ശൈത്യം

ഉരുളൻ കല്ലുകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ കുത്തനെയുള്ള മലഞ്ചെരിവിലൂടെ ഇവാൻ റിച്ചാർഡ് ആയാസപ്പെട്ടു മുകളിലേക്കു കയറാൻ തുടങ്ങി. മഞ്ഞിൽ ചുവടുറപ്പിച്ച കടുപ്പമേറിയ പരുക്കൻ ദേവദാരുമരങ്ങൾക്കിടയിൽ വെച്ച് താഴേക്കുള്ള തന്റെ യാത്ര അവസാനിപ്പിച്ച ഒരു പടുകൂറ്റൻ പാറക്കല്ല് മറഞ്ഞിരിക്കുന്ന സൂര്യനെ തിരഞ്ഞു മുഖം ഇരുണ്ടുനിന്നു. കഴിഞ്ഞകാലങ്ങളിലെപ്പോഴോ സംഭവിച്ച ഭൂകമ്പമോ കലാപങ്ങളോ അവശേഷിപ്പിച്ച തകർന്നുകിടക്കുന്ന പഴക്കങ്ങളിലൂടെ അതിരുകൾ കാണാതെ ഇവാൻ റിച്ചാർഡ് തന്റെ തണുത്ത കൈകൾ കൂട്ടിത്തിരുമ്മി ഒരു നിമിഷം ശങ്കിച്ചു. ഒന്നുകൂടി മുകളിലേക്ക് ആഞ്ഞു പിടിച്ചതിനുശേഷം ശക്തമായ മലയിടിച്ചിലിനെ...
Your Subscription Supports Independent Journalism
View Plansഉരുളൻ കല്ലുകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ കുത്തനെയുള്ള മലഞ്ചെരിവിലൂടെ ഇവാൻ റിച്ചാർഡ് ആയാസപ്പെട്ടു മുകളിലേക്കു കയറാൻ തുടങ്ങി. മഞ്ഞിൽ ചുവടുറപ്പിച്ച കടുപ്പമേറിയ പരുക്കൻ ദേവദാരുമരങ്ങൾക്കിടയിൽ വെച്ച് താഴേക്കുള്ള തന്റെ യാത്ര അവസാനിപ്പിച്ച ഒരു പടുകൂറ്റൻ പാറക്കല്ല് മറഞ്ഞിരിക്കുന്ന സൂര്യനെ തിരഞ്ഞു മുഖം ഇരുണ്ടുനിന്നു. കഴിഞ്ഞകാലങ്ങളിലെപ്പോഴോ സംഭവിച്ച ഭൂകമ്പമോ കലാപങ്ങളോ അവശേഷിപ്പിച്ച തകർന്നുകിടക്കുന്ന പഴക്കങ്ങളിലൂടെ അതിരുകൾ കാണാതെ ഇവാൻ റിച്ചാർഡ് തന്റെ തണുത്ത കൈകൾ കൂട്ടിത്തിരുമ്മി ഒരു നിമിഷം ശങ്കിച്ചു.
ഒന്നുകൂടി മുകളിലേക്ക് ആഞ്ഞു പിടിച്ചതിനുശേഷം ശക്തമായ മലയിടിച്ചിലിനെ അതിജീവിച്ച ആ ഭീമൻ പാറക്കല്ലിൽ ചാരി ഇവാൻ വിശ്രമിക്കാൻ ശ്രമിച്ചു. മുന്നോട്ടുള്ള യാത്രയുടെ അനിശ്ചിതത്വത്തിൽ തട്ടിത്തടഞ്ഞ് കാലം ഇവാന്റെ ബലമേറിയ കൈയ്ത്തണ്ടയിലേക്കൂർന്നിറങ്ങി വന്ന് താടിയിൽ കൈയൂന്നി ഒരു നിമിഷം ചലനമറ്റു നിന്നു. തണുത്തുറഞ്ഞ മഞ്ഞു പർവതങ്ങൾക്കിടയിൽ എവിടെയായിരിക്കും സിയാര അലി ഖാന്റെ വസതി അപ്രത്യക്ഷമായിരിക്കുന്നതെന്ന് പരന്നു കിടക്കുന്ന ഹിമവിസ്തൃതിയുടെ അപാരദൃശ്യതയിൽ അമ്പരന്ന് ഒരു കണക്കിലും ഇവാന് ഓർത്തെടുക്കാനായില്ല.
ആൽപ്സ് പർവതനിരയിലെ തണുത്ത താഴ്‌വരയിലെ ഓക്ക് മരംകൊണ്ടു നിർമിച്ച മനോഹരമായ റസ്റ്റാറന്റിൽവെച്ച് ഇവാൻ സിയാര അലിഖാനെ ആദ്യമായി കാണുമ്പോൾ അവൾ തടിമേശക്കു ചുറ്റുമുണ്ടായിരുന്ന മരക്കസേരകളിലൊന്നിൽ ചാരിയിരുന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്ന യാത്രയുടെ മനോഹരമായ വിഡിയോ എഡിറ്റ് ചെയ്യുകയായിരുന്നു. ഏതോ യാത്രാസംഘത്തിലെ അംഗമായ സിയാര അലിഖാൻ ഇന്ത്യയിലെ വടക്കൻ സംസ്ഥാനത്തുനിന്നുള്ള വിദ്യാർഥിനിയായിരുന്നു.
മിലാൻ യൂനിവേഴ്സിറ്റിയിലെ തന്റെ പഠനാവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ഇവാനെപ്പോലെ ട്രാവൽ വ്ലോഗറായും സിയാര അലിഖാൻ പ്രവർത്തിച്ചിരുന്നു. മുന്നിലുള്ള മരമേശയിൽ കൈയൂന്നി ശാന്തമായ ഉറക്കം കൊതിക്കുന്ന അവളുടെ കണ്ണുകളെക്കുറിച്ച് സംസാരിച്ച് ആദ്യമായി പരിചയപ്പെടുമ്പോൾ അവൾ റസ്‌റ്റാറന്റിലെ മങ്ങിയ വെളിച്ചമുള്ള ഇരുണ്ട കോണിലിരുന്ന് എഡിറ്റ് ചെയ്ത ട്രാവൽ വിഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഹ്രസ്വകാലയളവിലെ പരിചയമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തിന്റെ സമാനമായ വൈകാരിക അംശങ്ങൾ അവർക്കിടയിലെ ആശയവിനിമയം പിന്നീട് കൂടുതൽ എളുപ്പമാക്കി. പെട്ടെന്ന് അപ്രത്യക്ഷയായ അവളെ തേടി എന്തിനാണ് ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടേക്ക് വന്നതെന്ന് എത്ര ചിന്തിച്ചിട്ടും ഇവാന് പിടികിട്ടിയില്ല. മമ്മ എപ്പോഴും പറയുന്നതുപോലെ അസ്ഥിയിലേക്ക് പടർന്നുകയറുന്ന നീണ്ട വേരുകളുള്ള എന്തോ ഒന്ന് തന്നെ കീഴ്പ്പെടുത്തി തുടങ്ങിയെന്ന് മഞ്ഞിലേക്ക് ഒരു ചുവടുകൂടി ആഞ്ഞുചവിട്ടി നിന്നപ്പോൾ ഇവാന് തോന്നി.
തന്റെ പിതാവ് റിച്ചാർഡ് വളരെയധികം വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഈ വടക്കൻ പ്രദേശത്ത് മമ്മയെ കാണാൻ പലതവണ വന്നിരുന്നു എന്ന ഓർമ തണുത്ത അക്ഷരങ്ങളായി വരയിട്ട പഴയ ഡയറിത്താളുകളിൽ പതിഞ്ഞു കിടന്നിരുന്നത് കിതപ്പോടെ ഇവാൻ ഓർത്തെടുത്തു. പ്രണയം റിച്ചാർഡിന്റെ അസ്ഥിക്കു പിടിച്ചിരുന്ന കാലമായിരുന്നു അതെന്ന് ഒരിക്കൽ ചീസ് ഗ്രേറ്റ്ചെയ്യുന്നതിനിടയിൽ മമ്മ ഇവാനോടു പറഞ്ഞിരുന്നു. അപ്പോൾ അഴികളില്ലാത്ത ജാലകത്തിലൂടെ ദൂരെ ആൽപ്സ് പർവതനിരയിലെ ഓക്ക് മരങ്ങളിൽ മഞ്ഞുവീണു കിടക്കുന്നത് കാണാമായിരുന്നു. തൊലിപ്പുറമേ നിന്ന് ആഴ്ന്നിറങ്ങി മാംസം തുളച്ച് അസ്ഥിയിലേക്കും മജ്ജയിലേക്കും വേരുപടർത്തിയിരുന്ന റിച്ചാർഡിന് തന്നോടുണ്ടായിരുന്ന തീവ്രപ്രണയത്തെ മമ്മ ഇത്തരത്തിൽ പലപ്പോഴും പ്രണയം കലർന്ന പുഞ്ചിരിയോടെ അനുസ്മരിച്ചിരുന്നു.
‘‘എന്തിനായിരുന്നു ഇതൊക്കെ ഇവാൻ. ഒരു വാക്കുപോലും പറയാതെ നീ വീടുവിട്ടിറങ്ങിപ്പോവാൻ കാരണമെന്തായിരുന്നു?’’
ഒരുപക്ഷേ മാസങ്ങൾക്കുശേഷം മിലാനിൽ തിരിച്ചെത്തുമ്പോൾ റിച്ചാർഡ് തന്നോട് ചോദിച്ചേക്കാവുന്ന ചോദ്യത്തിന് ഇപ്പോൾതന്നെ ഇവാൻ ദേവദാരുവിന്റെ ക്രമരഹിതമായി വളർന്നുപൊങ്ങിയ ശാഖകൾക്കു കീഴെ തങ്ങിപ്പോയ ആ കൂറ്റൻപാറയിൽ ചാരിനിന്ന് ചെവി കൂർപ്പിച്ചു. റിച്ചാർഡ് അന്നേരം കിച്ചൻ സ്ലാബിന്റെ അറ്റത്ത് ഉറപ്പിച്ചിരുന്ന സ്റ്റൂളിലിരുന്ന് തന്റെ ഗിത്താറിന്റെ സ്ട്രിങ്സ് മുറുക്കിയതിനുശേഷം ഏതെങ്കിലും തെരുവു ഗായകർക്ക് പശ്ചാത്തല സംഗീതമൊരുക്കാൻ മിലാൻ നഗരത്തിലേക്ക് പോകാൻ തയാറെടുക്കുകയായിരിക്കുമെന്ന് ഇവാൻ ഭാവനചെയ്തു.
തന്റെ പിതാവിനെ പലപ്പോഴും റിച്ചാർഡ് എന്നു പേരുപറഞ്ഞ് സംബോധന ചെയ്യുന്നത് ഇവാൻ ശീലമാക്കിയിരുന്നു. ഇവാന്റെ ഇന്ത്യൻ വംശജയായ മമ്മ പത്മക്ക് അതൊരിക്കലും ഉൾക്കൊള്ളാനാവുമായിരുന്നില്ല. പത്മ പത്മയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല.
റിച്ചാർഡിനെക്കുറിച്ചും ഇവാനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിച്ച് പ്രാചീനത മണക്കുന്ന ആർദ്രതയിൽ വീണുടഞ്ഞുപോകുന്ന സ്ത്രീയായിരുന്നു അവർ. അപൂർവം അവരെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം മഞ്ഞുവീഴുന്ന തണുത്തുറഞ്ഞ സന്ധ്യകളിൽ നേരത്തേ അസ്തമിച്ചുപോയ സൂര്യനെ ഓർത്ത് അവർ വിഷാദത്തിന്റെ കടലിൽ ചെന്നുപതിച്ചു. അതിൽനിന്ന് പുറത്തുകടക്കാനായി അവർ കൂടുതൽ ചീസ് ഗ്രേറ്റ്ചെയ്ത് റിച്ചാർഡിന് ഏറ്റവും പ്രിയപ്പെട്ട ഇറ്റാലിയൻ വൈറ്റ് പാസ്തയിൽ ചേർത്തു. റിച്ചാർഡിന്റെ ഗിത്താറിന്റെ സ്ട്രിങ്സ് പൊടിതുടച്ചു വൃത്തിയാക്കി. ഇവാന്റെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന മുറി അടുക്കുകയും അവന്റെ പുസ്തകങ്ങളിലെ പൊടിതട്ടുകയും ചെയ്തു. അപ്പോഴെല്ലാം പത്മ തന്റേതുമാത്രമായ തിരഞ്ഞെടുപ്പുകളിൽ നിരാശയില്ലാതെ നിശ്ശബ്ദതയെ പ്രണയത്തോടെ സ്വീകരിച്ചു.
പത്മ ശൈത്യത്തിൽനിന്നു വന്നു. പക്ഷേ, റിച്ചാർഡിനൊപ്പമുള്ള വസതിയിലെ അതിശൈത്യത്തെയും അതു നൽകിയ വിഷാദത്തെയും അതിജീവിക്കാനാവാതെ അവർ ഉഴറി. അപ്പോഴെല്ലാം അവർ ഉദിച്ചുയരുന്ന സൂര്യനെ കാണാനും വരാനിരിക്കുന്ന വസന്തത്തെക്കുറിച്ച് കവിതകളെഴുതാനും വെമ്പൽകൊണ്ടു. സൂര്യനുദിക്കാത്ത തണുത്തിരുണ്ട പകലുകളിൽ അളന്നു തിട്ടപ്പെടുത്താൻ കഴിയുന്ന കാരണങ്ങളൊന്നുമില്ലാതെ അവർ ജീവിതത്തിന്റെയും മരണത്തിന്റെയും അതിരിൽ നിന്നു. അതിനിടയിലും ജീവിതത്തെ മുറുകെ പിടിക്കാൻ ശ്രമിച്ച് ശൈത്യത്തിന്റെ ലാബിറിന്തൻ തെരുവുകളിലെ ആശയക്കുഴപ്പങ്ങളിലൂടെ പുറത്തുവരാനാവാതെ വഴിതെറ്റിയലഞ്ഞു.
റിച്ചാർഡ് ഗിത്താർ ചുമരിൽ തറച്ചിരുന്ന ആണിയിൽ തൂക്കിയിട്ട് പുറത്തേക്ക് പോകാൻ തയാറായി.
‘‘പത്മാ, ഞാൻ പുറത്തേക്കിറങ്ങുന്നു.’’
പതുക്കെ മറ്റാരും കേൾക്കാതെ റിച്ചാർഡ് വിളിച്ചുപറഞ്ഞു. ഒരുപക്ഷേ ഉറക്കെ പറഞ്ഞാലും അതു കേൾക്കാനായി മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
‘‘ഓക്കെ റിച്ചാർഡ്, തിരിച്ചുവരുമ്പോൾ കുറച്ചു ചീസും ഫ്രെഷ് ക്രീമും കൊണ്ടുവരാമോ.’’
പത്മ തന്റെ കവിതകൾ ഒളിച്ചുവെച്ച ഈറൻ കണ്ണുകൾ മിന്നിച്ച് തന്റെ മുന്നിൽ വന്ന് പറയുന്നതുപോലെ റിച്ചാർഡിനു തോന്നി.
പത്മ രണ്ടു വർഷം മുമ്പ് മരിച്ചുപോയി എന്ന വസ്തുത അവളോട് ജീവിച്ചിരിക്കുന്ന വ്യക്തിയോട് എന്നപോലെ നിരന്തരം സംസാരിച്ചുകൊണ്ട് റിച്ചാർഡ് മറികടക്കാൻ ശ്രമിച്ചു. വീടിന്റെ ഓരോ കോണിലും ഇപ്പോഴും പത്മ തന്റെ വസന്തകാല കവിതകൾ മൂളി റിച്ചാർഡിനോടുള്ള പ്രണയംപേറുന്ന തിളങ്ങുന്ന കണ്ണുകളുമായി ഭൂമിക്കു നോവാതെ നടക്കുന്നുണ്ടെന്ന് രോമക്കുപ്പായവും തുളച്ച് കടന്നുവന്ന ശീതക്കാറ്റ് റിച്ചാർഡിനോടു പറഞ്ഞു. പത്മ ഇരുണ്ട ചാരനിറമുള്ള മങ്ങിയ ആകാശത്തിനു കീഴെയുള്ള ശീതകാലങ്ങളെ വെറുത്തു. അപൂർവം റിച്ചാർഡിന്റെ കൈപിടിച്ച് ശൈത്യത്തിലേക്കിറങ്ങുമ്പോൾ തന്റെ രോമക്കുപ്പായത്തിന്റെ മുഖം മറയ്ക്കുന്ന ഭാഗം മുന്നോട്ടു വലിച്ചിട്ട് സൂര്യനൊഴിഞ്ഞ വിഷാദ ആകാശത്തെ മറയ്ക്കാൻ ശ്രമിച്ചു. ശീതകാല സന്ധ്യാവിഷാദങ്ങൾ വിസ്മരിച്ച് ജീവിതോത്സാഹത്തെ തിരികെപ്പിടിക്കാൻ മഞ്ഞിൽ ചുവടുവെക്കുന്ന ഉത്സാഹികളായ പ്രണയക്കൂട്ടങ്ങളെ പത്മ കണ്ടില്ലെന്നു നടിച്ചു.
റിച്ചാർഡ് എന്തോ ഓർത്ത് തിരിച്ചു വീട്ടിലേക്കു കയറി ഇവാന്റെ അടഞ്ഞുകിടന്ന മുറിക്കു മുന്നിൽ കുറച്ചുനേരം നിന്നു. ഒരിക്കൽ പത്മ ഈ വീടിന്റെ പേര് ശൈത്യം എന്നാക്കി മാറ്റണമെന്ന് പറഞ്ഞത് റിച്ചാർഡ് ഓർത്തു. അപ്പോൾ ഇവാൻ മഞ്ഞ് കട്ടപിടിച്ചു കിടക്കുന്ന റോഡിൽ മുന്നോട്ടു പോകാനാവാതെ വാഹനങ്ങൾ നിരനിരയായി കിടക്കുന്നത് നിശ്ശബ്ദനായി നോക്കിനിൽക്കുകയായിരുന്നു. ഗവൺമെന്റ് കൗൺസിലേഴ്സും ജീവനക്കാരും യന്ത്രമുപയോഗിച്ച് മഞ്ഞുകട്ടകൾ മുറിച്ച് തെരുവോരത്തേക്ക് മാറ്റുന്നുണ്ടായിരുന്നു. മുറിച്ചുമാറ്റുന്ന മഞ്ഞുകട്ടകൾകൊണ്ട് മൂടി തങ്ങളുടെ വീട് അപ്രത്യക്ഷമായി പോകുമെന്ന് അന്നേരം ഇവാന് തോന്നിയിരിക്കണം. അത്രമാത്രം ചകിതമായിരുന്നു കുഞ്ഞു ഇവാന്റെ മുഖം.

ഇവാൻ എന്തിനായിരുന്നു ഒരു വാക്കു പോലും പറയാതെ പെട്ടെന്ന് വീടുവിട്ടു പോയതെന്ന് റിച്ചാർഡിന് ഊഹിക്കാനായില്ല. ഒരുപക്ഷേ പത്മ യുണ്ടായിരുന്നെങ്കിൽ ഇവാൻ ഇങ്ങനെ ചെയ്യുമായിരുന്നില്ല. പ്രായപൂർത്തിയായാൽ മക്കൾ വീടുവിട്ടു പോകുന്നത് ഇവിടെ പതിവാണ്. പക്ഷേ, പത്മ അവളുടെ ഇന്ത്യൻ സംസ്കാരം ഇവാനിലേക്ക് പകർന്നുനൽകാൻ ശ്രമിച്ചിരുന്നു. പക്ഷേ, സങ്കര സംസ്കാരത്തിന്റെ വേരുകളിറങ്ങിയ മസ്തിഷ്കചോദനകളുടെ പിടിയിൽനിന്ന് ഇവാൻ പൂർണമായും മോചിതനായിരുന്നില്ല.
കോട്ടെടുത്തിട്ട് വീടുപൂട്ടി പുറത്തേക്കിറങ്ങിയപ്പോൾ ചുറ്റും ഒരേ ഘടനയിലും നിറത്തിലും രൂപത്തിലും പൈൻമരവും ഓക്കുമരവും കൊണ്ട് നിർമിച്ച വീടുകൾക്ക് മുകളിൽ മഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. വ്യത്യസ്തരായ മനുഷ്യരെ ഒരേപോലുള്ള വീടുകളിൽ അടച്ചിടുന്നതിലെ വൈരുധ്യത്തെക്കുറിച്ച് പത്മ ഒരിക്കൽ പറഞ്ഞു. എപ്പോഴും അടഞ്ഞുകിടക്കുന്ന ആ വീടുകളുടെ വാതിലുകൾ തകർത്ത് മനുഷ്യരുടെ നാനാതരം ഉന്മാദങ്ങൾ മഞ്ഞുമൂടിക്കിടക്കുന്ന തെരുവിലൂടെ അവരുടെ അവകാശങ്ങൾക്കായ് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി ഘോഷയാത്ര നടത്തുമെന്ന് പത്മ പറഞ്ഞപ്പോൾ റിച്ചാർഡ് പത്മയുടെ മസ്തിഷ്കത്തിലെ ശൈത്യമറിഞ്ഞു. ഇവാൻ അപ്പോൾ ഉറങ്ങുകയായിരുന്നു.
‘‘റിച്ചാർഡ് ഈ തണുപ്പിൽ എവിടേക്കു പോകുന്നു?’’
എന്നത്തെയുംപോലെ തൊട്ടടുത്ത വീട്ടിലെ കെയർടേക്കർ ചോദിച്ചു. ആ വീട്ടിലെ വൃദ്ധദമ്പതികൾ ഉറക്കത്തിലായിരിക്കും. അതാണ് അയാളെ പുറത്തുകണ്ടതെന്ന് റിച്ചാർഡ് ഊഹിച്ചു.
‘‘ഫാമിലേക്കു പോകുന്നു പ്രിയ സഹോദരാ’’ എന്നുപറഞ്ഞ് റിച്ചാർഡ് ആഞ്ഞുനടന്നു. ഇവാൻ അപ്രത്യക്ഷനായതിനുശേഷം അയാളുടെ സ്നേഹത്തോടെയുള്ള കുശലാന്വേഷണങ്ങൾ കൂടിയിട്ടുണ്ടെന്ന് റിച്ചാർഡ് ഓർത്തു. പരിചരണത്തിൽ അയാൾ മിടുക്കനാണെന്ന് റിച്ചാർഡിനോട് വൃദ്ധദമ്പതികൾ പറഞ്ഞിരുന്നു. അയാൾ ഒരു ഇന്ത്യക്കാരനാണെന്ന് ഇവാന് പെട്ടെന്ന് തോന്നി.
ഫാം ഹൗസിലെ മൃഗങ്ങളും ചെടികളും പക്ഷികളുമെല്ലാം തന്നെ കാത്തിരിക്കുകയായിരിക്കുമെന്ന ചിന്തയിൽ റിച്ചാർഡ് വേഗത്തിൽ നടന്നു. ഫാമിൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും കന്നുകാലികളുടെയും പക്ഷികളുടെയും ഹീറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ, ആഹാരം കൃത്യമായി കഴിക്കുന്നുണ്ടോ എന്നെല്ലാം ശൈത്യത്തിലെ എല്ലാ ദിവസവും റിച്ചാർഡ് സ്വയം ഉറപ്പാക്കിയിരുന്നു.
മഞ്ഞുവീഴ്ച കൂടുതലുള്ള ദിനങ്ങളിൽ ഫാമിലെ മൃഗങ്ങളും പക്ഷികളും പത്മയെപ്പോലെ വിഷാദവും ഏകാന്തതയും അനുഭവിക്കുന്നുണ്ടെന്ന് റിച്ചാർഡിനു തോന്നാറുണ്ട്. അവരുടെ സൂക്ഷ്മമായ അഭിരുചികൾ റിച്ചാർഡ് ശ്രദ്ധിച്ചിരുന്നു. മഞ്ഞുവീഴുന്ന ദിനങ്ങളിൽ അവയുടെ വിഷാദത്തിന്റെ സമ്മർദത്തെ മറികടക്കാനായി ഫാമിന്റെ ഓരോ കോണിലും റിച്ചാർഡ് സ്പീക്കറിലൂടെ പതിഞ്ഞശബ്ദത്തിൽ ഹൃദയഹാരിയായ സംഗീതം കേൾപ്പിക്കുമായിരുന്നു. നിശ്ശബ്ദതയും നിസ്സംഗതയും നിറഞ്ഞ കൊടും തണുപ്പിൽ മൃദുവായ സംഗീതത്തിനിടയിലൂടെ തന്നെ കൂടുതലായി അവർ ഓർക്കുന്നുണ്ടാവുമെന്ന് റിച്ചാർഡിനറിയാം.
പെട്ടെന്ന് കേംബ്രിജിൽ താൻ പ്രഫസറായിരുന്ന ശീതകാല ദിനങ്ങൾ റിച്ചാർഡിന് ഓർമവന്നു. തന്റെ കീഴിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ഇന്ത്യൻ വിദ്യാർഥിനിയായിരുന്നു പത്മ പണ്ഡിറ്റ്. കലാപങ്ങളുടെയും പലായനങ്ങളുടെയും ശൈത്യമുറഞ്ഞ നാട്ടിൽനിന്നായിരുന്നെങ്കിലും അതൊന്നും ഓർക്കാതെ പത്മ ഉത്സാഹത്തോടെ യൂനിവേഴ്സിറ്റിയിൽ നിറഞ്ഞുനിന്നു. ഗവേഷണവുമായി ബന്ധപ്പെട്ട റഫറൻസുകൾക്കായി ഇരുട്ടിൽ ലൈബ്രറിയിലേക്ക് ഒന്നിച്ചുനടക്കുന്നതിനിടയിൽ അവൾ തണുത്തുവിറക്കുന്നത് റിച്ചാർഡ് കണ്ടു.
സമയം അർധരാത്രിയോടടുത്തിരുന്നു. കാമ്പസിന്റെ പല കോണുകളിലും അപ്പോഴും വിദ്യാർഥികളുണ്ടായിരുന്നു. കേംബ്രിജിലെ ബിരുദദാന ചടങ്ങായിരുന്നു പിറ്റേന്ന്. കേംബ്രിജിൽനിന്ന് ബിരുദം നേടുന്ന ‘ട്രൈപ്പോസ്’ എന്നു സംബോധന ചെയ്യുന്നവരെ വരവേൽക്കാൻ കാമ്പസ് നിറയെ ധാരാളം തോരണങ്ങൾ തൂക്കിയിരുന്നു.
‘‘പത്മാ, നീയും ശൈത്യത്തിൽനിന്നല്ലേ വരുന്നത്. പിന്നെയെന്താണ് തണുത്തു വിറയ്ക്കുന്നത്.’’
മഞ്ഞുപൊഴിഞ്ഞ് അവരുടെ തലമുടിയിലും കൺപീലികളിലും കുഞ്ഞു പഞ്ഞിക്കെട്ടുകൾ രൂപപ്പെടുന്നുണ്ടായിരുന്നു.
അന്ന് മോർണിങ് സെഷനിൽ ക്ലാസെടുക്കാനായി സീനിയർ ബാച്ചിന്റെ ഗാലറിയിലേക്കു പോകാൻ മൈതാനത്തിലൂടെ നടക്കുമ്പോൾ യൂനിവേഴ്സിറ്റിയുടെ കോമ്പൗണ്ട് വാളിനോടു ചേർന്നുകിടക്കുന്ന വലിയ തടാകക്കരയിൽ പത്മ നിൽക്കുന്നതു റിച്ചാർഡ് കണ്ടിരുന്നു. തടാകത്തിന്റെ ഉപരിതലത്തിൽ. മഞ്ഞുറഞ്ഞ് കട്ടിയായ ഐസ് പാളികളിൽ തട്ടി തിരിച്ചുപറന്നു വന്ന ഫുട്ബോൾ കൈയിൽ പിടിച്ച് ആവേശത്തോടെ കളി തുടരുന്ന വിദ്യാർഥികളെ അത്ഭുതത്തോടെയും പകപ്പോടെയും നോക്കി നിൽക്കുകയായിരുന്നു അവൾ. വീടുകളുടെ മേൽക്കൂരക്കു മുകളിൽ, മരങ്ങളുടെ തലപ്പിൽ, യൂനിവേഴ്സിറ്റി കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ, തെരുവിൽ, ധരിച്ചിരുന്ന കോട്ടിലും തൊപ്പിയിലും എല്ലാം മഞ്ഞുവീഴുന്നുണ്ടായിരുന്നു. മഞ്ഞിൽ കോച്ചി വിറക്കുന്ന പത്മയെ കുറച്ചുനേരം നോക്കിനിന്നതിനു ശേഷം രാത്രി ലൈബ്രറിയിൽ വെച്ച് കാണുമ്പോൾ സംസാരിക്കാമെന്ന് കരുതി റിച്ചാർഡ് ക്ലാസെടുക്കാൻ പോയി.
പത്മക്ക് റിച്ചാർഡിന്റെ ചോദ്യം കേട്ടപ്പോൾ കശ്മീരി മലഞ്ചെരിവിലെ തണുത്ത താഴ്‌വരയിലെ തന്റെ വീടും പൂന്തോട്ടവും ഓർമ വന്നു. പൂന്തോട്ടത്തിൽ നിറയെ ടുലിപ് പുഷ്പങ്ങൾ വിരിഞ്ഞിരിക്കും. അച്ഛൻ ജഗൻ പണ്ഡിറ്റ് പത്രമാപ്പീസിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും. ആ പ്രവിശ്യയിലെ ഏറ്റവും പേരുകേട്ട ജേണലിസ്റ്റായിരുന്നു അദ്ദേഹം. അമ്മ കമല യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങളിലൂടെ ഓടുന്നുണ്ടാവും.
അടുക്കളയിൽനിന്ന് അമ്മ തയാറാക്കിവെച്ചിരിക്കുന്ന കുങ്കുമപ്പൂവിന്റെ മധുരസ്പർശത്താൽ തരളിതയായ ‘മോദൂർ പുലാവി’ന്റെയും തൈരു ചേർന്ന സ്വാദിഷ്ഠമായ ‘യഖ്നി’ കറിയുടെയും രുചി സുഗന്ധങ്ങൾ ഒഴുകി പരക്കുന്നുണ്ടാവും. ഭക്ഷണഗന്ധങ്ങൾ മനുഷ്യരെ വീടുകളിലേക്ക് തിരിച്ചു വിളിക്കുമെന്ന് പത്മക്കു തോന്നി. ശ്രീനഗറിലെ ലാബിറിന്തൻ തെരുവുകളുടെ ആശയക്കുഴപ്പം വളഞ്ഞു പുളഞ്ഞുകിടന്ന് പത്മയെ എപ്പോഴും അവേശം കൊള്ളിച്ചിരുന്നു. ലാബിറിന്തൻ തെരുവിലെ ഒരേ പോയന്റിനു മുന്നിലൂടെ പലതവണ വഴിതെറ്റി കടന്നുപോകുമ്പോൾ അവിടത്തെ ആവി പറക്കുന്ന മസാല മണക്കൂട്ടിന്റെ രുചി ഗന്ധങ്ങൾ അവളെ വീണ്ടും ശരിയായ വഴിയിലേക്കു നയിച്ചു. ഒരിക്കൽ തെരുവിനു പുറത്ത് ദൂരെയെവിടെയോ വെടിയൊച്ച മുഴങ്ങിയപ്പോൾ പത്മ തെരുവിന്റെ ഏതോ കോണിൽവെച്ച് തന്റെ കൈവിട്ട് അപ്രത്യക്ഷയായ അമ്മയെ തിരഞ്ഞുനടന്നു.
കെട്ടുപിണഞ്ഞു കിടക്കുന്ന വഴിയുടെ ആശയക്കുഴപ്പത്തിൽനിന്ന് പുറത്തു കടന്ന് തന്റെ അരികിലേക്ക് വന്ന അമ്മയുടെ അടുത്തേക്ക് അവൾ ഓടിച്ചെന്നപ്പോൾ ചുറ്റും വീണ്ടും വെടിയൊച്ചകൾ മുഴങ്ങി. ദിക്കറിയാതെ നിന്നപ്പോൾ വീണ്ടും ലാബിറിന്തൻ തെരുവ് അവരെ ചുറ്റിപ്പിണഞ്ഞ് വലയം ചെയ്തു. ഭൂതകാലത്തിലെ ഈ ഓർമയിലൂടെ അവൾ പലതവണ വഴി തെറ്റി അലഞ്ഞു. എന്നാലും, ശ്രീനഗറിലെ ലാബിറിന്തൻ തെരുവുകളിലെ നിഗൂഢതയിലേക്ക് തന്നെ തിരിച്ചുപോകാൻ പത്മക്ക് തോന്നി.
ലൈബ്രറിയിലേക്ക് തിരിയുന്ന വഴിയിൽ തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്ന റിച്ചാർഡിന്റെ കരംകവർന്ന് കോച്ചി വിറച്ചുകൊണ്ട് അവൾ പറഞ്ഞു.
‘‘അവിടെയെന്റെ പ്രിയപ്പെട്ട വീടുണ്ട്.’’
മഞ്ഞുപൊഴിയുന്നതിനിടയിലും ആ രാത്രിയിൽ അവളുടെ കണ്ണുകളിൽ തടാകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്
റിച്ചാർഡ് കണ്ടു. ഇവിടെ ഞാനുണ്ടെന്ന് റിച്ചാർഡ് പത്മയോട് പറഞ്ഞില്ല. എന്നാൽ, അവളോട് അലിവു തോന്നി ചേർത്തുപിടിച്ച് ആദ്യമായി ആലിംഗനം ചെയ്തു. ദീർഘമായി തണുത്തു മരവിച്ച ചുണ്ടുകളിൽ ചുംബിച്ചു. ആ ചേർത്തുപിടിക്കലിൽനിന്ന് രണ്ടുപേർക്കും പിന്നീട് മോചിതരാകാനായില്ല.
ഫാമിലെത്തിയപ്പോൾ റിച്ചാർഡ് തന്റെ ഓർമകളെല്ലാം ഫാം ഹൗസിന്റെ ഗേറ്റിനു പുറത്തെ ഷെൽഫിൽ തന്റെ രോമക്കുപ്പായത്തോടൊപ്പം നിക്ഷേപിച്ചു. ഫാം ഹൗസിലേക്ക് പ്രവേശിക്കുമ്പോഴുള്ള ലെതർ ജാക്കറ്റണിഞ്ഞു. റിച്ചാർഡിന്റെ സാന്നിധ്യത്തിൽ ഫാം ഹൗസ് മുഴുവനായി ഉണർന്നു. നേർത്ത സംഗീതം റിച്ചാർഡിനെ വരവേറ്റു. പക്ഷികളോടും മൃഗങ്ങളോടും ചെടികളോടും ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് റിച്ചാർഡ് ഫാം മുഴുവൻ നടന്നു. അവരെല്ലാം പല ശബ്ദത്തിലുള്ള ഭാഷയുതിർത്ത് റിച്ചാർഡിനെ അഭിസംബോധന ചെയ്തു. എല്ലാം കാര്യങ്ങളും നല്ലരീതിയിൽ നടക്കുന്നു എന്ന് ഉറപ്പാക്കി റിച്ചാർഡ് വിശ്രമമുറിയിലേക്ക് കയറി.
എപ്പോഴാണ് താനും പത്മയും കേംബ്രിജിലെ ടീച്ചിങ് പ്രഫഷൻ ഉപേക്ഷിച്ച് മിലാനിലെ വസതിയിലേക്ക് മടങ്ങി ഫാം ഹൗസ് തുടങ്ങിയതെന്ന് റിച്ചാർഡിന് ഓർത്തെടുക്കാനായില്ല. ഒന്നിച്ചുജീവിക്കാൻ തുടങ്ങിയതിനു ശേഷം താൻ പത്മയുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം കൊടുത്തു. സന്ധിചെയ്യാത്ത ഒരേയൊരു കാര്യം ഗിത്താർ വായനയും തെരുവു സംഗീതവുമായിരുന്നു.
ഇവാൻ ജനിച്ചു കുറെ നാളുകൾക്കു ശേഷമാണ് പത്മയുടെ സീസണൽ അഫക്ടിവ് ഡിസോഡർ റിച്ചാർഡ് തിരിച്ചറിഞ്ഞത്. ഇവാനോടുള്ള വാത്സല്യം ചുരത്തുമ്പോഴും മഞ്ഞുറഞ്ഞ് സൂര്യനുദിക്കാത്ത തണുത്ത ദിനങ്ങളിൽ അവൾ കാരണമില്ലാതെ കരഞ്ഞു. തന്നെ ഉത്സാഹിയും ഉന്മാദിയുമായി ഉയർത്തുന്ന വസന്തകാല ദിനങ്ങൾക്കായി കൊക്കൂണുകൾക്കുള്ളിലെന്നപോലെ മൂകമായി അടയിരുന്നു. റിച്ചാർഡിനെ
അഗാധമായി സ്നേഹിച്ചുകൊണ്ടുതന്നെ പത്മ പുറത്തെ മഞ്ഞുകൂമ്പാരങ്ങളിൽ തന്റെ ശബ്ദത്തെയും പ്രണയത്തെയും ഒളിപ്പിച്ചു വെച്ചു. റിച്ചാർഡിനു കണ്ടെടുക്കാനാവാത്ത വിധം ആഴത്തിലും അദൃശ്യവുമായിട്ടായിരുന്നു അത്. റിച്ചാർഡ് അവളെ ജീവിതത്തോടു ചേർത്തുനിർത്താൻ വീണ്ടും വീണ്ടും ശ്രമിച്ചു. എന്നിരുന്നാലും സൂര്യനോടും വസന്തത്തോടും ഉള്ള തീവ്രമായ ആസക്തിയുടെയും റിച്ചാർഡിനോടും ഇവാനോടുമുള്ള അതിരാല്ലാത്ത സ്നേഹത്തിനും ഇടയിൽ അകപ്പെട്ട് പത്മയുടെ ചിന്തകൾ ശീതക്കാറ്റിൽ ദിശതെറ്റി ലക്ഷ്യത്തിൽനിന്ന് വ്യതിചലിച്ചു. അപ്രതീക്ഷിതമായി ഒരുദിവസം അവരുടെ അരുമയായ പൂച്ചക്കുഞ്ഞ് വീടുവിട്ടിറങ്ങിപ്പോയതിന്റെ പിറ്റേന്ന് അടഞ്ഞ വാതിലുകൾക്കുള്ളിൽ പത്മ തന്റെ ശീതകാല ഉന്മാദങ്ങൾ അവസാനിപ്പിച്ചു.
പൂച്ചയെ കാണാതായ ദിവസം പകൽ മുഴുവൻ പത്മയതിനെ അന്വേഷിച്ചലഞ്ഞു. മഞ്ഞിൽ അത് തണുത്തു മരവിച്ചു മരിച്ചുപോകുമെന്ന് ആധിപൂണ്ടു.
പത്മയുടെ തണുത്തു നിശ്ചലമായ ശരീരത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന ഇവാനെ ചേർത്തുപിടിച്ച് റിച്ചാർഡ് പലതവണ പിറുപിറുത്തു.
‘‘എന്തിനായിരുന്നു ഇതൊക്കെ പത്മാ. ഒരു വാക്കുപോലും പറയാതെ ‘ശൈത്യ’ത്തിൽനിന്ന് ഇറങ്ങിപ്പോകാൻ നിനക്കെങ്ങനെ കഴിഞ്ഞു.’’
പത്മ അവരുടെ വീടിനെ ശൈത്യമെന്നു സ്വയം വിളിച്ചിരുന്നു.
‘‘ഞാനതിൽനിന്ന് ഓടിയൊളിക്കാൻ ശ്രമിച്ചു.
അതിലേക്കുതന്നെ വന്നുവീണു.
എന്നെ പൊതിയുന്നതിനുമുമ്പ് ഞാൻ ഓടി.
പക്ഷേ, ഞാനതിൽ മുങ്ങിപ്പോയി
ഞാൻ എല്ലാറ്റിനെയും സ്നേഹിച്ചു
എന്റെ മുറ്റത്തേക്ക് കൂടുതൽ വെറുപ്പൊഴുകിയെത്തി.
ശൈത്യം വന്നുനിറയുന്നു
പോകാൻ വേറെയിടമില്ല.
എന്റെ പൂച്ചക്കുഞ്ഞുപോലും വീടുവിട്ടു പോയി.
അത് മരിച്ചോ ജീവിച്ചോ എന്നെനിക്കറിയില്ല.
ശൈത്യത്തിൽനിന്ന് വഴുതി കടലിലേക്ക് തന്നെ ഞാൻ വീണ്ടും വീണ്ടും വീഴുന്നു.
സമയമേറെയില്ല,
മഞ്ഞുരുകുമോ.
എന്നിലെ ഗൂഢശൈത്യത്തിൽനിന്ന്
സ്വതന്ത്രരായി കൊൾക.’’
കാറ്റു പറത്തിയ കടലാസ് റിച്ചാർഡിന്റെ തലമുടിയിൽ തടഞ്ഞുനിന്നു. പത്മയുടെ സുന്ദരമായ കൈയക്ഷരത്തിന്റെ ശോഭയുടെ മുഴക്കത്തിൽ റിച്ചാർഡിന് നിലതെറ്റുന്നതു പോലെതോന്നി. മരണത്തിന്റെ കറുത്തതും തണുത്തതുമായ കരങ്ങൾ തന്റെ നെറുകയിൽ മഞ്ഞു കോരിയിട്ടതുപോലെ റിച്ചാർഡ് വിറച്ചു. പാതിബോധത്തിൽ മുകളിലെവിടെയോ നിന്ന് ഭീമാകാരമായ മഞ്ഞുപാളികൾ ഇടിഞ്ഞുവീണ് റിച്ചാർഡിന്റെ ശിരസ്സിൽ പതിച്ചു. ഇവാനെ ഒരിക്കൽക്കൂടി അലിവോടെ ചേർത്തുനിർത്തി മമ്മയുടെ മരണത്തിൽ സധൈര്യം മനസ്സുറപ്പിക്കാൻ പറഞ്ഞു. മമ്മ മരണത്തിലേക്കു നടന്നുപോയ വഴിയുടെ അപരിചിതത്വത്തിൽ അടിപതറി ഇവാൻ നെരിപ്പോടിനടുത്തുള്ള സെറ്റിയിൽ നിശ്ശബ്ദനായി ഇരുന്നു. മമ്മ ഒരു വാക്കു പോലും സൂചന നൽകാതെ എന്തിനിതു ചെയ്തു എന്ന് പലതവണ ഇവാൻ സ്വയം ചോദിച്ചു. അതിനുള്ള ഉത്തരമെന്നോണം ഭൂതകാലത്തിലെന്നോ മുതൽ തന്റെ വീടിനെ മൂടിത്തുടങ്ങിയിരുന്ന അതിശൈത്യം ഇരുപതു വർഷങ്ങൾക്കിപ്പുറത്തേക്ക് മഞ്ഞുപാളികൾക്കിടയിലൂടെ പാറിവന്ന് ഇവാനെ പൊതിഞ്ഞു.
മമ്മ എത്ര അഗാധമായാണ് തന്നെയും റിച്ചാർഡിനെയും സ്നേഹിച്ചിരുന്നതെന്ന് ഡൈനിങ് ടേബിളിൽ മൂടിവെച്ചിരുന്ന മോദൂർ പുലാവിൽനിന്നും ഇറ്റാലിയൻ വൈറ്റ് പാസ്തയിൽനിന്നും പുറത്തേക്കുവന്ന സമ്മിശ്ര സുഗന്ധം കൃത്യമായി അടയാളം പറഞ്ഞ് ഇവാനു ചുറ്റും പരന്നു.
‘‘മമ്മാ, എനിക്കു സഹിക്കാനാവുന്നില്ല.’’
നിശ്ശബ്ദതയെയും മഞ്ഞുപാളികളിൽ ഉറഞ്ഞുപോയ അതിശൈത്യത്തെയും കീറിമുറിച്ച് ഇവാന് സകല മര്യാദകളും മറന്ന് ഉറക്കെ കരയാൻ തോന്നി. നിലതെറ്റിയ ഇവാനെ നോക്കി കുറച്ചുസമയം നിന്നതിനുശേഷം സമയം അവനെ ശാന്തനാക്കും എന്നുറച്ച് റിച്ചാർഡ് കോട്ടെടുത്തിട്ട് പത്മയുടെ മരണം ലോകത്തെ അറിയിക്കാനായി നിശ്ശബ്ദം വാതിൽ ചാരി പുറത്തേക്കിറങ്ങിപ്പോയി.
മൃഗങ്ങളുടെയും പക്ഷികളുടെയും പ്രത്യേകരീതിയിലുള്ള കരച്ചിൽ കേട്ടപ്പോൾ റിച്ചാർഡ് പത്മയുടെ ശൈത്യത്തിൽനിന്നുള്ള ഇറങ്ങിപ്പോക്കിന്റെ ഓർമവിട്ട് ഫാംഹൗസിലെ വിശ്രമമുറിയിലേക്കു തന്നെ മടങ്ങിവന്നു. പത്മയോട് സംസാരിച്ചിട്ട് വളരെയധികം നേരമായിരിക്കുന്നു എന്ന തോന്നലിൽ റിച്ചാർഡ് തന്റെ സ്വരം പത്മയെ കേൾപ്പിക്കാനായി വീട്ടിലേക്ക് പോകാൻ ധൃതിയിൽ കോട്ടെടുത്തിട്ടു.
ഇവാൻ ആയാസപ്പെട്ട് വീണ്ടും മഞ്ഞു വീണുകിടക്കുന്ന വഴിയിലൂടെ ചെങ്കുത്തായ കയറ്റം കയറാൻ തുടങ്ങി. കൃത്യമായി രേഖപ്പെടുത്തിയ വഴികൾ അവസാനിച്ചിട്ട് ഏറെനേരമായിരുന്നു. മൊബൈൽ റേഞ്ചില്ലാത്തതു കാരണം കമ്യൂണിക്കേഷൻ സാധ്യമായിരുന്നില്ല. ഇന്റർനെറ്റ് കണക്ഷനും കിട്ടുന്നുണ്ടായിരുന്നില്ല. ചെറിയ ആ മഞ്ഞുമലക്കപ്പുറം സിയാരയുടെ കുഞ്ഞു ഗ്രാമം ഒളിഞ്ഞിരുപ്പുണ്ടെന്നുതന്നെ ഇവാൻ ഉറപ്പിച്ചു. ഒരിക്കൽ മിലാനിൽവെച്ച് സിയാര അങ്ങനെയൊരു തണുത്ത മനോഹരമായ ഗ്രാമത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായി ഇവാന് ഓർമവന്നു. കുത്തനെയുള്ള കയറ്റം കയറി നിരപ്പായ ഒരു സ്ഥലത്തെത്തിയപ്പോൾ അകലെ ഏതാനും വീടുകളും കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളും ദേവദാരുമരങ്ങൾക്കിടയിൽ മഞ്ഞുപുതഞ്ഞ വെളുത്ത കുപ്പായമിട്ട് നിൽക്കുന്നതു കണ്ടു. ഏതോ ആവേശത്താൽ അതിവേഗം നടന്ന് അവിടെയെത്തിയപ്പോൾ ചെറിയ സ്കൂൾ പോലെ തോന്നിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്ത് മഞ്ഞിനെ വകവെക്കാതെ, കോട്ടിടാതെ പൊക്കമുള്ള ഒരു സ്ത്രീരൂപം നെട്ടെനെ നിൽപുണ്ടായിരുന്നു.
അത് സിയാര അലിഖാൻ തന്നെ എന്ന ഉറപ്പിൽ അവളുടെ മുന്നിലേക്ക് കയറിനിന്ന് ഇവാൻ ദീർഘനിശ്വാസം വിട്ടു.
‘‘സിയാരാ...’’
ഇവാന്റെ പതിഞ്ഞതെങ്കിലും ഉടലകങ്ങളിൽനിന്നു വർധിത വൈകാരിക മർദത്താൽ പുറത്തുവന്ന കനംതൂങ്ങിയ ശബ്ദത്തിലേക്ക് അന്നേരം പ്രപഞ്ചത്തിലെ സകല പ്രണയ തന്മാത്രകളും അഭയംതേടി ചെന്നു.
കലാപങ്ങളിൽനിന്നും പലായനങ്ങളിൽനിന്നും ഭൂകമ്പങ്ങളിൽനിന്നും അതിജീവിച്ചവരെ താമസിപ്പിക്കുന്ന ‘താൽക്കാലിക പുനരധിവാസ കേന്ദ്രമായിരുന്നത്. അവരുടെ ഗ്രാമത്തിലും കൃഷിയിടങ്ങളിലും നടന്ന കലാപത്തിൽ വീടും ആത്മാവും നഷ്ടപ്പെട്ട അനേകം പേരോടൊപ്പം സിയാരയുടെ മാതാപിതാക്കളും സഹോദരിയും അവിടെയുണ്ടായിരുന്നു. അതറിഞ്ഞയുടൻ ഇവാനോടുപോലും പറയാതെ സിയാര ഇന്ത്യയിലേക്ക് വരുകയായിരുന്നു. വന്നതിനുശേഷം ആ കേന്ദ്രത്തിന്റെ
കോഓഡിനേറ്ററായും കെയർടേക്കറായും സിയാര പ്രവർത്തിക്കുന്നുണ്ടായിരുന്നു. താൻ ചെയ്യുന്ന മഹത്തായ പ്രവൃത്തിയുടെ ഉദാത്തതയാൽ ദൃഢമായിത്തീർന്ന
സിയാരയുടെ മുഖം കണ്ടപ്പോൾ ‘‘എന്തിനായിരുന്നു ഇതൊക്കെ സിയാര’’ എന്ന് ഇവാന് ചോദിക്കാനായില്ല. അവളുടെ തണുത്തു മരവിച്ച കൈപിടിച്ച് ഇവാൻ കുറച്ചുനേരം നിശ്ശബ്ദനായിനിന്നു.
‘‘ഒരു വാക്കു പറയാതെ അപ്രത്യക്ഷയായപ്പോൾ ഞാൻ വല്ലാതെ ഭയന്നു’’ എന്നുമാത്രം വളരെ ശബ്ദം താഴ്ത്തി സിയാരയുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.
എന്തിനെന്ന് സിയാര ചോദിച്ചില്ല. വീണ്ടും അവർക്കു ചുറ്റും മഞ്ഞുപൊഴിഞ്ഞ് ഇവാന്റെയും സിയാരയുടെയും തലമുടിയെ കൂടുതൽ വെള്ളകലർന്ന ചാരനിറമാക്കി മാറ്റി. ഏറ്റവും പ്രിയപ്പെട്ട ഒരാൾ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോൾ മറ്റാരുമായും പൂർണമായി പങ്കുവെക്കാനാവാത്ത ഓർമകൾ തരുന്ന കഠിനവ്യഥയുടെ ആഴം ഇവാന്റെ കണ്ണുകളിൽ ഉത്തരമായി ആ മഞ്ഞുവീഴ്ചയിലും നനവുപടർത്തുന്നുണ്ടായിരുന്നു.
ആ നനവിന്റെ അഗാധതയിൽ
നിന്നെവിടെയോനിന്ന് ഉറവ പൊട്ടിയ തീവ്രപ്രണയത്തിന്റെ അഗ്നിജ്വാല ഇവാന്റെ കണ്ണുകളെ നനവിലും ഏറെ തിളക്കമുള്ളതാക്കി. ചുറ്റും പടർന്നിരുന്ന കൊടും തണുപ്പത്തും ഊഷ്മളമായ എന്തോ ഒന്ന് തന്റെ അസ്ഥി തുളച്ച് ഉള്ളിലേക്കു പടരുന്നതുപോലെ സിയാരയുടെ കണ്ണുകളും അപ്പോൾ പൂർവാധികം പ്രകാശിച്ചു.
‘‘എന്നോട് ചോദിക്കാൻ മടിക്കുന്ന പകുതി ചോദ്യം നിന്റെ ഹൃദയത്തിനുള്ളിൽനിന്ന് ശബ്ദമില്ലാതെ പുറത്തേക്ക് വരുന്നത് എനിക്ക് കേൾക്കാം ഇവാൻ. ചില ചോദ്യങ്ങളങ്ങനെയാണ്. അതു പൂർണമാവേണ്ടതില്ല. ശബ്ദം പോലുമാവേണ്ടതില്ല.’’
ശബ്ദമില്ലാതെ സിയാര മന്ത്രിച്ചു.
ആ നിമിഷം ജന്മാന്തരങ്ങളായി മനുഷ്യനെ പിന്തുടരുന്ന അതിസാധാരണമായ ആ ചോദ്യത്തിന്റെ അർഥമില്ലായ്മയിൽ ഇവാൻ വാടിനിന്നു. മനുഷ്യൻ പലപ്പോഴും ചോദിക്കുകയും അതിലുപരി കേൾക്കുകയും ചെയ്യുന്ന വിടാതെ പിന്തുടരുന്ന ആ ചോദ്യം പാതി മുറിഞ്ഞ് സിയാരയുടെ നേരെ ശബ്ദമില്ലാതെ പുറത്തേക്കുവന്നു.
‘‘എന്തിനായിരുന്നു ഇതൊക്കെ സിയാരാ. ഒരു വാക്കുപോലും പറയാതെ.’’
റിച്ചാർഡ് മിലാനിൽ ചെല്ലുമ്പോൾ തന്നോടു ചോദിക്കാനിരിക്കുന്നത്.
താൻ ജീവൻ വെടിഞ്ഞ മമ്മയോടു ചോദിച്ചത്...
ഇപ്പോൾ സിയാരയോടു ചോദിച്ചു പാതി മുറിഞ്ഞുപോയത്... അതേ ചോദ്യം ...
എന്തിനായിരുന്നു ഇതൊക്കെ. ഒരു വാക്കുപോലും പറയാതെ.

സിയാര ഇവാന്റെ തലമുടിയിലെ മഞ്ഞ് കണങ്ങൾ കൈവിരൽകൊണ്ട് തട്ടിമാറ്റിയ ശേഷം അവന്റെ തണുത്ത കൈവിരലുകൾ കൊരുത്തുപിടിച്ചു. ഈ പ്രപഞ്ചത്തിലെ മുഴുവൻ ഊർജവും അന്നേരം നിയന്ത്രിതമായി ഇവാന്റെ സിരകളിലേക്ക് പ്രവഹിച്ച് ശരീരോഷ്മാവിനെ ഉയർത്തി. സ്ത്രീകളിൽനിന്നു മാത്രം പുരുഷനു ലഭിക്കുന്ന അനാദിയായ ജൈവ ഊർജത്തിന്റെ കയറ്റിറക്കങ്ങളിൽപെട്ട് അവന്റെ കിതപ്പ് പൂർണമായും അകന്നിരുന്നു.
‘‘ജീവിതത്തിൽ ഓരോന്നിനും അതിന്റേതായ മുൻഗണനാക്രമമുണ്ട് ഇവാൻ. ഇപ്പോൾ കുറച്ചുദിവസങ്ങൾ എന്റെ സേവനം ഇവിടെയാണാവശ്യം. ഇവാനും മിലാനിലെ പഠനവുമെല്ലാം എനിക്ക് പ്രധാനപ്പെട്ടവതന്നെ. പക്ഷേ, ഇപ്പോൾ ഇവർക്കാണെന്റെ കുറച്ചു ദിനങ്ങൾ ഞാൻ പങ്കുവെക്കേണ്ടത്. ഇവാനും ജീവിതത്തെ മുൻഗണനാക്രമത്തിൽ സമീപിക്കേണ്ടിയിരിക്കുന്നു.’’
വീശിയടിക്കുന്ന മഞ്ഞു കാറ്റിൽ മരവിച്ച് ഇവാൻ നിശ്ശബ്ദനായി അത് കേട്ടുനിന്നു. സ്ത്രീയെ ഉൾക്കൊള്ളാൻ പാകത്തിൽ തന്റെ ഹൃദയം പക്വമാകുന്ന നിമിഷത്തെ തിരിച്ചറിഞ്ഞ് ഇവാൻ ദീർഘമായി നിശ്വസിച്ചു. പരിപൂർണമല്ലാത്ത ദുഃഖത്തിൽ ആടിയുലഞ്ഞ് ഇവാൻ മഞ്ഞിനിടയിലൂടെ കടന്നുവരാനിടയുള്ള ഇളംവെട്ടത്തെ തേടി തലയെടുപ്പോടെ നിൽക്കാൻ ശ്രമിച്ചു... അതു നോക്കി നിന്ന സിയാര ഒരുനിമിഷം കണ്ണുകളടച്ച് നിയന്ത്രണം വിട്ട് ഇവാനു നേർക്ക് കുതിക്കാൻ ശ്രമിക്കുന്ന തന്റെ ആർദ്രവികാരങ്ങളെ ശ്രമപ്പെട്ട് വരുതിയിൽ നിർത്തി. ശേഷം അചഞ്ചലയായി തന്റെ വാചകം പൂർത്തിയാക്കി.
‘‘ജീവിതത്തിൽ മനുഷ്യന്റെ ഇടപെടലുകൾക്കകത്തുള്ള ചില ചോദ്യങ്ങൾക്കുനേരെ മുഖംതിരിഞ്ഞു നിന്നാലേ കൃത്യമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാവൂ. പക്ഷേ, മനുഷ്യനു പങ്കില്ലാത്ത ആകസ്മികമായ സന്ദർഭങ്ങളിൽ നാം പൂർണമായും നിസ്സഹായരാവുന്നു.’’
വാതിക്കൽ വന്ന് ആരോ സിയാരയെ അകത്തേക്ക് വിളിച്ചു. അകത്തേക്കു വന്നാൽ കടുപ്പത്തിൽ ഒരു ചായ കുടിക്കാമെന്നു പറഞ്ഞ് ഇവാന്റെ ഇളം ചൂടുള്ള കൈവിരലുകൾ വിടുവിച്ച് സിയാര ഉള്ളിലേക്കെവിടെയോ അപ്രത്യക്ഷയായി. തുറന്നടയുന്ന കതകിനപ്പുറത്തെവിടെയോനിന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സൂഫി സംഗീതം പുറത്തെ ശൈത്യത്തിലേക്കൊഴുകിവന്ന് ഇവാനെ ലോലമായി തൊട്ടുതഴുകി കടന്നുപോയി. ഇവാന് പെട്ടെന്ന് മമ്മയെ കാണാൻ തോന്നി. റിച്ചാർഡിനും മമ്മക്കും ഇടയിലുണ്ടായിരുന്ന ഗാഢപ്രണയത്തിൽ ഒളിച്ചിരുന്ന ഗൂഢമായ ശൈത്യം അപ്പോൾ ഇവാന്റെ കട്ടിയേറിയ രോമക്കുപ്പായവും തുളച്ച് ഹൃദയത്തെ തൊട്ടു.
റിച്ചാർഡിന്റെ ഗിത്താറിന്റെ സ്ട്രിങ്സ് മീട്ടുമ്പോൾ പുറത്തേക്കുവന്നിരുന്ന കമ്പനങ്ങളുടെ താളലയങ്ങൾ എങ്ങനെ സൂഫി സംഗീതത്തിൽ ഉരുകിത്തുടങ്ങുന്ന ഹൃദയതാളവുമായി ലയിപ്പിക്കാമെന്ന വിചിത്രമായ ചിന്തയിൽ അകപ്പെട്ട് ഒരുനിമിഷം ഇവാൻ അടഞ്ഞ വാതിലിനു മുന്നിൽ നിശ്ചലനായിനിന്നു.
പെട്ടെന്ന് പാന്റിന്റെ പോക്കറ്റിൽ കിടന്ന് ഇവാന്റെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഇന്റർനെറ്റ് കണക്ഷൻ കിട്ടി തുടങ്ങിയിരുന്നു. ഇവാൻ ഫോണെടുത്തു തുറന്നുനോക്കി. റിച്ചാർഡിന്റേതടക്കം ധാരാളം മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു. കുറെ മണിക്കൂറുകളായി ഒരു വാർത്തയും അറിയുന്നുണ്ടായിരുന്നില്ല. ഇവാൻ ന്യൂസ് ചാനൽ സ്ക്രോൾ ചെയ്തു. ജപ്പാനെ സംബന്ധിക്കുന്ന ഒരു വാർത്തയായിരുന്നു അതിൽ അവതരിപ്പിച്ചുകൊണ്ടിരുന്നത്.
‘‘ജപ്പാനിലെ വീടുകളിൽ ഏകാന്ത മരണങ്ങൾ വർധിക്കുന്നു. ആറു മാസത്തിനിടയിൽ കണ്ടെത്തിയത് 40,000 മൃതദേഹങ്ങൾ. 4000ഓളം പേരുടെ മൃതദേഹങ്ങൾ മരിച്ച് ഒരുമാസത്തിനു ശേഷമാണ് കണ്ടെത്തുന്നത്. 130ഓളം മൃതദേഹങ്ങൾ ഒരുവർഷത്തോളം ആരും ശ്രദ്ധിക്കാതെ അനാഥമായി കിടന്നു. ‘കൊഡോകുഷി’ എന്നപേരിലാണ് ജപ്പാനിലെ ഏകാന്ത മരണങ്ങൾ അറിയപ്പെടുന്നത്.’’
യാദൃച്ഛികമെന്നോണം വാർത്താ അവതാരക കറുത്ത മേൽക്കുപ്പായം ധരിച്ചിരുന്നു. പതിവില്ലാതെ മാധ്യമ ലോകത്തിന്റെ വാണിജ്യപരതക്ക് യോജിക്കാത്ത വിധത്തിൽ കടുത്ത വിഷാദഭാവം അവതാരകയുടെ വദനശോഭ കെടുത്തിയിരുന്നു.
ഓരോ മണിക്കൂറിലും ഏകാന്തതമൂലം നൂറുപേർ മരിക്കുന്നു എന്നുള്ള കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഇവാന് ഓർമ വന്നു. ആളുകൾ ഒറ്റക്ക് മരിക്കുകയും വളരെക്കാലം കണ്ടെത്തപ്പെടാതെ തുടരുകയും ചെയ്യുന്ന കൊഡോകുഷിയുടെ ഏകാന്തതയിലും തണുപ്പിലും വിജനതയിലും കുരുങ്ങി ഇവാൻ ഒരിക്കൽകൂടി ഞെട്ടിമരവിച്ചു നിന്നു.
തൊട്ടുമുമ്പുണ്ടായിരുന്ന സകല ഹൃദയ വികാരങ്ങളെയും റദ്ദുചെയ്തുകൊണ്ട് ഇവാന്റെ മുന്നിൽ വിജനമായ നീണ്ട മഞ്ഞുറഞ്ഞ തെരുവുകളും ഏകാന്തമായ ഒരേപോലുള്ള അനവധി ഓക്കുമരവീടുകളും നിരനിരയായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതിൽ കുരുങ്ങിപ്പോയ നിരവധി ഒറ്റമനുഷ്യർ ജാലകങ്ങളിലൂടെ കൈകൾ പുറത്തേക്കു നീട്ടി ഇവാന് തീർത്തും അപരിചിതമായ ആംഗ്യഭാഷയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പുറത്ത് കൊടും ശൈത്യത്തിൽ തണുത്ത തെരുവിന്റെ ഓരത്തിരുന്ന് പത്മ ഉറഞ്ഞുപോയ മഞ്ഞിനടിയിൽ ഒളിച്ചുവെച്ച തന്റെ ശബ്ദവും പ്രണയവും കണ്ടെടുക്കാനായി വിവസ്ത്രയായി ഭ്രാന്തമായി പരതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന അനേകം നിഗൂഢമായ ലാബിറിന്തൻ തെരുവുകൾ പ്രത്യക്ഷപ്പെടുകയും അതിന്റെ വിചിത്രമായ പ്രയാണഗതിയിൽ വലയം ചെയ്യപ്പെട്ട് പത്മയെ കാണാതാവുകയും ചെയ്തു.
ഇവാന് പെട്ടെന്ന് തന്നെ ചേർത്തു നിർത്തുമ്പോഴെല്ലാം റിച്ചാർഡിന്റെ ദേഹത്തുനിന്ന് പുറത്തേക്കു വമിച്ചിരുന്ന ഹൃദയഹാരിയായ പരിമളം അനുഭവപ്പെട്ടു. സിയാര ഓഫർ ചെയ്ത ചായ കുടിക്കാൻ ഉള്ളിലേക്കു കയറാതെ തിരിച്ച് ചെങ്കുത്തായ മലയിറങ്ങിക്കൊണ്ട് ഇവാൻ മിലാനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനായി ഫോണെടുത്ത് തിരയാൻ തുടങ്ങി.
