Begin typing your search above and press return to search.
proflie-avatar
Login

ജാതശ്ശേരി

ജാതശ്ശേരി
cancel

നെഞ്ചുവേദന വന്ന വിളനിലത്തെ ജോര്‍ജ് അച്ചായനെ വെളുപ്പിനെ പന്തളത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ട് മടങ്ങിവരുകയായിരുന്നു, ഞാന്‍. അത്യാഹിത വിഭാഗത്തിലേക്ക് കയറ്റിയപ്പോഴേക്കും അച്ചായന്‍റെ കൈകാലുകള്‍ വല്ലാതെ തണുത്ത് മരവിച്ചിരുന്നു. ഓടിപ്പാഞ്ഞു നടന്നിരുന്ന അച്ചായനെക്കുറിച്ചോര്‍ത്താണ് ഞാന്‍ ഓട്ടോറിക്ഷ ഓടിച്ചത്. അല്ലെങ്കിലും, യാത്രക്കാരില്ലാതെ വണ്ടിയോടിക്കുമ്പോള്‍, എന്തെങ്കിലുമൊക്കെ ഞാന്‍ വെറുതെ ചിന്തിച്ചുകൂട്ടും!

അസുഖകരമായ ചിന്തകളെല്ലാം കുടഞ്ഞെറിഞ്ഞ്, ഓട്ടോറിക്ഷയുടെ വെളിച്ചം കെടുത്തി, ജാതശ്ശേരിയിലേക്ക് തിരിഞ്ഞപ്പോഴാണ് കായംകുളത്തുനിന്നുള്ള ആദ്യ ബസില്‍ ചുടലമുക്കില്‍ ഇറങ്ങിയ കാഞ്ഞിക്കല്‍ തറയില്‍ ദിവാകരേട്ടനെപ്പോലൊരാള്‍ കൈയുയര്‍ത്തി വിളിച്ചത്. ഒാട്ടോറിക്ഷ നിറുത്തി, കൈകാണിച്ചയാള്‍ റോഡ് മുറിച്ച് കടക്കുന്നതിനായി ഞാന്‍ കാത്തു.

കാഞ്ഞിക്കല്‍ തറയില്‍ ദിവാകരേട്ടന് എഴുപതിനും എണ്‍പതിനും ഇടയിലാണ് പ്രായം. തലയും താടിയും നരച്ചതാണ്. മുടിയിഴകള്‍ അനുസരണയില്ലാതെ പലവഴിക്ക് പാറിനടക്കും. പാന്‍റിട്ട് കണ്ടിട്ടില്ല. നടക്കുമ്പോള്‍ കാലിന് പ്രായാധിക്യത്താല്‍ നേരിയ മുടന്തുണ്ടെങ്കിലും സൈക്കിള്‍ സവാരിയാണ് പ്രിയം. മിക്കപ്പോഴും സൈക്കിളുരുട്ടിയാണ് നടപ്പ്. ആ നടപ്പു കാണുമ്പോള്‍ ഊന്നുവടിയായിട്ടാണ് അയാള്‍ സൈക്കിള്‍ കൊണ്ടുനടക്കുന്നതെന്ന് തോന്നും. ബസിറങ്ങി വരുന്നയാളിന് അറുപതേ പ്രായം മതിക്കും. ഒറ്റ മുടിയും മീശയും നരച്ചു കാണുന്നില്ല. വലതുവശത്തേക്ക് ചീകിവെച്ചിരിക്കുന്ന മുടിയിഴകള്‍ ഇളക്കമില്ലാതെ ഇരിക്കുന്നു. ക്ലീന്‍ ഷേവാണ്. പാന്‍റും ഇന്‍സേര്‍ട്ടു ചെയ്ത ഷര്‍ട്ടും ഓവര്‍ക്കോട്ടുമുണ്ട്. വിലയേറിയ പാദുകങ്ങളണിഞ്ഞിരിക്കുന്നു! തുകല്‍ബാഗ് റോഡിലൂടെ ഉരുട്ടിയാണ് വരവ്. കാലിനുമാത്രം അതേ നേരിയ മുടന്തുണ്ട്. ദിവാകരേട്ടന് രണ്ട് പെങ്ങന്മാരുണ്ടെന്നല്ലാതെ അനിയനുള്ളതായി അറിവില്ല!

‘‘റേഡിയോ മുക്കിലേക്ക് പോകണം.’’ ബാഗ് ഓട്ടോറിക്ഷയിലേക്ക് കയറ്റിവെച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘‘കാഞ്ഞിക്കല്‍ തറയില്‍ വീട് അറിയാമോ? അവിടെ വിടണം.’’

‘‘ദിവാകരേട്ടന്‍റെ?’’ ഓട്ടോറിക്ഷ മുന്നോട്ടെടുക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കാതെ ഞാന്‍ ചോദിച്ചു.

‘‘അനിയനാണ്, മാധവന്‍!’’ അയാള്‍ പറഞ്ഞു: ‘‘അമ്പത്തിനാല് വര്‍ഷം മുമ്പ് ഈ നാട് വിട്ടതാണ്. ഇന്നിങ്ങനെ മടങ്ങിവരുമെന്ന് കരുതിയിരുന്നില്ല. കായംകുളത്ത് ട്രെയിനിറങ്ങി, വെളുപ്പിനത്തെ ബസു പിടിച്ച് ഈ ചുടലമുക്കിലെത്തി. ഇവിടത്തെ ആകെയുള്ള മാറ്റങ്ങള്‍: മുമ്പ് രവീന്ദ്രന്‍റെ വീടിരുന്നിടത്ത് പെട്രോള്‍ പമ്പ് വന്നിരിക്കുന്നു. കായംകുളം പുനലൂര്‍ റോഡിന് ഉറപ്പുള്ള ടാറിങ് ഉണ്ടായിരിക്കുന്നു. ചുടലമുക്കില്‍നിന്നും ജാതശ്ശേരിയിലേക്കുള്ള മണ്‍വഴി ടാര്‍ ചെയ്തിരിക്കുന്നു. കുഷ്ഠരോഗാശുപത്രിയുടെ മതിലിന് അൽപം ഉയരം കൂടിയിരിക്കുന്നു.’’

വേഗം കൂടാന്‍ തുടങ്ങിയ ഒാട്ടോറിക്ഷ പതുക്കെയാക്കി ഞാന്‍ അതിശയത്തോടെ തിരിഞ്ഞുനോക്കി. അയാളുടെ ശബ്ദത്തിനുപോലും ദിവാകരേട്ടനോട് സമാനതയുണ്ട്. പക്ഷേ, സംഭാഷണം ചതുരവടിവിലാണ്. മുഖത്ത് ഇത്രയും കടുപ്പമില്ലെന്നതാണ് മറ്റൊരു വ്യത്യാസം!

‘‘ഈ സ്ഥലത്തിന്‍റെ പേര് ഇപ്പോള്‍ ചുടലമുക്കെന്നല്ല. ഐ.ടി.ബി.പി. ജംഗ്ഷനെന്നാ.’’ മുന്നിലേക്ക് നോക്കി ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍, പുറകിലേക്കുകൂടി ശ്രദ്ധിച്ച്, ഞാന്‍ പറഞ്ഞു: ‘‘കുഷ്ഠരോഗാശുപത്രിയുടെ കുറച്ചുഭാഗം സര്‍ക്കാര്‍ ഐടിബീപ്പിക്കാര്‍ക്ക് പാട്ടത്തിനു കൊടുത്തതോടെ നമ്മുടെ മുക്കിന്‍റെ പേരുദോഷം മാറി. അവരാണ് ഇത്രയും ഉയരത്തില്‍ മതില് പണിഞ്ഞ് മേളില്‍ മുള്ളുവേലികെട്ടിയത്.’’

‘‘പണ്ടിവിടം ചുടലപ്പറമ്പായിരുന്നു.’’ അയാള്‍ സ്ഥലനാമത്തെക്കുറിച്ചുള്ള ചരിത്രം പറഞ്ഞു. ‘‘മരിച്ചവര്‍ ഉറങ്ങുന്നിടത്തു പോകാന്‍ പണ്ടുള്ളവര്‍ക്കും ഭയമായിരുന്നതിനാല്‍ ഇവിടെമെല്ലാം വിജനമായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ കൊട്ടാരമുറ്റത്ത് പോരൂര്‍ക്കട ഊളമ്പാറയിലെ കുഷ്ഠരോഗിയൂടെ മുറിഞ്ഞ വിരല് കാക്ക കൊത്തിക്കൊണ്ടുവന്നിട്ടത് കണ്ട് തിരുവുള്ളക്കേടു തോന്നി, രോഗികളെയെല്ലാം നൂറ് നാടിനപ്പുറത്ത് കൊണ്ടുപോയി പാര്‍പ്പിക്കാന്‍ രാജാവ് കൽപിച്ചതിന് പിന്നാലെയാണ് ഇവിടെ കുഷ്ഠരോഗികളും ആശുപത്രിയും വന്നതെന്ന് ഒരു കഥയുണ്ട്. അതിനുശേഷം സാനട്ടോറിയം ജങ്ഷനെന്നൊക്കെ നാട്ടുകാര്‍ പേര് മാറ്റാന്‍ നോക്കിയെങ്കിലും ‘ചുടലമുക്ക്’ മാഞ്ഞുപോയില്ല.’’

‘‘അക്കഥയൊന്നും എനിക്കറിയില്ല.’’ ഞാന്‍ പറഞ്ഞു. ‘‘എന്നാല്‍, ഇവിടം അടുത്തകാലം വരെ ചുടലക്കളമായിരുന്നെന്ന കാര്യത്തില്‍ തര്‍ക്കവില്ല. എന്തുംമാത്രം അപകടമരണങ്ങളാ ദിവസോം നടന്നോണ്ടിരുന്നത്? നമ്മടെ നാട്ടുകാര്‍ക്ക് കാര്യം അറിയാവുന്നതുകൊണ്ട് ഇവിടെത്തുമ്പോഴേ സ്റ്റിയറിങ്ങിലും ഹാന്‍റിലിലുമൊക്കെ ഒന്നൂടെ മുറക്കെ പിടിക്കും. പരിസരത്തെക്കുറിച്ച് ജാഗരൂകരാകും. മറ്റുള്ളവരങ്ങനാന്നോ? എവിടുന്നേലും അടിച്ചുവിട്ട് വന്ന് മരണം എരന്നു വാങ്ങും. കൊറച്ചുനാള് മുമ്പ് ടി.വിയില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പരിപാടിയൊണ്ടായിരുന്നു. അതില്‍ ഈ മുക്കിലെ മരണത്തിന്‍റെ മാടിവിളിയെക്കുറിച്ചൊള്ള കഥകള് ബീജിയെമ്മൊക്കെയിട്ട് കാണിച്ചിരുന്നു. അതോടെ അവിശ്വാസികളായ നാട്ടുകാര്‍ക്കുപോലും കൊറേക്കൂടി പേടി കൂടിയാരുന്നു. ഐടിബീപ്പിക്കാര് സദാ സമയവും തോക്കുംപിടിച്ച് നില്‍ക്കാന്‍ തൊടങ്ങിയതിനുശേഷവാ കാര്യങ്ങള്‍ക്ക് കൊറച്ചെങ്കിലും മാറ്റം വന്നത്.’’

കാലം ഇതിഹാസങ്ങളിലെന്നപോലെ നാട്ടുകഥകളിലും ഒരുപാട് മാറ്റങ്ങള്‍ തുന്നിച്ചേര്‍ക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് അയാള്‍ നിശ്ശബ്ദനായിരുന്നു.

ഞാന്‍ ജനിക്കുന്നതിനും പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം അയാള്‍ നാടുവിട്ട് പോയത്.

‘‘നിന്‍റെ വീട്ടുപേര് എന്താണ്?’’ കുഷ്ഠരോഗാശുപത്രിയുടെ മതില്‍ തീരുന്നിടത്ത് എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.

‘‘നീതുഭവനം!’’

വീട്ടുപേര് പറഞ്ഞപ്പോള്‍ അയാള്‍ എന്‍റെ അച്ഛന്‍റെ പേരു ചോദിച്ചു. അച്ഛന്‍ മുതുകുളത്തുകാരനാണെന്നും അമ്മയാണ് ഈ നാട്ടുകാരിയെന്നും പറഞ്ഞ് ഞാന്‍ അമ്മയുടെ പേരു പറഞ്ഞെങ്കിലും അയാള്‍ക്ക് ആ പേരും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അയാള്‍ അമ്മയുടെ കുടുംബപ്പേര് തിരക്കി.

‘‘മീനത്തേല്‍.’’

‘‘ങ്ആ..! നീ തെക്കേ മീനത്തേലേതാണോ, അതോ, വടക്കേ മീനത്തേലേതോ?’’ തേടിയത് കണ്ടെത്തിയതുപോലെ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.

തെക്കും വടക്കും രണ്ട് ‘മീനത്തേല്‍’ ഉണ്ടെന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

‘‘നിന്‍റെ അപ്പൂപ്പന്‍റെ പേരെന്ത്വാണ്?’’

‘‘പാച്ചുപിള്ള. മീശപ്പാച്ചുന്നാരുന്നു അറിയപ്പെട്ടിരുന്നത്! പത്തുപന്ത്രണ്ട് കൊല്ലം മുമ്പ് മരിച്ചുപോയി. ഒറ്റദിവസംപോലും കെടന്നു നരകിക്കാതെ ചത്തതിനാല്‍ പോത്തുംകൊമ്പിന്‍റെ ആകൃതീലൊള്ള ആ പേരുകേട്ട മീശേംകൊണ്ടാ പുള്ളി പോയത്!’’ ഞാന്‍ അപ്പൂപ്പനെക്കുറിച്ച് ഓര്‍ത്തു, പറഞ്ഞു.

‘‘ആ അങ്ങനെ വരട്ടെ. നീ വടക്കേ മീനത്തേലേതാണ്!’’ ആളിനെ അറിഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു: ‘‘എല്ലാ വര്‍ഷവും പാച്ചുപിള്ള അമ്മാവന്‍റെ വീട് ഓലമേഞ്ഞിരുന്നത് ഞാനൂടെ ചേര്‍ന്നായിരുന്നു. അന്നൊക്കെ നാട്ടിലെ എല്ലാ വീടുകള്‍ക്കും മുകളിട്ടിരുന്നത് പാച്ചുപിള്ള അമ്മാവനാ! മേവാരിക്കുമേല്‍ ഏറ്റവും പരപ്പുള്ള ഓല കമിഴ്ത്തിവെച്ച് പാച്ചുപിള്ളയമ്മാവന്‍ ആനപ്പുറത്തെന്നപോലെ അതിനുമുകളിലിരുന്ന് കോല്‍ കുത്തിയുറപ്പിച്ചാല്‍ പിന്നെ ഏതു കൊടുങ്കാറ്റിലും അതിളകില്ല; പെരുമഴയത്ത് ചോരത്തതുമില്ല. ‘‘ആ മുണ്ടോലയിങ്ങ് ഇടെടാ, നാരേ ചൊവ്വേ മോന്തായം നോക്കി ചാണ്ടെടാ,’’ എന്നല്ലാം പുരപ്പുറത്തിരുന്ന് പാച്ചുപിള്ള അമ്മാവന്‍ പറഞ്ഞത് ഇന്നലെയാണെന്നപോലെ തോന്നുന്നു!’’

റോഡിനിരുവശങ്ങളിലുമുള്ള വീടുകളിലേക്ക് അയാള്‍ സാകൂതം നോക്കുന്നുണ്ട്. അവിടെയെല്ലാം വാര്‍ക്കവീടുകളായിരുന്നു.

‘‘ഞാന്‍ നാടുവിട്ട് പോകുന്നതിനും നാലഞ്ചുകൊല്ലം മുമ്പ് അച്ഛന്‍ മരിച്ചിരുന്നു. അമ്മയും രണ്ടു പെങ്ങന്മാരുമായി ജീവിക്കാന്‍ ദിവാകരന്‍ ഏറെ പാടുപെട്ടിരിക്കും. എന്നെ അന്വേഷിച്ച് കണ്ടെത്താന്‍ ഏറെ അലഞ്ഞും കാണും. ഒരിക്കൽപോലും ഞാന്‍ ആരേയും അന്വേഷിച്ചില്ല. ഇപ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടെന്നുപോലും അവരാരും ഓര്‍ക്കുന്നുണ്ടാവില്ല. ഹൃദ്രോഗിയായിരുന്ന അമ്മ എന്നേ മരിച്ചുപോയിരിക്കും?’’ ശബ്ദം വളരെ താഴ്ത്തിയാണ് അയാള്‍ അത് പറഞ്ഞത്.

വീട്ടുകാര്യം കേള്‍ക്കാനുള്ള ഉത്സാഹത്തോടെയായിരിക്കണം, അയാള്‍ മുന്‍സീറ്റിന് പുറകിലെ കമ്പിയില്‍ പിടിച്ച്, മുന്നോട്ട് ആഞ്ഞിരുന്ന്, ചെവി എന്‍റെ തലക്കു സമീപത്തേക്ക് അടുപ്പിച്ചു. ഞാന്‍ തിരിഞ്ഞ് അയാളുടെ നേരേ ഒന്ന് പാളിനോക്കി. അനുനിമിഷം ലോകത്ത് എന്തെല്ലാം അതിശയങ്ങളാണ് സംഭവിക്കുന്നതെന്നോര്‍ത്ത്, ഒട്ടും ഉലയാതെ ഞാന്‍ ഓട്ടോറിക്ഷയെ ഒരു ഗട്ടറില്‍ ഇറക്കിക്കയറ്റി.

ദിവാകരേട്ടന്‍റെ അമ്മയെ കണ്ടിട്ടുള്ളതായി എനിക്ക് ഓർമയില്ല. ഭാര്യ ചെല്ലമ്മ ചേച്ചിയെ അറിയാം. നാലഞ്ചുകൊല്ലം മുമ്പ് അവര്‍ മരിച്ചുപോയതോടെയാണ് ദിവാകരേട്ടന്‍ ഒറ്റക്കായത്. ദിവാകരേട്ടന്‍റെ രണ്ട് പെണ്‍മക്കളുടെയും ആര്‍ഭാടമായി നടന്ന വിവാഹത്തില്‍ പങ്കെടുത്ത നേരിയ ഓര്‍മയുണ്ട്. മൂത്തമകളുടെ വിവാഹം വലിയ പന്തലിട്ട് കാഞ്ഞിക്കല്‍ തറയില്‍ വീട്ടില്‍വെച്ചുതന്നെയാണ് നടന്നത്. ഇളയ മകളുടെ വിവാഹം അരക്തകണ്ഠന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. അവര്‍ രണ്ടുപേരും ഇപ്പോള്‍ നല്ല നിലയിലാണ് ജീവിക്കുന്നത്. രണ്ടുപേരും മക്കളുമൊന്നിച്ച് വിലകൂടിയ കാറുകളില്‍ ദിവാകരേട്ടനെ കാണാന്‍ അപൂര്‍വമായി കാഞ്ഞിക്കല്‍ തറയില്‍ വരാറുണ്ട്. അടുത്തകാലത്തായി ദിവാകരേട്ടന്‍ മക്കളെ കാണാന്‍ അവരുടെ വീടുകളിലേക്ക് സൈക്കിളുപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ പോകാറുണ്ടെങ്കിലും അന്നുതന്നെ മടങ്ങിവരുകയാണ് പതിവ്. കാഞ്ഞിക്കല്‍ തറയില്‍ വീടുപേക്ഷിച്ച് ദിവാകരേട്ടന്‍ എവിടെയെങ്കിലും മാറിനിന്നിട്ടുള്ളതായി അറിവില്ല.

‘‘ദിവാകരനെ കാണാറുണ്ടോ? പ്രായത്തിന്‍റേതായ ആരോഗ്യപ്രശ്നങ്ങള്‍ അവനെ അലട്ടുന്നുണ്ടായിരിക്കും?’’ അയാള്‍ ചോദിച്ചു.

‘‘ദിവസവും കാണും!’’ ഞാന്‍ പറഞ്ഞു. ‘‘നാട്ടിലെ മിക്ക ആളുകളെയുംപോലെ വല്ലപ്പോഴും പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ നോക്കാന്‍ പോകുമെങ്കിലും ദിവാകരേട്ടനാണ് ജാതശ്ശേരിയിലെ ചെറുപ്പക്കാരന്‍! ആള് വല്യ രസികനാ. അങ്ങനെ പറയത്തക്ക അസുഖങ്ങളൊന്നുമില്ല.’’

അയാള്‍ കുറച്ചുകൂടി മുമ്പിലേക്ക് ആഞ്ഞിരുന്നു.

‘‘ദിവാകരേട്ടന്‍ പണ്ടേ വല്യ ആക്ടീവാ.’’ ഞാന്‍ പറഞ്ഞു: ‘‘മുമ്പ് ചെല പൊതുപ്രവര്‍ത്തനമൊക്കെ ഒണ്ടായിരുന്നു. ഇലക്ഷനൊന്നും മത്സരിച്ചിട്ടില്ലെങ്കിലും പുള്ളിക്കാരന്‍ റേഡിയോ മുക്കില്‍നിന്ന് പ്രസംഗിക്കുന്നതൊക്കെ ഞാന്‍ കേട്ടിട്ടൊണ്ട്. നമ്മടെ അരക്തകണ്ഠന്‍ ക്ഷേത്രത്തിന്‍റെ വളര്‍ച്ചക്കും പ്രധാനപങ്ക് വഹിച്ചിട്ടൊണ്ട്. ഇപ്പൊ അവിടെ വലിയ ക്ഷേത്രമൊണ്ട്. വര്‍ഷാവര്‍ഷം ഉത്സവമൊണ്ട്. മാസാമാസം നാലുമഞ്ചും ലക്ഷം വരുമാനമൊണ്ട്.’’

‘‘നമ്മുടെ അരക്തകണ്ഠനമ്പലത്തിലോ?’’ അയാള്‍ അതിശയത്തോടെ ചോദിച്ചു.

‘‘ആ! അവിടാണ് ഇപ്പൊ ജാതശ്ശേരിയുടെ തലസ്ഥാനം! ഞങ്ങള് നാലഞ്ച് ഓട്ടോക്കാര് അമ്പലമുക്കില്‍നിന്നാണ് ഓട്ടം പോകുന്നത്. കാലത്തിന്‍റെ വളര്‍ച്ച വെച്ച് നോക്കുമ്പോള്‍ അതിശയം പറയാനില്ലെങ്കിലും ദിവാകരേട്ടന്‍റെ നേതൃത്വത്തിലാണ് ക്ഷേത്രം പുതുക്കിപ്പണിഞ്ഞ് പുനഃപ്രതിഷ്ഠ നടത്തിയതും ഉത്സവം തൊടങ്ങിയതും. ഇപ്പൊ, ക്ഷേത്രഭരണക്കാരായി വേറെ ഒരുപാടാളുകള്‍ വന്നതിനാല്‍ ദിവാകരേട്ടന്‍ ദിവസവും അമ്പലത്തിനു മുമ്പില്‍ പോയി, ആല്‍ത്തറേലിരുന്ന് പരിചയക്കാരെ കണ്ട് വര്‍ത്തമാനോം പറഞ്ഞ്, പ്രാർഥിച്ചിട്ട് പോരും.’’

‘‘ചെറുപ്പത്തില്‍ ദിവാകരന്‍ വലിയ യുക്തിവാദിയായിരുന്നു!’’ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘‘അവന്‍റെ ആശാന്‍ ‘ഇടമറുക്’ ആയിരുന്നു.’’

‘‘അതാരാ?’’ ഞാന്‍ ചോദിച്ചു.

‘‘ഒരു കോട്ടയത്തുകാരന്‍. കുറച്ചുകാലം മുമ്പ് മരിച്ചുപോയി!’’ അയാള്‍ പറഞ്ഞു.

‘‘ശരിക്കും പറഞ്ഞാല്‍, ദിവാകരേട്ടന്‍ എന്‍റെ ഗുരുവാ!’’ ഞാന്‍ പറഞ്ഞു. ‘‘ഈ ഓട്ടോ ഓടി കിട്ടുന്ന കാശുകൊണ്ടൊന്നുമല്ല ഞാനും കുടുംബോം സുഭിക്ഷമായി ജീവിക്കുന്നത്. ഇതൊരു സൈഡുപണിയാ. ജാതശ്ശേരിക്ക് ഏതു സമയോം വിളിച്ചാല്‍, വിളിപ്പൊറത്തൊരു ഓട്ടോക്കാരന്‍ വേണം. അത് നെകത്തുന്നത് ഞാനാന്ന് വിചാരിച്ചോ. എനിക്കതൊരു സംതൃപ്തിയാ. ഇങ്ങനെ ചെല പാഠങ്ങളെനിക്ക് പഠിപ്പിച്ച് തന്നതും ദിവാകരേട്ടനാ. പത്തു പതിനേഴ് വയസ്സുള്ളപ്പോള്‍ ദിവാകരേട്ടന്‍റെ കൂടെ കൃഷിപ്പണിക്ക് കൂടിയവനാ ഞാന്‍.

അന്ന്, ദിവാകരേട്ടന്‍റെ പ്രാരബ്ധങ്ങളൊക്കെ കഴിഞ്ഞ കാലമാ. എന്നാലും ജാതശ്ശേരിയിലെ വലിയ കര്‍ഷകന്‍ ദിവാകരേട്ടനായിരുന്നു. വീട്ടില്‍ കറവയൊള്ള നാലഞ്ച് പശുക്കള്‍. പറമ്പിലും പാടത്തുമായി കാച്ചില്‍, ചേന, കെഴങ്ങ്, ചീനി, പാവല്‍, പടവലം, പയര്‍, വെള്ളരി, വെറ്റില, നെല്ല്, വാഴ, എള്ള്, തുടങ്ങിയ കൃഷികള്‍! ചെല്ലമ്മ ചേച്ചി എപ്പോഴും ദിവാകരേട്ടന് കൂട്ടുണ്ടായിരുന്നു. അവരും ദിവസോം രണ്ടാളുടെ പണി ചെയ്യും. ഈ മനുഷ്യരെന്തിനാണിങ്ങനെ കഷ്ടപ്പെടുന്നതെന്നായിരുന്നു പലരുടേം ചോദ്യം. ഇപ്പൊ ദിവാകരേട്ടന്‍ കൃഷിപ്പണികളൊക്കെ നിര്‍ത്തി. മക്കള് പലപ്രാവശ്യം വിളിച്ചിട്ടും ജാതശ്ശേരിയില്‍നിന്ന് എങ്ങോട്ടും ഇല്ലെന്നാ മൂപ്പര് പറയുന്നത്. ദിവാകരേട്ടന്‍റെ കൂടെ നടന്ന് പാഠങ്ങള്‍ പഠിച്ച ഞാനാ ഇപ്പോള്‍ ജാതശ്ശേരിയിലെ കര്‍ഷകശ്രീ!’’

അഭിമാനത്തോടെ ഞാന്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ എന്നെ അഭിനന്ദിക്കുംപോലെ ചിരിച്ചു.

‘‘ജാതശ്ശേരിയെക്കുറിച്ച് വാതോരാതെ പറയുമ്പോഴും ഈ ലോകത്തെക്കുറിച്ച് നല്ല അറിവൊണ്ടായിരുന്നു ദിവാകരേട്ടന്! ലോകമൊക്കെ ചുറ്റിനടന്ന് കാണണമെന്നത് ദിവാകരേട്ടന്‍റെ വലിയ ആഗ്രഹവുമായിരുന്നു.’’

‘‘എന്നിട്ട് ദിവാകരന്‍ ജാതശ്ശേരി വിട്ട് എവിടെയെങ്കിലും പോയോ?’’ അയാള്‍ ചോദിച്ചു.

‘‘ആ ചോദ്യം പലപ്പോഴും ഞാനും ദിവാകരേട്ടനോട് ചോദിച്ചിട്ടുണ്ട്. ദിവാകരേട്ടന്‍ അപ്പോള്‍ ആകാശത്തിന്‍റെ ഏതെങ്കിലും കോണിലേക്ക് നോക്കിയിരുന്നു ചിരിക്കും. ഒന്നും പറയാതെയിരുന്ന് അങ്ങനെ ചിരിക്കുന്നത് എന്തിനാണെന്ന് അന്നെനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍, ഇന്നതിന്‍റെ അർഥം എനിക്ക് മനസ്സിലാകുന്നുണ്ട്! ഈ ഓട്ടോ ഓടിച്ചങ്ങനെ പോകുമ്പോള്‍ എനിക്കും തോന്നും ലോകത്തിന്‍റെ അറ്റത്തേക്ക് പോകണമെന്ന്.

ഒരു പരന്ന വയലിന്‍റെ ഭംഗി, മലഞ്ചരിവ്, ദൂരെ, താണിറങ്ങുന്ന ആകാശം, ചെന്നിറം പടര്‍ന്ന് തെളങ്ങുന്ന മേഘങ്ങള്‍, അങ്ങനെ എന്തെല്ലാമോ നമ്മളെ എപ്പോഴും മാടിവിളിക്കും. എന്നാല്‍ അപ്പോഴാണ് പാല് കറക്കാന്‍ നേരമായെന്ന ഓര്‍മവരുന്നത്. പശു അമറാന്‍ തുടങ്ങിയിട്ടുണ്ടാവും. മുറ്റാന്‍ തൊടങ്ങിയ പയര്‍ നുള്ളി വിപണിയിലെത്തിച്ചില്ലെങ്കില്‍ മൂത്തുപോകും. വെറ്റിലയുടെ കഥയും അതാണ്. കൗസ്തുഭത്തിലെ ഭാര്‍ഗവന്‍ സാറിനെ ബാലഗോപാല്‍ ഡോക്ടറുടെ ക്ലിനിക്കിലെത്തിക്കാമെന്ന് മിനിഞ്ഞാനേ ഏറ്റതാണെന്ന ഓർമ വേറെ. പിന്നെ, ജാതശ്ശേരിയിലേക്കൊരു പാച്ചിലാണ്. ചേട്ടന്‍ ഭാഗ്യവാനാ. ഇവിടേക്കുള്ള വിളിയെ ഇത്രകാലവും തടുത്തുനിര്‍ത്താന്‍ കഴിഞ്ഞെല്ലോ.’’

‘‘ദിവാകരന്‍ ആഗ്രഹിച്ചിട്ടും എവിടെയും പോയില്ല. ഞാനാണെങ്കില്‍ എന്നെ മാടിവിളിച്ചിടങ്ങളിലേക്കാണ് ഇക്കാലമെല്ലാം സഞ്ചരിച്ചത്.’’ അയാള്‍ പറഞ്ഞു. ‘‘നിനക്ക് അറിയാമോ, ഒരു ബിര്‍ച്ച് മരം കാണാന്‍ വേണ്ടി മാത്രം ഞാന്‍ പതിനഞ്ചു തവണ ഡാര്‍ജിലിങ്ങില്‍ പോയിട്ടുണ്ട്! ചിലപ്പോള്‍ അത് ആരും വിശ്വസിക്കണമെന്നില്ല. എന്നാല്‍, അത് സത്യമാണ്.’’ അൽപനേരം നിശ്ശബ്ദനായിരുന്നിട്ട് അയാള്‍ തുടര്‍ന്നു: ‘‘കല്‍ക്കട്ടയില്‍ എത്തിയതിന്‍റെ അഞ്ചാം വര്‍ഷമാണ് ആദ്യമായി ഡാര്‍ജിലിങ്ങിലേക്ക് പോയത്. ഒരുമാസം നീണ്ട അവധിയെടുക്കുമ്പോള്‍ വീട്ടിലേക്ക് മടങ്ങിവരണമെന്നാണ് കരുതിയിരുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഉറപ്പുള്ള ഒരു ജോലി സമ്പാദിച്ചിരുന്നു. അത്യാവശ്യം ധനവും. എന്നാല്‍, അവസാനനിമിഷം വീട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച് ഡാര്‍ജിലിങ്ങിലേക്ക് പോയി. അവിടെ പോകേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.

എന്നിട്ടും വീടിനെ മറികടന്ന് ഡാര്‍ജിലിങ് എങ്ങനെയാണ് മനസ്സിലിടം നേടിയതെന്ന് ഇപ്പോഴും അറിയില്ല. മഞ്ഞുമൂടിയ കാഞ്ചന്‍ജംഗ കാണാന്‍ ചൗരാസ്ത സ്ക്വയറിന് സമീപം നില്‍ക്കുമ്പോഴാണ് കുന്നിന്‍മുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ആ ബിര്‍ച്ച് മരം കണ്ടത്. അതിന്‍റെ പശ്ചാത്തലം നീലാകാശമായിരുന്നു. മറ്റ് മരങ്ങളില്‍നിന്ന് അൽപം വ്യത്യസ്തതയോടെ, നാലുപുറങ്ങളിലൂടെയും താണുകിടന്ന വള്ളിക്കമ്പുകളിലെ പൊടിയിലകളുടെ പച്ചപ്പില്‍ നിന്ന മരം, അവിടെനിന്നാല്‍ കാണുന്ന, ടൈഗർ ഹില്ലിലെ സൂര്യോദയത്തേക്കാള്‍ എനിക്ക് ഭംഗിയുള്ള കാഴ്ചയായിരുന്നു. അതിനുശേഷം ചില വര്‍ഷങ്ങളില്‍ ഡാര്‍ജിലിങ്ങിലെത്തിയപ്പോള്‍ ആ മരം കാണാന്‍ ഞാന്‍ പോയി. പിന്നീട്, ആ മരം കാണാന്‍ വേണ്ടി മാത്രം അവിടേക്ക് പോയി!’’

‘‘അത്ര ഭംഗിയുള്ള മരമാണോ അത്?’’ നാട്ടിലെ മരങ്ങളെ ഓര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു.

‘‘ഒരുപാട് നാടുകളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ധാരാളം കാഴ്ചകള്‍ കണ്ടു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ആകാശത്തിന്‍റെ പശ്ചാത്തലത്തിലെ ആ ഒറ്റമരം കണുമ്പോഴുണ്ടാകുന്ന ആഹ്ലാദം മറ്റൊരു കാഴ്ചയില്‍നിന്നും നാളിതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് ഞാന്‍ അവിടേക്ക് പലതവണ പോയി. ഒരു ബിര്‍ച്ചു മരത്തിന്‍റെ കുറഞ്ഞ ആയുസ്സ് അറുപത് വര്‍ഷമാണ്. കൂടിയാല്‍ തൊണ്ണൂറും! അപൂര്‍വം ചിലത് നൂറ്റിയിരുപതോ അതിലധികമോ കാലം നില്‍ക്കും. ഓര്‍ത്തുനോക്കിയാല്‍, അതിന് മനുഷ്യായുസ്സുമായി ബന്ധമുണ്ട്.’’ അയാള്‍ പറഞ്ഞു. ‘‘ഒരു മനുഷ്യായുസ്സില്‍, പോകണമെന്ന് വിചാരിക്കുന്നിടത്തേക്കെല്ലാം പോകാന്‍ കഴിയുന്നത് വലിയ കാര്യമാണ്!’’

ദിവാകരേട്ടന്‍ ആഗ്രഹിച്ച ജീവിതമാണല്ലോ മാധവേട്ടന്‍ ജീവിച്ചതെന്ന് ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു: ‘‘നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ ഇടുക്കിയില്‍ പോകുന്നതിനെക്കുറിച്ച് ഞാനും ദിവാകരേട്ടനും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞുപറഞ്ഞിരിക്കെ, കഴിഞ്ഞ പൂക്കാലവും കടന്നുപോയി!’’

കാഞ്ഞിക്കല്‍ തറയില്‍ വീട്ടുമുറ്റത്തേക്ക് ഒാട്ടോറിക്ഷ കയറ്റിനിറുത്തിയിട്ട് ഞാന്‍ ഇറങ്ങിച്ചെന്ന് കോളിങ് ബെല്ല് അമര്‍ത്തി. ദിവാകരേട്ടന്‍റെ ജീവിതത്തിലെ വലിയൊരു ആകസ്മികതയാണ് സംഭവിക്കാന്‍ പോകുന്നത്! മാധവേട്ടനെ കണ്ട് തിരിച്ചറിയുമ്പോഴുള്ള ദിവാകരേട്ടന്‍റെ ഭാവപ്രകടനം കാണാനുള്ള കൗതുകത്തോടെ ഞാന്‍ കാളിങ് ബെല്ലില്‍ രണ്ടുവട്ടം കൂടി വിരലമര്‍ത്തി. അകത്ത് കിളിയൊച്ച അവസാനിച്ചെങ്കിലും ആളനക്കവും മറുപടിയും ഉണ്ടായില്ല. ഞാന്‍ വാതിലില്‍ തള്ളി നോക്കി. വീട് പൂട്ടിയിരിക്കുകയാണ്. ഞാന്‍ തിരിച്ചിറങ്ങി ഓട്ടോറിക്ഷയില്‍നിന്ന് ബാഗ് ഇറക്കാന്‍ മാധവേട്ടനെ സഹായിച്ചു.

‘‘ദിവാകരേട്ടന്‍ അമ്പലമുക്കിലോ റേഡിയോ മുക്കിലോ കാണും. ഞാന്‍ പോയി വിളിച്ചുകൊണ്ടുവരാം. അതുവരെ ഈ കസേരയില്‍ ഇരിക്ക്.’’ സിറ്റൗട്ടില്‍ കിടന്ന പ്ലാസ്റ്റിക് കസേര ചൂണ്ടിക്കാണിച്ച് ഞാന്‍ മാധവേട്ടനോട് പറഞ്ഞു. ‘‘ഒരു വഴിയിലൂടെ ഞാന്‍ തിരക്കി പോകുമ്പോള്‍ മറുവഴിയിലൂടെ ദിവാകരേട്ടന്‍ ഇവിടെത്താനും സാധ്യതയൊണ്ട്.’’

ഞാന്‍ അതിവേഗം റേഡിയോ മുക്കിലേക്ക് പോയി പലരോടും അന്വേഷിച്ചിട്ടും ദിവാകരേട്ടനെ അന്ന് ആരും കണ്ടിരുന്നില്ല. ചിലര്‍ ദിവാകരേട്ടനെ കണ്ടിട്ടുതന്നെ മൂന്നാലു ദിവസങ്ങളായെന്നു പറഞ്ഞു. അമ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ജാതശ്ശേരി വിട്ടുപോയ ദിവാകരേട്ടന്‍റെ അനിയന്‍ മടങ്ങിവന്നെന്ന് ഞാന്‍ പറഞ്ഞത് പലര്‍ക്കും വിശ്വാസമായതുമില്ല.

‘‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ദിവാകരേട്ടന് ഒരനിയനില്ലെന്ന് ഒറപ്പിച്ച് പറയാമ്പറ്റുമോ?’’ അമ്പലമുക്കിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘‘ദിവാകരേട്ടന്‍റെ അനിയന്‍ മാധവേട്ടനെ ഞാന്‍ കാഞ്ഞിക്കല്‍ തറയില്‍ വീടിന്‍റെ സിറ്റൗട്ടില്‍ കൊണ്ടുവന്ന് ഇരുത്തിയിട്ടു വരുകയാണ്. ദിവാകരേട്ടനേക്കാള്‍ കുറഞ്ഞത് പത്തുപതിനഞ്ച് വയസ്സെങ്കിലും ഇളപ്പമുണ്ടയാള്‍ക്ക്.’’ ഓട്ടോറിക്ഷയുടെ ശബ്ദത്തെക്കാള്‍ ഒച്ചയുയര്‍ത്തി ഞാന്‍ പറഞ്ഞു.

ദിവാകരേട്ടന്‍റെ പ്രായമുള്ളവര്‍ ആരും അപ്പോള്‍ റേഡിയോ മുക്കില്‍ ഇല്ലായിരുന്നു. അതുകൊണ്ട് അവര്‍ക്കാര്‍ക്കും ആധികാരികമായി എതിര്‍ത്ത് പറയാന്‍ കഴിഞ്ഞില്ല.

അമ്പലമുക്കില്‍ പോയി അന്വേഷിച്ചിട്ടും ദിവാകരേട്ടനെ കണ്ടില്ല. നിരാശനായി ഞാന്‍ കാഞ്ഞിക്കല്‍ തറയില്‍ വീട്ടുമുറ്റത്ത് തിരികെ വന്നപ്പോള്‍ നാട്ടുകാരില്‍ പലരും അവിടെ വന്നുചേര്‍ന്നിരുന്നു. ഓട്ടോറിക്ഷ നിറുത്തി ഇറങ്ങിച്ചെന്ന എന്നെ അവരെല്ലാം സംശയത്തോടെയാണ് നോക്കിയത്. സിറ്റൗട്ടില്‍ അപ്പോള്‍ മാധവേട്ടനെ കണ്ടില്ല! അയാളുടെ തടിച്ച ബാഗു മാത്രം അവിടെയിരുന്നു.

‘‘മാധവേട്ടന്‍ എവിടെ പോയി?’’ കൂടി നിന്നവരോടായി ഞാന്‍ ചോദിച്ചു.

‘‘മാധവനേം കാണുന്നില്ല. ദിവാകരനേം കാണുന്നില്ല!’’ അയല്‍ക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന വാസുദേവക്കുറുപ്പ് പറഞ്ഞു. ‘‘അമ്പത്തിനാലു വര്‍ഷം മുമ്പ് ദിവാകരന്‍റെ അനിയന്‍ നാടുവിട്ടു പോയെങ്കില്‍ അന്നെനിക്ക് പത്തുപതിനേഴ് വയസ്സ് പ്രായം വരും. എന്‍റെ ഓർമയില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ദിവാകരന് ഒരനിയനില്ല.’’ അയാള്‍ തറപ്പിച്ചു പറഞ്ഞു.

വന്നത് ദിവാകരേട്ടന്‍റെ അനിയന്‍ തന്നെയാണെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ ഭാഗിച്ച് കൊടുക്കേണ്ടിവരുമെന്നും ഇതിനാലകം കൈമാറ്റം ചെയ്യപ്പെട്ട സ്വത്തിനുമേല്‍ വലിയ നിയമപ്രശ്നങ്ങളുണ്ടാകുമെന്നും അയല്‍ക്കാരായ രാജേഷ് ചന്ദ്രനും സുമേഷും പറയുന്നത് കേട്ടുകൊണ്ട് ഞാന്‍ അവര്‍ക്കിടയിലൂടെ നടന്നുപോയി കാഞ്ഞിക്കല്‍ തറയില്‍ വീടിന്‍റെ ചുറ്റുപാടുകള്‍ പരിശോധിച്ചു. വീടിന്‍റെ ജനാലകളും വാതിലുകളും ഭദ്രമായി അടച്ചിരിക്കുകയാണ്. ദിവാകരേട്ടന്‍റെ സൈക്കിള്‍ മാത്രം സ്ഥിരമായി വെക്കുന്നിടത്ത് കാണുന്നില്ല.

പ്രധാന വാതില്‍ തള്ളി നോക്കിയിട്ട്, വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും താഴത്തെയും മുകളിലത്തെയും ഓടാമ്പല്‍ ഇട്ടിട്ടുണ്ടെന്നും രാജേഷ് ചന്ദ്രന്‍ പറഞ്ഞതോടെ കാഞ്ഞിക്കല്‍ തറയില്‍ വീടിനുള്ളില്‍ അനിഷ്ടകരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന തീര്‍പ്പിലേക്ക് നാട്ടുകാര്‍ വേഗം എത്തി! ദിവാകരേട്ടന്‍റെ രണ്ട് പെണ്‍മക്കളെയും ഫോണില്‍ വിളിച്ചശേഷം രണ്ടുപേരുടേയും വീട്ടില്‍ ദിവാകരേട്ടന്‍ ചെന്നിട്ടില്ലെന്ന് സുമേഷും പറഞ്ഞു.

ദിവാകരേട്ടനെ ഒരാഴ്ചയായി വീടിന് പുറത്ത് കണ്ടിട്ടില്ലെന്ന് കാഞ്ഞിക്കല്‍ തറയില്‍ വീടിന്‍റെ തൊട്ടുതെക്കേ വീട്ടിലെ ഇന്ദിരാഭായി തറപ്പിച്ച് പറഞ്ഞതോടെ പലരും അയാളെ അവസാനം കണ്ടത് എപ്പോഴാണെന്ന് ഓര്‍ത്തെടുക്കാന്‍ നോക്കി. അടുത്ത ദിവസങ്ങളിലൊന്നും ദിവാകരേട്ടനെ കണ്ടതായുള്ള ഓര്‍മ ആര്‍ക്കും ഉണ്ടായില്ല.

‘‘മാധവന്‍ എന്നൊരാളെ കണ്ടെന്ന് പറയുന്നത് സത്യമാണോ? ഇനി കണ്ടത് ദിവാകരനെ തന്നെയാണോ? നിനക്ക് മാറിപ്പോയോ?’’ വാസുദേവക്കുറുപ്പ് എന്നോട് ആവര്‍ത്തിച്ചു ചോദിച്ചു.

പാന്‍റും കോട്ടുമൊക്കെയിട്ട് മറ്റൊരാളാണെന്ന് പറഞ്ഞ് ദിവാകരേട്ടന്‍ എന്‍റെയടുത്ത് നാടകം കളിക്കില്ല. മാത്രവുമല്ല, എത്രയോ നാളായി അടുത്ത് പെരുമാറുന്ന ഒരാള്‍ ഏതു വേഷത്തില്‍ വന്നാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും. എന്‍റെ ഓട്ടോറിക്ഷയില്‍ കയറി വന്നത് മറ്റൊരാളാണെന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. എന്നാല്‍, ഇപ്പോള്‍ അയാള്‍ എവിടെപ്പോയി?

ഞാന്‍ സിറ്റൗട്ടിലേക്ക് കയറിച്ചെന്ന് അവിടെയിരുന്ന തടിച്ച ബാഗ് പരിശോധിച്ചു. അത് പൂട്ടിയിട്ടില്ലായിരുന്നു. സിബ് വലിച്ചു, ബാഗ് തുറന്നു നോക്കിയപ്പോള്‍ ദീര്‍ഘയാത്ര കഴിഞ്ഞെത്തിയിട്ടെന്നപോലെ, അതില്‍ കുറച്ച് മുഷിഞ്ഞ വസ്ത്രങ്ങളേ കണ്ടുള്ളൂ. വസ്ത്രങ്ങള്‍ക്കിടയില്‍നിന്ന് രണ്ട് പുസ്തകങ്ങളും കിട്ടി! ഒന്ന്, തിളങ്ങുന്ന കൈലാസ പര്‍വതത്തിന്‍റെ ചിത്രമുണ്ടായിരുന്ന ഹിമാലയത്തെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു. മറ്റൊന്ന്, പുറഞ്ചട്ട കീറിയ ‘കാപ്പിരികളുടെ നാട്ടില്‍’ എന്നതും.

പെണ്‍മക്കളും പൊലീസും എത്തിയിട്ട് വീട് തുറന്നാല്‍ മതിയെന്നും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലും അധികനാളായിട്ടില്ലെന്നും മൂക്ക് വിടര്‍ത്തിക്കൊണ്ട് രാജേഷ് ചന്ദ്രന്‍ പറയുന്നതു കേട്ടുകൊണ്ടാണ് ഞാന്‍ ഓടിച്ചെന്ന് ഓട്ടോറിക്ഷയിലേക്ക് കയറിയത്. ദിവാകരേട്ടന്‍ ജാതശ്ശേരിയില്‍ എവിടെയെങ്കിലും കാണും. ദീര്‍ഘകാലത്തിനുശേഷം മടങ്ങിയെത്തിയ മാധവേട്ടന്‍ മറ്റൊരു വഴിയിലൂടെ ദിവാകരേട്ടനെ അന്വേഷിച്ചോ, ജാതശ്ശേരി കാണാനോ ഇറങ്ങിയതുമാകാം.

അനാവശ്യ ചിന്തകളെ ആട്ടിയകറ്റി, ചിരപരിചിതമായ വഴികളിലൂടെ ഞാന്‍ ഓട്ടോറിക്ഷ പായിച്ചു. ജാതശ്ശേരിയിലെ വഴികളെല്ലാം ഓടിത്തീര്‍ത്തപ്പോള്‍, കിഴക്കേ അതിർത്തിയില്‍ ഞാന്‍ കുറച്ചുനേരം ഓട്ടോറിക്ഷ നിറുത്തിയിട്ടു. പണയില്‍ വയലിന്‍റെ മധ്യത്തുകൂടി കിഴക്കോട്ട് നീണ്ടുപോകുന്ന റോഡില്‍ കാനല്‍ തിളയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. കിഴക്ക് പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറെ ചെരുവിലെ ചെറുകുന്നുകള്‍ക്ക് മുകളിലേക്ക് നീലാകാശം താണിറങ്ങുന്നു. അവിടെവിടെയായി മാത്രം തിളങ്ങുന്ന പഞ്ഞിത്തുണ്ടുകള്‍പോലെ വെണ്‍മേഘങ്ങള്‍! അകലെ, ഇടതുവശത്തു കാണുന്ന കുന്നിന്‍മുകളില്‍ മനുഷ്യായുസ്സിനോളം പോന്ന ഒരു ഒറ്റമരം ആകാശത്തേക്ക് തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്.

നിന്നിടത്തുതന്നെ നിന്ന് ആ ഒറ്റമരം ആരെയെല്ലാം കണ്ടിരിക്കും? എത്രയോ ആളുകള്‍ ആ ഒറ്റമരത്തെ കണ്ടിരിക്കും? പെട്ടെന്നുണ്ടായ ആവേശത്താല്‍ ഞാന്‍ അതിനുനേരേ ഓട്ടോറിക്ഷ പായിച്ചു. ഓട്ടോറിക്ഷക്ക് അതിലധികം വേഗത ഇല്ലായിരുന്നു. വയല്‍ അവസാനിക്കുന്നിടത്തുവെച്ച്, വഴിയരുകിലെ തെങ്ങില്‍ കെട്ടിയിരുന്ന ഒരു പശു ഓട്ടോറിക്ഷയ്ക്കുനേരേ നോക്കി അമറി. അതിരാവിലെ, ജോര്‍ജ് അച്ചായനെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നതിനാല്‍ പുലര്‍ച്ചെ പശുവിനെ കറന്നിട്ടില്ലല്ലോ എന്ന ഓർമ വന്നു. നേരം ഉച്ചയോട് അടുക്കുന്നു. പശുക്കള്‍ അകിട് കടഞ്ഞ് നിലവിളിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. മറ്റെല്ലാം മറന്ന് ഞാന്‍ ഓട്ടോറിക്ഷ തിരിച്ചു. ഒരു വയലിനപ്പുറത്ത് ജാതശ്ശേരിയിലെ മരച്ചില്ലകള്‍ കൂട്ടത്തോടെ മാടിവിളിക്കുന്നു.

കാഞ്ഞിക്കല്‍ തറയില്‍ വീടിനുമുമ്പില്‍ അപ്പോഴും ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തത് ദിവാകരേട്ടന്‍ ആഗ്രഹിച്ച ജീവിതം ജീവിച്ച മാധവേട്ടനെക്കുറിച്ചായിരുന്നു. അയാളെക്കുറിച്ച് പറഞ്ഞപ്പോള്‍ അയല്‍ക്കാര്‍പോലും എന്നെ വിശ്വസിച്ചില്ല. ഇനി ദിവാകരേട്ടനെക്കുറിച്ച് പറയുമ്പോഴും അവര്‍ എന്നെ അവിശ്വസിക്കുമോ എന്ന ചിന്തയോടെ ഞാന്‍ ഓട്ടോറിക്ഷയുടെ വേഗം അൽപംകൂടി കൂട്ടി.

Show More expand_more
News Summary - malayalam story