മുട്ടുകാപ്പ്

തൂക്കുമരം കഴുമരത്തിന്റെ ചുവട്ടിൽ തലകുനിച്ചു നിന്നിരുന്ന മൂന്നു ചെറുപ്പക്കാരിൽ നടുവിലത്തെയാൾ തലയുയർത്തി. അവൻ മാരുതി. പ്രാണനറ്റുപോകുന്ന നിമിഷത്തിലെ പിടച്ചിലുകൾ കാലങ്ങളായി പ്രതിധ്വനിച്ച് ദ്രവിച്ചു വീഴാറായ കൽച്ചുവരുകളിൽ അവന്റെ നേത്രങ്ങൾ തറഞ്ഞുനിന്നു. ജ്വലിച്ചു നിന്നിരുന്ന കനലുകൾക്കുമേൽ ധീരതയുടെ പോർമുനകൾപോലെ ആ കണ്ണുകൾ. വെളിച്ചംപോലും കടക്കാനറയ്ക്കുന്ന മരണക്കോട്ടയുടെ അകത്തളങ്ങളിൽ പതിവിനു വിപരീതമായി ആൾക്കൂട്ടം! പാതിമുറിഞ്ഞ ചൂളംവിളികൾ പുറപ്പെടുവിച്ചുകൊണ്ട് അശാന്തിയുടെ മേൽക്കുപ്പായമണിഞ്ഞ പിശറൻ കാറ്റ് ഉള്ളിലേക്കു കടക്കാൻ മാർഗമന്വേഷിച്ച് കൽച്ചുവരുകളുടെ...
Your Subscription Supports Independent Journalism
View Plansതൂക്കുമരം
കഴുമരത്തിന്റെ ചുവട്ടിൽ തലകുനിച്ചു നിന്നിരുന്ന മൂന്നു ചെറുപ്പക്കാരിൽ നടുവിലത്തെയാൾ തലയുയർത്തി. അവൻ മാരുതി. പ്രാണനറ്റുപോകുന്ന നിമിഷത്തിലെ പിടച്ചിലുകൾ കാലങ്ങളായി പ്രതിധ്വനിച്ച് ദ്രവിച്ചു വീഴാറായ കൽച്ചുവരുകളിൽ അവന്റെ നേത്രങ്ങൾ തറഞ്ഞുനിന്നു. ജ്വലിച്ചു നിന്നിരുന്ന കനലുകൾക്കുമേൽ ധീരതയുടെ പോർമുനകൾപോലെ ആ കണ്ണുകൾ. വെളിച്ചംപോലും കടക്കാനറയ്ക്കുന്ന മരണക്കോട്ടയുടെ അകത്തളങ്ങളിൽ പതിവിനു വിപരീതമായി ആൾക്കൂട്ടം! പാതിമുറിഞ്ഞ ചൂളംവിളികൾ പുറപ്പെടുവിച്ചുകൊണ്ട് അശാന്തിയുടെ മേൽക്കുപ്പായമണിഞ്ഞ പിശറൻ കാറ്റ് ഉള്ളിലേക്കു കടക്കാൻ മാർഗമന്വേഷിച്ച് കൽച്ചുവരുകളുടെ വിടവുകളിൽ ആർത്തലയ്ക്കുന്നു!
നീതിലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾ ഇരുണ്ട ചുവരുകളിൽ വരഞ്ഞിട്ടിരുന്ന ചിത്രങ്ങൾ! മാരുതി കണ്ണുചിമ്മി. കഴുമരങ്ങളുറപ്പിച്ചിരിക്കുന്ന ഉയർന്ന തട്ടിൽനിന്ന് താഴെയുള്ള മുഖങ്ങൾ വ്യക്തമല്ല. പക്ഷേ, ആൾക്കൂട്ടത്തിൽനിന്ന് ഊറിയ വെറുപ്പ് അന്തരീക്ഷത്തിൽ കരിപോലെ പടർന്നുനിൽക്കുന്നത് വ്യക്തമായിക്കാണാം!
അക്ഷമരായ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾ വായുവിൽ പുളയുന്ന വിഷസർപ്പങ്ങളായി. ചിറകില്ലാത്തതിനാൽ അവ തങ്ങളുടെ ഉടയവരുടെതന്നെ ഉടലിലേക്ക് വീണു പിടഞ്ഞുകൊണ്ടിരുന്നു. കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന ആട്ടിൻകുട്ടിയെ വളയുന്ന ചെന്നായ് പടയുടെ ചിത്രം മുത്തച്ഛന്റെ മുറിയുടെ ചുവരിൽ കണ്ട ഓർമ മനസ്സിൽ കടന്നുവന്നപ്പോൾ മാരുതി സ്വയമറിയാതെ പുഞ്ചിരിച്ചു.
മുത്തച്ഛൻ!
ചിന്തകൾ അവിടെയുടക്കി.
മരിക്കാനൊരുങ്ങുന്നവന്റെ ചുണ്ടിൽ പുഞ്ചിരി!
താഴെ കൂടിനിന്നവരുടെ അരിശം കടുത്തത് മാരുതിയറിഞ്ഞില്ല. അറിഞ്ഞാലും അവനത് തൃണമാണ്!
‘‘മുത്തച്ഛന്റെ മാരുക്കുട്ടാ, ഏയ്, കള്ളച്ചെക്കാ. കഥ കേൾക്കണ്ടേ നിനക്ക്?”
ഇരിപ്പിടത്തിൽ മുന്നോട്ടാഞ്ഞിരുന്ന് കൂട്ടിപ്പിടിച്ച കാൽപ്പത്തികളിൽ അവനെ നിർത്തി, കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് കാലുകൾ ഉയർത്തിയും താഴ്ത്തിയും കൊഞ്ചിക്കുന്ന തേജസ്സുറ്റ മുഖം.
അൽപം മുമ്പുവരെ തൊലി നീറ്റുന്ന തണുപ്പായിരുന്ന കാറ്റിന് ഇളംചൂട്!
“യുവാക്കളെ വഴിതെറ്റിച്ച, സമൂഹത്തിന്റെ, സംസ്കാരത്തിന്റെ തായ് വേരറുക്കാൻ ശ്രമിച്ച...”
കുറ്റപത്രം വായന... ദൂരെയെവിടെയോ നിന്ന് അവ്യക്തമായി... വലിഞ്ഞു നീണ്ട്, ചിലമ്പിച്ച്...
“...മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് സഭയ്ക്ക് നിസ്സംശയം ബോധ്യപ്പെട്ടിരിക്കുന്നതിനാൽ മാരുതി, തേജസ്, അഥർവൻ എന്നീ അധമരെ കുലംകുത്തികളായി പ്രഖ്യാപിച്ച് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നു.”
മരണം കാണാൻ വന്നവരിൽ അഹ്ലാദഭരിതമായൊരു നിശ്ശബ്ദത പരന്നു.
ആരാച്ചാർ പലകകളകറ്റുന്ന ദണ്ഡ് ഒന്നു തൊട്ടു തൊഴുതു. കുലത്തിനുവേണ്ടി താൻ ചെയ്യുന്ന അഭിമാനകരമായ കർത്തവ്യം എന്നോർത്ത് അയാൾ ആ ദണ്ഡിൽ പിടിമുറുക്കി. കണ്ണുകളടച്ചയാൾ കൈകളിലേക്ക് ബലം കൊടുക്കുന്ന നിമിഷം.
“നിർത്തൂ...”
ഒരു സ്ത്രീഗർജനം. അകത്തളങ്ങളിൽ തട്ടിത്തട്ടി അതിനു പ്രതിധ്വനികൾ.
കൺ മുന്നിൽ മൂന്ന് ജീവൻ പിടഞ്ഞില്ലാതാകുന്നത് കാണാൻ വെമ്പി നിശ്ശബ്ദമായ ജനസാഗരം ഒന്നടങ്കം ആ ശബ്ദത്തിനുറവിടത്തിലേക്ക് തിരിഞ്ഞു നോക്കി.
കേതകി!
ആളുകളെ തട്ടിമാറ്റി മുന്നിലേക്കെത്താൻ പ്രയാസപ്പെട്ട് തിക്കിത്തിരക്കി ആ വൃദ്ധ!
ഒഴുക്കിനെതിരെ നീന്തുന്ന ചെറുതോണി!
അവർ കയ്യിലിരുന്ന വടി കുത്തി, ആയാസപ്പെട്ട് പടികൾ ഓരോന്നായി കയറി വേദിയിലേക്കെത്തി.
ഏതാനും നിമിഷങ്ങൾ മാരുതിയുടെ കണ്ണുകളിലേക്ക് നോക്കി നിന്ന അവർ ജനക്കൂട്ടത്തിനഭിമുഖമായി തിരിഞ്ഞു.
ഒളിയിടം
“കൂയ്...”
കാൽകുത്തിയവരാരും തിരിച്ചുവന്നിട്ടില്ലെന്ന് ദ്വീപുനിവാസികൾ വിശ്വസിക്കുന്നൊരു കൂർത്ത കൊല്ലികളുള്ള ഇടത്തുനിന്ന് ആ കൂവൽ കേട്ടമാത്രയിൽ അഥർവൻ പാറപ്പുറത്തുനിന്ന് ഝടുതിയിൽ നിരങ്ങിയിറങ്ങി. നിലത്ത് ഇലകളിൽ പൊതിഞ്ഞു െവച്ചിരുന്ന ചുട്ട കിഴങ്ങുകളുടെ പൊതിയെടുത്ത് തലയിൽെവച്ചു. വീതി കുറഞ്ഞ വള്ളികൾകൊണ്ട് തലക്കും താടിക്കും ചുറ്റുമായി പൊതി കെട്ടിെവച്ച് ഒന്നനക്കി നോക്കി.
നീണ്ടുമെലിഞ്ഞ ‘റ’ ആകൃതി തോന്നിക്കുന്ന ദ്വീപാണ് അമരി. കടലിലേക്ക് നീണ്ടുനിൽക്കുന്ന, പഴുതാരയുടെ അനേകം കാലുകൾപോലെ കരയെ അവശേഷിപ്പിച്ചുകൊണ്ട് കടൽ അമരിക്കുള്ളിലേക്ക് കൂർത്തുകയറിയിട്ടുണ്ട്.
ഇരുമുനമ്പുകൾക്കിടയിൽ ഏതാനും പാറക്കല്ലുകൾ അവിടവിടെയായി കടലിടുക്കിൽ അൽപമായി ഉയർന്നുനിൽക്കുന്നുണ്ട്. അഥർവൻ വലതുകാലെടുത്ത് പതിയെ വെള്ളത്തിലേക്ക് െവച്ചു. അങ്ങേ മുനമ്പിൽ കൊടുങ്കാടാണ്. അവിടെ ചെടികളുലയുന്നതു കാണാം. സഹസ്രാബ്ദങ്ങൾ നീണ്ട ക്ഷമയോടെ തിരകൾ കൊത്തിയെടുത്ത മിനുമിനുത്ത കല്ലുകളിൽ പതിയെപ്പതിയെ സൂക്ഷിച്ച് കാൽെവച്ച് അവൻ അക്കരെയെത്തി.
മാരുതിയും തേജസും അക്ഷമയോടെ അവനെ കൈപിടിച്ച് കരയ്ക്കുകയറ്റി. തിരകൾ വിതറിയ നനവ് അഥർവന്റെ കഴുത്തുവരെ നീണ്ടിരുന്നു. രണ്ടാളുംകൂടി അവന്റെ തലയിൽ കെട്ടിെവച്ചിരുന്ന പൊതിയെടുത്ത് നിലത്തിരുന്ന് ഇലകൾ അഴിച്ചെടുത്തുതുടങ്ങി.
നീലനിറത്തിലുള്ള കിഴങ്ങുകളിലൊരെണ്ണം ആർത്തിയോടെ കയ്യിലെടുത്ത് രണ്ടായിപ്പകുത്ത്, കൂടെയിരുന്ന കൊച്ചു പൊതിയിൽനിന്നും ചുവപ്പ് നിറത്തിലെ പൊടിയിൽ മുക്കി വായിലേക്കിട്ടുകൊണ്ട് മാരുതി ദീർഘനിശ്വാസം വിട്ടു. രണ്ടാളും കഴിക്കുന്നതുനോക്കി അഥർവൻ ഏതാണ്ട് നിലംതൊട്ട് നിന്നിരുന്ന ഒരു മരച്ചില്ലയിൽ ഇരുന്നു.
“ആഹാ, ഇത്ര സ്വാദോടെ ഒന്നും അടുത്തെങ്ങും കഴിച്ചിട്ടില്ല.”
നാലു ദിവസം നീണ്ടുനിന്ന അരപ്പട്ടിണിയുടെ സ്വാദേറ്റം!
കൈകൾ ഇലകളിൽ തുടച്ചശേഷം മാരുതി നിലത്തു കിടന്നിരുന്ന പരന്ന കല്ലിലിരുന്ന് എന്തോ ഗഹനമായി ആലോചിക്കുകയാണ്. വലതുകാൽ വിറപ്പിച്ച്, വലതുകൈപ്പത്തി മുഷ്ടിചുരുട്ടി മൂക്കിന് താഴെെവച്ച്, ഗാഢമായ ആലോചന.
“കഴിഞ്ഞെങ്കിൽ വേഗം പോകാം. തിരച്ചിൽ ഉടനെയൊന്നും അവസാനിക്കില്ലെന്ന് ഉറപ്പാണ്.” അഥർവൻ തിരക്കുകൂട്ടി. പൊതിയഴിച്ച ഇലകൾ വാരിക്കെട്ടി പൊന്തക്കാട്ടിലുപേക്ഷിച്ച് അവർ വീണ്ടും കാടുകയറി.
നിയമലംഘകർ
“ലോകം ചിരിക്കും. അതാണുണ്ടാവുക! ഇത്രയും തിരുമണ്ടൻ ആചാരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കേട്ടാലവർ നമ്മുടെ വിഡ്ഢിത്തങ്ങൾ കേട്ട് പൊട്ടിച്ചിരിക്കും.”
ആൽത്തറയിൽ കയറിനിന്ന് ചുറ്റും കൂടിനിന്നവരോട് ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു തേജസ്.
“വിവാഹം കഴിക്കുന്നതിനു മുമ്പ് സ്ത്രീ പരിശുദ്ധയാണെന്ന് ഉറപ്പുവരുത്താൻ അവൾ സർപ്പത്തിന്റെ പൊത്തിൽ കയ്യിടണം! വിഷം തീണ്ടിയില്ലെങ്കിൽ പരിശുദ്ധ, അല്ലെങ്കിൽ പിഴച്ചവൾ...”
ക്രാ ത്ഫൂ! അവൻ കാർക്കിച്ചു തുപ്പി. ചുറ്റും കൂടിനിന്നവരുടെ മുഖം ഒന്നുകൂടി വിളറി.
“നിങ്ങളെയല്ല, നിങ്ങളെയൊക്കെ വിവരക്കേടുകൾ പഠിപ്പിച്ച് ഈ നിലയിലാക്കിയ നിങ്ങളുടെ കാരണവന്മാരെ വേണം പറയാൻ.”
കേട്ടുനിന്നവരുടെയിടയിൽ മുറുമുറുപ്പുണ്ടായി. വേപ്പില ചവച്ച മുഖഭാവത്തോടെ തലയും കുലുക്കി പുതുതലമുറയുടെ ധിക്കാരത്തെപ്പറ്റി പതംപറഞ്ഞ് അവർ പൊഴിഞ്ഞു പോകാൻ തുടങ്ങി.
“കേൾക്കരുത് കേട്ടോ, ആരും ഈ വിഡ്ഢിത്തങ്ങൾ നിർത്തരുതേ. നിർത്തിയിട്ടിനി ഈ ദ്വീപെങ്ങാനും നന്നായിപ്പോയാലോ!” ശിരസ്സിന്റെ പിന്നിൽ പരിഹാസത്തിന്റെ ശരങ്ങൾ തറച്ചിട്ടും ആരും നിന്നില്ല.
“വിവരമില്ലാത്ത ജന്മങ്ങൾ” തേജസ് നിരാശയോടെ തിരിഞ്ഞ് പാമ്പിന്റെ മാളത്തിൽ കൈയിടാൻ തയ്യാറായി നിന്ന പെൺകുട്ടിയോട് പറഞ്ഞു, “കുട്ടി പേടിക്കേണ്ട, വീട്ടിലേക്ക് പൊയ്ക്കോളൂ.”
“മഹാപാപി! നിങ്ങൾക്കെന്റെ വിവാഹച്ചടങ്ങുകൾ മുടക്കാൻ, എന്റെ ജീവിതം നശിപ്പിക്കാൻ എങ്ങനെ മനസ്സുവന്നു?”
ഞെട്ടലിനേക്കാൾ കൗതുകമാണ് തേജസിനു തോന്നിയത്. നിമിഷങ്ങൾക്കു മുമ്പ് മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള നേർത്ത തിരശ്ശീലവിരിപ്പിൽ നഖം കോർത്ത്, വിറച്ച് വിറങ്ങലിച്ചു നിന്ന പ്രാണന് ബലം െവച്ചിരിക്കുന്നു!
അകാലത്തിൽ ജീവിതത്തിന്റെ മറുപുറത്തേക്ക് പാറിവീഴാതെയിരിക്കാൻ, മനുഷ്യനോളം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു ജീവിയുടെ ന്യായബോധത്തിന്റെ നിഴൽരൂപത്തിൽ ഇറുകെപ്പിടിച്ച് കിടക്കേണ്ടിവന്നത്ര ദുർബലമായിരുന്ന പ്രാണൻ!

തേജസ് പുഞ്ചിരിച്ചു.
“സാധിക്കുമെങ്കിൽ അവിവേകം ക്ഷമിച്ചേക്കൂ” എന്ന ഭാവത്തിൽ ചുണ്ടുകൾ ചേർത്തുപിടിച്ച് അവൻ ചുമലുകൾ ഒന്നുയർത്തിത്താഴ്ത്തി.
പുഞ്ചിരി മായാതെ തന്നെ കൈകൾ മുന്നോട്ടും പുറകോട്ടും ആട്ടി ആയംപിടിച്ച് ആൽത്തറയിൽനിന്നും താഴേക്ക് ചാടി, നാലഞ്ചടി നടന്നപ്പോഴാണ് പുറകിൽനിന്നും വിളി കേട്ടത്.
“ഓയ്, ഒന്നു നിൽക്കണേ.”
തിരിഞ്ഞു നോക്കുമ്പോൾ രണ്ട് ചെറുപ്പക്കാർ...
ഇരുണ്ടുതുടങ്ങിയ പകലിന്റെ മുഖത്ത് ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യൻ അവസാനത്തെ ചുംബനം നൽകിയ നേരം. കാലം ഒറ്റക്കല്ലിൽ പണിതെടുത്ത് പിന്നീടെപ്പോഴോ മൂന്നായി പിരിച്ച പ്രാണനുകൾ ആൽമരത്തിന്റെ കീഴിൽ ഒത്തുചേർന്ന സമയം. എപ്പോഴോ നാലായി പിരിച്ചുവിട്ട കൈത്തോടുകൾ വീണ്ടും ഒരുമിച്ചുചേർന്ന് ഒരേ ദിശയിലേക്ക് മാറ്റങ്ങളുടെ, ഉടച്ചുവാർക്കലുകളുടെ മഹാപ്രവാഹമായി ഒഴുകാനാരംഭിച്ച ദിവസം.
“വിവരക്കേട് ഒരു പാപമായിരുന്നെങ്കിൽ നരകം നമ്മുടെ അമരിനിവാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞേനേ, അല്ലേ?”
പൊട്ടിച്ചിരിയോടെ അതിലൊരാൾ തേജസിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
“ഞാൻ മാരുതി. അമരിയുടെ വടക്കേത്തലയിലാണ് വീട്. ഇത് അഥർവൻ. എന്റെ കളിക്കൂട്ടുകാരനാണ്. ഞങ്ങൾ രണ്ടാളും മാത്രമേ ഇത്തരം മൂഢത്തരങ്ങൾക്കെതിരെ ഇവിടെ ശബ്ദിക്കാറുള്ളൂ എന്നാണ് ഇതുവരെ കരുതിയത്. മൂന്നാമതൊരാളെക്കൂടി കണ്ടപ്പോൾ...”
മാരുതി ഒന്നു നിർത്തി.
പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ അവന്റെ മുഖത്ത് ഗൗരവമായിരുന്നു. “ഒരുമിച്ചു നിന്നാൽ നമുക്ക് എന്തൊക്കെയോ ചെയ്യാൻ സാധിച്ചേക്കുമെന്ന് ഒരു തോന്നൽ. വിരോധമില്ലെങ്കിൽ അൽപനേരം സംസാരിക്കാം?”
മാരുതി തേജസിന്റെ തോളിൽനിന്നും കൈ പിൻവലിച്ച് മുന്നോട്ട് നടന്നു. ഒരദൃശ്യശക്തി വലിച്ചടുപ്പിക്കുമ്പോലെ, മറുത്തൊന്നും പറയാതെ, ചോദ്യങ്ങളൊന്നും ചോദിക്കാതെ, മൗനമായി തേജസ് ആ ചെറുപ്പക്കാരെ പിന്തുടർന്നു.
നീന്താനറിയാത്തവർ
‘‘മാരുതി, നിന്റെ മുട്ടുകാപ്പുകൾ എവിടെ?”
വൈകുന്നേരങ്ങൾ ആൽത്തറയിലും കടൽക്കരയിലുമായി ചർച്ചകളാൽ മുഖരിതമായിട്ട് ദിവസങ്ങൾ പിന്നിട്ടിരുന്നു. ഏറ്റവും ക്രിയാത്മകമായ, സർഗാത്മകമായ സമയമായി വൈകുന്നേരങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു.
“ചോദിച്ചതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ഷമിക്കണം...” തേജസ് സങ്കോചത്തോടെ പെെട്ടന്ന് കൂട്ടിച്ചേർത്തു.. “നിന്റെ നഗ്നമായ കൈമുട്ടുകൾ ആരെങ്കിലും കാണുന്നതിൽ അസ്വസ്ഥത തോന്നാറില്ലേ?”
“അതിനെന്താടോ, ചോദിക്കാമല്ലോ...” പതിവു ചിരിയോടെ മറുപടി പറഞ്ഞുകൊണ്ട് മാരുതി തന്റെ നഗ്നമായ കൈമുട്ടുകളിലേക്ക് മാറി മാറി നോക്കി.
‘‘ഇതിന്റെ പിന്നിലൊരു വലിയ കഥയുണ്ടെന്നും മറ്റും പറയണമെന്നുണ്ടെനിക്ക്. പക്ഷേ, അങ്ങനെയൊന്നുമില്ല കേട്ടോ.” അവൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. തേജസും ചിരിച്ചുപോയി.
‘“ഞാനാ വിലങ്ങുകൾ അങ്ങ് വേണ്ടെന്നുവച്ചു, അത്രതന്നെ. അതിരിക്കട്ടെ, ഇവ ധരിച്ചേ മതിയാകൂ എന്ന് ആരാണ് തീരുമാനിച്ചത്?’’
തേജസിന് മറുപടിയുണ്ടായില്ല.
മാരുതി ചിരി വിടാതെതന്നെ തുടർന്നു:
“തേജ്, നീയെന്റെ മുത്തച്ഛൻ ജാമൂതനെ കണ്ടിട്ടില്ലല്ലോ. ദാ ഇവനോട് ചോദിക്ക്, പരമരസികനായിരുന്നു.” മാരുതി അഥർവന്റെ മുഖത്തേക്ക് നോക്കി തലയാട്ടി.
“തേജ്, നീയൊന്നാലോചിച്ചു നോക്കൂ, അമരിയിൽനിന്നും ആരെങ്കിലും കടൽകടന്ന് പുറത്തേക്കോ മറ്റേതെങ്കിലും നാടുകളിൽനിന്ന് ഇങ്ങോട്ടോ വരുന്നതോ പോകുന്നതോ കണ്ടിട്ടുണ്ടോ?”
“ഇല്ല.”
“എന്തുകൊണ്ട്? ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?’’
തേജസ് ഇല്ലയെന്ന അർഥത്തിൽ തലകുലുക്കി.
“എങ്കിൽ അതിന്റെ ഉത്തരം ഞാൻ പറഞ്ഞുതരാം. അതിനുമുമ്പ് എന്റെ മുത്തച്ഛനെപ്പറ്റി പറയണം. അല്ലാതെയത് പൂർണമാവില്ല.”
“നമ്മുടെ അമരി സ്വച്ഛമായ, സുന്ദരമായ ദ്വീപാണല്ലോ. നാലുപാടും കടലിനാൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ്. കുട്ടികളോ മുതിർന്നവരോ, കടൽ മുറിച്ചുകടക്കാറില്ല. അരയ്ക്കുമേൽ ആഴമുള്ള ജലത്തിലേക്ക് ഇറങ്ങരുതെന്നാണ് നമ്മുടെ നിയമം.
കടലിനപ്പുറം എന്താണ്?
കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ ഞാൻ തീരത്ത് ഒരാമയെക്കണ്ടു. വെള്ളത്തിൽക്കൂടി ഒഴുകുകയാണ് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മനസ്സിലായത്, കൈകാലുകൾ ഒരു പ്രത്യേക വിധത്തിൽ ചലിപ്പിച്ചാണത് വെള്ളത്തിൽക്കൂടി സഞ്ചരിക്കുന്നത്. നീന്തൽ എന്നാണത്രേ ആ പ്രക്രിയയുടെ പേര്. മനുഷ്യർക്കും മൃഗങ്ങൾക്കും അത് സാധിക്കുമത്രേ! മീനുകൾപോലും ഒഴുകുകയല്ല, ശരീരത്തിന്റെ ചലനത്താൽ നീന്തുകയാണ് ചെയ്യുന്നത്. മുത്തച്ഛനാണ് അതെന്നോട് പറഞ്ഞത്.”
‘‘നീന്തൽ,” തേജസ് സ്വപ്നത്തിലെന്നോണം മന്ത്രിച്ചു.
“എന്തുകൊണ്ടാണ് മുത്തച്ഛാ നമുക്ക് നീന്താനാകാത്തത്?” ഞാൻ ചോദിച്ചു.
മുത്തച്ഛൻ അപ്പോളതിന് മറുപടി പറഞ്ഞില്ല.
“അന്ന് രാത്രി പതിവുപോലെയുള്ള കഥകൾക്കു പകരം മുത്തച്ഛന്റെ ചെറുപ്പത്തിലെ ഒരനുഭവമാണ് ഞാൻ കേട്ടത്.”
ജാമൂതചരിതം
നിലത്ത് ചമ്രംപടിഞ്ഞിരിക്കുന്ന മാരുതിയുടെ കുഞ്ഞു മുഖത്തുനോക്കി ജാമൂതൻ സംസാരിച്ചു തുടങ്ങി.
“ശ്രദ്ധിച്ചു കേൾക്കണം. ഇതൊരു കഥയല്ല. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.”
കുഞ്ഞു മാരുതിയുടെ കണ്ണുകൾ വിടർന്നു
“എനിക്കന്ന് ഏതാണ്ട് പതിനൊന്ന് വയസ്സ്. ഉൾക്കാട്ടിൽ പച്ചമരുന്നുകൾ തിരഞ്ഞു പോയ അച്ഛനൊപ്പം വാശിപിടിച്ചു ഞാനും കൂടി. കാടിന്റെ അറ്റത്ത് മുനമ്പിൽ, തീരത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കാൽവഴുതി ഞാൻ തിരയിൽപ്പെട്ടുപോയി. അച്ഛൻ കാണുമ്പോഴേക്കും ഞാൻ മുങ്ങിയും പൊങ്ങിയും ഏറെ ദൂരം കടലിനുള്ളിലേക്ക് പോയിരുന്നു. അച്ഛൻ നിലവിളിച്ചുകൊണ്ട് പിന്നാലെ ഏറെ ദൂരം ഉള്ളിലേക്ക് വരുന്നത് കണ്ടു..
“മോനേ... മോനേ... ആ പാറകളിൽ പിടിക്കാൻ ശ്രമിക്കൂ. അലറിക്കരഞ്ഞുകൊണ്ട് അച്ഛൻ വിളിച്ചുപറയുന്നത് കേട്ട് ഞാൻ ശ്വാസമെടുത്ത് മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു. പതിയെപ്പതിയെ എന്റെ കാലുകൾ കുഴഞ്ഞു. തിരകളുടെ അലർച്ചയിൽ അച്ഛന്റെ സ്വരം കലർന്ന് ചിതറുന്നുണ്ടായിരുന്നു. ബോധം മറയും മുമ്പ് എന്റെ നീണ്ടമുടിയിൽ ആരോ പിടിക്കുന്നതായിത്തോന്നി. തൊലി ഉരിയുമ്പോലെ വേദന!
“എന്നിട്ടോ മുത്തച്ഛാ.”
“കണ്ണുകൾ തുറക്കുമ്പോൾ ഞാൻ പരിചയമില്ലാത്ത ഏതോ മുറിയിലാണ് കിടക്കുന്നത്. നാലു കാലുള്ള കിടക്കയിൽ! മാർദവമുള്ള വിരിപ്പ്. കടുത്ത പനിയുണ്ടായിരുന്നു. കൈകാലുകൾക്ക് അസഹ്യമായ വേദന. എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു സ്ത്രീ കിടക്കക്കരികിൽ ഇരിക്കുന്നു. തുണി നനച്ച് എന്റെ നെറ്റിയും മുഖവും തുടച്ചുകൊണ്ടിരിക്കുകയാണവർ.”
“കുട്ടിക്ക് ബോധം തെളിഞ്ഞല്ലോ!” അവർ പറയുന്നത് കേട്ടു.
“മുറിയിൽ വേറെയും ആളുകൾ ഉണ്ടെന്ന് മനസ്സിലായി. എന്നെ രക്ഷപ്പെടുത്തിയ ആളുടെ വീടായിരുന്നു അത്. ആ സ്ത്രീ അയാളുടെ ഭാര്യയും. രണ്ട് ചെറിയ പെൺകുട്ടികൾ, അവരുടെ മക്കൾ, കിടക്കക്കിരുവശവും നിന്ന് എന്നെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ നാണിച്ചു കണ്ണുകളടച്ചു. ആ കിടപ്പിൽ വീണ്ടും ഉറങ്ങിപ്പോയി.”
മാരുതി ശ്വാസം പിടിച്ചിരുന്ന് കഥ കേൾക്കുകയാണ്.
“ഉണർന്നപ്പോഴേക്കും പനി വിട്ടിരുന്നു. ഞാൻ പതിയെ കിടക്ക വിട്ടെഴുന്നേറ്റു. അപ്പുറത്ത് ആളുകൾ സംസാരിക്കുന്നത് കേൾക്കാം. നോക്കിയപ്പോൾ തലേന്ന് കണ്ട നാലുപേർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു! ഒപ്പം വേറെ രണ്ടുപേരും.”
മാരുതി ഞെട്ടി. മുത്തശ്ശന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൻ ചോദിച്ചു. “ഒരുമിച്ചിരുന്ന്? അപ്പോൾ...അപ്പോൾ മുട്ടുകാപ്പ്?”
“അതേ, അവർ ആരുംതന്നെ മുട്ടുകാപ്പ് ധരിച്ചിട്ടുണ്ടായിരുന്നില്ല. കൈമുട്ടുകൾ നഗ്നമായിരിക്കുന്നത് ആ നാട്ടിൽ അശ്ലീലമല്ല. മാത്രമല്ല, അവർ അരയ്ക്കു കീഴ്പ്പോട്ടും വസ്ത്രം ധരിച്ചിരുന്നു. അത് വൻകരയാണ്. ഇവിടം പോലെ നാലു ദിക്കിലും കടലില്ലാത്ത ഇടം! അരയ്ക്കു താഴെ അനാവൃതമാകുന്നത് അവിടെ അശ്ലീലമാണത്രേ. ഞാനാകെ അമ്പരന്നുപോയി. ഉറക്കത്തിലെപ്പോഴോ അവർ എന്നെയും അരയ്ക്കു താഴേക്ക് എന്തോ ഉടുപ്പിച്ചിരുന്നു. നടക്കുമ്പോൾ പലപ്പോഴും ഞാൻ കാൽതട്ടി വീഴാൻ പോയി.”
ജാമൂതൻ ആവേശത്തോടെ തുടർന്നു. “ഭക്ഷണം കഴിക്കുന്നത് രഹസ്യമായി വേണമെന്ന നിയമം അവിടെയില്ല. എവിടെയും മുട്ടുകൾ മടക്കി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഉപകരണങ്ങളൊക്കെയും. നടക്കാൻ പ്രായമാകാത്ത കുട്ടികളെ കൈമുട്ടുകൾ മടക്കി വട്ടത്തിൽ ചുറ്റിപ്പിടിച്ചാണ് അവർ കൊണ്ടുനടക്കുക, വലിക്കുന്ന വണ്ടിയിലല്ല. അമരിയിൽ നഗ്നമായ കൈമുട്ടുകൾ അന്യരെ കാട്ടുന്നത് അശ്ലീലമാണെന്നു കേട്ട് അവർ ഏറെനേരം ചിരിച്ചു. അരയ്ക്കു താഴോട്ട് വസ്ത്രം ധരിക്കുന്നത് നമുക്ക് മ്ലേച്ഛമാണെന്നു പറഞ്ഞപ്പോൾ അവർ വായ പൊളിച്ചിരുന്നു പോയി.”
മാരുതിയുടെ കണ്ണുകൾ വിടർന്നു! ജാമൂതൻ തുടർന്നു.
“മോനേ, രസമെന്താണെന്നാൽ ആരെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഒളിഞ്ഞുനോക്കുന്ന മനോരോഗികൾ അവിടെയില്ല. എന്നാൽ, ആളുകൾ അടിവസ്ത്രം മാറ്റുമ്പോൾ ഒളിഞ്ഞു നോക്കുന്നവരുണ്ടത്രേ! ഒന്നാലോചിച്ചു നോക്കൂ. മറഞ്ഞിരിക്കുന്നത് കാണാനാണ് എവിടെയും ആളുകൾക്ക് ത്വര! നമ്മുടെ അമരിയെപ്പറ്റി ഞാൻ പറഞ്ഞതൊക്കെ അവർ അതിശയത്തോടെ കേട്ടിരുന്നു. പ്രാകൃതരായ കുറെ അരമറയ്ക്കാത്ത ക്രൂരമനുഷ്യർ ജീവിക്കുന്ന സ്ഥലമാണത്രേ അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ അമരി!”
മാരുതിയുടെ മുഖത്തെ അമ്പരപ്പ് അസ്വസ്ഥതക്ക് വഴിമാറി.
“പ്രാകൃതരോ?”
“അതേ, അവിടെനിന്നും എപ്പോഴോ വൻകരയിൽനിന്നും അമരിയുടെ മുനമ്പിലേയ്ക്ക് എത്തപ്പെട്ടവരെ പൊന്തക്കാടുകൾക്കുള്ളിൽ മറഞ്ഞിരുന്ന് അമ്പെയ്തു കൊന്ന് ചുട്ടുതിന്നുന്ന മനുഷ്യത്തീനികളാണത്രെ നമ്മൾ!
കാറ്റിന്റെ ശക്തിയിൽ അമരിയുടെ ഭാഗത്തേക്ക് വഴിമാറിവന്ന ചെറിയ പായ്ക്കപ്പലിലാണ് അവരെന്നെ രക്ഷിച്ചെടുത്തത്. അമരിക്കാർ കണ്ടാൽ അപകടമാണെന്ന ഭയത്തിൽ തുഴഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഞാനപകടത്തിൽ പെടുന്നതവർ കണ്ടത്.”
മാരുതി ഒന്നിളകിയിരുന്നു. “എന്തൊക്കെയാണീ കേൾക്കുന്നത്!”
“അടുത്തദിവസം രാത്രി ആ കപ്പലിൽ തുഴക്കാരുമായി അവരെന്നെ മനുഷ്യത്തീനിമുനമ്പെന്ന് വിളിക്കുന്ന അമരിയിലേക്ക് തിരികെയെത്തിച്ചു. ദാ മാരൂ, നീ ഇതുവരെ കപ്പൽ കണ്ടിട്ടില്ലല്ലോ. അത് മരം കൊണ്ടുണ്ടാക്കിയതാണ്. കാണാൻ ദാ ഇങ്ങനെയുണ്ടാവും. പെരുംതോണി എന്നാണ് ചിലർ വിളിക്കുക. കപ്പലിന് അതിലും വലിപ്പമുണ്ടാകുമത്രേ.”
അയാൾ കൈപ്പത്തികൾ നീട്ടി കൂട്ടിപ്പിടിച്ച് തോണിയുടെ രൂപമുണ്ടാക്കി.
“ചില പ്രത്യേകയിനം മരങ്ങൾകൊണ്ടാണ് തോണിയുണ്ടാക്കുക. അത് വെള്ളത്തിൽ പൊങ്ങിക്കിടക്കും. കാറ്റ് അനുകൂലമാണെങ്കിൽ പായ വിടർത്തി വയ്ക്കും. അല്ലെങ്കിൽ പരന്ന തടിക്കഷണങ്ങൾകൊണ്ട് പതിയെപ്പതിയെ വശങ്ങളിലേക്ക് തുഴഞ്ഞ് അത് വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീക്കാം. അവർക്ക് കൈമുട്ടുകൾ മടക്കാൻ കഴിയുമല്ലോ!”
ഏതോ മുത്തശ്ശിക്കഥ കേൾക്കുംപോലെ തോന്നി മാരുതിക്ക്.
“മുനമ്പിലെ കാവലില്ലാത്ത കുറുക്കുവഴിയിലൂടെ വീട്ടിലെത്തിയപ്പോൾ വെളിച്ചമുണ്ടായിരുന്നില്ല. ഞാൻ പതിയെ വാതിലിൽ മുട്ടി.”
നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്ന അച്ഛന്റെ മുഖം... മൂന്നുനാല് ദിവസങ്ങൾകൊണ്ട് അച്ഛനാകെ മാറിയിരുന്നു. ഇരുണ്ട് കുഴിയിലാണ്ട കണ്ണുകൾ!
അമ്മ നിലവിളിയോടെ ഓടിയിറങ്ങിവന്ന് എന്നോട് ചേർന്നുനിന്ന് എന്റെ നെറ്റിയിലേക്ക് നെറ്റിമുട്ടിച്ചു. അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ശ്ശ്... നീയിങ്ങനെ ഒച്ചവയ്ക്കല്ലേ...” അച്ഛൻ എന്നോടും അമ്മയോടും ചേർന്നുനിന്നുകൊണ്ട് മന്ത്രിച്ചു.
“ഒച്ചയുണ്ടാക്കാതെ അകത്തേക്ക് പോരൂ.” എന്റെ കൂടെ വന്നവരെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ ഞങ്ങളോട് ചേർന്നുതന്നെ അകത്തേക്ക് കയറി.
“കൂടെ വന്നവർക്ക് ഭയമായിരുന്നു. നമ്മൾ മനുഷ്യരെ കൊന്നു തിന്നുന്നവരല്ലെന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ചെങ്കിലും നമ്മുടെ ആൾക്കാർ ഉണർന്നാൽ ആപത്താണ് എന്നവർക്കുറപ്പായിരുന്നു.”
അവർ മടങ്ങാൻ തിടുക്കം കൂട്ടി.
“യാത്ര പറയുമ്പോൾ അച്ഛൻ ശബ്ദമില്ലാതെ, എന്നെ രക്ഷിച്ചയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.’’
ചിലമ്പിച്ച ശബ്ദത്തിൽ ജാമൂതൻ തുടർന്നു.
“ഇറങ്ങാൻ നേരം അയാൾ എന്നെ കെട്ടിപ്പിടിച്ചു.”
കെട്ടിപ്പിടിക്കുന്നത് എങ്ങനെയെന്ന് കാട്ടാനെന്നവണ്ണം മുത്തച്ഛൻ കൈകൾ ഒന്നനക്കി! പിന്നെ അതിന്റെ നിരർഥകത ഓർത്താവണം, ആ ശ്രമം വേണ്ടെന്നുെവച്ചു.
“എന്റെ നിറുകയിൽ ഒന്ന് തലോടി, ശബ്ദമില്ലാതെ, വഴികാട്ടാൻ പോകുന്ന അച്ഛനൊപ്പം അവർ ഇരുട്ടിലേക്കിറങ്ങി...”
ജാമൂതന്റെ ഒച്ച വല്ലാതെയിടറി.
“മൂന്നുനാല് ദിവസം മാത്രം പരിചയമുള്ള മനുഷ്യരുടെ യാത്രപറച്ചിൽ നെഞ്ചിലുണ്ടാക്കിയ വിങ്ങൽ! ഓഹ് മോനേ, മാരൂ... മനുഷ്യർ... സ്നേഹിക്കാൻ മാത്രം പഠിക്കേണ്ടവർ... ഏതെല്ലാം വേലിക്കെട്ടുകൾകൊണ്ട് ഹൃദയത്തിന്റെ നിഷ്കളങ്കതയെ അറുത്തുമുറിച്ച് തടവിലാക്കുന്നു!’”
നെഞ്ച് തടവിക്കൊണ്ടയാൾ തുടർന്നു.
“തീരത്തിനടുത്തു കണ്ട തോണിക്കാർ എന്നെ രക്ഷിച്ചിട്ടുണ്ടാവണം എന്ന പ്രതീക്ഷയിലായിരുന്നു അച്ഛൻ. പക്ഷേ, കടൽ കടക്കുന്നവരെ ഭ്രഷ്ട് കൽപിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ ഈ സംഭവം ആരോടെങ്കിലും പറയുന്നതിൽനിന്നും അച്ഛൻ എന്നെ വിലക്കി.”
മാരുതിക്ക് ശ്വാസം വിലങ്ങിപ്പോയി! മുത്തച്ഛനന്ന് രക്ഷപ്പെട്ടിരുന്നില്ലെങ്കിൽ! അല്ലെങ്കിൽ അമരിയിൽനിന്നും ഭ്രഷ്ടനായിപ്പോയിരുന്നെങ്കിൽ!
‘ഹോ, ആലോചിച്ചിട്ട് മേല് പെരുക്കുന്നു.’
മുത്തച്ഛൻ കഥ തുടർന്നു. “അതിനുശേഷം എനിക്കൊരിക്കലും നമ്മുടെ ദ്വീപിനെ, ഇവിടത്തെ നിയമങ്ങളെ പഴയതുപോലെ കാണാനായില്ല. നാമൊരിക്കലും അവയെ ചോദ്യം ചെയ്യാതിരിക്കാൻ, ചുറ്റിനുമുള്ള ലോകം എങ്ങനെയെന്ന് പഠിക്കാതെയിരിക്കാൻ, നമ്മെ ഭയപ്പെടുത്തി തളച്ചിട്ടിരിക്കുകയാണ്. നിയമങ്ങളും മാമൂലുകളുംകൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുകയാണ്.”
ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്ന മുത്തച്ഛനെ മാരുതി ആരാധനയോടെ നോക്കി.
“നിനക്കറിയുമോ കുഞ്ഞേ, ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത് എന്താണെന്ന്? അറിവില്ലായ്മ! ഈ വിഡ്ഢിത്തങ്ങളെ ചോദ്യംചെയ്യണം എന്നൊക്കെ കരുതിയിരുന്നു. പലയിടത്തും തുറന്നുപറഞ്ഞിട്ടുമുണ്ട്. പക്ഷേ... അതിന്റെ പ്രത്യാഘാതങ്ങൾ...” അയാൾ തളർച്ചയോടെ ഇരിപ്പിടത്തിൽ പുറകിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു.
ഏതാനും നിമിഷങ്ങൾക്കു ശേഷം ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്തു...
“നമ്മൾ മാത്രമല്ല അനുഭവിക്കുക...”
മാരുതി ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. വിളറിയ വെളുപ്പിൽ വിരിക്കപ്പെട്ടിരുന്ന പകലിന്റെ പുതപ്പിനുമേൽ കിഴക്കു നിന്നും തട്ടിത്തൂവിയ കറുത്ത മഷി താഴേക്ക് പരന്നൊഴുകിത്തുടങ്ങിയിരിക്കുന്നു.
മഴയുടെ തുടക്കമറിയിച്ചുകൊണ്ട് ഒരു തുള്ളി തണുത്ത വെള്ളം നെറുകയിലേക്ക് വീണപ്പോഴാണ് ഇമചിമ്മാതെ കഥ കേട്ടിരുന്ന തേജസ് ഞെട്ടിയത്. നേരം നന്നേ വൈകിയിരിക്കുന്നു. അയാൾ ചുറ്റും നോക്കി. അഥർവൻ ശാന്തനായി കാലുകൾ പിണച്ചു നീട്ടി, കൈകൾ പിറകിലേക്ക് കുത്തി ആ പാറപ്പുറത്തിരുന്നിരുന്നു. അയാൾക്കീ ചരിത്രം മുൻപേയറിയാമല്ലോ.
“തേജസ്, നിനക്കറിയാമോ?” മാരുതി തുടർന്നു.
“ചെറുപ്പത്തിൽ ഞാനാ സംഭവങ്ങളുടെ പൂർണമായ അർഥം ഗ്രഹിച്ചിരുന്നില്ല. ഒന്നാലോചിച്ചാൽ നാമെല്ലാം ആചാരങ്ങളുടെ, സംസ്കാരത്തിന്റെ തടവുകാരാണ്.”
ഉറക്കത്തിൽനിന്നും ഉണർന്നിട്ടെന്നപോലെ അവൻ പെെട്ടന്ന് മുന്നോട്ടാഞ്ഞിരുന്നു തേജസിന്റെ മുഖത്തേക്ക് വിരൽചൂണ്ടി.
“അമരിയിൽ കൈമുട്ടുകൾക്ക് പകരം മുഖം പുറത്തുകാട്ടുന്നത് ആചാരങ്ങൾക്ക് വിരുദ്ധമായിരുന്നെങ്കിൽ സ്വന്തം അച്ഛനമ്മമാരുടെ മുഖങ്ങൾപോലും നമുക്ക് ഓർമയുണ്ടാകുമോ? ആളുകൾ ഭക്ഷണം കഴിക്കാൻ മുഖാവരണം അഴിച്ചു മാറ്റുമ്പോൾ മനോരോഗികൾ ഒളിഞ്ഞുനോക്കിയേക്കാം. അല്ലേ? പക്ഷേ, അപ്പോളവർ കൈമുട്ടുകളെ ശ്രദ്ധിക്കില്ലെന്നുറപ്പ്. ചില മനോരോഗങ്ങളുടെയെങ്കിലും മൂലകാരണം ഇത്തരം സാമൂഹിക സദാചാര നിയമങ്ങളുടെ വികലമായ അടിച്ചേൽപിക്കലല്ലേ? നിയമങ്ങളിനി ഉദ്ദേശശുദ്ധി ഉള്ളവയാണെങ്കിലും..?”
“ഹോ, മാരുതീ, നീയെന്നെ വട്ടു പിടിപ്പിക്കും!” തേജസ് രണ്ടു കൈകളും തലയിൽ െവച്ച് നിലവിളിച്ചുപോയി.
“ഇന്നിനി മതി, ബാക്കി നാളെ.’’ ഇത്രയും നേരം മൗനമായി കേട്ടിരുന്ന അഥർവനാണത് പറഞ്ഞത്.
അവർ വീടുകളിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിന്റെ നീളൻ വിരലുകൾ അവസാനത്തെ തീച്ചുവപ്പിൽ സതിയനുഷ്ഠിക്കാൻ ഒരുമ്പെടുന്ന സന്ധ്യയുടെ നീണ്ട മുടിയിഴകളെ കൈപ്പിടിയിലൊതുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
സഭ
“മൂന്നു പേരാണ് സംഘത്തലവന്മാർ. മാരുതി എന്നയൊരുത്തനാണ് പ്രധാനി. പിന്നെ അഥർവൻ, തേജസ് എന്നിങ്ങനെ രണ്ടു പേർ. യുവാക്കളിൽ പലരും അവരുടെ പ്രചാരണം കേട്ട് മുട്ടുകാപ്പ് ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അതിർത്തിയിലുള്ള കാവൽ മുറിച്ച് കടൽ കടക്കാനുള്ള ശ്രമങ്ങളുമുണ്ടായിരിക്കുന്നു. ഇനിയിതനുവദിക്കാനാവില്ല.”
അമരിയുടെ അധിപന്മാരുടെ യോഗത്തിൽ പ്രമാണിമാരിലൊരാൾ കടുപ്പത്തിൽ ഇത്രയും പറഞ്ഞിട്ട് അധ്യക്ഷനെ നോക്കി.
ഉറങ്ങുകയാണോ എന്നറിയില്ല. മുഖത്ത് യാതൊരു ഭാവഭേദവുമില്ല. അകത്ത് ആളുണ്ടായിട്ടും ഏറെനേരം മുട്ടിയിട്ടും തുറക്കാത്ത വാതിലിൽ നോക്കി പൊരിവെയിലത്ത് നിൽക്കുന്ന അവസ്ഥ! ഉള്ളിൽ കലി ചുരമാന്തുന്നതിന്റെ ചുളിവുകൾ പ്രമാണിയുടെ മുഖത്ത് മിന്നിമാഞ്ഞു.
“നമ്മൾ നിഷ്ക്രിയരായി ഇരുന്നാലെങ്ങനെയാണ്? വൻകരക്കാരുമായുള്ള സംസർഗം ദോഷമേ ഉണ്ടാക്കൂ എന്നറിയില്ലേ? ഇനി ലോകത്തുള്ളവർ മുഴുവൻ കാട്ടുന്ന മൂഢത്തരങ്ങൾ പഠിച്ചെടുത്ത് ഇവിടെ കൊണ്ടുവന്ന് പ്രയോഗിക്കുന്നതുവരെ നമ്മളിങ്ങനെ മിണ്ടാതിരിക്കണോ?”
അധ്യക്ഷൻ കണ്ണുകൾ തുറന്നു. പതിയെ പ്രമാണിയുടെ മുഖത്തേക്കവ നീണ്ടു. ചൂണ്ടയിൽ കുരുങ്ങിയ മീനിനെപ്പോലെ പ്രമാണിയൊന്നു പുളഞ്ഞു. ആരോ കഴുത്തിൽ പിടുത്തമിട്ടമാതിരി! ശബ്ദം നഷ്ടപ്പെട്ട പോലെ അയാൾ ഇരിപ്പിടത്തിൽ അമർന്നു.
മറ്റൊരു മധ്യവയസ്കൻ സംസാരിച്ചു തുടങ്ങി. “വിവാഹരാത്രിയിൽ വധൂവരൻമാരുടെ സംയോഗം ഉറപ്പുവരുത്താൻ നമ്മളവരുടെ മുറിയിൽ പ്രവേശിക്കുന്നത് നിർത്തണമെന്നൊക്കെയാണ് പുതിയ നിബന്ധനകൾ! ഇതെന്താണിവിടെ നടക്കുന്നത്? നടപടികൾ കണ്ടറിഞ്ഞ് വേണ്ട നിർദേശങ്ങൾ കൊടുക്കണ്ട എന്നാണോ? ഈ ഇളംപ്രായക്കാർ എന്തെങ്കിലും വിഡ്ഢിത്തം കാട്ടിയിട്ട് അതിൽനിന്നും കുലം മുടിക്കുന്ന സന്തതികളുണ്ടായാലോ? ദേഷ്യം വന്നിട്ട്... ഹോ, ഇതിനൊരു തീർപ്പുണ്ടാക്കാതെ പറ്റില്ല.’’
ഇതുവരെ സംസാരിക്കാതെയിരുന്ന ഒരാൾ വായതുറന്നു. “വിധവകളെ മുണ്ഡനംചെയ്ത് തെരുവിലൂടെ നടത്തുന്നത് നിർത്തണം. അവരെ അടിമകളാക്കി വീട്ടുജോലികൾ ചെയ്യിക്കുന്നതും നിർത്തണമത്രേ! പിന്നെയാരാണ് വീട്ടുജോലികൾ ചെയ്യേണ്ടത്?”
പലരും ഒരേ സമയം സംസാരിക്കാനും പരാതി പറയാനും ആരംഭിച്ചു.
“ശാന്തരാകൂ...” അധ്യക്ഷന്റെ ശാന്തഗംഭീരമായ ശബ്ദം. മറ്റ് ശബ്ദങ്ങൾ പിടിച്ചു കെട്ടിയതുപോലെ നിന്നു. “മൂന്നുപേരെയും നമ്മുടെ ആളുകൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.”
“ഞാൻ പറയാനുള്ളത് പറഞ്ഞു. ഇതെവിടെച്ചെന്ന് അവസാനിക്കുമോ എന്തോ.” ആദ്യം സംസാരിച്ചയാൾക്ക് ശബ്ദം വീണ്ടുകിട്ടിയതായിത്തോന്നി.
“മുഖ്യസ്ഥാനത്തു നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ശാന്തരായിരിക്കുക. നമുക്ക് നോക്കാം.”
അധ്യക്ഷൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. ചർച്ച അവസാനിച്ചിരിക്കുന്നു എന്ന സൂചന മനസ്സിലാക്കിയ പ്രമാണിമാർ ഓരോരുത്തരായി പിരിഞ്ഞുപോയി.
അധ്യക്ഷൻ വീണ്ടുമാരെയോ പ്രതീക്ഷിച്ച് ഇരിപ്പുറപ്പിച്ചു. അധികം വൈകാതെ വാതിലിൽ മുട്ടുകേട്ടു.
വാതിൽ തുറന്നപ്പോൾ പുറത്തുനിന്നയാൾ സാവധാനം ഉള്ളിലേക്ക് കടന്നു. ചുമലിൽ ചുറ്റിയിരുന്ന കറുത്ത ശിരോവസ്ത്രത്തോടെയുള്ള അങ്കി ഊരി ഇരിപ്പിടത്തിൽ വിരിച്ച് അതിലേക്കിരുന്നു. അധ്യക്ഷൻ വിനയത്തോടെ നിന്നതേയുള്ളൂ.
‘“ആളുകളെല്ലാം ഇളകിയിരിക്കുകയാണ്. മാരുതിയുടെ സംഘത്തിനെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. മുഖ്യസ്ഥാനത്തുനിന്ന് എന്തെങ്കിലും തീർപ്പ് കൽപ്പിച്ചിരുന്നെങ്കിൽ...” അധ്യക്ഷൻ പറഞ്ഞു.
“ഉം നോക്കാം. സമയമായിട്ടില്ല.”
അനിഷ്ടത്തോടെയെങ്കിലും അധ്യക്ഷനത് തലകുനിച്ച് സ്വീകരിച്ചു.
പുറത്ത് ആകാശം നരച്ചുതുടങ്ങിയിരുന്നു. കൊടുങ്കാറ്റിന്റെ ഇരമ്പം മനുഷ്യർക്കും മുമ്പേയറിഞ്ഞ ജീവജാലങ്ങൾ മാളങ്ങളിലൊളിച്ചു. തണുത്ത കാറ്റ്. കാർമേഘങ്ങളിൽ ചുരുണ്ട് പതുങ്ങിയിരുന്ന മഴനാരുകൾ ജീവൻെവച്ച് വിഷസർപ്പങ്ങളെപ്പോലെ പുറത്തേക്കിഴഞ്ഞിറങ്ങി. അസുഖകരമായ എന്തോ സംഭവിക്കാൻ പോകുന്നതുപോലെ! പ്രകൃതിയുടെ വന്യമായ, കപടമായ ശാന്തതയിലേക്ക് വാതിൽ തുറന്നിറങ്ങി അതിഥി നിഴൽപോലെ നടന്നുമറഞ്ഞു.
ഭ്രഷ്ടർ
“നീയവനെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുകയാണ്.” ചമ്രകന്റെ വിറയ്ക്കുന്ന ചിലമ്പിച്ച ഒച്ചയുയർന്നു.
“വലിയ അനർഥങ്ങൾ ക്ഷണിച്ചുവരുത്തരുത്. ഇവൻ എല്ലാവരിൽ നിന്നും അകറ്റപ്പെടും. ഭ്രഷ്ടനാകും. അത് വേണോ? നീ ആലോചിക്ക്.” പാതി അപേക്ഷയും പാതി ഭീഷണിയുമായ സ്വരത്തിലയാൾ മകനോടു പറഞ്ഞു.
“ഒരിക്കലുമില്ല. അവന്റെ അച്ഛനായ ഞാനുള്ളപ്പോൾ അവനെങ്ങനെ ഒറ്റയ്ക്കാകും?”
ബാതി പുച്ഛത്തോടെ ചിരിച്ചു.
“മുട്ടുകാപ്പ്! ക്രാ ത്ഫൂ..”
അവൻ കാർക്കിച്ചു തുപ്പി.
തുപ്പൽ മുഖത്ത് പതിച്ച കണക്കെ ചമ്രകൻ വിവർണനായി. അനേകം തലമുറകൾ കൈമാറിക്കിട്ടിയ, സ്വർണത്തിൽ ചുവന്ന പവിഴക്കല്ലുകൾ പതിച്ച കുഞ്ഞു മുട്ടുകാപ്പുകൾ ചുവന്ന പട്ടുതുണിക്കെട്ടിൽ അയാളുടെ കൈകളിലിരുന്ന് വിറച്ചു.
“ഇവനെ കാപ്പേറ്റണ്ട. നാട്ടിലിനി ഈ ചടങ്ങ് നടക്കാൻ ഞങ്ങളനുവദിക്കില്ല. എന്റെ മകൻ അർഥശൂന്യമായ ആചാരവൈകൃതങ്ങൾക്ക് ഇരയായി വളരണ്ട. അവൻ സ്വതന്ത്രനായി വളരട്ടെ. ബുദ്ധികൊണ്ട് ചിന്തിക്കാൻ പഠിക്കട്ടെ. അല്ലെങ്കിലീ നാട് അധികാരമോഹികളുടെ താളത്തിനു തുള്ളുന്ന മരപ്പാവകളുടെ തടവറയായിത്തന്നെ തുടരും.”
ചടങ്ങിൽ സംബന്ധിക്കാനെത്തിയ ആളുകളെ നോക്കി ബാതി ഗർജിച്ചു.
‘‘സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മൂല്യം സംരക്ഷിക്കാൻ ഇന്നേക്ക് നാലാംനാൾ പൗർണമി ദിവസം മുതൽ അമരിനിവാസികൾ പൂർവികരെപ്പോലെ നാലുകാലിൽ നടക്കുമെന്ന്! ഇതുവരെ ഞാൻ സഹിച്ചിരുന്നു. ഇനി വയ്യ! പിന്നോട്ടു പ്രയാണം നടത്തുന്ന സമൂഹത്തിലല്ല ഇവൻ വളരേണ്ടത്. ഞങ്ങൾ ഇരുകാലികൾ രണ്ടുകാലിൽത്തന്നെ നടക്കും.”
അവനൊരു പ്രത്യേക താളത്തിൽ കൈകൾ മുന്നോട്ടും പുറകോട്ടും ചലിപ്പിക്കാൻ തുടങ്ങിയതോടെ മുട്ടുകാപ്പുകൾ ‘ക്ടിൻ’ എന്നൊരൊച്ചയോടെ തുറന്ന് കൈത്തണ്ടകളിലേക്ക് ഊർന്നിറങ്ങി. അനാവൃതമായ കൈമുട്ടുകളുടെ വിളറിവെളുത്ത തൊലിയിൽത്തട്ടി സായാഹ്ന സൂര്യകിരണങ്ങൾ ആയിരം നുറുങ്ങുകളായിച്ചിതറി.
കണ്ടുനിന്നവരുടെ നെറ്റി ചുളിഞ്ഞു. സ്ത്രീകൾ കണ്ണുകൾ പൊത്തി മുഖംതിരിച്ചു. കൗമാരക്കാരിൽ ചിലർ വായപൊത്തിച്ചിരിച്ചു. മുട്ടുകാപ്പുകൾ ഊരിയെടുത്ത് ബാതി അച്ഛന്റെ കാൽക്കൽ െവച്ചു. ആൾക്കൂട്ടത്തിൽ നിന്നുമുയർന്ന മുറുമുറുപ്പുകൾ കറുത്തിരുണ്ട എട്ടുകാലികളെപ്പോലെ നിരത്തിലേക്ക് അരിച്ചിറങ്ങിപ്പരന്നു.
നിലത്ത് ചമ്രംപടിഞ്ഞിരുന്ന കർമിയുടെ മടിയിൽനിന്നും മൂന്നുമാസം പ്രായമുള്ള മകനെ തട്ടിപ്പറിക്കുംപോലെ പിടിച്ചെടുത്തു നെഞ്ചോട് ചേർത്തുകൊണ്ട് ബാതി വേദിയിൽനിന്നുമിറങ്ങി നടന്നു.
“ബാതിയും കുഞ്ഞും ഭ്രഷ്ടരാക്കപ്പെട്ടിരിക്കുന്നു! അയാൾ കൈമുട്ടുകൾ നഗ്നമാക്കി മുതിർന്നവർക്കിടയിൽ പ്രദർശിപ്പിച്ചു.”
കേട്ടവർ മൂക്കത്ത് വിരൽവച്ചു. ‘ചമ്രകന്റെ മകൻ!’
“ഹോ വല്ലാത്തെരു കാലംതന്നെ. ഇത്ര നല്ലൊരു പയ്യൻ! നാണവും മാനവുമില്ലാത്ത ആ മാരുതിയോട് കൂടി നടന്നതിന്റെ ഫലം!” വൃദ്ധർ പരിതപിച്ചു.
മുഖ്യസ്ഥാനത്തുനിന്നും എത്തിയ ഇലച്ചാർത്ത് അധ്യക്ഷൻ ഒന്നുകൂടി വായിച്ചു.
“സമയമായിരിക്കുന്നു.” അയാൾ മുഖമുയർത്തി ദൂതനെ നോക്കി.
ദൂതൻ പറഞ്ഞു.
“ചമ്രകൻ പേരക്കുഞ്ഞിന്റെ ഭ്രഷ്ട് തള്ളാൻ മകനെതിരെ പരാതി തന്നിരിക്കുന്നു. നാളെ കവലയിലെ ആൽമരത്തിനു താഴെ യോഗം നടക്കുന്നുണ്ടത്രേ. അവിടെവച്ച് അമ്പത് ചെറുപ്പക്കാർ മുട്ടുകാപ്പുകൾ ഉപേക്ഷിക്കുന്നു.’’
“ഓഹ് ഇതിലും നല്ലൊരവസരം കിട്ടാനില്ല. തെളിവും സാക്ഷികളുമടക്കം നാളെത്തന്നെ അവരെ പിടികൂടണം.” അധ്യക്ഷന്റെ കണ്ണുകൾ തിളങ്ങി.
കേതകി
കേതകി ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു. വിറയ്ക്കുന്ന കൈകൾ ജനങ്ങൾക്കു നേരേ ഉയർത്തിക്കാട്ടി. നിശ്ശബ്ദത!
“അമരിയുടെ ചരിത്രത്തിൽ മുട്ടുകാപ്പുകൾ എന്നാണ് കടന്നുവന്നത്?”
അവരുടെ ചിലമ്പിച്ച ഒച്ച കോട്ടയുടെ ഉൾച്ചുവരുകളിൽത്തട്ടി നാലു മടങ്ങായി ഉയർന്നു. ഒരേസമയം നാലുപേർ സംസാരിക്കുമ്പോലെ!
കേതകി തിരിഞ്ഞ് മാരുതിയെ നോക്കി.
“ദ്വീപിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന അധ്യക്ഷന്റെ അച്ഛൻപെങ്ങളാണ് നിങ്ങൾ. ശരിയുടെ പക്ഷത്ത് നിങ്ങളുണ്ടെങ്കിൽ മറുത്താരും ഒന്നും പറയില്ല.
തലേരാത്രിയിൽ മാരുതി പറഞ്ഞ വാക്കുകളോർത്ത് അവരൊന്നു പുഞ്ചിരിച്ചു.
തിരിഞ്ഞ് ജനങ്ങളെ നോക്കി അവർ ചോദ്യമാവർത്തിച്ചു.
“ആചാരങ്ങളും പൈതൃകവും സംരക്ഷിക്കാൻ പടവെട്ടുന്ന നമ്മൾ അവയുടെ ഉത്ഭവത്തെപ്പറ്റി എപ്പോഴെങ്കിലും പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം അവ ആരംഭിച്ചതെങ്ങനെ എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?”
മൗനമുടുത്ത് ലജ്ജ മറയ്ക്കാൻ ശ്രമിക്കുന്ന അമരിയോടായി അവർ തുടർന്നു.

“മാരുതിയുടെ മുത്തച്ഛൻ... അയാളുടെ പുരോഗമനവാദം അംഗീകരിക്കാൻ വിസമ്മതിച്ച എന്റെയച്ഛൻ, അന്നത്തെ മുഖ്യസ്ഥാനം, നിശ്ചയിച്ചുറപ്പിച്ച ഞങ്ങളുടെ വിവാഹത്തിൽനിന്നും എന്നെ വിലക്കി. ഉറപ്പിച്ച വിവാഹത്തിൽനിന്നും പിന്മാറുന്ന സ്ത്രീയെ അമരിയിൽ മറ്റൊരാൾ സ്വീകരിക്കില്ല എന്നറിഞ്ഞിട്ടും... ആചാരങ്ങൾ... അവയായിരുന്നു അച്ഛന് വലുത്... ഞാനുമതനുസരിച്ചു ജീവിച്ചു...”
മാരുതിയും അഥർവനും തേജസും നടുക്കത്തോടെ മുഖമുയർത്തി പരസ്പരം നോക്കി.
മുത്തച്ഛന്റെ വാക്കുകൾ ഓർമവന്നു. “അതിന്റെ പ്രത്യാഘാതങ്ങൾ. നമ്മൾ മാത്രമല്ല അനുഭവിക്കുക...” ഒരായുസ്സിന്റെ വേദന അവയിൽ നിറഞ്ഞിരുന്നോ? മാരുതിയുടെ നെഞ്ച് വിങ്ങി.
കാലത്തിന്റെ നഖങ്ങൾ കോറിയെടുത്ത ചുളിവുകൾ നിറഞ്ഞ മുഖമുയർത്തി ഒരിടർച്ചയോടെ ആ വൃദ്ധ തുടർന്നു.
“ന്യായം ഇവരുടെ പക്ഷത്താണെന്ന് തിരിച്ചറിഞ്ഞിട്ടും ജീവിതം മുഴുവനും പേറിയ വേദനയോട്, ഏകാന്തതയോട് പടവെട്ടി സ്വരുക്കൂട്ടിയ ആത്മാഭിമാനം നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന് ഞാനൊരു തീരുമാനമെടുക്കാൻ മടിച്ചു. പക്ഷേ ഇനി മൗനം തുടർന്നാൽ, സത്യത്തിനു നേരെ മുഖംതിരിച്ചാൽ, അടുത്ത തലമുറയും പ്രാകൃതരായിത്തന്നെ ഒടുങ്ങും. മുഖ്യസ്ഥാനത്തിന്റെ മൗനം മറയാക്കി സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ഈ കുട്ടികളെ നിങ്ങൾ ബലിയാടുകളാക്കരുത്.”
അവർ ആയാസപ്പെട്ട് ശ്വാസം നീട്ടിവലിച്ചു.
“ഇനിയൽപം ചരിത്രം...”
“നൂറ്റാണ്ടുകൾക്കുമുമ്പ് അമരിയിലെ ജനങ്ങളെ ഒരു രോഗം ബാധിച്ചു. കൈമുട്ടുകൾക്ക് താഴേക്കുള്ള അസ്ഥികൾ വളഞ്ഞുപോകുന്ന വിചിത്രമായ രോഗം. രണ്ട് ചികിത്സകളാണത്രേ അമരിയിലെ പ്രഗല്ഭരായ വൈദ്യന്മാരുടെ അന്വേഷണത്തിലന്ന് ഉരുത്തിരിഞ്ഞത്.
ഒന്ന്, പകൽനേരങ്ങളിൽ കൈമുട്ടുകൾ അനക്കാത്തവിധം ലോഹത്തകിടുകൾകൊണ്ടുള്ള കാപ്പുകൾ ധരിക്കുക.
രണ്ട്, ഏറ്റവുമടുത്ത ബന്ധുക്കൾ തമ്മിലുമുള്ള വിവാഹങ്ങൾ നിർത്തലാക്കുക.
നമ്മുടെ ജീവിതരീതികളും ഇവക്കനുസരിച്ച് ഏറെ മാറ്റേണ്ടിവന്നു. എന്നാൽ, ഈ സത്യം തലമുറകളുടെ പിന്തുടർച്ചയിലെവിടെയോ നഷ്ടപ്പെട്ടുപോകുകയും മുട്ടുകാപ്പ് ആചാരങ്ങൾക്കിടയിൽ സ്ഥാനം പിടിക്കുകയും ചെയ്തു...”
നടുക്കം ചെറിയ ഓളങ്ങളായി ജനക്കൂട്ടത്തിൽ പരന്നു...
കേതകി തുടർന്നു. “ഞാനീപ്പറഞ്ഞത് തെളിയിക്കുന്ന പഴയ രേഖകളാണിത്. മാരുതിയുടെയും കൂട്ടരുടെയും നീണ്ട അനേഷണത്തിന്റെ അവസാനമാണിവ ലഭിച്ചത്.”
അവർ ഒരുനിമിഷം നിർത്തി. പിന്നീട് കൊടുകാറ്റുപോലെ പറഞ്ഞുതുടങ്ങി.
“മുഖ്യസ്ഥാനത്ത് ആരെന്ന് വെളിപ്പെടുത്താൻ പാടില്ലെന്നത് അമരിയുടെ അലിഖിത നിയമം. പക്ഷേ, ഇന്നത് തെറ്റിച്ചേ മതിയാകൂ...”
കേതകിയുടെ ശബ്ദം കോട്ടയുടെ ചുവരുകൾക്കുള്ളിൽ അസാധാരണമാംവിധം മുഴങ്ങിക്കേട്ടു. ജനക്കൂട്ടം സ്തബ്ധരായി.
“ഇത് മുഖ്യസ്ഥാനത്തിന്റെ കൽപന. ഈ ചെറുപ്പക്കാരെ കുറ്റവിമുക്തരാക്കട്ടെ... തെറ്റുപറ്റിയാൽ തിരുത്താൻ കൂട്ടാക്കാത്തവരല്ല അമരിക്കാർ. നമ്മൾ മുട്ടുകാപ്പുകൾ ഇന്നിവിടെ ഉപേക്ഷിക്കുന്നു.”
അമരിയുടെ യുവത്വത്തിന്റെ ഒച്ച ഉയർന്നു മുഴങ്ങി.
‘മുഖ്യസ്ഥാനം വിജയിക്കട്ടെ... ന്യായം ജയിക്കട്ടെ...”
അനേകം മുട്ടുകാപ്പുകൾ തുറന്നു വീഴുന്ന ശബ്ദം!
അമരി ആദ്യമായി ഗാഢമായ ആലിംഗനത്തിന്റെ സുഖമറിഞ്ഞു.
കോട്ടയുടെ പിറകിലെ വാതിലിലൂടെ അധ്യക്ഷനും മൂന്നുനാല് പ്രമാണിമാരും നാലുകാലിൽ ഊർന്നിറങ്ങി ഇരുളിൽ മറഞ്ഞു.
“വരൂ... നിങ്ങൾക്ക് ഒരുപാടധ്വാനം ബാക്കിയുണ്ട്.” കേതകി മാരുതിയോട് പറഞ്ഞു. പടയാളികൾ മൂവരുടേയും കൈകളിലെ കെട്ടുകളഴിച്ചു. അവർ കേതകിക്കു പിന്നാലെ കോട്ടക്കു പുറത്തേക്ക് നടന്നു.
അമരിയുടെ ചക്രവാളങ്ങളിൽ പുതിയ സൂര്യൻ ഇരുണ്ട മേഘങ്ങൾക്കുമേൽ സ്വർണധൂളികൾ തൂകി ഉയർന്നുതുടങ്ങി.
