സേന

ഇതുവരെ കണ്ടിട്ടില്ലാത്ത മുദ്രകളും ചിഹ്നങ്ങളും പതിപ്പിച്ച കൊടികൾ. ലിപികളില്ലാത്ത ഭാഷകൾ. ചുമരെഴുത്തുകൾ. പ്രത്യേകതരം ശബ്ദങ്ങളിലൂടെയുള്ള ആശയവിനിമയങ്ങൾ. മുക്കിലും മൂലയിലും പ്രത്യക്ഷപ്പെടുന്ന ആൾക്കൂട്ടങ്ങൾ. ഒറ്റനോട്ടത്തിൽ തെളിഞ്ഞുകിട്ടാത്ത ചില കരുനീക്കങ്ങൾ... “കരുതിയിരിക്കണം പ്രഭോ. കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നെന്നൊരു തോന്നൽ.” വേദനായകപ്രഭു നിയമിച്ച നാലംഗസംഘത്തിന്റെ നേതാവായ മരതകൻ അറിയിച്ചു. സംഘത്തിലെ ഓരോരുത്തരെയും തറപ്പിച്ചുനോക്കിക്കൊണ്ട് വേദനായകപ്രഭു കൽപിച്ചു: “ഈ നിമിഷം മുതൽ സംഘത്തെ പിരിച്ചുവിടുന്നു. ഇനി ഒറ്റക്കൊറ്റക്കു അന്വേഷിക്കുക. നാലുദിവസത്തെ സമയം. എന്റെ...
Your Subscription Supports Independent Journalism
View Plansഇതുവരെ കണ്ടിട്ടില്ലാത്ത മുദ്രകളും ചിഹ്നങ്ങളും പതിപ്പിച്ച കൊടികൾ. ലിപികളില്ലാത്ത ഭാഷകൾ. ചുമരെഴുത്തുകൾ. പ്രത്യേകതരം ശബ്ദങ്ങളിലൂടെയുള്ള ആശയവിനിമയങ്ങൾ. മുക്കിലും മൂലയിലും പ്രത്യക്ഷപ്പെടുന്ന ആൾക്കൂട്ടങ്ങൾ. ഒറ്റനോട്ടത്തിൽ തെളിഞ്ഞുകിട്ടാത്ത ചില കരുനീക്കങ്ങൾ...
“കരുതിയിരിക്കണം പ്രഭോ. കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നെന്നൊരു തോന്നൽ.” വേദനായകപ്രഭു നിയമിച്ച നാലംഗസംഘത്തിന്റെ നേതാവായ മരതകൻ അറിയിച്ചു. സംഘത്തിലെ ഓരോരുത്തരെയും തറപ്പിച്ചുനോക്കിക്കൊണ്ട് വേദനായകപ്രഭു കൽപിച്ചു: “ഈ നിമിഷം മുതൽ സംഘത്തെ പിരിച്ചുവിടുന്നു. ഇനി ഒറ്റക്കൊറ്റക്കു അന്വേഷിക്കുക. നാലുദിവസത്തെ സമയം. എന്റെ രാജ്യത്തു എന്തുനടക്കുന്നെന്നു എനിക്കു അറിയണം. കൊടുങ്കാറ്റ് പോയിട്ട് ഒരു ഇലപോലും ഞാനറിയാതെ അനങ്ങാൻ പാടില്ല.”
പ്രഭുവിന്റെ ഏഴാമത്തെ ഭാര്യയിലെ ഇളയമകനും സംഘത്തിലെ നാലാമനുമായ ചന്ദ്രധനുസ്സ് ഒഴികെയുള്ള മൂന്നുപേരും അപ്പോൾത്തന്നെ മൂന്നുവഴിക്ക് പിരിഞ്ഞു.
“എനിക്കൊരു കാര്യം ഉണർത്തിക്കാനുണ്ട്.” ചന്ദ്രധനുസ്സ് പറഞ്ഞു.
“ആദ്യം, പറഞ്ഞ പണി ചെയ്യുക. കുടുംബകാര്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.” പ്രഭു ക്ഷുഭിതനായി സിംഹാസനത്തിൽനിന്നും ചാടിയെഴുന്നേറ്റു.
ചന്ദ്രധനുസ്സ് മറുവാക്കുരിയാടാതെ തലകുനിച്ചുപിടിച്ചു രംഗമൊഴിഞ്ഞു.
അന്നുരാത്രി ഉറക്കം നഷ്ടപ്പെട്ട വേദനായകപ്രഭു മട്ടുപ്പാവിൽ വന്നുനിന്നു. ചൂടുക്കാറ്റ് നിറഞ്ഞ അന്തരീക്ഷം. നിലാവൊഴിഞ്ഞ ആകാശം.
ഇരുട്ടുവിഴുങ്ങിയ മലനിരകളുടെയും അനേകായിരം അംഗരക്ഷകരുടെയും സംരക്ഷണമുള്ള കൊട്ടാരം. പീരങ്കികൾ കാവൽനിൽക്കുന്ന അതിർത്തികൾ. എങ്ങും എവിടെയും പരമാധികാരത്തിന്റെ ഉരുക്കുമുഷ്ടികൾ. എന്നിട്ടും ഉരുണ്ടുകൂടുകയാണ് ആശങ്കകളുടെ കാർമേഘങ്ങൾ. എവിടെയാണ് പിഴച്ചത്?
പ്രഭു പടിക്കെട്ടുകളിറങ്ങി കൊട്ടാരമുറ്റത്തെ ഉദ്യാനത്തിൽ വന്നിരുന്നു. കുറച്ചകലെയായി ശക്തിയെന്നു വിളിപ്പേരുള്ള പടക്കുതിര തലകുമ്പിട്ടു നിൽക്കുന്നതുകാണാം. ചോരപ്പുഴകളായിത്തീർന്ന യുദ്ധക്കളങ്ങളിലൂടെ തന്നെയുംകൊണ്ട് വിജയക്കൊടികൾ പാറിച്ചവന്റെ കുളമ്പടികൾക്കിന്നു തളർച്ചബാധിച്ചിരിക്കുന്നു; തനിക്കും? ഉൾക്കിടിലത്തോടെ പ്രഭു സ്വയം ചോദിച്ചു. ഒരിക്കലുമില്ല. ഇനിയുമെത്ര തലമുറകളെ സൃഷ്ടിക്കാനും ഭരിക്കാനും കിടക്കുന്നു. വർധിതവീര്യത്തോടെ പ്രഭു സ്വയം ആശ്വസിച്ചു.
ശക്തിയപ്പോൾ തലയുയർത്തി മട്ടുപ്പാവിലേക്കുനോക്കി. കോട്ട കൊത്തളങ്ങളിലെ തീപ്പന്തങ്ങളുടെ സ്വർണവെളിച്ചത്തിൽ കാവേരിയുടെ തിളക്കംകണ്ട പ്രഭു ധൃതിയിൽ അവളുടെ അടുത്തേക്ക് നടന്നു.
ചിത്രപ്പണികളുള്ള കൈവരിയിലേക്കു നെറ്റിമുട്ടിച്ചു സ്വപ്നം കാണുകയായിരുന്ന കാവേരി. പറക്കും കുതിരകളെ പൂട്ടിയ സ്വർണരഥത്തിലേറി ആകാശപ്പാതകളിലൂടെ പായുകയാണ് താനും പ്രിയതമനും.
അരയന്നങ്ങളുടെയും വിശുദ്ധപ്രാവുകളുടെയും രൂപം കടംകൊണ്ട മേഘരൂപികള്‍ക്കിടയിലൂടെയുള്ള യാത്ര ഒരിക്കലും അവസാനിക്കരുതേയെന്നു അവൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
“പ്രിയേ, എന്നെയോർത്ത് ദുഃഖിച്ചിരിക്കുകയാണോ?”
ഇടനാഴിയിലെ മുഴക്കംകേട്ട് കാവേരി ഞെട്ടിയുണർന്നു. മുന്നിൽ പടുകിളവനായ വേദനായകപ്രഭു. ഭയംകൊണ്ട് കാവേരി ചാടിയെഴുന്നേറ്റു.
“ഇരിക്ക്.” കാവേരിയുടെ ചുമലിൽ മൃദുവായി സ്പർശിച്ചുകൊണ്ട് പ്രഭു പറഞ്ഞു. അവൾ ഉലഞ്ഞുവീഴുമ്പോലെ കൈവരിയിൽ പിടിച്ച് പ്രഭുവിന്റെ ആജ്ഞയനുസരിച്ചു. ഒപ്പമിരുന്നുകൊണ്ട് പ്രഭു പറഞ്ഞു: “ഓരോരോ തിരക്കുകളായിരുന്നു. ഇനി ഈ കാവേരിയുടെ തീരങ്ങളിൽനിന്നും എവിടേക്കും ഇല്ല.”
കാവേരി ചിരിച്ചെന്നു വരുത്തി. പ്രഭു അപ്പോൾ അവളുടെ തുടുത്ത കവിളിൽ നുള്ളിക്കൊണ്ട് ശൃംഗരിച്ചു. മനംമടുപ്പോടെ അവൾ വഴങ്ങിക്കൊടുത്തു. പെട്ടെന്ന്, ഇടനാഴിയുടെ അറ്റത്ത് ആരോ മിന്നിമായുന്നതുപോലെ തോന്നി.
“ആരത്..?” ഇടനാഴിയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പ്രഭുവിന്റെ സ്വരമുയര്‍ന്നു.
“ഞാനാണ്. പൊറുക്കണം.” ഇടനാഴിയുടെ ചുമരുകളിലൂടെ നീണ്ടും കുറുകിയുംവന്ന നിഴൽരൂപം ചന്ദ്രധനുസ്സായി പരിണമിച്ചു.
“ഒരു കാര്യം ഉണർത്തിക്കാനുണ്ട്.” മടിച്ചുമടിച്ച് ചന്ദ്രധനുസ്സ് പറഞ്ഞു.
“ഇത് അന്തഃപുരമാണ്. രാജ്യകാര്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.” പ്രഭുവിന്റെ ആക്രോശത്തിൽ ചന്ദ്രധനുസ്സിന്റെ ശിരസ്സുകുനിഞ്ഞു. അവൻ കടന്നുപോയതിനു പുറകെ പ്രഭു കാവേരിയോടുള്ള ശൃംഗാരം തുടർന്നു. അത് കിടപ്പുമുറിയിലേക്ക് നീളുമെന്നായപ്പോൾ കാവേരി പ്രതിരോധത്തിന്റെ വഴികൾ തിരഞ്ഞു. പക്ഷേ, ഞൊടിയിടയിൽ പ്രഭു അവളെ പൊക്കിയെടുത്ത് കിടപ്പുമുറിയിലെത്തിച്ചു.
കാവേരിയുടെ അഴിഞ്ഞുവീണ വസ്ത്രങ്ങൾ വെള്ളവിരി വിരിച്ച കട്ടിലിൽ നീലത്തടാകത്തെ വരച്ചു. അതിന്റെ ആഴങ്ങളിലേക്ക് പ്രഭു അവളെയുംകൊണ്ട് മുങ്ങാങ്കുഴിയിട്ടു. എന്നത്തെയുംപോലെ ഒറ്റക്കു ഒരു സൈന്യത്തെ നേരിടുന്ന അനുഭവം പ്രഭുവിനുണ്ടായി. യുദ്ധമുറകൾ ഓരോന്നോരോന്നായി പുറത്തെടുത്തു. ചിലപ്പോൾ യുദ്ധനിയമങ്ങൾ തെറ്റിച്ചും മുന്നേറി. തന്റെ ഓരോ പ്രഹരത്തിലും എതിരാളി ആനന്ദിക്കുന്നതായി വിഭാവനം ചെയ്തു. അതൊരു ലഹരിയായി സിരകളിൽ പടർന്നുപിടിച്ചു. ഒടുക്കം കിതപ്പോടെ, പ്രാണനിലേക്കാഴ്ത്തിയ കഠാര വലിച്ചൂരുമ്പോൾ ചെവിക്കുടയില്‍ കടിച്ചുകൊണ്ട് ചോദിച്ചു: “സുഖിച്ചോ?”
പതിനാലാമത്തെ വയസ്സിൽ പടുകിളവന്റെ ഭാര്യയാകേണ്ടി വന്ന സ്വന്തം വിധിയെക്കുറിച്ചോർത്ത് കാവേരി കരഞ്ഞു.
“ആനന്ദക്കണ്ണീർ.” തകർന്ന അരക്കെട്ടും ഉടഞ്ഞുതൂങ്ങുന്ന മുലകളുമായി, കാലിപ്പയ്യന്മാർ കലക്കിമറിച്ച തടാകംപോലെ കട്ടിലിൽ തളർന്നുകിടക്കുന്ന കാവേരിയെ നോക്കി പ്രഭു പറഞ്ഞു.
അടുത്ത നാലുദിവസവും ഇതൊക്കെത്തന്നെ ആവർത്തിച്ചു. ആരെയും മുഖംകാണിക്കാൻ അനുവദിക്കാതെ പ്രഭു കാവേരിയിൽമാത്രം അഭിരമിച്ചു.
അഞ്ചാംനാൾ രാവിലെ രഹസ്യസംഘത്തെ കാണാൻ പുറപ്പെട്ടു. മരതകന്റേതായിരുന്നു ആദ്യത്തെ ഊഴം.
“പ്രഭോ...” ഇടർച്ചയോടെ മരതകൻ പറഞ്ഞുതുടങ്ങി: “അങ്ങയുടേത് ദുര്‍ഭരണമാണെന്നു പരക്കെയൊരു ശ്രുതിയുണ്ട്. മുമ്പില്ലാത്തവിധം പ്രജകള്‍ പലതും വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഉടനെയെന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍...”
“അല്ലെങ്കില്‍. ഉം... ബാക്കിക്കൂടി പറയൂ.” പ്രഭു ക്ഷുഭിതനായി.
“ആഭ്യന്തരകലാപത്തിനുള്ള സകലസാധ്യതകളും കാണുന്നുണ്ട്.” മരതകന്‍ പറഞ്ഞു: “വിതക്കുന്നതിനും കൊയ്യുന്നതിനും നികുതിയേര്‍പ്പെടുത്തിയത് ജനങ്ങള്‍ക്കിടയില്‍ അങ്ങയുടെ പ്രീതിക്കു കുറവുവരുത്തിയിട്ടുണ്ട്.”
“മറ്റെന്തെങ്കിലും പറയാനുണ്ടോ?”
“ഇല്ല പ്രഭോ.”
“എങ്കില്‍ പോകാം.”
“ഉത്തരവ്.”
സംഘത്തിലെ രണ്ടാമനായ മതീശകന്‍ തന്റെ കണ്ടെത്തല്‍ ഇപ്രകാരം അവതരിപ്പിച്ചു: “തങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അങ്ങു മാനിക്കുന്നില്ലെന്നൊരു മുറുമുറുപ്പ് പ്രജകള്‍ക്കിടയിലുണ്ട്.”
“എന്നെയല്ലാതെ വേറെ ആരെയാണ് അവര്‍ ആരാധിക്കേണ്ടത്. ഞാനല്ലാതെ ആരാണ് അവരുടെ കണ്‍കണ്ട ദൈവം.” പ്രഭു മതീശകനോടു തിരിച്ചുചോദിച്ചു.
“ശരിയാണ് പ്രഭോ. പക്ഷേ, കഴുതക്കൂട്ടം അതു മനസ്സിലാക്കുന്നില്ലല്ലോ.” മതീശകന്‍ പറഞ്ഞു.
മൂന്നാമന്‍, മനോലി അറിയിച്ചു: “സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും തീറ്റിപ്പോറ്റാന്‍ ജനങ്ങളുടെ നടുവൊടിക്കുന്നെന്നൊരു കിംവദന്തിയുണ്ട് പ്രഭോ. അങ്ങൊരു പേടിത്തൂറിയാണെന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്.”
കടന്നുപോകൂ എന്നു കൈയാംഗ്യം കാണിച്ചുകൊണ്ട് പ്രഭു മനോലിയെ ആട്ടിപ്പായിച്ചു. പുതുമയുള്ള ഒരു കണ്ടുപിടിത്തവും രഹസ്യസംഘത്തിന്റെ ഭാഗത്തുനിന്നു ലഭിക്കാത്തതില്‍ പ്രഭുവിനു അതിയായ കോപംതോന്നി.
കാലാകാലങ്ങളായി ഇതുതന്നെയല്ലേ താന്‍ കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മുന്നോട്ടു നയിക്കുന്നവന്റെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ആരറിയുന്നു. നാലാമനായ ചന്ദ്രധനുസ്സിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ പ്രഭു ചിന്തിച്ചു. കാത്തിരിപ്പിന്റെ നീളംകൂടിയപ്പോള്‍ പ്രഭു മരതകനോടു ഒച്ചയിട്ടു.
“പ്രഭോ, അവൻ ഏതാനും മാസങ്ങളായി കൊട്ടാരത്തില്‍നിന്നും പുറത്തേക്കൊന്നും പോയിട്ടില്ല. എപ്പോഴും ഉദ്യാനത്തിലെ പൊയ്കയുടെ അരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നതുകാണാം.” മരതകന്‍ പറഞ്ഞതുകേട്ട് പ്രഭുവിന്റെ കോപം വർധിച്ചു. ചന്ദ്രധനുസ്സിനെ ഉടനടി തന്റെ മുന്നില്‍ ഹാജരാക്കാന്‍ പ്രഭു ഉത്തരവിട്ടു. ഒരുപറ്റം ഭടന്മാരോടൊപ്പം മരതകന്‍ അപ്പോള്‍തന്നെ ചന്ദ്രധനുസ്സിന്റെ അരികിലേക്കു പുറപ്പെട്ടു.
പ്രധാനകോട്ടയോടു ചേര്‍ന്നുള്ള ഉദ്യാനത്തിലെ പൊയ്കയുടെ തീരത്ത് മനോരാജ്യം കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ചന്ദ്രധനുസ്സ്. അവന്റെ കണ്‍തടങ്ങളില്‍ ഉറക്കമില്ലായ്മയുടെ കറുപ്പ് പടര്‍ന്നുകിടന്നിരുന്നു.
മരതകന്‍ പ്രഭുവിന്റെ ഉത്തരവ് ചന്ദ്രധനുസ്സിനെ അറിയിച്ചു. ചന്ദ്രധനുസ്സ് അവരോടൊപ്പം അപ്പോള്‍തന്നെ പുറപ്പെട്ടു. അതിനുമുമ്പായി അവന്‍ മട്ടുപ്പാവിലേക്കു നോക്കി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു. കൈവരികള്‍ക്കിടയിലൂടെ ഒരു പഞ്ചവർണ തത്ത പറന്നുവന്ന് അവന്റെ തോളില്‍ ഇരിപ്പുറപ്പിച്ചു.
“രാജ്യകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ കൊട്ടാരത്തില്‍ പൊരുന്നകിടക്കാന്‍ നിനക്കു നാണമില്ലേ?” പ്രഭു ചന്ദ്രധനുസ്സിനോടു ചോദിച്ചു.
“അതിലും വലിയ നാണക്കേടാണ് ഈയുള്ളവന്‍ ചുമക്കുന്നത്.” ചന്ദ്രധനുസ്സ് അറിയിച്ചു.
“കാര്യം തെളിച്ചുപറയണം.”
“അങ്ങയുടെ പുത്രന്‍ ആണെന്നതുതന്നെ.”
ചന്ദ്രധനുസ്സിന്റെ കൂസലില്ലായ്മയും പ്രഭുവിന്റെ നിശ്ശബ്ദതയും സഭയിലുണ്ടായിരുന്നവരില്‍ ഞെട്ടലുളവാക്കി.
“ദയവായി ഞാന്‍ പറയുന്നതു കേള്‍ക്കണം.” ചന്ദ്രധനുസ്സ് താഴ്മയോടുകൂടി പ്രഭുവിനോടു പറഞ്ഞു: “അമ്മമഹാറാണി മരിച്ചിട്ട് നാലുദിവസംപോലും ആയിട്ടില്ല. അതിനുമുമ്പേ അങ്ങു മറ്റൊരു വിവാഹം കഴിച്ചു. അധികാരമുണ്ടെന്നു കരുതി രാജ്യത്തെ പെണ്‍കുട്ടികളെ അങ്ങയുടെ അടിമകളാക്കുന്ന ഏര്‍പ്പാട് അത്ര നല്ലതല്ല. കുടുംബമെന്ന മഹാരാജ്യത്തെ പ്രജകള്‍ അങ്ങയുടെ ദുര്‍ഭരണത്തിന്‍ കീഴില്‍ ശ്വാസംമുട്ടി മരിക്കുകയാണ്.”
“ഇവന്റെ അധികപ്രസംഗം നിര്‍ത്തിക്കാന്‍ ഇവിടെ ആരുമില്ലേ?” സിംഹാസനത്തില്‍നിന്നും ചാടിയെഴുന്നേറ്റ് പ്രഭു ആജ്ഞാപിച്ചു. മരതകനും സംഘവും ചന്ദ്രധനുസ്സിനുനേരെ കുതിച്ചുപാഞ്ഞു...
രാത്രി, കാവേരിയുടെ മടിത്തട്ടിൽ കിടക്കുമ്പോള്‍ പ്രഭുവിന്റെ മനസ്സിലേക്കു ചന്ദ്രധനുസ്സിന്റെ വാക്കുകള്‍ തികട്ടിവന്നു. കാവേരി, ഒഴുക്കുനഷ്ടപ്പെട്ട പുഴപോലെ കട്ടിലില്‍ ചാരിയിരിക്കുകയായിരുന്നു.
“ഞാന്‍ അങ്ങയുടെ എത്രാമത്തെ ഭാര്യയാണ്?” ജാലകപ്പടിയിലിരിക്കുന്ന പഞ്ചവർണ തത്തയെ നോക്കി കാവേരി ചോദിച്ചു.
മനസ്സില്‍ എണ്ണിക്കൊണ്ട് പ്രഭു ഉത്തരം വൈകിപ്പിച്ചപ്പോള്‍ കാവേരി അടുത്ത ചോദ്യം ചോദിച്ചു: “യുദ്ധമുണ്ടായാല്‍ അങ്ങ് ആദ്യം ആരെയാകും രക്ഷിക്കുക?”
“സംശയമെന്ത്. എന്റെ കാവേരിയെ.” ആലോചനകൂടാതെ പ്രഭു ഉത്തരം നല്‍കി. അതുകേട്ട് കാവേരി കുടുകുടാ ചിരിച്ചു. കൊട്ടാരത്തിലെത്തിയതിനുശേഷം ഇതാദ്യമായാണ് കാവേരി ചിരിക്കുന്നതെന്ന് പ്രഭു ഓര്‍ത്തു. ആ ചിരിയിലാണല്ലോ താന്‍ മയങ്ങിപ്പോയത്. സുവർണനദിയുടെ തീരത്തു കളിച്ചുകൊണ്ടിരുന്ന ഒരുപറ്റം പെണ്‍കുട്ടികള്‍. അതിലൊരുവളുടെ ചിരി തന്റെ നെഞ്ചില്‍ മുത്തുമണികള്‍ പൊഴിച്ചു. തുടുത്ത കവിളുകളും നീണ്ട മൂക്കുമുള്ള അവളെ അപ്പോള്‍ അവിടെവച്ചുതന്നെ സ്വന്തമാക്കണം എന്നു ആഗ്രഹിച്ചു. അതിനുള്ള അധികാരം തനിക്കുണ്ട്. പക്ഷേ, മര്യാദകള്‍ തെറ്റിച്ചില്ല. അവളുടെ പിതാവിനെ ആളയച്ചുവിളിപ്പിച്ചു. കൃഷിക്കാരനായ അയാള്‍ പേടിച്ചുവിറച്ചാണ് കൊട്ടാരമുറ്റത്തുനിന്നത്. കല്യാണത്തിനുള്ള നാളു കുറിച്ചുനല്‍കിയ കൂട്ടത്തില്‍ കൈനിറയെ സമ്മാനങ്ങളും കൊടുത്തയച്ചു.
അങ്ങനെ കാവേരി വേദനായകപ്രഭുവിന്റെ പതിമൂന്നാമത്തെ ഭാര്യയായി.
നാളുകൾ കടന്നുപോയി. കാവേരി ഗര്‍ഭംധരിച്ച് ഒരു ആൺകുഞ്ഞിനു ജന്മം നൽകി.
ഇതിനിടയിൽ, പലവട്ടം അടിച്ചമർത്തപ്പെട്ട ആഭ്യന്തരകലാപം പൂർവാധികം ശക്തിപ്രാപിച്ചു. തെരുവുകൾ അഗ്നിക്കിരയായി.
കലാപകാരികളെ കൊന്നൊടുക്കുന്നതിൽ സൈന്യവും സൈന്യത്തെ കൊന്നൊടുക്കുന്നതിൽ കലാപകാരികളും പരസ്പരം മത്സരിച്ചു. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സൈന്യത്തിന്റെ ശ്രദ്ധമുഴുവന്‍ ആഭ്യന്തരകലാപം അടിച്ചമര്‍ത്തുന്നതിലായിരുന്നു. ഈ അവസരത്തിനായി കാത്തിരുന്ന അയല്‍രാജാവായ തനിഷ്കരായൻ കൃത്യമായ കരുനീക്കങ്ങളിലൂടെ വേദപുരത്തിന്റെ മണ്ണിലേക്കു തന്റെ സൈന്യത്തെ വിന്യസിച്ചു.
വേദനായകപ്രഭു ചകിതനായി കൊട്ടാരത്തില്‍ത്തന്നെ ഒളിച്ചുപാര്‍ത്തു.
“ഇനിയും ഇവിടെ തുടരുന്നത് അപകടമാണ്.” ചന്ദ്രധനുസ്സ് അറിയിച്ചു: “കലാപകാരികള്‍ കൊട്ടാരം വളഞ്ഞുകഴിഞ്ഞു. നമ്മുടെ സൈന്യം അശക്തരാണ്. അന്തഃപുരത്തിനു തീപിടിക്കാന്‍ അധികം വൈകില്ല.”
“എന്താണ് രക്ഷാമാര്‍ഗം.” കാവേരി ചോദിച്ചു.
“ഒരു വഴിയുണ്ട്.” ചന്ദ്രധനുസ്സ് പറഞ്ഞു: “ഉദ്യാനത്തിലെ പൊയ്കയിലൂടെ ഒരു തുരങ്കപ്പാത നിർമിച്ചിട്ടുണ്ട്. അതുവഴി അതിര്‍ത്തി കടക്കാന്‍ സാധിക്കും. അവിടന്നങ്ങോട്ടു പേര്‍ഷ്യന്‍ സുല്‍ത്താന്റെ പടക്കപ്പലും സൈന്യവും നമുക്കു സംരക്ഷണം നല്‍കും.”
“എങ്കില്‍ വേഗമാകട്ടെ.” വേദനായകപ്രഭു തിരക്കുകൂട്ടി.
“ഇതൊരു രഹസ്യനീക്കമായിരിക്കണം.” ചന്ദ്രധനുസ്സ് വിശദീകരിച്ചു: “കൊട്ടാരം കീഴടക്കുന്നവര്‍ക്കു ഒരിക്കലും നമ്മളെ പിന്തുടര്‍ന്നുവരാന്‍ സാധിക്കരുത്. മാത്രമല്ല രഹസ്യതുരങ്കത്തിലൂടെ എല്ലാവരെയും രക്ഷിച്ചുകൊണ്ടുപോകുന്നതും പ്രായോഗികമല്ല. അതുകൊണ്ട് നമ്മൾ മൂന്നുപേർ മാത്രം തല്‍ക്കാലം രക്ഷപ്പെടുന്നു. ഇന്നുരാത്രി. മറ്റാരെയും അറിയിക്കാതെ.”
ചന്ദ്രധനുസ്സ് കുറെമാസങ്ങളായി പൊയ്കയുടെ തീരത്തുതന്നെ ചുറ്റിത്തിരിഞ്ഞതു എന്തിനാണെന്ന് തുരങ്കത്തിലേക്കു നൂഴ്ന്നിറങ്ങുമ്പോൾ പ്രഭുവിനു മനസ്സിലായി. കാവേരി കൈക്കുഞ്ഞിനെയുമെടുത്ത് കഷ്ടപ്പെട്ടാണ് തുരങ്കത്തിന്റെയുള്ളിലേക്ക് പ്രവേശിച്ചത്. ചന്ദ്രധനുസ്സ് പ്രവേശിച്ചതിന്റെ പിന്നാലെ തുരങ്കമുഖം പഴയതുപോലെ പൊയ്കയായി മാറി. ഇരുട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ അവർ മുന്നേറി. പ്രാണഭയത്താലാകണം കൈക്കുഞ്ഞു കരച്ചിൽ അടക്കിപ്പിടിച്ചു.

മുന്നോട്ടുപോകുന്തോറും തുരങ്കത്തിന്റെയുള്ളിൽ വായുസഞ്ചാരം കുറഞ്ഞുവന്നു. വേദനായകപ്രഭു കിതച്ചുകൊണ്ടാണ് ഓരോ ചുവടുകളും വെച്ചത്. ഇടക്കിടക്കു തിരിഞ്ഞുനോക്കി ആരും തങ്ങളെ പിന്തുടരുന്നില്ലെന്നു ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.
“ഇനിയെത്ര ദൂരം കാണും.” തളർന്നവശനായ പ്രഭു നിലത്തുകുത്തിയിരുന്ന് ചന്ദ്രധനുസ്സിനോട് ചോദിച്ചു.
“അറിയില്ല.” ചന്ദ്രധനുസ്സ് നടത്തം തുടർന്നു. ഒപ്പം നടക്കാതെ മറ്റു മാർഗമൊന്നും ഇല്ലെന്നുകണ്ട് പ്രഭു നിലത്തുനിന്നും ആയാസ്സപ്പെെട്ടഴുന്നേറ്റു.
അപ്പോൾ ചുമരിന്റെ മുകൾഭാഗത്തുനിന്നും ഒരു മൺകട്ട അടർന്നുവീണു. പ്രഭു കൊച്ചുകുട്ടികളെപ്പോലെ പേടിച്ചു വിറച്ചു.
“ഇത്രയുള്ളോ വേദപുരത്തിന്റെ രാജാവ്?” ചന്ദ്രധനുസ്സ് പരിഹാസച്ചിരിയോടെ ചോദിച്ചു. പ്രഭു മറുപടിയൊന്നും പറയാതെ നടത്തം തുടർന്നു. പലവിധ ചിന്തകൾ അന്നേരം പ്രഭുവിന്റെ മനസ്സിലൂടെ കടന്നുപോയി. തുരങ്കത്തിൽനിന്നും പുറത്തുകടക്കുന്ന ആ നിമിഷം ചന്ദ്രധനുസ്സിനെ തീർക്കണം. ഇല്ലെങ്കിൽ ശിഷ്ടകാലം മകന്റെ മഹാശാസനങ്ങളില്‍ ശ്വാസംമുട്ടി ജീവിക്കേണ്ടിവരും.
പെട്ടെന്ന് വെളിച്ചത്തിന്റെ ചീളുകൾ ചിന്തകളെ മുറിച്ചുകൊണ്ട് തുരങ്കത്തിന്റെയുള്ളിലേക്കു പാറിവീണു.
“വെളിച്ചം... വെളിച്ചം...” ഉത്സാഹത്തിൽ പ്രഭു വിളിച്ചുപറഞ്ഞു.
ഇരുകുന്നുകൾക്കിടയിലെ വിടവിലൂടെ തുരങ്കപാത കടന്നു അവര്‍ പുറത്തെത്തി.
“കടൽ... കടൽ.” പ്രഭു ആവേശത്തിൽ കുന്നിറങ്ങി ഓടി. അടുക്കുന്തോറും കടൽ അകന്നകന്നു പോയിക്കൊണ്ടിരുന്നു. കുറ്റിച്ചെടികളും കള്ളിമുള്ളുകളും നിറഞ്ഞ കുന്നിൻചരിവിലൂടെ പ്രഭു ഭ്രാന്തമായി ഓടിക്കൊണ്ടിരുന്നു. നീലക്കടലിലൂടെ ഒഴുകിയടുക്കുന്ന കപ്പലിനുപകരം പ്രഭുവിന്റെ കണ്ണിൽ നിറഞ്ഞത് അഗ്നികുണ്ഡമായി മാറിയ വേദപുരത്തിന്റെ ചിത്രമായിരുന്നു.
പ്രഭു അവശനായി ഒരു മരത്തിന്റെ വേരിൽ ചാരിക്കിടന്നു. തൊട്ടടുത്തുള്ള മരക്കുറ്റിയിൽ കാവേരിയും ഇരിപ്പുറപ്പിച്ചു. അവൾ കുഞ്ഞിനു മുലകൊടുക്കുന്നതു നോക്കിയിരിക്കെ പ്രഭുവിന്റെ തൊണ്ടവരണ്ടു.
“എനിക്കും.” പ്രഭു കാവേരിയോടു പറഞ്ഞു.
“ഇതു ജീവാമൃതമാണ്. അങ്ങേക്കു അതിനുള്ള യോഗ്യതയില്ല.” കാവേരി പറഞ്ഞു.
“വേദപുരത്തിന്റെ അധികാരം മാത്രമേ എനിക്കു നഷ്ടമായിട്ടുള്ളൂ. അതുമറക്കണ്ട.”
“ഒന്നും അത്രപ്പെെട്ടന്നു മറക്കാൻ കഴിയില്ല.” കാവേരി പറഞ്ഞു: “അധികാരംകൊണ്ട് പെണ്ണുടലിനെ കീഴ്പ്പെടുത്താം. പക്ഷേ, മനസ്സ് സ്വന്തമാക്കാൻ കഴിയില്ല.”
അപ്പോൾ അവിടേക്കു ചന്ദ്രധനുസ്സിന്റെ പഞ്ചവർണതത്ത പറന്നുവന്നു. അതിന്റെ കാലിൽ കൊളുത്തിയ കമ്പിവളയത്തിൽ ഒരു സന്ദേശമുണ്ടായിരുന്നു.
“നമ്മളെ കടൽ കടത്തുന്നതിന്റെ പ്രത്യുപകാരമായി പേര്‍ഷ്യന്‍ സുല്‍ത്താന്‍ ഒരു സമ്മാനം ആവശ്യപ്പെട്ടിരിക്കുന്നു.” കാവേരിയുടെ കണ്ണുകളിൽ നോക്കി ചന്ദ്രധനുസ്സ് പറഞ്ഞു: “വേദപുരത്തിന്റെ രാജാവിന്റെ വിരലിൽ കിടക്കുന്ന രാജമുദ്രയുള്ള മോതിരം.”
കാവേരിയുടെയും ചന്ദ്രധനുസ്സിന്റെയും മുഖങ്ങളില്‍ മിന്നിമാഞ്ഞ ചിരിയിൽ പ്രഭുവിനു ചതി മണത്തു. ഉടവാളിൽ പിടുത്തമിട്ടുകൊണ്ട് പ്രഭു ചാടിയെഴുന്നേറ്റു. പക്ഷേ, മിന്നൽവേഗത്തിൽ ചന്ദ്രധനുസ്സിന്റെ കഠാര പ്രഭുവിന്റെ ഇടനെഞ്ചിലേക്കു ആഴ്ന്നിറങ്ങി.
“എന്റെ പ്രണയകാവേരിയെ തടഞ്ഞുവെച്ചതിന്.” ഇരുതല മൂര്‍ച്ചയുള്ള കഠാരയുടെ സ്വർണപ്പിടിയിലേക്കു തന്റെ ഭാരം മുഴുവൻ ഇറക്കിെവച്ച് ചന്ദ്രധനുസ്സ് പ്രഭുവിന്റെ ചെവിയിൽ പറഞ്ഞു: “പ്രതീക്ഷകളുടെ മുനമ്പിൽനിന്നും തെറിച്ചുവീഴുമ്പോഴുള്ള പിടച്ചിൽ അറിയിക്കാനാണ് ഇവിടംവരെ എത്തിച്ചത്.”
പ്രഭുവിന്റെ കണ്ണുകൾ മലക്കംമറിഞ്ഞു. ചുണ്ടുകൾ വിറച്ചു.
ചന്ദ്രധനുസ്സ് കാവേരിയെ വാരിപ്പുണർന്നു. കാവേരി അണപൊട്ടിയൊഴുകി. അവളുടെ മാറിൽ ഒട്ടിക്കിടന്നിരുന്ന കുഞ്ഞ് മുലഞെട്ടിലെ പിടുത്തംവിട്ട് വേദനായകപ്രഭുവിന്റെ പ്രാണപ്പിടച്ചിലിലേക്കു സഹതാപത്തോടെ നോക്കി.
“ഇതിനെക്കൂടി.” വേദനായകപ്രഭുവിന്റെ ഹൃദയത്തെത്തൊട്ട കഠാര വലിച്ചൂരിയെടുത്തുകൊണ്ട് ചന്ദ്രധനുസ്സ് പറഞ്ഞു:“നിന്നിലേക്കുള്ള എല്ലാ തടസ്സങ്ങളും ഇന്നത്തോടെ തീരണം.”
പ്രണയപരവശനായ ചന്ദ്രധനുസ്സിന്റെ കണ്ണിലേക്കു കാവേരി ഉറ്റുനോക്കി. അവള്‍, വിയര്‍ത്തൊട്ടിയ നെഞ്ചിൽനിന്നും കുഞ്ഞിനെ അടർത്തിയെടുത്ത് പൊടിമണ്ണില്‍ കിടത്തി. ഇരുകുന്നുകൾക്കിടയിലുള്ള വിടവിൽ, അപ്പോൾ പെറ്റിട്ട ശിശുവിനെപ്പോലെ അവൻ കൈകാലിട്ടടിച്ച് കരഞ്ഞു.
ആകാശവും ഭൂമിയും ചുവപ്പുരാശിയില്‍ മുങ്ങിക്കുളിച്ചുനിൽക്കെ, വേദനായകപ്രഭുവിന്റെ ഉടവാൾ കൈക്കലാക്കിക്കൊണ്ട് കാവേരി ചന്ദ്രധനുസ്സിനോടു പറഞ്ഞു: “ആ പാപം എന്റെ തലയിൽ വീഴട്ടെ.”
ചന്ദ്രധനുസ്സ് കൈയിലിരുന്ന കഠാരയിലെ രക്തക്കൊഴുപ്പ് തുടച്ചുകളഞ്ഞ് ഉറയിലേക്കു നിക്ഷേപിച്ചു. എന്നിട്ട് രണ്ടുചുവട് പുറകിലേക്ക് നീങ്ങിനിന്നു. ആ ഒഴിവിലേക്കു കാവേരി ചുവടുകള്െവച്ചു. അവര്‍ക്കിടയില്‍ അകപ്പെട്ടുപോയ കുഞ്ഞിന്റെ കരച്ചില്‍ മുറുകി.
“വേഗം...” ചന്ദ്രധനുസ്സ് ചെവിപൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. തത്സമയം കാവേരിയുടെ കൈയിലിരുന്ന ഉടവാൾ രാജരക്തം ചിന്തിച്ചുകൊണ്ട് വായുവിലൂടെ ഉയർന്നുതാഴ്ന്നു.
ആകാശവും ഭൂമിയും ഇരുട്ടിലേക്കു കൂപ്പുകുത്തി...
കാവേരി കിതച്ചുകൊണ്ട് ഭൂമിയിലേക്കു മുട്ടുകുത്തിവീണു. അവളുടെ കണ്ണുകൾ ആകാശച്ചെരുവിലേക്കു നീണ്ടു. കാറ്റുപിടിച്ച മരത്തലപ്പുകള്‍ക്കപ്പുറത്തെ വിജനതയിൽനിന്നും ആർത്തിരമ്പുന്ന കടൽ പതിയെപ്പതിയെ വെളിപ്പെട്ടുവന്നു.
* * *
ഭൂമികല കിടപ്പുമുറിയിലിരുന്ന് പുസ്തകം വായിക്കുകയാണ്. സമയം രാത്രി പത്ത്. മകൻ ഈയിടെയായി ടൗണിലുള്ള ടർഫിൽ പന്തുകളിക്കാൻ പോകുന്നതുകൊണ്ട് വായന നടക്കുന്നുണ്ട്. അല്ലെങ്കിൽ ടി.വിയുടെ ബഹളത്തിൽ പെട്ടുപോകാറ് പതിവ്.
പണ്ടുപണ്ട് കഥകളും കവിതകളും എഴുതിയിരുന്ന ഒരു ഭൂമികലയുണ്ടായിരുന്നു. അവൾ കല്യാണശേഷം ഒരു കഥയും ഇല്ലാത്തവളായി മാറി. പതിനേഴു വർഷങ്ങൾക്കുശേഷമാണ് പിന്നെ എന്തെങ്കിലും എഴുതുന്നത്. അവളും മകനും മാത്രമുള്ള, കുന്നിൽചെരുവിലെ കൊച്ചുവീട്ടിലെ കിടപ്പുമുറി പകുത്തുണ്ടാക്കിയ എഴുത്തുമുറിയിലെ മേശയിൽ ഭാവന ഗർഭംധരിച്ച ഒരുപാട് കുഞ്ഞുങ്ങൾ പിന്നീട് പെറ്റുവീണു.
പതിനേഴുവർഷത്തെ ദുരിതങ്ങള്‍ സമ്മാനിച്ച മനുഷ്യന്റെ മുഖം ഓർമകളിൽനിന്നും മായ്ച്ചുകളയാൻ എഴുത്തിനെയും വായനയെയും കൂട്ടുപിടിക്കുകയായിരുന്നു.
പക്ഷേ, ഫലമുണ്ടായില്ല. ഓരോ സൃഷ്ടി പ്രസിദ്ധീകരിച്ചു വരുമ്പോഴും തേടിപ്പിടിച്ചു വായിക്കാൻ അയാൾ മത്സരിച്ചു. ഒളിഞ്ഞും തെളിഞ്ഞും കൂരമ്പുകൾ എയ്തുകൊണ്ടിരുന്നു.
ഈ ലോകത്തു തന്റെ എഴുത്തുകൾ വായിക്കാൻ കാത്തിരിക്കുന്ന ഒരേയൊരാൾ അയാൾ മാത്രമാണെന്ന ചിന്ത ഭൂമികലയുടെ എഴുത്തുശ്രമങ്ങളെ ഇല്ലാതാക്കി.
വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ഭൂമികല അൽപനേരം കണ്ണടച്ചിരുന്നു. തൊണ്ടവരളുന്നതുപോലെ തോന്നിയപ്പോൾ അടുക്കളയിൽചെന്നു വെള്ളമെടുത്തു കുടിച്ചു. വീണ്ടും കിടപ്പുമുറിയിൽ എത്തി. അടഞ്ഞുകിടന്നിരുന്ന ജനാല തുറന്നുെവച്ചു. നേരിയ തണുപ്പുള്ള കാറ്റ് അതുവഴി മുറിയിലെത്തി. തിരികെ മേശയിൽ വന്നിരുന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകം തുറന്നു.

പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. മകൻ കളികഴിഞ്ഞു തിരിച്ചെത്തേണ്ട സമയം ആയിട്ടില്ല. ഹാളിലെ കർട്ടൻ വകഞ്ഞുമാറ്റി ഭൂമികല പുറത്തേക്കു എത്തിനോക്കി. ജീൻസും ടീഷർട്ടുമിട്ട ഒരു യുവാവ്. തീർത്തും അപരിചിതൻ. കർട്ടന്റെ മറവിൽനിന്നുകൊണ്ട് ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചുനോക്കി. ഇല്ല, ഒരു പരിചയവും ഇല്ല. വാതിൽ തുറക്കണോ വേണ്ടയോ എന്നു സംശയിച്ചു നിൽക്കെ വീണ്ടും കാളിങ് ബെൽ മുഴങ്ങി. ഒപ്പം ടീച്ചറെ എന്നുള്ള സൗമ്യമായ വിളിയും.
“നമസ്കാരം ടീച്ചർ.” വാതിൽ തുറന്നപാടെ ആ യുവാവ് പറഞ്ഞു: “ഒരത്യാവശ്യ കാര്യമുണ്ടായിരുന്നു. അതാണീ അസമയത്ത്. ക്ഷമിക്കണം.”
“വരൂ. കയറിയിരിക്കൂ.” ഭൂമികല ആ യുവാവിനെ അകത്തേക്കു ക്ഷണിച്ചു.
തോളിൽക്കിടന്നിരുന്ന തുകല്‍ബാഗ് ടീപോയിലേക്കു എടുത്തുെവച്ച്, സോഫയിലേക്കു ചാരിയിരുന്ന് യുവാവ് സ്വയം പരിചയപ്പെടുത്തി: “എന്റെ പേര് ആനന്ദസ്വരൂപ്. ടീച്ചറുടെ ക്ലാസിലെ ആനന്ദവർഷന്റെ അച്ഛനാണ്.”
ഭൂമികലയുടെ മുഖത്ത് ആശങ്കകൾ ഒഴിഞ്ഞു ചിരിതെളിഞ്ഞു.
“കുടിക്കാൻ നാരങ്ങാവെള്ളം എടുക്കട്ടെ.”
“ഒന്നും വേണ്ട ടീച്ചർ.” ആനന്ദസ്വരൂപ് സ്നേഹത്തോടെ നിരസിച്ചു.
“ക്ലാസിലെ ഏറ്റവും മിടുക്കൻ കുട്ടിയാണ് ആനന്ദവർഷൻ. എല്ലാവരോടും നല്ലപെരുമാറ്റം.” ഭൂമികല പറഞ്ഞു.
ആനന്ദസ്വരൂപ് സോഫയിലെ ഇരുപ്പ് ശരിയാക്കിക്കൊണ്ട് തെളിഞ്ഞുചിരിച്ചു.
അച്ഛനും മകനും ഒരേ ചിരി. ഭൂമികല അപ്പോള്‍ മനസ്സിൽ ഓർത്തു.
“ടീച്ചർക്ക് ഒരു തെറ്റുപറ്റി. അതു തിരുത്തണം എന്നു പറയാനാണ് ഈ രാത്രിതന്നെ വരേണ്ടിവന്നത്.” ആനന്ദസ്വരൂപ് പറഞ്ഞു.
ഭൂമികലയുടെ മുഖത്തെ ചിരി പെട്ടെന്നു മാഞ്ഞുപോയി. നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. ഞൊടിയിടകൊണ്ട് മനസ്സ് മുന്നോട്ടും പിന്നോട്ടും ഓടിത്തളർന്നു.
“ഞാൻ...” തൊണ്ടയിടറിക്കൊണ്ട് ഭൂമികല ആനന്ദസ്വരൂപിനെ നോക്കി.
“മനസ്സിലായില്ലല്ലേ?” സോഫയുടെ തുമ്പത്തേക്ക് നീങ്ങിയിരുന്ന് ആനന്ദസ്വരൂപ് പറഞ്ഞു: “ചരിത്രം പഠിപ്പിക്കുന്ന ഒരു അധ്യാപിക ഒരിക്കലും ഇത്തരം തെറ്റുകൾ ചെയ്യാൻ പാടില്ല. ശരിയല്ലേ?”
തുടര്‍ന്നുള്ള ആനന്ദസ്വരൂപിന്റെ മൗനം ഭൂമികലയുടെ നെഞ്ചിലെ ഭാരംകൂട്ടിക്കൊണ്ടിരുന്നു.
“തെളിച്ചു പറഞ്ഞാലല്ലേ എനിക്കു മനസ്സിലാകൂ.” അൽപം നീരസത്തോടെ ഭൂമികല പറഞ്ഞു. അതേ നീരസത്തോടെ ആനന്ദസ്വരൂപ് ചോദിച്ചു:“വേദനായകപ്രഭു ഒളിച്ചോടിയതാണെന്ന് ടീച്ചറോട് ആരാ പറഞ്ഞത്?”
അപ്പോൾ ഭൂമികലയുടെ ശ്വാസം നേരെവീണു.
“അതോ..! അതൊരു കഥയാണ്. ഫിക്ഷൻ.”
“ഇതാ ഞാൻ പറഞ്ഞത് ടീച്ചർക്കു തെറ്റുപറ്റിയെന്ന്. ജീവിച്ചിരുന്ന ഒരാളെക്കുറിച്ച് എന്തു തോന്ന്യാസവും എഴുതിപ്പിടിപ്പിക്കാമെന്നാണോ?”
“അതിനു അങ്ങനെയൊരു രാജാവ് ജീവിച്ചിരുന്നിട്ടില്ലലോ.”
“ആരു പറഞ്ഞു.” കടുത്ത സ്വരത്തിൽ ആനന്ദസ്വരൂപ് ചോദിച്ചു.
“ഞാൻ എവിടെയും വായിച്ചിട്ടില്ല. പഠിച്ചിട്ടുമില്ല.” ആത്മവിശ്വാസത്തോടെ ഭൂമികല പറഞ്ഞു.
“എന്നുവച്ചാൽ ടീച്ചറുടെ അറിവ് പൂർണമല്ലെന്ന്. ശരിയല്ലേ?”
“അതു ശരിയാണ്. പക്ഷേ, വേദനായകപ്രഭു എന്ന പേരിലൊരു രാജാവിനെക്കുറിച്ച് ചരിത്രത്തിൽ എവിടെയും കണ്ടിട്ടില്ല. പറഞ്ഞല്ലോ, അതൊരു കഥ മാത്രമാണ്.”
ഒരു നിമിഷം എന്നു കൈകൊണ്ട് ആംഗ്യംകാണിച്ച് ആനന്ദസ്വരൂപ് ജീൻസിന്റെ പോക്കറ്റിൽനിന്നും മൊബൈൽ വലിച്ചുപുറത്തേക്കെടുത്തു.
“ഇതുകണ്ടോ.” ‘യൂനിവേഴ്സിറ്റി’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റു കാണിച്ചുകൊണ്ട് ആനന്ദസ്വരൂപ് പറഞ്ഞു: “ഈ ഗ്രൂപ്പിലെ മുന്നൂറ്റി ച്വില്ലാനം പേർക്കും വേദനായകപ്രഭു ആരാണെന്ന് അറിയാം. അവരാരും നിസ്സാരക്കാരല്ലെന്നു ടീച്ചര്‍ ഓർക്കണം.”
മൊബൈൽ പോക്കറ്റിലേക്കു തിരികെ െവച്ചതിനുശേഷം ആനന്ദസ്വരൂപ് ബാഗ് തുറന്ന് ഒരു പുസ്തകം പുറത്തേക്കെടുത്തു. സുവർണകാലഘട്ടം എന്നു തലക്കെട്ടുള്ള ആ പുസ്തകത്തിലെ പേജുകൾ ധൃതിയിൽ മറിച്ചുകൊണ്ടിരിക്കുന്ന ആനന്ദസ്വരൂപിനെ ഭൂമികല ഭയത്തോടെ നോക്കി.
“ഇതിലുണ്ട് എല്ലാം...” ആനന്ദസ്വരൂപ് പിറുപിറുക്കുന്നതുകേട്ട് ഭൂമികല കസേരയിൽനിന്നും പതിയെ എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് ഓടി. എഴുത്തുമേശയിലിരുന്നിരുന്ന മൊബൈലെടുത്ത് മകന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതും പിറകിൽനിന്നും മുടിക്കെട്ടിൽ ഒരു പിടുത്തംവീണു.
ഭൂമികലയുടെ കൈയില്‍നിന്നും നിലത്തേക്കു തെറിച്ചുവീണ മൊബൈൽ ആനന്ദസ്വരൂപ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു.
ഭൂമികല വേദനകൊണ്ട് അലറിക്കരഞ്ഞു. പക്ഷേ, ഒച്ച ഒരു തരിപോലും പുറത്തേക്കു വന്നില്ല.
മുടിക്കെട്ടിൽ പിടിച്ചുകൊണ്ടുതന്നെ ആനന്ദസ്വരൂപ് ഭൂമികലയെ വട്ടംകറക്കി മുഖാമുഖം കൊണ്ടുവന്നു. “ഞാൻ പറഞ്ഞേല്ലാ. ടീച്ചർ തെറ്റുതിരുത്തിയാൽ കാര്യം കഴിഞ്ഞു. ഇതിന്റെയൊന്നും യാതൊരു ആവശ്യവുമില്ല.” ആനന്ദസ്വരൂപ് ഭൂമികലയുടെ ചെവിയിൽ പറഞ്ഞു.
“ഞാനെന്താ വേണ്ടത്?” ഭൂമികല അടിമുടി വിറച്ചുകൊണ്ട് ചോദിച്ചു.
അങ്ങനെ വഴിക്കുവായെന്ന നോട്ടത്തോടെ ആനന്ദസ്വരൂപ് ഭൂമികലയുടെ മുടിക്കെട്ടിലെ പിടുത്തംവിട്ടു.
“ടീച്ചറുടെ ക്ലാസിൽ മൊത്തം മുപ്പത്തിമൂന്ന് കുട്ടികൾ. അതിൽ രണ്ടു പേർ കഴിഞ്ഞ ദിവസം ആബ്സെന്റ് ആയിരുന്നു. ബാക്കിയുള്ള മുപ്പത്തിയൊന്നുപേരുടെ കൈയിൽനിന്നും ടീച്ചർ കൊടുത്ത ആറുപേജുള്ള വ്യാജനിർമിതി ഞങ്ങൾ തിരിച്ചുവാങ്ങിയിട്ടുണ്ട്. ഇനി ടീച്ചറുടെ കൈവശമുള്ളതുകൂടി ഞങ്ങൾക്ക് വേണം. എന്നിട്ട് ഞങ്ങൾ തരുന്നത് ടീച്ചർ കുട്ടികൾക്ക് വിതരണം ചെയ്യണം. പഠിപ്പിക്കണം. കാര്യം നിസ്സാരം.”
എഴുത്തുമേശയിലിരിക്കുന്ന കറുത്തബാഗിലേക്കു ഭൂമികലയുടെ നോട്ടംനീണ്ടു. ആ ബാഗിന്റെയുള്ളില്‍നിന്നും ബ്രൗൺ നിറമുള്ള ഒരു കവര്‍ പുറത്തേക്കു എത്തിനോക്കി. നിധി കണ്ടെടുക്കും പോലെ ആനന്ദസ്വരൂപ് ആ കവർ സ്വന്തമാക്കി.
“പറയാതെവയ്യ, നല്ലകൈയക്ഷരം ടീച്ചര്‍.” കവറിന്റെയുള്ളില്‍നിന്നും കിട്ടിയ പേപ്പറുകള്‍ ഓടിച്ചുനോക്കിക്കൊണ്ട് ആനന്ദസ്വരൂപ് അഭിനന്ദിച്ചു.
“അപ്പോൾ ഇതിന്റെ കൈയെഴുത്തുപ്രതികൂടി വേണം.” ചിരിയോടെ ആനന്ദസ്വരൂപ് ആവശ്യപ്പെട്ടു. ഭൂമികല എഴുത്തുമേശയുടെ വലിപ്പ് തുറന്നുകൊടുത്തു. റൈറ്റിങ്പാഡിലിരുന്ന കൈയെഴുത്തുപ്രതികൂടി ആനന്ദസ്വരൂപ് കൈക്കലാക്കി.
“മനസ്സിൽ മായാതെ കിടക്കുന്നതും മായ്ച്ചുകളയാൻ ഞങ്ങൾക്ക് അറിയാം. പക്ഷേ, വേണ്ട. ഗുരുനിന്ദ ഞങ്ങളുടെ വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ല.” കിടപ്പുമുറിയിൽനിന്നും ഹാളിലേക്കു കടക്കുമ്പോള്‍ ആനന്ദസ്വരൂപ് വിളിച്ചുപറഞ്ഞു.
ഒരുകെട്ട് പേപ്പറുകളുമായി അയാള്‍ തിരികെ വരുന്നതുവരെ ഭൂമികല കട്ടിലിന്റെ തെല്ലറ്റത്തു ഇരിപ്പുറക്കാതെയിരുന്നു.
“പിന്നെ, ഞാൻ വന്നതും പോയതുമൊന്നും ആരോടും പറയണ്ട കേട്ടോ.” കൈയിലിരുന്ന പേപ്പർകെട്ട് എഴുത്തുമേശയിൽെവച്ച് ആനന്ദസ്വരൂപ് ഓർമിപ്പിച്ചു: “മകനെ പ്രത്യേകം ശ്രദ്ധിക്കണേ ടീച്ചറെ.”
ഭൂമികല തളര്‍ച്ചയോടെ കട്ടില്‍ക്രാസിയിലേക്കു ചാരി. ആനന്ദസ്വരൂപ് പോയിക്കഴിഞ്ഞിട്ടും ആ കിടപ്പ് ഏറെനേരം തുടര്‍ന്നു. സ്വപ്നമോ യാഥാർഥ്യമോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയില്‍നിന്നും ഭൂമികലയെ മടക്കിവിളിച്ചുകൊണ്ട് ഒരു കൊതുക് ചെവിയില്‍ മൂളിപ്പറന്ന് കൈത്തണ്ടയില്‍ വന്നിരുന്നു. ഒറ്റയടിക്ക് ആ കൊതുകിന്റെ കഥകഴിച്ചതിനുശേഷം തുറന്നുകിടന്നിരുന്ന ജനല്‍പ്പാളികള്‍ അമര്‍ത്തിയടച്ച് ചാര്‍ജുചെയ്യാന്‍ കുത്തിയിട്ടിരുന്ന ബാറ്റ് കൈയിലെടുത്തു.
അപ്പോഴാണ് മൊബൈലിന്റെ കാര്യം ഓർമവന്നത്. നെറ്റിയിലെ വിയര്‍പ്പ് പുറംകൈകൊണ്ട് തുടച്ച് കട്ടില്‍ച്ചോട്ടിലേക്കു കുനിഞ്ഞ് മൊബൈല്‍ തിരികെയെടുത്തു. ചിന്നല്‍വീണ സ്ക്രീനിലൂടെ വിരലുകളോടിച്ചുകൊണ്ടുനില്‍ക്കെ തന്നെയാരോ യൂനിവേഴ്സിറ്റി ഗ്രൂപ്പിലേക്കു ആഡ് ചെയ്തതിന്റെ സന്ദേശം പൊന്തിവരുന്നതു ഭൂമികല കണ്ടു. ഒപ്പം, തന്റെ ക്ലാസിലെ മുപ്പത്തിമൂന്നു കുട്ടികളുടെ നിഷ്കളങ്കമായ മുഖങ്ങളും ചിരികളും ഭൂമികലയുടെ മനസ്സില്‍ തെളിഞ്ഞു.
കെട്ടഴിഞ്ഞ മുടി വാരിക്കെട്ടുമ്പോള്‍ ഭൂമികലയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. പക്ഷേ, എഴുത്തുമേശയെ അലങ്കോലമാക്കിയ പേപ്പര്‍കെട്ടുകളെടുത്ത് കട്ടില്‍ച്ചോട്ടിലെ ഇരുട്ടിലേക്ക് തള്ളുമ്പോഴും റൈറ്റിങ് പാഡിലേക്കു പുതിയ പേപ്പറുകള്‍ നിറക്കുമ്പോഴും ഭൂമികലയുടെ കൈകള്‍ അശേഷം വിറച്ചിരുന്നില്ല.
