Begin typing your search above and press return to search.
proflie-avatar
Login

പോക്കുവെയിൽ

പോക്കുവെയിൽ
cancel

ഒന്ന്: ഒരു ഭയങ്കര കനവ്

വൃദ്ധന് പാതിരാത്രിയോളം ഉറക്കം വന്നേയില്ല. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം കണ്ണടച്ചപ്പോൾ, പണ്ടെങ്ങോ നരച്ചുപോയ തന്റെ വീടിന്റെ കൽച്ചുമരുകളിലെ വിടവുകളിൽ ചിലന്തിവലകൾ രൂപപ്പെട്ടിരിക്കുന്നു. അതൊരു ഗുഹയായി രൂപാന്തരം പ്രാപിച്ച് നിറയെ വവ്വാലുകൾ കൂട് കൂട്ടി ഇരുട്ടിൽ ചീറുന്നു. ഉറങ്ങിക്കഴിഞ്ഞപ്പോൾ വിരിഞ്ഞ തിരശ്ശീലയിൽ കാണുന്ന ദുഃസ്വപ്നത്തിൽ വൃദ്ധൻ ഗുഹയിലൂടെ ചീറിപ്പാഞ്ഞു. വവ്വാലുകളുടെ ചീറലിനൊപ്പം അയാളും അലറുകയും പേടിച്ച് പാഞ്ഞ് ഒരു തുരങ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇപ്പോൾ ഇരുൾ നിറഞ്ഞ മറ്റൊരു ഗുഹയിലേക്ക് പ്രവേശിച്ച് ആരെയോ പേടിച്ച് ഓടുകയാണ്. പേയ് പേയ്‌ എന്ന് ഉറക്കെ അലറുന്നുണ്ട്. ശബ്ദം പുറത്ത് വരാത്തതുകൊണ്ടായിരിക്കും ആരും കേട്ടതായി ഭാവിക്കുന്നില്ല. ഗുഹ അവസാനിക്കുകയും നരിച്ചീറുകൾ അലറുന്ന അഗാധഗർത്തത്തിലേക്ക് കാൽതെറ്റി വീഴുകയുംചെയ്തു. കടവാവലുകളും അയാളും ഒരുമിച്ചായിരുന്നു ചീറിയത്.

പെട്ടെന്ന്, അവിടെനിന്ന് ഒരു ഗരുഡൻ വൃദ്ധനെയും കാലുകളിൽ തൂക്കി ആകാശത്തേക്ക് പറന്നു. ഗരുഡൻ കാൽ കുടഞ്ഞപ്പോൾ വൃദ്ധൻ നിലയില്ലാ കയത്തിലേക്ക് ഗുഹയുടെ വക്കിൽനിന്ന് പാറി വീണു. അയാൾ വിയർത്ത് കുളിക്കുകയും കട്ടിലിൽനിന്ന് താഴെ വീഴുകയുംചെയ്തിരുന്നു. സ്വപ്നത്തിൽനിന്ന് ഭീതിയോടെയാണ് ഞെട്ടിയുണർന്നത്. പുലരും വരെ ഉറക്കം വന്നില്ല. അയാൾ ഉറക്കത്തെ പോലും പേടിച്ചു തുടങ്ങിയിരുന്നു. ഒട്ടും ഓർക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾക്കത് മറക്കാൻ സാധിക്കുന്നതേയില്ല. മറവിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചപ്പോഴൊക്കെ ഉറക്കത്തിൽ താൻ അകപ്പെട്ട വെള്ളിത്തിരജീവിതം നരിച്ചീറ് പോലെ പിന്തുടർന്ന് അയാളുടെ നെഞ്ചിൽ കുത്തി വേദനിപ്പിച്ചു. ഉടലാകെ വിയർത്ത് കുളിച്ചിരിക്കുന്നു. അയാൾ തന്റെ കൈകാലുകളിലും മൂർധാവിലുമെല്ലാം തൊട്ട് നോക്കി! ആഹാ, അത്ഭുതം! താൻ ജീവിച്ചിരിക്കുന്നു. ഒരുദിവസംകൂടി ആയുസ്സ് നീട്ടിത്തന്ന കടവുള്ക്ക് നന്ദി പറഞ്ഞു.

വൃദ്ധൻ, തന്റെ തലൈക്കൂത്തലിന്റെ അവസാന ചടങ്ങിൽനിന്ന് ഞെട്ടി എഴുന്നേറ്റത് ഏതൊക്കെയോ മരുന്നുകളുടെയും നല്ലെണ്ണയുടെയും രൂക്ഷഗന്ധത്തിലേക്കാണ്. വീടിന്റെ മൂലയിൽ ഒരു മണിവിളക്ക് തിരിയെരിഞ്ഞ് കത്തുന്നുണ്ട്. കുറച്ചുകാലം മുമ്പായിരുന്നെങ്കിൽ റെഡിയാർപ്പെട്ടിയിലെ ആ പുരാതനഗ്രാമം മുഴുവൻ അയാളുടെ തലൈക്കൂത്തൽ ആഘോഷം നടത്തേണ്ടിയിരുന്നതാണ്. ആ പഴഞ്ചൻ ഗ്രാമത്തിലെ വാസികൾ വെളിച്ചമെത്താത്ത ഇടുങ്ങിയ വഴികളിലൂടെ ഒറ്റയും തറ്റയുമായി പൊളിയാറായ ആ വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. ഇപ്പോൾ രഹസ്യമായാണ് തലൈക്കൂത്തൽ നടത്താറുള്ളത്. വളരെ അടുത്ത ചിലരെ മാത്രമേ അവിടെ കാണാനുള്ളൂ. അടുത്ത കുടുംബത്തിൽ ഉൾപ്പെട്ടവരെ ചടങ്ങ് പൂർത്തീകരിക്കേണ്ടതുകൊണ്ട് രഹസ്യമായി ഉൾപ്പെടുത്തി എന്ന് മാത്രം.

വഴി തീരുന്നിടത്ത് കാണുന്ന കാലിത്തൊഴുത്ത്പോലുള്ള ചായ്പിന്റെ തുണിവാതിലിലൂടെ വീടിന്റെ അകത്തേക്കു നോക്കിയാൽ കാണുന്ന നടുത്തളം ചാണകംകൊണ്ട് മെഴുകിയിട്ടുണ്ട്. ഒന്നോ രണ്ടോ കുഞ്ഞുമുറികളാണ് അതല്ലാതെ വീടിനുള്ളത്. പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തലൈക്കൂത്തൽ നടത്താനുള്ള ചായ്പിലെ കയറുകട്ടിലിലാണ് വൃദ്ധൻ അന്തിയുറങ്ങിയത്. വൃദ്ധനെ താൻ കണ്ട പേടിപ്പെടുത്തുന്ന സ്വപ്നം വീണ്ടും വീണ്ടും വന്ന് ഇറുകെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. അയാളുടെ മകനും തലൈക്കൂത്തൽ നടത്തുന്നതിനുവേണ്ടി കൊണ്ടുവന്ന കർമിയുമെല്ലാം ചേർന്ന് ഓലകൊണ്ട് മറച്ച ചെറ്റമുറിയിൽ കിടത്തി തണുത്ത വെള്ളം കോരി കുളിപ്പിക്കുന്ന രംഗമായിരുന്നു സ്വപ്നത്തിന്റെ തുടക്കം എന്ന് വൃദ്ധൻ ഓർത്ത് നെടുവീർപ്പിട്ടു. എവിടെനിന്നോ കാലൻകോഴി ഭയാനകമായ നിശ്ശബ്ദതയുടെ ആവരണം മുറിച്ച് കൂവുന്നുണ്ടായിരുന്നു.

ആചാരപൂർവം വധിക്കപ്പെടേണ്ട ദിവസം അതിരാവിലെ തന്നെ എണീപ്പിച്ച് കട്ടപിടിച്ച തണുപ്പ് വെള്ളത്തിന്റെ രൂപത്തിൽ വൃദ്ധന്റെ തലയിൽകൂടി നിർത്താതെ ഒഴിച്ചുകൊണ്ടിരുന്നു. അത് കഴിഞ്ഞ് നല്ലെണ്ണ ധാര തുടങ്ങി. പൊരിയുന്ന വെയിലത്തിരുത്തി നീർക്കെട്ട് വരുത്തിയതിനുശേഷം മലർത്തിക്കിടത്തി തല കുത്തനെ പിടിച്ച് മൂക്കിൽകൂടെ ശ്വാസം കിട്ടാത്ത രീതിയിൽ പാൽ ഒഴിച്ചു. വേദനിച്ചും ശ്വാസംമുട്ടിയുമുള്ള മരണം തന്നെ താമസിയാതെ പിടികൂടും എന്ന ഞരക്കം പുറത്തേക്ക് വന്നപ്പോൾ അയാൾ ഉറക്കത്തിൽ കിടുങ്ങി. അപ്പോൾ ആരോ അഭിപ്രായപ്പെട്ടു. മണ്ണ് കലക്കി അതിന്റെ വെള്ളം കുടിപ്പിക്കണം. എന്നാലേ പെട്ടെന്ന് കാര്യം നടക്കൂ. കുറച്ച് മാനസികാസ്വാസ്ഥ്യമുള്ള ആളാണെങ്കിലും മകൻ അയാളോട് അപ്പോൾ അൽപം ഉദാരവനായി.

‘‘അത് തേവയില്ലൈ.’’ മകനെ ബന്ധുക്കൾ അഭിപ്രായം പറഞ്ഞാൽ കേൾക്കേണ്ട ആളായി കരുതിയിരുന്നില്ലെങ്കിലും കൂട്ടത്തിൽ ആരോ അത് അംഗീകരിച്ചു. അതുകൊണ്ട് മാത്രം ഉള്ളാകെ മുറിഞ്ഞ് ചോര നിറഞ്ഞ് നരകിക്കുന്ന മരണം അയാളിൽനിന്നൊഴിവായി. പിന്നീട് നൽകിയ കാഠിന്യമേറിയ വിഷം നിറച്ച പച്ചമരുന്നുകൾ കരിക്കിൻവെള്ളം ചേർത്ത് തുടർച്ചയായി കുടിപ്പിക്കാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു കാര്യം ബോധ്യമായി. താനിനി ഒന്നോ രണ്ടോ ദിവസമേ ഈ ഭൂമിയിൽ ജീവിക്കൂ. ശ്വാസം കിട്ടാതെ വേദന തിന്ന് നരകിച്ചു മരിച്ചിരിക്കും.

വൃദ്ധൻ ഇപ്പോൾ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടക്ക് അകപ്പെട്ട ജീവിതാവസ്ഥയിലാണ്. രണ്ടവസ്ഥകളും അയാളെ ഭയപ്പെടുത്തുകയുംചെയ്യുന്നുണ്ട്. മൃതിയുടെ ആവരണങ്ങൾ അയാളുടെ ഉടലിന്മേൽ ചിലന്തിവലയായി പൊതിഞ്ഞിരിക്കുന്നു. മസ്തിഷ്‌കത്തിൽ എപ്പോഴും കടന്നൽക്കൂടിളകി മൂളുന്നതിനാൽ അശാന്തിയുടെ തിരയിളക്കം വേട്ടയാടുന്നു. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ജീവിതത്തിലേക്കോ മരണമെന്ന സ്ഥായിയായ ഉറക്കത്തിലേക്കോ പ്രവേശിക്കാൻ സാധിക്കുന്നില്ല. സ്വപ്നാവസ്ഥയെന്ന സ്വസ്തി അയാളെ വിട്ട് എങ്ങോ പറന്നുപോയി. ഉറക്കത്തിലേക്ക് വഴുതിവീണാൽ ഇരുൾ മൂടിയ തിരശ്ശീലയിൽ ദുഃസ്വപ്നം വിരിയും. ജീവിതത്തിലേക്ക് ഉണർന്നാൽ മരണത്തിന്റെ ഗന്ധവും അന്തരീക്ഷവും വേട്ടയാടും. ആഗ്രഹിക്കുന്ന സ്വസ്തി മാത്രം ലഭിക്കുന്നില്ല. തലൈക്കൂത്തൽ കർമിയെ അയാൾക്ക് കാലനായി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. അയാളിപ്പോൾതന്നെ തലൈക്കൂത്തൽ നടത്തുന്നതിന് വേണ്ട കരിക്കുകൾ ശേഖരിക്കാൻ പാടത്തും പറമ്പിലുമുള്ള തെങ്ങുകളിൽ കയറാൻ പോയിരിക്കുകയാണ്. താനും ഒരുകാലത്ത് തലൈക്കൂത്തൽ പരികർമി ആയി വേല ചെയ്തതിനാൽ അതിന്റെ എല്ലാ വശങ്ങളും വൃദ്ധന് നല്ല പിടിപാടായിരുന്നു.

തന്റെ തലൈക്കൂത്തൽ മൂത്തമകൻ നിശ്ചയിച്ചതിന് കുറ്റംപറയാൻ വയ്യ. അവന് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് പാട്ടിയുടെ തലൈക്കൂത്തൽ നടത്തിയത്. പാട്ടിയെ അവന് ഒരുപാടിഷ്ടമായിരുന്നു. രണ്ടുമൂന്ന് വയസ്സ് പിന്നിട്ടശേഷം അവൻ പാട്ടിയോടൊപ്പമായിരുന്നു കിടക്കാറ്. പാട്ടുപാടിയും താളം പിടിച്ചും കഥകൾ പറഞ്ഞും പാട്ടി അവനെ ഉറക്കി. രാവിലെ ഉണർത്തി പല്ലുതേപ്പിച്ചും ഭക്ഷണം കൊടുത്തും സ്‌കൂളിൽ പറഞ്ഞയച്ചും കൂടെ കളിച്ചും അവന്റെ കുഞ്ഞുജീവിതത്തെ സന്തോഷമുള്ളതാക്കി. ഒരുദിവസം അവൻ സ്‌കൂൾ വിട്ടുവന്നപ്പോൾ പാട്ടിയുടെ തലൈക്കൂത്തൽ തുടങ്ങിയിരുന്നു. തലൈക്കൂത്തലിന്റെ ഒരുക്കങ്ങൾ കണ്ട് അവൻ കരുതിയത് വീട്ടിൽ എന്തോ വിശേഷം നടക്കാൻ പോകുന്നു എന്നായിരുന്നു. തന്റെ വീട്ടിൽ ഇടക്ക് വരാറുള്ളവരും അതുവരെ കാണാത്തവരുമൊക്കെയായ മറ്റ് ചിലരും വീട്ടിൽ തലേദിവസംതന്നെ വന്നുതുടങ്ങിയിരുന്നു.

ഒരു ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച് ചെറിയ പന്തൽ കെട്ടിയിരിക്കുന്നു. വിശേഷപ്പെട്ട ഭക്ഷണമൊക്കെ പാകംചെയ്യുന്നത് കണ്ടപ്പോൾ അവന് സന്തോഷമായി. പാട്ടിയുടെ പിറന്നാളോ മറ്റോ ആയിരിക്കുമെന്നാണ് അവൻ കരുതിയത്. അവൻ കുറേക്കൂടി മുതിർന്നപ്പോഴാണ് പാട്ടിയുടെ തലൈക്കൂത്തൽ ആയിരുന്നു അന്ന് നടന്നതെന്നും പാട്ടി മരിച്ചതല്ല, തലൈക്കൂത്തൽ നടത്തി കൊന്നതാണെന്നും മനസ്സിലാക്കിയത്. അത് മനസ്സിലാക്കിയ ദിവസം അവൻ മനസ്സ് വേദനിച്ചിരിക്കുന്നത് കണ്ടപ്പോൾ ‘‘ഉണക്ക് എണ്ണടാ കവലൈ?’’ എന്നന്വേഷിച്ചു. ‘‘പാട്ടി എങ്കെ, കാണവില്ലയേ?’’ എന്ന ചോദ്യമാണ് അവൻ തിരിച്ച് ചോദിച്ചത്.

മുതിർന്നതിന് ശേഷമാണ് അത് നമുക്കിടയിൽ നിലവിലുള്ള ആചാരമാണെന്നും അത് നടത്തിയപ്പോഴാണ് പാട്ടി മരിച്ചതെന്നും അവൻ മനസ്സിലാക്കിയത്. അപ്പോൾ അവന്റെ സങ്കടവും മാറി. ഇതൊന്നും പൂർണമായി മനസ്സിലാക്കാനുള്ള മനോനില ദൈവം അവന് കൊടുത്തുമില്ല. മറ്റൊരു മകനായ ഇളയരശൻ ഉണ്ടായിരുന്നെങ്കിൽ തലൈക്കൂത്തൽ നടത്തിയില്ലായിരുന്നു എന്ന് തോന്നുന്നു. അത്രക്ക് പ്രിയം അവന് അച്ഛനോടുണ്ട്. മൂത്തമകനും പ്രിയമില്ലാതല്ല എന്ന് വിശ്വസിക്കാനാണ് വൃദ്ധന് ഇഷ്ടം. രണ്ട് മക്കളെയും പെറ്റിട്ടത് തന്റെ കൈകളിലേക്കാണ്. അന്നുമുതൽ അവരെ സ്നേഹിക്കയല്ലാതെ കൊഞ്ചിക്കയല്ലാതെ ലാളിക്കയല്ലാതെ ഒരു ചുള്ളിക്കമ്പ് കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല.

രണ്ട്: പഴമയാന തീർപ്പ്

തന്റെ അനിവാര്യമായ അന്ത്യമാണിത്. പുരാതന പിതാമഹന്മാർ തുടങ്ങിവെച്ച വിധിതീർപ്പുകളുടെ തുടർച്ചയിൽ തന്റെ ജീവിതത്തിനുമേൽ മരണത്തിന് ഇടപെടാനുള്ള സമയം ആഗതമായിരിക്കുന്നു. നാളെ അവന്റെയും സമയം കടന്നുവരും. അന്ന് അവന്റെ മകന്റെ വിധിതീർപ്പിന്റെ രൂപത്തിൽ മരണം അവന്റെയും ജീവിതത്തിനുമേൽ ആഞ്ഞുകൊത്തും. വൃദ്ധന് മരിക്കുന്നതിന് വിരോധമില്ലായിരുന്നു. പക്ഷേ, താൻ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ സന്നി പിടിപെട്ട് മരിക്കുമെന്ന അറിവ് അയാളെ തളർത്തി. ആ തോന്നൽ അയാളുടെ ജീവനുമേൽ ഒരു ഉൾക്കിടിലമായി പടർന്നു. തനിക്കിനി ജോലിക്ക് പോകാനോ വീട്ടിലുള്ളവർക്ക് ഉണ്ണാനും ഉടുക്കാനും നാല് കാശ് സമ്പാദിക്കാനുമോ ഉള്ള ആരോഗ്യമില്ല. തന്നെക്കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മറ്റുള്ളവർക്ക് ഭാരമായി ഇങ്ങനെ ജീവിക്കുന്നതിലും അർഥമില്ല.

ഇപ്പോൾതന്നെ വീട്ടിലുള്ള അംഗങ്ങൾക്കെല്ലാം ഉറങ്ങാനുള്ള സ്ഥലവും ഉണ്ണാനുള്ള നെല്ലുമില്ല! താൻ പോയാൽ ഒരു കട്ടിലെങ്കിലും ഒഴിയും. സ്ഥിരമായി മാനം നോക്കി കിടക്കാറുള്ള മുറ്റത്തുള്ള കെട്ടുകട്ടിലിൽ മകന് കിടക്കാം. താൻ അവിടെ കിടക്കുന്നതിനുമുമ്പ് തന്റെ അപ്പനായിരുന്നു ആ കട്ടിലിൽ കിടന്നിരുന്നത്. അപ്പൻ വാർധക്യത്തിലേക്ക് കടക്കുന്നതിനുമുമ്പ് തന്നെ മരിച്ചു. അതുകൊണ്ട് തലൈക്കൂത്തൽ നടത്തേണ്ടിവന്നില്ല. ഒരു ചുമട് മണ്ണ് ചുമക്കാനും ഒരു കുപ്പി കള്ളുകുടിക്കാനും ദീർഘായുസ്സ് കിട്ടാനും തന്റെ മുത്തച്ഛൻ നേർന്നിരുന്നു എന്ന് തന്റെ പാട്ടി തന്നോട് പറഞ്ഞത് അയാളോർത്തു. ദീർഘായുസ്സാണ് വിനയായത്. അത് ലഭിച്ചില്ലായിരുന്നെങ്കിൽ ചുമട് എടുക്കാനും കള്ള് കുടിക്കാനും ആരോഗ്യം അനുവദിക്കാതിരുന്ന കാലത്ത് തന്നെ കാലപുരി പുൽകിയേനെ. വേദനയറിയാതെ, മരണത്തിലേക്ക് പോകുന്നതറിയാതെ മരണം വന്ന് പുൽകുന്നത് എന്തൊരു സൗഭാഗ്യമാണ്! മൃതി സുഷുമ്നയിൽകൂടി മസ്തിഷ്‍കത്തിലേക്ക് പടർന്നു കയറി. അയാളുടെ നെഞ്ചകം മരവിച്ചു.

നാളെ നിശ്ചയമായും മരിക്കുമെന്നുറപ്പുണ്ടായിരുന്ന വൃദ്ധന്റെ അവസാന ദിവസമായിരുന്നു അത്. അയാൾ ദേശത്തേക്ക് ഇറങ്ങി. ബാല്യം മുതൽ താൻ കളിച്ച് വളർന്ന നാടിനെയും മനുഷ്യരെയും അവസാനമായി ഒന്ന് കാണണം, യാത്രപറയണം. അത്തര് മൊല്ലയെ തേടിപ്പിടിച്ച് നൽകാനുണ്ടായിരുന്ന നൂറ് രൂപാ കൊടുത്ത് കടം വീട്ടി. അത്തര് മൊല്ല പറഞ്ഞു;

‘‘അണ്ണാ എനക്ക് ഇപ്പൊ വേണ്ടാ, ഉങ്ക പുള്ളയോട വൈത്തിയത്ത്ക്ക് അത് തേവപ്പടും. നാൻ ഇന്ത കാസ് അപ്പറമാ വാങ്കിറേൻ.’’

‘‘മുടിയാത് മൊല്ലാ, കടൻ കടവുള്ക്കാണ സേമിപ്പ് താനെ, നാൻ പോനതുക്ക് അപ്പറമും ഉടൽ നിലൈ സെറിയില്ലാത എൻ മകനുക്ക് നീങ്ക ഉതവി സെയ്യ വേണ്ടും.’’

‘‘നാ ഉങ്കളുക്ക് കുടുത്തത് അള്ളാ സൊണ്ണതിനാലെതാ സാമി, അവരേ എങ്കള്ക്ക് കുടുപ്പാങ്ക, ഉങ്ക പുള്ളയെ നാൻ പാക്കിറേൻ, നീങ്ക ഇണ്ണും റൊമ്പ നാൾ സൗക്കിയമാ വാഴ്‌ങ്ക...’’ മൊല്ല പ്രതിവചിച്ചു. വൃദ്ധൻ അവസാനമെന്ന് നിശ്ചയിച്ച് നാട് കണ്ടു. കോവിലിൽ പോയി കടവുളിനോട് ക്ഷമ തേടി, വിട ചൊല്ലി പിരിഞ്ഞു. മകനെ ചെറുപ്പത്തിൽ കുളിപ്പിക്കുന്നതിന് കൊണ്ടുപോയിരുന്ന കുളം കണ്ടപ്പോൾ സങ്കടം വന്നു.

അയാൾക്ക് ഇഷ്ടമുള്ള എന്ത് ആഹാരവും ലഭ്യമാക്കാൻ വീട്ടുകാർ അന്നൊരുക്കമായിരുന്നു. തലേ ദിവസവും പുലർച്ചെ ചടങ്ങ് ആരംഭിക്കുന്ന ദിവസവും ധരിക്കാൻ രണ്ട് ജോടി പുതുവസ്ത്രങ്ങൾ അയാൾക്കുവേണ്ടി വീട്ടുകാർ വാങ്ങിയിരുന്നു. ചടങ്ങ് കഴിഞ്ഞശേഷം പുതുവസ്ത്രവും സൺഗ്ലാസുമൊക്കെ ധരിപ്പിച്ച് ആഘോഷപൂർവം ഘോഷയാത്ര നടത്തിയതിന് ശേഷമേ പട്ടടയിലേക്ക് എടുക്കുകയുള്ളൂ. അന്ന് വൃദ്ധന്റെ അവസാന രാത്രിയായിരുന്നു. അന്നയാൾ സ്വസ്ഥമായുറങ്ങാൻ ആഗ്രഹിച്ചു. ഉണർച്ചയിലേക്ക് വീണ്ടും വരുന്ന അവസാനത്തെ ഉറക്കം! അയാൾ സർവധൈര്യവും സംഭരിച്ചെടുത്ത് സന്തോഷവാനായി കിടക്കാൻ തീരുമാനിച്ചു. മരണത്തോടുകൂടി എല്ലാം അവസാനിക്കില്ലെന്നും മരണം ജീവിതത്തിന്റെ തുടർച്ച മാത്രമാണെന്നുമൊക്കെ അയാൾ അയാളെതന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പുലരും വരെ സ്വസ്ഥമായുറങ്ങാനുള്ള മരുന്ന് കഴിച്ചതിന് ശേഷമാണ് അന്ന് ഉറങ്ങാൻ കിടന്നത്. വിഷമുള്ള ആ മരുന്ന് താനിനി ജീവിച്ചാലെന്ത് മരിച്ചാലെന്ത് എന്ന മനോനിലയിലെത്തിയിരുന്ന വൃദ്ധൻ മടിയേതും കൂടാതെ അകത്താക്കി സ്വസ്ഥമായുറങ്ങി.

മൂന്ന്: ഒപ്പാരി പാടൽ

‘‘എട്ടടീ വീടിരുക്ക്

ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്

ഇന്തടഞ്ചൈ സുടുകാട്

നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ

പത്തടി വീടിരുക്കെ

പടുക്ക മെത്തെയ് ഇങ്കിറുക്കെ

പാടടച്ച സുടുകാട്

പടുക്ക മണം തേടിട്ടിങ്കെ...’’

ഒപ്പാരിപ്പെണ്ണുങ്ങളുടെ നാവുകളിൽ തത്തിക്കളിക്കുന്ന മരണപ്പാട്ടുകൾ കേട്ടുകൊണ്ടാണ് വൃദ്ധൻ പുലർകാലത്തെഴുന്നേറ്റത്. മരണശേഷം ഒപ്പാരി പാടാൻ മകൻ കൊണ്ടു വന്ന പെണ്ണുങ്ങൾ കൂട്ടമായി പ്രാക്ടീസ് ചെയ്യുകയാണ്. മരിച്ച മനുഷ്യനാണോ ജീവിച്ചിരിക്കുന്ന മനുഷ്യനാണോ താൻ എന്നയാൾക്ക് സന്ദേഹം തോന്നി. തലൈക്കൂത്തലിന്റെ ചടങ്ങുകൾ ആരംഭിച്ചത് രഹസ്യമായിട്ടായിരുന്നു. സ്റ്റൂളിൽ ഇരുത്തിയതിനുശേഷം വിളിക്കപ്പെട്ടവർ ഓരോരുത്തരായി പരലോകത്തേക്ക് അയാൾക്ക് വിടചൊല്ലിത്തുടങ്ങി. വൃദ്ധൻ അതിനകം മറ്റൊരു ലോകത്തേക്ക് താൻ യാത്രയാവുകയാണെന്നും മരണം ജനനത്തിന്റെ അവസാനമല്ലെന്നും തന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. മനഃശാന്തി വീണ്ടെടുക്കുകയും ഭീതിസ്വപ്നങ്ങളുടെ രാത്രിയിൽനിന്ന് സ്വസ്തിയിലേക്ക് വിടകൊള്ളുന്നതിന്റെ ശാന്തത വൃദ്ധന്റെ മുഖത്ത് പ്രത്യക്ഷമാവുകയുംചെയ്തു.

ജന്മാന്തര പലായനം ആരംഭിച്ചു. ഉടൽ നിറയെ എണ്ണയിൽ കുളിപ്പിച്ചശേഷം ശിരസ്സിൽ നിറയെ എണ്ണ പൊത്തിപ്പിടിപ്പിച്ചു കടും വെയിലത്തിരുത്തി. ശിരോവസ്തി തുടങ്ങിയ ശേഷമാണ് അത് നടന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥൻ വൃദ്ധന്റെ ഇളയമകൻ ഇളയരശനോടൊപ്പം ചേർന്ന് വീട്ടുമുറ്റത്തേക്കെത്തി. കൂടെ രണ്ടു മൂന്ന് പോലീസുകാരും ഉണ്ട്. തലൈക്കൂത്തൽ നടക്കുന്നെന്ന രഹസ്യവിവരം കിട്ടിയിട്ടാണ് അവർ വന്നത്. ഇളയരശൻ താൻ ചെയ്യാത്ത കുറ്റത്തിന് ഒരു കേസിൽപെട്ട് ജയിലിലായിരുന്നു. നാട്ടിൽനിന്ന് ഒരു ബന്ധു വഴി വിവരമറിഞ്ഞ അയാൾ എങ്ങനെയൊക്കെയോ ജാമ്യമെടുത്ത് അച്ഛനെ കാണാൻ വന്നതായിരുന്നു. എന്ത് ആചാരത്തിന്റെ പേരിലായാലും പട്ടിണിയായാലും അപ്പയെ വധിക്കാൻ ഇളയരശൻ ഒരുക്കമല്ലായിരുന്നു.

വൃദ്ധൻ അപ്പോഴേക്കും പാതി മരണത്തിലേക്ക് പ്രവേശിച്ചിരുന്നു. തലൈക്കൂത്തലിന് വൃദ്ധനെ ഒരുക്കിയ മൂത്ത മകനും അടുത്ത ബന്ധുക്കളും തലൈക്കൂത്തൽ പൂർത്തീകരിച്ച് വൃദ്ധനെ ജന്മാന്തര ലോകത്തിലേക്ക് പറഞ്ഞയക്കാൻ വിടണമെന്ന് കേണപേക്ഷിച്ചിട്ടും വന്നവർ തയാറായില്ല. ഇതിന് നേതൃത്വം കൊടുത്തവരുടെ പേരിൽ വധശ്രമത്തിന് കേസും വന്നു. അപ്പോ​േഴക്കും വൃദ്ധൻ ബോധാബോധങ്ങളുടെ ഇടയിൽ അകപ്പെട്ടിരുന്നു. അയാൾ ജനിമൃതികളുടെ ഇടയിലുള്ള ഗർഭഗൃഹത്തിലെന്നോണം വീണ്ടും ജീവിച്ചു.




നാല്: ദുരൈസ്വാമിയുടെ കൃഷിയിടം

പോക്കുവെയിൽ നേർത്തു തുടങ്ങി. ദുരൈസ്വാമി തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു. കൂടെ ഒരു കാര്യംകൂടി കൂട്ടിച്ചേർത്തു. തലൈക്കൂത്തലിൽനിന്ന് അൽപപ്രാണനോടെ ജനിമൃതികൾക്കിടയിൽ അകപ്പെട്ടുപോയ ആ പാവം വൃദ്ധൻ തന്റെ അണ്ണനാണ്. അത് പറഞ്ഞപ്പോൾ ദുരൈസ്വാമിയുടെ നെഞ്ചിൽനിന്ന് ഉറവയെടുത്ത ദുഃഖത്തിന്റെ ജലം എന്റെ കാലിനെ നനച്ചു പൊള്ളിച്ചു. ദുരൈസ്വാമിയെ ഞാൻ കണ്ടുമുട്ടിയത് ഞങ്ങൾ രണ്ടു മൂന്ന് സുഹൃത്തുക്കൾ ചേർന്ന് പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതെ നടത്തിയിരുന്ന യാത്രകളിലൊന്നിലായിരുന്നു. തമിഴ് ദേശത്തെവിടെയോ കണ്ട ഒരു ചെമ്മൺപാതയിൽകൂടി കുറെയധികം ദൂരം പോയപ്പോൾ എത്തിപ്പെട്ട വലിയ കൃഷിയിടമാണ് ദുരൈസ്വാമിയെ സമ്മാനിച്ചത്.

അയാൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ കൈവശം മദ്യമുണ്ടായിരുന്നു. ദുരൈസ്വാമി പൊണ്ടാട്ടിയെ വിളിച്ച് മൂന്നാല് ഗ്ലാസുകളും തൊട്ടുകൂട്ടാനും കൊണ്ടുവരാൻ പറഞ്ഞു. അത്തരം സന്ദർഭത്തിൽ ഏത് പൊണ്ടാട്ടിമാരിലും കാണുന്ന ഈർഷ്യ ദുരൈസ്വാമിയുടെ പൊണ്ടാട്ടിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ഒരു ചെറിയ പുഞ്ചിരി ആ മുഖത്ത് തഞ്ചിനിൽക്കുന്നുണ്ടോ എന്നും ഞങ്ങൾ സംശയിച്ചു. അതവരുടെ സ്ഥായീഭാവമായിരുന്നതുകൊണ്ട് തന്നെ ആ മുഖത്ത് നോക്കുന്നവരിലേക്കും അത് പരന്നിരുന്നു. സ്നേഹപ്രസരണം ലഭിച്ചിരുന്നതുകൊണ്ട് തന്നെ അത്ര കൂടിയ മുഖശ്രീയോ സൗന്ദര്യമോ ഇല്ലാഞ്ഞിട്ടും ഞങ്ങൾ മാറിമാറി അവരുടെ മുഖത്ത് നോക്കുന്നുണ്ടായിരുന്നു. ഓരോ നോട്ടത്തിലും അവർ പുഞ്ചിരിച്ചു. ദുരൈസ്വാമി കൊണ്ടുവന്ന ഇളനീർവെള്ളത്തിൽ ഞങ്ങൾ കുറച്ച് മദ്യം കഴിച്ചു കഴിഞ്ഞപ്പോൾ അവർക്ക് വേണ്ടി സ്വാമി അൽപം മദ്യം ചോദിച്ചു.

ദുരൈസ്വാമിയുടെ പൊണ്ടാട്ടി മദ്യം കഴിക്കുമെന്ന അറിവ് ഞങ്ങളെ സന്തോഷിപ്പിച്ചു. ദുരൈസ്വാമി തന്റെ അണ്ണന്റെ കഥ തുടർന്നു. തലൈക്കൂത്തലിൽനിന്ന് രക്ഷപ്പെട്ട തന്റെ അണ്ണന് അൽപപ്രാണൻ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അണ്ണൻ സർക്കാർ ആശുപത്രിയിൽ ഒരുപാട് നാൾ ചികിത്സയിൽ കഴിഞ്ഞു. അയാൾ മരിക്കാതിരിക്കേണ്ടത് അപ്പോഴേക്കും മൂത്തമകന്റെയും കുടുംബത്തിന്റെയുംകൂടി ആവശ്യമായിക്കഴിഞ്ഞിരുന്നു. കാരണം തലൈക്കൂത്തൽ വഴി കൊലപ്പെടുത്തിയതാണെന്ന് കേസ് വരികയും ജയിലിൽ പോകേണ്ടിവര​ുകയും ചെയ്താൽ അവർ കുടുങ്ങും എന്ന അവസ്ഥയായി മാറി വൃദ്ധന്റെ പാതിമരിച്ച ജീവിതം.

അച്ഛനെ തലൈക്കൂത്തലിൽനിന്ന് രക്ഷപ്പെടുത്തിയ ഇളയരശൻ പരോൾ കഴിയുന്നവരെ അച്ഛനെ പൊന്നുപോലെ നോക്കി. അച്ഛൻ ഇളയരശൻ ജയിലിലേക്ക് മടങ്ങി പോകുന്നവരെ അവനെ തിരിച്ചറിഞ്ഞിരുന്നില്ല. ദുരൈസ്വാമിയും പൊണ്ടാട്ടിയും അഞ്ചു വർഷത്തോളം വൃദ്ധനെ പരിചരിച്ചു. നല്ല പരിചരണവും സർക്കാർ പ്രത്യേക താൽപര്യപ്രകാരം നടത്തിയ ചികിത്സയും ലഭ്യമായപ്പോൾ തലൈക്കൂത്തലിന് വിധേയനായി പാതിജീവൻ നഷ്ടമായ തന്റെ അണ്ണൻ പതിയെ സുഖംപ്രാപിച്ചുവന്നു. ദുരൈസ്വാമി കഥപറഞ്ഞു നിർത്തി വീടിന്റെ അകത്തേക്ക് പോയി. ഞങ്ങൾ ആകാംക്ഷ അടക്കാനാവാതെ അയാൾ തിരികെ വരുന്നതും കാത്ത് അവിടെ തന്നെ ഇരുന്നു.

‘‘റൊമ്പ നേരമാച്ച്, കാലയിലെ പോകലാം, ഇണ്ണക്ക് ഇങ്കെയേ തൂങ്കലാം...’’ എന്നു പറഞ്ഞ് രണ്ട് പുൽപായകളും തലയിണയുമായാണ് ദുരൈസ്വാമി വീട്ടിനുള്ളിൽനിന്ന് വന്നത്. ഞങ്ങൾ അന്ന് രാത്രി സ്വാമിയുടെ കൃഷിയിടത്തിലാണ് കിടന്നത്. പരന്നു നീണ്ട പാടം. കൃഷി നശിപ്പിക്കാൻ വരുന്ന ജീവികളെ തുരത്താൻ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നീലാകാശത്തിന് കീഴെ അസ്ഥികളിൽ കുത്തുന്ന തണുത്ത കാറ്റിന്റെ പുതപ്പ് പുതച്ച് ആ രാത്രി അവസാനിച്ചു.

‘‘നേത്ത് നല്ലാ തൂങ്കിട്ടീങ്കളാ?’’ എന്ന കുശലാന്വേഷണം കേട്ടാണ് ഞങ്ങൾ ഉണർന്നത്. ദുരൈസ്വാമി പുലർകാലത്ത് തന്നെ കാപ്പിയുമായി സ്നേഹിക്കാൻ വന്നതാണ്. അടുത്ത് തന്നെയുള്ള ഒരു മുന്തിരിപ്പാടത്ത് വെച്ചാണ് സ്വാമി ഞങ്ങളോട് തലയ്ക്കുത്തേറ്റ അണ്ണന്റെ ബാക്കി കഥ പറഞ്ഞത്. ‘‘അപ്പറം എണ്ണാച്ച്ന്ന് തെരിയാമ സരിയാ തൂങ്കവേയില്ലെ അണ്ണാ... ഇപ്പടിയൊരു സസ്പെൻസെ വെച്ച് തൂങ്ക സൊണ്ണാ എപ്പടി മുടിയും?’’ തമിഴ് നല്ല വശമുണ്ടായിരുന്ന മനോജ് അത് മനസ്സിലാവുന്നവിധം സ്വാമിയോട് പറഞ്ഞപ്പോൾ സ്വാമി ഇങ്ങനെ മറുപടി തന്നു... ‘‘നീങ്ക തലൈക്കൂത്ത് കഥ മുഴുസാ കേക്കാമ താനേ തൂങ്കല, അപ്പടിയാനാ തലൈക്കൂത്തിലിരുന്ത് പാതി സെത്ത്പ്പോണ അണ്ണൻ എവ്വളോ നാൾ സന്തോഷമാ തൂങ്കി ഇരുപ്പാങ്ക?’’ തലൈക്കൂത്തലേറ്റ് പാതി സത്ത ദുരൈസ്വാമിയുടെ അണ്ണൻ നാട്ടിലെ ആശുപത്രിയിൽ ഒരുപാട് നാളുകൾ കിടന്നു.

സാമൂഹിക സംഘടനകളും സർക്കാരും ഇടപെട്ടതുകൊണ്ട് നല്ല ചികിത്സ കിട്ടി. ഒരുവിധം എഴുന്നേറ്റിരിക്കാനും നിൽക്കാനുമൊക്കെ പാകപ്പെട്ടു. എന്നാൽ മസ്തിഷ്‍കത്തിൽ സംഭവിച്ച ചില ന്യൂറോ തകരാറുകൾ കാരണം ഓർമകൾ ഏതാണ്ട് പൂർണമായും നഷ്ടമായി. ഉറക്കം നഷ്ടപ്പെട്ടും എപ്പോഴും ഉത്കണ്ഠയും വിഷാദവും പിടിപെട്ടും അയാൾ കുഴഞ്ഞു. ദുരൈസ്വാമി കുറേക്കാലം അണ്ണനെ പരിചരിച്ച് ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. പൊണ്ടാട്ടിയും അക്കാലങ്ങളിൽ സ്വാമിയോടൊപ്പമായിരുന്നു. കൃഷികൾ നശിച്ചുതുടങ്ങിയതോടെയാണ് ദുരൈസ്വാമി തിരിച്ച് നാട്ടിലേക്ക് തന്നെ വന്നത്. ഇളയരശൻ ജയിൽമോചിതനായ ശേഷം അച്ഛനെ അവൻ ഏറ്റെടുത്തു. എന്നാൽ, ദാരിദ്ര്യവും മറ്റ് ദുരിതങ്ങളും എല്ലാം ചേർന്ന് അവർക്ക് സ്വസ്തി ലഭിച്ചിരുന്നില്ല.

ദുരൈസ്വാമി അവിടെ കുറെയേറെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. നെല്ല്, കരിമ്പ്, വാഴയൊക്കെ ഉണ്ട്. പൊണ്ടാട്ടിയാണ് കൃഷി പലതും നോക്കിനടത്തുന്നത്. അയാളുടെ അത്രതന്നെ പൊണ്ടാട്ടിയും അധ്വാനിക്കും. മക്കളില്ലെങ്കിലും സന്തോഷത്തോടെയാണ് അവർ രണ്ടുപേരും ഒരിക്കലും തീരാത്ത മധുവിധുകാലം ജീവിച്ചുതീർക്കുന്നത്. ‘‘രണ്ട് മനുഷ്യരുടെ കൂട്ട് ജീവിതത്തെ പിളർത്തിക്കൊണ്ടാണ് അവരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ എത്തുന്നത്.

ഇണചേർന്നതിന്റെ പാപംപോലെ!’’ ഞാനപ്പോൾ വെറുതെ ഒരു ഫിലോസഫി കൂടെയുണ്ടായിരുന്ന സാദിഖിനോട് പറഞ്ഞു. ഏത് കാലത്ത് വിത്തുവിതക്കണം, വിളവെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ ദുരൈസ്വാമിയുടെ പൊണ്ടാട്ടിക്ക് നല്ല അറിവായിരുന്നു. പുറത്തുള്ളവർ ധരിക്കുന്നത്പോലെ അവർ രണ്ടുപേർക്കും എല്ലാ ദിവസവും മദ്യപിക്കുന്ന സ്വഭാവമൊന്നുമില്ല. വല്ലപ്പോഴും മാത്രം. അതും വിളവെടുക്കുന്ന ധാന്യങ്ങളും പഴങ്ങളുമൊക്കെ ചേർത്ത് അവർ തന്നെ നിർമിക്കുന്ന പാനീയം വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നു. കൃഷിചെയ്ത് വിളവെടുക്കുമ്പോൾ കിട്ടുന്ന ആനന്ദത്തേക്കാൾ വലുതല്ല അവർക്ക് ഒന്നും. ഞാൻ സ്വാമിയോട് പറഞ്ഞു. ‘‘ഞങ്ങൾ ഉണ്ണുന്നത് നിങ്ങൾ അധ്വാനിച്ച് കയറ്റി അയക്കുന്ന അരിയാണ്.’’ ദുരൈസ്വാമി ചിരിച്ചു. എന്നിട്ട് പറഞ്ഞു. ‘‘ദിനവും വിവസായം പണ്ട്രതിനാലെ എനക്കും പൊണ്ടാട്ടിക്കും വ്യാധി കീതി യെതുവുമെ കെടയാത്, നല്ല നിമ്മതിയും ഇരുക്ക്.’’




അഞ്ച്: തേനിയിലെ മുന്തിരിപ്പാടത്തിലെ രാത്രി

ദുരൈസ്വാമിക്ക് ആ ദിവസം തേനിയിലെ മുന്തിരിപ്പാടത്തിൽ ജോലിക്ക് പോവേണ്ടതുണ്ട്. ഞങ്ങളെയും കൊണ്ടുപോകാം എന്ന് സ്വാമി പറഞ്ഞപ്പോൾ ഞങ്ങൾ വലിയ ആഹ്ലാദത്തിലായി. ഞങ്ങൾ സ്വാമിയുടെയും പൊണ്ടാട്ടിയുടെയും ഒപ്പം മുന്തിരിപ്പാടത്തേക്ക് യാത്ര തിരിച്ചു. ആഴ്ചയിൽ രണ്ടു ദിവസം സ്വാമിയും പൊണ്ടാട്ടിയും അവിടെയാണ് ജോലിചെയ്തിരുന്നത്. ആ ദിവസങ്ങളിൽ കൃഷിസ്ഥലം നനക്കാനും നോക്കാനുമൊക്കെ ഒരു പയ്യൻ വരാറുണ്ട്. കാറിൽ ഞങ്ങൾ അഞ്ചുപേരും കൂടി ആഘോഷത്തോടെയാണ് അങ്ങോട്ടേക്ക് പോയത്. നിരപ്പായ കുന്നുകൾക്കിടയിലൂടെ വ്യാപിച്ചുനിൽക്കുന്ന മനോഹരമായ മുന്തിരിത്തോട്ടങ്ങളുടെ ഇടയിൽ കെട്ടിയുണ്ടാക്കിയ ടെന്റിൽ ഞങ്ങൾ അന്ന് അന്തിയുറങ്ങി. മുന്തിരിയുടെ വിളവെടുപ്പ് കാലമായതിനാൽതന്നെ ആ രാത്രി അതീവ മനോഹരിയായിരുന്നു.

ഒരു കാൽപനിക കവിതപോലെ നനഞ്ഞ രാത്രി! മധുചഷകത്തിൽ മുന്തിരി വാറ്റിയെടുത്ത അന്നത്തെ ജീവിതം നുരഞ്ഞു പതഞ്ഞു. ഞങ്ങൾ ദുരൈസ്വാമിയുടെ പാതി മൃതിയടഞ്ഞ അണ്ണനെയും തലൈക്കൂത്തലിനെയുമെല്ലാം മറന്നു. അല്ലെങ്കിലും ജീവിതത്തിന്റെ മധുരമുള്ള ഒരു ചെറിയ കഷണം മതി, ഒരു ആഞ്ഞിലിയുടെ അത്രയും കയ്പുള്ള വലിയ കഷണം മനുഷ്യൻ ചിലപ്പോൾ മറന്നുപോവാൻ. അപ്പം പിന്നെ എവിടെയോ കിടക്കുന്ന തലൈക്കൂത്തലേറ്റ വൃദ്ധൻ മരിച്ചാലെന്ത് ജീവിച്ചാലെന്ത്? ഇരവിൽ തേനി മുഴുവൻ മഴപെയ്ത് കുളിർന്നു. ഞങ്ങൾ റൂഫ് ഇല്ലാത്ത ഒരു ട്രക്കിൽ ഗ്രാമത്തിലൂടെ രാത്രി സഞ്ചരിച്ചു. മുന്തിരിപ്പാടത്ത് അന്തിയുറങ്ങി. പുലരുംവരെ ഏറിയും കുറഞ്ഞും മഴ പെയ്തുകൊണ്ടിരുന്നു.

രാത്രി മുഴുവൻ മഴ വന്നുപോയ നനവിന്റെ മണം പുലർച്ചെയും ആ മണ്ണിൽ കെട്ടിക്കിടന്നിരുന്നു. പിറ്റേ ദിവസം ദുരൈസ്വാമിയുടെ കൈകൾ പിടിച്ച് യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു. ‘‘തലൈക്കൂത്തലേറ്റ സ്വാമിയുടെ അണ്ണൻ മരിച്ചതെപ്പോളായിരുന്നു?’’ സ്വാമി വലിയ വിഷമത്തിലും സങ്കടത്തിലുമായി പെട്ടെന്ന് മാറി. കുറച്ചുസമയം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു. ‘‘യാര്ക്കു തെരിയും? അണ്ണൻ എരന്തിട്ടെയാ, ഇല്ലെ വാഴ്ന്തിട്ട് ഇരുക്ക്റാറാ എന്റ്റ് യാര്ക്കു തെരിയും! കൊഞ്ചംനാൾ ഇളവരസനോട വീട്ടിലെതാ ഇരുന്താ, അപ്പറം കൊഞ്ചംനാൾ ഇന്ത വീട്ടിലെയും വന്തിരുന്താ, അപ്പറം യാര്ക്ക്ട്ടെയും സൊല്ലാമെ എങ്കെയോ പോയിട്ടാ, നാൻ റൊമ്പ ഇടങ്കളിലെ തേടി പാത്തേൻ, ആനാ എങ്കയിരുന്തും കെടക്കല...’’ ദുരൈസ്വാമിയുടെ കണ്ണിൽനിന്ന് വീണ ചുടുനീർ എന്റെ കാൽപാദം വീണ്ടും നനച്ചു. കാർ കുറെ ദൂരം പിന്നിട്ടപ്പോഴും ആ ചോദ്യം ഞങ്ങളുടെ കൂടെതന്നെ ഉണ്ടായിരുന്നു.

‘‘യാര്ക്ക് തെരിയും?’’

====================

പിൻകുറിപ്പ്:

തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനിൽക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് ‘തലൈക്കൂത്തല്‍’. ദയാവധം എന്ന പേരില്‍ പ്രായമായ മാതാപിതാക്കളെ വധിക്കുന്ന ഏർപ്പാടാണിത്. ഇപ്പോഴും രഹസ്യമായി ഈ ആചാരം നടത്തപ്പെടാറുണ്ടത്രെ.

Show More expand_more
News Summary - Malayalam story