Begin typing your search above and press return to search.
proflie-avatar
Login

ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്

ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
cancel

ത്രേസ്യയെ കിടത്തിയ മുറിയിലേക്ക് കയറിയപ്പോൾ അവന് ആദ്യം തോന്നിയത് അതിന് വലുപ്പം കുറവാണെന്നായിരുന്നു. മീൻ മൊളീഷ്യം ചട്ടീൽ തിളച്ച് തുള്ളിത്തുടങ്ങുമ്പോൾ പറമ്പിലേക്കോടി, കൊന്നത്തെങ്ങ് കണക്കെ വളർന്ന കറിവേപ്പിന്റെ കമ്പ് എത്തിപ്പിടിച്ച് ഇലകീറി കറിയിലിടുന്നത് അവൻ എത്രതവണ കണ്ടിരിക്കുന്നു. ഇടങ്കൈകൊണ്ടു പോലും മച്ചേൽ തൊടും. അത്രേം ഉണ്ട് ത്രേസ്യയുടെ ഉയരം. ആറടിക്കടുത്ത്‌ നീളവും അതിനൊത്ത വണ്ണവുമുള്ള അവർക്ക് ഈ ഇടുങ്ങിയ മുറി ഒട്ടും പോരാ. അടുത്തിരിക്കാൻമാത്രം അടുപ്പക്കാരില്ലാത്ത ശരീരമായതുകൊണ്ട് കാണാനെത്തിയവരൊക്കെ ഒരകലം പാലിച്ച് ചുറ്റും നിന്നു. എങ്കിലും കാൽക്കൽ നിന്നിരുന്ന സ്ത്രീയുടെ...

Your Subscription Supports Independent Journalism

View Plans

ത്രേസ്യയെ കിടത്തിയ മുറിയിലേക്ക് കയറിയപ്പോൾ അവന് ആദ്യം തോന്നിയത് അതിന് വലുപ്പം കുറവാണെന്നായിരുന്നു. മീൻ മൊളീഷ്യം ചട്ടീൽ തിളച്ച് തുള്ളിത്തുടങ്ങുമ്പോൾ പറമ്പിലേക്കോടി, കൊന്നത്തെങ്ങ് കണക്കെ വളർന്ന കറിവേപ്പിന്റെ കമ്പ് എത്തിപ്പിടിച്ച് ഇലകീറി കറിയിലിടുന്നത് അവൻ എത്രതവണ കണ്ടിരിക്കുന്നു. ഇടങ്കൈകൊണ്ടു പോലും മച്ചേൽ തൊടും. അത്രേം ഉണ്ട് ത്രേസ്യയുടെ ഉയരം.

ആറടിക്കടുത്ത്‌ നീളവും അതിനൊത്ത വണ്ണവുമുള്ള അവർക്ക് ഈ ഇടുങ്ങിയ മുറി ഒട്ടും പോരാ. അടുത്തിരിക്കാൻമാത്രം അടുപ്പക്കാരില്ലാത്ത ശരീരമായതുകൊണ്ട് കാണാനെത്തിയവരൊക്കെ ഒരകലം പാലിച്ച് ചുറ്റും നിന്നു.

എങ്കിലും കാൽക്കൽ നിന്നിരുന്ന സ്ത്രീയുടെ മഞ്ഞസാരിത്തുമ്പ് ത്രേസ്യയെ തൊട്ടുതൊട്ടില്ല എന്ന മട്ടിലായിരുന്നു. അവരാ സാരി ഒതുക്കിപ്പിടിച്ചപ്പോൾ ശവത്തിനടുത്ത് വിശ്രമിച്ചിരുന്ന ഒരീച്ച തന്നെ ഉന്നമിട്ടതാണെന്ന് തെറ്റിദ്ധരിച്ച് പറന്നു.

നാട്ടിക്കണ്ടത്തിന്റെ വരമ്പിലൂടെ ബാലൻസ് ചെയ്ത് നടന്ന് ചന്ദ്രൻ മാഷ് ത്രേസ്യയുടെ വീട്ടുപറമ്പിലേക്കുള്ള കിള ഒറ്റച്ചാട്ടത്തിന് കയറി, മുണ്ടഴിച്ചിട്ട് മര്യാദ കാട്ടി മുറ്റത്തെത്തിയത് തിരിഞ്ഞുനോക്കാതെ തന്നെ ചുവരിൽ തൂക്കിയ വലുപ്പമുള്ള കണ്ണാടിയിൽ അവൻ കണ്ടു. മാഷ് ത്രേസ്യേടടുത്ത് വന്നുനിന്ന് കനത്തിലൊരു ശ്വാസം വിട്ടു. കണ്ണുകൊരുത്താൽ ചിരിക്കണോ മിണ്ടാതെ നോക്കണോ വെറുതെ തലയാട്ടണോ എന്ന് ആശങ്കയുണ്ടായതിനാൽ അവൻ വാതിൽ മറവിലേക്ക് പതുങ്ങാനൊരു ശ്രമം നടത്തിയെങ്കിലും മാഷ്‌ കണ്ടു. പുറത്തോട്ട് വരാൻ കണ്ണുകൊണ്ട് കാണിച്ചപ്പോൾ പിറകെ ചെന്നു.

വീടിനു കുറച്ചുമാറി തൊഴുത്തുണ്ട്. ചാണകവും മൂത്രവും കലർന്ന മണം ഇറയത്തേക്കെത്താതിരിക്കാൻ എന്തോ ടെക്നോളജി ത്രേസ്യക്കുണ്ടായിരുന്നു.

പശുക്കളിൽ മൂന്നെണ്ണത്തിൽ ഒന്നുമാത്രം മരപ്പലകക്ക് മീതെ തല പുറത്തേക്കിട്ട് ബോഡി ആംബുലൻസിലേക്ക് എടുത്ത് വെക്കുന്ന ചെറിയ ആൾക്കൂട്ടത്തെ നോക്കിനിന്നു. അവനും ചന്ദ്രൻ മാഷും അടുത്തെത്തിയപ്പോൾ അത് അകത്തേക്ക് വലിഞ്ഞു.

‘‘ഇയ്‌നുംമാത്രം എന്തേനും പ്രശ്നം. അവരാകെ അടുപ്പിച്ചത് നിന്നെയല്ലേ... എന്തേലും പറഞ്ഞിനാ?’’

‘‘ഇല്ല.. എന്റടുത്തല്ലും നല്ല ഹാപ്പിയേനും...’’

‘‘അപ്പപ്പിന്നെ...’’

അത്രയും ഭാരിച്ച സംശയം പങ്കുവെക്കാനുള്ള മൂപ്പ് അവനില്ലെന്ന് തോന്നിയതിനാലാവണം, മാഷവിടെ നിർത്തി.

‘‘ഈറ്റിങ്ങളെ എനീപ്പൊ എന്തെയ്യും ശ്രീരാഗേ?’’

അവൻ ചുമലുപൊക്കി അറിയില്ലെന്ന് കാണിച്ചു. ഉടമസ്ഥ മരിച്ച് അനാഥരായ മൂന്ന് പശുക്കളുടെ ഭാവി എങ്ങനെ പറയാനാണ്!

‘‘ആരാ ആദ്യം കണ്ടെ?’’

‘‘ഞാനന്നെ’’

‘‘നീയാ!?’’

മാഷൊന്നമ്പരന്നു.

‘‘എങ്ങനെയാ... കണ്ണല്ലും തുറിച്ച് നാവല്ലും നീട്ടി... അങ്ങനെയാ...?’’

‘‘ഏയ്.. ത്രേസ്യേച്ചി നൈസായിറ്റ് കണ്ണടച്ച് തൂങ്ങിക്കിടക്ക്വാരുന്നു. കൈ രണ്ടും പറക്കാൻ പോന്നപോലെ വിടർത്തിപ്പിടിച്ചിറ്റ് ഒരുമാതിരി മാലാഖേന്റെ കൂട്ട്.’’

‘‘എന്റീശ്വരാ!’’

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി മാഷ് അടുത്തേക്കു കൂടി. ശ്രീരാഗിന് രസംപിടിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽസിക്ക് ഫിസിക്സ് ക്ലാസിലിരുന്ന് കുറേ ഉരുകിയതാണ്. ഇയാൾടെ ഒരു വേവ് മോഷനും ഇലക്ട്രോമാഗ്നെറ്റിക്കും. ചില്ലറ പെർഫോമൻസ് ഒന്നും അല്ലായിരുന്നു!

മാഷിന്റെ താൽപര്യം കണ്ടപ്പോൾ അവന്റെ പതിനാറു വയസ്സിന്റെ ഭാവന പൂത്തുലഞ്ഞ് ആ പുരപ്പുറത്തേക്ക് പടർന്നു.

‘‘ഞാൻ രാവിലെ പാല് വാങ്ങാൻ വന്നതാ... വീട്ടില്‌ ആളെക്കാണാഞ്ഞിറ്റ്‌ വന്ന് നോക്കിയപ്പം തൊഴുത്ത്‌ നെർച്ചും നീലപ്പൊക. നല്ല ഗൾഫ് പെർഫ്യൂമിന്റെ മണോം.. അയ്‌ന്റുള്ളില് ആ പട്ടികേമ്മില് തൂങ്ങി ഒണങ്ങിയ വാഴേന്റെല പോലെ ത്രേസ്യേച്ചി ആടുവായിരുന്ന്..’’

‘‘ഓ..ഓ.. മതിയെടാ’’

തൊഴുത്തിലേക്ക് ഒരു നോട്ടം കൂടി നോക്കി ചന്ദ്രൻ മാഷ് പുരയിടം പരിശോധിക്കുന്ന നാട്ടിലെ പുരുഷാരത്തിന്റെ കൂടെക്കൂടി. പോലീസുകാരൊക്കെ പോയിക്കഴിഞ്ഞപ്പോൾ ഏറെക്കാലത്തിനുശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത പുരാതന നിലവറ പോലെയായിരുന്നു ത്രേസ്യ താമസിച്ച വീട്. മരിപ്പിനെത്തിയ ആണുങ്ങളും പെണ്ണുങ്ങളും വീടിനകം ചുറ്റിക്കണ്ടു. അടുപ്പിനരികിലെ തട്ടിൽ ബേക്കറി പലഹാരം ഇട്ടുവെക്കുന്ന പെട്ടിക്ക് മീതെ പൊതിഞ്ഞു​െവച്ച കരിങ്ങാലിപ്പൊടിയടക്കം ചിലർ കണ്ടുപിടിച്ചെന്ന് വീട്ടിലെത്തിയവർക്കെല്ലാം പിങ്ക് വെള്ളം കൊടുക്കുന്നത് കണ്ടപ്പോൾ ശ്രീരാഗിന്‌ മനസ്സിലായി.

‘‘കൊർച്ച് ദിവസായിറ്റ് വെപ്പും കുടിയൊന്നും ഇല്ലാന്ന് തോന്നുന്ന്‌.’’

അയൽപക്കക്കാരിയാണെങ്കിലും സുധ ആദ്യമായായിരുന്നു ത്രേസ്യയുടെ അടുക്കള കാണുന്നത്. താഴത്തെ ഷെൽഫ് തുറന്നപ്പോൾ മുളച്ച ഉരുളക്കിഴങ്ങും ചോന്നുറുമ്പും പൂത്ത ബ്രഡും മണാട്ടിത്തവളയും കട്ടകെട്ടിയ അരിപ്പൊടിയും ഒന്നുരണ്ട് പല്ലി കുടുംബവും ചേർന്നൊരു സങ്കരലോകം വെളിപ്പെട്ടതുകണ്ട് അവരത് അപ്പോൾത്തന്നെ തിരിച്ചടച്ചു.

‘‘അയ്യോ ഇത് നോക്കിയേ!’’

ഹോർലിക്സ് കുപ്പിയിൽ ത്രേസ്യ ചുരുട്ടി​െവച്ച കത്ത് കിട്ടിയത് അവിവാഹിതകളായ സ്ത്രീകളുടെ കുറി നടത്തുന്ന ശ്രീദേവിയമ്മക്കായിരുന്നു. കുറിയിൽ ചേരാത്തതുകാരണം അവർക്കെല്ലാ കാലത്തും ത്രേസ്യയോട് രസക്കേടായിരുന്നു. അവർ രണ്ട് വിരലുകൊണ്ട് ആ കടലാസ് നീട്ടിപ്പിടിച്ചു. കത്ത് ആത്മഹത്യക്കുറിപ്പാണെങ്കിൽ പോലീസിനെ ഏൽപിക്കണമെന്ന് ആരോ പറഞ്ഞു. കാര്യമായതെന്തോ നടക്കുന്നതറിഞ്ഞ് ജനലഴികൾക്ക് പുറത്ത് പ്രത്യക്ഷപ്പെട്ട തലകൾ അടുക്കളയിലേക്കുള്ള വെളിച്ചം കുറച്ചു.

‘‘നിങ്ങളിത് വായിക്കുമ്പോൾ ഞാൻ മണ്ണിനടിയിലായിരിക്കും.’’

ശ്രീദേവിയമ്മയുടെ കയ്യിലിരിക്കുന്ന കത്തിന്റെ ആദ്യവരി തലചെരിച്ച് വായിച്ച് താൻ ചെയ്യുന്നത് ഉചിതമാണോയെന്നറിയാൻ ചന്ദ്രൻ മാഷ് ചുറ്റുമുള്ളവരെ നോക്കി. അത് തെളിവാണെന്നും തൊടരുതെന്നുമൊക്കെ ദുർബല ശബ്ദങ്ങൾ ഉയർത്തിയവരും മാഷിന്റെ വായനയിലേക്ക് പാതി കാത് കൊടുത്തു.

‘‘എനിക്ക് പൊറുതി തരാത്ത ഒരാളും വീട്ടിലുള്ളവരേം കെട്ടിപ്പിടിച്ച് സുഖായി ഉറങ്ങാമെന്ന് വിചാരിക്കേണ്ട. എല്ലാത്തിനും കണക്കുണ്ട്. ബാക്കിയൊക്കെ ശ്രീക്കുട്ടനോട് പറഞ്ഞിട്ടുണ്ട്.

–തറമ്മൽ തെരേസ’’

കത്ത് ഹോർലിക്സ് കുപ്പിയിൽത്തന്നെ ഇടാൻ മാഷ് പറഞ്ഞു.

‘‘ആരാ ശ്രീക്കുട്ടൻ...’’ –ചോദിച്ച് തീരുംമുന്നെ ശ്രീദേവിയമ്മ ഉമിനീരിറക്കി.

‘‘ഈ ശ്രീരാഗ് തന്നെ.’’

മാഷവനെ ചൂണ്ടി. അത്രയും കണ്ണുകളെ ഒരുമിച്ച് വഹിക്കാനുള്ള ഇടം മെലിഞ്ഞ ശരീരത്തിലില്ലാത്തതുകൊണ്ട് അവനൊന്ന് ചൂളി. മച്ചിലെ ഓടിന്റെ വിടവിൽനിന്നുള്ള വെളിച്ചം ആ സമയം കൃത്യമായി അവന്റെ തലയിൽ പതിച്ചു. ആ നാട്ടുകൂട്ടത്തിനിടയിൽ തലയിൽ പ്രകാശം വഹിക്കുന്ന അത്ഭുത മനുഷ്യനാവുമെന്ന് തോന്നിയപ്പോൾ അവനിത്തിരി മാറിനിന്നു.

ശ്രീദേവിയമ്മ കുപ്പി കിട്ടിയേടത്തുതന്നെ ​െവച്ച് കൈ രണ്ടും അരയിൽ അമർത്തിത്തുടച്ചു.

‘‘നോക്കണേ ഓൾടെ ഒരു പണ്ടാരക്കത്ത്. മരിച്ചിറ്റും ആളെ പേടിപ്പിക്കാൻ നോക്ക്വോന്ന്‌. അല്ലെങ്കിലും ഇത്തിരിപ്പോലത്തെ ഈ ചെക്കന്റട്ത്ത് എന്ത് പറയാനാണ്.’’

സുധ വാതിൽക്കൽ അഴിച്ചു​െവച്ച ചെരിപ്പിട്ട് പതുക്കെയിറങ്ങി. അസുഖകരമായ ആ സന്ദർഭം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ എല്ലാവർക്കും ധൃതിയുള്ളതുപോലെ തോന്നി; അവനും.

മുതുവാനിക്കുന്നിലെ നാട്ടുഫെസ്റ്റിൽ യന്ത്രഊഞ്ഞാലിൽ കയറി ഏറ്റവും മേലെ എത്തിയപ്പോൾ ഇപ്പൊ മുള്ളും എന്ന ഘട്ടത്തിലാണ് ശ്രീരാഗ് ത്രേസ്യയെ ആദ്യമായി അടുത്ത് കാണുന്നത്. ഊഞ്ഞാലിന്റെ കമ്പിയാണെന്ന് കരുതി അവനവരുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. പോർക്കിന്റേം കൂർക്കേടേം മണം പരത്തുന്ന ക്യാരിബാഗ് അവരുടെ കൈയിലിരുന്ന് കാറ്റിൽ വിറച്ചോണ്ടിരുന്നു. ഊഞ്ഞാലിൽ ഇരുന്ന് തന്നെ ‘വീട്ടിലെ പോർക്കും കൂർക്കേം’ അവർ രണ്ടു മൂന്ന് പേർക്ക് കച്ചോടാക്കി. പിറകെ കൂടിയപ്പോൾ നാലഞ്ചുപൊതി അവന് കൊടുത്തു. ഫെസ്റ്റിലെ തിരക്കിനിടയിൽ അത് ചെലവാക്കിക്കാണിച്ചപ്പോൾ ചെറിയ കമീഷനും കിട്ടി. അവനാ പരിപാടി ഇഷ്ടപ്പെട്ടു. അന്ന്‌ തുടങ്ങിയതാണ്‌. പിന്നെ സ്‌കൂൾ വിട്ടുവന്നാൽ പൊതികെട്ടലും ഉപ്പുനോക്കലുമൊക്കെയായി ത്രേസ്യേടെ കൂടെയായി.

അപൂർവമായേ ത്രേസ്യ മനുഷ്യരെക്കുറിച്ച് സംസാരിച്ചിരുന്നുള്ളൂ. തിരുവല്ലയിലുള്ള പഴയ വീടിനെക്കുറിച്ച് എപ്പോഴോ ഒന്നുരണ്ടുതവണ പറഞ്ഞു. അവിടത്തെ മരസാമാനങ്ങൾ തിന്നുന്ന ചിതലിനെക്കുറിച്ചും വാതിൽ തുറന്നിട്ടാൽ വീട്ടിലേക്ക് പാറിക്കേറുന്ന വയലറ്റ് കഴുത്തുള്ള ഒരു കിളിയെക്കുറിച്ചും ആൺകുട്ടികൾ മാത്രം ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിനെക്കുറിച്ചും എപ്പോഴും കലക്കവെള്ളമുള്ള കുളത്തെക്കുറിച്ചുമുള്ള വർത്തമാനങ്ങളിൽ മനുഷ്യസാന്നിധ്യം ഇല്ലാതിരിക്കാൻ ത്രേസ്യ പ്രത്യേകം ശ്രദ്ധിച്ചു.

ഓർഡറുകൾ കൂടുതൽ കിട്ടിത്തുടങ്ങിയതോടെ ‘തെരേസാസ് ഹോം ഫുഡ്’ എന്നൊരു ബോർഡ് വീടിനു മുന്നിൽ തൂങ്ങി. കൂലിയുറപ്പിച്ച് ശ്രീരാഗിനെ വീട് വൃത്തിയാക്കാൻ വിളിച്ചു. കിടപ്പുമുറിയിലെ ഒരലമാര നിറച്ചും പുസ്തകങ്ങളായിരുന്നു. തൊടാൻ സമ്മതിച്ചില്ല.

‘‘പതുക്കെ തട്ടെടാ... ചൂല് വന്ന് മണ്ടേല് വീഴുമ്പോ ചിലന്തീം വിളിക്കും ദൈവമേ... ദൈവമേ...ന്ന്.’’

ചുമരിലെ മാറാല തട്ടുമ്പോ ത്രേസ്യയുടെ ഡയലോഗ് കേട്ടിട്ട് അവനങ്ങ് ചിരി വന്നു.

‘‘അത്‌ ശരി... അപ്പോ ഈ പന്നിക്കുട്ടന്മാരല്ലും യുക്തിവാദികളാ..?’’ -കച്ചോടത്തിന് റെഡിയായിരിക്കുന്ന പോർക്ക് പൊതികളെ ചൂണ്ടി ചോദിച്ചപ്പോൾ ത്രേസ്യയും കൂടെ ചിരിച്ചു. മേൽവരിയിൽ രണ്ടിടത്തും അവർക്ക്‌ അണപ്പല്ലുകളില്ലെന്ന് അന്നേരമവൻ കണ്ടു.

‘‘അവരെന്നാ നിന്നോട് എപ്പും കുനുകുനൂന്ന് പറീന്ന്‌. താഴെക്കണ്ടത്തിക്കൂട പോകുമ്പം അറ്റോം മൂലേം കൊർച്ച് കേക്കാം. നമ്മളെന്തെങ്കും ചോയ്‌ച്ചാ മിണ്ടൂലല്ലാ.’’

ശ്രീരാഗിനെ കാണുമ്പോഴൊക്കെ ദിനേശൻ ചോദിക്കും. അയാൾക്ക് ടൗണിൽ ഹോട്ടലുണ്ട്. അവിടെയാണ് ത്രേസ്യ പാലുകൊടുക്കുന്നത്.

‘‘അധികം അട്‌പ്പിക്കണ്ട. ഒന്നാമത് തെക്കത്തി. പോരാത്തേന് ക്രിസ്ത്യാനീം. നമ്മളെയല്ലും വിറ്റ പൈസ കൈയിമലുണ്ടാവും.’’

ദിനേശൻ അവന്റെ തോളത്തൊന്നുതട്ടി നടക്കുന്നതിനിടെ തിരിഞ്ഞുനിന്നു പറഞ്ഞു:

‘‘ആ പോർക്ക് കറി വേണെങ്കിൽ ഹോട്ടലീ കൊടുക്കാം. ഞാൻ ചോദിച്ചൂന്ന് പറ.’’

‘‘വേണ്ട.’’ –‘വീട്ടിലെ പോർക്കും കൂർക്കേം’ വലിയ രണ്ട് ബിഗ്ഷോപ്പർ ബാഗിലാക്കി ത്രേസ്യ ഇറയത്ത് വെച്ചു.

‘‘പുലരി ടെക്സ്റ്റയിൽസ്, തിരുവല്ല –നിങ്ങളിയ്‌നെടക്ക്‌ നാട്ടില് പോയാ?’’

ബിഗ്ഷോപ്പറിലെ പേര് കണ്ടപ്പോൾ അവൻ ചോദിച്ചു.

ത്രേസ്യ മറുപടി പറയാതെ വീടിന്റെ ജനലും വാതിലും അടച്ച് പുറത്തിറങ്ങി.

‘‘അപ്പം പ്രേമക്കേസില്‌ നാടുവിട്ടതാന്ന് ആൾക്കാര് പറയുന്നേല് എന്തോ ഇണ്ടല്ലേ...’’

കച്ചവട സംബന്ധമായ കാര്യങ്ങളല്ലാത്തൊരു സംഗതി ആദ്യമായായിരുന്നു അവനവരോട് ചോദിക്കുന്നത്.

‘‘ഓ... എനിക്ക് പ്രേമോം ഇല്ല കേസും ഇല്ല. അല്ലെങ്കിൽത്തന്നെ പ്രേമവും കേസും തമ്മിൽ എന്ത് കണക്ഷൻ.’’

പുലരി ടെക്സ്റ്റൈൽസിന്റെ രണ്ട് ബാഗുകളുമെടുത്തിറങ്ങാൻ ത്രേസ്യ ആയാസപ്പെടുന്നത് കണ്ടപ്പോൾ അവൻ താങ്ങാൻ കൂടി.

‘‘പിന്നൊരു ക്രഷുണ്ടാരുന്നു. കടമറ്റത്ത് കത്തനാരോട്. പണ്ട് ഏഷ്യാനെറ്റിൽ വന്നിരുന്ന സീരിയലിലെ നല്ല സ്റ്റൈലൻ താടിയൊക്കെയുള്ള പുള്ളിക്കാരൻ. ഒരു ദിവസം മാസികേല് അങ്ങേരുടെ ഒരു ഇന്റർവ്യൂ വന്നു. കൂടെ ടീഷർട്ടും ജീൻസും ഇട്ടുള്ള പടവും. ശൂ...ന്ന് പറഞ്ഞ് എന്റെ ക്രഷങ്ങ് പോയി. അതോടെ മനസ്സിലായി പുള്ളീനോടല്ല ആ ളോഹയോടാരുന്നു എനിക്ക് പ്രേമംന്ന്.’’

‘‘വിട്ടേക്ക്, ഇതെനിക്ക് പിടിക്കാവുന്നതേയുള്ളൂ.’’

അവന്റെ കൈവിടുവിച്ച് പടികളിറങ്ങുമ്പോൾ ത്രേസ്യ കൂട്ടിച്ചേർത്തു:

‘‘പണ്ടാരോ പറഞ്ഞപോലെ പ്രണയം അത്രമേൽ ഹ്രസ്വം, എന്നാ പോർക്കും കൂർക്കേം അതിലുമെത്രയോ ദീർഘം.’’

ഇതൊക്കെ ആര് എവിടെ പറഞ്ഞെന്ന് ത്രേസ്യ ജീവനോടെയിരിക്കുമ്പോൾ ചോദിച്ച് മനസ്സിലാക്കാത്തതിന്റെ കുറ്റബോധം പിന്നെയാണ് അവന് തോന്നിത്തുടങ്ങിയത്.

അനാഥരായ പശുക്കളെ കൊണ്ടുപോകാൻ പഞ്ചായത്തുകാര് വന്നനേരം തൊഴുത്തിൽ ഒരെണ്ണം മിസ്സിങ് ആയിരുന്നൂന്ന് പിന്നീടറിഞ്ഞു. ഉള്ള രണ്ടെണ്ണത്തിനെ മൂന്നാലുപേരുകൂടി കയറിട്ട് വലിച്ചാണ് വണ്ടീൽ കേറ്റാനായത്. പശുക്കൾ പോയപ്പോൾ ഒരു ചാക്ക് കൂർക്കയും അരച്ചാക്ക് ഉള്ളിയും എന്തൊക്കെയോ അൽക്കുൽത്ത് സാധനങ്ങൾ നിറച്ച ഒരു പെട്ടിയും രണ്ട് അലമാരയും തൊഴുത്തിലെത്തി. പാതി തുറന്ന അലമാരയുടെ വിടവിലൂടെ ഹാർഡ്ബൗണ്ട് കവറുള്ള ഒരു പുസ്തകത്തിന്റെ കീറിയ ചട്ട മാത്രം പുറത്തേക്ക് തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. ശ്രീരാഗ് ഒരു കമ്പെടുത്തെറിഞ്ഞപ്പോൾ നിലത്ത് ചാരിവച്ച ‘തെരേസാസ് ഹോം ഫുഡ്’ എന്ന ബോർഡിനരികെ അത് ചിറകുവിരിച്ച് വീണു.

‘‘പോലീസുകാര് എന്തെങ്കിലും ചോയ്‌ച്ചോ?’’

വീട് പുനരുദ്ധാരണത്തിന്റെ അവസാന റൗണ്ടിൽ ത്രേസ്യയുടെ അടുക്കളപ്പാത്രങ്ങളടക്കം തൊഴുത്തിലേക്ക് മാറ്റുകയായിരുന്നു ഉടമസ്ഥനായ മോഹനൻ.

‘‘ഇല്ല.’’

‘‘അല്ലെങ്കിലും വട്ട് മൂത്തിറ്റ്‌ ഓരോന്ന് എഴ്‌തി വച്ചേന് പോലീസ് എന്ത് ചോയ്‌ക്കാനാ അല്ലേ...’’

നന്നായൊന്ന് കഴുകിയാൽ ചിക്കൻ കറി വെക്കാനെടുക്കാന്ന് പറഞ്ഞ് ത്രേസ്യയുടെ വലിയ പിടിയുള്ള ഇരുമ്പിന്റെ ചട്ടി അയാൾ മുറ്റത്തെ അതിരിലേക്ക് മാറ്റി​െവച്ചു. ബാക്കിയെല്ലാം തൊഴുത്തിലേക്കിട്ടു.

ത്രേസ്യ താമസിക്കുമ്പോൾ ആ വീടിന് ത്രേസ്യയുടെ ഛായയുള്ളതുപോലെ ശ്രീരാഗിന്‌ തോന്നിയിരുന്നു. ഒരു നന്ദിയുമില്ലാത്ത വീട്. എത്ര പെട്ടെന്നാണ് മറ്റൊരാൾക്ക് വഴങ്ങിക്കൊടുക്കുന്നത്. അയാളുടെ പണി കഴിയുന്നതുവരെ അതിരിലെ തെങ്ങുംചാരി അവനവിടെത്തന്നെ നിന്നു.

‘‘നിങ്ങള് വീടൊഴിയാൻ പറഞ്ഞിനല്ലേ.’’

മോഹനൻ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. അയാൾ പെട്ടെന്ന് പണി നിർത്തി അവന്റടുത്തേക്ക് ചെന്നു.

‘‘അവരങ്ങനെ നിന്റട്ത്ത് പറഞ്ഞോ?’’

അവൻ മറുപടി പറയാതെ മേൽപോട്ട് നോക്കി. നല്ല കാഫലമുള്ള തെങ്ങെന്ന് കണ്ണ് ​െവച്ചു.

‘‘ശ്രീരാഗെ അവരെന്നാ പറഞ്ഞെ?’’

മോഹനൻ ചോദ്യം ആവർത്തിച്ചു.

‘‘കാര്യായിറ്റൊന്നും പറഞ്ഞില്ല. വാടക കൂട്ടീന്നോ അഡ്വാൻസ് തിരിച്ച് കൊടുക്കില്ലാന്നോ തൊഴുത്തിന് തീ വെക്കൂന്നോ... അങ്ങനെയെന്തൊക്കെയോ...’’

‘‘എന്റെ പറശ്ശിനി മുത്തപ്പാ! ഞാനങ്ങനൊന്നും പറഞ്ഞിറ്റില്ല.’’

മോഹനൻ നെഞ്ചിൽ കൈ​െവച്ച്‌ പറഞ്ഞു. അവരുടെ സംസാരം പുറത്താരോ ഒളിഞ്ഞിരുന്ന് കേൾക്കുന്നതുപോലുള്ള പരവേശം അയാൾ കാണിച്ചു. സംസാരിക്കുന്നതിനിടയിൽ പലതവണ പുറംവളപ്പിലേക്ക് കണ്ണുപാഞ്ഞു.

‘‘ഏതോ നാട്ടീന്ന് വന്നിറ്റ് ഒറ്റക്ക് നിക്കുന്ന പെണ്ണുങ്ങളെ നമ്മളല്ലേ സഹായിക്കണ്ടെ... ഞാനതേ വിചാരിച്ചിറ്റില്ലൂ. അതോണ്ടല്ലേ വീട് കൊടുത്തത്. പക്ഷേ ഈടെ താമസം തുടങ്ങുമ്പം ബിസിനസിന്റെ കാര്യൊന്നും പറഞ്ഞിറ്റില്ലേനും. ഈ പോർക്ക് പരിപാടിയൊന്നും അമ്മക്കിഷ്ടല്ല.. അതോണ്ട് സാവകാശം കൊർച്ചൂടെ സൗകര്യുള്ള വേറൊരു വീട് നോക്കാനാ പറഞ്ഞെ.’’

അവൻ ശരിയെന്ന് പറഞ്ഞിറങ്ങി.

‘‘എടാ ഇതൊന്നും പോയി പോലീസിനോട് പറഞ്ഞക്കല്ലേ ട്ടാ...’’

ആ പറമ്പ് കടക്കുന്നതിന് മുന്നേതന്നെ മാറ്റി​െവച്ച ഇരുമ്പുചട്ടി തൊഴുത്തിലുപേക്ഷിച്ച പാത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേരുന്ന ശബ്ദം കേട്ടു.

ഉടമസ്ഥയെ കാണാതിരിക്കുമ്പോഴുള്ള വെപ്രാളത്തിനിടെ മോഷ്ടിക്കപ്പെടുകകൂടി ചെയ്ത ത്രേസ്യയുടെ പശുവിനെക്കുറിച്ച് വൈകീട്ട് വീട്ടിലിരുന്ന് പാൽച്ചായ കുടിക്കുമ്പോൾ അവനോർത്തു. ഒരു കരച്ചിൽ കേട്ടതുപോലെ തോന്നി. ആ പശു തന്നെയാവണം. ആ... എവിടേലും പോയി പുല്ലുതിന്ന് പെഴയ്ക്കട്ടെ.

‘‘ഒറ്റക്കാണോ വർത്താനം?’’

സുധ ഉമ്മറത്തുവന്നത് അവനപ്പോഴാണ് കണ്ടത്.

‘‘നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞാ?’’

‘‘ഓ.’’

‘‘പാസാവില്ലേ.’’

‘‘ഓ.’’

‘‘എത്ര എ പ്ലസുണ്ടാവും.’’

‘‘നിങ്ങള്‌ കാര്യം പറ സുധേച്ചീ’’

അവന് ക്ഷമ നശിച്ചു.

‘‘അവരെന്നാ പറഞ്ഞെ?’’

‘‘ആര്?’’

‘‘ആ ത്രേസ്യ.’’

‘‘എന്ത് പറയാൻ?’’

‘‘നിന്നോടെന്തോ പറഞ്ഞൂന്ന് ആ കത്തിലുണ്ടല്ലോ.’’

‘‘ആ...’’

ശ്രീരാഗ് ടീപോയിൽ ​െവച്ച ഗ്ലാസെടുത്ത് വെറുതെ കറക്കി. രണ്ടു കറക്കം കഴിഞ്ഞ് നോക്കിയപ്പോൾ സുധ തോളിലിട്ട തോർത്തുകൊണ്ട് കണ്ണൊപ്പുന്നതു കണ്ടു.

‘‘എനിക്ക് ഓളോട് ദേഷ്യൊന്നും ഇല്ലേനും. പക്ഷെ സ്വഭാവം നന്നല്ലെങ്കിൽ അത് പറയണ്ടെ. അതേ ചെയ്‌തിറ്റുള്ളൂ...’’

അവർ മുഖവും തലയും തുടച്ചപ്പോൾ നേരത്തെ കണ്ട ഒന്നുരണ്ട് നരകൾ പെട്ടെന്ന് കാണാതായി.

‘‘സ്വഭാവത്തിനെന്തായ്‌രുന്നു കൊഴപ്പം?’’

‘‘അതൊന്നും ചെറിയ പിള്ളമ്മാരോട് പറയാൻ കൊള്ളൂല. ആണുങ്ങള് ആ വഴി പോവുമ്പം തൊഴുത്തിലവള് പ്രേമപ്പാട്ട്‌ വെക്കും.’’

‘‘പാട്ട് എപ്പളും ഇണ്ടല്ലോ... അയ്‌ലൊരു പശു വിദ്യാസാഗർ ഫാനേനും.’’

‘‘ഒലക്ക!’’

സുധ തോർത്ത് കുടഞ്ഞ് എഴുന്നേറ്റു.

‘‘എടാ.. നീ മൊളച്ച് വരുന്നല്ലേയില്ലൂ. അതോണ്ടായ്‌രിക്കും വെറ്‌തെ വിട്ടത്. തലനാരെഴക്ക് രക്ഷപ്പെട്ടൂന്ന് വിചാരിച്ചാ മതി.’’

അവനുറക്കെ ചിരിച്ചത് അവർക്ക് ഒട്ടും പിടിച്ചില്ല. മരിച്ചെങ്കിൽ കണക്കായിപ്പോയെന്ന് അവസാനം പറഞ്ഞത് ഇത്തിരി നൊന്തെങ്കിലും അവനത് പുറത്ത് കാണിച്ചില്ല. പക്ഷെ ഒരു മടിയുമില്ലാതെ പുതിയ റോസായുടെ ഒരു കമ്പുകൂടി അവർ പൊട്ടിച്ചത്‌ ശ്രീരാഗിനെ പ്രകോപിപ്പിച്ചു.

‘‘നിങ്ങള്‌ ത്രേസ്യേച്ചീന്റെ പ്രൈവസീൽ കേറി സിഐഡി കളിച്ചതല്ലും എനക്കറിയാ ട്ടാ...’’

ഹരിതകർമസേനക്കാർക്ക്‌ കൊടുക്കാൻ ത്രേസ്യ ചാക്കിൽ കെട്ടി​െവച്ച പ്ലാസ്‌റ്റിക്‌ വേസ്‌റ്റിൽനിന്ന്‌ മരുന്ന്‌ സ്‌ട്രിപ്പ്‌ തപ്പിയെടുത്ത്‌ ഡിപ്രഷനുള്ള മരുന്നാണെന്ന്‌ കണ്ടുപിടിച്ച്‌ അവർക്ക്‌ തലക്ക്‌ സുഖമില്ലാന്ന്‌ നാടുനീളെ പ്രചരിപ്പിച്ച കാര്യം അവൻ ഓർമിപ്പിച്ചു.

‘‘എന്റെ പൊന്നുമോനേ... അസുഖക്കാരിയാന്നോന്ന്‌ നോക്കാൻ ശ്രീദേവിയമ്മയാ പറഞ്ഞെ. അങ്ങനെ എന്തെങ്കിലും ഇണ്ടെങ്കിൽ നാട്ടുകാരറിയണ്ടേ... ഞാൻ മരുന്നെടുത്ത്‌ നോക്കിയതല്ലും ഓളറിഞ്ഞിനീ..?’’

‘‘പിന്നെ അറിയാണ്ട്...’’

സുധ നിന്ന്‌ വിയർത്തു.

‘‘പോലീസ് വരോ?’’

അവനൊന്നും മിണ്ടിയില്ല. കുറച്ച് കാലം പേടിച്ചിരിക്കട്ടെ. തിരിച്ചുപോകുമ്പോൾ റോസക്കമ്പ് മറന്നുവെച്ചകാര്യം പറയാൻ വിളിച്ചെങ്കിലും അവർ കേട്ടില്ല.

ത്രേസ്യയുടെ തൊഴുത്തിനടുത്തേക്ക് പോകാൻ അവന് പിന്നീട്‌ തോന്നിയില്ല. ആ പുസ്തകങ്ങളും പാത്രങ്ങളും മോഹനൻ എന്ത് ചെയ്തിട്ടുണ്ടാവും. കുറേ ആലോചിച്ചു. പിന്നെ ആലോചിക്കണ്ടാന്നും ​െവച്ചു. വയസ്സറിയിക്കാൻ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂയെങ്കിലും ഉള്ളിലൊരു വൃദ്ധൻ വഴിതെറ്റിക്കേറിയതുപോലെ അവൻ കുറേക്കാലം പിത്തംപിടിച്ചിരുന്നു. തെരുവൻപാടത്തെ കലുങ്കിലിരിക്കുമ്പോൾ പരിചയമില്ലാത്ത പലരും ശ്രീരാഗേന്ന് വിളിച്ച് വരും. പലതും പറയും. എല്ലാവരും വയസ്സിന്‌ മൂത്തവര്‌. പാടത്തിന്ററ്റത്തെ തെങ്ങിൽ കെട്ടിയിട്ട പയ്യിനെപ്പോലെ അവരുടെ സംസാരങ്ങളിലെല്ലാം അറ്റത്ത്‌ ത്രേസ്യയുണ്ടാവും. ഫോണിലവൻ തിരുവല്ലയിലേക്കുള്ള ദൂരം നോക്കിയപ്പോൾ മുതുവാനിക്കുന്ന് കടന്നാൽ മുന്നൂറ്റമ്പത് കിലോമീറ്റർ എന്നു കണ്ടു. അത്രയും അകലെ ഭൂമി തുരന്ന് കിടക്കുന്ന ത്രേസ്യ പോലും അവരുടെ പൂർവജീവകാലം മറന്നിരിക്കാനാണ് സാധ്യത. പക്ഷെ കൊയ്‌ത്ത്‌ കഴിഞ്ഞ്‌ അടുത്ത നടീലിന്‌ നേരമായിട്ടും തിരുവല്ലാക്കാരിയുടെ മരണം ഇടവിളപോലെ അവരുടെ പാടത്ത്‌ തങ്ങിനിന്നു.

ദിനേശൻ വിളിച്ചിട്ടാണ് ശ്രീരാഗ് ഹോട്ടലിൽ ചെന്നത്. വെക്കേഷൻ കഴിയുന്നതുവരെ കൈയാളായി കൂടാൻ പറഞ്ഞപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. മേശ തുടച്ചിട്ടോ ഓർഡർ എടുത്തിട്ടോ ഉള്ളിയരിഞ്ഞിട്ടോ വേണ്ടില്ല, കലുങ്കിനുമുകളിലെ അകാല വാർധക്യത്തിൽനിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു അവന്. ബസ് സ്റ്റാൻഡിന്റെ പിറകിലെ അത്യാവശ്യം തിരക്കുള്ള ഹോട്ടലായിരുന്നെങ്കിലും പ്രത്യേകിച്ച് പണിയൊന്നും ഇല്ല. മാർക്കറ്റിൽ കൂടെപ്പോണം. ഊണിന് ആളധികമുണ്ടെങ്കിൽ കൂപ്പൺ കൊടുക്കണം. രാവിലെയാണ് നല്ല കച്ചോടം. ഡ്രൈവർമാരും കൂലിപ്പണിക്കാരും പരദേശികളും ചേർന്നൊരു സ്ഥിരം കൂട്ടം ആ സമയത്തുണ്ട്. മിക്കതും പറ്റ്. ദിനേശൻ നാട്ടിലെപ്പോലെയല്ല, അവിടെ വലിയ ഉദാരനായിരുന്നു. ബാക്കി വരുന്ന ഊണ് –വയ്യാത്ത കാലുംകൊണ്ട് സ്റ്റാൻഡിൽ ഭിക്ഷയെടുക്കുന്ന മൂന്ന് പേരുണ്ട്– അവർക്ക് കൊടുക്കും. മാസത്തിൽ ഒരു തവണ അനാഥമന്ദിരങ്ങളിൽ ഭക്ഷണവിതരണവുമുണ്ട്.

‘‘നിങ്ങക്കിത് മൊതലാവോ’’

അവനതൊരു അത്ഭുതമായിരുന്നു.

‘‘ഓ.. എനക്ക് മൊതല് മാത്രം കിട്ട്യാ മതിയെടാ. ലാഭം ഒക്കെ ആട്ന്ന് തെരും.’’

അയാൾ ആകാശത്തോട്ട് ഭക്തിനിർഭരം നോക്കി.

രാത്രി ഒമ്പതോടെ ഹോട്ടലടക്കും. വീട്ടിൽ പോവാത്ത ദിവസം അവിടെയിരുന്ന്‌ രണ്ടെണ്ണം അടിക്കും. സ്‌പ്രൈറ്റോ ലൈമോ കൊടുത്ത്‌ അവനെയും കൂടെയിരുത്തും.

‘‘മൂന്ന് പൈക്കളെ പാല് കിട്ടിക്കോണ്ടിരുന്നെ ഒറ്റ്യടിക്ക് ഇല്ലാണ്ടായി.’’

റമ്മിന്റെ കുപ്പിയിലെ മൊട്ടത്തലക്കാരനെ തടവിക്കൊണ്ടിരിക്കെ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ത്രേസ്യയുടെ വിഷയം ദിനേശൻ എടുത്തിട്ടത്‌. തൊഴുത്തിലെ പശുവിനെ ആരും മോഷ്ടിച്ചതല്ലെന്നും അത് സ്വമേധയാ ചാടിപ്പോയതാണെന്നും പഞ്ചായത്ത് കണ്ടെത്തി ഏറ്റെടുത്തെന്നും അയാൾ പറഞ്ഞു.

‘‘പാലൊക്കെ നല്ലയന്നെ. പക്ഷെ ആ കൂർക്കപ്പൊതീല് എനിക്ക്‌ കൊർച്ച്‌ ഡൗട്ട് ഉണ്ടേനും. അത് ഞാൻ മെമ്പറോട്‌ സൂചിപ്പിക്കൂം ചെയ്‌തു.’’

‘‘എന്ത് ഡൗട്ട്. ഞാനും കൂടിയല്ലേ പൊതി കെട്ടിയെ...’’

‘‘എടാ ഇത്പോലെ സംശയം തോന്നാണ്ടിരിക്കാനാന്ന്‌ നാട്ടില് ഇത്രേം പേരുണ്ടായിറ്റും നിന്നപ്പോലൊരു കുട്ടിച്ചെർക്കനെ മാത്രം അവര് വീട്ടീക്കേറ്റിയെ. ഈ പോർക്കും കൂർക്കേം ഏട്‌ത്തേക്കാ കൊട്‌ക്ക്‌ന്നെ. ഇങ്ങോട്ട്‌ ചോയ്‌ച്ചപ്പോ തന്നില്ലല്ലോ.’’

‘‘അത് കുടുംബശ്രീക്കാർക്കാ.’’

‘‘പിന്നേ, എന്ത്‌ കുടുംബം. ഡ്രഗ്‌ കച്ചോടാറ്റം ആണോന്ന്‌ ആരിക്കറിയാ. ഞങ്ങളതൊന്ന്‌ അന്വേഷിക്കാൻ നിക്ക്വേനും. അപ്പത്തേക്കല്ലേ ഓള്‌ പണി പറ്റിച്ചെ.’’

‘‘അതന്വേഷിക്കാനാന്നോ നിങ്ങള്‌ പണ്ണേരി ഉത്സവത്തിന്റെ തലേരാത്രി വീട്ടീച്ചെന്നത്‌. ത്രേസ്യേച്ചി പറഞ്ഞിനി.’’

കള്ളിന്‌ കൂട്ടാൻ ​െവച്ച എല്ലില്ലാത്ത ഇറച്ചി പൊരിച്ചത്‌ ഒരെണ്ണമെടുത്ത്‌ അവൻ കടിച്ചു. ‘‘ഓറ്‌ നിങ്ങടെ മോന്തക്കടിച്ചിനല്ലേ...’’ പറഞ്ഞുതീരുംമുമ്പേ അതോർത്ത്‌ അവന് ചിരിവന്നു. ഒപ്പം നിന്നാ ത്രേസ്യയുടെ നെഞ്ചോളമേയുള്ളൂ ദിനേശൻ. കവിളു കാഞ്ഞിട്ടുണ്ടാവും.

ദിനേശൻ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി പുറത്തേക്ക്‌ നോക്കിനിന്നു. ബസ് സ്‌റ്റാൻഡിലേക്ക്‌ പാഞ്ഞുപോയ ഒരു സിറ്റി ബസിന്‌ പിന്നാലെ കുറേ പേർ ധൃതിപിടിച്ചോടി.

‘‘നീ ഓൾടെ നൊട്ടും നൊണയും മനസ്സില്‌ വെച്ചിരിക്കോന്നല്ലേ.’’

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അയാൾ അവനടുത്തേക്കുതന്നെ വന്നു. പ്ലേറ്റിൽനിന്ന്‌ ഒരു കഷണം ഇറച്ചിയെടുത്തു. പിന്നെയത്‌ അവിടെത്തന്നെ ​െവച്ചു.

ഇക്കാര്യം നാട്ടിലാരോടെങ്കിലും പറഞ്ഞാ ചുക്കാമണി ചെത്തുംന്ന്‌ ഉറക്കം വന്ന്‌ എഴുന്നേറ്റ്‌ പോകുമ്പോൾ അയാൾ ശ്രീരാഗിനോട് പറഞ്ഞു. കളിയായിട്ടായോണ്ട്‌ കേൾക്കാത്തതുപോലെ അവൻ നടന്നു. പിന്നെ കുറച്ച് ദിവസം ഹോട്ടലിലേക്ക് പോവാതെ അവൻ വീട്ടിൽത്തന്നെയിരുന്നതിന് മേൽപറഞ്ഞ സംഭവവുമായി ബന്ധമൊന്നുമില്ല. പോവാൻ തോന്നിയില്ല, അത്രതന്നെ.

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ചെന്നു. ദിനേശൻ കൗണ്ടറിലിരിക്കുകയായിരുന്നു.

‘‘വന്നാ.. നീ മുങ്ങീന്ന് വിചാരിച്ചു.’’

അവൻ മേശക്കരികിൽ ചാരിനിന്നു. അയാൾ ഊട്ടുന്ന മൂന്ന് ഭിക്ഷാംദേഹികൾ അവിടെ കഴിക്കുന്നുണ്ടായിരുന്നു. അവരുടെ ശാപ്പാട് കഴിഞ്ഞപ്പോൾ അവരിരുന്നു.

‘‘ഇവനാ പോർക്ക് വറ്റിച്ചത് കൊടുക്ക്.’’

വിളമ്പുകാരൻ ചെറിയൊരു പിഞ്ഞാണത്തിൽ കറികൊണ്ടു​െവച്ച് പോയപ്പോൾ ദിനേശൻ ഒരു കഷണമെടുത്ത് വായിലിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു:

‘‘ഓള് തുണി മാറ്ന്ന കണ്ടിറ്റിണ്ടാ?’’

‘‘ഇല്ല.’’ –അവൻ പെട്ടെന്ന് പറഞ്ഞു.

അയാൾ അട്ടഹസിച്ച് ചിരിച്ചു. ‘‘അയ്ന് ഞാൻ ആരെ കാര്യാന്ന് പറഞ്ഞില്ലല്ലാ!’’

ശ്രീരാഗിന് അയാളോട് വലിയ വെറുപ്പ് തോന്നി. സൽക്കാരം സ്വീകരിച്ചതിന് തന്നോടും.

‘‘എന്നാ ഞാൻ കണ്ടിറ്റിണ്ട്.’’

വലിയൊരുരുള വായേലിടുന്നതിന്റെ തൊട്ടുമുൻപ് അയാൾ പറഞ്ഞു. അവനോട് കഴിക്കാനും തലകൊണ്ട് കാണിച്ചു. ചോറവന്റെ തൊണ്ടേൽ തടഞ്ഞു. ത്രേസ്യയെ ഓർത്തപ്പോൾ ബേജാറ് കേറി. അവിടെ വീണ്ടും വന്നതെന്തിനാണെന്നോർത്ത് ചോറ് ചിക്കിയിരുന്നു. വരാൻ പാടില്ലായിരുന്നു.

‘‘തിന്നെടാ.’’ –അയാൾ വീണ്ടും പറഞ്ഞു.

 

പിറ്റേന്ന് ഹർത്താലായതിനാൽ അന്ന്‌ കട നേരത്തെയടച്ച് സാധനങ്ങൾ ഒതുക്കേണ്ടതുണ്ടായിരുന്നു. രാത്രി പണിക്കാരെല്ലാം പോയപ്പോൾ ദിനേശൻ വീണ്ടും അടുത്ത് വന്നു. അവന് നെഞ്ചിടിച്ചു. ത്രേസ്യയെക്കുറിച്ചുള്ള വർത്തമാനങ്ങളൊന്നും അയാളുടെ നാവിൽ വരല്ലേയെന്ന് അവൻ പ്രാർഥിച്ചു.

‘‘നീയിണ്ടെങ്കിൽ എനക്കൊരാശ്വാസാന്ന്. അയ്റ്റിങ്ങളെയൊന്നും വിശ്വസിച്ചൂട. കണ്ണ് തെറ്റിയാ കട്ടോണ്ട് പോവും.’’

‘‘അടുത്താഴ്ച തൊട്ട് സ്കൂള്ണ്ട്.’’

‘‘പൊയ്ക്കോടാ. ഞാൻ പറഞ്ഞൂന്നെയില്ലൂ.’’

കണക്ക് കൂട്ടാനിരുന്നപ്പോഴും അവനടുത്തയാൾ വട്ടംചുറ്റി നിന്നു. ദിനേശന്റെ വായിലെ ചൂടുള്ള കാറ്റ് അവന്റെ ചെവിയിലടിച്ചു.

‘‘ഓളെ മൊല പിടിച്ചിറ്റിണ്ടാ?’’

അവന് ഓക്കാനം വന്നു. ഉച്ചക്ക്‌ കഴിച്ച പന്നി അന്നനാളത്തിൽ തൂങ്ങി മേലോട്ട്‌ കേറാൻ തുടങ്ങി.

‘‘പറ. ഞാനാരോടും പറയൂല.’’

അവന്റെ കുനിഞ്ഞ മുഖം അയാൾ പിടിച്ചുയർത്തി.

‘‘ഉണ്ടാ?’’

അവൻ ഇല്ലെന്ന് തലയാട്ടി. അയാൾ പരിഹസിച്ച് ചിരിച്ചു.

‘‘ഇത്ര കാലം ഒപ്പരം നടന്നിറ്റും എന്തിന് കൊള്ളാടാ’’

ശ്രീരാഗ് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

‘‘അതെന്ത്‌ പരിപാടി. പെണങ്ങിപ്പോവാന്നോ’’

അയാൾ മേശമേൽ കാലുകേറ്റി​െവച്ച്‌ ഈർക്കിലെടുത്ത്‌ പല്ലിൽ കുത്തി.

‘‘ഓള്‌ തുണി മാറ്‌ന്നതെപ്പാ കണ്ടേന്നറിയോ’’

അവൻ ഫുട്‌പാത്തിലിറങ്ങി നിന്നു. ഇരുട്ടത്തവന് കാഴ്ച പാതിയാണ്. അതുകാരണം ഹോട്ടലും ഫുട്പാത്തും തമ്മിലുള്ള അകലം പിടികിട്ടിയില്ല. അവിടെ മൂടിപ്പുതച്ചുറങ്ങുന്നൊരാളുടെ കൈയിലോ കാലിലോ അറിയാതെ ചവിട്ടിപ്പോയപ്പോൾ അയാൾ മുട്ടനൊരു തെറി പറഞ്ഞിട്ട് തിരിഞ്ഞുകിടന്നു. പണ്ണേരിയിലെ ഉത്സവപ്പറമ്പിൽ പുലർച്ചെ ക്ഷീണിച്ച് കിടന്നുറങ്ങുന്ന ചെണ്ടക്കാരെ പണ്ടിതുപോലെ ചവിട്ടി. എന്തായിരുന്നു ബഹളം. അന്ന്‌ ത്രേസ്യ പൊതിഞ്ഞുപിടിച്ചില്ലായിരുന്നെങ്കിൽ അവരവന്റെ പുറത്ത്‌ കൊട്ടിയേനെ.

‘‘അയ്റ്റിങ്ങളെയൊന്നും ചവിട്ടാണ്ട് ഇങ്ങ്‌ വാടാ.’’

ശ്രീരാഗ് നോക്കി. ഷട്ടറ് പാതി താഴ്ത്തിവെച്ചിട്ട് അതിനകത്ത്‌ നിൽക്കുകയാണ് ദിനേശൻ.

‘‘ഇങ്ങ് വാടാ ഒരു രഹസ്യം പറയാ.’’

രഹസ്യത്തിലേക്കുള്ള വാതിൽ തുറന്നിട്ടതുകൊണ്ടല്ല, ദിനേശന്റെ അടുത്തേക്ക് നടക്കാനാണ് അപ്പോൾ ശ്രീരാഗിന് തോന്നിയത്. പാതി താഴ്ന്ന ഷട്ടറിനിരുവശവും അവർ മുഖാമുഖം നോക്കി. ത്രേസ്യയുടെ നീളൻ കൈവിരലുകളുടെ പ്രേതം പതിഞ്ഞുകിടക്കുന്നതുപോലെ അയാളുടെ നരച്ചുതുടങ്ങിയ താടിയിൽ പലയിടത്തും വിടവുകളുള്ളതായി അടുത്തുനിന്ന് കണ്ടപ്പോൾ അവന് തോന്നി. ഒന്ന് കുനിഞ്ഞ് ഉള്ളിലേക്ക്‌ കേറാൻ തുടങ്ങുന്നതിനിടയിൽ അയാൾ പറഞ്ഞു:

‘‘തുണിയില്ലാണ്ട് ഓളെയൊന്ന് കാണണം. ആറ്റൻ ഐറ്റം!’’

ഇതുകേട്ടതും തൊട്ടടുത്ത നിമിഷത്തിൽ ശ്രീരാഗിന്റെ വലംകൈ മേലോട്ട് കുതിച്ച് ഷട്ടറിൽ പിടിച്ചു, അതേ വേഗത്തിൽ താഴേക്ക് വലിച്ചു. ഇരുമ്പിന്റെ കനം ദിനേശന്റെ ശിരസ്സ് പിളർന്നു. ഒരലർച്ചയോടെ അയാൾ ഷട്ടറിനും കടയ്ക്കുമിടയിൽ പാതി തല പുറത്തേക്കിട്ട് ഒരാമയെപ്പോലെ കൂനിപ്പോയി. അവൻ ഒറ്റച്ചവിട്ടിന് അയാളെ കടയ്ക്കുള്ളിലാക്കിയിട്ട് ആ രംഗത്തിന് വിരാമമെന്നപോലെ തിരശ്ശീല താഴ്‌ത്തി.

‘‘തൊറക്കെടാ നായേ!’’

ദിനേശൻ അകത്തുനിന്ന് ഷട്ടറിൽ കാലുകൊണ്ട് ആഞ്ഞു തൊഴിച്ചു. ഷട്ടറിന്റെ ചെറുമടക്കുകൾ ആ ഊക്കിൽ തിരമാല പോലിളകി.

ദിനേശൻ ഷട്ടറിൽ ചവിട്ടിക്കൊണ്ടിരുന്നു.

ഫുട്ട്പാത്തിലേക്കിറങ്ങി നടക്കുമ്പോൾ വഴിയിൽ ഒരു ചോദ്യം അവനെ തടഞ്ഞ് നിർത്തി.

‘‘എന്നാച്ച്.. ഉള്ളെ എന്നാ...’’

അവൻ ചുറ്റും നോക്കി.

മൂടിപ്പുതച്ച് കിടന്നിരുന്നയാൾ മുഖം മാത്രം പുറത്ത് കാണിച്ച് ചോദിച്ചു: ‘‘എന്നാച്ച്.. ഉള്ളെ എന്നാ...’’

‘‘ഇവ്വണ്ണത്തിലൊരു പാമ്പ്!’’

അയാൾ അവനെ നോക്കിച്ചിരിച്ചിട്ട് പറഞ്ഞു: ‘‘പൊയ്.’’

News Summary - Malayalam story