവൾ. നാട്ടുകൂട്ടത്തിന്റെ കണ്മണി. ഉമ്മത്താട്ടിൽ കുഞ്ഞുപ്രായം തൊട്ട് അവളായിരുന്നു കാവേരിയമ്മ.
മടിക്കേരിയിലും പ്രാന്തപ്രദേശങ്ങളിലും പടയോട്ടമുണ്ടായ കാലം. ആണുങ്ങളെ നിർബന്ധമായി പിടിച്ച് പടയിൽ ചേർക്കുന്നുവെന്നും പെണ്ണുങ്ങളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേൾക്കുന്നുവെന്നും തോട്ടത്തിൽ പണിക്കാർ പറയുന്നത് കേട്ടാണ് അന്ന് സന്ധ്യക്കുമുന്നെ ദേവകാന്ത കാര്യം അന്വേഷിക്കാനായി മടിക്കേരിക്ക് പുറപ്പെട്ടത്. ഹൈദരലിയും ടിപ്പുവും വെള്ളക്കാരുമെല്ലാം കുടക് പിടിച്ചെടുക്കാനായി മാറിമാറി പടയേറുക പതിവാണ്. ഭീതിയോടെ കഴിയുന്ന കുടുംബങ്ങൾക്ക് ധൈര്യം കൊടുത്ത് പിടിച്ചുനിൽക്കാനുള്ള ശക്തിയും വഴികളും പകർന്നുകൊടുത്തു ദേവകാന്ത.
“കൊടഗ സ്ത്രീകൾ പോരാളികളാണ്. നാടും വീടും ആവശ്യപ്പെടുന്ന നേരം ചങ്കുറപ്പോടെ നിവർന്നുനിൽക്കേണ്ടവരാണ്.”
ദേവകാന്ത അവരെ ബോധ്യപ്പെടുത്തി.

നേരമേറിയെങ്കിലും വീട്ടിലേക്ക് മടങ്ങി. അയ്യങ്കടെ മനെയിലേക്ക് ഒരു മലദൂരംകൂടി ബാക്കിയുണ്ട്. മാരി കനക്കുകയാണ്. വഴികൾ ദേവകാന്തക്ക് പരിചിതമാണ്. നിലതെറ്റിയ ഒരു കൊമ്പനെ ഈയിടെ കാട്ടിൽ കാണാറുള്ളതൊഴിച്ചാൽ മറ്റെല്ലാം സുരക്ഷിതമാണ്. എല്ലാവഴികളും ഏതിരുട്ടിലും കാലിന് വഴങ്ങും. അവനെ എങ്ങനെയും വൈകാതെ തളക്കണമെന്ന് അന്നേരത്ത് ദേവകാന്ത മനസ്സിലുറപ്പിച്ചു. സ്ത്രീകളും കുട്ടികളും അല്ലെങ്കിലേ പരിഭ്രാന്തരാണ്. വാരിക്കുഴി ഒരുക്കണം. നാളെയാവട്ടെ. കാട്ടുവഴികളിൽ ഇരുട്ടു കനക്കുന്നു. മിന്നലിൽ തെളിയുന്ന വെട്ടത്തിൽ ദേവകാന്ത ദൂരെ തന്റെ മനെ കണ്ടു. മനസ്സിൽ മിന്നൽ പോലെ തെളിയുന്ന ഋതുപർണയുടെ രൂപം. കാട്ടുവഴികളിലെ മഴച്ചാലുകളിലൂടെ ഉറപ്പോടെ മലകയറി.
ഇടവളവു തിരിഞ്ഞപ്പോഴാണ് ഒരൊറ്റയാന്റെ ചിന്നംവിളി. പിച്ചാക്കത്തിയിൽ കൈയുറപ്പിച്ച് വേങ്ങമരത്തെ മറഞ്ഞുനിന്നു. കാതു വട്ടംപിടിച്ചു. ഇരുട്ടിൽ എല്ലാ മരവും ഒറ്റയാനെപ്പോലെ തോന്നിച്ചു. വട്ടംപിടിച്ച മരത്തോടു ചേർന്ന് മറ്റൊരു മാമരത്തൂണ്! ഒരു നിമിഷം അയാൾ സ്തംഭിച്ചുനിന്നു! ഓടനാഞ്ഞ ദേവകാന്ത നിമിഷനേരം കൊണ്ട് തുമ്പിക്കൈയ്യാൽ ചുറ്റി ഉയർത്തപ്പെട്ടു. കാട്ടിലെ രണ്ടു രാജാക്കന്മാർ മുഖാമുഖം നിൽക്കുന്നതുകണ്ട് ഇലകൾ പോലും അവിടെ അനങ്ങിയില്ല. ദേവകാന്തയുടെ കണ്ണിൽ ക്രൗര്യവും അകംവേവുകളും ഒരുപോലെ മിന്നിമാഞ്ഞു. പരമാവധി പിടിച്ചുനിന്നെങ്കിലും വന്യമായ കരുത്തിനു മുന്നിൽ ദേവകാന്ത തന്റെ ജീവൻ വെടിഞ്ഞു. പ്രിയപ്പെട്ടവന്റെ വേർപാടറിഞ്ഞ ൠതുപർണയും അതോടെ തളർന്ന് കിടപ്പിലായി. വൈകാതെ തന്നെ ആ അമ്മയും മരിച്ചു.
“മാതംഗി അനാഥയായി.”
ഗൗരി നെടുവീർപ്പിട്ടു. നീലിമയുടെ കണ്ണുകളും നനഞ്ഞു.
“കൗമാരം പിന്നിട്ട് യൗവനത്തിലേക്ക് കടന്ന മാതംഗിയുടെയും അവളുടെ സ്വത്തിന്റെയും രക്ഷാധികാരത്തിനായി ബന്ധുജനങ്ങളൊക്കെ രംഗപ്രവേശം ചെയ്തു. എന്നാലവൾ ആരെയും കൂസാതെ തന്റേതായ ഒരുനിലം ആ കുടകുമലയിൽ കെട്ടിപ്പടുത്തു.
തന്റെ പിതാവിനെ ഇല്ലാതാക്കിയ, ആളുകൾ കേറാൻ പേടിക്കുന്ന ബ്രഹ്മഗിരിയിലെ മലകൾ വാശിയോടെ അവൾ ഒരുക്കിയെടുത്ത് ആൾപ്പാർപ്പുണ്ടാക്കി. വള്ളാരംകുന്ന് കോളനിയിൽനിന്നും മറ്റും ആൾക്കാരെ പണിക്ക് കൊണ്ടുവന്നു.
“ഞങ്ങടെ നാടാണത്.” ഗൗരി ഇടയിൽ കൂട്ടിച്ചേർത്തു.
“അവിടെല്ലാർക്കും മാതംഗിയെ അറിയാം. ഞാനും കൈമാറിക്കേട്ട കഥയാണ് വീരമാതംഗിയുടെ കഥ.”
“എന്നിട്ട്, ബാക്കി പറ,” നീലിമ ധിറുതി കൂട്ടി. ഉള്ളിൽ മാതംഗി വളർന്നുവരുന്നത് നീലിമയറിഞ്ഞു.
എന്നിട്ട്, കുടിൽ കെട്ടിക്കൊടുത്ത് അവളവിടം ജനവാസയോഗ്യമാക്കി. കോടയും കാപ്പിപ്പൂക്കളും വിരിയുന്ന, കുരുമുളകും ഏലവും വിളയുന്ന ഒരു വിശേഷപ്പെട്ട ഭൂമി, മാതംഗിപേട്ട അങ്ങനെ ഇവിടെ ഉണ്ടായിവന്നു.
ഗൗരി മുറം മാറ്റിവെച്ച് ഇറച്ചി നുറുക്കാനുള്ള പലകയും ഒരു പാത്രത്തിൽ ഇറച്ചിയുമായി വന്നു.
“അവൾ വളർന്നു. ആരു കണ്ടാലും മോഹിക്കുന്ന പെണ്ണായി. എന്നാൽ, യൗവനത്തിലെത്തിയിട്ടും തനിക്ക് പോന്ന ഒരാണിനെ അവളെങ്ങും കണ്ടില്ലായിരുന്നു. വരുന്ന കല്യാണ ആലോചനകളെ തനിക്ക് പിടിക്കാഞ്ഞാൽ അവൾ ഉറപ്പോടെ തള്ളിക്കളയും. കുടകിലെ വാല്യക്കാർ അവളെ നേർക്കുനേരെ കാണാൻ കുളക്കടവിലും ഉത്സവപ്പറമ്പിലും കാത്തുനിൽക്കും. അവളുടെ ഒരു നോട്ടം വഴിതെറ്റിപ്പോലും അങ്ങോട്ടൊന്നും ചെല്ലില്ല.
അവളുടെ വീരകഥ കേട്ട് പെണ്ണു തേടിവന്നതാണ് മല്ലെഗട ബല്ലിയപ്പയുടെ കൊച്ചുമകൻ മാല്ലെഗട നഞ്ചപ്പ. സ്വാതന്ത്ര്യസമര സേനാനിയായ മല്ലെഗട ബല്ലിയപ്പയുടെ കുടുംബമഹിമയിൽ മേനികാട്ടി നടക്കുന്ന നഞ്ചപ്പ മാതംഗിയെ പലവട്ടം വഴിയിൽ കണ്ടു മോഹിച്ച് പെണ്ണ് ചോദിച്ചുവന്നതാണ്.
നികുതിഭാരം ചുമത്തിയ വെള്ളക്കാരോട് എതിരിട്ട് കുടകുനാടിനുവേണ്ടി പോരാടി മരിച്ച കുടുംബചരിത്രം ഉണ്ടായിട്ടും മാതംഗി നഞ്ചപ്പയുടെ ആലോചനയും നിരസിച്ചു.
“നിങ്ങളുടെ അച്ഛനോട്, ബല്ലിയപ്പയോട് ഞങ്ങക്കെല്ലാം ബഹുമാനമാണ്. ഈ മണ്ണ് എന്നും ഓർക്കുന്ന പോരാളിയായിരുന്നു അദ്ദേഹം. അതല്ലാതെ മല്ലെഗട നഞ്ചപ്പ, നിങ്ങൾക്ക് സ്വന്തമായെന്തുണ്ട് പറയാൻ?”
മാതംഗിയുടെ പരിഹാസം നഞ്ചപ്പ പ്രതീക്ഷിച്ചതല്ല. അയാൾക്ക് താനും കുടുംബവും അപമാനിതരായതുപോലെ തോന്നി. താനാരാണെന്ന് അവളെ അറിയിക്കണമെന്ന വാശിയോടെ അയാൾ ആ വീട്ടിൽ നിന്നും ഇറങ്ങി.
“എന്റെ കാലവും കഴിയാറായി? ഇങ്ങനെ എല്ലാ ചെറുക്കന്മാരെയും പറഞ്ഞുവിട്ടാൽ നിനക്കൊരു കൂട്ടുവേണ്ടെ മകാളെ?’’
ചെംഗപ്പ നെടുവീർപ്പിട്ടു.
“താത്താ, കൂട്ടിനായൊരാൾക്കുവേണ്ടി മാത്രം എനിക്ക് കല്യാണം ചെയ്യണ്ട. ആണൊരുത്തനെ കാണട്ടെ. അപ്പോ നമുക്ക് നോക്കാം.”
അവൾ ചെംഗപ്പയെ സമാധാനിപ്പിച്ചുകൊണ്ട് കാപ്പിയാറ്റിക്കൊടുത്തു. കൈൽ പോൾദിൽ ആയുധപൂജയായിരുന്നു. നാട്ടിലെ പെണ്ണും ആണുമെല്ലാം പൂജക്കുണ്ട്. ആയുധപൂജക്ക് വന്ന മാതംഗിയെക്കണ്ട് നഞ്ചപ്പ കണ്ണിമയ്ക്കാതെ നോക്കിനിന്നു. വിളക്ക് വെട്ടത്തിൽ മാതംഗി കാവേരിയമ്മയെപ്പോലെ അയാളുടെ ഉള്ളിൽ തിളങ്ങി. നിലതെറ്റിയ ഒരു ഭക്തനെപ്പോലെ ഏതോ ഒരുൾപ്രേരണയാൽ മുന്നോട്ടുവന്ന അയാൾ അവളുടെ ഇടതുകൈയിൽ പിടുത്തമിട്ടു.
“മാതംഗീ, നിന്നെ എനിക്കുതന്നെ പെണ്ണായി വേണം.”
അവൻ അവളുടെ കാതിൽ മുരണ്ടു.
കൊടകു പെണ്ണിന്റെ കരുത്ത് അവന് കാട്ടിക്കൊടുത്തു മാതംഗി. പൂജിച്ചെടുത്ത വായ്ത്തല നീട്ടിവീശി. അവളുടെ കണ്ണുകൾ രോഷത്താൽ ചുവന്നു. മൂക്കുത്തിയിലെ ഞാത്തുകളുലഞ്ഞു. നഞ്ചപ്പയുടെ ചേലയറ്റ് താഴെ വീണു. അരയിലെ പിച്ചാക്കത്തി താഴെവീണു. അയാൾ വീണ്ടും അപമാനിതനായി.
“സമ്മതമില്ലാതെ പെണ്ണിനെ തൊടുന്നോടാ നായേ.”
മാതംഗി ക്രോധത്തോടെ നിലത്തുകിടന്ന നഞ്ചപ്പയുടെ ചേല വാൾമുനയാൽ ഉയർത്തി തട്ടിലേക്കുവെച്ച് തിരിഞ്ഞുനടന്നു.
ആൾക്കൂട്ടത്തിലേറ്റ അപമാനം മാതംഗിയോടുള്ള പകയായി അയാളിൽ ജ്വലിച്ചു. എന്തു വിധേനയും മാതംഗിയെ വരുതിയിൽ വരുത്തിയാലല്ലാതെ, അടങ്ങാത്ത ഒരു വികാരം നഞ്ചപ്പയിൽ നീറിക്കൊണ്ടിരുന്നു.
ദേവകാന്തയുടെ സഹോദരങ്ങളിൽ രാജകാന്തയോടായിരുന്നു മാതംഗിക്ക് അടുപ്പം. ദേവകാന്തയുമായി കാഴ്ചയിലും സ്വഭാവത്തിലും ചേർച്ചയുണ്ട് രാജകാന്തക്ക്.
“ചിക്കപ്പ, എന്തിനേ എല്ലാരും കാലെയിലേ വന്നത്.”
കാലത്തു തന്നെ ചിക്കപ്പമാർ മൂന്നുപേരും വീട്ടിലെത്തിയതറിഞ്ഞ് മുടി പിന്നിയിട്ടുകൊണ്ട് മാതംഗി വരാന്തയിലിറങ്ങി രാജകാന്തയുടെ അരികിലായി ചെന്നുനിന്നു.
“പെണ്ണ് പ്രായം വന്നാ കല്യാണം ചോദിക്കും. അതിന് ആണൊരുത്തനെ അപമാനിച്ചാൽ കുടുംബത്തിനാണ് പേരുദോഷം. അപ്പായെന്താ ഇവളെ അഴിച്ചുവിട്ടതാണോ? ചേട്ടനുണ്ടായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെയാന്നും സമ്മതിക്കില്ല.”
ഉദയകാന്ത അപ്പ ചിംഗപ്പയെ അഭിവാദ്യം ചെയ്തുകൊണ്ട് ഇരിപ്പിടത്തിലേക്കിരുന്ന് തലപ്പാവഴിച്ചു മടിയിൽവെച്ചു.
‘‘നഞ്ചപ്പയെ നീ അപമാനിച്ചത് ശരിയായില്ല മാതംഗി. നീ പോയി അവനോട് ക്ഷമചോദിക്കണം.’’ –വിജയകാന്ത ചിംഗപ്പ കടുപ്പത്തിൽ പറഞ്ഞു.
‘‘അവനോട് ഞാൻ എന്തിനാണ് ക്ഷമ ചോദിക്കുന്നത്? സമ്മതമില്ലാതെ കൈപിടിച്ചതിന് അവൻ എന്നോടാണ് വന്ന് മാപ്പു പറയേണ്ടത്.’’ –മാതംഗി നിവർന്നു നിന്നു.
‘‘അവന്റെ അപ്പയെ അപമാനിക്കാൻ നീയൊരുങ്ങരുത്” –ചിംഗപ്പ താക്കീത് നൽകി.
“അതെങ്ങനെയാണ് അവന്റെ അപ്പയുടെ മഹിമയെ ഞാൻ അപമാനിച്ചത്? അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നുമുണ്ട്. പക്ഷേ, അത് നഞ്ചപ്പയുടെ ധിക്കാരം സഹിക്കാനുള്ള അവകാശമല്ല.” –മാതംഗി പറഞ്ഞു.
“എങ്കിൽ, ഉടനെതന്നെ നിന്റെ വിവാഹത്തിനുള്ള തീരുമാനം ഞങ്ങളെടുക്കും” –ചിംഗപ്പ രോഷത്തോടെ പറഞ്ഞു.
നഞ്ചപ്പക്ക് കൈൽ പോൾദിൽവെച്ച് നേരിട്ട അപമാനം തന്റെ മനയിലെ ആണുങ്ങളെയും പൊള്ളിച്ചതറിഞ്ഞ് മാതംഗിയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു.
പുലർകാലം. കുടകിന്റെ മലമുകളിൽ നിന്നും നേർത്ത തണുപ്പുള്ള കാറ്റ് മാതംഗിയെ തലോടി കടന്നുപോയി. മനസ്സിന്റെ ക്ഷീണമകന്നു. ആ തണുപ്പിലേക്ക് അവളൊരു നിമിഷം കണ്ണടച്ചുനിന്നു. പതിയെ കണ്ണുതുറന്നപ്പോൾ, താഴ്വരയിൽ കണ്ട കാഴ്ച അവളെ നിശ്ചലയാക്കി!
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീലയും വയലറ്റും കലർന്ന പൂക്കളുടെ കടൽ! പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി. അതു പൂത്തുനിൽക്കുന്നു!
കുന്നുകളും താഴ്വരകളും ചേർന്ന ഈ മനോഹരഭൂമിയിൽത്തന്നെ തങ്ങളുടെ ജീവിതം ഒരുക്കാൻ തീരുമാനിച്ചതിൽ അവൾ തന്റെ പൂർവികരോട് മനസ്സാലെ നന്ദി പറഞ്ഞു. ഓരോ പൂവിതളിലും സ്നേഹം തുളുമ്പിനിൽക്കുന്നതായി അവൾക്കനുഭവപ്പെട്ടു. മലമുകളിൽ നിന്ന് നോക്കുമ്പോൾ, പ്രകൃതിയുടെ ഈ വിസ്മയത്തെ ഏറ്റവുമാദ്യം തൊട്ടറിയുന്ന മനുഷ്യസ്ത്രീ താനാണെന്നും അവൾക്ക് തോന്നി.
മഞ്ഞണിഞ്ഞ പ്രഭാതത്തിൽ, കാട്ടുചോലയുടെ കളകളാരവം കേൾക്കുന്ന ആ താഴ്വരയിലേക്ക് നടന്നടുക്കുമ്പോൾ, ദൂരെനിന്ന് ഒരു നേർത്ത സംഗീതത്തിന്റെ അല ഒഴുകിയെത്തുന്നു. അതിനൊരു നാടോടിപ്പാട്ടിന്റെ ഈണമായിരുന്നു.
പൂക്കൾക്കിടയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ കണ്ടു, ഒരു പാറപ്പുറത്ത് ചാരിയിരുന്ന്, തനിയെ പാടുകയാണ് മറുനാട്ടുകാരനായ ഒരു ചെറുപ്പക്കാരൻ. അധികം പ്രായം തോന്നിച്ചിരുന്നില്ല. ഇരുണ്ട നിറമുള്ള, അലസമായി കഴുത്തിനു ചുറ്റും വിരിഞ്ഞു കിടക്കുന്ന തലമുടി, ശാന്തമായ കണ്ണുകൾ. അതിമനോഹരമായ ശബ്ദം.
പാട്ടിനൊപ്പം പതിയെ കണ്ണുതുറന്ന യുവാവ് തൊട്ടരികെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ഒരു സുന്ദരിയെക്കണ്ട് ഞെട്ടി. നാട്ടിൽ നിന്നു പോന്നിട്ട് ഏറെ നാളായി. തണുപ്പുള്ള ആ പ്രഭാതത്തിൽ, കാപ്പിച്ചെടികളുടെ നനവേറ്റ് നടക്കുമ്പോൾ, നീലക്കുറിഞ്ഞിപ്പൂക്കൾ നിറഞ്ഞ താഴ്വാരം കണ്ടു. വിരിഞ്ഞുനിന്ന ആ പൂക്കൾക്കിടയിൽ നിന്നപ്പോൾ അറിയാതെ ഒരു നാടൻ പാട്ട് മൂളിപ്പോയതാണ്.
“ചെന്താമരപ്പൂവിൻ... ചേലുള്ളോരു പെണ്ണേ...
മാരൻ വരുന്നേരം... കാറ്റേറ്റുലയാതെ...”
പാട്ടിന്റെ ഈരടികൾ കാറ്റിൽ അലിഞ്ഞില്ലാതെയാകും മുമ്പേ, നീലചേലയിൽ ഒരു ചുവപ്പ് ബിന്ദു തൊട്ടതുപോലെ ഒരു പെൺകുട്ടി നിൽക്കുന്നു. കണ്ടാൽ ഏറെ ഭംഗി തോന്നുമെങ്കിലും അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തീക്ഷ്ണതയുണ്ടായിരുന്നു.
“കാട്ടുതീ പോലുണ്ട്.” അവൻ ആത്മഗതം ചെയ്തു.
“ഇത് എന്റെ സ്ഥലമാണ്. പൂക്കൾ പറിക്കാൻ വന്നതാണെങ്കിൽ, സ്ഥലം വിട്ടോ,” അവളുടെ ശബ്ദം.
“ഞാൻ കള്ളനല്ല, ഇന്നാട്ടിൽ ജോലി തേടി വന്നയാളാണ്. പേര് ആതവൻ,” അയാൾ പറഞ്ഞു.
“നിന്റെ പാട്ടിന് കാടൻ സ്വരമുണ്ട്, ഈ കാട്ടിൽ പക്ഷികൾ മാത്രം പാടിയാൽ മതി,” അവൾ വാക്കത്തികൊണ്ട് നീലക്കുറിഞ്ഞിപ്പൂക്കൾക്കിടയിലെ ഉണങ്ങിയ ചില്ലകൾ മാറ്റിയിട്ടു.
അവളുടെ വാക്കുകേട്ട ആതവൻ ചെറുതായി ചിരിച്ചുപോയി. “നിന്റെ പേരെന്താ?”
“മാതംഗി.” അവളുടെ മറുപടിയിൽ കൂടുതൽ വാക്കുകൾക്ക് ഇടമില്ലായിരുന്നു.
ഒരു ദിവസം, അങ്ങാടിയിൽ വെച്ച് പരിചയപ്പെട്ട ചായക്കടക്കാരൻ ശിവപ്പ ആതവനോട് ഒരു കാര്യം പറഞ്ഞു.
“ഇവിടെ അടുത്ത് ഒരു അയ്യങ്കട മനെയുണ്ട്. മാതംഗിയുടെ വീട്. അവളൊരു ചൊടരുള്ള കൊടഗത്തിയാ. മാതംഗിപേട്ട അവളുടെ നെലമാണ്. ഇവിടത്തെ ജോലിക്കാര്യങ്ങളിൽ അവൾക്ക് വലിയ പിടിപാടുണ്ട്. അവളെ കണ്ടാൽ നിന്റെ കാര്യത്തിന് നീക്കുപോക്കുണ്ടാകും.”
“മാതംഗി!?”
ആതവൻ ആകാംഷയോടെ ചോദിച്ചു.
“ചിംഗപ്പയുടെ പേരക്കുട്ടി. ഇവിടെ എല്ലാവർക്കും അവളെ വലിയ ബഹുമാനമാണ്. ഇന്നീ നാട് മാതംഗിയുടെ സംരക്ഷണത്തിലാണ് എന്നുതന്നെ പറയാം,” ശിവപ്പ പറഞ്ഞു.
ശിവപ്പ പറഞ്ഞത് കേട്ടപ്പോൾ ആതവന്റെ മനസ്സിൽ പെട്ടെന്ന് മിന്നൽപ്പിണർ പോലെ ഒരു രൂപം തെളിഞ്ഞു.
“നീലക്കുറിഞ്ഞിപ്പൂക്കൾക്കിടയിൽ അന്നുകണ്ട കൊടഗത്തി. ആ നോട്ടം!”
വെയിലാറിയ നേരത്ത് കുന്നിൻചരിവിലൂടെ വിറകുകെട്ടുമായി വരുകയായിരുന്നു ആതവൻ. തേയിലത്തോട്ടത്തിനരികിലൂടെ പോകുമ്പോൾ ഏതോ മൃഗം ഓടിപ്പോകുന്നതുകണ്ട് പേടിച്ച് കാലിടറി വീണുപോയി. മണൽത്തിട്ടയിലൂടെ ഉരുണ്ട് താനേതോ കൊക്കയിലേക്ക് വീഴുകയാവുമെന്നും മരണത്തിലേക്ക് പ്രവേശിക്കുകയാവുമെന്നും ആതവനു തോന്നി. താനെന്തിലോ തട്ടിനിൽക്കുകയാണെന്നറിഞ്ഞ് കണ്ണുതുറന്ന ആതവൻ, തന്നെ തടഞ്ഞുനിർത്തിയത് ഒരു പെണ്ണിന്റെ ബലിഷ്ടമായ കാലുകളാണ് എന്നുകണ്ട് അതിശയിച്ചു. പിടഞ്ഞെഴുന്നേൽക്കാൻ ആഞ്ഞെങ്കിലും അതിനു കഴിയാഞ്ഞ് കുഴഞ്ഞ അവനുനേരെ അവൾ തന്റെ കൈകൾ നീട്ടി. കാലുളുക്കി കഠിനമായി പ്രയാസപ്പെട്ട ആതവനെ താങ്ങി കുന്നിറങ്ങാൻ അവൾ സഹായിച്ചു.
“കുടകുമലയെ ഇനിയും ഇയാൾക്ക് പരിചയമായില്ലെ.”
മാതംഗി!
അവളുടെ സ്വരത്തിലെ പരിഹാസം അവനെ നിരാശയിലാക്കി.
കുന്നിനുതാഴെ ഒരു മരച്ചുവടിൽ അവനെ ചാരിയിരുത്തി, മാതംഗി. അവളുടെ നിർദേശപ്രകാരം കൂടെയുള്ള സ്തീകൾ ചില പച്ചിലകൾ പറിച്ച് മടിഞ്ഞുപോയ കാലിലേക്ക് അതിന്റെ ചാറിറ്റിച്ചു. ഒരു മർമ്മവിദഗ്ധയെപ്പോലെ അവന്റെ കാലിൽ മരുന്നു ചേർത്ത് മാതംഗി ഉഴിഞ്ഞു. വീഴ്ചയുടെ വേദനകളെല്ലാം പമ്പകടന്നു.
“നടക്കാമോ.”
അവൾ എഴുന്നേൽപിച്ചു.
നാലു ചുവടു നടന്ന് ആതവൻ കൈകൾ കൂപ്പി.
“മാതംഗി…”
“എന്താ?”
അവളുടെ പുരികം വക്രിച്ചു
നന്ദിസൂചകമായ ചിരിയോടെ തലകുലുക്കി ആതവൻ നടന്നകന്നു.
“നിക്കിൻ.”
മാതംഗി പിറകെ ചെന്നു.
“എന്താ?”
“തനിക്ക് തേനെടുക്കൽ വശമുണ്ടോ?’’
* * * *
കുടകിലെ തണുപ്പുള്ള കാറ്റിൽ അവൻ മാതംഗിയുടെ മനെയെ ലക്ഷ്യമാക്കി നടന്നു. വഴിയിൽ വെച്ച് മാതംഗിയുടെ വാക്കുകൾ കാതുകളിൽ വീണ്ടും മുഴങ്ങി,
“തനിക്ക് തേനെടുക്കാൻ വശമുണ്ടോ? അറിയാമെങ്കിൽ മനെയിൽ വാ, പണിയൊണ്ട്.”
മാതംഗിയുടെ വീട്, ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. അവിടെ നിന്നാൽ കുടകുമലകളും താഴ്വാരവും കാണാം. വീടിന് ചുറ്റും രുദ്രാക്ഷ മരങ്ങളും പൂത്ത കാപ്പിച്ചെടികളും മറ്റു ഫലവൃക്ഷങ്ങളും. അവിടെ മാതംഗി കാത്തിരിപ്പുണ്ടായിരുന്നു. “നിനക്ക് ധൈര്യമുണ്ടെങ്കിൽ കൂടെ വരാം, തേനെടുക്കാൻ പോണം.”
അവളുടെ വാക്കുകളിൽ ഒരു വെല്ലുവിളി ഉണ്ടായിരുന്നതുപോലെ തോന്നി. നിലത്തമരുമ്പോൾ ചുവന്നുവിടരുന്ന താമരപോലെയുള്ള മാതംഗിയുടെ കാലടികളെ ആതവൻ പിന്തുടർന്നു. അവൾ അവനെ കാടിന്റെയുള്ളിലേക്ക് നയിച്ചു. കുന്നുകളും താഴ്വരകളും കടന്ന് അവർ ഒരു വലിയ പാറക്കെട്ടിന്റെ അടുത്തെത്തി. ആ പാറക്കെട്ടിന്റെ മുകളിലായി വലിയ തേനീച്ചക്കൂട്. മാതംഗി ഒരു കയർ അവന് നൽകി.
“ഇത് പിടിച്ച് ഇറങ്ങാം.”
അവൾ ധൈര്യത്തോടെ പാറക്കെട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി. ആതവൻ അവളെ പിന്തുടർന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്നും തേനെടുക്കുന്നത് വളരെ സാഹസികമായ ഒരു കാര്യമായിരുന്നു. കയറിൽ തൂങ്ങിക്കിടന്ന്, തേനീച്ചകളുടെ മുരൾച്ച കേട്ട്, അവർ പതിയെ പതിയെ മുന്നോട്ടുനീങ്ങി.
“സൂക്ഷിക്കണം,” മാതംഗി പതിയെ പറഞ്ഞു. “തേനീച്ചകളെ ഉപദ്രവിക്കാതെ നോക്കണം.”
ആതവൻ കൂടുതൽ ശ്രദ്ധയോടെ നീങ്ങി. മാതംഗിയുടെ സാമീപ്യം കുടകുമലയിൽ അതുവരെയില്ലാത്ത ധൈര്യം അയാൾക്കു നൽകി. അവർ പാറക്കെട്ടുകളുടെ മുകളിലേക്ക് കയറി. അവിടെ ഒരു വലിയ തേനീച്ചക്കൂട് മുരൾച്ചയോടെ തൂങ്ങിക്കിടന്നിരുന്നു. തേനീച്ചകളുടെ ഇരമ്പൽ ആ താഴ്വരയെ മുഴുവൻ വിറപ്പിക്കും പോലെ ആതവന് തോന്നി.
“കയർ മുറുക്കെ പിടിക്ക്,” മാതംഗി പറഞ്ഞു. “ഞാൻ തേനെടുക്കാം.”
അവൾ പതിയെ അതിപരിചിതയായ ഒരു കൃഷിക്കാരിയെപ്പോലെ തേനെടുക്കാൻ തുടങ്ങി. ഒരു തേനീച്ച അവളുടെ മുഖത്തിനു ചുറ്റും പറന്നു. ഒരു നിമിഷം പരിഭ്രാന്തയായെങ്കിലും അവൾ ധൈര്യത്തോടെ അതിനെ തട്ടിയകറ്റി, ശ്രദ്ധയോടെ തേൻ ശേഖരിച്ചുകൊണ്ടിരുന്നു. മാതംഗിയുടെ മുഖത്തിനു ചുറ്റും തേനീച്ച അപ്പോഴും വട്ടമിട്ടുകൊണ്ടിരുന്നു.
“മാതംഗീ, നിന്റെ ദേഹത്തു നിന്നാണോ ഈ കാപ്പിപ്പൂമണം? അത് തേടിയാണെന്നു തോന്നുന്നു തേനീച്ച നിനക്കു ചുറ്റുമിങ്ങനെ വട്ടമിടുന്നത്.”
കൂർത്ത ഒരു നോട്ടത്തോടെ ആതവന്റെ വായടച്ച് മാതംഗി ജോലി തുടർന്നു. അതിസാഹസികമായ അധ്വാനത്തിനുശേഷം അവർ തേൻ ശേഖരിച്ച് തിരിച്ചിറങ്ങി. പാറക്കെട്ടുകളിൽ നിന്നും ഇറങ്ങുമ്പോൾ, സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു.
മഞ്ഞവെളിച്ചത്തിൽ കുന്നിൻചരിവിറങ്ങുന്ന ആതവനെയും മാതംഗിയെയും അങ്ങാടിയിലേക്കിറങ്ങിയ നഞ്ചപ്പ കണ്ടു. തന്നെ നിസ്സാരനാക്കി അപമാനിച്ചു നടന്ന മാതംഗി അന്യദേശക്കാരനായ ഒരു ചെറുപ്പക്കാരനൊപ്പം സഞ്ചരിക്കുന്ന കാഴ്ച അയാളെ കോപിഷ്ടനാക്കി.
“ഈ മലയാളക്കാരനെ കണ്ടതിനു ശേഷമാണോ ഇവൾക്ക് ഇന്നാട്ടുകാർ പോരാതെ വന്നത്.”
നഞ്ചപ്പ പല്ലു ഞെരിച്ചു.
മാതംഗി ആതവനോട് സംസാരിക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ നഞ്ചപ്പയുടെ മനസ്സിൽ പ്രതികാരചിന്ത ഉടലെടുത്തു. ആതവനാണ് തന്റെ വഴിയിലെ തടസ്സമെന്ന് അയാൾക്ക് മനസ്സിലായി. തന്റെ അടുത്ത നീക്കം എന്തായിരിക്കണം എന്നതിനെക്കുറിച്ചും നഞ്ചപ്പ ചിന്തിച്ചു തുടങ്ങി.
കന്നിപൂജക്കുവേണ്ടി കാവേരിസംഗമത്തിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു മാതംഗി. എല്ലാത്തവണയുമെന്നതുപോലെ കൂട്ടക്കാരുടെ കൂടെ നൃത്തം ചെയ്ത് ആടിയും പാടിയും തളർന്നു. കാവേരി സ്നാനത്തിന് പൂജകൾ മുറുകി നിൽക്കുന്ന സമയത്താണ് അവൾ ഓടിവന്ന് പടവിലേക്ക് കയറിനിന്നത്. മഴക്കാലത്തിന്റെ പായൽ കല്ലിൽ പിടിച്ചിരുന്നു. ധിറുതിയിൽ ചവിട്ടിയ കല്ലിൽ വഴുതി അവൾ കുളത്തിലേക്ക് വീഴാൻ പോയി.
അവളുടെ നൃത്തവും കളികളും കണ്ടുകൊണ്ട് അനങ്ങാതെ നിൽക്കുകയായിരുന്നു ആതവൻ. അവളുടെ പ്രസരിപ്പും ചുറുചുറുക്കും ആളുകൾക്ക് അവളോടുള്ള സ്നേഹവാത്സല്യങ്ങളും കണ്ടുകൊണ്ട് നിൽക്കുമ്പോഴാണ് പൂജ മുറുകുന്നത് കണ്ടത്. ആതവനും മാതംഗിയും ഒരുമിച്ച് അവിടെ എത്തിയപ്പോഴാണ് അവൾ വഴുതിവീഴാൻ തുടങ്ങിയത്. വീഴും മുമ്പേ ആതവൻ ഇടതുകൈകൊണ്ടവളെ വാരിയെടുക്കുന്ന സമയത്തായിരുന്നു പൂജാരി കാവേരിജലം മേലോട്ട് തൂവിയത്. ഇരുവരുടെയും ദേഹത്തിലൂടെ ഒഴുകിയിറങ്ങിയ ആ പുണ്യജലപ്രവാഹത്തിൽ ഒരു നിമിഷം അവരും, കണ്ടുനിന്നവരും ഒരുപോലെ സ്തബ്ധരായി. അവിവാഹിതയായ മാതംഗി അന്യദേശക്കാരനൊരുത്തന്റെ കൂടെ ദമ്പതിപൂജ കൊള്ളുന്നു. നഞ്ചയ്യ കലികൊണ്ടു നിന്നുവിറച്ചു.
എന്തു ചെയ്യണമെന്ന വേവലാതി എല്ലാവരിലും ഉടലെടുത്തു.
കാരണെ അടുത്തുതന്നെ വരാറായല്ലോ. ഗുരുഭൂതരോട് പരിഹാരം ചോദിക്കാം.
പൂജാരി തൽക്കാലം പരിഹാരം കണ്ടു. അതെ, കാരണെ അടുത്തുവരുന്നുണ്ട്.
കുടകർ പൂർവികരുടെ ആത്മാക്കള ആദരിക്കുന്ന ചടങ്ങാണത്. പൂർവികരെ പ്രസാദിപ്പിക്കാനും അവരുടെ അനുഗ്രഹം നേടാനും വേണ്ടിയാണ് കാരണെ നടത്തുന്നത്.
ആചാരത്തിന്റെ ഭാഗമായി പ്രത്യേക നൃത്തങ്ങളും പാട്ടുകളും ഉണ്ടാവാറുണ്ട്. പൂർവികരുടെ കഥകൾ പറയുന്ന പാട്ടുകൾ പാടിയാണ് നൃത്തം ചെയ്യുക. കാരണെ കൂടുമ്പോൾ മാതംഗിയുടെയും കൂട്ടാളികളുടെയും നൃത്തം അവിടെ പതിവാണ്.
വരാൻ പോകുന്ന കാരണെയിൽ മാതംഗിയെ പൂട്ടാനുള്ള വഴികൾ കണ്ടെത്തണം. നഞ്ചപ്പയുടെ തല പുലർകാലത്തെ അടുപ്പുപോലെ പുകഞ്ഞു.
ഗുരുഭൂതന്റെ വേഷം കെട്ടുന്ന വ്യക്തിയെ തന്റെ വരുതിയിലാക്കാൻ അയാൾ പദ്ധതിയിട്ടു. നഞ്ചപ്പ ആ വ്യക്തിയെ രഹസ്യമായി കാണാൻ ചെന്നു.
“നിങ്ങൾ ഗുരുഭൂതന്റെ വേഷം കെട്ടുമ്പോൾ ഞാൻ പറയുന്നതുപോലെ പറയണം. മാതംഗി ഒരു അന്യദേശക്കാരനോടൊപ്പം ചേർന്ന് കുലം മുടിക്കുമെന്ന് നാട്ടുകൂട്ടം കേൾക്കെ ഉറക്കെ വിളിച്ചുപറയണം.”
നഞ്ചപ്പയുടെ വാക്കുകൾ കേട്ട് അയാൾ ആദ്യമൊന്ന് മടിച്ചു. എന്നാൽ, അയാളെ പ്രലോഭനങ്ങൾ കൊണ്ട് വീഴ്ത്താൻ നഞ്ചപ്പക്ക് വേഗം തന്നെ കഴിഞ്ഞു.
“ഇത് നിങ്ങൾ ചെയ്തുതന്നാൽ കുടകുമലയിലെ കാരണവരാകാൻ ഞാൻ നിങ്ങളെ സഹായിക്കാം. അതിലൂടെ സമ്പത്തും സ്ഥാനമാനങ്ങളും വർധിപ്പിക്കാം.” നഞ്ചപ്പ ഒരു സഞ്ചി നിറയെ സ്വർണനാണയങ്ങൾ അയാളുടെ മുന്നിൽ വെച്ചു.
“ഗ്രാമത്തിലെ ആളുകൾ ഇനി നിങ്ങളെ ഒരു സാധാരണ വെളിച്ചപ്പാടായിട്ടല്ല, മറിച്ച് മലദൈവങ്ങളുടെ പ്രതിപുരുഷനായി കാണും. നിങ്ങളുടെ വാക്കുകൾക്ക് എല്ലാവരും ചെവികൊടുക്കും.”
നഞ്ചപ്പയുടെ വാഗ്ദാനങ്ങൾ കേട്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. തന്റെ കുടുംബത്തിന്റെ ദാരിദ്ര്യവും ഗ്രാമത്തിൽ ഒരു സ്ഥാനമില്ലാത്തതിന്റെ നിരാശയും അയാളുടെ മനസ്സിലേക്ക് വന്നു. ഒരു നിമിഷം ആലോചിച്ചശേഷം അയാൾ സമ്മതം മൂളി.
കാരണെ ചടങ്ങിനായി ഗ്രാമവാസികൾ കുന്നിൻചരിവിലെ ക്ഷേത്രത്തിൽ ഒത്തുകൂടി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെളിച്ചപ്പാട് നൃത്തം തുടങ്ങി. കണ്ണും മിഴികളും ചുവന്ന്, നാവു പുറത്തേക്കിട്ട്, അയാൾ ജനങ്ങൾക്കു മുന്നിൽ അലറിവിളിച്ചു.
“മലദൈവങ്ങൾ കോപിച്ചിരിക്കുന്നു! ഒരു അന്യദേശക്കാരന്റെ വരവോടെ നമ്മുടെ കുലം കലങ്ങിയിരിക്കുന്നു. നമ്മുടെ ഒരു പെണ്ണ് കുലത്തിന് അപമാനം വരുത്തിയിരിക്കുന്നു.”
വെളിച്ചപ്പാടിന്റെ വിരലുകൾ മാതംഗിക്കുനേരെ ചൂണ്ടി.
“ഇവൾക്ക് വഴികൾ പിഴച്ചിരിക്കുന്നു. ഇവളെ തലമുണ്ഡനം ചെയ്ത് നാടുകടത്തുക. അല്ലെങ്കിൽ ഈ കുലത്തിന് നാശം വരും. കുലം മുടിഞ്ഞുപോകും!”
ഗുരു കാരണവരുടെ വാക്കുകൾ കേട്ട് സദസ്സ് ഞെട്ടി. എല്ലാവരുടെയും കണ്ണുകൾ വിശ്വസിക്കാനാവാതെ മാതംഗിയുടെ നേർക്ക് നീണ്ടു. അവൾ ഒരു നിമിഷം തരിച്ചുനിന്നു, ചുറ്റും കൂടിയവരുടെ സംശയത്തോടെയുള്ള നോട്ടങ്ങൾ അവളെ അസ്വസ്ഥയാക്കി. നഞ്ചപ്പ വക്രമായ പുഞ്ചിരിയോടെ അവളെ നോക്കി. അവന്റെ കണ്ണുകളിൽ പ്രതികാരം തിളച്ചു.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചന മനസ്സിലായ മാതംഗി ധൈര്യം വീണ്ടെടുത്ത് സദസ്സിലേക്കു തിരിഞ്ഞുനിന്നു. “എന്റെ കുടകുമണ്ണിനെ, എന്റെ കുലത്തിനെ ഞാൻ ചതിക്കില്ല. എന്റെ കുടുംബം ഈ മണ്ണിനുവേണ്ടി ജീവിച്ചവരാണ്. എന്താണ് എന്റെ തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
നഞ്ചപ്പ ഉടൻതന്നെ മുന്നോട്ടുവന്നു. “മാതംഗീ, ഗുരു കാരണവന്മാർക്കുനേരെ നുണ പറയാൻ ശ്രമിക്കരുത്. ഞാനിവിടെ സാക്ഷിയായുണ്ട്.” അയാളുടെ കണ്ണുകൾ ചുവന്നു
നഞ്ചപ്പ ആതവനെ ചൂണ്ടിപ്പറഞ്ഞു. “ഇവൻ ആതവൻ, ഈ മലയാളത്തു ദേശക്കാരൻ. ഇവനാണ് കുടകിൽ കാട്ടുകള്ളത്തരം കാണിക്കുന്നത്. ഈ ചെറുപ്പക്കാരൻ നമ്മുടെ നാട്ടിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും കളങ്കപ്പെടുത്തി. മാതംഗി ഇവനുമായി അടുപ്പത്തിലാണ്.”
മാതംഗി ക്രോധത്തോടെ നഞ്ചപ്പയെ നോക്കി. “നഞ്ചപ്പ, നിങ്ങളല്ല ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇത് വ്യക്തിപരമായ കാര്യമാണ്. ഇതിനെ കുടകിന്റെ പാരമ്പര്യവുമായി കൂട്ടിക്കുഴക്കരുത്.”
ഈ സമയം സദസ്സിൽ നിന്നും ഒരാൾ വിളിച്ചുപറഞ്ഞു, “നഞ്ചപ്പ പറഞ്ഞത് സത്യമാണ്. ഇവിടെ പല ദുശ്ശകുനങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. എന്റെ ആലയിലെ പൈക്കളെല്ലാം കാരണമില്ലാതെ ചത്തൊടുങ്ങി.”
“അക്ക മാറാവ്യാധിപ്പെട്ട് അനങ്ങാതെ കെടക്കുന്ന്. മലദൈവങ്ങൾ കോപപ്പെട്ടിട്ടുണ്ട്. പ്രതിവിധി തേടണം”
ചുറ്റും കൂടിയവർ ഓരോരുത്തരായി നഞ്ചപ്പയുടെ പക്ഷം ചേരാൻ തുടങ്ങി. അയാൾ പതിയെ ചിരിച്ചു. “മാതംഗീ, എന്റെ കൂടെ നിന്നാൽ നിന്നെ ഞാൻ രക്ഷിക്കാം. പക്ഷേ ഈ മലയാളക്കാരനെ കൂടെ നിർത്തുകയാണെങ്കിൽ...”
“നിറുത്തിൻ നഞ്ചപ്പ!” മാതംഗി ഉറക്കെ പറഞ്ഞു. “എനിക്ക് നിങ്ങളെ വേണ്ട. എന്റെ കുടകിനെ ഞാൻ ചതിക്കില്ലെന്ന് എന്റെയാളുകൾക്കറിയാം.”
നഞ്ചപ്പയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. “എങ്കിൽ, നീ ഒറ്റക്കാണ് മാതംഗീ. ഇവരാരും നിന്റെ കൂടെ നിൽക്കില്ല. നിന്റെ താത്തപോലും നിൽക്കില്ല. എന്നെ അപമാനിച്ചാൽ അതിന് നീ വലിയ വില നൽകേണ്ടിവരും.”
ആതവന്റെ മനസ്സിൽ വലിയ ഭയം ഉടലെടുത്തുതുടങ്ങി. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് അവനറിയില്ലായിരുന്നു. മാതംഗിയുടെ ധൈര്യം അവനെ അത്ഭുതപ്പെടുത്തി. താൻ കാരണം അവൾക്കുണ്ടായ ഈ ദുരവസ്ഥയിൽ അവൾ എന്തു ചെയ്യുമെന്നും അവനറിയില്ലായിരുന്നു.
വെളിച്ചപ്പാടിന്റെ വാക്കുകൾകേട്ട് സ്തംഭിച്ചിരിക്കുകയാണ് അവിടെ കൂടിയ സ്ത്രീകൾ. മാതംഗി അവർക്ക് മാതൃകയാണ്. അവരുടെ പെൺകുട്ടികൾ അവളെ നോക്കിയാണ് വളരുന്നത്. അമ്മമാർ അവളുടെ കഥയാണ് തങ്ങളുടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. ആളുകളുടെ കണ്ണുകൾ ഞെട്ടലോടെ വീണ്ടും മാതംഗിയിലേക്ക് നീണ്ടു. ഗുരുകാരണവന്മാർക്ക് പിഴവു പറ്റില്ല.
മാതംഗിയാവട്ടെ, തന്റെ വിധി ഇങ്ങനെയാണോ മലദൈവം ഒരുക്കിവെച്ചിരിക്കുന്നത് എന്നോർത്ത് നടുങ്ങി. കാരണെ കാണാൻ വന്ന ആതവൻ താൻ ആ ചടങ്ങിന്റെ ഭാഗമാകുന്നത് എപ്രകാരമെന്നുകണ്ട് അമ്പരന്നു. നഞ്ചപ്പയുടെ ചുണ്ടിന്റെ കോണിൽ പക ചിരിയായി വക്രിച്ചു.
“മാതംഗീ... നിന്റെ അഹങ്കാരമെല്ലാം ഇതാ തീരാൻ പോകുകയാണ്” അവൻ അവൾ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.
ചിംഗപ്പക്ക് കാര്യങ്ങളുടെ ഗതികളെല്ലാം മനസ്സിലായി. കാരണയെ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നാണ് വിധി. ഇതിൽ ചതി നടന്നിട്ടുണ്ട്. പക്ഷേ, ഇവിടെ അത് തെളിയിച്ചെടുക്കാവുന്നതല്ല.
“മാതംഗീ, മകളേ നിന്നിൽ എനിക്ക് വിശ്വാസമുണ്ട്. പക്ഷേ, ഈ പരദേശി ഇവിടെ നിന്നും പോകണം. ഇല്ലെങ്കിൽ ഈ ഗ്രാമം മുഴുവൻ നമുക്കെതിരെ തിരിയും.”
“താത്താ, ഇത് നഞ്ചപ്പയുടെ ചതിയാണ്. ഞാനും ആതവനും വളരെ കുറച്ച് ദിവസത്തെ പരിചയമുള്ള ആളുകൾ മാത്രമാണ്. നഞ്ചപ്പ തെറ്റിദ്ധരിപ്പിക്കുന്നതാണ്.” മാതംഗി കണ്ണീരോടെ പറഞ്ഞു.
പക്ഷേ ചിംഗപ്പക്ക് സമാധാനിക്കാൻ കഴിഞ്ഞില്ല. ദേവകാന്തയും ഋതുപർണയും തന്നെ ഏൽപിച്ചിട്ടുപോയ നിധി. അയ്യങ്കട മനെയിലെ കെടാവിളക്ക്. കൺമുന്നിൽ പേരക്കുട്ടിക്ക് വരാൻ പോകുന്ന അപകടത്തിന്റെ വ്യാപ്തിയറിഞ്ഞ് ആ വൃദ്ധൻ നടുങ്ങി. ഗ്രാമത്തിലെ ആളുകളും അവളെ വിശ്വസിക്കാൻ തയാറായില്ല. അവർ മലദൈവങ്ങളുടെ കോപം ഭയന്നു.
“ഞാനെന്റെ നാട്ടിലേക്ക് തിരികെ പോകാം. ഞാൻ കാരണം മാതംഗിക്ക് ഇവിടെ ഒരു വിഷമവും ഉണ്ടാകരുത്.” ആതവൻ എല്ലാവരോടുമായി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“അവളെ ശിക്ഷിക്കരുത്. ഞാൻ പോവുകയാണ്.”
ഗുരുകാരണവരെയും ചിംഗപ്പയെയും വണങ്ങി ആതവൻ വേദനയോടെ തിരിഞ്ഞുനടന്നു.
കഠിനമായ മനോവേദനയോടെ ചിംഗപ്പയും നാടുകൂട്ടം വിട്ടിറങ്ങി. എന്തുപറഞ്ഞാലും ഗുരുഭൂതരുടെ വാക്കുകളെ ആരും അവിടെ ധിക്കരിക്കില്ല. മാതംഗിയുടെ വിധി എഴുതപ്പെട്ടുകഴിഞ്ഞു. സകലതും തകർന്ന് ചുവടുറക്കാതെ നടന്നകലുന്ന ആ വൃദ്ധൻ ക്ഷേത്രാതിർത്തിയിൽ നെഞ്ചുപൊട്ടി കുഴഞ്ഞുവീണു.
“മാതംഗിക്കുള്ള ശിക്ഷ നടത്തൂ. മലദൈവത്തിന്റെ കോപമാണ്. നാടു മുടിയും. താത്താവിനെ വരെ അവൾ കൊന്നുകളഞ്ഞു.” നഞ്ചപ്പ അതുകണ്ട് നാട്ടുകൂട്ടത്തിനോട് വിളിച്ചുപറഞ്ഞു.
ചിംഗപ്പയുടെ മറ്റു മക്കൾ മാതംഗിയെ തിരിഞ്ഞുപോലും നോക്കാതെ ഉദകക്രിയകൾക്കായി വീട്ടിലേക്ക് മടങ്ങി.
മാതംഗിയെ ഭ്രഷ്ട് കൽപിച്ച് ഗ്രാമത്തിൽനിന്ന് പുറത്താക്കിയ ആ രാത്രി. ഹൃദയംപൊട്ടി ചിംഗപ്പ മരിച്ചുപോയ ആ രാത്രി. തന്റെ താത്തയുടെ സംസ്കാരചടങ്ങിൽപ്പോലും പങ്കാളിയാകാൻ അനുവദിക്കാതെ അവളെ ഗ്രാമം ആട്ടിയകറ്റി.
കുടകുമലയിലെ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ കോതി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മലദൈവങ്ങളുടെ കോപം ഭയന്ന് ഗ്രാമം മുഴുവൻ അവളെ തള്ളിപ്പറഞ്ഞപ്പോൾ, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് അവൾ തന്റെ കുളക്കരയിലിരുന്നു. ചന്ദ്രൻ അവളുടെ സങ്കടം കാണാനാവാതെ മേഘങ്ങൾക്കിടയിൽ ഒളിച്ചു. കുളത്തിലെ വെള്ളത്തിൽ അവളുടെ പ്രതിബിംബം പോലും നിസ്സഹായയായി.
അപ്പോഴാണ് ഇരുട്ടിന്റെ ഒരുനിഴൽ പോലെ നഞ്ചപ്പ അവളുടെ അടുത്തേക്ക് വന്നത്.
“മാതംഗീ... നിന്റെ അഹങ്കാരമെല്ലാം തീർന്നില്ലെ. ഇനി നീ എന്റെ കൂടെ പോര്. ആരുമറിയാതെ ഞാൻ നിന്നെ സംരക്ഷിക്കാം,” അവൻ കുടിലമായ ഒരു ചിരിയോടെ പറഞ്ഞു.
“ഇപ്പോൾ നീ ഒറ്റക്കാണ്, നിന്നെ സഹായിക്കാൻ ഇവിടെ ആരും വരില്ല,” വിജയിയുടെ ചിരിയോടെ അവളുടെ നേരെ കൈനീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അവന്റെ കണ്ണുകളിൽ പകയും കാമവും തിളങ്ങി.
മാതംഗി ഭയന്നുപോയി. ആകെ തകർന്നുപോയ അവൾക്ക് ഒരു ചെറുത്തുനിൽപിനുള്ള ശക്തിയൊന്നും ഉണ്ടായിരുന്നില്ല. നഞ്ചപ്പ അവളെ കീഴ്പ്പെടുത്താനായി അവളുടെ അടുത്തേക്ക് വന്നു. അവൾ അവസാനത്തെ ശക്തിയും സംഭരിച്ച് അവനെ തള്ളിമാറ്റി. രണ്ടുപേരും കുളക്കരയിലെ ചളിയിൽ ഉരുണ്ടുവീണു. മാതംഗിയുടെ കൈകൾ അവന്റെ കഴുത്തിൽ അമർന്നു. മാനത്തിനും ജീവനും വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു അത്. കുളവും ഇരുട്ടും ചളിയും കെട്ടിക്കിടന്ന വെള്ളവും അവരുടെ അലർച്ചകൾ ഏറ്റുവാങ്ങി.
പിറ്റേന്ന് രാവിലെ, തേൻ ശേഖരിക്കാൻ പോയ പണിക്കാരാണ് കുളത്തിൽ കമിഴ്ന്നുകിടക്കുന്ന നഞ്ചപ്പയുടെ ശരീരം കണ്ടെത്തിയത്.
മാതംഗിയെയോ ആതവനെയോ പിന്നീടാരും കണ്ടിട്ടില്ല. അവളുടെ അടയാളങ്ങളൊന്നും തന്നെ ആ കുളക്കരയിൽ ഉണ്ടായിരുന്നില്ല.
ഗൗരി കിതപ്പോടെ പറഞ്ഞുനിർത്തി.
നീലിമ കേട്ടതൊന്നും വിശ്വസിക്കാനാവാതെ സ്തംഭിച്ചിരുന്നു.
ചിലർ പറഞ്ഞു, നഞ്ചപ്പയുടെ ആക്രമണത്തിൽ അവളും മരിച്ചു കുളത്തിലാണ്ടുപോയെന്ന്. ഇതുവരെയും അതുറപ്പിക്കാനായി ഒരു തെളിവും കിട്ടിയിട്ടില്ല. മറ്റുചിലർ പറഞ്ഞു, ഭ്രഷ്ട് കൽപിക്കപ്പെട്ട അവൾ എങ്ങോട്ടോ നാടുവിട്ടു പോയതാണെന്ന്. അവൾ ആതവനുമൊത്ത് മലയാളക്കരയിൽ കുടുംബമായി ജീവിക്കുന്നുണ്ട് എന്നും വിശ്വസിക്കുന്നവരുമുണ്ട്. വേറെ ചിലർ, അവളുടെ പ്രേതം ഇവിടങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട് എന്നും പറയുന്നുണ്ട്. കാര്യങ്ങൾ എന്തായാലും, മാതംഗിയെ പിന്നീട് ആരും കണ്ടിട്ടില്ല.
കുടകുമലയിലെ കാരണെ ചടങ്ങിന്റെ ചരിത്രത്തിൽ അവളുടെ കഥ ഒരു ഇരുണ്ട അധ്യായമായി മാറി.
“കരിയപ്പ നഞ്ചപ്പയുടെ കുടുംബക്കാരനാണ്. മാതംഗി മരിച്ചതിന് തെളിവൊന്നും കിട്ടിയിട്ടില്ലാത്തതിനാൽ എവിടെയെങ്കിലും അവൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അവർ അന്നു മുതൽ തിരയുന്നുണ്ടാവണം. അഥവാ അവളുടെ ശേഷിപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ അയാളതു ബാക്കി വെച്ചേക്കില്ല.”
ഗൗരിയുടെ കണ്ണുകൾ കലങ്ങി.
“ദേവനും കരിയപ്പയുടെ ആളാ ചേച്ചീ. നിങ്ങളുടെ ചിത്രം അവർക്ക് ചില സംശയങ്ങൾ കൊടുത്തിട്ടുണ്ട്. മാതംഗിയെപ്പറ്റി നിങ്ങൾക്ക് എന്തറിയാം എന്ന് അവർക്കറിയണം. അതിന് ആ ചിത്രം വരച്ച നിങ്ങളെ അവർക്ക് വേണം. നിങ്ങൾ വേഗം തന്നെ രക്ഷപ്പെടാൻ നോക്കണം.”
കാലങ്ങൾക്കിപ്പുറം, മാതംഗി എന്ന റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ തന്നെയോർത്ത് നീലിമക്ക് അതിശയമായി.
മാതംഗിയുടെയും ആതവന്റെയും കഥകളറിഞ്ഞപ്പോൾ, നീലിമക്ക് താൻ ആ ചിത്രം വരയാൻ തുടങ്ങിയതു മുതലുണ്ടായിട്ടുള്ള പല ചോദ്യങ്ങൾക്കും അനുഭവങ്ങൾക്കുമുള്ള ഉത്തരമാണ് ലഭിച്ചതെന്നു തോന്നി. മാതംഗിയെക്കുറിച്ച് കേട്ടറിഞ്ഞ കഥകൾവെച്ച് താൻ വരച്ച ചിത്രം മാതംഗിയുടേത് തന്നെയാണ്. മാതംഗിയാണ് തന്നെക്കൊണ്ട് അവളുടെ ചിത്രം വരപ്പിച്ചത്, തന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നതും അവൾ തന്നെയാവും. തനിക്കും ഗൗരിക്കും ബന്ധമുള്ള മറ്റെന്തോ രഹസ്യം കൂടി ഈ യാത്രക്കുപിന്നിൽ ബാക്കിയുള്ളതുപോലെ നീലിമ അവളോടു ചേർന്നിരുന്നു.
“ദാ, ഈ കുളക്കരയിലാണ് മാതംഗിയെ ആളുകൾ അവസാനമായി കണ്ടത്.”
ആ രാവിൽ ഗൗരിയുമൊത്ത് കുളക്കടവിലേക്ക് ഇറങ്ങിയതാണ് നീലിമ. വിടരുന്ന കാപ്പിപ്പൂവിന്റെ മണം ചുറ്റിലും പടരുന്നു. ഗൗരി കാൽക്കീഴിൽ നിന്നും ഒരു കല്ലെടുത്ത് പായൽപ്പരപ്പിലേക്കിട്ടു.
“വേണ്ട ഗൗരി,” നീലിമ തടഞ്ഞു. ആ കുളത്തിനെ ഒരു വിധത്തിലും വേദനിപ്പിക്കരുതെന്ന് അവൾക്കു തോന്നി.
ആഴത്തിലേക്ക് ഒരു ദ്വാരമുണ്ടായതുപോലെ പായൽ നീങ്ങി. കുളത്തിലെ വെള്ളത്തിനു അനക്കമുണ്ടായി. ചുറ്റിലുമുള്ള മരത്തിലെ ഇലകൾക്കും അന്നേരം കമ്പനമുണ്ടാകുന്നതായി അവൾക്കു തോന്നി.
നീലിമ പതിയെ കുളപ്പടവുകളിറങ്ങി വെള്ളത്തിലേക്കു നോക്കിനിന്നു. വെള്ളത്തിൽ കാണുന്ന പ്രതിബിംബത്തിൽ തന്റെ മുഖമല്ലാതെ മറ്റൊരു മുഖം തെളിഞ്ഞു വരുന്നതായി അവൾക്കു തോന്നി.
“മാതംഗി!”
അവൾ ഒരു ഞെട്ടലോടെ വിളിച്ചു.
കാറ്റ് ആ പേരിനെ അതുപോലെ തന്നെ അവൾക്കു തിരിച്ചുകൊണ്ടുവന്നു കൊടുത്തു. ആരാണ് ആ പേരു വീണ്ടും അവിടെ വിളിച്ചത് എന്ന് മനസ്സിലാകാതെ അവൾ കുളത്തിലേക്കുതന്നെ നോക്കി.
“ചില മുഖങ്ങൾക്ക് ഒരിക്കലും ഈ നാട്ടിൽ നിന്നും മാഞ്ഞുപോവാനാവില്ല.”
ഗൗരി നീലിമയെ നോക്കി ഏറ്റവും ശാന്തമായ സ്വരത്തിൽ പറഞ്ഞു.
“ചില പേരുകൾക്കും.”
അന്നേരത്ത് അവളുടെ കണ്ണുകളിലെ വിഷാദം നീലിമക്ക് വായിച്ചെടുക്കാനായി.
തിരിച്ചുനടക്കുമ്പോൾ നീലിമയുടെ കൈകൾ ഗൗരിയുടെ കൈ കോർത്തു പിടിച്ചിരുന്നു. ആ പെൺകുട്ടിയുടെ മെലിഞ്ഞ കൈവിരലുകളിൽ പരമ്പരയായി കൈമാറി വരുന്ന കരുത്ത് നീലിമക്ക് അനുഭവപ്പെട്ടു. അതിന്റെ ഉറപ്പ് തന്നിലേക്കും പടരുന്നതായി അവളറിഞ്ഞു.
“ചേച്ചീ, ഇതൊന്നും ആരുമറിയേണ്ട.” നീലിമയുടെ മനസ്സു വായിച്ചതുപോലെ ഗൗരി പറഞ്ഞു.
“കാലങ്ങൾക്കുശേഷം മാതംഗിയുടെ ചിത്രവുമായി ചേച്ചി വെറുതെ വന്നതല്ല.’’ ഗൗരിയുടെ ശബ്ദം സ്വകാര്യംപോലെ നീലിമയുടെ കാതിൽ മുഴങ്ങി.

“ഞാനിവിടെ വെറുതെ കാത്തുനിന്നതല്ല. മാതംഗിക്ക് പറയാനുള്ളത് കേൾക്കാനാണ് നമ്മളെ വിളിച്ചുവരുത്തിയത്. കാലം നമുക്കായി കാത്തുവെച്ച നിയോഗങ്ങളിലേക്ക് നമ്മൾ എത്തിച്ചേരുകതന്നെ ചെയ്യും.”
നീലിമയുടെ ഉള്ളിൽ കാരണമറിയാത്ത ഒരു ആത്മവിശ്വാസം വന്നുനിറഞ്ഞു. ഞരമ്പുകൾ തോറും അതിന്റെ തീവ്രമായ ഒഴുക്ക് അവളനുഭവിച്ചു. അകത്തേക്കു കയറുമ്പോൾ നീലിമ ഗൗരിയോട് പെട്ടെന്ന് ഒരാഗ്രഹം പറഞ്ഞു.
“ഗൗരീ, എനിക്കും നിങ്ങളെപ്പോലെ കൊഡവചേല ചുറ്റണമെന്ന് ഒരാഗ്രഹമുണ്ട്.”
അവളുടെ ആവശ്യത്തിന് കൗതുകത്തിൽ കവിഞ്ഞ ദൃഢതയുണ്ടായിരുന്നു.
“അതിനെന്താ, ഞാനുടുപ്പിക്കാമല്ലോ.”
ഗൗരിയുടെ കണ്ണിലും അന്നേരത്ത് പ്രത്യേക തിളക്കമുണ്ടായി. തന്റെ കൈവശമുള്ള കൊഡവചേല അവൾ കൈയിലെടുത്തു. നീലിമയുടെ ദേഹത്ത് അതുചുറ്റി അലങ്കാരങ്ങളും ആഭരണങ്ങളും ഇടുവിച്ച് തിളങ്ങുന്ന കണ്ണുകളോടെയും ഗൂഢമായൊരു പുഞ്ചിരിയോടെയും അവൾ നീലിമയെ കണ്ണാടിയിലേക്ക് തിരിച്ചുനിർത്തി.
“മാതംഗി!”
കണ്ണാടിക്കുമുന്നിൽ നിന്ന നീലിമ തന്റെ പ്രതിബിംബം കണ്ടു വിറ കൊണ്ടു. ഒന്നുകൂടെ കണ്ണാടിയിലേക്ക് നോക്കാനാവാതെ നീലിമ കണ്ണുകളിറുക്കിയടച്ചു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നോവുകൾ നിറഞ്ഞു.
“മാതംഗീ.”
ഗൗരിയും നീലിമയെ കെട്ടിപ്പുണർന്നു!
മുഖവടിവുകളിൽ മാതംഗിയുടെ ഷാർപ് നെസ്. ഇരുകൈകളാലും ഗൗരി ആ മുഖം തൊട്ടറിഞ്ഞു. ദുർമേദസ്സില്ലാത്ത ഉറച്ച പേശികൾ. നോട്ടത്തിലും ഭാവത്തിലും അതേ പഴയ മാതംഗി.
സന്ദർഭത്തിലേക്ക് ബോധം തിരിച്ചുകിട്ടിയ നീലിമ കണ്ണാടിയിലേക്ക് കണ്ണുതുറന്നു. മാതംഗിയെ മനസ്സുകൊണ്ടു കണ്ടുനിന്നു.
“മാതംഗി മരിച്ചിട്ടില്ല. അവൾക്ക് ശബ്ദമാവാൻ ഒരാളെ മാത്രമാണ് അവൾ കാത്തിരുന്നത്.” നീലിമയെ നോക്കി ഗൗരി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ആ ശബ്ദം താനാണെങ്കിൽ ഗൗരി മാതംഗിയുടെ ആത്മാവിന്റെ കാവൽക്കാരിയാണെന്ന് നീലിമക്ക് മനസ്സിലായി.
“ഗൗരീ, നിന്നിൽ മാതംഗിയെക്കുറിച്ച് ഇനിയും പറയാത്ത രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാം. ഞാനത് അറിയാൻ ആഗ്രഹിക്കുന്നില്ല. മാതംഗിയുടെ താൽപര്യങ്ങൾ സംരക്ഷിക്കൂ. ഞങ്ങൾ നാളെ തിരിച്ചുപോകുന്നു.”
അവസാനദിവസം. തീക്കുണ്ഡത്തിന് ചുറ്റുമിരുന്ന് പാടിയും ആടിയും ആഘോഷിച്ച ആ രാവ് തീരുമ്പോൾ കോടയിറങ്ങി ചുറ്റുപാടുകളെ അപ്പാടേ മറച്ചു കളഞ്ഞിരുന്നു.
ഉറങ്ങാൻ പോകുംമുമ്പേ നീലിമ എല്ലാവരോടുമായി പറഞ്ഞു.
“നാളെ വെളുക്കും മുമ്പേ തന്നെ പുറപ്പെടണം. അത്യാവശ്യമുണ്ട്.”
“എനിക്കും തിരക്കുണ്ട്. ഓഫീസിൽനിന്നും അർജന്റായി കോളുണ്ട്. അലീനയും ചാടിപ്പറഞ്ഞു. വേഗം തന്നെ ഇറങ്ങണം.”
“ഇവിടിപ്പം തിരക്കില്ലാത്തതാർക്കാ?” ശ്യാം വിഷ്ണുവിന്റെ തലക്ക് കിഴുക്കി.
“താക്കോൽ ദേവനെ ഏൽപ്പിക്കേണ്ടെ? അയാൾ എപ്പൊ വരും.”
ശ്യാം തിരക്കി
“ദേവൻ… വേണ്ട. അതെല്ലാം ഗൗരി ചെയ്തോളും. അങ്ങോട്ട് ഏൽപിച്ചാൽ മതി. അവളാണ് ഈ വീടിന്റെ ശരിയായ സൂക്ഷിപ്പുകാരി.” നീലിമ ഗൗരിയെ നോക്കിക്കൊണ്ട് പറഞ്ഞുനിർത്തി.
ബാഗുകൾ ഒരുക്കി തിരിച്ചിറങ്ങും മുമ്പേ ചുവരിലെ മാതംഗിയുടെ ചിത്രത്തിലേക്ക് നീലിമ ഒരു നിമിഷം നോക്കിനിന്നു. “മാതംഗീ, നിന്റെ നോട്ടം എന്റെ അകഞരമ്പിനെപ്പോലും തൊടുന്നുണ്ട്. കടുംചോപ്പ് നിറമുള്ള നിന്റെ ഓർമകളെ ഞാനേറ്റെടുക്കുന്നു. ഒരു പക്ഷേ ഇത് നീയുമായുള്ള ഒരു നീണ്ട കൂട്ടുയാത്രയുടെ ആരംഭമാവാം. ഈ ഇരുളിനപ്പുറത്ത് നീ കാണാത്ത ലോകമുണ്ട്. നമുക്കു പോകാം.”
“ഗൗരി ശ്രദ്ധിക്കണം.”
ഗൗരിയുടെ തലമുടിയിൽ വാത്സല്യത്തോടെ ഒന്നുതഴുകി മാതംഗിയുടെ നിഗൂഢമായ ലോകത്തിന്റെ ആ താക്കോൽ അവളുടെ കൈകളിലേൽപിച്ചു.
അർഥം വേർതിരിക്കാനാകാത്ത ഒരു പുഞ്ചിരിയോടെ ഗൗരി നീലിമയെ ആലിംഗനം ചെയ്തു.
ഇരുട്ടിലൂടെ മിന്നൽ വഴിതെളിക്കും പോലെ കാർ മുന്നോട്ടുനീങ്ങി.
നീലിമയുടെ ബാഗിൽ ചുരുട്ടിവെച്ച മാതംഗിയുടെ ചിത്രം കാറ്റിൽ പുറത്തേക്ക് തലനീട്ടി. അപ്പോൾ വിരിയുന്ന കാപ്പിപ്പൂക്കളുടെ ഗന്ധം ചുറ്റും പരന്നു. ഏറ്റവും പ്രിയതരമായ ഒരു ഗന്ധത്തെ ആവാഹിക്കുന്നതുപോലെ നീലിമ ചിത്രത്തെ തന്നോടു ചേർത്തുപിടിച്ചു.
ചെന്താമരപ്പൂവിൻ… ചേലുള്ളോരു പെണ്ണേ… സ്പോട്ടിഫൈയിൽ അപരിചിതനായ ഒരു ഗായകന്റെ വിരഹാർദ്രമായ നാടൻപാട്ട്. ഫ്രണ്ട് മിററിന്റെ കാഴ്ചയിൽ കുടകു മലമേലെ കോട ഒരു നേർത്ത പുതപ്പിട്ടു.
================
*1. അവളെ ഒന്നു വിളിക്കൂ
*2.സ്ത്രീകളല്ലേ. എഴുന്നേറ്റിട്ട് കാണാം
*3. അവർ വൈകിയാണ് ഉറങ്ങിയത്. എഴുന്നേറ്റുവരാൻ സമയമെടുക്കും. നിങ്ങൾ പിന്നീട് വരൂ.
