ജമന്തി

ഓർക്കാപ്പുറത്തൊരു കുത്തുകിട്ടിയതുപോലെ തോന്നി. നെഞ്ചിലെ ഒറ്റരോമംപോലും നരച്ചിട്ടില്ല. തലയിൽ നരയുള്ളത് പത്മിനി പറഞ്ഞപ്പോഴാണറിഞ്ഞത്. അവൾ എത്ര ലാഘവത്തോടെയാണ് അങ്ങനെ പറഞ്ഞുകളഞ്ഞത്. എന്നിട്ട്, വേവലാതികൾക്ക് തീ കൊളുത്തി അവൾ കുലുങ്ങിക്കുലുങ്ങി അടുക്കളയിലേക്ക് നടന്നു. അത് വൈക്കോൽകൂനപോലെ ആളിക്കത്തി. ശ്രീധരൻ തണുത്ത ജലം തൊണ്ടക്കുഴലിലേക്കൊഴിച്ചു. ഉള്ളിലെ കിഴവനെ ശ്രീധരൻ മറച്ചുപിടിച്ചു. രാവിലെ കണ്ണാടിക്കു മുന്നിൽ, മുഖത്തെ ചെറിയ ചുളിവുകളിൽ, കൺതടങ്ങളിലെ കറുപ്പിൽ, തൂങ്ങിപ്പോയ കവിളുകളിൽ അയാൾ വിരലുകൾ അമർത്തിത്തടവി നിവർത്താൻ ശ്രമിച്ചു. പക്ഷേ രക്തത്തിന്റെ നീർച്ചാലുകൾ വീണ കൺവെള്ളയിൽ കാലത്തിന്റെ പരിക്കും ക്ഷീണവും മായാതെ കിടന്നു.
അയാൾ ഉമ്മറത്തെ കസേരയിൽ അമർന്നാണ്ടിരുന്നു. മനസ്സിലുള്ള വേവലാതികളെല്ലാം മായ്ക്കാൻ ശ്രമിച്ചു. വിചാരിക്കുമ്പോൾ പെട്ടെന്ന് മായ്ക്കാനും പൊടിപടലങ്ങളെ പാറ്റിക്കളയാനും അത്ര എളുപ്പമെല്ലന്നറിയാം. പക്ഷേ, പത്തമ്പത്തഞ്ച് വർഷത്തെ ജീവിതത്തിനിടയിൽ മനസ്സിനെ കഴുകിയുണക്കാനുള്ള ചില വിദ്യകളൊക്കെ അയാൾ ആർജിച്ചെടുത്തിരുന്നു. ഉമ്മറത്തിരുന്ന് ആകാശത്തിന്റെ നീലയിലേക്ക് ഉൾക്കണ്ണിലൂടെ നോക്കി സ്വയം നഷ്ടപ്പെട്ടു. ഒരലങ്കോലങ്ങളെയും തിരിഞ്ഞുനോക്കാതെ അവിടെ അനക്കമില്ലാതിരുന്നു. ചിന്തകൾ മനസ്സിന്റെ അടിത്തട്ടിലെവിടെയോ തലപൂഴ്ത്തിക്കിടന്നു. തളംകെട്ടിയ ജലാശയം. അയാൾ തികച്ചും ശാന്തമായിരുന്നു. ശ്വാസമൊഴുകുന്നൊരു മനുഷ്യകുഴൽ കസേരയിൽ മരിക്കാതെ കിടക്കുന്നു എന്നുമാത്രം.
പത്മിനി വന്നു തട്ടിയപ്പോൾ അയാൾ ഏതോ കാലത്തിൽനിന്ന് എഴുന്നേറ്റു വന്ന് അവളെ നീരസത്തോടെ നോക്കി. ആഴത്തിൽ വേരുകളാഴ്ത്തി, സുലഭമായി ജലവും പ്രകാശവും ലഭിക്കുന്ന ഒരു താഴ്വരയിൽ ജീവിക്കുന്ന ഒരു ചെടിയെ അവൾ പറിച്ചെടുത്തു. മുറിഞ്ഞുതൂങ്ങിയ വേരുകളിൽ ജീവൻ ഉറ്റിപ്പോവുന്നത് ശ്രീധരൻ അശാന്തിയോടെ നോക്കി.
‘‘നോക്കൂ, വിലാസിനി ടീച്ചറുടെ ഭർത്താവ് മരിച്ചു. പെട്ടെന്നാണെന്ന് പറയുന്നു. നമ്മുടെ ടീച്ചർമാരുടെ ഗ്രൂപ്പിൽ മെസേജ് വന്നിട്ടുണ്ട്. പതിനൊന്ന് മണിക്കാണ് സംസ്കാരം. എനിക്ക് എന്തായാലും അവിടെവരെ പോകണം. നമ്മുടെ പ്രിൻസിപ്പലുടെ ഭർത്താവല്ലെ! നിങ്ങളും കൂടെ വരുമോ? മരിച്ച വീടല്ലെ, എനിക്ക് ഒറ്റയ്ക്ക് പോകാനൊരു മടി.”
ഇടവഴികൾ പിന്നിട്ട്, പാടത്തിന് നടുവിൽ നിവർന്നുകിടക്കുന്ന നിരത്തിൽനിന്ന് മെയിൻറോഡിലേക്ക് അവർ ബൈക്കോടിച്ച് കയറി. ബൈക്ക് സൃഷ്ടിച്ച കാറ്റിനുള്ളിൽ പത്മിനി അയാളുടെ തോളിൽ കൈതൊട്ടിരുന്നു. അവർ മരണവീടിലേക്ക് കുതിച്ചു. എതിരെ വരുന്ന വാഹനങ്ങളിൽനിന്ന് ബൈക്ക് താനെ ഒഴിഞ്ഞുമാറി മൂളിക്കൊണ്ടിരുന്നു.
ഒരാൾ മരണവീടിലേക്കുള്ള യാത്രയിൽ എന്തായിരിക്കും ചിന്തിക്കുക? ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച്! നിരർഥകതയെക്കുറിച്ച്! ജീവിച്ചു മരിച്ച അനേകായിരം ജീവനുകളെ കുറിച്ച്. മരണം പൂർത്തിയാവുന്നത് ആരുടെയും ഓർമകളിൽനിന്നുപോലും അയാൾ ഇല്ലാതാവുമ്പോഴാണെന്ന് ശ്രീധരന് തോന്നി. ജീവിക്കുന്നവരുടെ ഓർമകളിൽനിന്നും എന്നെന്നേക്കുമായി മരിച്ചവർ ഒന്നുകൂടി കൊല്ലപ്പെടുന്നു. മരിച്ചവരെ ഓർമിച്ചിരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടായിരിക്കാം വർഷത്തിലൊരിക്കൽ മാത്രം മരിച്ചവരെ ഓർക്കുവാൻ കാക്കകളെ കൈകൊട്ടി വിളിക്കുന്നത്. കൊക്കുകളിൽ വറ്റുമായി കാക്കകൾ മരങ്ങൾക്കിടയിലൂടെ അപ്രത്യക്ഷരാവുമ്പോൾ മരിച്ചവരെ ഒരിടവേളയിൽ നമ്മൾ വീണ്ടും മറക്കുന്നു. അവർ നമ്മുടെ ഓർമകൾക്കപ്പുറം സുഖമായി ജീവിക്കുന്നു എന്നു കരുതി സമാധാനിക്കുന്നു. കാക്കകൾ വരാതിരിക്കുന്ന കാലം ഓർമകൾ ഇല്ലാതിരിക്കുകയും ഒടുവിൽ ആ മനുഷ്യന്റെ മരണം പരിപൂർണമാവുകയുംചെയ്യുന്നു.
പല ആലോചനകളിൽ മുഴുകി രണ്ടു ചക്രത്തിനു മുകളിൽ അവർ യാന്ത്രികമായൊഴുകി. വളവിൽ പെട്ടെന്ന് പാഞ്ഞുവന്ന ബസിന്റെ മുന്നിൽപെട്ട് അയാളൊന്ന് പുളഞ്ഞുപോയി. ബൈക്ക് അയാളിൽനിന്ന് നിയന്ത്രണം കൈക്കലാക്കി രക്ഷപ്പെട്ടോടി. വീണ്ടുമൊന്ന് പുളഞ്ഞശേഷം അത് നിയന്ത്രണം അയാളെത്തന്നെയേൽപിച്ചു. കാലിൽനിന്നും ഒരു മിന്നൽ എല്ലിൻകുഴലിലൂടെ ഉദിച്ചുയർന്ന് ജീവന്റെ കാമ്പിനെ കുലുക്കി. ശ്രീധരൻ പത്മിനിയെക്കുറിച്ചോർത്തു. ചുമലിലൂന്നിയ അവളുടെ തടിച്ച വിരലുകൾ ഭീതിയുടെ ഞരമ്പിൽ തൊട്ടു. ജീവിതം മരണത്തെ ബാലൻസ് ചെയ്ത് പൊടിപറത്തി റോഡിലൂടെ വീണ്ടും പാഞ്ഞു.
മരണത്തിന്റെ വായിൽനിന്നൂർന്നിറങ്ങിയ ദമ്പതിമാർ വിയർത്തിരുന്നു. ബൈക്ക് ഒതുക്കിയശേഷം അവർ മരണവീടിലെ ആൾക്കൂട്ടത്തിന്റെ മൂകതയിലേക്ക് നടന്നു. പത്മിനി ചെരുപ്പഴിച്ച് വീടിന്റെയകത്തെ ഇരുട്ടിലേക്കുപോയി. പടിവാതിൽക്കലോളംവന്നൊരു നായയെപ്പോലെ അയാൾ അവിടെ പെട്ടെന്ന് ഏകാകിയായി. നായ അതിന്റെ വാലുകടിക്കാൻ ശ്രമിച്ചുകൊണ്ട് ചുറ്റിത്തിരിഞ്ഞു. അപരിചിതരായ ഒരുപാട് മനുഷ്യർ. ഉടക്കിപ്പോയ ചില കണ്ണുകളിൽനിന്ന് പാതിചിരിയുടെ പ്രകാശം മാത്രം. വരുന്നവെരല്ലാം വിഷാദത്തിന്റെ ഉടുപ്പണിഞ്ഞ് ഒാരോ മൂലയിലേക്ക് മാറിനിൽക്കുന്നു. വീട്ടിലേക്ക് കയറിവരുന്ന ഒാരോ മനുഷ്യനും വിഷാദമാണ് ഭാവം എന്ന് തൽക്ഷണം തിരിച്ചറിയുന്നു. അവർ മുഖവും ശരീരവും തളർത്തിനിൽക്കാൻ സ്വയം പ്രേരിപ്പിക്കുന്നു. മരണത്തെ അവർ ബഹുമാനിക്കുന്നു.
ശ്രീധരൻ മുറ്റത്തെ പേരമരത്തണലിലേക്ക് മാറിനിന്നു. അതിന്റെ തായ് ത്തടിയിലൂടെ ചുവന്ന ഉറുമ്പുകൾ വരിവരിയായി കയറിപ്പോകുന്നത് കണ്ടു. നൂറുകണക്കിന് ഉറുമ്പുകൾ ൠജുരേഖയിൽ പേരയുടെ വെളുത്ത തടിയിലൂടെ പര്യവേക്ഷകരാവുന്നു. താഴ്വരയിലൂടെ യുദ്ധമുഖത്തേക്ക് സഞ്ചരിക്കുന്ന കുളമ്പടിശബ്ദമില്ലാത്ത അനേകം കുതിരകൾ. ചെറിയ ലോകത്തിലെ തന്ത്രശാലികളായ നായാട്ടുകാർ. പേരമരം ഉറുമ്പുകൾക്ക് വലിയ ലോകമാണ്. അവർ സഞ്ചരിക്കുന്നത് പേരമരത്തിൽ ആരോ തൂക്കിയിട്ടൊരു റീത്തിന് നേരെയാണെന്ന് ശ്രീധരന് മനസ്സിലായി. നിറയെ ജമന്തിപൂക്കൾ വർത്തുളമായി തുന്നിയ റീത്ത്. അതിന് നടുവിൽ പരേതന് നിത്യശാന്തി നേർന്നുകൊണ്ട് വളരെ ചാരുതയാർന്ന കൈയക്ഷരത്തിൽ ഒരെഴുത്ത്. അയാൾ എഴുത്ത് മനസ്സിൽ വായിച്ചുകൊണ്ട് തൊണ്ടയിൽ കെട്ടിക്കിടന്ന ഉമിനീരിറക്കി അറിയാതൊന്ന് നിശ്വസിച്ചു. കൈയേന്തി റീത്തിൽനിന്ന് ഒരു ജമന്തിപ്പൂവ് വലിച്ചെടുത്തു. നനവുള്ള മഞ്ഞ ഇതളുകൾ, അയാൾ മൂക്കിനടുത്ത് മണപ്പിച്ച് നോക്കി. ഒരു ഗന്ധവുമില്ലാത്ത പുഷ്പം. അയാൾ പൂവിനെ വീണ്ടുമൊന്ന് നോക്കി. മൃതിയുടെ നിറം മഞ്ഞയാണോ? അതിന്റെ തണ്ടിൽപ്പിടിച്ച് വിരലുകൾ
െവച്ച് കറക്കിയപ്പോൾ വെള്ളത്തുള്ളികൾ തെറിച്ചു. പരാഗങ്ങളിൽ അള്ളിപ്പിടിച്ച ഒരുറുമ്പ് പാറിപ്പോയി ദൂരെ ഒരിലയിൽ പതിച്ചു. പിന്നീട് ആരോ വന്ന് റീത്തെടുത്ത് ഉറുമ്പുകളെ തട്ടിതെറുപ്പിച്ച് വീടിനകത്തേക്കു പോയി. ശ്രീധരൻ ആ മഞ്ഞ പുഷ്പം ഷർട്ടിന്റെ കീശയിലിട്ട് ഉറുമ്പുകളെക്കുറിച്ചോർത്ത് അവിടെ അനങ്ങാതെ നിന്നു.
മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോൾ ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങി. വീടിനു പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ ഒന്നൊന്നായി മുരണ്ടു. വീട്ടുമുറ്റം ശബ്ദമുഖരിതമായി. ആളുകളുടെ നീക്കങ്ങൾക്ക് ധൃതിപിടിച്ച് ഇടവഴികളിൽ പൊടിപടലങ്ങളുണ്ടായി. പത്മിനി വീടിന്റെ ഇരുട്ടിൽനിന്ന് ഇറങ്ങിവന്ന് ഊരിെവച്ച ചെരുപ്പ് തപ്പിപ്പിടിച്ച് അതിൽ കാൽപാദങ്ങൾ തിരുകി. അവളുടെ കണ്ണുകൾ വെളിച്ചത്തിന്റെ ശക്തിയിൽ ഇറുകി. പൊടുന്നനെയുള്ള പ്രകാശത്തിന്റെ ആധിക്യത്തിലും ബുദ്ധിമുട്ടിനിടയിലും അവൾ ശ്രീധരനെ തിരഞ്ഞു. പകുതിനോട്ടത്തിന്റെ പിളർപ്പിലൂടെ അയാൾ ബൈക്കിനടുത്ത് യാത്രയ്ക്കൊരുങ്ങിനിൽക്കുന്നത് കണ്ടു. അവൾ കണ്ണുകൾ മുഴുവനായും തുറന്ന് പുഞ്ചിരിച്ചുകൊണ്ട് അയാൾക്ക് നേരെ നടന്നു.
കാറ്റിൽ, റോഡിലെ ശബ്ദത്തിൽ ഹെൽമറ്റിനുള്ളിലൂടെ ശ്രീധരൻ കേൾക്കാനായ് പത്മിനി പറഞ്ഞു. “കഷ്ടമായിേപ്പായി.” പക്ഷേ ഒന്നും കേട്ടില്ല. അയാൾ ഹെൽമറ്റിനുള്ളിലെ നിശ്ശബ്ദതയിൽ കുടുങ്ങിപ്പോയിരുന്നു. അപ്പോഴൊന്നും ഷർട്ടിന്റെ പോക്കറ്റിൽ കരുതിയ ജമന്തിപ്പൂവിനെ അയാൾ ഓർത്തുപോലുമില്ല. ജമന്തിയുടെ അല്ലികളിൽനിന്ന് അവസാനത്തെ ജലകണികകൾ പോക്കറ്റിനു മുകളിൽ നേർത്ത മഞ്ഞബാഷ്പമായി പടർന്നു. അത് അയാളുടെ ഹൃദയത്തിനു മുകളിലായി ഒരു ഭൂഖണ്ഡമായി രൂപാന്തരപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് ഷർട്ടിൽ പടർന്ന കറ ശ്രദ്ധിച്ചത്. പോക്കറ്റിൽനിന്ന് പൂവെടുത്ത് ഒന്നുകൂടി മണത്തുനോക്കി തൊടിയിലേക്ക് വലിച്ചെറിഞ്ഞു. ഷർട്ടൂരി കറയിലൂടെ വിരലുകളോടിച്ചു. പത്മിനി ശ്രദ്ധിക്കുന്നത് അയാൾ കണ്ടു. അവൾ അയാളുടെ മുഖത്ത് തുറിച്ചുനോക്കിയശേഷം അകത്തേക്ക് ഒന്നും മിണ്ടാതെ കയറിപ്പോയി. ദാമ്പത്യം പഴകിയപ്പോൾ പത്മിനിയുടെ ചില നീരസങ്ങൾ വാക്കുകളാവാറില്ല. വാക്കുകൾ നിശ്ശബ്ദതയിൽതട്ടി മുനമ്പൊടിഞ്ഞുവീഴും. ക്ഷീണം തോന്നി. ഷർട്ട് മടിയിൽ െവച്ച് ശ്രീധരൻ വരാന്തയിലെ കസേരയിലിരുന്നു. ഉച്ചവെയിൽ വായുവിൽ തിളയ്ക്കുന്നത് അയാൾ നോക്കിനിന്നു.
ഇന്റർലോക്കു വിരിച്ച മുറ്റത്തിനപ്പുറം ചുവന്ന മണ്ണുള്ള തൊടിയാണ്. തൊടിയിൽ മറ്റു ചെടികളൊന്നുമില്ല. രണ്ടാൾ വലുപ്പത്തിലുള്ളൊരു മാവിൻതൈ മാത്രം. തൊടിയിൽ നിഴലുകളൊന്നുമില്ലാത്തതിനാൽ വാടിയ പൂവിന്റെ കറുപ്പ് അയാൾ ഒരു പൊട്ടുപോലെ ദൂരെ കണ്ടു. അതിന്റെ ഇതളുകളിലേക്ക് പ്രകാശം പതിക്കുന്നില്ലെന്നു തോന്നി. ഗേറ്റിന്റെ ഒരാൾവിടവിലൂടെ ഒരു നായ തൊടിയിലേക്ക് വളരെ ശാന്തമായി നടന്നുവന്നു. വീണുകിടന്ന പൂവിനെ ചവിട്ടിക്കൊണ്ട് അത് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി. വീടിന്റെ പിന്നിലെ ഇടിഞ്ഞു പൊളിയാറായ വിറകുപുരയിൽ പതിവായി നായ കിടക്കാറുണ്ട്. ആ ജീവി മധ്യാഹ്നത്തിന്റെ വിരസത മറികടക്കുന്നത് വിറകുപുരയിൽനിന്ന് കാണുന്ന വിശാലമായ ആകാശവും, തെങ്ങുംതലപ്പുകളും നോക്കി കിടന്നുകൊണ്ടാണ്. ഉച്ചയിലെ കാറ്റിൽ തെങ്ങുകളാടുന്നത് കാണുമ്പോൾ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണംചെയ്യാനുള്ള മനോബലം നായക്ക് വന്നുചേരുന്നുണ്ടായിരിക്കണം.
പത്മിനി അകത്ത് പോയതിനുശേഷം ശബ്ദമൊന്നും കേൾക്കുന്നില്ല. ചില സമയങ്ങളിൽ ഒഴുക്കുനിന്ന മഞ്ഞുകാലത്തെ നദിയെ പോലെ അവൾ തന്നിലേക്കു തന്നെ ഉറഞ്ഞുപോകുന്നുണ്ടെന്ന് ശ്രീധരനറിയാം. അപ്പോൾ വീട് പതുങ്ങിപ്പോവുന്നു. അതിൽ അവളോട് പരാതിയില്ല. മറ്റൊരു ജീവനല്ലേ? മറ്റൊരു മനുഷ്യനല്ലേ? മറ്റൊരു നദിയല്ലേ? പക്ഷേ, വീടിന്റെ നിശ്ശബ്ദത മനസ്സിന് ഒരങ്കലാപ്പുണ്ടാക്കുന്നുണ്ട്. പലതും കാടുകയറി ഓർത്തുപോകുന്നു. മരണവീടിലേക്ക് ബൈക്കോടിച്ചു പോയത്. ഉറുമ്പുകൾ. അവിടെക്കണ്ട ചില മനുഷ്യരുടെ മുഖങ്ങൾ. ഒന്നും ക്രമത്തിലുള്ള ഓർമകളല്ല. ഒാരോ ഓർമത്തിരികൾ മനസ്സിൽ അങ്ങിങ്ങായ് കത്തുന്നു. വർത്തുളമായ റീത്ത്, അതിലെഴുതിയ കൈയക്ഷരം. എന്തൊരു ഭംഗിയായിരുന്നു ദൈവമേ ആ അക്ഷരങ്ങൾക്ക്. അക്ഷരങ്ങൾ ഇപ്പോൾ കത്തിത്തീർന്നു കാണും. ‘‘താങ്കൾ സുന്ദരമായ ഓർമകളായിരുന്നു, താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ എല്ലാ കാലത്തും ജീവിക്കുന്നു.’’ ഈ എഴുത്തിലെ ഉറപ്പ് പരേതനെങ്ങനെ അറിയും? അയാൾ ജീവിച്ചുതീർത്ത ജീവിതം ധന്യമായിരുന്നുവെന്നോർത്ത് എങ്ങനെ സമാധാനിക്കുകയും അഭിമാനിക്കുകയുംചെയ്യും. ഈ എഴുത്ത് സത്യത്തിൽ ആർക്കുവേണ്ടിയാണ്.
അന്നു രാത്രി മഴപെയ്തു. പക്ഷേ നിലാവുണ്ടായിരുന്നു. ബെഡ്റൂമിന്റെ ജനൽവഴി ശ്രീധരൻ പുറത്തേക്കു നോക്കി. സ്വർണമഴയുടെ ഉള്ളിൽനിന്നൊരു തണുപ്പ് നിലാവുമായി സന്ധിചേർന്ന് രഹസ്യമായി അകത്തേക്കു കയറി. അയാളുടെ രോമകൂപങ്ങളിൽ നിലാവും കുളിരും പിണഞ്ഞു. അയാൾ ഒരു കൊന്നമരംപോലെ പൂത്തുനിന്നു. പത്മിനി എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഏകതാനമായ ജീവിതം അവൾക്ക് മടുത്തുകാണും. വിരസമായ ഒരേ നിറം. പലതരം ഓർമകളിൽ അയാൾ നനഞ്ഞു. മഴ തോരും വരെ, നിലാവ് മായുംവരെ ശ്രീധരൻ ജനൽവക്കിൽതന്നെ നിന്നു. അയാൾ കിടക്കയിലേക്ക് ഉറക്കത്തിന്റെ ഭാരത്തോടെ മറിഞ്ഞുവീണു. പുലരുംവരെ അയാളുറങ്ങി. പിന്നീട് വെളിച്ചം അകത്തേക്ക് ശക്തമായി പടർന്നപ്പോഴും അയാളുറങ്ങിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ പത്മിനി വീടിന്റെ പല കോണുകളിൽ വെറുതെയലഞ്ഞു നടന്ന് കണ്ണുകളോടിച്ചു. അവൾ നിലവിളിച്ചു.
ശ്രീധരൻ നിലവിളികേട്ട ഭാഗത്തേക്ക് വസ്ത്രങ്ങൾ വാരിപ്പുതച്ചോടി. അയാളുടെ വയർ ഒരു ജലസംഭരണിപോലെ കുലുങ്ങി. കാലുകൾക്ക് വേഗതയില്ലെങ്കിലും കുലുങ്ങിക്കൊണ്ട് വീടിന്റെ പിന്നാമ്പുറത്തേക്കു പോയി. വിറകുപുരയുടെ മുന്നിൽകിടന്ന നായ ചത്തിരിക്കുന്നു. അതിന്റെ വലത്തേ കണ്ണിന് മുകളിൽ ഒരു മുറിവുണ്ട്. അതിൽ രക്തം കറപിടിച്ചിരിക്കുന്നു. ഇൗച്ചകൾ വട്ടംചുറ്റാൻ തുടങ്ങി. മഴയിൽ പാതിനനഞ്ഞ നായയുടെ ശരീരത്തിൽനിന്ന് മരണത്തിന്റെ മണം ചുറ്റുപാടും പരക്കാൻ തുടങ്ങി.
ഇനിയെന്ത് ചെയ്യും? ആരെയെങ്കിലും വിളിച്ച് ഇതിനെ കുഴിച്ചിടണം. പത്മിനി അകത്തു പോയി ഫോണെടുത്ത് ആെരയോ വിളിച്ചു. ശ്രീധരൻ നായയുടെ ജഡം നോക്കിനിന്നു. അതിന്റെ കാൽനഖങ്ങൾക്കിടയിൽ വാടിയ ജമന്തിയുടെ ഒരിതൾ കുടുങ്ങിക്കിടക്കുന്നത് അയാൾ കണ്ടു. ശ്രീധരൻ അസ്വസ്ഥനായി. ഉറക്കത്തിന്റെ എല്ലാ കണങ്ങളും ശരീരത്തിൽനിന്നൂർന്നുപോയി. കാലുകൾ വിറച്ചു. ഇന്നലെ ഗേറ്റ് കടന്നുവന്ന നായ പതിവിലും ശാന്തനായിരുന്നു. തൊടിയിലൂടെ നടന്നപ്പോൾ, അയാളെറിഞ്ഞ ജമന്തിപ്പൂവിലെ ഒരിതളായിരിക്കണം അവന്റെ കാൽനഖങ്ങളിൽ കുരുങ്ങിയത്. മൃതിയുടെ മുദ്രയിൽ അവനോടറിയാതെ ചവിട്ടിപ്പോയതാണ്. ശ്രീധരൻ വിയർത്തു. രാത്രിയിലെ മഴ ഉറ്റിത്തീർന്നില്ലായിരുന്നു. അയാൾ പെട്ടെന്ന് വീടിനു മുന്നിലെ തൊടിയിലേക്കോടി. നനഞ്ഞ് ഇതളുകളടർന്ന പാതിമണ്ണിനടിയിലായ പുഷ്പത്തെ അയാൾ കണ്ടു. കുനിഞ്ഞ് അതെടുക്കാൻ മുതിർന്നപ്പോൾ വേ
െണ്ടന്നുെവച്ച് വരാന്തയിലേക്ക് നടന്നു. ഇന്നലെ പോയ മരണവീട്ടിലേക്കുള്ള വഴിയോർത്തുപോയി. ഓർക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷേ, ആ വീട്ടിലെ പേരമരത്തിനപ്പുറമായി ഒരു വലിയ കിണർ. അതിൽ ഏന്തിവലിഞ്ഞു നോക്കിയപ്പോൾ, ജലത്തിൽ ആകാശം കണ്ടതായോർക്കുന്നു. കിണറാഴത്തിൽനിന്ന് ഭീതിയുടെ ജലാകാശം തലയിൽ വീണുപൊട്ടുന്നു. റീത്തിൽനിന്ന് നുള്ളിയെടുത്ത പൂവ് ഓർമകളിൽ മുള്ളാവുന്നു. നായയുടെ മരണം അയാളിൽ ഭീതിയുണ്ടാക്കി. നായയെ കുഴിച്ചിട്ടു.
ശ്രീധരൻ കുറെ ദിവസത്തേക്ക് പുറത്തിറങ്ങിയില്ല. തൊടിയിലമർന്നു കിടന്ന ജമന്തിപ്പൂ വിത്ത് പൊട്ടി മൂന്നു നാലു നാമ്പുകൾ വളർന്നുവന്നു. അയാൾക്ക് വീടിനു പുറത്തേക്ക് നോക്കാൻ മടിയായിരുന്നു. ഏറെ സമയം കിടക്കയിൽ മലർന്നു കിടന്നു. പത്മിനിയോട് സംസാരിക്കാൻ അയാൾ കൂട്ടാക്കിയില്ല. പത്മിനി അയാളെ കിടക്കയിൽനിന്ന് വലിച്ചിടാൻ ശ്രമിക്കുകയും ശപിക്കുകയും ചെയ്തു. സഹികെട്ട് അവൾ അവളെത്തന്നെ ശപിച്ചു. സ്വന്തം ജീവിതം വീർപ്പുമുട്ടി പൊട്ടിപ്പോകുന്നുവെന്ന് പത്മിനിക്ക് തോന്നി. ആദ്യം കാര്യം ചോദിച്ചു, ഒന്നും മിണ്ടാതായപ്പോൾ ശപിച്ചു, പിന്നീട് അവൾ അവളെക്കുറിച്ചോർത്ത് കരഞ്ഞു. ശ്രീധരൻ അനങ്ങിയില്ല. ഏഴാം ദിവസം അയാൾ മെല്ലെ പത്മിനിയോട് പറഞ്ഞു. ഞാൻ മരിച്ചുപോകുമെന്ന് പേടിയാവുന്നു. അയാൾ കരഞ്ഞു. എന്റെ പിന്നിലായ് മുഴുവൻ സമയവും അപരിചിതനായ ഒരു മനുഷ്യൻ നിഴൽപോലെ വന്നുനിൽക്കുന്നു.
അതിന്റെ ശരീരത്തിൽ തലക്കു പകരം ഒരു വലിയ വിടർന്ന ജമന്തിപ്പൂവാണ്. പേടിയാവുന്നെടോ. ഇതളുകൾക്കിടയിൽ തിങ്ങിനിൽക്കുന്ന ഒാരോ പരാഗവും തീക്ഷ്ണമായ മഞ്ഞനിറമുള്ളതാകുന്നു. അതിന്റെ ഗന്ധം എന്റെ രക്തത്തിലേക്ക് കലരുന്നു. മിന്നലുതട്ടിയ ഒരു വള്ളിത്തണ്ടുപോലെ എന്നിൽനിന്നും ഞാൻ ഒടിഞ്ഞുവീഴുകയാണ്. “പത്മിനീ” എന്നു പറഞ്ഞുകൊണ്ട് ശ്രീധരൻ വിതുമ്പി. ആ വിളിയിൽ അവൾ കുഴഞ്ഞുപോയി. അവൾ അയാളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബനം നൽകി. വാക്കുകൾ കിട്ടാതെവന്നപ്പോൾ അവൾ അയാളെ കൂടുതൽ മുറുക്കത്തിൽ ആലിംഗനംചെയ്തുകൊണ്ടിരുന്നു. ശ്രീധരനും പത്മിനിക്കും ദാമ്പത്യം മറ്റെന്തിനെക്കാളും സ്നിഗ്ധമായി തോന്നി. അവൾ അയാളെ കിടക്കയിൽനിന്നെഴുന്നേൽപിച്ച് വരാന്തയിലേക്ക് നടത്തിച്ചു. നാളെ നമുക്ക് പരദേവതാ ക്ഷേത്രംവരെ ഒന്നുപോകാം. ശ്രീധരൻ ഒന്നും മറുപടി പറഞ്ഞില്ല.
കുറച്ച് ദൂരമുണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് പോകാൻ അവർ ബൈക്കെടുത്തില്ല. വൈകുന്നേരത്തെ ഇളംവെയിലിൽ പുഴവക്കിലൂടെ നടന്നു. കുറച്ച് നടന്ന് ഒരു കുന്ന് കയറിയിറങ്ങിയാൽ ക്ഷേത്രമായി. ക്ഷേത്രമുറ്റത്ത് അനേകം വാവലുകൾ തൂങ്ങിക്കിടക്കുന്ന ഞാവൽമരമുണ്ട്. അതിനപ്പുറം ഇരുട്ടു പിടിച്ച ഒരു നാഗകാവും. പതിവിലും മെല്ലെയായിരുന്നു നടത്തം. അനേകം പക്ഷികൾ പുഴക്ക് മുകളിലൂടെ പറന്നുപോകുന്നത് കണ്ടു. പുഴവക്കിലെ മരങ്ങളുടെ നിഴൽ ജലത്തിൽ വീണ് കിടക്കുന്നു. രണ്ട് നിറങ്ങളിൽ പുഴ. നിഴൽരേഖക്കപ്പുറം മധ്യത്തിലായി സ്വർണനിറമുള്ള ജലം. മത്സ്യങ്ങളുടെ വാലനക്കങ്ങൾ. കാറ്റ്. അവർ രണ്ടുപേരും കുന്നിലെ ഇടുങ്ങിയ വഴിയിലൂടെ നടന്ന് അമ്പലമുറ്റത്തെത്തി. പ്രാർഥിച്ചു. ശ്രീധരന്റെ കണ്ണുകൾ നനഞ്ഞു. ജീവിതത്തിൽ മനസ്സ് ഇത്രയും കുലുങ്ങിപ്പോയ ഒരു കാലമുണ്ടായിട്ടില്ല. റീത്തിനുള്ളിൽനിന്ന് കാരണമൊന്നുമില്ലാതെ വലിച്ചെടുത്ത ഒരു ജമന്തിപ്പൂ മരണത്തിന്റെ നിഴൽപോലെ ജീവിതത്തെ മൂടി. മായ്ച്ചാലും മായാത്ത മഞ്ഞ. ജീവിതം ഒഴിഞ്ഞ ഒരു തകരപ്പാട്ടയായി പോകുന്നു. പൂജാരിയിൽനിന്ന് ചന്ദനം വാങ്ങി തൊട്ട് കുന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ സന്ധ്യയായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ ശ്രീധരൻ മനസ്സിനെ മെരുക്കാൻ സ്വയം ശ്രമിച്ചുകൊണ്ടിരുന്നു. അയാൾ പഴയ പാട്ടുകൾ കേട്ടു. കേൾക്കുന്ന ഓരോ പാട്ടിലുമലിയാൻ മനഃപൂർവമായ ശ്രമങ്ങളുണ്ടായി. അലമാരയിൽ പൊടിപിടിച്ച് കിടന്ന ഒന്നു രണ്ട് നോവലുകൾ വായിച്ചു. വായനയിൽ ഏകാഗ്രമാവാൻ അയാൾ കണ്ണുകൾ ആവുന്നത്ര തുറന്നുെവച്ചു. ജമന്തിപ്പൂവിനെയും മരണത്തെയും ഓർക്കാതിരിക്കാൻ അയാൾ അയാളെ പറഞ്ഞു മനസ്സിലാക്കി. അപ്പൊഴേക്കും തൊടിയിലെറിഞ്ഞ ജമന്തിപ്പൂ വിത്തുകൾ നാമ്പെടുത്ത് വലിയ ജമന്തിത്തൈകളായി. അതിൽ പൂമൊട്ടുകൾ ഉണ്ടാവുകയും കടും മഞ്ഞ പുഷ്പങ്ങളായി വിടരുകയും ചെയ്തു. അതിൽ എവിടെനിന്നോ രണ്ട് ചിത്രശലഭങ്ങൾ പാറിവന്നിരുന്നു. ദിവസം കഴിയുംതോറും ചെടിയിൽ പൂമൊട്ടുകളുടെ എണ്ണം കൂടിക്കൂടി വന്നു.
വരാന്തയിലിരിക്കുമ്പോൾ ശ്രീധരൻ വിടർന്ന പുഷ്പങ്ങളെ കണ്ടു. ഒരിക്കലും ഓർക്കരുതെന്ന് കരുതിയ ഓർമകൾ വീണ്ടും മനസ്സിൽ കിനിഞ്ഞു. അയാൾ പൂമൊട്ടുകൾക്ക് ചുറ്റും പറക്കുന്ന പൂമ്പാറ്റകളെ നോക്കി. സമാധാനം തോന്നിയില്ല. മനസ്സിന്റെ ചിറകുകൾ പിടഞ്ഞു പറക്കാൻ തുടങ്ങി. പിന്നിൽ ഒരു നിഴലനക്കം അനുഭവിച്ചു. തിരിഞ്ഞുനോക്കി. ജമന്തിപ്പൂ തലയുള്ള മനുഷ്യനെ മിന്നായംപോലെ വീണ്ടും കണ്ടു. മൃതി ജീവനെ അതിന്റെ തണുത്ത കൈവിരലുകൾകൊണ്ട് തൊട്ടു. ശ്രീധരന്റെ ശരീരം വിറങ്ങലിച്ചു. ജമന്തിയുടെ പരാഗഗന്ധം അയാളെ മുറിവേൽപിച്ചു. ശ്രീധരൻ ഉച്ചത്തിൽ നിലവിളിച്ചു. പിന്നീട് എന്നെ തൊടരുത് എന്ന് ആക്രോശിച്ചുകൊണ്ട് അയാൾ വരാന്തയിൽ വട്ടം കറങ്ങി. മുറ്റത്തേക്ക് ചാടിയിറങ്ങി. ഉടുമുണ്ട് ഊരിപ്പോയി.
കൈകൾ ചുറ്റും വീശിക്കൊണ്ട് നാലുഭാഗത്തും ആഞ്ഞുതുപ്പി. തൊടിയിലേക്കോടി ജമന്തിച്ചെടികൾ വേരോടെ പിഴുത് ഗേറ്റിനപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപ്പോയി കിടക്കയിൽ തലപൂഴ്ത്തി കിടന്നു. പത്മിനി വന്ന് വിളിച്ചപ്പോഴൊന്നും ശ്രീധരൻ എഴുന്നേറ്റില്ല. അയാൾ കരഞ്ഞ് കരഞ്ഞ് പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി. രാത്രിയിൽ അയാൾ ദീർഘമായി കൂർക്കം വലിച്ചു. ശ്വാസം പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി. പത്മിനി പുതപ്പെടുത്ത് അയാളെ പുതപ്പിച്ച് ഫാനിന്റെ സ്വിച്ചിട്ടു. അവൾ കിടക്കയുടെ ഒരു മൂലയിലേക്ക് കാലുകൾ മടക്കിവെച്ച് ഒതുങ്ങിക്കിടന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ശ്രീധരന് വലിയ ക്ഷീണമൊന്നും തോന്നിയില്ല. അയാൾ കുളിച്ച്, പുതിയ വസ്ത്രങ്ങൾ ധരിച്ച് പത്മിനി നൽകിയ ഒരു ഗ്ലാസ് കാപ്പിയുമായി വരാന്തയിൽ വന്നിരുന്നു. ഗേറ്റിനപ്പുറം അടുത്ത പറമ്പിൽ ഒരുപാട് ചിത്രശലഭങ്ങൾ പറക്കുന്നത് അയാൾ കണ്ടൂ. ഗ്ലാസ് മേശയിൽ െവച്ച് അയാൾ മുറ്റത്തേക്കിറങ്ങി ഗേറ്റിനടുത്തേക്ക് വന്നു. ഇന്നലെ വലിച്ചെറിഞ്ഞ ജമന്തിച്ചെടികൾ വീണ സ്ഥലത്ത് ആയിരക്കണക്കിന് ജമന്തികൾ പൂവിട്ട് നിൽക്കുന്നു. അതിനു മുകളിലായി ചിത്രശലഭങ്ങളുടെ ഇളകുന്നൊരു മല. അന്തരീക്ഷത്തിൽ പൂമ്പൊടികളുടെ വർണം. ശ്രീധരൻ അങ്ങനെ നോക്കിനിൽക്കെ കുറച്ച് ചിത്രശലഭങ്ങൾ അയാൾക്ക് നേരെ പറന്നുവന്നു. അയാൾ അനങ്ങാതെ നിന്നു. ശലഭങ്ങൾ കൂടിക്കൂടി വന്ന് അയാളെ മുഴുവനായി മൂടി.
ചിത്രശലഭങ്ങൾ ശ്രീധരനെ മെല്ലെ ജമന്തിപ്പൂ കാടിലേക്ക് ആനയിച്ചു. ശ്രീധരൻ ശാന്തനായി നടന്നു. മനസ്സിൽ അല്ലലുകളൊന്നുമില്ല. ജമന്തിപ്പൂ കാടിനുള്ളിലേക്ക് നടക്കുമ്പോൾ അയാൾ വീണ്ടും മരണവീടിനെ കുറിച്ചോർത്തു. പ്രത്യേകമായി അന്നു കണ്ട പേരമരത്തിലെ ഉറുമ്പുകളെ കുറിച്ചോർത്തു. ശ്രീധരൻ ശ്രദ്ധിച്ചിരുന്നു, പേരമരത്തിന്റെ തായ് ത്തടിയുടെ തുടക്കത്തിൽ പലവഴികളിലാണ് ഉറുമ്പുകൾ മരത്തിലേക്ക് കയറിവന്നത്. ഒടുവിൽ കൊമ്പിൽ തൂക്കിയിട്ട റീത്തിന് കുറച്ചുദൂരം മുമ്പായി അവർ ഒറ്റവരിപ്പാതയിലേക്ക് നിയന്ത്രിക്കപ്പെട്ടു. ജീവിതത്തിന് മരണത്തിലേക്ക് കടക്കാൻ ഒറ്റവാതിൽ മാത്രമേയുള്ളൂ.
