Begin typing your search above and press return to search.
proflie-avatar
Login

അമ്മാമ്മയും യക്ഷികളും

അമ്മാമ്മയും യക്ഷികളും
cancel

ഒരുച്ച നേരത്താണ് ഞാനാദ്യമായി യക്ഷികളെ നേരിട്ടു കാണുന്നത്. ഒന്നല്ല മൂന്നെണ്ണം. നീണ്ടുകൂര്‍ത്ത ദംഷ്ട്രങ്ങളും മുറുക്കിച്ചുവപ്പിച്ച നാവും നീട്ടി, കലങ്ങിച്ചുവന്ന കണ്ണുകള്‍ തുറിപ്പിച്ചും ചന്തിയോളം പരന്നുകിടക്കുന്ന മുടിയഴിച്ചിട്ടും അവരങ്ങനെ ആടിത്തെളിഞ്ഞു നില്‍ക്കുന്നു. ആടുമ്പോള്‍ ചന്തിയില്‍ തട്ടി മുടിയിഴകള്‍ കൂറ്റന്‍ കടല്‍ത്തിരമാല കണക്കെ പൊങ്ങിത്തുള്ളി. അഞ്ചു വയസ്സുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു ഞാനന്ന്. പേടിച്ചുവിറച്ചു ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. മുറുക്കാൻ ചവച്ചതിന്റെ കാറിച്ച മണം അടുത്തടുത്ത് വന്നപ്പോഴാണ് ഞെട്ടി കണ്ണുതുറന്നത്. എന്നെ ക്രുദ്ധയായി നോക്കിക്കൊണ്ട് അമ്മാമ്മ...

Your Subscription Supports Independent Journalism

View Plans

ഒരുച്ച നേരത്താണ് ഞാനാദ്യമായി യക്ഷികളെ നേരിട്ടു കാണുന്നത്. ഒന്നല്ല മൂന്നെണ്ണം. നീണ്ടുകൂര്‍ത്ത ദംഷ്ട്രങ്ങളും മുറുക്കിച്ചുവപ്പിച്ച നാവും നീട്ടി, കലങ്ങിച്ചുവന്ന കണ്ണുകള്‍ തുറിപ്പിച്ചും ചന്തിയോളം പരന്നുകിടക്കുന്ന മുടിയഴിച്ചിട്ടും അവരങ്ങനെ ആടിത്തെളിഞ്ഞു നില്‍ക്കുന്നു. ആടുമ്പോള്‍ ചന്തിയില്‍ തട്ടി മുടിയിഴകള്‍ കൂറ്റന്‍ കടല്‍ത്തിരമാല കണക്കെ പൊങ്ങിത്തുള്ളി. അഞ്ചു വയസ്സുള്ള ഒരു കൊച്ചുകുട്ടിയായിരുന്നു ഞാനന്ന്. പേടിച്ചുവിറച്ചു ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.

മുറുക്കാൻ ചവച്ചതിന്റെ കാറിച്ച മണം അടുത്തടുത്ത് വന്നപ്പോഴാണ് ഞെട്ടി കണ്ണുതുറന്നത്. എന്നെ ക്രുദ്ധയായി നോക്കിക്കൊണ്ട് അമ്മാമ്മ മുന്നിൽ നിൽപുണ്ടായിരുന്നു.

“ഒളിഞ്ഞുനോക്കി റിപ്പോർട്ട് ചെയ്യാൻ വന്നതാ ചെക്കൻ,” അമ്മാമ്മ എന്നെയാട്ടി.

ഞാൻ തിരിഞ്ഞ് ഒരോട്ടം വെച്ചുകൊടുത്തു.

“കെടന്നുറങ്ങാണ്ട് ഉച്ചനേരത്ത് കറങ്ങിനടക്കാണ് ചെക്കൻ. യക്ഷ്യോളു പിടിച്ച് കറുമുറു തിന്നുമ്പഴേ പഠിക്കൂ!” അമ്മാമ്മ പുലമ്പി.

നെഞ്ചുപിടച്ചോടുന്നതിനിടയിൽ അതെന്റെ കാതിലൊരു കലമ്പലായി വന്നുവീണു. വേലിക്കൽ തറഞ്ഞുനിന്ന് മുളങ്കാടുകൾ മുരണ്ടു. വാകമരത്തിന്റെ നനഞ്ഞ ചുവപ്പു പുതച്ചതിലൊളിഞ്ഞിരുന്ന് എറളാൻ മൂളി. കരിനൊച്ചിക്കിടയിൽ പതുങ്ങിയിരുന്ന് കരിന്തേളുകൾ ചീറ്റി. സർപ്പക്കാവിലെ നാഗങ്ങൾ ഫണം വിടർത്തി.

പടിഞ്ഞാപ്രത്ത് പഴയ പശുത്തൊഴുത്ത് ഉണ്ടായിരുന്നതിന്റെ അപ്പുറത്തായാണ് വലിയ പുളിമരം നടുനിവർത്തി നിൽക്കുന്നത്. നോക്കാൻ പറ്റാതെ വന്നപ്പോൾ പശുക്കളെ വിറ്റതോടെ തൊഴുത്ത് കാലിയായി. പയ്യെപ്പയ്യെ അതൊരു വിറകുപുരയായി മാറി. അതിനരികിൽ പടർന്നുനിൽക്കുന്ന കരിനൊച്ചിയുടെ ഇത മറഞ്ഞ്, കരിന്തേളുകളുടെ കടിയേൽക്കാതെ ശ്വാസം പിടിച്ച് അനങ്ങാതെനിന്നാൽ പുളിമരച്ചുവട്ടിലെ അമ്മാമ്മയുടെയും യക്ഷികളുടെയും സഭകൂടൽ കാണാൻ പറ്റും.

ഉച്ചനേരങ്ങളിൽ ഉച്ചക്കിറുക്കോടെ ഉണര്‍ന്നെണീറ്റ് അവരൊത്തുകൂടും. പുളിമരച്ചുവട്ടിലാകെ മുറുക്കിച്ചുവപ്പിച്ച് തുപ്പി കളമെഴുതും. കാലും നീട്ടിയിരുന്ന്, പരിസരത്തെങ്ങും ആരുമില്ലെന്ന മട്ടിൽ റൗക്കയുടെ കെട്ടഴിച്ചിട്ട്, പിന്നോട്ട് കയ്യും കുത്തി, കാലുകൾ വിരിച്ചങ്ങനെയിരിക്കും. പുളിയിലകൾക്കിടയിലൂടെ സൂര്യൻ അവരുടെ മാറത്തേക്ക് മോഹാലസ്യപ്പെട്ട് വീഴുന്നുണ്ടായിരിക്കും. ഇളംകാറ്റിലൊന്നവരാടിയുലയുമ്പോൾ ചെമ്പിച്ച മുലഞെട്ടുകള്‍ മെല്ലെ പാമ്പിൻ കുഞ്ഞുങ്ങളായി പുറത്തേക്ക് തലനീട്ടും. അമ്മാമയുടെ മുലകൾ, മഴയത്ത് പാതിചീഞ്ഞ് നിലത്തുവീണുകിടക്കുന്ന ആഞ്ഞിലിച്ചക്കപോലെ നീണ്ടു താണ് പൊക്കിളുമുത്തിക്കിടന്നു. യക്ഷികളുടെ മുലകള്‍ നീണ്ടുകൂര്‍ത്ത് നീലക്കൊടുവേലിയില ചുറ്റിപ്പുളഞ്ഞു നിവർന്ന് പത്തിവിടര്‍ത്തിനിന്നു.

മുറുക്കിച്ചുവന്നു കഴിഞ്ഞാൽപ്പിന്നെ അവർ മുലകളെയെല്ലാം വെയിലു കായാന്‍ വിട്ടിട്ട് നഗ്നരായി പുളിമരക്കൊമ്പിൽ പറന്നുചാഞ്ഞിരിക്കും. കാലു രണ്ടും കീഴ്പോട്ടിട്ട് ഊഞ്ഞാലാടണപോലെ ആട്ടിക്കൊണ്ടിരിക്കുന്നുണ്ടാവും. പെട്ടെന്നാണ് അമ്മാമ്മക്ക് തലകീഴായിക്കിടന്നാടാന്‍ തോന്നുക. മുഖത്തൂടെ വീണുകിടക്കുന്ന മുലകളുടെ മറ കൂട്ടാക്കാതെ പുളിമരക്കൊമ്പിൽനിന്നും കാലുകൾ താഴേക്കിട്ട് അമ്മാമ്മ ആയത്തിലാടിക്കൊണ്ടിരിക്കും.

ഉച്ചക്ക് ഊണു കഴിഞ്ഞാൽ കിടന്നുറങ്ങിക്കോണം എന്നാണ് തിട്ടൂരം. എനിക്ക് എത്ര കിടന്നാലും ഉറക്കം വരാറില്ല. ഉണ്ടു നിറഞ്ഞ വയറിന്റെ ആലസ്യത്തിൽ ലോകം മുഴുവന്‍ ഉച്ചമയക്കത്തിൽ വീണുകിടക്കുമ്പോൾ ഞാൻ നടക്കാനിറങ്ങും. പറമ്പിലൊക്കെ കറങ്ങിനടന്ന് മണ്ണും പുല്ലും കല്ലും കായയുമെല്ലാം പെറുക്കിക്കൂട്ടും. വേലിക്കൽ വഴിക്കാഴ്ചകൾ കണ്ടുനിൽക്കും. മനക്കലേക്കുള്ള വഴിയുടെ തിരിവിൽ ആണും പെണ്ണും മുണ്ടാട്ടംമുട്ടി പരസ്പരം മാന്തിക്കൊണ്ട് നിൽക്കുന്നതും, പാടത്തേക്കുള്ള വഴിക്കരികിലുള്ള പറമ്പിലേക്ക് പിന്നെയവർ വേലി ഇളക്കിമാറ്റി കടന്നുകയറുന്നതും കാണും. കുറെനേരം കഴിഞ്ഞും അവർ തിരികെ വരാതാവുമ്പോൾ തിരിച്ച് പറമ്പിന്റെ തെക്കേ അതിരിലെ കാവിന്റെ അരികിലേക്ക് പമ്മിപ്പമ്മി പോവും. അവിടെ ചിലപ്പോൾ പാമ്പുകൾ തോൽ പൊഴിച്ചിട്ടത് കിടപ്പുണ്ടാവും. സർപ്പക്കാവിൽ തൊട്ടുതൊഴുത് കൊന്നമരത്തണലിൽ പോയി കുത്തിയിരിക്കും. വീണുകിടക്കുന്ന കൊന്നക്കായ കയ്യിലെടുത്ത് കളിക്കാരെ സങ്കൽപിച്ച് കൈകൊണ്ട് നിലത്ത് ഫുട്ബാൾ കളിക്കും.

ഉച്ചക്ക് ഉറങ്ങാതെ പറമ്പിൽ കറങ്ങിനടക്കുന്ന കുട്ടികളെ യക്ഷികൾ പിടിച്ചുകൊണ്ടുപോയി പാലമരത്തിന്റെ മുകളിൽ വെച്ച് ചോരകുടിക്കുമെന്ന് അമ്മാമ്മ പറഞ്ഞുതന്നിട്ടുണ്ട്. അമ്മാമ്മ അങ്ങനെ വല്ലപ്പോഴും മാത്രമേ കഥകളൊക്കെ പറഞ്ഞുതരാറുള്ളൂ. നല്ലസ്വഭാവത്തിൽ ഇരിക്കുകയാണെങ്കിൽ മാത്രം. അല്ലാത്തപ്പോഴൊക്കെ വല്ലാത്ത ദേഷ്യമാണ്. അമ്മാമ്മയുടെ പ്രവൃത്തികളെല്ലാം ഒളിഞ്ഞുനിന്നു കണ്ട് ഞാൻ അച്ഛനും അമ്മക്കും പറഞ്ഞുകൊടുക്കുന്നു എന്നാണ് പരാതി. അതിന്റെ പേരിൽ അമ്മാമ്മയിൽനിന്നും കേൾക്കാത്ത പഴിയില്ല. ഉച്ചയുറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോൾ ആരും കാണാതെ കിടക്കയിൽനിന്നും പടിഞ്ഞിറങ്ങി പറമ്പിലൊക്കെ ചുറ്റിക്കറങ്ങി നടക്കുമെന്നല്ലാതെ അമ്മാമ്മയെ പറ്റി കുറ്റമൊന്നും ആർക്കും പറഞ്ഞുകൊടുക്കാറില്ലെന്ന് തിരിച്ചുപറയണമെന്നുണ്ട്. സങ്കടം കാരണം പറയാൻ പറ്റാറില്ല. എന്താണ് എന്റെ അമ്മാമ്മ മാത്രം ഇങ്ങനെയായിപ്പോയതെന്ന് ഇടക്കൊക്കെ ചിന്തിക്കാറുണ്ട്. എന്റെ കുഞ്ഞിത്തലയിൽ അതിനുള്ള ഉത്തരമൊന്നും ഇതുവരേക്കും ദൈവം തോന്നിപ്പിച്ചു തന്നിട്ടില്ല.

പടിഞ്ഞാപ്രത്ത് ആരൊക്കെയോ കുശുകുശുക്കുന്നത് കേട്ടപ്പോഴാണ് ചെന്നുനോക്കിയത്. പിച്ചക്കാരാരെങ്കിലും പറമ്പിൽ വീണുകിടക്കണ മാങ്ങയോ തേങ്ങയോ കക്കാൻ കയറിയോ എന്നാണ് കരുതിയത്. നോക്കുമ്പോഴുണ്ട് ഉച്ചനേരത്തുള്ള യക്ഷികളുടെ ഇറങ്ങിനടത്തവും കൂത്താടലുമൊക്കെ അമ്മാമ്മ പറഞ്ഞു പേടിപ്പിച്ചിട്ടുള്ളതുപോലെത്തന്നെ പൊടിപൊടിച്ചു നടക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അവര്‍ക്കു നടുവില്‍നിന്ന് ബോധമില്ലാതെ ചുവടുവെച്ചാടിക്കൊണ്ട് നിൽക്കുന്ന അമ്മാമ്മയെ കണ്ടു. മുലക്കച്ചയൊന്ന് അഴിച്ചിട്ട്, മടിക്കുത്തില്‍ നിന്നും ബീഡിക്കെട്ട് വലിച്ചെടുത്ത്, അതില്‍നിന്നൊരു ബീഡിയെടുത്ത് ചുണ്ടില്‍​വെച്ച്, തീപ്പെട്ടിയുരച്ച് കത്തിച്ച് അമ്മാമ്മ മൂക്കിലൂടെ പുകയൂതി വിടുന്നു.

ഉച്ചനേരത്ത് എല്ലാവരേയും ഉറക്കിക്കിടത്തി അമ്മാമ്മ എങ്ങോട്ടാണ് ഒളിച്ചോടുന്നതെന്ന് അന്നേരമാണ് എനിക്ക് തെളിഞ്ഞത്. അമ്മാമ്മ എന്നെ കണ്ടതും കാലിടറി ഞാൻ വീണു. എണീക്കുമ്പോഴേക്കും യക്ഷികൾ എന്നെ പിടികൂടി അമ്മാമ്മയുടെ മുന്നിലെത്തിച്ചു. പിന്നെ മുറുക്കാൻ മണക്കുന്ന, കേട്ടാലറക്കുന്ന ശകാരങ്ങളായിരുന്നു.

രാത്രി ഉറങ്ങാൻ നേരം പൂച്ചക്കുറിഞ്ഞിയെപ്പോലെ അമ്മയോട് പറ്റിപ്പിടിച്ച് കിടക്കുമ്പോള്‍ തോണ്ടിവിളിച്ച് ഞാൻ സ്വകാര്യം പറഞ്ഞു: “അമ്മേ... ഈ അമ്മാമ്മക്ക് തലകീഴായി ഊഞ്ഞാലാടാനറിയാ...”

“ഉച്ചക്ക് ഉറങ്ങാണ്ടെ പറമ്പീ കറങ്ങി നടന്ന്വോ നീയ്യ്?” അമ്മ കെറുവിച്ചു.

അമ്മക്ക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞുകിടന്നു.

“പുപ്പല്ലൻ പിണങ്ങ്യോ?” അമ്മ കൊഞ്ചി.

കണ്ണിറുക്കിയടച്ച് ഞാൻ ഉറക്കംനടിച്ചു കിടന്നു. മനസ്സില്‍ പൂത്തിറങ്ങിയ പുഞ്ചിരി പിന്നെയേതോ സ്വപ്നത്തിലാണ് വർണം വിതറുന്ന അമിട്ടായി പൊട്ടിച്ചിതറിയത്.

ഞാൻ ഉറങ്ങിയെന്ന് വിചാരിച്ച് അച്ഛനും അമ്മയും അവരുടെ വസ്ത്രങ്ങൾക്കിടയിൽ വിടവുകളുണ്ടാക്കി പരസ്പരം വാരിപ്പുണർന്നുകൊണ്ട് മുരളാൻ തുടങ്ങിയിരുന്നു. അതുവരെ കേട്ടിട്ടില്ലാത്ത തരം ശബ്ദത്തിൽ അമ്മ കരഞ്ഞു. അച്ഛനിൽനിന്നും വല്ലാത്തൊരു ആയാസമുള്ള ശബ്ദം എന്റെ ചെവിയിൽ പതിച്ചു. മുറിയാകെ പുതിയൊരു ഗന്ധം നിറഞ്ഞു. പേടിച്ച് കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ കിടന്നു.

“അശ്രീകരം!” അമ്മാമ്മ മുറിയിൽ കിടന്ന് പിറുപിറുത്തു.

അമ്മയെ പറ്റി പറയുമ്പോളെല്ലാം അമ്മാമ്മ ആ വാക്ക് ഉപയോഗിച്ചു. യക്ഷികൾക്കൊപ്പം സഭ കൂടുമ്പോഴും അമ്മാമ്മ അത് ആവർത്തിച്ചു. അടുക്കളയിൽ മുരിങ്ങയിലയിട്ട ദോശ ചുട്ടുകൊണ്ട് നിന്ന അമ്മയെ പറ്റിച്ചേർന്നുനിന്ന് ഞാൻ ചോദിച്ചു: “അമ്മേ, ഈ അചീകരം എന്ന്വെച്ചാ എന്താ?”

ദോശ ചുടുന്നത് നിർത്തി അമ്മാമ്മയുടെ മുറിയിലേക്ക് കലി കയറിക്കൊണ്ട് അമ്മ പാഞ്ഞുചെന്നു.

“കെട്ടു കഴിഞ്ഞ കാലംതൊട്ട് കേക്കണതാ. അശ്രീകരം അശ്രീകരം... നിങ്ങക്ക് എന്തിന്റെ കേടാ? ഈ എട്ടുംപൊട്ടും തിരിയാത്ത ചെക്കനോടാണോ ഇതൊക്കെ പറഞ്ഞുകൊടുക്കണത്? നിങ്ങളെ നോക്കാൻ വേണ്ടിയല്ലേ കല്യാണം കഴിഞ്ഞിട്ടും ഇവിടെ തന്നെ താമസിച്ചേ? ഏട്ടനും ഇവിടെ നമ്മക്കൊപ്പം നിന്നില്ലേ? ആ മനുഷ്യനെക്കൂടി വെറുപ്പിക്കാനായിട്ട്... കല്യാണം കഴിഞ്ഞാ ചെക്കനും പെണ്ണും കെട്ടിപ്പിടിക്കും ഉമ്മവെയ്ക്കും. ദേ ചെക്കൻ ഇവിടെ നിക്കണോണ്ട് ഞാനൊന്നും പറയണില്ല്യാ. അശ്രീകരംപോലും അശ്രീകരം...”

അമ്മ നിന്നു കത്തിക്കൊണ്ടിരുന്നു. അമ്മയെ ഇത്ര കോപത്തോടെ ഒരിക്കലും ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല.

അമ്മാമ്മ ഒന്നും പറയാതെ മുറിക്കുള്ളിൽ തന്നെ പിണങ്ങി കുത്തിയിരുന്നു. അന്നു രാത്രി അമ്മ വെച്ച കറിയൊന്നും അമ്മാമ്മ കഴിച്ചില്ല. ഇച്ചിരി കഞ്ഞി മാത്രം അടുക്കളയിൽനിന്നുമെടുത്ത് സ്വന്തം മുറിയിലേക്ക് കൊണ്ടുവന്നു. പിന്നെ മുളകും ഉള്ളിയും പുളിയും അരച്ച് ചമ്മന്തിയുണ്ടാക്കി. അതിനുവേണ്ടി മരംകൊണ്ടുള്ള ചെറിയ കോരുപലകയൊക്കെ അമ്മാമ്മയുടെ മുറിയിലുണ്ട്. നല്ല സ്വഭാവമാണെങ്കിൽ അടുത്തുവിളിച്ച് കുറച്ചു ചമ്മന്തിയും കഞ്ഞിയും തരും. ഇല്ലെങ്കിൽ ആ ഭാഗത്തേക്ക് അടുപ്പിക്കുക പോലുമില്ല.

അമ്മാമ്മയുടെ ഭർത്താവ്, അതായത് എന്റെ അച്ചാച്ചൻ, വളരെ നേരത്തേ മരിച്ചുപോയതാണ്. അമ്മ അന്നൊരു കൈക്കുഞ്ഞായിരുന്നു. ഇളയമോളായതുകൊണ്ട് കല്യാണം കഴിപ്പിച്ചു വിട്ടാൽ തന്നെ നോക്കാൻ ആരുണ്ടാവും എന്നൊരു ദുഷ്ടചിന്ത അമ്മാമ്മക്കുണ്ടായിരുന്നു എന്നാ വഴക്ക് കൂടുമ്പോൾ അമ്മ പറയാറുള്ളത്. അതുകൊണ്ടാണത്രെ കല്യാണം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയുടെ വീട്ടിൽ കൂടിയത്. അതിനുള്ള പഴിയും നാട്ടാരുടെ വക അച്ഛനു കേട്ടത്രെ. വെളുവെളുത്ത് സുന്ദരിയായിരുന്നു അമ്മ. കറുകറുത്ത് സുന്ദരനായിരുന്നു അച്ഛൻ. പെൺകോന്തൻ എന്ന വിളിയൊന്നും അച്ഛൻ വകവെച്ചില്ല. പോരാത്തേന്, അമ്മയെ പറ്റി അപവാദം പറഞ്ഞുനടന്ന രാമുട്ടി മേനോനെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിനു പിടിച്ചു വിരട്ടിവിടുകയും ചെയ്തു.

രാമുട്ടിയുടെ വകയിലൊരു സഹോദരൻ പോലീസുകാരനായിരുന്നു. കഷണ്ടിയുള്ള അയാളെ പെട്ടപ്പോലീസ് എന്നാണെല്ലാവരും വിളിച്ചിരുന്നത്. പെട്ടപ്പോലീസിനെ വിട്ട് അച്ഛനെ വിരട്ടാൻ രാമുട്ടി നോക്കി. പെട്ടപ്പോലീസ് മുന്നിൽ വന്നുനിന്നതും കൈയിൽ സൂക്ഷിച്ചിരുന്ന പേനാക്കത്തിയെടുത്ത് നിവർത്തി അച്ഛൻ തലചൊറിഞ്ഞു. കത്തി കണ്ടതും പെട്ടപ്പോലീസിന്റെ മുട്ടുകൂട്ടിയിടിക്കാൻ തുടങ്ങി. പിന്നെ വേലിക്കൽ കുത്തിയിരുന്നു പെടുത്തു. അതും പറഞ്ഞ് അമ്മ പൊട്ടിപ്പൊട്ടിച്ചിരിക്കുമായിരുന്നു.

“നേരത്തെ ഭർത്താവ് മരിച്ചുപോയില്ലേ. അയിനു പെമ്മക്കളെന്ത് പിഴച്ചു. തലവിധി. അച്ഛൻ മരിക്കുമ്പോ എനിക്ക് മൂന്നുമാസം പ്രായാ. അച്ഛനെ കണ്ട ഓർമ പോലുമില്ല. എന്നിട്ടാ... തള്ളയ്ക്ക് മുട്ടീട്ട്... കല്യാണം കഴിക്കണത് ഭജനക്കിരിക്കാനല്ലല്ലോ. വേണ്ട, വല്ലതും പറഞ്ഞാ അധികാവും...”

അമ്മാമ്മക്കെതിരെ അമ്മയും പരാതികളുടെ കെട്ടഴിക്കും. അമ്മക്ക് കലികയറിയാൽ പിന്നെ കണ്ണും മൂക്കും കാണില്ല. ബെല്ലും ബ്രേയ്ക്കുമില്ലാതെ പുലമ്പിക്കൊണ്ടിരിക്കും. സ്വന്തം അമ്മയാണെന്നൊന്നും നോക്കാതെ വായിൽ തോന്നിയതൊക്കെ വിളിച്ചുപറയും. വഴക്ക് മൂത്ത് ഒരുദിവസം അമ്മാമ്മ പിണങ്ങി വല്യമ്മയുടെ വീട്ടിലേക്ക് പോയി. കുറേക്കാലത്തേക്ക് പിന്നെ അമ്മാമ്മയെ കണ്ടിട്ടില്ല.

അമ്മ എന്നും അമ്മാമ്മയുടെ മുറി അടിച്ചുവാരിയിടും. കിടക്കയും വിരിയുമൊക്കെ കുടഞ്ഞു പൊടിതട്ടിക്കളയും. വേലിക്കൽ കാക്ക കാറുമ്പോൾ പടിക്കലേക്ക് ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കിനിൽക്കും.

“അമ്മാമ്മ ഇനി വരില്ലേ?” ഉള്ളിലെ സന്തോഷം അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു. ചീത്ത കേൾക്കണ്ടല്ലോ എന്ന ചിന്തയായിരുന്നു മനസ്സിൽ.

അമ്മ ഒരൊറ്റ കരച്ചിലായിരുന്നു. എന്നിട്ട് ചരിത്രം കെട്ടഴിക്കുവാൻ തുടങ്ങി. പേടിപ്പെടുത്തുന്ന ഏതോ യക്ഷിക്കഥ കേൾക്കുന്ന മട്ടിൽ മുഖം ചുളിച്ച് ഞാനിരുന്നു.

 

“ചെറുപ്പത്തിലേ ഭർത്താവ് മരിച്ച സ്ത്രീ. പറക്കമുറ്റാത്ത മൂന്ന് പെൺമക്കളും ഭർത്താവിന്റെ അമ്മയും. കഷ്ടപ്പെട്ട് പണിക്കുപോയി അമ്മ കുടുംബം നോക്കി... പെണ്മക്കളെ പഠിപ്പിച്ചു. നാരായണ മാമൻ കൊണ്ടുവന്ന രണ്ടാം കെട്ടുകാരന്റെ ആലോചന അമ്മ തട്ടിക്കളഞ്ഞു. മനയ്ക്കലെ പുറമ്പണിയിലും കോനിക്കര കൊളത്തിലുമായി ജന്മം ജീവിച്ചുതീർത്തു. അമ്മയുടെ മോഹങ്ങളെ കുറിച്ച് ഞങ്ങളാരേലും ഓർത്തിട്ടുണ്ടാ? അന്യജാതിക്കാരനെ കെട്ടീട്ടും ഒന്നും മറുത്തുപറയാതെ എന്റൊപ്പം നിന്നില്ലേ... അതിന്റെ ഇത്തിരി കെറുവ് ഇണ്ട്. പെണ്ണായോണ്ടും അമ്മ്യായോണ്ടും മാത്രം തേച്ചാലും കുളിച്യാലും മനസ്സീന്ന് പോവോ ജാതി? അയിന് സ്വന്തം അമ്മ്യോട് അങ്ങനൊക്കെ പറയാമോ? അമ്മേടെ കയ്യാകെ വെള്ളത്തിൽനിന്നിട്ട് വിറങ്ങലിച്ചുണ്ടായ മുഴകളാണ്. കുനിഞ്ഞുനിന്ന് പണിയെടുത്ത് മുതുക് വളഞ്ഞുപോയി. കാലുകളിലെ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു... എന്റെ നാവാ. പുഴുത്ത് പോട്ടെ...”

അമ്മാമ്മയുടെ പഞ്ഞിക്കിടക്കയിൽ കിടന്ന് അമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ടിരുന്നു. ഇടക്ക് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി അടുപ്പത്ത് വെച്ച ചോറ് വെന്തോ എന്നു നോക്കി. അമ്മയുടെ ഈ മാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അമ്മാമ്മയെ അമ്മക്ക് കണ്ണെടുത്താൽ കണ്ടുകൂടാ എന്നായിരുന്നു എന്റെ വിചാരം.

എന്നാലും അമ്മാമ്മ പിണങ്ങിപ്പോയതിൽ ഞാൻ അത്യധികം സന്തോഷിച്ചു. ഉച്ചനേരങ്ങൾ ഞാൻ ശരിക്കും പറമ്പിലോടിനടന്ന് ആസ്വദിക്കുവാൻ തുടങ്ങി. അമ്മാമ്മയില്ലാത്ത വീട്ടിലേക്ക് യക്ഷികളും തിരിഞ്ഞുനോക്കിയില്ല. അതുകൊണ്ട് യക്ഷികൾ പിടിച്ചുകൊണ്ടുപോയി ചോര കുടിക്കുമെന്ന പേടിയും വേണ്ട.

ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. പിണങ്ങി വല്യമ്മയുടെ വീട്ടിലേക്ക് പോയ അമ്മാമ്മ ഒരു ദിവസം അതിരാവിലെ ആരോടും ഒന്നും അറിയിക്കാതെ തിരിച്ചെത്തി. ഇവിടെ നിന്നും പോയയാളല്ല തിരിച്ചുവന്നതെന്ന് അമ്മാമ്മയുടെ ചേഷ്ടകളിൽനിന്നും മനസ്സിലായി. വഴക്കും കുശുമ്പും കുന്നായ്മ പറച്ചിലും പഴയതിലും കേമമായി തകൃതിയായി നടന്നു.

ഇതങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ. അമ്മാമ്മയെ ഒരു പാഠം പഠിപ്പിച്ച് വീട്ടിൽനിന്നും വീണ്ടും തുരത്തിയോടിക്കാൻ തന്നെ ഞാനുറച്ചു. ആരും കാണാതെ അമ്മാമ്മ നടക്കുന്ന വഴിയിൽ കുഴികുത്തി അതിൽ മുള്ളും തുരുമ്പിച്ച ആണിയുമൊക്കെ കുഴിച്ചിട്ടു. അമ്മാമ്മ അതുവഴി പോകുമ്പോൾ കുഴിയിൽ വീണ് കാലിൽ മുള്ളും ആണിയും തറച്ച് വേദനിച്ച് അലറിക്കരയുമെന്നും പ്രാകിക്കൊണ്ട് വീടുവിട്ട് പോകുമെന്നുമൊക്കെ എന്റെ കുട്ടിമനസ്സിൽ തോന്നി.

ഒരുച്ച നേരം. മുറുക്കാൻ ചെല്ലവുമെടുത്ത് പടിഞ്ഞാപ്രത്തേക്ക് അമ്മാമ്മ സവാരി നടത്തുന്ന സമയത്ത് ഞാൻ വിറകുപുരക്കു പുറകിൽ പോയി കരിനൊച്ചിയുടെ മറയിൽ ഒളിച്ചിരുന്നു. അമ്മാമ്മ പതുക്കെ അടുക്കളവാതിൽ ചാരി പുറത്തേക്ക് വന്നു. മന്ദംമന്ദം കൂനിക്കൂടി നടന്നുനടന്ന് ഞാൻ കുഴിച്ച കുഴിക്കരികിലെത്തി. ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി. അമ്മാമ്മയുടെ കാലുകൾ കുഴിയിൽ പെട്ട് തെന്നി ആണ്ടു പോയി. കാലുതെറ്റി പ്ത്ധക്കോന്നും പറഞ്ഞ് അമ്മാമ്മ നിലത്തേക്ക് മലർന്നടിച്ചു വീണു.

എന്നിലൊരു ചിരി പൊട്ടിവിടരും മുമ്പ് അത് സംഭവിച്ചു. ഏതോ മായികശക്തിയാൽ പിടിച്ചുനിർത്തിയതെന്ന പോലെ അമ്മാമ്മ വായുവിലങ്ങനെ നിന്നു. “യശ്മ്യേ..,” എന്നൊരു വിളിയാണ് കേട്ടത്. അതൊരു നെലോളിപോലെയാണ് തോന്നിയത്. നോക്കുമ്പോഴുണ്ട് മൂന്നു യക്ഷികൾ അമ്മാമ്മയെ താങ്ങിപ്പിടിച്ച് നിൽക്കുന്നു. അവരുടെ കാൽപാദങ്ങൾ നിലത്ത് മുട്ടുന്നുണ്ടായിരുന്നില്ല. വിറകുപുരക്കു പിന്നിലേക്ക് അതിലൊരു യക്ഷിയുടെ നോട്ടം തീപാറി വന്നു. അതിൽ പൊള്ളി വാവിട്ടു കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്കോടിക്കയറി.

അമ്മയന്ന് പണി കഴിഞ്ഞെത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന എന്നെയാണ് കണ്ടത്. കുത്തിക്കുത്തി ചോദിച്ചിട്ടും വിങ്ങിപ്പൊട്ടിക്കരഞ്ഞതല്ലാതെ ഞാനൊന്നും പറഞ്ഞില്ല. അമ്മക്ക് നല്ല ദേഷ്യം വന്നു. അമ്മാമ്മയുടെ മുറിക്കരികിൽ പോയി അമ്മ നോക്കി. കടന്നൽ കുത്തിയപോലത്തെ മുഖവുമായി അമ്മാമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു.

“വടയക്ഷി എന്റെ മോനെ കൊന്നോ...?” അമ്മ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്കോടി. ദേഷ്യം മൂത്ത് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട്, ഉപ്പും മുളകും അടുപ്പിലിട്ട് പുകച്ചു. പിന്നെ ചാരം കൂട്ടി അതുമെടുത്തു കൊണ്ടുപോയി ജപിച്ച്, പടിഞ്ഞാപ്രത്ത് യക്ഷികൾ പ്രത്യക്ഷരാകുന്ന പുളിമരച്ചുവട്ടിൽ കൊണ്ടുവന്നിട്ടു. കാലുകൊണ്ട് മരച്ചുവട്ടിൽ ചുറ്റിലും വട്ടത്തിൽ വര വരച്ചിട്ട് കൈ ചൂണ്ടി പ്രാകി: “ഭദ്രകാളി സേവേണ്ടായിരുന്ന മുത്തീടെ കൊച്ചുമോളാ ഞാന്. ഈ വര കടന്നിനി വന്നാ... ഓം ക്രീം ധീം നശിച്ചുപോകും!”

യക്ഷികൾ പിന്നെയും വന്നു. ഇപ്രാവശ്യം അവർ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ഞാൻ അവരുടെ നീണ്ടു കൂർത്ത മുലകളിലേക്ക് ആർത്തിയോടെ നോക്കി. അവർ ഓരോരുത്തർക്കും ഓരോരോ പേര് ഞാൻ കണ്ടുവെച്ചിരുന്നു. കണങ്കാലു മൂടിക്കിടക്കും വിധം നീണ്ട മുടിയുള്ളവൾ വടയക്ഷി, ഇരുവശത്തേക്കും ചുരുണ്ട മുടി പകുത്തിട്ടവൾ ചുടലയക്ഷി, നീണ്ട കണ്ണുള്ളവൾ നീലി.

നീലിയെ കാണുമ്പോൾ പണ്ടെങ്ങോ സ്വപ്നത്തിൽ വന്ന്, മുഖത്തൂടെ മുടി വിടർത്തിയിട്ട് എന്നെ പേടിപ്പിക്കുവാൻ നോക്കിയ പെൺകുട്ടിയുടെ ഛായ തോന്നിച്ചു. അതോർത്ത് എനിക്ക് ചെറുതായി നാണം വന്നു. കാലുകൾക്കിടയിൽനിന്നും ജീവന്റെ ദൈവവിളി ഉയർന്നു. അതിനുശേഷം നീലിയുടെ മുലകളിലേക്ക് പഴയതുപോലെ എനിക്ക് നോക്കുവാൻ സാധിക്കാതെയായി.

“ചെക്കൻ വലുതായീട്ടോ യശ്മ്യേ...,” നീലി അമ്മാമ്മയോട് പറഞ്ഞു.

അമ്മാമ്മ അതുകേട്ട് എന്നെ നോക്കി ചീറി: “ഓടിക്കോ അവടന്ന്. ഒളിഞ്ഞുനോക്കാൻ വന്നാ ഇവര് നെന്നെ പിടിച്ച് തിന്നും!”

ഇളംകാറ്റിലൊന്ന് ആടിയുലഞ്ഞിരുന്ന് ചിരിച്ചാർത്ത് യക്ഷികൾ അമ്മാമ്മയുടെ മുറുക്കാൻ ചെല്ലത്തിൽനിന്നും വെറ്റിലയും ചുണ്ണാമ്പും അടക്കയും എടുത്ത് മുറുക്കിത്തുപ്പി. അവരോടായി അമ്മാമ്മ പറഞ്ഞു: “എങ്ങനാ നേര്യാവാ? ആ പോത്തിന്റെയല്ലേ വിത്ത്. എരുമോളെ കുളിപ്പിക്കണ എണ്ണ തേച്ചാ കുളി. വല്യ ചഗാവാത്രേ. ഏതാ ഇനംന്ന് വെച്ച് ട്ടാ...”

“അല്ല യശ്മ്യേ, നീയെന്തിനാ നെന്റെ സ്വർണം പോലത്തെ നെറോള്ള പെണ്ണിനെ ആ കറുമ്പനു കെട്ടിച്ചുകൊടുത്തേ?” അമ്മാമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് വടയക്ഷി സംസാരത്തിനു തുടക്കമിട്ടു.

“വശീകരിച്ചതാ... ഒടി വെയ്ക്കണ കൂട്ടരല്ലേ. അവളതില് പെട്ടു. വയസ്സുകാലത്ത് എന്നെ നോക്കാൻ ഇവിടെ വന്ന് താമസിച്ച്. അതോണ്ടതങ്ങട് ക്ഷമിച്ച്... ന്നാലും ആ കുരുത്തം കെട്ട ചെക്കന് തന്തേടെ എല്ലാ കുരുട്ട്ബുദ്ധീം കിട്ടീട്ടൊണ്ട്...,” കോപം മൂത്ത് അമ്മാമ്മ കിതച്ചു.

“നീയത് വിട് യശ്മ്യേ... നീ ഞങ്ങള് പറയണത് കേക്ക്,” ചുടലയക്ഷി ഇടയിൽ കയറി പറഞ്ഞു.

കുറ്റംപറച്ചിൽ നിർത്തി അമ്മാമ്മ ചുടലയക്ഷിയെ നോക്കി. അപ്പോൾ യക്ഷികളെല്ലാം ഒരൊറ്റ നോട്ടമായി അമ്മാമ്മയെ തിരിച്ചുനോക്കി.

“... നെന്റെ കെട്ട്യോൻ ചാവുമ്പ നെനക്ക് കിളുന്ത് പ്രായം. പിന്നെ നീ കെട്ടിയുമില്ല. കെട്ട്യോന്റെ തള്ളയും പെൺമക്കളുമായൊടുങ്ങി നെന്റെ ജീവിതം. നെനക്കും ഇടയ്ക്കൊക്കെ ഞങ്ങളെപ്പോലെ പൂതിയൊക്കെ തോന്നീല്ലേ?”

യക്ഷികൾ അമ്മാമ്മയിലേക്ക് നോട്ടം കൂർപ്പിച്ചിരുന്നു. അമ്മാമ്മ അവരുടെ അടുത്തേക്ക് നീങ്ങിയിരുന്ന്, അവരുടെ കാതിൽ കുശുകുശുത്തു: “ചെക്കൻ അവ്ടെ നിക്കണിണ്ട്. എല്ലാം ചെന്ന് കൊളുത്തിക്കൊടുക്കും.”

യക്ഷികൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ഞാനൊന്ന് കുനിഞ്ഞു. ഇല്ലെങ്കിൽ ഞാനാ നോട്ടത്തിൽ വെന്ത് ചാരമായിപ്പോയേനെ.

യക്ഷികൾ അവരുടെ വർത്തമാനം തുടർന്നു.

“ഞങ്ങക്ക് പൂതി തോന്ന്യാ ഞങ്ങളവന്മാരെ പിടിച്ചോണ്ട് പോയി ഭോഗിക്കും. പൂതി തോന്ന്യാ അതൊന്നും ഒളിച്ചുവെയ്ക്കാൻ ഞങ്ങക്ക് പറ്റില്ല.”

“നിങ്ങള് യക്ഷ്യോൾക്ക് അതൊക്കെ പറ്റും. എന്നെക്കൊണ്ട് ചീത്തപ്പേര് കേപ്പിക്കാനൊന്നും വയ്യ,” അമ്മാമ്മയുടെ ശബ്ദത്തിൽ നിരാശ നിറഞ്ഞു.

“പിന്നെന്തിനാ ന്റെ യശ്മ്യേ. നെനക്ക് ദൈവം മൊലയും ചന്തിയും തന്നേക്കണ്? അരക്കെട്ട് കുണുക്കികുണുക്കി നീയെന്തിനാ യക്ഷികളെപ്പോലെ നടക്കണത്?” നീലി ചോദിച്ചു.

അമ്മാമ്മ ഒന്നും തിരിയാത്ത ഇള്ളക്കിടാവായി അവർക്കിടയിൽ കുത്തിയിരുന്നു.

“ന്റെ യശ്മ്യേ, നീയും ഞങ്ങളെപ്പോലൊരു യക്ഷിയല്ലേ? നെനക്കത് ബോധ്യാവണില്ല്യാന്നല്ലേള്ളൂ...”

ചുടലയക്ഷി അമ്മാമ്മയെ ഒന്നു നുള്ളി. യക്ഷികൾ കുലുങ്ങിച്ചിരിച്ചു. അമ്മാമ്മയുടെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു. പെട്ടെന്നു തന്നെ അതു മങ്ങി. പുളിയിലകൾക്കിടയിലൂടെ തിളങ്ങുന്ന നീലാകാശത്തേക്ക് കണ്ണെറിഞ്ഞ് അമ്മാമ്മ പറഞ്ഞു തുടങ്ങി.

“വെളുത്ത് കൊലുന്നനെയുള്ളൊരു ചെക്കനായിരുന്നു പെണ്ണുകാണാൻ വന്നത്. ഞാന് തോട്ടില് അലക്കിക്കൊണ്ട് നിൽക്കാരുന്ന്. അമ്മ കുഞ്ഞോളെ പറഞ്ഞുവിട്ട് വേഗം കുളിച്ചുതോർത്തി വരാൻ പറഞ്ഞ്. മെട്രിക്കുലേഷൻ പാസായ ആളാണെന്ന് കുഞ്ഞോളാ പറഞ്ഞുതന്നേ. മദ്രാസ് പ്രസിഡൻസിയിലായിരുന്ന് ഞങ്ങടെ വീട് നിക്കുന്നയിടം. അതോണ്ട് നാലാം ക്ലാസ് വരെ സ്കൂളില് പോയി. എബിസിഡി പഠിച്ചു. കല്യാണം കഴിഞ്ഞ് എന്റെ ചെക്കനു ഞാൻ തൂവാലയില് ‘വി’ എന്ന് ഇംഗ്ലീഷിൽ തുന്നിക്കൊടുക്കാരുന്ന്. നാട്ടിലെ സ്കൂളില് മാഷായി ജോലിനോക്കാരുന്ന് ചെക്കൻ. നീണ്ട മൂക്കും എണ്ണക്കറുപ്പുള്ള മുടിയും നുണക്കുഴി കവിളും... കാണാൻ വന്നപ്പോ ഞാൻ നെലത്ത് നോക്കി നിൽക്കാർന്ന്. എന്നാലും കണ്ട്. ആദ്യ നോട്ടത്തി തന്നെ എനിക്കിഷ്ടപ്പെട്ടു. അടിവയറ്റീന്നൊരു കുളിരാ കോരി. പിന്നതൊരു അറിയാമ്പാടില്ലാത്ത വിറയലായി ശരീരത്തീ തീമഴപോലെ പെയ്ത്. എന്നിട്ടും പൊള്ളലേറ്റ പോലല്ല ഒരു ചാറ്റൽ മഴ നനഞ്ഞ പോലാ തോന്നീത്. എന്നാലും നെനക്കിഷ്ടപ്പെട്ടോടീന്ന് എന്നോടാരും ചോദിച്ചില്ല. ചെക്കന്റമ്മ വന്ന് ഇന്റെ മുഖം പിടിച്ചുയർത്തി നോക്കീട്ട് പറഞ്ഞു, ഇനി നീയാ കുടുംബത്തിലെ ലക്ഷ്മി. ആ കണ്ണില് തിളക്കം കണ്ട്. കല്യാണം കഴിഞ്ഞ് മനയ്ക്കലെ വില്ലുവണ്ടീലാ ചെക്കന്റെ വീട്ടിലേക്ക് പോയത്. കോൺഗ്രസ്സുകാരനായിരുന്ന് ചെക്കൻ. മനയ്ക്കലെ നമ്പൂരീം കോൺഗ്രസ്. അങ്ങനാ വില്ലുവണ്ടീല് കേറാൻ ഭാഗ്യണ്ടായേ...”

അമ്മാമ്മയൊന്ന് നെടുവീർപ്പിട്ടു. യക്ഷികൾ അമ്മാമ്മയുടെ ചുമലിനും തലക്കും നീട്ടിവെച്ച കാലുകൾക്കും കാവലായി തൊട്ടുതൊട്ടിരുന്നു. ഒരു വിതുമ്പലോടെ അമ്മാമ്മ അവരിലേക്ക് ചാഞ്ഞു.

“... അതേ വില്ലുവണ്ടീലാ രാജയക്ഷ്മാവ് രോഗം ബാധിച്ചു മരിച്ച ആ ശരീരവും കൊണ്ടോന്നത്. ക്ഷയം പോലൊരു രോഗം. അന്നതിനൊന്നും മരുന്നില്ലാരുന്ന്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് മാസം രണ്ടായിട്ടേയുള്ളൂ. ഗാന്ധീന്റെ കോൺഗ്രസിന്റെ ആളോളൊക്കെ ഒപ്പം ഇണ്ടായിരുന്ന്... പന്യായിട്ടാ ആസ്പത്രീല് കൊണ്ടോയത്. പകരുന്ന രോഗാന്ന് പറഞ്ഞ് എന്നേം മക്കളേം അടുപ്പിച്ചില്ല. മരിയ്ക്കണേനു മുന്നെ അമ്മേടെ കയ്യിൽ പിടിച്ച് അമ്മയ്ക്കിനിയാരാള്ളേന്ന് പറഞ്ഞ് കരഞ്ഞൂത്രേ. എനിക്കും മക്കൾക്കും ആരാണ്ടാവാന്ന് എന്തേ ഓർത്തില്ല? മൂന്നുമാസം പ്രായായ കൈക്കുഞ്ഞിനേം ഒക്കത്ത് വെച്ച് രണ്ടു പെണ്മക്കളേം കെട്ടിപ്പിടിച്ച് ഞാൻ കരയാൻപോലും പറ്റാതെ തുറിച്ചുനോക്കിയിരുന്ന്. ആരോ വന്ന് കുലുക്കിവിളിച്ചിട്ട് പറഞ്ഞ് കരയ് ലച്ച്മ്യേ കരയീന്ന്. കുട്ട്യോളെ അടക്കം പിടിച്ച് കരയുമ്പ അമ്മ വന്നെന്റെ ചുമലില് തൊട്ട്. അതൊരു ബലായിരുന്ന്. അയിന്റെ ബലത്തിലാ പിന്നെ ജീവിച്ചേ...”

അമ്മാമ്മയുടെ കരച്ചിൽ തോരാമഴയായി. കുറച്ചുകഴിഞ്ഞ്, കരച്ചിലൊന്ന് തോർന്നപ്പോ, നീലി വീണ്ടും അമ്മാമ്മയുടെ കാതിൽ കുശുകുശുത്തു: “അല്ലയശ്മ്യേ, എന്നാലും അയിനുശേഷം നെനക്കൊരു ആണിന്റൊപ്പം കെടക്കാൻ പൂതിണ്ടായില്ലേ?”

മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണീര് തുടച്ചിട്ട് നീലിയുടെ കാതിൽ തിരിച്ച് അമ്മാമ്മയെന്തോ സ്വകാര്യം പറഞ്ഞു. എനിക്കത് കേൾക്കാൻ പറ്റിയില്ല. യക്ഷികൾ ആർത്തട്ടഹസിച്ച് ചിരിക്കുന്നതും മുറുക്കി കാറിത്തുപ്പുന്നതും കണ്ട് ഞാനങ്ങനെ ഒന്നും മനസ്സിലാവാത്ത പൊട്ടൻ ചെക്കനായി കരിനൊച്ചിയില നുള്ളി നിന്നു.

യക്ഷികളുടെ പോക്കുവരവുള്ള വഴിയിൽ പെടുക്കാനിരുന്ന അയലത്തെ ബാലമാമനു ബോധക്ഷയവും നൊസ്സിളക്കവും വന്നതോടെയാണ് യക്ഷികളെ വിലക്കണമെന്ന ആവശ്യം ഉയർന്നത്. കുറച്ചുകാലത്തേക്ക് യക്ഷികൾ അമ്മാമ്മയെത്തേടി വന്നില്ല. പിന്നെയൊരിക്കൽ അവർ വന്നപ്പോ അമ്മാമ്മ ആശുപത്രിയിലായിരുന്നു. അമ്മാമ്മയ്ക്കുള്ള കഞ്ഞി ഉണ്ടാക്കി ചോറ്റുപാത്രത്തിലാക്കി ഞാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയായിരുന്നു. പമ്മിപ്പമ്മി പടിഞ്ഞാപ്രത്തേക്ക് യക്ഷികൾ പോകുന്നത് ഞാൻ കണ്ടു.

“അമ്മാമ്മ ആശൂത്രീലാ യക്ഷ്യോളേ,” ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവരത് കേട്ടുവെന്ന് എനിക്ക് മനസ്സിലായി. പടിഞ്ഞാപ്രത്ത് നിന്നും ഏങ്ങലടികളുയർന്നു കേട്ടു.

മഹാമാന്ത്രികനായ കിട്ടുണ്ണി അച്ചാച്ചനെയാണ് യക്ഷികളെ മന്ത്രം ചൊല്ലി വിലക്കുന്നതിനായി കൊണ്ടുവന്നത്. തോറ്റവും പൂജയും കുരുതിയും നടന്നു. യക്ഷികൾ വരാതായതോടെ അമ്മാമ്മക്ക് ചിന്നനിളകിത്തുടങ്ങി. ഒരു ദിവസം, സ്കൂൾ വിട്ടുവരുമ്പോൾ വഴിക്കരികിൽ ഞാൻ വരുന്നതും നോക്കിനിന്ന് അമ്മാമ്മ അലറിക്കരഞ്ഞുകൊണ്ടിരുന്നു. എന്നെ കണ്ടതും ഓടിവന്ന് കുഞ്ച്വോന്നും വിളിച്ച് കെട്ടിപ്പിടിച്ചു.

അമ്പരന്നു നിന്ന എന്നെ വാരിപ്പുണർന്ന് നെറ്റിയിലും മുഖത്തും മുത്തമിട്ട്, കാർന്നോന്മാരുടെ അനുഗ്രഹത്താൽ മരിച്ചിടത്തുനിന്നും ജീവനോടെ തിരികെ വന്ന പൊൻമകനെ വീണ്ടുകിട്ടിയ അമ്മയായി അമ്മാമ്മ മാറി. അമ്മയെ പെറും മുമ്പ് രണ്ട് ആൺകുഞ്ഞുങ്ങളെ അമ്മാമ്മ പ്രസവിച്ചിരുന്നു. ആരോ ചെയ്ത കൂടോത്രംകൊണ്ടു ആണുങ്ങൾ വാഴാതായ ഞങ്ങളുടെ തറവാട്ടിൽ അവർ രണ്ടുപേരും മുലകുടി പ്രായം മാറും മുമ്പെ മരിച്ചുമണ്ണടിഞ്ഞുപോയി. അതിനുശേഷം തറവാട്ടിൽ പിറന്ന ആൺതരിയായിരുന്നു ഞാൻ.

ചിന്നനിളകിയ സ്നേഹത്താൽ എന്നെ വീർപ്പുമുട്ടിക്കുവാൻ തുടങ്ങിയതിൽപ്പിന്നെ ഒരിക്കൽപ്പോലും അമ്മാമ്മ എന്നെ വഴക്ക് പറഞ്ഞിട്ടേയില്ല. ചിന്നനിളകി ആധി മൂത്ത് എന്റെ സുരക്ഷക്കായി ഭൈരവനോടും തെണ്ടൻ ചാത്തനോടും പ്രാർഥിച്ച്, രാത്രികളിൽ എന്റെ കാൽക്കൽ അമ്മാമ്മ കാവലിരുന്നു.

അച്ഛൻ മരിക്കുന്നതു വരേയും അമ്മാമ്മയങ്ങനെ ചിന്നനിളകി നടന്നു. അസ്തമയ സൂര്യന്റെ ശോഭക്ക് ചുവപ്പേറി നിന്ന ഒരു സന്ധ്യക്കാണ് അച്ഛന്റെ ജീവനില്ലാത്ത ശരീരം ആംബുലൻസിൽ വീട്ടിലെത്തിയത്. പാർട്ടിക്കാർ തമ്മിലുള്ള പക. അതിന്റെ ബലിയാടായത് അച്ഛനായിരുന്നു. വാരിയെല്ലിനു താഴെ പതിമൂന്ന് കുത്തുണ്ടായിരുന്നു. ശരീരത്തിൽ ആഴ്ന്നിറങ്ങി പതുങ്ങിക്കിടന്ന കഠാരക്കുത്തുകളിലും വെട്ടുകളിലും രക്തം കട്ടപിടിച്ചൊരു സമരസിദ്ധാന്തം തീർത്തു. അതിൽ നിന്നും അറപ്പിക്കുന്ന ദ്രവമായി പഴുപ്പ് ഒലിച്ചിറങ്ങി.

ഇത്രനാൾ തൊട്ടും മണത്തും ഭോഗാലസതയാലുല്ലസിച്ചാർത്തതുമായ മോഹശരീരത്തിന്റെ നിശ്ചലതയിൽ ഞെട്ടി തീരത്തടിച്ചാർക്കുന്ന അലകടലാരവമായി അമ്മ അച്ഛനിലേക്ക് വീണുകിടന്നു. മരണാശ്ലേഷത്തിന്റെയാ നിമിഷത്തിൽ ശരീരങ്ങൾ തമ്മിൽ കാമിച്ചുരസിയുണ്ടാവുന്ന ഒരുതരം മദഗന്ധം എന്നെ വന്നുമൂടി. അതിൽനിന്നും രക്ഷപ്പെടാനായി ഞാൻ അമ്മാമ്മയിലേക്ക് നോട്ടം തിരിച്ചു. ചുവന്ന കൊടി പുതപ്പിച്ച അച്ഛന്റെ മൃതശരീരത്തിലേക്ക് തറപ്പിച്ചുനോക്കി മിണ്ടാട്ടം മുട്ടി അമ്മാമ്മ നിൽപുണ്ടായിരുന്നു. കെട്ട മണമുള്ളൊരു പഴയ മരണത്തിന്റെ ഓർമയിൽ മുങ്ങി അന്നു മുഴുവൻ ആരോടും ഒന്നും മിണ്ടാതെ അമ്മാമ്മ കുന്തിച്ചിരുന്നു.

ആണുങ്ങളെപ്പോലെ കുടുംബം നോക്കാനൊന്നും പെണ്ണുങ്ങൾക്ക് പറ്റില്ലെന്ന് മീശപിരിച്ചുകൊണ്ട് അച്ഛൻ പറയുമായിരുന്നു. അമ്മയും അമ്മാമ്മയും അതൊന്നും പണ്ടേ കൂസാക്കാറില്ല. ആണും പെണ്ണും തമ്മിലുള്ളയീ മത്സരത്തിൽ അമ്മയൊട്ടും പങ്കുചേർന്നില്ലെങ്കിലും അമ്മാമ്മക്കതൊരു തുറവിയായിരുന്നിരിക്കണം. അച്ഛന്റെ ശരീരം കത്തിയമർന്നു തീരുന്നതിനും മുന്നെ അമ്മാമ്മ മിണ്ടിത്തുടങ്ങി. പിന്നെ ശത്രുരാജ്യം പിടിച്ചടക്കിയ രാജ്ഞിയുടെ മട്ടോടെ കുടുംബത്തിലെ കാരണവത്തി സ്ഥാനം ഏറ്റെടുത്തു. പിന്നീടൊരിക്കലും അമ്മാമ്മക്ക് ചിന്നനിളകിയിട്ടില്ല.

 

കുറേക്കാലത്തേക്ക് കുടുംബത്തിൽ മരണങ്ങളൊന്നുമുണ്ടായില്ല. അതിനെല്ലാം മുമ്പൊരിക്കൽ, എന്റെ ഇരുപതാമത്തെ വയസ്സിൽ നിരാശ ബാധിച്ച് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും അമ്മാമ്മ ചിന്നനിളകി വന്ന് എന്നെ രക്ഷിച്ചിരുന്നു. അമ്മാമ്മ ശരിക്കുമൊരു യക്ഷിയാണെന്ന് അന്നാണെനിക്ക് ബോധ്യമായത്. മരണത്തിന്റെ ആഴക്കയത്തിലേക്ക് ഞാൻ മുങ്ങിപ്പോയിക്കൊണ്ടിരുന്നു. ഉറക്കഗുളികകൾ കൈപിടിച്ച് താഴേക്ക് വാശിയോടെ വലിച്ചുകൊണ്ടിരുന്നു. പെട്ടെന്നൊരു കൈ നീണ്ടുവന്ന് എന്റെ തലമുടിയിഴകളിൽ തൊട്ടു. അതിൽ ഉരുണ്ട മുഴകൾ തൊലി ചുളുങ്ങി വലിഞ്ഞുകിടന്നു. ആദ്യമതൊരു തഴുകലായി. പിന്നെയത് അമ്മാമ്മയുടെ കയ്യായി എന്നെ ആഴക്കയത്തിൽനിന്നും വലിച്ചെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെറിഞ്ഞു. മരണത്തിന്റെ തുമ്പത്തൊന്ന് തൊട്ട് തിരിച്ചുവന്ന് പച്ചനിറമുള്ള വെള്ളം ഞാൻ ഓക്കാനിച്ചു.

അടുത്ത ഊഴം അമ്മാമ്മയുടെയായിരുന്നു. അച്ഛന്റെ ജീവന്റെ വിലയായി പാർട്ടി കൽപിച്ചു നൽകിയ മനംമടുപ്പിക്കുന്ന കണക്കെഴുത്ത് പണിക്കിടയിലാണ് എസ്റ്റേറ്റിലേക്ക് രവിച്ചേട്ടന്റെ ഫോൺ വന്നത്. “അമ്മാമ്മക്ക് വയ്യ, നീയൊരു കാറും പിടിച്ച് വാ,” എന്നേ പറഞ്ഞുള്ളൂ. പിന്നൊന്നും നോക്കിയില്ല. എന്നെ കാത്ത് ഐസ് പെട്ടിയിൽ ഒരു ദിവസം മുഴുവൻ അമ്മാമ്മ കിടന്നു. വന്നതും കിണറ്റിൻകരയിലേക്കോടി ഒരു തൊട്ടി വെള്ളം കോരി തലയിലൊഴിച്ചു. കർമങ്ങൾ ചെയ്യുന്നതിനിടെ കർമി കുടത്തിൽ വെട്ടിയത് തെറ്റി എന്റെ ചുമലിൽ കൊണ്ടു. ചോര പൊടിഞ്ഞു. “അമ്മാമ്മേടെ ദേഷ്യം മാറീട്ടില്ല്യാ. വിശ്വാസം വേണ്ടേ? പറഞ്ഞിട്ടൊരു കാര്യോല്ല്യാ,” ആരൊക്കെയോ പിറുപിറുത്തു.

അതൊന്നും ഗൗനിക്കാതെ ഞാൻ പടിഞ്ഞാപ്രത്തെ പുളിമരത്തിലേക്ക് ഒളിഞ്ഞുനോക്കി. അമ്മാമ്മയെ കൂട്ടിക്കൊണ്ടുപോകുവാനായി യശ്മ്യേന്നും വിളിച്ച് പുളിമരക്കൊമ്പിൽ യക്ഷികൾ കാത്തിരിക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നി. ഇളംകാറ്റിലാടുന്ന പുളിയിലകളിൽ അവരുടെ നീണ്ടുകൂർത്ത മുലകൾ വീണുകിടക്കുന്നതായി സങ്കൽപിച്ചു നോക്കി. നീലിയുടെ നീണ്ട കണ്ണുകളിലെ കാമക്കറ തേടിയലഞ്ഞു.

വീട്ടിൽ അമ്മ മാത്രമായി. ഞാൻ ഇടക്ക് വന്നുപോയി. അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകളിൽ ആർത്രൈറ്റിസിന്റെ വേദന ഉരുണ്ടുകൂടിക്കിടന്നു. കവിളെല്ല് ഉന്തിവന്നു. കണ്ണുകൾക്കടിയിൽ കറുപ്പ് പരന്നു. കണ്ണിൽ തിമിരപ്പാട വെളുത്തു കനത്തു. ഇടുപ്പെല്ലിനു ബലമില്ലാതെ കാൽ തെന്നി ഇടക്കിടെ അമ്മ വീണു. എഴുന്നേൽക്കാൻ നോക്കുമ്പോൾ നിയന്ത്രണമില്ലാതെ തുടകളിലൂടെ മൂത്രം ഒഴുകിപ്പരന്നു. ഉടുതുണിയഴിഞ്ഞുവീണ് നഗ്നയായൊരു യക്ഷിയായി ആടിയാടി നിന്ന അമ്മയുടെ അടുത്തേക്ക് കൈകൾ വിടർത്തിയൊരു കുഞ്ഞുവാവയായി ഞാൻ ചെന്നു.

സ്വന്തം നഗ്നതയിലേക്ക് കൈകളാഞ്ഞെറിഞ്ഞ്, തുടകൾ വിടർത്തി യോനീദളങ്ങളിലൂടെ വിരൽ മീട്ടിയൊരു നന്തുണിപ്പാട്ടായി അമ്മ നിന്നു. ഒരു നിമിഷനേരത്തേക്ക് അമ്മയൊരു സ്ത്രീയായി മാറി. ഒരേയൊരു നിമിഷം മാത്രം! അറപ്പോടെ ഞാൻ പിന്നോട്ട് തെന്നിമാറി. അടക്കിപ്പിടിക്കാൻ നോക്കിയിട്ടും അറിയാതെ വായിൽനിന്നുമൊരു പ്രാക്ക് പുറത്തേക്ക് തെറിച്ചുവീണു.

“അശ്രീകരം!”

ആ നിമിഷത്തിൽ അമ്മ വീണ്ടും അമ്മയായി. അമ്മ എന്നെയും ഞാൻ അമ്മയേയും നോക്കി. നടുമുറിയെ പണിയെടുത്ത് അമ്മയുടെ നടുവിനൊരു കൂനു വളർന്നു നിൽപുണ്ടായിരുന്നു. അതിന്റെ ഭാരത്തിലെന്നോണം തളർന്നൊടിഞ്ഞ് കൂനിക്കൂടി അമ്മ നടന്നു. വയ്യായ തളംകെട്ടിയ മുഖത്തൊരു നിസ്സഹായതയുടെ തളർന്ന ചിരി വീണുകിടന്നു. നിൽക്കാൻ വയ്യാതെ ഇരുന്ന്, ഇരുന്നിട്ടും ഇരിപ്പുറക്കാതെ കിടന്ന്, കിടന്നിട്ടും കിടക്കാൻ പറ്റാതെ എണീറ്റിരുന്ന് അമ്മ കിതച്ചു. കുത്തിക്കുത്തി ചുമച്ചു.

രാത്രി സിഗരറ്റ് വലിക്കുവാനായി പുളിമരച്ചോട്ടിലേക്ക് ഞാൻ നടന്നു. നിലാവത്ത് വല്ലാത്തൊരു യക്ഷിത്തിളക്കത്തോടെ പുളിമരം നിന്നു. താടിയിലൂടെ വിരലോടിച്ചുകൊണ്ട് നിൽക്കവെ, മയിലാഞ്ചിക്കാടിനടുത്തുനിന്നും ആരൊക്കെയോ പിറുപിറുക്കുന്ന ശബ്ദം കേട്ടു. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വിറകുപുരയുടെ മറ പറ്റി എത്തിനോക്കുമ്പോൾ ഞാൻ വീണ്ടുമൊരു അഞ്ചു വയസ്സുകാരൻ പയ്യനായി മാറി.

മയിലാഞ്ചിയിലകൾ നുള്ളി, കരിങ്കല്ലിലത് ചതച്ചരച്ച്, കൈകളിലണിയിച്ചാനന്ദിച്ച് ചിരിച്ചാർത്തുകൊണ്ട് യക്ഷികൾക്കൊപ്പം പ്രേതസമാനം ഒരു സ്ത്രീരൂപം. അത് അമ്മാമ്മയാണോ? ഞാൻ സൂക്ഷിച്ചുനോക്കി. എന്റെ സാമീപ്യമറിഞ്ഞിട്ടാണോ, അതോ ഞാൻ വലിച്ചു തള്ളിയ സിഗരറ്റ് മണത്തിട്ടാണോ എന്നറിയില്ല, സ്ത്രീരൂപം എന്നെയൊന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു: “കള്ള ചെക്കൻ, ഒളിഞ്ഞുനോക്കി പഴേ പോലെ എല്ലാം തന്തയ്ക്ക് റിപ്പോർട്ട് ചെയ്യാൻ വന്നിരിക്ക്യാ... പൊക്കോ അവ്ടന്ന്...”

അതുകേട്ട് യക്ഷികൾ അലറിച്ചിരിച്ചു. അവരുടെ വായിൽനിന്നും ദംഷ്ട്രങ്ങൾ തുറിച്ചുവന്നു. ഭയന്നുവിറച്ച് കാൽതെറ്റി നിലത്ത് വീണുകിടക്കുമ്പോൾ, അമ്മാമ്മയുടെ പഴയ മുറിയുടെ ജനൽ തുറന്ന് അമ്മ വിളിച്ചുപറഞ്ഞു: “ഇങ്ങ് പോര്. ഇരുട്ടത്ത് അങ്ങോട്ട് പോണ്ട. തള്ള യക്ഷിയായി വന്ന് പേടിപ്പിക്കും!”

പതിവിനു വിപരീതമായി അമ്മയുറക്കെ ചിരിച്ചു. അമ്മയുടെ ചുണ്ടിന്റെ അറ്റത്തുനിന്നും കൂർത്ത ദംഷ്ട്രങ്ങൾ വളർന്നു നിന്നിരുന്നു.

അന്നുമുതൽക്കാണ് അമ്മാമ്മയുടെ മുറി കയ്യേറി അവിടെ കിടക്കാനും മുറുക്കാൻ ചെല്ലം തുറന്ന് വെറ്റിലയും ചുണ്ണാമ്പും അടക്കയും പുകയിലയും കൂട്ടി യക്ഷികളെപ്പോലെ മുറുക്കിച്ചുവപ്പിച്ചു തുപ്പാനും ഉച്ചനേരങ്ങളിൽ പുളിമരച്ചോട്ടിലേക്ക് സർക്കീട്ട് പോവാനും പിന്നെപ്പിന്നെ ചിന്നനിളകി പിച്ചും പേയും പറയുവാനുമൊക്കെ അമ്മ തുടങ്ങിയത്.

News Summary - malayalam story