തള്ളമറുത

ഒരിഴജന്തുവിനെപ്പോലെ നൂണ്ടുവരുന്ന ആ വൃദ്ധമാതാവിന് അഥീന പേരിട്ടിട്ടില്ല. അവരുടെ പുള്ളിയുടുപ്പിൽ ഇനിയും ചെതുമ്പലുകളുടെ സിൽവർപ്പുള്ളികൾ ചേർക്കാനുണ്ട്. അടിവയറ്റിൽ കടഞ്ഞ വെണ്ണയുടെ നിറം മതി. ഇടതിങ്ങിയ കാടിന്റെ ഒത്തനടുക്ക് തലയുയർത്തിനിൽക്കുന്ന വൃദ്ധമാതാവിന്റെ തലയിൽ മുടിപ്പിന്നുകൾകൊണ്ട് അലങ്കരിച്ചുനിർത്തിയ ഒരു പൂക്കുടയുണ്ട്, അതിൽ കാട്ടുചെക്കിയും എരുക്കിൻ പൂക്കളുമുണ്ട്. മഞ്ഞക്കോളാമ്പികളാൽ ചുറ്റപ്പെട്ട ഒരു പുഷ്പചക്രം അതിനെ വലം വച്ചിരിക്കുന്നു. നെറ്റിയിൽ അനേകം വരകൾ; അവർ ജീവിച്ചുതീർന്ന ജീവചക്രത്തിന്റെ ആരക്കാലുകൾ പോലെ. അൽപം കുഴിയിലാണെങ്കിലും കണ്ണുകൾക്ക് നല്ല തിളക്കമുണ്ട്. അതിൽ...
Your Subscription Supports Independent Journalism
View Plansഒരിഴജന്തുവിനെപ്പോലെ നൂണ്ടുവരുന്ന ആ വൃദ്ധമാതാവിന് അഥീന പേരിട്ടിട്ടില്ല. അവരുടെ പുള്ളിയുടുപ്പിൽ ഇനിയും ചെതുമ്പലുകളുടെ സിൽവർപ്പുള്ളികൾ ചേർക്കാനുണ്ട്. അടിവയറ്റിൽ കടഞ്ഞ വെണ്ണയുടെ നിറം മതി. ഇടതിങ്ങിയ കാടിന്റെ ഒത്തനടുക്ക് തലയുയർത്തിനിൽക്കുന്ന വൃദ്ധമാതാവിന്റെ തലയിൽ മുടിപ്പിന്നുകൾകൊണ്ട് അലങ്കരിച്ചുനിർത്തിയ ഒരു പൂക്കുടയുണ്ട്, അതിൽ കാട്ടുചെക്കിയും എരുക്കിൻ പൂക്കളുമുണ്ട്. മഞ്ഞക്കോളാമ്പികളാൽ ചുറ്റപ്പെട്ട ഒരു പുഷ്പചക്രം അതിനെ വലം വച്ചിരിക്കുന്നു. നെറ്റിയിൽ അനേകം വരകൾ; അവർ ജീവിച്ചുതീർന്ന ജീവചക്രത്തിന്റെ ആരക്കാലുകൾ പോലെ. അൽപം കുഴിയിലാണെങ്കിലും കണ്ണുകൾക്ക് നല്ല തിളക്കമുണ്ട്. അതിൽ പേർഷ്യൻ ബ്ലൂവിന്റെ ചെറിയ ലാഞ്ഛന തേവിക്കൊടുത്തിട്ടുണ്ട്. കൃഷ്ണമണി വരച്ചിരുന്നില്ല.
ബ്രഷിന്റെ തുമ്പിൽനിന്ന് അക്രിലിക്കിന്റെ സാന്ദ്രതകുറഞ്ഞ സുതാര്യജലപാളിയും കാൻവാസിലേക്ക് പടർന്നുതീർന്നപ്പോൾ അഥീന ഒരടി പിന്നോട്ടാഞ്ഞ് തലചരിച്ചും ഉയർത്തിയും ആ വൃദ്ധമാതാവിന്റെ ചേലളന്നു. സബാഷ് എന്ന് സ്വയം അഭിനന്ദിച്ചു. സ്വയം അഭിനന്ദിക്കാൻ പിശുക്ക് കാണിക്കരുത്. അതാണ് അഥീനയുടെ മതം. അല്ലെടാ അഴുക്കച്ചെറുക്കാ എന്ന് തൊട്ടടുത്തെ ചിത്രത്തിൽ ഇച്ചീച്ചി കാണിച്ച് കുന്തിച്ചിരുന്ന് മണലിൽ ചിത്രംവരക്കുന്ന പയ്യനോട് ചോദിച്ചു.
അവനതൊന്നും കേട്ട മട്ടില്ല. അല്ലേടി താന്തോന്നിപ്പെണ്ണേ എന്ന് സ്വന്തം മുലയുണ്ണുന്ന തലതിരിഞ്ഞിട്ടിരുന്ന പെയിന്റിങ്ങിനോട് ചോദിച്ചു. ചരിഞ്ഞ തലയുയർത്തി മുലഞെട്ടിൽനിന്ന് നൊടിനേരത്തേക്ക് നാവുയർത്തി യെസ് യെസ് എന്ന് പറഞ്ഞു. ആഹാ നിനക്ക് വർത്താനം പറയാനും അറിയാം അല്ലേ എന്ന് അഥീന അവളുടെ ചെമ്പൻ ചെവി തടവി. അവൾ പിന്നെയും മുലയുണ്ണുന്നതിന്റെ രസത്തിൽ വീണു. തൊട്ടടുത്ത് പിച്ചകപ്പൂ കയ്യിലേന്തിയ കന്യാസ്ത്രീ ധ്യാനനിമഗ്നയായിത്തന്നെ കാണപ്പെട്ടു. ഓഹ് ന്റെ കന്യാമറിയമേ നിന്റെ കള്ളധ്യാനമൊക്കെ എനിക്കറിയാമേ എന്ന് അഥീന ഒരു ക്ലാസിക് മൈൽഡിന് തീ കൊടുത്തു.
അതിന്റെ പുക ആദ്യം കന്യാസ്ത്രീയിലും പിന്നെ ചെമ്പൻ ചെവിക്കാരിയിലുംതൊട്ട് കുന്തിച്ചിരിക്കുന്ന ചെക്കന്റെ കാലിനിടയിലൂടെ, ഗോതമ്പുപാടങ്ങൾക്കരികിലെ ഓടിട്ടവീടുകളുടെ മോന്തായത്തൂടെ, പുറംതിരിഞ്ഞിരിക്കുന്ന തമിഴ്സ്ത്രീയുടെ കനകാംബരപ്പൂക്കളെച്ചുറ്റി ജനൽവഴി പുറത്തേക്ക് പരന്നു.
ആരുമില്ലെന്ന തോന്നലിനെ മറികടക്കാൻ ഇതിലും നല്ലൊരു കമ്പനി വേറെയുണ്ടോ എന്ന് അഥീന ഉള്ളാലെ രസിച്ചു.
പറയൂ മുത്തിയമ്മേ ഇനി നിന്റെ കഥ!
വർത്തുളാകൃതിയിൽ പുകവിട്ടുകൊണ്ട് അഥീന വരഞ്ഞുതീരാത്ത വൃദ്ധമാതാവിന്റെ അരികെ ചമ്രം പടിഞ്ഞിരുന്നു.
എന്തുപറയാൻ?
നിങ്ങടെ കഥ. ഈരേഴുലോകവും കണ്ട മുത്തിയമ്മപ്പെണ്ണിന്റെ കഥ.
വരച്ചുപൂർത്തിയാവാത്ത കണ്ണുകൾകൊണ്ട് വൃദ്ധമാതാവ് ചിത്രകാരിയെ നോക്കി. വെള്ളെഴുത്തുള്ള ഒരാളെപ്പോലെ. അവരുടെ ആലോചനക്ക് ആക്കംകൂട്ടാൻ അഥീന തുടർന്നു.
കലാചരിത്രത്തിന്റെ യമണ്ടൻ പാതയോരത്തൊന്നും നിങ്ങളെ ഞാൻ കണ്ടിട്ടില്ല. ആർത്തീമീഷ്യാ ജൻതിലേഷ്കി തന്റെ ആൺശത്രുക്കളുടെ കഴുത്തറുത്ത് ചോരയൊഴുക്കിയപ്പോൾ ലോകം അതെത്ര ഭയത്തോടെയാണ് കണ്ടത്? പക്ഷേ, ചതുപ്പിൽനിന്ന് ഒരിഴജന്തുവിനെപ്പോലെ ഇഴഞ്ഞുവരുന്ന നിങ്ങൾക്ക് നിങ്ങളെ അദൃശ്യമാക്കിയ ചരിത്രത്തോട് ഒന്നും പറയാനില്ല?
കാൻവാസിന്റെ നനവിൽനിന്ന് മുത്തിയമ്മയുടെ വെള്ളെഴുത്തുകണ്ണുകൾ പുകയ്ക്കപ്പുറമുള്ള അഥീനയെ നോക്കി. ആ നോട്ടത്തിന് ഒരാദിമശിലാചിത്രത്തിന്റെ കനമുണ്ടായിരുന്നു.
ഞാനെവിടെയും ഒളിച്ചില്ലല്ലോ ചിത്രകാരീ.
ഇവിടെത്തന്നെയുണ്ടായിരുന്നു, ഈ പുൽമേട്ടിൽ, ഈ മൺപാതയോരത്ത്, ഈ കരിയിലക്കാട്ടിൽ. നിങ്ങളെന്നെ തെളിയിച്ചെടുത്തില്ലയെന്നല്ലേ ഉള്ളൂ. അറുത്തുമാറ്റിയ തലകളിൽ നോക്കി തങ്ങളുടെ വിപ്ലവം അളക്കുന്നവരാണ് ചരിത്രമെഴുതിയത്. അവർക്ക് യുദ്ധമില്ലാത്ത വിമോചനം മനസ്സിലാകില്ല. ആർത്തീമീഷ്യയുടേതുപോലെ വെട്ടൊന്ന് രണ്ടുമുറിയല്ലായിരുന്നല്ലോ എന്റേത്. ചോര ചിന്തുന്നതിലല്ല, ചോരപ്പൂക്കളെ സ്വന്തം തലയിലെ പൂക്കൂടയാക്കി മാറ്റുന്നതല്ലേ എന്റെ സമരം?
അഥീന സിഗരറ്റിന്റെ ചാരം ആമത്തോടിന്റെ ആകൃതിയിലുള്ള ആഷ്ട്രേയിലേക്ക് തട്ടിക്കൊണ്ട് തലയുയർത്തി.
അപ്പോൾ ഈ ഏകാന്തതയോ? അതിനെന്താണ് നിങ്ങടെ കയ്യിലെ പ്രതിവിധി?
നോക്കൂ, നിന്റെ ഈ കാൻവാസിന് തൊട്ടപ്പുറത്ത് ആ ചെമ്പൻ ചെവിക്കാരി സ്വന്തം മുലയുണ്ണുന്നു. അവൾക്ക് പുറത്തുനിന്ന് ഒന്നും സ്വീകരിക്കേണ്ടതില്ല. അവൾ അവളിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്നു. ആ സാലഭഞ്ജികമാർ വൃക്ഷക്കൊമ്പുകളിൽ തൂങ്ങിക്കിടന്നത് ആരുടെയെങ്കിലും കാമക്കണ്ണുകളെ തൃപ്തിപ്പെടുത്താനല്ല, തങ്ങളുടെ നട്ടെല്ലിന്റെ വളവിലൂടെ പ്രപഞ്ചത്തിന്റെ താളത്തെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കാനാണ്. സ്വയം പ്രണയിക്കുക എന്നതിനേക്കാൾ വലിയൊരു വിപ്ലവം ഏത് ആർട്ട് ഹിസ്റ്ററിയിലാണുള്ളത്?
ആഹാ ആഹാ. ഇത് കലക്കൻ. എന്റെ മുത്തിയമ്മേ. ഇപ്പഴാ നിങ്ങളെന്റെ മുത്തുമണിയായത്.
വ്യവസ്ഥിതികളോട് കലഹിക്കുക എന്നത് വ്യവസ്ഥിതിക്ക് നൽകുന്ന ഒരുതരം അംഗീകാരമാണ്. അതിനേക്കാൾ എത്രയോ മുകളിലാണ് വ്യവസ്ഥിതിയെത്തന്നെ റദ്ദ് ചെയ്തുകൊണ്ട് സ്വന്തം കാട്ടിൽ തലയുയർത്തി നിൽക്കുന്നത്!
സബാഷ്… അഥീന തലയിളക്കി സമ്മതിച്ചു. ഇത്തവണ അത് തനിക്കുള്ള അഭിനന്ദനമായിരുന്നില്ല, തന്റെ കാൻവാസിൽനിന്ന് തന്നോട് സംവദിക്കുന്ന ആ ആദിമബോധത്തിനൊപ്പമുള്ള നിൽപിന്.
അഥീന പതുക്കെ എഴുന്നേറ്റു. സിഗരറ്റിന്റെ അവസാന പുകച്ചുരുളും ജനലിലൂടെ പുറത്തേക്ക് പോയിരുന്നു. കന്യാസ്ത്രീ ഇപ്പോഴും തന്റെ ധ്യാനം തുടരുകയാണ്. അഥീന തന്റെ കനത്ത കോട്ട് തോളിലേക്കിട്ടു. സ്റ്റുഡിയോയുടെ വാതിലടച്ച് താക്കോൽ ഷൂ റാക്കിൽ തിരുകിവെക്കുമ്പോൾ അവൾ മനസ്സിലാക്കി; താഴെ നഗരത്തിൽവെച്ച് ആര് തന്നെ വിലയിരുത്തിയാലും, ഈ കുന്നിൻമുകളിൽ തന്നെ കാത്തിരിക്കാൻ തികച്ചും വിപ്ലവകരമായ ഒരു കമ്പനി അവൾക്ക് സ്വന്തമായിട്ടുണ്ട്.
തന്റെ ഇളം നീല കിയ സിറോസിന്റെ മടിത്തട്ടിലേക്ക് കാലെടുത്തുവെക്കുമ്പോൾ കാർ പെഡന്റായി തൂങ്ങിനിൽക്കുന്ന തള്ളമറുത തലയാട്ടിത്തുടങ്ങി. അഥീനതന്നെ വരച്ചുണ്ടാക്കിയതാണത്. തള്ളച്ചികളോടുള്ള തന്റെ ആരാധനയുടെ തുടക്കമെവിടെയായിരുന്നു?
കുറഞ്ഞ വോളിയത്തിൽ ചൈനീസ് ബാംബൂ സംഗീതത്തിന്റെ മൃദുലവും നിസ്സീമവുമായ പശ്ചാത്തലത്തിൽ ചുരമിറങ്ങുന്ന കിയ, ഓർമകളിലേക്കുള്ള ഒന്നാം ഗിയറിട്ടു.
ഇപ്പോൾ അഞ്ചുവയസ്സുള്ള അഥീനമോൾ കുമ്പളവള്ളികൾക്കിടയിൽ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുകയാണ്. ഒരിക്കൽ ഉറക്കച്ചടവോടെ കക്കൂസിലിരിക്കുമ്പോ കുഴിക്കകത്തുനിന്നും ഒരു നീർക്കോലി വന്ന് തലനീട്ടിയതിൽപ്പിന്നെ അവൾക്ക് കുഴിക്കക്കൂസിലിരിക്കാൻ പേടിയാണ്. അമ്മയും അപ്പനും മാത്രമായിരിക്കും അതിലിരിക്കുന്നത്, അമ്മാമ കണ്ടത്തിനപ്പുറത്തെ റബർക്കാട്ടിലും.
ഫ്ഫ *@#*@മോളേ!
തലക്കകത്ത് പൊന്നീച്ച പറപ്പിക്കുന്ന അപ്പന്റെ വരവ് അവളുടെ മൂത്രം പാതിക്ക് നിർത്തിച്ചു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അപ്പൻ കിടന്ന് കൊലവിളിക്കുന്നതെന്തിനെന്ന് അവൾക്കൊരിക്കലും പിടികിട്ടിയില്ല. ‘പെഴച്ച്പെറ്റ കീടമേ’ എന്നാണപ്പന്റെ അടുത്തവാക്കെന്ന് അന്നേ അവൾക്കറിയാം. സ്നേഹത്തോടെ ഒരിക്കൽപ്പോലും അയാളെന്നെ തൊട്ടിട്ടില്ല. ആ വാക്കിന് എന്റെ പ്രായത്തോളം പഴക്കമുണ്ടല്ലൊ.
ഉണക്കാനായി റബർഷീറ്റുകളുടെ കെട്ടുമായി അമ്മാമ പടിയിറങ്ങിപ്പോയി. അമ്മ തിളച്ച കടുംചായ പിന്നേം പിന്നേം തെളപ്പിച്ചുകൊണ്ടിരുന്ന്. അല്ലെങ്കിലും അമ്മയെന്തെങ്കിലും മറുപടി പറയുന്നത് കേട്ടിട്ടില്ല. ചാരിവെച്ച മുറംപോലെ ഉള്ളിലേക്കു ചാരിവെച്ച അവരുടെ മനസ്സ് വായിക്കാൻ പക്ഷേ, കാലമൊട്ട് അനുവദിച്ചതുമില്ല.
ടൗണീപ്പോയി വരുമ്പോ കൊണ്ടുവരുന്ന കടുംനിറത്തിലുള്ള പോളിസ്റ്റർ സാരികൊണ്ട് അമ്മ തന്നെ തുന്നിയ ഉടുപ്പുകളായിരുന്നു എനിക്കുള്ളത്. അമ്മക്കുള്ള സ്നേഹം അങ്ങനെയാണ് എനിക്കോർക്കാൻ കഴിയുന്നതും. അവരെവിടെയാവും പണിക്ക് പോയിരുന്നത്? അറിയില്ല. അപ്പന്റേമമ്മേടേം കല്യാണഫോട്ടോകളൊന്നും തന്നെ എവിടെയുമില്ല. അതോ കല്യാണമേ കഴിച്ചിട്ടുണ്ടാവില്ലേ? അമ്മാമക്കും അതിനൊന്നും ഉത്തരമുണ്ടായിരുന്നില്ല.
തുലാത്തിലെ മഴത്തണുപ്പുണ്ട്. കാലങ്കോഴിയുടെ കൂക്കും. ഓടുകൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികൾ ചായ്പിൽ വെച്ച അലുമിനിയം പാത്രത്തിൽ വീഴുന്നുണ്ട്.
കന്നന്തരത്തിന് കയ്യും കാലും വെച്ചോളേ, കണ്ടോരിക്ക് പായവിരിക്കണ കൊടിച്ചിപ്പട്ടീ, നെന്റെ പെലയടിയന്തിരം കണ്ടിട്ടെ ഞാഞ്ചാവത്തുള്ളു. എന്നട്ട് അവക്കടെയൊരു കൊണവതിയാരം. നെന്റെപ്പന്റെപ്പന്റെന്റപ്പന്റെ കോണോത്തീക്കൊണ്ടക്കൊടുക്കെടീ കഞ്ഞീം പയറും. ഫാ!
ചൂടുകഞ്ഞിപ്പാത്രം പുറംകാലുകൊണ്ട് തട്ടി അപ്പൻ ഒരാട്ട് ആട്ടി. ആടിയാടി അയാൾ ഒരുപാതി കയറ്റുകട്ടിലിലും മറുപാതി നിലത്തുമായി കിടന്നു.

ഉറക്കംവന്നു തൂങ്ങിയ എന്നെ അമ്മാമയുടെ അടുത്തുകിടത്തിയുറക്കുമ്പോ അമ്മ മറുത്തൊരക്ഷരം പറഞ്ഞില്ല. അവരുടെ കഴുത്തിലെ മുക്കുമാലയിൽനിന്ന് ഒരു തുള്ളി വിയർപ്പ് എന്റെ നെറ്റിയിൽ വീണു. ഞാനുറങ്ങി.
ഉണർന്നപ്പോൾ അയൽക്കാരും നാട്ടുകാരുമായി ഒരുപാടാളുകൾ. നീലപ്പടുത വലിച്ചു കെട്ടിയ മുറ്റത്ത് അമ്മാമ കൈത്താങ്ങിന് തലകൊടുത്തിരിക്കുന്നു.
ആളിരമ്പംകൊണ്ട് എന്റെ ചെവിയടഞ്ഞു. കാലം തുളച്ചുപോകുന്ന ഒരു മൂളക്കം മാത്രം.
ഒരു വൈകുന്നേരം അമ്മാമ അമ്മയുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന മരപ്പെട്ടി തുറന്നു. അതിനുള്ളിൽ ചുവപ്പും പച്ചയും നിറമുള്ള ഒരുപാട് കുപ്പിവളകൾ ഉണ്ടായിരുന്നു. അമ്മാമ ആ വളകൾ ഓരോന്നായി എടുത്ത് മുറ്റത്തെ കിണറ്റിലേക്ക് എറിയാൻ തുടങ്ങി.
അമ്മാമ ഒന്നും പറഞ്ഞില്ല.
എങ്കിലും അമ്മാമ ഉള്ളിൽപ്പറയുന്നത് വടിവൊത്ത അക്ഷരത്തിൽ എനിക്ക് കേൾക്കാമായിരുന്നു. നെന്റെ അമ്മയോടൊപ്പം മുങ്ങിച്ചത്തുപോകട്ടെ ആ ഓർമകളും.
ഒർമകളെ അടക്കിക്കിടത്തിയ കിണർ ഞങ്ങൾ മണ്ണിട്ട് മൂടി. അന്നേക്കന്ന് മലകേറിപ്പോയ അപ്പനെ നാട്ടിലാരും പിന്നെ കണ്ടിട്ടില്ല. ഇടക്കെപ്പൊഴോ ഒന്ന് രണ്ടു പോലീസുകാർ കണക്കെടുപ്പിനെന്നപോലെ വരുന്നതല്ലാതെ കേസും കൂട്ടവുമൊന്നുമുണ്ടായില്ല. മുങ്ങിച്ചത്തതോ മുക്കിക്കൊന്നതോ എന്ന് നാട്ടുകാർ പലകഥകളും മെനഞ്ഞുണ്ടാക്കി.
അക്കൂട്ടത്തിൽ, ‘പെഴച്ചുപെറ്റവളെ’ന്ന അസ്സൽ ബ്രാൻഡ്നെയിം മാത്രം അഥീനയുടെ കൂടെപ്പോന്നു.
ഹഹഹ ഹഹഹ!
ആ ചിരിയിൽ ചുരമിറങ്ങിക്കഴിഞ്ഞിരുന്നു കിയ സിറോസ്.
ആർട്ട് ഗാലറിയുടെ ഓട്ടോമാറ്റിക് വാതിൽ പുറകോട്ടടഞ്ഞപ്പോൾ പുറത്തെ ആളിരമ്പങ്ങളടങ്ങി. അകത്ത് എ.സിയുടെ അടഞ്ഞുകിടപ്പിന്റെയും പെയിന്റുമണം മാറാത്ത ചുവരിന്റെയും വിലകൂടിയ പെർഫ്യൂമുകളുടെയും ഫ്രഞ്ച് വൈനിന്റെയും സമ്മിശ്രഗന്ധം മനംപിരട്ടലായി അഥീനയെ സ്വാഗതം ചെയ്തു. ചുവരുകളിൽ കൃത്യമായ ആംഗിളുകളിൽ ഘടിപ്പിച്ച ഹാലജൻ വെളിച്ചം കാൻവാസുകളിലേക്ക് പതിക്കുന്നുണ്ടായിരുന്നു.
കറുപ്പും ചാരനിറവും അണിഞ്ഞ മനുഷ്യർ വൈൻ ഗ്ലാസുകൾ കൈമാറിക്കൊണ്ട് ആർട്ട് വർക്കുകൾക്കു മുന്നിൽനിന്നു. അവർ വർക്കുകളിലേക്ക് നോക്കുകയല്ല, അവയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സാന്നിധ്യത്തെ അത്രമാത്രം അഗാധമാക്കുക മാത്രം ചെയ്യുന്നു. അതോ തങ്ങളെത്തന്നെ പ്രദർശിപ്പിക്കുകയാണോ? കാമറകളുടെ ഫ്ലാഷുകൾ ഒന്നിടവിട്ട് മിന്നിമറഞ്ഞു. ക്യൂറേറ്റർമാരും ആർട്ട് ഡീലർമാരും കെട്ടിപ്പിടിച്ചും വൈൻഗ്ലാസുകൾ കൂട്ടിമുട്ടിച്ചും പരിചയം പുതുക്കുന്നു. ചില ആർട്ടിസ്റ്റുകൾ ഒറ്റക്കും തെറ്റക്കും വർക്കുകൾ കാണുന്നു.
ഹേയ് അദീ നീ ഇവിടെ ഉണ്ടായിരുന്നോ?
അങ്ങിങ്ങ് നരകേറിത്തുടങ്ങിയ താടിയും കട്ടിക്കണ്ണടയുമിട്ട ചെറുപ്പക്കാരൻ നൊടിയിടയിൽ അവളുടെ അരികെയെത്തി. ജഗൻ, ക്ലാസ്മേറ്റാണ്. ഫൈൻ ആർട്സ് കോളേജിൽ പഠിക്കുമ്പോൾ അവനൊരു മണുകുണാഞ്ചനായിരുന്നു. അല്ലെങ്കിലും ഞാൻ പ്രേമിച്ച ആണുങ്ങളെല്ലാം ഒന്നുകിൽ അമ്മക്കുഞ്ഞന്മാരോ അരക്കഴമ്പ് നെഞ്ചുറപ്പോ ഇല്ലാത്ത കിഴങ്ങന്മാരായിരുന്നു. അവരിൽനിന്ന് ഇത്തിരി ഭേദപ്പെട്ട ഒരുത്തനാണ് മുന്നിൽനിൽക്കുന്നത്. അവനിപ്പോൾ ഒരു ക്യൂറേറ്ററായി വളർന്നിരിക്കുന്നു എന്നതൊഴിച്ചാൽ വലിയ മാറ്റങ്ങളൊന്നുമില്ല തന്നെ.
യെസ്, ഞാനുണ്ടല്ലോ. ഞാനെവിടെപ്പോകാൻ. ഞാനുണ്ടായിരിക്കുന്നു എന്നതുതന്നെയല്ലേ എന്റെ ഉണ്മ.
ആഹാ കൊള്ളാം കൊള്ളാം. അപ്പോ ഞങ്ങളൊക്കെ ഇല്ലാത്തോരാ?
സ്വയം ചോദിച്ചുനോക്ക്. എനിക്കെന്റെ കാര്യമല്ലേ പറയാനൊക്കൂ ജഗനേ.
അഥീന തന്റെ ഓവർക്കോട്ടിന്റെ വലതുകീശയിൽനിന്ന് ഒരു ക്ലാസിക് മൈൽഡിന് തീ കൊടുത്തു. അവർ ഗാലറിയുടെ നടുമുറ്റത്തേക്ക് നടന്നു. അവിടെ ഇരുമ്പ് കമ്പികളും തകർന്ന ചില്ലുകളുംകൊണ്ട് നിർമിച്ച ഒരു ഇൻസ്റ്റലേഷൻ വെച്ചിട്ടുണ്ടായിരുന്നു. അതിന് ചുറ്റും ആളുകൾ വലംവെച്ച് പോകുന്നുണ്ട്.
നീ ചെയ്തുകൊണ്ടിരിക്കുന്ന പുതിയ വർക്കുകളെപ്പറ്റി കേട്ടു.
ജഗൻ ആ ഇരുമ്പ് കൂടിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
പക്ഷേ അദീ, ഞാനൊന്ന് ചോദിക്കട്ടെ. ഈ പോസ്റ്റ്-ഡിജിറ്റൽ കാലത്ത് കലയെ വെറുമൊരു ആത്മാനുരാഗമായി കൊണ്ടുനടക്കുന്നതിൽ നിനക്കൊരു പിശകും തോന്നുന്നില്ലേ? പുതിയ കല ആവശ്യപ്പെടുന്നത് കുറച്ചുകൂടി ഇന്ററാക്ടീവ് ആയ, കാഴ്ചക്കാരെ നേരിട്ട് പങ്കാളിയാക്കുന്ന രൂപങ്ങളാണ്. നീ ഇപ്പോഴും പഴയ അക്കാദമിക് ഓയിൽ, അക്രിലിക് മീഡിയത്തിൽതന്നെ നിൽക്കുന്നത് ഒരുതരം മെറ്റീരിയൽ ഫെറ്റിഷിസമല്ലേ? ചരിത്രപരമായ ഒരു പിന്നോട്ടുള്ള പോക്ക്. അല്ലാ, ഞാനിത് ഒരു തർക്കത്തിനുവേണ്ടിപ്പറയുന്നതല്ല, ഇനി തർക്കത്തിനാണെങ്കി തന്നെ നിനക്കെന്താ തോന്നുന്നേ?
അഥീന പുക പുറത്തേക്ക് വിട്ടു. ആ പുകച്ചുരുളുകൾ ഗാലറിയുടെ കൃത്രിമവെളിച്ചത്തിൽ നീലനിറമായി പടർന്നു.
ജഗനേ, ഇറ്റ്സ് നോട്ട് ഫെറ്റിഷിസം. അതൊക്കെ കൊറച്ച് കടന്ന സാധനങ്ങളാണ്.
അവൾ വളരെ ശാന്തമായി പറഞ്ഞു.
ഈ കാണുന്ന ഇരുമ്പ് കൂടുകളും ഡിജിറ്റൽ സ്ക്രീനുകളും മാത്രമാണ് സമകാലികമെന്ന് ആരാണ് തീരുമാനിക്കുന്നത്? ആർക്കും തൊടാനാകാത്ത ഒരു സ്ക്രീനിനേക്കാൾ പൊളിറ്റിക്കലാണ് നിങ്ങളീപ്പറയുന്ന പഴയ കാൻവാസിലെ ഒരോ ലെയറും. മീഡിയം മാറുമ്പോൾ ആർട്ട് മാറും എന്നതൊക്കെ ഒരു മാർക്കറ്റ് ലോജിക്കല്ലേ ജഗൻ? നമ്മളെന്തിനാണത് പിന്തുടരുന്നത്?
ജഗൻ പതുക്കെ ചിരിച്ചു. ഗ്ലാസിലെ വൈൻ ഒന്നിറക്കി.
നീ സംസാരിക്കുന്നത് റൊമാന്റിക് ആയ ഒരു യുട്ടോപ്യയെക്കുറിച്ചാണ് അദീ. കലക്കൊരു വിനിമയമൂല്യമുണ്ട്. അതിനെ ഡിനൈ ചെയ്തുകൊണ്ട് നിനക്ക് ഈ വ്യവസ്ഥിതിയിൽ നിലനിൽക്കാനാകില്ല. കല എന്നത് ഒരു സോഷ്യൽ പ്രോസസ് ആണ്. ഈ ആൾക്കൂട്ടവും ബഹളങ്ങളും അതിന്റെ ഭാഗമാണ്. ഇൻസ്റ്റിറ്റ്യൂഷനുകളോട് കലഹിക്കാം, പക്ഷേ അതിന് പുറത്ത് കലക്ക് നിലനിൽപില്ല.
ഹഹ! ഇൻസ്റ്റിറ്റ്യൂഷൻ ഒരു പാട്രിയാർക്കി സെറ്റപ്പല്ലെ മോനേ. കലയുടെ വിനിമയമൂല്യമല്ല, എന്റെ സെൽഫ് ഡിഗ്നിറ്റിയാണ് എനിക്ക് പ്രധാനം. നീ പറയുന്ന ഈ സോഷ്യൽ പ്രോസസും വിപണിയും എപ്പോഴും ആവശ്യപ്പെടുന്നത് ആർട്ടിസ്റ്റിന്റെ ആത്മബലിയെയാണ്. ലുക്ക് അറ്റ് ദി ലോങ് ഹിസ്റ്ററി ഓഫ് ആർട്ട്.
സീ അദീ, നമ്മൾ സംസാരിക്കുന്നത് വ്യവസ്ഥിതികളുടെ ഘടനയെക്കുറിച്ചാണ്.
ജഗൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു.
ഒരു സ്ത്രീ എന്ന നിലയിലുള്ള നിന്റെ ജൻഡർ കോൺഷ്യസ് നെസിനെയും സെൽഫ് ഡിഗ്നിറ്റിയെയും ഞാൻ റെസ്പെക്ട് ചെയ്യുന്നു. പക്ഷേ, ചരിത്രപരമായി നോക്കിയാൽ കല എന്നത് എപ്പോഴും അധികാരത്തോടും വിപണിയോടും കലഹിച്ചും അതിനോട് വിട്ടുവീഴ്ച ചെയ്തും തന്നെയാണ് അതിന്റെ ഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്. ഈ ഗാലറിയെയും സിദ്ധാന്തങ്ങളെയും പൂർണമായി തള്ളിക്കളയുമ്പോൾ, യഥാർഥത്തിൽ നീ ഒരു ബദൽ ചരിത്രമല്ല നിർമിക്കുന്നത്, ചരിത്രത്തിൽ നിന്നും അതിന്റെ മറ്റനേകം അടരുകളിൽനിന്നും സ്വയം പടിയിറങ്ങിപ്പോവുകയാണ് ചെയ്യുന്നത്.
ജഗൻ തന്റെ കയ്യിലെ ഗ്ലാസ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
മനുഷ്യർ പരസ്പരം പലതരം വിനിമയം നടത്തുന്ന ഈ സമൂഹത്തിലാണ് കല അതിന്റെ സാമൂഹികമായ അർഥം കണ്ടെത്തുന്നത്. അത് വെറുമൊരു സ്വകാര്യധ്യാനമല്ല, വ്യവസ്ഥിതിയോടുള്ള നിരന്തരമായ തിരുത്തലാണ്. ആ തിരുത്തലുകളെല്ലാം ഉപേക്ഷിച്ച് ഒരാൾ മലമുകളിലേക്ക് മടങ്ങുമ്പോൾ, ഈ ആൺകോയ്മാവ്യവസ്ഥിതിക്ക് യാതൊരു പരുക്കും ഏൽപിക്കുന്നില്ല; പകരം അവർ നിശ്ചയിച്ച അതേ ഇടങ്ങളിലേക്ക് അയാൾ സ്വയം ഒതുങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.
അഥീന ഒരു നിമിഷം ജഗന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി തെളിഞ്ഞു.
നീ പറയുന്ന ആ പകൽവെളിച്ചത്തിലെ ജീവിതമുണ്ടല്ലോ ജഗൻ, അത് കൃത്രിമമായി ക്രമീകരിച്ചുവെച്ച ഒരു മാസ്റ്റർപ്ലാൻ മാത്രമാണ്. അതിന്റെ അളവുകോലുകൾ രൂപപ്പെടുത്തിയിരിക്കുന്നത് യഥാർഥജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തവരാണ്. എനിക്ക് കല എന്നത് വിപണിയിലോ പൊതുമണ്ഡലത്തിലോ തെളിയിക്കാനുള്ള ഒരു ആയുധമല്ല; അതൊരു ആഡംബരവുമല്ല. അതെന്റെ നിലനിൽപാണ്. ഈ ‘ആർട്ട് വേൾഡ്’ പറയുന്ന സിദ്ധാന്തങ്ങൾക്കും ലേബലുകൾക്കും അപ്പുറത്താണ് മനുഷ്യാനുഭവങ്ങളുടെ ആഴം.
ഒരു സ്ത്രീ എന്ന നിലയിലോ ആർട്ടിസ്റ്റ് എന്ന നിലയിലോ എന്നെ ഏതെങ്കിലും ഒരു നിർവചനത്തിൽ ഒതുക്കാൻ ഞാനൊരുക്കമല്ല. എന്നെ സംബന്ധിച്ച് കലയും ജീവിതവും രണ്ടല്ല. ആർട്ട് വേൾഡിന്റെ യുക്തിയേക്കാൾ എന്തുകൊണ്ടും മീതെയാണ് ഒരാർട്ടിസ്റ്റിന്റെ നിലനിൽപ് എന്നാണെനിക്ക് തോന്നുന്നത്… അയാൾക്കപ്പോ മാർക്കറ്റ് ഉണ്ടാകുമോ എന്നൊക്കെ നീ തിരിച്ച് ചോദിച്ചേക്കാം. മാർക്കറ്റിനെ തേടിപ്പോകലല്ല ആർട്ടിസ്റ്റിന്റെ പണി.
മാർക്കറ്റ് വേണേങ്കി എന്റടുത്ത് വരട്ടെ. സ്വന്തം സമാധാനോം സന്തോഷോം തന്നെയാടോ ഇംപോർട്ടന്റ്. വണ്ടിക്കാളകളെപ്പോലെ മാർക്കറ്റിനുവേണ്ടി പണിയെടുക്കാനൊന്നും എനിക്ക് മേല. അല്ല, ഇനിയിപ്പോ ഇതൊക്കെ ജഗൻ പറഞ്ഞപോലെ പൊതുസമൂഹത്തിന്റെ സർട്ടിഫിക്കറ്റിനുവേണ്ടിയാണെങ്കി ആ സർട്ടിഫിക്കറ്റ് വേണ്ടെന്ന് വെച്ചാപ്പോരേ, ഹേ. സത്യത്തിൽ ആ സ്വയംപര്യാപ്തതക്ക് പൊതുസമൂഹത്തിന്റെ കൈയടിയോ ലേബലുകളോ ആവശ്യമില്ല.
അതൊരുതരം ആത്മനിഷ്ഠമായ പിടിവാശിയാണ് അദീ.
ജഗൻ പതുക്കെ പറഞ്ഞു.
വിനിമയം ചെയ്യപ്പെടാത്ത കല, മണ്ണിൽക്കുഴിച്ചിട്ട് മറന്നുപോയ നിധിപോലെയാണ്, അതിപ്പോ മാർക്കറ്റിന്റെ കാര്യത്തിലായാലും അല്ലെങ്കിലും.
അതെ, നീയിപ്പൊ പറഞ്ഞ ആ ‘അല്ലെങ്കിലി’ലുമാണ് ഞാൻ നിക്കണത്. ബാഹ്യമായ അംഗീകാരങ്ങൾക്കുവേണ്ടി സ്വന്തം ആന്തരികബോധത്തെ പണയം വെക്കുന്നതിനേക്കാൾ വലിയ പരാജയമില്ല. സിദ്ധാന്തങ്ങൾക്കപ്പുറം, സ്വന്തം ഉള്ളിലെ ഭയങ്ങളെയും ഏകാന്തതയെയും അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തവരാണ് ഈ കൃത്രിമ വെളിച്ചങ്ങളിലേക്ക് ഓടിയെത്തുന്നത്. ഈ ആൾക്കൂട്ടത്തിലും എന്റെ ഉള്ളിലെ ആ റിപ്പബ്ലിക് പൂർണമാണ്. എനിക്കത് മതി.
അഥീന പറഞ്ഞുനിർത്തി. ഒരു സമവായത്തിലെത്തിയെന്നപോലെ ജഗനും.
അവരുടെ ഇടയിലേക്ക് ആളുകൾ വന്നും പോയുമിരുന്നു. ചിരിച്ചും കെട്ടിപ്പിടിച്ചും ആളാരവങ്ങളൊടുങ്ങും മുൻപേ നിശാവിരുന്നിൽ പങ്കെടുക്കാതെ അവൾ അരയിൽതിരുകിയ കീച്ചെയിനുമായി തിരികെയെത്താൻ തിടുക്കം കൂട്ടി.
നഗരാതിർത്തി പതുക്കെ മാഞ്ഞുതുടങ്ങി. കിയ സിറോസ് ചുരം കയറുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചം പരിചിതമായ ആ കാട്ടുവഴികളെയും ചെറിയ മൂടൽമഞ്ഞിനെയും കീറിമുറിച്ചുപാഞ്ഞു. കലയും വൈനും വിപണിയും പ്രദർശനവും റിയർവ്യൂ മിററിലെ വെറും വെളിച്ചപ്പുള്ളികളായി ചുരുങ്ങി. വളയത്തിൽ പിടിച്ച കൈകൾ പരസ്പരം തൊടാനായുന്നു, സിസ്റ്റെയിൻ ചാപ്പലിലെ ചുവരിൽ മൈക്കലാഞ്ചലോവിന്റെ ദൈവം ആദത്തെ ഉയിർപ്പിച്ചെടുക്കുന്ന തൊടൽമാതിരി ഒരു തൊടൽ. ഇവിടിപ്പൊ ഞാൻ, ഒരു പെൺമൈക്കലാഞ്ചലോ... ഹഹഹ!

തലവട്ടം തിരിഞ്ഞാടുന്ന തള്ള മറുത മാത്രം വെറുതെ ചിരിച്ചുകൊണ്ടിരുന്നു, തന്റെ ചിരിയിൽ പങ്കുകൊണ്ടേന്നോണം. പക്ഷേ, അതിന്റെ വലിയ കണ്ണുകളും കോമ്പല്ലുകളും കടുംചോരനിറവും കൂടുതൽ ഭീതിദമായി തോന്നിപ്പിച്ചു. ദാരികവധത്തിനുശേഷം കോപമടങ്ങാത്ത ഭദ്രകാളിയുടെ കാൽക്കൽ പരമശിവൻ പിഞ്ചുകുഞ്ഞായി വേഷം കെട്ടിക്കിടന്നപ്പോൾ, ആ കുഞ്ഞിനെക്കണ്ട് കാളിയുടെ ഉള്ളിൽ ഉണർന്ന മാതൃത്വത്തിന്റെ, അതേസമയം ഭീതിയുടെയും രൗദ്രതയുടെയും മൂർത്തീഭാവമാണല്ലോ തള്ള മറുത. ഉടലാകെ കരിതേച്ച് കൂർത്ത മുലകളും ഈന്തപ്പനയോലമുടിയും പേടിപ്പിക്കുന്ന മുഖംമൂടിയുമായി വരുന്ന തള്ള, സർവസംഹാരശക്തിയും ഉരവരതാബിംബവുമാണ്. കൊലയും പ്രേമപ്പകയും പെരുനാക്കുംകൊണ്ട് സ്വന്തം ചോരയിലും വിയർപ്പിലും ചവിട്ടിനിന്ന് ഉറഞ്ഞുതുള്ളുന്ന കരിങ്കാളി.
അവൾക്ക് ചിരിക്കാം.
കാരണം, തോറ്റോടിയ പെണ്ണല്ല മറുത.
മുങ്ങിച്ചത്ത മൂദേവിയുമല്ല. അമരത്തിയായ കോപിഷ്ഠ.
അവൾക്ക് ചോരകൊണ്ട് ചാന്ത്.
തള്ള മറുത ഒരു പരമാധികാര രാഷ്ട്രമാവുന്നു.
എൻജിൻ അണഞ്ഞപ്പോൾ ചുറ്റും പടർന്നത് മലമുകളിലെ മൂളക്കം മാത്രം.
അവൾ പടികടന്ന് അകത്തേക്ക് നടന്നു. തളത്തിലും തിണ്ണയിലും നേരിയവെട്ടം മാത്രം. സ്റ്റുഡിയോയിലെ പരന്ന വെളിച്ചത്തിൽ വെള്ളെഴുത്തുള്ള വൃദ്ധമാതാവിന്റെ കണ്ണുകൾ കൂടുതൽ വിവർണമായി. കാമുകിക്കും ധ്യാനിക്കുന്ന കന്യാസ്ത്രീക്കും കോറിവരക്കുന്ന ചെക്കനും ഒന്നും പറയാനില്ല. അവരെല്ലാം മൂകരായിരിക്കുന്നു.
ലൈറ്റണച്ച് ഉടുതുണിയൂരിയെറിഞ്ഞ് അവൾ വെറുംനിലത്ത് കിടന്നു.
റെഡോക്സൈഡിന്റെ തണുപ്പ് പതുക്കെ ഒരു തണ്ണീർക്കിടക്കയായി മാറി. ആശ്വാസം ഒരിളങ്കാറ്റായി അവളുടെ ദേഹത്തെ ചെമ്പൻ രോമകൂപങ്ങളിൽ ഒളിച്ചിരുന്നു. പുറത്തെ ഇളംമഞ്ഞ് ജനാലച്ചില്ല് തുളച്ച് അവളുടെ നഗ്നതയിലേക്ക് പെയ്തിറങ്ങി. കണ്ണുകളടഞ്ഞപ്പോൾ കാറ്റിന്റെ ഹുങ്കാരം പടയണിത്തപ്പുകളുടെ ആദിമമുഴക്കമായി തോന്നി. മുറിയിലെ ചുവരുകളിൽ നിഴലുകൾ ഉറഞ്ഞുതുള്ളാൻ തുടങ്ങി. വലിയ കോമ്പല്ലുകളും കടുംചുവപ്പ് കണ്ണുകളുമുള്ള കാമമറുത അവളുടെ ശരീരത്തിലേക്ക് ആവാഹിക്കപ്പെട്ടു.
ശ്വാസത്തിന്റെ വേഗത കൂടി.
ശരീരം വില്ലുപോലെ വളഞ്ഞു.
ഉച്ചസ്ഥായിയിലെത്തിയ ആ പടയണിത്താളത്തിനൊടുവിൽ,
ഒരു ദീർഘനിശ്വാസം വെള്ളക്കുതിരപ്പുറത്തേറി വന്നു.
കോലമൊഴിഞ്ഞ് മറുത ഇരുട്ടിലേക്ക് തിരികെ മറഞ്ഞു.
അവളുറപ്പിച്ചു,
മറുത ഒരു പരമാധികാര രാഷ്ട്രമാണ്.
