Begin typing your search above and press return to search.
proflie-avatar
Login

അരിക്കാത്തി

അരിക്കാത്തി
cancel

പൊടുന്നനെ ഒരു ദിവസം രാവിലെ ഉറക്കത്തിനുശേഷമുള്ള ആലോചനക്കിടയിലാണ് അരിക്കാത്തിയുടെ മുഖം തെളിഞ്ഞ് വന്നത്. ഇക്കാലത്തിനിടയിൽ കണ്ടുമുട്ടിയിരുന്ന മനുഷ്യരെയെല്ലാം ഇടക്കിടെ ഞാൻ ഓർക്കാറുണ്ടായിരുന്നു. പക്ഷേ, അരിക്കാത്തിയെ ഞാൻ ഒരിക്കലുമോർത്തിരുന്നില്ല. അരിക്കാത്തിയുടെ വെളുപ്പും തവിട്ടും ഇടകലർന്ന മുടിയിഴകൾ, കണങ്കാലു വരെ നീണ്ടുകിടക്കുന്ന അയഞ്ഞ മൂന്ന് കുപ്പായങ്ങൾ, മൂക്കിന് മുകളിലായി ഒട്ടിക്കിടക്കുന്ന ചെറിയ അരിമ്പാറ... അങ്ങനെ പലതായി തെളിയുന്ന ചിത്രങ്ങൾ മനസ്സിൽ അവിചാരിതമായി നിറഞ്ഞുനിന്നു. കവുങ്ങിൻതോപ്പിനിടയിലൂടെ വല്യമ്മയുടെ വീട്ടിലേക്ക് ഒരു കാറ്റ് പോലെ കടന്നുവരാറുള്ള അരിക്കാത്തി....

Your Subscription Supports Independent Journalism

View Plans

പൊടുന്നനെ ഒരു ദിവസം രാവിലെ ഉറക്കത്തിനുശേഷമുള്ള ആലോചനക്കിടയിലാണ് അരിക്കാത്തിയുടെ മുഖം തെളിഞ്ഞ് വന്നത്. ഇക്കാലത്തിനിടയിൽ കണ്ടുമുട്ടിയിരുന്ന മനുഷ്യരെയെല്ലാം ഇടക്കിടെ ഞാൻ ഓർക്കാറുണ്ടായിരുന്നു. പക്ഷേ, അരിക്കാത്തിയെ ഞാൻ ഒരിക്കലുമോർത്തിരുന്നില്ല. അരിക്കാത്തിയുടെ വെളുപ്പും തവിട്ടും ഇടകലർന്ന മുടിയിഴകൾ, കണങ്കാലു വരെ നീണ്ടുകിടക്കുന്ന അയഞ്ഞ മൂന്ന് കുപ്പായങ്ങൾ, മൂക്കിന് മുകളിലായി ഒട്ടിക്കിടക്കുന്ന ചെറിയ അരിമ്പാറ... അങ്ങനെ പലതായി തെളിയുന്ന ചിത്രങ്ങൾ മനസ്സിൽ അവിചാരിതമായി നിറഞ്ഞുനിന്നു. കവുങ്ങിൻതോപ്പിനിടയിലൂടെ വല്യമ്മയുടെ വീട്ടിലേക്ക് ഒരു കാറ്റ് പോലെ കടന്നുവരാറുള്ള അരിക്കാത്തി. മുറ്റത്തിരുന്ന് വീട്ടിലെ മുതിർന്ന പെണ്ണുങ്ങളോട് അരിക്കാത്തി പറയുന്ന കഥകൾ കേൾക്കാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു.

കഥകൾ പറയുമ്പോൾ അവരുടെ ചുണ്ടുകളനങ്ങുന്നത്, ചിതറിയ മുടിയിഴകൾ വിരലുകൾക്കിടയിലിറുക്കി ചെവിയുടെ പുറകിലേക്കൊതുക്കിവെക്കുന്നത്. അവരുടെ പ്രത്യേകതരം ശരീര ചലനങ്ങളിലും സ്ഥിരമായി ധരിക്കാറുള്ള മൂന്നുതരം ഉടുപ്പുകളിലും പല്ലുകൾക്കിടയിൽ ചെറുതായി പ്രത്യക്ഷപ്പെടുന്ന കറുപ്പുനിറത്തിലും എന്റെ ശ്രദ്ധ ആകാംക്ഷയോടെ സംവദിക്കുമായിരുന്നു. മനുഷ്യരുടെ ചലനങ്ങൾ, വസ്ത്രങ്ങൾ, ശബ്ദങ്ങൾ ഇവ ഇടകലർത്തി നിരീക്ഷിക്കുവാൻ എനിക്കെപ്പോഴും ഇഷ്ടമായിരുന്നു.

ഏറെ വർഷങ്ങൾക്കിപ്പുറം ഒരിക്കലുമോർമയിലുണ്ടാകാതിരുന്ന, പണ്ടൊരു കാലത്ത് ഏറെ പരിചിതയായിരുന്ന ഒരാൾ ഇപ്പോഴെന്തിനാണ് മനസ്സിലേക്ക് കടന്നുകയറിവരുന്നത്. ഞാൻ ആശങ്കപ്പെട്ടു, അതിലേറെ അത്ഭുതവും. നീണ്ട ഉറക്കത്തിന് ശേഷം ഞാൻ രാവിലെ ശരീരം വിടർത്തിവെച്ച് വിശ്രമിക്കാറുള്ള ഓറഞ്ചിൽ നീലനിറം ചിതറിച്ച മാറ്റിൽ കണ്ണടച്ച് കിടക്കുമ്പോൾ ഏറെക്കാലത്തിനു ശേഷം പരിണമിച്ച അരിക്കാത്തിയുടെ രൂപം കൃത്യമായി തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഇപ്പോൾ മൂക്കിന് മുകളിലെ അരിമ്പാറക്ക് ചുറ്റും കുഞ്ഞു കുഞ്ഞു വിത്ത് പാകിയപോലെ നാലഞ്ച് കുഞ്ഞനരിമ്പാറകൾ വളർന്നുവന്നിട്ടുണ്ട്.

പണ്ട് മൂന്ന് രീതിയിലുടുത്തിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ ഒരൊറ്റ വസ്ത്രമായിരിക്കുന്നു, തവിട്ട് മുടിയിഴകളെല്ലാം വെളുപ്പായി മാറിയിരിക്കുന്നു. ഏറെ വ്യത്യാസമുള്ള അരിക്കാത്തി. സമയം തീരാറായ ഒരു വൃദ്ധയെപ്പോലെ, കഥകളെല്ലാം പറഞ്ഞു തീർന്നുപോയ ഉടൽ മാതിരി എന്റെ മുന്നിൽ നിശ്ചലയായി നിൽക്കുന്നു. എനിക്ക് സങ്കടം തോന്നി. കഥകളെല്ലാം പറഞ്ഞുതീർന്ന അരിക്കാത്തിയെ സങ്കൽപിക്കാൻകൂടി ആകുന്നില്ല. എന്നാൽ, ആകസ്മികമായി വന്നുചേർന്ന ഈ കാഴ്ച മായ്ച്ചുകളയുന്നതെങ്ങനെ? കണ്ടു തീരേണ്ടവ കണ്ടുതന്നെ തീരണം. നേരിട്ടുണ്ടാകുന്ന അനുഭവത്തിലായാലും ഓർമകളിലെ കാഴ്ചകളിൽ അസാധാരണമായി ഉണ്ടാകുന്നവയിലായാലും. അല്ലെങ്കിൽ വീണ്ടും വീണ്ടും അവ നമ്മെ തേടിവരും. അരിക്കാത്തിയുടെ ഈ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം എന്തായിരിക്കും, എന്താണ് മറന്നുവെച്ചത്. ഓർമയിലേക്ക് തിരിച്ചുവരാനുള്ള കാരണങ്ങളാലോചിച്ചുകൊണ്ട് കിടപ്പുമുറിയിൽ നിന്നെഴുന്നേറ്റു.

നാലഞ്ച് വർഷങ്ങൾക്ക് മുമ്പാണ് വല്യമ്മ മരിച്ചത്. മരിക്കുന്നതിനുമുമ്പ് ഇടക്കെപ്പോഴോ വല്യമ്മ പറയാറുണ്ടായ ഒരു പാതിമുറിഞ്ഞ കഥ, കാരണമൊന്നുമില്ലാതെ ഞാനോർത്തെടുത്തു. ആ നേരത്ത് ഞാനത് കാര്യമായെടുത്തില്ലെങ്കിലും ഇപ്പോഴെന്തെക്കൊയോ ചിലത് മനസ്സിൽ തെളിഞ്ഞുവരുന്നു. ഞാനെപ്പോഴുമൊരു സാക്ഷിയായിരുന്നതുകൊണ്ടാകണം ഇപ്പോൾ ഈ സന്ദർഭത്തിൽ ആ ചിത്രം വീണ്ടും തെളിഞ്ഞുവരുന്നത്. മനുഷ്യർക്കിടയിൽ അപൂർണമായി നിലനിൽക്കുന്നവ പൂർത്തിയാവാതെ ഓർമകളിൽനിന്ന് ഒന്നും ഒരിക്കലും മാഞ്ഞുപോകില്ല. എല്ലാം മറന്നുവെന്ന് നടിക്കുകയോ അല്ലെങ്കിൽ ഓർമിക്കാതിരിക്കുകയോ മാത്രമാണ്.

ആ ദിവസം മുഴുവനും ഞാൻ അരിക്കാത്തിയെ പറ്റിതന്നെ ആലോചിച്ചു. ഒന്നിനുമൊരു കൃത്യതയില്ലാതെ ഞാനവരെ പറ്റി ആലോചിച്ചുകൊണ്ടിരുന്നു. വളരെ സങ്കീർണവും രസകരവുമായ ഓർമ അതിന്റെ പലമാതിരി ചിതറിയ കഷണങ്ങൾകൊണ്ട് എന്റെ ഓർമകളിൽ വന്നുചേരുന്നതെന്തിന് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

മനുഷ്യൻ, ഓർമ, ശരീരം എന്നിങ്ങനെ വീടിന്റെ പല ദിക്കുകളിലായി പ്രതിഫലനങ്ങളുണ്ടാവുന്നത് എനിക്ക് തടയാൻ കഴിഞ്ഞില്ല. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയും ആകാംക്ഷയും തോന്നി. വിചാരിച്ച മാതിരി രാവിലെ കണ്ട തെളിഞ്ഞ സ്വപ്നത്തിന്റെ തുടർച്ചയിൽ മറ്റ് ചിത്രങ്ങൾ കണ്ടുതുടങ്ങി.

രണ്ടു മൂന്ന് പൂച്ചകളും ആശുപത്രിയും നാലഞ്ച് സ്ത്രീകളും നിരനിരയായി പോകുന്നു. അടുത്ത ഘട്ടത്തിൽ പൂച്ചയുടെ കഴുത്തിൽ പോറലേറ്റ് ചെമന്ന നിറമായിരിക്കുന്നു. മറ്റൊരു പൂച്ചയുടെ കൂർത്തനഖം നിരയായി പോയിക്കൊണ്ടിരിക്കുന്ന നാലഞ്ച് സ്ത്രീകളുടെ ഇടയിലേക്ക് തിരിഞ്ഞോടുകയും കഴുത്തിനു പുറകിലായി വളരെ അക്രമാസക്തമായി മാന്തുകയും ചെയ്തു. അപ്പോൾ മാത്രമാണ് ആ സ്ത്രീകളുടെയെല്ലാം മുഖം വെളിപ്പെട്ടത്. അരിക്കാത്തിയുടെ അതേ മുഖമുള്ള സ്ത്രീകൾ, പല പ്രായത്തിൽ, പല ഉയരത്തിൽ, പല രൂപത്തിൽ ഒരേ മുഖങ്ങൾ.

കഴുത്തിന് പുറകിലെ ഒത്തനടുവിൽ ഏൽപിച്ച മുറിവേറ്റ് ഞാൻ എഴുന്നേറ്റു. ഈ കാഴ്ചയുടെ സാരാംശം തിരിച്ചറിയാതെ ഞാൻ കുഴങ്ങിപ്പോയി. സത്യത്തിൽ ഇപ്പോഴെനിക്ക് അരിക്കാത്തി പറയാറുണ്ടായിരുന്ന കഥകൾ ഒന്നുപോലും ഓർമയില്ല. അവരുടെ മുഖത്തിന്റെ, കുപ്പായത്തിന്റെ നേരിയ ചലനങ്ങൾ മാത്രമാണ് ആകെ ഓർമയിലുള്ളത്. എന്താണിതിന്റെയൊക്കെ അർഥമെന്നാലോചിച്ച് ഞാൻ സംശയത്തോടെ എഴുന്നേറ്റു. നനഞ്ഞ കുപ്പായങ്ങൾപോലെ ദിവസങ്ങളുടെ ഭാരം എന്നിലേറിക്കൊണ്ടിരിക്കുന്നതിന്റെ അർഥമെന്താണെന്നറിയാതെ ഇടക്കിടെ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരങ്ങൾക്കു മുന്നിൽ ഞാൻ നിശ്ചലയായി.

പകൽ മുഴുവനും ഞാൻ മിണ്ടാതെയിരുന്നു. എന്തുകൊണ്ടോ പുറത്തേക്കിറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. വസ്ത്രങ്ങളൊന്നും മാറാതെ എന്തുകൊണ്ടോ അരിക്കാത്തിയെ പോലെ ഒരൊറ്റ വസ്ത്രമുടുത്ത് ജനാലയുടെയരികിൽ മുഖം കുനിച്ചിരുന്നു. വിരലുകൾക്കിടയിൽ ആവശ്യമില്ലാതെ സിഗരറ്റ് കത്തിച്ച് വലിക്കാതെ അതിന്റെ ചാരം കുത്തി കുത്തി തറയിലേക്ക് പാറിച്ചു. ചെറു കനലും ചാരവും നിലത്തും ജനാലയുടെ ചരിവുകളിലേക്കുമായി പടർന്നുകൊണ്ടിരുന്നു.

 

സിസ്റ്റർ സാന്ദ്ര സോണിയ

കാലവും കാറ്റും കടലും ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ ദൂരേക്ക് രക്ഷപ്പെടുന്നതായി, എന്നാലത് തിരികെവരുന്നതായി, ജനാലക്കപ്പുറത്തെ മരങ്ങളിൽനിന്നിറങ്ങി നിന്ന നിഴലുകകൾ തറയോട് ചേർന്ന് പറഞ്ഞു. പഴയ ചില കാര്യങ്ങൾ ഓർത്തുകൊണ്ട് ആ പകലിനെയും കടന്ന് അരിക്കാത്തിയുടെ കാര്യത്തിൽ ഒരു തെളിച്ചം കിട്ടുമെന്ന് കരുതി ഉറങ്ങാൻ കിടന്നു. പകലിനും രാത്രിക്കുമിടയിൽ ഒരു നടുക്കമായി ഒരു കാഴ്ച! ഞാൻ അമ്മയെ കൊല്ലുന്നു.

എന്നാൽ, അത് ഒരു സാധാരണ കൊലപാതകമല്ലായിരുന്നു. കത്തി പിടിച്ചിരിക്കുന്ന കൈ എന്റേതാണെങ്കിലും, ആ കൈ എനിക്ക് അന്യമായിരുന്നു. അത് ഞാൻ നിയന്ത്രിക്കുന്നതല്ല, മറിച്ച് മറ്റെന്തോ ഒന്നാണ് അതിനെ നീക്കുന്നത്. അമ്മയുടെ മുഖം വ്യക്തമായി കാണുന്നില്ല. ഓരോ തവണയും ഞാൻ അടുത്തേക്ക് ചായുമ്പോൾ, അമ്മയുടെ മുഖം അരിക്കാത്തിയുടെ മുഖമായി മാറുന്നു. പിന്നെ വീണ്ടും അമ്മയാകുന്നു. വീണ്ടും അരിക്കാത്തി.

ആ ഇരട്ടമുഖങ്ങൾക്കിടയിൽ ഞാൻ കുടുങ്ങിപ്പോയി.

“കഥകൾ പൂർത്തിയാക്കാതെ വിട്ടാൽ ഇങ്ങനെയാകും...” ആഴമുള്ള കിണറിൽനിന്ന് ഒരു സ്ത്രീയുടെ ശബ്ദം.

അത് ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അരിക്കാത്തിയുടേതോ? വല്യമ്മയുടേതോ? അല്ലെങ്കിൽ എന്റെ തന്നെ ഉള്ളിൽനിന്നുയരുന്നതാണോ?

കത്തി മാംസത്തിലേക്ക് തുളയുന്ന, എല്ലിനെ തറച്ചുമുറിക്കുന്ന, ചോര ചിതറുന്ന ശബ്ദം കേട്ടില്ല. ഒരുപാട് കഥകൾ ഒരുമിച്ച് പൊട്ടി പുറത്തുവരുന്നപോലെ ഒരു വിചിത്രമായ ശബ്ദം. പഴയ വീടുകൾ, കവുങ്ങിൻ തോപ്പുകൾ, മുറ്റത്ത് ഇരിക്കാറുള്ള പെണ്ണുങ്ങൾ, അവരുടെ പൊട്ടിച്ചിരികൾ എല്ലാം ഒരുമിച്ച് പിളർന്ന് ചിതറുന്നു.

ഞാൻ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തുവന്നില്ല.

അപ്പോൾ അമ്മയുടെ കണ്ണുകൾ തുറന്നു. അവരെന്നെ നോക്കി ചിരിച്ചു.

“ഇത് ഞാൻ അല്ല... നീ മറന്നതാണിത്...” അവർ ശരീരം തൊട്ട് പറഞ്ഞു. എന്തൊരു വാചകങ്ങളാണത്, ആ വാചകങ്ങളെ പിരിച്ചെടുത്ത് കുറേ അധിക സമയം ഞാനതിന് മുന്നിൽ മലർന്ന് കിടന്നു.

പെട്ടെന്നെഴുന്നേറ്റ് നോക്കിയപ്പോൾ ശരീരം മുഴുവനും വിയർപ്പിൽ കുതിർന്നിരുന്നു. കഴുത്തിന് പിന്നിൽ കുത്തുന്നപോലെ ഒരു വേദന. കൈകൊണ്ട് തൊട്ടപ്പോൾ ചെറിയൊരു ചുളിവുപോലെ തോന്നി. കണ്ണാടിയുടെ മുന്നിൽ പോയി നോക്കിയപ്പോൾ, കഴുത്തിന്റെ നടുവിൽ ചെറിയൊരു ചുവന്ന പാട്.

പൂച്ചയുടെ നഖമോ? ഓർമയുടെ അടയാളമോ?

ആ ദിവസത്തിനു ശേഷം വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ പേടി തോന്നി. എന്നാൽ അതേസമയം, ആരെയും കാണാനും തോന്നിയില്ല. ഞാൻ പതുക്കെ അരിക്കാത്തിയുടെ ചലനങ്ങൾ അനുകരിക്കാൻ തുടങ്ങി. അവരെപ്പോലെ നടക്കാൻ, അവരെപ്പോലെ മുടി ഒതുക്കാൻ, അവരെപ്പോലെ മിണ്ടാതിരിക്കാൻ.

അരിക്കാത്തി പറഞ്ഞിരുന്ന കഥകൾ ഒന്നുംതന്നെ എനിക്കോർമയില്ല. പക്ഷേ, കഥപറയുന്ന ശരീരം എന്നിൽ പതിയാൻ തുടങ്ങി. ഒരു വൈകുന്നേരം, അപ്രതീക്ഷിതമായി വല്യമ്മയുടെ പഴയ വീട്ടിലേക്ക് പോകണമെന്ന് തോന്നി. വീട് ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. കവുങ്ങിൻ തോപ്പുകൾക്കിടയിലൂടെ കാറ്റ് മെല്ലെ മെല്ലെ കടന്നുപോകുന്നു. ഞാൻ പടിയിലൂടെ കയറി മുറ്റത്ത് നിന്നു. ആരുമില്ല. പക്ഷേ ഒരുപാട് ശബ്ദങ്ങൾ, പൊട്ടിച്ചിരികൾ, മുറു മുറെ സംഭാഷണങ്ങൾ.

മണ്ണിലൂടെ വലിഞ്ഞുനീങ്ങുന്ന കുപ്പായങ്ങളുടെ ശബ്ദം. അനേകം ശബ്ദങ്ങൾ. ഞാൻ കണ്ണടച്ചു.

അരിക്കാത്തി, വല്യമ്മ, പുറംപണിക്കാരികളായ പെണ്ണുങ്ങൾ... എല്ലാവരും എനിക്ക് ചുറ്റുമായി നിൽക്കുന്നു. എല്ലാവർക്കും ഒരേ മുഖം. അരിക്കാത്തിയുടേത്.

അവരിൽ ഒരാൾ എന്നെ നോക്കി പറഞ്ഞു:

“ഇനി നിനക്ക് സംസാരിക്കാനുള്ള അവസരമാണ്.”

“എനിക്ക് കഥകളൊന്നും ഓർമയില്ലല്ലോ,” ഞാൻ പറഞ്ഞു.

അവർ ആർത്താർത്ത് ചിരിച്ചു.

“കഥകൾ ഓർമിക്കേണ്ടതല്ല. അവ ശരീരത്തിൽ ഉണ്ടാകേണ്ടതാണ്.”

അവരെല്ലാവരും മുന്നോട്ടുവന്നു. എന്റെ കഴുത്തിന് പിന്നിലെ പാടിൽ അവരുടെ വിരലുകൾ ഒരോന്നോരോന്നായി വന്ന് തൊട്ടു. ഒരു നേർത്ത ധാരയായി താപം ശരീരത്തിലൂടെ പടർന്നു.

അപ്പോൾ ചിലതെല്ലാം എനിക്കോർമ വന്നു. അരിക്കാത്തി കഥകൾ പറഞ്ഞിരുന്നില്ല. അവൾ കഥകൾ വിതക്കുകയായിരുന്നു.

ശരീരങ്ങളിൽ.

ഓർമകളിൽ.

മുറിവുകളിൽ.

ഞാൻ കണ്ണുതുറന്നപ്പോൾ മുറ്റം ശൂന്യമായിരുന്നു. ആ രാത്രി, ഞാൻ ആദ്യമായി ഒരു കഥ പറഞ്ഞു, ഒരാളുമില്ലാത്ത ഒരു മുറിയിൽ. എന്നാൽ ഞാൻ വ്യക്തമായി അറിഞ്ഞിരുന്നു. ആരൊക്കെയോ കേൾക്കാനുണ്ട്. ഒരു വലിയ കൂട്ടം ആളുകൾ നിരക്കനെ അവസാനമില്ലാത്ത കഥകൾപോലെ... അറ്റമില്ലാത്ത കാടുകൾപോലെ.

News Summary - malayalam story