തള്ളവേദം

കോരിച്ചൊരിയുന്ന മഴ കോടയ്ക്കു വഴിമാറിയ ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏലത്തോട്ടത്തിനു നടുവിലുള്ള ആസ്ബസ്റ്റോസ് മേഞ്ഞ നാലുമുറി വീടിന്റെ വരാന്തയിലിരുന്ന് കിറിപൂട്ടാതെ ചുമയ്ക്കുന്നതിനിടയിൽ ഔസേപ്പച്ചൻ മുരണ്ടു. ‘‘കൊച്ചേ... ഒരിച്ചിരി കട്ടൻവെള്ളം.’’ ഉച്ചമയക്കത്തിലായിരുന്ന സിനി അതു കേട്ടില്ല. പതിവുപോലെ അവൾ ഒരു പേടിസ്വപ്നത്തിന്റെ ഒടുക്കത്തിലായിരുന്നു. അവളുടെ കൈകാലുകൾ മരയ്ക്കുകയും ശ്വാസോച്ഛ്വാസം ഉച്ചത്തിലാകുകയും ചെയ്തു. അനങ്ങാനാവാത്ത വിധം...
Your Subscription Supports Independent Journalism
View Plansകോരിച്ചൊരിയുന്ന മഴ കോടയ്ക്കു വഴിമാറിയ ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏലത്തോട്ടത്തിനു നടുവിലുള്ള ആസ്ബസ്റ്റോസ് മേഞ്ഞ നാലുമുറി വീടിന്റെ വരാന്തയിലിരുന്ന് കിറിപൂട്ടാതെ ചുമയ്ക്കുന്നതിനിടയിൽ ഔസേപ്പച്ചൻ മുരണ്ടു.
‘‘കൊച്ചേ... ഒരിച്ചിരി കട്ടൻവെള്ളം.’’
ഉച്ചമയക്കത്തിലായിരുന്ന സിനി അതു കേട്ടില്ല. പതിവുപോലെ അവൾ ഒരു പേടിസ്വപ്നത്തിന്റെ ഒടുക്കത്തിലായിരുന്നു. അവളുടെ കൈകാലുകൾ മരയ്ക്കുകയും ശ്വാസോച്ഛ്വാസം ഉച്ചത്തിലാകുകയും ചെയ്തു. അനങ്ങാനാവാത്ത വിധം ആരോ പിടിച്ചുെവച്ചിരിക്കുകയാണെന്ന തോന്നലിൽ അവൾ കുതറാൻ ശ്രമിച്ചു. ചലിക്കാനാവാതെ ഭയപ്പെട്ടു.
‘‘മോളേ... സിനിമോളേ...’’ തമിഴ് കലർന്ന സ്വരം ഉച്ചത്തിൽ തിണ്ണയിൽനിന്നുമുയർന്നപ്പോൾ അവൾ ഞെട്ടിയെഴുന്നേറ്റു. ചുറ്റും പകപ്പോടെ നോക്കി ആ പേടിസ്വപ്നം സത്യമായിരുന്നില്ല എന്നറിഞ്ഞ ആശ്വാസത്തോടെ വേഗം ഉമ്മറത്തേക്കു നടന്നു.
അവിടെ ഔസേപ്പച്ചനോടൊപ്പം കണ്ണയ്യ എന്ന പണിക്കാരൻകൂടി ഉണ്ടായിരുന്നു. അയാൾ ബഹുമാനത്തോടെ കൈകൾ പുറകിൽകെട്ടി ഒരൽപം മാറിനിൽക്കുകയാണ്. അമ്പതു വയസ്സോളം പ്രായം. നരച്ചുതുടങ്ങിയ ചുരുണ്ട മുടി. പഴുതാര മീശ. വൃത്തിയായി ക്ഷൗരംചെയ്ത മുഖം. അഞ്ചരയടി പൊക്കം. കഠിനാധ്വാനത്തിന്റെ പ്രതിഫലനമെന്നോണം പിഞ്ഞിത്തുടങ്ങിയ ഇറുകിയ ടീഷർട്ടിനുള്ളിൽ മുഴച്ചുനിൽക്കുന്ന മസിലുകൾ. കണങ്കാലിനു മുകളിൽ നിൽക്കുന്ന വരയൻ ലുങ്കി.
അവളെ കണ്ടപ്പോൾ വണങ്ങുന്നതുപോലെ തലയൊന്നു കുമ്പിട്ടിട്ട് ഒരു സ്റ്റീൽ പാത്രം ഏൽപിച്ചുകൊണ്ട് അയാൾ പറഞ്ഞു.
‘‘നല്ല തേനാ... ഇന്നയ്ക്ക് വിടികാലൈ കാട്ടിലിറുന്ത് എടുത്തത്. അയ്യാവുക്ക് വലിവ്ക്ക് റൊമ്പ നല്ലത്.’’
ഒരു ചെറുചിരി തിരികെ സമ്മാനിച്ച് അവളതുവാങ്ങി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഔസേപ്പച്ചൻ ചുമക്കിടയിലൂടെ പറഞ്ഞു.
‘‘ഇച്ചിരെ... ചൂടുവെള്ളം... തെളപ്പിച്ചു താ... കൊച്ചേ... ചൊമച്ചു ചൊമച്ച്... തൊണ്ണ ഒണങ്ങി.’’
‘‘ദേ... ഇപ്പക്കൊണ്ടുവരാം ചാച്ചാ...’’ സിനി വേഗം അടുക്കളയിലേക്ക് നടന്നു.
‘‘കൊഞ്ചം തേൻ കൂടെ സേർക്കു മോളെ... ചുമ ഒരു നിമിടത്തിൽ നിൽക്കും.’’ കണ്ണയ്യ പുറകിൽനിന്നും വിളിച്ചുപറഞ്ഞു.
സിനിയുടെ മനസ്സിലപ്പോഴും ആ പേടിസ്വപ്നമായിരുന്നു. അതെന്തായിരുന്നു എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ഗ്യാസ് ഓണാക്കി കാപ്പിക്ക് വെള്ളം െവച്ചശേഷം കണ്ണയ്യ കൊടുത്ത പാത്രം തുറന്നുനോക്കി. അരികിൽ മെറൂൺ കലർന്ന, വെണ്ണനിറമുള്ള റാട്ടുകൾ മുഴുവനായും പകുതിയായും അതിനുള്ളിലുണ്ടായിരുന്നു. പാതി മുറിഞ്ഞവയിൽനിന്ന് ചോര കിനിയുന്നതുപോലെ തേനൊഴുകുന്നു. കൂട്ടിെവച്ചതെല്ലാം വെറുതെയായിപ്പോയ തേനീച്ചകളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അവൾ കാപ്പിപ്പൊടി ടിന്നിൽനിന്നും ഒരു സ്പൂൺ നാടൻപൊടി അളന്നെടുത്ത് തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു. വെള്ളിനിറത്തിൽ തുള്ളിത്തുള്ളി നിന്ന വെള്ളം ഒന്നു പകച്ചശേഷം കാപ്പിപ്പൊടിയുടെ വർണഗുണങ്ങളെ സ്വന്തമാക്കി നൃത്തം തുടർന്നു.
ഒരു ചില്ലു ഗ്ലാസിൽ കാപ്പിയൊഴിച്ചെടുത്ത് സിനി ഉമ്മറത്തെത്തി.
“ഈ കർക്കിടകം... എന്നേം കൊണ്ടേ... പോകത്തോള്ളൂ.”
ഔസേപ്പച്ചൻ കൈകൾ പുറകിൽ കുത്തിയിരുന്ന് അകത്തേക്കു പോകാൻ മടിച്ചുനിൽക്കുന്ന ശ്വാസത്തെ ഉള്ളിലേക്കിറങ്ങാൻ സഹായിച്ചുകൊണ്ട് കണ്ണയ്യയോട് സങ്കടം പറയുകയായിരുന്നു. ഓരോ ശ്വാസത്തിനൊപ്പവും കഴുത്തിലെ ഞരമ്പ് എഴുന്നുനിൽക്കുകയും വയർ ഉള്ളിലേക്ക് കുഴിയുകയും വാരിയെല്ലുകൾ തെളിയുകയും ചെയ്യുന്നത് ദേഹം പകുതി മറച്ച ഷാളിനിടയിലൂടെ കാണപ്പെട്ടു. ഒപ്പം കൊച്ചുകുട്ടികൾ വിസിലൂതുന്നത് പോലെയൊരു ശബ്ദം പുറത്തേക്കെത്തി.
അവൾ അയാളെ ആയാസപ്പെടുത്താതെ കുനിഞ്ഞ് കാപ്പി കയ്യിൽ കൊടുത്തു.
‘‘ആടിനെ... കറന്നില്ല... അല്ലെ?’’ അയാൾ ഗ്ലാസിലേക്ക് ഒന്നു നോക്കിയിട്ട് മുഖമുയർത്തി വിമ്മിട്ടത്തോടെ ചോദിച്ചു.
‘‘ഇല്ല ചാച്ചാ... അമ്മച്ചി കുടുംബശ്രീക്ക് പോയിട്ട് വന്നില്ല.’’ സിനി മൊബൈലിലേക്ക് കണ്ണയച്ചുകൊണ്ടുപറഞ്ഞു.
ആടിനെ കറക്കുന്നത് കുഞ്ഞുമേരിയുടെ ജോലിയാണ്. കല്യാണം കഴിഞ്ഞ ഉടനെ അമ്മായിഅമ്മ എന്തു വിചാരിക്കുമെന്നു കരുതി സിനി അതൊന്നു പഠിക്കാൻ തീരുമാനിച്ചെങ്കിലും ‘കൊച്ചിനെ ഇതൊന്നും ചെയ്യാനല്ല ഇവനിങ്ങു കൊണ്ടുവന്നത്’ എന്നു പറഞ്ഞ് കുഞ്ഞുമേരി വിലക്കി.
‘‘ഞാനിവിടെ കിടന്നു ചത്താലെന്താ... അവക്ക് കുടുംബശ്രീയും... തൊഴിലൊറപ്പുമൊക്കെ മതിയല്ലോ.’’ അയാൾ ശ്വാസമെടുക്കാനായി വാക്കുകളെ ഇടയ്ക്കുെവച്ചു മുറിച്ചുകൊണ്ട് പരിഭവം പറഞ്ഞു.
“അതമ്മച്ചി വീട്ടിലിരുന്നു മടുത്തിട്ടല്ലേ ചാച്ചാ... ഇപ്പൊ ആരോടെങ്കിലുമൊക്കെ ഒന്നു മിണ്ടാമല്ലോ.’’
“എല്ലാർക്കും അവനോന്റെ കാര്യം... എന്നാല് ഒരടത്തും പോകാൻ പറ്റാതെ ഒരുത്തനിവിടെ ഇരിപ്പുണ്ട്... അതാരോർക്കാനാ...’’ ഇടയ്ക്കു കയറിവന്നൊരു ചുമയ്ക്കു കടന്നുപോകാനായി അൽപസമയം വാക്കുകളെ പിടിച്ചുെവച്ചശേഷം ഔസേപ്പച്ചൻ ഒരു നെടുവീർപ്പോടെ തുടർന്നു.
“ഒരു കുഞ്ഞെങ്കിലും ഈ മുറ്റത്ത് ഓടിക്കളിക്കാനുണ്ടായിരുന്നെങ്കിൽ...”
‘‘മോളെ, ആടൈ നാൻ കറന്തു തരാം.’’ സിനിയുടെ മുഖം മാറിയതു കണ്ട കണ്ണയ്യ വിഷയം മാറ്റാനായി മുന്നോട്ടാഞ്ഞുകൊണ്ടു പറഞ്ഞു.
‘‘വേണ്ട കണ്ണയ്യ, അമ്മച്ചിക്ക് വേറാരും അമ്മിണിയെ തൊടുന്നത് ഇഷ്ടമല്ല.’’ അവൾ വേഗം അകത്തേക്ക് നടന്നു.
‘‘സമയത്തിച്ചിരി പാലുംകാപ്പി കുടിച്ചാ... ഈ എരിച്ചിലൊന്നു... കുറയും. അതാർക്ക് മനസ്സിലാകാനാ.’’ ഔസേപ്പച്ചൻ കാപ്പി ഒന്നു മൊത്തിയിട്ട് തളർന്ന സ്വരത്തിൽ വീണ്ടും പരിഭവം പറഞ്ഞു.
‘‘ഒരു മിൽമാ കവർ മേടിച്ചു വച്ചാൽ പോരെ ചാച്ചാ. പരവേശം തോന്നുമ്പോൾ കുടിക്കാല്ലൊ.’’ അകത്തേക്ക് നടന്ന സിനി മറുപടി പറയാനായി തിരിച്ചുവന്നു. അയാൾ ആയാസത്തോടെ അവളുടെ നേർക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു.
‘‘വലിവിന് പശൂമ്പാല് എതിരാ കൊച്ചെ... അത് തണുപ്പല്ലേ... ആട്ടുമ്പാല് ചൂടാ. അതുകൊണ്ടല്ലേ ഇച്ചിരെ കഷ്ടപ്പെട്ടാലും അമ്മിണിയെ അവള് വിറ്റുകളയാത്തത്.’’
അതു കേട്ടെന്നവണ്ണം അടുക്കളവശത്തെ കൂട്ടിൽനിന്നും അമ്മിണി ഉറക്കെക്കരഞ്ഞു. എന്നും മൂന്നുമണിക്ക് മൊന്തയും വെള്ളവുമായെത്തുന്ന കുഞ്ഞുമേരി ഇതെവിടെ പോയിക്കിടക്കുകയാണെന്നായിരുന്നു ആ കരച്ചിലിന്റെ അർഥം.
പാലുനിറഞ്ഞ് അവൾക്ക് അകിടു വേദനിച്ചു തുടങ്ങിയിരുന്നു. കമുകിന്റെ വാരിയടിച്ച് തൊട്ടപ്പുറത്തുണ്ടാക്കിയ കുഞ്ഞുകൂട്ടിൽ കിടന്ന് ഒരുമാസം പ്രായമെത്തിയ മൂന്നുകുഞ്ഞുങ്ങൾ അവളിലേക്കെത്താൻ തിക്കും തിരക്കും കൂട്ടുന്നതും അവളെ വിഷമിപ്പിച്ചു. നാലു പേർക്ക് കാപ്പിയുണ്ടാക്കാനാവശ്യമായ രണ്ടു ഗ്ലാസ് പാൽ കുഞ്ഞുമേരി കറന്നെടുക്കുന്നത് വരെ കുഞ്ഞുങ്ങൾ പട്ടിണിയാണല്ലോ എന്നോർത്തപ്പോൾ വന്ന ദേഷ്യംകൊണ്ട് ‘നീയിതെവിടെ പോയിക്കിടക്കുവാ കുഞ്ഞുമേരി’ എന്നവൾ വീണ്ടും കരഞ്ഞു.
അതുകേട്ട്, ആകാശം താഴേക്കിറങ്ങിയതുപോലെ എങ്ങും വിതാനിച്ചുകിടക്കുന്ന കോടയുടെ മറവിൽ പതുങ്ങിനിന്ന്, കുഞ്ഞുമേരി നട്ടുനനച്ചുണ്ടാക്കിയ ചേന കുത്തിയെടുത്ത് മക്കൾക്ക് കൊടുത്തുകൊണ്ടിരിക്കുകയായിരുന്ന കാട്ടുപന്നി തലയൊന്നുയർത്തി നോക്കി ‘പാവം അമ്മിണി’ എന്നു സഹതപിച്ചിട്ട് മക്കളിലേക്ക് കുറച്ചുകൂടി ചേർന്നുനിന്നു.
‘‘ഈ പണ്ടാരങ്ങൾ ഒരു സാധനം കുഴിച്ചുവയ്ക്കാൻ സമ്മതിക്കുവേലല്ലോ എന്റീശോയെ.’’ തൊട്ടപ്പുറത്തെ ഏലത്തോട്ടത്തിൽ നിന്ന് കുഞ്ഞുമേരിയുടെ പതംപറച്ചിൽ മുഴങ്ങിയപ്പോൾ പന്നിത്തള്ള ശാസനാരൂപത്തിൽ മക്കളെ നോക്കി. തലേന്ന് അത്താഴം കഴിഞ്ഞുള്ള കളികൾക്കിടെ ആർക്കാണ് ശക്തിയെന്നു തെളിയിക്കാൻ മൂന്ന് ഏലച്ചോടുകൾ അവർ കുത്തിമറിച്ചിരുന്നു.

‘‘ആ വന്നല്ലോ... വനമാല.’’ കുഞ്ഞുമേരിയെ കണ്ട് ഔസേപ്പച്ചൻ കളിയാക്കി. കണ്ണയ്യ ബഹുമാനത്തോടെ ഒതുങ്ങി വഴിമാറിക്കൊടുത്തു. അവരുടെ നേരെ നോക്കാതെ കുഞ്ഞുമേരി അടുക്കളവശത്തേക്കു നടന്നപ്പോൾ ഔസേപ്പച്ചൻ കണ്ണയ്യയോടെന്ന പോലെ പറഞ്ഞു.
“ചെണ്ടപ്പുറത്ത്... കോല് വക്കുന്നിടത്തൊക്കെ പോകും... എന്നാ ഇങ്ങനെ ഒരുത്തൻ ഇവടെ... വയ്യാതിരിപ്പൊണ്ടന്നൊരു വിചാരം... എവടെ?”
മുന്നോട്ടുനടന്ന കുഞ്ഞുമേരി ഒരു നിമിഷം തറഞ്ഞുനിന്നശേഷം തിരിഞ്ഞു നോക്കി ചോദിച്ചു.
“ആയകാലത്ത് നാടായ നാടെല്ലാം തെണ്ടിനടന്നപ്പോ ഞാനിവിടെ തനിച്ചാന്ന് നിങ്ങളോർത്താരുന്നോ?”
“പോടീ... @#*@*#@.... മോളെ...” ഉത്തരം മുട്ടിയപ്പോൾ അയാൾ ഒരു തെറികൊണ്ടതിനെ നേരിട്ടു. അതു ഗൗനിക്കാതെ ചുണ്ടിൽ മൊട്ടിട്ട പരിഹാസച്ചിരിയുമായി കുഞ്ഞുമേരി മുന്നോട്ടു നടന്നു.
സിനി അടുക്കളവശത്തെത്തി മൊന്തയിൽ വെള്ളമെടുത്തു കുഞ്ഞുമേരിക്ക് കൊടുത്തുകൊണ്ടു പറഞ്ഞു.
“ചാച്ചന് സമയത്ത് പാലുംകാപ്പി കിട്ടാത്തതിന്റെ കെറുവാ.”
കുഞ്ഞുമേരി അതിനു മറുപടി പറയാതെ ആട്ടിൻകൂടിനടുത്തേക്ക് നടന്നു.
മൊന്തയുമായി വരുന്ന കുഞ്ഞുമേരിയെ കണ്ട് അമ്മിണി ആശ്വാസത്തോടെ കാലുകൾ അകറ്റിെവച്ചു. കുഞ്ഞുങ്ങൾ തുള്ളിച്ചാടി.
മൊന്തയിലെ വെള്ളം കൈകളിലൂറ്റി പലവട്ടം മുകളിലേക്കെറിഞ്ഞ് കുഞ്ഞുമേരി അകിടു വൃത്തിയാക്കി. ശൂന്യമായ മൊന്തയിലേക്ക് അവരുടെ കൈചലനങ്ങൾക്കൊത്ത് നിറഞ്ഞ അകിടിൽനിന്നും ഇളംചൂടുള്ള പാൽ ശ് ർ ർ ർ ശബ്ദത്തോടെ ഒഴുകി. ചുറ്റും ആട്ടിൻചൂരുള്ള പാൽമണം നിറഞ്ഞു.
അന്നേരം കലക്കിയ സോപ്പുപൊടിപോലെ പത വക്കൊപ്പം ഉയർന്നുനിൽക്കുന്ന മൊന്ത സിനിയെ ഏൽപിച്ച് കുഞ്ഞുമേരി ആട്ടിൻകുട്ടികളെ കൂടുതുറന്നു വിട്ടു. അവർ അമ്മിണിയുടെ അടുത്തൊടിയെത്തി മുലകൾക്കുവേണ്ടി പരസ്പരം മത്സരിച്ചു തുടങ്ങി.
‘‘എന്നതാ ഇത്ര ആലോചന?’’ അകത്തേക്കു പോകാതെ മൊന്തയും കൈയിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്ന സിനിയോട് കുഞ്ഞുമേരി ചോദിച്ചു.
‘‘ഒന്നുമില്ല.’’ കണ്ട സ്വപ്നത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടു നിന്ന സിനി പരുങ്ങലോടെ അടുക്കളയിലേക്കു നടന്നു.
കുഞ്ഞുമേരി മുട്ടനെ അകിടിൽനിന്നും വിടുവിച്ചു മാറ്റി മത്സരത്തിൽ തോറ്റു മാറിനിന്ന പെണ്ണാടിന് അവസരം നൽകി. അവൾ ‘എനിക്കുവേണ്ടികൂടി ചുരത്തമ്മേ’ എന്ന് അകിടിൽ തലകൊണ്ടിടിച്ചു.
ഒരു സ്റ്റീൽപാത്രത്തിലേക്ക് പാലും വെള്ളവും സമാസമം അളന്ന് പകർത്തിക്കൊണ്ടിരുന്നപ്പോൾ ഒരലുമിനിയം കലത്തിൽ അത്താഴമിടാനുള്ള വെള്ളവുമായി അടുക്കളയിലേക്കു വന്ന കുഞ്ഞുമേരിയോട് സിനി മടിച്ചു മടിച്ച് ചോദിച്ചു.
‘‘ജോസൂട്ടിക്ക് ചാച്ചന്റെ അസുഖം വന്നിട്ടുണ്ടോ അമ്മച്ചീ...’’
‘‘ഇല്ല.’’ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് അവർ അടുപ്പിൽ തീ കൂട്ടിത്തുടങ്ങി. പുകമണം അവിടെയെങ്ങും പൊങ്ങി. അത് വരാന്തയിലെത്തിയെന്ന് ഔസേപ്പച്ചൻ ചുമച്ചറിയിച്ചു.
‘‘ഈ അസുഖം മക്കളിലേക്ക് പകരുന്നതല്ലേ? അപ്പൊ ജോസുകുട്ടിക്കും വരാൻ സാധ്യതയുണ്ടല്ലോ.’’ സിനി നിരാശയുടെ സ്വരത്തിൽ പിറുപിറുത്തു.
‘‘അവന് വരത്തില്ല. നീ വെറുതെ വേണ്ടാത്തതൊന്നുമോർത്തത് ഭാവി കളയണ്ട.’’ അവർ എന്തോ മനസ്സിലായതുപോലെ ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞിട്ട് പാതകത്തിനു ചോട്ടിലുള്ള പുകയും കരിയും പിടിച്ച പാത്രത്തിൽനിന്നും അരി അളന്നെടുത്തു തുടങ്ങി.
അന്നുരാത്രിയിൽ ജോസുകുട്ടിയുടെ മാറിൽ തലചായ്ച്ചു കിടന്ന് അതേ സംശയം സിനി അയാളോടും ചോദിച്ചു.
‘‘ചെറുപ്പത്തിലേതാണ്ട് ജലദോഷമൊക്കെ വന്നിട്ടുണ്ട്. അല്ലാതെ ശ്വാസംമുട്ടുണ്ടായതൊന്നും ഓർക്കുന്നില്ല.’’ ജോസുകുട്ടി അവളുടെ ഒതുങ്ങിയ ശരീരത്തിന്റെ അതിരുകളിലൂടെ വിരലുകളോടിച്ചുകൊണ്ട് പറഞ്ഞു.
‘‘ചാച്ചൻ വലിക്കുന്ന കാണുമ്പം പേടിയാകുന്നു. അങ്ങനെയെങ്ങാനും ജോസൂട്ടിക്കും നമ്മടെ മക്കൾക്കും വന്നാലോന്ന് ഒരു പേടി.’’ അവൾ അയാളെ നഷ്ടപ്പെട്ടു പോകാതിരിക്കാനെന്നവണ്ണം മുറുകെപ്പുണർന്ന് അയാളിലേക്ക് കൂടുതൽ ചേർന്നുകിടന്നു.
‘‘നീയതൊന്നും പേടിക്കണ്ട പെണ്ണേ. അങ്ങനെ വന്നാൽ നമ്മളിതൊക്കെ വിറ്റേച്ച് തണുപ്പില്ലാത്ത എവിടേലും പോകും. അത്രേ ഉള്ളൂ.’’
“ശരിക്കും...’’ സിനി അയാളുടെ നെഞ്ചിൽനിന്നുമുയർന്ന് അവിശ്വാസത്തോടെ കണ്ണുകളിലേക്കുറ്റു നോക്കി.
“ശരിക്കും.’’
അയാൾ കുസൃതിയോടെ അവളുടെ മുഖം വലിച്ചുയർത്തി ചുണ്ടുകളിൽ ചുണ്ടു കൊരുത്തു. അവൾ നിസ്സംഗതയോടെ കണ്ണുകൾ താഴ്ത്തി. ഒപ്പം ആശ്വാസത്തിനെന്നവണ്ണം തലയണക്കടിയിലിരുന്ന ഗർഭനിരോധനഗുളികയുടെ കവറിൽ മുറുകെ പിടിച്ചു.
ജോസുകുട്ടി ഉറങ്ങിയിട്ടും സിനിക്കുറങ്ങാനായില്ല. അടുത്ത മുറിയിൽനിന്ന് ശ്വാസോച്ഛ്വാസങ്ങൾക്കൊപ്പം ഉയരുന്ന ശബ്ദച്ചീളുകളെ ഭയത്തോടെ കേട്ടുകൊണ്ട് അവൾ വെറുതെ കിടന്നു. അതവളിൽ ചിന്തകളെ പെറ്റുവളർത്തി.
പെട്ടെന്ന് ആ ശബ്ദത്തിനു മുകളിൽ ഒരു ആർത്തനാദം കേട്ടതുപോലെ അവൾക്കു തോന്നി. ഒപ്പം അമ്മിണിയുടെ കരച്ചിലുയർന്നു. അവൾ ഭയത്തോടെ കാതുകൾ പൊത്തിപ്പിടിച്ചു കിടന്നു. ക്രമേണ ആ ശബ്ദം നേർത്തുനേർത്തു വന്ന് ഔസേപ്പച്ചന്റെ ശ്വാസോച്ഛ്വാസത്തിൽ ലയിച്ചു.
വളരെ വൈകിയെപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണ അവൾ മുറ്റത്തുനിന്നും കണ്ണയ്യയുടെ സ്വരം ഉയർന്നപ്പോഴാണ് കണ്ണുതുറന്നത്.
‘‘ജോസുമോനേ...’’ അയാൾ നീട്ടിവിളിച്ചു.
‘‘കണ്ണയ്യ ആണെന്നു തോന്നുന്നു. ഈ അതിരാവിലെ ഇയാക്കിതെന്തിന്റെ കേടാ.’’
പരാതി പറഞ്ഞുകൊണ്ട് കുഞ്ഞുമേരി പോയി ഔസേപ്പച്ചനെ വിളിച്ചെഴുന്നേൽപിച്ചു. അയാൾ കൈലിമുണ്ടു മുറുക്കിയുടുത്ത് ഷാളെടുത്ത് തലവഴിമൂടി പതിയെ തിണ്ണയിലെത്തി.
‘‘എന്നാ കണ്ണയ്യ രാവിലെ?’’ അയാൾ വഴുതിപ്പോകുന്ന ശ്വാസത്തെ വരുതിയിൽ നിർത്താൻ പാടുപെട്ടുകൊണ്ട് ചോദിച്ചു.
‘‘കാട് നമുക്ക് കോള് തന്തിട്ടേ ഇറുക്കും അയ്യാ..’’ അയാൾ തെളിഞ്ഞ മുഖത്തോടെ ഒരു പ്ലാസ്റ്റിക് കവർ ഔസേപ്പച്ചനു നേർക്കു നീട്ടി.
‘‘എങ്ങനെ പിടിച്ചു?’’ ഒസേപ്പച്ചൻ ശ്വാസംവലിക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലും ആവേശപ്പെട്ടു.
‘‘അതെല്ലാം കെടയ്ക്കുമയ്യാ.’’ കണ്ണയ്യ രഹസ്യം വെളിപ്പെടുത്താൻ താൽപര്യമില്ലാത്തതുപോലെ ചിരിച്ചു.
‘‘മുതുക്കനൊന്നു... മല്ലല്ലോ അല്ലെ? പല്ലൊക്കെ... പോയി.’’ അയാൾ ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് തന്റെ നിസ്സഹായത അറിയിച്ചു.
‘‘ഏയ്... പൊണ്ണ് താൻ. ഇളമയാനത്. പിറസിവിത്തു അധികകാലം ആകവില്ലൈ. നല്ല നെയ്യിരുക്ക്... കൊഞ്ചം കഷ്ടപ്പട്ടു. ആനാലും നഷ്ടമില്ലെയ്.’’ കണ്ണയ്യ സ്വരത്തിൽ അഭിമാനം കലർത്തി.
“എന്നാ... ഒരു എട്ടു പത്തുമാസത്തി... കുഞ്ഞുങ്ങളും... നെയ്മുറ്റും.” ഔസേപ്പച്ചന്റെ വായിൽ വെള്ളം നിറഞ്ഞു.
“നാൻ അവറ്റെയും ഉങ്കളുക്കാകെ കൊണ്ടുവരും.’’ കണ്ണയ്യ ചിരിച്ചുകൊണ്ട് ഉറപ്പുകൊടുത്തു.
‘‘ഒന്ന് പതുക്കെപ്പറ കണ്ണയ്യ... ആരേലും കേട്ടാല് നീയും ഞങ്ങളും അകത്തുപോയി കിടക്കേണ്ടി വരും.’’ ജോലിക്കു പോകാനായി ഇറങ്ങിയ ജോസുകുട്ടി ശാസിച്ചു.
‘‘ഇല്ല ജോസുമോനെ... കേസു വന്താൽ നാനേ പാത്തിക്കിറൈ. ഉങ്കളുക്ക് എന്ത തൊന്തരവും വരാത്. അത് യെൻ പൊരുപ്പ്.’’ കണ്ണയ്യ സ്വരത്തിൽ സ്നേഹവും ബഹുമാനവും കലർത്തി.
‘‘ഉം... അതൊക്കെ അന്നേരം കാണാം.’’
‘‘ഒന്നുമില്ല ജോസുമോനെ... ഉങ്കളുക്കാക സാവക്കൂട എനക്ക് മടിയില്ല. സന്ദേഹമേ വേണ്ട.’’
‘‘അയ്യോ അതൊന്നും വേണ്ടേ...’’ ജോസുകുട്ടി കൈകൂപ്പി ചിരിച്ചുകൊണ്ടു പറഞ്ഞു. ‘‘ആ കണ്ണയ്യാ, രാവിലെതന്നെ അമ്മക്കൊരു ചക്കയിട്ടു കൊടുക്കണം. പിന്നെ മരുന്നടിച്ചു കഴിയുമ്പോ കുറച്ചു വിറകുകൂടി കീറിയിടണം. അല്ലാതെ ശനിയാഴ്ചത്തെപ്പോലെ നേരത്തെ പോയിക്കളയരുത്.’’
കണ്ണയ്യ അനുസരണയോടെ തലയാട്ടിക്കൊണ്ട് ജോസുകുട്ടിക്കു വേണ്ടി വഴിമാറിക്കൊടുത്തു.
‘‘നെഞ്ചും വിരിച്ച്... കയ്യും വീശിയുള്ള... ആ പോക്കൊന്നു നോക്ക്. എന്റെ അപ്പൻ... നടക്കുന്നപോലെ... തന്നെ’’ ഔസേപ്പച്ചൻ ജോസുകുട്ടിയെക്കുറിച്ച് അഭിമാനം കൊണ്ടു. കണ്ണയ്യ ജോസുകുട്ടി കണ്ണിൽനിന്നു മറയുന്നതുവരെ ആ നടത്തം നോക്കിനിന്നു.
‘‘സേച്ചീ... കുഞ്ഞുമേരി സേച്ചീ...’’
ഒരൽപസമയം കഴിഞ്ഞപ്പോൾ തലയിൽ മുഴുത്തൊരു ചക്കയുമായി കണ്ണയ്യ അടുക്കള മുറ്റത്തെത്തി ഉറക്കെ വിളിച്ചു.
‘‘അയാളോടതൊന്നു മുറിച്ചു തന്നിട്ട് പോകാൻ പറ കൊച്ചേ...’’ കുഞ്ഞുമേരി ചെയ്തുകൊണ്ടിരുന്ന പണി നിർത്താതെ സിനിയോട് വിളിച്ചുപറഞ്ഞു.
സിനി അടുക്കളവാതിൽക്കലെത്തിയപ്പോൾ അകത്തേക്ക് ആകാംക്ഷയോടെ നോക്കിനിൽക്കുന്ന കണ്ണയ്യയെ കണ്ടു. അവളെ കണ്ടപ്പോൾ അയാൾ മടക്കികുത്തിയിരുന്ന ലുങ്കി അഴിച്ചിട്ട് ബഹുമാനത്തോടെ ഒതുങ്ങിനിന്നുകൊണ്ട് ചോദിച്ചു.
‘‘ഇന്നയ്ക്ക് വേലയ്ക്ക് പോകവേണ്ടാമാ മോളെ?’’
‘‘ഇല്ല കണ്ണയ്യാ, സ്കൂളിന് അവധിയാ.’’ അവൾ മറുപടി പറഞ്ഞു കൊണ്ട് വിറകുപുരയിൽനിന്നും കോടാലി എടുത്തു കൊടുത്തു.
‘‘ജോസുമോന് അവധിയില്ലയല്ലേ? കാലേലെ പോകിറത് പാർത്തേൻ.’’ അയാൾ ചക്കയെടുത്ത് ഒരു പ്ലാസ്റ്റിക് ചാക്കിന്റെ മുകളിൽ െവച്ച് മുറിക്കാൻ തയ്യാറെടുത്തുകൊണ്ട് പറഞ്ഞു.
അവളതിന് മറുപടി പറയാതെ ഒന്നു ചിരിച്ച് അകത്തേക്ക് നടക്കുമ്പോൾ അയാൾ പുറകിൽനിന്നും വിളിച്ചുപറഞ്ഞു.
‘‘കറി വറുത്തരച്ചു വയ്ക്ക സൊല്ല് പുള്ളേ...’’
‘‘അമ്മച്ചി അങ്ങനെയേ വയ്ക്കത്തുള്ളൂ കണ്ണയ്യാ... ജോസൂട്ടിക്ക് അതാ ഇഷ്ടം.’’ അവൾ ചിരിച്ചുകൊണ്ട് അകത്തേക്കു നടന്നു.
ചക്ക നാലായി മുറിച്ചുകൊടുത്തിട്ടാണ് കണ്ണയ്യ പോയത്. സിനിയും കുഞ്ഞുമേരിയും അടുക്കളപ്പുറത്ത് പടുത വലിച്ചു കെട്ടിയുണ്ടാക്കിയ വർക്ക് ഏരിയയിൽ പഴകിക്കറുത്ത കൊരണ്ടികളിലിരുന്ന് ചക്കയൊരുക്കിത്തുടങ്ങി. കുഞ്ഞുമേരി ചെറുതായി മുറിച്ചുെവച്ച ചക്കത്തുണ്ടങ്ങളിൽനിന്ന് വെളുത്തുതുടുത്ത ചുളകളിരിഞ്ഞ് നടുക്കു െവച്ച മുറത്തിലേക്കിട്ടുകൊണ്ടിരിക്കുമ്പോൾ ആ സ്വപ്നം വീണ്ടും സിനിയുടെ മനസ്സിലേക്കെത്തി. അതവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു.
‘‘കൊറേ ദിവസമായി ശ്രദ്ധിക്കുവാ. നിനക്കാകെയൊരു വല്ലായ്മ? എന്നാ പറ്റി? കുഞ്ഞുമേരി സിനിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
‘‘ഒന്നുമില്ല അമ്മച്ചീ.’’ അവൾ ഒഴിഞ്ഞുമാറി.
‘‘ഓ എന്നോട് പറയാൻ വയ്യാരിക്കും. ഞാൻ അമ്മായിഅമ്മ ആണല്ലോ.’’ കുഞ്ഞുമേരി പരിഭവം നടിച്ചു.
‘‘അതല്ലമ്മച്ചീ. കുറെ ദിവസമായി ഞാനെന്തൊക്കെയോ ഭീകരസ്വപ്നങ്ങൾ കാണുന്നു. എല്ലാത്തിലും ജോസൂട്ടി വായിലും മൂക്കിലും ട്യൂബൊക്കെയായി ഏതോ ആശുപത്രിയിൽ കിടന്ന് ശ്വാസമെടുക്കാൻ ബദ്ധപ്പെടുവാ. ജോസൂട്ടിയുടെ ചുറ്റിലുമുള്ള ബെഡില്ലെല്ലാം അതുപോലെ കുറെ കുഞ്ഞുങ്ങൾ. അവരെല്ലാം ജോസൂട്ടിയെ പറിച്ചുെവച്ച മാതിരി.’’ സിനി വിതുമ്പിക്കൊണ്ടു തുടർന്നു.
“ഇന്നുച്ചയ്ക്ക് ഒരു വൃത്തികെട്ട സ്വപ്നമായിരുന്നു. അലറിക്കരയുന്ന എന്നെ ആരൊക്കെയോ ചേർന്ന് പിടിച്ചു വച്ചിരിക്കുന്നു. കണ്ണു തുറന്നിട്ടും എനിക്ക് അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.”
‘‘നീ ഓരോന്നോർത്തു കെടന്നിട്ടാ.’’ കുഞ്ഞുമേരി ആശ്വസിപ്പിച്ചു.
‘‘എനിക്കറിയാം ചാച്ചൻ വലിക്കുന്ന കാണുമ്പം ഉള്ള പേടിയാ ഇങ്ങനത്തെ സ്വപ്നങ്ങൾ കാണിക്കുന്നതെന്ന്. ജോസൂട്ടിക്ക് ഇതുവരെ അങ്ങനെയൊന്നും വന്നിട്ടില്ലെന്നും അറിയാം. പക്ഷേ ഇന്നല്ലെങ്കിൽ നാളെ വരുവല്ലോന്നോർക്കുമ്പം ശരിക്കൊന്നുറങ്ങാൻപോലും പറ്റുന്നില്ല.”
“ആകുലപ്പെടാൻ ഇഷ്ടംപോലെ സമയമൊള്ളതിന്റെ കൊഴപ്പമാ... ഒന്നു രണ്ടു പിള്ളേരാകുമ്പം ഒക്കെ മാറിക്കോളും.”
“പക്ഷെ, അവർക്കും ഇതുപോലെ വന്നാലോ? വരില്ലെന്ന് ഉറപ്പുപറയാൻ അമ്മച്ചിക്ക് പറ്റുവോ? മൂത്ത ചേച്ചിക്കും സിസ്റ്ററു ചേച്ചിക്കും ഉണ്ടാരുന്നെന്ന് അമ്മച്ചി തന്നെയല്ലേ ഒരിക്കൽ പറഞ്ഞത്?”
ആ ചോദ്യം കുഞ്ഞുമേരിയെ വർഷങ്ങൾ പുറകിലേക്കെത്തിച്ചു. ഇടറിവീണും വീണ്ടുമെഴുന്നേറ്റും അവൾ ഓർമകളിലൂടെ നടന്നുതുടങ്ങി. ഇടുങ്ങിയ പാറക്കെട്ടിനുള്ളിലെ ആരും കാണാത്ത ഗുഹയ്ക്കുള്ളിൽനിന്നെന്ന പോലെ അവരിലെ നിഗൂഢതയിൽനിന്നും വാക്കുകൾ പുറത്തേക്കിഴഞ്ഞു.
‘‘അപ്പന്റെ മൂത്തപെങ്ങള് മാമിപ്പേരമ്മയുടെ അടുത്ത് എല്ലാ വർഷാവധിക്കും ഞങ്ങള് പോകുവാരുന്നു. ഞങ്ങളെന്നു പറഞ്ഞാ ഞാനും എന്റെ രണ്ടെളേത്തുങ്ങളും... മാമിപ്പേരമ്മയൊക്കെ അങ്ങ് കാഞ്ഞിരപ്പള്ളിയിലാണ് അന്ന് താമസം. ഏക്കറുകണക്കിന് പാടോം തെങ്ങുംതോപ്പും വല്യവീടും പിന്നെ മൂന്നുനേരം വയറുനിറയെ തിന്നാനുമുള്ള അവിടെ പോകാൻ ഞങ്ങക്ക് വല്യ ഇഷ്ടമാരുന്നു.
പത്താം ക്ലാസിലെ വല്യവധിക്ക് ചെന്നപ്പോ പേരപ്പന്റെ പെങ്ങടെ മകനും അവടെ ഒണ്ടാരുന്നു. അങ്ങേര് പത്തില് പലതവണ തോറ്റ് കൂട്ടുകാരുമൊത്ത് കാളകളിച്ചു നടക്കുന്ന സമയവാ. പ്രായം അതല്ലേ... ഞങ്ങളങ്ങ് പ്രേമത്തിലായി. തെങ്ങുംതോപ്പിലും പത്തായപ്പുരയിലുമൊക്കെ പലതവണ ഒന്നിച്ചുകണ്ടപ്പോ പേരമ്മ തന്നെയാണ് ഇതങ്ങ് നടത്താമെന്നു പറഞ്ഞത്.”
അവർ നെടുവീർപ്പിട്ടു. എടുത്ത തീരുമാനം തെറ്റിപ്പോയതിന്റെ നിരാശ ആ മുഖത്തുണ്ടായിരുന്നു. കുനിഞ്ഞ മുഖത്തോടെ അവർ തുടർന്നു.
‘‘പ്രേമോം കുന്തോമൊക്കെ ഒന്നിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ ജീവനും കൊണ്ടോടി. വീട്ടുകാര് എളയ മകനെ പുന്നാരിച്ചു വളർത്തിയതിന്റെ സകല ദോഷോം അങ്ങേർക്കൊണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒറ്റക്കൊല്ലം കഴിയുന്നേനു മുമ്പേ വീതം ചോദിച്ചുവാങ്ങിച്ച് പലപല കച്ചോടത്തിലിറക്കി മൊത്തം കളഞ്ഞുകുളിച്ചു. പിന്നെ ഒണ്ടാരുന്നതെല്ലാം നുള്ളിപ്പെറുക്കി ഇവിടെ വന്ന് ഏതോ തമിഴൻ മൊതലാളീടെ കയ്യീന്ന് കൊറച്ചു തോട്ടം മേടിച്ചു. ചുറ്റും കറുത്തിരുണ്ട ഏലക്കാട്. അതിന്റെ നടുക്ക് പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്ത ചെറ്റപ്പേരേല് ഞാനും അങ്ങേരും മാത്രം. ഒരു രണ്ടു കിലോമീറ്ററകലെ തമിഴരുടെ ഒരു ലയമൊണ്ട്. അതാ ആകെയുള്ള അയലോക്കം. ഞാനന്ന് മൂത്തതിനെ വയറ്റിലായിട്ടിരിക്കുവാ...
അങ്ങേര് അതിനുമിതിനുമൊക്കെ ടൗണിൽ പോകും. ചെലപ്പോ പാതിരാത്രി കേറി വരും. ചെലപ്പം മൂന്നാല് ദിവസം കഴിയും. ഒരു കാറ്റു ശരിക്കൊന്നു വീശിയാൽ താഴെവീഴുന്ന പെരയ്ക്കകത്ത് പേടിച്ചു വിറച്ച് ഞാനങ്ങനെ…” കുഞ്ഞുമേരി പാതിവഴിയിൽ നിർത്തി.
സിനി ആ രംഗം ഭാവനയിൽ കണ്ടു. ഇരുട്ട് നിറഞ്ഞൊരു പുരയും അതിന്റെ കോണിൽ പേടിച്ചരണ്ടിരിക്കുന്ന പതിനേഴോ പതിനെട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയും ചുറ്റും കുറ്റാകുറ്റിരുട്ടും. അവൾക്ക് അവരെ ഒന്നു കെട്ടിപ്പിടിക്കണമെന്നു തോന്നി. അവൾ മൊളഞ്ഞി പറ്റിയ കൈ നൈറ്റിയിൽ തുടച്ച് അവരുടെ തോളിൽ പതിയെ െവച്ചു. അതു ശ്രദ്ധിക്കാതെ കനത്ത സ്വരത്തിൽ കുഞ്ഞുമേരി തുടർന്നു.
‘‘അവക്കൊരു രണ്ടുവയസ്സോളപ്പഴാ അങ്ങേർക്ക് ശ്വാസംമുട്ടല് തൊടങ്ങുന്നത്. തണുപ്പ് പിടിക്കാഞ്ഞിട്ടാണെന്ന് പറഞ്ഞ് നാട്ടുവൈദ്യം, ഹോമിയോ, ആയുർവേദം, അലോപ്പതി എല്ലാം പരീക്ഷിച്ചു. മരുന്നെടുക്കുമ്പം കുറയും. പിന്നേം കൂടും. അങ്ങനെ എന്നും ആശുപത്രിയുമായി നടക്കുമ്പഴാ രണ്ടാമത്തത് വയറ്റിലൊണ്ടാകുന്നത്.
അതിനെ പ്രസവിച്ചതൊരു മഴക്കാലത്താ... അതിനെടേല് മൂത്തതിനെ ശ്രദ്ധിക്കാൻ പറ്റിയില്ല. അവള് മഴേം നനഞ്ഞ്, തണുപ്പുമടിച്ച് കളിച്ചുനടന്നു. അങ്ങനെ അതിനും തൊടങ്ങി അസുഖം.’’
കുഞ്ഞുമേരിയുടെ സ്വരമിടറി. അവളുടെ കണ്ണുകളിൽ കുറ്റബോധം ഉരുണ്ടുകൂടി പെയ്യാൻ തയ്യാറെടുക്കുന്നത് കണ്ട് സിനി ഇടയ്ക്കു കയറി.
‘‘അതിപ്പം അമ്മച്ചി നന്നായി നോക്കിയാരുന്നേലും വരുമായിരുന്നല്ലോ. ചാച്ചന്റെ പാരമ്പര്യമല്ലേ?’’
‘‘അതെ... അങ്ങേരുടെ പാരമ്പര്യോം കൊടുംതണുപ്പും... പിന്നെയെന്നും അവൾക്കസുഖമായിരുന്നു. അപ്പന്റൊപ്പം മകൾക്കും മരുന്നായി, മന്ത്രമായി... കിട്ടുന്നതെല്ലാം ആശുപത്രിയിൽ കൊടുക്കാനെ തെകയൂ എന്നായി. പന്ത്രണ്ടു വയസ്സ് കഴിയുമ്പം മാറിക്കോളും എന്ന് ചിലരൊക്കെ പറഞ്ഞു. അതും ആശ്വസിച്ചിരുന്നപ്പഴാ തൊട്ടുപിന്നത്തെ കർക്കടത്തിൽ ഒരു ന്യൂമോണിയ വന്നത്. രോഗമതാണെന്ന് ആദ്യം അറിഞ്ഞില്ല. അറിഞ്ഞു വന്നപ്പോഴേക്കും അങ്ങേ അറ്റമായിപ്പോയി. കയ്യിലും കഴുത്തിലുമെല്ലാം സൂചിയും മൂക്കിലും വായിലും ട്യൂബുമൊക്കെയായി കുറേ നാൾ അവളെങ്ങനെ അനങ്ങാതെ കിടന്നു. ആ കിടപ്പു കാണാൻ പറ്റാതെ വന്നപ്പോ ഞാൻ തന്നെയാ അവളെയങ്ങു വിളിച്ചോളാൻ കർത്താവിനോട് പറഞ്ഞത്.’’
കുഞ്ഞുമേരി വാക്കുകൾക്കു കൂട്ടായി വന്ന വിതുമ്പലൊതുക്കാൻ പാടുപെട്ടു. ആ കണ്ണുകളിൽനിന്നു പെയ്ത തുള്ളികൾ കവിളുകളിലൂടെയൊഴുകിയിറങ്ങി താടിയിൽ െവച്ച് കൂട്ടിമുട്ടി വീണ്ടും കഴുത്തിലൂടെയൊഴുകി ചട്ടയുടെ വക്കുകളിൽ നനവായി പടർന്നു. അതുകണ്ട സിനിയുടെ ഉള്ളിൽ വ്യാകുലമാതാവിന്റെ മുഖം തെളിഞ്ഞു. അവൾ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊരണ്ടി അൽപം കൂടി അടുത്തേക്കു വലിച്ചിട്ട് അവരിലേക്കു ചാഞ്ഞിരുന്നു.
കഥ കേട്ടുകൊണ്ടിരുന്ന അമ്മിണി ഒരു വർഷം മുമ്പ് കശാപ്പുകാരൻ കൊണ്ടുപോയ തന്റെ ആൺകുഞ്ഞിനെ ഓർത്തു വിതുമ്പി.
മൗനം കനത്തപ്പോൾ സിനി കുഞ്ഞുമേരിയുടെ തോളിലേക്കു ചാഞ്ഞ് ആ കൈകളിൽ മുറുകെപ്പിടിച്ചു. കുറച്ചധികസമയം മൗനമായിരുന്ന് നൊമ്പരത്തിന്റെ അലകൾ തെല്ലൊന്നൊതുങ്ങിയപ്പോൾ കുഞ്ഞുമേരി ഇടറിയ സ്വരത്തിൽ തുടർന്നു.
‘‘ആ വെഷമത്തീന്ന് ഒന്ന് കരകേറിത്തുടങ്ങിയപ്പോഴാണ് രണ്ടാമത്തതിനും ശ്വാസം മുട്ടല് തൊടങ്ങിയത്. മിഷനാശുപത്രീലെ ഡോക്ടറെ കാണിച്ചപ്പം അങ്ങേരു പറഞ്ഞു അത് പാരമ്പര്യമാണ്... തണുപ്പടിക്കാതെ നോക്കണമെന്ന്.
ഇതൊക്കെ വിറ്റുതുലച്ച് തണുപ്പില്ലാത്ത എവിടേലും ഒരഞ്ചു സെന്റുവാങ്ങി കൂലിപ്പണി ചെയ്തു ജീവിക്കാമെന്ന് ഞാനിങ്ങേരുടെ കാലുപിടിച്ചു പറഞ്ഞതാ. കേട്ടില്ല. അല്ലേത്തന്നെ ഞാൻ പറഞ്ഞിട്ടൊള്ള എന്തേലും ഒരു കാര്യം അയാള് കേട്ടിട്ടൊണ്ടോ? പുള്ളിക്കെന്നും സ്വന്തം കാര്യം സിന്ദാബാദ്.
കൊറേ പറഞ്ഞു മടുത്തപ്പോ ഞാൻ പോയി നമ്മടെ മഠത്തിലെ അമ്മമാരുടെ കയ്യീന്നൊരു എഴുത്തും വാങ്ങിച്ച് അവളെ തൊടുപുഴേല് ഒരു മഠത്തില് കൊണ്ടുപോയി വിട്ടു. കൊറേ കഷ്ടപ്പെട്ടാലും ജീവനോടെ ഇരിക്കുവല്ലോന്നോർത്തു. അവര് പഠിപ്പിച്ചാ മഠത്തിലമ്മയാക്കിയത്.’’ കുഞ്ഞുമേരി ആശ്വാസത്തിന്റെ ദീർഘശ്വാസമെടുത്തു.
സിനി, ഈ കഥകളൊന്നും ജോസുകുട്ടി പറഞ്ഞിട്ടില്ലല്ലോ എന്ന പരിഭവത്തോടെ ഇടക്കിടെ വീട്ടിലെത്തുന്ന സുന്ദരിയായ ചേച്ചി സിസ്റ്ററിനെ ഓർത്തു. ആ കണ്ണുകളുടെ ആഴങ്ങളിൽ ശാന്തതയെന്നു തെറ്റിദ്ധരിപ്പിച്ച് ഉറങ്ങിക്കിടക്കുന്നതൊരു പക്ഷേ കനത്ത ദുഃഖമാവാം എന്നോർത്തപ്പോഴുണ്ടായ സഹതാപത്താൽ മനസ്സുനൊന്തു.
‘‘പാവം ചേച്ചി...’’ അവളുടെ മനോഗതം അൽപം ഉറക്കെയായി. അതുകേൾക്കാത്ത മട്ടിൽ അവളുടെ ചെവിയിലേക്കു മുഖംചേർത്ത് പതിഞ്ഞസ്വരത്തിൽ കുഞ്ഞുമേരി മന്ത്രിച്ചു.
‘‘നിന്റെ പിള്ളേർക്ക് ഈ സൂക്കേട് വരുവല്ലോന്നു പേടിച്ച് നീ പിള്ളേരെ വേണ്ടെന്നൊന്നും വയ്ക്കണ്ട. ജോസുകുട്ടിക്ക് ആ പാരമ്പര്യം ഇല്ല.’’
സിനി ഒന്നും മനസ്സിലാകാതെ കുഞ്ഞുമേരിയെ തുറിച്ചുനോക്കി. ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ച് അൽപം സന്ദേഹത്തോടെ കുഞ്ഞുമേരി തുടർന്നു.
‘‘നിന്നോടിത് പറയുന്നത് ശരിയാണോ എന്നൊന്നും എനിക്കറിയത്തില്ല. കൊറേ നാളായി നീ കഴിക്കുന്ന മറ്റേ ഗുളികേടെ കവറ് കത്തിതീരാതെ അടുപ്പീന്ന് ചാരം വാരുമ്പോ കിട്ടുന്നതുകൊണ്ട് മാത്രം പറയാന്ന് വെച്ചതാണ്. ഇത് നിന്റെ കൂടെ മരിക്കുമെന്ന് നീയെനിക്ക് വാക്കുതരണം.’’
സിനി ഞെട്ടിത്തരിച്ച് തലയാട്ടാൻപോലും മറന്നിരിക്കുമ്പോൾ കുഞ്ഞുമേരി നിർത്താതെ തുടർന്നു.
‘‘ഒറ്റെപ്പടല്, എല്ലാം വിറ്റുതുലച്ച് വല്ലനാട്ടിലും വന്നുകിടക്കുന്നതിന് അങ്ങേരോട് തോന്നിയ ദേഷ്യം, കുഞ്ഞുങ്ങടെ അസുഖം, മോളിക്കുട്ടീടെ മരണം... എല്ലാം കൂടെ എന്നെ ഒരുതരം ഭ്രാന്തിന്റെ വക്കിലെത്തിച്ചു. ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന തോന്നലു വന്നു. ആത്മഹത്യയെക്കുറിച്ച് പലതവണ ചിന്തിച്ചുകൂട്ടി. പക്ഷേ മരിക്കാൻ ധൈര്യമില്ലാരുന്നു.
അങ്ങനെ ഒന്നും ചെയ്യാൻ തോന്നാതെ അടുക്കളത്തിേണ്ണല് വെറുതെ പറമ്പിലോട്ടും നോക്കി ഇരുന്ന ഒരു ദിവസമാണ് ഞാനാ കാഴ്ച കണ്ടത്. ഇണക്കിളീടെ കൂടെ കൊക്കുരുമ്മി ഇരുന്ന ഒരു പെൺകിളി അവന്റെ കണ്ണുവെട്ടിച്ച് പറന്നിറങ്ങി മുക്കുറ്റിപ്പടർപ്പിനിടയിൽ െവച്ച് വേറൊരു കിളിയുമായിട്ട് ഇണചേരുന്നു. എന്നിട്ട് ഒന്നുമറിയാത്തതുപോലെ പറന്നുപോയി അവന്റെ അരികിലിരിക്കുന്നു. ആ കാഴ്ചയിങ്ങനെ മനസ്സില് മായാതെ കിടന്നു.
മിനിക്കുട്ടിയെ മഠത്തിലാക്കിയിട്ട് തിരിച്ചുവരുന്ന വഴി ജീപ്പിലിരുന്ന് മരിക്കണോ ജീവിക്കണോ എന്ന് മനസ്സ് നടത്തിയ യുദ്ധത്തിൽ ഞാൻ ജീവിതം തെരഞ്ഞെടുത്തു. ഈ പട്ടിക്കാട്ടില് എന്നേക്കുമായി ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള വഴി അവിടെയിരുന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചു.

അതിന്റെ പേരില് പിന്നീട് പുറകെ നടന്നു ബുദ്ധിമുട്ടിക്കുവോ അവകാശം പറഞ്ഞുവരുവോ ചെയ്യാത്ത ഒരാളെ കണ്ടുപിടിക്കാനായി പിന്നത്തെ ശ്രമം. അങ്ങനെയൊരുത്തൻ വന്നുപെട്ടപ്പോ ഞാനവനെ പ്രേമം നടിച്ചു വശത്താക്കി. എന്നിട്ട് ഒരു പ്രേമവും തോന്നാതെ അയാൾടെ കൂടെ കെടന്നു. സത്യം പറയാമല്ലോ ദേഷ്യമൊക്കെയാരുന്നേലും അന്നേരവും അങ്ങേരായിരുന്നു എന്റെ മനസ്സില്. ഇതാ ഈ നിമിഷം വരെ ഈ മനസ്സ് മറ്റൊരാക്കും ഞാൻ കൊടുത്തിട്ടില്ല.’’ കുഞ്ഞുമേരി മൊളഞ്ഞി പറ്റിയ വലതുകൈ മൂന്നുവട്ടം നെഞ്ചിലടിച്ചു.
സിനി തലക്കടിയേറ്റതുപോലെ പതിഞ്ഞിരുന്നു. അവൾക്ക് തന്റെ ചുറ്റും ഭൂമി കറങ്ങുന്നതുപോലെ തോന്നി. ഒരൽപം മുമ്പുവരെ മനസ്സിൽ സൂക്ഷിച്ച ബിംബങ്ങളെല്ലാം തലതല്ലിക്കരഞ്ഞ് തകർന്നുടയുന്നു. വീണ്ടും പുതുരൂപം പ്രാപിച്ച് ചുറ്റും നിന്ന് എന്തൊക്കെയോ പുലമ്പുന്നു. ആർത്തട്ടഹസിക്കുന്നു. അലറിക്കരയുന്നു. അവൾക്ക് താനുൾപ്പെടെ എല്ലാവരോടും സഹതാപം തോന്നി. കുഞ്ഞുമേരിയോടൊഴിച്ച്...
‘‘എന്നിട്ട്... എന്നിട്ട് നിങ്ങൾക്ക് ഒരിക്കൽപോലും കുറ്റബോധം തോന്നീട്ടില്ലേ?’’ അവൾ കിതച്ചുകൊണ്ട് വെറുപ്പുനിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
‘‘ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടായാലല്ലേ കുറ്റബോധത്തിന്റെ ആവശ്യമുള്ളൂ. അതൊരു തെറ്റാരുന്നു എന്ന് എനിക്കൊരിക്കലും തോന്നീട്ടില്ല.’’ കുഞ്ഞുമേരി നിർവികാരതയോടെ പറഞ്ഞു.
‘‘എന്നാലും...’’
സിനി എന്തോ പറയാൻ തുനിഞ്ഞപ്പോൾ കുഞ്ഞുമേരി അതിനെ ഖണ്ഡിച്ചുകൊണ്ട് ഉറച്ചസ്വരത്തിൽ പറഞ്ഞു.
‘‘പ്രകൃതിയിലെവിടേം ആരുടെ കുഞ്ഞിനെ പെറ്റുവളർത്തണമെന്ന് തീരുമാനിക്കുന്നത് പെണ്ണാ... ആരോഗ്യമുള്ള കുഞ്ഞുങ്ങള് അവൾടെ അവകാശമാ... അതില് തെറ്റും ശരിയുമൊന്നുമില്ല.’’
സിനി വാക്കുകൾ വറ്റിയിരിക്കുമ്പോൾ കുഞ്ഞുമേരിക്കു ചിറകുകൾ മുളച്ചു. കൈകൾ അറ്റുപോയി. ദേഹം തൂവലുകൾ കൊണ്ടു മൂടി. അവൾ ഒരു പക്ഷിയായി മാറി കാടിനുള്ളിലേക്കു പറന്നകന്നു.
