Begin typing your search above and press return to search.
proflie-avatar
Login

കാലമാപിനി

കാലമാപിനി
cancel

പകല്‍ച്ചൂട് ഉള്ളിലേക്കെത്തുമ്പോള്‍ നാലാം നമ്പര്‍ ഫ്ലാറ്റിന്റെ വാതില്‍ പാതി തുറന്നുകിടക്കുകയായിരുന്നു. കോറിഡോറില്‍ അണയ്ക്കാന്‍ മറന്ന ട്യൂബ് ലൈറ്റ് അപ്പോഴും ഇടവിട്ട് മിന്നിക്കത്തുന്നു. താഴത്തെനിലയില്‍ എവിടെയോ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ലിഫ്റ്റിന്റെ ഇരുമ്പുവാതില്‍ അടയുന്ന മുഴക്കം മുകളിലേക്കുയരുന്നു. കിച്ചനില്‍ സ്റ്റൗവിന് മുകളില്‍ വെച്ച വെള്ളം ചെറുതായി തിളച്ചുതുടങ്ങി. ചായപ്പൊടിയുടെ മണം മുറിയിലാകെ പടര്‍ന്നു. നൈല ഗ്യാസിന്റെ തിരിനാളം ദുർബലമാക്കി. ഇത് ഈ വീട്ടില്‍ അവസാനമായി ഉണ്ടാക്കുന്ന ചായയാണ്. ആ ചിന്ത ഉള്ളില്‍ ഭാരമായി കിടന്നിട്ടും അവളുടെ മുഖത്ത്...

Your Subscription Supports Independent Journalism

View Plans

പകല്‍ച്ചൂട് ഉള്ളിലേക്കെത്തുമ്പോള്‍ നാലാം നമ്പര്‍ ഫ്ലാറ്റിന്റെ വാതില്‍ പാതി തുറന്നുകിടക്കുകയായിരുന്നു. കോറിഡോറില്‍ അണയ്ക്കാന്‍ മറന്ന ട്യൂബ് ലൈറ്റ് അപ്പോഴും ഇടവിട്ട് മിന്നിക്കത്തുന്നു. താഴത്തെനിലയില്‍ എവിടെയോ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ലിഫ്റ്റിന്റെ ഇരുമ്പുവാതില്‍ അടയുന്ന മുഴക്കം മുകളിലേക്കുയരുന്നു.

കിച്ചനില്‍ സ്റ്റൗവിന് മുകളില്‍ വെച്ച വെള്ളം ചെറുതായി തിളച്ചുതുടങ്ങി. ചായപ്പൊടിയുടെ മണം മുറിയിലാകെ പടര്‍ന്നു. നൈല ഗ്യാസിന്റെ തിരിനാളം ദുർബലമാക്കി. ഇത് ഈ വീട്ടില്‍ അവസാനമായി ഉണ്ടാക്കുന്ന ചായയാണ്. ആ ചിന്ത ഉള്ളില്‍ ഭാരമായി കിടന്നിട്ടും അവളുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ കുറേ മാസങ്ങളായി സ്വയം പഠിച്ചെടുത്ത പ്രതിരോധമാണത്; വികാരങ്ങള്‍ എന്തുതന്നെയായാലും അത് പുറത്തുകാണിക്കാതെയിരിക്കുക.

കിച്ചനില്‍ നിന്നാല്‍ ലിവിങ് റൂം വരെ കാണാം. ജനലിനരികിലെ കസേരയില്‍ സിദ്ധാർഥ് ഇരിക്കുന്നു. പുറത്തുനിന്നുള്ള വെളിച്ചത്തില്‍ മുഖത്തിന്റെ പകുതിമാത്രം തെളിഞ്ഞുനിന്നു. ചുമരിലൂടെ സൂക്ഷ്മമായി നീങ്ങുന്ന നിഴലിന്റെ അഗ്രഭാഗം നോക്കി അക്ഷോഭ്യനായി ഇരിക്കുമ്പോള്‍ വിരലുകള്‍ കസേരയുടെ കൈപ്പിടിയില്‍ പതുക്കെ താളമിടുന്നു.

ടിക്, ടിക്, ടിക്.

ആ ശബ്ദം ലിവിങ് റൂമില്‍നിന്നു കേള്‍ക്കുന്നതാണോ, അതോ വര്‍ഷങ്ങളായി തന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതാണോ എന്ന് നൈലക്ക് വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല.

ഒരുകാലത്ത് സിദ്ധാർഥിന്റെ ഈ വിചിത്രമായ ശാന്തതയായിരുന്നു അവളെ ആകര്‍ഷിച്ചിരുന്നത്. കോളജ് സെമിനാറില്‍ ആദ്യമായി കണ്ട ദിവസം അവള്‍ക്ക് ഓർമവന്നു. മറ്റൊരു ഡിപ്പാർട്മെന്റിലെ റിസര്‍ച് സ്‌കോളറായിരിക്കെ വെറുമൊരു കേള്‍വിക്കാരിയായി ചെന്നതായിരുന്നു നൈല. എല്ലാവരും ആവേശത്തോടെ സംസാരിക്കുമ്പോള്‍ സിദ്ധാര്‍ഥ് ജനലിലൂടെ പുറത്തേക്ക് മഴ നോക്കി ഇരിക്കുകയായിരുന്നു. സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ഒരൊറ്റ വാക്കുപോലും ശ്രദ്ധയില്‍നിന്ന് വഴുതിയിട്ടില്ലെന്നു മനസ്സിലായത്. ഫിസിക്‌സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍പോലും അത് മനുഷ്യരെക്കുറിച്ചാണെന്ന് തോന്നിപ്പിച്ചു.

‘പ്രപഞ്ചത്തില്‍ ഒന്നും തനിച്ചല്ല സംഭവിക്കുന്നത്. ഓരോ ചലനവും മറ്റൊന്നിനെ സ്വാധീനിക്കും. സമയംപോലും...’ ആ വാക്കുകള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. ജീവിതം മുഴുവന്‍ ധൃതി പിടിച്ചോടിത്തീര്‍ക്കുന്നവര്‍ക്കിടയില്‍ ഇത്രയും നിസ്സംഗനായ ഒരാള്‍.

പക്ഷേ, വിവാഹത്തിനുശേഷം അവള്‍ സാവധാനം മനസ്സിലാക്കി; ആ ശാന്തതക്കുള്ളില്‍ വല്ലാത്തൊരു അകലമുണ്ടെന്ന്. മറ്റുള്ളവര്‍ക്ക് സമയം ജീവിതത്തിന്റെ ഭാഗമായിരുന്നപ്പോള്‍, സിദ്ധാർഥിന് ജീവിതം തന്നെ സമയമായിരുന്നു ഒരുനിമിഷത്തെ ആലോചനക്കുശേഷം നൈല ഫോണില്‍ സിദ്ധാര്‍ഥിന്റെ ജ്യേഷ്ഠന്റെ നമ്പര്‍ അമര്‍ത്തി.

‘എന്താ നൈല?’

അവള്‍ നേരിട്ടു കാര്യത്തിലേക്കു കടന്നു.

‘ഞാന്‍ പോകുകയാണ് ചേട്ടാ... യാത്രപറയാന്‍ വിളിച്ചതാണ്.’

മറുതലക്കല്‍ കുറച്ചുനേരം നിശ്ശബ്ദത. പിന്നെ ഒരു ദീര്‍ഘനിശ്വാസം.

‘നിന്റെ തീരുമാനം അതാണെങ്കില്‍ ഞാന്‍ തെറ്റുപറയില്ല. ഇത്രയും കാലം അവനോടൊപ്പം പിടിച്ചുനിന്നത് തന്നെ വലിയ കാര്യമാണ്.’

ആ വാക്കുകളില്‍ അതിശയമുണ്ടായിരുന്നില്ല. അനുഭവക്ഷീണത്തില്‍ വടികുത്തിനില്‍ക്കുന്ന തളര്‍ച്ച മാത്രം.

നൈല മറുപടി പറഞ്ഞില്ല. അവളെ ഈ തീരുമാനത്തിലെത്തിച്ചത് ഒരു സംഭവം മാത്രമല്ല. പക്ഷേ ഒരാഴ്ച മുമ്പ് രാത്രിയില്‍ നടന്നത്... അതവളെ അന്തിമനിശ്ചയത്തിലെത്തിച്ചു.

ആ രാത്രി, ഒരുപക്ഷേ മരിച്ചുപോകുമെന്നുപോലും കരുതിയതാണ്. അത്രക്കായിരുന്നു നെഞ്ചുവേദന. ആരോ ഇറുക്കിപ്പിടിക്കുംപോലെ ശ്വാസംകിട്ടാതെ, കൈകള്‍ തണുത്ത് വിറച്ച്...

‘സിദ്ധാര്‍ഥ്...’

ബെഡ്‌റൂമില്‍ നിലത്ത് കുഴഞ്ഞുവീണ നൈല കൈ നീട്ടി.

‘എനിക്ക് ഹോസ്പിറ്റലില്‍ പോകണം... വേഗം...’

സിദ്ധാര്‍ഥ് ബെഡിനരികിലേക്ക് വന്നു. എന്നാല്‍, നിലത്തുനിന്ന് പിടിച്ചെഴുന്നേൽപിക്കാനല്ല തുനിഞ്ഞത്. പകരം, കുറച്ചുനേരം മുഖത്തേക്ക് നോക്കി, ശ്വാസം മുറിയുന്ന ഇടവേളകള്‍ ശ്രദ്ധിച്ചുനിന്നു.

ടിക്, ടിക്, ടിക്.

അയാളുടെ കണ്ണുകളില്‍ ഭയമുണ്ടായിരുന്നോ എന്ന് ഇന്നും നൈലക്കറിയില്ല. പക്ഷേ, ഒരു കാര്യം ഓർമയുണ്ട്; മരിക്കുമെന്ന് അവള്‍ കരുതിയ ആ നിമിഷത്തിലും സിദ്ധാര്‍ഥിന്റെ കൈകള്‍ വിറച്ചിരുന്നില്ല.

‘ഭയന്ന നിമിഷങ്ങളിലാണ് ആളുകള്‍ ഏറ്റവും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത്.’ സിദ്ധാര്‍ഥ് ഒരിക്കല്‍ ക്ലാസില്‍ പറഞ്ഞത് അവൾക്ക് ഓർമവന്നു.

‘ഫിസിക്‌സില്‍പോലും ഇന്‍സ്റ്റബിലിറ്റി കൂടുമ്പോള്‍ സിസ്റ്റം അണ്‍പ്രെഡിക്ടബിള്‍ ആവും.’

നൂറു സെക്കൻഡ് കഴിഞ്ഞാണ് അവളെ വാരിയെടുത്ത് അയാള്‍ കാറിലേക്കോടിയത്. വഴിയിലെങ്ങും വണ്ടി നിര്‍ത്താതെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍ പിന്നീട് പറഞ്ഞ വാക്കുകള്‍ അവളുടെ മനസ്സില്‍ ആണിയടിച്ചതുപോലെ കിടന്നു.

‘കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ അപകടമായേനേ.’

ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ തിരിച്ചുകിട്ടിയ ജീവന്‍. പക്ഷേ, ഏറ്റവും ഭയപ്പെടുത്തിയത് സിദ്ധാര്‍ഥിന്റെ പ്രതികരണം വൈകിയതിലായിരുന്നില്ല. അപ്പോഴും ഭാവഭേദമില്ലാതെ നില്‍ക്കാന്‍ അയാള്‍ക്കു കഴിഞ്ഞതിലായിരുന്നു. ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ അവള്‍, ബാത്ത് റൂമില്‍ ഒറ്റക്കൊരു സമയത്ത് വിങ്ങിപ്പൊട്ടി.

അതുകേട്ടാവണം, സിദ്ധാര്‍ഥ് വാതിലിന് പുറത്തെത്തി വിളിച്ചു.

‘നൈല...’

അവള്‍ വാതില്‍ തുറന്നില്ല. ആശങ്ക നിറഞ്ഞ ശബ്ദം മാത്രം പുറത്തുകേട്ടു.

‘എനിക്ക് പേടിയാകുന്നു...’

കുറച്ചുനേരത്തെ നിശ്ശബ്ദതക്കൊടുവില്‍ അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു:

‘എന്നെയാണോ?’

ആ ചോദ്യം കേട്ട നിമിഷം നൈലയുടെ കരച്ചില്‍ നിന്നു. കാരണം ആ ശബ്ദത്തില്‍ ആദ്യമായി അവള്‍ മറ്റൊന്നുകൂടി കേട്ടു; കുഞ്ഞിന്റെ ആശയക്കുഴപ്പംപോലെ എന്തോ ഒന്ന്.

ഫോണിന്റെ മറുതലക്കല്‍ സിദ്ധാര്‍ഥിന്റെ ജ്യേഷ്ഠന്‍ വീണ്ടും ശബ്ദമുയര്‍ത്തി.

‘അമ്മയുടെ മരണസമയത്തും അയാള്‍ ഇങ്ങനൊക്കെയായിരുന്നു.’

ആ സംഭവം പലതവണ കേട്ടിട്ടുള്ളതാണ്. ശ്മശാനത്തില്‍ ബന്ധുക്കള്‍ ചുറ്റുംനില്‍ക്കുന്നു. ചിത തയ്യാറായി. മറ്റുള്ളവര്‍ ചിതക്കു തീ കൊളുത്തി. പക്ഷേ സിദ്ധാര്‍ഥ് മാത്രം നിശ്ചലനായി നിന്നു.

‘സമയം കഴിയുന്നു. വേഗം...’

ജ്യേഷ്ഠന്‍ ധൃതിപ്പെട്ടെങ്കിലും സിദ്ധാര്‍ഥ് കണ്ണുകളടച്ച് നിശ്ചലനായി നിന്നതേയുള്ളൂ.

ചുറ്റുമുണ്ടായിരുന്നവരില്‍നിന്ന് ആദ്യം രഹസ്യമായും പിന്നെ പരസ്യമായും പിറുപിറുപ്പുകളുയര്‍ന്നു.

‘ഇവനൊക്കെ എന്ത് മനുഷ്യനാണ്?’

‘പെറ്റ തള്ളയല്ലേ...’

ജ്യേഷ്ഠന്‍ ഇത്തവണ ദേഷ്യത്തോടെയാണ് അരികിലേക്കെത്തിയത്. സിദ്ധാര്‍ഥിന്റെ കാതുകളിലേക്കു കുനിഞ്ഞ് ശകാരിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല.

കൃത്യം ഏഴ് മിനിറ്റിനു ശേഷമാണ് അയാള്‍ കണ്ണുതുറന്നത്. പിന്നെ നിർവികാരമായി ചിതക്ക് തീ കൊളുത്തി.

അന്ന് രാത്രി ജ്യേഷ്ഠന്‍ ചോദിച്ചിരുന്നു.

‘എന്തിനാടാ നീ അങ്ങനൊക്കെ കാട്ടിയത്? നാട്ടുകാരെക്കൊണ്ടു പറയിക്കാന്‍.’

സിദ്ധാര്‍ഥ് ആദ്യം മറുപടി പറയാന്‍ മടിച്ചു; പിന്നെ പറഞ്ഞു.

‘മനസ്സ് വല്ലാതെ കലങ്ങിയിരിക്കുകയല്ലേ ചേട്ടാ... അങ്ങനെയുള്ളപ്പോള്‍ ഞാന്‍ പെട്ടെന്ന് ഒന്നും ചെയ്യാറില്ല.’

നൈലക്ക് അന്ന് ആദ്യമായി പുതിയൊരു സംശയം തോന്നിയിരുന്നു. സിദ്ധാര്‍ഥ് ക്രൂരനാണോ? അതോ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ദുഃഖം കൈകാര്യം ചെയ്യുന്നയാളാണോ?

അന്ന് ജ്യേഷ്ഠനത് നാട്ടുകാരുടെ മുന്നിലെ വെറുമൊരു നാണക്കേടായിരുന്നു. പക്ഷേ, കൈയിലുള്ള ഫോണിലേക്ക് വിരലുകള്‍ കൂടുതല്‍ മുറുകുമ്പോള്‍ നൈലയുടെ ഉള്ളിലേക്ക് അരിച്ചുകയറിയത് വിറയാര്‍ന്നൊരു ഭയമായിരുന്നു. അമ്മയുടെ ചിതക്കു മുന്നിലെ ഏഴു മിനിറ്റും കഴിഞ്ഞയാഴ്ച തനിക്ക് ശ്വാസംമുട്ടിയപ്പോഴുള്ള നൂറു സെക്കൻഡും ഒന്നുതന്നെയാണെന്ന് അവള്‍ ഞെട്ടലോടെ മനസ്സിലാക്കി.

‘അയാള്‍ക്ക് മനുഷ്യരുടെ വികാരങ്ങള്‍ അറിയില്ല നൈല. നീ നിന്റെ ജീവിതം നോക്കിക്കോളൂ... പിള്ളാരൊന്നും ഇല്ലല്ലോ. അതുതന്നെ വലിയ കാര്യം.’

ജ്യേഷ്ഠന്‍ ഫോണ്‍ വച്ചു.

ചായ തിളച്ചൊഴുകിയതോടെ നൈല സ്റ്റൗ ഓഫ് ചെയ്തു. രണ്ടു ഗ്ലാസുകളിലായി പകര്‍ന്ന ചായകളിലൊന്ന് ലിവിങ് റൂമിലെ ടീപോയില്‍ വച്ചു.

സിദ്ധാര്‍ഥ് തല ഉയര്‍ത്തിയില്ല. ആ ജീവിതവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉലച്ചുകളഞ്ഞത് ഈ നിശ്ശബ്ദതയാണ്. ദേഷ്യപ്പെടുന്ന ആളുകളെ മനസ്സിലാക്കാം. സങ്കടപ്പെടുന്ന ആളുകളെയും. പക്ഷേ, എല്ലാം ഉള്ളിലടച്ച്, ജീവിതത്തെ മുഴുവന്‍ സമയമായും ഇടവേളകളായും മാത്രം കാണുന്ന ഒരാളോടൊപ്പം ജീവിക്കുക അസാധ്യമാണ്. അത് അവള്‍ നന്നായി മനസ്സിലാക്കിയത് അമ്മയുടെ സ്വത്ത് ഭാഗം വച്ച ദിവസമാണ്. സിദ്ധാര്‍ഥിനെക്കുറിച്ച് ജ്യേഷ്ഠനുണ്ടായിരുന്ന അനിഷ്ടം വെറുപ്പായി വളര്‍ന്നതും അന്നുമുതലാണ്.

ജ്യേഷ്ഠന്‍ കുടുംബ വക്കീലിനൊപ്പമാണ് അന്ന് ഫ്ലാറ്റിലേക്കു വന്നത്. ലിവിങ് റൂമിലെ ടേബിളിനുമുകളില്‍ ആധാരങ്ങളുടെ പകര്‍പ്പുകള്‍ നിവര്‍ത്തിവച്ച് വക്കീല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്തോറും ജ്യേഷ്ഠന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

‘വക്കീല്‍ ചോദിക്കുന്നതിനെങ്കിലും നീ മറുപടി പറ.’

അയാള്‍ ടേബിളില്‍ കൈപ്പത്തികൊണ്ട് ആഞ്ഞടിച്ച് അരിശം തീര്‍ത്തു.

സിദ്ധാര്‍ഥ് ആദ്യത്തെ പത്തുമിനിറ്റില്‍ സംസാരിച്ചിരുന്നു. വളരെ വ്യക്തമായും ശാന്തമായും. പിന്നെ മിണ്ടാതെയായി.

വക്കീല്‍ കണ്ണടക്കു മുകളിലൂടെ സിദ്ധാര്‍ഥിനെ നോക്കി

‘മിസ്റ്റര്‍ സിദ്ധാര്‍ഥ്. എനിക്ക് കോടതിയിലെത്താനുള്ള സമയമായി. നിങ്ങളെപ്പോലെ നിസ്സഹകരിക്കാന്‍ എനിക്കവിടെ പറ്റില്ല.’

അയാള്‍ അപമാനിതനെപ്പോലെ ഇറങ്ങിപ്പോയി. പിന്നാലെ ജ്യേഷ്ഠനും.

അതുവരെ മിണ്ടാതിരുന്ന നൈല തെല്ലു ദേഷ്യത്തോടെ ചോദിച്ചു.

‘നിങ്ങള്‍ക്ക് ആരോടെങ്കിലും സ്‌നേഹമുണ്ടോ?’

ദീര്‍ഘനിശ്വാസത്തോടെ മറുപടി വന്നു.

‘പത്തുമിനിറ്റുകൊണ്ട് ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞിരുന്നു നൈല. അതിനുശേഷം സംസാരിച്ചാല്‍ വികാരങ്ങള്‍ കൂടും. ആളുകള്‍ പരസ്പരം വേദനിപ്പിക്കും. വാക്കുകള്‍ തണുക്കാന്‍ മസ്തിഷ്‍കത്തിനു കുറച്ചു സമയം വേണം.’

‘എന്നിട്ട്? എല്ലാവരും പോയത് വേദനിക്കാതെയാണല്ലോ.’

അവള്‍ പരിഹസിച്ചു.

മനുഷ്യര്‍ വികാരഭരിതരാകുമ്പോള്‍ ഊർജവ്യതിയാനംകൊണ്ട് തലച്ചോറിലെ വിവരങ്ങളുടെ ക്രമം തെറ്റുമെന്ന ഏതോ ഫിസിക്‌സ് സിദ്ധാന്തത്തിലായിരുന്നു അപ്പോഴും അയാളുടെ മനസ്സ്. സ്വന്തം വീടും ബന്ധങ്ങളും തകരുമ്പോഴും അതിനെയെല്ലാം ലാബിലെ ഒരു പരീക്ഷണംപോലെ സമയത്തിന്റെ അളവുകോല്‍ വച്ച് ക്രമീകരിക്കാന്‍ നോക്കുന്ന ഒരാള്‍. അയാളുടെ ശരികളും ശാസ്ത്രങ്ങളും എന്തുകൊണ്ടോ നൈലക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും അപ്പുറമായിരുന്നു.

പാതിരാത്രികളില്‍ ഉണരുമ്പോഴെല്ലാം ജനലിനരികില്‍ സിദ്ധാര്‍ഥിനെ കാണാം. ഒരിക്കല്‍ മാത്രം അവള്‍ ചോദിച്ചു:

‘നിങ്ങള്‍ക്ക് ഉറങ്ങണ്ടേ?’

സിദ്ധാര്‍ഥ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

‘രാത്രിക്ക് ഓരോ സമയത്തും ഓരോ ശബ്ദമാണ് നൈല.’

അവള്‍ക്ക് ദേഷ്യം വന്നു.

‘നിങ്ങള്‍ക്കൊരു സാധാരണ മനുഷ്യനായി ജീവിക്കുന്നതിന് എന്താ തടസ്സം?’

സിദ്ധാര്‍ഥ് അപ്പോള്‍ അവളെ നോക്കിയില്ല. പക്ഷേ അൽപസമയം കഴിഞ്ഞ് മെല്ലെ ചോദിച്ചു.

‘ഒരാളെ സാധാരണ മനുഷ്യനെന്ന് ആരാണ് തീരുമാനിക്കുന്നത്?’

അന്ന് രാത്രി നൈല പിന്നീട് അയാളുടെ അരികില്‍ തുടര്‍ന്നില്ല. പകരം സോഫയിലേക്കു മാറിക്കിടന്നു. പക്ഷേ, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും ഉള്ളില്‍ വിചിത്രമായൊരു കുറ്റബോധം കനപ്പെട്ടിരുന്നു. സിദ്ധാര്‍ഥിനെ വിട്ട് മാറിനില്‍ക്കുമ്പോള്‍ അയാള്‍ പൂര്‍ണമായി ഒറ്റപ്പെടുന്നുവെന്ന തോന്നല്‍. അതാണ് അവളെ ഇത്രയും കാലം അവിടെ പിടിച്ചുനിര്‍ത്തിയത്.

മുപ്പത്തിരണ്ടു ദിവസമായിരിക്കുന്നു സിദ്ധാര്‍ഥ് കോളജില്‍ പോയിട്ട്. കോളജ് ലാബിലുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും അയാളുടെ സസ്‌പെന്‍ഷനിലേക്കാണ് വഴിവെച്ചത്. മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങള്‍ക്കു തുടക്കം. നിയന്ത്രണം നഷ്ടപ്പെട്ട കുട്ടികള്‍ ലാബിന്റെ ഒരേയൊരു വാതിലിലേക്ക് ഓടിപ്പാഞ്ഞു. പിന്നില്‍നിന്ന് ആരോ തള്ളിയപ്പോള്‍ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ മേശയിലേക്ക് ഇടിച്ചുവീണു.

ലാബിന്റെ ചാര്‍ജ് സിദ്ധാര്‍ഥിനായിരുന്നു. അയാള്‍ വാതിലിനു കുറുകെ കയറിനിന്നു. പ്രാണരക്ഷാർഥം കുട്ടികളില്‍ ചിലര്‍ അയാളെ തള്ളിമാറ്റി പുറത്തേക്കു ചാടാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ഒരിഞ്ചു മാറിയില്ല. അഞ്ച് സെക്കൻഡ് ഇടവിട്ട് മാത്രമേ ഓരോരുത്തരെയും പുറത്തേക്കു വിട്ടുള്ളൂ.

മറ്റ് അധ്യാപകര്‍ ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച വിചിത്രമായിരുന്നു. പുക നിറഞ്ഞ ലാബ്. നിലവിളിക്കുന്ന വിദ്യാർഥികള്‍. വാതിലിനരികില്‍ വാച്ച് നോക്കിനില്‍ക്കുന്ന അസോസിയേറ്റ് പ്രഫസര്‍.

എല്ലാമൊന്നടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ അയാളെ മുറിയിലേക്കു വിളിച്ചു.

‘കുട്ടികള്‍ പേടിച്ചോടുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ സമയം നോക്കി നില്‍ക്കാന്‍ കഴിഞ്ഞു മിസ്റ്റര്‍?’

സിദ്ധാര്‍ഥ് പതര്‍ച്ചയില്ലാതെ മറുപടി നല്‍കി.

‘എല്ലാവരും ഒരുമിച്ച് ഓടിയിരുന്നെങ്കില്‍ കുട്ടികള്‍ വീണേനെ.’

മനസ്സിലാകാതെ പ്രിന്‍സിപ്പല്‍ അയാളെ തുറിച്ചുനോക്കി.

‘സര്‍... ലാബില്‍ സംഭവിച്ചത് ഫ്ലൂയിഡ് ഡൈനാമിക്‌സിലെയും ക്രൗഡ് മാനേജ്‌മെന്റിലെയും ബോട്ടില്‍ നെക്ക് എന്ന പ്രതിഭാസമാണ്. ഇടുങ്ങിയ ദ്വാരത്തിലൂടെ ഒരേസമയം വലിയൊരു പ്രവാഹം കടന്നുപോകാന്‍ ശ്രമിച്ചാല്‍ അവിടെ സമ്മര്‍ദം കൂടി വലിയ ദുരന്തമുണ്ടാവും.’

ആ ശബ്ദത്തില്‍ ന്യായീകരണമായിരുന്നില്ല; ഒരു ഫോര്‍മുല പറഞ്ഞുതീര്‍ക്കുന്നതിന്റെ സ്വാഭാവികത മാത്രമായിരുന്നു. പക്ഷേ, മാനേജ്‌മെന്റ് അത് ഗൗരവത്തിലാണെടുത്തത്. പോരെങ്കില്‍ ലാബിലുണ്ടായ തീപിടിത്തത്തിലും നഷ്ടത്തിലും കുറ്റകരമായ അനാസ്ഥയും ചാര്‍ത്തപ്പെട്ടു.

അന്ന് രാത്രി നൈലയോട് ഇക്കാര്യം അയാള്‍ വള്ളിപുള്ളി വിടാതെ വിശദീകരിച്ചു.

‘ഭയന്നോടുന്ന കൂട്ടം എപ്പോഴും അപകടമാണ് നൈല.’

‘അതിനെന്താ... അസോസിയേറ്റ് പ്രൊഫസര്‍ക്കിനി വീട്ടിലിരിക്കാമല്ലോ.’

അങ്ങേയറ്റത്തെ നിരാശയോടെയാണ് അവളതിനോടു പ്രതികരിച്ചത്.

സസ്‌പെന്‍ഷനുശേഷം സിദ്ധാര്‍ഥ് കൂടുതല്‍ ഉള്‍വലിയുകയായിരുന്നു. ഫ്ലാറ്റില്‍നിന്ന് പുറംലോകത്തേക്കിറങ്ങുന്ന പതിവും കുറഞ്ഞു. പകരം മുറിക്കകത്ത് നിഴലുകള്‍ നോക്കി ഇരിക്കുന്ന സമയം കൂടി. അത് മറ്റുള്ളവര്‍ക്കിടയില്‍ പലവിധ ചര്‍ച്ചകള്‍ ഉയരാന്‍ ധാരാളമായിരുന്നു.

മെഴുകുതിരികളുടെ രാത്രികള്‍ അതിനുശേഷമാണുണ്ടായത്. ചില പാതിരാത്രികളില്‍ സിദ്ധാര്‍ഥ് എല്ലാ ജനലുകളും തുറന്നിട്ട്, ജനല്‍സ്ലാബില്‍ മൂന്ന് മെഴുകുതിരികള്‍ ഒരേ അകലത്തില്‍ കത്തിച്ചുവെക്കും. അകത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത്, ജ്വാലകളെ മാത്രം നോക്കിക്കൊണ്ടിരിക്കും. ഈ കാഴ്ച കണ്ട് ഭയന്ന അയല്‍ക്കാരനിലൂടെയാണ് അടുത്ത ദിവസം വാര്‍ത്ത പരന്നത്; നാലാം നമ്പര്‍ ഫ്ലാറ്റില്‍ എന്തൊക്കെയോ നടക്കുന്നുവെന്ന്.

പരാതിയെത്തുടര്‍ന്ന് പരിശോധിക്കാന്‍ ഫ്ലാറ്റുടമയും പിന്നാലെ പോലീസുമെത്തി.

‘വായുവില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുകയായിരുന്നു സാര്‍.’

സിദ്ധാര്‍ഥ് പറഞ്ഞു.

ഒരു പോലീസുകാരന്‍ അസ്വസ്ഥനായി ചോദിച്ചു,

‘മാര്‍ക്കറ്റില്‍ ഇതിനൊക്കെ ഡിജിറ്റല്‍ മീറ്റര്‍ കിട്ടില്ലേ...’

‘മെഴുകുതിരികള്‍ കത്തിച്ചുവച്ചാല്‍ വെളിച്ചത്തിന്റെ നിറവും കത്തുന്ന വേഗതയും നോക്കി അതു മനസ്സിലാക്കാം സാര്‍. ഒാക്‌സിജന്‍ പത്തൊമ്പതു ശതമാനത്തിനു താഴെയാണെങ്കില്‍ ശ്വസനപ്രക്രിയയെ ബാധിക്കും.’

പോലീസുകാരന്‍ പരിഹാസത്തോടെ തിരിഞ്ഞുനടക്കുന്നതിനിടയില്‍ പറഞ്ഞു.

‘കുട്ടികളെ പഠിപ്പിക്കുന്ന ആളല്ലേ ...ആദ്യം മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ പഠിക്ക് സാറേ.’

ആ വാക്കുകള്‍ കേട്ടപ്പോള്‍ നൈലക്ക് ഉള്ളിലെന്തോ ഇടിഞ്ഞുവീണതുപോലെ തോന്നി. സിദ്ധാര്‍ഥ് തെറ്റാണോ ശരിയാണോ എന്നതല്ല പ്രശ്‌നം. അയാള്‍ക്കൊപ്പം ഒരു സാധാരണ ജീവിതത്തിന് തനിക്കാവുന്നില്ല എന്നതാണ്.

ഒരു പക്ഷേ,അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂ ദിനത്തിലാണ്. കരിയറില്‍ത്തന്നെ വഴിത്തിരിവാകേണ്ട ജോലി. വാനോളമുള്ള പ്രതീക്ഷയാണ് അന്ന് മണ്ണില്‍ കുത്തി വീണത്.

രാവിലെ പ്രധാന റോഡില്‍ അസാധാരണമാം വിധം ട്രാഫിക് ബ്ലോക്കായിരുന്നു. ഇന്റര്‍വ്യൂവിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഒമ്പതരക്കാണ്. പത്തു മിനിറ്റേ ബാക്കിയുള്ളൂ. സമയം നീങ്ങുന്തോറും പരിഭ്രാന്തിയും നെഞ്ചിടിപ്പും കൂടിവന്നു. വൈകി, വാഹനങ്ങള്‍ മുന്നോട്ടു ചലിക്കുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സിദ്ധാര്‍ഥ് റോഡരികിലെ വലിയ മരത്തിന്റെ ചുവട്ടിലേക്ക് ബൈക്ക് ഒതുക്കിനിര്‍ത്തിയത്.

‘സിദ്ധാര്‍ഥ്... ഇപ്പോള്‍ത്തന്നെ വൈകി... ഇന്റര്‍വ്യൂ മിസ്സായാല്‍ എന്റെ കരിയര്‍തന്നെ തീരും. പ്ലീസ്...’

നൈലയുടെ ശബ്ദം കരച്ചിലോളമെത്തി.

എന്നാല്‍, സിദ്ധാര്‍ഥ് അതല്ല അപ്പോള്‍ ശ്രദ്ധിച്ചത്. തന്റെ കൈത്തണ്ടയിലെ നാഡിമിടിപ്പില്‍ അമര്‍ത്തിപ്പിടിച്ച് ആകാശത്തില്‍ സൂര്യന്റെ സ്ഥാനമെവിടെയെന്നും മരത്തിന്റെ നിഴല്‍ ചായുന്നതെങ്ങോട്ടെന്നും മാറി മാറി നോക്കുകയായിരുന്നു; റോഡിലെ വാഹനപ്രവാഹത്തിന്റെ വേഗതയും സമയവും തമ്മിലുള്ള എന്തോ സമവാക്യം കണക്കുകൂട്ടും പോലെ. ആ തടസ്സങ്ങളെല്ലാം നീങ്ങി വാഹനങ്ങള്‍ പാഞ്ഞുപോകുന്നത് നോക്കിനില്‍ക്കാനേ നൈലക്കപ്പോള്‍ കഴിഞ്ഞുള്ളൂ.

 

പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞാണ് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കിയത്. അപ്പോഴേക്കും ഇന്റര്‍വ്യൂവിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

‘എന്റെ ജീവിതം ഇല്ലാതാക്കിയപ്പോള്‍ എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് കിട്ടിയത്?’

അവള്‍ക്ക് സങ്കടം സഹിക്കാനായില്ല.

‘ചില സമയങ്ങളില്‍ ആളുകള്‍ക്ക് ശരിയായി ചിന്തിക്കാന്‍ പറ്റില്ല നൈല. ചൂടും തിരക്കും കൂടുമ്പോള്‍ മനുഷ്യര്‍ അപകടങ്ങളില്‍ ചെന്നു ചാടും.’

ആ ശാന്തതക്കു മുന്നില്‍ നൈലയുടെ നിയന്ത്രണങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ഉള്ളില്‍ ഒരു കടല്‍ ഇരമ്പി മറിഞ്ഞു.

‘അപകടം... അപകടം... അപകടം’

അവള്‍ പൊട്ടിക്കരഞ്ഞു.

‘ജീവിതം മുഴുവന്‍ നിങ്ങള്‍ എന്തില്‍നിന്നാണ് രക്ഷപ്പെടാന്‍ നോക്കുന്നത്?’

ആദ്യമായി സിദ്ധാര്‍ഥിന്റെ മുഖം വിളറിവെളുക്കുന്നതും ആത്മവിശ്വാസത്തിന്റെ കവചം അഴിയുന്നതും അവള്‍ കണ്ടു.

അയാള്‍ നിശ്ശബ്ദനായി അവളെത്തന്നെ നോക്കി. വളരെ നേരം. പിന്നെ ദുർബലമായ ശബ്ദത്തില്‍ ചോദിച്ചു:

‘നിനക്കും തോന്നുന്നുണ്ടോ ...എനിക്കെന്തോ കുഴപ്പമുണ്ടെന്ന്?’

ആ ചോദ്യം അവളെയും ഒന്നുലച്ചു. കാരണം അവളുടെ മുന്നില്‍ അപ്പോഴുണ്ടായിരുന്നത് ലോകവുമായി ഒത്തുചേരാന്‍ കഴിയാതെ പോയ ഒരാളാണ്.

ചായഗ്ലാസ് ശൂന്യമായതോടെ നൈല ഓർമകളൊതുക്കി എഴുന്നേറ്റു. ലിവിങ് റൂമിലെത്തി സിദ്ധാര്‍ഥിന്റെ ഒഴിഞ്ഞ ഗ്ലാസുകൂടി കഴുകി വൃത്തിയാക്കി ഡൈനിങ് ടേബിളിലെ പതിവു സ്ഥലത്തു വച്ചു. പിന്നെ ഒട്ടും വൈകിയില്ല; ട്രോളി ബാഗിന്റെ സിബ് വലിച്ചടച്ച് വാതില്‍ക്കലേക്ക് നീങ്ങി.

ശബ്ദം കേട്ട് സിദ്ധാര്‍ഥ് തലയുയര്‍ത്തി.

‘നൈല...’

പിന്നില്‍നിന്നുള്ള വിളി കേട്ട് അവള്‍ തിരിഞ്ഞുനോക്കി.

അയാളപ്പോള്‍ ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു. ചുമരില്‍ വീണ നിഴലിന്റെ അഗ്രഭാഗം നിരീക്ഷിച്ചശേഷം പതുക്കെ പറഞ്ഞു:

‘കവല വരെ നടക്കേണ്ടതല്ലേ...ഇപ്പോള്‍ പോകണ്ട. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ ചൂടിന്റെ പ്രസരണശേഷി കുറയും. അപ്പോള്‍ പൊയ്‌ക്കോളൂ.’

നൈല കുറച്ചുനേരം അയാളെ നോക്കിനിന്നു. ആ നിമിഷം അവള്‍ക്കു തോന്നിയത് ദേഷ്യമല്ല. സങ്കടവുമല്ല. വളരെ ആഴത്തിലുള്ള തളര്‍ച്ച മാത്രം.

സിദ്ധാര്‍ഥ് ഒരുപക്ഷേ ലോകത്തെ ഏറ്റവും സത്യസന്ധമായിട്ടായിരിക്കാം കാണുന്നത്. പ്രകൃതിയുടെ കൃത്യമായ സമവാക്യങ്ങളിലൂടെ. പക്ഷേ, മനുഷ്യര്‍ ജീവിക്കുന്നത് അങ്ങനെയല്ലല്ലോ.

മനുഷ്യര്‍ തെറ്റായ സമയങ്ങളില്‍ കരയും.

കാരണമില്ലാതെ പരിഭ്രാന്തരാകും.

വഴി അറിയാതെ ഭയന്നോടും.

ശാസ്ത്രം നോക്കാതെ മറ്റൊരാളെ നെഞ്ചോടു ചേര്‍ത്തുപിടിക്കും.

അവള്‍ പതുക്കെ വാതില്‍ തുറന്നു പുറത്തിറങ്ങി. ഫ്ലാറ്റിന്റെ ശൂന്യതയില്‍ അപ്പോള്‍ വീണ്ടും കേട്ടത് പഴയ ശബ്ദം

മാത്രമായിരുന്നു.

ടിക്, ടിക്, ടിക്...

News Summary - malayalam story