Begin typing your search above and press return to search.
proflie-avatar
Login

കുമാരകോടി

കുമാരകോടി
cancel

പക്കി ശിവൻ അടിച്ചിറക്കിയ ക്ലാവർ ഗുലാന്റെ നെഞ്ചത്ത് തുറുപ്പുചീട്ട് ഇസ്പേഡ് ആറാംകൂലികൊണ്ട് ആൽബി സംഹാരതാണ്ഡവമാടിയ സമയത്താണ് മാർത്തയുടെ വിളിയെത്തുന്നത്. ‘‘എടാ ആൽബിയെ...നിന്റപ്പൻ ലാസറിനെ കാണാനില്ലെടാ. കുതിരക്ക് കച്ചി മേടിക്കാനെന്നും പറഞ്ഞ് ഒരുപോക്ക് പോയതാ. നേരമിത്രേം ഇരുട്ടുമുറ്റി. നീ വെക്കം ഇങ്ങോട്ടേക്കെത്ത്.’’ മാർത്തയുടെ പരിഭ്രമം കലർന്ന ഒച്ചയും തൊണ്ടപൊട്ടലും ആൽബിയുടെ ഉള്ളിൽ ആധിയുടെ തീക്കനൽ കോരിയിട്ടെങ്കിലും പുറമേയ്ക്ക് അതൊന്നും ഭാവിക്കാതെ അവൻ കാര്യങ്ങളെ നിസ്സാരവത്കരിച്ചു: ‘‘അപ്പൻ എവിടെ പോകാനാ തള്ളേ, മൂക്കറ്റം കള്ളും കുടിച്ചിട്ട് അവിടെ എവിടെങ്കിലും ചുരുണ്ടുകെടന്ന്...

Your Subscription Supports Independent Journalism

View Plans

പക്കി ശിവൻ അടിച്ചിറക്കിയ ക്ലാവർ ഗുലാന്റെ നെഞ്ചത്ത് തുറുപ്പുചീട്ട് ഇസ്പേഡ് ആറാംകൂലികൊണ്ട് ആൽബി സംഹാരതാണ്ഡവമാടിയ സമയത്താണ് മാർത്തയുടെ വിളിയെത്തുന്നത്.

‘‘എടാ ആൽബിയെ...നിന്റപ്പൻ ലാസറിനെ കാണാനില്ലെടാ. കുതിരക്ക് കച്ചി മേടിക്കാനെന്നും പറഞ്ഞ് ഒരുപോക്ക് പോയതാ. നേരമിത്രേം ഇരുട്ടുമുറ്റി. നീ വെക്കം ഇങ്ങോട്ടേക്കെത്ത്.’’ മാർത്തയുടെ പരിഭ്രമം കലർന്ന ഒച്ചയും തൊണ്ടപൊട്ടലും ആൽബിയുടെ ഉള്ളിൽ ആധിയുടെ തീക്കനൽ കോരിയിട്ടെങ്കിലും പുറമേയ്ക്ക് അതൊന്നും ഭാവിക്കാതെ അവൻ കാര്യങ്ങളെ നിസ്സാരവത്കരിച്ചു:

‘‘അപ്പൻ എവിടെ പോകാനാ തള്ളേ, മൂക്കറ്റം കള്ളും കുടിച്ചിട്ട് അവിടെ എവിടെങ്കിലും ചുരുണ്ടുകെടന്ന് ഒറങ്ങുന്നുണ്ടാകും. ഒന്നൂടെ നോക്ക്.’’

കാൾ കട്ടാക്കിയ ശേഷം മൊബൈൽ ഫോണിന്റെ പ്രകാശം പരത്തുന്ന ഗ്ലാസ് ചുവരിൽ സമയം നോക്കിയതും അവൻ ഞെട്ടിപ്പോയി.

രാത്രി പന്ത്രണ്ട് പത്ത്!

ചീട്ടുകളിക്ക് അത്തരമൊരു ആഗോള പ്രശ്നമുണ്ട്, മുഴുകിയിരുന്നാൽ സ്ഥലകാല ബോധം കോഞ്ഞാട്ടയാകും.

തൊപ്പിയും കുണുക്കും ഊരിക്കളഞ്ഞ് ക്ലബിൽനിന്നിറങ്ങിയ ആൽബി ബൈക്ക് സ്റ്റാർട്ടാക്കി തൊണ്ണൂറിൽ കത്തിച്ചുവിട്ടു.

മകരമഞ്ഞിന്റെ മരം കോച്ചുന്ന തണുപ്പിലും ശീതക്കാറ്റിലും ശരീരം കിടുകിടാ വിറയ്ക്കുകയും പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുകയും

ചെയ്യുന്നുണ്ട്.

വീടിന്റെ പുറംവേലി കടന്നെത്തിയ അവനെ സ്വാഗതം ചെയ്തത്, മങ്ങിയവെട്ടത്തിൽ തലക്ക് കൈയും കൊടുത്ത് തിണ്ണയിൽ കുന്തിച്ചിരിക്കുന്ന മാർത്തയുടെ അടക്കിപ്പിടിച്ച തേങ്ങലുകളാണ്.

മുമ്പും രാത്രിനേരത്ത് യാതൊരു മുന്നറിയിപ്പും തരാതെ അപ്പൻ മുങ്ങിയിട്ടൊണ്ട്. എന്നാൽ, അന്നൊന്നും പത്ത് പത്തരക്കപ്പുറം പോയിട്ടില്ല. നേരമിപ്പോൾ കുന്നൻ പാതിരയോടടുത്തു.

ഈ അപ്പനിത് എവിടെ പോയ് പണ്ടാരമടങ്ങി? ഇനിയെങ്ങാനം ആ സുധാമണിയുടെ ആങ്ങള വീമ്പിളക്കിയപോലെ തീർത്തു കാണുമോ?

പലവിധ ചോദ്യങ്ങളുടെ കത്രികപ്പൂട്ടിൽ ആൽബി ഞെളുപിരി കൊണ്ടു. ഒരു സംശയനിവാരണത്തിന് തൊഴുത്തിൽ പോയി മൊബൈൽ ടോർച്ചടിച്ച് എമ്പാടും നോക്കി. അവിടെ അപ്പനില്ല, അപ്പന്റെ കുതിരയുമില്ല. ലാസറിന്റെ സ്ഥിരം താവളങ്ങളായ പല്ലന കുമാരകോടി, ഫിഷിങ് ഹാർബർ, ഐസ് ഫാക്ടറി പരിസരങ്ങൾ തിരയാനായി ആൽബി ബീച്ച് റോഡിലേക്കിറങ്ങി.

പൊട്ടിപ്പൊളിഞ്ഞ തീരദേശ റോഡും ചുറ്റുവട്ടത്തെ സൂനാമി വീടുകളും ശാന്തത പുതച്ചുറങ്ങുന്ന സമയമാണ്. മീൻമണമുള്ള മുടുക്കുകളിൽനിന്ന് തെരുവുപട്ടികൾ കുരച്ചു ചാടിയെങ്കിലും രാത്രിഞ്ചരന്റെ തരിമ്പും കൂസലില്ലായ്മ കണ്ട് പിന്മടങ്ങി.

യുവാവായിരുന്ന കാലത്ത് കരുത്തനും ധീരനും സാഹസികനുമായ ഒരു മുക്കുവനായിരുന്നു ലാസർ. പഞ്ചായത്ത് കൊടുത്ത കുഞ്ഞൻ നീട്ടുവള്ളത്തിൽ ആഴക്കടലോളം തുഴകുത്തി മീൻകോരി തോട്ടപ്പള്ളി ഹാർബറിൽ തിരിച്ചെത്തുന്ന അവന്റെ നെഞ്ചൊറപ്പിന് ഒക്കച്ചങ്ങാതി സുഗുണനും കൂട്ടുപോയി.

ഒരു കർക്കട കൊടുങ്കാറ്റിലെ തിരക്കോളിൽപെട്ട് വള്ളം തകർന്നപ്പോൾ ഇരുവരും നടുക്കടലിൽനിന്ന് കര ലക്ഷ്യമാക്കി നീന്തി. പിറ്റേന്ന് ഉച്ചനേരത്ത് അന്ധകാരനഴിയുടെ തീരത്തേക്ക് ലാസർ മാത്രം ഒറ്റയ്ക്ക് നീന്തിക്കേറി.

സുഗുണനാകട്ടെ, മൂന്നാംപക്കം മീൻ കൊത്തിപ്പറിച്ച കണ്ണുകളുമായ്, അഴുകിപ്പെരുത്ത് തുമ്പോളിയിലെ കടപ്പുറത്തടിഞ്ഞു.

കഴുത്തിൽ കിടന്ന ഒരു പവന്റെ കയറുപിരിക്ക് കൂട്ടുകാരൻ ചതിച്ചതാണെന്ന് സുഗുണന്റെ അനിയൻ സുധാകരൻ പറഞ്ഞു പരത്തി. ആത്മസുഹൃത്തിന്റെ മരണത്തിൽ തരിപ്പണമായ ലാസറിന്റെ മുറിവിൽ ഉപ്പ് പുരട്ടിക്കൊണ്ട് ആ കരക്കമ്പി തുറയിൽനിന്ന് തുറയിലേക്ക് അതിവേഗം കത്തിപ്പടർന്നു. സുധാമണിയും ലാസറുമായുള്ള പ്രേമത്തിന്റെ കാര്യംപറഞ്ഞ് ചേട്ടനും അനിയനും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നു. സ്വജാതിയിൽപെട്ട ഒരാള് വേണമെന്നായിരുന്നു സുധാകരന്റെ ആഗ്രഹം.

സുഗുണനെ എടുത്ത കടലിനെ ലാസർ വെറുത്തു. പിന്നീടൊരിക്കലും മീൻപിടിക്കാൻ പോയിട്ടില്ല. കരപ്പണി ചെയ്ത് ജീവിച്ചു. ശവത്തിൽനിന്ന് മാല മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടിയപ്പോഴേക്കും കാര്യങ്ങൾ വൈകിപ്പോയിരുന്നു. ലാസർ പുന്നപ്രക്കാരി മാർത്തയെ കെട്ടി ആൽബിയുടെ അപ്പനായി.

സുധാമണിയുടെ പുരക്ക് മുന്നിലൂടെ പോകുമ്പോൾ ആൽബി സംശയം തീർക്കാനായി വെറുതെ ഒന്ന് കേറി.

അസമയത്ത് വാതിൽ തുറക്കാൻ വിളിച്ചുകൂവിയ ചെക്കനെ കണ്ടതും വീട്ടുകാരത്തിക്ക് സര്‍വാംഗം ചൊറിഞ്ഞുവന്നു. അവൾ മാറും തെള്ളിപ്പിടിച്ച് രണ്ടു ചൊവട് മുന്നിലേക്ക് കേറിനിന്നു.

‘‘മൊട്ടേന്ന് വിരിഞ്ഞില്ല, അപ്പോഴേക്കും അവന്റെയൊരു പൂതി!’’

‘‘തള്ളേ, നിങ്ങളുദ്ദേശിക്കുന്ന കാര്യത്തിനല്ല. അപ്പനെ തെരക്കിയെറങ്ങീതാ. കുറെ നേരമായ് നടക്കുന്നു. ഇവിടെയെങ്ങാനം ഉണ്ടെങ്കിൽ വേഗം എറക്കിവിട്.’’

അവൻ പറഞ്ഞ് അവസാനിപ്പിച്ചില്ല, അതിനും മുമ്പേ സുധാമണി ചന്ദ്രഹാസമിളക്കി:

‘‘എടാ ചെറുക്കാ, നിന്റമ്മ പാടി നടക്കുന്നുണ്ടല്ലോ, നിന്റപ്പനെ ഞാനെന്റെ പാവാടച്ചരടേൽ കെട്ടിയിട്ടേക്കുകയാണെന്ന്! ഭർത്താവ് പിണങ്ങിപ്പോയി എന്നുകരുതി ഈ സുധാമണി ഇന്നേ നാഴികവരെ മാനം വിറ്റിട്ടില്ല.’’

തൊണ്ടേടെ പ്രഹരശേഷിയിൽ ആൽബി ഒന്നടങ്ങിയെന്ന് തോന്നിയപ്പോൾ അവൾ ടോൺ മാറ്റിപ്പിടിച്ചു:

‘‘ബീച്ച് മുങ്ങിപ്പോയേൽ പിന്നെ അങ്ങേര്‍ക്ക് വെളിവ് കെട്ടു. ഒന്നുകിൽ കുമാരകോടിയിൽ കാണും, അല്ലെങ്കിൽ തോട്ടപ്പള്ളി കടപ്പുറത്ത്. എന്നോട് മൂപ്പിക്കുന്ന നേരംകൊണ്ട് അവിടെച്ചെന്ന് ആ പാവത്തിന് വല്ലോം പറ്റിയോന്ന് നോക്ക്.’’

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതും മുഖത്തടിച്ചപോലെ സുധാമണി കതക് വലിച്ചടച്ചു.

ആറേഴു വർഷം മുൻപ് തൃക്കുന്നപ്പുഴയിൽ പുലിമുട്ട് വന്നതോടെ തോട്ടപ്പള്ളി സ്പിൽവേക്ക് തെക്കു പടിഞ്ഞാറ് കടലിളക്കത്തിൽ കരിമണ്ണ് അടിച്ചുകേറി ഒരു പുതിയ ബീച്ച് രൂപം കൊള്ളുന്നു. വിനോദസഞ്ചാരികൾ വരവറിയിച്ചതോടെ ബീച്ച് സജീവമായി. പട്ടം വിൽപന മുതല്‍ പാനിപ്പൂരി വരെ പലര്‍ക്കും പല മാതിരി ഉപജീവന മാർഗങ്ങൾ തുറന്നുകിട്ടി.

കറവപ്പശുക്കളെ കൊടുത്ത കാശുമായി രാജസ്ഥാനിലേക്ക് തീവണ്ടി കയറിയ ലാസര്‍ ഒരു മാര്‍വാരി ആൺ കുതിരക്കൊപ്പം തോട്ടപ്പള്ളി പൊഴിമുഖത്ത് പൊങ്ങുകയായിരുന്നു. വെഞ്ചാമരംപോലെ ഇടതൂർന്ന് വാൽമുടിയും തിളങ്ങുന്ന കുഞ്ചിരോമങ്ങളും ഉള്ള വെളുമ്പന്‍ സുന്ദരനെ തേജസ്സെന്ന് പേരുചൊല്ലി വിളിച്ചു. തേജസ്സിനെ തൊട്ടു തലോടാനും സെൽഫിയെടുക്കാനും പുറത്തുകയറാനും ബീച്ചിലെത്തിയവർ പരസ്പരം മത്സരിച്ചു.

ചായക്കടയിലും ബാർബർ ഷോപ്പിലും റേഷൻകടയിലും മുട്ടോളം ഇറക്കമുള്ള വള്ളി നിക്കറുമിട്ട് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ലാസർ ആളുകളിൽ കൗതുകം മാത്രമല്ല, ഒട്ടൊക്കെ പരിഹാസവും ജനിപ്പിച്ചു. അതേ ബീച്ചിൽ തോടുകപ്പലണ്ടി വിൽക്കാൻ ലാസറിന്റെ പഴേ കാമുകി സുധാമണി എത്തുന്നതോടെ വഴിത്തിരിവുകൾ വരികയായി.

ഒരിക്കല്‍കൂടി പ്രണയത്തിന്റെ മുന്തിരിവള്ളികൾ തളിർക്കുകയും മാതളനാരകം പൂവിടുകയും ചെയ്തു.

ഒരു മഴപ്പെയ്ത്തിൽ ബീച്ച് കാലിയായ നേരത്ത് സുധാമണിയെ മടിയിലിരുത്തി കാറ്റുവായ്ക്ക് എതിരെ നനഞ്ഞ കടമണ്ണിലൂടെ ലാസർ കുതിരയെ പറത്തി. ശരവണ ഭവനിൽ കൊണ്ടുപോയി പൊറോട്ടയും പെപ്പർ ചിക്കനും വാങ്ങിക്കൊടുത്തു. ആലപ്പുഴ സീതാസിന്റെ ബാൽക്കണിയിലിരുത്തി ബാഹുബലി സിനിമ കാണിച്ചു.

വിവരമറിഞ്ഞ സുധാകരൻ, ലാസറിനേം അയാളുടെ കിഴട്ടു കുതിരയേം ബീച്ചിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതും പള്ളിമുക്കിലെ മുത്തിന്റെ ചായക്കടയിൽ വെച്ച് ഇരുവരും കൊമ്പുകോർത്തതും ഓര്‍ത്തുകൊണ്ടാണ് ആൽബി കുമാരകോടി പാലത്തിന്റെ ഇറക്കം ഇറങ്ങിയത്.

രായ്ക്ക് രാമാനം തോട്ടപ്പള്ളിയിലെ ബീച്ച് കലിപ്പ് കേറിയ കടൽത്തിരകൾ വിഴുങ്ങിയതോടെ ലാസറിനും തേജസ്സിനും ഉത്സാഹം കെട്ടു. ബീച്ചിന് പുനർജനി കിട്ടുമെന്നും അതോടെ, തന്റെ കഷ്ടപ്പാടുകൾക്കെല്ലാം അറുതിയുണ്ടാകുമെന്നും പ്രതീക്ഷിച്ച് നരച്ചുപോയ പകലുകൾ ഒന്നൊന്നായി അയാൾ എണ്ണിനീക്കുന്നു.

ഉച്ചതിരിഞ്ഞ് കുതിരയെ പല്ലന ആറിന്റെ തീരത്തെ പുൽത്തകിടിയിൽ മേയാൻവിട്ടിട്ട് സമീപത്തെ ബോട്ട് ജെട്ടിയിലോ കുമാരനാശാന്റെ കല്ലറക്ക് ചുറ്റുമുള്ള പുഷ്പവാടിയിലോ ആശാൻ പ്രതിമക്ക് ചുവട്ടിലോ ലാസർ സന്ദർശകരെ കാത്തിരിക്കും.

സ്‌കൂളും ഗുരുമന്ദിരവും ആശാൻ സ്മാരകവും ഒരേ കോമ്പൗണ്ടിൽ, മതിൽക്കെട്ടിന്റെ വേർതിരിവുകൾ ഏതുമില്ലാതെ പരസ്പരം സ്നേഹിച്ചും തൊട്ടും തലോടിയുമാണ് നിലകൊള്ളുന്നത്.

കെട്ടിയോന്റെ ചില നേരത്തെ പോക്കുവരവുകൾ കുമാരകോടി യു.പി.എസിലെ അരിവെപ്പുകാരി സുധാമണിയെ കാണാനാണെന്ന് മാർത്ത ലാത്തിവീശുമ്പോഴൊക്കെ, അല്ലെടി മൂതേവി അത് കുമാരനാശാനോടുള്ള ഇഷ്ടംകൊണ്ടാണെന്ന് ലാസർ തിരുത്തും.

അതിന് ഉപോദ്‌ബലകമായി ഒരു സംഭവകഥകൂടി ആശാന്റെ സ്മൃതികുടീരം സന്ദർശിക്കുന്നവരോട് അയാൾക്ക് പറയാനുണ്ട്. കഥ കേൾക്കുന്നവരെ ഡിസ്കൗണ്ട് നിരക്കിൽ കുതിരപ്പുറത്ത് കയറ്റുകയും സെൽഫി എടുക്കാൻ അനുവദിക്കുകയും ചെയ്യും.

ലാസർ പലകുറി ആവർത്തിച്ചിട്ടുള്ള കഥ പല്ലനയാറ്റിലെ ഓളങ്ങൾക്കുപോലും കാണാപാഠമാണ്. ഓരോ തവണയും അയാളതിലെ ഭാഷാപ്രയോഗങ്ങൾ തേച്ചുമിനുക്കി കൂടുതൽ സ്വാഭാവികമാക്കി.

(കുമാരകോടി യു.പി.എസിലെ ഹെഡ്മിസ്‌ട്രസും കവിയുമായ രാധാമണിക്കുഞ്ഞമ്മ ഇക്കാര്യത്തിൽ ലാസറെ സഹായിച്ചിരുന്നു.‌‌)

 

‘‘അന്ന്, തൊള്ളായിരത്തി ഇരുപത്തിനാല് ജനുവരി മാസം, ഒരു കൊച്ചുവെളുപ്പാൻ കാലത്ത്...’’

ലാസർ കഥ പറഞ്ഞു തുടങ്ങുകയായി.

‘‘ഞങ്ങളുടെ വല്യപ്പച്ചൻ, അതായത് എന്റെ അമ്മച്ചി ലീല ഡാനിയേലിന്റെ അപ്പനായ കൊച്ചൗസേപ്പ്, ചെറ്റപ്പുരയുടെ വാതില്‍ക്കല്‍ ആരോ ശക്തമായി തട്ടുന്നതു കേട്ടുകൊണ്ടാണ് ഉണർന്നെണീറ്റത്.

കരിപ്പട്ടിക്കയറുകൊണ്ട് കെട്ടിവെച്ച വാതിലഴിച്ച് നോക്കുമ്പോൾ ചൂട്ടുകറ്റയും വീശി തോട്ടപ്പള്ളി ചീപ്പിന്റെ സൂപ്രണ്ട് നിക്കുന്നു. പറഞ്ഞുനിൽക്കാന്‍ സമയമില്ല, വേഗം വള്ളമിറക്ക് കൊച്ചൗസേപ്പേ... അടിയന്തരമായി ഒരു വഴിവരെ പോകാനൊണ്ട്.” കോശിസാറ് ധൃതികൂട്ടി.

കേട്ടപാടെ വല്യപ്പച്ചൻ വള്ളമിറക്കി, അതും എന്തിനാണെന്ന് ഒരുവാക്കുപോലും മറുത്ത് ചോദിക്കാതെ....

ഹിൽട്ടൺ സായിപ്പിന്റെ ബംഗ്ലാവിൽ താമസിക്കുന്ന കോശി സൂപ്രണ്ടും വല്യപ്പച്ചനും ചോദ്യങ്ങളോ ഉത്തരങ്ങളോ ആവശ്യമില്ലാത്ത തരത്തിൽ നല്ല സമരിയക്കാരാകുന്നു. ഒരേ പള്ളിക്കാരായ ഇരുവരും കുർബാന കൈക്കൊള്ളുന്നത് വട്ടയാൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഗബ്രിയേൽ അച്ചനിൽനിന്ന്.

കൊടും തണുപ്പിൽ സൂപ്രണ്ട് പറഞ്ഞവഴിയേ സർവശക്തിയുമെടുത്ത് വല്യപ്പച്ചൻ തുഴഞ്ഞു.

തോട്ടപ്പള്ളി ചീപ്പിന്റെ അധികാരി മാറുമറച്ച് കടും ചുവപ്പ് നിറത്തിലെ ഒരു കാശ്മീരിക്കമ്പിളി പുതച്ചിരുന്നു.

വല്യപ്പച്ചനാകട്ടെ തോർത്തുമുണ്ടുകൊണ്ട് തലയിൽ ഒരു വട്ടക്കെട്ട് കെട്ടിയിരുന്നു.

കുറ്റാക്കൂറ്റിരുട്ട്, വെള്ളത്തിന് മുകളിലെ കാഴ്ച മറച്ചുകൊണ്ട് നിന്ന പുകമഞ്ഞിനെ കീറിമുറിച്ച് ഓടിവള്ളത്തിന്റെ കുതിപ്പ്.

കോശിസൂപ്രണ്ടിന്റെ ഭാരിച്ച വർത്തമാനത്തിൽനിന്ന് അടുത്തെവിടെയോ ബോട്ട് മുങ്ങി അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. മുന്നിലെ വള്ളപ്പടിയിൽ ഇരിക്കുന്ന സൂപ്രണ്ട് കാഴ്ച വ്യക്തമാവാത്ത ഇടങ്ങളിൽ പച്ചോലച്ചുറ്റ് പിന്നിലേക്കാക്കി ചൂട്ടുകറ്റ വീശിയാളിക്കും. പേടിച്ചരണ്ട ഇരുട്ട് പിന്നിലേക്ക് വകഞ്ഞു മാറി മുന്നിലെ ജലപാത തെളിയും.

കിഴക്ക് വെള്ളകീറിയതും പാടെ അവരാ ദുരന്തഭൂമിയിൽ എത്തിച്ചേർന്നു.

ആളുകൾ കൂടിനിൽക്കുന്ന പല്ലനയാറ്റിന്റെ പടിഞ്ഞാറെ കരയിൽ, ആറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന പൂവരശിന്റെ ചുവട്ടിൽ, വല്യപ്പച്ചൻ വള്ളമടുപ്പിച്ച് ചരടു കെട്ടി.

ആറ് ഒടിയുന്ന ഭാഗത്ത്, കീഴ്മേൽ മറിഞ്ഞ് ഒരു ഭീമാകാരൻ ജലജീവിയെന്നപോലെ ട്രാവൻകൂർ കൊച്ചിൻ മോട്ടോർ സർവീസ് വക റെഡിമർ ബോട്ട്.

വിവരമറിഞ്ഞ് വള്ളങ്ങളിൽ തുഴഞ്ഞെത്തിയ സമീപവാസികള്‍ പലരെയും രക്ഷപ്പെടുത്തിയിരുന്നു.

കരക്കെത്തിയവർ ജലയാനത്തിനുള്ളിൽ ആണ്ടുപോയ പ്രിയപ്പെട്ടവരെ ഓർത്ത് അലമുറയിടുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമായിരുന്നു.

കോശി സൂപ്രണ്ട് ഒരു പോക്കറ്റ് ഡയറിയെടുത്ത് രക്ഷപ്പെട്ടവരുടെ പേരും മേൽവിലാസവും കുറിക്കാൻ തുടങ്ങിയപ്പോൾ നാഗർകോവിലിൽനിന്നുള്ള കുമാരവേലുപ്പണിക്കരും അയ്യാവുപ്പണിക്കരും തിക്കിത്തിരക്കി മുന്നോട്ടുവന്നു.

ഇരുവരും ആലുവാ ചെങ്ങമനാട്ടെ യൂനിയൻ ടൈൽ വർക്ക് കമ്പനിയുടെ പാർട്ണര്‍മാരാണ്.

യാത്രയിൽ അവർക്കൊപ്പം കമ്പനിയുടെ മറ്റൊരു പാർട്ണർകൂടിയുണ്ടായിരുന്നു. അദ്ദേഹം അറിയപ്പെടുന്ന കവിയും സമുദായ നേതാവുമാണ്, നാമധേയം കുമാരനാശാനെന്ന്. ആളെ കാണുന്നില്ല.

ഔസേപ്പും പുഴയിൽ മീൻപിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് അഞ്ചാറു പേരുടെ ശവം കരക്കടുപ്പിച്ചു.

കൊടൈക്കനാൽ ഇംഗ്ലീഷ് ക്ലബ് മാനേജർ സ്വാമിനാഥ അയ്യരുടെ കൈക്കുഞ്ഞിന്റെ ചേതനയറ്റ ശരീരം വല്യപ്പച്ചനാണ് ബോട്ടിന്റെ ലോവർ ഡക്കിലുള്ള ക്യാബിനിൽനിന്ന് ഉയർത്തിക്കൊണ്ടുവന്നത്. ദുഃഖം സഹിക്കാൻ കഴിയാതെ, തകർന്നുപോയ സ്വാമിനാഥ അയ്യരെ കോശിസൂപ്രണ്ടും കാർത്തികപ്പള്ളി തഹസിൽദാര്‍ കുമാരപിള്ളയും ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

കലവറ വീട്ടിലെ കേശവപിള്ളയും പല്ലന പോറ്റിമാരും ദുരന്തവാർത്ത അറിഞ്ഞ് അവിടേക്ക് ഓടിയെത്തി. ഇനിയെന്തെന്നറിയാതെ വിറങ്ങലിച്ചുനിന്നവർക്ക് നേരെ ആ ജന്മിമാർ സഹായഹസ്തം നീട്ടി.

രക്ഷപ്പെട്ടവരിൽ കുറച്ചു പേരെ കേശവപിള്ള സ്വന്തം തറവാട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണം വിളമ്പി. മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ നൽകി. മുറജപം കഴിഞ്ഞ് വരികയായിരുന്ന ബ്രാഹ്മണർക്ക് പല്ലന പോറ്റിമാരും തങ്ങളുടെ ഇല്ലത്തിൽ അഭയം കൊടുത്തു.

ഇനി ബോട്ട് ഉയർത്തിയാലേ ശേഷിക്കുന്നവരെ പുറത്തെടുക്കാൻ കഴിയൂ.

ബോട്ട് മാസ്റ്റർ ആറുമുഖൻ പിള്ളയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. നൂറിൽതാഴെ യാത്രക്കാരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അത്രയധികം യാത്രക്കാരെ കുത്തിനിറച്ചതിന്റെ ഉത്തരവാദി അയാൾ മാത്രമാണ്. കൂടാതെ, ഭാരിച്ച അളവിൽ ലഗേജ്‌ കയറ്റാനും അനുവദിച്ചിരുന്നു. രക്ഷപ്പെട്ടവർ മനസ്സുനൊന്ത് അറുമുഖൻ പിള്ളയെ ശപിച്ചു. ബോട്ടുയർത്താൻ ശേഷിയുള്ള കപ്പിയും വടവും കിട്ടാതെ വന്നതോടെ രക്ഷാപ്രവർത്തനം വളരെ നേരത്തേ അവസാനിപ്പിക്കേണ്ടിവന്നു.

ഒരു പകൽ എരിഞ്ഞടങ്ങിയില്ല, പല്ലനയാറിന്റെ ഇരുകരകളും ശ്മശാന ഭൂമിയായി. പലപല നാടുകളിൽനിന്ന് വന്നവർ, വെവ്വേറെ ജാതിയിൽപെട്ടവർ, അപ്പുറത്തും ഇപ്പുറത്തും ഒക്കെയായി വെറും ആറടി മണ്ണിൽ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രാവിലെതന്നെ ബോട്ടപകടം അറിഞ്ഞെത്തിയ വൻ ജനാവലി ആറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്നു.

പാതി ഉയർത്തിയ ബോട്ടിലെ അപ്പർ ഡക്കിൽ കുടുങ്ങിക്കിടന്ന രണ്ട് മൃതശരീരംകൂടി വല്യപ്പച്ചൻ പുറത്തേക്കെടുത്തു.

അതിലൊന്ന്...

അതാരുടേത് എന്നറിയാൻ കേൾവിക്കാരിൽ ആകാംക്ഷ തെഴുക്കുമ്പോൾ ലാസർ തെല്ലിട നിശ്ശബ്ദനാകും. പൊടിഡപ്പിയിൽനിന്ന് ഒരു നുള്ളെടുത്ത് മൂർധാവിലക്ക് വലിച്ചു കേറ്റും. അപ്പോൾ അയാളുടെ കൈത്തണ്ടയിലെ രോമകൂപങ്ങളും തളർന്ന ഞരമ്പുകളും വിജൃംഭിച്ചുനിൽക്കും. സന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ ആശാന്റെ രണ്ടുവരി കവിത ഈണത്തിൽ ചൊല്ലും:

 

1‘‘അന്തമില്ലാത്തൊരാഴത്തിലേക്കിതാ

ഹന്ത താഴുന്നു, താഴുന്നു കഷ്ടം!’’

കുമാരനാശാനെ മുങ്ങിയെടുത്തത് സ്വന്തം വല്യപ്പച്ചൻ ആണെന്ന ലാസറിന്റെ അവകാശവാദത്തെ രേഖപ്പെടുത്താത്ത ചരിത്രം എന്നനിലയിൽ ആരും മുഖവിലക്കെടുത്തിട്ടില്ല. എന്തിന് മാർത്തപോലും അയാളെ അവിശ്വസിച്ചു.

പാലത്തിന്റെ ഇടതുവശം ചേർന്ന് ആൽബി താഴേക്കിറങ്ങി, ഇടറോഡിലൂടെ മുന്നോട്ടു നടന്നു. അവിടെ ഗുരുമന്ദിരത്തിന്റെ മണ്ഡപത്തില്‍ ധ്യാനനിരതനായ നിലയിൽ ഒരാളിരുപ്പുണ്ട്, പൂജാരിയാവണം.

ആൽബി അദ്ദേഹത്തോട് അപ്പനെക്കുറിച്ച് അന്വേഷിച്ചു.

പരമ കാരുണികൻ 2ചിന്നസ്വാമിയുടെ കല്ലറയിലേക്ക് വിരൽചൂണ്ടി ഇപ്രകാരം മൊഴിഞ്ഞു:

‘‘അവിടെ ഒരാൾ താങ്കളെ കാത്തിരിക്കുന്നു. നമ്മുടെ ശിഷ്യനാണ്... അങ്ങോട്ട് ചെന്നാലും.... എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാകും.’’

ആൽബി ഗുരുമന്ദിരവും സ്‌കൂൾ മുറ്റവും കടന്ന് ആശാന്റ കല്ലറക്ക് സമീപത്തേക്ക് ചെന്നു.

ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശത്തിൽ സ്മൃതികുടീരവും പരിസരവും പകൽവെളിച്ചത്തിലെന്നപോലെ പ്രകാശിച്ചിരുന്നു.

അവിടെ, ആറ്റിലേക്കിറങ്ങുന്ന ആദ്യ പടവുകളിലൊന്നിൽ, ഒഴുക്ക് നിലച്ച വെള്ളത്തെ നോക്കിയിരിക്കുന്ന ആളിന്റെ തലവട്ടം കണ്ടതും ആൽബി ഓടിയടുത്തു.

അപ്പനെ പ്രതീക്ഷിച്ചിടത്ത് കറുത്ത കോട്ടും മഞ്ഞഷാളും ധരിച്ച മറ്റൊരാൾ!

എവിടയോ കണ്ടുമറന്ന മുഖം.

എത്ര ആലോചിച്ചിട്ടും എവിടെയാ​െണന്ന് ഓർമ വന്നില്ല.

ആൽബിയുടെ ശബ്ദം ആ രാത്രിയുടെ നിശ്ശബ്ദതയെ ഭംഗപ്പെടുത്തി:

‘‘നിങ്ങളാരാണ്? ഇവിടെയെന്തെടുക്കുന്നു?’’

‘‘ഞാൻ കുമാരു, ഇപ്പോൾ ഈ സ്മൃതികുടീരത്തിന്റെ കാവൽക്കാരൻ.’’

ആൽബി താനീ അസമയത്ത് കുമാരകോടിയിൽ എത്തിച്ചേരാന്‍ ഇടയായതിന്റെ കാരണം വ്യക്തമാക്കി.

‘‘വിഷമിക്കണ്ട. ലാസർ അല്‍പം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നു. കുതിരയുമായ് തോട്ടപ്പള്ളി ബീച്ചിലേക്ക് പോയി.”

“അവിടെ ബീച്ച് ഒന്നുമില്ല. എല്ലാം അപ്പന്റെ ഓരോതരം ഭ്രാന്തുകളാണ്.’’

കടലെടുത്ത ബീച്ച് തിരികെവരുമെന്ന് വിശ്വസിക്കുന്ന ലാസർ പല രാത്രികളിലും അവിടെ പോയിനിൽക്കാറുണ്ട്. ഒടുവിൽ നിരാശനായി മടങ്ങും.

കാവൽക്കാരന്റെ മടിത്തട്ടില്‍ വിശ്രമിക്കുന്ന, സുന്ദരിയായ യുവതിയുടെ പുറംചട്ടയുള്ള ഗ്രന്ഥത്തിലേക്ക് ഉറ്റുനോക്കി ആൽബി ചോദിച്ചു.

‘‘കവിതയാണോ?’’

‘‘അതെ, കരുണ എന്നാണ് പേരിട്ടിരിക്കുന്നത്. വേണമെങ്കിൽ ഇന്നത്തെ മനുഷ്യർക്ക് നഷ്ടമായിപ്പോയ കാരുണ്യത്തിന്റെ മറ്റൊരു മുഖമെന്നും പറയാം.’’

ഭൂതകാലത്തിന്റെ പുഴയിലേക്ക് ആണ്ടിറങ്ങിയ കാവൽക്കാരന്റെ കണ്ണുകൾ പൊടുന്നനെ ആർദ്രമായി. നാലുഭാഗത്തുനിന്നും കാറ്റ് ശക്തമായി വീശിയടിച്ചു. ഇലഞ്ഞിമരത്തിന്റെ ചില്ലകൾ ഉലഞ്ഞ് ഇലകളും മഞ്ഞനിറത്തിലെ കുഞ്ഞുപൂക്കളും അവരുടെ മേൽ പാറിവീണു.

പെട്ടെന്ന് മഴ ചാഞ്ഞുപെയ്യാൻ തുടങ്ങി.

നനയാതിരിക്കാൻ അവർ കല്ലറയെ മൂടിനിൽക്കുന്ന സ്മൃതി കുടീരത്തിന് അകത്തുകയറിയിരുന്നു.

നെറ്റിയിൽനിന്നും കണ്ണുകളിലേക്ക് ഒലിച്ചിറങ്ങിയ മഴവെള്ളത്തെ വിരൽ വൈപ്പർകൊണ്ട് വടിച്ചുമാറ്റുന്നതിനിടയിൽ ആൽബി പറഞ്ഞു.

‘‘ഇവിടെ വരുന്നവരോട് കള്ളക്കഥകൾ പറഞ്ഞ് ചില്ലറ ഒപ്പിക്കുന്നതാണ് അപ്പന്റെ ഇപ്പൊഴത്തെ ഹോബി.’’

‘‘കള്ളക്കഥകളോ, ഒരുപാട് അസത്യങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. അവർക്കിടയിൽ ലാസറാണ് സത്യം.’’

ആൽബി ഒന്ന് ഞെളിഞ്ഞിരുന്നു. അപ്പോൾ അപ്പൻ പറഞ്ഞുനടക്കുന്നതൊക്കെ ശരിയാ​െണന്ന് അംഗീകരിക്കാൻ ആളുണ്ടായിരിക്കുന്നു!

കാവൽക്കാരൻ അടുത്തുള്ള റാക്കിൽ അടുക്കിവെച്ചിരിക്കുന്ന പത്രക്കെട്ടിൽനിന്ന് ഒരെണ്ണം വലിച്ചെടുത്തു. എന്നിട്ട് ആൽബിയുടെ നേർക്ക് വിടർത്തിപ്പിടിച്ചു.

‘കുമാരനാശാനെ വര്‍ഗീയവാദികള്‍ അപായപ്പെടുത്തിയത്’ -ആരുടെയോ വിഷം വമിക്കുന്ന പ്രസംഗം വലിയ തലക്കെട്ടോടെ അതിൽ അച്ചടിച്ചിരുന്നു.

‘‘കണ്ടില്ലേ, സ്നേഹത്തെ അഖിലസാരമൂഴിയിലെഴുതിയ കവിയെയും അവർ വെറുതെവിടുന്നില്ല. ഇല്ലാക്കഥകള്‍ പറഞ്ഞ് സോദരത്വേന വാഴേണ്ടുന്ന ഇടം മലീമസമാക്കുന്നു.’’

ആല്‍ബിയോട് അതുപറയുമ്പോള്‍ കുമാരുവിന്റെ മുഖം മ്ലാനമായിരുന്നു.

അപ്പോൾ ഒരു യാത്രാബോട്ട് ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് പല്ലനയാറിന്റെ കൊടുംവളവ് തിരിഞ്ഞു. കല്ലറയുടെ ചില്ല്‌ മൂടിയിൽ ജനനവും മരണവും തീയതി കുറിച്ച അക്കങ്ങളിൽ ഒരുമാത്ര അവന്റെ കണ്ണുകൾ ഉടക്കിനിന്നു.

കാവൽക്കാരൻ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ യന്ത്രത്തിന്റെ കട കട ശബ്ദത്തിൽ മുങ്ങിപ്പോയി.

ബോട്ടിന്റെ മുന്നിലെ ഹെഡ് ലൈറ്റിന്റെ പ്രകാശം കൊള്ളിമീൻപോലെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നതും നോക്കിനിന്ന ആൽബി മഴ തോർന്നത് അറിഞ്ഞില്ല.

കുമാരു എന്ന കാവൽക്കാരനോട് യാത്രപറഞ്ഞ് അവൻ തിരികെ നടന്നു.

അപ്പോള്‍ ഗുരുമന്ദിരത്തിന് മുന്നിൽ ആരും ഉണ്ടായിരുന്നില്ല.

വീണ്ടും പ്രധാന റോഡിലെത്തി, നേരെ പടിഞ്ഞാറോട്ട് നടന്നു.

സമയം മൂന്നുമണി കഴിഞ്ഞിരുന്നു.

വിചിത്രമായ ഒരു രാത്രിയാണ് കണ്‍മുന്നിലൂടെ പടംപൊഴിച്ച് പോകുന്നതെന്ന് ആൽബിക്ക് തോന്നി.

തോട്ടപ്പള്ളി കടപ്പുറത്തേക്കെത്താൻ ഹാർബറിലൂടെ എളുപ്പവഴിയുണ്ട്, എന്നാൽ, ഹാർബർ കടന്ന് പൊഴിമുഖം വഴി പോകണമെന്നു മാത്രം.

അൽപം മുൻപ് പെയ്തൊഴിഞ്ഞ മഴ തണുപ്പിന്റെ കാഠിന്യം ചോർത്തിക്കളഞ്ഞിരുന്നു.

ആൽബി നടന്നും ഓടിയും ഐസ് ഫാക്ടറിയുടെ മുന്നിലെത്തി.അവിടെനിന്നും ഇടതുഭാഗത്തേക്ക് തിരിയുന്ന കടപ്പുറം റോഡിലൂടെ വെച്ചുപിടിച്ചു. അടഞ്ഞുകിടന്ന ഹാർബറിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിൽ കയറി. ബോട്ടുകളും വള്ളങ്ങളും മീൻപിടിക്കാൻ പോകാനുള്ള തയാറെടുപ്പിലാണ്. ഹാർബറിന്റെ പ്ലാറ്റ്ഫോമിലൂടെ നടന്ന് കൽക്കെട്ടിൽ കയറി തീരത്തിറങ്ങി.പൊഴിമുഖത്തെ മൺകൂനയിൽ കയറിനിന്ന് പരിസരമെല്ലാം വീക്ഷിച്ചു. കൺമുന്നിലെ അത്ഭുതത്തെ വിശ്വസിക്കാനും അവിശ്വസിക്കാനും കഴിയാത്ത അവസ്ഥയിൽ ആൽബി കുഴങ്ങി.

അതാ, ഒരിക്കൽ വിഴുങ്ങിയ മണപ്പുറത്തെ കടൽ തിരികെ കക്കിവെച്ചിരിക്കുന്നു! ബീച്ചിന്റെ ഒത്തനടുക്ക് വിജിഗീഷുവായ ഒരു യോദ്ധാവിനെപ്പോലെ കുതിരപ്പുറത്ത് പടിഞ്ഞാറൻ ചക്രവാളം നോക്കിനിൽക്കുന്ന അപ്പൻ! ആ കാഴ്ച കണ്ട് ആനന്ദിക്കുന്ന മകര ചന്ദ്രനും നക്ഷത്രങ്ങളും.

ആൽബി പൊതമണ്ണിലൂടെ നിർത്താതെ ഓടി.

 

ബീച്ചിൽ അടിച്ചുകയറിയ ചെളിയിൽ കാലുകൾ പലകുറി പൂണ്ടുപോയി. ഒരുവേള അവൻ മുഖമടിച്ച് വീണു. അവിടെനിന്നും പിടഞ്ഞെണീറ്റു. കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ അപ്പന് സമീപമെത്തി. ലാസറിന്റെ കണ്ണുകളിൽ ഒരിക്കൽ കെട്ടുപോയ പ്രകാശത്തിളക്കം വീണ്ടും ഒളിമിന്നുന്നത് അവൻ കണ്ടറിഞ്ഞു.

നിരാശയാൽ തളർന്നുപോയ ഒരുവന്റെ ശരീരഭാഷ അടപടലെ മാറിപ്പോയിരിക്കുന്നു! ആൽബി അപ്പന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മടിയിലേക്ക് തലചായ്ച്ച് കിതപ്പാറ്റി.

‘‘എടാ അപ്പാ, ഞാൻ എവിടെയെല്ലാം അന്വേഷിച്ചു. ഈ രാത്രീന്ന് പറേന്നത് മനുഷ്യേന്മാർക്ക് ഒറങ്ങാനുള്ളതാണ്. മറ്റുള്ളവരെ തീ തീറ്റിക്കാനുള്ളതല്ല.’’

അപ്പൻ നിലാവ് നാണിക്കുംവിധം വെളുക്കെ ചിരിച്ചു. എന്നിട്ട് അവന്റെ ചുരുളൻമുടിയിഴയിൽ വിരലോടിച്ചുംകൊണ്ട് ഏറ്റം നിഷ്കളങ്കമായ് ചോദിച്ചു.

‘‘ഞാനിവിടെയുണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി?’’

‘‘കുമാരകോടിയിലെ വാച്ചർ പറഞ്ഞു.’’

‘‘വാച്ചറോ? ഏത് വാച്ചർ, അവിടെ അങ്ങനെ ഒരാളില്ല.”

അപ്പന്റെ തീര്‍പ്പില്‍ ആല്‍ബി കുഴങ്ങി. ജലസമാധിയടഞ്ഞ നിരവധി ബോട്ട് യാത്രക്കാരെ മണ്ണിൽ അടക്കം ചെയ്ത ഇടമാണ്.

ഓര്‍ക്കുന്തോറും വല്ലാത്തൊരു ഭയപ്പാടിന്റെ ചുറ്റിപ്പിടുത്തത്തില്‍ അവന്റെ ശരീരംവിറകൊണ്ടു. കുമാരകോടിയിൽ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ അപ്പനെ പറഞ്ഞു കേൾപ്പിച്ചു. ലാസർ ഒരു നിമിഷം ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങളിൽ ഏറ്റം പ്രകാശിക്കുന്ന ഒരെണ്ണം പരിചിതഭാവത്തില്‍ ഇമ ചിമ്മി.

“നീ കേറ്, എനിക്കെല്ലാം മനസ്സിലായി.”

ലാസർ കുതിരയുടെ കടിഞ്ഞാൺ മുറുക്കി. ആൽബി ഒരു കുതിപ്പിൽ തേജസ്സിന്റെ പുറത്തേക്ക് ചാടിയമർന്നു. യജമാനന്റെ ഇംഗിതം മനസ്സിലാക്കിയ കുതിര, അതിന്റെ യൗവനകാലം പിന്നിട്ടെങ്കിലും സര്‍വശക്തിയും കാലുകളിൽ ആവാഹിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.

ആ രാത്രി വേഗം പുലരരുതെന്ന് അപ്പനും മകനും ഒരുപോലെ ആഗ്രഹിച്ചു.

“ദാ, അവിടെയാണ് അയാള്‍ ഇരുന്നത്.”

ആൽബി പടവുകളിലേക്ക് വിരൽ ചൂണ്ടിയ ഇടം പക്ഷേ ശൂന്യമായിരുന്നു. അവർ പരിസരമെല്ലാം തിരഞ്ഞ്‌ നിരാശരായി ആദ്യം നിന്ന ഭാഗത്തേക്ക് തന്നെ മടങ്ങിയെത്തി.അപ്പോഴേക്കും കോഴി മൂന്ന് വട്ടം കൂവിയിരുന്നു. കാവൽക്കാരൻ ഇരുന്ന കൽപടവിൽ ആരോ ബോധപൂർവം മറന്നുവെച്ച ഉപഹാരംപോലെ കരുണയുടെ ഒരു കോപ്പി.

തീർഥജലം കണക്കെ ലാസറത് കൈക്കുമ്പിളിൽ കോരിയെടുത്തു.

അപ്പോൾ പല്ലനയാറിന്റെ അതേ വളവിൽ, അടിത്തട്ടിൽനിന്ന് ജീവന്റെ നിശ്വാസം ഉദകപ്പോളകൾപോലെ ഉയിർത്തുവന്നു. ഇള കാറ്റിൽ പവിഴമല്ലിയുടെ വീണ പൂവുകൾ ജലോപരിതലത്തിൽ പുഷ്പചക്രമൊരുക്കി. തേന്മാവിന്റെ കൊമ്പിലിരുന്ന് ഗ്രാമവൃക്ഷത്തിലെ കുയില്‍ ഇങ്ങനെ പാടാൻ തുടങ്ങി:

3 ‘‘ഉത്പന്നമായതു നശിക്കു, മണുക്കൾ നിൽക്കും

ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും

ഉത്പത്തി കർമ്മഗതിപോലെ വരും ജഗത്തിൽ

കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.’’

==========================

1. ‘ദുരവസ്ഥ’യിലെ വരികൾ

2. കുമാരനാശാൻ

3. ‘വീണപൂവി’ലെ വരികൾ

News Summary - Malayalam story