Begin typing your search above and press return to search.
proflie-avatar
Login

പെരുക്കം

പെരുക്കം
cancel

ഇപ്പോൾ ആരുമില്ലാത്ത ഇടങ്ങൾ എങ്ങുമില്ലാതായിരിക്കുന്നു. ഒരുപാടലഞ്ഞ് അങ്ങനൊരിടത്ത് പോയിരുന്നാലും ആള്‍ത്തിരക്കിന്‍റെയും മുറിഞ്ഞ ഓർമകളുടെയും ചിന്തകൾ പ്രേതബാധപോലെ തലപെരുപ്പിക്കുകയാണ്. സമയം സന്ധ്യയോടടുത്തിരുന്നു. മറ്റെവിടേക്കോ പോയതാണ്. ഞാൻ അമ്പലത്തിനു പുറകിലുള്ള കുളത്തിനടുത്തെത്തി നിന്നു. നിത്യപൂജയൊന്നും ഇല്ലാത്ത ചെറിയൊരു അമ്പലമാണ്. വലിയകുളവും. അടുത്തെങ്ങും ആരുമില്ല. കുളക്കോഴിപോലുള്ള ഏതോ പക്ഷികളുടെ കുറുകൽ കേൾക്കാം. ഞാൻ പതുക്കെ കുളത്തിലേക്കുള്ള പടവുകൾ ഇറങ്ങി. ഉച്ചക്കൊരു സംഭവമുണ്ടായി. ഞാനും കല്ലുങ്കല്‍ സുഭാഷും അച്ചുവും കൂടി കവലക്കടുത്തുള്ള ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു....

Your Subscription Supports Independent Journalism

View Plans

ഇപ്പോൾ ആരുമില്ലാത്ത ഇടങ്ങൾ എങ്ങുമില്ലാതായിരിക്കുന്നു. ഒരുപാടലഞ്ഞ് അങ്ങനൊരിടത്ത് പോയിരുന്നാലും ആള്‍ത്തിരക്കിന്‍റെയും മുറിഞ്ഞ ഓർമകളുടെയും ചിന്തകൾ പ്രേതബാധപോലെ തലപെരുപ്പിക്കുകയാണ്.

സമയം സന്ധ്യയോടടുത്തിരുന്നു. മറ്റെവിടേക്കോ പോയതാണ്. ഞാൻ അമ്പലത്തിനു പുറകിലുള്ള കുളത്തിനടുത്തെത്തി നിന്നു. നിത്യപൂജയൊന്നും ഇല്ലാത്ത ചെറിയൊരു അമ്പലമാണ്. വലിയകുളവും. അടുത്തെങ്ങും ആരുമില്ല. കുളക്കോഴിപോലുള്ള ഏതോ പക്ഷികളുടെ കുറുകൽ കേൾക്കാം. ഞാൻ പതുക്കെ കുളത്തിലേക്കുള്ള പടവുകൾ ഇറങ്ങി.

ഉച്ചക്കൊരു സംഭവമുണ്ടായി. ഞാനും കല്ലുങ്കല്‍ സുഭാഷും അച്ചുവും കൂടി കവലക്കടുത്തുള്ള ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. അവര്‍ രണ്ടുപേരും സാമാന്യം നല്ലപോലെ മദ്യപിച്ചിട്ടുണ്ട്. ഞാന്‍ ഒരു ബിയര്‍ മാത്രമേ കഴിച്ചിരുന്നുള്ളൂ. കച്ചവടത്തിന്‍റെ കണക്ക് പറഞ്ഞവർ തര്‍ക്കിച്ചുകൊണ്ടിരുന്നു. ഞാൻ പതിയെ ആല്‍ത്തറക്കെട്ടില്‍ കൈയൂന്നി, ചാഞ്ഞു കിടന്നു. വെയിലിന്‍റെ ചെറിയപൊട്ടുപോലും കടന്നുവരാത്ത തണലാണ്. മരചില്ലയില്‍ ഏതോ പക്ഷികള്‍ ചിലച്ച് തത്തിക്കളിക്കുന്നുണ്ട്. ഇലകൾക്കിടെ ഒരു സിന്ദൂരക്കിളിയുടെ മിന്നലാട്ടം കണ്ടു. എന്തൊരു ഭംഗിയാണ്.

പണ്ട് ക്ലബില്‍നിന്നും പക്ഷിസങ്കേതം കാണാൻ പോയതോര്‍ത്തു. മുന്നിലെ റോഡും വെയിലും കൂട്ടുകാരുടെ തര്‍ക്കവുമെല്ലാം മാഞ്ഞ്, ചെറിയ കുളിരും നിറയെ മരങ്ങളുമുള്ള പക്ഷിസങ്കേതത്തില്‍ ചെന്ന് നില്‍ക്കുന്നു.

കുറച്ചുനാളുകളായി അങ്ങനായിരുന്നു. ആള്‍ത്തിരക്കിലും നടത്തത്തിലും വെറുതെ ഇരിപ്പിലും നിന്നൊക്കെ വേറേതെങ്കിലും സ്ഥലമോ സംഭവമോ, ഓര്‍ത്താല്‍ അവിടെത്തിനില്‍ക്കുന്നതുപോലെ തോന്നും. കഞ്ചാവോ മയക്കുമരുന്നോ ഒക്കെ അടിച്ചാല്‍ അങ്ങനെ തോന്നുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഞാന്‍ സിഗരറ്റോ ബീഡിയോപോലും വലിച്ചിരുന്നില്ല. സ്ഥിരമായി മദ്യപിക്കാറുമില്ല.

ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോണടികേട്ട് പക്ഷിസങ്കേതത്തിന്റെ ഓർമയില്‍നിന്നും, എടുത്തെറിഞ്ഞതുപോലെ എഴുന്നേറ്റിരുന്നു. ഒരു സ്കൂട്ടറിന്‍റെ ഹോണായിരുന്നു. സാമാന്യം വണ്ടിത്തിരക്കുള്ള വഴിയാണ് മുന്നില്‍. ഞാനാ ഹോണ്‍ കേട്ട് ഞെട്ടി എഴുന്നേറ്റതിന് എന്തോ കാരണമുണ്ടെന്ന് തോന്നി, അച്ചുവിന്‍റെയും സുഭാഷിന്‍റെയും തര്‍ക്കം മുറുകിയിരിക്കുന്നു. ഞാനത് കാര്യമാക്കിയില്ല. കണ്മുന്നിൽ അപ്പോഴൊരു കാഴ്ച കണ്ടു.

സ്കൂട്ടര്‍ ഓടിച്ചൊരു പെൺകുട്ടി പോകുന്നു. തൊട്ട് മുന്നില്‍ പോയ ഓട്ടോ പെ​െട്ടന്ന് സ്ലോ ചെയ്തപ്പോള്‍ അവള്‍ പേടിച്ച് ഹോണ്‍ നീട്ടി അടിച്ചു. അടുത്ത സമയത്തെപ്പോഴോ ആണ് അവൾ സ്കൂട്ടറോടിക്കാന്‍ പഠിച്ചതെന്ന് തോന്നുമായിരുന്നു. ചെറിയ വിറയലോടെ അവള്‍ ഓട്ടോയെ ഓവര്‍ടേക്ക് ചെയ്തതും ഓട്ടോക്കാരന് ചെറിയ രസം തോന്നിക്കാണണം, അവന്‍ സ്കൂട്ടറിന് പിന്നാലെ പാഞ്ഞുചെന്ന്, മുട്ടി മുട്ടിയില്ല എന്നായപ്പോള്‍ ബ്രേക്കിട്ടു. ആകെ പേടിച്ച് വെപ്രാളപ്പെട്ട് പോയ അവളുടെ കൈയിൽനിന്നും സ്കൂട്ടര്‍ പാളി മറിഞ്ഞു.

സ്കൂട്ടറില്‍നിന്നും തെറിച്ച് മുഖമടിച്ച് റോഡിലേക്ക് വീണു.

‘ഡാ...’ന്ന് അലറിക്കൊണ്ട് ഞാന്‍ ആല്‍ത്തറയില്‍നിന്നുമെഴുന്നേറ്റ് പാഞ്ഞു, ആദ്യം ചെല്ലണം എന്ന വാശിയോടെ. റോഡില്‍ വീണ പെണ്‍കുട്ടി എഴുന്നേറ്റ് നിവര്‍ന്നു നിന്നു. സ്വന്തം കുഴപ്പംകൊണ്ട് വീണുപോയതുപോലെ പേടിച്ചിട്ട് അവള്‍ടെ ദേഹമാകെ കിടുങ്ങിവിറക്കുന്നുണ്ടായിരുന്നു. കവിളിന് താഴ്ഭാഗം പൊട്ടി ചോരവരുന്നു. രണ്ട് കൈമുട്ടുകളും. ഞാന്‍ അവളെ നോക്കാതെ പേടിച്ച് പതുങ്ങിയിരുന്ന ഓട്ടോ ഡ്രൈവറെ വലിച്ചിറക്കി അവന്‍റെ ചെകിട്ടത്ത് രണ്ടടിയടിച്ചു. അടി അത്രക്ക് ഏറ്റില്ലെന്ന് തോന്നിയതുകൊണ്ട് അവന്‍റെ മൂക്കും ചിറിയും ചേര്‍ത്ത് കൈചുരുട്ടി ഇടിച്ചു.

അവനെന്‍റെ പേര് വിളിച്ച് ‘വിട്... വിട്... ചേട്ടാ... ഇത് ഞാനാ...’ എന്ന് കരച്ചില്‍പോലെ പറയുന്നുണ്ടായിരുന്നു. ഞാനത് കാര്യമാക്കിയില്ല. എന്‍റെ ദേഷ്യം അത്രക്കുണ്ടായിരുന്നു. അവന്‍റെ മൂക്കും ചിറിയും ചതഞ്ഞ് ചോരയൊഴുകി.

അവൻ വായ പൊത്തിയ വിരലുകള്‍ക്കിടയിലൂടെ വീണ്ടും ഞാന്‍ കൈ ചുരുട്ടി ഇടിക്കാനാഞ്ഞപ്പോള്‍ അവൻ രണ്ട് കൈയും നിവര്‍ത്തി ആഞ്ഞൊരു തള്ളുതള്ളി. വീണില്ലെങ്കിലും ഞാൻ പുറകോട്ട് വേച്ചുപോയി, അത്ര ശക്തിയുള്ള തള്ളായിരുന്നു.

അതെന്‍റെ ദേഷ്യം ഇരട്ടിപ്പിച്ചു. അച്ചുവും സുഭാഷും വന്നെന്നെ പിടിച്ചടക്കാന്‍ നോക്കി. അവര്‍ ഉച്ചത്തിലെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല.

ചോരയൊഴുക്കിനൊപ്പം അവന്‍റെ കണ്ണുകളും നിറഞ്ഞൊഴുകുന്നു. അവന്‍റെ കാതിലൊരു കറുത്ത കടുക്കന്‍ ഉണ്ടായിരുന്നു. പറ്റവെട്ടിയ ചുരുണ്ട മുടി, വെളുത്ത് മെലിഞ്ഞൊരു പയ്യൻ. എവിടെങ്കിലും കണ്ട് മറന്ന മുഖമായി അപ്പൊഴെനിക്ക് തോന്നിയില്ല.

ചുറ്റും ആളുകള്‍കൂടി, കവലയിലുള്ളവരും, വഴിയെ പോയവരും. ഇടികൊണ്ട വേദനയേക്കാള്‍ സങ്കടത്തോടെയും ദേഷ്യത്തോടെയും അവൻ എന്നെ നോക്കുന്നു. കണ്ണുകളില്‍ വല്ലാത്തൊരു ഞെട്ടലും പകപ്പും കണ്ടു.

സുഭാഷും അച്ചുവും ചേര്‍ന്നെന്നെ കൈയില്‍ പിടിച്ച് വലിച്ച് മാറ്റിനിര്‍ത്തി ചോദിച്ചു, ‘‘എന്ത് പണിയാ കാണിക്കുന്നേ..?’’

ഞാനവരുടെ പിടിത്തം കുതറി വിടുവിച്ചുകൊണ്ട് ഉച്ചത്തില്‍തന്നെ ചോദിച്ചു, ‘‘ഇവന്‍ കാണിച്ച പണി നീയൊന്നും കണ്ടില്ലേ..?’’

അപ്പോള്‍ ഇടികൊണ്ട പയ്യന്‍റെ കണ്ണുകളിലെ ഞെട്ടലും സംശയവും ഞാന്‍ അവരുടെ കണ്ണുകളിലും കണ്ടു.

‘‘അതല്ല ഡാ.​..’’ സുബാഷ് എന്തോ പറയാൻ വന്നെങ്കിലും ഞാനത് കേൾക്കാൻ നിന്നില്ല.

‘‘നീയൊന്നും ഒരു പുല്ലും പറയണ്ട ഇവനാരാ... ഇവനെന്താ ചെയ്തതെന്ന് നീയൊക്കെ കണ്ടതല്ലേ..?’’

കലിയടങ്ങാതെ ഞാനലറി. റോഡ് വിലങ്ങി ആളുകള്‍ വട്ടംകൂടിയിരിക്കുന്നു. എന്‍റെ ഒച്ച ഉയർന്നതും ആളുകൾ മിണ്ടാതായി, അതുവരെ ഉണ്ടായിരുന്ന ധൈര്യം ചോര്‍ന്നതുപോലെ കണ്ണ് തുടച്ചുകൊണ്ട് പയ്യന്‍ ഓട്ടോറിക്ഷയിലേക്ക് കയറി സ്റ്റാര്‍ട്ട് ചെയ്തു. ആളുകള്‍ ഇരുവശത്തേക്കും മാറിക്കൊടുത്തു. ഏങ്ങിക്കരയുന്നപോലെ ഓട്ടോ പാഞ്ഞുപോയി.

ആളുകളെല്ലാം പിരിഞ്ഞുപോയതും സുഭാഷും അച്ചുവും അടുത്തുവന്ന് ചോദിച്ചു: ‘‘നിങ്ങൾക്കവനെ അറിയുകേ ഇല്ലല്ലേ, അതോ അറിഞ്ഞോണ്ടാണോ ഇ പട്ടി ഷോ..?’’

മുനവെച്ച ചോദ്യമായിരുന്നു, ചുഴിഞ്ഞ നോട്ടത്തോടെ

ഞാനറിയാത്ത സംഗതിയെന്തോ അവരുടെ മനസ്സിലുണ്ടെന്നു തോന്നി.

‘‘നിങ്ങക്കാ പയ്യനേം അവന്റെ ഓട്ടോയും യാതൊരു പരിചയോം ഇല്ലാരുന്നോ..?’’ അച്ചു ചോദ്യമാവര്‍ത്തിച്ചു.

‘‘കാര്യം പറയടാ കോപ്പേ...’’ എനിക്ക് ദേഷ്യം വന്നു

‘‘നിങ്ങക്ക് നിങ്ങടെ അളിയനെ അറിയാമോ? അതായത് നിങ്ങടെ ഒരേയൊരു പെങ്ങടെ ഭർത്താവ്..?’’

ആക്കിയുള്ള ചോദ്യമായിരുന്നു. ഞാൻ മിണ്ടാതെ നിന്നപ്പോൾ അവൻ തുടർന്നു:

‘‘ആൾടെ പേര് ദീപനെന്നാണ്... അറിയുവോ ആവോ..?’’

രണ്ടു പേരും എന്നെതന്നെ തറഞ്ഞുനോക്കി നിൽക്കുന്നു. എന്താണ് കാര്യമെന്ന് മനസ്സിലായില്ലെങ്കിലും ഞാനൊന്ന് പതറി.

‘‘ദീപനളിയന്‍റെ അമ്മാവന്‍റെ മോനൊരു പയ്യനുണ്ട് പേര് വിഷ്ണു. അവന്റെ ഓട്ടോയുടെ പേര് വിഷ്ണുലോകം. ഇപ്പം മനസ്സിലായോ..?’’ തലക്ക് ഇരുമ്പുവടികൊണ്ടൊരു അടികിട്ടിയതുപോലെ ഞാൻ തരിച്ച് നിന്നുപോയി.

കാതിൽ കടുക്കനിട്ട വെളുത്ത് മെലിഞ്ഞ പയ്യൻ. പറ്റെ ചുരുണ്ട മുടിയായിരുന്നു അവനും. നെറ്റിയിൽ ചെറിയൊരു കുറി തൊട്ടൊരു പാവത്താൻ. അവന്റെ പേര് വിഷ്ണുവെന്നായിരുന്നു. ഓട്ടോയുടെ പേര് വിഷ്ണുലോകമെന്നും.

‘‘എത്ര തവണ നമ്മടെ കൂടെ കള്ളടിക്കാനും കമ്പനി കൂടാനും വന്നിട്ടുണ്ട്. മനുഷ്യാ നിങ്ങളോടവന് എന്തിഷ്ടവാരുന്നു എന്നിട്ടാണിപ്പോ..’’

അച്ചു വല്ലാത്തൊരു വിഷമത്തോടെയാണത് പറഞ്ഞത്. എനിക്കാകെ തലചുറ്റുന്നതുപോലെ തോന്നി... ആരോടും ഒന്നും മിണ്ടാതെ ഞാൻ ആൽത്തറയിലേക്ക് തന്നെ തിരികെപോയിരുന്നു.

* * *

നാലഞ്ചു മാസങ്ങൾക്കു മുമ്പ് -അതോ ഏഴെട്ട് മാസമായോ എന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ബസ് സ്റ്റാൻഡില്‍ ​െവച്ച് ഞാനൊരു പെണ്‍കുട്ടിയെ കണ്ടു. വെയില്‍ താണുതുടങ്ങിയ നാലു മണി നേരമായിരുന്നു. കോളേജും ജോലിയുമൊക്കെ കഴിഞ്ഞ് മടങ്ങുന്ന പെണ്ണുങ്ങളുടെ തിരക്കാണ് ബസ് സ്റ്റാൻഡില്‍.

പിങ്ക് കളര്‍ സാരിയില്‍ ഒരു പെണ്‍കുട്ടി, പെണ്ണുങ്ങളുടെ കൂട്ടത്തിന് ഏറ്റവും മുന്നിലായാണ് അവള്‍ നിന്നിരുന്നത്. നല്ല വെളുത്ത നിറം, അടുത്ത് നില്‍ക്കുന്നവരേക്കാള്‍ അല്‍പംകൂടി ഉയരം അവള്‍ക്ക് ഉണ്ടായിരുന്നു. ആരു കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന രൂപഭംഗി. ആരോടെന്നില്ലാതെ ചെറിയ ചിരിയോടെയാണ് നില്‍പ്. വെയിറ്റിങ് ഷെഡിലേക്ക് കയറിനിന്നിരുന്ന എന്നെ അവളൊന്ന് നോക്കി. എന്നോട് മാത്രമായൊന്ന് ചിരിച്ചെന്ന് തോന്നി. ഞാനുമൊന്ന് ചിരിക്കാൻ ശ്രമിച്ചു. ഉള്ളിന്റെ ഉള്ളിൽ മഞ്ഞു തൊടുന്നപോലൊരു ഫീൽ.

ജീവിതത്തിലെപ്പോഴും പെൺകുട്ടികളുമായി കുറച്ച് അകലമിട്ടേ ഞാൻ പെരുമാറിയിരുന്നുള്ളൂ. എന്തെങ്കിലും വിരോധമോ ഭയമോ ഉണ്ടായിട്ടല്ല പെ​െട്ടന്നാരോടും അടുക്കുകയോ മിണ്ടുകയോ ചെയ്യുന്ന സ്വഭാവമായിരുന്നില്ല.

ആരുമറിയാതെ അകലത്തുനിന്ന് അവരെ നോക്കിക്കാണുകയും പ്രണയിക്കുകയും ചെയ്തിട്ടുണ്ട്.

ബസ് വന്നതും തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ ഒട്ടും തിടുക്കം കാട്ടാതെ അവളും ബസിനുള്ളിലേക്ക് കയറി.

ഫ്രണ്ട് ഡോറിന് തൊട്ട് പിന്നിലെ സീറ്റിലാണ് അവള്‍ ഇരുന്നത്. ഞാനും ചെന്ന് ബസിലേക്ക് കയറി. പിന്നിലെ ഡോറിലൂടെ, അവളെത്തന്നെ നോക്കിക്കൊണ്ട്.

പതുക്കെ അവളിരിക്കുന്നതിനടുത്തേക്ക് ചെന്നു. ദൂരക്കാഴ്ചയില്‍ മാത്രമല്ല, അടുത്ത് ചെല്ലുന്തോറും അവളുടെ സൗന്ദര്യവും ആകര്‍ഷണവും കൂടിവരുന്നപോലെ. ചെറുതായി ചുരുണ്ട്, കറുത്ത് തഴച്ച മുടിയായിരുന്നു അവളുടേത്. ഭംഗിയുള്ള കഴുത്തും കൈകളും. കാതിനോരം ചേർന്ന് കവിളോളമിറങ്ങുന്ന സ്വർണ രോമങ്ങൾ

പത്ത് പതിനെട്ട് വര്‍ഷം മുന്നെ ചെറിയ പയ്യനായിരുന്നപ്പോൾ സുന്ദരികളായ ചില പെൺകുട്ടികൾക്കുവേണ്ടി ബസിന്റെ ബോര്‍ഡുപോലും നോക്കാതെ പിൻ ഡോറിൽ തൂങ്ങിപ്പിടിച്ച് പോയിട്ടുണ്ട്. ഇപ്പോള്‍ വയസ്സ് മുപ്പത്തി ആറ് കടന്നിരിക്കുന്നു.

ഒരാളുടെ പ്രായം കുറക്കാനും പഴയകാലം തിരികെ തരാനും ഒരു സുന്ദരിപ്പെണ്ണിന് കഴിയുമല്ലോ എന്ന് തമാശക്കോർത്തു.

ഇപ്പോൾ ചെറിയ പ്രായമല്ല, വളരെ വൈകിയിരിക്കുന്നു. പണ്ടത്തെപ്പോലെ പിന്നിലെവിടെങ്കിലും ഒതുങ്ങിനിന്നാൽ പോരാ എന്നൊരു തോന്നൽ. അവളെന്നെ ശ്രദ്ധിക്കുമോ എന്നറിയാൻ സാവധാനം ഫ്രണ്ട് ഡോറിലൂടെ പോയി പുറത്തേക്കിറങ്ങി. എന്‍റെ കണ്ണെടുക്കാതുള്ള നോട്ടം ആരെങ്കിലുമൊക്കെ ശ്രദ്ധിച്ച് കാണണം. വെളിയിലിറങ്ങിയതെ പഴേ പതിനെട്ടുകാരനെപ്പോലെ, ഞാനൊന്ന് തിരിഞ്ഞുനോക്കി. അവളുടെ നോട്ടം എന്നെ തന്നെയായിരുന്നു, മുഖത്തെ ചിരി മാഞ്ഞിരിക്കുന്നു. എനിക്കെന്തോ സ്വസ്ഥതക്കേട് തോന്നി.

ബസ് സ്റ്റാര്‍ട്ട് ചെയ്തതും എന്തോ കുറ്റബോധത്തോടെ ഓടിച്ചെന്ന് പിന്‍ഡോറിലേക്ക് ചാടിക്കയറി. തട്ടിത്തടഞ്ഞ് വീഴാനാഞ്ഞതും ആരോ ഷര്‍ട്ടില്‍ കയറിപ്പിടിച്ച് നേരേ നിര്‍ത്തി. ചുറ്റും ആരൊക്കയോ ശകാരിച്ചു. ഞാൻ മുഖമുയർത്തിയില്ല. ഇത് വേണ്ടാത്ത കാര്യമാണെന്ന് ഒരു തോന്നല്‍.

തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി ബസ് സ്റ്റാൻഡിലേക്കു തന്നെ തിരിച്ച് നടന്നു.

അന്നേദിവസം രാത്രിയായിട്ടും മനസ്സില്‍ ആ പെൺകുട്ടിയുടെ മുഖവും രൂപവും നിറഞ്ഞുനിന്നു. അമ്മ വന്ന് അത്താഴം കഴിക്കാൻ കുറെ തവണ കതകില്‍ മുട്ടിവിളിച്ചപ്പോൾ ബസ് സ്റ്റാൻഡിൽനിന്നുമുള്ള ഏതോ തട്ട് മുട്ട് ശബ്ദമായാണ് ഞാനത് കേട്ടത്.

പുരുഷന്‍ പ്രേമംകൊണ്ട് തേടുന്നത് സ്വന്തം അമ്മയുടെ മുഖസാമ്യമുള്ള പെണ്ണിനെയാണെന്ന് കേട്ടിട്ടുണ്ട്. ഇന്ന് കണ്ട പെണ്‍കുട്ടിക്ക് അമ്മയുടെ എന്ത് രൂപസാമ്യമാണുള്ളത്..? അമ്മയുടെ വിടവുള്ള പല്ലും കരിമ്പുള്ളികളുള്ള മുഖവും ഏന്തിവലിഞ്ഞുള്ള നടപ്പും ഓര്‍ത്തപ്പോള്‍ എനിക്കൊരു സാമ്യവും തോന്നിയില്ല. അമ്മയോട് പാവം തോന്നി. അതൊക്കെ ആരോ വെറുതെ പറഞ്ഞതാവും

പിറ്റേന്ന് കാലത്ത് ഏഴു മണിക്ക് തന്നെ ഞാന്‍ ബസ് സ്റ്റാൻഡിലെത്തി. വന്നുനില്‍ക്കുന്ന ഓരോ ബസിലും കണ്ണുകൊണ്ട് തിരഞ്ഞ്. എനിക്ക് ചെറിയ കുറ്റബോധവും നാണക്കേടും തോന്നി. എന്‍റെ പ്രായത്തിലുള്ളവര്‍ അധികം പേരും പത്ത് വയസ്സുള്ള മക്കളുടെ തന്തയാണിന്ന്. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്നവര്‍. അതില്‍ പലരുമിപ്പോള്‍ സ്റ്റാൻഡിലും വഴിയോരത്തുമുണ്ട്. ഞാനപ്പോള്‍ വെയിറ്റിങ് ഷെഡിലേക്ക് കുറച്ചുകൂടി ഒതുങ്ങിനിന്നു. ഇത് വേണ്ടാത്ത കാര്യമാണെന്ന് വീണ്ടും ഉള്ളിലിരുന്നാരോ ഓർമിപ്പിക്കുന്നു. ഞാന്‍ കുറച്ചുസമയം ആൾത്തിരക്കിൽനിന്നും മുഖം കുനിച്ച് വേറേതൊക്കയോ സ്ഥലങ്ങളിലും സംഭവങ്ങളിലുമലഞ്ഞു. ‘അവൾ’ എന്ന് ഉള്ളിൽ തോന്നിയ നിമിഷം മുഖമുയർത്തി നോക്കി. മായാജാലമോ ദൈവാനുഗ്രഹമോ പോലെ കണ്മുന്നിലവൾ. ഇളംനീലനിറത്തിലുള്ള സാരിയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ചിരിമങ്ങിയ മുഖത്ത് സംശയഭാവം. എന്നെതന്നെയാണ് നോക്കുന്നത്. എന്തോ ചോദിക്കാനോ പറയാനോ ഉള്ളപോലെ. ഞാന്‍ തൊട്ടടുത്തു നില്‍ക്കുന്നവരെ നോക്കി, പക്ഷേ അത് മറ്റാരെയും ആയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗംപോലെ പോക്കറ്റിൽനിന്നും ഫോണെടുത്ത് അതിലേക്ക് നോട്ടം താഴ്ത്തി. വേറെന്തോ അത്യാവശ്യം തിരയുന്നപോലെ.

അവള്‍ പോയിക്കഴിഞ്ഞ് വളരെ നേരമായെന്ന് തോന്നിയപ്പോള്‍ മാത്രമേ മുഖമുയര്‍ത്തിയുള്ളൂ. അവള്‍ മുന്നിലില്ല. ഞാന്‍ കുറച്ചുനേരംകൂടി അതേ നിൽപു നിന്നു. അടുത്തെവിടെയോ നിന്നവൾ ഒളിഞ്ഞുനോക്കുന്നുണ്ടെന്നൊരു തോന്നലിൽ.

ഇന്നലെയുമവൾ എന്നെ കണ്ടിരുന്നു. വെറുമൊരു തോന്നലായിരുന്നില്ലത്. ഞാന്‍ ചെന്ന് ബസില്‍ കയറിയതും, ഇറങ്ങിയതും രണ്ടാമത് ഓടിപ്പിടിച്ച് കയറിയതും നിലതെറ്റി വീഴാൻപോയതുപോലും അവൾ അറിഞ്ഞിരിക്കുന്നു.

എനിക്കെന്തോ മനസ്സിനൊരുണർവ് തോന്നി. കൂടെയൊരു ടെന്‍ഷനും. ഇന്നത്തെ അവളുടെ മങ്ങിയ മുഖവും നോട്ടവും ആശ്വസിക്കാവുന്നതായിരുന്നില്ല.

ഇവിടംകൊണ്ട് നിര്‍ത്തിപ്പോയാല്‍ കുറച്ചുകാലം അവളൊരു സുഖകരമായ ഓർമയായി ഉണ്ടാവും. അതാണ് നല്ലതെന്ന് തോന്നി

രണ്ടുദിവസം ഞാനാ തീരുമാനത്തില്‍ ഉറച്ചുനിന്നതാണ്. പതിവുപോലെ പണിക്കു പോയി, കൂട്ടുകാരുമൊരുമിച്ച് കമ്പനി കൂടി. തമാശ പറഞ്ഞു. സിനിമ കണ്ടു. പക്ഷേ, മൂന്നാമത്തെ ദിവസം ആ തീരുമാനത്തിന് ഇളക്കം തട്ടി ‘ആകാശമൊന്നും ഇടിഞ്ഞ് വീഴില്ലല്ലോ, ഞാനും ഒരു മനുഷ്യനല്ലേ, ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നൊക്കെയുള്ള ചിന്തകൾ.

അന്ന് വൈകുന്നേരം മൂന്നര കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡിലെത്തി നോക്കിനിന്നു. ആരുടെയും കണ്ണിൽപെടാതെ ഒരു മൊബൈൽ ഷോപ്പിന്റെ ഫ്ലക്സ് ബോർഡിന് മറവിൽ. സമയം 4.10 ആയപ്പോള്‍ അവള്‍ വന്ന് ബസില്‍ കയറി. ഫ്രണ്ട് ഡോറിന് പുറകിലുള്ള സീറ്റില്‍തന്നെയാണ് ഇരുന്നത്. ആദ്യത്തെ നോട്ടത്തില്‍തന്നെ ഞങ്ങള്‍ പരസ്പരം കണ്ടു. അതോടെ, അവളുടെ മുഖം മങ്ങി, മുമ്പ് കണ്ടിട്ടില്ലാത്തൊരു ഗൗരവഭാവം വന്നു. ഭയമോ ആശങ്കയോപോലെ. എനിക്കും അതുതന്നെ തോന്നി.

ഞാന്‍ കാരണം ആരെങ്കിലും വിഷമിക്കുകയോ ടെന്‍ഷന്‍ അടിക്കുകയോ ചെയ്യുന്നത് എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമായിരുന്നു. ‘ഇനിയിത് ആവർത്തിക്കില്ല’ എന്ന് മനസ്സിലുറപ്പിച്ച് ഫ്ലക്സിന്റെ മറവിൽനിന്നുമിറങ്ങി ബസ് കാത്തുനില്‍ക്കുന്നവരുടെ മുൻപന്തിയിൽ ചെന്നുനിന്നു. അവള്‍ക്ക് വ്യക്തമായി കാണാവുന്നതുപോലെ. പക്ഷേ, അതവളെ കൂടുതല്‍ ഭയപ്പെടുത്തിയെന്ന് തോന്നി.

ഫോണെടുത്തവള്‍ ആരെയോ വിളിക്കുന്നു; എന്നെ നോക്കാതെ മനപ്പൂർവം മുഖംതിരിച്ചിരുന്ന്. ‘പൊലീസിനെയാണോ?’ ആണെങ്കില്‍ത്തന്നെ എനിക്കത് പേടിയുള്ള കാര്യമല്ല. ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനില്‍ക്കുന്ന ഒരുപാട് പേരില്‍ ഒരാളാണ് ഞാനും. ഞാനവളെ ഒന്നും ചെയ്തിട്ടില്ല. ഒന്ന് മിണ്ടിയിട്ടുപോലുമില്ല. എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശ്യവുമില്ല. അതുകൊണ്ടുതന്നെ എനിക്കാരെയും പേടിതോന്നിയതുമില്ല. പക്ഷേ, ഒന്നും വേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍.

ബസ് എടുത്തതും പിന്‍വശത്തെ ഡോറിലൂടെ ഞാന്‍ അകത്ത് കയറി. എന്നെയവൾ പ്രേമിക്കണ്ട. ഞാന്‍ അവളെയും പ്രേമിക്കില്ല. കണ്ടപ്പോളൊരു ഇഷ്ടം തോന്നി അത്രേയുള്ളൂ. വേറൊന്നുമില്ല. പക്ഷേ, അവളെന്നെ ഒരു കൊലപാതകിയോ പിടിച്ചുപറിക്കാരനോ ബലാത്സംഗിയോ ആയിട്ടാണ് കരുതിയിരിക്കുന്നത്. അവളാകെ ഭയന്നിരിക്കുന്നു. അവളുടെ തെറ്റിധാരണ പറഞ്ഞു മാറ്റണം. ജീവിതത്തില്‍ ഇന്നുവരെ ഒരു പെണ്ണിനോടും ഞാന്‍ മോശമായി പെരുമാറിയിട്ടില്ല. വേണ്ടാത്തൊരു വര്‍ത്തമാനംപോലും പറഞ്ഞിട്ടില്ല. പെങ്ങടെ കൂട്ടുകാരികള്‍ക്കൊക്കെ എന്നോട് വല്യ മതിപ്പായിരുന്നു. പെൺകുട്ടികളോട് അകന്ന് ജീവിച്ചതിന്റെ പേരിൽ, ജീവിതംതന്നെ പാഴായി പോയെങ്കിലും.

ആളുകള്‍ക്കിടയിലൂടെ നൂണുകയറി അവളുടെ സീറ്റിനു മുന്നിൽ പോയിനിന്നു. തൊട്ടടുത്തു നിന്ന ഉയരമുള്ളൊരു ചെറുപ്പക്കാരൻ എന്നെ നോക്കി എന്തോ അർഥം വെച്ചൊന്ന് ചിരിച്ചു. ഞാനവിടെ വന്നുനിന്നത് അവനത്ര ഇഷ്ടമായില്ല എന്നു തോന്നി.

അവനവളുടെ ആങ്ങളയായിരിക്കുമോ..? അതോ കാമുകനോ..? ആരായാലും എന്നെ ബാധിക്കുന്ന കാര്യമല്ല, എനിക്കവളുമായൊന്ന് സംസാരിക്കണം ഇനിയൊരിക്കലും കാണില്ല എന്ന് പറയണം. പക്ഷേ അതിന് ശ്രമിച്ചാൽ അവളത് കേൾക്കാൻ നിൽക്കാതെ കൂടുതൽ കുഴപ്പമാകുമോ..?

രണ്ടോ മൂന്നോ സ്റ്റോപ്പ്‌ കഴിഞ്ഞതും അവള്‍ ഇറങ്ങാനായി എഴുന്നേറ്റു. അവള്‍ക്ക് ഇറങ്ങേണ്ട ഇടം അതാണെന്ന് തോന്നിയില്ല. ആളുകളെ വകഞ്ഞുമാറ്റി ഞാനും പിന്‍ഡോറിലൂടെ വെളിയിലേക്കിറങ്ങി.

ആരോ പിന്നാലെയുണ്ടെന്നറിഞ്ഞിട്ടാകണം അവള്‍ തൊട്ടടുത്ത് കണ്ട ലേഡീസ് ടെയ്ലറിങ് ഷോപ്പിലേക്ക് കയറി. അവള്‍ക്കവിടെ ഒരാവശ്യവുമുള്ളതായി തോന്നിയില്ല. ഷോപ്പിനുള്ളിലെത്തിയതും അവള്‍ എന്നത്തന്നെ തുറിച്ചുനോക്കുന്നു. ഒരുമാതിരി പകയും സംശയവും കൂട്ടിക്കലര്‍ന്ന്. കൂടുതൽ വഷളാവാതിരിക്കാൻ ഞാൻ എതിര്‍വശത്തുള്ള ചായക്കടയിലേക്ക് കയറി. ഒരു ചായ പറഞ്ഞിട്ട് കടക്കുള്ളില്‍ കയറാതെ വാതില്‍ക്കല്‍ തന്നെ നിന്നു

അവളപ്പോള്‍ എന്നെക്കുറിച്ച് അവിടെയുള്ള മറ്റ് പെണ്ണുങ്ങളോട് പറയുകയാണ്. അവരെന്നെ തന്നെ തുറിച്ചുനോക്കുന്നു. അവള്‍ ആളെ കൂട്ടുമെന്ന് ഉറപ്പായി. എങ്ങോട്ടും ഓടിപ്പോകാന്‍ പറ്റില്ല. ഞാന്‍ കടയുടെ ഇളം തിണ്ണയിലുണ്ടായിരുന്ന പഴയ മര​െബഞ്ചില്‍ ഇരുന്ന് പതുക്കെ ചായ കുടിച്ചു, വരുന്നതുവരട്ടെ എന്ന വിചാരത്തോടെ.

തയ്യൽക്കടയിൽനിന്നും അവള്‍ ഒറ്റക്കാണിറങ്ങിയത് കൈയില്‍ ഒരു കവറുണ്ടായിരുന്നു. ഞാന്‍ പിന്നാലെ ചെല്ലുമെന്ന് കരുതിയിട്ടാകാം റോഡിനോരം ചേര്‍ന്ന് വേഗത്തില്‍ നടന്നു. ടെയ്ലറിങ് ഷോപ്പില്‍നിന്നും ഇപ്പോള്‍ ആരും നോക്കുന്നില്ല. അതൊരു കെണിയായിരിക്കാം എന്ന് തോന്നിയതുകൊണ്ട് ഞാന്‍ തിടുക്കമൊളിപ്പിച്ച്, സാവധാനം ചായയുടെ പൈസ കൊടുത്തിറങ്ങി. കടക്കാരനപ്പോൾ പിന്നിൽനിന്നും കൈകൊട്ടി വിളിക്കുന്നു,

‘‘അതേയ്...’’ എന്തിനാണെന്ന ഉൾക്കിടിലത്തോടെ തിരിഞ്ഞുനോക്കി.

‘‘ആ ഗ്ലാസ്‌ തന്നിട്ട് പോകാമോ..?’’ചായ കുടിച്ച കാലി ഗ്ലാസ്‌ എന്റെ കൈയിൽ. പൈസ കൊടുക്കാൻ നേരം ഞാനത് മേശമേൽ വെച്ചതാണ് അതുമെടുത്താണ് തിരികെ ഇറങ്ങിയത്

‘അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി’ എന്നുപറഞ്ഞ് കടക്കാരൻ വീണ്ടുമെന്തോ പറയാൻ വന്നെങ്കിലും ഞാനത് കേൾക്കാൻ നിൽക്കാതെ തിടുക്കപ്പെട്ട് റോഡിലേക്കിറങ്ങി.

അപ്പോഴൊരു ബസ് കടന്നുപോയിരുന്നു. അവളതിൽ കയറിയിട്ടുണ്ടാവണം ഞാനൊരു ഓട്ടോറിക്ഷക്ക് കൈ നീട്ടിയെങ്കിലും അത് വെട്ടി ഒഴിഞ്ഞുപോയി തൊട്ട് പിന്നാലെ ഒരു ബൈക്ക് പാഞ്ഞുവന്നത് കണ്ട് റോഡിലേക്ക് കടന്നുനിന്ന് കൈനീട്ടി. ബൈക്ക് നിന്നു, അതിലൊരു പയ്യനായിരുന്നു. ഞാനതിന്‍റെ പിന്നിലേക്ക് തിടുക്കപ്പെട്ട് കയറിയിരുന്നു.

‘‘മോനെ ഒന്ന് വേഗം പോകാമോ? ഒരു ബസ് പോയിട്ടുണ്ട് അത് പിടിക്കണം. എന്‍റെ ഒരു സാധനം അതില്‍ വെച്ച് മറന്നു...’’ ഞാനവനോടൊരു കള്ളം പറഞ്ഞു. നുണ പറയേണ്ട സാഹചര്യങ്ങൾ ജീവിതത്തിലധികമുണ്ടായിട്ടില്ല. പക്ഷേ, എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

ഒരുപകാരം ചെയ്യാന്‍ കിട്ടിയ അവസരമായതുകൊണ്ടാണെന്ന് തോന്നുന്നു പയ്യന്‍ നല്ല സ്പീഡില്‍ വിട്ടു. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ എനിക്കത് ഓവർ സ്പീഡായി തോന്നിയേനെ. അവളാ ബസിൽതന്നെ കയറിയോ, അതോ എവിടെങ്കിലും മറഞ്ഞുനിന്നതാണോ..?

അടുത്ത സ്റ്റോപ്പ് എത്തിയതും ഞങ്ങൾ ആളിറക്കുന്ന ബസിനൊപ്പമെത്തി.

‘‘മോനെ ഈ ബസിലൊരു പെൺകുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്. അവളിറങ്ങുന്നിടത്ത് എന്നെയും ഇറക്കിയാല്‍ വല്യ ഉപകാരം.’’

മരണപ്പാച്ചിലിന് നന്ദിപോലെ ഞാനവനോട് സത്യം തുറന്നുപറഞ്ഞു. ഹെല്‍മറ്റ് വെച്ചിരുന്നതുകൊണ്ട് അവന്‍റെ മുഖഭാവം എന്താണെന്ന് കണ്ടില്ല. ‘ഓക്കെ ചേട്ടാ...’ന്ന് മാത്രമേ മറുപടി പറഞ്ഞുള്ളൂ. എനിക്കാശ്വാസമായി. വേറെന്തെങ്കിലും കൊച്ചുവര്‍ത്തമാനം പറയാന്‍ എനിക്ക് തോന്നിയില്ല. അവനൊന്നും ചോദിച്ചുമില്ല.

ഏതാണ്ട് ആറ് കിലോ മീറ്ററോളം ചെന്നപ്പോൾ വലിയൊരു പള്ളിയും തോടുമൊക്കെയുള്ള ജങ്ഷനെത്തി, ബസ് നിന്നു. അവളതില്‍നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് ടെൻഷനും ആവേശവും ഒരുമിച്ചുണ്ടായി. ഞാൻ ബൈക്കിൽനിന്നുമിറങ്ങി പേഴ്സില്‍നിന്ന് രണ്ട്‌ നൂറിന്റെ നോട്ടുകളെടുത്ത് പയ്യന് നീട്ടിയെങ്കിലും അവനത് വാങ്ങിയില്ല. ‘വേണ്ട ചേട്ടാ’ എന്നുമാത്രം പറഞ്ഞ് ബൈക്കോടിച്ച് അടുത്തൊരു കടയിലേക്ക് പോയി.

ആരെയും കാത്തുനിൽക്കാതവൾ നടന്ന് കഴിഞ്ഞിരുന്നു. ഞാന്‍ പിന്നാലെയുണ്ടെന്ന് കണ്ടിട്ടാകണം.

ഞാന്‍ വേഗത്തില്‍ നടന്ന് അവള്‍ക്ക് പിന്നാലെ ചെന്നു. പള്ളി കഴിഞ്ഞ് തോട്ടിറമ്പിലൂടെയുള്ള വീതി കുറഞ്ഞ വഴിയായിരുന്നു, അവളപ്പോള്‍ അത്രവേഗത്തിലല്ല നടക്കുന്നത്. ഞാന്‍ പിന്നിലുണ്ടെന്ന് മറന്നിട്ടാണോ, അതോ എന്‍റെ വരവ് ആരെയെങ്കിലും വിളിച്ചറിയിച്ചിട്ടാണോ..?

കൂടുതലൊന്നും ചിന്തിക്കാതെ വേഗത്തില്‍ നടന്ന് അവളുടെ തൊട്ട് പിന്നിലെത്തി.

‘‘അതേ ഒന്ന് നിക്കണേ...’’

ഞാനവളെ വിളിച്ചതും ‘ഹലോ...’ എന്ന് അതിലുമുച്ചത്തില്‍ പിന്നില്‍നിന്നും ഒരു വിളിയുണ്ടായി. രണ്ട് ചെറുപ്പക്കാര്‍ എന്‍റെ നേരെ നടന്നുവന്നു, അത്ര സുഖകരമല്ലാത്ത ഭാവത്തിൽ. അതിലൊന്ന് എന്നെ ബൈക്കില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട പയ്യനാണോ എന്ന് സംശയം തോന്നി. അവനിപ്പോള്‍ ഹെല്‍മറ്റില്ല. ഇരുനിറത്തില്‍ മെലിഞ്ഞ ഒരു പയ്യന്‍. മറ്റേത് അല്‍പംകൂടി പൊക്കവും തടിയുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ബസിൽവെച്ച് അവളുടെ തൊട്ടടുത്ത് കണ്ട ആളെപ്പോലെ.

അവളപ്പോള്‍ എന്നെ നോക്കി, പക കലർന്നൊരു ചിരിയോടെ.

*

പിറ്റേന്ന് രാവിലെ ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് പെങ്ങളുടെ കോള്‍ വന്നു.

‘‘ഏട്ടായി ഇപ്പോ എവിടാണ്..?’’ കോള്‍ എടുത്തതേ അവള്‍ ചോദിച്ചു. അവളുടെ സ്വരവും ചോദ്യവും പതിവില്ലാതെ കനപ്പെട്ടിരുന്നു.

‘‘ഞാന്‍ വീട്ടില് എന്താടീ പ്രശ്നം?’’

‘‘അതേ പ്രശ്നംതന്നെയാണ്... നിങ്ങള്‍ക്ക് ഞങ്ങളെ നാണംകെടുത്തി മതിയായില്ലേ?’’

‘‘കാര്യം പറ നീയ്...’’

‘‘ഒന്നുകി പോയി പെണ്ണ് കെട്ട്. അല്ലെങ്കി വേറെന്തെങ്കിലും ചെയ്യ്... പോയി ചാക്... മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കാതെ...’’

സ്വരമിടറി പറഞ്ഞവൾ കോള്‍ കട്ട്ചെയ്തു. എനിക്ക് തലക്കുള്ളിലാകെ തീപിടിച്ച് കത്തുന്നപോലെ തോന്നി. ഞാനവളെ വീണ്ടും വീണ്ടും വിളിച്ചെങ്കിലും കോൾ കട്ട് ചെയ്ത് വിടുന്നു.

അമ്മയുടെ തേങ്ങല്‍ കേട്ടതുപോലെ ഞാന്‍ അടുക്കളയില്‍ ചെന്ന് എത്തിനോക്കി. അതേ അമ്മ കുത്തിയിരുന്ന് കരയുകയാണ്. ഞാന്‍ മുന്നില്‍ ചെന്ന് നിന്നതറിഞ്ഞിട്ടും മുഖമുയര്‍ത്തിയില്ല.

‘‘എന്താമ്മേ... എന്താ കാര്യം?’’

അമ്മ ദേഷ്യത്തിലെന്നെ മുഖമുയര്‍ത്തി നോക്കി.

‘‘ഒന്ന് പോയിത്തരാവോ നീയിവിടുന്ന്..?’’

എനിക്ക് വല്ലാത്ത ഭയവും ടെന്‍ഷനും തോന്നി

‘ഒന്ന് കോള്‍ എടുക്കൂ’ എന്ന് ഞാന്‍ പെങ്ങള്‍ക്ക് മെസേജ് ചെയ്തു.

വീണ്ടും വിളിച്ചപ്പോള്‍ കോള്‍ എടുത്തു. ‘പറ’ എന്നുമാത്രം ഗൗരവത്തില്‍ പറഞ്ഞു.

‘‘എടി എന്താ കാര്യമെന്ന് ഒന്നു പറയുമോ?’’

‘‘എന്താണ് കാര്യമെന്ന് നിങ്ങള്‍ക്ക് അറിയില്ല അല്ലേ..?’’

അവളൊരു അന്യനോടെന്നപോലെ ചോദിച്ചു.

‘‘ഇല്ല അതുകൊണ്ടാണ് ചോദിക്കുന്നത്...’’

‘‘നിങ്ങള്‍ക്ക് അനുപമയെ ഒട്ടും അറിയില്ല...ല്ലേ? ഒട്ടും ഓർമകാണില്ല..!’’

അവൾ കുറ്റപ്പെടുത്തലോടെ ചോദിച്ചപ്പോൾ

അനുപമയുടെ മുഖം മനസ്സില്‍ തെളിഞ്ഞുവന്നു. ആരുടെയോ രൂപസാമ്യംപോലെ.

‘‘അറിയില്ല എങ്കില്‍ ഞാന്‍ പറഞ്ഞുതരാം. അനുപമ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്. രണ്ടു വര്‍ഷം മുമ്പ് എന്‍റമ്മ യൂട്രസ് റിമൂവ് ചെയ്ത് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ രണ്ടാഴ്ച കിടന്നിരുന്നു. അതും നിങ്ങൾക്ക് ഓർമകാണില്ലല്ലോ...’’

അവള്‍ ക്രൂരമായി കുത്തിപ്പറഞ്ഞ കാര്യങ്ങളെല്ലാം അവളെപ്പോലെ തന്നെ എനിക്കും ഓർമയുണ്ടായിരുന്നു.

‘‘എനിക്ക് ഡെലിവറി ടൈം ആയിരുന്നതുകൊണ്ട്

എന്റെ ഫ്രണ്ട് അനുപമയാണ് അമ്മക്കൊപ്പം ഹോസ്പിറ്റലിൽ നിന്നത്. അവൾടെ അനിയത്തി അപർണയും വന്നിരുന്നു. സ്വന്തം അമ്മെപ്പോലാണ് അവളന്നെന്റെ അമ്മെ നോക്കിയത്. അവരെ രണ്ടു പേരെയും എന്റെ പൊന്നാങ്ങള ബൈക്കില്‍ കേറ്റി ടൗണിൽ വിട്ടിട്ടൊണ്ട്, ഒന്നല്ല രണ്ടോ മൂന്നോ വട്ടം. മാന്യത നടിച്ച് അന്നൊന്നും നിങ്ങളവരുടെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചെയ്തിട്ടില്ല. ഇനിയും പൊട്ടന്‍ കളിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഞാന്‍ തെളിച്ച് തന്നെ പറയാം. ആ അനുപമയുടെ അനുജത്തി അപർണയുടെ പിന്നാലെയാണ് നിങ്ങളിന്നലെ മണപ്പിച്ച് പോയത്... പൊന്നേട്ടന്‍ മൂത്ത് നരച്ചില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ ഈ മറ്റേ പരിപാടി..?’’

ദേഷ്യംകൊണ്ട് തീ പിടിച്ചപോലെയാണവള്‍ പറഞ്ഞത്. ഞാന്‍ വേറേത് മറ്റേ പരിപാടിക്കാണ് പോയത് എന്ന് ചോദിക്കാന്‍ വന്നെങ്കിലും മിണ്ടാതെ നിന്നുപോയി.

ഞാൻ അനുപമയെയും അപർണയെയും കുറിച്ചോര്‍ത്തു.

കാഴ്ചക്കുള്ള സൗന്ദര്യം സ്വഭാവത്തിലുമുണ്ടെന്ന് തോന്നിയ പെണ്‍കുട്ടികള്‍. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അവരെ, പ്രത്യേകിച്ചും അമ്മക്ക്. സ്വന്തം മക്കളെപ്പോലെതന്നെയാണ് അന്നവര്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

എനിക്കന്ന് അനുപമയോട് പ്രണയംതോന്നിയിരുന്നു. ഞാനത് തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും അവള്‍ക്കും പെങ്ങൾക്കുമത് അറിയാമായിരുന്നു...

‘കാര്യമില്ല മോനേ വെറുതെ നടന്ന് ചെരുപ്പ് തേയാമെന്നേയൊള്ളൂ, കല്യാണം ഉറപ്പിച്ച പെണ്ണാ അവള്...’ അച്ചുവിനോട് പെങ്ങളന്ന് തമാശയായി പറഞ്ഞിരുന്നു.

അനുപമയുടെ അനിയത്തി അപർണയും സുന്ദരിയായിരുന്നു. തലേന്ന് വൈകുന്നേരം ഞാന്‍ പിന്നാലെ പോയ പെണ്‍കുട്ടിയുടെ അതേ മുഖവും സൗന്ദര്യവും ഉയരവുമായിരുന്നല്ലോ അവള്‍ക്കും എന്ന് നീറ്റലോടെ ഓര്‍ത്തു.

* * *

കുളവും കരയുമെല്ലാം ഇരുട്ടിന്റെ നിറമായിരിക്കുന്നു. എന്തോ അപായസൂചനപോലെ തവളകളുടെ കൂട്ടക്കരച്ചിൽ. കുറെ നേരമായി ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ഞാനത് പോക്കറ്റില്‍നിന്നുമെടുത്ത് നോക്കി. സുഗതന്‍ മാമന്‍. ഞാന്‍ കോള്‍ എടുത്തു. ‘‘ഹലോ...’’

മാമന്‍റെ സ്വരത്തിൽ പതിവില്ലാത്ത കനം.

 

‘‘എന്താ മാമാ..?’’

‘‘എന്‍റെ പേര് എം.ബി. സുഗതന്‍ എന്നാണ്. വീട്ടുപേര് മുളങ്ങാട്ട്. താങ്കള്‍ക്ക് പരിചയം ഉണ്ടോ ആവോ?’’

മാമനെന്തോ മനസ്സില്‍വെച്ച് കളിയാക്കി ചോദിക്കുന്നു. മാമനെന്നോട് അങ്ങനെയുള്ള കളിതമാശകള്‍ പറയാറില്ല. എന്നെപ്പോലെ തന്നെ ഗൗരവപ്രകൃതമാണ്.

‘‘എന്തുപറ്റി സുഗതന്‍ മാമാ..?’’

ഞാൻ ആധിയോടെ ചോദിച്ചു.

‘‘എനിക്കൊന്നും പറ്റിയിട്ടില്ലാ...’’

മാമന്‍ എന്തോ മനസ്സിൽവെച്ച് തന്നെ പറഞ്ഞു. ആര്‍ക്കോ എന്തോ പറ്റിയതുപോലെ.

‘‘നീ ഇന്നുച്ചക്ക് ടൗൺ മാർക്കറ്റിൽ വന്നിരുന്നോ?’’

മറുപടി പറയാതെ ഇന്നുച്ചക്ക് മാര്‍ക്കറ്റിനടുത്തുള്ള റോഡിലൂടെ വിയര്‍ത്ത് നടന്നതോർത്തു. മാമൻ പറയുന്ന കാര്യമെന്താണെന്ന് തിരഞ്ഞ്. വല്ലാത്ത തിരക്കും ബഹളവുമായിരുന്നു. എന്‍റെ തലയുടെ പെരുപ്പ് മാറിയിരുന്നില്ല. ഉള്ള് നിറയെ വിഷ്ണുവും വിഷ്ണുലോകവുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വെച്ച് ഞാന്‍ ആരെയെങ്കിലും തട്ടിത്തെറിപ്പിച്ചോ ചവിട്ടിമെതിച്ചോ ഉച്ചത്തില്‍ തെറിപറഞ്ഞോ... ഒന്നുമറിയില്ല. ഒരു കുപ്പി റം ഒറ്റക്കടിച്ചതുപോലെ ലക്കുകെട്ടൊരു പോക്ക്

‘‘എന്നെ കണ്ടതായി നീ ഓര്‍ക്കുന്നുണ്ടോ?’’

മാമന്‍ ചോദിച്ചു.

‘‘എന്നോട് എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ടോ നീയ്..?’’

മാമന്റെ തൊണ്ട ഇടറി.

‘‘എത്ര കള്ളും കഞ്ചാവും വലിച്ച് കേറ്റിയാലും അപ്പനേം അമ്മേം കൂടപ്പിറപ്പുകളേം മറന്ന് കളിക്കല്ലടാ... ഒന്നുമില്ലെങ്കിലും നിന്നെ കുറേ ചുമന്ന് നടന്നതല്ലേ ഞാൻ..?’’

ഞാനൊന്നും മിണ്ടിയില്ല. കുളത്തിന്റെ പടവുകളിറങ്ങി.

കഴുത്തൊപ്പം വെള്ളമായിരിക്കുന്നു. തണുപ്പ് തോന്നിയില്ല തല ചുട്ടുപൊള്ളുന്നു. ഫോണ്‍ നെഞ്ചോടൊട്ടി കിടന്ന് വീണ്ടും വീണ്ടും വൈബ്രേറ്റ് ചെയ്തു. അമ്മ അത്താഴത്തിന് വിളിക്കുന്നതാണ്.

അമ്മ രാവിലെ രണ്ട് പ്രധാന കാര്യങ്ങൾ പറഞ്ഞുവിട്ടിരുന്നു. നാല് മണിക്ക് മുന്നേ വീടെത്തണം എന്നായിരുന്നു ആദ്യത്തെ കാര്യം. വരുന്ന വഴിക്ക് എന്തോ വാങ്ങണമെന്നും പറഞ്ഞിരുന്നു... എന്തായിരുന്നു അത്..?

എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല. പിന്നോട്ടടിവെച്ച് ഞാന്‍ കരക്ക്‌ കയറി വീണ്ടും ഫോൺ വിറച്ചപ്പോൾ ഞാനതെടുത്ത് കാതില്‍വെച്ചു. ‘‘ഹലോ...’’

അമ്മയല്ല അച്ചുവായിരുന്നു.

‘‘ഇന്ന് ഡേറ്റ് എത്രയാണെന്ന് ഓര്‍ക്കുന്നുണ്ടോ നിങ്ങള്..?’’

കുറ്റപ്പെടുത്തുംപോലെ തന്നെയായിരുന്നു അവന്‍റെ ചോദ്യവും.

ഞാനെന്റെ പിറന്നാൾ ദിനം ഓര്‍ത്തെടുത്തു.

‘‘ഇരുപത്തിയെട്ട്...’’ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു.

‘‘ബെസ്റ്റ്. അതെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ... എന്‍റെ പൊന്നു ചേട്ടാ നേരം എട്ടു മണിയായി നിങ്ങളിതെവിടാ? എന്നെ കുഴീല്‍ ചാടിക്കല്ലേ...’’

അത് പറഞ്ഞവൻ കോള്‍ കട്ട് ചെയ്തു. അതേത് കുഴിയാണെന്നാലോചിച്ചുകൊണ്ട് ഞാൻ നടന്നു, മുന്നോട്ടോ പിന്നോട്ടോ...

News Summary - malayalam story