ഉച്ചാടനം

കടലാഴങ്ങളിലേക്ക് പോകുന്ന ഒരു സ്കൂബ ഡൈവറെപ്പോലെയാണ് മഞ്ഞു ചുറ്റിയ മലനിരകളിൽനിന്നും തണുത്ത കാറ്റ് ‘‘പൊത്തോ’’ എന്ന് ഇറങ്ങിവന്നത്. അതേ വേഗത്തിൽ തണുപ്പിന്റെ കൂർത്ത മുള്ളാണികൾ ലോഭമില്ലാതെ അത് ചുറ്റിലും വാരിയെറിഞ്ഞു. പുലർച്ചെ ആറു മണിക്ക് കട്ടപ്പന ടൗണിൽ എത്തിച്ചേരുവാനാണ് ഞങ്ങൾക്ക് കിട്ടിയിരുന്ന നിർദേശം.ഞങ്ങൾ പറഞ്ഞതിലും അരമണിക്കൂർ നേരത്തേതന്നെ എത്തിച്ചേർന്നിരിക്കുകയാണ്. തുടർന്നുള്ള യാത്രക്ക് രണ്ട് ഉദ്യോഗസ്ഥരുമായി ഒരു ജീപ്പെത്തും. ഞങ്ങൾ ഒരു പഴയ സിമന്റ് പ്രതിമയുടെ ചുവട്ടിൽ അങ്ങനെ നിന്നു. ചെന്നിക്കുത്ത് ഉണർത്തുന്ന കാടിന്റെ ചൂളംവിളി. ചീവീടിന്റെ രാകൽ. കാണാം, ചെറുതും വലുതുമായ കുറേ പക്ഷികൾ ...
Your Subscription Supports Independent Journalism
View Plansകടലാഴങ്ങളിലേക്ക് പോകുന്ന ഒരു സ്കൂബ ഡൈവറെപ്പോലെയാണ് മഞ്ഞു ചുറ്റിയ മലനിരകളിൽനിന്നും തണുത്ത കാറ്റ് ‘‘പൊത്തോ’’ എന്ന് ഇറങ്ങിവന്നത്. അതേ വേഗത്തിൽ തണുപ്പിന്റെ കൂർത്ത മുള്ളാണികൾ ലോഭമില്ലാതെ അത് ചുറ്റിലും വാരിയെറിഞ്ഞു. പുലർച്ചെ ആറു മണിക്ക് കട്ടപ്പന ടൗണിൽ എത്തിച്ചേരുവാനാണ് ഞങ്ങൾക്ക് കിട്ടിയിരുന്ന നിർദേശം.ഞങ്ങൾ പറഞ്ഞതിലും അരമണിക്കൂർ നേരത്തേതന്നെ എത്തിച്ചേർന്നിരിക്കുകയാണ്. തുടർന്നുള്ള യാത്രക്ക് രണ്ട് ഉദ്യോഗസ്ഥരുമായി ഒരു ജീപ്പെത്തും.
ഞങ്ങൾ ഒരു പഴയ സിമന്റ് പ്രതിമയുടെ ചുവട്ടിൽ അങ്ങനെ നിന്നു. ചെന്നിക്കുത്ത് ഉണർത്തുന്ന കാടിന്റെ ചൂളംവിളി. ചീവീടിന്റെ രാകൽ. കാണാം, ചെറുതും വലുതുമായ കുറേ പക്ഷികൾ കിഴക്കൻ ചക്രവാളത്തിലേക്ക് ഉറക്കം കുടഞ്ഞുകളഞ്ഞ് നീളത്തിൽ പറക്കുന്നു. അവിടെ പുലർകാലം ഒരു കട്ടിക്കമ്പളം പുതച്ച് കമിഴ്ന്ന് കിടന്നുറങ്ങുകയാണ്. ചടച്ച ആ ഉടലിനെ നുള്ളിയും പിച്ചിയും അവർ ഒച്ചയിട്ട് ഉണർത്തുവാൻ തുടങ്ങി.
അടുത്തു കണ്ട ഒരു അരച്ചുമരിന്റെ തണുപ്പിലേക്ക് ഞാൻ പതിയെ നീങ്ങിനിന്നു. ദീർഘനാളായി ഉറങ്ങിക്കിടന്ന നട്ടെല്ല് വേദന നാലഞ്ച് മണിക്കൂർ മുമ്പേ തന്നെ ഉണർന്നിരുന്നു. ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. രണ്ട് കോട്ടുവാ ചൂളം വിളിയോടെ കടന്നുപോയി. ഇനിയും വൈകുന്നത് അവരാണ്.
ഇടുക്കി ജില്ലയിൽ എറണാകുളം മേഖലാ മിൽമ നടപ്പിലാക്കിയ ‘‘കണ്ണംപടി-മേമാരി’’ എന്ന െഡയറി പ്രോജക്ട് ചിത്രീകരിക്കാനുള്ള യാത്രയാണ്. കട്ടപ്പനയിൽനിന്നും ഇനി ഉപ്പുതറ എന്ന പഞ്ചായത്തിലേക്ക് പോകണം. അവിടെയുള്ള മൂന്ന് ആദിവാസി കോളനികളിലാണ് ചിത്രീകരണം.
രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച കട്ടപ്പന സൂപ്പർഫാസ്റ്റ് സാമാന്യം വലിഞ്ഞും ഇഴഞ്ഞും വെളുപ്പിന് നാലു മണിയോടെ എത്തിച്ചേർന്നു. ബസിൽനിന്നും നേരെ ടൗണിൽ തന്നെയുള്ള ഹോട്ടൽ ‘വുഡ് പാലസി’ലേക്ക്. ഞങ്ങൾ മൂന്നു പേർ.
റിസപ്ഷന് താഴെയുള്ള ഇത്തിരിയിടത്ത് ഒരു പഞ്ഞി മെത്തയിൽ കൂർക്കംവലിച്ചുറങ്ങുകയായിരുന്ന ഒരു റൂംബോയിയെ ശ്രമപ്പെട്ട് വിളിച്ചുണർത്തി. ചുറ്റും കൊതുകുതിരിയുടെ മണം. അവന്റെ പൊള്ളാച്ചി തമിഴിന് വില കുറഞ്ഞ മദ്യത്തിന്റെ വാട. കവിളുകൾ കുഴിഞ്ഞ പതിനെട്ടുകാരൻ. നാൽപത്തിനാല് എന്ന നമ്പറുള്ള ഒരു സിംഗിൾ റൂം അവൻ തുറന്നുതന്നു. കയറിയ പാടെ സെന്റും മുട്ടയും മണക്കുന്ന ഒരു കുഞ്ഞ് കട്ടിലിൽ നട്ടെല്ലിനെ ഊരിയിട്ടു. അതിനിടയിൽ കാമറാമാനും അസിസ്റ്റന്റും റെഡിയായി. റൂമിൽനിന്നു തന്നെ അവർ ദൂരെയൊരു ദൃശ്യത്തെ ഒപ്പിയെടുത്തു.
ഹൈറേഞ്ചിൽ ചിത്രീകരണത്തിന് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കും. കുറഞ്ഞത് രണ്ട് കാമറ. നല്ലൊരു കാമറാമാൻ. തൂങ്ങിയും താങ്ങിയും നിൽക്കാത്ത സഹായി. സാങ്കേതികപ്പിഴവുകൊണ്ട് ഒരു മികച്ച ദൃശ്യാനുഭവംപോലും നഷ്ടപ്പെടുവാൻ പാടില്ല. എല്ലാം അനുഭവം എന്ന ഗുരു. കഴിഞ്ഞ ഏഴെട്ടു വർഷംകൊണ്ട് നേടിയെടുത്തത്.
പിൻവശം തൂക്കിയടിച്ചുകൊണ്ടിരുന്ന ഒരു കെ.എസ്.ആർ.ടി.സി ബസിൽ പുറകിൽനിന്നും രണ്ടാമത്തെ സീറ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുഞ്ഞിന്റെ വിവരങ്ങൾ പറഞ്ഞുകൊണ്ടുള്ള സ്മിതയുടെ ഓരോ മണിക്കൂർ ഇടവിട്ടുള്ള വിളി കൂടിയായപ്പോൾ എല്ലാം തികഞ്ഞു. പലവട്ടം തല ചുറ്റി. ഛർദിക്കാൻ വന്നു.
‘‘അല്ലെങ്കിലും ഞാൻ എവിടെയെങ്കിലും ഇറങ്ങുമ്പോഴാണല്ലോ നിനക്ക് കുറേ വേണ്ടാത്ത ആവശ്യങ്ങൾ!’’ എന്ന് പറഞ്ഞ് വഴക്കടിച്ചു കൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയതുതന്നെ! യാത്രക്ക് വേണ്ടി ഒരുങ്ങേണ്ട പ്രധാന ദിവസത്തെ മൂന്നു നാല് മണിക്കൂർ ചന്തയിൽ പച്ചക്കറി വാങ്ങാനും പാലു വാങ്ങാനുമെല്ലാം ചെലവിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോൾക്ക് പനിക്കോള് തുടങ്ങിയത്.
‘‘ഒന്നല്ലെങ്കിൽ മറ്റൊന്ന്’’ എന്നു പറഞ്ഞ് കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയപ്പോൾ സ്മിത മുഖം കറുപ്പിച്ചു കൊണ്ട് തടഞ്ഞു.
‘‘നിങ്ങള് യാത്ര മുടക്കണ്ട, അത്യാവശ്യത്തിന് ഇവിടെ പാരസെറ്റമോളും ഡോളോയുമൊക്കെയുണ്ട്. ടെമ്പറേച്ചർ കൂടുകയാണെങ്കിൽ ഞാൻ അമ്മയെയും വിളിച്ച് ആശുപത്രിയിൽ പൊയ്ക്കൊള്ളാം.’’
അവൾ അങ്ങനെ പറഞ്ഞെങ്കിലും കാര്യങ്ങളെല്ലാം മണിക്കൂറുകൾക്കകം തകിടം മറിയുകയായിരുന്നു.
‘‘നല്ല ഒരു പ്രകൃതിയാകും ചുറ്റിലും. അതല്ല, അവിടെയുള്ള ഒരു കർഷകന്റെ തൊഴുത്തും പശുവുമൊക്കെയായിരിക്കും നമുക്ക് ഡോക്യുമെന്ററിയിൽ വേണ്ടത്. പുഴയും കാടും ഒക്കെ പിന്നണിയിൽ വരണം. അന്നേരം നമ്മൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ വളയം പിടിക്കുന്നവർ ശരിയല്ലെങ്കിൽപോലും യാത്ര അലമ്പാകുവാനാണ് സാധ്യത.’’
ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവൾ ഇത്തരം യാത്രകളുടെ മുന്നിൽ കയറിനിൽക്കുമ്പോഴെല്ലാം ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. ഉപദേശിക്കുകയാണെന്ന് ഒട്ടും തോന്നാത്ത വിധം!
അന്നേരം അവൾ പതിവ് പരിഹാസത്തോടെ:
‘‘അതായത്, ഒരു ഡോക്യുമെന്ററി ചിത്രീകരണമെന്നാൽ എന്തോ ഭയങ്കര തേങ്ങയാണ്! വീട്ടിൽ കള്ളൻ കയറിയാലും ഭാര്യയുടെ താലിമാല പൊട്ടിച്ചാലും മൈൻഡ് ചെയ്യരുത്. വിഷ്വലുകൾ ഒപ്പിയെടുക്കുന്ന കാമറാമാന്റെ കണ്ണായും കരളായും നിൽക്കണം. കൊള്ളാം!’’
വാക്കുകളുടെ ഗൗരവപ്പിടി ഒട്ടും അയയ്ക്കാതെ അതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ട്:
‘‘തേങ്ങയെന്നോ മാങ്ങയെന്നോ നിനക്ക് ഇഷ്ടമുള്ളത് പറയാം. പക്ഷേ, അതിനിടയിൽ ഗ്യാസ് തീർന്നുപോയെന്നും കുറ്റി മാറ്റി വയ്ക്കണമെന്നെല്ലാം പറഞ്ഞ് വയനാടും കാസർകോടുമൊക്കെ നിൽക്കുന്ന ആളെ വിളിക്കുന്നത് വല്ലാത്ത ബോറാണ്. വിവരക്കേടാണ്...’’
കുതറിമാറിയുള്ള നീക്കം ഉടൻ:
‘‘പിന്നെ ഗ്യാസ് തീരുമ്പോൾ ഞാൻ കുറ്റിക്ക് അയൽപക്കത്തുകാരെ വിളിക്കണോ?’’
അവൾ പ്രഷർ കുക്കറിലെ മൂന്നാമത്തെ വിസിൽ. ഞാൻ ഊരിത്തെറിക്കുന്ന വാഷർ.

‘‘തോളിൽ കൈയിട്ടും വെള്ളച്ചാട്ടത്തിൽ മറിഞ്ഞും മരംചുറ്റിയും ഒക്കെ ചിത്രങ്ങൾ എടുത്ത് മുഖപുസ്തകത്തിൽ പോസ്റ്റുന്നവരുടെ ജീവിതത്തിലെല്ലാം ഇത്തരം തീർന്ന ഗ്യാസ് കുറ്റികളും കരിഞ്ഞ ദോശയും തൂവിപ്പോയ പാൽപ്പാത്രവുമൊക്കെ കാണും’’ എന്നൊരിക്കൽ ഞാൻതന്നെ ഒരു പ്രഭാതക്കുറിപ്പിൽ എഴുതി. പിന്നെ സമാധാനം.
ഒരിക്കൽ ഇങ്ങനെയെല്ലാം പറഞ്ഞ് സ്മിത മുറിയിൽ കയറി വാതിലടച്ചതിന്റെ പിന്നാലെയാണ് ഞാൻ ചെെന്നെയിലേക്ക് തിരിച്ചത്.പിറ്റേന്ന് രാവിലെ വീട്ടിൽ കള്ളൻ കയറി എന്ന ഫോൺ. ഉടൻ മടങ്ങി.നാലര പവന്റെ താലിമാലയും അലമാരയിലിരുന്ന പതിനായിരം രൂപയും ഠിം!
എല്ലാം പറഞ്ഞ് ശരിയാകാൻ പിന്നെയും ആഴ്ചകൾ. വർഗീസ് എന്നു പേരുള്ള ഒരു പ്രോജക്ട് ഓഫീസറുടെ കൈയിലാണ് ഇനിയുള്ള ഞങ്ങളുടെ യാത്രയുടെ റൂട്ട് മാപ്പ്.
അദ്ദേഹം അയച്ചു തന്ന ബാലകൃഷ്ണൻ എന്ന ഡ്രൈവറുടെ ഫോണിലേക്ക് അഞ്ചു മണി മുതലേ വിളിക്കാൻ ശ്രമിക്കുകയാണ്. മല കടന്ന് വാക്കുകൾ പറക്കുന്നില്ല.
‘‘ബാലകൃഷ്ണൻ ഫോൺ എടുക്കാത്തതൊന്നും നിങ്ങൾ നോക്കണ്ട, അയാൾ പുറപ്പെട്ടിട്ടുണ്ട്. എത്തിക്കൊള്ളും. നിങ്ങൾ ഓരോ ചായയൊക്കെ കുടിച്ച് നിൽക്ക്...’’
ഇരുപത്തിയഞ്ച് ലിറ്റർ ദിവസവും കറക്കുന്ന ജേഴ്സിപശുവിന്റെ അകിടുറപ്പുണ്ടായിരുന്നു അയാളുടെ വാക്കുകളിൽ.
‘‘അതെന്താ അയാൾക്ക് ഒന്ന് ഫോൺ എടുത്താൽ?’’
നാവ് ഒരു മൂരിക്കുട്ടന്റെ കുതറലിലേക്ക് പാഞ്ഞതാണ്. മുക്കറയിട്ടു പിടിച്ചു. കാറും കോളുമായി പലതും തലക്കു മുകളിൽ ചെയ്യാൻ കാത്ത് നിൽക്കുന്നു. കുട്ടിക്ക് മൂന്ന് ഡ്രിപ്പ് ഇതിനകം നൽകിക്കഴിഞ്ഞു. ആ തളർന്ന കണ്ണുകൾ എനിക്ക് കാണാം. അത്രയും ഇൻജക്ഷനും. എന്നിട്ടും പൊള്ളുകയാണ്. നൂറ്റിയേഴ്!
സ്മിതയുടെ ഓരോ വിളി കഴിയുമ്പോഴും കഴുത്തിൽ അൽപം വിയർപ്പു പൊടിയും. കട്ടപ്പനയിലെ കാറ്റിനുപോലും തണുപ്പിക്കാനാകാത്തത്.
ഏഴു മണി കഴിഞ്ഞപ്പോൾ എവിടെനിന്നോ പൊട്ടി വീണതുപോലെ ഒരു ജീപ്പ് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
വൃശ്ചികപ്പുലരിയിൽ ശരണ മന്ത്രങ്ങൾ ഉരുവിടുന്ന ഒരു ഭക്തന്റെ താടിവിറയോടെ ജീപ്പ് തുള്ളിത്തുള്ളി നിന്നു.
‘‘വണ്ടി നിറുത്ത് ബാലകൃഷ്ണാ...’’ എന്നു പറഞ്ഞു കൊണ്ട് വർഗീസ് എം. ജോർജ് എന്ന ആ ഉദ്യോഗസ്ഥൻ ജീപ്പിൽനിന്നും ഒരു മൂരിക്കുട്ടിയുടെ ഉത്സാഹത്തോടെ ചാടിയിറങ്ങി. ഡ്രൈവർ അത് കേട്ടതായി ഭാവിച്ചില്ല. പകരം കപ്പടാമീശ പിരിച്ചുെവച്ച് ദൂരെ എങ്ങോട്ടോ നോക്കിയിരുന്നു.
ഒരു മണിക്കൂറിലധികം വൈകിയതിൽ പ്രോജക്ട് ഓഫീസർ ഞങ്ങളോട് ക്ഷമ ചോദിച്ചു. എന്നാൽ, അതിന്റെ കാരണഭൂതൻ ഞങ്ങളുടെ മുഖത്തേക്കേ നോക്കിയില്ല. വളയം പിടിച്ച് ഒരു കല്ലൻകൂരിയെപ്പോലെ കുനിഞ്ഞിരുന്നു. പിന്നെ ആ പ്രതിമയുടെ അരികിലേക്ക് വണ്ടി അൽപംകൂടി നീക്കിനിറുത്തി. എന്നിട്ടൊന്നും ആ ഇരുണ്ട ഫ്രെയിമിൽനിന്നും അയാൾ ഒട്ടും ഇറങ്ങി വന്നില്ല.
ജീപ്പിന്റെ പിൻഭാഗം തുറന്ന് കാമറയും അനുബന്ധ സാധനങ്ങളും ഞങ്ങൾ കയറ്റി. പണ്ടേ തുടങ്ങിയ ഒരു ശീലത്തുടർച്ചയിൽ, ലെറ്റർപാഡിന്റെ മഞ്ഞ താളുകളിലൊന്നിൽ ആ ഡ്രൈവറുടെ പേരും വണ്ടി നമ്പറും ഞാൻ കുറിച്ചു െവച്ചു. പേന മടക്കി പോക്കറ്റിലേക്ക് വെക്കുന്നതിനിടയിൽ കടിച്ചു തുപ്പിയ ഒരു ഒച്ചയിൽ സ്മിതയുടെ അടുത്ത കോൾ വന്നു. ഉള്ളിൽ ഒരു കനത്ത ഇടി. മിന്നൽപ്പട. കുഞ്ഞിന് അടിയന്തരമായി ആയിരത്തി ഇരുനൂറ് രൂപയുടെ മരുന്നു വാങ്ങണം! ഒന്നും പറഞ്ഞില്ല. ഗൂഗിൾ പേ തുറന്നു കിട്ടാൻ പിന്നെയും രണ്ടു മിനിറ്റുകൂടി. രണ്ടായിരം ട്രാൻസ്ഫർ ചെയ്തു. ഫോണിൽ ഇടപാടുകളുടെ നടയടിയും ആക്രോശങ്ങളും.
‘‘ശവമടക്ക് കഴിഞ്ഞില്ലേ..?’’ ഇരുമ്പുടയ്ക്കുന്ന ഒച്ചയിൽ അയാൾ കുനിഞ്ഞിരുന്നുകൊണ്ട് മുറുകിചോദിച്ചു. ഞങ്ങൾ സാധനങ്ങളെല്ലാം കയറ്റിക്കഴിഞ്ഞിരുന്നില്ല. കണ്ണടയും ഫോണും കൈയിൽ കരുതി, വസ്ത്രങ്ങൾ നിറച്ച ബാഗിനെ ഉള്ളിലേക്ക് ഒതുക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ആ പറഞ്ഞത് ഞാൻ കേട്ടില്ല.
യാത്ര തുടങ്ങിയ ഉടൻതന്നെ അയാൾ ഗിയറുകൾ പറിച്ചെറിഞ്ഞ് നാൽപത്തിയഞ്ച് കിലോമീറ്റർ വേഗത്തിലേക്ക് വണ്ടിയെ നിർദയം ചവിട്ടിത്താഴ്ത്തി. അത്രയും വേഗമൊന്നും താങ്ങാൻ ശേഷിയില്ലാത്ത ഒരു കുണ്ടനിടവഴിയിൽ ജീപ്പിന്റെ പിൻഭാഗം ഉയർന്നടിച്ചു. നട്ടെല്ലിലേക്ക് പാഞ്ഞ വേദനയുടെ പുളച്ചിലിൽ ‘‘ഹൊ... പതുക്കെ...’’ എന്നു ഞാൻ ഞരങ്ങി. അയാൾ അതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല. പിന്നെയും അറുപതിലേക്ക് ആഴ്ന്ന് ഒരു പന്നിപ്പടയുടെ കുത്തി മറിച്ചിൽ. വണ്ടി ഓരോ കുണ്ടിലും കുഴിയിലും വറചട്ടിയിലെന്നോണം പിരണ്ടു മറിഞ്ഞു. പിന്നെ ഉടലിലെ നെയ്തെളിയും വരെ ഞങ്ങളെ കുഴച്ചുമറിച്ചു. വറട്ടിയെടുത്തു. ഉടൽ ചുറ്റിയടിച്ചുള്ള ആ പാച്ചിലിനിടയിൽ, ചെവിയോടു ചേർന്നു വന്ന് കാമറാ അസിസ്റ്റന്റാണ് ആ ‘ശവമടക്കൽ’ വർത്തമാനം പറഞ്ഞത്.

കാമറയുടെ സ്റ്റാൻഡും ഫ്ലാഷ് ലൈറ്റും െവച്ചിരുന്ന നീളൻ ബാഗുമെടുത്ത് പിൻതിരിഞ്ഞ് നടക്കവെയാണ് അവൻ അതുകേട്ടത്. ഒരു ഹുങ്കാരത്തോടെ ‘‘ശവമടക്ക് തന്റെ തന്തയുടെ...’’ എന്നു പറയുവാനുള്ള ഊറ്റം തള്ളിവന്നെങ്കിലും മനസ്സിലേക്ക് ആശുപത്രിയും കുഞ്ഞുമെല്ലാം കയറിവന്നു, മരുന്നു മണത്തോടെ! അതോടെ, ഒരു ഡ്രിപ്പ് ഇറങ്ങുന്ന ശാന്തതയിൽ പുറത്തേക്ക് നോക്കി തലയുഴിഞ്ഞ് ചാരിയിരുന്നു. ഓക്സിജൻ മാസ്ക് െവച്ച ആയത്തിൽ നാലഞ്ചു തവണ ശ്വാസം കഴിച്ചു. ഓഫീസർ വർഗീസ് എം.ജോർജ് ആരോടോ ഫോണിലാണ്.
മലനിരകളെ ഒരു ആവിയന്ത്രത്തിനുള്ളിലിട്ട് നന്നായി പുഴുക്കുകയാണ് എട്ടുമണി നേരത്തെ കോടമഞ്ഞ്. ഏതാനും നിമിഷം വണ്ടി അവിടെ നിർത്തുകയാണെങ്കിൽ ആ ദൃശ്യങ്ങൾ പകർത്താം എന്ന് കാമറാമാൻ, ശ്രീകാന്ത് ഒരു വളവ് ബ്രേക്ക് ചവിട്ടാതെ ചാടിയതിന്റെ ആയത്തിൽ നിരങ്ങി അടുത്തേക്കുവന്ന് പറഞ്ഞു.
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ തുടക്കത്തിലെ രണ്ടോ മൂന്നോ മിനിറ്റ് തീർച്ചയായും ഈ ഭൂപ്രദേശത്തെക്കുറിച്ച് പറഞ്ഞേ തീരൂ... ഇത്തരം അവസരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് വഴങ്ങിയാൽ പിന്നീട് എഡിറ്റിങ് ടേബിളിൽ ഇരുന്നു കുഴയും. പക്ഷേ..! ദയനീയമായി ഞാൻ കാമറാമാനെ നോക്കി.
യാത്രയുടെ തയ്യാറെടുപ്പിൽ തന്നെ എവിടെയൊക്കെയോ സംഭവിച്ച ചില പൊരുത്തക്കേടുകൾ അവർക്കിടയിലെ പൊട്ടലും ചീറ്റലും നിറഞ്ഞ ചെറിയ വർത്തമാനത്തിനിടയിൽ നുരഞ്ഞു പതയുന്നത് ഞാൻ ഭീതിയോടെ നോക്കിയിരുന്നു. ആജ്ഞാശക്തിയുണ്ടായിരുന്ന ആ ഓഫീസർ രണ്ടു മൂന്നാവർത്തി ഒച്ചയെടുത്തപ്പോഴാണ് അയാൾ വണ്ടി ഒരു പെട്ടിക്കടയുടെ ഓരം ചേർത്ത് നിറുത്തിയത്. ആ നേരംകൊണ്ട് ശ്രീകാന്ത് ഏതാനും ദൃശ്യങ്ങൾ പുറത്തിറങ്ങി നിന്ന് പകർത്തി. ഇലയടയും മോറീസ് പഴവും കുപ്പിവെള്ളവും വാങ്ങി അദ്ദേഹം വേഗം മടങ്ങി വന്നു. അത്രയും നേരവും അയാൾ വണ്ടി വല്ലാതെ ഇരപ്പിച്ചു. ഇടക്ക് ഞാനൊന്ന് ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അയാൾ ക്ലച്ചും ഗിയറും വിട്ട് അയഞ്ഞില്ല.
പിന്നെയും ഒരു ഒത്തുതീർപ്പില്ലാത്ത ആ പൊരിഞ്ഞ പാച്ചിലിനിടയിൽ ഇടത്തും വലത്തും നാലഞ്ച് കൂട്ടിമുട്ടലുകൾ തലനാരിഴക്ക് ഒഴിവായി. ‘‘ഇനി മുപ്പത്തിനാല് കിലോമീറ്റർ’’ എന്ന് ഓഫീസർ ഞങ്ങളെ ഓർമപ്പെടുത്തിയതും അയാൾ ആദ്യമായി പത്തിയെടുത്ത പാമ്പിന്റെ മട്ടിൽ ഒന്ന് തല വെട്ടിച്ചു.
പെട്ടെന്ന് ഒരു കൂട് പൊട്ടുന്ന ശബ്ദം! ഒരു ഞരക്കം. വണ്ടി ഒന്ന് നിരങ്ങി മുന്നോട്ട് നീങ്ങിയതും അത് കണ്ടു! ഒരു നായ! ഹൊ... അതാ, അതിന്റെ ജീവൻ പിടഞ്ഞൊടുങ്ങുകയാണ്!
ജോലി ചെയ്യാനുള്ള സർവ മൂഡും പോയി! വണ്ടി ഒന്നുലഞ്ഞ് നിരങ്ങി നിന്നു. നിന്നതല്ല, അയാൾ നിറുത്തിയതാണ്. ഞാൻ പുറത്തിറങ്ങാൻ ശ്രമിച്ചതും ഓഫീസർ വിലക്കി. ‘‘വേണ്ട... ഇറങ്ങണ്ട. അതിന്റെ ഉടമസ്ഥൻ അടുത്തെങ്ങാനും ഉണ്ടെങ്കിൽ പൊല്ലാപ്പാകും.’’
അയാൾ അപകടം മണത്തു പിടിച്ചു. പിന്നെ തിരിഞ്ഞ് ഡ്രൈവറുടെ ആ കനത്ത തോളിൽ തട്ടിക്കൊണ്ട്; ‘‘പോട്ടെ, നീ വണ്ടിയെടുക്ക് ബാലകൃഷ്ണാ... സംഭവിച്ചത് കഴിഞ്ഞു. ഇനിയിപ്പോൾ എന്തു ചെയ്യാൻ? ഒന്നും മനപ്പൂർവം അല്ലല്ലോ’’ എന്നുകൂടി കൂട്ടിച്ചേർത്തു.
റിയർ മിററിലൂടെ ആ ചോര കക്കിയ നായയുടെ ഒടുക്കത്തെ പിടച്ചിൽ കുറച്ചുനേരം കൂടി എനിക്ക് കാണാമായിരുന്നു. ഒരു തവിട്ടു നിറമുള്ള പെൺപട്ടി. അതിന്റെ അകിടുകൾ നന്നായി വീർത്തിരുന്നു.
‘‘തള്ള വരുന്നതും കാത്ത് അടുത്തെവിടെയോ കുട്ടികൾ കാണും. കഷ്ടം!’’
കാമറയുടെ ലെൻസിൽ അമർത്തി തുടച്ചുകൊണ്ട് ശ്രീകാന്ത് പറഞ്ഞു. പിന്നെ വെറുപ്പോടെ അയാളെ തറപ്പിച്ചു നോക്കി.
എന്തുകൊണ്ടോ എന്റെ മനസ്സന്നേരം അവിടമെല്ലാം വിട്ട് ആശുപത്രിയിലേക്ക് പാഞ്ഞിരുന്നു.
ശരിക്കും വീട്ടിൽനിന്നും തിരിച്ച ഇത്രയും നീണ്ട മണിക്കൂറുകൾക്കിടയിൽ സ്മിതയെ അങ്ങോട്ട് വിളിക്കുവാൻ തോന്നിയത് ഈ നിമിഷത്തിലാണ്. കുഞ്ഞിന്റെ പനി കുറഞ്ഞിട്ടുണ്ടാകുമോ?
രണ്ടു തവണ ഫോൺ അടിച്ചു നിന്നു. ഒരു തവണ തിരക്കിലാണെന്ന് പറഞ്ഞു. ഒടുക്കം എടുത്തപ്പോൾ മനസ്സിലായി, മനപ്പൂർവം എടുക്കാത്തതാണ്. കലഹിക്കാനൊന്നും പോയില്ല. അതിനുള്ള ഊറ്റവും ഉണ്ടായിരുന്നില്ല. പറഞ്ഞതെല്ലാം കേട്ടു:
‘‘ഇപ്പോഴെങ്കിലും ഒന്ന് വിളിക്കാനുള്ള സമയം കിട്ടിയല്ലോ...’’
എന്ന മുഖവുരയോടെയായിരുന്നു തുടക്കം.
‘‘ഇവിടെ വിശേഷമൊന്നുമില്ല. ചിത്തിരയ്ക്ക് പനി കുറയുന്നുണ്ട്. ഞാൻ അവളുടെ കാര്യമൊക്കെ നോക്കിക്കൊള്ളാം. നിങ്ങളെ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. കാശയച്ചു തന്നതിന് താങ്ക്സ്. സ്വസ്ഥമായി നിന്ന് പണി ചെയ്യ്. സന്തോഷം കളയണ്ട...’’ ഇരുതല മൂർച്ചയുള്ള ആ വാക്കുകളെല്ലാം കേട്ടതല്ലാതെ മറുപടിയൊന്നും പറയാൻ തോന്നിയില്ല. ഒബ്സർവേഷനും ട്രിപ്പും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഏതാനും മണിക്കൂറുകൾക്കകം ഡിസ്ചാർജ് ചെയ്തേക്കും എന്നൊരു സൂചനകൂടി ആ വാക്കുകൾക്കിടയിൽനിന്നും വായിച്ചെടുത്തപ്പോൾ സമാധാനമായി.
അതിശയമെന്ന് പറയട്ടെ, അതിനകം ഡ്രൈവർ, കാറും കോളും ഒഴിഞ്ഞ കടൽപോലെ ശാന്തനായിക്കഴിഞ്ഞിരുന്നു. വണ്ടിയുടെ വേഗം മുപ്പത്-മുപ്പത്തിയഞ്ചിലേക്ക് താണു. ആ ശാന്തതയിൽ മുന്നിലെ കാഴ്ചകളോരോന്നായി വ്യത്യസ്ത ആങ്കിളുകളിലെന്നോണം തെളിഞ്ഞു കയറി. മലമുകളിലേക്ക് സൂംഇൻ ചെയ്യുമ്പോൾ പട്ടാളച്ചിട്ടയിൽ കോതിയൊതുക്കിയ തേയിലച്ചെടികൾ, സൂം ഔട്ടിൽ പച്ചത്തൊപ്പികൾ അണിഞ്ഞ ഒറ്റയൊറ്റ തുരുത്തുകൾ, എക്സ്ട്രീം ലോങ് ഷോട്ടിൽ മലമ്പാമ്പിന്റെ ഇഴച്ചിലായി ചെമ്മൺ പാത. വൈഡ് ആങ്കിളിൽ ശുഭ്രമേഘങ്ങളുടെ ശാന്ത ധവളിമ, വലത്തുനിന്നും ഇടത്തോട്ടുള്ള ഒരു പാനിങ് ഷോട്ടിൽ നിശ്ചല തടാകങ്ങളുടെ നീല ദുഃഖം, പക്ഷിയുടെ ദൃഷ്ടികോണുള്ള ഒരു ഡ്രോൺ ഷോട്ടിൽ ക്രൂശിത രൂപമാർന്ന ഇലക്ട്രിക് പോസ്റ്റുകൾ. പിന്നെ തീപ്പെട്ടിക്കൂടുകൾ പോലെ അങ്ങിങ്ങായി ചിതറി തെളിയുന്ന ചായമടിച്ച ലൈൻ വീടുകളും...
കാഴ്ചയുടെ ഫ്രെയിമുകൾ അങ്ങനെ മുന്നിൽ തെരുതെരെ തുറന്നു മിന്നി.
അവിടങ്ങളിലെല്ലാം ആരും ആവശ്യപ്പെടാതെ അയാൾ വണ്ടി നിറുത്തി. ചിലയിടത്തു നിന്നാൽ സുന്ദരമായ ദൃശ്യങ്ങൾ കിട്ടുമെന്ന് ചൂണ്ടിക്കാണിച്ചു തന്നു.
‘‘കണ്ണംപടി-മേമാരി’’ ട്രൈബൽ പ്രോജക്ടിനു പിന്നിൽ മിൽമ നടത്തിയ വലിയ അധ്വാനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ കറയറ്റ സമർപ്പണത്തെക്കുറിച്ചുമെല്ലാം േപ്രാജക്ട് ഓഫീസർ വർഗീസ് എം. ജോർജ് വാചാലനായി.
മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ എവിടെയെങ്കിലും നിർത്തണമോ എന്ന് അയാൾ ഇടക്കിടെ തണുത്ത ഒരു ഒച്ചയിൽ ചോദിച്ചു കൊണ്ടിരുന്നു. ഏതാനും മണിക്കൂർ മുമ്പ് കണ്ട മനുഷ്യനേയല്ല!
തികച്ചും മാറി മറിഞ്ഞ മറ്റൊരാൾ. മറ്റൊരു ഭൂപ്രകൃതി. മറ്റൊരു ഭൂഖണ്ഡം.
ഇലയനക്കങ്ങളിൽ പോലും വന്യതയുള്ള ആ ദുർഘടപാതയിൽ അപ്പോഴും ആ തള്ളപ്പട്ടിയുടെ ഞരക്കം അയാളെ വിടാതെ പിൻതുടരുന്നതായി അയാളുടെ എല്ലാ ചലനങ്ങളും വെളിപ്പെടുത്തി.
നിറുത്തിയ ഇടങ്ങളിലെല്ലാം അയാൾ ഫ്രെയിം ടു ഫ്രെയിം ക്ഷമയോടെ കട്ടയ്ക്ക് കാത്തുനിന്നു. ട്രൈപ്പോഡും ചില ഭാരം ഏറിയ ഉപകരണങ്ങളും എടുക്കുന്നതിനായി സഹായിച്ചു. വെള്ളംപോലും കുടിച്ചില്ല.
അപ്പോഴെല്ലാം എന്തൊക്കെയോ അയാൾക്ക് എന്നോട് പേഴ്സനലായി പറയണമെന്നുള്ളതുപോലെ തോന്നി. കുമ്പസാരം പോലുള്ള എന്തോ ഒന്ന്. അതിനായി എന്റെ അരികിൽ ഓഫീസർ ഇല്ലാത്ത ഒരു സന്ദർഭത്തിനായി അയാൾ നിരുപാധികം കാത്തു.
ഒടുവിൽ കാമറാമാനും സഹായിയും കൂടി വീശിയുണക്കുന്ന മുണ്ടുകൾപോലെ പാറുന്ന ഒരു നീർച്ചാലിന്റെ കരയിൽനിന്ന് ഏതാനും ഷോട്ടുകൾ പകർത്തുന്ന നേരം പിന്നാലെ വന്നു. ഓഫീസർ സിബ് താഴ്ത്തി ഒരു മരച്ചുവട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. തൊട്ടടുത്ത് ആരോ ചൂണ്ടു മർമത്തിൽ നിറുത്തിയിരിക്കുന്ന ഏതാനും കരിങ്കൽപ്പാളികളും കുന്തിച്ചുള്ള ഒരു ആനയിറക്കത്തിലെന്നോണം ചാഞ്ഞുനിൽക്കുന്ന ഉരുളൻപാറകളെയുമൊക്കെ സാക്ഷിയാക്കിക്കൊണ്ട് മുന്നുരകളൊന്നും ഇല്ലാതെ അയാൾ ഇങ്ങനെ പറഞ്ഞു:
‘‘ഒരാഴ്ചയിലേറെയായി നിലം തൊടാത്ത ഓട്ടമായിരുന്നു സാറേ... തിരുവനന്തപുരം-കോട്ടയം, കോട്ടയം-ആലപ്പുഴ, ആലപ്പുഴ-പത്തനംതിട്ട അങ്ങനെ... പച്ചക്ക് പറഞ്ഞാ, നിക്കർ മാറ്റാൻ സമയം കിട്ടിയിട്ടില്ല!’’
കണങ്കാലിൽ അസ്ത്രമേറ്റ് രക്തം ഇറ്റിച്ചുനിൽക്കുന്ന ഒരു വയസ്സൻ വരയാടിനെപ്പോലെ പടിഞ്ഞാറേ ചെരുവിൽ കണ്ട ഒരു ഒറ്റ മേഘത്തിന്റെ കണ്ണുകളിൽ നോക്കി നിന്ന് അയാൾ പറഞ്ഞുതുടങ്ങി. കപ്പടാമീശക്കു താഴെ ഒരാഴ്ചയോളം പോന്ന താടിരോമങ്ങൾ. മൂന്ന് ബട്ടൺസ് തുറന്നിട്ട ഷർട്ടിനുള്ളിൽ ജരയുടെ വെളുത്ത രോമക്കാട്.
‘‘പിന്നെ അതിലൊന്നും ഈ പ്രായത്തിലും ബാലകൃഷ്ണന് പരാതിയില്ല. എവിടെ പോകാനും മടിയുമില്ല.
ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ വളയം പിടുത്തം. ആഗ്രഹിച്ച് നേടിയ പണിയാണ്. എന്നാലും ചില നേരങ്ങളിൽ വല്ലാത്ത വിഷമം വരും. മനുഷ്യനല്ലേ..? ഇന്ന് അങ്ങനത്തെ ഒരു ദിവസമായിരുന്നു.’’
ഞാൻ ലെറ്റർപാഡ് വണ്ടിയുടെ ബോണറ്റിന് പുറത്തുെവച്ചുകൊണ്ട് ആ കണ്ണുകളിൽ കൂടുതൽ ശ്രദ്ധാലുവായി. അയാളുടെ കനത്ത ചുണ്ടുകൾക്ക് പെരിക്കാലട്ടയുടെ ചലനം. ബീഡിപ്പുകയേറ്റ മഞ്ഞ പല്ലുകളിൽ കാവി രാശിയുടെ ഇരട്ട വര.
‘‘ഒരിക്കലും തന്നില്ലെങ്കിലും ഇന്നെനിക്കൊരു ലീവു വേണമായിരുന്നു. ഇന്നാണ് എന്റെ കൊച്ചുമോളുടെ മൂന്നാം പിറന്നാള്.’’
അയാളുടെ ഇടുങ്ങിയ കണ്ണുകളിൽ ഹർഷത്തിന്റെ ആയിരം കുഞ്ഞുകുഞ്ഞ് നക്ഷത്രങ്ങൾ പൂത്തിറങ്ങി. വാക്കുകളിൽ കുടമണികൾ കുലുക്കിപ്പായുന്ന വെള്ളക്കുതിരകളുടെ ആഹ്ലാദം!
‘‘അറിയാമോ, അവൾക്ക് ഞാനെന്നാൽ ജീവനാണ്. ആരൊക്കെ ഉണ്ടെങ്കിലും എന്തിനും ഏതിനും അപ്പൂപ്പൻ വേണം. ഉറങ്ങാനും കഥ പറഞ്ഞുകൊടുക്കാനും എല്ലാം. വന്നു വന്ന് എനിക്കും ഇപ്പോൾ അങ്ങനെ തന്നെ.’’
അന്നേരം ഞാൻ ആശുപത്രിയിലേക്ക് വീണ്ടും ചിറകൊടിഞ്ഞ ഒരു പക്ഷിയുടെ ആയാസത്തിൽ പറന്നു. അവിടെ വേദന തുള്ളിയിടുന്ന ഡ്രിപ്പ് സൂചിക്കും പൊള്ളുന്ന മയക്കത്തിനും ഇടയിൽ ‘‘അച്ഛാ...’’ എന്ന് വിതുമ്പുന്ന ഒരാളുണ്ട്!
വെരിക്കോസ് വള്ളികൾ പിണഞ്ഞ ഇടത്തേ കാലൊന്ന് ഇളക്കിെവച്ച് പിന്നെയും അയാൾ കുടമണികൾ കിലുക്കി വന്ന ആ വെള്ളക്കുതിരക്കൊപ്പം കുറച്ചു നേരം കൂടി പാഞ്ഞു.
‘‘അവൾക്ക് കൊടുക്കാൻ ഞാൻ മൂന്നാറിൽനിന്നും വെള്ളാരം കണ്ണുകളുള്ള ഒരു കരടിക്കുട്ടനേയും കന്യാകുമാരിയിൽനിന്നും മണി കെട്ടിയ ഒരു കടലാമയെയും വാങ്ങിെവച്ചിരുന്നു. മെഴുകുതിരി കത്തിച്ച് കേക്കു മുറിക്കുമ്പോൾ അലമാരയിൽനിന്നും എടുത്തുകൊടുക്കാൻ! അത് കാണുമ്പോൾ... അവൾക്കെത്ര സന്തോഷമാകുമായിരുന്നു!’’
ഇറുന്നുവീണ നിശ്ശബ്ദതയുടെ ഒരു കനത്ത തുള്ളി പെട്ടെന്ന് ഞങ്ങൾക്കിടയിൽ നിറഞ്ഞു കനത്തു. അടുത്തൊരു എരിക്കുമരം നിൽപ്പുണ്ടായിരുന്നു. അതിന്റെ ഇലച്ചാർത്തുകളിൽ കാറ്റിന്റെ സങ്കടശ്രുതി പടർന്നു.
‘‘കേക്കുമുറിയും പാട്ടും ഒക്കെ കഴിയുമ്പോൾ നമ്മുടെ ഒരു സന്തോഷത്തിന് ചാലക്കുടിയിൽനിന്നും ഒരു ഫുൾ വൈറ്റ് റമ്മും വാങ്ങി െവച്ചിരുന്നു. നേര്യമംഗലത്തും ഫോർട്ട് കൊച്ചിയിലുമൊക്കെ അലഞ്ഞ ശേഷം സന്ധ്യയോടെ വീട്ടിൽ വന്നു കയറിയതും അതാ, ഇങ്ങേരുടെ ഫോൺ. രാവിലെ ഷൂട്ടിങ് ടീം എത്തുമെന്ന്!
എനിക്ക് പറ്റില്ലെന്നും മറ്റാരെയെങ്കിലും അറേഞ്ച് ചെയ്യുവാനും കഴിയുന്നത്ര കെഞ്ചി പറഞ്ഞു. വിട്ടില്ല. കല്ലുപോലെ നിന്നു. ഒടുവിൽ ഈ ഭൂമിയിലെ എല്ലാ മനുഷ്യരേയും പ്രാകി തുലച്ചുകൊണ്ട് ഇറങ്ങി. ചെറിയ സമയത്തിനുള്ളിൽ നിങ്ങളെയും വെറുപ്പിച്ചു. ഒടുവിൽ ഇപ്പോഴിതാ ആ നായ... അത് മനസ്സിൽ നിന്നും പോണില്ല.’’
ഒരൊറ്റ ഫ്രെയിമിൽനിന്ന് ഇത്രയും പറഞ്ഞ് അയാൾ പിൻ പോക്കറ്റിൽനിന്നും ചതഞ്ഞ ഒരു സിഗററ്റ് എടുത്ത് തീ കൊളുത്തി ജീപ്പിൽ ചാരിനിന്നു. സങ്കടങ്ങളെ പുകച്ചുരുളുകളാക്കി ഊതിവിട്ടു. അതിനകം അയാളുടെ കണ്ണുകൾ ഉപ്പു വാരിയിട്ടതുപോലെ ചുവന്നിരുന്നു.
ഒരു കോളിൽ കടലിലേക്ക് വലിഞ്ഞുമാറുകയും മറുകോളിൽ വീശി അടിക്കുകയും ചെയ്യുന്ന മനുഷ്യ മനസ്സിന്റെ പ്രക്ഷുബ്ധതകളെ ഏതു കാമറകൊണ്ടാണ് പകർത്തുവാനാവുക? എന്നറിയാതെ ഞാൻ ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന ഒരു പുഴുവിനെ വിരൽകൊണ്ട് പതിയെ തട്ടി തട്ടി നിന്നു.
ഡോക്യുമെന്ററിയിൽ തലങ്ങും വിലങ്ങും വാരിവിതറാനും കരുതൽ ഷോട്ടുകൾ ആയി സൂക്ഷിക്കുവാനുമെല്ലാം ആവശ്യത്തിലേറെ പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിച്ചതിനാൽ ഉപ്പുതറ പഞ്ചായത്തിലേക്കുള്ള യാത്രക്കിടയിൽ പിന്നീട് ഒരിടത്തും ഞങ്ങൾ ഇറങ്ങിയില്ല.
ഒരൊറ്റ മൂച്ചിന് സാമാന്യം വലിയ ആ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലായി പരന്നുകിടക്കുന്ന കിഴുകാനം, വാക്കത്തി, കത്തിതേപ്പൻ, മേമാരി, കണ്ണംപടി എന്നീ ആദിവാസി കോളനികളിൽ കയറിയിറങ്ങി.
മലങ്കാറ്റും പുള്ളിവയിലും പരസ്പരം തൊട്ടുകളിക്കുന്ന പ്രകൃതിയിൽ കന്നുകാലി വളർത്തലും കൃഷിയും ഒക്കെയായി ജീവിക്കുന്ന കുറേ മനുഷ്യരുടെ ജീവിതത്തുടിപ്പുകളെ എല്ലാ ആങ്കിളിലും വിശദമായിത്തന്നെ ചിത്രീകരിച്ചു. അവർ കാമറക്കു മുന്നിൽ ഒളിമറകളില്ലാത്ത ജീവിതം തുറന്നുെവച്ചു. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ ഒതുങ്ങാതെ വർത്തമാനം പറഞ്ഞു.
ഇതിനിടയിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെന്നും കുട്ടിയെയുംകൊണ്ട് നെയ്യാറ്റിൻകരയിലെ അവളുടെ വീട്ടിലേക്ക് പോവുകയാണെന്നും സ്മിത വിളിച്ചുപറഞ്ഞു. അതൊരു പ്രകോപിപ്പിക്കാനുള്ള അങ്കപ്പുറപ്പാടാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ: ‘‘എവിടെപ്പോയാലും കുഴപ്പമില്ല സമാധാനത്തോടെ നിന്നാൽ മതി’’ എന്നുപറഞ്ഞ് ഫോൺ കട്ടുചെയ്തു. അങ്ങനെ നാലഞ്ച് മണിക്കൂർ എല്ലാം മറന്ന് ചിത്രീകരണത്തിൽ മുഴുകി.
വണ്ടി പതുക്കെ കയറിയ കയറ്റമെല്ലാം തിരിച്ചിറങ്ങാൻ തുടങ്ങി. കാപ്പിയും തേയിലയും ഏലവും പിന്നെ കുറേ കാട്ടുമരങ്ങളുമെല്ലാം ചേർന്ന് അതിരു കെട്ടി നിൽക്കുന്ന നാട്ടിടവഴിലെ കാറ്റ് ഞങ്ങളെ ഉടലാഴം തഴുകി യാത്രയാക്കി.
ശ്രദ്ധിച്ചിട്ടുണ്ടോ, ഒരിടത്തും നമ്മൾ കയറുന്ന ഭൂമിയല്ല, തിരിച്ചിറങ്ങുന്ന ഭൂമി. കയറുമ്പോൾ ഓരോയിടവും ക്ഷമയും പ്രതീക്ഷയും. ഇറങ്ങുമ്പോൾ അനാദിയായ ആശ്വാസവും വിശ്രാന്തിയും. എന്നാലോ അപ്പോഴെല്ലാം ഒരേ പാത. ഒരേ കാഴ്ചകൾ. അതുകൊണ്ടുതന്നെ ആരും ഒരു പുഴയിൽ ഒന്നിൽക്കൂടുതൽ തവണ ഇറങ്ങുന്നില്ല! എന്ന് പറയുന്നതുപോലെ ആരും ഒരു വഴിയിലൂടെ എപ്പോഴും സഞ്ചരിക്കുന്നില്ല. അതെപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു.
ഒരു ഏറുമാടത്തിന് പിന്നിൽ നിന്നും ഒരു കുട്ടിച്ചാക്കെടുത്ത് മറിച്ചതുപോലെ റോഡിലേക്ക് ഒരു കൊഴുത്ത പന്നി എടുത്തു ചാടിയതും അയാൾ വണ്ടിയുലയാതെ ബ്രേക്കിട്ടതും ഒന്നിച്ചായിരുന്നു. പരിപാകത വന്ന ഒരു ഡ്രൈവറുടെ കൈയടക്കത്തിന്റെ പൂർണത. ഒന്ന്... രണ്ട്... മൂന്ന്... അയാൾ വണ്ടിയിരപ്പിച്ച് കാത്തുനിന്നു. ഞാൻ ഉയർന്ന് ആ മുഖത്തേക്ക് നോക്കി. അന്നേരം തേറ്റയിളക്കിക്കൊണ്ട് അതേ ഏറുമാടത്തിന് മുന്നിലൂടെ പത്തോ പതിനഞ്ചോ പന്നികൾ പഞ്ചസാര ചാക്കുകൾ അട്ടിയിട്ട ക്രമത്തിൽ കുണുകുണെ ഇറങ്ങി വന്നു.
ഒരു വേള ആ തിരിച്ചറിവിന് നമോവാകം ചൊല്ലി. അടുത്ത നിമിഷം തന്നെ പ്രജ്ഞയുടെ ഇരുണ്ട ഫ്രെയിമിലേക്ക് കൃത്യം വലിച്ചിട്ടതുപോലെ ആ അകിടുവീർത്ത തള്ളപ്പട്ടി കയറിവന്നു. കാതുകളിൽ അന്നേരം ആ പൊട്ടലിന് ഇരുമ്പ് കൂടത്തിന്റെ മുഴക്കം!
സമയം അഞ്ചു മണിയോടടുത്തിരുന്നു. വെയിലിന്റെ വർണത്തിന് പഴുത്ത കാപ്പിയിലകളുടെ വിളർച്ച. ഞാൻ പതിയെ ആ മനുഷ്യനോട് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു: ‘‘ഇനിയിപ്പോൾ വഴിയിൽ മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ, എത്ര മണിയോടെ വീട്ടിലെത്തുവാൻ കഴിയും?’’
അയാൾ ഉണർവുകെട്ട ഒരു ദീർഘനിശ്വാസത്തോടെ അയഞ്ഞിരുന്നു. ആ നഷ്ടങ്ങൾക്ക് ഒരു കനത്ത വൃക്ഷച്ചുവടിന്റെ ഇരുത്തം. ഗിയർ ഒന്ന് മാറ്റിയശേഷം തലക്കു മുകളിലെ കണ്ണാടിയിലൂടെ അയാൾ പിൻസീറ്റിൽ ഇരുന്ന് മയങ്ങുന്ന ഓഫീസറെ എത്തിനോക്കി. അന്നേരം ആ കഴുത്തിൽ പ്രായത്തിന്റെ കയറുപിരിച്ചിട്ട നാലഞ്ച് വളയങ്ങൾ. ഇടത്തേ കൈയിലെ കുറുകിയ വിരലുകൾ വളയത്തിൽ നിന്നും എടുത്ത് ഒന്നൊന്നായി മടക്കി എണ്ണി.
‘‘ഇപ്പോൾ ഒരൊറ്റ പിടുത്തം പിടിച്ചാൽ ഒമ്പത് മണിയോടെ ഓഫീസിൽ എത്തിച്ചേർന്നേക്കാം. പിന്നെ വണ്ടിയും വാച്ചാലുമൊക്കെ കിട്ടി വീട്ടിലെത്തുമ്പോൾ എങ്ങനെയായാലും പതിനൊന്ന് പതിനൊന്നര കഴിയും.’’
നീണ്ട നിശ്വാസത്തിന് രസംകെട്ട ഒരു ക്ലൈമാക്സിന് മുമ്പുള്ള മുറുക്കം.
‘‘ഓ... അന്നേരം ആഘോഷങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാകും. അല്ലെങ്കിലും മോൾക്കും മരുമോനും നമ്മൾ ഒരു ഏട്ടിലെ പശുവാണ്. വറ്റും കറവ. എന്നാലും ഒന്നുറപ്പ്. ആരുറങ്ങിയാലും മറന്നാലും ദിയമോള് എന്നെയും കാത്തിരിക്കും.’’ അയാളുടെ വാക്കുകളിൽ ഇനിയും ഊതിയണയ്ക്കാത്ത ഒരു ഒറ്റ മെഴുകുതിരിയുടെ ജീവൻ. കേൾക്കാം, ദൂരെ അങ്ങകലെ ഒറ്റക്കിരുന്ന് ഒരു കാട്ടു പക്ഷി നഴ്സറിപ്പാട്ടുകൾ പാടുന്നു.
ഒരേസമയം മുപ്പത്തിയഞ്ച് എം.എമ്മിലും സെവന്റി എം.എമ്മിലും മികച്ച പ്രകടനം നടത്തുന്ന ഒരു നടന്റെ ആത്മവിശ്വാസത്തോടെ അയാൾ ഇടക്കിടെ മീശ പിരിച്ചും കൈ തെറുത്തു കയറ്റിയും കിഴുക്കാം തൂക്കായ പാതകളിലൂടെ വണ്ടി ഓടിച്ചു. കട്ടപ്പനയിൽനിന്നും രാവിലെ തിരിച്ച യാത്രക്കിടയിലെ ആദ്യത്തെ ഒന്നര മണിക്കൂർ ഈ ഒരു ബിഗിനിങ് എപ്പിസോഡായി കണ്ടാൽ, ക്യത്യം അതിന്റെ ക്ലോസിങ് ഷോട്ടായിരുന്നു ആ ദുരന്തം.
വീണ്ടും അതേ സ്ഥലത്ത് എത്തിയപ്പോൾ അയാൾ വണ്ടിയുടെ വേഗം കുറച്ച്, കാട്ടുകല്ലുകൾകൊണ്ട് കെട്ടിയ ഒരു മണ്ണു സംരക്ഷണഭിത്തിയുടെ അരികിലായി ജീപ്പ് ഒതുക്കിനിറുത്തി. കരയ്ക്കു പിടിച്ചിട്ട ഒരു മത്സ്യം ചെകിള പാളിയിലൂടെ ആഞ്ഞ് ശ്വസിക്കുന്നതുപോലെ കവിളുകൾ രണ്ടും വിറപ്പിച്ചു കൊണ്ട് കൂറ്റൻ ഉറക്കം ഉറങ്ങുകയാണ് ഓഫീസർ.
ഒരു പകലിന്റെ ദയാരഹിതമായ വെയിലും പൊടിയുമെല്ലാം ഏറ്റ് ആരോ വലിച്ചിട്ട ഒരു പുന്നമരത്തിന്റെ ചുവട്ടിൽ ശവമടക്കലിന്റെ കേവലമായ മോക്ഷപ്രാപ്തിപോലും ഇല്ലാതെ അപ്പോഴും ആ നായ അവിടെ കിടപ്പുണ്ടായിരുന്നു. കാമറാമാനും ഞാനും അയാൾക്കൊപ്പം ഇറങ്ങിച്ചെന്നു. പൊളിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധത്തിനൊപ്പം ഉരഞ്ഞ ടയറിന്റെ നേർത്ത ഗന്ധവും അവിടെ തങ്ങി നിന്നിരുന്നു.
അന്നേരമെല്ലാം വളരെ അകലെയല്ലാത്തൊരിടത്തു നിന്നും ഒരു നായ്ക്കുഞ്ഞിന്റെ ദീനമായ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. കാടും പടർപ്പും വകഞ്ഞ് ഒരു വേള അയാൾക്കൊപ്പം ഞങ്ങളും അതിനെ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
‘‘ഹൊ...’’ എന്നും ‘‘കഷ്ടം’’ എന്നും ഞങ്ങൾ പരസ്പരം പറഞ്ഞു നിൽക്കുന്നതിനിടയിൽ അയാൾ ജീപ്പിന്റെ പിൻഭാഗം തുറന്ന് കൈക്കുഴയോളം നീളമുള്ള ഒരു കുഞ്ഞ് മൺവെട്ടി വലിച്ചെടുത്തു. പ്രായത്തിന്റെ മഞ്ഞ ശൽക്കങ്ങൾ മൂടിയ ആ പുന്നമരത്തിന്റെ ചുവട്ടിലായി അയാൾ ഒരടിയോളം നീളമുള്ള ഒരു കുഴിയെടുത്തു. ഇടക്കിടെ ആ മരത്തിന്റെ കനത്ത വേരുകളിൽ തട്ടി മൺവെട്ടി വിറച്ചു.

സതീഷ് ചളിപ്പാടം
കർമത്തെ മൂടുന്ന നിസ്സംഗതയോടെ ശേഷം ആ വളഞ്ഞു മുറുത്ത ജഡത്തെ കൈയിലും കാലിലുമായി തൂക്കിയെടുത്ത് കുഴിയിലേക്ക് ഇറക്കിവെച്ചു. കൈയിൽ പുരണ്ടെന്ന് തോന്നിയ എന്തോ ഒന്നിനെ നാലഞ്ചു പച്ചിലകൾ പറിച്ചു തുടച്ചു. കറുത്തു കെട്ടുപോയെങ്കിലും അതിന്റെ കണ്ണുകൾ അപ്പോഴും കുഴിയിൽനിന്നും ആരെയോ തിരയുന്നുണ്ടായിരുന്നു. മഞ്ചാടിമണികൾപോലെ ചുറ്റിലും ചിതറിക്കിടന്ന രക്തക്കട്ടകളെ ഉറുമ്പുകൾ ക്ഷമയോടെ ചുമന്ന് മാറ്റി.
അധികനേരം അങ്ങനെ നോക്കിനിൽക്കാനാകാതെ ഞങ്ങൾ തിരിഞ്ഞുനടന്നു. അയാൾ അടുത്തു കണ്ട ഒരു നീർച്ചാലിലേക്കിറങ്ങി കൈയും കാലും കഴുകി. കൈകൾ രണ്ടു മൂന്നാവർത്തി കുടഞ്ഞ് മണത്തു. തിരികെ വന്നു. വണ്ടിയെടുത്തു. ഓഫീസർ വലതുവശം ചരിഞ്ഞ്, കൂറ്റനൊരു കൂർക്കം വലിയോടെ ഉറക്കത്തിന്റെ നാലാം ഗിയർ പിഴുതിട്ടു. പോരുമ്പോൾ മലമടക്കുകളുടെ താഴ്വാരത്ത് കോടമഞ്ഞു മൂടി തണുത്തുറഞ്ഞു കിടന്ന ഭൂമി മറ്റൊരു സന്ധ്യയേയും കാത്ത് പ്രണയാലസ്യത്തിൽ നിൽക്കുന്നു.
എത്ര നിർബന്ധിച്ചിട്ടും ഒരു ചായപോലും കുടിക്കാതെ രാത്രി എട്ടുമണിയോടെ ഞങ്ങളെ മറ്റൊരു സൂപ്പർഫാസ്റ്റിൽ കയറ്റിവിട്ട ശേഷം അവർ രണ്ടുപേരും മടങ്ങി. സ്ക്രിപ്റ്റ് എഴുത്തും ഡബ്ബിങ്ങും എഡിറ്റിങ്ങും ഒക്കെയായി ആഴ്ചകൾ അങ്ങനെ കടന്നുപോകെ, ഒരു ദിവസം പുലർച്ചെ വാട്സ്ആപ്പിൽ ഒരു ചിത്രം പറന്നുവന്നു. ഒരു നായ്ക്കുട്ടിയെ മടിയിൽ െവച്ചുകൊണ്ട് ആ പുന്നമരച്ചുവട്ടിൽ നിൽക്കുന്ന അയാൾ! അന്നത്തെ അതേ വേഷം. പതിമൂന്നിൽ അവസാനിക്കുന്ന ഒരു നമ്പറിൽനിന്നായിരുന്നു ആ ചിത്രം വന്നത്.
‘‘ബാലകൃഷ്ണൻ പിന്നെ ഓഫീസിൽ വന്നിട്ടില്ല’’ എന്ന് ഏതാനും ദിവസം മുമ്പ് ആ പ്രോജക്ട് ഓഫീസർ ഒരു മുഷിഞ്ഞ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞ കാര്യം ഞാൻ ഓർത്തു. നാലഞ്ചു വട്ടം ആ നമ്പറിലേക്ക് വിളിച്ചിട്ടൊന്നും അയാളെ കിട്ടിയില്ല. ഒരു ഡോക്യുമെന്ററിയിലെ എൻഡ് കാർഡുപോലെ ആ ജീവിതം സ്വിച്ച്ഡ് ഓഫ്.
