Begin typing your search above and press return to search.
proflie-avatar
Login

ജീവൻ മശായ്

ജീവൻ മശായ്
cancel

മരണം ശത്രുവല്ല. ജീവിതത്തിന്റെ പരിണാമം മാത്രമാണ്. വിളഞ്ഞ കതിരുകൾ കൊയ്തെടുക്കുന്നതുപോലെ സ്വാഭാവികമായ ഒന്ന്. ചാവട്ടെ നാശങ്ങൾ. ആ വിചാരത്താൽ ഫ്ലൈ ഓവറിൽനിന്ന് ഒരാൾ താഴെ നിരത്തിലേക്ക് എറിയുകയായിരുന്നു സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ട്. സൂക്ഷം ബസിന്റെ ഇടത് മുൻചക്രത്തിന് അടിയിൽ അത് അമരുകയും ചെയ്തു. ചാറ്റൽ മഴ തൂവിനിൽക്കുന്നുണ്ട്. റോഡിൽ തിരക്കുണ്ടായിരുന്നില്ല. നേരംവെളുത്ത് വരുന്നതേയുള്ളൂ. ഡ്രൈവറും മുൻസീറ്റിൽ ഉറങ്ങാതിരുന്ന മെല്ലിച്ച യാത്രികനും മാത്രം കേട്ടു. ജീവനുകൾ നിത്യതയിലേക്ക് പൊടിഞ്ഞമരുന്ന നേർത്ത ശബ്ദം. സാബുജോർജ് എന്നായിരുന്നു ക്ഷീണിതനായ ആ മനുഷ്യന്റെ മുഴുവൻ പേര്. സാബുവെന്ന്...

Your Subscription Supports Independent Journalism

View Plans

മരണം ശത്രുവല്ല. ജീവിതത്തിന്റെ പരിണാമം മാത്രമാണ്. വിളഞ്ഞ കതിരുകൾ കൊയ്തെടുക്കുന്നതുപോലെ സ്വാഭാവികമായ ഒന്ന്. ചാവട്ടെ നാശങ്ങൾ. ആ വിചാരത്താൽ ഫ്ലൈ ഓവറിൽനിന്ന് ഒരാൾ താഴെ നിരത്തിലേക്ക് എറിയുകയായിരുന്നു സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ട്. സൂക്ഷം ബസിന്റെ ഇടത് മുൻചക്രത്തിന് അടിയിൽ അത് അമരുകയും ചെയ്തു. ചാറ്റൽ മഴ തൂവിനിൽക്കുന്നുണ്ട്. റോഡിൽ തിരക്കുണ്ടായിരുന്നില്ല. നേരംവെളുത്ത് വരുന്നതേയുള്ളൂ.

ഡ്രൈവറും മുൻസീറ്റിൽ ഉറങ്ങാതിരുന്ന മെല്ലിച്ച യാത്രികനും മാത്രം കേട്ടു. ജീവനുകൾ നിത്യതയിലേക്ക് പൊടിഞ്ഞമരുന്ന നേർത്ത ശബ്ദം. സാബുജോർജ് എന്നായിരുന്നു ക്ഷീണിതനായ ആ മനുഷ്യന്റെ മുഴുവൻ പേര്. സാബുവെന്ന് കുറേക്കാലം ആരൊക്കെയോ അയാളെ വിളിച്ചിരുന്നു. പിന്നീട് അതും മാറി. ഇപ്പോൾ വളരെ കുറച്ചാളുകൾക്ക് അയാൾ മശായിയാണ്! ജീവൻ മശായി! എന്ത് വേണമെങ്കിലും വിളിക്കട്ടെ. അതൊക്കെ അവരുടെ ഇഷ്ടം. തനിക്കെന്ത്. അയാൾ വിചാരിച്ചുപോന്നു. ഒരേ നാടകത്തിൽ പല വേഷം കെട്ടുന്ന ആളാണ് താനെന്നും അയാൾ സങ്കൽപിച്ചു.

തലേന്ന് സന്ധ്യക്ക് ട്രിപ്പ് തുടങ്ങുന്ന പുഴക്കടവിൽനിന്നാണ് മശായി ബസിൽ കയറിയത്. എന്നിട്ടും അയാൾ ഉറങ്ങിയിരുന്നില്ല. പുറത്തേക്ക് നോക്കിയിരുന്നു. അല്ലെങ്കിലും അയാൾക്കങ്ങനെ ഉറക്കമൊന്നും ഉണ്ടായിരുന്നില്ല. എപ്പഴോ കിടന്നാലായി.

രാത്രികളിൽ പുസ്തകം വായിച്ച് ഇരിക്കാനായിരുന്നു അയാൾക്കിഷ്ടം. എന്നുവെച്ച് അയാളൊരു പുസ്തകപ്പുഴുവോ പരന്ന വായനക്കാരനോ ഒന്നുമായിരുന്നില്ല. ഇക്കണ്ട ജീവിതകാലത്ത് ഒരേയൊരു പുസ്തകം മാത്രമേ അയാൾ വായിച്ചിട്ടുള്ളൂ. ‘ആരോഗ്യനികേതനം’! രാവും പകലുമില്ലാതെ തോന്നുമ്പോഴെല്ലാം അയാളത് വായിച്ചുകൊണ്ടിരുന്നു. കഠിനവിശ്വാസികൾക്ക് മതഗ്രന്ഥങ്ങൾ എങ്ങനെയാണോ അതുപോലായിരുന്നു അയാൾക്ക് ‘ആരോഗ്യനികേതനം’.

പാലത്തിൽനിന്ന് ചാക്കുകെട്ട് ഒരാൾ താഴേക്ക് എറിയുന്നത് ബസിലിരുന്ന് വ്യക്തമായും മശായി കണ്ടിരുന്നു. ഹെൽമറ്റ് വെച്ചിരുന്നതിനാൽ അയാളുടെ മുഖം വ്യക്തമായില്ല. മഴയായതുകൊണ്ടാവും ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിന്റെ പിന്നിൽ ജോക്കർ സിനിമയിലെ നായകൻ വാക്കിൻ ഫീനിക്സിന്റെ ജോക്കർ മുഖമുള്ള ചിത്രം പതിച്ചിട്ടുണ്ടായിരുന്നു. ഏറ് കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ ബൈക്കെടുത്ത് അയാൾ പോവുകയും ചെയ്തു. ആ കാഴ്ച മശായിയെ വല്ലാതെ വിഷമിപ്പിച്ചു. മൂർച്ചയുള്ളത് എന്തോ നെഞ്ചിൽ തറഞ്ഞതുപോലെ. ബസിൽനിന്നാദ്യം ഇറങ്ങിയതും അയാളായിരുന്നു. പിന്നാലെ ഡ്രൈവർ. അതിനും ശേഷമാണ് ഉറക്കം മുറിഞ്ഞ കണ്ടക്ടറും യാത്രക്കാരും പുറത്തേക്ക് വന്നത്.

വണ്ടിക്കടിയിൽ ചാക്കുകെട്ട് അപ്പോഴേക്കും ചുവന്ന് തുടുത്തിരുന്നു. സാവധാനം ഇഴയുന്ന പാമ്പിനെപ്പോലെ രക്തം റോഡിലേക്ക് പരക്കുകയാണ്. എല്ലാവരും കണ്ടു. ചാക്കിനുള്ളിൽ എന്തോ ഒന്ന് അനങ്ങുന്നു. അടഞ്ഞ ശബ്ദത്തിൽ കരയുന്നു. ജീവന്റെ തുടിപ്പ്! എല്ലാവരും നോക്കിനിന്നതേയുള്ളൂ. പക്ഷേ, മശായിക്ക് പ്രതീക്ഷ തോന്നി. ബസിനടിയിലേക്ക് കയറി.

 

യാത്രയുടെ തലേ രാത്രിയിലും അയാൾക്ക് ഉറക്കമുണ്ടായിരുന്നില്ല. കുന്നിൻ മുകളിലെ ചെറുവീടിന്റെ വരാന്തയിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു അയാൾ. കണ്ണെത്താ ദൂരം പൈനാപ്പിൾ ചെടികൾ നട്ടുവളർത്തിയിരുന്നു ആ മലയിൽ. പരിസരത്ത് മറ്റ് വീടുകളൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് താഴ്വരയിലെ നദിയോട് ചേർന്നാണ്. അധികമൊന്നുമില്ല. വളരെ കുറച്ച്.

കുന്നിന് താഴെ നെടുങ്കൻ വയലുകൾ. അതിനപ്പുറം പുഴ. മറുകരയിൽ മറ്റൊരു നാട്. അങ്ങനെയായിരുന്നു ആ പ്രദേശത്തിന്റെ കിടപ്പ്. ഒരു തിണ്ണ. ഒരു ഹാൾ. അതായിരുന്നു മശായിയുടെ വീട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അയാൾ വീട്ടിലെത്താറുള്ളത്. കുറച്ചുദിവസം താമസിക്കും. പിന്നെ മടങ്ങും. ആ നാട്ടിൽ ആരുമായും അയാൾക്ക് അടുപ്പമുണ്ടായിരുന്നില്ല. ആകെ എന്തെങ്കിലുമൊന്ന് മിണ്ടിപ്പറയുന്നത് ലൈബ്രേറിയനോടാണ്. പിന്നെ ആറ്റുവക്കത്ത് താമസിക്കുന്ന, ഭർത്താവ് മരിച്ച ലില്ലിയോടും. അധികമില്ല. ഒന്നോ രണ്ടോ വാക്കുകൾ. കനമുള്ള മൂന്നോ നാലോ മൂളലുകൾ. തീർന്നു സംസാരം.

കുന്നിൻ മുകളിലെ വീട്ടിലേക്കുള്ള ഓരോ വരവിലും ജീവൻ മശായിയുടെ കഥ പറയുന്ന പുസ്തകത്തിന്റെ ഒരു കോപ്പി അയാളുടെ പക്കലുണ്ടാവും. മടങ്ങുമ്പോൾ അത് ലൈബ്രറിക്ക് സംഭാവന ചെയ്യും. അങ്ങനെ കിട്ടിയ മുപ്പതോളം കോപ്പി വായനശാലയിൽ പൊടി തിന്നിരിപ്പുണ്ട്. ഇപ്പോഴാരും ‘ആരോഗ്യനികേതന’മൊന്നും അന്വേഷിച്ച് വരാറില്ല. എന്നിട്ടും ഇയാളെന്തിനാണ് നിരന്തരം ഇതുതന്നെ വായിച്ചുകൊണ്ടിരിക്കുന്നത്? പുസ്തകവുമായി വരുമ്പോഴൊക്കെയും ലൈബ്രേറിയൻ ആലോചിക്കാറുണ്ട്.

തലക്ക് ഓളംവെട്ടിയ ഒരു വരത്തൻ. അല്ലെങ്കിൽ കുന്നിൻ മുകളിലെ പ്രേതവീട് ആരെങ്കിലും വാങ്ങുമോ? മശായിയെ പറ്റി നാട്ടുകാർ അങ്ങനെ കരുതി. പണ്ടെങ്ങോ നാലഞ്ച് ദുർമരണം ഒരുമിച്ച് നടന്ന വീടായിരുന്നു അത്. പിന്നീട് ആ വഴി നടപ്പുകാർ പോലുമില്ലാതായി. പകലുപോലും ആളുകൾ ആ ചെറുവീടിനെ ഭയപ്പെട്ടു. ആ ഭയം മശായിയോടും നാട്ടുകാർ സൂക്ഷിച്ചു. ഒന്നുകിൽ മാരണക്കാരൻ. അല്ലെങ്കിൽ സാത്താൻ സേവ. അതുമല്ലെങ്കിൽ ദുരാത്മാക്കളുടെ ഉപാസകൻ. ആളുകൾ അയാളെപ്പറ്റി അങ്ങനെയൊക്കെ വിചാരിച്ചു. കഥകളും പറഞ്ഞുണ്ടാക്കി.

കുന്ന് കയറി മുകളിലെത്തുന്ന തൊഴിലാളികളും തോട്ടക്കാരനും അയാളുടെ മുന്നിൽപ്പെടാതെ നോക്കി. പെട്ടാൽ തന്നെ അങ്ങനെ ഒരാൾ അവിടെങ്ങും ഉണ്ടായിരുന്നില്ലെന്നും അതൊരു തോന്നലാണെന്നും കരുതി അവർ അവരുടെ കാര്യം നോക്കി മാറിക്കളയും. പക്ഷേ, വായനശാല നടത്തിപ്പുകാരനും കടവിൽ താമസിക്കുന്ന ലില്ലിയും മാത്രം അവധിക്കാലം ചെലവഴിക്കാനെത്തുന്ന ഒരാളായി മശായിയെ പരിഗണിച്ചു.

സിഗരറ്റ് വാങ്ങാനും പുഴയിൽ നനച്ച് കുളിക്കാനും മാത്രമായിരുന്നു അയാൾ മലയിറങ്ങിയിരുന്നത്. അയാളെ കാണുമ്പോൾ പുഴക്കരയിൽനിന്ന് കുട്ടികളെയും വലിച്ചുകൊണ്ട് നനഞ്ഞ വേഷത്തിൽ സ്ത്രീകൾ അവരുടെ വീടുകളിലേക്ക് ഓടിപ്പോകും. ജലത്തിനടിയിലൂടെ നീന്തിവന്ന് മശായി തങ്ങളുടെ രക്തമൂറ്റുമെന്നും ചിലപ്പോൾ തങ്ങളെ ഉപയോഗിച്ച് കളയുമെന്നും അവർ ഭയപ്പെട്ടു. ആ ഭയം ഒട്ടുംചോരാതെ കുട്ടികളിലേക്കും അവർ പകർന്നു. അക്കഥ കേട്ട കുട്ടികൾ അയാളെ കാണുമ്പോഴൊക്കെ കരഞ്ഞുകൊണ്ട് ഓടിയൊളിച്ചു.

കടവിനോട് ചേർന്നായിരുന്നു ലില്ലിയുടെ വീട്. ഭർത്താവിന്റെ മരണശേഷം അവരും മകളും മാത്രമാണ് ആ വീട്ടിലുള്ളത്. കടവും ബാധ്യതകളും നിലനിൽക്കെയായിരുന്നു ഭർത്താവിന്റെ മരണം. പിന്നെയെല്ലാം ലില്ലിയുടെ ചുമലിലായി. പായ നെയ്തും കയറ് പിരിച്ചും ജീവിതം അവർ മുന്നോട്ടുരുട്ടി. മകൾക്ക് ജോലിയായിട്ടും അവർ അതൊന്നും നിർത്തിയില്ല.

മകൾ നഗരത്തിലേക്ക് പോയാൽ ലില്ലി വീട്ടിൽ തനിച്ചാകും. അപ്പോഴൊക്കെയും കുളിപ്പടവിൽ സിഗരറ്റ് വലിച്ചിരിക്കുന്ന മശായിയെ ജനാലയിലൂടെ അവർ കണ്ടിട്ടുണ്ട്. കുളികഴിഞ്ഞ് പോകുന്നതുവരെ അയാളെ നോക്കി ലില്ലി നിൽക്കുമായിരുന്നു. അവരുടെ ഭർത്താവും ഇങ്ങനെയായിരുന്നു. പുകവലിച്ച് കുറെനേരം പടവിൽ ഇരിക്കുമായിരുന്നു. ആദ്യമൊക്കെ എല്ലാവരെയും പോലെ ലില്ലിയും അയാളെ ഭയപ്പെട്ടു. ദൂരെ നിഴലു കാണുമ്പോൾ തന്നെ വാതിലുകളും ജനാലകളും അടച്ചുപൂട്ടും. പക്ഷേ പിന്നെയത് മാറി.

ഒരുച്ചനേരത്തായിരുന്നു ആ സംഭവം. കത്തുന്ന വെയിലിൽ പുഴവെള്ളം തിളങ്ങിക്കിടന്നു. പുകയൂതിപ്പറത്തി മശായി കടവിലിരിപ്പുണ്ട്. മറ്റേതോ ലോകത്തെന്നപോലെയാണ് അയാളുടെ ഇരിപ്പ്. കൈതപ്പൊന്ത അരിഞ്ഞ് കെട്ടുകളാക്കി തലയിലേറ്റി വരികയായിരുന്നു ലില്ലിയും കൂട്ടരും. പെട്ടെന്നൊരു തണുപ്പ് ലില്ലിയുടെ കഴുത്തിൽ ചുറ്റി. കൂടെയുള്ള സ്ത്രീകൾ കെട്ടുകൾ വലിച്ചെറിഞ്ഞ് നിലവിളിച്ചോടി. പക്ഷേ ലില്ലിക്ക് മാത്രം ഒന്നിനുമായില്ല. മണ്ണിൽ തറഞ്ഞതുപോലെ അവരവിടെ നിന്നുപോയി.

കഴുത്തിൽ ചുറ്റിയ കൈതോല മൂർഖൻ അവരുടെ മുഖത്തിന് നേർക്ക് പത്തിവിരിച്ചു. കണ്ണനങ്ങിയാൽപോലും കൊത്തു കിട്ടും. സ്ത്രീകളുടെ ബഹളംകേട്ട് ചിന്തയിൽനിന്ന് മശായി ഉണർന്നു. അയാൾ ലില്ലിയുടെ അടുത്തേക്ക് ചെന്നു. സാവധാനത്തിൽ പാമ്പിനെ അഴിച്ച് പൊന്തയിലേക്ക് വിട്ടു. ആ സംഭവം അയാളോടുള്ള സ്ത്രീകളുടെ ഭയം ഇരട്ടിയാക്കി.

‘‘മന്ത്രം ചൊല്ലിയാണ് അയാൾ പാമ്പിനെ ഇറക്കിയത്.’’

‘‘ശരിയാണ്. അയാളെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.’’

അവർ അങ്ങനെ പറഞ്ഞുനടന്നു. എന്നാൽ, ലില്ലിയുടെ പേടി അതോടെ നഷ്ടപ്പെട്ടു. അവർ ഓരോന്നൊക്കെ മശായിയോട് ചോദിക്കാൻ തുടങ്ങി. അയാൾക്ക് പക്ഷേ അധികമൊന്നും മറുപടിയുണ്ടായില്ല. മുഖത്തേക്ക് നോക്കാതെ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുകളയും.

കഴിഞ്ഞ ഞായറാഴ്ച മകളുടെ കല്യാണമായിരുന്നു. വിളിച്ചാലും വരില്ലെന്നറിയാം. എന്നിട്ടും രണ്ടുദിവസം മുമ്പ് കടവിലിരിക്കുമ്പോൾ ലില്ലി അയാൾക്ക് കാർഡ് കൊടുത്തു. അപ്പോഴയാളുടെ മുഖത്ത് അതുവരെയില്ലാത്ത പ്രകാശമുണ്ടായി. ഒന്നോടിച്ച് നോക്കിയിട്ട് കാർഡ് കുളിപ്പടവിൽ വെച്ചിട്ട് മശായി കുന്ന് കയറിപ്പോയി. പിറ്റേന്ന് കെട്ടിന് പള്ളിയിലേക്ക് ഇറങ്ങുമ്പോൾ മലമുകളിലെ വീടിന്റെ മുറ്റത്ത് തന്റെ മകളെ നോക്കി അയാൾ നിൽക്കുന്നത് ലില്ലി കണ്ടിരുന്നു. രാത്രിയോടെ കുന്നിറങ്ങി പോകുന്നതും അവർ കണ്ടു. ഇനി മാസങ്ങൾ കഴിയും മടങ്ങിയെത്താൻ.

ബസിനടിയിൽനിന്നെടുത്ത ചോരയിൽ കുതിർന്ന ചാക്കുകെട്ട് മശായി അഴിച്ചു. നാല് പൂച്ചകളായിരുന്നു അതിനുള്ളിൽ. തള്ളപ്പൂച്ചയും രണ്ട് കുട്ടിപ്പൂച്ചകളും ചതഞ്ഞരഞ്ഞ് പോയിരുന്നു. ഒരെണ്ണത്തിന് ജീവനുണ്ട്. മശായി അതിനെ കൈയിലെടുത്തു. വെളുപ്പിൽ കറുത്ത പാണ്ടുള്ള ഒന്ന്. പൂച്ചക്കുട്ടിയുടെ ഉടൽ അപ്പോഴും വിറച്ചുകൊണ്ടിരുന്നു. വാരിയെല്ലുകൾ ക്രമരഹിതമായി ഉയർന്നുതാഴ്ന്നു. ഭയന്ന് ഇറുക്കിയടച്ച കണ്ണുകൾ പൂച്ചക്കുട്ടി തുറന്നതേയില്ല. ആവതില്ലാത്ത ഒച്ചയിൽ അത് കരഞ്ഞു. ഭൂമിയിലെ ഏറ്റവും കരുണാർദ്രമായ കരച്ചിൽ. മശായി അതിനെ തടവി. മുണ്ടിന്റെ കോന്തല ഉയർത്തി ദേഹത്തുനിന്ന് ചോര തുടച്ചു. അതിന്റെ നെറ്റിയിൽ നീളത്തിൽ ചുവന്ന പൊട്ട് വരച്ചിട്ടുണ്ട്. കഴുത്തിൽ മണിയും കെട്ടിയിട്ടുണ്ട്.

ഏതോ ഒരു ചെറിയ പെൺകുട്ടി ഈ പുലർച്ചവരെ അതിനെ ജീവനോളം സ്നേഹിച്ചിരുന്നു. തിരിച്ച് പൂച്ചക്കുട്ടിയും. എന്തെങ്കിലുമൊരു നല്ല പേരിട്ട് അവളിതിനെ ലാളിച്ചിരിക്കാം. പുതപ്പിനുള്ളിൽ പൂച്ചക്കുട്ടിയുണ്ടെന്ന ഉറപ്പിൽ ആ പെൺകുട്ടിയിപ്പോൾ നല്ല ഉറക്കമായിരിക്കും. പാവം കുട്ടി.

ഉറക്കിൽനിന്ന് എഴുന്നേൽക്കുമ്പോൾ എന്തുമാത്രം വേദനിക്കുമായിരിക്കും. മശായി ചിന്തിച്ചു. ഒരുപക്ഷേ കുട്ടിയുടെ അമ്മയും കൂടി ചേർന്നാവാം പൂച്ചകളെ ചാക്കിൽ കെട്ടിയത്. ഉണരുമ്പോൾ മകൾ വിഷമിക്കുമെന്ന് അവർക്ക് നന്നായി അറിയാം. എങ്കിലും അവരെ അപേക്ഷിച്ച് പൂച്ചക്കുട്ടിയും പെൺകുട്ടിയും തമ്മിലുള്ള സ്നേഹം മൂല്യവത്തായ ഒന്നല്ല. അൽപം ചിണുങ്ങിയിട്ട് മകൾക്കതിനെ മറന്നു കളയാവുന്നതേയുള്ളൂ. ഭർത്താവിന് കൂട്ടുനിൽക്കുമ്പോൾ ആ സ്ത്രീ അങ്ങനെയാവും വിചാരിച്ചിട്ടുണ്ടാവുക. രണ്ടു ജീവികൾക്കിടയിലുള്ള സ്നേഹത്തിന്റെ ആഴം എത്ര നിസ്സാരമായാണ് മറ്റുള്ളവർ അളന്നെടുക്കുന്നത്. ഒരുപക്ഷേ ഭർത്താവ് ഇത്തരമൊരു ക്രൂരത കാട്ടുമെന്ന് ആ സ്ത്രീ ചിന്തിച്ചുകാണില്ല.

കാലം മാറുമ്പോൾ രീതികളും മാറുന്നു. പണ്ടൊക്കെ നാടുകടത്തുകയായിരുന്നു ചെയ്തിരുന്നത്. ചാക്കിലോ സഞ്ചിയിലോ ആക്കി ദൂരെ എവിടേലും കൊണ്ടിട്ടാൽ പിന്നെയൊന്നും അറിയണ്ട. ഹോ! ആ സമയത്ത് ഒരു കരച്ചിലുണ്ട്. ഉപേക്ഷിക്കപ്പെടുന്നവന്റെ കരച്ചിൽ. അതിനോളം തീവ്രമായ മറ്റെന്തുണ്ട് ലോകത്ത്?

‘‘ജീവനുണ്ട്.’’

മശായി ചുറ്റുമുള്ളവരിലേക്ക് പ്രതീക്ഷയോടെ നോക്കി.

‘‘അതിന്?’’

ഒരു സ്ത്രീ അക്ഷമയോടെ ചോദിച്ചു.

‘‘ചികിത്സിച്ചാൽ രക്ഷപ്പെട്ടേക്കാം.’’

അയാൾ പറഞ്ഞു.

‘‘ഗാന്ധിക്ക് പഠിക്കാണ്ട് കളഞ്ഞിട്ട് വണ്ടിയേൽ കേറ് കാർന്നോരെ. ചെന്നിട്ട് അത്യാവശ്യമുണ്ട്.’’ ഒരു ചെറുപ്പക്കാരൻ ദേഷ്യപ്പെട്ടു. ‘‘ഒരു രക്ഷകൻ ഇറങ്ങിയേക്കുന്നു. എന്നുവെച്ചാ മനുഷ്യജീവനല്ലെ രക്ഷിക്കാൻ.’’

പ്രാണന് മനുഷ്യനെന്നും മൃഗമെന്നും വ്യത്യാസമുണ്ടോ? മശായിക്ക് അതിശയം തോന്നി. ആ ബസിലെ മറ്റേത് യാത്രികനെക്കാളും അത്യാവശ്യമുള്ള യാത്രക്കാരൻ അയാളായിരുന്നു. എന്നിട്ടും തർക്കിക്കാനോ, മറുവാദം പറയാനോ നിന്നില്ല. നാല് പൂച്ചകളെയുമെടുത്ത് അയാൾ മുന്നോട്ടു നടന്നു. ആരോ അപ്പോൾ വലിച്ചെറിഞ്ഞതുപോലെ ചോരയിറ്റുന്ന സൂര്യൻ കിഴക്കെ മാനത്തുയർന്നു. മങ്ങിക്കിടന്ന പട്ടണം തെളിച്ചത്തിലേക്ക് വന്നു.

ആ നഗരത്തിൽ നിറയെ പൂക്കളും ചെടികളുമുള്ള ഒരു പാർക്കുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ആളുകൾ വന്നുപോകുന്ന ഒരിടം. പൂച്ചകളുമായി മശായി അങ്ങോട്ടുപോയി. അവിടെ അപ്പോൾ ആരുമുണ്ടായിരുന്നില്ല. പൂട്ടിക്കിടന്ന പാർക്കിന്റെ മതിൽ ചാടി അയാൾ അകത്തുകയറി. നിറയെ പൂക്കളുള്ള മഞ്ഞ മൊസാണ്ടയുടെ ചുവട്ടിൽ ചത്ത പൂച്ചകളെ അയാൾ മറവുചെയ്തു. പിന്നെ പരിക്കേറ്റ പൂച്ചയുമായി പുറത്തിറങ്ങി. ആളുകളോട് ചോദിച്ചുപിടിച്ച് ആശുപത്രിയിലേക്ക് പോയി.

‘‘ഇവളിപ്പോൾ ഓക്കെയാണ്,’’ എക്സ്റേ നോക്കി മൃഗഡോക്ടർ പെൺകുട്ടി മശായിയോട് പറഞ്ഞു. ‘‘മൂന്ന് ഇഞ്ചക്ഷൻകൂടി എടുക്കേണ്ടിവരും. മുടക്കരുത്.’’

അയാളുടെ മുഖത്ത് തെളിച്ചമുണ്ടായി. നെഞ്ചോടുചേർത്ത് പൂച്ചക്കുഞ്ഞിനെ തലോടി. വേദന ശമിച്ചിരിക്കുന്നു. ചെറുകണ്ണുകൾ തുറന്ന് ആ ജീവി മശായിയെ നോക്കി. നാവുനീട്ടി അയാളുടെ ഉടലിൽ നന്ദിയുടെ നനവ് പുരട്ടി.

‘‘മൂന്നു ദിവസമെന്ന് വെച്ചാൽ ബുദ്ധിമുട്ടാണ്. ലീവ് തീർന്നു. ഇന്ന് എനിക്ക് റിപ്പോർട്ട് ചെയ്യണം. ഇതിനെ ഇവിടെ കിടത്താൻ കഴിയുമോ? പൈസ ഞാൻ കെട്ടിക്കോളാം.’’

മശായി ഡോക്ടറോട് ചോദിച്ചു.

‘‘കിടത്തേണ്ട ആവശ്യമൊന്നുമില്ല. ഇൻ​െഫക്ഷൻ ആവാതെ നോക്കിയാൽ മതി. ആയാൽ പിൻകാലുകൾക്ക് തളർച്ച ബാധിക്കും,’’ ഡോക്ടർ പറഞ്ഞു. ‘‘ഈ പൂച്ചക്കുഞ്ഞിന് ഇപ്പോ വേണ്ടത് നല്ല പരിചരണമാണ്. പിന്നെ ഇഞ്ചക്ഷൻ അത് എവിടെ വേണേലും എടുക്കാട്ടോ. ഞാൻ കുറിച്ച് തരാം.’’

മശായി പൂച്ചക്കുഞ്ഞുമായി ഇറങ്ങിനടന്നു. അൽപം മുന്നിട്ടപ്പോൾ ഒരു ബൈക്ക് വന്ന് അയാളുടെ അടുത്തുനിന്നു. ഒരു പയ്യൻ. ഏറിയാൽ പതിനെട്ടോ ഇരുപതോ വയസ്സ്. അതിനപ്പുറം പറയില്ല. നേരത്തേ അവൻ മൊബൈൽ കാമറയുമായി ഹോസ്പിറ്റലിൽ ചുറ്റിത്തിരിയുന്നത് മശായി കണ്ടിരുന്നു.

‘‘ഹായ് അങ്കിൾ. എന്റെ പേര് ടോം. എനിക്ക് ഈ പെറ്റി​െനയൊക്കെ വലിയ ഇഷ്ടാ,’’ അവൻ പറഞ്ഞു. ‘‘ഇവളെ വെച്ച് ഒരു റീല് പെടയ്ക്കാൻ അങ്കിൾ ഓക്കെയാണെങ്കിൽ ഇതിനെ ഞാൻ നോക്കിക്കോളാം. ഇഞ്ചക്ഷനും കൃത്യമായി എടുപ്പിച്ചോളാം.’’

ഒന്നിനു പകരം മറ്റൊന്ന് ആഗ്രഹിക്കുന്നവരുടെ ലോകമാണ് ഇന്നുള്ളത്. ബൈക്കിൽ പയ്യനൊപ്പം പോകുമ്പോൾ മശായി ആലോചിച്ചു.

ലാഭമുള്ള കൊടുക്കൽ വാങ്ങലുകളായി ജീവിതത്തിന് പരിണാമം സംഭവിച്ചിരിക്കുന്നു. കണ്ടന്റ് അന്വേഷിച്ച് മൃഗാശുപത്രിയിൽ എത്തിയതായിരുന്നു ടോം. മൃഗങ്ങളെ വെച്ച് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഹോസ്പിറ്റലിൽ എത്തിയതത്രെ. ഡ്രൈവിനിടെ ആവേശഭരിതനായി അവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മശായി മൂളിക്കൊണ്ടുമിരുന്നു.

‘‘അങ്കിളിനറിയാമോ, കേറി അടിച്ചാൽ ഒറ്റ മിനിറ്റ് മതി. ലൈഫ് സെറ്റാകും. അതാണ് റീലിന്റെ പവർ. പ​േക്ഷ കണ്ടന്റ ക്ഷാമം വലിയ സീനാണ്.’’

തത്ത്വചിന്തകന്മാർ, ധ്യാനഗുരുക്കന്മാർ, കവികൾ, കഥയെഴുത്തുകാർ. ഏതെല്ലാമോ വിധത്തിൽ എത്രയോ ലക്ഷം മനുഷ്യരാണ് ജീവിതമെന്തെന്ന് അന്വേഷിച്ചിറങ്ങിയത്. ഒരു മിനിറ്റിൽ സെറ്റാകുന്ന ഒന്നിനുവേണ്ടി ഒരു പുരുഷായുസ്സ് പാഴാക്കിയ പമ്പര വിഡ്ഢികൾ. മശായി വിചാരിച്ചു. പുതിയ കുട്ടികൾ ജീവിതാർഥം നിസ്സാരമായി കണ്ടെത്തിയിരിക്കുന്നു. മിന്നലിന്റെ ആയുസ്സിലേക്ക് ജീവിതം ചുരുങ്ങിയിരിക്കുന്നു. അപരവേദനകളും സഹാനുഭൂതികളും ഒരു മിനിറ്റിന്റെ വിൽപനച്ചരക്കായി മാറുന്നു. ചിലപ്പോൾ ഇതുതന്നെയാവും ശരി. ആർക്കറിയാം?

ടോം മേൽപാലത്തിൽ ബൈക്ക് നിർത്തി. പൂച്ചകൾ എറിയപ്പെട്ട സ്ഥലം. കണ്ടപ്പോൾ മശായിയുടെ ഉള്ളിൽ മൂന്ന് പ്രാണനുകൾ പൊടിഞ്ഞമരുന്ന ശബ്ദം വീണ്ടുമുയർന്നു. കാഴ്ചക്കാരനായി അയാൾ നിന്നതേയുള്ളൂ. പയ്യന് എല്ലാം നല്ല നിശ്ചയമുണ്ടായിരുന്നു. മൊബൈൽ കാമറ സ്റ്റാൻഡിൽ ഉറപ്പിച്ച് അവൻ പൂച്ചയെ കൈയിലെടുത്ത് വിവരണം തുടങ്ങി.

‘‘അയാളൊരു ക്രൂവൽ ഗൈ ആയിരുന്നു. ദാ ഇവിടെനിന്നാണ് ഈ ക്യൂട്ട് ക്യാറ്റിനെയും ഇതിന്റെ ഫുൾഫാമിലിയെയും ആ മനുഷ്യൻ താഴേക്ക് എറിഞ്ഞത്. There’s no room for emotions in this world. നോക്ക് ഗൈസ് മൂന്ന് ജീവനുകൾ പിടഞ്ഞ് തീരുന്നത് ആസ്വദിച്ച ശേഷമാണ് ആ റാസ്കൽ ബൈക്കെടുത്ത് പോയത്. പാവം ഇതിനെമാത്രം രക്ഷിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.’’

പൂച്ചക്കുട്ടിയുടെ രക്ഷകന്റെ വേഷവും ടോം ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് പാലത്തിലെ ഷൂട്ട് കഴിച്ച് അവൻ മശായിയെ നോക്കി കണ്ണിറുക്കി.

‘‘ഒന്ന് പൊലിപ്പിച്ച് കൊടുത്തില്ലേൽ റീച്ച് കിട്ടുകേല,’’ അവൻ പറഞ്ഞു. ‘‘നെക്സ്റ്റ് നമ്മക്ക് പാർക്കിലേക്ക് വിടാം. ഹോസ്പിറ്റൽ വിഷ്വൽസ് ഓൾറെഡി എടുത്തത് മതി. ബാക്കി ഞാൻ എഡിറ്റിൽ പിടിച്ചോളാം.’’

പാർക്ക് അപ്പോൾ തുറന്ന് കിടപ്പുണ്ടായിരുന്നു. അധികം ആളുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഉള്ളവരാവട്ടെ ആരെയും ശ്രദ്ധിച്ചതുമില്ല. രാവിലെ പൂച്ചകളെ കുഴിച്ചിട്ട സ്ഥലം മശായി ടോമിന് കാണിച്ചുകൊടുത്തു.

കാവൽക്കാരന്റെ കണ്ണിൽപ്പെടാതെ കുഴിമാടം അവൻ ഷൂട്ട് ചെയ്തെടുത്തു. മൊസാണ്ട കുലുക്കി അൽപം മഞ്ഞപ്പൂക്കൾ വിതറുകയും പരിക്കേറ്റ പൂച്ചക്കുട്ടിയെ കുഴിമാടത്തിന് സമീപം നിർത്തുകയും ചെയ്തു ടോം. മശായി എല്ലാം കണ്ടുനിന്നു.

‘‘ഇരുപത് സെക്കൻഡ്. മൂന്ന് കട്ട്. വിത് സാഡ് മ്യൂസിക്. കാണുന്നവന്റെ ചങ്ക് പൊട്ടിയാ പൊന്നങ്കിളെ മില്യണടിക്കും. മില്യൺ. ഇൻസ്റ്റേൽ നെക്സ്റ്റ് സെന്റിസ്റ്റാർ നീയാടി മുത്തുമണി.’’

പൂച്ചക്കുഞ്ഞിനെ ഉമ്മ​െവച്ചുകൊണ്ട് പയ്യൻ തുള്ളിച്ചാടി.

പതിനൊന്നാവുന്നു. അക്ഷമനായി മശായി സമയം നോക്കി. ഇനിയും വൈകിയാൽ സമയത്ത് എത്താൻ ഒക്കുകയില്ല.

‘‘മോനേ, എനിക്ക് പോണം. സമയം ഒരുപാടാവുന്നു,’’

അയാൾ ടോമിനോട് പറഞ്ഞു. അവൻ വണ്ടിയെടുത്തു.

‘‘അങ്കിൾ എവിടാ വർക്ക് ചെയ്യുന്നത്,’’ യാത്രക്കിടയിൽ അവൻ ചോദിച്ചു. ‘‘കണ്ടന്റ് സെറ്റാക്കാൻ പറ്റുന്ന ഫീൽഡ് വല്ലോമാന്നോ? ആന്നെങ്കിൽ ഒരുദിവസം ഞാൻ അങ്ങോട്ടിറങ്ങാം.’’

മശായി മറുപടി പറഞ്ഞില്ല. കാറ്റും പൊടിയും തട്ടാതെ പൂച്ചക്കുഞ്ഞിനെ സൂക്ഷിച്ച് കാഴ്ചകൾ കണ്ട് അയാളിരുന്നു.

റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ടോം ബൈക്ക് പാർക്ക് ചെയ്യാൻ പോയ നേരംകൊണ്ട് അയാൾ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റെടുത്തു. വണ്ടി വരാൻ ഇനിയും സമയമുണ്ട്. മശായി ഒരു കടയിലേക്ക് ചെന്നു. പാല് വാങ്ങി തണുപ്പിച്ച് പൂച്ചക്കുഞ്ഞിന് കൊടുത്തു. ചെറുശബ്ദങ്ങളുണ്ടാക്കി അത് കുടിച്ചു. സമയം പിന്നെയും മുന്നോട്ട് ചലിച്ചു. അയാൾക്കുള്ള ട്രെയിൻ കടന്നുപോയിട്ടും പയ്യൻ പക്ഷേ തിരിച്ചുവന്നില്ല. ഉള്ളംകൈയിലിരുന്ന പൂച്ചക്കുഞ്ഞ് അപ്പോഴേക്കും ഉറങ്ങിയിരുന്നു. ടോം ഇനി വരില്ലെന്ന് അയാൾക്ക് മനസ്സിലായി. അവന് വേണ്ട കണ്ടന്റ് ആയല്ലോ. പ്ലാറ്റ്ഫോമിൽനിന്ന് പാളത്തിലേക്കിറങ്ങിയ മശായി കിഴക്കോട്ട് നടന്നു. കണ്ടംചെയ്ത ബോഗികൾ അവിടെ കിടക്കുന്നത് യാത്രക്കിടയിൽ മുമ്പെന്നോ അയാൾ കണ്ടിരുന്നു.

ആ രാത്രിയിൽ അതിശക്തമായ മഴ വീണു. ബോഗിയിലെ ഇരുട്ടുമായി പൂച്ചയും അയാളും ഇണങ്ങിയിരുന്നു. തുറന്ന വാതിലിനരികിലായിരുന്നു മശായി. അയാൾ എണ്ണമില്ലാതെ സിഗരറ്റുകൾ വലിച്ചുതള്ളി. കാറ്റ് തണുത്ത വെള്ളത്തുള്ളികൾ അകത്തേക്ക് തെറിപ്പിച്ചിട്ടു. പൂച്ചക്കുട്ടി അയാളുടെ മുണ്ടിനുള്ളിലേക്ക് നൂണ്ടു. അയാളും ആ കൊച്ചുജീവിയും പൂർണമായ മൗനത്തിലിരുന്നു. അരണ്ട വെളിച്ചമൂറുന്ന ബോഗികളുമായി ഇടവിട്ട് ട്രെയിനുകൾ കടന്നുപോയി.

അപ്പോൾ പെരുമഴയും കാറ്റുമുള്ള മറ്റൊരു രാത്രി മശായിയുടെ ഓർമയിൽ തെളിഞ്ഞു. ആടിയുലയുന്ന ഈറ്റക്കാട്. മിന്നൽ തെളിച്ചിടുന്ന കാട്ടുവഴി. നനഞ്ഞ് കുതിർന്ന വിലാപയാത്ര. മഴത്തുള്ളി വീണ് ചിതറുന്ന ശവമഞ്ചം. എണ്ണമില്ലാത്ത പൂച്ചകളും താനും മാത്രമായ ചെറിയ വീട്. അയാളുടെ കണ്ണുകളിൽ നനവുണ്ടായി.

മഴയും പൂച്ചകളും സീനയുടെ ഓർമകളാണ് അയാൾക്ക്. കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പായ ദിവസം മുതലാണ് വീടിനകത്ത് പൂച്ചകൾ വന്നുതുടങ്ങിയത്. പെൺപൂച്ചകളായിരുന്നു എല്ലാം. ഒന്നിൽ തുടങ്ങി എത്രവേഗമാണ് പൂച്ചകൾ ഒമ്പതും അതിനിരട്ടിയുമായത്. കണ്ണെഴുതിയും മണികെട്ടിയും തുണിയുടുപ്പുകൾ തുന്നി ധരിപ്പിച്ചും സീന അവറ്റകളെ പൊന്നുപോലെ കൊണ്ടുനടന്നു. ഓരോന്നിന്റെയും പേരുകൾപോലും അവൾക്ക് കാണാപ്പാഠമായിരുന്നു. വിളിക്കേണ്ട താമസം എവിടാണേലും പൂച്ചകൾ അവളിലേക്ക് ഓടിയെത്തും.

ഉച്ചക്ക് തിണ്ണയിൽ കിടന്ന് റേഡിയോപാട്ട് കേൾക്കുന്ന ശീലമുണ്ടായിരുന്നു സീനക്ക്. പലനിറമുള്ള പൂച്ചകളുടെ വലിയൊരു കുന്നിനകത്തായിരിക്കും അപ്പോഴവൾ. നീളൻ മുടിച്ചുരുളുകൾ മാത്രമാണ് പുറത്തുണ്ടാവുക. മരിച്ച ദിവസവും അങ്ങനെ തന്നെയായിരുന്നു അവളുടെ കിടപ്പ്. താൻ ജോലി കഴിഞ്ഞ് എത്താൻ വൈകിയ മഴ ദിവസമായിരുന്നു അതും. മശായി ഓർത്തെടുത്തു. വീടിനെയും ചുറ്റുമുള്ള ഈറ്റക്കാടിനെയും ഇരുട്ട് വിഴുങ്ങിയിരുന്നു. ദൂരെ വെച്ചേ ഉയർന്നുകേട്ടു പൂച്ചക്കരച്ചിലുകൾ. അസാമാന്യ ശബ്ദത്തിലായിരുന്നു അത്. എന്തോ ഒന്ന് വിളിച്ചറിയിക്കുന്നപോലെ.

ഓടിയണച്ച് ചെല്ലുമ്പോൾ ഇരുട്ടിൽ തിളങ്ങുന്ന ആയിരം പൂച്ചക്കണ്ണുകളുടെ ഒരുമല. അതിന് നടുവിൽ ഈറ്റ ലോറിക്കാരനാൽ നിശ്ചലയാക്കപ്പെട്ട സീന. കീറിപ്പറിഞ്ഞ്, ചുണ്ടുകൾ മുറിഞ്ഞ്, കവിളുകൾ തിണർത്ത്, നഖപ്പാടുകളാൽ വരഞ്ഞ്, നടുവെല്ല് പൊടിഞ്ഞ്.

കൊച്ചുകുട്ടിയെപ്പോലെ തീവണ്ടി ബോഗിയിലിരുന്ന് മശായി നിലവിളിച്ചു. അതുവരെ നിശ്ശബ്ദമായിരുന്ന പൂച്ചക്കുഞ്ഞും അയാൾക്കൊപ്പം നിലവിളിച്ചു. അതിനപ്പോൾ അതിന്റെ നഷ്ടങ്ങളും ഓർമവന്നു കാണും.

കനമില്ലാത്ത രണ്ട് ജീവികളുടെ കരച്ചിലിനെ വിഴുങ്ങി മഴ ആർത്തു പെയ്തു.

പിറ്റേന്ന് പൂച്ചക്കുട്ടിയുമായി മശായി ചെന്നപ്പോൾ ഡോക്ടർ പെൺകുട്ടിക്ക് അത്ഭുതം.

‘‘ലീവില്ലെന്ന് പറഞ്ഞിട്ട്,’’ ഡോക്ടർ ചോദിച്ചു. ‘‘ഞാൻ കരുതി ആ പയ്യനെ ഏൽപിച്ച് പോയിക്കാണുമെന്ന്.’’

ചിരിച്ചതല്ലാതെ മശായി മറുപടിയൊന്നും പറഞ്ഞില്ല. ആശുപത്രിയിൽനിന്ന് നഗരത്തിലെ പുസ്തകശാലയിലേക്കും പിന്നെ ഒരു ഫാൻസി കടയിലേക്കും അയാൾ പോയി. പുസ്തകശാലയിൽനിന്ന് ‘ആരോഗ്യനികേതനം’ വാങ്ങി. ഫാൻസി കടയിൽനിന്ന് സൂചി, നൂൽ, കണ്മഷി എന്നിവയും വാങ്ങി.

തീവണ്ടി ബോഗിയിലേക്ക് മടങ്ങിയെത്തിയ മശായി ബാഗിലിരുന്ന കൈലിമുണ്ട് കീറി ഒരു ചെറുകുപ്പായം തുന്നിയെടുത്ത് പൂച്ചക്കുട്ടിയെ ധരിപ്പിച്ചു. കണ്ണെഴുതി നെറ്റിയിൽ പൊട്ടും വരച്ചു. സീന ചെയ്യുന്നത് കണ്ട് അതൊക്കെ അയാൾക്ക് വശമുണ്ടായിരുന്നു. അങ്ങനെയൊക്കെ ചെയ്തപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സീന അടുത്തുള്ളതുപോലെയും തോന്നി.

മൂന്നു ദിവസങ്ങൾ പൂച്ചക്കുട്ടിയുമായി പിന്നെയും അയാൾക്ക് ആ നഗരത്തിൽ കഴിയേണ്ടിവന്നു. തുരുമ്പിച്ച് കിടന്ന തീവണ്ടിബോഗിയുടെ ഇരുട്ടിലും പഴകിയ ഗന്ധത്തിലുമിരുന്ന് അയാൾ ആ പൂച്ചക്കുട്ടിയെ പരിചരിച്ചു. പകൽ കുത്തിവെപ്പിന് പോകാനല്ലാതെ ബോഗി വിട്ട് അയാൾ പുറത്തേക്ക് ഇറങ്ങിയതേയില്ല. ‘ആരോഗ്യനികേതന’വും വായിച്ച് ബോഗിയിൽതന്നെയിരുന്നു. പകലിൽ വെളിച്ചം വീഴുന്ന ഭാഗത്തിരുന്നായിരുന്നു വായന. രാത്രി മെഴുകുതിരി വെട്ടത്തിലും. വായിക്കുമ്പോഴും പൂച്ചക്കുട്ടിയെ മടിയിൽവെച്ച് അയാൾ തടവിക്കൊണ്ടിരുന്നു.

മറ്റൊന്നിനെ കുറിച്ചും അപ്പോഴയാൾ ചിന്തിച്ചില്ല. വേവലാതിപ്പെട്ടില്ല. ഒരു ചെറുജീവിയുടെ പ്രാണനിലേക്ക് അയാളുടെ ലോകം ചുരുങ്ങിപ്പോയിരുന്നു. ആ മൂന്ന് ദിവസങ്ങളിലും നിർത്താതെ പെയ്യുന്ന മഴ നഗരത്തെ നനച്ചുകൊണ്ടിരുന്നു.

അവസാന ഡോസ് ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസമെത്തി. ഇന്ന് കുറച്ച് മധുരവും വാങ്ങി വേണം ആശുപത്രിയിലേക്ക് പോകാൻ. മശായി തീരുമാനിച്ചിരുന്നു. കഴിഞ്ഞ രാത്രി എന്തോ പൂച്ചക്കുഞ്ഞ് നന്നായി ഉറങ്ങിയിരുന്നു. ആകാശമിപ്പോൾ തോർന്ന് നിൽക്കുന്നു. അശുപത്രിയിലേക്ക് പോകാൻ നല്ല സമയമാണ്. എന്നിട്ടും പക്ഷേ അയാൾ പൂച്ചക്കുട്ടിയെ ഉണർത്തിയില്ല. ഉറങ്ങട്ടെ സമാധാനത്തിൽ ഉറങ്ങട്ടെ. ഉണരുമ്പോഴാണല്ലോ സമാധാനം നശിക്കുന്നത്. അയാൾ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.

സമയം കുറച്ചുകൂടി മുന്നോട്ട് ചലിച്ചു. മഴ ചെറുതായി വീണുതുടങ്ങി. പൂച്ചക്കുട്ടി അപ്പോഴും ഉറക്കംതന്നെ. ബോഗിയിൽ ആരോ മുട്ടുന്നതു കേട്ടാണ് പുസ്തകത്തിൽനിന്ന് മശായി തല ഉയർത്തിയത്. നോക്കുമ്പോൾ ഒരു സംഘം പൊലീസ്. കാഴ്ചക്കാരായി ആളുകളും കൂടിയിട്ടുണ്ട്. മശായിക്ക് കാര്യം മനസ്സിലായി. അയാൾ അവരോട് പറഞ്ഞു.

‘‘ഒളിച്ചതല്ല സാറെ. പരോള് ഇന്ന് തിരിച്ച് കേറും.’’

പൊലീസുകാർ ചെവിക്കൊണ്ടില്ല. അവർ അയാളെ ബോഗിയിൽനിന്ന് ബലമായി വലിച്ചിറക്കി. കൈയിൽ വിലങ്ങ് കെട്ടി. ആവശ്യമില്ലാത്ത പിടിവലിക്കിടയിൽ അയാളുടെ കൈയിൽനിന്ന് ‘ആരോഗ്യനികേതനം’ ട്രാക്കിലേക്ക് തെറിച്ചു. വിടർന്ന നിലയിലായിരുന്നു പുസ്തകത്തിന്റെ വീഴ്ച. മഴനീര് വീണ് അതിന്റെ താളുകൾ നനഞ്ഞുകൊണ്ടിരുന്നു. ബഹളം കേട്ട് ഉണർന്ന പൂച്ചക്കുട്ടി കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു. മശായി അതിനെ കൈയിലെടുത്തു.

‘‘ഇതിനെ എങ്ങോട്ട് കൊണ്ടുപോകുന്നു,’’ എസ്.ഐ ചോദിച്ചു.

‘‘ഇതിന് ഒരു ഇഞ്ചക്ഷൻകൂടിയുണ്ട് സാറെ. പോകുന്ന വഴിക്കാ മൃഗാശുപത്രി. അവിടൊന്ന് നിർത്തിയാൽ അതെടുക്കാമെന്ന് വിചാരിച്ചാ...’’

അപ്പോൾ ഒരു പൊലീസുകാരൻ എസ്.ഐയോട് പറഞ്ഞു.

‘‘സാറേ ഇതിനെ കണ്ടിട്ട് ഇത് ആ ഇൻസ്റ്റയിൽ വൈറലായ പൂച്ചയാന്ന് തോന്നുന്നു. ഇതെങ്ങനെ ഇവന്റെ കൈയിൽ വന്നു.’’

എസ്.ഐക്ക് ദേഷ്യം വന്നു. പൂച്ചക്കുഞ്ഞിനെ വാങ്ങി അയാൾ ദൂരേക്ക് എറിഞ്ഞു. എന്നിട്ട് മശയായിയുടെ കവിളത്ത് അടിച്ചു.

‘‘ഒരു മനുഷ്യ ജീവനില്ലാത്ത എന്ത് വിലയാടാ നാറി ഒരു പൂച്ചയ്ക്ക് നീ കൽപിച്ചിരിക്കുന്നെ.’’

അടികൊണ്ട് അയാൾ വീണു. എസ്.ഐയുടെ ചോദ്യത്തിൽ തൂങ്ങി സീന അയാളുടെ ചിന്തയിലേക്ക് വന്നു. പിന്നാലെ ഈറ്റലോറിക്കാരന്റെ ചിന്തയും വന്നു. ശരിയാണ്. എല്ലാ ജീവനും ഒരേ വില നിശ്ചയിക്കാൻ കഴിയില്ല. മനുഷ്യരുടെ കാര്യത്തിൽ പ്രത്യേകിച്ചും. സീനയുടേതുപോലെ അമൂല്യമായ ചിലതിന് വില നിശ്ചയിക്കാനേ കഴിയില്ല. മറ്റ് ചിലതിന് ഒട്ടും വില കൽപിക്കാനും കഴിയില്ല.

 

മശായിയെ ട്രാക്കിലൂടെ പൊലീസുകാർ വലിച്ചുകൊണ്ടു പോയി. അയാളുടെ മുഖവും ശരീരവും ഉരഞ്ഞുപൊട്ടി. ആ കിടപ്പിലും മശായിയുടെ കണ്ണുകൾ പൂച്ചക്കുട്ടിയെ തിരഞ്ഞു. മഴയിൽ കുതിർന്ന് ട്രാക്കിൽ കിടക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ അടിയിലേക്ക് നൂണ്ട് കയറാൻ നോക്കുകയാണ് അത്. വേദനക്ക് പകരം അയാളുടെ ഉള്ളിലപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമുണ്ടായി.

പൊലീസുകാർ ജീപ്പിലേക്ക് കയറ്റിയപ്പോൾ ആളുകൾക്കിടയിൽ മശായി ടോമിനെ കണ്ടു. ഫോണിൽ അടുത്ത വൈറൽ കണ്ടന്റായി തന്നെ പകർത്തുകയാണ് അവൻ. പകർത്തട്ടെ. മതിയാവോളം പകർത്തട്ടെ. ഒരുമിനിറ്റുകൊണ്ട് അവന്റെ ലൈഫ് കളറാവട്ടെ.

അല്ലെങ്കിലും ഒന്ന് ചീഞ്ഞ് വേണമല്ലോ മറ്റൊന്നിന് വളമാകാൻ. നേർത്ത ചിരി പൊഴിച്ചുകൊണ്ട് മശായി അവനെ നോക്കി. മഴയുള്ളതുകൊണ്ടാവും അപ്പോൾ അവനൊരു ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. ജോക്കർ സിനിമയിലെ നായകൻ വാക്കിൻ ഫീനിക്സിന്റെ ജോക്കർമുഖമുള്ള ചിത്രം പതിച്ച ജാക്കറ്റ്...

News Summary - malayalam story