Begin typing your search above and press return to search.
proflie-avatar
Login

ജീവപര്യന്തം

ജീവപര്യന്തം
cancel

നെഞ്ചിൽ ജീവിതഭാരം അസഹ്യമായി തൂങ്ങുന്നുവെന്ന് അനുഭവപ്പെട്ടതോടെ ഗോപാൽ അവാരെ തന്റെ ഡയറിയിലെ അവസാന കുറിപ്പെഴുതാൻ തീർച്ചയാക്കി. എന്നെങ്കിലും തന്നെ തേടിവരാൻ മക്കൾക്ക് തോന്നിയാൽ അവർക്കു മുമ്പിൽ തന്റെ ജീവിതം തുറന്നുവെക്കാനാണ് അയാൾ ഡയറി എഴുതുന്നത്. തന്നെ വൃത്തികെട്ടവനും കുറ്റവാളിയുമായി കാണുന്നവരാണ് മക്കളും അവരെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരുവന് കൂടെ പൊറുക്കുന്ന ഭാര്യയും. തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം തരാതെ അച്ഛനും അമ്മയും നെഞ്ചുപൊട്ടി മരിക്കുകയുംചെയ്തു. നാട്ടുകാർ തന്നെക്കുറിച്ച് എന്ത് കരുതുന്നു എന്ന് അമ്പത്തഞ്ചുകാരനായ ഗോപാൽ അവാരെക്ക് പ്രശ്നമല്ല. എന്നാൽ, മക്കളും അവളും തന്റെ...

Your Subscription Supports Independent Journalism

View Plans

നെഞ്ചിൽ ജീവിതഭാരം അസഹ്യമായി തൂങ്ങുന്നുവെന്ന് അനുഭവപ്പെട്ടതോടെ ഗോപാൽ അവാരെ തന്റെ ഡയറിയിലെ അവസാന കുറിപ്പെഴുതാൻ തീർച്ചയാക്കി. എന്നെങ്കിലും തന്നെ തേടിവരാൻ മക്കൾക്ക് തോന്നിയാൽ അവർക്കു മുമ്പിൽ തന്റെ ജീവിതം തുറന്നുവെക്കാനാണ് അയാൾ ഡയറി എഴുതുന്നത്.

തന്നെ വൃത്തികെട്ടവനും കുറ്റവാളിയുമായി കാണുന്നവരാണ് മക്കളും അവരെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരുവന് കൂടെ പൊറുക്കുന്ന ഭാര്യയും. തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം തരാതെ അച്ഛനും അമ്മയും നെഞ്ചുപൊട്ടി മരിക്കുകയുംചെയ്തു. നാട്ടുകാർ തന്നെക്കുറിച്ച് എന്ത് കരുതുന്നു എന്ന് അമ്പത്തഞ്ചുകാരനായ ഗോപാൽ അവാരെക്ക് പ്രശ്നമല്ല. എന്നാൽ, മക്കളും അവളും തന്റെ ജീവിതം എന്നെങ്കിലും തിരിച്ചറിയണം. അതിനുവേണ്ടിയാണ് അയാളുടെ ഡയറി എഴുത്ത്. അവസാന താളും എഴുതി കൈയൊപ്പ് ചാർത്തി ജീവിതം അവസാനിപ്പിക്കണം.

ഹോട്ടലിലെ പാചകജോലിയും കഴിഞ്ഞ്, ക്വാർട്ടർ മദ്യവും വാങ്ങി റൂമിലേക്ക് പോകുന്നതാണ് പതിവ്. ഇന്ന് രണ്ട് ക്വാർട്ടറാണ് വാങ്ങിയത്. അത് രണ്ട് കീശകളിലായി തിരുകി. ഭാരം തൂങ്ങുന്നതുപോലെ മുന്നോട്ട് ചാഞ്ഞ് അയാൾ പതുക്കെ നടന്നു.

ജയിലിൽനിന്നിറങ്ങിയ അന്ന് ആരും സ്വീകരിക്കാനില്ലാതെ, എങ്ങോട്ട് പോകുമെന്ന് ഉഴറിനിന്ന അയാളെ സന്നദ്ധസംഘടനക്കാരാണ് കൊണ്ടുപോയത്. എല്ലാം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ആത്മഹത്യക്ക് ഒരുങ്ങിയതാണ്. സന്നദ്ധസംഘടനയിലെ നിത മാഡത്തിന്റെ ഇടപെടലുകളാണ് പിന്തിരിപ്പിച്ചത്. അവരാണ് അറിയപ്പെടുന്ന ഹോട്ടലിലെ പാചകജോലി വാങ്ങിക്കൊടുത്തതും. ജയിലിലാകുന്നതിനു മുമ്പും അതായിരുന്നു ജോലി.

ബീഡിലെ ഹോട്ടൽ മാനേജ്മെന്റ് കോളേജിൽനിന്നുള്ള വിജയ സർട്ടിഫിക്കറ്റുമായി മുപ്പത്തിമൂന്നു വർഷം മുമ്പ് മുംബൈയിൽ കുടിയേറുകയായിരുന്നു ഗോപാൽ അവാരെ. പിടിച്ചുനിൽക്കാൻ ആദ്യം വഴിയോര കച്ചവടത്തിൽ സെയിൽസ്മാനായി. ദക്ഷിണേന്ത്യക്കാരൻ റഹീംക്കയുടെ കടകളിൽ ഒന്നായിരുന്നു അത്. അവിടെയിരുന്ന് ബോലോ ഭായ് വിളിച്ചുകൂവി കച്ചവടം നടത്തുന്നതിനൊപ്പം നല്ലൊരു ഹോട്ടലിൽ ജോലിക്കായുള്ള ശ്രമവും നടത്തി. ആറുമാസങ്ങൾക്കുശേഷമാണ് ഘാഡ്കൂപ്പറിലെ ഹോട്ടലിൽ ജോലിയായത്.

ഹോട്ടലിൽനിന്ന് കാൽമണിക്കൂർ നടന്നെത്താവുന്ന ദൂരത്ത് ഒരു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഫ്ലാറ്റ് വാടകക്കെടുത്തു. അച്ഛനെയും അമ്മയെയും മുംബൈ ഫ്ലാറ്റിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹവുമായി നാട്ടിൽ ചെന്നപ്പോഴാണ് നവ്യയുമായുള്ള വിവാഹം നടത്തിയത്. ഗ്രാമജീവിതം ശീലമായ അച്ഛനും അമ്മയും മുംബൈ നഗരത്തിലേക്ക് പോരാൻ കൂട്ടാക്കിയില്ല.

ഫ്ലാറ്റിൽ രണ്ടു വയസ്സിന്റെ വ്യത്യാസത്തിൽ ശ്രീഷയും പ്രിഷയും പിറന്നു. ദാരിദ്ര്യത്തിൽനിന്നുള്ള കരകയറ്റമായിരുന്നു ഗോപാലിനും നവ്യക്കും നഗരജീവിതം. നാട്ടിൽ ഏക്കറുകണക്കിന് കൃഷിഭൂമി ഉണ്ടെങ്കിലും വറ്റിവരണ്ട അവരുടെ ഭൂമിപോലെ ദരിദ്രമായിരുന്നു ജീവിതം. കടക്കെണിയിൽ പൊലിഞ്ഞുപോയ ആത്മാക്കൾ രാത്രിയിൽ പാടത്ത് കൂടി നടക്കുന്ന ഒച്ചകൾ കേട്ട് ഉറക്കം നഷ്ടപ്പെട്ടവളായിരുന്നു നവ്യ. ഇപ്പോൾ നഗരത്തിൽ ഫ്ലാറ്റിലെ പങ്കയുടെ ഒച്ചയിൽ മറ്റു ശബ്ദങ്ങളെല്ലാം മാഞ്ഞുപോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത പുതിയൊരു ജീവിതമായിരുന്നു അവൾക്കിത്.

ജീവിതം ഉല്ലാസത്തോടെ നീങ്ങുമ്പോഴാണ് കെട്ടിടത്തിലെ പടികൾക്കരികിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടി കൊല്ലപ്പെടുന്നത്. ആരോ ബലാത്സംഗംചെയ്തു കൊന്നതാണ്. ശ്രീഷയുടെ പ്രായമേയുള്ളൂ ആ കുഞ്ഞിനെന്ന് ഓർത്ത് നവ്യ ദുഃഖത്തിലായി. ഗോപാൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. രാത്രിയിൽ ലഹരിപ്പുറത്ത് ഗല്ലിയിൽ പേക്കൂത്ത് നടത്തുന്ന ചെറുക്കന്മാരുണ്ട്. അവരിൽ ആരോ ആയിരിക്കും കൊലയാളി എന്ന് ഗോപാൽ പറഞ്ഞു.

രണ്ടായിരത്തി അഞ്ച് ജൂലൈ ആറിന് രാത്രി ജോലികഴിഞ്ഞ് ഫ്ലാറ്റിലെത്തിയ ഗോപാലിനെ പൊലീസ് വിളിച്ചുകൊണ്ടുപോയി. ചില കാര്യങ്ങൾ ചോദിച്ചറിയാൻ ആണെന്നാണ് കൊണ്ടുപോകുമ്പോൾ അവർ പറഞ്ഞത്. ശാന്തവും മാന്യവും ആയിരുന്നു പൊലീസിന്റെ ഇടപെടൽ.

ഇപ്പോൾ വരുമെന്ന, നവ്യയുടെയും ഏഴും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളുടെയും കാത്തിരിപ്പ് നീണ്ടു. ഉറങ്ങാതെ അവർ കോണിപ്പടിയിലെ കാലൊച്ചക്കായി കാതോർത്തു. നേരം പുലർന്നപ്പോൾ വാതിൽക്കൽ ഒരു പെണ്ണിന്റെ ശാപവാക്കുകൾ നിറഞ്ഞ നിലവിളിയിൽ അവർ ഞെട്ടി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയാണ്. അവർ പറയുന്നതൊന്നും നവ്യ കേട്ടില്ല. അവളുടെ കാതുകളിൽ ശബ്ദം കുറഞ്ഞു കുറഞ്ഞു പോകുന്ന മുഴക്കം മാത്രം. കാഴ്ചയും മങ്ങി ഇല്ലാതായി. ഇരുട്ടിലേക്ക് അവളിരുന്നു. നിസ്സഹായരായ കുട്ടികൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഓർമകൾ ഗോപാൽ അവാരെയിൽ നോവായി നീറി. നടന്നിട്ടും നടന്നിട്ടും മുറിയിൽ എത്തുന്നില്ലല്ലോ എന്നയാൾക്ക് തളർച്ചതോന്നി. മദ്യക്കുപ്പി പാന്റിന്റെ ഇരു കീശകളെയും വീർപ്പിച്ചുനിന്നു. സിഗരറ്റിന് തീകൊളുത്തി ദീർഘമായി പുകയെടുത്ത്, ഒന്നു പിടിച്ച്, പതുക്കെ ഊതിവിട്ടു. പുകവലിയും മദ്യസേവയും മുമ്പൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഇനി മറ്റു ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് സിഗരറ്റും റമ്മും ശീലമായിത്തീർന്നത്. കണ്ണടക്കും മുമ്പ് മക്കൾക്കായി തന്റെ പൂർവകാലം എഴുതിവെക്കണം. ജീവിച്ചിരിക്കുമ്പോൾ അവർ വന്ന് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കുഞ്ഞുങ്ങളായിരിക്കെ ഒറ്റപ്പെട്ടുപോയ അവരെ കുറ്റം പറയുന്നതിൽ കാര്യമില്ല.

മുറിയിൽ മറ്റാരുമില്ല. ഈ സമയത്ത് ഉണ്ടാകേണ്ടിയിരുന്ന ആൾ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോയി. ജനലിനരികെയുള്ള തന്റെ കിടക്കയിൽ അയാൾ ഇരുന്നു. ഡയറിയും പേനയും എടുത്തതിനൊപ്പം പെട്ടിയുടെ മൂലയിൽ പാത്തുവെച്ച കുഞ്ഞു കുപ്പിയും പുറത്തെടുത്തു. അത് പുതപ്പിനകത്ത് മറച്ചുവെച്ചു. കാൽ ഗ്ലാസ് മദ്യത്തിൽ അതിലേറെ വെള്ളം ഒഴിച്ച് വലിച്ചു കുടിച്ച് ഡയറിയിൽ അതുവരെ എഴുതിയതിലൂടെ കണ്ണോടിച്ചു.

എപ്പോഴും ചുവന്നു നിൽക്കുന്ന കണ്ണുകളും കൊമ്പൻ മീശയുമുള്ള ഇൻസ്പെക്ടർ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അയാളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ചോദ്യംചെയ്തതും ഉപദ്രവിച്ചതുമെല്ലാം രണ്ടു പൊലീസുകാരാണ്. കേസ് സമ്മതിച്ചുകൊടുക്കണം. അതിനായി അവർ ഒരു രാത്രി മുഴുവൻ ജെട്ടി മാത്രമിട്ട എന്നെ സാങ്കൽപിക കസേരയിൽ ഇരുത്തി. ജെട്ടിക്കുള്ളിൽ കൂറയെ കടത്തിവിട്ടു. എന്നിട്ടും നിരപരാധിയാണെന്ന് ഞാൻ നിലവിളിച്ചുകൊണ്ടിരുന്നു. അവർക്ക് അതായിരുന്നില്ല കേൾക്കേണ്ടിയിരുന്നത്. അവർ പറഞ്ഞു തന്നതുപോലെ ഞാൻ പറയണം. അവരെഴുതിവെച്ച കടലാസിൽ ഞാൻ ഒപ്പിടണം. കൊല്ലപ്പെട്ട പെൺകുട്ടിയെ പോലെ ഒരുത്തി നിന്റെ വീട്ടിലും ഇല്ലേ എന്ന് വൃത്തികെട്ട ശരീരഭാഷയിൽ ഒരു പൊലീസുകാരൻ ചോദിച്ചപ്പോഴാണ് അവർ മെനഞ്ഞ കഥ എന്റെ കുറ്റസമ്മതമായി പറഞ്ഞുപോയത്. പിന്നീടെല്ലാം ധൃതിപിടിച്ച് അവർ നടത്തി. അതിവേഗ കോടതിയിലെ വിചാരണയും വേഗം തീർന്നു. ജീവപര്യന്തം വിധിച്ചതോടെ മുംബൈയിലെ ജയിലിൽനിന്ന് പുണെയിലേക്ക് കൊണ്ടുപോയി.

പുണെയിൽ എത്തിയതിൽപിന്നെ ഒരിക്കൽ മാത്രമാണ് നിങ്ങളുടെ അമ്മ എന്നെ കാണാൻ വന്നത്. മറ്റൊരാളുടെ കൂടെ പൊറുക്കാൻ പോകുന്നത് അറിയിക്കാൻ വന്നതാണ്. അപ്പോഴാണ് ഞാൻ അറിയുന്നത് മക്കളായ നിങ്ങളെ ഒരു അനാഥാലയത്തിലാക്കിയെന്ന്. ജയിൽ ചുരുങ്ങിവന്ന് എന്നേ ഞെരിച്ചുകൊണ്ടിരുന്ന ദിനങ്ങൾ ആയിരുന്നു പിന്നീട്. ഒന്നു കരയാൻപോലും കഴിയാത്ത മരവിപ്പ്. എന്റെ അമ്മയും ഒരിക്കൽ മാത്രമാണ് ജയിലിൽ വന്നു കണ്ടത്. അപ്പോഴേക്കും എന്റെ അച്ഛൻ മരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിരുന്നു. സങ്കടങ്ങൾ മാത്രമാണ് ജീവിതത്തിലുണ്ടായത്. അമ്മയുടെ ചിതക്ക് തീക്കൊളുത്താൻ രണ്ടു ദിവസം പരോൾ കിട്ടിയതൊഴിച്ചാൽ മതിലുകൾക്കുള്ളിൽ ഞെരിഞ്ഞു കഴിയുകയായിരുന്നു.

വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് ജയിലർ പറഞ്ഞറിഞ്ഞു. അതായിരുന്നു എനിക്ക് നല്ലതെന്ന് അപ്പോൾ തോന്നി. പിഞ്ചുകുഞ്ഞിനെ ബലാത്സംഗംചെയ്ത് കൊന്നവനോട് മറ്റ് ജയിൽപുള്ളികൾക്കും പുച്ഛമായിരുന്നു. ഞാനല്ല അത് ചെയ്തതെന്ന് ആരും വിശ്വസിച്ചില്ല. ഡി.എൻ.എ പരിശോധനപോലും എനിക്ക് എതിരായിരുന്നല്ലോ. അതും പറഞ്ഞാണ് കോടതി എന്നെ ശിക്ഷിച്ചത്.

ഇത്രയും വായിച്ച് അയാൾ നെടുവീർപ്പിട്ടു. ഗ്ലാസിലേക്ക് മദ്യം പകർന്ന് വെള്ളവും ഒഴിച്ച് വലിച്ചു കുടിച്ചു. പുതപ്പിനുള്ളിൽ മറച്ചുവെച്ച കുഞ്ഞു കുപ്പിയിൽനിന്നും നാലഞ്ചു തുള്ളി ഗ്ലാസിലേക്ക് പകർന്നു. അതിലേക്ക് മദ്യവും വെള്ളവും ഒഴിച്ചു. മദ്യത്തിന്റെ നിറം തന്നെ മാറിയിരിക്കുന്നു. ജീവിതത്തെ വന്നു മൂടാൻ പോകുന്ന മരണത്തിന്റെ കരിമ്പടം ഗ്ലാസിൽ രൂപപ്പെടുന്നത് അയാൾ കണ്ടു.

തന്റെ അവസാന കുറിപ്പിലേക്ക് അയാൾ പേന തുറന്നു. ഹൈക്കോടതി തന്നെ ഏർപ്പാടാക്കിയ വക്കീൽ ജയിലിൽ കാണാൻ വന്നപ്പോൾ എനിക്ക് മരണം മതിയെന്ന് പറഞ്ഞു തിരിച്ചയച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല. അതിനി തെളിയിക്കാനാകില്ല. ഇനി തെളിഞ്ഞാൽ തന്നെയും മരണംവരെ നാട്ടുകാരുടെ കണ്ണിൽ ഞാൻ ഒരു ക്രിമിനൽ ആയിരിക്കും. നഷ്ടപ്പെട്ടതൊന്നും എനിക്ക് വീണ്ടെടുക്കാൻ കഴിയില്ല. മരണംതന്നെയാണ് എനിക്ക് ഏറ്റവും യോജ്യം. കേസിൽ പ്രതിരോധിക്കാൻ ഇല്ലാത്തതുകൊണ്ട് ഹൈക്കോടതിയിലെ അപ്പീൽ വിധി പെട്ടെന്നുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

മറ്റു ജയിൽപുള്ളികൾക്ക് എന്നോട് പുച്ഛമായിരുന്നു എന്ന് പറഞ്ഞുവല്ലോ. തക്കം കിട്ടുമ്പോഴൊക്കെ അവരിൽ ഓരോരുത്തരും അവരാൽ ആകുന്ന ഉപദ്രവങ്ങൾ ചെയ്തുപോന്നു. പലപ്പോഴും പട്ടിണിയായിരുന്നു. പട്ടിണി കിടന്ന് ചാകട്ടെ എന്നും പറഞ്ഞ് ഒരു കവർച്ച പ്രതി എന്റെ ഭക്ഷണം തട്ടിയെടുക്കും. ജയിലിലെ വിഹിതം അയാൾക്ക് ഒരിക്കലും മതിയാകാറില്ല. പൊതുവേ ഉറക്കം നഷ്ടപ്പെട്ടുവെങ്കിലും ഇടക്ക് കണ്ണടച്ചുപോകും. അപ്പോഴേക്കും മതി ഉറങ്ങിയത് എന്നു പറഞ്ഞ് മറ്റൊരു ജയിൽപുള്ളി തൊഴിക്കും.

അങ്ങനെ ആറേഴ് വർഷം നരകത്തിലായിരുന്നു. അപ്പോഴാണ് നിത മാഡം ജയിലിൽ കാണാൻ വരുന്നത്. അതിനുമുമ്പ് എനിക്ക് അവരെ അറിയില്ല. അവരാണ് പറഞ്ഞത് ചുവന്ന ഉണ്ടക്കണ്ണുകളും കൊമ്പൻ മീശയുമുള്ള ആ ഇൻസ്പെക്ടർ തൂങ്ങിമരിച്ചെന്ന്. അയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഞാൻ നിരപരാധിയാണെന്ന് എഴുതിവെച്ചിട്ടുണ്ടത്രേ. മറ്റാരെയോ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്തിനു വഴങ്ങി എന്നെ പ്രതിയാക്കിയതാണത്രേ. അപ്പോഴാണ് എനിക്ക് ജീവിക്കണമെന്ന് ബോധം വീണ്ടും ഉണ്ടായത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന് നിങ്ങളെ ഒപ്പം കൂട്ടണം എന്നായിരുന്നു ആഗ്രഹം. നിത മാഡം എന്നിൽ ആത്മവിശ്വാസം നിറച്ചു. അവർ എനിക്കുവേണ്ടി കോടതിയിൽ പോയി.

പിന്നെയും മാസങ്ങളെടുത്തു. ഇൻസ്പെക്ടറുടെ ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതുവരെ അത് തെളിവായി ഉപയോഗിക്കാൻ കോടതി കൂട്ടാക്കിയില്ല. ഫോറൻസിക് റിപ്പോർട്ട് വന്നതോടെ അടിയന്തരമായി എന്നെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. എന്നിട്ടും മറ്റു ജയിൽപുള്ളികൾക്ക് എന്നോട് ഒരു ദയയും തോന്നിയില്ല. ഏതു തെമ്മാടികളെയും മനുഷ്യാവകാശം പറഞ്ഞു രക്ഷിക്കാൻ കുറേ സന്നദ്ധ മറ്റോന്മാരുണ്ടെന്ന് പറഞ്ഞ് കവർച്ചക്കാരൻ എന്റെ നേർക്ക് തുപ്പി. ഇത്രയും കാലത്തെ ജയിൽജീവിതംകൊണ്ട് അറപ്പ് എന്ന വികാരം ഇല്ലാതായിരുന്നു.

നിത മാഡമാണ് ജയിലിൽനിന്നിറങ്ങിയ എന്നെ മുംബൈയിൽ കൊണ്ടുവന്നത്. അവരുടെ സഹായത്തോടെ നാട്ടിലെ ഗ്രാമത്തിൽ ചെന്നപ്പോൾ ഭൂമിയെല്ലാം ബന്ധുക്കൾ കൈവശപ്പെടുത്തിയത് അറിഞ്ഞു. അനാഥാലയങ്ങളിൽ വളരുന്ന നിങ്ങളെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കേട്ട് കരഞ്ഞുപോയി. നിങ്ങളുടെ അമ്മപോലും നിങ്ങളെ കൊണ്ടുവിട്ടതിൽ പിന്നെ ആ വഴി വന്നിട്ടില്ലെന്ന് അനാഥാലയത്തിലെ മാഡം പറഞ്ഞു. നിങ്ങളെ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു ഞാൻ അവിടെ വന്നത്. പക്ഷേ, നിങ്ങൾക്കെന്നെ കാണാൻ ഒരു താൽപര്യവുമില്ലായിരുന്നു. കാണേണ്ടെന്ന് നിങ്ങൾ വാശിപിടിച്ചു.

എന്നെ കുറ്റമുക്തനാക്കിയതും ഞാൻ നിരപരാധി ആയിരുന്നു എന്നതും നാട്ടിലൊന്നും വാർത്തയായിട്ടില്ല. ഞാനിപ്പോഴും നാട്ടുകാരുടെ കണ്ണിൽ വൃത്തികെട്ട ക്രിമിനലാണ്. നിങ്ങൾക്കും അങ്ങനെ തന്നെ. ലോഡ്ജിൽ ആത്മഹത്യ ചെയ്യാനാണ് അന്ന് തോന്നിയത്. അന്നേരത്താണ് പെട്ടെന്നൊരു ഉൾവിളി ഉണ്ടായത്. മരിക്കുന്നതിനു മുമ്പ് നിങ്ങളോട് എന്റെ ജീവിതം പറയണമെന്ന്. അതിനായാണ് ഞാൻ ഈ ഡയറി എഴുതിത്തുടങ്ങിയത്. നിത മാഡത്തിന് പ്രതീക്ഷയുണ്ട് എന്നെങ്കിലും നിങ്ങൾ തിരിച്ചുവരുമെന്ന്. അവരതിന് ശ്രമിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ നിങ്ങൾക്ക് എന്നെ ആവശ്യമില്ല. കൂടുതലൊന്നും പറയുന്നില്ല. എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു. നമ്മുടെ കുടുംബത്തിൽ ആത്മഹത്യ ഇത് ആദ്യത്തേതല്ല. അവസാനത്തേതും ആകില്ല.

ബൈ –എന്നെഴുതി ഒപ്പിടാൻ കൈവിറച്ചു. കണ്ണുകൾ നിറഞ്ഞ് കാഴ്ചമങ്ങി. ഗ്ലാസ് എടുത്ത് കണ്ണ് ചിമ്മി മൂക്ക് പൊത്തി ഒറ്റവലിക്ക് തീർത്തു. ശരീരമാകെ ഒന്ന് പിടഞ്ഞു.

ഉണങ്ങിയ കരിമ്പു തോട്ടത്തിൽ വായിൽ നുരവന്ന് കണ്ണു തുറിച്ച് ചത്തുകിടന്ന മഹാദേവ് കാകയെ അപ്പോൾ അയാൾ ഓർത്തു. വരണ്ട ഭൂമിയിലെ വിള്ളൽപോലെ കാലുകളിലെ ആ വിള്ളലുകൾ മനസ്സിൽ തെളിഞ്ഞു. വിഷം കഴിച്ചായിരുന്നു മരണം. ആരും അന്ന് കരഞ്ഞില്ല. അങ്ങോളമുള്ള കുടുംബവകയായ കരിമ്പുപാടത്ത് ഇതുപോലെ മരിച്ചുകിടന്നവരിൽ ഒരാൾ മാത്രമായിരുന്നു മഹാദേവ് കാക. ഇപ്പോഴിതാ അയാളും.

ചുളുങ്ങി കിടക്കുന്ന വിരിപ്പ് അയാൾക്ക് വറ്റിവരണ്ട് വിണ്ടുകീറിയ കൃഷിപ്പാടമായി തോന്നി. അതിലേക്കയാൾ കുഴഞ്ഞു വീണു. വരണ്ട ഭൂമിയിലേക്ക് മഴ പെയ്യുന്നതും കരിമ്പു പാടം തളിരിട്ട് വളരുന്നതും അയാൾ അറിഞ്ഞു. കരിമ്പു ചെടികൾ അയാളെ മൂടി. അമ്മയും അച്ഛനും മഹാദേവ് കാകയും അയാളെ വാരിപ്പുണർന്നു. പുഴയിൽ ഒഴുകുന്നതുപോലെ കരിമ്പു ചെടികൾക്കിടയിലൂടെ അവർ ഒഴുകി. കരിമ്പു ചെടിയുടെ മൂർച്ചകൊണ്ട് ശരീരമാകെ പോറലുകളുണ്ടായി. ആ നീറ്റലിൽ ആർദ്രമായ രണ്ട് കൈകൾ അയാളുടെ കൈകളെ തലോടി, തൂവൽ സ്പർശംപോലെ.

പതിയെ പതിയെ അയാൾ കണ്ണുകൾ തുറന്നു. രണ്ടു മാലാഖമാർ ഇരുവശങ്ങളിലും നിന്ന് തന്റെ കൈകൾ തലോടുകയാണ്. കാഴ്ച തെളിഞ്ഞു വരുമ്പോൾ അത് ശ്രീഷയും പ്രിഷയുമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ശ്രീഷ മാറോട് ചേർത്തു​െവച്ച കൈയിലെ തന്റെ ഡയറിയും ഗോപാൽ അവാരെ കണ്ടു. ഡോക്ടർമാരുമായി സംസാരിക്കുകയാണെന്ന് തോന്നുന്നു, നിത മാഡത്തിന്റെ ശബ്ദം അയാളുടെ കാതുകളെ ഉണർത്തി. മറ്റേതോ നഗരത്തിൽ ഡോക്ടർമാരായ മക്കൾ പാഞ്ഞെത്തിയതാണെന്ന് നിത മാഡത്തിന്റെ വാക്കുകളിൽനിന്നും കേട്ടു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മക്കൾ രണ്ടു പേരും അയാളെ പുണർന്നു. സങ്കടം താങ്ങാനാകാതെ ഗോപാൽ അവാരെ കണ്ണുകളടച്ചു.


News Summary - Malayalam story