ബയോളജി
camera_altചിത്രീകരണം (എ.ഐ): കെൻസ് ഹാരിസ്
മഴ തിമിർത്തുചെയ്യുന്ന രാത്രിയിൽ ക്ലീറ്റസ് പുറത്തേക്കിറങ്ങി. നൂറു രൂപയുടെ മഴക്കോട്ടിനെയും തണുപ്പിച്ചുകൊണ്ട് തെക്കൻകാറ്റ് ആഞ്ഞുവീശുന്നുണ്ട്. കരിമ്പട പുതപ്പിൽ മൂടിപ്പുതച്ചുറങ്ങുകയാണ് രാത്രി. വളഞ്ഞുപുളയുന്ന റോഡിലൂടെ കിഴക്കോട്ടാണ് നടത്തം. ഇളകിയ കരിങ്കൽ കഷ്ണങ്ങൾ തലക്ക് ചവിട്ടേറ്റ് പിറുപിറുക്കുന്നുണ്ട്. പകൽസമയത്ത് അടയാളംെവച്ച ട്രാൻസ്ഫോർമറിനടുത്ത് എത്തി. മുന്നിലെ രണ്ട് വൈദ്യുതി തൂണുകൾ ചിരിക്കുന്നുണ്ട്. അതിനു പിന്നിലുള്ള ആ വീടാണ് ലക്ഷ്യം.
തുരുമ്പിച്ച ഗേറ്റിന്റെ കരച്ചിൽ മഴത്താളത്തിലലിഞ്ഞു. മുറ്റത്തെ കാർഷെഡിൽ ഒതുക്കിവെച്ചിട്ടുള്ള സൈക്കിളുകൾ മിന്നൽവെട്ടത്തിൽ ക്ലീറ്റസ് ഒപ്പിയെടുത്തു. രണ്ട് സൈക്കിളുകൾ. രണ്ടും പൂട്ടിയിട്ടില്ല. ഇതിൽ ഒന്നുമതി മകളുടെ പരാതിക്ക് പരിഹാരം കാണാൻ. സ്കൂൾ തുറന്നതു മുതൽ തുടങ്ങിയ വാശിയാണ്. ‘‘അപ്പാ... ക്ലാസിൽ എല്ലാവർക്കും പുതിയ സൈക്കിളുണ്ട്. എനിക്കും വേണമെന്നത്.’’
അയാൾ സൈക്കിളിന്റെ ടയറും സീറ്റും ബ്രേക്കും മൊബൈൽ മിന്നിച്ച് പരിശോധിച്ചു. കുഴപ്പമില്ല. ഒരാറുമാസത്തെ പഴക്കമേ വരൂ. ഒന്നു കഴുകിയാൽ സുന്ദരക്കുട്ടപ്പനാകും. ഇരുപതു കൊല്ലത്തിനുശേഷമാണ് വീണ്ടും ഒരു സൈക്കിൾ മോഷ്ടിക്കുന്നത്. സത്യത്തിൽ ഞങ്ങളുടെ ഭാഷയിൽ മോഷണം എന്ന വാക്കില്ല. അത് ഇങ്ങെടുക്കുക മാത്രമാണ്. പണ്ട് സൈക്കിളുകൾ മത്സരിച്ച കാലത്ത് പ്രധാന വരുമാനമാർഗം സൈക്കിൾ മോഷണമാണ്. സമീപത്തെ തിയറ്ററുകളിൽ സെക്കൻഡ് ഷോ കാണാനെത്തുന്നവരുടെ സൈക്കിളാണ് എടുക്കുക. പിന്നീട് അത് ആവശ്യക്കാർക്ക് ന്യായവിലക്ക് വിൽക്കും. സൈക്കിൾ മോഷണം പത്രങ്ങളിൽപോലും വലിയ വാർത്തയായിരുന്ന കാലത്ത് ഏറെ സാഹസപ്പെട്ടാണ് ഉപജീവനം തേടിയത്. ഉടമസ്ഥനുപോലും തിരിച്ചറിയാൻ കഴിയാത്തവിധം ചായമിട്ട് പുതുക്കിയാണ് വിലപേശി ഉറപ്പിക്കുന്ന തുകക്ക് സൈക്കിളുകൾ കൈമാറിയിരുന്നത്. ഇരുചക്ര വാഹനങ്ങൾ സൈക്കിളുകളെ സൈഡാക്കിയതോടെയാണ് ആ മോഷണം ഉപേക്ഷിച്ചത്. പഴയോർമകൾ ക്ലീറ്റസിന്റെ മനസ്സിൽ പന്തുപോലുരുണ്ടു.
മോൾക്ക് ഇഷ്ടപ്പെടുമെന്ന് തോന്നിയ ഒന്ന് തിരഞ്ഞെടുത്തു. പിന്നെ അതുമായി പുറത്ത് കടക്കാനൊരുങ്ങവെയാണ് വീട്ടിനകത്ത് നിന്നും വലിയൊരു ശബ്ദം കേട്ടത്. കള്ളന്മാർ പേടിക്കാൻ പാടുണ്ടോയെന്നറിയില്ല. എന്തായാലും ക്ലീറ്റസ് ഞെട്ടി. സൈക്കിൾ ഉപേക്ഷിച്ച് വീടിന് പിറകിലേക്ക് ഓടിയൊളിച്ചു. വലിയ ശബ്ദം കേട്ടിട്ടും ആ വീട് ഉണർന്നില്ല. ക്ലീറ്റസ് വീട്ടിന് ചുറ്റും നടന്നു. വീട്ടിനകത്ത് നിന്നും ഒരു കരച്ചിൽ പുറത്തേക്ക് വരുന്നുണ്ട്. ശബ്ദം വരുന്ന ചുമരിൽ അയാൾ ചെവി ചേർത്തു. വരാന്തയോട് ചേർന്ന മുറിയിൽനിന്നാണ് ഞരക്കവും മുരൾച്ചയും ഉയരുന്നത്. ആ മുറിയുടെ ജനാല പൂട്ടിയിട്ടില്ല. അയാൾ ജനൽപാളി മെല്ലെ തുറന്നു. ഇരുട്ടിൽ അകത്തെ കാഴ്ചകൾ ദൃശ്യമാകുന്നില്ല. കീശയിൽനിന്നും കുഞ്ഞുമൊബൈൽ കയ്യിലെടുത്തു. പിന്നെ ജനൽ വിടവിലൂടെ അകത്തേക്ക് തെളിച്ചു.
‘‘അയ്യോ’’ –ക്ലീറ്റസിന്റെ തൊണ്ടയിൽനിന്നും ശബ്ദമുയർന്നു. അകത്തൊരാൾ. ഫാനിൽ കയർ കെട്ടിയിട്ടുണ്ട്. താഴത്തേക്ക് തൂങ്ങിക്കിടക്കുന്ന കയറിന് കുരുക്കിട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള ഒരുക്കമാണ്. കട്ടിലിലിരുന്ന് കരയുന്ന ശബ്ദമാണ് പുറത്തുവന്നത്. ആത്മഹത്യ ചെയ്യാൻ തീരുമാനിക്കണമെങ്കിൽ അത്രക്കും സങ്കടം അയാളിൽ നീറി പുകയുന്നുണ്ടാകാം. ഒരു വെള്ളത്തിനും കെടുത്താൻ പറ്റാത്തവിധം മനസ്സിൽ കനൽക്കൂമ്പാരമുള്ളവനേ ജീവിതത്തിൽനിന്നും ഒളിച്ചോടാൻ ശ്രമിക്കൂ. ഇത്തരമൊരവസ്ഥയെ യൗവനാരംഭത്തിൽ നേരിടേണ്ടിവന്ന കയ്പോർമകൾ ക്ലീറ്റസിന്റെ മനസ്സിൽ വെള്ളച്ചാട്ടംപോലെ ഇരമ്പിയെത്തി.
ക്ലബ് പ്രവർത്തനം, സാമൂഹികസേവനം എന്നിവയിൽ മുഴുകിയ കാലത്ത് ആഴ്ചയിൽ ഒരുദിവസമെങ്കിലും പല ആവശ്യങ്ങൾക്കുമായി ഗ്രാമത്തിലെ നൂറ്റിയറുപതു വീടുകളിലും കയറിയിറങ്ങും. ആകെ രണ്ട് കളർ ഷർട്ടുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്. പച്ചയും മെറൂണും. ഷർട്ട് കണ്ട് തന്നെ ദൂരത്ത് നിന്നും നാട്ടുകാർ തിരിച്ചറിഞ്ഞ കാലം. വഴികളിലേക്ക് പടർന്നു കയറിയ കാട് വൃത്തിയാക്കൽ, കിണറുകളിൽ ക്ലോറിനേഷൻ, പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ എന്നിവയിലൂടെ വീടിനേക്കാൾ നാട്ടിൽ കഴിഞ്ഞ ദിവസങ്ങൾ. നാട് നന്നാക്കുമ്പൊഴും വീട് നന്നാക്കാൻ പറ്റാത്തവൻ എന്ന പേര് ബന്ധുക്കൾ പണ്ടുമുതലേ തനിക്ക് തുന്നിത്തന്നിരുന്നു. മദ്യം മത്തുപിടിപ്പിച്ച പല രാത്രികളിലും വീട്ടിൽ കുഴപ്പമുണ്ടാക്കിയ ചേട്ടൻ മൈക്കിളിനെ കയ്യേറ്റംചെയ്ത് വരച്ചവരയിൽ നിർത്തിയിട്ടും ലഹരിയിൽനിന്നും മോചിപ്പിക്കാൻ കഴിയാത്തതിൽ ക്ലീറ്റസിന് വലിയ വിഷമമുണ്ടായിരുന്നു. അപ്പൻ വർക്കി വാറ്റ് ചാരായം കുടിച്ച് കരൾരോഗം വന്നാണ് ചത്തത്. അപ്പന്റെ ഗതി ചേട്ടായിക്ക് വരല്ലേ എന്ന ചിന്തകൊണ്ടാണ് പല ദിവസവും കയ്യേറ്റം തുടർന്നത്.
ഞായറാഴ്ച കുറേയാളുകളുടെ ബഹളം കേട്ടാണ് വാതിൽ തുറന്നത്. പത്തുപതിനഞ്ചു പേരുണ്ട്. എല്ലാം സമീപവാസികൾ. അവരുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിട്ടുണ്ട്.
അതിലൊരാൾ മെറൂൺ കളറുള്ള ഷർട്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു.
‘‘ഇത് നിന്റെ ഷർട്ടല്ലേ?’’
‘‘അതെ’’ -സ്വന്തം ഷർട്ട് കണ്ട് ക്ലീറ്റസ് അത്ഭുതപ്പെട്ടു.
‘‘ഞാനപ്പൊഴേ പറഞ്ഞില്ലേ... ഇവനാണ് ആ ചെറ്റത്തരം ചെയ്തതെന്ന്’’ -ഷർട്ട് മുഖത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ പറഞ്ഞു.
ക്ലീറ്റസിന് ഒന്നും മനസ്സിലായില്ല.
‘‘പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും അല്ലെടാ നായിന്റെ മോനേ’’ എന്നുപറഞ്ഞ് ആദ്യത്തെ അടി വീണത് വലതുകണ്ണിനായിരുന്നു. ആ അടിയിൽതന്നെ അടിതെറ്റി വീണു പോയി. എഴുന്നേൽക്കാൻ ശ്രമിക്കവെ അടിയുടെ പൂരം കൊടിയേറി. മൃതപ്രായനാക്കി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് നടക്കുമ്പോഴും ക്ലീറ്റസിന് സംഭവം മനസ്സിലായില്ല.
നാട്ടിലെ സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നവനെന്ന പേര് ചാർത്തിയപ്പോൾ ഉണ്ടായതിന്റെ പതിന്മടങ്ങ് സങ്കടമായിരുന്നു സ്വന്തം കൂടപ്പിറപ്പാണ് തന്റെ ഷർട്ടും ധരിച്ച് തലയിൽ തുണികൊണ്ട് മൂടി ഈ വൃത്തികേടുകളൊക്കെ ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ. ആളുകൾ കണ്ടെന്നറിഞ്ഞാൽ ഷർട്ട് ഉപേക്ഷിച്ച് രക്ഷപ്പെടും. ഷർട്ട് കണ്ട് തിരിച്ചറിഞ്ഞവരാണ് കുറ്റം ക്ലീറ്റസിന്റെയും ചുമലിൽ ചാർത്തിയത്. സങ്കടവും അപമാനവും ഒന്നിച്ചു ചേർന്നപ്പോൾ രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗമായിരുന്നു ആത്മഹത്യ. വീട്ടുമുറ്റത്തെ കിണറിന്റെ കയർ ഊരിയെടുത്ത് സമീപത്തെ മാവിൽ വലിഞ്ഞുകയറി ഒരറ്റം കൊമ്പിൽ കെട്ടിയശേഷം കുരുക്കുണ്ടാക്കി കുറേ നേരമിരുന്നു. മരിക്കാൻ പേടിയായിരുന്നു. ജീവിക്കാൻ ഭയവും. ഒടുവിൽ തീവണ്ടിയാപ്പീസിൽനിന്നും കള്ളവണ്ടി കയറി ഈ നാട്ടിൽ ഇറങ്ങിയതായിരുന്നു. ജീവിക്കുക എന്നതുപോലെ മരിക്കാനും ചങ്കൂറ്റം വേണം. ജീവിച്ചു കൊതിതീരാത്തതിനാൽ കുടുംബത്തിലേക്ക് ചേക്കേറി. ഭാര്യയും മകൾക്കുമൊപ്പം സന്തുഷ്ട ജീവിതം. വരുമാനമാർഗമായി ഒരു സൈക്കിൾ ഷോപ്പും.
ഇരമ്പിയെത്തിയ ചുമ ക്ലീറ്റസിന്റെ കണ്ണുകളെ അകത്തേക്കോടിച്ചു. അകത്ത് അയാൾ വല്ലാത്ത അസ്വസ്ഥത കാട്ടുന്നുണ്ട്. മരണവെപ്രാളമാണയാൾക്ക്. വീണ്ടും അകത്തേക്ക് ടോർച്ച് മിന്നിച്ചു.
‘‘ആരാ, ഈ അസമയത്ത്?’’ –അകത്തുനിന്നും ശബ്ദം പുറത്തേക്കൊഴുകി.
‘‘ഒരു വഴിപോക്കനാണേ. എന്തെങ്കിലും സഹായം വേണോ സർ. അങ്ങ് വല്ലാത്ത അസ്വസ്ഥനാണല്ലോ?’’
‘‘ഫാനിൽ തൂങ്ങുന്ന കയറും അതിന്റെ അറ്റത്തുള്ള കുരുക്കും കണ്ടിട്ട് നിങ്ങൾക്കെന്ത് തോന്നുന്നു.’’
‘‘സർ... വാതിൽ തുറക്കാമോ? എനിക്ക് അകത്തേക്ക് വരണമെന്നുണ്ട്’’ -ക്ലീറ്റസ് പറഞ്ഞു.
‘‘വാതിൽ പൂട്ടിയിട്ടില്ല. ഒന്ന് തള്ളിയാൽ മതി തുറന്നോളും. എന്റെ വാതിൽ തല്ലിപ്പൊളിച്ച് നശിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.’’
ക്ലീറ്റസ് വാതിൽ തുറന്ന് അകത്തേക്ക് കടന്നു. അലസമായി കിടക്കുന്ന മുറികൾ. ചിതറിപ്പോയ പുസ്തകങ്ങൾ. നിരത്തിയിട്ട പാത്രങ്ങൾ. കൂട്ടിയിട്ട വസ്ത്രങ്ങൾ. പുസ്തകങ്ങളുടെ പേജുകൾ ഫാനിന്റെ ചലനത്തിനൊപ്പം ചേരുന്നുണ്ട്.
‘‘ലൈറ്റിടൂ... പ്രകാശം നിറയട്ടേ’’ –അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതോടെ മൊബൈൽ തെളിച്ച് സ്വിച്ചിട്ടു. ആത്മകഥകളും ജീവചരിത്രങ്ങളും വിരിച്ചിട്ട കിടപ്പുമുറി. കേശവദേവിന്റെ ‘എതിർപ്പും’, വി.ടിയുടെ ‘കണ്ണീരും കിനാവും’, ബഷീറിന്റെ ‘ഓർമയുടെ അറകളും’ തുടങ്ങി നൂറോളം ജീവിതഗന്ധിയായ ഗ്രന്ഥങ്ങൾ.
ഒരു മോഷണക്കേസിൽ പിടിയിലായി ജയിൽവാസം അനുഭവിക്കവെയാണ് അവിടത്തെ വാർഡന്റെ സ്വാധീനത്താൽ അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിയത്. തൂക്കുകയർ വിധിച്ചിട്ടും ലെനിന്റെ ആത്മകഥ പൂർത്തിയാക്കാൻ സമയം ചോദിച്ച ഭഗത് സിങ്ങിന്റെ ജീവിതമൊക്കെ പ്രചോദനമായി. സത്യത്തിൽ മോഷണം ഉപേക്ഷിച്ച് തുടങ്ങിയതും പുസ്തകങ്ങളെ ചാരാൻ തുടങ്ങിയതു മുതലായിരുന്നു. ഇത്രയും എഴുത്തുകാർക്കിടയിൽ ഇയാൾക്കെങ്ങനെ ഈ തീരുമാനമുണ്ടായി.
‘‘എന്തിനാണീ ഒളിച്ചോട്ടം’’ -ക്ലീറ്റസ് ചോദിച്ചു.
‘‘മടുത്തിട്ട്.’’
‘‘എന്താ കാര്യം?’’
‘‘ഒളിച്ചോട്ടമല്ലിത്. അനിവാര്യമായ തീരുമാനം മാത്രം. പക്ഷേ നടപ്പാക്കാൻ പറ്റുന്നില്ല. ഇരയും ആരാച്ചാരും ഒരാളുതന്നെയാകുമ്പോൾ വിധി നടപ്പാക്കുക ക്ലേശകരംതന്നെ. മരിക്കാൻ പറ്റുന്നില്ല.’’
‘‘മരണം വന്ന് കൂട്ടിക്കൊണ്ടുപോവുക എന്നത് പൊടുന്നനെ സംഭവിക്കുന്നതാണ്. എന്നാൽ, മരണത്തെ വിളിച്ചുവരുത്തുക ബുദ്ധിമുട്ടുതന്നെയാണ്. വെറുതെ പറയുന്നതല്ല. മരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവന്റെ ആത്മസംഘർഷമാണ് ഈ വാക്കുകൾ’’ –ക്ലീറ്റസ് മുഖം തുടച്ചുകൊണ്ട് തുടർന്നു.
‘‘അതൊക്കെ പോട്ടെ... ഈ വീട്ടിലെ മറ്റുള്ളവർ എവിടെയാണ്? അതായത് ഭാര്യയും മക്കളും?’’
‘‘ഭാര്യയും ഒരു മകളുമാണെനിക്കുള്ളത്. അവരെ ഞാൻ ഭാര്യാഗൃഹത്തിൽ കൊണ്ടാക്കി. അവരുണ്ടെങ്കിൽ മരണത്തെ സ്വീകരിക്കുക എന്നത് എനിക്ക് അപ്രാപ്യമാണ്. കാരണം അവർ എന്റെ ജീവനാണ്. എന്നാൽ ഇപ്പോൾ അവരില്ലാഞ്ഞിട്ടും മരിക്കാൻ എനിക്ക് പറ്റുന്നില്ല. സത്യത്തിൽ ഭയങ്കര പേടിയാണ്.’’
‘‘എന്തിനാണ് പേടിയുള്ള മരണത്തെ വരിക്കുന്നത്. ജീവിതം വിജയിച്ച് കാണിച്ചൂടേ...’’
‘‘ഇത്രയും കാലം വിജയിച്ചുതന്നെയാണ് ജീവിച്ചത്. ഈ അമ്പത് വയസ്സുവരെയും. എന്നാൽ ഇപ്പോൾ പരാജയപ്പെട്ടുപോയി.’’ –അയാൾ കണ്ണ് തുടച്ചു.
‘‘എങ്ങിനെ?’’ –ക്ലീറ്റസിന് വിടാൻ ഭാവമില്ലായിരുന്നു.
‘‘കുറച്ചു വെള്ളം തരൂ. അതാ ആ അടുക്കളയിലുണ്ട്. വല്ലാത്ത ദാഹം.’’
പ്രകാശം തെളിഞ്ഞപ്പോൾ അടുക്കള തിളങ്ങി. അതൊരു പ്രത്യേക ലോകംതന്നെയായിരുന്നു. പാത്രങ്ങളെല്ലാം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. മിക്സിയും ഫ്രിഡ്ജും അടുപ്പുമെല്ലാം മനോഹരമാക്കിവെച്ചിട്ടുണ്ട്. വീടിന്റെ ഉദരാശയത്തെ കൃത്യമായി ചലിപ്പിക്കുന്നൊരാൾ ഈ വീട്ടിലുണ്ടെന്നുറപ്പ്. അപരിചിതനെ കണ്ടപ്പോൾ അടുക്കളയിലെ പാത്രങ്ങൾ സൂക്ഷ്മമായി നോക്കുമ്പോലെ. ജഗ്ഗിൽനിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് അയാൾക്ക് കൊടുത്തു. ഒറ്റവലിക്ക് കുടിച്ചശേഷം അയാൾ തുടർന്നു.
ഞാൻ രവി. എക്കച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി മാഷാ. ഭാര്യ സുലേഖ. ഏക മകൾ അക്ഷര. അവൾ എന്റെ സ്കൂളിൽതന്നെ എട്ടാം ക്ലാസിലാ. മൂന്നുദിവസം മുമ്പ് സ്കൂളിൽ ഒരു സംഭവമുണ്ടായി. അത് എന്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു. നീറ്റലിൽനിന്നും രക്ഷപ്പെടാൻ ഞാൻ കെണ്ടത്തിയ ഒളിച്ചോട്ടമായിരുന്നു ഇത്.
മാഷ് ചൂണ്ടിക്കാട്ടിയ കുരുക്ക് ക്ലീറ്റസ് അഴിച്ചെടുത്തു. പിന്നെ ഫാനിൽ കെട്ടിയ കയറും.
പത്താം തരത്തിൽ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട പാഠത്തിൽ കുട്ടികൾ മുഴുകിയിരിക്കുന്ന നേരം. ഗിബ്ബണും ഒറാങ്ങുട്ടാനും ഗൊറില്ലയും ചിമ്പാൻസിയും കഴിഞ്ഞുള്ള മനുഷ്യന്റെ പരിണാമമായിരുന്നു വിഷയം. സഹെലേന്ത്രോപസ് ചാഡൻസിസ് എന്ന വിഭാഗമാണ് മനുഷ്യന്റെ ഏറ്റവും പുരാതന പൂർവികൻ എന്ന് ചിത്രസഹിതം പരിചയപ്പെടുത്തിയപ്പോൾ ക്ലാസിൽ പൊട്ടിച്ചിരിയുയർന്നു.
ആ തമാശയിൽ പങ്കുചേരാനുള്ള ഇഷ്ടംകൊണ്ട് അതിന്റെ കാരണം അന്വേഷിച്ചു. നാലാമത്തെ െബഞ്ചിൽനിന്നുമുയർന്ന ഒരു കമന്റിനാണ് ഇത്രയും ചിരി. ഐക്യമത്യം മഹാബലംപോലെ കുട്ടികൾ ചിരിവാക്യം പറഞ്ഞില്ല. പൂർവിക ജീവിയുടെ പടവും ഞാനും തമ്മിലുള്ള സാദൃശ്യത്തെ അടയാളപ്പെടുത്തിയ ഏതോ വാചകമാകാം അതെന്ന് ഞാൻ ഊഹിച്ചു.
1350 ഘന സെ.മീ. വ്യാപ്തമുള്ള മസ്തിഷ്കം മനുഷ്യന് മാത്രമാണ്. അതുകൊണ്ടാണ് സംസാരിക്കാനും ചിന്തിക്കാനും, ബുദ്ധിയും വിവേകവും ചേർത്ത് ഇടപെടാനും അവനുമാത്രം സാധിക്കുന്നത്. മനുഷ്യൻ അവന്റെ ബുദ്ധി ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങൾ മറ്റു ജീവികൾക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ അവനെ പ്രാപ്തനാക്കി. അവനാണ് നമ്മളെല്ലാം ഉൾപ്പെടുന്ന ഹോമോസാപ്പിയൻസ് എന്നുപറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ക്ലാസിൽനിന്നും കൂട്ടക്കരച്ചിലുയർന്നു.
‘‘അയ്യോ പാമ്പ്’’ –കുട്ടികൾ ബെഞ്ചിലും െഡസ്കിലും കയറി ഓടുകയാണ്. ആകെ ബഹളമയം.
എല്ലാവരേയും ഒരു ഭാഗത്തേക്ക് ഒതുക്കിയശേഷം ബെഞ്ചുകൾക്കടിയിൽ കണ്ണോടിച്ചു. പ്ലാസ്റ്റിക്കിന്റെ കളിപ്പാമ്പിനെക്കൊണ്ട് ക്ലാസിൽ ആരോ മനപ്പൂർവം കുഴപ്പം സൃഷ്ടിച്ചതാണ്.’’
ആരാണിതിനു പിന്നിലെന്നത് ഒരു കുട്ടിപോലും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ നീലിമ എന്ന പെൺകുട്ടി എഴുന്നേറ്റ് പറഞ്ഞു.
‘‘ദ്രുപതാണ് കളിപ്പാമ്പിനെ ഇവിടെയിട്ടത്. അവൻ നേരത്തേതന്നെ അതിനെ കൊണ്ട് കളിക്കുന്നുണ്ടായിരുന്നു.’’
രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു. എങ്കിലും സമചിത്തത പാലിച്ച് അവനെ ഉപദേശിച്ചു. ഇങ്ങനെയൊരാൾ പറയുന്നുവെന്ന ഭാവം അവനുണ്ടായിരുന്നില്ല.
രവി മാഷിൽനിന്നും കണ്ണെടുക്കാൻ ക്ലീറ്റസിന് തോന്നിയില്ല. മാഷ് വാക്കുകളിലൂടെ അനുഭവയാത്ര തുടർന്നു.
‘‘മൂന്ന് ദിവസം മുമ്പ് സ്കൂളിന് പിറകുവശത്ത് പച്ചക്കറിത്തോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. പഴയ മൂത്രപ്പുരക്ക് സമീപത്ത് രണ്ട് കുട്ടികളെ കണ്ടപ്പോൾ ചോദിക്കാൻ പോയി. രണ്ടും എന്റെ ക്ലാസിൽ പഠിക്കുന്ന മക്കൾ. ദ്രുപതും ഗൗരിയും. മറ്റു കുട്ടികളൊന്നും ഇല്ലാത്തിടത്ത് ഇവർ മാത്രം? എന്നെ കണ്ടപ്പോൾ തന്നെ അവർ പരുങ്ങിത്തുടങ്ങി.
‘‘എന്താണിവിടെ കാര്യം. ക്ലാസ്സില്ലേ?’’
‘‘കാറ്റുകൊള്ളാൻ വന്നതാ’’ –അവന്റെ മറുപടി ഇഷ്ടമായില്ലെങ്കിലും പഠിക്കണമെന്ന് ഉപദേശിച്ചു വിട്ടു. ഗൗരി അവിടെ നിന്നു.
‘‘എന്താ മോളേ ഇതൊക്കെ. ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന സമയത്ത് കറങ്ങിനടക്കുകയാണോ? നിന്റെ അച്ഛൻ പപ്പേട്ടന് എന്തൊക്കെ പ്രതീക്ഷകളാണെന്നോ നിന്നെ പറ്റി. നന്നായി പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടണം. മിടുക്കിയാവണം. സുഖമില്ലാത്ത നിന്റെ അമ്മയെ പൊന്നുപോലെ നോക്കണം.’’
‘‘മാഷേ... ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല. അവനാ എന്നെ ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തിയത്. അവന് എന്നോട് മാത്രമായി എന്തൊക്കയോ പറയാനുണ്ടത്രേ’’ –നിറഞ്ഞ കണ്ണുകളോടെ അവൾ ക്ലാസിലേക്കോടി.
അന്ന് രാത്രി ഞാൻ വായനശാലയിൽ പുസ്തകങ്ങൾ നോക്കവെയാണ് ഒരു ഫോൺകോൾ. അത് ഗൗരിയുടെ അച്ഛനായിരുന്നു.
‘‘ഹലോ രവി മാഷല്ലേ...’’
‘‘അതെ, ആരാ?’’
‘‘നായിന്റെ മോനേ... നീയൊരു മാഷാണോടാ. ഞാൻ പപ്പനാ. ഗൗരിയുടെ അച്ഛൻ.’’
‘‘ഓ പപ്പാട്ടനോ? പപ്പാട്ടൻ എന്താ ഇങ്ങനെയൊക്കെ പറയുന്നത്’’ –ഞാനാകെ വിയർത്തുപോയി.
‘‘പിന്നെ നിന്നോട് എങ്ങിനെയാണടാ ഞാൻ സംസാരിക്കേണ്ടത്. ഇന്ന് ക്ലാസ്സിൽ ഇരിക്കുന്ന എന്റെ മോളെ സ്കൂളിന് പിറകിലെ മൂത്രപ്പുരയുടെ അടുത്തേക്ക് വിളിച്ച് നീയെന്തെല്ലാണെടാ പറഞ്ഞത്. നിനക്ക് അവളോട് പ്രണയാ.’’
‘‘പപ്പാട്ടാ... എന്താ നിങ്ങള് ഇങ്ങനെയൊക്കെ പറയുന്നത്. ഗൗരിയോട് ചോദിക്കൂ. അവൾ കൃത്യമായി പറഞ്ഞ് തരുമല്ലോ.’’
‘‘എന്റെ മകൾ എന്റെടുത്ത് ഒന്നും ഒളിക്കാറില്ല. അങ്ങിനെയാ ഞാൻ അവളെ വളർത്തുന്നത്. നിന്റെ തോന്ന്യാസം ഞാൻ ഇന്നത്തോടെ അവസാനിപ്പിക്കും. ഞാൻ ആദ്യം അവൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പിന്നെ അവളുടെ കൂട്ടുകാരനെ വിളിച്ചപ്പൊഴാ എല്ലാം മണിമണിയായി പറഞ്ഞുതന്നത്. ചൈൽഡ് ലൈനിൽ ഞാൻ പരാതി അയക്കും. നീ ചെവീ നുള്ളിക്കോ’’ –അയാൾ ഫോൺ വെച്ചു.
പലതവണ തിരിച്ചുവിളിച്ചിട്ടും അയാൾ ഫോൺ എടുത്തില്ല. വായനശാലയിൽ കുറേ നേരം തളർന്നിരുന്നു. ശരീരമാകെ ഹൃദയം നുറുങ്ങുന്ന വേദന. പൊട്ടിക്കരയാൻ തുടങ്ങി. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ മോളെപ്പോലെ കരുതുന്ന കുഞ്ഞിനെ ഞാൻ!.. ഇതൊക്കെ കേൾക്കുന്നതിലും ഭേദം മരണമാണെന്നുറപ്പിച്ചു. അധ്യാപക പരിശീലനമുണ്ടെന്നും രണ്ടുദിവസം വീട്ടിൽ ഉണ്ടാകില്ലെന്നും പറഞ്ഞ് ഭാര്യയെയും മകളെയും അവളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ട് ദിവസമായി ഫാനിൽ കുരുക്കിട്ട് ഈ ഇരിപ്പ് തുടങ്ങിയിട്ട്. പക്ഷേ മരിക്കാൻ കഴിയുന്നില്ല.
‘‘മാഷെ... അതിനുശേഷം പപ്പൻ എന്ന ആള് വിളിച്ചില്ലല്ലോ? മാഷ് ഇങ്ങിനെ മറഞ്ഞുനിൽക്കേണ്ടയാളല്ല. പോരാട്ടമാണ് വേണ്ടത്. എങ്കിലേ ജീവിതം മധുരിക്കൂ. ഭാര്യയെ പോയി കണ്ട് ആദ്യം വിവരം പറയുക. അവരുണ്ടാകും മാഷേ ഏതൊരു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ. മാത്രമല്ല മാഷ് നാളെ രാവിലെതന്നെ സ്കൂളിൽ പോവണം. സഹപ്രവർത്തകരെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. അവർ അന്വേഷിക്കട്ടേ മാഷിനെ പറ്റി. ഒരു കുട്ടി ചിലപ്പോൾ നെറ്റി ചുളിക്കുമായിരിക്കും. എന്നാൽ നിങ്ങൾ വിളമ്പുന്ന അക്ഷരങ്ങളുണ്ട നൂറുകണക്കിന് മക്കൾ നിങ്ങൾക്കൊപ്പമുണ്ടാകും’’ –ക്ലീറ്റസ് പറഞ്ഞുനിർത്തിയശേഷം ജഗ്ഗിൽനിന്നും ഒരു ഗ്ലാസ് വെള്ളംകൂടി മാഷിന് നേരെ നീട്ടി.
വല്ലാത്ത ഊർജം കിട്ടിയതുപോലെ രവിമാഷ് ക്ലീറ്റസിന്റെ കൈയിൽ പിടിച്ചു. താഴെ അലസമായി കിടന്ന ബഷീറിന്റെ പുസ്തകം മാഷിന് നേരെ നീട്ടി. പിന്നെ മാഷിനെ ചുമലിൽ തട്ടി പുറത്തേക്കിറങ്ങി. നേരത്തേ കണ്ടുവെച്ച സൈക്കിളിൽ കയറി ക്ലീറ്റസ് വീട്ടിലേക്ക് മടങ്ങി. ജാലകപാളികൾക്കിടയിലൂടെ രവിമാഷ് ക്ലീറ്റസിനെ കൺമുന്നിൽനിന്നും മായുന്നതുവരെ നോക്കിനിന്നു. പിന്നെ അയാൾ ക്ലീറ്റസ് തന്ന പുസ്തകം മറിച്ചു. ‘ഒരു മനുഷ്യൻ’ എന്ന കഥയാണ് കണ്ണിലുടക്കിയത്. രവിമാഷിൽ ചിരി വിരിഞ്ഞു.
