Begin typing your search above and press return to search.
proflie-avatar
Login

ആ​ബ്ര ക​ടാ​ബ്ര

ആ​ബ്ര ക​ടാ​ബ്ര
cancel

ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ല്‍നി​ന്നും റാ​വ​ല്‍പ്പി​ണ്ടി എ​ക്സ്പ്രസ് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്നേ, മൈ​താ​ന​മാ​കെ ഇ​ടം​ക​ണ്ണി​ട്ട് വീ​ക്ഷി​ച്ച് പി​ഴ​വൊ​ന്നും വ​രാ​നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തു​ന്ന സ​ച്ചി​നെ മ​ന​സ്സി​ല്‍ ധ്യാ​നി​ച്ച്, ഒ​രാ​വ​ര്‍ത്തി​കൂ​ടി ഞാ​ന്‍ ചു​റ്റും നോ​ക്കി. വ​ലി​യ കു​ഴ​പ്പ​മി​ല്ല. വി​രു​ന്നു​കാ​രി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ ഗ്യാ​പ്പി​ല്‍ കി​ട്ടി​യ സ്ട്രാ​റ്റ​ജി​ക് ടൈം ​ഔ​ട്ടി​നി​ടെ ഒ​രു​വി​ധം മു​റി വൃ​ത്തി​യാ​ക്കാ​നൊ​ത്തി​ട്ടു​ണ്ട്. പൂ​പ്പ​ല്‍ മ​ണ​ക്കു​ന്ന ക്രി​ക്ക​റ്റ് കി​റ്റ് അ​പ്പാ​ടെ എ​ടു​ത്തു പു​റ​ത്തുെവ​ച്ചു. പ്ലാ​സ്റ്റി​ക്...

Your Subscription Supports Independent Journalism

View Plans

ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ല്‍നി​ന്നും റാ​വ​ല്‍പ്പി​ണ്ടി എ​ക്സ്പ്രസ് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്നേ, മൈ​താ​ന​മാ​കെ ഇ​ടം​ക​ണ്ണി​ട്ട് വീ​ക്ഷി​ച്ച് പി​ഴ​വൊ​ന്നും വ​രാ​നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തു​ന്ന സ​ച്ചി​നെ മ​ന​സ്സി​ല്‍ ധ്യാ​നി​ച്ച്, ഒ​രാ​വ​ര്‍ത്തി​കൂ​ടി ഞാ​ന്‍ ചു​റ്റും നോ​ക്കി. വ​ലി​യ കു​ഴ​പ്പ​മി​ല്ല. വി​രു​ന്നു​കാ​രി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ ഗ്യാ​പ്പി​ല്‍ കി​ട്ടി​യ സ്ട്രാ​റ്റ​ജി​ക് ടൈം ​ഔ​ട്ടി​നി​ടെ ഒ​രു​വി​ധം മു​റി വൃ​ത്തി​യാ​ക്കാ​നൊ​ത്തി​ട്ടു​ണ്ട്.

പൂ​പ്പ​ല്‍ മ​ണ​ക്കു​ന്ന ക്രി​ക്ക​റ്റ് കി​റ്റ് അ​പ്പാ​ടെ എ​ടു​ത്തു പു​റ​ത്തുെവ​ച്ചു. പ്ലാ​സ്റ്റി​ക് കു​പ്പി പാ​തി മു​റി​ച്ചു​ണ്ടാ​ക്കി​യ ആ​ഷ് ട്രേ​യും ത​ലേ​ന്ന് രാ​ത്രി ക​ട​ല​ക്ക​റി കൂ​ട്ടി​ക്കു​ഴ​ച്ച് ക​ഴി​ക്കാ​തെ ബാ​ക്കി​വെ​ച്ച ച​പ്പാ​ത്തി​യും വേ​സ്റ്റ് ബാ​സ്‌​ക​റ്റി​ന്റെ സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങി​ക്ക​ഴി​ഞ്ഞു; മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ അ​ല​മാ​ര​യി​ലേ​ക്കും. കി​ട​ക്ക​യി​ല്‍ പു​തി​യ ബെ​ഡ് ഷീ​റ്റ് വി​രി​ച്ച ശേ​ഷം ഏ​താ​നും മെ​ഴു​കു​തി​രി​ക​ളും ഒ​രു ച​ന്ദ​ന​ത്തി​രി​യും കൂ​ടി ഞാ​ന്‍ ക​ത്തി​ച്ചു. പു​റ​ത്തു​പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​ക്കിട​യി​ലും ആ​ദ്യ​ പ​ന്തി​ന്റെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച് എ​ന്റെ കൊ​ച്ചു വാം​ഖ​ഡെ ഒ​രു​ങ്ങി​നി​ന്നു.

“രൂ​പ​ക്കൂ​ട്ടി​ന​ക​ത്ത് ലോ​ക്കാ​യി​പ്പോ​യ പു​ണ്യാ​ള​ന്റെ ലു​ക്കു​ണ്ട് ഇ​പ്പോ ത​നി​ക്ക്...”

മെ​ഴു​കു​തി​രി​ക​ള്‍ക്ക് ന​ടു​വി​ലി​രു​ന്ന് താ​ടി​യു​ഴി​ഞ്ഞു​കൊ​ണ്ടി​രു​ന്ന എ​ന്നെ നോ​ക്കി വി​രു​ന്നു​കാ​രി പ​റ​ഞ്ഞു. കു​ളി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എ​ന്റെ ലൂ​സ് ഫി​റ്റ് ഡെ​നിം ഷ​ര്‍ട്ടും ക​റു​ത്ത മു​ണ്ടും ആ​ള്‍ക്ക് ത​ര​ക്കേ​ടി​ല്ലാ​തെ ചേ​രു​ന്നു​ണ്ട്. ന​ന​ഞ്ഞു​കു​തി​ര്‍ന്ന ചു​രി​ദാ​ര്‍ ക​ഴു​കി​പ്പി​ഴി​ഞ്ഞ​ത് അ​വ​ള്‍ ക​സേ​ര​യി​ല്‍ നി​വ​ര്‍ത്തി​യി​ട്ടു. ഫാ​നി​ന്റെ ചു​വ​ട്ടി​ലി​ട്ടി​ട്ട് കാ​ര്യ​മി​ല്ല –ക​റ​ന്റി​ല്ല.

“ഈ ​കാ​റ്റി​ന്റേം മ​ഴേ​ടേം അ​യ്യ​പ്പ​നും കോ​ശി​യും ക​ളി അ​ട​ങ്ങു​ന്ന മ​ട്ടി​ല്ല​ല്ലോ മോ​നേ! ആ​രേ​ലും ഒ​രാ​ള് പ​ത്തി​മ​ട​ക്കി​യി​രു​ന്നേ​ല്‍ അ​റ്റ്ലീ​സ്റ്റ് ക​റ​ന്റെ​ങ്കി​ലും വ​ന്നേ​നെ...” –തൊ​ലി​പോ​യ കൈ​മു​ട്ടി​ലെ ചോ​ര​യൊ​പ്പി​ക്കൊ​ണ്ട് അ​വ​ൾ എ​നി​ക്ക​രി​കി​ല്‍ വ​ന്നി​രു​ന്നു. ആ ​വ​ല​തു​പു​രി​ക​ത്തി​ന് മു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ വ​ര​ക്കുന്ന കു​ഞ്ഞി​പ്പു​ഴു​വി​ന്റെ ഷേ​പ്പി​ലു​ള്ള ഒ​രു മു​റി​പ്പാ​ടുകൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​ത്തി​രി ന​ന്നാ​യേ​നെ എ​ന്ന് എ​നി​ക്ക് തോ​ന്നി.

“അ​പ്പോ എ​ന്റെ ഈ ​പു​ണ്യാ​ള​ന്‍ ലു​ക്കി​ന്റെ ധൈ​ര്യ​ത്തി​ലാ​ണോ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ചാ​ടി​ക്കേ​റി വ​ന്ന​ത്?” –ചെ​റു​താ​യൊ​ന്ന് മു​ന്നോ​ട്ടേ​ക്ക് നി​ര​ങ്ങി ഇ​ട​യി​ലു​ള്ള അ​ക​ലം കു​റ​ച്ചു​കൊ​ണ്ട് ഞാ​ന്‍ ചോ​ദി​ച്ചു.

“ഉ​ണ്ട! അ​മ്മാ​തി​രി മ​ഴ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട​യി​ൽ വീ​ണു നാ​റി നി​ക്കു​മ്പോ, കൈ​നീ​ട്ടി​യ​ത് ചെ​കു​ത്താ​നാ​ണേ​ലും ഞാ​ൻ ചാ​ടി​പി​ടി​ക്കും...”

അ​ൽപം താ​ഴ്ന്ന പ്ര​ദേ​ശ​ത്താ​ണ് ബ​സ് സ്റ്റാ​ൻ​ഡ്. മ​ഴ​യു​ടെ ത​ല ക​ണ്ടാ​ൽ മ​തി, ന​ഗ​ര​ത്തി​ലെ സ​ക​ല​മാ​ന അ​ഴു​ക്കു​ക​ളും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടെ ഒ​രു പു​ഴ ഒ​ഴു​കു​ന്നു​ണ്ട്. പെ​ട്ടെ​ന്നാ​യി​രു​ന്നു വെ​ള്ളം​പൊ​ങ്ങി​യ​ത്. യു​വ​ൻ ശ​ങ്ക​ർരാ​ജ​യു​ടെ പാ​ട്ടും കേ​ട്ട് സി​ഗ​ര​റ്റും വ​ലി​ച്ചു​കൊ​ണ്ടു​നി​ന്ന ഞാ​ൻ കാ​ൽ​ച്ചു​വ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ആ​ദ്യ​മ​റി​ഞ്ഞി​രു​ന്നി​ല്ല. ത​ല​യി​ലെ പാ​ട്ടി​ന്റെ ത​രി​പ്പ് പേ​ടി​യു​ടെ പെ​രു​പ്പാ​ക്കി മാ​റ്റി​യ​ത് ‘ആ​ന്റി ഫ്ല​വ​ർ’ ആ​ണ്. റീ​ത്തും പൂ​മാ​ല​യും ബാ​ക്കി കു​ട​ച​ക്ര​വും വെ​ള്ളം ക​യ​റാ​ത്ത ഇ​ട​ത്ത് ഒ​തു​ക്കി വെക്കുകപോ​ലും ചെ​യ്യാ​തെയാണ് പൂ ​വി​ൽപന​ക്കാ​രി ആ​ന്റി മാ​വ തു​പ്പി ഇ​റ​ങ്ങി​യോ​ടി​യ​ത്.

ചി​ത​റി​യോ​ടു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ലൊ​രു​വ​നാ​കു​ന്ന​തി​നു മു​ന്നേ ഒ​രു കൈ, ​ആ​ന്റി ഫ്ല​വ​റി​ന്റെ സ്ഥി​രം ഇ​രി​പ്പി​ട​ത്തി​ന​ടു​ത്തുനി​ന്നും അ​ൽപം മാ​റി​യു​ള്ള സ്ലാ​ബ് ത​ക​ർ​ന്ന ഓ​ട​യി​ൽനി​ന്ന്... തൊ​ട്ടു​പി​ന്നാ​ലെ ഒ​രു ലേ​ഡീ​സ് ബാ​ഗ്‌ ഓ​ട​യി​ൽനി​ന്ന് പു​റ​ത്തേ​ക്ക് പ​റ​ന്നു. പു​റ​ത്തേ​ക്ക് നീ​ണ്ട വെ​ളു​ത്ത ക​യ്യി​ലെ കു​പ്പി​വ​ള​ക​ളും വെ​ണ്ട​യ്ക്ക വി​ര​ലു​ക​ളും ക​ണ്ട​യു​ട​ൻ എ​നി​ക്കൊ​പ്പം ഓ​ടി​യെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ണ്ട​ക്ട​റും മി​ന്ന​ൽ വേ​ഗ​ത്തി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യി​രു​ന്നു.

“ക​ണ്ണു​കൊ​ണ്ടു റേ​പ്പ് ചെ​യ്യു​ന്ന​തി​ൽ പ്രോ ​ആ​ണ് ആ ​ക​ണ്ട​ക്ട​റ്... ഡെ​യി​ലി വൈ​കു​ന്നേ​രം ആ ​നാ​റി​യു​ടെ ആ​ന​വ​ണ്ടി​യി​ലാ ഞാ​ൻ പോ​വാ​റ്... ഏ​താ​യാ​ലും ഡ്ര​സ് മാ​റ​ണം. അ​തി​ന് അ​ങ്ങേ​രു​ടെ ഹെ​ൽപ് എ​ടു​ത്താ ഡ്ര​സ് മാ​റ​ൽ പ​രി​പാ​ടി മാ​ത്രേ ന​ട​ക്കൂ, തി​രി​ച്ചി​ടാ​നു​ള്ള ഭാ​ഗ്യം ചി​ല​പ്പോ കി​ട്ടീ​ന്ന് വ​രി​ല്ല... അ​താ ത​ന്റെ കൈ ​പി​ടി​ച്ചേ...”

വെ​ന്റി​ലേ​റ്റ​റി​നു​ള്ളി​ലൂ​ടെ അ​ക​ത്തേ​ക്ക് തെ​റി​ച്ച മ​ഴ​വെ​ള്ളം ഒ​രു മെ​ഴു​കു​തി​രി കെ​ടു​ത്തി. തൊ​ട്ടു​പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി​യു​ടെ കോ​ൾ –പാ​ർ​ക്കിങ് ഏ​രി​യ അ​പ്പാ​ടെ മു​ക്കി വെ​ള്ളം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, രാ​വി​ലെ വ​രേ​ക്കും മു​റിവി​ട്ടു പു​റ​ത്തി​റ​ങ്ങു​ന്ന കാ​ര്യം ചി​ന്തി​ക്കു​ക പോ​ലും വേ​ണ്ടെ​ന്ന്! പാ​തി​രാ​ത്രി പു​റ​ത്തി​റ​ങ്ങി​യി​ട്ട് എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് കാ​ര്യ​മൊ​ന്നു​മി​ല്ല. ഒ​ഴി​ഞ്ഞ വ​യ​റോ​ടെ മ​ഴ​യു​ടെ ഇ​ര​മ്പ​ൽ കേ​ട്ട് കി​ട​ക്കു​ന്ന​ത് ഇ​ഷ്ട​മു​ള്ള കാ​ര്യ​വു​മാ​ണ്. പ​ക്ഷേ, ആ​തി​ഥേ​യ മ​ര്യാ​ദ. അ​ത് ഇ​വി​ടെ കാ​ണി​ച്ചേ പ​റ്റൂ.

“എ​ടോ, ചോ​റ് വ​ല്ലോം ഇ​രി​പ്പു​ണ്ടോ?” –ഔ​പ​ചാ​രി​ക​ത​യു​ടെ ഭാ​ര​മൊ​ന്നു​മി​ല്ലാ​ത്ത ചോ​ദ്യം.

“അ​രി​യു​ണ്ട്. കൂ​ട്ടാ​നാ​യി​ട്ട് നാ​ല് മു​ട്ട​യും ര​ണ്ടു സ​വാ​ള​യുംകൊ​ണ്ട് കാ​ണി​ക്കാ​ൻ പ​റ്റു​ന്ന എ​ന്ത് മാ​ജി​ക് വേ​ണേ​ലും കാ​ണി​ക്കാം...”

“എ​നി​ക്ക് ഉ​ച്ച​യ്ക്ക് ഉ​ണ്ടി​ല്ലേ​ലും രാ​ത്രി ചോ​റു​ണ്ണ​ണം. അ​ല്ലേ​ൽ ത​ല ക​റ​ങ്ങും...”

ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളോ​ട് സ​മ​യം കി​ട്ടു​മ്പോ​ഴൊ​ക്കെ കാ​ർ​ബ്‌​സ് ക​ട്ട് ഡ​യ​റ്റി​നെ​ക്കു​റി​ച്ച് ഘോ​ര ഘോ​രം ഞാ​ൻ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ല​ധി​കം ചോ​റ് ആ​രേ​ലും ക​ഴി​ക്കു​ന്ന​ത് ക​ണ്ടാ​ൽ സ്വ​ന്തം അ​ടി​വ​യ​റ്റി​ൽ ഭാ​രം കൂ​ടും​പോ​ലെ തോ​ന്നാ​റു​ള്ള ഞാ​നാ​ണ്... പാ​തി​രാ​ത്രി. ക​ഴി​ക്കു​ന്ന​തെ​ല്ലാം കൊ​ഴു​പ്പാ​യി അ​ടി​യു​ന്ന നേ​രം. ഊ​ട്ടാ​തെ ര​ക്ഷ​യു​മി​ല്ല. ഒ​ന്ന് പൊ​ട്ടി​ച്ചിരി​ച്ചാ​ലോ എ​ന്ന് എ​നി​ക്ക് തോ​ന്നി.

“പ​റ​യു​ന്ന​തു​കൊ​ണ്ട് ഒ​ന്നും തോ​ന്ന​രു​ത്... സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​ല്‍ ത​നി പാ​ല്‍ക്കു​പ്പി​യാ​ണ് താ​ന്‍...” –അ​വ​സാ​ന​ത്തെ ഉ​രു​ള​യ്ക്കൊ​പ്പം അ​ൽ​പ​നേ​രം നി​ല​നി​ന്ന നി​ശ്ശ​ബ്ദ​ത​യെ​യും അ​വ​ള്‍ ച​വ​ച്ചി​റ​ക്കി. പി​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു!

“അ​റ്റ്‌​ലീ​സ്റ്റ് ഒ​രു​വ​ട്ട​മെ​ങ്കി​ലും പെ​ണ്ണി​ന് തോ​ന്ന​ണം... ഈ​യാ​ള് ക​ള​സ​ത്തി​ന്റെ പോ​ക്ക​റ്റി​ല് ക​യ്യി​ട്ട് സ്ലോ​മോ​ഷ​നി​ല് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ന​ട​ക്ക​ണ​ത് എ​ന്നെ​ക്കാ​ണാ​നാ​ണ​ല്ലോ​ന്ന്... ഇ​തൊ​രു​മാ​തി​രി ബ​ലി​ച്ചോ​റ് തി​ന്നാ​ന്‍ വ​രു​ന്ന കാ​ക്ക​ളെ​ക്കൂ​ട്ട്... അ​യ്യേ...”

പു​റ​ത്തു​നി​ന്നും ഏ​റു​കൊ​ണ്ട ഒ​രു പ​ട്ടി​യു​ടെ മോ​ങ്ങ​ല്‍. മ​ഴ​യു​ടെ ഇ​രു​മ്പ​ലു​ക​ള്‍ക്കി​ട​യി​ലും ആ ​ശ​ബ്ദം മു​റി​ക്കു​ള്ളി​ല്‍ മു​ഴ​ങ്ങി. സിം​ബോ​ളി​ക്. അ​വ​ള്‍ ചി​രി​ച്ചു. ചൂ​ണ്ട​ക്കൊ​ളു​ത്തി​ന​റ്റ​ത്തു ക​ടി​ച്ചു​തൂ​ങ്ങു​ന്ന​ത് മു​ത​ല​യാ​ണെ​ന്ന​റി​യാ​തെ, ആ​ഞ്ഞു വ​ലി​ച്ചു ഭി​ത്തി​യി​ൽ ക​യ​റി​യ കി​ഴ​വ​ന്റെ ക​ഥ പ​ണ്ട് ക​ഥാ​പു​സ്ത​ക​ത്തി​ൽ വാ​യി​ച്ച​ത് എ​നി​ക്കോ​ർ​മ വ​ന്നു.

“അ​പ്പൊ വ​ഴി​തെ​റ്റി വ​ന്ന​ത​ല്ല, വെ​ൽ പ്ലാ​ൻ​ഡ് ആ​ണ് മാ​ഡം...”

“ഏ​യ്... ഒ​രു ക്യൂ​രി​യോ​സി​റ്റി... ത​ന്റെ ഫ​സ്റ്റ് പ്രി​ഫ​റ​ൻ​സ് മ​റ്റേ​ത​ല്ലാ​ന്നു ഒ​രു ഉ​ൾ​വി​ളി...”

“അ​ത്ര ഉ​റ​പ്പാ​ണോ?”

 

“ന​മ്മ​ടെ സ്റ്റാ​ൻഡി​ല് മു​ല്ല​പ്പൂ​വും ചൂ​ടി കൊ​റേ ചേ​ച്ചി​മാ​ര് നി​ക്കു​വ​ല്ലോ... സ്റ്റാ​ൻഡിലെ സ്ഥി​രം കു​റ്റി​ക​ളി​ൽ കൂ​ടി​യ ഇ​ന​ങ്ങ​ളൊ​ക്കെ ഒ​രു​ത​വ​ണ​യെ​ങ്കി​ലും ആ ​ഭാ​ഗ​ത്തു മ​ണ​പ്പി​ച്ചു​ന​ട​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. ആ ​സീ​നി​ൽ താ​നി​ല്ല... അ​പ്പൊ ത​ന്റെ ഏ​ർ​പ്പാ​ട് വേ​റെ​ന്തോ ആ​ണെ​ന്ന് തോ​ന്നി...”

“ആ ‘​വേ​റെ​ന്തോ’ അ​പ​ക​ട​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ കാ​ര​ണം?”

“മോ​നേ... സ​ത്യം പ​റ... ഈ ​സി​നി​മ​യി​ലൊ​ക്കെ കാ​ണും​പോ​ലെ പെ​ണ്ണു​ങ്ങ​ളെ വെ​ട്ടി പീ​സാ​ക്കി ഫ്രി​ഡ്ജി​ൽ ക​യ​റ്റു​ന്ന ടൈ​പ് സൈ​ക്കോ ഒ​ന്നും അ​ല്ലാ​ലോ താ​ൻ?” –ത​മാ​ശ​യു​ടെ മ​ധു​രം പു​ര​ണ്ട സം​ശ​യം. മെ​ഴു​കു​തി​രി​ത്തീ​യി​ൽ ഒ​രു മ​ഴ​പ്പാ​റ്റ ക​ത്തി​യെ​രി​ഞ്ഞു. ഓ​ർ​മ​ക​ളു​ടെ ന​ന​ഞ്ഞ ചാ​ര​ത്തി​ൽനി​ന്നും പ​തി​യെ പു​ക ഉ​യ​ർ​ന്നു. കാ​ലി​ൽ ക​റു​ത്ത ച​ര​ടു​കെ​ട്ടി​യൊ​രു പാ​വാ​ട​ക്കാ​രി​യെ നെ​റ്റി​യി​ൽ മു​ഴ​യു​ള്ള മാ​ന്ത്രി​ക​ൻ ഇ​രു​മ്പു​പൂ​ട്ടി​ട്ട മ​ര​പ്പെ​ട്ടി​യി​ൽ അ​ട​യ്ക്കാ​നൊ​രു​ങ്ങു​ന്നു...

“ആ​ബ്ര ക​ടാ​ബ്ര..!” –മാ​ന്ത്രി​ക​വ​ടി വാ​യു​വി​ൽ വൃ​ത്തം വ​ര​ച്ചു. തീ​പ്പി​ടി​ച്ച പെ​ട്ടി​ക്ക് ചു​റ്റും ഉ​ന്തി​യ ക​ണ്ണു​ക​ളോ​ടെ അ​ല​റി​ക്ക​ര​ഞ്ഞോ​ടു​ന്ന മാ​ന്ത്രി​ക​ൻ... ക​റു​ത്ത ച​ര​ടു​കെ​ട്ടി​യ ഇ​ളം​കാ​ല് തീ​യി​ലു​രു​കു​ന്ന​ത് നി​ന​ച്ച്, കാ​ണി​ക്ക​ൾ​ക്കി​ട​യി​ൽ​ലി​രു​ന്ന് ക​ണ്ണു​ക​ൾ ഇ​റു​ക്കി​യ​ട​ക്കു​ന്ന ഒ​രു പ​ന്ത്ര​ണ്ടു വ​യ​സ്സുകാ​ര​ൻ...

‘ആ​ബ്ര ക​ടാ​ബ്ര...!’ - മാ​ന്ത്രി​ക വ​ടി വീ​ണ്ടും വൃ​ത്തം വ​ര​ച്ചു തീ​രും മു​ന്നേ ക​റു​ത്ത ച​ര​ടു​കാ​രി അ​താ, കാ​ണി​ക​ളു​ടെ ന​ടു​വേ​യു​ള്ള വി​ട​വി​ലൂ​ടെ ത​ല​താ​ഴ്ത്തി ന​ട​ന്നു​വ​രു​ന്നു! മാ​ന്ത്രി​ക​ന്റെ കൂ​ടാ​ര​ത്തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന തെ​ങ്ങി​ന്റെ മ​ണ്ട​യി​ൽ ക​ള്ള് മോ​ന്താ​ൻ കേ​റി​യ മ​ര​പ്പ​ട്ടി, താ​ഴെ എ​രി​ഞ്ഞു​തീ​ർ​ന്ന് ബാ​ക്കി​യാ​യ ക​ന​ലി​ലേ​ക്ക് ക​ള്ളി​ൻ കു​ടം ത​ള്ളി​യി​ട്ടു. ത​ണു​ത്ത കാ​റ്റ്. ക​ണ്ണി​ൽ​ത്തെ​റി​ച്ച ചാ​രം തി​രു​മ്മി ത​ല ഉ​യ​ർ​ത്തി​യ​തും പെ​ട്രോ​മാ​ക്സ് വെ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞു ക​ണ്ടു –നെ​റ്റി​യി​ൽ കു​ഞ്ഞി​പ്പു​ഴു​വി​ന്റെ ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ട്...

“എ​നി​ക്ക് കു​ഞ്ഞു​നാ​ളി​ല് ഒ​രു കൂ​ട്ടു​കാ​രി ഉ​ണ്ടാ​യി​രു​ന്നു... വ​ലു​പ്പം വെ​ച്ച അ​വ​ളു​ടെ മു​ഖം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് ഞാ​നി​ട​യ്ക്ക് മ​ന​സ്സി​ൽ വ​ര​ച്ചു​നോ​ക്കാ​റു​ണ്ട്. ആ ​മു​ഖ​ത്തി​ന് താ​നു​മാ​യി വ​ല്ലാ​ത്ത സി​മി​ലാ​രി​റ്റി... നെ​റ്റി​യി​ലെ ഒ​രു മു​റി​പ്പാ​ടി​ന്റെ വ്യ​ത്യാ​സം മാ​ത്രം...”

ആ​ദ്യ​മൊ​ന്നു തു​റി​ച്ചു​നോ​ക്കി​യെ​ങ്കി​ലും അ​ടു​ത്ത നി​മി​ഷ​ത്തി​ൽ ഒ​രു വ​ലി​യ ത​മാ​ശ കേ​ട്ട​മ​ട്ടി​ൽ അ​വ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു. അ​ത്യാ​വ​ശ്യം ഉ​റ​ക്കെ​ത്ത​ന്നെ...

“ച​തി​ക്കാ​ത്ത ച​ന്തു​വി​ൽ സ​ലിം കു​മാ​റി​ന്റെ ഒ​രു ഡ​യ​ലോ​ഗ് ഇ​ല്ലെ​ടോ... അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ചു പോ​യ എ​ന്റെ പ്രി​യ​പ്പെ​ട്ട മു​റ​പ്പെ​ണ്ണ് ചെ​മ്പ​ഴ​ന്തി​യു​ടെ ഛായ ​ആ​ണ് നി​ന​ക്കെ​ന്നോ മ​റ്റോ... ആ ​ലൈ​ൻ ആ​ണോ...”

മ​റു​പ​ടി പ​റ​യാ​ൻ തോ​ന്നി​യി​ല്ല. മെ​ഴു​കു​തി​രി​ത്തീ​യി​ലേ​ക്ക് മു​ഖം താ​ഴ്ത്തി ഞാ​നൊ​രു സി​ഗ​ര​റ്റ് ക​ത്തി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ ക​ത്തി​പ്പോ​യ താ​ടി​രോ​മ​ങ്ങ​ളു​ടെ ക​രി​ഞ്ഞ മ​ണം മു​റി​യി​ൽ പ​ര​ന്നു. ജ​നാ​ല​ക്ക​രി​കി​ലേ​ക്ക് ഞാ​ൻ ന​ട​ന്നു. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നു കീ​ഴെ, സാ​രി മു​ട്ടോ​ളം മ​ട​ക്കി​കു​ത്തി മ​ഴ​യ​ത്ത് കു​ട​യും ചൂ​ടി നി​ന്നൊ​രു മു​ല്ല​പ്പൂ​ക്കാ​രി ചേ​ച്ചി​ക്ക് ഡ്യൂ​ക്കി​ൽ വ​ന്നൊ​രു ഫ്രീ​ക്ക​ൻ വി​ല​യി​ട്ടു​റ​പ്പി​ച്ചു. ആ​ന​പ്പു​റ​ത്തേ​റു​ന്ന പാ​പ്പാ​നെ പോ​ലെ, ഫ്രീ​ക്ക​നെ തെ​റി​വി​ളി​ച്ചു​കൊ​ണ്ട് മു​ല്ല​പ്പൂ​ക്കാ​രി ഡ്യൂ​ക്കി​ൽ ക​യ​റു​ന്ന​ത് നോ​ക്കി​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​വ​ൾ എ​നി​ക്ക​രി​കി​ലേ​ക്ക് വ​ന്നു വി​ര​ലു​ക​ൾ നീ​ട്ടി.

“എ​ടോ... താ​ൻ ഈ ​ബാ​ല്യ​കാ​ല സ​ഖി കാ​ർ​ഡ് ഇ​റ​ക്കി ക​ഷ്ട​പ്പെ​ടു​വൊ​ന്നും വേ​ണ്ട... വേ​ണേ​ൽ എ​ന്നെ​യൊ​ന്നു കി​സ്സ് ചെ​യ്തോ... കി​സ്സ് മാ​ത്ര​മേ... ഒ​രു വ​ൺ നൈ​റ്റ് സ്റ്റാ​ൻ​ഡി​നു​ള്ള സ്റ്റാ​മി​ന ത​ൽക്കാ​ലം എ​ന്റെ ബോ​ഡി​യി​ൽ ഇ​ല്ല... നേ​ര​ത്തെ വീ​ണ വീ​ഴ്ച​യി​ൽ ന​ടുവെ​ട്ടി​യി​രി​ക്കു​വാ...” –സം​സാ​ര​ത്തി​ലു​ട​നീ​ളം ചു​മ. പു​ക വ​ലി​ക്കു​ന്ന​തി​ൽ ആ​ൾ​ക്ക് ന​ല്ല പ​രി​ച​യ​ക്കു​റ​വു​ണ്ട്. സി​ഗ​ര​റ്റ് ഞാ​ൻ തി​രി​കെ വാ​ങ്ങി.

“ഞാ​ന​വ​ളെ ഉ​മ്മ വ​ച്ചി​ട്ടു​ണ്ട്...”

“എ​ടാ കൊ​ച്ചു ഇ​മ്രാ​ൻ ഹാ​ഷ്മി! ചു​ണ്ടി​ലോ?”

“നെ​റ്റി​യി​ൽ... കു​ഞ്ഞി​പ്പു​ഴു ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ടി​ൽ...”

“എ​ന്നി​ട്ട്?”

പ​ഴ​കി​യൊ​രു ന​ട്ടു​ച്ച വെ​യി​ൽ മ​ന​സ്സിന​ക​ത്തു​ കി​ട​ന്നു തി​ള​ച്ചു. ഇ​രു​ളു​പ​ര​ക്കു​മ്പോ​ൾ കാ​ട്ടേ​ണ്ട മാ​ന്ത്രി​ക വി​ദ്യ​ക​ളും കാ​ണി​ക​ളു​ടെ ക​യ്യ​ടി​ക​ളും സ്വ​പ്നം ക​ണ്ടു​കൊ​ണ്ട് മാ​ന്ത്രി​ക​നു​റ​ങ്ങു​ന്ന നേ​രം, ക​റു​ത്ത ച​ര​ടു​കാ​രി​ക്കൊ​പ്പം ഞാ​ൻ പ​റ​ങ്കി​മാ​ങ്ങ​ക​ൾ പെ​റു​ക്കാ​നി​റ​ങ്ങി. പ​റ​ങ്കി​മാ​ങ്ങ​യി​ട്ടു വാ​റ്റി​യ വാ​റ്റാ​ണ​ത്രെ അ​വ​ളു​ടെ അ​പ്പ​ന്റെ അ​ത്ഭു​ത​സി​ദ്ധി​ക​ളു​ടെ ര​ഹ​സ്യം! കൂ​ർ​ത്ത മു​ള്ളി​നോ മു​ന​യു​ള്ള ക​ല്ലി​നോ കാ​ലി​നെ നോ​വി​ക്കാ​നാ​വി​ല്ല. അ​ത്ര​യ്ക്ക് ക​ട്ടി​യി​ൽ ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ നി​ല​ത്തു മെ​ത്ത​യൊ​രു​ക്കി​യി​രി​ക്കു​ന്നു. പാ​തി മ​ട​ക്കി​യ പാ​വാ​ട​യി​ലേ​ക്ക് പ​ഴു​ത്ത പ​റ​ങ്കി​മാ​ങ്ങ​ക​ൾ പെ​റു​ക്കി​യി​ടു​ന്ന​തി​നി​ടെ കു​ഞ്ഞു ക​ഴു​ത്തി​ൽ ചോ​ര​യു​ടെ ചാ​ലു​ണ​ങ്ങി​യ നേ​ർ​ത്ത മൂ​ന്ന് വ​ര​ക​ൾ ഞാ​ൻ ക​ണ്ടു...

“ച​ത്തു​പോ​യ​വ​ർ ന​മ്മ​ളെ കാ​ണാ​ൻ വ​രു​മ്പോ​ൾ ദേ​ഹ​ത്ത് മാ​ന്തും... ഉ​റ​ക്ക​ത്തി​ലാ​വു​മ്പോ ന​മ്മ​ള​ത​റി​യി​ല്ല... വേ​ദ​നി​ക്കേം ഇ​ല്ല...” –ന​ന്നേ പ​ഴു​ത്തൊ​രു പ​റ​ങ്കി​മാ​ങ്ങ​യി​ൽ കി​ട​ന്നു പു​ള​ച്ച പു​ഴു​വി​നെ ഞെ​ക്കി പു​റ​ത്തി​ട്ടു​കൊ​ണ്ടു അ​വ​ൾ പ​റ​ഞ്ഞു. ആ ​പു​ഴു വ​ലു​പ്പം വെക്കുമ്പോ​ൾ അ​വ​ളു​ടെ നെ​റ്റി​യി​ലെ മു​റി​പ്പാ​ടി​ന്റെ ചേ​ലി​ലാ​വു​മെ​ന്ന് എ​നി​ക്ക് തോ​ന്നി.

“നി​ന്റെ ആ​രാ ച​ത്ത​ത്?”

“ന്റെ അ​മ്മ...”

പ​തി​യെ പു​റ​ത്തേ​ക്കൊ​ഴു​കി​യ പ​ളു​ങ്കു​മ​ണി​ക​ൾ ഉ​ണ​ങ്ങി​യ ചോ​ര​ച്ചാ​ലു​ക​ളി​ൽ ന​ന​വ് പ​ട​ർ​ത്തി. പു​ക​ഞ്ഞ ക​ഴു​ത്തു തി​രു​മ്മി​ക്കൊ​ണ്ട് അ​വ​ളെ​ന്നെ നോ​ക്കി. കൂ​ന​കൂ​ട്ടി ശേ​ഖ​രി​ച്ച പ​റ​ങ്കി​മാ​ങ്ങ​ക​ൾ പാ​വാ​ട​യി​ൽ നി​ന്നും ഊ​ർ​ന്നുവീ​ണു... ഞാ​ൻ ക​ര​യു​മ്പോ​ൾ അ​മ്മ​യെ​നി​ക്ക് ഉ​മ്മ​ത​രാ​റാ​ണ് പ​തി​വ്. ഒ​ന്നു ത​ല്ലി​യാ​ലും ഉ​റ​ങ്ങാ​ൻ നേ​രം അ​ച്ഛ​നും ഉ​മ്മ ത​രും. സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രെ ചി​രി​പ്പി​ക്കാ​നു​ള്ള​താ​ണ് ഉ​മ്മ എ​ന്നാ അ​മ്മ പ​റ​യാ​റ്... കു​നി​ഞ്ഞുനി​ന്ന് അ​വ​ളു​ടെ മു​ഖം ഞാ​നു​യ​ർ​ത്തി. എ​ന്റെ ക​വി​ൾ മാ​ന്തി​പ്പൊ​ളി​ച്ചു​കൊ​ണ്ട് അ​വ​ൾ കി​ത​ച്ചു...

തി​രി​ച്ചുപോ​കാ​ൻ നേ​രം ഞ​ങ്ങ​ൾ പ​ര​സ്പ​രം ഒ​ന്നും മി​ണ്ടി​യി​ല്ല. ന​ട​ത്തത്തി​നി​ടെ പാ​മ്പ​നു​റു​മ്പു​ക​ൾ അ​വ​ളു​ടെ തി​ര​മാ​ല​ത്ത​ല​മു​ടി​യി​ൽ കു​രു​ങ്ങി​യ​തും ര​ണ്ട് ഇ​ര​ട്ട​വാ​ല​ൻ പ​ക്ഷി​ക​ൾ ക​ല​പി​ലകൂ​ടി മു​ന്നി​ൽ വീ​ണു​പി​ട​ഞ്ഞെ​ഴു​ന്നേ​റ്റ് പ​റ​ന്ന​തും അ​വ​ള​റി​ഞ്ഞി​ല്ല.

അ​ന്ന് രാ​ത്രി മാ​ന്ത്രി​ക​ന്റെ കൂ​ടാ​രം അ​ട​ഞ്ഞു​കി​ട​ന്നു. പ​റ​ങ്കി​മാ​ങ്ങ വാ​റ്റും മാ​ന്ത്രി​കവ​ടി​യും ക​യ്യി​ലേ​ന്തി എ​ന്നെ കു​ര​ങ്ങാ​നാ​ക്കി മാ​റ്റാ​ൻ വ​രു​ന്ന മാ​ന്ത്രി​ക​നെ സ്വ​പ്നംക​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഞാ​ൻ കി​ട​ക്ക​പ്പാ​യ​യി​ൽ മൂ​ത്ര​മൊ​ഴി​ച്ചു...

സി​ഗ​ര​റ്റി​ന്റെ ബ​ഡ്സി​ലേ​ക്ക് തീ ​പ​ട​ർ​ന്നു ചു​ണ്ട് പൊ​ള്ളി. കു​റ്റി ഞാ​ൻ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. വി​രു​ന്നു​കാ​രി ആ​ലോ​ച​ന​യി​ലാ​ണ്.

“വേ​ണ്ട​ടോ... താ​ൻ കി​സ്സ് ചെ​യ്യേ​ണ്ട... ത​ന്റെ ഉ​മ്മ വേ... ​ഞാ​ൻ ഉ​ദ്ദേ​ശി​ച്ച ഉ​മ്മ റേ... ​മ​റ​ന്നു​ക​ള...”

“എ​ന്നാ​ലും എ​ങ്ങ​നെ ആ​യി​രി​ക്കും ആ ​മാ​ന്ത്രി​ക​ൻ ഒ​രേ സ​മ​യം അ​വ​ളെ ര​ണ്ടി​ട​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തി​യ​ത്? കൂ​ടാ​രം പൊ​ളി​ച്ചു തി​രി​ച്ചുപോ​വാ​ൻ നേ​ര​ത്തും ഞാ​ന​ത് അ​വ​ളോ​ട് ചോ​ദി​ച്ചി​രു​ന്നു...”

എ​ന്റെ ചോ​ദ്യം കേ​ട്ട് തെ​ല്ലൊ​ന്ന് ആ​ലോ​ചി​ച്ച ശേ​ഷം ബാ​ഗ് തു​റ​ന്നു സ്പൈ​റ​ൽ ബൈ​ൻ​ഡ് ചെ​യ്ത ഏ​താ​നും ക​ട​ലാ​സു​കെ​ട്ടു​ക​ൾ വി​രു​ന്നു​കാ​രി എ​ന്റെ മു​ന്നി​ലേ​ക്കി​ട്ടു.

 

“ത​നി​ക്കെ​ന്റെ പ​ണി എ​ന്താ​ന്ന​റി​യോ? സൂ​ര്യ​ൻ ക​ട​ലീ താ​ഴു​ന്ന സെ​ക്ക​ൻഡ് തൊ​ട്ട് ടീ​വി​ടെ മു​ന്നി​ലി​രി​ക്കു​ന്ന സ​ക​ല​മാ​ന അ​മ്മ​ച്ചി​മാ​രേം ക​ണ്ണീ​ർ​ക്ക​ട​ലി​ൽ മു​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഈ ​വെ​ളു​ത്ത ക​ര​ങ്ങ​ളു​മു​ണ്ട്! പ​മ്പ​രംപോ​ലെ പ​ര​മ്പ​ര​ക​ള​ങ്ങു എ​ഴു​തി​ത്ത​ള്ളും! മു​ക്കാ​ലും ഗോ​സ്റ്റ് റൈ​റ്റി​ങ് പ​രി​പാ​ടി​യാ​ട്ടോ...”

നൊ​മ്പ​ര​ത്താ​മ​ര... മി​ഴി​തോ​രും നേ​രം... നോ​വ​റി​യാ​തെ... ഓ​ട​യി​ൽ വീ​ണു ന​ന​ഞ്ഞ ഓ​രോ ക​ട​ലാ​സു​കെ​ട്ടു​ക​ളു​ടെ​യും ത​ല​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഞാ​ൻ ക​ണ്ണോ​ടി​ച്ചു.

“താ​നെ​ന്താ​യാ​ലും പ​ഴ​യ മാ​ജി​ക്കി​ന്റെ ര​ഹ​സ്യം തൊ​ണ്ടേ​ൽ കു​ടു​ങ്ങി ശ്വാ​സംമു​ട്ടി നി​ക്കു​വ​ല്ലേ... എ​ന്റെ പ്രൊ​ഫ​ഷ​ണ​ൽ ലൈ​നി​ലൊ​രു പ​രി​പാ​ടി പി​ടി​ച്ചു​നോ​ക്കാം... ഫ​ൺ ആ​യി​രി​ക്കും... നേ​രം പോ​വേം ചെ​യ്യും...”

മു​ത​ല​യെ വ​ലി​ച്ചു ക​ര​യ്‌​ക്കെ​ത്തി​ക്കാ​ൻ നോ​ക്കി​യ കി​ഴ​വ​ൻ പി​ന്നെ​യും തി​ക​ട്ടി​വ​ന്നു. അ​ൽ​പ​നേ​രം കി​ത​പ്പ​ക​റ്റി​യ മ​ഴ പി​ട​ഞ്ഞെ​ണീ​റ്റ് ആ​ഞ്ഞു പെ​യ്തു. ശ​ബ്ദം മു​റി​ഞ്ഞു​പോ​കാ​തി​രി​ക്കാ​നാ​യി എ​നി​ക്ക​രി​കി​ലേ​ക്ക് ചേ​ർ​ന്ന് നി​ന്ന് വി​ര​ലു​ക​ൾ കൊ​ണ്ട് അ​വ​ൾ ഫ്രെ​യിം വെ​ച്ചു.

“എ​പ്പി​സോ​ഡ് വ​ൺ മു​ത​ൽ തു​ട​ങ്ങി ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല... അ​തൊ​ക്കെ താ​ൻ ഓ​ൾ​റെ​ഡി വി​ള​മ്പി​ക്ക​ഴി​ഞ്ഞ​ല്ലോ... ന​മു​ക്ക് ആ​ദ്യം ട്വി​സ്റ്റി​ലേ​ക്ക് പോ​കാം... പി​ന്നെ ക്ലൈ​മാ​ക്സ്...”

“ശ​രി...”

ഒ​ന്ന് ക​ര​ഞ്ഞി​ട്ട് കു​റേ​യാ​യി. ര​ണ്ടു ഗ്ലാ​സു​ക​ളി​ലേ​ക്ക് വോ​ഡ്ക പ​ക​ർ​ന്നു​കൊ​ണ്ട് ഞാ​ൻ പു​ക​ഞ്ഞൊ​രു​ങ്ങി നി​ന്നു. പ​ഴു​ത്തി​രി​ക്കു​മ്പോ​ൾ ക​ര​ച്ചി​ലി​ന് ച​ന്തം കൂ​ടും. ആ​ദ്യ​ത്തെ പെ​ഗ് ഒ​റ്റ​വ​ലി​ക്ക് അ​ക​ത്താ​ക്കി​യ ശേ​ഷം ചി​റി തു​ട​ച്ചു ഒ​രു ഏ​മ്പ​ക്ക​വും വി​ട്ടു​കൊ​ണ്ട് അ​വ​ൾ ക​ഥ​യു​ടെ കൂ​ടു​തു​റ​ന്നു.

“കു​ട്ടി​ക്ക​ടു​വ​യു​ടെ ചി​ത്രം പ​തി​ച്ച ബ​നി​യ​നി​ട്ട പ​ന്ത്ര​ണ്ടു​കാ​ര​ൻ ഇ​രു​ന്ന​ത് മു​ൻ​നി​ര​യി​ൽ... അ​വ​ൻ കാ​ൺ​കെ മ​ര​പ്പെ​ട്ടി​ക്ക​ക​ത്തു ക​റു​ത്ത ച​ര​ടു​കാ​രി വെ​ന്തു​രു​കു​ന്നു... ആ​ബ്ര ക​ടാ​ബ്ര... വാ​യു​വി​ൽ വൃ​ത്തം വ​ര​ച്ചു​കൊ​ണ്ടു ത​ന്റെ മാ​ന്ത്രി​ക വ​ടി​യി​ലേ​ക്ക് മാ​ന്ത്രി​ക​ൻ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു. അ​ല​റു​ന്നു... ഈ ​സ​മ​യം​കൊ​ണ്ട് കൂ​ടാ​ര​ത്തി​ലെ ഇ​രു​ട്ടി​ലേ​ക്ക് ര​ഹ​സ്യ തു​ര​ങ്ക​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ടു​ന്നു... ആ​ബ്ര ക​ടാ​ബ്ര..! അ​താ കാ​ണി​ക​ളു​ടെ ന​ടു​വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു, അ​വ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി..! ട്വി​സ്റ്റ്! ഒ​രു കൊ​ടൂ​ര ട്വി​സ്റ്റ്! എ​പ്പ​ടി?”

മു​ഖ​ത്തേ​ക്ക് നാ​ട​കീ​യ​മാ​യി നീ​ണ്ട അ​വ​ളു​ടെ ചൂ​ണ്ടു​വി​ര​ൽ എ​ന്റെ മൂ​ക്കി​നെ തൊ​ട്ടു. കൂ​മ്പി​ത്തു​ട​ങ്ങി​യ ഞ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ കൂ​ട്ടി​മു​ട്ടി. വ​ർ​ഷ​ങ്ങ​ളോ​ളം ത​ന്റെ ഇ​ര​ട്ട​ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ലോ​ക​ത്തി​നു മു​ന്നി​ൽനി​ന്നും മ​റ​ച്ചു​​െവ​ച്ച മാ​ന്ത്രി​ക​ൻ... മ​ര​പ്പെ​ട്ടി​യി​ൽ ക​യ​റു​ന്ന നേ​ര​ത്തുമാ​ത്രം മ​റ്റ് മ​നു​ഷ്യ​രെ കാ​ണാ​ൻ വി​ധി​ക​ൽപി​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി. അ​ട​ച്ചി​ട്ട കൂ​ടാ​ര​ത്തി​നു​ള്ളി​ൽ അ​ള​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക​ സം​ഘ​ർ​ഷ​ങ്ങ​ൾ... ഹോ..!

“​കി​ഡ്നി ട​ച്ചി​ങ് മോ​ളെ... കു​റ​ഞ്ഞ​ത് ഒ​രു ആ​യി​രം എ​പ്പി​സോ​ഡ് എ​ങ്കി​ലും ഇ​ത് വ​ച്ച് ത​നി​ക്ക് ഓ​ടി​ക്കാം...” –വാ​യി​ൽ വി​ര​ലി​ട്ടു വി​സി​ല​ടി​ക്കാ​ൻ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും തോ​ള​ത്തു ത​ട്ടി അ​വ​ളെ ഞാ​ൻ അ​ഭി​ന​ന്ദി​ച്ചു.

“ആ​യി​ര​മോ..? അ​പ്പൊ ബാ​ക്കി​യോ? ഈ ​ഭാ​ഗ​ങ്ങ​ളൊ​ക്കെ ഒ​രു ത്രി​ല്ലെ​ർ ബാ​ക്ക്ഡ്രോ​പ്പി​ല​ങ്ങു സി​മ്പി​ളാ​യി പോ​കും... മ​ല​യാ​ള​ത്തി​ൽ ഒ​രു സോ​പ്പ് ഓ​പ്പ​റ ഓ​ട​ണ​മെ​ങ്കി​ൽ ക​ണ്ണീ​ർ​പ്പൂ​വി​ന്റെ ക​വി​ളി​ൽ ത​ലോ​ടി ചൊ​റി​യ​ണം മോ​നെ... നീ ​ഇ​തൂ​ടി പി​ടി... പ​റ​ങ്കി​മാ​ങ്ങ വാ​റ്റ് ത​ല​യ്ക്ക് പി​ടി​ക്കു​ന്ന നേ​രം ക്രൂ​ര​നാ​യ ആ ​മാ​ന്ത്രി​ക​ൻ ഇ​ര​ട്ട​ക​ളു​ടെ ഉ​ടു​പ്പി​നു​ള്ളി​ൽ പ​ര​തും! പു​ല്ല്, അ​യാ​ൾ​ക്കൊ​രു പേ​ര് വേ​ണ​മ​ല്ലോ..? ആ ​ചെ​റി​യാ​ച്ച​ൻ... ചെ​റി​യാ​ച്ച​ന്റെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ! ഇ​രി​ക്ക​ട്ടെ മ​ല​യാ​ള സീ​രി​യ​ൽ ശാ​ഖ വ​ക ജോ​ൺ എ​ബ്ര​ഹാം സാ​റി​നൊ​രു ട്രി​ബ്യൂ​ട്ട്...”

ഒ​ഴി​ഞ്ഞ ഗ്ലാ​സു​ക​ൾ പി​ന്നെ​യും നി​റ​ഞ്ഞു. അ​വ​ൾ ക​ഥ പ​റ​ഞ്ഞു. ഞാ​ൻ ക​ഥ കേ​ട്ടു. ഇ​രു​ന്നും നി​ന്നും, ത​ണു​പ്പ് കൂ​ടി​യ നേ​രം എ​നി​ക്ക​രി​കി​ൽ പു​ത​ച്ചു​കി​ട​ന്നും അ​വ​ൾ മാ​ന്ത്രി​ക​വി​ദ്യ​യു​ടെ പൊ​രു​ള​ഴി​ച്ചു. ക​ള്ളി പൊ​ളി​ഞ്ഞ്‌, കാ​ണി​ക​ളു​ടെ ന​ടു​വി​ൽ ഉ​ടു​മു​ണ്ട​ഴി​ഞ്ഞു ച​മ്മിനി​ൽ​ക്കു​ന്ന മാ​ന്ത്രി​ക​നെ ഓ​ർ​ത്തു ഞ​ങ്ങ​ൾ ഉ​റ​ക്കെ ഉ​റ​ക്കെ ചി​രി​ച്ചു...

ഒ​ടു​ക്കം, ഒ​ടു​വി​ല​ത്തെ സി​ഗ​ര​റ്റി​നെ​യും ചും​ബി​ച്ചു ജ​നാ​ല​ക്കരി​കി​ൽ പ​ര​സ്പ​രം മി​ണ്ടാ​തെ നി​ന്ന യു​ഗ​ങ്ങ​ളി​ലെ​പ്പോ​ഴോ ആ​കാ​ശ​ത്തു വെ​ള്ള കീ​റി. മ​ഴ തോ​ർ​ന്നു. ബ​സ് സ്റ്റാൻ​ഡി​നെ മു​ക്കി​യ മ​ഴ​വെ​ള്ള​മ​ത്ര​യും ഓ​ട​ക​ളി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി. പു​ല​ർ​ച്ചെ​യോ​ടു​ന്ന ബ​സു​ക​ൾ ചളി​വെ​ള്ളം തെ​റി​പ്പി​ച്ചു​കൊ​ണ്ടു വ​ന്ന് യാ​ത്ര​ക്കാ​ർ​ക്കാ​യി വാ​തി​ൽ തു​റ​ക്കു​ന്ന​ത് ഞ​ങ്ങ​ൾ ക​ണ്ടു...

ഇ​ര​പി​ടി​യ​ൻ ചി​ല​ന്തി വ​രും മു​ന്നേ വ​ല ഭേ​ദി​ച്ചു വ​ഴി​പി​രി​ഞ്ഞോ​ടു​ന്ന ഉ​റു​മ്പു​ക​ളെപ്പോ​ലെ ഇ​ര​ട്ട​ക​ൾ പ​ര​സ്പ​രം പി​രി​യു​ന്നി​ട​ത്താ​ണ് ആ​യി​ര​ത്തി ഇ​രു​നൂറാ​മ​ത് എ​പ്പി​സോ​ഡ് അ​വ​ൾ നി​ർ​ത്തി​യ​ത്. യാ​ത്രപ​റ​യും നേ​രം അ​വ​ർ ത​മ്മി​ൽ വീ​ണ്ടും ക​ണ്ടു​വോ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചി​ല്ല. അ​ടു​ത്ത ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ​ല്ലോ സീ​രി​യ​ലി​ന്റെ ച​ന്തം. എ​ന്താ​യാ​ലും കു​ട്ടി​ക്ക​ടു​വ​യു​ടെ ചി​ത്രം പ​തി​ച്ച ബ​നി​യ​നി​ട്ട പ​ന്ത്ര​ണ്ടു​കാ​ര​ന് ഇ​പ്പോ​ൾ ഒ​രു കാ​ര്യ​മു​റ​പ്പാ​ണ്... കാ​ണി​ക​ളു​ടെ ന​ടു​വേ​യു​ള്ള വി​ട​വി​ലൂ​ടെ ത​ല താ​ഴ്ത്തി ന​ട​ന്നു​വ​ന്ന ക​റു​ത്ത ച​ര​ടു​കാ​രി​യു​ടെ നെ​റ്റി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു കു​ഞ്ഞി​പ്പു​ഴു ഷേ​പ്പി​ലു​ള്ള മു​റി​പ്പാ​ടു​ണ്ടാ​യി​രു​ന്ന​ത്.

News Summary - malayalam story