Begin typing your search above and press return to search.
proflie-avatar
Login

ചെയ്ത്താൻ പാലം

ചെയ്ത്താൻ പാലം
cancel

കോടതിയിൽ അസാധാരണമായ, അതിവിചിത്രമായ, ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്. x എന്ന കഥാകാരിക്കെതിരെ ചെയ്ത്താന്‍ പാലം പഞ്ചായത്തിലെ പൗരപ്രമുഖൻ നൽകിയ കേസ്. പ്രസ്തുത കഥാകാരിയുടെ രചന ചെയ്ത്താന്‍പാലം പ്രദേശത്തെ അസംബന്ധജടിലമായി ചിത്രീകരിക്കുന്നു, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, പെൺകുട്ടികളുടെ കല്യാണം മുടക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങള്‍. സോഫി എന്ന യുവതിയുടെ പിതാവ് സ്ഥലത്തെ പ്രധാന അബ്കാരിയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. വാരികയില്‍ അച്ചടിച്ചുവന്ന കഥ ആദ്യ ഹിയറങ്ങിൽത്തന്നെ ന്യായപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടു. വിചാരണദിവസം പ്രതിക്കൂട്ടിൽ കയറിനിന്ന കഥാകാരി ഇളംവയലറ്റ്...

Your Subscription Supports Independent Journalism

View Plans

കോടതിയിൽ അസാധാരണമായ, അതിവിചിത്രമായ, ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്. x എന്ന കഥാകാരിക്കെതിരെ ചെയ്ത്താന്‍ പാലം പഞ്ചായത്തിലെ പൗരപ്രമുഖൻ നൽകിയ കേസ്. പ്രസ്തുത കഥാകാരിയുടെ രചന ചെയ്ത്താന്‍പാലം പ്രദേശത്തെ അസംബന്ധജടിലമായി ചിത്രീകരിക്കുന്നു, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, പെൺകുട്ടികളുടെ കല്യാണം മുടക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങള്‍. സോഫി എന്ന യുവതിയുടെ പിതാവ് സ്ഥലത്തെ പ്രധാന അബ്കാരിയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്.

വാരികയില്‍ അച്ചടിച്ചുവന്ന കഥ ആദ്യ ഹിയറങ്ങിൽത്തന്നെ ന്യായപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടു. വിചാരണദിവസം പ്രതിക്കൂട്ടിൽ കയറിനിന്ന കഥാകാരി ഇളംവയലറ്റ് സാരിയിൽ മനോഹരിയായിരുന്നു. ആ കൊച്ചിന് ഇമ്മാതിരി പൊട്ടക്കഥയെഴുതാതെ വല്ല മോഡലിങ്ങിനും പോയിക്കൂടേയെന്ന് വട്ടക്കണ്ണാടി വച്ച വാദിഭാഗം വക്കീല്‍ മഞ്ഞച്ച ചിരിയോടെ വാത്സല്യപ്പെട്ടത് അവൾ കേൾക്കാൻ മാത്രം ഒച്ചയിലായിരുന്നു. പരാതിക്കാരന്‍ അന്നേരം രസംപിടിച്ച് കുടവയർ കുലുക്കി ചിരിക്കുന്നതും കണ്ടു. ഇതിനെല്ലാം സാക്ഷിയായി കോടതിമുറിയിൽ സന്നിഹിതനായിരുന്ന ഞാൻ കണ്ടതും കേട്ടതും ഇവിടെ രേഖപ്പെടുത്തുന്നുവെന്നുമാത്രം. നഗരത്തില്‍ X എന്ന കഥാകാരി പങ്കെടുക്കുന്ന പരിപാടികളില്‍ മുടങ്ങാതെ മുഖംകാണിക്കുന്ന ഞാൻ ഇവിടെയെത്തിയത് യാദൃച്ഛികമായാണ്.

ആരോപണങ്ങളെ ചെറുക്കാൻ മൂന്ന്‍ സാക്ഷികളെയാണ് കഥാകാരിയുടെ വക്കീൽ, ചാട്ടുളിക്കണ്ണും ഒരു കിലോമീറ്റർ നീളമുള്ള നാവുമുള്ള അഡ്വക്കേറ്റ് ജസീന്ത, അവതരിപ്പിച്ചത്. ഒന്നാം സാക്ഷി, പ്രസ്തുത കഥയിലെ നായിക ശോശന്ന. ഉയരമുള്ള ഇരുനിറക്കാരി. ആരെയും കൂസാത്ത ഭാവം. അതുതന്നെയാണ് അവരുടെ അഴകെന്നുപറയാം. രണ്ടാം സാക്ഷി സമൃദ്ധമായ കറുത്ത താടിയും വിടർന്ന കണ്ണുകളുമുള്ള y എന്ന മനുഷ്യൻ. അയാള്‍ വീല്‍ചെയറിലാണ്. മൂന്നാമതൊരാൾ കഥാമധ്യത്തിൽ, ക്ഷമിക്കണം, വിചാരണക്കിടയില്‍ കയറിവന്ന്‍ സംസാരിക്കേണ്ടതുണ്ട്. x എന്ന എഴുത്തുകാരിക്ക് ഈ കഥ പറഞ്ഞുകൊടുത്തത് താനാണെന്നും ചെയ്ത്താൻ പാലത്തിൽ കുറച്ചുപണ്ട് നടന്ന യഥാർഥ സംഭവങ്ങളാണ് കഥയിലുള്ളതെന്നും വാദിഭാഗം വക്കീലിന്‍റെ കുനുഷ്ടുചോദ്യങ്ങൾക്ക് മറുപടിയായി ഒന്നാം സാക്ഷി ശോശന്ന അറിയിച്ചു. കഥയിൽ കുറിച്ചതെല്ലാം രാത്രിപോലെ സത്യമാണെന്നും താനാരാണെന്ന്‍ ആവശ്യനേരത്ത് വെളിപ്പെടുത്താമെന്നും വീൽചെയറിലെ മനുഷ്യനും പറഞ്ഞു.

സത്യങ്ങൾ മാത്രമെഴുതിയാല്‍ എങ്ങനെ കഥ കഥയാകുമെന്ന് വാദിഭാഗം വക്കീൽ ഒബ്ജക്ഷനടിച്ചു. സത്യം പറയണോ കള്ളമെഴുതണോയെന്നത് എഴുത്താളിന്‍റെ സ്വാതന്ത്ര്യമാണ്. കഥയില്‍ അസത്യമെഴുതിയെന്നാരോപിക്കുന്ന മാനനഷ്ടക്കേസ് അതിനാൽത്തന്നെ റദ്ദാവുമെന്ന് ആര്‍ട്ടിക്കിള്‍ 19(1)(a), Freedom of Speech and Expression, ഉദ്ധരിച്ച് വക്കീൽ വാദിച്ചു. കഥയിലൂടെ ഒരിക്കൽക്കൂടി കണ്ണോടിച്ചുകൊണ്ട് ന്യായാധിപൻ വിധിപറയാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ വായനക്കാർക്കുവേണ്ടി കഥയിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പകർത്താം.

ശോശന്ന

മനുഷ്യാര്‍ത്തിയുടെ നിരർഥകത പേറുന്ന മരക്കുരിശുകൾക്കിടയിൽ ഏകയായി നില്‍ക്കെ അക്കരക്കുന്നിനെ തൊടുന്ന വെണ്‍മേഘപടലങ്ങള്‍ ശോശന്ന കണ്ടു. കോടമഞ്ഞില്‍ സെമിത്തേരിക്കുന്ന്‍ സ്വര്‍ഗത്തെ തൊട്ടുതൊട്ട് നില്‍ക്കുന്നു. മലമുകളിലെ ഏകാന്തത ഇഷ്ടമാണവള്‍ക്ക്. വിശിഷ്യ മരിച്ചവരുടെ പൂര്‍ത്തീകരിക്കാത്ത മോഹങ്ങള്‍ അടുക്കിവെച്ച കല്ലറകൾക്കുള്ളിൽ ആത്മാക്കൾ നിദ്രയിലേക്ക് വീഴുന്ന തണുത്ത വെളുപ്പാൻകാലത്ത്. ചെയ്ത്താന്‍ തോട് അവളുടെ ഓർമയില്‍ ഒഴുകിയെത്തി. ചെറുപ്പത്തില്‍ അതിലെ കരിമ്പാറക്കെട്ടില്‍ നനഞ്ഞുകിടന്ന് ആകാശം കണ്ടത് അവളോര്‍ത്തു. സോഫിയുടെയും ഡൊമിനിക്കിന്റെയും രഹസ്യസംഗമങ്ങള്‍ക്ക് കാവലിരുന്ന നേരത്താണ് മേഘങ്ങള്‍ക്ക് അനേകം രൂപങ്ങളുണ്ടെന്ന്‍ അവള്‍ ആദ്യമറിഞ്ഞത്. സ്നേഹം തൊടുമ്പോള്‍ മനുഷ്യര്‍ക്കും മോഹനഭാവങ്ങള്‍ കൈവരുമെന്നറിഞ്ഞതും.

ചെയ്ത്താന്‍ പാലം ഒരുപാടകലെയാണ്.

ആത്മാക്കളുടെ പുസ്തകത്തില്‍ അപ്പന്‍റെ പേര് ചേര്‍ക്കപ്പെട്ടത് മുപ്പതു വർഷം മുമ്പാണ്. അവള്‍ക്കന്നേരം എട്ടും പൊട്ടും തിരിയാത്ത പ്രായം. മൂടല്‍മഞ്ഞിലൂടെ ഇരമ്പിപ്പായുന്ന ആ ലോറി അവള്‍ക്കിപ്പോഴും കാണാം. പൊള്ളിപ്പനിക്കുന്ന അപ്പനെ മടിയിൽക്കിടത്തി ഒരു മെലിഞ്ഞ പെൺകുട്ടി. ഒപ്പം അപരിചിതനായ ലോറിക്കാരന്‍. കാലങ്ങളുടെ ക്ഷതമേറ്റ പൊട്ടിപ്പൊളിഞ്ഞ പാത. ഇരുണ്ട തേയിലക്കുന്നുകള്‍. കൊടുംവളവുകളില്‍ കെണിയൊരുക്കി മഞ്ഞ്. കരിക്കട്ടക്കറുപ്പുള്ള രാവ്. ഹെഡ്ലൈറ്റില്‍ ഒന്ന്‍ കേടായതിനാല്‍ ഒറ്റക്കണ്ണിന്‍റെ മങ്ങിയ വെട്ടത്തില്‍ മുന്നിലെ കുണ്ടും കുഴിയും അവ്യക്തമായി കാണാം. ഇടക്കിടെ മലഞ്ചോലയുടെ മുഴക്കം. ലോറിക്കാരന്‍റെ തവിട്ടുനിറമുള്ള റേഡിയോ പാടുന്നു.

‘‘കടലേ... നീലക്കടലേ... നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ...’’

ഒരിക്കലും കടല്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടി ആന്തലോടെ ഇരുളിന്‍റെ കടലിലേക്കു നോക്കിയിരുന്നു.

ശോശന്ന ഒന്നുലഞ്ഞു, പത്തുമുപ്പത് വര്‍ഷം മുമ്പെന്നമാതിരി. ഈശോമറിയംയൌസേപ്പേ എത്രയോ വട്ടം അന്നവള്‍ ചൊല്ലിത്തീര്‍ത്തു!

വഴിയോരത്തെ പുല്ലുമേഞ്ഞ ചായക്കടയിലേക്ക് ഏന്തിനീങ്ങുന്ന അപ്പനെ അവള്‍ മറ്റൊരു ഫ്രെയിമില്‍ കണ്ടു. ശേഷം, ഇന്നു പോകാം നാളെപ്പോകാമെന്ന് കുമ്മായമടര്‍ന്ന ചുമരിലേക്ക് നോക്കി തണുത്ത ആശുപത്രിമുറിയില്‍ നാളുകളെണ്ണിക്കിടന്ന അപ്പനെയും. അപ്പന്‍ പറഞ്ഞ കഥകള്‍ അവള്‍ മറന്നിട്ടില്ല. കാലമിത്ര കഴിഞ്ഞിട്ടും...

നാല്‍പത്തിരണ്ടിലെ

ചായമക്കാനി

പേരിയ ചുരം കയറി മലമുകളിലെത്തിയാൽ നാൽപത്തിയൊന്നിനും നാൽപത്തിരണ്ടിനുമിടയിലാണ് ചെയ്ത്താന്‍ പാലം. സന്ദേഹം വേണ്ട, നാൽപത്തിയൊന്നും നാൽപത്തിരണ്ടും സ്ഥലനാമങ്ങളാണ്. തലശ്ശേരി ക്യാമ്പില്‍നിന്നുള്ള ദൂരത്തിന്‍റെ കണക്കില്‍ കരകള്‍ക്ക് ഇപ്രകാരം പേരുകള്‍ ചാര്‍ത്തിയത് വെള്ളക്കാരായിരിക്കണം. അതെന്തുമാകട്ടെ, ചെയ്ത്താന്‍ പാലം സ്റ്റോപ്പിന്‍റെ അടയാളം ഒരു കൂറ്റന്‍ വാകമരമാണ്‌. ഓർമകളിലും ആലോചനകളിലും മുങ്ങി കാലമേറെയായി അത് വഴിയരികില്‍ നിൽക്കുന്നു. വെള്ളക്കാര്‍ ചുരം കയറുംമുമ്പേ അതവിടെയുണ്ടായിരുന്നെന്നാണ് കേള്‍വി. അതിന്‍റെ അസംഖ്യം വേരുകളിൽ, ശാഖികളിൽ, നൂറ്റാണ്ടിന്‍റെ ഒച്ചകൾ കുടിയേറിയിരിക്കുന്നു. ആർത്തനാദങ്ങൾ. ആവലാതികൾ. പൊട്ടിച്ചിരികൾ. ഉന്മാദത്തിന്‍റെ ആർപ്പുകൾ. കുതിരക്കുളമ്പടി. വെടിയൊച്ചകള്‍...

മാനന്തവാടി-തലശ്ശേരി റൂട്ടിലോടുന്ന കാര്‍ത്തിക ബസിലാണ് അന്ന് മേലേവീട്ടില്‍ തിമോത്തി ചെയ്ത്താന്‍ പാലം സ്റ്റോപ്പില്‍ വന്നിറങ്ങിയത്. ശൈത്താൻ പാലം, ശൈത്താൻ പാലമെന്ന്‍ കണ്ടക്ടർ പയ്യന്‍ ഒച്ചയിട്ടപ്പോള്‍ മയക്കത്തില്‍നിന്നുണർന്ന്‍, കമ്പിയിൽ തൂങ്ങുന്ന മനുഷ്യരുടെ വേർപ്പുവാടയും ബീഡിമണവും ആവാഹിച്ച്, ചവിട്ടുപടിയിൽനിന്ന് താഴേക്ക് കാലെടുത്തുവച്ചതും അപ്പോള്‍ ചാറിത്തുടങ്ങിയ ഇരുട്ടില്‍ അയാളെ ഉപേക്ഷിച്ച് കാര്‍ത്തിക ഇരമ്പിനീങ്ങി. മുന്നിലേക്കും പിന്നിലേക്കും വളഞ്ഞുപോകുന്ന ടാര്‍റോഡിൽനിന്ന് പാലത്തിലേക്കുള്ള മൺവഴി തെന്നിക്കിടക്കുന്നത് തിമോത്തി കണ്ടു. വളവിനിപ്പുറം പെട്രോമാക്സ് വെട്ടം. ഭാഗ്യം, കണ്ണിവയൽ ജോസ് ചായമക്കാനി അടച്ചിട്ടില്ല. കാലൻകുട കുത്തി തിമോത്തി വേച്ചുനീങ്ങി.

ഒരു ഒറ്റക്കാക്ക പറന്നുവന്ന് വാകയുടെ ഇലച്ചാർത്തിൽ ചേക്കേറി.

‘മോത്തീ, എന്നാ പറഞ്ഞു ഡാക്കട്ടറ്?’

ഇടറിവിറച്ചു കയറിവരുന്നയാളെ ജോസ് പിടിച്ചുകയറ്റി.

‘ഒരാഴ്ച മരുന്നു കുടിക്കാമ്പറഞ്ഞു.’

മോത്തി മുളബെഞ്ചിലിരുന്നു. പകർച്ചപ്പനിയെങ്ങാനുമാണോയെന്ന ആധി മറച്ചുപിടിച്ച് ജോസ് സമാധാനിപ്പിച്ചു.

‘സോഫീം ചേട്ടനും പോയേന്‍റെ ദെണ്ണംകൊണ്ടാ ഇദൊക്കെ. കർത്താവ് തന്നു. കർത്താവെടുത്തു. വിട്ട്കൊടുക്ക് മോത്തീ. സോഫിക്കൊച്ചിന്‍റെ പാട്ട് കേക്കാന്‍ കൊണ്ടോയതാ തമ്പുരാനതിനെ.’

സോഫിയുടെ പാട്ട് കേൾക്കാൻവേണ്ടി മാത്രം ഞായറാഴ്ചക്കുർബാന മൊടക്കാത്ത വാല്യക്കാര്‍ ആ മലമൂട്ടിലുണ്ടായിരുന്നുവെന്നത് സത്യം. നരച്ച ദാവണി ചുറ്റി അവള്‍ പള്ളിക്കുന്നിറങ്ങിവരുന്നതും നോക്കി ചെയ്ത്താൻ പാലത്തിനരികിൽ അവര്‍ കാത്തുനിൽക്കും.

മഴ ചന്നംപിന്നം ചാറാന്‍ തുടങ്ങി. കാടിറങ്ങി കാറ്റും തണുപ്പുമെത്തി.

മോത്തിയുടെയുള്ളില്‍ പണ്ടത്തെ രാത്രി കുത്തിയൊലിക്കുകയായി. ഒരു കരാളരാത്രി... അന്നും ഇതേമട്ടില്‍ മഴ ചാറിനിൽപ്പുണ്ടായിരുന്നു. നേരം മങ്ങിയ നേരത്താണ് സോഫിക്കൊച്ചിന് എടുത്തുകൊട്ടണപോലെ ഛർദില്‍ തൊടങ്ങിയത്. കഞ്ഞിക്കലത്തിന്‍റെ അടീലൊണ്ടായിരുന്ന വറ്റും വെള്ളവും കുടിപ്പിച്ചിട്ടും കൊച്ച് താളുപോലെ വാടി. കണ്ണിവയല്‍ ജോസ് കടയടച്ച് വരുന്ന നേരം. മേലേവീട്ടീന്ന് നെലോളി കേട്ട് ചൂട്ട് തെങ്ങിൻ ചോട്ടിലിട്ടേച്ച് പിടീന്ന് പടികയറി. ബഹളവും വിളിയും കേട്ട് ഡൊമിനിക്കും കയ്യാല ചാടിയെത്തി. മഴ കനത്തു. ഇരുട്ടും.

‘മോനേ, കൊച്ചിനെയെടുത്തോടാ. നാൽപത്തിരണ്ടീന്ന്‍ ബസ്സോ ജീപ്പോ കിട്ടും.’

അപ്പന്‍ പറഞ്ഞതും മുന്നും പിന്നും നോക്കാതെ ഡൊമിനിക് സോഫിയെ വാരിയെടുത്തു. സെബസ്ത്യാനോസ് പുണ്യാളന് കഴുന്നും നേര്‍ന്ന് വല്ല വിധേനയും ചൂട്ട് കെടാതെ വീശി ജോസ് മുമ്പേ നടന്നു. കലങ്ങിക്കുത്തി മറിയുകയാണ് ചെയ്ത്താന്‍ തോട്. കല്ലും മണ്ണും കുത്തിയൊലിക്കുന്നു. അക്കരെനിന്ന്‍ ആര്‍പ്പുകള്‍. എന്‍റെ പൊന്നോ, ആ തടിപ്പാലം കാണാനില്ല!

‘ഉരുൾപൊട്ടീടാ...’ ജോസ് അലറിക്കരഞ്ഞു.

മലയിടിഞ്ഞു വരുന്നത് അതിലെയോ ഇതിലെയോയെന്ന്‍ നിശ്ചയമില്ലെങ്കിലും വളഞ്ഞും തിരിഞ്ഞും പാച്ചിലായിരുന്നു പിന്നെ. ആനപ്പാറ ചുറ്റി, മുളങ്കാട് കടന്ന്, വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴേക്കും ചൂട്ടും കെട്ടു. തളര്‍ന്നു കിതച്ച് ഡൊമിനിക് സോഫിക്കൊച്ചിനെ തിണ്ണയിലേക്ക് കെടത്തി. അസാധാരണമായ ഒരു മലങ്കാറ്റ് ആര്‍ത്തുവന്നു. പുല്‍പ്പുര ആടിയുലഞ്ഞു. ഡൊമിനിക്കിനെ ഉറ്റുനോക്കി സോഫി കണ്ണടച്ചു. ഇരുളിന്‍റെ ആഴത്തില്‍നിന്ന്‍ വന്ന ഒരു പുഞ്ചിരി അവളുടെ മുഖത്ത് തങ്ങിനിന്നു.

മേലേവീട്ടില്‍ പിന്നെ കണ്ണീര്‍ തോര്‍ന്നതേയില്ല.

ആ ദുരന്തത്തിനുശേഷം ചെയ്ത്താന്‍ തോട് കുറെക്കാലം പാലമില്ലാത്തോടായി. കുട്ടികള്‍ സ്കൂളിലേക്കും അമ്മമാര്‍ പള്ളിയിലേക്കും വയസ്സന്മാര്‍ അങ്ങാടിയിലേക്കും പോകാതായി. നനഞ്ഞ തിണ്ണകളില്‍ ഗ്രാമം കൂനിക്കൂടിയിരുന്നു. കുറേക്കഴിഞ്ഞ് എങ്ങാണ്ടുന്നോ കവുങ്ങിന്തടിയും തെങ്ങിന്തടിയും ഒപ്പിച്ചുകൊണ്ടുവന്ന് ചെറുക്കന്മാര്‍ പിന്നെയും പാലം പണിതു. ജീവിതം പഴയപോലായി. പക്ഷേ, ഡൊമിനിക്കുമാത്രം പഴയമട്ടായില്ല. മറ്റൊരു വിപത്ത് വഴിയേ വരുന്നുണ്ടെന്ന് അന്ന്‍ ആരുമറിഞ്ഞതുമില്ല. സോഫി പോയി അധികനാള്‍ കഴിഞ്ഞില്ല, ഒരു മൂവന്തി നേരത്താണ് മോത്തിയുടെ ചേട്ടൻ കുഞ്ഞാഗസ്തിയെ കാണാതായത്. കരിപ്പ് വീഴുമ്പോള്‍ പൊങ്ങുന്ന ഒരുകൂട്ടം വലിയ മീനുണ്ടായിരുന്നു ചെയ്ത്താന്‍ തോട്ടില്‍. മറ്റെങ്ങും കാണാത്ത ഒരു മുന്തിയ എനം. തോട്ടിങ്കരയിൽ അവറ്റകളെ പിടിക്കാന്‍ പോയതാവണം ചേട്ടന്‍. പിറ്റേന്ന് വെട്ടംവീഴും മുമ്പ് ചെയ്ത്താന്‍ പാലത്തിന്‍റെ ചോട്ടീന്നാ ആളെ കിട്ടുന്നത്. ഏതു പെരുവെള്ളത്തിലും ചെയ്ത്താന്‍ തോട് നീന്തിക്കടക്കുന്ന മനുഷ്യൻ. ഇക്കണ്ട കാടെല്ലാം വെട്ടിത്തെളിച്ച് കപ്പയിട്ടതും വാഴവെച്ചതുമെല്ലാം കുഞ്ഞാഗസ്തി. മറ്റെല്ലാവരും കൂടെനിന്നുകൊടുത്തതേയുള്ളൂ.

‘വെള്ളത്തീന്ന്‍ ചേട്ടനെ പൊക്കിക്കൊണ്ടോരുമ്പം കാട്ടുപന്നികള് മുക്രയിട്ടോടണത് ഓർമയുണ്ടോ ജോസേ? മുയലുകള് മഞ്ഞൾത്തടം ചാടുന്നു. അവറ്റയ്ക്കൊക്കെ ഒരു മൂന്നാംകണ്ണൊണ്ട്.’

ഏതോ ഒച്ചക്ക് പിന്നാലെ തിമോത്തി ഇറങ്ങിനടന്നു. കടപൂട്ടി ജോസും ഒപ്പമിറങ്ങി.

‘നീ വരാൻ കാത്തിരുന്നതാ കടയടക്കാണ്ട്. ഈ മോന്തിക്ക് ചെയ്ത്താന്‍ പാലത്തില്‍ ആരുവരാനാ ചായക്ക്.’

കുറുന്തോട്ടിയും കമ്യൂണിസ്റ്റ് പച്ചയും വകഞ്ഞ് അവർ മൺവഴിയിലേക്കിറങ്ങി. പാലത്തിൽ കാലെടുത്തുവെച്ചതും അതങ്ങ് മുഴങ്ങാന്തൊടങ്ങി.

‘തടി മാറ്റീട്ടും എന്നാ പിന്നേമീ മൊഴക്കം.’ മോത്തി വേവലാതിപ്പെട്ടു.

‘ഇതിലേ വന്ന ജാഥക്കാരൻ ചെക്കമ്പറഞ്ഞു അതെന്നാണ്ട് സയൻസാന്ന്. ചെകുത്താനും കൊടച്ചക്രോം ഒന്നുമല്ലാന്ന്. എന്നാ കുന്തമായാലും മനുഷ്യമ്മാര്‍ക്ക് കണ്ടുപിടിക്കാമ്പറ്റാത്ത ചെലതില്ലേ ഫൂമീല് മോത്തീ? പണ്ട് കോട്ടയത്ത്‌ന്ന്‍ കെട്ടും ബാണ്ടോമായി കരിവണ്ടികേറി മൂത്രം മണക്കണ നെലത്ത് തൊട്ടുതൊട്ട് കുത്തിയിരുന്ന പീക്കിരിപ്പയ്യമ്മാരറിഞ്ഞോ രണ്ടും കൂടെയിങ്ങനെ ഏതോ മലമൂട്ടില്‍ ഒട്ടിപ്പിടിച്ച് ജീവിക്കുംന്ന്.’

മോത്തിയുടെ വലങ്കൈ മുറുകെപ്പിടിച്ച്‌ ജോസ് മറ്റൊരു കാലത്തെത്തി. പുറപ്പാടിന്‍റെ കാലത്തില്‍.

പാൽച്ചുരം കയറിവന്ന കാറ്റ് വന്‍മരങ്ങളെ കശക്കി. പാലം കുലുങ്ങിവിറച്ചു. ഇരുട്ട്. ഒഴുക്കിന്‍റെ അലര്‍ച്ച. ഇരുപതടി നീളമുള്ള മരപ്പാലത്തിനു മുകളിൽ ജോസ് കൂട്ടുകാരനെ ചേര്‍ത്തണച്ചുനിന്നു. ജീവനും മരണത്തിനുമിടയിൽ... അവന്‍റെ ഭാരം മുഴുവന്‍ തന്‍റെ തോളിലാണ്. കനം കൂടി വരുന്നു. പണ്ടുപണ്ട് കരിവണ്ടിയില്‍ ചേര്‍ന്നിരുന്ന കുട്ടികളായിരുന്നു അപ്പോളവര്‍.

സമനില വീണ്ടെടുത്ത് ജോസ് നീട്ടിവിളിച്ചു. കൂയ്... കാറ്റിന്‍റെ ഒച്ചയിൽ ആ വിളി മുങ്ങി. മണ്‍മറഞ്ഞുപോയോരുടെ ചെത്തങ്ങൾ കേള്‍ക്കുകയായി മോത്തി.

അപ്പാ...

ദൂരെ ഒരു പെണ്ണൊച്ച. ചൂട്ടുവെട്ടം കുന്നിറങ്ങി വരുന്നത് ജോസ് ആശ്വാസത്തോടെ കണ്ടു.

‘മക്കള് വരണണ്ട്. ഒന്ന്‍ പിടിച്ചു നിക്കെടാ.’ ജോസ് മന്ത്രിച്ചു.

ശോശന്നയാണ് മുന്നില്‍. പിന്നാലെ, അന്ന, ഡൊമിനിക്.

പാലത്തില്‍ ഓടിക്കയറിയ ശോശന്ന അപ്പനെ തൊട്ടു.

‘അപ്പനെ പൊള്ളണ കണ്ടില്ലേ.’

പരിഭ്രാന്തിയോടെ നിലവിളിച്ച പതിനേഴുകാരി അപ്പനെ താങ്ങി പാലത്തിലൂടെ അക്കരക്ക് നടന്നു.

‘കൊച്ചേ നീയെങ്ങോട്ടാ?’ ജോസിനു സംഭ്രമമായി.

‘ആശൂത്രിക്ക്. അന്നേ, അമ്മച്ചി ഒറ്റയ്ക്കാ. തിരിച്ചു പോ.’

അക്കരെയെത്തി ശോശന്ന വിളിച്ചുപറഞ്ഞു. ദൃഢമായിരുന്നു ആ വാക്കുകള്‍.

‘എന്നാ നോക്കിനിക്ക്വാ. ചെല്ലെടാ ആ കൊച്ചിന്‍റെ കൂടെ.’

പാലത്തിൽ തറഞ്ഞുനിന്ന മകനോട് ജോസ് അലറി. അവരുടെ പോക്കുനോക്കി അയാള്‍ നിന്നു. കാലങ്ങളോളം ആ നിൽപ് നീളുമെന്ന് ജോസിനന്നേരം തോന്നി.

പാലത്തിനപ്പുറം കാട് കൊടുങ്കാറ്റിനെ ഗർഭം ധരിച്ചു.

ലോറിക്കാരന്‍

ഏതോ വാഹനം വളവ് തിരിഞ്ഞുവരുന്ന വെട്ടം. ഡൊമിനിക് റോഡിലേക്ക് കയറിനിന്നു. ഒരു ഭീമന്‍ ലോറി ഞരക്കത്തോടെ മുന്നിൽവന്നു ബ്രേക്കിട്ടു. ഒരു ഒറ്റക്കണ്ണന്‍ എസ് ലോറി.

‘മക്കളേ ബസ്സില്ല. ചൊരമിടിഞ്ഞു നാലാം വളവിൽ.’

ലോറിയിലെ ചുവന്ന തലേക്കെട്ടുകാരൻ തലനീട്ടി.

മലങ്കാറ്റ് പ്രാന്തെടുത്ത് വീശുന്നു. വണ്ടിക്കു മുകളിൽ ടാര്‍പായ ഇപ്പോള്‍ പറക്കുമെന്ന മട്ടില്‍ ഒച്ചവെച്ചു.

‘മാനന്തവാടിക്കാ. അപ്പന് വയ്യ.’

ശോശന്ന ഉറക്കെപ്പറഞ്ഞു. ലോറിക്കാരൻ ഇരുവരേയും മാറിമാറി നോക്കി.

‘ഒരാള്‍ക്കിരിക്കാം. നിങ്ങളു കേറിക്കോ.’ കാർന്നോരെ താങ്ങിക്കയറ്റുന്ന ചെക്കനോട് ലോറിക്കാരൻ പറഞ്ഞു.

‘ശോശേ നീ വെക്കം വീട്ടിപ്പോ.’ ഡൊമിനിക് പറഞ്ഞു മുഴുവനാക്കും മുമ്പ് അവനെ തള്ളിമാറ്റി ശോശന്ന ലോറിപ്പടി കയറി. അവന്‍ നിസ്സഹായനായി മിഴിച്ചുനിന്നു. ലോറിക്കാരനും ഒട്ടിട സംശയിച്ചു.

‘ഡൊമിനിക്കേ, വീട്ടിലോട്ടൊരു നോട്ടം വേണം.’

വണ്ടി നീങ്ങുമ്പോള്‍ അവള്‍ ഓർമിപ്പിച്ചു.

മഴയേല്‍ക്കാതെ കെട്ടി ഭദ്രമാക്കിയ ചരക്കുകള്‍ക്കൊപ്പം പനിച്ചുപൊള്ളുന്ന തിമോത്തിയെയും മകള്‍ ശോശന്നയെയും ചുമന്ന് ലോറി ഞരങ്ങിനീങ്ങി. ചായമക്കാനിയുടെ മേല്‍ക്കൂര കാറ്റില്‍ പറക്കുന്നത് ഡൊമിനിക് കണ്ടു. ഈ ഭയങ്കരരാവില്‍ അപരിചിതനായ ഏതോ മനുഷ്യനൊപ്പം പോയ പെണ്ണ് എങ്ങുചെന്നു പതിക്കുമെന്ന് അവന്‍ അധീരനായി. അതിലേറെ സംഭീതനായി. തിരികെ വീട്ടില്‍ച്ചെന്നാല്‍ അപ്പന്‍ ചീത്തപറഞ്ഞോടിക്കും. മാനന്തവാടിക്ക് ഇനിയൊരു വണ്ടി കിട്ടാനും വഴിയില്ല. ചുരമിടിഞ്ഞതാണ്. ഇനിയെന്തു ചെയ്യും! ആ ഭീകര രാത്രി പുലരുവോളം കടത്തിണ്ണയിലെ മുളബെഞ്ചില്‍ അവന്‍ തണുത്തുവിറച്ചു കിടന്നു. അക്കാര്യം ശോശന്ന ഒരുകാലത്തും അറിയുകയുമില്ല.

വിജനത. കറുത്തുകൊഴുത്ത ഇരുട്ട്. ലോറിക്കാരന്‍ ഒന്നും മിണ്ടുന്നില്ല. റേഡിയോ മാത്രം ഒച്ചവെക്കുന്നു. തലപ്പുഴയിൽ വച്ചാണ് ആദ്യമായി ഒരു വണ്ടി എതിരെ വന്നത്. ലോറിക്കാരൻ ഹോണടിച്ച് കൈകാട്ടിയിട്ടും അത് നിർത്താതെ പോയി. ജീപ്പില്‍ അലവലാതി സംഘം, കുടിച്ചു കൂത്താടിയാവണം, ഒച്ചയിടുന്നുണ്ടായിരുന്നു. ശോശന്ന ഇടയ്ക്കിടെ ദൃശ്യമാവുന്ന പുല്‍വീടുകളുടെ ഉമ്മറത്തെ ചിമ്മിനിവെട്ടത്തിലേക്കു നോക്കിയിരുന്നു. കാട്ടുവഴി ഒരിക്കലും അവസാനിക്കില്ലെന്ന് ശോശന്നക്ക് തോന്നി.

കാറ്റൊന്നടങ്ങി. ലോറിക്കാരന്‍ പാട്ടിനൊപ്പം മൂളി.

താര മനോഹര ലിപിയിൽ വാനം

പ്രേമ കവിതകൾ എഴുതുന്നു

ആരോമലാളെ... ആരോമലാളെ

അരികിലിരുന്നത്‌ പാടി തരുവാൻ

ആരോമലാളെ, നീ വരുമോ

അയാളുടെ നോട്ടം ശോശന്നയുടെ കണ്ണില്‍ക്കൊണ്ടു.

തെല്ലിട കഴിഞ്ഞതും ദൂരെ വീണ്ടും വെളിച്ചം കണ്ടു. ലോറിക്കാരന്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി കൈനീട്ടി. എതിരേ വന്ന വാഹനം മുരണ്ടുനിന്നു. കമ്പിളിത്തൊപ്പി വെച്ച നീണ്ടമുഖമുള്ള ഒരു മനുഷ്യന്‍ സംശയിച്ചുനോക്കി. ചുവന്നുകലങ്ങിയ കണ്ണുകള്‍. ആ ചെങ്കണ്ണനൊപ്പം ഇയാള്‍ തന്നെ ഉപേക്ഷിച്ചുപോകുമോ! ശോശന്ന ഭയന്നു. ഒരു നാഴികനേരത്തെ കൂട്ടുയാത്രയില്‍ അയാള്‍ അവള്‍ക്ക് പ്രിയപ്പെട്ട ഒരാളായി മാറിക്കഴിഞ്ഞു. വണ്ടി ഓരത്ത് നിര്‍ത്തിയിട്ട് ലോറിക്കാരനും ജീപ്പില്‍ കയറിക്കൂടി.

‘ഇവിടെപ്പറ്റില്ല, കോഴിക്കോട്ടു പൊക്കോ...’

ബോധംമറഞ്ഞ രോഗിയെ മാനന്തവാടി കുന്നിന്മുകളിലെ ആശുപത്രി കയ്യൊഴിഞ്ഞു.

‘അങ്ങനെ പറഞ്ഞാലോ... അത്രേം ദൂരം ഈ മനുഷ്യന്‍…’ ലോറിക്കാരന്‍ വെപ്രാളപ്പെട്ടത് ഡോക്ടര്‍ കേട്ടതായി നടിച്ചില്ല.

‘പനമരത്ത് ഒരു നല്ല ഡാക്കട്ടറണ്ട്. വാപ്പേനെ രക്ഷിച്ചത് ഓരാ. കുട്ടി ബേജാറാവണ്ട.’ അയാള്‍ സമാധാനിപ്പിച്ചു.

അതിനിടയില്‍ അയാള്‍ ജീപ്പ് പറഞ്ഞുവിട്ട് ആംബുലന്‍സ് ഏർപ്പാടാക്കി. പിന്നെയും ഏഴെട്ടു മൈല്‍ ഇരുട്ടിലൂടെ, അറിയാദേശത്തുകൂടെ. ഇടയ്ക്കൊരു കവലയില്‍ നിര്‍ത്തി അയാള്‍ പകര്‍ന്ന കടുംകാപ്പിയുടെ മണം അവള്‍ ഒരിക്കലും മറക്കില്ല. പനമരമെത്തി. ആശുപത്രിയിലെ സിമന്‍റ് ബെഞ്ചില്‍ ചാരിയിരുന്ന് അവൾ ഉറക്കംതൂങ്ങവേ അയാള്‍ ദയാലുവായി.

‘മോളുറങ്ങ്‌, ഞാനുണ്ടല്ലോ.’

അയാളുണ്ടായിരുന്നു കൂടെ. പിറ്റേന്ന് തിളയ്ക്കുന്ന വെയിലില്‍ അറിഞ്ഞും കേട്ടും ഡൊമിനിക് വന്നെത്തുവോളം.

അങ്ങനെ നീളുകയാണ് കഥ.

 

കഥയിലെ ചില ഖണ്ഡങ്ങള്‍ നായികയായ ഒന്നാം സാക്ഷി ശോശന്നതന്നെ കോടതിക്ക് മുമ്പില്‍ വിവരിച്ചു.

ശോശന്ന പറഞ്ഞത്

ഡോക്ടറെ കണ്ട് ഡൊമിനിക് ഇറങ്ങിവരുമ്പോഴേക്കും ലോറിക്കാരന്‍ അപ്രത്യക്ഷനായി. പിന്നെ ആ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. പേര് പോലും ചോദിച്ചില്ല. അയാള്‍ ആശുപത്രിയിൽ കെട്ടിയ പണം തിരിച്ചു കൊടുക്കാന്‍ പറ്റിയുമില്ല. ഇപ്പഴും ചെല നേരത്ത്, കടലേ... നീലക്കടലേ... എന്നൊരു മൂളല്‍ എങ്ങുന്നോ കേള്‍ക്കും.

ഒരാഴ്ചയാണ് അപ്പന്‍ പനിച്ചുകെടന്നത്. ഇരുനൂറ്റി അമ്പത്തൊമ്പത് രൂപയുടെ ഒരു ഇഞ്ചക്ഷൻ ഡോക്ടര്‍ കുറിച്ചപ്പോള്‍ ഞാന്‍ പരുങ്ങി. അത്രയും പണം എങ്ങനെ… എത്ര ഇൻജക്ഷന്‍ വേണ്ടിവരുമെന്നറിയില്ല. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് ഡൊമിനിക് പോയി. അന്നത് വലിയ തുകയാണ്. ചായക്കടക്കാരന്‍ ജോസിന്‍റെ മകന്‍ അത് എങ്ങനെയൊപ്പിക്കാന്‍?

പണിപ്പെട്ട് ശബ്ദം പുറത്തെടുത്ത് അപ്പന്‍ പയ്യെ മിണ്ടാനും പറയാനും തൊടങ്ങി. മൂളിക്കേട്ട് ഞാന്‍ അരികത്തിരുന്നു. അപ്പനോട് ഞാനും ഒരു കഥ പറഞ്ഞു. ഒന്നും മിണ്ടാതെപോയ ലോറിക്കാരന്‍റെ കഥ. അയാളുടെ കടം വീട്ടണം; അപ്പന്‍റെ കണ്ണുനനഞ്ഞു. മൂന്നാലു ദിവസം കഴിഞ്ഞു ഡൊമിനിക് തിരികെയെത്താന്‍. രൂപ എവിടന്ന് കിട്ടിയെന്ന് എത്ര ചോദിച്ചിട്ടും അവന്‍ പറഞ്ഞില്ല. ഏതോ വിളികേട്ടെന്നവണ്ണം അന്ന് മറ്റൊരാളും പനമരത്തെത്തി. അപ്പന്‍റെ അകന്ന ബന്ധു ലൂയിസച്ചന്‍. അന്ന്‍ പണിമുടക്കായതിനാൽ ഒറ്റ വണ്ടിയില്ല. കാൽനടയായി ആറേഴു നാഴിക നടന്നാണ് അച്ചൻ വന്നത്. അദ്ദേഹമാണ് പറഞ്ഞത് ആ നശിച്ച ചെയ്ത്താന്‍ പാലത്തിന്‍റെ അടുത്തേക്ക് ഇനി തിരിച്ചുപോകണ്ടാന്ന്‍. പാവം പിടിച്ച മനുഷ്യരെയെല്ലാം പാലം വിഴുങ്ങുവാണെന്ന്. ഒടുവിലത്തെ .ഉപ്പ്രുശുമ സ്വീകരിച്ചതും എന്തോ പറയാനുള്ള മാതിരി അപ്പന്‍റെ ചുണ്ടുവിതുമ്പി. ചങ്കിടിപ്പിന്‍റെ താളം നേര്‍ത്തുവന്നു. അപ്പന്‍റെ കൈ ഞാൻ നെഞ്ചോട് ചേര്‍ത്തു.

‘അമ്മച്ചിയോട് പറയണം...’

ശബ്ദം കേട്ടു. ഞാന്‍ കരഞ്ഞുവിളിച്ചില്ല. ഒച്ചവെച്ചില്ല. എന്ത് സംഭവിച്ചാലും ധൈര്യവതിയായിരിക്കാമെന്ന് അപ്പന് ഞാന്‍ വാക്കുകൊടുത്തതാണ്. എത്ര ഇടുങ്ങിയതാണ് ജീവന്‍ പോകുന്ന വഴിയെന്ന്‍ ഞാന്‍ അന്ധാളിച്ചു. അമ്മച്ചിയോട്‌ അപ്പന് എന്താണ് പറയാനുണ്ടായിരുന്നത്? കള്ളുകുടിച്ചുവന്ന് ഇടക്കൊക്കെ കോപിക്കും. ഇടക്ക് കരയിച്ചിട്ടുണ്ട്. അതിനൊക്കെ ക്ഷമചോദിക്കാന്‍ അപ്പന്‍ ആശിച്ചുകാണും. കഠിനതകള്‍ മനുഷ്യനെ പരുക്കനാക്കുമെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല.

അഞ്ചാറു മൈല്‍ അകലെയുള്ള ആ വെള്ളത്താടിക്കാരന്‍ വൈദികന്‍റെ എടവകയിലേക്കാണ് അപ്പനെ അടക്കാന്‍ കൊണ്ടുപോകേണ്ടത്. അന്നത്തെ പോക്ക് എങ്ങനെ മറക്കാന്‍! അന്ന് വണ്ടികളില്ല. ആശുപത്രീല്‍ ആംബുലന്‍സുമില്ല. നല്ലൊരു തോണിക്കാരനുണ്ട്. പനമരം പുഴേക്കൂടെ അപ്പനെ അയാള്‍ വള്ളത്തിൽ കൊണ്ടുവരുമെന്നും പറഞ്ഞ് ലൂയിസച്ചന്‍ നീട്ടിപ്പിടിച്ചങ്ങ് നടന്നുപോയി. എന്തുചെയ്യുമെന്നറിയാതെ ഞാനും ഡൊമിനിക്കും മുഖത്തോടുമുഖം നോക്കിയിരുന്നു. സത്യത്തില്‍, അപ്പന്‍ മരിച്ചെന്ന് എനിക്കപ്പോഴും വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല.

മൂന്നാം സാക്ഷി കഥയിലെ തോണിക്കാരന്‍ പറഞ്ഞത്

അപ്പനെ തോണിയിൽക്കെടത്തി മിഴുങ്ങസ്യയിരിക്കണ പെണ്‍കുട്ടിയെ കണ്ട് എനിക്ക് കരച്ചില്‍ വന്നു. അവള്‍ക്കൊപ്പം ആ പയ്യനും കേറി. തോണി നീങ്ങിത്തൊടങ്ങിയതും പനമരംപൊഴേടെ മട്ടങ്ങുമാറി. അത് ഒറക്കെ അലറാൻ തൊടങ്ങി. അടുത്ത കാലത്തൊന്നും കാണാത്ത കാറ്റും ഒഴുക്കും. തൊഴച്ചിലിന്‍റെ താളം തെറ്റി. ആ ലൂയിസച്ചന്‍ പറഞ്ഞോണ്ട് മാത്രം ഞാന്‍ എറക്കീതാ തോണി. പിടിച്ചിട്ട് കിട്ടണ്ടേ. ആ പയ്യന്‍ പന്തം കണ്ട പെരുച്ചാഴിയെക്കണക്ക് കുത്തിയിരിക്കണ്. വെള്ളവും വള്ളവും പേടിയാ അവന്. ഒറപ്പാ. ശകലം നീങ്ങീതും തോണീടെ അനക്കം അപ്പടി നെലച്ചു. അടിപ്പാറയിൽ തട്ടിയതാ. പെങ്കൊച്ച് അപ്പന്‍റെ മോത്തുതന്നെ നോക്കിയിരിപ്പാ

‘തണുത്തുവരുവാ അപ്പന്‍...’

അത് എന്നെ നോക്കി. മോറ് വല്ലാതായി.

‘പാറമ്മേ കുടുങ്ങീല്ലോ മോളേ. ഒടുക്കത്തെ ഒഴുക്കും.’

ഞാന്‍ എന്‍റെ വെഷമം പറഞ്ഞു. പയ്യനെ തറപ്പിച്ചുനോക്കി മുളങ്കോലു വലിച്ചെടുത്ത് അവള്‍ ആഞ്ഞുകുത്തി. തോണി പതുക്കനെയൊന്നിളകി. കൊച്ച് പിന്നേം മുളങ്കോൽ താഴ്ത്തി. കാറ്റിനൊത്ത് വഞ്ചി നീങ്ങിത്തൊടങ്ങി. ‘മിടുക്കത്തി...’ ഞാന്‍ പ്രശംസിച്ചത് അത് കേട്ടുകാണില്ല. ആഞ്ഞുതൊഴയെറിഞ്ഞ് ഒഴുക്കിനെതിരെ ഞങ്ങള് മെല്ലെ നീങ്ങി.

മാനം കറുത്തുകേറി വരുന്നു.

‘പേടിയ്ക്കണ്ട. മഴയ്ക്ക് മുന്നേ മ്മക്ക് കരപിടിക്കാം.’

ഞാന്‍ പറഞ്ഞുതീര്‍ന്നില്ല ആകാശം ഇടിഞ്ഞുവീഴുംമട്ടൊരു പെയ്ത്ത്!

‘നീന്തലറിയ്യോ പിള്ളേരേ?’ ഞാന്‍ വേവലാതിപ്പെട്ടു.

അറിയുമെന്ന് തലയാട്ടി അവള്‍ പയ്യനെ നോക്കി. കാറ്റിന്‍റെ ഊക്കിൽ വഞ്ചിയൊന്നൊലഞ്ഞു. ദൈവേ... അത് തെറിച്ചു പൊഴേലേക്ക്. നൊടിയില്‍ തൊഴ പയ്യന് എറിഞ്ഞുകൊടുത്ത് ഞാനും ചാടി. അതിനെ വാരിയെടുത്ത് തോണിയിൽവെച്ചു.

‘പണ്ട് അപ്പനെന്നെ പരല്‍മീന്‍ വാരാന്‍ കൊണ്ടോയപ്പം ചെയ്ത്താന്‍ തോട്ടില്‍ വീണമാതിരി ഇതാ പിന്നേം ഞാന്‍ വീണപ്പാ.’

നനഞ്ഞുകുതിര്‍ന്നിരിക്കുമ്പം അങ്ങനേതാണ്ട് അത് പറഞ്ഞു. മരിച്ചുകെടന്ന കാര്‍ന്നോര്‍ ഒന്ന്‍ ചിരിച്ച മാതിരി.

കലങ്ങിയ വെള്ളം തോണീലേക്ക് എരച്ചുകേറാന്‍ തൊടങ്ങിയപ്പം ഞാനൊന്നു പേടിച്ചു. അവളത് പാളകൊണ്ട് കോരിക്കളഞ്ഞോണ്ടിരുന്നു. ഏതായാലും തൊഴഞ്ഞുതൊഴഞ്ഞ് ഒടുവില്‍ വള്ളം കരതൊട്ടു. ശവവുമായി വള്ളം വരണകേട്ട് കടവില്‍ .ഇണ്ടക്കാട്ടനൊരാൾക്കൂട്ടം! എങ്ങനെ മറക്കാനാ ആ ദിവസം! ഇത്രേം നാള് കഴിഞ്ഞും എല്ലാം ഇന്നലത്തെമാതിരി...

തോണിക്കാരനും ശോശന്നയും പറഞ്ഞതൊക്കെ കഥയിലുണ്ടെന്ന്‍ കഥ വായിച്ച എനിക്കറിയാം. പത്തുമുപ്പതു കൊല്ലം മുമ്പ് ചെയ്ത്താന്‍ പാലത്തിലെ സോഫി, അതും ഒരു കഥയിലെ സോഫി, ഏതോ ഒരു ഡൊമിനിക്കിനെ പ്രേമിച്ചതുകൊണ്ട് പരാതിക്കാരന്‍ കാര്‍ന്നോരുടെ മോള്‍ സോഫിയുടെ കല്യാണം മുടങ്ങുവോ? എന്ത് മണ്ടത്തരം! അല്ലെങ്കിലും കഥയിലൊക്കെ ഇത്ര കാര്യമുണ്ടോ? ഇത് X എന്ന കഥാകാരിയോടുള്ള മറ്റെന്തോ കെറുവാണ്. ഒറപ്പ്.

ന്യായാധിപന്‍ കഥയുടെ അവസാന ഭാഗത്താണെന്ന് തോന്നുന്നു.

തെരുവാക്കുന്ന്‍

ഒരു നൂറ്റാണ്ടിന്‍റെ പെരുമഴ കൊള്ളുകയായിരുന്നു അന്ന് ശോശന്ന.

ചെയ്ത്താന്‍ പാലത്തില്‍നിന്ന്‍ തെരുവാക്കുന്നിലേക്ക് യുഗങ്ങളുടെ അകലമുണ്ടെന്ന്‍ ശോശന്നക്ക് തോന്നും. പരിഷ്കരിച്ച സെമിത്തേരി അപ്പന്‍റെ കുഴിമാടത്തെ വിഴുങ്ങിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അവളവിടെയെത്തും. പൂവെച്ച് പ്രാര്‍ഥിക്കും. അപ്പന്‍റെ മരണശേഷം ചെയ്ത്താന്‍ പാലത്തിലെ വസ്തു വിറ്റുപെറുക്കി അമ്മയും രണ്ടു പെണ്‍കുട്ടികളും ലൂയിസച്ചന്‍റെ ഇടവകയില്‍ താമസം തുടങ്ങി. അപ്പന്‍ ഉറങ്ങുന്ന നാട്ടില്‍ തെരുവാക്കുന്നില്‍ ഒരേക്കർ ഭൂമി വാങ്ങി. ഒരു കെട്ട് തെരുവാ വെട്ടിയാൽ അഞ്ചണ കിട്ടുന്ന കാലം. ആയിരം കെട്ടോളം ദിവസവും വെട്ടുന്ന മിടുക്കിയാ ശോശന്നയെന്ന് കരക്കാര്‍ അത്ഭുതം കൂറി. ക്രമേണ തെരുവാക്കുന്നില്‍ ശോശന്നയുടെ കപ്പക്കൂടങ്ങൾ പൊന്തി. കാപ്പിച്ചെടികൾ തലനീട്ടി. ഗ്രാമം അടിമുടി മാറി. ശോശന്നയും. ആദ്യമൊക്കെ ആലോചനകള്‍ കുറേ വന്നു. ശോശന്നക്ക് ആരോടും മമത തോന്നിയില്ല. അനിയത്തി അന്നയുടെ കെട്ടുകഴിഞ്ഞ് മക്കളുമായി. അമ്മ ഒരു പാതിരാത്രിയിലെ വലിവിൽ അപ്പന്‍റെ അരികിലേക്കു പറന്നുംപോയി. അപ്പോഴും ശോശന്നക്ക് ചെറുപ്പമായിരുന്നു.

പാവങ്ങളുടെ കൂരകള്‍ കാറ്റില്‍പ്പറത്തി തമ്പുരാന്‍ പിന്നെയും കുട്ടിയും കോലും കളിച്ചു. പാലത്തിന്‍റെ മരത്തടി പിന്നെയും പലവട്ടം ഒലിച്ചുപോയി. അനേകര്‍ അതിനരികില്‍ അപ്രത്യക്ഷരാവുകയും ചെയ്തു.

***

സെമിത്തേരിയിൽ നിന്നിറങ്ങുന്നേരം പതിവില്ലാതെ ഒരു മധ്യവയസ്കൻ കാത്തുനിൽക്കുന്നു. അയാളെ കണ്ടതും അവളുടെ മനസ്സില്‍ കൊടുങ്കാറ്റു വീശി.

‘അമേരിക്കേലാ. ലീവിന് വന്നപ്പൊ ഒന്ന് കാണാൻ തോന്നി.’

‘അപ്പനിപ്പൊ?’ അവള്‍ അന്വേഷിച്ചു.

‘തൊണ്ണൂറു വയസ്സായി. ചെയ്ത്താൻ പാലം വിട്ട് എങ്ങോട്ടുമില്ല. മോത്തി പാലത്തിന്‍റടുത്തുണ്ടത്രെ. വീടിരുന്നേടത്ത് ഇപ്പം ഓള്‍ഡ്‌ ഏജ് ഹോമാ. അപ്പനെപ്പോലെ എട്ടുപത്തു വയസ്സന്മാർ പത്രം വായിച്ചും സിനിമ കണ്ടും വര്‍ത്താനം പറഞ്ഞും സമയം കളയുന്നു. കൂടെ വരുന്നോ?’

അവള്‍ പുഞ്ചിരിച്ചു. മുപ്പതു വര്‍ഷം മുമ്പത്തെ കുലീനമന്ദഹാസം… ആരോടും ചോദിക്കാനും പറയാനുമില്ല. ശോശന്ന പിന്നാലെ ചെന്നു.

കടലേ... നീലക്കടലേ… ഓര്‍ക്കാപ്പുറത്ത് കാര്‍ സ്റ്റീരിയോ പാടിയപ്പോള്‍ അവള്‍ പണ്ടത്തെ ലോറിക്കാരനെ ഓർത്തു.

‘ഞാനിതുവരെ കടല്‍ കണ്ടിട്ടില്ല.’ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

‘അത്... എന്തേ പറഞ്ഞില്ല ഇത്ര കാലം?’ അയാള്‍ ചോദ്യഭാവത്തിൽ നോക്കി.

‘ആരോട് പറയാന്‍?’ അവൾ അവജ്ഞയോടെ ചിരിച്ചു.

ഡൊമിനിക്കിന്‍റെ മനസ്സ് നൊന്തു. അമേരിക്കക്കാരി നഴ്സിന്‍റെ ആലോചന വന്നപ്പോള്‍ അപ്പന്‍ എതിര്‍ത്തതും മോത്തിയുടെ മോളെ കെട്ടണം ഡൊമിനിക്കെന്ന്‍ വാശിപിടിച്ചതും തന്നെ ചെയ്ത്താന്‍ പാലത്തില്‍ തളച്ചിടാന്‍ കിട്ടില്ലെന്ന് അപ്പനോട് തട്ടിക്കയറിയതും അയാള്‍ ഓര്‍ത്തു.

വാകച്ചോട്ടിൽ കാര്‍ നിന്നു. അതാ ആ വൃദ്ധന്‍ ആരെയോ കാത്തിരിക്കുന്നു, ദൂരെ കണ്ണും നട്ട്! പണ്ടത്തെ ചായക്കടക്ക് വലിയ മാറ്റമൊന്നുമില്ല. ചെയ്ത്താന്‍ പാലം പരിഷ്കരിച്ച് ചെറിയ വണ്ടികള്‍ക്ക് കടക്കാൻ പാകത്തിനാക്കിയിട്ടുണ്ട്. ശോശന്ന ആ മനുഷ്യന്‍റെ കരം കവര്‍ന്നു.

കണ്ണിന്‍റെ കാഴ്ച മങ്ങിയെങ്കിലും വൃദ്ധന്‍ അവളെ തിരിച്ചറിഞ്ഞു.

‘എന്താ കൊച്ചേ നീയൊന്ന്‍ കാണാന്‍പോലും വന്നില്ല?’

വൃദ്ധന്‍ പരിഭവിച്ചു. അവൾ ഒറ്റയാണെന്നറിഞ്ഞാറേ വാത്സല്യപ്പെട്ടു.

‘മോത്തി ഉണ്ടായിരുന്നേ നിന്നെയിങ്ങനെ വിടുവോ? എന്താ നീ കെട്ടാത്തെ?’

‘പറ്റിയ ആരേം കണ്ടില്ലപ്പാ.’ അവള്‍ ഉറക്കെ ചിരിച്ചു.

‘ഒരാളെ ഇഷ്ടായി. ഒരു ദിവസം മാത്രം കണ്ട ആള്‍.’

അവളുടെ കണ്ണുകളില്‍നിന്ന്‍ ചിരി തെറിച്ചു.

ഡൊമിനിക് ഒന്ന് പതറി. ആ പ്രായത്തിലും ശോശന്ന സുന്ദരിയാണെന്ന് അയാള്‍ കണ്ടു.

വൃദ്ധന്‍ എന്തോ ഓർമയിലാണ്ടു. മൂവരും പാലത്തിൽ കയറി. പണ്ടത്തെ കാഴ്ചകള്‍ വീണ്ടും കാണുകയായി ശോശന്ന. പാറപ്പുറത്ത് സല്ലപിക്കുന്ന ഡൊമിനിക്കും സോഫിയും. സോഫിയോളം ഭംഗിയില്ലാത്ത തന്നെ പ്രേമിക്കാന്‍ എന്നെങ്കിലും ഒരു ചെക്കന്‍ വരുമോയെന്ന് വ്യാകുലപ്പെടുന്ന പെൺകുട്ടി. തോട്ടിലേക്ക് ചാടുന്ന വികൃതികള്‍ക്കൊപ്പം അവള്‍ നീന്തുന്നു. കരിമ്പാറക്കെട്ടിലെ കൊറ്റികളെ, ഓളപ്പരപ്പില്‍ എത്തിനോക്കുന്ന വരാലുകളെ എണ്ണിയെണ്ണി... കാലം കടന്നപ്പോൾ തെരുവാക്കണക്കും കാപ്പിക്കണക്കും നെല്ലിന്‍റെ കണക്കും... മരിച്ചുചെന്നാല്‍ സന്തോഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ എന്താവും ശോശേ നിനക്ക് ബാക്കിയുണ്ടാവുക!

‘കൊച്ചേ, അത്ര പ്രായമില്ലാത്ത ഒരാളൊണ്ട് സദനത്തില്. ലോറിയപകടത്തില് കാലുപോയതാ. അയാക്ക് നിന്നെയറിയാം. അയാളാ ഇവനെയങ്ങോട്ട്‌ പറഞ്ഞുവിട്ടത്.’

വൃദ്ധന്‍ വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങുകയാണ്.

ഓര്‍ക്കാപ്പുറത്ത് ആകാശം ഇരുണ്ടു. പാലം ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. പണ്ടുപണ്ടത്തെ അതേ മുഴക്കം... കാഴ്ച മറയുമ്പോൾ ആരോ താങ്ങുന്നത് അവളറിഞ്ഞു.

വിധി

2018ല്‍ ഒരു നോവലിനെതിരെ വന്ന കേസ് പരാമർശിച്ചുകൊണ്ടാണ് ന്യായാധിപന്‍ നിരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനേക്കാള്‍ ഭീമന്‍ അസംബന്ധമാണ് X എന്ന കഥാകാരിയുടെ കഥക്കെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍. പരാതിക്കാരന്‍റെ പേര് തിമോത്തിയെന്നാണെന്നും അയാള്‍ക്ക് സോഫിയെന്ന മകളുണ്ടെന്നും അവര്‍ ചെയ്ത്താന്‍ പാലത്തിനരികിലാണ് താമസമെന്നതുകൊണ്ടും മാത്രം ദശകങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു തിമോത്തിയും മകളും പ്രത്യക്ഷപ്പെട്ട കഥയുടെ പേരില്‍ മാനനഷ്ടമുണ്ടായെന്ന വാദം വിഡ്ഢിത്തവും ഭോഷത്തവുമാണെന്ന്‍ കോടതി കണ്ടെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ വന്ന ഇങ്ങനെയൊരു പരാതിയുടെ സാംഗത്യം ചോദ്യംചെയ്യപ്പെടേണ്ടതാണ്.

സീതയെന്നും ജാനകിയെന്നുമൊക്കെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോൾ എതിര്‍പ്പുകള്‍ ഉയരുന്ന നാട്ടില്‍ ഇതിലുമപ്പുറം കാണേണ്ടിവരും. അംഗീകാരം നേടുന്ന ഒരു സ്ത്രീയെ യുക്തിയുടെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്താന്‍ പറ്റാത്തപ്പോള്‍ അവരുടെ രൂപം, വസ്ത്രം, അവരെഴുതുന്ന കഥ, അവര്‍ അഭിനയിക്കുന്ന സിനിമ, എന്നിവയെല്ലാം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ചില കുത്സിതബുദ്ധികള്‍ ശ്രമിക്കുന്നതിന് ഉദാഹരണമാണ് ഈ പരാതി. ന്യായവും അടിയന്തരവുമായ നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അൽപത്തരങ്ങള്‍ക്കും അന്തസ്സാരശൂന്യമായ കാര്യങ്ങള്‍ക്കുംവേണ്ടി സമയം മാറ്റിവെക്കാനില്ലെന്നും വാദി കുറ്റാരോപിതക്കും കോടതിക്കും സമയനഷ്ടത്തിനും ധനനഷ്ടത്തിനും പരിഹാരംചെയ്യണമെന്നും ന്യായാധിപന്‍ കൽപിച്ചതുകേട്ട് തിമോത്തിയുടെ മുഖം കോടി.

എന്നാല്‍, പതിവില്ലാതെ വിചിത്രമായ ചില കാര്യങ്ങള്‍ വിധിപ്രസ്താവത്തിനൊപ്പം ജഡ്ജി കൂട്ടിച്ചേര്‍ത്തു.

‘പ്രിയപ്പെട്ട കഥാകാരീ, കഥയില്‍ വന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടട്ടെ. സത്യത്തില്‍ ശോശന്നയെയും അപ്പനെയും ലോറിയില്‍ കയറ്റിവിട്ട രാത്രി ഡൊമിനിക് കടത്തിണ്ണയിൽ ഉറങ്ങിയിട്ടില്ല. അയാള്‍ മഴനനഞ്ഞ് ലോറി പോയ വഴിയേ നടന്നു, വെളുക്കുവോളം. അപരിചിതനായ ലോറിക്കാരന്‍റെ കൂടെ ശോശന്ന പോയത് അയാളെ വല്ലാതെ ഭയപ്പെടുത്തി. ആഞ്ഞുപിടിച്ചു നടക്കുമ്പോള്‍ എതിരേ വന്ന ഒരു ജീപ്പ് അയാളെ ഇടിക്കേണ്ടതായിരുന്നു. കുറേ അലവലാതികള്‍ അതില്‍ ബഹളംവെച്ചിരുന്നു. ഭാഗ്യത്തിന് ഡൊമിനിക് വഴിയരികിലെ തിണ്ടിലേക്ക് എടുത്തുചാടി.

പിന്നെ, ശോശന്ന ഇന്നോളം അറിയാതെപോയ ഒരു കാര്യമുണ്ട്. ചായക്കടയും അതിരുന്ന മണ്ണും വിറ്റാണ് ഡൊമിനിക്കിന്‍റെ അപ്പന്‍ ജോസ് കൂട്ടുകാരന്‍ മോത്തിയെ ചികിത്സിച്ചതെന്ന സത്യം. ആ വൃദ്ധനെ കാണാന്‍ ഒരിക്കല്‍പോലും ശോശന്ന ചെയ്ത്താന്‍ പാലത്തില്‍ പോയിട്ടില്ലെന്നത് അവിശ്വസനീയം. അത്രമേല്‍ കല്ലാകുമോ ഒരു പെണ്ണിന്‍റെ ഹൃദയം? കഥക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് വിശ്വസനീയതയാണ്. ഒരു തുള്ളി സത്യം പോലുമില്ലെങ്കിലും കഥ നൂറു ശതമാനം വിശ്വസനീയമായിരിക്കണം. അതാണ്‌ കഥയുടെ സൗന്ദര്യം. അതുകൊണ്ട് കഥാകാരി എഴുത്തിന്‍റെ രസതന്ത്രം ഇനിയും വശമാക്കേണ്ടതുണ്ട്. പിന്നെ പ്രധാനകാര്യം, താങ്കള്‍ എഴുതിയിരിക്കുന്നപോലെ ഡൊമിനിക് അമേരിക്കയില്‍ പോയിട്ടില്ല. അവന്‍ നിയമം പഠിച്ചു. വക്കീലായി. ജഡ്ജിയായി. ഒടുവില്‍ താന്‍ കഥാപാത്രമായി വരുന്ന കഥയിൽ വിധിപറയാന്‍ നിയുക്തനുമായി.’

 

ഇനിയും എന്തൊക്കെ കേള്‍ക്കേണ്ടിവരുമെന്ന ഞെട്ടലിലാണ് കഥാകാരിയും ശോശന്നയും. Justice Dominic Jose എന്ന നെയിം ബോര്‍ഡ് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. പരാതിക്കാരനാണോ ന്യായാധിപനാണോ ശരിക്കും വിഡ്ഢി എന്ന ചിന്തയിലായിരുന്നു അന്നേരം ഞാന്‍. ഒരു കഥയുടെ ക്ലൈമാക്സ് തിരുത്താന്‍ ഒരു പ്രധാനമന്ത്രിക്കും അവകാശമില്ല. ചരിത്രം തിരുത്തുന്നപോലെയല്ലല്ലോ ഒരാളുടെ ഭാവനയില്‍ കയറി തിരുത്തൽ വരുത്തുന്നത്. കഥ ‘മന്‍ കീ ബാത്’ ആണ്. എഴുത്താളുടെ മനസ്സിലെ സ്വകാര്യം. ഞാന്‍ ഇങ്ങനെയൊക്കെ ഗദ്ഗദപ്പെടുമ്പോള്‍ ജസ്റ്റിസ് ഡൊമിനിക് ജോസ് തുടര്‍ന്നു.

‘അന്ന്‍ വിറ്റുപോയ ചായക്കടയും അതിരുന്ന മണ്ണും അപ്പന്‍തന്നെ തിരികെ വാങ്ങി. ഒരു നല്ലകാലത്തെ ഓർമിക്കാന്‍ വലിയ പരിഷ്കരണമൊന്നും കൂടാതെ അത് ഇന്നും സൂക്ഷിക്കുന്നു. അപ്പന്‍ ഇപ്പോഴും കട തുറക്കാറുണ്ട്. പിന്നെ, സോഫി. അവള്‍ മരിച്ചിട്ടില്ല. അവളെന്‍റെ കൂടെയുണ്ട്‌. ചെറുപ്പംതൊട്ടേ ശോശന്നക്ക് അവളോട്‌ അസൂയയുണ്ടെന്നറിയാം. അവളെ കാണാന്‍ ഇനിയെങ്കിലും വീട്ടിലേക്ക് വരണം. എന്തായാലും സ്വന്തം അനുജത്തിയല്ലെ?’

ഒന്നാം സാക്ഷി ശോശന്നയുടെ മുഖം വിവർണമായി. ഇതെന്തു കഥ, ഇതേത് സോഫിയെന്ന് പരാതിക്കാരന്‍ തിമോത്തി കണ്ണുമിഴിച്ചു ചുറ്റും നോക്കി.

വിധി വന്നു.

സമയനഷ്ടം ധനനഷ്ടം ഇത്യാദി വകയിൽ പരാതിക്കാരന്‍ കോടതിക്ക് നല്‍കേണ്ട തുക ഉടന്‍ അറിയിക്കുമെന്നും ഒന്നാം സാക്ഷി ശോശന്ന ചെയ്ത തെറ്റിനു പരിഹാരമായി പഴയ ആശുപത്രി ബിൽ അഞ്ച് ഗുണം ഇരുനൂറ്റി അമ്പത്തിയൊമ്പത് രൂപ എഴുത്തുകാരി കോടതിയില്‍ കെട്ടണമെന്നും വിധിച്ച് കോടതി പിരിഞ്ഞു.

അടിച്ചേൽപിക്കുന്ന കഥകളും പുസ്തകങ്ങളും ഇഷ്ടമാകാത്ത വായനക്കാർക്ക് എഴുത്തുകാർ നഷ്ടപരിഹാരം നൽകാൻ വിധിക്കുന്ന കാലം വന്നെങ്കിലെന്നാശിച്ചുകൊണ്ട് ഞാന്‍ കഥാകാരിക്കൊപ്പം സെല്‍ഫിയെടുക്കുമ്പോള്‍ ബാലിശവും അയുക്തികവുമായ ഒരു കേസിന്‍റെ വിചാരണ കഴിഞ്ഞ് ഇനി എങ്ങോട്ടുപോകണമെന്നറിയാതെ കഥാപാത്രങ്ങള്‍ കോടതിവരാന്തയില്‍ കുഴങ്ങിനിന്നു. ന്യായാധിപന്‍ പറഞ്ഞ ക്ലൈമാക്സിലേക്കോ കഥാകാരിയുടെ രചനയിലേക്കോ അതുമല്ലെങ്കില്‍ ജീവിതത്തിലേക്കോ...? ഒന്നാം സാക്ഷി ശോശന്നയുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം തത്തിക്കളിക്കുന്നുണ്ട്. പെട്ടെന്നാണ് കോടതിമുറ്റത്തെ വാകച്ചോട്ടിലിരുന്ന് വീല്‍ചെയറിലെ മനുഷ്യന്‍ പാടാന്‍ തുടങ്ങിയത്.

ഒരു പെണ്മണിയുടെ ഓർമയിൽ മുഴുകി

ഉറങ്ങാത്ത രാവുകളുണ്ടൊ...

കടലേ...

News Summary - Malayalam story