ലച്ചി

പരമാവധി വൈകിയെണീറ്റ്, പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാക്കി, ടി.വി കാണലും വായനയും ഉറക്കവുമൊക്കെയായി ഫ്ലാറ്റിനുള്ളിൽതന്നെ ഒതുങ്ങിക്കൂടാറാണ് വാരാന്ത്യങ്ങളിലെ ഞങ്ങളുടെ പതിവ്. ട്രിപ്പിനും ട്രെക്കിങ്ങിനും പാർട്ടികൾക്കുമൊക്കെ വിളിച്ചു വിളിച്ചു സുഹൃത്തുക്കൾക്കു മടുത്തുകഴിഞ്ഞിരുന്നു. പുറത്തുള്ള കറക്കം പോട്ടെ, അപ്പാർട്മെന്റ് കോമ്പൗണ്ടിനകത്ത് തന്നെയുള്ള വിശാലമായ പുൽത്തകിടിയോ ഇൻഡോർ കളിസ്ഥലങ്ങളോ സ്വിമ്മിങ് പൂളോ ഒന്നുംതന്നെ ഫ്ലാറ്റിനുള്ളിലെ ഇളം തണുപ്പിനേക്കാൾ ആകർഷകമായി ഞങ്ങൾക്ക് തോന്നാറില്ലെന്നതാണ് സത്യം. അക്കാര്യത്തിൽ മാത്രമാണ് എനിക്കും എന്റെ ലിവിങ് പാർട്ണർ ഷാനുവിനും...
Your Subscription Supports Independent Journalism
View Plansപരമാവധി വൈകിയെണീറ്റ്, പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാക്കി, ടി.വി കാണലും വായനയും ഉറക്കവുമൊക്കെയായി ഫ്ലാറ്റിനുള്ളിൽതന്നെ ഒതുങ്ങിക്കൂടാറാണ് വാരാന്ത്യങ്ങളിലെ ഞങ്ങളുടെ പതിവ്. ട്രിപ്പിനും ട്രെക്കിങ്ങിനും പാർട്ടികൾക്കുമൊക്കെ വിളിച്ചു വിളിച്ചു സുഹൃത്തുക്കൾക്കു മടുത്തുകഴിഞ്ഞിരുന്നു. പുറത്തുള്ള കറക്കം പോട്ടെ, അപ്പാർട്മെന്റ് കോമ്പൗണ്ടിനകത്ത് തന്നെയുള്ള വിശാലമായ പുൽത്തകിടിയോ ഇൻഡോർ കളിസ്ഥലങ്ങളോ സ്വിമ്മിങ് പൂളോ ഒന്നുംതന്നെ ഫ്ലാറ്റിനുള്ളിലെ ഇളം തണുപ്പിനേക്കാൾ ആകർഷകമായി ഞങ്ങൾക്ക് തോന്നാറില്ലെന്നതാണ് സത്യം. അക്കാര്യത്തിൽ മാത്രമാണ് എനിക്കും എന്റെ ലിവിങ് പാർട്ണർ ഷാനുവിനും ഏകാഭിപ്രായമുള്ളത്. എന്നാൽ, പതിവുകളൊക്കെ തെറ്റിച്ച, ഭ്രാന്തമായി തിരക്കു പിടിച്ചൊരു വാരാന്ത്യമായിരുന്നു അത്.
മാറിമാറി നിന്ന വാടകയിടങ്ങളിൽനിന്നും സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് മാസം രണ്ടായെങ്കിലും അത്യാവശ്യം ഫർണിച്ചറുകൾ വാങ്ങിയിട്ടതൊഴിച്ചാൽ ബാക്കിയിടമെല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സാധനങ്ങൾ പോയി വാങ്ങാൻ സമയം കിട്ടാതിരുന്നത് മാത്രമായിരുന്നില്ല കാരണം.
സ്വന്തം വാസസ്ഥലമെന്ന ജീവിതാഭിലാഷം സാക്ഷാത്കരിക്കാൻ ബാങ്ക് ലോൺ എന്ന ആജീവനാന്ത ബാധ്യത തലയിലേറ്റണോ അതോ മാസവാടക നൽകി രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ കൂടുവിട്ട് കൂടുമാറുന്ന പരിപാടി തുടരണോ എന്ന സാർവദേശീയ പ്രശ്നത്തിന് ഞങ്ങൾക്കൊടുവിൽ ഉത്തരമായത് ഈ രണ്ട് മുറി ഫ്ലാറ്റാണ്. സ്വന്തമായി ഒരാസ്തിയെന്നതിനേക്കാൾ കോവിഡിനുശേഷം നഗരത്തിൽ കുത്തനെയുയരുന്ന വാടകയാണ് അത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. പക്ഷേ, ഷാനുവിന്റെ ഭാഷയിൽ ഞങ്ങളിപ്പോഴും വാടകക്കാരാണ്. ‘‘ഞങ്ങളല്ല, വിലയുടെ തൊണ്ണൂറ് ശതമാനം മുടക്കിയ സ്റ്റേറ്റ് ബാങ്കാണ് ശരിക്കും ഈ ഫ്ലാറ്റിന്റെ ഉടമകൾ; വാടക മാസത്തവണയെന്ന പേരിൽ ഞങ്ങളുടെ അക്കൗണ്ടിൽനിന്നും അവർ കൃത്യമായി വലിക്കുന്നുമുണ്ട്.’’ –പുതിയ വീടു വാങ്ങിച്ചതിന് അഭിനന്ദിക്കുന്നവർക്കും അതിന്റെ വകയിൽ ‘ചിലവ്’ ചോദിക്കുന്നവർക്കും, പകുതി കാര്യമായും പകുതി തമാശയായും അവൻ നൽകുന്ന സ്ഥിരം മറുപടിയിതാണ്.
ബാങ്ക് ബാലൻസ് മുഴുവൻ അടിച്ചു തുടച്ചെടുത്തിട്ടാണ് ഫ്ലാറ്റിന്റെ വിലയിൽ ബാങ്ക് ലോൺ കഴിഞ്ഞുള്ള ബാക്കി തുകയൊപ്പിച്ചത്. രസമെന്താണെന്ന് വെച്ചാൽ, ബാക്കി ഫർണിച്ചറുകളും മറ്റുപകരണങ്ങളും വാങ്ങാൻ വൈകുന്നതിനുള്ള യഥാർഥ കാരണം കൈയിൽ കാശില്ലാത്തതാണെന്ന് ഞങ്ങൾ പരസ്പരം തുറന്ന് സമ്മതിച്ചിരുന്നില്ല. പകരം, ജോലിത്തിരക്ക് കാരണമാക്കി സാധനങ്ങൾ വാങ്ങാനിറങ്ങുന്നത് ഞങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ ഈ വർഷത്തെ ബോണസ് തുക അക്കൗണ്ടിൽ കയറിയപ്പോൾ രണ്ടാളും നേരെ വെച്ചു പിടിച്ചു. രണ്ട് ദിവസംകൊണ്ട് നഗരത്തിലെ ഷോപ്പുകൾ ഒരുപാട് കയറിയിറങ്ങേണ്ടിവന്നെങ്കിലും അത്യാവശ്യം വേണ്ട ഉപകരണങ്ങളും ബാക്കി ഫർണിച്ചറുകളും ഒപ്പിക്കാനായി. ഒടുക്കം എല്ലാം കഴിഞ്ഞ് വീടെത്തി ഒന്ന് മേലു കഴുകാൻപോലും നിൽക്കാതെ കട്ടിലിലേക്ക് വീണപ്പോഴാണ് എന്റെ നശിച്ച ഫോൺ റിങ് ചെയ്തത്.
‘‘റോഷ്നിയല്ലേ’’ –അപ്പുറത്ത് പരുക്കൻ സ്ത്രീ ശബ്ദം.
ഉറക്കച്ചടവോടെ ഞാൻ അതേയെന്ന് പറഞ്ഞപ്പോൾ അവർ തുടർന്നു.
‘‘ഇത് ആര്യാവർത്തം പൊലീസ് സ്റ്റേഷനിൽനിന്നാണ്.”
പൊലീസെന്ന് കേട്ടപ്പോൾ ചാടിയെണീറ്റു പോയെങ്കിലും അവർ പറഞ്ഞ സ്ഥലപ്പേരെനിക്കങ്ങ് മനസ്സിലായിരുന്നില്ല. അത് തിരിച്ചറിഞ്ഞെന്നോണം അവർ തുടർന്നു:
‘‘പഴയ ആസാദാബാദില്ലേ. ആഹ്… അത് തന്നെ. പേര് മാറിയതൊന്നുമറിഞ്ഞില്ലേ...?’’
സ്വരം അൽപംകൂടി പരുക്കനായതുപോലെ.
ഞങ്ങൾ താമസിക്കുന്ന നഗരഭാഗത്തിന്റെ പേരുമാറ്റത്തെക്കുറിച്ച് എവിടെയോ കണ്ടതോർത്തു. പക്ഷേ, ഇക്കാലത്ത് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ പേരുമാറ്റങ്ങൾ രാജ്യത്ത് സ്ഥിരമായതിനാൽ ഓർമയിൽ തങ്ങിയിരുന്നില്ലെന്നതാണ് നേര്.
‘‘നിങ്ങൾക്കൊരു ലക്ഷ്മിപ്രഭയെ പരിചയമുണ്ടോ?’’
ചോദ്യം കേട്ട് ഞാൻ പരിചയത്തിലുള്ള ‘ലക്ഷ്മി’കൾക്കായി പരതി.
‘‘നിങ്ങളുടെ വീട്ടിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്.”
“ഓ... ലച്ചി…” പറഞ്ഞത് അൽപം ഉറക്കെയാണ്. ഇത്രയും വർഷങ്ങൾക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി ലച്ചിയുടെ പേര് കേട്ടപ്പോഴുണ്ടായ അമിതാവേശത്തെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ കൂട്ടിച്ചേർത്തു: ‘‘അവളെയെനിക്കറിയാം മാഡം.”
“ശരി... എങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്കെത്തണം.”
എനിക്ക് കൂടുതലെന്തെങ്കിലും ചോദിക്കാനാകും മുമ്പെ അവർ ഫോൺ വെച്ചുകളഞ്ഞു. ആ പരുക്കൻ ശബ്ദമോർത്തപ്പോൾ തിരിച്ചുവിളിക്കാനുള്ള ധൈര്യം വന്നതുമില്ല.
“നിന്റെ ഉറക്കം കളയുന്ന പരിപാടി അവളിനിയും നിർത്തിയില്ലേ?”
പുതപ്പിനുള്ളിൽനിന്നും ഷാനു തല നീട്ടി.
ലച്ചിയെ പറ്റിയാണ് അവന്റെ കുസൃതി ചോദ്യം.
പക്ഷേ, വിവർണമായ എന്റെ മുഖം കണ്ട് കാര്യം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടാവണം അവൻ വേഗമെണീറ്റു വന്നു. വിവരം പറഞ്ഞപ്പോൾ അവനും കൂടെ വരാമെന്ന് നിർബന്ധം പിടിച്ചെങ്കിലും വേണ്ടെന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത്.
കാർ അപ്പാർട്മെന്റ് ഗേറ്റിന് പുറത്തേക്കെടുക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു.
2
ഷാനുവിന് ലച്ചിയെ നേരിട്ടറിയില്ല; ഞാൻ പറഞ്ഞുള്ള അറിവാണ്.
ജോലി ലഭിച്ച് ഈ നഗരത്തിലേക്കെത്തിയപ്പോൾ ഞാനാദ്യം നിന്നത് കർത്താവിന്റെ മണവാട്ടികൾ നടത്തുന്ന ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലിലായിരുന്നു. പക്ഷേ, അവിടത്തെ ചിട്ടയും ചട്ടങ്ങളും ഭക്ഷണവുമെല്ലാം മടുത്തത് കാരണം, ഒരു മാസത്തിനകംതന്നെ, ഓഫീസിലുള്ള മറ്റു രണ്ട് പേരുമായി ചേർന്ന് ഒരു മൂന്നുമുറി ഫ്ലാറ്റിലേക്ക് മാറിയിരുന്നു. നഗരഹൃദയത്തിൽതന്നെയുള്ള ‘സനാതൻസ്ഥാൻ’ എന്ന ആ അപ്പാർട്െമന്റ് സമുച്ചയം നഗരത്തിൽ ആദ്യമുയർന്ന വലിയ കെട്ടിടങ്ങളിലൊന്നായിരുന്നുവെങ്കിലും, നന്നായി പരിപാലിച്ചതിനാലാവണം, അത്രയധികം പഴക്കം തോന്നിച്ചിരുന്നില്ല. വാടക വളരെ കൂടുതലായിരുന്നെങ്കിലും ഓഫീസിലേക്കുള്ള ദൂരക്കുറവായിരുന്നു അവിടം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
സനാതൻസ്ഥാനിലെ വീട്ടുജോലിക്കാരിയായിരുന്ന കോമളാക്കയുടെ മകളായിരുന്നു ലച്ചിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിപ്രഭ. തീരെ മെല്ലിച്ച ഒരു പെണ്ണായിരുന്നു അവൾ. എണ്ണക്കറുപ്പാർന്ന മുഖത്ത് കത്തിനിൽക്കുന്ന അവളുടെ വലിയ കണ്ണുകളാണ് ആദ്യകാഴ്ചയിൽതന്നെ എന്നെയാകർഷിച്ചത്. പ്രായം കൗമാരത്തിന്റെ പടിവാതിൽക്കലെത്തിയെന്ന് ശരീരവും മനസ്സും വകവെച്ചു കൊടുക്കാത്തതു പോലെയായിരുന്നു അവളുടെ പ്രകൃതം. ഞങ്ങളുടെതടക്കം, അമ്മ ജോലിക്ക് പോകുന്ന ഫ്ലാറ്റുകളിൽ മാത്രമല്ല, ആ അപ്പാർട്മെന്റാകെ അവൾ പാറിപ്പറന്നു നടന്നു; അക്കയുടെ ഭാഷയിൽ പറഞ്ഞാൽ ‘‘ഒരു തെറിച്ചി പെണ്ണ്”. ആ കെട്ടിടമാകെ ലച്ചിയുടെ ചിരിയുടെയും കുപ്പിവളകളുടെയും കൊലുസ്സിന്റെയും കിലുക്കം നിറഞ്ഞുനിന്നിരുന്നുവെന്ന് പറഞ്ഞാലത് അതിശയോക്തിയാവില്ല.
അക്കാലത്ത് ഞങ്ങളുടെ ഫ്ലാറ്റായിരുന്നു അവളുടെ ഇഷ്ടതാവളം. അവളെങ്ങനെയെപ്പോൾ കയറിവരുന്നെന്നോ ഇറങ്ങിപ്പോകുന്നെന്നോ ഞങ്ങളറിയാറില്ല. ഒരു കാറ്റു കയറിയിറങ്ങി പോകുമ്പോലെയെന്നാണ് എന്റെ കൂട്ടുകാരികൾ തമാശയായി പറയാറുള്ളത്. മുറിയിൽ വന്നാലും അനുവാദം ചോദിക്കാതെ ഒരു വസ്തുവിലും അവൾ തൊടാറില്ല. പകരം, സ്ഥാനം തെറ്റിക്കിടക്കുന്നത് വല്ലതും പറയാതെതന്നെ അടുക്കിവെക്കുകയുംചെയ്യും. കലപില കൂട്ടുമെന്നതൊഴിച്ചാൽ അവളുടെ വരവിനോട് ഞങ്ങൾക്ക് പ്രത്യേകിച്ച് ഇഷ്ടക്കേടൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ആഴ്ചയറുതികളിൽ പിശുക്കില്ലാതെ ഉറക്കം വലിച്ചുനീട്ടാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ നിർദയം റദ്ദുചെയ്തുകൊണ്ട് ഏഴു മണിക്കുതന്നെ വന്നു ബെല്ലടിക്കുന്ന കാര്യത്തിൽ മാത്രമായിരുന്നു അവളോട് ഞങ്ങൾ ദേഷ്യപ്പെടാറുള്ളത്. ഞങ്ങളും അക്കയുമെല്ലാം എങ്ങനെയൊക്കെ പറഞ്ഞു നോക്കിയിട്ടും അവളത് ചെയ്തുകൊണ്ടേയിരുന്നു. ആഴ്ചയിൽ ആകെ രണ്ടു ദിവസം മാത്രമാണ് അവൾക്ക് ഞങ്ങളെ മുഴുവൻ നേരവും കിട്ടുന്നുള്ളൂവെന്നതായിരുന്നു ആ അനുസരണക്കേട് തുടരുന്നതിനുള്ള അവളുടെ ന്യായീകരണം.
ഞങ്ങൾ മൂവരോടും വലിയ കൂട്ടാണെങ്കിലും ലച്ചിക്ക് എന്നോട് പ്രത്യേക സ്നേഹമാണെന്ന് അവളുടെ അമ്മ പറഞ്ഞിട്ടുണ്ട്. എനിക്കുമത് തോന്നിയിട്ടുള്ളതാണ്; ഞാൻ കേരളത്തിൽനിന്നാണെന്നറിഞ്ഞ ശേഷമാണത്. അവളുടെ അച്ഛൻ, ഏതോ കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി, വർഷങ്ങളായി കേരളത്തിലായിരുന്നു പണിയെടുത്തിരുന്നതത്രേ. ഒരിക്കൽപോലും പോയിട്ടില്ലെങ്കിലും, കേരളമെന്നാൽ അവൾക്ക്, മാസത്തിലൊരിക്കൽ അച്ഛൻ കൊണ്ടു കൊടുക്കാറുള്ള കായ ചിപ്സും അച്ഛനിൽനിന്നും കേട്ടറിഞ്ഞ പച്ചപ്പാർന്ന മലകളും കടലും പുഴകളും ആനകളും മഴയുമെല്ലാമായിരുന്നു. കഴിഞ്ഞ വർഷത്തെ മഴക്കാലത്താണ് റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണു ലച്ചിയുടെ അച്ഛനെ കാണാതാവുന്നത്.
ഓണത്തിന് നാട്ടിൽ പോയി വന്നപ്പോൾ ഞാൻ കൊണ്ടുവന്ന കായ ചിപ്സ് വാങ്ങാതെ ലച്ചി കണ്ണു നിറക്കുന്നത് കണ്ട് അങ്കലാപ്പിലായ എന്നോട് കോമളാക്കയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അതു കേട്ടതോടെ എനിക്കവളോട് കൂടുതൽ സ്നേഹം തോന്നി. അച്ഛൻ പഠിപ്പിച്ചുകൊടുത്തിരുന്ന ചില മലയാളം വാക്കുകൾ അവളെന്നോട് പ്രയോഗിക്കാറുണ്ടായിരുന്നു. പുതിയവ എന്നോട് ചോദിച്ചു പഠിക്കാൻ ശ്രമിക്കുകയുംചെയ്തു. മലയാളത്തിലൂടെ അവൾ തന്റെ അച്ഛനെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നെനിക്ക് തോന്നി. വലുതാകുമ്പോൾ അമ്മയെയും കൂട്ടി കേരളത്തിൽ അച്ഛനുണ്ടായിരുന്ന ഇടങ്ങളിൽ പോകുമെന്ന് അവളെന്നോട് അടക്കംപറയുമായിരുന്നു. അപ്പോൾ ആ വലിയ കണ്ണുകൾക്ക് തിളക്കമേറുന്നത് ഞാൻ കണ്ടു.
3
ആ വർഷത്തെ അപ്പാർട്മെന്റ് തെരഞ്ഞെടുപ്പിൽ, കാലങ്ങളായി തുടരുന്ന ഭാരവാഹികളെ പരാജയപ്പെടുത്തിക്കൊണ്ട്, പുതിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഹിന്ദുമതത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ ട്രസ്റ്റ് പണിത അപ്പാർട്മെന്റായിരുന്നതിനാൽ ഉടമകളെല്ലാം അതേ സമുദായക്കാരായിരുന്നു. എന്നാൽ വാടകക്കാരിൽ സകല ജാതി-മതസ്ഥരുമുണ്ടായിരുന്നു. പുതിയ അസോസിയേഷൻ ചുമതലയേറ്റപ്പോൾ ആദ്യം കത്തിവെച്ചതുമതിലാണ്. ട്രസ്റ്റ് പ്രതിനിധാനം ചെയ്യുന്ന സമുദായക്കാരോ അല്ലെങ്കിൽ ജാതിക്കോൽ പ്രകാരം തുല്യനിലയിലുള്ളവരോ വാടകക്കാരായി മതിയെന്നതായിരുന്നു പ്രഥമ യോഗത്തിലെ പ്രധാന തീരുമാനം. വാടകക്കാരിൽ ചിലർ എതിർപ്പുയർത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.
ഉടമകൾക്കൊപ്പം വാടകക്കാരിലെ ‘ഉന്നതകുലജാതരും’ ഈ പരിഷ്‍കാരത്തിന് കൈയടിച്ചതോടെ ഭൂരിഭാഗം ഇതര മതസ്ഥരും ‘താഴ്ന്ന ജാതിക്കാരും’ ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. ഒഴിയാൻ തയാറാവാത്തവരെ അധികാരവും ബലവുമുപയോഗിച്ച് അവർ തുരത്തി. ഉത്തരേന്ത്യക്കാരായ എന്റെ ഫ്ലാറ്റ്മേറ്റ്സിന്റെ ജാതിവാലുകളുടെ ബലത്തിൽ തൽക്കാലം ഞങ്ങൾക്കവിടെ തുടരാൻ സാധിച്ചു. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. തുടർന്നുള്ള അസോസിയേഷൻ യോഗങ്ങളിൽ കോമ്പൗണ്ടിനകത്തെ ക്ഷേത്രത്തിന്റെ പേര് പറഞ്ഞ്, തുടക്കത്തിൽ ഭാഗികമായും പിന്നെ പൂർണമായും, അപ്പാർട്മെന്റിനകത്ത് മദ്യ-മാംസ നിരോധനം നടപ്പിലാക്കി. പുറകെ, സദാചാരലംഘന സാധ്യത മുൻനിർത്തി ബാച്ചിലേഴ്സിന് വാടകക്ക് ഫ്ലാറ്റ് നൽകരുതെന്ന ഉത്തരവ് കൂടി വന്നതോടെ എനിക്കും സുഹൃത്തുക്കൾക്കും അവിടെനിന്ന് ഇറങ്ങേണ്ടിവന്നു.
അതിനുശേഷം, ഇടക്കൊക്കെ ഓർത്തിരുന്നെങ്കിലും, പിന്നീടെനിക്ക് ലച്ചിയെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കാലക്രമേണ ഞാനവളെ മറക്കുകയുംചെയ്തു. എട്ടു വർഷങ്ങൾക്കിപ്പുറം ഇന്നാണ് വീണ്ടുമവളെപ്പറ്റി കേൾക്കുന്നത്. എന്റെ ഓർമപ്പെയ്ത്തിനൊപ്പം പുറത്തെ മഴയും പെയ്തുതോർന്നിരുന്നു. തിരക്കൊഴിഞ്ഞ നിരത്തിലൂടെ കാർ വേഗതയിൽ പാഞ്ഞു.
4
കാർ റോഡരികിലൊതുക്കിയിട്ട് ഗേറ്റ് കടന്ന് ഞാൻ അകത്തേക്ക് കയറി. കെട്ടിടത്തിന് മുൻവശത്ത് കത്തിനിൽക്കുന്ന ബോർഡിൽ ‘ആര്യാവർത്തം’ എന്ന് സ്റ്റിക്കറൊട്ടിച്ച ഭാഗം വേറിട്ട് കാണുന്നുണ്ട്. ഒരു പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറുന്നതിന്റെ പരിഭ്രമം കലശലായതോടെ, ഒപ്പം വരാമെന്ന ഷാനുവിന്റെ ഓഫർ നിരാകരിച്ചതിൽ ഞാൻ ആത്മാർഥമായി പശ്ചാത്തപിച്ചു. ഞാനവിടെനിന്നു പരുങ്ങുന്നത് കണ്ടിട്ടാവണം പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിവന്നത്. കാര്യം പറഞ്ഞപ്പോൾ അയാളെന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു മേശക്കരികിലിരുത്തി.
“റോഷ്നിയല്ലേ” –ഷാനുവിന് മെസേജ് ടൈപ്പ് ചെയ്യുന്നത് നിർത്തി ഞാൻ തലയുയർത്തി നോക്കി. ഫോണിൽ കേട്ടതിനേക്കാൾ പരുക്കനാണ് ശബ്ദം. അത്രയും ചെറിയ ശരീരത്തിൽനിന്നാണ് ആ ശബ്ദം വരുന്നതെന്ന് തോന്നുകയേയില്ല. യൂനിഫോമിലല്ലാതെ അവരെ കണ്ടാൽ ഒരു പൊലീസുകാരിയെന്ന് വിശ്വസിക്കാൻതന്നെ പ്രയാസമാകുമെന്നെനിക്ക് തോന്നി.
എന്റെ മറുപടിക്ക് കാക്കാതെ “വരൂ” എന്ന് പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് നടന്നുകഴിഞ്ഞിരുന്നു. ഞാൻ ധൃതിയിൽ പുറകെ ചെന്നു. പുറത്തുനിന്നും കാണുന്നത് പോലെയല്ല; ആ സ്റ്റേഷനു നല്ല വലിപ്പമുണ്ട്. ഒരു വശത്ത് നിരയായി ജയിലറകളുള്ള ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ തല നേരെ തന്നെ പിടിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അടച്ചിട്ട ചില മുറികൾകൂടി കടന്ന് പാതി ചാരിയിട്ട ഒരു വാതിലിന് മുന്നിലവർ ചെന്നു നിന്നു.
“നിങ്ങളുടെ സുഹൃത്ത് ഈ മുറിയിലുണ്ട്.’’
അവളെന്റെ സുഹൃത്തല്ലെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. ലച്ചിയെന്ന കുട്ടിയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ; ഇന്നവളൊരു യുവതിയാണ്. ഇവിടെ എത്തിപ്പെടാൻ മാത്രം എന്ത് തെറ്റാണവൾ ചെയ്തതെന്ന് പോലുമറിയാതെ ചാടിപ്പുറപ്പെട്ടതിൽ എനിക്കപ്പോൾ കുറ്റബോധം തോന്നി. എന്റെ ചിന്തകൾ വായിച്ചിട്ടെന്നവണ്ണം പൊലീസുകാരി ചോദിച്ചു:
“എന്തിനാണവളെ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്നറിയണ്ടേ?”
മറുപടിയൊന്നും പറയാനാകാതെ ഞാനവരെ വെറുതെ നോക്കിയതേയുള്ളു. പതിഞ്ഞ ശബ്ദത്തിലാണവർ തുടർന്നത് –“ഇന്നലെ മാത്രം പെറ്റിട്ട സ്വന്തം ചോരക്കുഞ്ഞിനെയാണവൾ വിൽക്കാൻ നോക്കിയത്.”
പൊലീസുകാരി പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തിയ തെറിവാക്ക് ഞാൻ ശ്രദ്ധിച്ചില്ല. എന്റെ കണക്കുകൂട്ടലനുസരിച്ച് ലച്ചിക്ക് ഇരുപത് വയസ്സുപോലും തികഞ്ഞിട്ടുണ്ടാവില്ല. അതിനു മുമ്പെ അവളൊരമ്മയായല്ലോ എന്നത് മാത്രമാണ് ഞാനപ്പോൾ ചിന്തിച്ചത്.
“എന്തായാലും അവൾക്ക് നല്ല ഭാഗ്യമുണ്ട്. കുഞ്ഞിനെ വാങ്ങാൻ വന്നവരുടെ പിടിപാട് കാരണം കേസൊതുങ്ങിപ്പോയി. വാങ്ങിയവരില്ലെങ്കിൽ പിന്നെ വിൽക്കുന്നവരുമില്ലല്ലോ. പക്ഷേ, കുഞ്ഞിനെ ഇവൾക്കൊപ്പം വിടാൻ ഞങ്ങൾക്കാവില്ല. തക്കം കിട്ടിയാൽ ഇനിയുമവൾ വിൽക്കാൻ ശ്രമിച്ചാലോ. അതിനെ ഞങ്ങൾ സർക്കാർ വക ആശ്രയകേന്ദ്രത്തിലാക്കിയിട്ടുണ്ട്.’’
ലച്ചിയുടെ കുഞ്ഞിനെ പറ്റി അപ്പോൾ മാത്രമാണ് ഞാനോർത്തത്.
“അവളെ ഇറക്കിവിട്ടേക്കാൻ പറഞ്ഞിട്ടാണ് സി.ഐ സാർ പോയത്. എന്നാലും ഈ അവസ്ഥയിൽ തനിച്ച് വിടാൻ തോന്നിയില്ല; കൈയിലിരിപ്പ് പിശകാണെങ്കിലും ഇന്നലെ പെറ്റെണീറ്റതല്ലേയുള്ളൂ.”
പരുക്കൻ ശബ്ദത്തിലെ ആർദ്രത ഞാൻ തിരിച്ചറിഞ്ഞു.
“ഞാനുമൊന്ന് പെറ്റതാണ്. അതിന്റെ ബുദ്ധിമുട്ടുകൾ ശരിക്കും മനസ്സിലാവും. ഒപ്പം വിടാൻ വേണ്ടി സ്വന്തക്കാരുടെ പേരു ചോദിച്ച് ഒരുപാട് നിർബന്ധിച്ചപ്പോൾ ഒടുക്കം കിട്ടിയത് നിങ്ങളുടെ നമ്പരാണ്.’’
എന്റെ നമ്പർ കൈയിലുണ്ടായിട്ടും ഒരിക്കൽപോലും ലച്ചിയെന്നെ വിളിച്ചില്ലല്ലോ എന്നാണ് ഞാനാലോചിച്ചത്. അതോ, അവഗണിച്ചുകളഞ്ഞ അനേകം അജ്ഞാത നമ്പറുകളിലൊന്ന് അവളുടേതായിരുന്നുവോ?
പൊലീസുകാരിക്കൊപ്പം ഞാനും മുറിയിലേക്ക് കയറി.

5
തീരെ ചെറിയൊരു മുറിയായിരുന്നു അത്. പൊലീസുകാർ വസ്ത്രം മാറാനൊക്കെ ഉപയോഗിക്കുന്നതാവണം; ചുവരിൽ ചില യൂനിഫോമുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഒരു ബെഞ്ചിൽ ലച്ചി ഇരിക്കുന്നു. ഞങ്ങൾ മുറിയിലേക്ക് കയറിയപ്പോൾ അവളൊന്ന് തലയുയർത്തി നോക്കി. വലിയ കണ്ണുകൾ എന്റെ മുഖത്ത് വന്നു തൊട്ടപ്പോൾ ആ പഴയ തിളക്കം ഞാൻ വീണ്ടും കണ്ടു. പക്ഷേ, ഒരു നിമിഷത്തേക്കുമാത്രം; അവളുടെ മുഖം വീണ്ടും കുനിഞ്ഞു. ഞാൻ പ്രതീക്ഷിച്ചിരുന്നപോലെ ചേച്ചിയെന്ന് വിളിച്ച് അവൾ ഓടിവരികയോ എന്നെ കെട്ടിപ്പിടിക്കുകയോ ഉണ്ടായില്ല. അവളുടെ തണുപ്പൻ പ്രതികരണം കണ്ട് ഞാനുദ്ദേശിച്ച ആള് തന്നെയല്ലേ അവളെന്ന് പൊലീസുകാരി എന്റെ നേരെ സംശയിച്ച് നോക്കി. പക്ഷേ, ഒരു നിമിഷത്തേക്കെങ്കിലും ആ കണ്ണുകളിൽ മിന്നിമാഞ്ഞ തിളക്കം മതിയായിരുന്നു എനിക്കതെന്റെ ലച്ചിയാണെന്നുറപ്പിക്കാൻ. പതിയെ അടുത്തു ചെന്നിരുന്ന്, ഞാനവളുടെ മെല്ലിച്ച കൈയെടുത്തു എന്റെ കൈക്കുള്ളിൽ വെച്ചു. അവളെതിർത്തില്ല. കുറച്ചുനേരം ഞങ്ങളങ്ങനെ ഇരുന്നു; പരസ്പരം ഒന്നും ചോദിക്കാതെ, പറയാതെ.
പൊലീസുകാരി തിരിച്ചുവരുന്നതുവരെ ഞങ്ങളങ്ങനെയിരുന്നു. അവർ കൊണ്ടുവന്ന കടലാസുകളിൽ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു കൊടുത്ത് ഞാൻ അവെയുംകൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴേക്കും അവളെന്റെ പഴയ ലച്ചിയാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാരണം, പണ്ടു ചെയ്യാറുള്ളതുപോലെ, എന്റെ കൈകൾ അവൾ മുറുക്കെ ചുറ്റിപ്പിടിച്ചിരുന്നു.
കാറിൽ കയറിയ ശേഷവും ഞാനൊന്നും ചോദിച്ചില്ല. എന്നാൽ, എന്നോട് ഒരുപാട് പറയാനുള്ള തയാറെടുപ്പിലാണവളെന്ന് എനിക്ക് മനസ്സിലായിരുന്നു.
“ചേച്ചീ, നിങ്ങളവിടെനിന്ന് രക്ഷപ്പെട്ട് പോയത് നന്നായി. നരകമായിരുന്നു പിന്നീടവിടെ.’’
മുഖവുരയേതുമില്ലാതെ അവൾ പറഞ്ഞു തുടങ്ങി.
6
ഫ്ലാറ്റുകളിലെ താമസക്കാരുടെ ‘ജാതി ശുദ്ധീകരണം’ പൂർത്തിയായ ശേഷം അസോസിയേഷൻ ഭാരവാഹികൾ പിന്നെ ഉന്നംവെച്ചത് അപ്പാർട്മെന്റിലെ മെയിന്റനൻസ് സ്റ്റാഫിനെയും വീട്ടുജോലിക്കാരെയുമായിരുന്നു. കാലങ്ങളായി, അടുത്തുള്ള ഹരിജൻ കോളനിക്കാരായിരുന്നു അപ്പാർട്മെന്റിൽ ജോലിക്കായി വന്നുകൊണ്ടിരുന്നത്. എന്നാൽ, കോളനിക്കാരെ അപ്പാർട്മെന്റ് കെട്ടിടത്തിനകത്ത് ജോലിചെയ്യുന്നതിൽനിന്നും വിലക്കിക്കൊണ്ട് അസോസിയേഷൻ ഉത്തരവിറക്കി.
അവർ വേണ്ടത്ര വ്യക്തിഗത ശുചിത്വം പാലിക്കുന്നില്ലെന്നും തദ്വാരാ കുട്ടികളും വയോജനങ്ങളുമടങ്ങുന്ന താമസക്കാർക്കുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്ന സാധ്യതകളും മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അവർക്കു പകരം, ഭാരവാഹികളിൽതന്നെ ഒരാളുടെ ഉടമസ്ഥതയിലുള്ള ഏജൻസിയിൽനിന്നും, ക്ലീനിങ്ങിനും അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനുമൊക്കെയായി യൂനിഫോം ധാരികളെ ഇറക്കുമതിചെയ്തു. കോളനിക്കാർക്ക് വേണമെങ്കിൽ കോമ്പൗണ്ടിനകത്തെ പുറംപണികളിൽ തുടരാമെന്ന ഇളവ് നൽകിയതോടെ വലിയ എതിർപ്പുകളൊന്നുമില്ലാതെ ആ തീരുമാനവും നടപ്പിലായി.
രാവിലെത്തൊട്ട് വൈകിട്ട് വരെ ദിവസവും നാലഞ്ച് വീടുകളിൽ പണിയെടുത്തിരുന്നവർക്ക് പക്ഷേ പുറംപണികൾ മാത്രമായതോടെ വരുമാനം പകുതിയായി കുറഞ്ഞു. തുടർച്ചയായി വെയിലത്ത് പണിയെടുക്കേണ്ടി വന്നപ്പോൾ പ്രായമേറിയവർക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അതോടെ, കോളനിക്കാരിൽ ഭൂരിഭാഗവും അടുത്തുള്ള തുണിമില്ലുകളിൽ തൊഴിലന്വേഷിച്ച് പോയെങ്കിലും ലച്ചിയുടെ അമ്മയടക്കം ചിലർ അപ്പാർട്മെന്റിലെ പുറംപണികളിൽ തുടർന്നു.
അങ്ങനെയിരിക്കെയാണ്, ഒരുദിവസം ലച്ചിയുടെ അമ്മയോട് പതിനാറാം നിലയിലെ ഒരു ഫ്ലാറ്റിലേക്ക് ക്ലീനിങ്ങിനായി ചെല്ലാൻ സൂപ്പർവൈസർ പറഞ്ഞത്. കാര്യങ്ങളെല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷയിൽ വലിയ സന്തോഷത്തോടെയാണ് അവരന്നുപോയത്. പക്ഷേ, അവിടെ ചെന്നപ്പോഴാണ് ബ്ലോക്കായ കക്കൂസ് മാലിന്യം കൈയിട്ടു കോരിമാറ്റാനാണ് തന്നെ വിളിപ്പിച്ചതെന്ന് അവരറിഞ്ഞത്. അത് ചെയ്യാൻ പറ്റില്ലെന്ന് അമ്മ തീർത്തുപറഞ്ഞു. അസോസിയേഷൻ പ്രസിഡന്റിന്റെ സ്വന്തക്കാരന്റെ ഫ്ലാറ്റായിരുന്നതിനാൽ അയാൾ ഇടപെട്ടു. ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതായതോടെ, “മലം കോരലല്ലേടി നിന്റെയൊക്കെ വർഗത്തിന്റെ കുലത്തൊഴിൽ, പിന്നെയത് ചെയ്താലെന്താ?” എന്നും പറഞ്ഞ് അമ്മക്കു നേരെ പ്രസിഡന്റ് പരസ്യമായി ജാത്യധിക്ഷേപം ചൊരിഞ്ഞു. തിരിച്ചുപോകാനൊരുങ്ങിയ അമ്മയെ ലിഫ്റ്റുപയോഗിക്കാൻ അവരനുവദിച്ചില്ല. പതിനാറ് നില നടന്നിറങ്ങി വന്നപ്പോഴേക്കും അമ്മയുടെ മനസ്സും ശരീരവും തളർന്നിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന അവരെയുംകൊണ്ട് ലച്ചി ഹോസ്പിറ്റലിലേക്ക് പാഞ്ഞെങ്കിലും പാതി വഴിയായപ്പോഴേക്കും ഓട്ടോയിൽ കിടന്ന് അവർ തന്റെ അവസാനശ്വാസമെടുത്തു കഴിഞ്ഞിരുന്നു.
വിവരമറിഞ്ഞെത്തിയ കോളനിക്കാരും അപ്പാർട്മെന്റിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ തൊഴിലാളി യൂനിയൻകാരുമിടപെട്ട് അത് വലിയ പ്രശ്നമാക്കി. അമ്മയുടെ മൃതദേഹം അപ്പാർട്മെന്റ് ഗേറ്റിനു മുന്നിൽ വെച്ച് അവർ പ്രതിഷേധിച്ചു. ഒടുവിൽ, കോളനിക്കാരുടെ സമുദായത്തിൽനിന്നു തന്നെയുള്ള സ്ഥലം എം.എൽ.എ ഇടപെട്ട് നഷ്ടപരിഹാരമൊക്കെ വാങ്ങിക്കൊടുത്ത് പ്രശ്നം ഒത്തുതീർപ്പാക്കി. ആ സംഭവത്തിന് ശേഷം ലച്ചിയവിടെ ജോലിക്ക് പോയില്ല. നഷ്ടപരിഹാരത്തുകയുപയോഗിച്ച് വീട്ടിൽത്തന്നെ ഒരു ചെറിയ മെസ്സ് തുടങ്ങി. റെയിൽവേ തൊഴിലാളികളും ഡ്രൈവർമാരുമൊക്കെ സ്ഥിരമായി വന്നു തുടങ്ങിയതോടെ കച്ചവടം ഭേദപ്പെട്ട നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
റെയിൽവേ തൊഴിലാളികളുടെ നേതാവ് അനീഷുമായി ലച്ചി പരിചയത്തിലാവുന്നത് ആയിടക്കാണ്. അസോസിയേഷൻകാരുമായുണ്ടായ പ്രശ്നത്തിൽ യാതൊരു ഭീഷണിക്കും വഴങ്ങാതെ ഉറച്ചുനിന്നു പൊരുതാൻ കോളനിക്കാർക്ക് ധൈര്യം പകർന്നത് അനീഷായിരുന്നു. അയാൾ മലയാളിയാണെന്നും മാതാപിതാക്കളുടെ മരണത്തോടെ നാടുവിട്ടുവന്നതാണെന്നുമറിഞ്ഞതോടെ ലച്ചിക്ക് അയാളോട് കൂടുതലടുപ്പം തോന്നി. പരിമിതമെങ്കിലും, അവളുടെ മലയാളഭാഷാ പരിചയമുപയോഗിച്ച് അനീഷിന് കോളനിക്കാരുമായി കൂടുതൽ സംവദിക്കാൻ സാധിച്ചു. കൂലിത്തർക്കമടക്കം അവരുടെ ഏത് പ്രശ്നങ്ങളിലും അയാൾ ആത്മാർഥമായി ഇടപെടുകയുംചെയ്തു. അയ്യൻകാളിയെയും അംബേദ്കറെയുംപറ്റി തനിക്കറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്ത് അവരെ ഉദ്ബോധിപ്പിക്കാൻ അനീഷിന് സാധിച്ചു. പതുക്കെ, കോളനിക്കാർ അയാളിൽ തങ്ങളുടെ നേതാവിനെ കണ്ടു തുടങ്ങി. ജോലിസമയം മനസ്സിലാക്കാനും കൂലി കണക്കുപറഞ്ഞു വാങ്ങിക്കാനും കോളനിക്കാർ പഠിച്ചു തുടങ്ങിയതോടെ അസോസിയേഷൻകാരുടെ മാത്രമല്ല ചുറ്റുമുള്ള പല തൊഴിലുടമകളുടെയും കണ്ണിലെ കരടായി അനീഷ് പെട്ടെന്ന് മാറി. ഏറെ വൈകാതെ തന്നെ, ലച്ചിയും അനീഷും വിവാഹിതരുമായി.
അങ്ങനെയിരിക്കെയാണ്, അനീഷിന്റെ നേതൃത്വത്തിൽ കോളനിക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഹരിജൻ കോളനി എന്നത് ‘അംബേദ്കർ നഗർ’ എന്ന് പുനർനാമകരണംചെയ്ത് സർക്കാരുത്തരവായത്. അക്കൊല്ലത്തെ അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കാനും നഗറിന്റെ വാതുക്കൽ ഒരു അംബേദ്കർ പ്രതിമ സ്ഥാപിക്കാനും അവർ തീരുമാനിച്ചു. അത് പക്ഷേ അസോസിയേഷൻ നേതാക്കൾക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പ്രതിമ അപ്പാർട്മെന്റ് ഗേറ്റിന് മുന്നിലാണെന്നും വഴി തടസ്സപ്പെടുമെന്നുമൊക്കെ പറഞ്ഞ് അത് മുടക്കാൻ അസോസിയേഷനുകാർ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, ഇലക്ഷൻ അടുത്ത സമയമായതുകൊണ്ട് അവർക്ക് രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല. ഒടുക്കം ജയന്തിയുടെ തലേ രാത്രി അനാച്ഛാദനത്തിന് തയാറായ പ്രതിമയിലേക്ക് അവരുടെ ആളുകൾ ഒരു ലോറി ഇടിച്ചുകയറ്റി. അനീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി ചെന്ന കോളനിക്കാരെ നേരിട്ടത് അപ്പാർട്മെന്റിലെ സായുധരായ സെക്യൂരിറ്റി ജീവനക്കാരാണ്. സ്ത്രീകളും കുട്ടികളുമുൾെപ്പടെ നിരവധിപേർക്ക് പരിക്കേറ്റു. ആ സമയത്ത് പൂർണ ഗർഭിണിയായിരുന്ന ലച്ചിയെ പോലും അവർ വെറുതെ വിട്ടില്ല. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിഞ്ഞിരുന്നെങ്കിലും ഏറെ വൈകിയാണ് പൊലീസെത്തിയത്.
മഹാത്മാ അംബേദ്കറെയടക്കം അപമാനിക്കുകയും തങ്ങളെ ആക്രമിക്കുകയും നിരന്തരം മലങ്കോരികളെന്ന് വിളിച്ചധിക്ഷേപിക്കുകയുംചെയ്യുന്നവരോട് തക്കതായ രീതിയിൽ പ്രതികരിക്കണമെന്ന് കോളനിയിലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാർ ആവശ്യപ്പെട്ടു. അനീഷും ചില മുതിർന്നവരും തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അന്ന് രാത്രി, തന്റെ തുണിമില്ലിൽനിന്നും തിരികെ വരുമ്പോൾ, അസോസിയേഷൻ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് അവരയാളുടെ കാർ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ മുക്കിക്കളഞ്ഞു.
രാത്രിയിൽ പ്രസവവേദന വന്ന് ആശുപത്രിയിലാക്കിയ ലച്ചിയുടെ അടുത്തുനിന്നാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പ്രസിഡന്റിന്റെ പരാതിയിൽ, വധശ്രമമടക്കം ചേർത്താണ് അയാൾക്കെതിരെ കേസെടുത്തത്. പ്രസവവേദനയുടെ കയം മുങ്ങിക്കയറി ബോധം തെളിഞ്ഞപ്പോൾ ലച്ചി കേൾക്കുന്നത്, കസ്റ്റഡിയിൽ അതിക്രൂരമായ മർദനം അനീഷിന് ഏൽക്കുന്നുണ്ടെന്നും അയാളെ ജീവനോടെ വേണമെങ്കിൽ എത്രയും പെട്ടെന്ന് ജാമ്യത്തിനേർപ്പാട് ചെയ്യണമെന്നുമായിരുന്നു. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട മറ്റേതൊക്കെയോ വലിയ കേസുകൾകൂടി അയാളുടെ തലയിൽ വെച്ചുകെട്ടി സ്ഥിരമായി പൂട്ടാനാണ് പ്ലാനെന്നും പൊലീസിലുള്ള ചിലർ വഴിയാണ് ലച്ചി അറിഞ്ഞത്.
വക്കീൽ ഫീസും ജാമ്യത്തുകയുമെല്ലാം ചേർത്ത് രണ്ട് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നും അവൾ മനസ്സിലാക്കിയിരുന്നു. അവളുടെയും കൂട്ടരുടെയും സമ്പാദ്യവും കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയതും ചേർത്തിട്ടും അമ്പതിനായിരത്തിലധികത്തിന്റെ കുറവുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുത്തുകൊണ്ട്, മണിക്കൂറുകൾക്കുമുമ്പുമാത്രം അവൾ നൊന്തു പ്രസവിച്ച ആൺകുഞ്ഞിന് പകരമായി അനീഷിനെ പുറത്തിറക്കാനുള്ള ബാക്കിത്തുക നൽകാമെന്ന ഏജന്റിന്റെ ഓഫർ അവൾക്ക് നിരസിക്കാനായില്ല. കാരണം, അനീഷിനെ ജയിലിൽനിന്നും മോചിപ്പിക്കണമെന്ന അവളുടെ തീരുമാനം പാറപോലെ ഉറച്ചതായിരുന്നു.

7
“ചേച്ചീ…” ലച്ചി പതുക്കെ വിളിച്ചു.
കാർ റോഡരികിലായി നിർത്തിയിരിക്കുകയായിരുന്നു. അവൾ പറഞ്ഞതെല്ലാം കേട്ട മരവിപ്പിലായിരുന്നു ഞാനപ്പോഴും.
“വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നാണ് എന്റെ കൂട്ടക്കാരടക്കം പറഞ്ഞത്. ശരിയായിരിക്കാം; പക്ഷേ, മറ്റെന്തായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നതെന്ന് അവരാരും പറയുന്നുമില്ല.”
അവൾ കരച്ചിലടക്കാൻ പാടുപെടുന്നത് മനസ്സിലായിട്ടും എനിക്കവളെ ആശ്വസിപ്പിക്കാനായില്ല.
“അയ്യങ്കാളിയുടെ കഥ അനീഷ് ഇടയ്ക്കിടക്കു പറയുമായിരുന്നു. വില്ലുവണ്ടിയിൽ നെഞ്ചുവിരിച്ചു വരുന്ന അദ്ദേഹത്തെ കാണുന്ന മേൽജാതിക്കാർക്ക് മുട്ടിടിക്കുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്കെന്തൊരു ആവേശമാണെന്നോ. ഒരുദിവസം അദ്ദേഹത്തെ പോലെ ഞങ്ങളും നിവർന്നുനിൽക്കുന്നത് സ്വപ്നം കാണാനുള്ള ധൈര്യം തന്നത് അനീഷായിരുന്നു. അത് കണ്ട് വേണം ഞങ്ങളുടെ മക്കൾ വളരാനെന്ന് അവൻ പറയുമായിരുന്നു. അവനെ മരണത്തിന് വിട്ടു കൊടുക്കാനാനെനിക്കാവില്ലായിരുന്നു; എനിക്കുവേണ്ടി മാത്രമല്ല ഞങ്ങളുടെ കൂട്ടക്കാർക്കു വേണ്ടി, ഇനി വരുന്ന ഞങ്ങളുടെ മക്കൾക്ക് വേണ്ടി. അപ്പോൾ മറ്റൊന്നുമാലോചിക്കാൻ എനിക്കായില്ല ചേച്ചീ. പക്ഷേ… പക്ഷേ… ഞാൻ ചെയ്തതറിഞ്ഞാൽ അവനെന്നെ വെറുക്കുമോ ചേച്ചീ? അയ്യോ… എന്റെ കുഞ്ഞിനോട് എെന്താരു ദ്രോഹമാണ് ഞാൻ ചെയ്തത്… അമ്മയുടെ കുഞ്ഞീ…”
പെട്ടെന്ന്, കാറിന്റെ ഡാഷ്ബോർഡിലേക്ക് തലയിട്ടടിച്ചുകൊണ്ട് ലച്ചി നിലവിട്ട് പൊട്ടിക്കരയാൻ തുടങ്ങി. ഞാനവളെ മുറുക്കെ ചേർത്തുപിടിച്ചു. എനിക്കതു മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അവളുടെ ശരിതെറ്റുകൾ വിധിക്കാൻ ഞാൻ അശക്തയായിരുന്നു. അപ്പോൾ, എന്റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്ന വില്ലുവണ്ടിയുടെ കിലുക്കത്തെ കീറിമുറിച്ചുകൊണ്ടൊരു സൈറൺ അടുത്തടുത്തു വന്നു. ഞങ്ങളെക്കടന്ന് ഒരു ആംബുലൻസ് അതിവേഗം പാഞ്ഞുപോയി. അതിനകത്തെ തണുപ്പിൽ ഒരു യുവാവ് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു.
