Begin typing your search above and press return to search.
proflie-avatar
Login

കുഞ്ഞാണ്യേട്ടീരെ1 ബുഗ2

കുഞ്ഞാണ്യേട്ടീരെ1   ബുഗ2
cancel

കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന കുഞ്ഞാണ്യേട്ടി പതുക്കെ ചരിഞ്ഞ് തല വലത്തെ കയ്യിലേക്ക് മാറ്റിയപ്പോള്‍ തൊണ്ടയില്‍നിന്ന് താഴോട്ടുവലിഞ്ഞ കുറുകലുകള്‍ നേര്‍ത്തു ഒരു വീണക്കമ്പിയില്‍നിന്നെന്നപോലെ ഇരുട്ടിലേക്ക് ചിതറി. അപ്പോള്‍ ചുണ്ടില്‍ അവരറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു. മേലെ തുറന്നിട്ട ജനല്‍പാളിയിലൂടെ ഊർന്നിറങ്ങിയ മങ്ങിയ വെളിച്ചം ആ പുഞ്ചിരിയെ ഇരുട്ടില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടു. അവരുടെ അബോധ മനസ്സ് ഇടംകൈയിനെ തലയിണക്കടിയിലേക്ക് വലിച്ചുനീട്ടി. ഇടംകൈ വിരലുകൾ, ചുരുക്കികെട്ടി ഒരമൂല്യനിധിപോലെ സൂക്ഷിച്ച നിറംകെട്ട രണ്ട് അറകളുള്ള ചുവന്ന ചെറുസഞ്ചിയിൽ തൊട്ടും അതിനെ ...

Your Subscription Supports Independent Journalism

View Plans

കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന കുഞ്ഞാണ്യേട്ടി പതുക്കെ ചരിഞ്ഞ് തല വലത്തെ കയ്യിലേക്ക് മാറ്റിയപ്പോള്‍ തൊണ്ടയില്‍നിന്ന് താഴോട്ടുവലിഞ്ഞ കുറുകലുകള്‍ നേര്‍ത്തു ഒരു വീണക്കമ്പിയില്‍നിന്നെന്നപോലെ ഇരുട്ടിലേക്ക് ചിതറി. അപ്പോള്‍ ചുണ്ടില്‍ അവരറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു. മേലെ തുറന്നിട്ട ജനല്‍പാളിയിലൂടെ ഊർന്നിറങ്ങിയ മങ്ങിയ വെളിച്ചം ആ പുഞ്ചിരിയെ ഇരുട്ടില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടു.

അവരുടെ അബോധ മനസ്സ് ഇടംകൈയിനെ തലയിണക്കടിയിലേക്ക് വലിച്ചുനീട്ടി. ഇടംകൈ വിരലുകൾ, ചുരുക്കികെട്ടി ഒരമൂല്യനിധിപോലെ സൂക്ഷിച്ച നിറംകെട്ട രണ്ട് അറകളുള്ള ചുവന്ന ചെറുസഞ്ചിയിൽ തൊട്ടും അതിനെ വിരലുകള്‍കൊണ്ട് തെരുപ്പിടിച്ച് ഉള്ളിലെ സാധനം അവിടെത്തന്നെ ഉണ്ടെന്നുറപ്പുവരുത്തി കുഞ്ഞാണ്യേട്ടി ഉറക്കത്തില്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. ഒരറയില്‍ വളരെ പഴക്കമുള്ള ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള ഒരു നേരിയ സ്വർണമാല. കിലുങ്ങുന്ന ഒരു മണിയുള്ള പൊന്നരഞ്ഞാണം. മറ്റേതില്‍ നിറംമങ്ങി പൊടിയാന്‍ തുടങ്ങുന്ന ഇളം മഞ്ഞനിറത്തിലുള്ള മൂന്നാല് ബലൂണുകളും.

“കുഞ്ഞാണ്യേട്ടീരെ മൊതല് പിന്നേട പോവാനാന്. ഉണ്ണിക്കുട്ടന് ബേണ്ടി ഇത്രേം കാലം ഒളിപ്പിച്ചു ബെച്ച അത് പടച്ചോന്‍ ചോയ്ച്ചാപ്പോലും കൊടുക്കൂല. ഈ കുഞ്ഞണ്യേട്ട്യോടാ കളി. ഈ പൂമീന്ന് എപ്പളേ പോയ എന്റെ മോന്‍ പപ്പനാവനും കൂട അറിയാണ്ടാ ഞാനത് സൂക്ഷിച്ചുവെച്ചേ. എപ്പോങ്കിലും എനക്കൊരു ഉണ്ണിക്കുട്ടന്‍ വരാണ്ടിരിക്കൂലാന്നൊറപ്പിച്ച്.”

കുഞ്ഞാണ്യേട്ടീരെ ചുണ്ടുകളനങ്ങിയില്ല. കണ്ണുകള്‍ തുറന്നില്ല. അവര്‍ നല്ല ഉറക്കത്തിലാണ്. പക്ഷേ, ചില നിശ്ചയങ്ങള്‍ അവരുടെ മനസ്സില്‍ കോറിയിട്ടിരിക്കും. ഉറക്കത്തിലും ഉണര്‍വിലും അവ ആരെയുമറിയിക്കാതെ കൂടെയുണ്ടാകും. അതാവാം അവരിലെ പൊട്ടിച്ചിരി ഉള്ളിലൊളിപ്പിച്ച ഗൂഢസ്മിതത്തിലേക്ക് മാറിയത്.

വയ്യാതായി കിടപ്പിലായതില്‍പ്പിന്നെ അവരുടെ ഉറക്കം ഓര്‍മകളും മറവിയും സ്വപ്നങ്ങളും ഇടകലര്‍ന്ന ഒന്നാണ്. സ്വപ്നത്തില്‍ അവരുടെ ഉണ്ണിക്കുട്ടന്‍ ഊതിയൂതി ഭൂമിയോളം വീര്‍പ്പിച്ച വലിയ ഒരു ബുഗയുടെ പുറത്താണ്. ഇപ്പോള്‍ കുഞ്ഞാണ്യേട്ടിയുടെ കട്ടിലില്‍ അവരില്ല. ഉണ്ണിക്കുട്ടന്റെ അരയിലൂടെ കൈകള്‍ ചുറ്റിപ്പിടിച്ച് കാലുകള്‍ താഴേക്കിട്ട് ആ ബുഗയുടെ പുറത്താണ്. ഉണ്ണിക്കുട്ടനിപ്പോള്‍ വലുപ്പം അവരുടെ കട്ടിലോരത്തെ ചുമരില്‍ തൂക്കിയ പടത്തിലെ ഉണ്ണിക്കണ്ണനെ കടക്കും. ആ യാത്രയില്‍ കുഞ്ഞാണ്യേട്ടി ഓർമയില്‍ മറന്ന പുകയിലപ്പാടങ്ങള്‍ താഴെ കണ്ടു. അരയോളം പൊക്കത്തില്‍ വീതിയുള്ള ഇരുണ്ട പച്ച കൈകള്‍ നീട്ടി ചപ്പിന്‍ തൈകള്‍ കാറ്റ് വീശുന്നു. തൈകള്‍ക്ക് വളമായി മണ്ണില്‍ അലിഞ്ഞ മത്തി ചല്ലിന്‍റെ*3 നാറ്റത്തില്‍ അവര്‍ മൂക്കുപൊത്തി.

ദിവസത്തില്‍ മൂന്നു നേരമെങ്കിലും പുകയില അണപ്പല്ലില്‍ വെച്ചില്ലെങ്കില്‍ കുഞ്ഞാണ്യേട്ടിക്ക് എരിപൊരി സഞ്ചാരമായിരുന്നു. ആ ഊർജത്തിലാണ് അവര്‍ കന്നി കൊയ്ത്തു കഴിഞ്ഞ കണ്ടത്തില്‍ ഉടമകളുടെ സമ്മതത്തോടെ പുകയില നട്ടതും ചപ്പുണക്കിയെടുക്കും വരെ കുട്ടികളെ നോക്കുന്നതുപോലെ കാവലിരുന്നും, നയിച്ചും, പുകയിലപ്പാടങ്ങളില്‍ ജീവിതം തീര്‍ത്തത്. നല്ലൊരു പുകയില കൃഷിക്കാരിയായിരുന്നു അവര്‍. കുഞ്ഞാണ്യേട്ടീരെ ചപ്പിന് വീര്യം കൂടും. പാകമായ ചപ്പ് കൊത്തി പന്തലിലിട്ടുണക്കി നടുത്തണ്ടില്‍നിന്ന് ചുരുട്ടിപ്പിരിച്ച് തെരച്ചെടുക്കുന്നത് പ്രത്യേകരീതിയിലാണ്. അവരുടെ ചപ്പ് വാങ്ങാന്‍ കച്ചവടക്കാര്‍ മത്സരമായിരിക്കും. എന്നുവെച്ച് നെറികേടൊന്നും അവര്‍ കച്ചവടത്തില്‍ ഇതുവരെ ചെയ്തിട്ടില്ല.

തീര്‍ന്നില്ല. പുകയില ചെടികള്‍ക്ക് താഴെ ചാലില്‍ മുളകിന്‍ തൈകള്‍ നട്ട് പഴുത്തുവരുമ്പോള്‍ പറിച്ചുണക്കി വിറ്റും അവര്‍ കുടുംബത്തിനുവേണ്ടി അധ്വാനിച്ചു. പണിയെടുക്കാനുള്ള ശേഷി പോയെങ്കിലും പുകയില വെക്കുന്ന ശീലം കുറേ കാലം തുടര്‍ന്നു. ബിന്ദുവിന്റെ ഒറ്റ നിര്‍ബന്ധമാണത് നിര്‍ത്തിച്ചത്. അച്ഛനെ കൊന്ന സൂക്കേട് അച്ചമ്മയേയും കൊല്ലണ്ടാന്നാ അവള് പറയാറ്.

“അയിന് ചപ്പ് തിന്നിറ്റാ ഓന്‍ പോയെ? ഞാന്‍ തിന്നുമ്പോ എന്ന ബായ്*4 പറേന്നതു നിന്‍റമ്മ കേക്കലുണ്ടല്ലോ”

“അച്ചന്‍ കാന്‍സര്‍ പിടിച്ചിറ്റാ പോയെന്ന് അച്ചമ്മക്കും അറിയാലോ. മാരണം പിടിച്ച മര്ന്ന് ആകാശത്ത്ന്ന് പറങ്ക്യാവുമ്മ തെളിച്ചിറ്റല്ലെ. ഈന് മുമ്പെ ഈ നാട്ടില് പറങ്ക്യാവൊന്നും ഇണ്ടായിട്ടില്ലെ. അയിനാരും വളം ഇടലുണ്ടോ. നെലത്ത് ബീണ കൊരട്ട*5 പറക്കി വിറ്റിറ്റു എത്രയാള് ഉപ്പും മൊളും വാങ്ങലുണ്ട്. പിന്നല്ലേ തൈകള് നട്ടു വളരാന്‍ വിടാണ്ട്... മരുന്നടിച്ച് ...കാവലും ബന്തോസ്വായി തോട്ടൂണ്ടാക്കി കുട്ട്യോളപ്പോലെ നോക്കീറ്റ്... കൊരട്ട നന്നാവാന്‍ മരുന്നടിച്ചു. പോയതോ മനുഷ്യകുഞ്ഞ്യളും.

എത്രെണ്ണാ ജനിച്ചപ്പളെ മൊരടിച്ചും നെരങ്ങീറ്റും ജീവിക്കുന്നെ. മരന്നടിക്കാമ്പാടില്ലാന്ന് നെയമം വന്നപ്ലേക്ക് പത്തഞ്ഞൂറെണ്ണം ഭൂമീന്ന് പോയില്ലെ? കൊറേണ്ണം മരിച്ചത് പോലല്ലേ ജീവിക്കുന്നെ? അന്ന് കേന്‍സറിന് അടുത്തൊന്നും ചികില്‍സ്യേല്ലല്ലോ. കോഴിക്കോടോ തിരുവന്തോരത്തോ എത്തിക്കണ്ടേ. അച്ഛനോ പോയി. അച്ചമ്മക്ക് സൂക്കേട് വരൂലാനൊന്നും പറയാന്‍ പറ്റൂല. മണ്ണ്പ്പറ്റ്യ വെഷം അത്ര വേഗോന്നും പൊവൂല. വരാതെ നോക്കണം ന്നേ എനക്ക് പറയാനില്ലൂ. ആലോയ്ക്കുമ്പളേ പെട്യാവ്ന്ന്. കുഞ്യളേ വേണ്ടെന്ന് വെച്ചാലോന്ന് വരെ ആലോയ്ച്ചതാ. ഇപ്പൂം ആലോചന വിട്ടിറ്റൊന്നൂല്ല. കളയാന്‍ സമയൂണ്ടല്ലോ.”

അത് പറയുമ്പോള്‍ ബിന്ദുവിന്റെ തൊണ്ട ഇടറുകയും കണ്ണ് നനയുകയും ചെയ്യും. കേള്‍ക്കുമ്പോള്‍ കുഞ്ഞാണ്യേട്ട്യൊന്നു ഞെട്ടും. അപ്പോള്‍ ബിന്ദുവിന് മൂത്ത മോളെ വയറ്റിലായതേ ഉള്ളൂ. ആകെ വീട്ടിലുള്ള ആണ്‍തരിയായ മകന്‍ പപ്പനാവന്റെ മരണശേഷം കുഞ്ഞാണ്യേട്ടി ഊണിലും ഉറക്കത്തിലും പ്രാര്‍ഥനകള്‍ കൂട്ടി കാത്തിരിക്കുകയായിരുന്നു, ആ പൊരേലൊരു ആണിനുവേണ്ടി. ബിന്ദുവിന്‍റെ പ്രയത്നംകൊണ്ട് ഇപ്പോളതു സൗകര്യങ്ങളുള്ള കോങ്ക്രീറ്റ് വീടായെങ്കിലും കുഞ്ഞാണ്യേട്ടീരെ നാവിലത് എന്നും പുരതന്നെ.

“നാട് നന്നാക്കാന്‍ന്നും പറഞ്ഞ് മന്‍ഷ്യരെ കൊല്ലാന്‍ല്ല വെഷോല്ലേ പന്നീര് തളിക്കുമ്പോലെ ആകാശത്ത്ന്നു കൊടഞ്ഞിട്ടിനി”ന്നും പറഞ്ഞ് എടക്കെടെ ബിന്ദൂന്‍റമ്മ തങ്കമണി അടുക്കളേല് മേത്തിടുന്ന തോര്‍ത്ത് പൊന്തിച്ച് കണ്ണുകള്‍ ഒപ്പുന്നത് കാണാം. കുഞ്ഞാണ്യേട്ടീം കണ്ടിരുന്നു, ആകാശത്തുനിന്ന് ചിറകു വിടര്‍ത്തിയ പക്ഷിയെപ്പോലുള്ള മുഴങ്ങുന്ന ഒരു യന്ത്രം ഭൂമിയിലേക്ക് എന്തോ ഒന്ന് കുടഞ്ഞിടുന്നത്. കുട്ട്യളും ചെറുബാല്യക്കാറും ആവേശത്തോടെ കണ്ടെങ്കിലും കുഞ്ഞാണ്യേട്ടി ആദ്യെ ഇതിലെന്തോ ചതി മണത്തതാണ്. അവരുടെ മൂക്കും കണ്ണും എന്നും മണ്ണിലായിരുന്നു. അവര്‍ക്ക് മണ്ണിനെ മണക്കാം. അടിത്തട്ടുവരെ കാണാം.

അതിന്റെ മർമം തൊടാം. മണ്ണിനെ കൊന്ന, മനുഷ്യനെ കൊല്ലാന്‍ തുടങ്ങിയ ആ മരുന്നിന്റെ പേര് അമ്മീം മോളും ഒരു ശാപംപോലെ പറീന്നത് കേക്ക്വെങ്കിലും ഈ കുഞ്ഞാണിക്കത് എത്ര പറഞ്ഞാലും തലമണ്ടെല് കേറൂല... മ്മപ്പ... ന്തോ. കുഞ്ഞാണ്യേട്ടി തലകുടഞ്ഞാലോചിച്ചു. പിന്നെ ആ ആലോചന വിട്ട് ഉണ്ണിക്കുട്ടനിലേക്ക് തിരിഞ്ഞു. ഉണ്ണിക്കുട്ടന്‍റെ ബുഗയില്ലെങ്കില്, ഉള്ള് മയക്കിയ ഈ കിനാവില്ലെങ്കില് കുഞ്ഞാണ്യേട്ടിക്കു ഈ ചപ്പും കണ്ടോന്നും ഈ ജമ്മത്ത് കാണാന്‍ പറ്റില്ലെന്നോര്‍ത്തപ്പോള്‍ അവര്‍ക്ക് ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.

അയിന് ഓന് ബുഗ തട്ടി കളിക്കാന്‍ല്ല പ്രായോന്നും ആയിറ്റില്ലല്ലോ, പെറ്റെണീറ്റപ്പാട് ആശ്വത്രീന്നില്ല വരവല്ലേ എന്നോര്‍ത്തപ്പോള്‍ അവരുടെ മുഖം കരുവാളിച്ചു. എന്ത് പേരോന്തോ ഇപ്പ്യ*6 ഉണ്ണിക്കുട്ടന് ഇടാന്‍പോന്. ബിന്ദൂം ഓനും കൂട ഒര് പരിഷ്കാര പേര് കാണാണ്ട്ക്വോ. നല്ലോനാനെങ്കിലും ഓനൊര് പരിഷ്കാര്യന്നെ. തെക്കേട്യോ ആന്ന് നാട്. ഒക്ക*7 പഠിച്ച് ഒക്ക പണിയെടുക്കുമ്പോ ഓളെ കരുത്തും ബുധീം കണ്ടിറ്റു എടുത്തെന്യാ. അല്ലാണ്ട് എന്റെ പപ്പനാവന്റെ പൊരീ കേറണ്ടോനൊന്നും അല്ല. ചിന്തകള്‍ ചുറ്റിത്തിരിഞ്ഞങ്ങനെ വലിഞ്ഞുകേറിയപ്പോള്‍ കുഞ്ഞാണ്യേട്ടിയുടെ മുഖം കടുത്തു. അവരൊരു ഉറച്ച തീരുമാനത്തിലെത്തി. ആരെന്ത് പേരിട്ടാലും ബിളിച്ചാലും എനക്ക് ബിന്ദൂന്‍റെ മോന്‍ ഉണ്ണിക്കുട്ടന്തന്നെ. പപ്പനാവന്റെ ചോര. ഒാനൊര് തൊടര്‍ച്ച.

രണ്ട് കൊല്ലം മുമ്പു കര്‍ക്കടകത്തില് ഏട്ടിക്കു ബെലിയിടാന്‍ തൃക്കണ്യാവ് പോയപ്പോ തീവണ്ടീല് പോണംന്ന് കുഞ്ഞാണ്യേട്ടി വാശിപിടിച്ചതാണ്. അന്നവക്കു ഒരു താങ്ങുണ്ടെങ്കില്‍ നടക്കാന്‍ പറ്റും. കാഞ്ഞങ്ങാടു കഴിഞ്ഞാല്‍ ഇടത്തെ റെയിലോരത്ത് കാണുന്ന നിറഞ്ഞ പുകയില പാടമായിരുന്നു മനസ്സ് നിറയെ. തിമിരം പൊതിഞ്ഞ കണ്ണാണെങ്കിലും ഒര് പാടപോലെയെങ്കിലും കണ്ടൂടെ എന്ന ആശയായിരുന്നു മനസ്സ് നിറയെ. ബിന്ദു സമ്മതിച്ചില്ല. തീവണ്ടീല്‍ കേറാനും ഏറങ്ങാനും അച്ചമ്മക്ക് കയ്യൂല, കൊറച്ച്യെരെ വണ്ടി സ്റ്റേഷനില്‍ നീക്കൂ, കാറിലാമ്പോ മിറ്റത്ത്ന്ന് കേറാം. അമ്പലത്തിന്റെ മിറ്റത്തന്നെ എറങ്ങാം എന്ന് പറഞ്ഞ് എന്തൊരു ബഹളായിരുന്നു ആ കാന്താരി.

കാന്താരിയാന്നെങ്കിലും നല്ല കൂറുള്ള മോളാ ഓള്. ഓളെ ബീട്ടിലേം ഓളമ്മേരെ ബീട്ടിലെം കാര്യം പറ്റ നോക്കുന്നതു ഓളല്ലെ. ചപ്പും കണ്ടം ഇപ്പോ ആടിണ്ടോന്നന്നെ ആരിക്കറിയാം. കിനാവിലെ വെലിപ്പം വെച്ച ആ ബുഗയാനു ഇപ്പോ ഉണ്ണിക്കുട്ടന്‍റെ ചുണ്ണിയോളം വലിപ്പത്തില് ചുരുണ്ടൊതുങ്ങി തലയണയ്ക്കടിയിൽ കിടക്കുന്നത്. ഉണ്ണിക്കുട്ടൻ വീർത്തു വലുതായ ബുഗയെ നിയന്ത്രിച്ച് കരിമേഘങ്ങൾക്കിടയിലൂടെ, നിറഞ്ഞ നിലാവിലൂടെ, കത്തുന്ന സൂര്യനടിയിലൂടെ സമർഥനായ ഒരു തേരാളിയെപോലെ എത്ര വേഗത്തിലാണ് തുഴഞ്ഞുനീങ്ങിയത്.

ചപ്പിന്റെ പണി തീര്‍ന്നാലും മുളക് മുഴുവന്‍ പറിച്ചുണക്കി വിറ്റാലേ കുഞ്ഞണ്യേട്ടീരെ നടു നിവരൂ. മുകളില്‍ കത്തുന്ന സൂര്യന്‍. താഴെ പൊള്ളലേറ്റ് കരുവാളിച്ചു ചുരുണ്ടുണങ്ങുന്ന തുടുത്ത മുളകിന്‍ കായകള്‍. ആ നിനവിലാണ് പെട്ടെന്ന് കുഞ്ഞാണ്യേട്ടി യുടെ ബോധമനസ്സൊന്നു പിടഞ്ഞത്. അവര്‍ സ്വപ്നത്തിന്റെ പഞ്ചാര പായസത്തില്‍നിന്ന് കണ്ണുകള്‍ തിരുമ്മി കട്ടിലോരത്തുള്ള സ്റ്റൂളിന്‍മേലുള്ള തണുത്തുതുടങ്ങിയ കട്ടന്‍ചായയിലേക്കുണര്‍ന്നു.

പതിവതല്ല. മെല്ലെ ഊതിയേ കുടിക്കാന്‍ പറ്റുവെങ്കിലും കാലമെത്തുന്നതിന് മുന്നേ ദൈവംവിളിച്ചോണ്ടുപോയ തന്റെ പപ്പനാവന്റെ ഭാര്യ തങ്കമണി കിറുകൃത്യമായി താനുണരുമ്പോഴത്തെക്കും ആവി പറക്കുന്ന ചായ സ്റ്റൂളിന്‍മേലെത്തിച്ചിരിക്കും. ഒരു കൊരങ്ങനെപ്പോലെ കരിമേഘങ്ങളിലും നിറഞ്ഞ നിലാവിലും സൂര്യനിലും മനസ്സ് ചാടിക്കളിച്ചതാണ് പറ്റിയത്. ഉണ്ണിക്കുട്ടന്റെ വരവിനുവേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കാന്‍ തുടങ്ങിയതു മുതല്‍ തുടങ്ങിയതാണ് ഇത്തരം പേക്രാന്തങ്ങള്‍.*8

 

കുഞ്ഞാണ്യേട്ടി കൈകാലുകൾ കുടഞ്ഞ് ആ ദിവസത്തിന്റെ വെളിച്ചത്തിലേക്ക്‌ കണ്ണ് മുഴുക്കെ തുറന്നു. ഉണ്ണിക്കുട്ടന്റെ വരവിനു ഒരു ദിവസംകൂടെ കുറഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷത്തില്‍ അവര്‍ തങ്കമണിയെ വിളിക്കാതെ ഒറ്റവലിക്ക് ഗ്ലാസിലെ തണുത്ത ചായ അകത്താക്കി. തങ്കമണി പെമ്മക്കള്‍ നോക്കുന്നേലും കരുതിയിറ്റാ ബായി*9 നെറച്ചും അമ്മേ അമ്മേന്ന് ബിളിച്ചോണ്ട് ഈ കുഞ്ഞാണീന നോക്കുന്നെ. എളേയോന്‍ പപ്പനാവനക്കാളും മൂത്ത മൂന്നും അവര് പെറ്റ മൂന്നും നാലും എല്ലാം കൂടെ കുഞ്ഞാണ്യേട്ടീരെ പൊര നെറച്ചും ഒര് പെമ്പട തന്നെ.

ഉണ്ണിക്കുട്ടനെക്കാള്‍ പത്തു വയസ്സു മൂപ്പുള്ള ഷൈന സ്കൂളിലേക്കുള്ള പുറപ്പാടിലാണ്. തവിട്ടു നെറത്തിലുള്ള അരപ്പാവാടയും വെള്ള മേൽകുപ്പായവുമിട്ട് കഴുത്തിൽ തവിട്ടുനിറത്തിലെ നാട കുടുക്കി കെട്ടി കാലിൽ ഷൂവിനുള്ളില്‍ ഇടേണ്ട ഉറകളിലൊന്ന് വെച്ചിടത്ത് കാണാത്തതിന് വീട് മുഴുവന്‍ ഇളക്കിമറിക്കുകയാണവൾ. ഒന്നെന്ന് വെച്ച് കൊഞ്ചിച്ച് വഷളാക്കിയതാണ് പെണ്ണിനെ. അപ്പോഴാണ് ഉണ്ണിക്കുട്ടന്റെ പ്രതീക്ഷിക്കാതെയുള്ള വരവ്. അതോര്‍ത്തപ്പോള്‍ കുഞ്ഞാണ്യേട്ടിക്ക് കൈകൾ കൂട്ടിയടിച്ച് ഉച്ചത്തിൽ കൂവാന്‍ തോന്നി. ഷൈനയുടെ അമ്മ ബിന്ദു, പപ്പനാവന്റെ രണ്ടാമത്തെ പെണ്ണ് ആളേതായാലും ഉശറത്തി തന്നെ. അവളുടെ തല പുറത്ത് കണ്ടതും പപ്പനാവന്‍ ഈ ലോകത്തുനിന്നേ പോയി. ആ വകയില്‍ കുറച്ചുകാലം മനസ്സില്‍ ഒരു കലിപ്പുണ്ടായിരുന്നു അവളോട്.

പക്ഷെ അച്ഛമ്മേന്നും പറഞ്ഞ് ഓടിവന്നവള്‍ കെട്ടിപ്പിടിക്കുമ്പോള്‍ അവര്‍ എല്ലാം മറന്ന് പപ്പനാവനെ ഓര്‍ത്ത് അവളുടെ നെഞ്ചില്‍ വീണ് കണ്ണ് നിറക്കും. വാശിയും ബുദ്ധിയുമുള്ളോളാ ബിന്ദു. പഠിക്കണമെന്ന് ഒരേ വാശി. അച്ഛനെ കൊന്ന അതേ ചുറ്റുപാടില്‍നിന്നു തന്നെ തന്റെ വിദ്യക്കുള്ള ഊര്‍ജവും അവളൊരുക്കി. വിഷമരുന്നിന് ശേഷമുള്ള പല ജന്മങ്ങളും നരകിക്കുന്നതു കണ്ട് അടുത്തത് വേണ്ടെന്ന് വെച്ചതാണ്. പക്ഷെ അച്ചമ്മയുടെ വല്ലാത്ത ആഗ്രഹം കണ്ടപ്പോള്‍ വളരെ ആലോചിച്ചാണ് അവര്‍ അടുത്തതിനായി തീരുമാനമെടുത്തത്. പപ്പനാവന് ചെറുതായി നടുവേദനയാന് ആദ്യം വന്നതു. പിന്നത് കൂടി.

ഡോക്ടറെ കാണിച്ചപ്പൊ കേന്‍സറാന്നു ഒറപ്പായി. അങ്ങനെ കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും. അപ്പോ തങ്കമണിക്ക് ബിന്ദൂനെ വയറ്റിലായതേ ഇല്ലൂ. പിന്ന അധികം നിന്നില്ല. ഇല്ലതെല്ലം പറുക്കീം വിറ്റും സൂക്കേടിന് ചികില്‍സിക്കാനേ ഈ കുഞ്ഞാണിക്ക് പിന്ന ആലോചനീണ്ടായിറ്റില്ലൂ. ഓന്‍റച്ചന്‍ ബട്ട്യന്‍ ഈ പൂമീന്ന് പോയ പോക്കിന് പുല്ല് മൊളച്ചിറ്റുണ്ടാവൂല. അത്രക്കല്ലേ ബേറ്ററി കലക്കീറ്റും മറ്റൂല്ല കള്ളും റാക്കും മോന്ത്യത്. എന്ത് വെശം കലക്കീറ്റായാലും ഈ ആണുങ്ങക്ക് തലക്ക് മത്ത്*10 കിട്ട്യാ മതി. റാക്കും കുടിച്ച് ബോധോല്ലാണ്ടായാല്‍ പിന്ന ഒന്നും നൊക്കണ്ടല്ലോ. ഓനീം മക്കളീം പോറ്റാന്‍‌ കുഞ്ഞാണീണ്ടല്ലോ.

മത്തായാല്‍ ഒറ്റ പോക്കാന് അമ്പു എശമാനന്റെ മാള്യെലേക്ക്.*11 പോമ്പോ കുഞ്ഞാണീന്‍റെ ഏറ്റും നല്ല മൂന്നാല് തെര ചപ്പ് മണപ്പിച്ചിറ്റ് മുണ്ടിന്റെ കോന്തലീ ചെരുതും. ബട്ട്യനെ കാണുമ്പോ കോലായിലെ കസാലീലിരിക്കുന്ന എശമാനന്റെ മോത്ത് ചെമ്പരത്തി ഒലന്നപോലെ ചിരി പരക്കും. എന്നിറ്റ് ആത്തെക്കു നോക്കി എശ്മാന്‍റോള നീട്ടി ഒരു ബിളീണ്ടു. ഓറു ഓട്ടു മുരുടേല് സംഭാരം കൊണ്ടന്ന് എറേത്തു വെച്ച് ചപ്പെടുത്ത് മണപ്പിച്ച് കോലായീല് ഒരൊറ്റ നിപ്പാന് പിന്ന. ബട്ട്യന്റെ കളി കാണാന്‍. കഥകളി. എശമാനന്റെ തറവാട്ട് മിറ്റത്ത് അമ്മ കീറത്തുണീല് പൊതിഞ്ഞു കൊടുത്ത അരി വറത്തതും കൊറിച്ച് നിന്നും ഇരുന്നും ഒറങ്ങീറ്റും ചെറുപ്പത്തു കണ്ട മനസ്സിലില്ല കാര്യങ്ങള് ആടിത്തകര്‍ക്കും. “പാണ്ഡവര്‍ക്കു കൊടുക്കിലാ മമ പാണ്ഡവര്‍ക്കു കൊടുക്കിലാ.’’

മഹാഭാരതമാണ് കഥ. കൃഷ്ണന്റെ ദൂത് സന്ദര്‍ഭവും. ബട്ട്യന്‍റെ അൽപജ്ഞാനമോര്‍ത്ത് ഉള്ളില്‍ ചിരി പൊട്ടുമെങ്കിലും എത്തിച്ചു കൊടുക്കുന്ന മൂത്ത കള്ളിന്ടീം പൊഴമീനിന്ടീം വീര്യത്തില്‍ എശ്മാനന്‍ പുറത്തുകാണിക്കില്ല. മുകളില്‍ മൊണ്ടയുള്ള നീളന്‍വടി നിലത്തുകുത്തി തിരിഞ്ഞും മറിഞ്ഞും ബട്ട്യന്‍ കളിക്കുന്ന കളി ചെലപ്പോള്‍ തുള്ളക്കളിയായി മാറും. കളികഴിഞ്ഞ് പൊരക്കെത്തുമ്പോള്‍ മുണ്ടിന്റെ കോന്തലയില്‍ ചെരുതിയ ഒന്നോ രണ്ടോ വെള്ളി ഉറുപ്യ കുഞ്ഞാണിക്ക് കിട്ടും. ഓണത്തിനും വിഷുവിനും ഓരോ മുണ്ട് ബട്ട്യനും ചെലപ്പോള്‍ യെശമാനന്റെ നൈറ്റ്യമ്മ കൊടുത്തയക്കുന്ന ചോന്ന ചുട്ടിക്കരയന്‍ പൊട കുഞ്ഞാണിക്കും.

ബട്ട്യന്‍റെ തൊതീല്ലാത്ത ജീവിതംകൊണ്ട് മുറിയാന്തൊടങ്ങീതാ ഈ കുഞ്ഞാണീരെ എല്ലുംകൂട്. അച്ചനെപ്പോലെല്ല, നല്ല തെറം തീര്‍ന്ന പണിക്കാരനാന് എന്റെ പപ്പനാവന്‍. ഓൻ പോയി രണ്ട് കൊല്ലം കയിഞ്ഞപ്പോ കുടിച്ച് തെരഞ്ഞിട്ടു ഓറും പോയി. ബോധൂല്ലാതെ കാറ്യതും തൂറ്യതും എനി കോരണ്ടല്ലോന്നാനു ചത്തപ്പോ ആദ്യം നിരീച്ചത്. പക്കെ മങ്ങലം കയിന്ഞ്ഞാദ്യത്തെ ബട്ട്യനെ നെനക്കുമ്പോ തൊണ്ണൂറാം വയസ്സിലും ഈ കുഞ്ഞാണീന്റെ മേത്ത് തളരാത്ത ചെല ഞരമ്പ്വളില് ഇക്കിളിപായും. പണി കയിഞ്ഞാ കുളിച്ച് വൃത്തിയായിറ്റേ അടുക്ക ബെരൂ.

ആ നെഞ്ഞത്തു തലവെച്ച് കെടക്കുമ്പോ അയിന് തെങ്ങിന്‍ പൂക്കുലേരെ മണാരിക്കും. ബീഡിക്കറീല്ല ചിറിക്ക് എളംകള്ളിന്റെ മധുരാരിക്കും. കൈവെരലിന് ചെത്തുകത്തീരെ മൂര്‍ച്ചീം. നയിച്ചിറ്റു ഈ കുഞ്ഞാണീരെ ഒടല് കൊയഞ്ഞേപ്പിന്ന ഓറു മറ്റേ പെണ്ണുങ്ങളടുത്ത് പോ ലുണ്ടെന്നുറപ്പാന്. പണിക്ക് പോമ്പോ ഞാളെ പൊരേന്‍റെ മുമ്പിലെത്തുമ്പോ ആ കാരിച്ചീരെ ബെറ്റില ചമച്ചിറ്റില്ല ഒര് നീട്ടി തുപ്പലും പണിമുണ്ട് കൊടഞ്ഞുടുക്കലും. ആ നേരത്തന്നെ ബട്യന് മിറ്റത്തെ ബായക്ക് ബെള്ളോയിക്കണം. ഒയിച്ചയിന് പിന്നേം പിന്നേം ഒയിച്ചോണ്ടുക്കണം.

കിടന്ന കിടപ്പില്‍ ബോധത്തിന്റെ നിമിഷങ്ങളില്‍ കുഞ്ഞാണ്യേട്ടീരെ മനസ്സ് സ്വന്തം ജീവിതത്തിന്റെ താളുകള്‍ മറിച്ച് പുതിയൊരധ്യായം എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കും. ഉണ്ണിക്കുട്ടന്റെ വരവിലൂടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പുതിയൊരധ്യായം . അതില്‍ മുങ്ങുമ്പോഴാവും ചിലപ്പോള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിലെ പെണ്‍കുട്ടികള്‍ ചിരിച്ചുകൊണ്ട് അന്വേഷിക്കാനും ആശ്വസിപ്പിക്കാനുമായി മുന്നിലെത്തുക. പ്രായമായവരെ വിളിക്കാറുള്ളതുപോലെ അമ്മേന്നല്ല അവര്‍ കുഞ്ഞാണ്യേട്ടിയെ വിളിക്കാറ്. അച്ചമ്മേ എന്ന് വിളിച്ച് കയ്യില്‍ പിടിക്കുമ്പോള്‍ ബിന്ദുവിന്റെ മണവും സ്പര്‍ശവുമറിഞ്ഞ് അവര്‍ കണ്ണ് തുറക്കും. മരണം കാത്തു കിടക്കുകയാണെന്നറിഞ്ഞിട്ടും ചിലപ്പോള്‍ പപ്പനാവന്റെ അന്ത്യത്തെയോര്‍ത്തു മനസ്സ് കലങ്ങും. പാവം.

ഈ സൗകര്യങ്ങളൊന്നുമില്ലാതെയാണ് അവന്‍ പോയതു. മണ്ണിലും ശ്വാസത്തിലും മരുന്ന് കലങ്ങി നാട് പിടഞ്ഞപ്പോള്‍ അധികാരികളും ഒന്ന് പകച്ചുനിന്നു. കാലം പോകവേയാണ് എല്ലാറ്റിനും ഒരു തിരിവാട് വന്നത്. വായില്‍ കേന്‍സറായതിനാല്‍ കുഞ്ഞാണ്യേട്ടിക്ക് ഭക്ഷണം ചവക്കാനും ഇറക്കാനും പറ്റാത്ത അവസ്ഥയില്‍ കലക്കികുടിക്കാന്‍ അമൃതംപൊടിയടക്കം മറ്റ് മരുന്നുകളും വീട്ടിലെത്തിച്ചു കിട്ടുന്നത് തങ്കമണി കൃത്യമായി കൊടുക്കും. തലശ്ശേരി കാന്‍സര്‍ ആശുപത്രി വന്നതുകൊണ്ട് ഒറ്റ കാശ് ചെലവില്ലാതെ ചികിത്സ നടന്നുകിട്ടി.

കുഞ്ഞാ​േണ്യട്ടീരെ ഒറ്റ മനോബലത്തിലാണ് ഇത്രയധികം കീമോയും മറ്റും കഴിഞ്ഞ് ഛര്‍ദിച്ചും വിസര്‍ജിച്ചും അവശയാകാതെ അവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അവര്‍ക്ക് ആ വകയില്‍ സര്‍ക്കാറില്‍നിന്നു കിട്ടിയ അഞ്ചുലക്ഷം ഉറുപ്പിക അവര്‍ ഉണ്ണിക്കുട്ടനെന്നും വെച്ച് കാത്തിരിക്കുകയാണ്. ബിന്ദു സമ്മതിക്കില്ലെന്നുറപ്പാണ്. എല്ലാവര്‍ക്കുമായി വീതിക്കണമെന്നേ പറയൂ. പെമ്മക്കളും അവരുടെ മക്കളും കൂടെ കൊത്തിപ്പറിക്ക്വോന്നാ കുഞ്ഞാണ്യേട്ടീരെ പേടി. ഇടക്ക് ഉറക്കത്തിലും അവര്‍ ഏങ്ങലടിക്കുന്നത് കേള്‍ക്കാം. ഇത്ര സ്വഭാവഗുണമുണ്ടായിട്ടും കാലം എത്തുന്നതിന് മുമ്പേ അവനെ നരകിപ്പിച്ച് അങ്ങ് വിളിച്ചല്ലോ എന്നോര്‍ത്ത്. തങ്കമണിയല്ലാതെ മറ്റൊരു പെണ്ണിന്റെ മോത്ത് ഓന്നോക്കീട്ടുണ്ടാവീല. എന്നിറ്റും എന്റെ കുഞ്ഞിക്ക്... എന്നുറക്കെ ഒന്ന് പറയാന്‍ ശ്രമിച്ച് അവര്‍ നെടുവീര്‍പ്പിടും. അപ്പോള്‍ അവരുടെ നാവ് കുഴയും. വാക്കുകള്‍ നുറുങ്ങും. ഓർമകള്‍ തുടിക്കും.

ഒരിക്കല്‍ കുഞ്ഞാണ്യേട്ടി ചങ്കിൽ തറച്ച ഓരോർമ വലിച്ചിടാന്‍ നോക്കി. പപ്പനാവനന്നു പ്രായം പത്തിരുപത്തഞ്ചായിട്ടുണ്ടാവും. ഓന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയതേ ഇല്ലൂ. മങ്ങലം കയിഞ്ഞിറ്റില്ല. ആക പിരാന്തെടുത്ത പൊലെയാന്ന് അന്നുച്ചക്ക് പൊരക്ക് കേറിവന്നെ. ഒപ്പരം കൊറച്ച് റിക്ഷ ഓട്ടിക്കുന്ന ചെങ്ങായിമാരും. എത്ര ചോയ്ച്ചിറ്റും ഒന്നും പറഞ്ഞില്ല.

കൊറച്ചെന്തൊ ബാരിതിന്നിറ്റു എല്ലാരും പോയി. പിന്യാനറിഞ്ഞത് ചെല ഓട്ടോറിക്ഷക്കാര് ബെടക്ക് പെണ്ണുങ്ങള കേറ്റി കൊണ്ടന്നിറ്റ്ല്ല മറ്റേ പണി ആട സ്ഥിരാന്ന്. ഒയരൂല്ലാത്ത, മരുന്നടിച്ച് നെറച്ചും കൊരട്ടീം പൂവ്വായി കൊടപോലെ നിക്ക്ന്ന പറങ്ക്യാവ്വളും നല്ല തണുപ്പും കാറ്റും. ആടത്തെ കാവൽക്കാരനാന്ന്വോലും ഒത്താശചെയ്യല്. പൊറത്തുന്നാരും ബെരൂം കാണൂം ചെയ്യൂലല്ലോ. പപ്പനാവന്‍ ബിട്വൊ. കയ്യോടെ പ്ടിച്ചു. പൊലീസായി. കേസായി. അങ്ങനെ കുറേ ശത്രുക്കളൂആയി. പക്കെ ഓന്‍ സകായിച്ചവരിക്കെല്ലം ഓന ജീവനാരുന്നു എന്നോര്‍ത്തപ്പോള്‍ കുഞ്ഞാ​േണ്യട്ടീരെ കരുവാളിക്കാന്‍ തുടങ്ങിയ ചിരിയില്‍ നിലാവ് പരന്നു.

പഠിക്കാന്‍ ബഹു മിടുക്കിയായിരുന്നു ബിന്ദു. പഠിപ്പില്‍ മാത്രമല്ല സകല കാര്യങ്ങളിലും. കശുവണ്ടിതോട്ടവും ഓഫീസും നോട്ടക്കാരും കാവല്‍ക്കാരും താമസ സൗകര്യങ്ങളും വന്നപ്പോള്‍ പാറക്കെട്ടുകളും മുളിപ്പുല്ലും വന്യമായ കശുവണ്ടി മരങ്ങളും അവക്കിടയില്‍ ഓടും മുളിപ്പുല്ലും മേഞ്ഞുനിന്നിരുന്ന ചെറു വീടുകളും മാത്രമുണ്ടായിരുന്ന ആ ഗ്രാമം പെട്ടെന്ന് ചെറുപട്ടണമായി വളര്‍‌ന്നു. ബിന്ദു പ്ലസ്ടൂ വരെ പഠിച്ചത് അവിടത്തെ സ്കൂളിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ റെക്കോഡുകള്‍ തകര്‍ത്താണ് അവള്‍ പുറത്തുവന്നത്. അധ്യാപകരെല്ലാം നിര്‍ബന്ധിച്ചതാണ് മെഡിസിനുള്ള കോച്ചിങ്ങിന് ചേരാന്‍. അവള്‍ക്ക് അച്ഛന്‍ പൊലിഞ്ഞ മണ്ണില്‍നിന്നു തന്നെ സ്വന്തം ജീവിതത്തിനുവേണ്ടി പൊരുതണമെന്നായിരുന്നു. അപ്പോഴേക്കും വിഷത്തിന് നടുവില്‍ ജീവിച്ചവര്‍ക്കും അടുത്ത തലമുറക്കും വേണ്ടിയുള്ള സമരം ശക്തി പ്രാപിച്ചിരുന്നു.

കാഞ്ഞങ്ങാട് കോളേജിലാണ് ബിന്ദു ഡിഗ്രിക്ക് ചേര്‍ന്നത്. നിത്യേന ബസിലുള്ള പോക്കുവരവ്. അവളുടെ ഉള്ളിലെ സ്വപ്നങ്ങളും പച്ചപ്പും തളിര്‍പ്പിച്ചത് കോളേജാണ്. ഒരു മാഷുണ്ടായിരുന്നു അവിടെ. പഠിപ്പിക്കല്‍ ജീവിക്കാനുള്ള തൊഴിലായിമാത്രം കാണാത്ത, സ്വന്തം മനസ്സിനെ ഉഴുതുമറിച്ച് അവിടെ പ്രകൃതിക്കും ജീവിതത്തിനും വേണ്ടി വിത്തിട്ട ഒരു പച്ച മനുഷ്യന്‍. തുടര്‍ച്ചയായ എഴുത്ത് അയാളുടെ മനസ്സിന്റെ വളമായിരുന്നു. വളര്‍ന്നുവരുന്ന തൊട്ടടുത്ത ഗ്രാമത്തില്‍ ലാഭത്തിനുവേണ്ടി കൃഷിക്കുമേല്‍ വര്‍ഷിച്ച വിഷമഴ അയാളുടെ നോവായി. അവിടത്തെ മനുഷ്യക്കുരുതി ഉള്ളിലെ പകയായി. അയാള്‍ ബിന്ദുവിന്‍റെ മാതൃകയായി.

അയാള്‍ പ്രകൃതിക്കുമേലുള്ള വിഷമഴയെക്കുറിച്ചെഴുതി. കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ചര്‍ച്ചകള്‍ നടത്തി. നിവേദനങ്ങളയച്ചു. മാഷുടെയും മുന്നേയുള്ളവരുടെയും ഇരുപതു കൊല്ലങ്ങളിലെ പ്രവര്‍ത്തനഫലമായി ബിന്ദു ഡിഗ്രി പാസായ കൊല്ലം സുപ്രീംകോടതി വിഷമരുന്ന് തീര്‍ത്തും നിരോധിച്ചു. അതിനു കുറച്ചു മുമ്പേ തന്നെ പരിമിതമായ സൗകര്യങ്ങളില്‍ തൊട്ടടുത്ത പട്ടണത്തില്‍ കേന്ദ്ര സര്‍വകലാശാല വന്നു. ബിന്ദു അവിടെ ഉപരിപഠനത്തിനു ചേര്‍ന്നു. നല്ലനിലയില്‍ പാസാവുകയും അവിടെത്തന്നെ ജോലിക്ക് ചേരുകയും ചെയ്തു. പിന്നങ്ങോട്ട് മാഷോടൊപ്പം വിഷമരുന്നിന്റെ ഇരകള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.

തൊട്ടടുത്ത പട്ടണത്തിലെ കേന്ദ്ര സര്‍വകലാശാല ഇങ്ങോട്ടേക്ക് മാറി. ഗ്രാമം വലിയൊരു പട്ടണമായി വളര്‍ന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. കെട്ടിടങ്ങള്‍ക്കുവേണ്ടി വെട്ടിക്കളഞ്ഞ കശുമാവുകളില്‍ ബാക്കിയായ ഭാഗം പുതിയ ഇണകള്‍ക്ക് തണലായി തുടര്‍ന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പലതരം ഭാഷക്കാരും വേഷക്കാരുമായ വിദ്യാർഥികളെത്തി. ക്ലാസ് കഴിഞ്ഞ് ആണും പെണ്ണും ഇഴുകിച്ചേര്‍ന്നു വരുന്നതും പെണ്‍കുട്ടികള്‍ ശരീരത്തിന്റെ അൽപഭാഗം മാത്രം മറച്ചു നടക്കുന്നതും കാണാന്‍ നാട്ടിന്‍പുറ ശീലങ്ങള്‍ വിട്ടിട്ടില്ലാത്ത അവിടത്തെ വാല്യക്കാര്‍ മത്സരിച്ച് അരമതിലുകളിലും നിരത്തോരങ്ങളിലും മറ്റും കോളേജ് വിടുന്നതിന് മുമ്പേ സ്ഥലം കിട്ടാന്‍ തിക്കിത്തിരക്കി. സര്‍വകലാശാലയിലും അതിനോടനുബന്ധമായി വളര്‍ന്ന പട്ടണത്തിലുമായി നാട്ടുകാര്‍ക്ക് ജോലിസാധ്യതകള്‍ ഉയര്‍ന്നുവന്നു.

അങ്ങനെയാണ് കുഞ്ഞാണ്യേട്ടി കാമ്പസ് അടിച്ചുവാരനുള്ള ജോലി തരമാക്കിയത്. എൺപതുവരെയെങ്കിലും നയിക്കണമെന്നാണ് വാശി. ബിന്ദു പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. കുറച്ചിലുകൊണ്ടല്ല. ഭൂതകാലത്തെയും അച്ചമ്മയുടെ സ്വഭാവത്തെ പറ്റിയും നല്ല ബോധ്യവുമാണ്. വയസ്സുകാലത്തെ വിശ്രമം ഓര്‍ത്താണ്. അഞ്ചാറു മാസമേ ജോലിചെയ്യാന്‍ പറ്റിയുള്ളൂ. കേമ്പസില്‍ തളര്‍ന്നുവീഴുകയായിരുന്നു.

അതിനുമുന്നേ ഒരു ദിവസം. കണ്ണിന്റെ ചെറിയ കാഴ്ചക്കുറവൊഴിച്ചാല്‍ വലിയ പ്രശ്നമില്ലായിരുന്നു. ചൂലുകൊണ്ട് നിലത്തെ ചപ്പുചവറുകള്‍ നീക്കുമ്പോള്‍ അപ്പുറത്തുനിന്ന് ശീല്‍ക്കാരംപോലൊരു ശബ്ദം. ഇഴയുന്നത് വല്ലതുമാകാമെന്ന് കരുതി ജോലി തുടര്‍ന്നു. ചപ്പിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കൂടിവന്നു. കുറേ ദൂരെ എന്തോ കെട്ടുപിണയുന്നുണ്ടോ. കയ്യിലെ ചൂലു വീശി ഉച്ചത്തിലലറി. “ആരാട ആട. ഞാന്‍ മാച്ചീം*12 കൊണ്ട് ബെരണോ” കരിയിലകളുടെ തിടുക്കത്തിലുള്ള ഞെരിച്ചലിന് പിറകെ കടും നിറങ്ങളുടെ മിന്നായം പോലെ മുന്നോട്ടുള്ള പാച്ചില്‍. മുന്നിൽ അല്‍പം ബുദ്ധിമുട്ടിയാല്‍ ചാടിക്കടക്കാവുന്ന മതിലാണ്. അന്ന് വിദ്യാര്‍ഥികള്‍ക്ക് അവധി ദിവസമായിരുന്നു.

 

കുഞ്ഞാണ്യേട്ടി ജോലി തുടര്‍ന്നു. ചൂലില്‍ എന്തോ ഒന്ന് തടഞ്ഞപ്പോള്‍ അതെടുത്തുനോക്കി. ഇതുവരെ കാണാത്ത തരം ബുഗ. അവര്‍ക്ക് കൗതുകം തോന്നി. ബുഗ തന്നെ. എന്നാലും. അവരത് തിരിച്ചും മറിച്ചും നോക്കി. തൊടുമ്പോള്‍ ഒരു വഴുവഴുപ്പ്. ഇളം മഞ്ഞനിറത്തിലെ ബുഗകള്‍ക്കുവേണ്ടി അവര്‍ അപ്പുറത്തും ഇപ്പുറത്തും തെരഞ്ഞു. മൂന്നാലെണ്ണം ആരുംകാണാതെ കഴുകി ഉണക്കിയെടുത്തു ചുവന്ന സഞ്ചിയിലെ രണ്ടാമത്തെ അറയില്‍ സൂക്ഷിച്ചു. ഈ കോളേജ് പിള്ളറെ ഒര് ബുഗകളി. എനി ചെലപ്പോ നല്ല നേറോല്ല ബുഗേനക്കൊണ്ടാരിക്കും അട്ത്ത കളി. ഇപ്പളത്തെ പിള്ളറെ ഒര് കാര്യം. ഏതായാലും എട്ത്തു ബെക്കാം. എന്റെ പപ്പനാവന് ഒര് തൊടര്‍ച്ച ബെരാണ്ടിരിക്കൂല. പൊന്നിന്‍റൊപ്പരം ഇതും കൂട... അതോര്‍ത്തു അവര്‍ ചുമല് വെട്ടിച്ച് ഉള്ളില്‍ ചിരിച്ച് നടന്നുനീങ്ങി.

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍നിന്നുള്ള സുഖ പ്രസവവും നിര്‍ത്താനുള്ള ഓപ്പറേഷനും കഴിഞ്ഞ് ആശുപത്രിയൊരുക്കിയ കാറില്‍ ബിന്ദു മകനെയുംകൊണ്ട് അമ്മയുടെ വീട്ടുമുറ്റത്തിറങ്ങി. സ്വന്തം ക്വാട്ടേഴ്സിലേക്ക് മാറുന്നത് മോനെയും കൊണ്ട് ഒന്ന് സെറ്റില്‍ ആയിട്ടു മതി എന്നാണ് തീരുമാനം. കുഞ്ഞാണ്യേട്ടി നല്ല മയക്കത്തിലായിരുന്നു. ഉണര്‍ത്തേണ്ടെന്ന് കരുതിയതാണ്. മോനെ കാണാനുള്ള ആകാംക്ഷ അറിയുന്നതുകൊണ്ടു മെല്ലെ തട്ടിവിളിച്ചു. “അച്ചമ്മേ കണ്ണ് തോറന്നെ. അച്ചമ്മേരെ ഉണ്ണിക്കുട്ടന്‍ ബന്നിറ്റുണ്ട്. അച്ചമ്മേന കാണിച്ചിറ്റേ മോന ആത്തു കൊണ്ട്വോനില്ലൂ. അച്ചമ്മേന്‍റെ നല്ല മനസ്സിന്റെ ആനുഗ്രഹം ആദ്യം ബേണം.’’

കുഞ്ഞാണ്യേട്ടീരെ ബോധം മയക്കത്തിലാണെങ്കിലും ചെവി ഉണര്‍ന്നുതന്നെയായിരുന്നു. അവര്‍ ബിന്ദുവിന്റെ വിളി കേട്ടു. കണ്ണ് തുറക്കാനൊരു ശ്രമം നടത്തി. പണ്ടു വിവരമുള്ള ആരോ പറഞ്ഞത് കുഞ്ഞാണ്യേട്ടി ഇടക്കൊക്കെ ഓര്‍ക്കും. മരണക്കിടക്കയിലുള്ള ഒരാളുടെ അവസാനം മരിക്കുന്ന അവയവം കാതുകളായിരിക്കും. അതുകൊണ്ട് അവരുടെ അടുത്തുന്ന് കുറ്റങ്ങള്‍ പറയരുത്. കുറ്റോം കൊറവും കേട്ട് ചാവനിട വര്ത്തറേ ഭഗവാനേ എന്ന് അവരെപ്പോഴും കിടക്കാന്‍ നേരം പ്രാർഥിക്കും.

ബിന്ദുവിന്റെ വാക്കുകള്‍ കുഞ്ഞാണ്യേട്ടീരെ ബോധത്തെ ഉണര്‍ത്തി. ബിന്ദു കയ്യില്‍ ഇത്തിരി വെള്ളമെടുത്ത് അവരുടെ മുഖം തുടച്ചു. തങ്കമണി പൂജാമുറിയിലെ വിളക്കില്‍ കാട്ടി ഒരു നുള്ളു അരിയെടുത്ത് കുഞ്ഞാണ്യേട്ടീരെ കയ്യും ചേര്‍ത്ത് പിടിച്ച് ഉണ്ണിക്കുട്ടന്റെ തലയില്‍ തൊടുവിച്ചു. വിറക്കുന്ന വലം കൈകൊണ്ട് അവര്‍ തലയണക്കിടയില്‍ തപ്പി. ബിന്ദു അതിനടിയില്‍ നിന്ന് ചുവന്ന സഞ്ചിയെടുത്ത് കുഞ്ഞാണ്യേട്ടീരെ കൈ ചേര്‍ത്ത് പിടിപ്പിച്ചു. അവള്‍ തന്നെ അത് ഉണ്ണിക്കുട്ടന്‍റെ കയ്യും ചേര്‍ത്ത് പിടിപ്പിച്ച് കുഞ്ഞാണ്യേട്ടീരെ കാലുകള്‍ ചേര്‍ത്ത് പിടിച്ച് ആ കൈ ഉണ്ണിക്കുട്ടന്‍റെ നെറുകയില്‍ വെച്ചു.

ഉണ്ണിക്കുട്ടന്‍ കരയാന്‍ തുടങ്ങിയിരുന്നു. അച്ചമ്മേ മോനേ ഒറക്കട്ടെന്നും പറഞ്ഞ് ബിന്ദു മുറിയിലേക്ക് പോയി. മോനേ കിടത്തി അവള്‍ ചുവന്ന സഞ്ചിയുടെ കെട്ടഴിച്ചു. ഉള്ളില്‍ രണ്ട് അറകളുള്ളതില്‍ വലത്തേത് തുറന്ന് അതില്‍ വര്‍ണ കടലാസില്‍ പൊതിഞ്ഞുവെച്ച നേരിയ പൊന്നിന്‍റെ അരഞ്ഞാണവും ചെയിനും പുറത്തെടുത്തു. അച്ചമ്മ ചപ്പ് വിറ്റും നയിച്ചും അച്ഛനുവേണ്ടി ഉണ്ടാക്കിയത്. പറഞ്ഞ് കെട്ടിട്ടേ ഉള്ളൂ. കണ്ടപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. രണ്ടും സ്വന്തം കണ്ണില്‍ തൊടീച്ച് ഉണ്ണിക്കുട്ടന്‍റെ ശരീരത്തില്‍ ഒന്നു വെച്ച് അവള്‍ ഭദ്രമായി അലമാരയില്‍ വെച്ച് പൂട്ടി.

പൊന്നിനെക്കാള്‍ ഭദ്രമായി പൊതിഞ്ഞു വെച്ച മറ്റെ പൊതിയെടുത്ത് തുറന്നപ്പോള്‍ ഏതോ ചെറുപ്രാണി ചത്തടിഞ്ഞ നേരിയ മണം. ബിന്ദു മൂക്ക് പൊത്തി. പല പ്രാവശ്യം പൊതിഞ്ഞ കടലാസ്സുകള്‍ നീക്കിയപ്പോള്‍ ഇളം മഞ്ഞ നിറത്തില്‍ ചെറിയ ബലൂണിന്റെ വലുപ്പത്തിലുള്ള ഉറകള്‍. പുറത്തെടുത്തപ്പോള്‍ നേരിയ ഈര്‍പ്പവും. ബിന്ദു മൂക്കുപൊത്തി കടലാസ്സടക്കം എടുത്ത് പുറത്തെ വര്‍ക്ക് ഏരിയയിലേക്ക് നടന്നു. ആരും കാണില്ലെന്നുറപ്പ് വരുത്തി അവള്‍ക്ക് കുളിക്കാന്‍ വേണ്ടി വേത്*13 വെള്ളം തിളപ്പിക്കുന്ന വലിയ അലുമിനിയം പാത്രത്തിനടിയിലെ തീയിലേക്ക് ഇട്ടുകൊണ്ട് തീ ആളിച്ചു. അപ്പോള്‍ കുഞ്ഞാണ്യേട്ടി ഉണ്ണിക്കുട്ടനൊപ്പം ഊതി വീര്‍പ്പിച്ച വലിയ ബുഗയുടെ പുറത്തേറി യാത്ര തുടങ്ങിയിരുന്നു. കരിമേഘങ്ങള്‍ക്കിടയിലൂടെ നിറഞ്ഞ നിലാവിലൂടെ കത്തുന്ന സൂര്യവെളിച്ചത്തിലൂടെ കേള്‍വിക്കപ്പുറം അവരെത്തിയിരുന്നു.

========================

1. ചേച്ചിയുടെ, 2. ബലൂൺ, 3. വളം

4. വഴക്ക്, 5. കശുവണ്ടി, 6 ഇവർ,

7. ഒരുമിച്ച്, 8. വിഡ്ഢിത്തങ്ങൾ, 9. വായ,

10. ലഹരി, 11. മാളിക, 12. ചൂല്, 13. പ്രസവം കഴിഞ്ഞുള്ള കുളിയില്‍ വെള്ളത്തിലിട്ട് തിളപ്പിക്കാനുള്ള പച്ചമരുന്ന്.

News Summary - Malayalam story