Begin typing your search above and press return to search.
proflie-avatar
Login

യേശു നജീബ്

യേശു നജീബ്
cancel

പിക്കാസോ ആർട്സ്. ഒരു ബാർബർ ഷോപ്പ് പോലെയായിരുന്നു. ഞങ്ങളുടെ ചെറുപട്ടണത്തിൽ രഞ്ജിത്തിന്റെ അച്ഛൻ ആണ്ടി മാസ്റ്റർ തുടങ്ങിയതായിരുന്നു അത്. ഗുഹാലിപികൾ മുതൽ പരിഷ്കരിക്കപ്പെട്ട ഇന്നത്തെ അക്ഷരങ്ങൾ വരെ കാലഗണനക്കനുസൃതമായി പിക്കാസോയിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ആദ്യകാലത്ത് ചുവരെഴുത്തിൽ തുടങ്ങി പിന്നീട് പല വലിപ്പത്തിലുള്ള പോസ്റ്ററുകളായും ബാനറുകളായും നാടിന്റെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിൽ ആണ്ടി മാസ്റ്റർ നിറഞ്ഞുനിന്നു. നാടിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകളിലൊക്കെ ആണ്ടി മാസ്റ്ററുടെ അക്ഷരങ്ങളുണ്ടായിരുന്നു. പൊളിക്കാതെയിട്ടിരിക്കുന്ന പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ ഒരു മുദ്രാവാക്യമോ...

Your Subscription Supports Independent Journalism

View Plans

പിക്കാസോ ആർട്സ്. ഒരു ബാർബർ ഷോപ്പ് പോലെയായിരുന്നു. ഞങ്ങളുടെ ചെറുപട്ടണത്തിൽ രഞ്ജിത്തിന്റെ അച്ഛൻ ആണ്ടി മാസ്റ്റർ തുടങ്ങിയതായിരുന്നു അത്. ഗുഹാലിപികൾ മുതൽ പരിഷ്കരിക്കപ്പെട്ട ഇന്നത്തെ അക്ഷരങ്ങൾ വരെ കാലഗണനക്കനുസൃതമായി പിക്കാസോയിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ആദ്യകാലത്ത് ചുവരെഴുത്തിൽ തുടങ്ങി പിന്നീട് പല വലിപ്പത്തിലുള്ള പോസ്റ്ററുകളായും ബാനറുകളായും നാടിന്റെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിൽ ആണ്ടി മാസ്റ്റർ നിറഞ്ഞുനിന്നു.

നാടിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകളിലൊക്കെ ആണ്ടി മാസ്റ്ററുടെ അക്ഷരങ്ങളുണ്ടായിരുന്നു. പൊളിക്കാതെയിട്ടിരിക്കുന്ന പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ ഒരു മുദ്രാവാക്യമോ ആഹ്വാനമോ ആയിക്കൊണ്ട് ആണ്ടി മാസ്റ്റർ എപ്പോഴും ഞങ്ങളെ നോക്കി. ഞങ്ങളുടെ കളിമൈതാനത്തിന്റെ മതിലിൽ ഇപ്പോഴും ആണ്ടി മാസ്റ്റർ വരച്ച അരിവാൾ ചുറ്റിക നക്ഷത്രമുണ്ട്. മറ്റെവിടെയും അത്രയും മൂർച്ചയുള്ള അരിവാൾ ഞാൻ കണ്ടിട്ടേയില്ല. മഞ്ഞും മഴയും വെയിലും ഏറെ കടന്നുപോയെങ്കിലും ആണ്ടി മാസ്റ്റർക്കുള്ള സ്മാരകംപോലെ, ചെറിയ മങ്ങലോടെ ഇപ്പോഴും ആ ചിഹ്നം കളിമൈതാനത്തിന്റെ മതിലിലുണ്ട്.

ഇലക്ഷനടുക്കുമ്പോൾ അരിവാൾ ചുറ്റികയും അരിവാൾ നെൽക്കതിരും കൈപ്പത്തിയുമെല്ലാം മാസ്റ്റർ വരച്ചെങ്കിലും പുഷ്പചിഹ്നം നാട്ടിൽ സജീവമാകുന്നതിനുമുമ്പ് മാസ്റ്ററുടെ കയ്യിൽ വിറ ബാധിക്കുകയുണ്ടായി. പാർക്കിൻസൺസ് ശരീരത്തിന്റെ തുലനം തെറ്റിച്ചു. കുറച്ചുനാൾ വീൽച്ചെയറിലാവുകയും ഒരു ജനുവരി 30ന് അദ്ദേഹം മരിച്ചുപോവുകയും ചെയ്തു.

പിക്കാസോ ആർട്സ് ഹൗസ് ഒരു ബാർബർഷോപ്പ് പോലെയാണെന്നു പറഞ്ഞതിനു കാരണം അവിടവിടെ ചിതറിക്കിടക്കുന്ന അക്ഷരങ്ങളും വരകളും മാത്രമല്ല, ബാർബർ ആളുകളുടെ രൂപം മാറ്റുന്നതുപോലെത്തന്നെയാണിവിടെയും. പല്ലുന്തിയ സ്ഥാനാർഥിയുടെ പല്ല് നിരയൊപ്പിക്കും. കോങ്കണ്ണ് സമനിലയിലാക്കും. ഹെയർസ്റ്റൈൽ എങ്ങനെ വേണമെങ്കിലും മാറ്റും. മീശയുണ്ടെങ്കിൽ സമൃദ്ധമാക്കും. ആണ്ടി മാസ്റ്റർ തുടങ്ങിവെച്ച രൂപമാറ്റത്തിന്റെ വിസ്മയം ഇപ്പോൾ രഞ്ജിത്തിലൂടെ തുടരുന്നു. പ്ലസ് ടു കഴിഞ്ഞതിനുശേഷം അവൻ ഫൈൻ ആർട്സ് കോളേജിലേക്കും ഞാൻ സാഹിത്യ ബിരുദത്തിനും പോയി. ഫൈനാർട്സ് കഴിഞ്ഞ് അവൻ തിരുവനന്തപുരത്തെവിടെയോ ഡിസൈനിങ് പഠിച്ചു.

എം.എ കഴിഞ്ഞ് ഞാൻ പാരലൽ കോളേജിൽ പഠിപ്പിക്കുമ്പോൾ അവൻ പിക്കാസോയിലിരുന്ന് പുതിയ കാലത്തെ പോസ്റ്ററുകളും നോട്ടീസുകളും ഡിസൈൻ ചെയ്തു. അമ്പത്തിയേഴിലെ ഇ.എം.എസ് മന്ത്രിസഭാംഗങ്ങളുടെ തനിമയാർന്ന വരപ്പകർപ്പു മുതൽ ആണ്ടി മാസ്റ്ററുടെ വിരലുകളിൽ പിറന്ന അനേകം ചരിത്രനിമിഷങ്ങൾ ഇപ്പോഴും പിക്കാസോയിലുണ്ട്. അത്യഗാധമായ രംഗഭാവങ്ങളോടെ പലരുടെയും പോർട്രെയിറ്റുകളുണ്ട്. പലരും വിലയ്ക്കു ചോദിച്ചെങ്കിലും ആ പൊന്നുരുപ്പടികളൊന്നും രഞ്ജിത്ത് തൊട്ടിട്ടില്ല. ആണ്ടി മാസ്റ്റർ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന ആ വരകൾക്കിടയിൽ എല്ലാറ്റിന്റെയും അടിയിലുള്ള നേർത്ത ഒപ്പുനോക്കി രഞ്ജിത്ത് കമ്പ്യൂട്ടറിനു മുന്നിലിരുന്നു. ഫോട്ടോഷോപ്പിന്റെ വിവിധ സാധ്യതകളുപയോഗപ്പെടുത്തി ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെപ്പോലെ അവൻ പലതും പുതുക്കിക്കൊണ്ടിരുന്നു.

നല്ല സാമ്പത്തികബുദ്ധിമുട്ടുള്ള സമയത്ത് അച്ഛന്റെ പഴയ വരകൾ ലേലത്തിനുവെച്ചുകൂടേ എന്ന അവന്റെ മറുപടി ചെറിയ വിവരണസഹിതം ലളിതമായിരുന്നു. ഞങ്ങളുടെ പട്ടണത്തിന് പടിഞ്ഞാറുമാറി നാലുകിലോമീറ്ററിനപ്പുറത്ത് പഴയൊരു നെല്ലുസംഭരണ കേന്ദ്രമുണ്ട്. പത്തെഴുപത് വർഷം പഴക്കമുള്ള പൊളിക്കാറായ ആ കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണിരുന്നു. പണ്ട് ആണ്ടി മാസ്റ്റർ വരച്ച ഒരു ചിത്രം ആ മതിലിലുണ്ടായിരുന്നു. ഇനിയും അടരാത്ത ഒരിഷ്ടികയിൽ ആണ്ടി മാസ്റ്ററുടെ നേർത്ത ഒപ്പ് ഇപ്പോഴുമുണ്ട്. അച്ഛന്റെ കയ്യൊപ്പുകൾ വിൽക്കാനുള്ളതല്ല എന്നതായിരുന്നു അവന്റെ ന്യായം.

ഒരു വൈകുന്നേരം ഞങ്ങൾ ‘പിക്കാസോ’യിലിരിക്കുമ്പോൾ ബസാറിലെ ഹസൻ ഭായിയുടെ കോഫി ക്ലബിൽനിന്ന് ഒരു തൂക്കിൽ രണ്ട് കാപ്പിയുമായി ഒരു ചെറുപ്പക്കാരൻ കയറിവന്നു. സമൃദ്ധമായ താടിയും മുടിയുമായി, വെള്ളാരങ്കണ്ണുകളുള്ള ചുവന്നനിറമുള്ള ഉയരമുള്ള ഒരാൾ നേരിയ വിഷാദഛവിയുള്ള ചിരിയോടെ കാപ്പി മേശയിൽ വച്ച് തൂക്കുമായി തിരികെ പോയി. കാപ്പി ചുണ്ടോട് ചേർത്ത് ആകാംക്ഷയോടെ യുവസുന്ദരനാരെന്ന് രഞ്ജിത്തിനോട് തിരക്കി. ഹസൻ ഭായിയുടെ റിക്രൂട്ട്മെന്റാണ്. ആറുമാസമായി ഇവിടെ വന്നിട്ട്. ‘ബംഗ്ലാദേശിയാണ്’. ഇത്രയും ഓറയുള്ള ബംഗ്ലാദേശിയോ എന്ന എന്റെ റേസിസ്റ്റ് കൗതുകം അവൻ ചെറിയ പുച്ഛത്തോടെ ചിരിച്ചുതള്ളി. തരുണീമണികൾ അവനെ കാണാൻ കാത്തിരിക്കുന്ന കാര്യം രഞ്ജിത്തെന്നോട് പറഞ്ഞു.

ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിലും പെൺകുട്ടികളുടെ മുന്നിലും ചുറ്റിനടക്കുന്ന റോമിയോ മാത്രമല്ല അവൻ. വലിയ സഹായിയാണ്. അങ്ങാടിയിൽ ഒട്ടുമിക്ക യാചകരും പട്ടികളും അവനെ കാത്തിരിക്കാറുണ്ട്. ഭക്ഷണമായും മരുന്നായും അവൻ അവരുടെ അടുത്തെത്താറുണ്ട്. അടുത്തൊന്നും നാടുപിടിക്കാനുദ്ദേശ്യമില്ലാത്തതുകൊണ്ടാണ് അവനിങ്ങനെ പണം ധൂർത്തടിക്കുന്നതെന്ന് ഹസൻ ഭായ് ഇടക്കിടെ പറയും. പക്ഷേ, അയാൾക്കു അഭിപ്രായം പെട്ടെന്ന് മാറ്റേണ്ടിവന്നത്രേ. കടുത്ത വയറുവേദനയുമായി ആശുപത്രിയിലായ ഹസൻ ഭായിയുടെ കൂടെ രാപ്പകൽ അവൻ കൂട്ടിരുന്നു. മൂത്രട്യൂബും മലവിസർജനത്തിനുള്ള പാത്രവും അറപ്പില്ലാതെ കൈകാര്യം ചെയ്തു. ആശുപത്രിയിൽനിന്നിറങ്ങിയ ഹസൻ ഭായ് അവന്റെ എല്ലാ പ്രവൃത്തികൾക്കും നിരുപാധികം ഇളവനുദിച്ചു.

എന്തെങ്കിലും വരച്ചിട്ട് കുറെയായെന്ന് രഞ്ജിത്ത് പറഞ്ഞു. ഫോട്ടോഷോപ്പിലും ഇപ്പോൾ എ.ഐയിലുമാണ് കളി. ഒരുപാട് മുഖങ്ങൾ കാണുന്നുണ്ടെങ്കിലും ഒന്നും വരയ്ക്കാനാകുന്നില്ല. തോന്നുന്നില്ലെന്നതാണ് ശരി. മനുഷ്യരുടെ മുഖങ്ങളിലെല്ലാം കടുത്ത നിരാശയോ വെറുപ്പോ ഭയമോ ആണ്. ഒറ്റനോട്ടംകൊണ്ട് ഉള്ളിൽ ചെന്ന് തൊടുന്ന രണ്ട് കണ്ണുകൾ കണ്ടിട്ടെത്ര നാളായി. പ്രത്യാശയുടെ ഒരു മുഖം? ലോകം കൊലവെറിയിലും വെറുപ്പിലും നീറുന്നു. ഇപ്പോഴും മനുഷ്യർ വിശന്നു മരിക്കുന്നു. പിന്നെയെങ്ങനെ മനുഷ്യരുടെ മുഖങ്ങൾ സന്തോഷമുള്ളതാകും..?

ഇങ്ങനെയൊക്കെ വാതോരാതെ പറയുന്ന രഞ്ജിത്തിനെ നോക്കി ഞാൻ അന്തംവിട്ടിരുന്നു. പണിയെടുക്കാതിരിക്കാൻ ഓരോ ഒഴികഴിവുകൾ പറയുന്നതാണെന്ന് കുറ്റപ്പെടുത്തി. പക്ഷേ, ഒരു രാത്രി അവനെന്നെ വിളിച്ചു. ഒരു ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസം കഴിയുമ്പോൾ ഇതിലേ വരണം.

സത്യത്തിൽ ഞാനത് മറന്നുപോയിരുന്നു. കുട്ടികൾക്ക് കമ്യുവിന്റെ ഔട്ട്സൈഡർ (L’etranger) പഠിപ്പിക്കുകയായിരുന്ന ഒരു വൈകുന്നേരം അവന്റെ വിളി വന്നു. മെർസോട്ട് (1) എന്തിനാണ് അറബിയെ കൊന്നതെന്ന്? ഒരു പെൺകുട്ടി ചോദിച്ചപ്പോൾ യുക്തിയില്ലാതെ എന്തോ പറയാൻ തുടങ്ങുകയായിരുന്നു. ബാക്കി നാളെയാവാമെന്ന് കുട്ടികളോട് പറഞ്ഞ് ഞാനിറങ്ങി.

പിക്കാസോയിൽ അത്ഭുതത്തോടെ ഞാനവന്റെ പുതിയ ചിത്രം നോക്കി. തെളിച്ചവും ആഴവും കാര്യങ്ങളുമുള്ള കണ്ണുകളോടെ വശ്യമായ സ്നേഹത്തിലേക്ക് ക്ഷണിക്കുന്ന ഒരു മുഖം. ഞാൻ സംശയത്തോടെ രഞ്ജിത്തിനെ നോക്കി.കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

“യേശുവല്ലാതെ മറ്റാര്?”

എന്റെ സംശയം തീർന്നില്ല എന്നുകണ്ട് ആകാംക്ഷ ഉടച്ചുകൊണ്ട് വീണ്ടും പറഞ്ഞു.

“നജീബലി, ബംഗ്ലാദേശി.’’

യേശുവിലേക്ക് ബംഗ്ലാദേശിയായ നജീബലിയെ അവൻ വിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സ്വർഗത്തിന്റെ ആഴത്തിൽ നിന്നു വരുന്നതുപോലെ നേർത്ത പ്രകാശത്തോടെ, ഒപ്പം വിഷാദം കലർന്ന പുഞ്ചിരി എന്നെ പൊടുന്നനെ തണുപ്പിച്ചുകളഞ്ഞു. തൂവൽഭാരത്തോടെ അന്തരീക്ഷത്തിൽ നിൽക്കുന്നതായി എനിക്കുതോന്നി. ആദ്യമായിട്ടായിരിക്കും ഒരു ചിത്രം കണ്ട് ഇങ്ങനെ മനസ്സ് നിറയുന്നത്. നജീബലിയുടെ വിഷാദത്തിന്റെ കാരണം രഞ്ജിത്ത് പറഞ്ഞു. കലാപത്തിൽ അവന്റെ ജ്യേഷ്ഠൻ വെടിയേറ്റ് മരിച്ചിരുന്നു. വൃദ്ധരായ മാതാപിതാക്കൾ വഴിക്കണ്ണുമായി ഇപ്പോഴും മരിച്ചവനെ കാത്തിരിക്കുന്നു.

ചായ നിറച്ച ഗ്ലാസുകൾ തൂക്കിൽപേറി ബസാറിലൂടെ നടക്കുന്ന നജീബലിയെ അതിനുശേഷം ഞാൻ പലവട്ടം കണ്ടു. കാറ്റിൽ അവന്റെ തോളിലോട്ടു നീണ്ടുകിടന്നിരുന്ന മുടി പലവട്ടം പറന്നു. ‘നസ്റേത്തി’ലൂടെ ചായ ഗ്ലാസുകളിൽ സ്നേഹം നിറച്ച് യേശു നടക്കുകയാണ്. ‘ഗെത്ത്സമന’ തോട്ടത്തിലൂടെ രക്തത്തിൽ കുതിർന്ന ഒലീവ് മരങ്ങളുടെ പ്രാർഥനകൾക്കിടയിലൂടെ യേശു നടക്കുന്നു. അവന്റെ കണ്ണുകളിൽ സഹോദരന്റെ രക്തമുണ്ട്. നൂറ്റാണ്ടുകളായി നടക്കുന്ന അറുകൊലകളുടെയും വേർപിരിയലുകളുടെയും പാടകെട്ടിയിട്ടുണ്ട്.

എങ്കിലും, അവൻ നടക്കുമ്പോൾ എല്ലാവരോടും ചിരിക്കുന്നു. ലേഡീസ് ഹോസ്റ്റലുകളിൽനിന്നിറങ്ങി പലവഴിക്കു പായുന്ന പെൺകുട്ടികളും മുതിർന്ന സ്ത്രീകളും അവന്റെ നോട്ടം നേരിടാനാകാതെ തലകുനിക്കുന്നു. അവരുടെ മുഖങ്ങൾ നാണംകൊണ്ട് ചുവക്കുന്നു. പട്ടണത്തിലെ ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ എന്നും മറ്റുവഴികളുണ്ടായിട്ടും ബസാറിലൂടെ കടന്നുപോകുന്നു. അവൻ വഴിയരികിൽ നിൽക്കുന്നുണ്ടാകുമെന്ന് കരുതി വെറുതെ പലയിടത്തും കണ്ണുപായിക്കുന്നു.

അത്ഭുതമതല്ല! രഞ്ജിത്ത് വരച്ച പുതിയ യേശു പെട്ടെന്ന് വൈറലായി. സോഷ്യൽമീഡിയയിൽ പലരുമത് പ്രൊഫൈൽ പിക്ചറാക്കി. ചിലർ അതിനെ അനുകരിച്ച് വരച്ചു. ആ ചിത്രത്തിന്റെ പോസ്റ്ററുകളും കലണ്ടറുകളുമുണ്ടായി. കൺവെൻഷനുകളുടെ ബാനറുകളിൽ പുതിയ യേശുവിനെ ഉപയോഗിക്കാൻ തുടങ്ങി. പള്ളിപ്പെരുന്നാളുകളുടെ ഫ്ലക്സുകളിൽ ഈ ചിത്രം കടന്നുകൂടി. ഇതൊന്നുമറിയാതെ ജറുസലേമിലേക്കും തിരിച്ചും എന്നതുപോലെ അങ്ങാടിയിലൂടെ ചായത്തൂക്കുമേന്തി നജീബലി നടന്നു. അവന്റെ പിറകിൽ നന്ദിയുള്ള തെരുവുപട്ടികൾ എപ്പോഴുമുണ്ടായി.

പുതിയ യേശുവിനെ കൂടുതൽ കാമറകൾ ഒപ്പി. ആളുകളെല്ലാം അവന്റെ കൂടെ സെൽഫിയെടുത്തു. നജീബലി സ്വാഭാവികമായി ചെയ്തിരുന്ന പലതും വീഡിയോകളായി. സോഷ്യൽമീഡിയകളുടെ കണക്കുവെച്ച് അവൻ തൽക്കാലത്തേക്ക് ലോകത്തിന്റെ രക്ഷകനായി. ജോർദാൻ അതിർത്തി താണ്ടി ജെറീക്കോ പട്ടണത്തിലേക്ക് പോകുന്ന യേശുവിനെ റീലുകൾ പുനരാവിഷ്കരിച്ചു. ആളുകളുടെ ശല്യംമൂലം അവൻ പലപ്പോഴും ഒളിച്ചുനടന്നു. ബസാറിലെ പട്ടികളും വൃദ്ധയാചകരുമെല്ലാം ചിലപ്പോഴൊക്കെ പട്ടിണിയായി.

 

ഒരുദിവസം പരിഭ്രാന്തിയോടെ രഞ്ജിത്ത് എന്നെ വിളിച്ചു. പിക്കാസോയിൽ ചെല്ലുമ്പോൾ മുയലിനെപ്പോലെ വിറച്ചുകൊണ്ട് നജീബലി ഒരു മൂലയിലിരിപ്പുണ്ട്. തുരുതുരാ പുകവലിച്ചുകൊണ്ട് രഞ്ജിത്ത് അസ്വസ്ഥതയോടെ നടക്കുന്നു. നജീബലിയുടെ നെറ്റി മുറിഞ്ഞിരുന്നു. കൈമുട്ടുകളുരഞ്ഞ് ചോര കിനിയുന്നുണ്ട്. ആരൊക്കെയോ അവന്റെ പിറകേയുണ്ട്. ഇപ്പോഴെവിടെ ചെന്നാലും എല്ലാവരും തിരിച്ചറിയുന്നു. പലരും പകയോടെ നോക്കുന്നു. ഈ പാനപാത്രം തിരിച്ചെടുക്കാമോയെന്ന് അവന്റെ കണ്ണുകൾ രഞ്ജിത്തിനോടും എന്നോടും ചോദിക്കുന്നു. അവൻ പ്രാർഥിക്കുന്നതുപോലെ തോന്നി. തന്റെ പീഡാനുഭവങ്ങൾ ആസന്നമാണെന്നറിഞ്ഞ് പ്രാർഥിച്ചപ്പോൾ വിയർപ്പിൽ ചോര പൊടിഞ്ഞ(2) യേശുവിനെ ഞാനോർത്തു.

രാത്രി തീരെ ഉറക്കംവന്നില്ല. ആരൊക്കെയോ എവിടൊക്കെയോ ഒളിഞ്ഞിരിക്കുന്നു. ചരിത്രത്തിലും വർത്തമാനത്തിലും. ഉറക്കത്തിന്റെ തുടക്കത്തിലെപ്പോഴേ ചോരപുരണ്ട രണ്ട് കാൽപാദങ്ങൾ അകന്നുപോകുന്ന ദുഃസ്വപ്നം ആരംഭിച്ചു. മരുഭൂമികൾ കടന്ന് അത് സഞ്ചരിക്കുകയാണ്.

എല്ലാം പതിവുപോലെ തുടർന്നെങ്കിലും എന്തോ ഒരുൾഭയം എന്നെ പിടികൂടി. നജീബലി ഇപ്പോൾ ചായപ്പാത്രവുമായി അങ്ങാടിയിലിറങ്ങാറില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഹസൻ ഭായിയുടെ ഹോട്ടലിന്റെ അടുക്കളയിൽ തന്നെയാണ് മുഴുവൻ സമയവും. പലവട്ടം കാണാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ലത്രേ. പ്രകൃതിയെ ആകെ നിരാശ മൂടിയതുപോലെ എനിക്കുതോന്നി. മണ്ണുകലത്തിന്റെ മരവിപ്പ് എല്ലായിടങ്ങളിലും തങ്ങിനിന്നു. മരങ്ങളും ഇലകളും അങ്ങയുടെ മുഖം ഞങ്ങളിൽനിന്ന് മറച്ചുവെയ്ക്കരുതേയെന്ന് പ്രാർഥിക്കുന്നതുപോലെ. അത്തിപ്പഴവും തുകൽസഞ്ചിയിലെ വെള്ളവുമായി അവനീ വഴി വരുമെന്ന പ്രത്യാശയിൽ കടത്തിണ്ണയിലിരിക്കുന്ന അന്ധനായ ഒരു യാചകനെ ഞാൻ ശ്രദ്ധിച്ചു. അവനെ കാണാൻ തപിച്ചുനടന്ന പെൺകുട്ടികളുടെ വിഷാദം നിറഞ്ഞ നെടുവീർപ്പുകൾ അന്തരീക്ഷത്തിൽ തങ്ങിനിന്നു.

ഒരു ജനുവരി 30ന് നജീബലിയെ കാണാതായി. അന്ന് ആണ്ടി മാസ്റ്ററുടെ ചരമവാർഷിക ദിനമായിരുന്നു. ഞാനും രഞ്ജിത്തും ഹസൻഭായിയും പോലീസ് സ്റ്റേഷനിൽ പരാതിനൽകി. നജീബലിയുടേതായ എല്ലാം അവൻ കിടക്കുന്ന മുറിയിലുണ്ട്. ഫോൺ നിശ്ശബ്ദമാണ്. അവന്റെ നാട്ടുകാരുള്ള ഇടങ്ങളിലെല്ലാം ഞങ്ങളന്വേഷിച്ചു. ആരും അവനെ കണ്ടിട്ടില്ല. എവിടെയും ചെന്നതായി അറിവുമില്ല. ഒരു ബംഗ്ലാദേശിയെ കാണ്മാനില്ലെന്ന ഞങ്ങളുടെ പരാതിയുടെ നിസ്സാരത പോലീസുകാർ പുച്ഛഭാവത്തോടെ ഞങ്ങളെ ബോധ്യപ്പെടുത്തി.

രക്തച്ഛവി കലർന്ന സന്ധ്യയിലൂടെ ഞങ്ങൾ മടങ്ങി. ടൗൺ പള്ളിയിൽനിന്ന് മണിമുഴങ്ങുന്നതു കേട്ടു.കുറ്റമില്ലാത്ത രക്തത്തെ(3) ഒറ്റുകൊടുത്തുവോ എന്ന് ഞാൻ രഞ്ജിത്തിനെ നോക്കി. വലിയ അപരാധം ചെയ്ത വണ്ണം അവൻ ദുഃഖത്തോടെ ദൂരേയ്ക്ക് കണ്ണയച്ചു. ടൗൺപള്ളിക്കു മുന്നിലെത്തിയപ്പോൾ അവൻ ടൂവീലർ നിർത്തി. നജീബലിയെവിടെയെന്ന് ദൈവത്തോട് ചോദിക്കാനെന്ന വണ്ണം അവൻ അകത്തേക്ക് കടന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് പുറപ്പെട്ട ഒരു കാറ്റ് അപ്പോൾ പള്ളിയങ്കണത്തിലേക്ക് വന്നു.

======================

1. അൽബേർ കമ്യുവിന്റെ ‘ഔട്ട്സൈഡറി’ലെ നായക കഥാപാത്രം.

2. ഗെത്ത്സെമെൻ പ്രാർഥന

3. യൂദാസിന്റെ ആത്മഗതം

News Summary - Malayalam story