Begin typing your search above and press return to search.
proflie-avatar
Login

ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ര്‍ക്ക​ഥ

ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ര്‍ക്ക​ഥ
cancel

ഒ​രു ഉ​ച്ച​മ​യ​ക്ക​ത്തി​നി​ട​യി​ലാ​ണ് സ്വ​പ്നം​പോ​ലെ എ​ന്തോ മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു. ക​ഴു​ത്തി​ല്‍ നു​കം​െവ​ച്ചു ച​ക്കി​നു ചു​റ്റും ക​റ​ങ്ങു​ന്ന കാ​ള! കാ​ള​ക്ക് ത​ല​ക​റ​ങ്ങി​ല്ലേ എ​ന്നാ​യി ചി​ന്ത. ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന ബോ​ര്‍ഡ് എ​വി​ടെ​യോ എ​ന്നോ വാ​യി​ച്ച​തൊ​ഴി​ച്ചാ​ല്‍ ച​ക്കും കാ​ള​യും ഒ​ന്നും ക​ണ്‍മു​ന്നി​ല്‍ വ​ന്നി​ട്ടി​ല്ല. എ​ന്തേ ഇ​ങ്ങ​നൊ​രു സ്വ​പ്നം എ​ന്നാ​ലോ​ചി​ച്ച് ഒ​ന്നു​കൂ​ടി മ​യ​ങ്ങു​മ്പോ​ള്‍ സ്വ​പ്ന​ത്തി​ന്‍റെ രൂ​പം മാ​റി. കാ​ലം നി​ര​ന്ത​രം ഇ​ടം മാ​റ്റി​യ​ടി​ക്കു​ന്ന ദേ​ശീ​യ​ത​യു​ടെ പെ​രും​കു​റ്റി​ക​ള്‍...

Your Subscription Supports Independent Journalism

View Plans

ഒ​രു ഉ​ച്ച​മ​യ​ക്ക​ത്തി​നി​ട​യി​ലാ​ണ് സ്വ​പ്നം​പോ​ലെ എ​ന്തോ മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു. ക​ഴു​ത്തി​ല്‍ നു​കം​െവ​ച്ചു ച​ക്കി​നു ചു​റ്റും ക​റ​ങ്ങു​ന്ന കാ​ള! കാ​ള​ക്ക് ത​ല​ക​റ​ങ്ങി​ല്ലേ എ​ന്നാ​യി ചി​ന്ത. ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന ബോ​ര്‍ഡ് എ​വി​ടെ​യോ എ​ന്നോ വാ​യി​ച്ച​തൊ​ഴി​ച്ചാ​ല്‍ ച​ക്കും കാ​ള​യും ഒ​ന്നും ക​ണ്‍മു​ന്നി​ല്‍ വ​ന്നി​ട്ടി​ല്ല. എ​ന്തേ ഇ​ങ്ങ​നൊ​രു സ്വ​പ്നം എ​ന്നാ​ലോ​ചി​ച്ച് ഒ​ന്നു​കൂ​ടി മ​യ​ങ്ങു​മ്പോ​ള്‍ സ്വ​പ്ന​ത്തി​ന്‍റെ രൂ​പം മാ​റി. കാ​ലം നി​ര​ന്ത​രം ഇ​ടം മാ​റ്റി​യ​ടി​ക്കു​ന്ന ദേ​ശീ​യ​ത​യു​ടെ പെ​രും​കു​റ്റി​ക​ള്‍ ഉ​യ​ര്‍ന്നു​വ​രു​ന്നു. വ​ര്‍ണ​വ​ര്‍ഗ​ജ്ഞാ​ന ശാ​സ്ത്ര​ങ്ങ​ളു​ടെ മു​ള്‍പ്പ​ട​ര്‍പ്പു​ക​ളി​ല്‍ ക​ഴു​ത്തു കു​രു​ങ്ങി മ​നു​ഷ്യ​ര്‍ ആ ​കു​റ്റി​ക​ളി​ല്‍ ക​റ​ങ്ങു​ന്നു.

വി​ചി​ത്ര​മാ​യ ഒ​രു സ്വ​പ്നം ക​ണ്ടെ​ഴു​ന്നേ​റ്റ് ഒ​രു ക​ട്ട​ന്‍ തി​ള​പ്പി​ച്ച് ഊ​തി​ക്കു​ടി​ച്ചു​കൊ​ണ്ട് വ​രാ​ന്ത​യി​ലേ​ക്കു നീ​ങ്ങി. മാ​വി​ന്‍റെ​യും ചാ​മ്പ​യു​ടെ​യും കൊ​മ്പു​ക​ള്‍ അ​ച്ച​ട​ക്ക​മി​ല്ലാ​തെ ആ​ടി​യു​ല​യു​ന്നു. വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ കാ​ക്കി​യി​ട്ട ഭ​ട​ന്മാ​ര്‍ നി​ർദാ​ക്ഷി​ണ്യം അ​വ​യെ മു​റി​ച്ചി​ടു​ക​യാ​ണ്. അ​വ​രു​ടെ ഇ​ല​വ​ന്‍ കെ.വി ലൈ​നി​ന്‍റെ ആ​കാ​ശ അ​തി​ര്‍ത്തി ആ ​മ​ര​ക്കൊ​മ്പു​ക​ള്‍ ലം​ഘി​ച്ച​തി​ന്‍റെ ശി​ക്ഷ​യാ​ണ്. അ​തി​ര്‍ത്തി​ക​ള്‍ ലം​ഘി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ല. മ​ര​ങ്ങ​ള്‍ക്ക് അ​ത്ര​ത​ന്നെ നി​യ​മ​പ​രി​ജ്ഞാ​നം പോ​രാ. മു​റി​ച്ചി​ട്ട കൊ​മ്പു​ക​ള്‍ പൊ​തു​നി​ര​ത്തി​ന്‍റെ​യും അ​തി​ര്‍ത്തി​ക​ള്‍ ലം​ഘി​ച്ചു കി​ട​ന്നു. എ​ന്തുചെ​യ്യാ​ന്‍. അ​തും നി​യ​മ​ലം​ഘ​നംത​ന്നെ. കൊ​മ്പു​ക​ളി​ല്‍നി​ന്നു നൂ​റു​ക​ണ​ക്കി​നു പു​ളി​യു​റു​മ്പു​ക​ള്‍ പ​ല ഭാ​ഗ​ത്തേ​ക്കു​മാ​യി യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ നീ​ങ്ങു​ന്നു. അ​വ​ര്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്കും ശ​രീ​ര​ത്തി​ലേ​ക്കും അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യാ​ണ്.

അ​വ​രു​ടെ അ​ന​ന്ത​ര ത​ല​മു​റ​ക്കാ​യു​ള്ള വീ​ടും കൂ​ടു​മാ​ണ് ബോ​ര്‍ഡു​കാ​ര്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഉ​റു​മ്പു​ക​ള്‍ ന്യാ​യ​മാ​യും പ്ര​കോ​പി​ത​ര്‍. അ​വ​രി​ലെ സൈ​ന്യാ​ധി​പ​ന്മാ​ര്‍ വ​ന്നു ക​ടി​ച്ചുതു​ട​ങ്ങി. ഞൊ​ടി​വേ​ഗ​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്കു ക​ട​ന്ന് അ​വ​ര്‍ ആ​ക്ര​മി​ച്ചു തു​ട​ങ്ങു​ന്നു. ക​ഴി​യു​ന്ന​തു​പോ​ലെ അ​വ​രെ​യൊ​ക്കെ നേ​രി​ട്ട് ര​ക്ഷ​പ്പെ​ട്ട് അ​ക​ത്തു​ക​യ​റി ക​ത​ക​ട​ച്ചു. അ​വ​രു​ടെ ചി​ന്ത​യും ന്യാ​യംത​ന്നെ. ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള അ​ധി​നി​വേ​ശ​മാ​ണ് മ​നു​ഷ്യ​ന്‍ ചെ​യ്ത​ത്. മു​മ്പൊ​രി​ക്ക​ലും ഇ​തു​ണ്ടാ​യി​ട്ടു​ണ്ട്. അ​മ്മ വീ​ട്ടി​ല്‍ ചെ​ന്ന​താ​ണ്. പ്ലാ​വി​ല്‍ ഒ​രു ച​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. പ​ണി​ക്കാ​ര്‍ ആ​രെ​ങ്കി​ലും വ​ന്നി​രു​ന്നെ​ങ്കി​ല്‍ ആ ​ച​ക്ക ഇ​ടാ​മാ​യി​രു​ന്നെ​ന്ന് അ​മ്മാ​മ്മ പ​റ​ഞ്ഞു. കേ​ട്ട​പാ​ടെ പ്ലാ​വി​ല്‍ ക​യ​റി അ​ത് ഇ​ടാം എ​ന്നു തീ​രു​മാ​നി​ച്ചു. മ​ര​ത്തി​ല്‍ ക​യ​റി ഏ​റെ പ​രി​ച​യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​തി​ല്‍ ക​യ​റി ഒ​രു വീ​ര​സാ​ഹ​സം കാ​ട്ടാം എ​ന്ന​താ​യി​രു​ന്നു ചി​ന്ത. ആ​യാ​സ​പ്പെ​ട്ടു ക​യ​റി ച​ക്ക​യു​ടെ അ​ടു​ത്തെ​ത്തി.

പു​ളി​യു​റു​മ്പു​ക​ള്‍ ഇ​ള​കി. അ​വ​ര്‍ ഒ​രു ഔ​ചി​ത്യ​വു​മി​ല്ലാ​തെ എ​ല്ലാ​യി​ട​ത്തും ആ​ക്ര​മി​ച്ചു തു​ട​ങ്ങി. കൈ​യി​ലും കാ​ലി​ലും മു​ഖ​ത്തും ക​ടി​ച്ച​തു​വ​രെ സ​ഹി​ച്ചു. സൈ​നി​ക​താ​വ​ള​ത്തി​ല്‍ ബോം​ബി​ടും​പോ​ലെ ക​ള​സ​ത്തി​നു​ള്ളി​ല്‍ ആ​ക്ര​മ​ണ​മാ​യി. അ​തോ​ടെ സ​ക​ല​നി​യ​ന്ത്ര​ണ​ങ്ങ​ളും​വി​ട്ട് താ​ഴേ​ക്കു പ​തി​ച്ചു. കാ​ല്‍പാ​ദ​ത്തി​ലും മു​ട്ടി​ലും കൈ​വെ​ള്ള​യി​ലും ന​ല്ല പ​രി​ക്കു​ക​ളേ​റ്റു. നെ​ഞ്ചി​ലെ തൊ​ലി പോ​യി. ലാ​ട​ഗു​രു​വി​ല്‍നി​ന്നു വൈ​ദ്യം പ​ഠി​ച്ച കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​യെ​ന്ന നാ​ട്ടി​ലെ ചീ​ഫ് ഫി​സി​ഷ്യ​ന്‍ കം ​സ​ര്‍ജ​നെ അ​മ്മാ​മ്മ ഉ​ട​ന്‍ വി​ളി​പ്പി​ച്ചു. അ​വ​ര്‍ തൈ​ല​ങ്ങ​ളും മു​റി​വി​നു പു​ര​ട്ടു​ന്ന മ​രു​ന്നു​ക​ളു​മാ​യി വ​ന്നു. ‘‘മാ​ന്‍റെ എ​വി​ടെ​യൊ​ക്കെ ക​ടി​ച്ചു’’ എ​ന്ന് അ​വ​ര്‍ ചോ​ദി​ക്കു​മ്പോ​ള്‍ വീ​ര​സാ​ഹ​സി​ക​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു വി​ഷ​ണ്ണ​നാ​യി നി​ന്നു. പ​രാ​ജ​യ​ത്തി​ല്‍ ആ​ന​ന്ദം പൂ​ണ്ട ഒ​രു വെ​കി​ട​നാ​യ ക​സി​ന്‍ ക​ള​സ​ത്തി​ലേ​ക്കു ചൂ​ണ്ടി​ക്കാ​ട്ടി കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​യോ​ട് അ​വ​ന്‍റെ മി​ഡി​ല്‍ സ്റ്റ​മ്പി​ല്‍വ​രെ ക​ടി​കി​ട്ടി എ​ന്നു പ​റ​ഞ്ഞു​കൈ കൊ​ട്ടി ചി​രി​ച്ചു.

ഇം​ഗ്ലീ​ഷ് ഭാ​ഷ​യോ ക്രി​ക്ക​റ്റോ അ​റി​യാ​ത്ത കു​ഞ്ഞേ​ലി​ച്ചേ​ട​ത്തി​ക്കും കാ​ര്യം പി​ടി​കി​ട്ടി. അ​വ​ര്‍ക്കും ചി​രിവ​ന്നു. ചൂ​ടു​ള്ള ക​പ്പ​ക്ക​ഷ​ണം വി​ഴു​ങ്ങു​ന്ന ഒ​രാ​ള്‍ പൊ​ള്ള​ലേ​ല്‍ക്കു​മ്പോ​ള്‍ കാ​ട്ടു​ന്ന ചേ​ഷ്ട​യോ​ടെ അ​വ​ര്‍ ആ ​ചി​രി അ​ട​ക്കു​ക​യോ വി​ഴു​ങ്ങു​ക​യോ ചെ​യ്തു. ഒ​ക്കെ ഓ​ര്‍ത്തു​കൊ​ണ്ടാ​ണ് അ​ക​ത്തി​രു​ന്ന​ത്. ഒ​ന്നു​കൂ​ടി മി​ഡി​ല്‍ സ്റ്റ​മ്പി​ല്‍ ക​ടി​മേ​ടി​ക്കാ​ന്‍ മാ​ത്ര​മു​ള്ള പ്രാ​യ​മ​ല്ല, പു​ളി​യു​റു​മ്പു​ക​ള്‍ ചെ​യ്യു​ന്ന​ത് അ​ത്ര ന്യാ​യ​മ​ല്ല എ​ന്ന വാ​ദ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ച്ചു. ത​ന്‍റെ അ​പ്പൂ​പ്പ​ന്‍റെ അ​പ്പ​ന്‍ വാ​ങ്ങി​യ ഭൂ​മി​യാ​ണ്. അ​വി​ടെ ത​ന്‍റെ അ​പ്പ​ന്‍ ന​ട്ട മ​ര​ങ്ങ​ളും. അ​വി​ടെ കേ​റി​ക്കൂ​ടു​​െവ​ച്ച​തും അ​തി​ക്ര​മി​ച്ചു ജീ​വി​ച്ചുതു​ട​ങ്ങി​യ​തും അ​വ​രാ​ണ്. മ​റു​വാ​ദ​ങ്ങ​ളും ആ​ലോ​ചി​ച്ചു അ​മേ​രി​ക്ക​യി​ലെ റെ​ഡ് ഇ​ന്ത്യ​ന്‍സി​ന്‍റെ നേ​താ​വാ​യ ചീ​ഫ് സി​യാ​റ്റി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന​യ​ച്ച ക​ത്ത് ഓ​ർമ വ​ന്നു.

ഉ​ള്ള​ട​ക്കം ല​ളി​ത​മാ​ണ്. ആ​ശ​യം ഗം​ഭീ​ര​വും. താ​ന്‍ എ​ങ്ങ​നാ​ടോ ആ​രു​ടേ​തു​മ​ല്ലാ​ത്ത ഈ ​ഭൂ​മി​യും ആ​കാ​ശ​വും വാ​ങ്ങു​ന്ന​ത്. വാ​ങ്ങി​യാ​ല്‍ത​ന്നെ അ​തു ത​ന്‍റേ​താ​കു​മോ. അ​തും ശ​രി​യാ​ണ്. അ​പ്പ​ന്‍റെ അ​പ്പൂ​പ്പ​ന്‍റെ ഭൂ​മി അ​തി​ല്‍ അ​പ്പ​ന്‍​വെ​ച്ച മ​ര​ങ്ങ​ള്‍. അ​തൊ​ക്കെ സ്വ​ന്ത​മെ​ന്നു ക​രു​താ​ന്‍ എ​ന്ത​വ​കാ​ശം. കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ങ്ങ​നെ​യാ​ണ്. എ​ങ്കി​ലും സ്വ​ന്തം മു​റ്റ​ത്തെ അ​ധി​നി​വേ​ശ​ക്കാ​രെ തു​ര​ത്താ​തെ മാ​ർഗ​മി​ല്ല. ജീ​വി​ത​വ്യ​വ​സ്ഥ അ​ങ്ങ​നെ​യാ​ണ്. അ​തി​ജീ​വ​നം. അ​ത് അ​വ​കാ​ശ​മാ​ണ്. വാ​ദപ്ര​തി​വാ​ദ​ങ്ങ​ള്‍ മ​ന​സ്സി​ല്‍ ഇ​ങ്ങ​നെ ന​ട​ക്കു​മ്പോ​ള്‍ പ​ണ്ടു പ​ഠി​ച്ച ഷേ​ക്സ്പി​യ​ര്‍ ക്വ​ട്ടേ​ഷ​ന്‍ ഓ​ര്‍ത്തു. –ദേ​ര്‍ ആ​ര്‍ മോ​ര്‍ തി​ങ്സ് ഇ​ന്‍ ഹെ​വ​ന്‍ ആ​ന്‍ഡ് ഓ​ണ്‍ എ​ര്‍ത്ത് ഹൊ​റേ​ഷ്യോ ദാ​ന്‍ യു​വ​ര്‍ ഫി​ലോ​സ​ഫി ഹാ​സ് എ​വ​ര്‍ ഡ്രെ​ംറ്റ് ഓ​ഫ്– ഭൂ​മി​യി​ലും സ്വ​ര്‍ഗ​ത്തി​ലും മ​നു​ഷ്യ​ന്‍റെ ത​ത്ത്വ​ശാ​സ്ത്ര​ത്തി​നു കാ​ണാ​ന്‍ പ​റ്റാ​ത്ത​തു​പോ​ലെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ടു​പോ​ലും.

സ​ന്ധ്യ​യാ​കു​ന്നു. മ​ര​ക്കൊ​മ്പു​ക​ള്‍ മാ​റ്റ​ണം. അ​വ​യെ വ​ലി​ച്ചൊ​രു മൂ​ല​ക്കു കൂ​ട്ട​ണം. ക​ത്തി​ക്ക​ണം. ഇ​റ​ങ്ങി നോ​ക്കി. പു​ളി​യു​റു​മ്പു​ക​ള്‍ പ്ര​കോ​പ​ന​പ​ര​മാ​യ അ​ധി​നി​വേ​ശ​വും യു​ദ്ധ​വും തു​ട​രു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ള്‍കൊ​ണ്ട് ത​ന്‍റെ ലൗ ​ബേ​ര്‍ഡ്സി​നെ ക​ടി​ച്ചു കൊ​ന്നി​രി​ക്കു​ന്നു; പ്രാ​വി​ന്‍കു​ഞ്ഞു​ങ്ങ​ളെ​യും. അ​വ​ര്‍ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു അ​ധി​നി​വേ​ശ​ത്തി​ന​ല്ല കോ​പ്പുകൂ​ട്ടു​ന്ന​ത്. അ​തി​ജീ​വ​നം. അ​തൊ​രു വ​ലി​യ പ്ര​ശ്ന​മാ​ണ്. അ​ത​വ​ര്‍ക്കു പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ഇ​പ്പോ​ള്‍ ത​നി​ക്കും പ്ര​ശ്ന​മാ​ണ്. ത​ന്‍റെ വ​ള​ര്‍ത്തു പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍ക്കു പ്ര​ശ്ന​മാ​ണ്. അ​വ​രെ നേ​രി​ടാ​ന്‍ വ​ടി​യും വാ​ളും തോ​ക്കും ഒ​ന്നും പോ​രാ. നി​രോ​ധി​ക്ക​പ്പെ​ട്ട രാ​സാ​യു​ധംത​ന്നെ ര​ക്ഷ. സ​ങ്ക​ട​മാ​ണ്, സ്വ​ന്തം സ​ഹ​ജീ​വി​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. പ​ക്ഷേ, അ​തി​ക്ര​മം അ​തി​ക്ര​മ​ല്ലേ, അ​വ​രെ​ന്തി​നാ മി​ണ്ടാ​പ്രാ​ണി​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത്. വാ​യി​ച്ച​തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ധ​ര്‍മ​ത്തെ ര​ക്ഷി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലു​മു​ണ്ടോ എ​ന്നാ​ലോ​ചി​ച്ചു.

വ​സ്ത്രാ​ക്ഷേ​പി​ത​യാ​കു​ന്ന ദ്രൗ​പ​ദി ഭീ​ഷ്മ​രോ​ടു ചോ​ദി​ച്ചു. ഇ​തു ശ​രി​യോ, ഇ​തു ധ​ർമ​മോ? തെ​റ്റും നി​ല​നി​ൽപു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​സ്യ​ക​ളാ​ണെ​ന്ന തോ​ന്ന​ലി​ല്‍നി​ന്നോ ബോ​ധ്യ​ത്തി​ല്‍നി​ന്നോ പി​താ​മ​ഹ​ന്‍ പ​റ​ഞ്ഞു. നേ​ശേ ബ​ല​സ്യേ സു​ച​രേ​ദ​തി ധ​ർമം. ബ​ല​വാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ധ​ര്‍മം ച​രി​ക്കു​ന്നു​വെ​ന്ന്. അ​പ്പോ​ള്‍ ക​ര്‍മ​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ ധ​ർമ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ, ആ​വോ ആ​ര്‍ക്ക​റി​യാം. ബ​ല​മു​ള്ള​വ​ന്‍ ചെ​യ്യു​ന്ന​തെ​ല്ലാം ശ​രി​യെ​ങ്കി​ല്‍ ബ​ല​മി​ല്ലാ​ത്ത​വ​ന് അ​ശ​രി​യാ​കാം എ​ന്നു ചി​ന്തി​ക്ക​രു​തോ. ഉ​റു​മ്പു​ക​ള്‍ ചെ​യ്ത​തും താ​ന്‍ അ​വ​യെ ഭ​സ്മീ​ക​രി​ച്ച​തും എ​ല്ലാം നി​ല​നി​ൽപി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നു സ്വ​പ്ന​ദൂ​ത്. അ​തി​ജീ​വ​ന​ത്തി​ന്‍റെ യു​ദ്ധ​മാ​ണി​ത്. പ​ഞ്ച​ഭൂ​ത​ങ്ങ​ളോ​ടും സ​ക​ല​ദൈ​വ​ങ്ങ​ളോ​ടും ക്ഷ​മചോ​ദി​ച്ചു​കൊ​ണ്ട് കൊ​ച്ചു പാ​ട്ട​യി​ല്‍നി​ന്ന് പ്ര​യോ​ഗി​ക്കാ​വു​ന്ന വി​ഷം ചീ​റ്റി​ച്ചു തു​ട​ങ്ങി. പു​ളി​യു​റു​മ്പു​ക​ളു​ടെ ധീ​ര​യോ​ദ്ധാ​ക്ക​ള്‍ മ​രി​ച്ചുവീ​ഴു​ന്നു. ധ​ര്‍മ​യു​ദ്ധം അ​വ​സാ​നി​ക്കാ​റാ​യി. ഏ​റെ വ​ഴ​ങ്ങാ​ത്ത ന​ടു​വു കു​നി​ച്ച് മ​ര​ക്കൊ​മ്പു​ക​ള്‍ വ​ലി​ച്ചു​കൂ​ട്ടി അ​വ​യെ അ​ഗ്നി​ക്കി​ര​യാ​ക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. പ​ക്ഷി​ക​ളു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും സം​സ്ക​രി​ച്ചു.

രാ​ത്രി​യാ​യി. ഉ​റ​ങ്ങാ​ന്‍ കി​ട​ന്നു. അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ ഒ​ടു​ങ്ങാ​ത്ത തു​ട​ര്‍ക്ക​ഥ​ക​ള്‍. വി​ദ്വേ​ഷ​ത്തി​ന്‍റെ തീ​ഗോ​ള​ങ്ങ​ളും ആ​ക്രോ​ശ​ങ്ങ​ളു​ടെ വെ​ടി​മു​ഴ​ക്ക​വും ഉ​ന്മൂ​ല​ന​ത്തി​ന്‍റെ വി​ഷ​വാ​ത​ക​വും ഒ​ന്നും അ​ട​ങ്ങു​ന്നി​ല്ല. എ​ല്ലാം ശ​മി​പ്പി​ക്കാ​ന്‍ വ​ന്ന​തൊ​ക്കെ ഇ​ന്ന് ഇ​ന്ധ​ന​മാ​കു​ന്ന​തേ​യു​ള്ളൂ.

ഇ​വി​ടെ പു​ളി​യു​റു​മ്പാ​ണെ​ങ്കി​ല്‍ അ​വി​ടെ മ​റ്റേ​തോ ഉ​റു​മ്പാ​യി​രു​ന്നു. ക​ല്‍ക്ക​ട്ടയി​ലെ സ്റ്റേ​റ്റ്സ്മാ​ന്‍ പ​ത്ര​ത്തി​ന്‍റെ നൈ​റ്റ് ഡ​സ്കി​ല്‍ ജോ​ലിചെ​യ്തി​റ​ങ്ങി ലോ​ഡ്ജി​ലേ​ക്കു ന​ട​ക്കു​മ്പോ​ഴാ​ണ് ഒ​രു കു​ട്ടി​യു​ടെ ഞ​ര​ക്കം. ചെ​റി​യ കു​റ്റി​ക്കാ​ട്ടി​ലെ​വി​ടെ​യോ ആ​ണ്. ജ​ല​സേ​ച​ന​ത്തി​ന്‍റെ പൈ​പ്പു​ക​ളോ മ​റ്റോ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഇ​ട​ത്തു​നി​ന്ന് കാ​തോ​ര്‍ത്തു. പേ​ടി​യാ​യി. ര​ണ്ടു ചു​വ​ടു​കൂ​ടി മു​ന്നോ​ട്ടു​െവ​ച്ചി​ട്ട് പോ​കാ​നൊ​രു​ങ്ങു​മ്പോ​ള്‍ വീ​ണ്ടും ഒ​രു ക​ര​ച്ചി​ല്‍. ഏ​റെ​യൊ​ന്നും ആ​ലോ​ചി​ക്കാ​തെ കൈയി​ലെ പെ​ന്‍ടോ​ര്‍ച്ചു​കൊ​ണ്ട് പ​ര​തി. ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ പ്രാ​യം. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്നു. ഉ​റു​മ്പു​ക​ള്‍ ആ​ക്ര​മി​ക്കു​ന്നു. ഒ​ട്ടും ശ​ങ്കി​ക്കാ​തെ കു​ട്ടി​യെ കൈ​യി​ലെ​ടു​ത്തു. ഉ​റു​മ്പു​ക​ളെ​യൊ​ക്കെ തൂ​വാ​ല​കൊ​ണ്ടു തൂ​ത്തു​മാ​റ്റി. അ​തി​നെ ചേ​ര്‍ത്തു​പി​ടി​ച്ച് ഒ​രു പൈ​പ്പി​ല്‍ ക​യ​റി​യി​രു​ന്ന് ഒ​രു പാ​ടു​നേ​രം ആ​ലോ​ചി​ച്ചു.

 

അ​വി​വാ​ഹി​ത​നാ​യ താ​ന്‍ ഈ ​കു​ട്ടി​യെ എ​ന്തുചെ​യ്യും. അ​തും രാ​ത്രി​യി​ല്‍. ഒ​റ്റ ഉ​ത്ത​ര​മേ മ​ന​സ്സി​ല്‍ വ​ന്നു​ള്ളൂ. അ​ഗ​തി​ക​ളു​ടെ അ​മ്മ മ​ദ​ര്‍തെ​രേ​സാ. അ​ങ്ങോ​ട്ടു​പോ​കാ​ന്‍ കു​റെ ദൂ​ര​മു​ണ്ട്. വെ​റു​തെ കാ​ത്തു​നി​ല്‍ക്കു​മ്പോ​ള്‍ ഒ​രു റി​ക്ഷാ​വാ​ലാ വ​ന്നു. അ​യാ​ളോ​ട് കേ​ണ​പേ​ക്ഷി​ച്ചു. ഒ​ടു​വി​ല്‍ അ​യാ​ള്‍ സ​മ്മ​തി​ച്ചു. അ​മ്മ​യു​ടെ ഗേ​റ്റു​വാ​തി​ല്‍ക്ക​ലെ മ​ണി ആ​ര്‍ക്കും ഏ​തു നേ​ര​ത്തും അ​ടി​ക്കാം. റി​ക്ഷാ വാ​ല​യും കൂ​ടി. അ​ങ്ങ​നെ അ​തു തു​റ​ന്ന് ഒ​രു ബം​ഗാ​ളി ക​ന്യാ​സ്ത്രീ വ​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡും കാ​ട്ടി അ​വ​രോ​ട് വി​വ​രം പ​റ​ഞ്ഞു. അ​വ​ര്‍ കു​ട്ടി​യെ വാ​ങ്ങി. വീ​ണ്ടും അ​ന്വേ​ഷി​ച്ച് വ​ര​രു​ത് എ​ന്ന നി​ബ​ന്ധ​ന​യോ​ടെ കു​ട്ടി​യെ​യും വാ​ങ്ങി അ​ക​ത്തേ​ക്കു ന​ട​ന്നു.

ലോ​ക​ത്തി​ന്‍റെ ര​ക്ഷാക​വാ​ട​ത്തി​ന്‍റെ വാ​തി​ല്‍ക്ക​ല്‍ ഞാ​ന്‍ നോ​ക്കി നി​ന്നു. ഒ​രു കു​ട്ടി​യെ ര​ക്ഷി​ച്ച സം​തൃ​പ്തി​യോ​ടെ റി​ക്ഷ​യി​ല്‍ ലോ​ഡ്ജി​ല്‍ വ​ന്നി​റ​ങ്ങി. ആ ​റി​ക്ഷാ​വാ​ല​യെ​യും പി​ന്നെ ക​ണ്ടി​ട്ടി​ല്ല. ആ ​കു​ട്ടി ആ​രെ​ന്നു പി​ന്നെ തി​ര​ക്കി​യി​ട്ടു​മി​ല്ല. ആ ​തി​ര​ക്ക​ല്‍ത​ന്നെ ഒ​രു നി​യ​മ​ലം​ഘ​ന​മാ​ണ്. അ​തൊ​ക്കെ ഓ​ര്‍ക്ക​ണ​മോ മ​റ​ക്ക​ണോ എ​ന്ന് എ​പ്പോ​ഴും സ്വ​യം ചോ​ദി​ക്കു​മാ​യി​രു​ന്നു. ഇ​രു​പ​തു വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ന​ന്ദ​ത്തി​ന്‍റെ ആ ​ന​ഗ​ര​ത്തി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ഓ​ര്‍ത്ത​തും അ​തു​ത​ന്നെ. അ​വ​ള്‍ ആ​രാ​യി​ക്കാ​ണു​മോ.

അ​ന്നും ഉ​റു​മ്പു​ക​ള്‍ക്കെ​തി​രെ യു​ദ്ധ​മാ​യി​രു​ന്നു. ത​ന്‍റെ ദേ​ഹ​മാ​സ​ക​ലം ഉ​റു​മ്പു ക​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​വ​ളെ ര​ക്ഷി​ക്കു​മ്പോ​ള്‍. ഒ​രു​പാ​ട് ന​ന്മ​യു​ണ്ടാ​യി​ട്ട​ല്ല. ജീ​വി​ത​ത്തി​ല്‍ ചി​ല നി​മി​ഷ​ങ്ങ​ള്‍ ന​മ്മ​ളെ ന​ന്മ​യി​ലേ​ക്കു ത​ള്ളി​വി​ടും. ഇ​ന്നും അ​തി​ന്‍റെ ഒ​രോ​ർമ​ക്കു​റി​പ്പു​പോ​ലെ​യാ​ണ്. ഈ ​തു​ട​ര്‍യു​ദ്ധം ജീ​വി​ത​മെ​ന്ന യു​ദ്ധം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും എ​വി​ടെ​യെ​ല്ലാം എ​ന്തെ​ല്ലാം യു​ദ്ധ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടിവ​രു​മോ ആ​വോ.

News Summary - Malayalam story