കളപ്പുരക്കൽ ഗീവർഗീസിന്റെ സായാഹ്നം
camera_altചിത്രീകരണം: സതീഷ് ചളിപ്പാടം
‘‘എന്റെ ഏകാന്തജീവിതത്തിന് ഇത്രയധികം ആൾക്കൂട്ടങ്ങൾ ആവശ്യമാണ്.’’
നടത്തത്തിനിടയിലെ ഒരിടവേളയിൽ തിരക്കേറിയ തെരുവിന്റെ ഓരം ചേർന്ന് നിൽക്കുമ്പോൾ അയാൾക്ക് യദൃച്ഛയാ കിട്ടിയ ഒരാശയമായിരുന്നു അത്. ഇന്നത്തെ തന്റെ ഏറ്റവും പ്രധാനപ്പെട്ട ആത്മഗതം ഇപ്പോൾ ഉടലെടുത്ത ഈ വാചകംതന്നെയെന്ന് അയാൾ നിശ്ചയിച്ചു.
തെരുവിന്റെ ദീർഘഘടനാ വിശേഷങ്ങളെ തരംതിരിച്ചറിഞ്ഞുകൊണ്ടുള്ള നിൽപായിരുന്നു അയാളുടേത്. വിദൂരദേശങ്ങളിലേക്കുള്ള സഞ്ചാരങ്ങളുടെ അനുബന്ധമെന്ന നിലയിൽ തികച്ചും പ്രാദേശികരൂപം കൈക്കൊണ്ടു കിടക്കുന്ന തെരുവിന്റെ വൈവിധ്യങ്ങളിൽ അയാൾ മുഴുകി. അതിന്റെ വ്യത്യസ്തങ്ങളായ ജനവാസരീതികളിലൂടെയും പലതരം ശബ്ദഘോഷങ്ങളിലൂടെയും.
കുറച്ച് ദൂരം പാലിച്ച് ഉത്തുംഗരൂപത്തിൽ നിൽക്കുന്ന താൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തെയും അതിലെ പന്ത്രണ്ടാം നിലയിലെ തന്റെ ഫ്ലാറ്റിന്റെ തുറന്നിട്ട ജാലകത്തിലേക്കും അയാൾ ദൃഷ്ടിയൂന്നി. ഇരുൾ നിറഞ്ഞപോലിരിക്കുന്ന ആ ചതുരത്തിനുള്ളിലെ ഗുപ്തമായിരിക്കുന്ന തന്റെ കിടപ്പുമുറിയെ, തന്റെ വാർധക്യകാല ജീവിതം ഒതുങ്ങിക്കൂടുന്ന ആവാസ കേന്ദ്രത്തെ, അയാൾ അത്രയും പാർപ്പിട ബാഹുല്യങ്ങൾക്കിടയിലും പ്രത്യേകമായി അടയാളപ്പെടുത്തിെവച്ചു. അകം പൊള്ളയായ അതിന്റെ വ്യാസത്തിൽനിന്നാണ് കുറച്ച് മുന്നെ ഒരു വൃദ്ധന് തെരുവിലൂടെ ഉൗന്നിനടക്കുവാൻ പറ്റിയ സമയം സായാഹ്നം തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് അയാൾ ഇറങ്ങി പുറപ്പെട്ടത്.
കിഴക്കോട്ടേക്കായിരുന്നു ആ കിടപ്പുമുറിയുടെ ജാലകത്തിന്റെ ദർശനം. അവിടെ ഇരുന്നാൽ പ്രഭാതത്തിന്റെ ഉറവിടമെന്ന നിലയിലുള്ള കിഴക്കൻ ആകാശവും ആരംഭംപോലിരിക്കുന്ന സൂര്യനും മാത്രമേ തന്റെ കാഴ്ചയുടെ പരിധിയിൽ വരുകയുള്ളൂ എന്ന പരിമിതി അയാൾ തിരിച്ചറിഞ്ഞിരുന്നു.
‘‘പടിഞ്ഞാറുഭാഗത്തെ സായാഹ്നവും പരന്ന് പിടിച്ച വേമ്പനാട്ട് കായലും തുറമുഖവും നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലുകളും അറബിക്കടലിന്റെ ആമുഖവും മറ്റും തന്റെ മുറിക്ക് എന്നും അന്യംതന്നെയാണ്.’’
അമൂർത്തതയുടെ കൂടാരംപോലെ തോന്നിപ്പിക്കുന്ന ഒരു വലിയ മേഘത്തെ നോക്കി ജാലകത്തിനരികെയിരിക്കുമ്പോൾ അയാൾക്ക് ഇന്നലെയാണ് അങ്ങനെ ഉരുവിടേണ്ടതായി വന്നത്. ആ മേഘത്തെ കൂട്ടുപിടിച്ച് തന്റെ കുട്ടിക്കാലത്തോളം ദൂരം അയാൾ പുറകോട്ട് നടന്നു. പിന്നീട് തിരികെ വന്ന് ആകാശം എന്ന മിഥ്യയിലൂടെ പ്രായപൂർത്തിയായ മനസ്സിനെ അലഞ്ഞുതിരിയുവാൻ വിട്ടു.
പകലുകളിലൂടെയും രാത്രികളിലൂടെയും ഭൂമിയെ നിയന്ത്രിച്ചു നിറുത്തുന്ന ആകാശവിദൂരതകളെപ്പറ്റി അയാൾ ചില ദിവസങ്ങളിൽ ചിന്തിക്കും. രാത്രിസമയങ്ങളിൽ, ചന്ദ്രനിലെ വിജനതയെയും അവിടത്തെ ഏകാന്തതയെയും കുറിച്ച് തിരക്കേറിയ ഭൂമിയിലിരുന്നുെകാണ്ട് അയാൾ സങ്കൽപിച്ചെടുക്കും. നക്ഷത്രങ്ങളിലേക്കുള്ള ഗഗനദൂരം തിട്ടപ്പെടുത്തുവാനാകാതെ ഇരുന്നുകൊണ്ടുതന്നെ അയാൾ വിസ്മയം കൊള്ളും.
രാവിലെ ഉറക്കത്തിൽനിന്നെഴുന്നേറ്റയുടൻ കട്ടിലിന്മേൽ കുറച്ചുനേരം വെറുതെയിരിക്കുന്ന പതിവ് അയാൾക്കുണ്ട്. ഉറങ്ങുന്ന വേളയിൽ തന്നിൽനിന്ന് വേറിട്ടുപോയ ഓർമകൾ തിരിച്ചുവരുവാൻ വേണ്ടിയുള്ള കാത്തിരിപ്പാണത്. രാത്രി എന്തെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ ചിതറിപ്പോയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് അതിനൊരു രൂപം കൊടുക്കുവാൻ ശ്രമിക്കും. പിന്നീട് എഴുന്നേറ്റ് (വേനൽക്കാലമാണെങ്കിൽ ജാലകത്തിലൂടെ കിടപ്പുമുറിയിലേക്ക് കിഴക്കൻ ചരിവോടെ പതിക്കുന്ന നീളൻ വെയിൽക്കഷണത്തെ മുറിച്ചുകൊണ്ട്) മൂത്രമൊഴിക്കുവാനും മുഖം കഴുകുവാനും ബാത്ത്റൂമിലേക്ക് നടക്കും. അതിനുശേഷമാണ് അടുക്കളയിലേക്കു പോയി ചായ ഉണ്ടാക്കുന്നത്. ആവി പറക്കുന്ന ചായക്കപ്പുമായിട്ടാണ് ജാലകത്തിനരികിലേക്കുള്ള അയാളുടെ നീക്കം.
താൻ എന്നും സവാരി നടത്തുന്ന, ഇപ്പോൾ തികച്ചും നിർജീവമായിക്കിടക്കുന്ന തെരുവിനെ കുറച്ചുനേരം നോക്കിനിൽക്കും. സായാഹ്നത്തിൽ സംഭവബഹുലതകളേറിയ തെരുവിലൂടെ സാമീപ്യദൃശ്യങ്ങളുടെ പ്രായോഗികതകളിലൂടെ നടക്കുമ്പോഴും, ഇപ്പോൾ താൻ കാണുന്ന ആശയരൂപംപോലുള്ള തെരുവിന്റെ ദൂരക്കാഴ്ചയും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ച് ചായ ഊതിക്കുടിക്കുന്നതിനിടെ വീണ്ടും പര്യാലോചിക്കും. നിശ്ശബ്ദത നിറഞ്ഞ തന്റെ കിടപ്പുമുറിയിൽനിന്നും ശബ്ദായമാനമായ ആ തെരുവിലേക്ക് എത്തിച്ചേരുമ്പോഴേക്കും; പ്രഭാതത്തിൽനിന്ന് സായാഹ്നത്തിലേക്കുള്ള ദൂരം താൻ ഒറ്റക്ക് താണ്ടിയിട്ടുണ്ടാകുമെന്ന് അയാൾ എന്നും കണക്കുകൂട്ടും. ഇതിനിടയിൽ നഗരത്തിലെ അപരാഹ്നത്തെ ഉച്ചയൂണു കഴിഞ്ഞുള്ള ഉറക്കത്തിന്റെ സമാന്തരതയിലൂടെ താൻ മറികടന്നിട്ടുണ്ടാകുമെന്നും.
പകൽസമയത്തുള്ള വിരസതയെ മറികടക്കുവാൻ വേണ്ടി പന്ത്രണ്ടാം നിലയുടെ ഉയരത്തിൽനിന്ന് ആർത്തിരമ്പുന്ന നഗരത്തെ അയാൾ ഇടക്കിടെ ഒളിഞ്ഞുനോക്കും. തന്റെ ദൃഷ്ടിപരതയിലേക്ക് കടന്നുവരുന്ന നഗരത്തിലെ വലുതും ചെറുതുമായ വീഥികളുടെ ഉരഗരൂപത്തെ വീക്ഷിക്കും. അടച്ചിട്ട ഫ്ലാറ്റിനുള്ളിലെ മുറികളിൽനിന്ന് മുറികളിലേക്ക് പരന്നു പിടിച്ചുകിടക്കുന്ന നിശ്ചലവിസ്തൃതിയിൽ കാലപ്പഴക്കമേറിയ മനസ്സുമായി തന്റെ മുഴുനീള ജീവിതത്തിന്റെ കണക്കെടുപ്പ് നടത്തുന്നതിനിടയിലാണ് കുട്ടിക്കാലത്ത് പാമ്പും കോണിയും കളിക്കുന്ന രംഗം കടന്നുവന്നത്.
വരാന്തയിൽ തന്റെ എതിരേയിരുന്ന് അന്ന് കളിച്ചിരുന്നത് മൂഞ്ഞേലി തോമസായിരുന്നു. അന്നവൻ കുട്ടിയായിരുന്നു. താനും കുട്ടിയായിരുന്നു. മൂഞ്ഞേലി തോമസ് കഴിഞ്ഞവർഷം വാർധക്യസഹജമായ അസുഖങ്ങളാൽ മരിച്ചുപോയല്ലോ എന്നോർത്തപ്പോൾ വല്ലാത്തൊരു ശൂന്യതാബോധം അയാളിൽ ഉടലെടുത്തു. ഒറ്റപ്പെട്ട ജീവിതത്തെ നേരിടുവാനാകാതെ താൻ വല്ലാതെ കുഴഞ്ഞുമറിയുന്നത് ഇത്തരം സന്ദർഭങ്ങളിലൊക്കെയാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. ജീവിതസൗന്ദര്യം ഒട്ടുമേയില്ലാത്ത ദൈനംദിനങ്ങളിലൊന്ന് തന്നെയാണ് ഇന്നത്തേതുമെന്ന് ഉറപ്പിച്ചു കൊണ്ട്, തന്റെ സായാഹ്നസവാരി ഈ ഉച്ചസമയത്തുതന്നെ ആരംഭിച്ചാലോ എന്നുവരെ അപ്പോൾ അയാൾ ആലോചിച്ചു.
രണ്ടു ദിവസങ്ങൾക്കു മുന്നെയായിരുന്നു മൂഞ്ഞേലിയെപ്പറ്റി അയാൾ ഓർത്തെടുത്തത്. ഇന്ന്, ഇപ്പോൾ ജന്മഗൃഹസ്മരണകളെ ഉണർത്തുന്ന വിധത്തിലുള്ള പലരൂപങ്ങളിലുള്ള കളിപ്പാട്ടങ്ങൾ നിരത്തിെവച്ച കടയുടെ മുന്നിൽ നിൽക്കുമ്പോൾ ചിരിക്കുന്ന മൂഞ്ഞേലിയുടെ രൂപം അയാളുടെ മനസ്സിലേക്ക് അകാരണമായി വീണ്ടും കടന്നുവന്നു.
‘‘ഓരോ പ്രായത്തിലും അതതു കാലങ്ങളിലെ വൈകാരിക പ്രക്ഷുബ്ധതകൾ എന്റെ മനസ്സ് താണ്ടിയിട്ടുണ്ട്.’’
കടയുടെ വരാന്തയിലിരുന്ന് ചെണ്ടകൊട്ടുന്ന കുരങ്ങനെ നോക്കി അയാൾ പറഞ്ഞു.
വർഷങ്ങളോളമായി മുടങ്ങാതെയുള്ള തന്റെ നടത്തത്തിലൂടെ ആ തെരുവിലെ എല്ലാ കച്ചവടക്കാരുമായി അയാൾ നല്ല പരിചയത്തിലായിരുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ എന്തൊക്കെയോ ആലോചനയിൽ മുഴുകി സ്വയം പിറുപിറുത്തുകൊണ്ട് സാവകാശം നടന്നുപോകുന്ന ആ വൃദ്ധനെ അവരും ശ്രദ്ധിക്കാറുണ്ട്. അവരിൽ ചിലരുമായി അയാൾ ചിലപ്പോൾ തെല്ലിട നേരം സാന്ദർഭികമായി സംസാരിക്കുമായിരുന്നുവെങ്കിലും വേഗതയേറിയ ചക്രവീഥിക്കിരുവശവും ഒഴിച്ചിട്ടിരിക്കുന്ന നടപ്പാതകളിലൊന്നിലൂടെ തന്റെ പാദവിന്യാസങ്ങൾ കണ്ടെത്തുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവനും.
ഘടികാരങ്ങൾ വിൽപന നടത്തുന്ന കടയുടെ മുന്നിലാണ് അയാൾ ഏറെനേരം ചെലവഴിച്ചിരുന്നത്. കാലമെന്ന പ്രഹേളികയെക്കുറിച്ച് ഏറെ ചിന്തിപ്പിക്കുവാൻ പോന്ന തരത്തിലുള്ളതാണ് തന്റെ ഇേപ്പാഴത്തെ ജീവിതാവസ്ഥയെന്ന് അയാൾ കരുതി. ചില ദിവസങ്ങളിൽ അയാൾ കടയുടെ വരാന്തയിൽ ഇട്ടിരിക്കുന്ന മരസ്റ്റൂളിന്മേൽ വെറുതെ ഒന്നിരിക്കും, നടക്കുന്നതിനിടയിൽ ചെറിയൊരു വിശ്രമം എന്ന നിലയിൽ. കടക്കുള്ളിൽ നിരത്തിെവച്ചിരിക്കുന്ന ഘടികാരസമാഹാരങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. അവക്കിടയിൽനിന്ന് ഇടക്കിടെ ഉയർന്നുവന്നേക്കാവുന്ന സമയനാദങ്ങൾക്കുവേണ്ടി കാതോർക്കും.
ചുവരിൽ പതിപ്പിച്ചുെവച്ച വലിപ്പമേറിയ പരമ്പരാഗത ഘടികാരത്തിന്റെ ആടിക്കൊണ്ടിരിക്കുന്ന പിത്തള പെൻഡുലം കളിപ്പാട്ടത്തിനോട് സാദൃശ്യം പുലർത്തുന്നതായി അയാൾ കണ്ടെത്തി.
‘‘സമയത്തിന്റെ ഓരോരോ കളികൾതന്നെ, അല്ലെ?’’
മേശപ്പുറത്ത് കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന പലതരം വാച്ചുകളുടെ ജഡങ്ങൾക്കു പുറകിൽ വളരെ ഗൗരവത്തിലിരിക്കുന്ന വാച്ച് റിപ്പയറർ കേൾക്കാത്ത മട്ടിൽ അയാൾ ചോദിച്ചു.
യന്ത്രത്തകരാർ സംഭവിച്ച ഏതോ ഘടികാരത്തിന്റെ പൽചക്രങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നിമിഷങ്ങളെ അതിസൂക്ഷ്മതയോടെ പുറത്തേക്ക് എടുക്കുന്നതിനിടയിൽ, ഒറ്റക്കണ്ണൻ ഭൂതക്കണ്ണാടി പിടിപ്പിച്ച തന്റെ മുഖമുയർത്തി വാച്ച് റിപ്പയറർ സമയത്തിന്റെ സാങ്കേതികതയോടുകൂടി വരാന്തയിലിരുന്ന അയാളെ നിർന്നിമേഷം ഒന്നു നോക്കി.
അത്രമാത്രം.
വാച്ച് റിപ്പയറർ വീണ്ടും തല കുനിച്ചുപിടിച്ച് നിമിഷങ്ങളുടെ അനുച്ഛേദങ്ങളിലേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചു.
ചുറ്റിനുമുള്ള ശബ്ദകോലാഹലങ്ങൾക്കിടയിലൂടെ തന്റെയുള്ളിലെ നിശ്ശബ്ദതയെ തുലനം ചെയ്തുെകാണ്ട് അയാൾ നടത്തം തുടർന്നു. മറ്റുള്ളവരോട് തനിക്ക് പ്രത്യേകിച്ചൊന്നും പറയുവാനില്ലാത്തതിനാൽ അയാൾ തന്നോടുതന്നെ സംസാരിച്ചുകൊണ്ട് നടന്നു.
സുഗന്ധവ്യഞ്ജനശാലയിൽനിന്നുത്ഭവിക്കുന്ന നെടുനീളൻ മസാലഗന്ധങ്ങൾക്കിടയിൽനിന്ന് തൊട്ടപ്പുറത്തുള്ള ചെരിപ്പുകടയിലെ കാൽപാദങ്ങളെ കാത്തിരിക്കുന്ന പാദരക്ഷക്കിടയിൽനിന്നുള്ള ഉറഞ്ഞുകൂടിയ തുകൽഗന്ധത്തെ അയാൾ വേർതിരിച്ചെടുത്തു.
‘‘ഇത്ര പ്രായമായിട്ടും എന്റെ മൂക്കിന് വലിയ തകരാറൊന്നും പറ്റിയിട്ടില്ല.’’
തന്റെ കാഴ്ചക്ക് അദൃശ്യമായിരിക്കുന്ന മൂക്കിനെ കൈവിരലുകൾകൊണ്ട് തടവിക്കൊണ്ട് അയാൾ പറഞ്ഞു.
നാട്ടിൻപുറത്തുനിന്ന് നഗരത്തിലേക്ക് കുടിയേറിപ്പാർത്തതിനുശേഷമുള്ള ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ പലപ്പോഴായി ഈ വീഥിക്കിരുവശത്തുമുള്ള എല്ലാത്തരം വിൽപനശാലകളിലും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒന്നൊഴിയാതെ തനിക്ക് കയറിയിറങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും ഓരോ സ്ഥാപനവും വേറിട്ട കച്ചവടരീതികളാണ് പുലർത്തുന്നതെന്നും അയാൾ വിലയിരുത്തി. കച്ചവടസ്ഥാപനങ്ങൾ പ്രകടിപ്പിക്കുന്ന പ്രദർശനപരതകളിൽ അടങ്ങിയിട്ടുള്ള അണിയറചേരുവകളുടെയും പ്രത്യേകിച്ച് അത് പ്രതിനിധാനംചെയ്യപ്പെടുന്ന ലാഭനഷ്ടങ്ങളുടെ ഗണിത ജീവിതത്തേയും കുറിച്ചുള്ള ഒരു ഗ്രാഫിക് ചിത്രം സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റിൽ വർഷങ്ങളോളം പണിയെടുത്തതിന്റെ പരിചയത്തിൽ അയാൾ കോറിയിട്ടു.
രാജ്യാന്തര കച്ചവടങ്ങളുടെ തദ്ദേശീയതലങ്ങളാണ് തന്റെ മുന്നിൽ നിരനിരയായി തുറന്നുെവച്ചിരിക്കുന്നതെന്ന് അയാൾക്ക് കുറെ വർഷങ്ങൾക്കു മുന്നെ തന്നെ ബോധ്യപ്പെട്ടതാണ്. വിദേശത്തുനിന്നുള്ള ചരക്കുകളുടെ ഇറക്കുമതികൾ, തുറമുഖങ്ങൾ, അന്താരാഷ്ട്ര വ്യാപാരബന്ധങ്ങൾ, രാഷ്ട്രതന്ത്രതകൾ, പലതരം ഉടമ്പടികൾ, നികുതികൾ; ഇവയുടെയെല്ലാം അദൃശ്യവും അനുസ്യൂതവുമായ ശൃംഖലകൾക്കിടയിലൂടെയാണ് താൻ ഇപ്പോൾ നടന്നുനീങ്ങുന്നതെന്നും അയാൾ മനസ്സിലാക്കിയിരുന്നു.
അയാളുടെ ഇത്തരത്തിലുള്ള സങ്കീർണമായ ചിന്തകളെ മൊത്തത്തിൽ അട്ടിമറിക്കുവാൻ പോരുന്നത്ര ശേഷിയുള്ളതായിരുന്നു തൊട്ടപ്പുറത്തെ സംഗീതോപകരണങ്ങളുടെ വിൽപനശാല. ഘടികാരവിൽപനശാലയുടെ മുന്നിൽനിന്നെന്നപോലെ സംഗീതോപകരണങ്ങൾക്കു മുന്നിലും അയാൾ നിശ്ചലനായി. സംഗീതത്തിന്റെ ഖരരൂപികളെ ആദരപൂർവം നോക്കി. ശബ്ദകോശങ്ങളാൽ നിർമിക്കപ്പെട്ട അതിന്റെ ഓരോ ഭാഗവും വിശദമായ പരിേശാധനക്ക് വിധേയമാക്കി. നിരത്തിെവച്ചിരിക്കുന്ന അവക്കുള്ളിൽ അടങ്ങിയിരിക്കുന്ന നിശ്ശബ്ദതകളെക്കുറിച്ച് അയാൾ ചിന്തിക്കുവാൻ തുടങ്ങി. ചില ദിവസങ്ങളിൽ തനിക്കേറെ ഇഷ്ടപ്പെട്ട ഏതെങ്കിലും സംഗീതോപകരണത്തിന്മേൽ അയാൾ തന്റെ വിരലുകളോടിക്കും. ചിലപ്പോൾ സംഗീതച്ചാലുകൾപോലെ വലിഞ്ഞുമുറുകിയ വയലിൻ കമ്പികളിന്മേൽ അല്ലെങ്കിൽ ഉള്ളുപൊള്ളയായ തബലയുടെ പരന്ന പ്രതലത്തിൽ പറ്റിച്ചേർന്നിരിക്കുന്ന വൃത്താകൃതിയിലുള്ള കറുത്ത മറുകിന്മേൽ.
സംഗീതത്തിനുവേണ്ടി അയാൾ എല്ലായ്പോഴും കാതോർത്തിരിക്കും. ഫ്ലാറ്റിൽ വെറുതെയിരിക്കുമ്പോൾ വല്ലപ്പോഴും ഒരിക്കലെന്നപോലെ, ആകാശത്തിലൂടെ പിടിവിട്ട പട്ടം കണക്കെ ദൂരെനിന്ന് ദിക്കുകളില്ലാത്ത സംഗീതശകലങ്ങൾ ഒഴുകിവരും. മുഖത്തിനിരുവശവും ജാഗരൂകതയോടെ എഴുന്നുനിൽക്കുന്ന കാതുകൾ അത്തരം ധാരകളെ അപ്പോൾത്തന്നെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കും. അത്രയും സാന്ദ്രതയിൽതന്നെ മനസ്സ് അതിനെ പലതരം അനുഭൂതികളായി പരിഭാഷപ്പെടുത്തുകയുംചെയ്യും.
പക്ഷേ, ഇപ്പോൾ സംഭവിച്ചത് അതൊന്നുമല്ല. അയാൾ തന്റെ നടത്തം പുനരാരംഭിച്ച നിമിഷത്തിൽ സംഗീതോപകരണ കടയിൽനിന്ന് അപ്രതീക്ഷിതമായി വലിയ ശബ്ദത്തിൽ ഒരു ഇമ്പമേറിയ ഗാനം പൊട്ടിപ്പുറപ്പെട്ടു. വലിച്ചുനീട്ടിയ, കാറ്റുപിടിച്ച പടുകൂറ്റൻ കപ്പൽപായപോലെ അത് അന്തരീക്ഷത്തിലേക്ക് പൊടുന്നനെ ഉയർന്നുപൊങ്ങി.
ആ ശബ്ദധ്വനികൾ അയാളെ സംബന്ധിച്ചിടത്തോളം അത്രക്കും പ്രാധാന്യമേറിയതായിരുന്നു. അയാൾ കണ്ണുകളടച്ച് പിടിച്ചുനിന്നു. സംഗീതത്തിന്റെ സ്വർഗരൂപങ്ങളെ അയാൾ കാണുന്നത് അങ്ങനെയൊക്കെ തന്നെയായിരുന്നു. ആരംഭിച്ചപോലെതന്നെ പെട്ടെന്ന് അകാരണമായി ആ സംഗീതം നിലച്ചപ്പോൾ അയാൾക്ക് തന്റെ കണ്ണുകൾ തുറന്നുപിടിക്കേണ്ടതായിവന്നു.
ചുവരിൽ ചരിവോടെ പറ്റിപ്പിടിച്ചിരിക്കുന്ന ഗിത്താർ. നിലത്ത് കിടത്തിെവച്ചിരിക്കുന്ന വീണ. കുത്തനെ ഉയർന്നുനിൽക്കുന്ന ഡ്രം. അയാൾ അത്രയും തന്റെ കുന്നിൽ കണ്ടു. യാതൊരുവിധ ശബ്ദഘോഷങ്ങളുമില്ലാതെ അടങ്ങിയൊതുങ്ങിയിരിക്കുന്ന സംഗീതോപകരണങ്ങളിലേക്ക് ഒരിക്കൽക്കൂടി കണ്ണോടിച്ചുകൊണ്ട് അയാൾ മുന്നോട്ടേക്ക് നടന്നു.
നിരവധി നിറങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ നിരത്തിെവച്ചിരിക്കുന്ന പലഹാരങ്ങൾ തിങ്ങിനിറഞ്ഞ ബേക്കറിക്കടയുടെ മുന്നിലൂടെയായിരുന്നു അയാളുടെ കടന്നുപോക്ക്.
‘‘എന്റെ കുട്ടിക്കാലത്തായിരുന്നുവെങ്കിൽ വളരെയധികം രസകരമായ ഒരു കാഴ്ചയായിരിക്കും ഇത്.’’
കണ്ണാടി പതിപ്പിച്ച ചില്ലലമാരകളിൽ പൂക്കൾകൊണ്ട് അലങ്കരിച്ചുെവച്ചിരിക്കുന്നതുപോലുള്ള മധുരപലഹാരങ്ങളെ നോക്കി അയാൾ പറഞ്ഞു.
ഭാഷയെയും ഭക്ഷണത്തെയും കൈകാര്യംചെയ്ത് തഴക്കമേറിയ തന്റെ നാവിന് ഇത്തരം കാഴ്ചകൾക്കു മുന്നിൽ ഉദാസീനനായി നിൽക്കുവാൻ മാത്രമേ കഴിയൂവെന്ന് അയാൾക്ക് നല്ലപോലെ അറിയാമായിരുന്നു. എങ്കിലും സംഗീതത്തിന്റെ പലവിധ അടരുകൾ തന്റെ കർണപുടങ്ങൾ വേർതിരിച്ചറിയുന്നതുപോലെ അമൂർത്തങ്ങളായ രുചിക്കൂട്ടുകളെ തന്റെ നാവിലെ രസകുമിളകൾ ഈ പ്രായത്തിലും വേണ്ടപോലെ തരംതിരിച്ചാസ്വദിക്കുന്നുണ്ടെന്ന് അയാൾ പിന്നീട് തിരുത്തി ചിന്തിച്ചു.
‘‘ഓരോ ചുവടുകൾ മുന്നേറുേമ്പാഴും കാണപ്പെടുന്ന ഓരോരോ കാഴ്ചകൾ.’’
വർഷങ്ങളായി ആൾത്താമസെമാന്നുമില്ലാത്ത പഴക്കമേറിയ വീടിന്റെ മുന്നിലെത്തിയപ്പോൾ അയാൾ പറഞ്ഞു.
കച്ചവടസ്ഥാപനങ്ങൾക്കിടയിലെ ആ ഗൃഹസ്ഥാശ്രമം ഒരു പൊരുത്തക്കേടുപോലെ അയാൾക്ക് തോന്നിച്ചു. ഗേറ്റിന്റെ ഇരുവശങ്ങളിലുമുള്ള തടിച്ച തൂണുകളിലൊന്നിൽ എഴുതിെവച്ചിരിക്കുന്ന ‘ശാന്തിനിലയം’ എന്ന വീട്ടുപേര് അയാൾ എല്ലാ ദിവസവും ഒരു ചടങ്ങ് എന്നപോലെ വായിക്കും.
‘‘ശാന്തി, അത് താൻ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടോ?’’
അയാൾ തന്നോട് തന്നെ ചോദിച്ചു.
‘‘എപ്പോഴെങ്കിലും, ഈ വയസ്സാൻകാലത്തെങ്കിലും?’’
നാട്ടിൻപുറത്തെ അഞ്ചേക്കർ പുരയിടവും കളപ്പുരക്കൽ എന്ന വലിയ തറവാടും നഷ്ടപ്പെടുത്തി നഗരത്തിലെ മൂന്ന് കിടപ്പുമുറികൾ മാത്രമുള്ള 120 –ബി എന്ന ഫ്ലാറ്റിലേക്ക് താൻ എങ്ങനെ തികച്ചും ഒറ്റപ്പെട്ടവനായി കടന്നുവന്നു എന്നതിന്റെ ചരിത്രം അയാളുടെ മനസ്സിലേക്ക് അപ്പോൾ പല രംഗങ്ങളായി പ്രവേശനംചെയ്തു. അതിലെ ഒരു സവിശേഷ ഭാഗം വിസ്തരിച്ച് ഓർക്കുവാൻ ഒരുമ്പെടുന്ന വേളയിൽ അപ്രതീക്ഷിതമായി ഉയർന്നുകേട്ട ചിറകടി ശബ്ദവും പക്ഷിക്കരച്ചിലും അയാളെ ആ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിച്ചു. അത്രയും നേരം കുനിച്ചുപിടിച്ചിരുന്ന തന്റെ തല അയാൾക്ക് ഉയർത്തിപ്പിടിക്കേണ്ടതായി വന്നപ്പോൾ തുരുമ്പിച്ച വലക്കണ്ണികളുള്ള ഇടുങ്ങിയ കൂടുകളിൽ തന്റെ ഊഴം കാത്തിരിക്കുന്ന അഴുക്കുപുരണ്ട വെള്ളക്കോഴികളെയും കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ള ഇറച്ചിക്കടയും അയാളുടെ ശ്രദ്ധയിൽപെട്ടു.
നീണ്ടുമെലിഞ്ഞ കഴുത്തിലൂടെ മൂർച്ചയേറിയ കൊലക്കത്തി വേഗത്തിൽ കയറിയിറങ്ങിപ്പോകുന്നത്, പിടക്കുന്ന കോഴിയെ വലിയൊരു പ്ലാസ്റ്റിക് ഡ്രമ്മിലേക്ക് വലിച്ചെറിയുന്നത്, എല്ലാംതന്നെ ആ കടയിലേക്ക് നോക്കാതെ അയാൾ മനസ്സിൽ കണ്ടു. തെരുവിലെ ആരവങ്ങൾക്കിടയിൽ ഏതാനും നിമിഷങ്ങൾ മാത്രം നിലനിൽക്കുന്ന ഡ്രമ്മിൽനിന്നുയർന്നു വരുന്ന മരണവെപ്രാളത്തിന്റെ തബലയടികൾ അയാളിലേക്ക് പ്രത്യേകമായിത്തന്നെ എത്തിച്ചേർന്നു. അതിന്റെ ദ്രുതതാളത്തിനൊപ്പം ചുവടുകൾക്ക് വേഗതകൂട്ടി തന്റെ മുഴുനീള ദിനത്തിലെ രക്തരൂഷിതമായ ആ സന്ദർഭത്തെ വല്ലാതെ തുടിക്കുന്ന ഹൃദയത്തോടെ മറികടന്ന് ഒരു തണൽമരച്ചുവട്ടിൽ അയാൾ സ്ഥാനമുറപ്പിച്ചു.
ആ വൃക്ഷത്തിന്റെ തടിച്ചുരുണ്ട വേരുകൾക്കിടയിൽ, ഉപയോഗിച്ച് തേയ്മാനം വന്നതും അപകടത്തിൽ അംഗഭംഗം സംഭവിച്ചതും കീറിപ്പൊളിഞ്ഞതുമായ ചെരുപ്പുകൾ കുന്നുകൂട്ടിയിട്ടിരുന്നു. നാമാവശേഷങ്ങളായ അത്തരം ചെരുപ്പുകൾ തുന്നിക്കൂട്ടി വീണ്ടും അതിനെ പദയാത്രകൾക്ക് സജ്ജമാക്കുന്ന തിരക്കിലായിരുന്നു ചെരുപ്പുകുത്തി. തെരുവിനെ ഒരിക്കൽപോലും ശ്രദ്ധിക്കാതെ, ഒരു കാൽനടക്കാരൻ അരികിൽ വന്നുനിന്ന് തന്നെ സാകൂതം നോക്കിനിൽക്കുന്നുണ്ടെന്നുപോലും അറിയാതെ ചെരുപ്പുകുത്തി തന്റെ പണി തുടർന്നുകൊണ്ടേയിരുന്നു.
‘‘എന്റെയത്രയും പ്രായം വരും ഈ ചെരുപ്പുകുത്തിക്കും.’’
കുറച്ചു മുന്നെ താൻ കടന്നുവന്ന, പോളിഷ് ചെയ്ത് മിനുക്കിെവച്ച ചെരുപ്പുകടയുടെ സമൃദ്ധികളോടുള്ള ഒരു വൈരുധ്യമെന്നപോലെ മൊത്തത്തിൽ മുഷിഞ്ഞിരുന്ന ചെരുപ്പുകുത്തിയെ നോക്കി അയാൾ അങ്ങനെ പറഞ്ഞ വേളയിൽതന്നെയാണ് ജ്ഞാനത്തെ നിഷേധിക്കുന്ന തരം സൗന്ദര്യവുമായി അപ്പോൾ മുന്നിലൂടെ കടന്നുപോയ ഒരു യുവതിയെ തന്റെ ജീവിതത്തിൽ ഇരുപത് വയസ്സു മുതൽ ധരിച്ച് ശീലിച്ച കണ്ണടയിലൂടെയുള്ള തിരശ്ചീന നോട്ടത്തിലൂടെ അയാൾ കണ്ടെത്തിയതും.
കണ്ണട മുഖത്തുനിന്ന് ധൃതിപ്പെട്ട് ഊരി അതിന്റെ നയനസ്ഫടികം മുണ്ടിന്റെ ഒരറ്റംകൊണ്ട് വൃത്തിയായി തുടച്ചശേഷം നടന്നകലുന്ന ആ യുവതിയെ ദൂരദർശിനിയിലൂടെ കാണുന്നതുപോലെ അയാൾ നോക്കിനിന്നു. തന്നിൽ അസ്തമിച്ചുപോയ യൗവനകാലത്തിലേക്ക് ഒരു കുറുക്കുവഴി കണ്ടെത്തിയവനെ പോലെയും അതേസമയം തന്റെ ചെറുപ്പകാലത്തെ വർണപ്പകിട്ടുകൾക്കിടയിൽനിന്ന് എപ്രകാരമാണ് വാർധക്യകാലത്തെ ചാരനിറത്തിലേക്ക് താൻ എത്തിച്ചേർന്നതെന്ന അമ്പരപ്പോടെയും അയാൾ ആ വാകമരച്ചുവട്ടിൽ തന്റെ ചുവടുകളെ ആയാസത്തോടുകൂടി ഉറപ്പിച്ചുനിറുത്തി.
വാകമരം നിറയെ പൂത്തുനിന്ന ദിനങ്ങളിലൊന്നുതന്നെയായിരുന്നു അന്നും. മറ്റു സമയങ്ങളിൽ ദൃഢഗാത്രതയോടെ പൗരുഷരൂപധാരിയായി നിവർന്നുനിൽക്കുന്ന ആ വൃക്ഷം അതിന്റെ പൂക്കാലം വരുമ്പോൾ തികച്ചും സ്ൈത്രണത പൂണ്ട് താഴേക്ക് പൂക്കൾ ഉതിർത്ത് ചുവന്ന പട്ട് വിരിച്ചമാതിരിയുള്ള വൃക്ഷച്ചുവടോടെ നിൽക്കും.
നിന്നനിൽപിൽതന്നെ വലിയൊരു കുതിച്ചുചാട്ടം നടത്തുവാൻ േപ്രരിപ്പിക്കുന്നതായിരുന്നു ആ സന്ദർഭമെങ്കിലും തന്റെ യൗവനാസക്തികളുടെ ചൂണ്ടക്കൊളുത്തുകൾ ഇപ്പോൾ നങ്കൂരചാപങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നുവെന്ന് അയാൾ നിസ്സഹായതയോടെ തിരിച്ചറിഞ്ഞു. കുറച്ചു മുന്നെ തന്റെ നടത്തം ആരംഭിച്ചതു മുതൽ അയാളുടെ മനസ്സ് അറിയാതെതന്നെ തെരുവിന്റെ വാർധക്യാനുപാതം കണ്ടെത്തുവാൻ ശ്രമിച്ചിരുന്നു. പക്ഷേ, ചുറ്റിനുമുള്ള യൗവന ചടുലതകളിലെ നിമ്നോന്നതങ്ങളിലേതെങ്കിലുമൊന്നിൽ താൻ തട്ടിത്തടഞ്ഞ് വീണേക്കുമെന്നുവരെ അയാൾക്ക് ആശങ്കപ്പെടേണ്ടതായി വന്നു. ജരാനര ബാധിച്ച ചിന്തകളോടെ മന്ദം മന്ദമായ ഗതിവിഗതികളിലൂടെ അയാൾ പിന്നേയും തുടർന്നുകൊണ്ടേയിരുന്നു.
കുറെയേറെ വർഷങ്ങൾക്കു മുന്നെ സംഭവിച്ച പൂർണമായും മറവിയിലാണ്ടു കിടക്കുന്ന പലവിധത്തിലുള്ള സംക്ഷിപ്തരൂപങ്ങളെ പുറത്തുചാടിക്കുവാൻ തക്ക പ്രാപ്തിയുള്ളതായിരുന്നു ആ യുവതിയുടെ കടന്നുപോക്കിൽ ഉള്ളടക്കംചെയ്തിട്ടുള്ളതെന്ന് സ്ൈത്രണസൗന്ദര്യങ്ങളെ ആഗിരണംചെയ്യുവാനുള്ള കഴിവുകൾ പൂർണമായും നഷ്ടപ്പെടാത്ത തന്റെ മനസ്സുകൊണ്ട് അയാൾ തിരിച്ചറിഞ്ഞു. ഒരുപഗ്രഹം കണക്കെ അത്തരം ഓർമകൾ തന്റെയുള്ളിൽ ഇപ്പോഴും വൈകാരിക തടിപ്പായി അവശേഷിക്കുന്നുണ്ടെന്ന് അയാൾ ഉറപ്പിച്ചു.
ചുട്ടുപഴുത്ത ചീനച്ചട്ടിയിന്മേൽ തേഞ്ഞ് മെലിഞ്ഞ ചട്ടുകം താളാത്മകതയോടെ അടിച്ച് പ്രത്യേകതരം ലോഹശബ്ദമുണ്ടാക്കിക്കൊണ്ട് തിരക്കിനിടയിലൂടെ ഒരു കപ്പലണ്ടിക്കച്ചവടക്കാരൻ ഉന്തുവണ്ടിയും തള്ളി അയാളുടെ മുന്നിലേക്ക് സാവകാശം ഒഴുകിവന്നു.
കപ്പലണ്ടി വാങ്ങണോ വേണ്ടയോ എന്ന് അയാൾ സംശയിച്ചു.
ഇത്തരം നടത്തത്തിനിടയിൽ വറുത്ത കപ്പലണ്ടി കൊറിക്കുവാൻവേണ്ടി അയാൾ സാധാരണ വാങ്ങാറുള്ളതാണ്. പക്ഷേ ഇന്ന് എന്തുകൊണ്ടോ അയാൾ അതിന് മുതിർന്നില്ല.
‘‘കപ്പലണ്ടി തിന്ന് രസിക്കുവാൻ പറ്റിയ സമയമല്ല ഇപ്പോൾ.’’
സ്റ്റൗവിന്റെ ഫർണറിൽനിന്നുയർന്നുവരുന്ന നീലനിറത്തിലുള്ള തീജ്വാലയെ നോക്കിക്കൊണ്ട് അയാൾ തന്നെ സ്വയം ശാസിച്ചു നിറുത്തി.
എളുപ്പത്തിൽ വേർതിരിച്ചെടുക്കുവാൻ കഴിയാത്ത തരത്തിലുള്ള വൈകാരിക ശൃംഖലകൾ തന്റെയുള്ളിൽ ഇപ്പോഴും കെട്ടുപിണഞ്ഞുകിടപ്പുണ്ടെന്ന നിഗമനത്തിൽ തന്നെ വശീകരിക്കുന്ന ചൂടൻ കപ്പലണ്ടിഗന്ധത്തെ അയാൾ അവഗണിച്ചു.
കുറച്ചു മുന്നെ നിറുത്തിയിട്ടിടത്തുനിന്നും അയാൾ തന്റെ ചിന്തകളെ വീണ്ടും തുടർന്നു.
കാലഹരണപ്പെട്ട വികാരങ്ങളെക്കുറിച്ച്, അതെ, അവിടെെവച്ച് തന്നെയാണ് താൻ നിറുത്തിയത്. (അപ്പോഴാണ് കപ്പലണ്ടിക്കാരൻ കടന്നുവന്നത്.) പഴക്കമേറിയതുെകാണ്ടുതന്നെ അതിനെപ്പറ്റി നിശ്ശബ്ദത പുലർത്തുവാൻ തനിക്ക് കഴിയുമായിരുന്നു. എങ്കിലും ചില കാര്യങ്ങൾ ഓർക്കാതിരിക്കുവാൻ നിർവാഹമില്ലാത്ത അവസ്ഥയിലേക്ക് അനുബന്ധ വിചാരങ്ങൾ തന്നെ ഇതിനകം കൂട്ടിക്കൊണ്ടുപോയിരുന്നു.
ശരീരങ്ങൾ െവച്ചുകൊണ്ടുള്ള കളികൾ. അന്നൊക്കെ അതിനായിരുന്നു കൂടുതൽ പ്രാധാന്യം. മാംസളതയെ ചുറ്റിപ്പറ്റിത്തന്നെ. തന്റെ മനസ്സും ശരീരവും അതിേനാടൊക്കെ പരമാവധി കൂറുകാണിച്ചിരുന്നു എന്നത് ശരിതന്നെയാണ്. ചില പ്രത്യേകതരം അവയവ വികാരങ്ങൾ, അത് കേന്ദ്രീകൃതാനുഭൂതികൾ നിറഞ്ഞതായിരുന്നു. നിരന്തരം ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ജൈവാഗ്രഹങ്ങൾ. വിഷാദം ജനിപ്പിക്കുന്ന സൗന്ദര്യങ്ങൾ. നഗ്നതകൾ തേടിയുള്ള അലച്ചിലുകൾ, രഹസ്യ ദൂരങ്ങൾ, നിശ്ശബ്ദ യുദ്ധങ്ങൾ. ഇതിന്റെയൊക്കെ അന്തർവാഹിനിത്വവും പേറി മുങ്ങാംകുഴിയിട്ടു നടന്ന വർഷങ്ങൾ.
ഈ കാലഘട്ടത്തിൽ അതിന്റെയൊക്കെ നൈരന്തര്യം തന്നിൽ നിലച്ചുപോയിരുന്നുവെങ്കിലും, ആരെന്നോ എന്തെന്നോയില്ലാത്ത ഒരുതരം സ്ൈത്രണതയെ തന്റെ മനസ്സ് എല്ലായ്പോഴും ഒരു നിഗൂഢവികാരംപോലെ പിന്തുടരുന്നുണ്ടെന്ന് അയാൾക്ക് അപ്പോൾ ഉറപ്പിച്ചു പറയേണ്ടതായിവന്നു.
‘‘വെറുതെ, ഓരോരോ ഓർമകൾ...’’
തന്റെ നീണ്ടകാല ജീവിതത്തിനിടയിൽ സംഭവിച്ച വലിയ വലിയ മറവികൾക്കുശേഷം അവശേഷിക്കുന്ന ഓർമകൾ പേറിക്കൊണ്ടുള്ള നടത്തത്തിനിടയിൽ അയാൾ പറഞ്ഞു.
‘‘ടിക്കറ്റ് വേണോ?’’
മുന്നിലേക്ക് നീട്ടിപ്പിടിച്ച ഭാഗ്യക്കുറികളുമായി തികച്ചും യാന്ത്രികതയോടെ അത്രയും മാത്രം ചോദിച്ചുകൊണ്ട് ലോട്ടറി വിൽപനക്കാരൻ അയാളെ കടന്നുപോയി.
‘‘ജീവിതത്തിൽ എത്രയെത്ര നഷ്ടങ്ങൾ.’’
തന്നിൽ സഹജമായി കുടിെകാള്ളുന്ന പരാജയബോധത്തോടെ അയാൾ പറഞ്ഞു.
പണിയിൽ ബദ്ധശ്രദ്ധനായിരുന്നുവെങ്കിലും തന്റെ അരികിൽ കുറച്ചുനേരമായി നിലയുറപ്പിച്ച ആ വൃദ്ധന്റെ കാൽപാദങ്ങളിലേക്ക് നിലത്തു ചിതറിയ ചുവന്ന വാകപ്പൂക്കൾക്കിടയിലൂടെ ചെരുപ്പുകുത്തി ആദ്യമായൊന്ന് ശ്രദ്ധ പതിപ്പിച്ചു.
‘‘എന്താ, ചെരുപ്പു നന്നാക്കുവാനുണ്ടോ?’’
ചെരുപ്പുകുത്തി തന്റെ ഇരിപ്പിടത്തിലിരുന്നുകൊണ്ട് തനിക്ക് ആകാവുന്നത്ര തലയുയർത്തിപ്പിടിച്ചുകൊണ്ട് അയാളോട് ചോദിച്ചു.
‘‘ഇല്ല, വെറുതെ നിന്നതാണ്.’’
പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ തന്റെ പാദുകങ്ങളെ തുന്നിയെടുത്തുതന്നെ നല്ലപോലെ നടത്തിക്കുവാനുള്ള ശ്രമമാണ് ചെരുപ്പുകുത്തിയുടേതെന്ന് മനസ്സിലാക്കിയ അയാൾ പറഞ്ഞു.
തന്റെ ചിന്തകൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോയെന്ന് വീണ്ടും ചിന്തിച്ച് ഒരു സുദീർഘനിശ്വാസത്തിന്റെ കുതിപ്പിനാൽ അടുത്ത ചുവടെടുത്തുെവച്ച് കുറച്ചു നേരമായിട്ടുള്ള തന്റെ നിന്നനിൽപിനെ അയാൾ മറികടന്നു. നടക്കുന്നതിനിടയിൽ ഇരുവശങ്ങളിലുമുള്ള വിൽപനശാലകളെ അയാൾ തീരെ ശ്രദ്ധിച്ചതേയില്ല. അതിലും പ്രധാനപ്പെട്ട കാര്യം തനിക്കിപ്പോഴുണ്ടെന്ന മട്ടിൽ താഴേക്ക് നോക്കിക്കൊണ്ട് അയാൾ തന്റെ നടത്തം തുടർന്നു.
ലഹരി പതയുന്ന ബാർ, സ്വർണത്തിളക്കമേറിയ ജ്വല്ലറി, അലങ്കാരമത്സ്യങ്ങളെയും പക്ഷിക്കുഞ്ഞുങ്ങളെയും വിൽപന നടത്തുന്ന കട. പലതിന്റെയും മുന്നിലൂടെ അയാൾ കടന്നുപോയെങ്കിലും ബ്യൂട്ടിപാർലറിന്റെ അരികിലെത്തിയപ്പോൾ അതിന്റെ അടഞ്ഞുകിടക്കുന്ന സൺഫിലിം ഒട്ടിച്ച ചില്ലുവാതിലിലേക്ക് അയാൾ സൂക്ഷിച്ചുനോക്കി. ഈ ഭൂമിയിൽനിന്ന് നിഷ്ക്രമിക്കുന്നതിന് മുന്നെയുള്ള തന്റെ നര ബാധിച്ച രൂപം കറുത്തിരുണ്ട ചില്ലിന്മേൽ അവ്യക്തമായി പതിഞ്ഞു കണ്ടപ്പോൾ പെട്ടെന്ന് അയാൾ തല വെട്ടിച്ചു മാറ്റി.
കരകൗശലവസ്തുക്കൾ വിൽപന നടത്തുന്ന ഷോറൂമിൽ നിരത്തിെവച്ചിരിക്കുന്ന പലമാതിരി ഉരുപ്പടികളിലേക്ക് ചുറ്റുവട്ടത്തുള്ള കാഴ്ചകളെ തീരെ ഗൗനിക്കാതെയുള്ള പോക്കിനിടയിലും അയാളുടെ ശ്രദ്ധ പ്രത്യേകമായി പതിഞ്ഞു. കുറച്ചുനേരം എന്തോ സംശയിച്ചു നിന്നുവെങ്കിലും പിന്നീട് ആ കടയുടെ ഉള്ളിലേക്ക് അയാൾ സാവകാശം കടന്നുചെന്നു. അലങ്കാരപ്പണികൾചെയ്ത് മരത്തിൽ തീർത്ത മനോഹരങ്ങളായ നിരവധി ഉൗന്നുവടികളിലൊന്നിനെ അയാൾ തിരഞ്ഞെടുത്തു.
‘‘ഭാവികാലമെന്ന് പറയുവാൻ എനിക്കിനി അധികമൊന്നുമില്ല.’’
പ്രായത്തിന്റെ മേൽഗതിക്കനുസരിച്ച് താഴോട്ടേക്കിറങ്ങിവരുന്ന ജീവിതത്തെക്കുറിച്ചോർത്തുകൊണ്ട് കാലൻകുടയുടെ കൈപ്പിടിപോലിരിക്കുന്ന ഊന്നുവടിയുടെ തലഭാഗത്തിന്മേൽ മുറുകെപ്പിടിച്ച് അയാൾ പറഞ്ഞു.
കളിപ്പാട്ടം കയ്യിലെടുത്തു പിടിക്കുന്ന ഒരു കുട്ടിയുടെ കുതൂഹലത്തോടെ, നീളമേറിയ വാേലാടുകൂടിയ ഒരു ചോദ്യചിഹ്ന രൂപത്തിലുള്ള ഊന്നുവടിയെ അയാൾ തിരിച്ചും മറിച്ചും നോക്കി.
‘‘ഇതിനെന്ത് വിലവരും?’’
ദിനംപ്രതി ശുഷ്കിച്ചുകൊണ്ടിരിക്കുന്ന തന്റെ ശരീരത്തിന് ഈ പ്രായത്തിലും വിസ്തൃതി പ്രാപിച്ചുനിൽക്കുന്ന മനസ്സിനെ താങ്ങിനിറുത്തുവാൻ ഈ ഊന്നുവടി ഉപകരിക്കുമല്ലോ എന്ന ചിന്തയിൽ അയാൾ കടക്കാരനോട് ചോദിച്ചു.
