Begin typing your search above and press return to search.
proflie-avatar
Login

ഉരുക്കുവനിത

ഉരുക്കുവനിത
cancel

ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്ന എൺപതു പിന്നിട്ട ഒരമ്മയെ കാണാനില്ലെന്ന് ആദ്യം വെപ്രാളപ്പെട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് റീനയാണ്. ഒരു ത്രില്ലർ സിനിമയിലെ ട്വിസ്റ്റ് പോലെ പൊടുന്നനെ അവർ അങ്ങ് മാഞ്ഞുപോവുകയായിരുന്നു. ഒന്നു ടോയ്ലെറ്റിൽ പോയി തിരിച്ചെത്തുമ്പോൾ ബെഡ് ഒഴിഞ്ഞുകിടക്കുന്നതാണ് റീന കാണുന്നത്. ഐ.സി.യുവിൽ പാതി ജീവനുമായി മന്ദിച്ചുകിടക്കുകയായിരുന്ന ഇതരരോഗികളെപ്പോലെ അവശയോ ദുർബലയോ ആയിരുന്നില്ല അവർ. ഐ.സി.യുവിൽനിന്ന് റൂമിലേക്ക് മാറ്റാൻ തയാറെടുക്കുന്നതിനിടയിലായിരുന്നു അവരുടെ ഈ തിരോധാനം. ഐ.സി.യുവിനു പുറത്ത് ഇടനാഴിയോട് ചേർന്നുള്ള വെയ്റ്റിങ് റൂമിൽ അപ്പോഴും ഉറക്കക്ഷീണം തങ്ങിയ...

Your Subscription Supports Independent Journalism

View Plans

ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്ന എൺപതു പിന്നിട്ട ഒരമ്മയെ കാണാനില്ലെന്ന് ആദ്യം വെപ്രാളപ്പെട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് റീനയാണ്. ഒരു ത്രില്ലർ സിനിമയിലെ ട്വിസ്റ്റ് പോലെ പൊടുന്നനെ അവർ അങ്ങ് മാഞ്ഞുപോവുകയായിരുന്നു. ഒന്നു ടോയ്ലെറ്റിൽ പോയി തിരിച്ചെത്തുമ്പോൾ ബെഡ് ഒഴിഞ്ഞുകിടക്കുന്നതാണ് റീന കാണുന്നത്. ഐ.സി.യുവിൽ പാതി ജീവനുമായി മന്ദിച്ചുകിടക്കുകയായിരുന്ന ഇതരരോഗികളെപ്പോലെ അവശയോ ദുർബലയോ ആയിരുന്നില്ല അവർ. ഐ.സി.യുവിൽനിന്ന് റൂമിലേക്ക് മാറ്റാൻ തയാറെടുക്കുന്നതിനിടയിലായിരുന്നു അവരുടെ ഈ തിരോധാനം.

ഐ.സി.യുവിനു പുറത്ത് ഇടനാഴിയോട് ചേർന്നുള്ള വെയ്റ്റിങ് റൂമിൽ അപ്പോഴും ഉറക്കക്ഷീണം തങ്ങിയ കണ്ണുകൾ തുറന്നുവെച്ച് നരേന്ദ്രൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ വെയ്റ്റിങ് റൂമിന് മുന്നിലെ ഇടനാഴിയിലൂടെയാണ് മകന്റെ കണ്ണിൽപെടാതെ സരോജിനി എന്നു പേരുള്ള ആ പേഷ്യന്റ് കടന്നുപോയിട്ടുള്ളത്. അവർ ഇടനാഴിയിലൂടെ കടന്നുപോകുന്നതും സ്റ്റാഫിനു മാത്രമുള്ള ലിഫ്റ്റിൽ കയറുന്നതും ഇടനാഴിയുടെ ഒരറ്റത്ത് സ്ഥാപിച്ചിട്ടുള്ള കാമറയിൽ പതിഞ്ഞിട്ടുണ്ട്. ആശുപത്രിയുടെ ഗേറ്റ് കടന്നു മറയുന്നതുവരെയുള്ള അവരുടെ റൂട്ട് മാപ്പ് ഇതുപോലെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റ് സി.സി.ടി.വി ഫുട്ടേജുകൾ പരിശോധിച്ച് പൊലീസും ഉറപ്പിച്ചിട്ടുണ്ട്. അതിനുശേഷം എന്തു സംഭവിച്ചു എന്നാണ് ഇനി കണ്ടുപിടിക്കേണ്ടത്. ഈ പ്രായത്തിലുള്ള ഒരാൾ സാധാരണഗതിയിൽ ചെന്നുചേരാനിടയുള്ള ഇടം തീർഥാടനകേന്ദ്രങ്ങളാണ്. ആ കണക്കുകൂട്ടലിൽ ഗുരുവായൂരിലേക്കും ചോറ്റാനിക്കരയിലേക്കുമൊക്കെ പൊലീസിന്റെ സന്ദേശം പോയിക്കഴിഞ്ഞിട്ടുണ്ട്.

നല്ല സൗകര്യങ്ങളിൽ ജീവിക്കുന്ന മൂന്ന് ആൺമക്കളും ഒരു മകളും. ഫാമിലി പെൻഷൻമാത്രം ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ തൃപ്തികരമായി നിറവേറ്റാം. എന്നിട്ടും എൺപതാം വയസ്സിലെ ആ വൃദ്ധയുടെ ഈ ഇറങ്ങിപ്പോക്ക് എന്തുകൊണ്ടായിരിക്കാം എന്ന ആശങ്കയിലും അതിന്റെ നിയമപരമായ സാധ്യതകളെക്കുറിച്ചുള്ള ആലോചനയിലുമായിരുന്നു അഡീഷനൽ സബ് ഇൻസ്പെക്ടർ രേണുക. വീട്ടുകാരുടെ മൊഴിയെടുക്കാൻ കേസന്വേഷിക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത് രേണുകയെയാണ്. തങ്ങളാണ് ശരി എന്നു ന്യായീകരിക്കുന്ന യുക്തികൾ മക്കൾ ആവർത്തിച്ചുകൊണ്ടിരിക്കും. അത് സ്വാഭാവികവുമാണ്. എന്നാൽ, അതൊക്കെ അതേപടി വിഴുങ്ങരുത് എന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വൃദ്ധരായ മാതാപിതാക്കളെ കൈയൊഴിയുന്നത് നിയമപ്രകാരം വലിയ കുറ്റമാണ്.

ആശുപത്രിയിൽ ബൈസ്റ്റാൻഡറായി ഉണ്ടായിരുന്ന മകൻ നരേന്ദ്രന് ഒട്ടേറെ കാര്യങ്ങളും പുരാവൃത്തങ്ങളും പറയാനുണ്ട്. രേണുക ശ്രദ്ധയോടെ എന്നാൽ, എന്തിലും സംശയാലുവായി നരേന്ദ്രന്റെ മൊഴികളിലേക്ക് കാതുകൂർപ്പിച്ചിരുന്നു. സത്യത്തിൽ അമ്മ ആരാണെന്നോ എന്താണെന്നോ കഴിഞ്ഞ പത്തുമുപ്പതു കൊല്ലമായി ഞങ്ങൾ മക്കൾക്കുതന്നെ ഒരു പിടിപാടുമില്ല. സർവിസിൽനിന്നു പിരിഞ്ഞതിനുശേഷം അച്ഛൻ വീട്ടുമതിലിന്റെ നാലു ചുമരുകൾ സ്വന്തം സാമ്രാജ്യത്തിന്റെ അതിരുകളാക്കി മാറ്റി സ്വയം ഒരു ചക്രവർത്തിയായി അവരോധിച്ചതോടെയാണ് അമ്മയും ഒരു നിഗൂഢ കഥാപാത്രമായി മാറാൻ തുടങ്ങിയത്. ഒരു പ്രജ മാത്രമുള്ള ഒരു രാജ്യം. വീട് ഒരു ജയിലായിരുന്നെങ്കിൽ ആ ജയിലിലെ കർക്കശക്കാരനായ ജയിലർ ആയിരുന്നു അച്ഛൻ. അമ്മ ഒരു ഏകാംഗ തടവുപുള്ളിയും. ആ തടവറയിൽ രണ്ടു ജീവപര്യന്തകാലം ജീവിച്ച് അമ്മയും ഏതോ അപരിചിതജീവിയായി പരിണമിച്ചു പോയിരുന്നു. അമ്മയുടെ മുഖത്തുകൂടെ ഒരു ചിരി കടന്നുപോയിട്ട് മുപ്പതു വർഷമെങ്കിലും ആയിട്ടുണ്ട്. ഏതോ ഇരുളിൽ മറഞ്ഞ ധൂമകേതുവിനെപ്പോലെ അമ്മയുടെ ചിരിയും എവിടെയോ അജ്ഞാതസഞ്ചാരം നടത്തുകയായിരുന്നു.

ഡയാലിസിസിനിടെ ഹാർട്ട് അറ്റാക്ക് വന്ന് അച്ഛൻ മരിച്ച ദിവസം ഒരു ക്ലോസപ്പ് ദൃശ്യമായി നരേന്ദ്രന്റെ മനസ്സിലുണ്ട്. നേഴ്സ് ആ വിവരം ഉറപ്പിക്കുമ്പോഴും അമ്മയുടെ മുഖത്ത് വായിച്ചെടുക്കാൻ പ്രയാസമുള്ള നിർവികാര ഭാവമായിരുന്നു. ആ കണ്ണുകൾ കരയാനോ ചുണ്ടുകൾ വിലാപസ്വരം ഉണ്ടാക്കാനോ അശ്ശേഷം ശ്രമിക്കുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേർപാട് എന്തെങ്കിലും തരത്തിലുള്ള ക്ഷോഭം ഉണ്ടാക്കിയതിന്റെ ഒരു ലക്ഷണവും ആ മുഖത്ത് ഉണ്ടായിരുന്നില്ല. വികാരത്തിന്റെ പരകോടിയിൽ ഒരു വികാരവും അനുഭവപ്പെടാത്ത അവസ്ഥയുണ്ടാകാം. എന്നാൽ, അത്തരത്തിലുള്ള നിർവികാരത ആയിരുന്നില്ല അത്. ശിലീഭൂതമായ വിരക്തിപോലെ ഒരു ഭാവം.

“ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്ന ഒരു ഹാർട്ട് പേഷ്യന്റ് ആണ് നിങ്ങളുടെ അമ്മ. ഈ സ്ഥിതിയിൽ ഇങ്ങനെ ഇറങ്ങിപ്പോകണമെങ്കിൽ തക്കതായ കാരണം വേണമല്ലോ. എല്ലാം വിശദമായിത്തന്നെ പറയണം. പ്രാധാന്യം തോന്നുന്നതും അല്ലാത്തതുമൊക്കെ. അമ്മയുടെ രീതികൾ മനസ്സിലായാലല്ലേ അമ്മ പോയ വഴി ഊഹിക്കാൻ കഴിയൂ” എ.എസ്.ഐ രേണുക പരമാവധി മര്യാദ ഭാവിച്ച് പറഞ്ഞു.

നരേന്ദ്രൻ പറഞ്ഞുതുടങ്ങി. മരണശേഷമുള്ള ചടങ്ങുകളൊക്കെ വിധിപ്രകാരം നടത്തണമെന്നത് അമ്മയുടെതന്നെ ഒരു നിർബന്ധമായിരുന്നു. അസ്ഥിനിമജ്ജനം, സഞ്ചയനം, പതിനാറടിയന്തിരം, എല്ലാം. പതിനാറടിയന്തിരത്തിന്റെയന്നു തുടങ്ങാം. അതുവരെയുള്ള ഇരുപതോ മുപ്പതോ വർഷങ്ങളിൽ അമ്മയുടെ തലയിലൂടെ കടന്നുപോയ ചിന്തകൾ എന്തൊക്കെയെന്ന് ഞങ്ങൾ മക്കൾക്കുതന്നെ അറിയുമായിരുന്നില്ലല്ലോ. ആ പതിനാറു ദിവസവും മരണാനന്തര ചടങ്ങുകൾ ഏർപ്പാടാക്കുകയും കണക്കുനോക്കി അതിനുള്ള പണം പലരെ ഏൽപിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും പൊതുവിൽ മൂകമായ ഒരു ധ്യാനത്തിലെന്ന പോലെയായിരുന്നു അമ്മയുടെ ജീവിതം. പതിനാറാം ദിവസം അടിയന്തിരത്തിന്റെ ഉച്ചയൂണും കഴിഞ്ഞ് ഞാനൊഴികെയുള്ള ബന്ധുക്കളെല്ലാം പിരിഞ്ഞുപോയതിനുശേഷമാണ് താനിനി സ്വതന്ത്രയാണ് എന്നൊരു വെളിച്ചം അമ്മയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നത്. അച്ഛൻ മരിച്ചതോടെ അമ്മ വീട്ടിൽ ഒറ്റയ്ക്കായിരിക്കുകയാണ്. അമ്മയെ തനിച്ചാക്കുക വയ്യാത്തതുകൊണ്ട് അമ്മയെ എന്റെ വീട്ടിലേക്ക് കൂട്ടുവാൻ തന്നെ ഞാനും ഭാര്യയും തീരുമാനിച്ചിരുന്നു. എന്നാൽ, ആ പദ്ധതി കേട്ടപ്പോൾ ഒട്ടും വൈകാതെ വന്നു അമ്മയുടെ പ്രതികരണം.

“ഞാൻ ഒരിടത്തേക്കും വരുന്നില്ല. ഞാനിവിടെ ഒറ്റയ്ക്ക് നിന്നോളാം”

“അമ്മേ, പഴയ പ്രായമല്ല. അമ്മയ്ക്ക് എൺപത്തൊന്നു വയസ്സായി. അച്ഛൻ ഉണ്ടായിരുന്ന കാലത്ത് അച്ഛനുവേണ്ടി ജീവിച്ചു. ഒറ്റക്കാവുമ്പോൾ ജീവിതം അത്ര എളുപ്പമാവില്ല.”

“പതിനാറു ദിവസം മുമ്പുവരെ നിന്റച്ഛന്റെ കാര്യങ്ങളൊക്കെ ഞാനല്ലേ ചെയ്തിരുന്നത്. രണ്ടാഴ്ചകൊണ്ട് ഞാൻ ഒന്നിനും കൊള്ളാതാവുകയൊന്നുമില്ല.” സാന്ത്വനഭാവത്തിൽ അൽപം താൻപോരിമ കലർത്തി അമ്മ തുടർന്നു. “ഞാൻ ഇങ്ങനെ തീരുമാനിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാവരുത് എന്ന് കരുതിയിട്ടൊന്നുമല്ല. എനിക്ക് കുറച്ചുകാലം ഒറ്റക്കു ജീവിക്കണം. അതിനു വേണ്ടീട്ടാണ്.”

അച്ഛനില്ലാത്ത പതിനാറു ദിവസം കൊണ്ട് അമ്മയുടെ മുഖത്ത് മുമ്പില്ലാത്തവിധം ഒരു തെളിച്ചം പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മങ്ങി. മുഖത്തെ കരിവാളിപ്പു മാഞ്ഞു. എത്രയോ മാസങ്ങളായി ഉപയോഗിക്കാതെ കുന്നുകൂട്ടി വെച്ചിരുന്ന ഉറക്കമൊക്കെ അമ്മ ആ ദിവസങ്ങളിൽ എടുത്തുപയോഗിക്കയായിരുന്നു എന്നാണ് തോന്നിയത്.

കഴിഞ്ഞ മാസങ്ങളിൽ അമ്മ സ്വയം ഉറങ്ങാതിരിക്കയൊന്നും ആയിരുന്നില്ല. ഉറങ്ങാൻ അച്ഛൻ സമ്മതിക്കാഞ്ഞിട്ടാണ്. പകൽ സമയം മുഴുവൻ അച്ഛൻ കിടന്നുറങ്ങും. എന്നിട്ട് രാത്രി നേരം മുഴുവൻ നിവർന്നിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. അത് കേൾക്കാൻ വേണ്ടി അമ്മയും ഒരു യന്ത്രം പോലെ ഉണർന്നിരിക്കണം എന്നാണ് ചട്ടം. കേൾക്കുന്നതിനിടയിൽ സ്വന്തം നിയന്ത്രണത്തിൽ നിൽക്കാതെ അമ്മയുടെ കണ്ണുകളിൽ ഉറക്കം പിടികൂടിയാൽ ഏഴാമിന്ദ്രിയം കൊണ്ടെന്ന പോലെ അത് തിരിച്ചറിഞ്ഞ് അച്ഛൻ കൈനീട്ടി അമ്മയുടെ കൈകളിൽ പരുഷമായി ഒരു തള്ളു തള്ളും. “ഞാൻ ഉറങ്ങണേല്ല. കേൾക്കണ് ണ്ട്, കേൾക്കണ് ണ്ട്” എന്ന് അമ്മ ഞെട്ടി കണ്ണുതുറക്കും. പകൽസമയത്ത് അമ്മ പലതരം വീട്ടുപണികളുമായി കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. ആ പണികളൊക്കെ പൂർത്തിയാക്കി ഒന്നു തലചായ്ക്കാനുള്ള വെമ്പലോടെ ഓടിയെത്തുമ്പോഴേക്കും അച്ഛൻ ഉണർന്നുകഴിഞ്ഞിട്ടുണ്ടാവും. പിന്നെ പട്ടാള മേധാവിയെപ്പോലെ കമാൻഡുകളുടെ ഒരു പരമ്പര തന്നെയാണ്.

“കൊറെ നേരമായല്ലോ ചോദിക്കുന്നു. കുറച്ച് ചൂടുവെള്ളം തരാവോ?” ആദ്യമായി ചോദിക്കുന്നതുതന്നെ ഇങ്ങനെയായിരിക്കും. കൽപന വന്നാൽ ഒരു മിനിറ്റിനകം തന്നെ ചൂടുവെള്ളവുമായി അച്ഛന്റെ മുന്നിൽ എത്തിയിരിക്കണം.

ചൂടു കൂടുതലാണെങ്കിൽ മുഖം ദേഷ്യംകൊണ്ട് വികൃതമാകും.

“വായ പൊള്ളിക്കാനോ ഇത്ര ചൂട്”

ചൂടു കുറഞ്ഞാലും അതേ ദേഷ്യം ആവർത്തിക്കും.

ഒരു തെർമോമീറ്റർ പോലെ ചൂണ്ടുവിരൽകൊണ്ട് വെള്ളത്തിന്റെ പനി പലതവണ പരിശോധിച്ചുകൊണ്ടാണ് വെള്ളവുമായി അമ്മ അച്ഛനു മുന്നിലേക്കോടുക.

ഉണർന്നിരിക്കുന്ന അച്ഛന്റെ സമീപത്തുനിന്ന് ഒരുനിമിഷംപോലും മാറിനിൽക്കുക തികച്ചും അസാധ്യമായിരുന്നു. രാജാവിന് പരിവാരങ്ങളെന്ന പോലെ എപ്പോഴും സമീപത്ത് ഭാര്യ ഉണ്ടായിരിക്കണം. ഒന്നു തുമ്മിയാ‍ൽപോലും ആ സമയം മുന്നിലെത്തിയിരിക്കണം. അല്ലെങ്കിൽ അച്ഛന്റെ മുഖത്ത് പുലിയിറങ്ങും. ആ പുലി അക്ഷമയോടെ അലറുകയും അമറുകയും ചെയ്തുകൊണ്ടിരിക്കും.

അമ്പത്തഞ്ചാം വയസ്സിൽ സർക്കാർ സർവിസിൽനിന്നു തഹസിൽദാരായി പിരിഞ്ഞതിനു ശേഷമാണ് അച്ഛന്റെ സ്വഭാവം ഇങ്ങനെ മാറാൻ തുടങ്ങിയത്. കർക്കശസ്വഭാവം ജന്മസ്വഭാവമായി ഉള്ളതായിരുന്നുവെങ്കിലും അക്കാലംവരെയും അച്ഛന് ഓഫിസ് എന്ന ഒരു സമാന്തര സംവിധാനമുണ്ടായിരുന്നു. ഭരിക്കാൻ ഓഫിസ് സ്റ്റാഫും നാട്ടുകാരും ഉണ്ടായിരുന്നു. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള സമയവും സ്വാതന്ത്ര്യവും അമ്മക്ക് കിട്ടുകയും ചെയ്തിരുന്നു. റിട്ടയർ ചെയ്തതോടെ അച്ഛന്റെ ഭരണമേഖല വീടുമാത്രമായി ഒതുങ്ങി. തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുക, തന്റെ നിർദേശങ്ങൾ മാത്രം അനുസരിക്കുക എന്നീ കാര്യങ്ങളിൽ മാത്രമായി ഭാര്യയുടെ ഡ്യൂട്ടികൾ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

അങ്ങനെ പത്തുവർഷം കടന്നുപോയപ്പോൾ അച്ഛൻ തന്റെ ഭരണഘടന ഒന്നുകൂടി കർക്കശമാക്കി. മിതവാദം വിട്ട് ഭരണം തീവ്രവാദത്തിലെത്തി. ഒരു ദിവസം നേരംപുലർന്നിട്ടും എനിക്കു വയ്യ എന്ന നിശ്ചയത്തിൽ കട്ടിലിൽതന്നെ ഒരേ കിടപ്പുതുടർന്നു. അതുപിന്നെ ഒരു ശീലമാക്കി മാറ്റി. ശ്വാസതടസ്സംകൊണ്ട് കഷ്ടപ്പെടുന്നതായി ഭാവിക്കും. ഇപ്പോൾ മരിക്കും എന്ന മട്ടിൽ ചില അംഗവിക്ഷേപങ്ങൾ കാണിച്ച് അമ്മയെ പേടിപ്പിക്കും. ഞാൻ അക്കാലത്ത് ഡൽഹിയിൽ ആയിരുന്നല്ലോ. ജ്യേഷ്ഠനും അനുജനും അപ്പോഴേക്കും ഭാര്യവീടുകൾക്ക് സമീപം സ്വന്തം വീടെടുത്ത് മാറിപ്പോയതുകൊണ്ട് അമ്മയല്ലാതെ ഇതിന് വേറെ സാക്ഷികളാരും ഉണ്ടായിരുന്നില്ല. അമ്മ അയൽക്കാരുടെ സഹായത്തോടെ ടാക്സി വിളിച്ച് ആശുപത്രിയിലെത്തിക്കും. ലാബ് ടെസ്റ്റുകൾ ഉപചാരംപോലെ ആവർത്തിക്കും. അതിനുശേഷം റിസൽട്ടുകൾ പരിശോധിച്ചിട്ട് ഡോക്ടർ അറിയിക്കും, ‘ഷുഗർ നോർമൽ. പ്രഷർ നോർമൽ. ഹീമോഗ്ലോബിൻ പതിനാറുണ്ട്. ഒരു കുഴപ്പവും കാണാനില്ല. ഈ പ്രായത്തിലും ഇത്രയും നോർമലായ ആളുകളെ കാണാൻ പ്രയാസമാണ്.’

 

എങ്കിലും അച്ഛൻ വീട് ഒരു അരീനയാക്കി തന്റെ പ്രകടനങ്ങൾ വിദഗ്ധമായി തുടർന്നുകൊണ്ടിരുന്നു. അച്ഛന്റെ നെഞ്ചു തടവിക്കൊടുക്കുക, ചൂടുവെള്ളത്തിൽ തോർത്ത് നനച്ച് ദേഹം മുഴുവൻ തുടയ്ക്കുക ഇങ്ങനെ അമ്മയുടെ കായികാഭ്യാസങ്ങളും തുടർന്നുപോന്നു.

സ്വയം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത രോഗിയുടെ ആ റോൾതന്നെയായിരുന്നു കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ അച്ഛന്റെ ജീവിതോർജം. ആദ്യകാലങ്ങളിൽ ആ രോഗി യഥാർഥ കഥാപാത്രം തന്നെയാണെന്നാണ് പലരെയുംപോലെ ഞാനും കരുതിയിരുന്നത്. ആ വിചാരത്തിലാണ് പതിനൊന്ന് വർഷം ബാക്കിനിൽക്കെ ഡൽഹിയിലെ ഉദ്യോഗത്തിൽനിന്ന് സ്വയമേവ പിരിഞ്ഞ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. വയസ്സുകാലത്ത് അമ്മക്കും അച്ഛനും താങ്ങായി നിൽക്കാം. അവർക്കൊപ്പം പഴയ നാട്ടുബന്ധങ്ങൾ പുതുക്കാം. ഇങ്ങനെ ആദർശനിഷ്ഠമായ ചില പദ്ധതികളുമായി നാട്ടിലേക്കു പറിച്ചുനട്ടു കഴിഞ്ഞപ്പോൾ മാത്രമാണ് പുതുതായി ഒരു കാര്യം തിരിച്ചറിഞ്ഞത്, അച്ഛൻ കൈയടക്കിവെച്ചിരിക്കുന്ന നാട്ടുരാജ്യത്തിൽ അമ്മക്കല്ലാതെ മറ്റാർക്കും ഇടമില്ല.

വീട്ടുസാമാനങ്ങളെല്ലാം ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്ത് ഡൽഹിയിൽനിന്ന് തിരിച്ചെത്തിയിട്ട് ഒരാഴ്ച പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അച്ഛന്റെ ചോദ്യം ആയുധം പോലെ നീണ്ടുവന്നു.

“എന്താ നിന്റെ പ്ലാൻ?”

“ ഇനിയുള്ള കാലം അച്ഛന്റെയും അമ്മയുടെയും കൂടെ...” പൂർത്തിയാക്കാൻ ഇടതരാതെ അച്ഛൻ പറഞ്ഞു:

“അതൊന്നും ശരിയാവില്ല. നിങ്ങൾ ഇവിടെ നിന്നാൽ എന്റെ കാര്യങ്ങളൊന്നും നടക്കില്ല.”

“അച്ഛന്റെ കാര്യങ്ങൾ നടത്താൻ വേണ്ടിക്കൂടിയല്ലേ ജോലിയും കളഞ്ഞ് ഞാൻ തിരിച്ചുവന്നത്.”

അപ്പോൾ അച്ഛൻ നിയമത്തിന്റെ ഉറുമിയെടുത്തു.

“ഈ വീടിന് വേറെയും മൂന്ന് അവകാശികളുണ്ട്. നീ മാത്രമായിട്ട് അത് അനുഭവിക്കണ്ട. നിനക്കും കുടുംബത്തിനും താമസിക്കാൻ വേറെ വീടു നോക്കണം.” ഒറ്റ വീശ്. അതോടെ അങ്കംതീർന്നു.

ഒരാഴ്ചക്കുള്ളിൽ വാടക വീടല്ല, സ്വന്തം വീടുതന്നെ വാങ്ങി അവിടേക്ക് കുടിയേറുകയായിരുന്നു. ആ തിടുക്കംകൊണ്ട് പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേ ഒരു വീട് കണ്ടെത്താൻ കഴിഞ്ഞുള്ളൂ.

ഭർത്താവിനുവേണ്ടി മാത്രം പ്രവർത്തിച്ച് ദ്രവിച്ചു തീരുന്ന ഒരു യന്ത്രംപോലെയായിരുന്നു അമ്മ. മക്കളോ പേരക്കിടാങ്ങളോ പോലും വീട്ടിൽ വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മയുടെ ശ്രദ്ധ അവരിലേക്ക് ചായും. അവർക്കു വേണ്ടിയുള്ള പാചകം. അവർക്കു വേണ്ടിയുള്ള മുറിയൊരുക്കം. അതു പ്രതിരോധിക്കാനായി, ആരെങ്കിലും വീട്ടിൽ വന്നു കയറുമ്പോഴേക്കും അവരെ പറഞ്ഞുവിടാൻ പറ്റിയ തന്ത്രങ്ങൾ ആലോചിച്ചുകൊണ്ടിരിക്കും അച്ഛൻ. വേറൊരു തന്ത്രവും ഫലിക്കുന്നില്ലെങ്കിൽ പുറത്തെടുക്കുന്ന ഒരു പൂഴിക്കടകനുണ്ട്..

“നിങ്ങടെ ഒടുക്കത്തെ ഒരൊച്ച. ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ. മിണ്ടാതിരിക്കാൻ പറ്റില്ലാന്നാണെങ്കി ഒറ്റയൊരെണ്ണം ഇവിടെ നിൽക്കണ്ട.”

സംസാരിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് വീട്ടിൽ വരുന്നത്? അതുകൊണ്ട് ഉച്ചയൂണു വരെ ആംഗ്യഭാഷയിൽ പിടിച്ചുനിന്നിട്ട് എല്ലാവരും സ്ഥലംവിടും.

ഈ രോഗനാടകം അരങ്ങേറുമ്പോൾ അച്ഛന് പ്രായം അറുപത്തഞ്ച്. അമ്മക്ക് അറുപത്തൊന്നും. താൻ ഒരു പടുവൃദ്ധൻ ആയിരിക്കുന്നു എന്നായിരുന്നു അച്ഛന്റെ നാട്യം. എന്നാൽ, അമ്മയുടെ അറുപത്തിയൊന്ന് അച്ഛന്റെ കണക്കിൽ ഇരുപത്തിയൊന്നു മാത്രമായിരുന്നു. വിവാഹസമയത്തെ അമ്മയുടെ പ്രായം. ഇരുപത്തിയൊന്നാം വയസ്സിൽ അമ്മ ചെയ്തിരുന്ന ജോലികളും ചുമതലകളും അതേക്കാൾ ഉത്സാഹത്തോടെ അറുപത്തിയൊന്നിലും അച്ഛൻ പ്രതീക്ഷിച്ചു. പ്രതീക്ഷിക്കുക മാത്രമല്ല, അത് വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. വർഷം പിന്നെയും ഇരുപത് കഴിഞ്ഞുവെങ്കിലും എൺപത്തിയൊന്നാം വയസ്സിലും അമ്മയുടെ പ്രായം അച്ഛൻ ഇരുപത്തിയൊന്നിൽ കവിയാതെ നിജപ്പെടുത്തി നിർത്തി. എൺപതിലെത്തുമ്പോഴേക്കും മുക്കാലും തുരുമ്പെടുത്തു കഴിഞ്ഞ ഒരു ഇരുമ്പ് ലോക്കായിക്കഴിഞ്ഞിരുന്നു അമ്മ.

 

അമ്മ അറിയുന്നില്ലെങ്കിലും കാണുന്നവർക്ക് ആ തുരുമ്പ് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. സ്വന്തം ആരോഗ്യത്തിലേക്ക് വെറുതെപോലും ഒന്ന് നോക്കാൻ അമ്മക്ക് അൽപംപോലും സാധിക്കുന്നുണ്ടായിരുന്നില്ല. നടക്കുമ്പോൾ അമ്മ കിതയ്ക്കുന്നുണ്ടായിരുന്നു. ചെറുതായ ഒരു കൂന് അമ്മയുടെ നേർവരയെ വളയ്ക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും അമ്മയുടെ ആ പരവേശാവസ്ഥ അച്ഛന്റെ ശ്രദ്ധയിൽ ഒരിക്കലും പെട്ടിരുന്നില്ല. ഡോക്ടറെ കാണിച്ച് കൃത്യമായ ചികിത്സ നൽകുന്നില്ലെങ്കിൽ അച്ഛനെക്കാൾ മുമ്പേ അമ്മ തീർന്നുപോയേക്കുമെന്ന് ഭയന്ന സന്ദർഭത്തിൽ അച്ഛനോട് കർക്കശമായി പറയേണ്ടി വന്നു.

“അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിത്തരാം.”

‘‘ഹോം നേഴ്സോ? അതൊന്നും ശരിയാവില്ല. ഈ വീട്ടിൽ മറ്റൊരാൾ നിൽക്കുന്നത് എനിക്ക് ചിന്തിക്കാൻതന്നെ കഴിയില്ല.”

“അച്ഛൻ ഒരു കാര്യം മനസ്സിലാക്കണം. അമ്മയ്ക്കും വയസ്സായി. അമ്മയുടെ ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.”

അപ്പോൾ ഒരു തുറിച്ചു നോട്ടത്തോടെ അച്ഛൻ ചോദിച്ചു:

“അമ്മയ്ക്ക് വയ്യാണ്ടായി എന്ന് അമ്മ പറഞ്ഞോ?”

“അമ്മ പറഞ്ഞില്ല. എന്നാൽ കണ്ടാൽ തന്നെ ഊഹിക്കാമല്ലോ.”

“നീ അങ്ങനെ ഊഹിക്കണ്ട. അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല.”

“അമ്മയെ ഉടനെ ഒരു ഡോക്ടറെ കാണിക്കണം. ഇങ്ങനെ പോയാൽ അമ്മ അധികകാലം ഉണ്ടാവുമെന്നു തോന്നുന്നില്ല.”

“നിന്റെ കളിയൊന്നും എന്നോട് വേണ്ട. അമ്മയെ ഡോക്ടറെ കാണിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം. അതിന് നിന്റെ ഒത്താശയൊന്നും വേണ്ട.”

“ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. എനിക്കു വയസ്സ് അമ്പത്താറായി. വേണ്ടിവന്നാൽ അച്ഛന്റെ സമ്മതമൊന്നും നോക്കാതെ ഞാൻ കൊണ്ടുപോകും അമ്മയെ.”

അത്ര നേരവും കട്ടിലിൽ കിടക്കുകയായിരുന്ന അച്ഛൻ ഇരയ്ക്ക് മേലെ ചാടുന്ന കടുവയുടെ വീര്യത്തോടെ ചാടിയെണീറ്റു.

“എന്നാ കൊണ്ടുപോടാ. ഞാനൊന്നു കാണട്ടെ.”

അപ്പുറത്ത് ഒരു കസേരയിൽ സ്വന്തം ദൈന്യങ്ങളിൽ തളർന്ന് ഇരിക്കുകയായിരുന്ന അമ്മയുടെ മുഖത്തേക്ക് അപ്പോൾ ഒന്ന് നോക്കിപ്പോയി. ആയിരം കരച്ചിലുകളേക്കാൾ തീവ്രമായ നിരാശയിൽ മുങ്ങിപ്പോയിരുന്നു അപ്പോൾ ആ മുഖം. നിസ്സഹായതയുടെ പരകോടിയിൽ ചെന്ന അത്തരമൊരു മുഖഭാവം ഒരു സിനിമയിൽപോലും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.

എന്നോടുള്ള രോഷം മുഴുവൻ അച്ഛൻ അമ്മയുടെ നേർക്കാണ് തീർക്കുക. അതുകൊണ്ട് കൂടുതൽ കലഹത്തിനു നിൽക്കാതെ അന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. എന്നിട്ടും സ്വന്തം ജീവിതത്തിന്റെ അർഥം മറന്നുപോയ അടിമയെപ്പോലെ അമ്മ അച്ഛന്റെ ജീവിതത്തോട് ചേർന്നുനിന്നു. അമ്മയെ ഭയപ്പെടുത്തി ഓച്ചാനിച്ചുനിർത്താൻ മൃഗപരിശീലകന്റേതിന് സമാനമായ ഒരു വൈഭവം അച്ഛനുണ്ടായിരുന്നു. കണ്ണുകൾ തള്ളിച്ചും ചുണ്ടുകൾ വക്രിച്ചുംകൊണ്ടുള്ള അച്ഛന്റെ തുറിച്ചുനോട്ടത്തിന് ആനത്തോട്ടിയേക്കാൾ കൂർത്ത മുനയുണ്ടായിരുന്നു. അച്ഛൻ കാണാതെ രഹസ്യമായി ഹോമിയോ മരുന്നുകൾ എത്തിച്ചുകൊടുത്താണ് അന്ന് അമ്മയെ നിലനിർത്തിയത്. ആ മരുന്നുകൾ വീടിനു പുറത്തുള്ള കുളിമുറിയിൽ ഒളിപ്പിച്ചുവെക്കാനും സമയം നോക്കികഴിക്കാനും അമ്മ ഒരുപാട് പ്രയാസപ്പെട്ടിരിക്കണം. അമ്മയെ എന്റെ കൂടെ കൊണ്ടുപോകാം എന്ന പദ്ധതി മുളയിൽത്തന്നെ നുള്ളിക്കളഞ്ഞിട്ട് അമ്മ അമ്മയുടെ പദ്ധതികൾ അവതരിപ്പിക്കാൻ തുടങ്ങി.

“നാളെ എനിക്ക് ചേരമ്പള്ളി അമ്പലത്തിൽ തൊഴാൻ പോണം. നിനക്ക് വരാൻ പറ്റുവോ?”

അമ്മയുടെ നേർക്ക് ആശ്ചര്യത്തോടെ അതിലേറെ ആശ്വാസത്തോടെയാണ് ഞാൻ നോക്കിയത്. കൂട്ടിൽനിന്ന് പുറത്തിറങ്ങാനും പറക്കാനും തുടങ്ങുന്നതിന്റെ ഒന്നാം ഘട്ടമെന്ന് ഞാനത് വായിച്ചു.

കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും അമ്മ യാത്ര ചെയ്തിട്ടില്ല. ഒരിടത്തും പോകാൻ അച്ഛൻ അനുവദിച്ചിട്ടില്ല; മക്കളോടൊപ്പംപോലും.

പക്ഷേ, തൊട്ടടുത്തുള്ള അമ്പലമൊന്നുമല്ല, ആറു കിലോമീറ്റർ അകലെയുള്ള ഒരു അമ്പലമാണ് അമ്മ ഇപ്പോൾ പുറംലോകജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനായി തിരഞ്ഞെടുത്തിരിക്കുന്നത്. അച്ഛനുണ്ടാക്കിയ ബാരിക്കേഡുകൾ തകർത്ത് അമ്മയെയും കൊണ്ട് ഉലകം ചുറ്റാൻ എത്രയോ കാലമായി ആഗ്രഹിക്കുന്നു. അമ്മക്ക് യാത്രകൾ അത്രമേൽ ഇഷ്ടമായിരുന്നു. അമ്മയ്ക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരുന്ന പൂർവാശ്രമത്തിൽ അമ്മ എന്നെയും സഹോദരങ്ങളെയും കൂട്ടി എത്രയെത്ര നാട്ടുസഞ്ചാരങ്ങൾ നടത്തിയിരിക്കുന്നു. പല പല ക്ഷേത്രങ്ങൾ, ബന്ധുവീടുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ. പെരുന്നാൾ യാത്രക്കിടക്ക് വാങ്ങിത്തന്നിരുന്ന കപ്പമുറുക്കിന്റെയും ഉഴുന്നുവടയുടെയും പഞ്ചാരമിഠായിയുടെയും സ്വാദ് ഉത്തരേന്ത്യയിൽ കാൽനൂറ്റാണ്ട് ജീവിച്ച കാലത്തും ഇടക്കിടെ എന്റെ ഓർമയിലേക്ക് കയറിവരുമായിരുന്നു.

ചെറിയ കാഴ്ചകൾപോലും അമ്മക്ക് വലിയ കാഴ്ചകൾ ആയിരുന്നു. ക്ഷേത്രക്കുളത്തിന്റെ കരയിൽ നിൽക്കുമ്പോൾ പടവുകളോട് ചേർന്നു നീന്തിക്കളിക്കുന്ന മീനുകളെ ഓരോന്നിനെയും വെവ്വേറെ കാണും. അവയുടെ പേരുകൾ പറഞ്ഞുതരും. പരൽ, പള്ളത്തി, കുറുവ, മാനത്തുകണ്ണി, കോലാൻ. കുളത്തിലേക്കിറങ്ങാൻ ഒമ്പതു പടവുകളുണ്ടെന്ന് എണ്ണും. അമ്പലപ്പറമ്പിന്റെ മൂലക്ക് നിൽക്കുന്ന തെങ്ങ് ചെന്തെങ്ങാണെന്ന് കൗതുകം കൊള്ളും.

കിഴക്കെ ചക്രവാളത്തിൽനിന്ന് വെളിച്ചം മെല്ലെ താഴേക്കിറങ്ങിവരുന്ന പ്രഭാതങ്ങളിലായിരിക്കും ആ നടപ്പുകൾ. പുലരും മുമ്പേ എണീറ്റ് കുളിച്ച് അന്തരീക്ഷത്തിന്റെ ചെറിയ തണുപ്പും ആസ്വദിച്ച് അമ്മയോടൊപ്പമുള്ള ആ നടപ്പുകൾ ഇപ്പോഴും വളരെ കുളിർമയുള്ള ഓർമകളാണ്. ഞങ്ങൾ മക്കളെല്ലാം ഉപരിപഠനത്തിനും തൊഴിലിനുമായി നാടുവിട്ടുപോയതോടെയാണ് ആ യാത്രകൾ ഇല്ലാതായത്. എങ്കിലും അച്ഛന്റെ ദുശ്ശാഠ്യജീവിതം തുടങ്ങുന്നതുവരെയും അമ്മ സ്വന്തംനിലയിൽ ചുറ്റുപാടുമുള്ള പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കുമായിരുന്നു. അച്ഛനു യാത്രകളിൽ ഒട്ടും താൽപര്യം ഇല്ലാതിരുന്നതുകൊണ്ട് മിക്കവാറും ഒറ്റക്കുതന്നെയായിരുന്നു ഈ യാത്രകൾ. എല്ലാം നാൽപതു കൊല്ലം മുമ്പുള്ള ഓർമകളാണ്. അമ്മതന്നെയും അവിടെ പോയിട്ട് കാൽനൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും.

കുട്ടിക്കാലത്ത് അമ്മയോടൊപ്പം കൂടുതൽ സഞ്ചരിച്ചിട്ടുള്ളത് ചേരമ്പള്ളി അമ്പലത്തിലേക്കാണ്. ആ അമ്പലത്തോട് പ്രത്യേക താൽപര്യം ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. തിരുവിതാംകൂർ രാജാവ് എല്ലാ നാട്ടുകാർക്കുമായി ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ അമ്മയുടെ അമ്മ ആദ്യമായി തൊഴാനെത്തിയ അമ്പലം അതായിരുന്നു. “അതിനു മുമ്പും എന്റമ്മ ഇവിടെ വരുമായിരുന്നു. പാടത്തൂടെ അമ്പലപ്പടീടെ താഴെ വരെ വരാനേ പറ്റൂ. അവിടന്ന് നോക്കിയാ അമ്പലത്തിന്റെ മേൽക്കൂരപോലും കാണാൻ പറ്റില്ല. എന്നാലും അമ്മ വരും. താഴെ നിന്ന് തൊഴുതിട്ട് മടങ്ങിപ്പോകും. ഒടുവിൽ, ക്ഷേത്രപ്രവേശനം വന്നപ്പോ അമ്പലത്തിന്റെ ഇക്കാണണ എമ്പത് പടികളും കേറി ആദ്യം അമ്പലമുറ്റത്തെത്തിയവരുടെ കൂട്ടത്തില് അമ്മേം ഉണ്ടായിരുന്നു. പിന്നെ ഞാൻ ജനിച്ചേന് ശേഷം എന്നേം കൂട്ടീട്ട് പലതവണ വന്നിട്ടുണ്ട്.”

സ്വന്തം അമ്മയെപ്പറ്റി പറയുമ്പോൾ ആവേശംകൊണ്ട് അന്തംവിടുന്ന നാക്കായിരുന്നു അമ്മയുടേത്. ഗാന്ധിജിയെക്കാണാൻ ഒറ്റക്ക് എറണാകുളത്തുപോയ അമ്മൂമ്മയുടെ ചരിത്രം അമ്മ ഒരു ഫോക് ലോറാക്കി പല തലമുറകളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ചൊവ്വര റെയിൽവേ സ്റ്റേഷൻ വരെ ഒറ്റക്ക് നടന്നെത്തി അവിടന്ന് ട്രെയിൻ കയറിയാണ് അന്ന് എറണാകുളത്ത് പോയത്. മടങ്ങിയെത്തുമ്പോൾ അമ്മൂമ്മയെ വിചാരണ ചെയ്യാൻ വേണ്ടി വീട്ടുകാരും നാട്ടുകാരുമായി വലിയൊരു സംഘംതന്നെ പാടത്തിന്റെ കരയിലുള്ള നാട്ടുപാതയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇരുട്ടു കനത്തുകഴിഞ്ഞ നേരത്ത് ഒരു ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ വയൽവരമ്പുകൾ താണ്ടി കയറിവന്ന അമ്മൂമ്മയുടെ മുഖത്തെ ശൗര്യം കണ്ട് അതൊരു മനുഷ്യജന്മംതന്നെയോ എന്ന് പേടിച്ച്, വഴിയിൽ കാത്തുനിന്നിരുന്ന ആണുങ്ങളൊക്കെ പലവഴി പാഞ്ഞുപോയി എന്നാണ് അമ്മൂമ്മയെപ്പറ്റി അമ്മ പറഞ്ഞു കൈമാറിയ പുരാവൃത്തം. ആ അമ്മൂമ്മയുടെ മകളാണല്ലോ മുപ്പതുകൊല്ലം സ്വന്തം വീട്ടിൽ ഒരു അടിമയുടെ ജീവിതം ജീവിച്ചുതീർത്തത് എന്നോർക്കുമ്പോൾ സങ്കടത്തേക്കാൾ ആശ്ചര്യമാണ് തോന്നുന്നത്.

അമ്മയുടെ യാത്രാപ്രിയം അറിയാവുന്നതുകൊണ്ട് ഞാൻ നടത്തിയിട്ടുള്ള ഏതു യാത്രയിലും അമ്മയെ ഓർത്തുപോവാറുണ്ട്. ഹരിദ്വാറിൽ ആരതി നടക്കുന്ന സീതാഘട്ടിൽ നിൽക്കുമ്പോൾ വിചാരിക്കും, ഇതു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അമ്മ എത്രമേൽ സന്തോഷിക്കുമായിരുന്നു. രാമേശ്വരം ക്ഷേത്രത്തിന്റെ നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ, ആഗ്ര കോട്ടക്കുള്ളിലെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ, ഡൽഹിയിൽ രാജ്ഘട്ടിൽ നമ്രശിരസ്കനായി നിൽക്കുമ്പോൾ... ഓരോ തവണയും വേനലവധിക്ക് നാട്ടിൽ വരുമ്പോൾ ഈ യാത്രാപദ്ധതികൾ വീട്ടിൽ അവതരിപ്പിക്കും. അതു കേൾക്കുമ്പോൾ അമ്മയുടെ കണ്ണുകൾ ഉത്സാഹത്തോടെ തിളങ്ങുന്നുണ്ടാകും. പക്ഷേ, ആ തിളക്കത്തിലേക്ക് ഒന്നു നോക്കാൻപോലും താൽപര്യമില്ലാതെ അച്ഛൻ പറയും,

“എന്തിനാണ് കാഴ്ചകൾ കാണാൻ അവിടെ പോകുന്നത്. ഇവിടെത്തന്നെ കാണാൻ എന്തെല്ലാം കിടക്കുന്നു.”

കാൽ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ആ ഉപരോധത്തിന്റെ കാലമാണ് അവസാനിച്ചിരിക്കുന്നത്. ഇനി അമ്മക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ പോവാം. ഇഷ്ടപ്പെട്ട നാടുകളിൽ സഞ്ചരിക്കാം.

നാൽപതു വർഷം മുമ്പുള്ള കുട്ടിയായാണ് ഞാൻ രാവിലെ ഉറക്കമുണർന്നത്. അഞ്ചുമണിക്ക് എഴുന്നേൽക്കുമ്പോൾ തന്നെ കാണുന്നത് അമ്മ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകാൻ തയാറെടുത്ത് വരാന്തയിലേക്കിറങ്ങി നിൽക്കുന്നതാണ്. അർധരാത്രി മുതൽ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാൻ വേണ്ടി രാത്രി പൂർണമായും ഉറങ്ങാതിരിക്കയായിരുന്നു എന്നാണ് തോന്നിയത്.

വീടിന്റെ വാതിൽ പൂട്ടാൻ താക്കോലിനായി കൈനീട്ടുമ്പോൾ അമ്മ നിരസിച്ചു: “വേണ്ട. ഞാൻ തന്നെ പൂട്ടാം.”

താക്കോൽപ്പഴുതിൽ താക്കോലിട്ടു തിരിക്കുമ്പോൾ അത് ആയാസകരമായ പണിതന്നെ എന്ന് അമ്മയുടെ വലതു കൈ വിളിച്ചുപറയുന്നുണ്ട്. എങ്കിലും തനിക്കൊരു പ്രയാസവുമില്ല എന്ന് നടിക്കാൻ അമ്മ ജാഗ്രതപ്പെട്ടു. ആ അമ്പലത്തിലേക്ക് വാഹനം കൊണ്ടുപോകാൻ കഴിയുന്ന റോഡ് ഉണ്ടായിരുന്നില്ല. പാടശേഖരത്തിനിടയിലെ വരമ്പുകളിലൂടെ നടന്നാൽ അമ്പലത്തിനു പിന്നിലെത്തുന്ന ഇടവഴിയിലേക്കു കടക്കാം. അവിടന്നു ചെങ്കല്ലിൽ പടുത്ത എൺപതു പടവുകൾ കയറിയാലേ അമ്പലത്തിന്റെ മുറ്റത്തെത്താൻ കഴിയൂ. ഇപ്പോൾ അമ്പലത്തിന്റെ മുന്നിൽ വരെ റോഡുണ്ട്. അതുകൊണ്ട് നേരെ അവിടെ ചെന്നിറങ്ങാം. എന്നാൽ, ആ എളുപ്പവഴിയിൽ താൽപര്യമില്ലാതെ അമ്മ പറഞ്ഞു: ‘‘നമുക്ക് പഴയപോലെ പാടത്തൂടെ നടന്നുപോകാം.” ഞാനും ആഗ്രഹിച്ചത് അതുതന്നെയായിരുന്നു. എൺപതു പടവുകൾ നടന്നുകയറുക അമ്മയ്ക്ക് പ്രയാസകരമായിരിക്കും എന്നു കരുതി പറഞ്ഞില്ലെന്നേയുള്ളൂ. പാടത്തിന്റെ കരയിൽ ഒഴുക്കുമറന്ന ഇറിഗേഷൻ കനാലിന്റെ ഓരത്ത് കാർ നിർത്തി.

പഴയ പാടങ്ങളിലൊന്നിലും ഇപ്പോൾ നെൽകൃഷി നടക്കുന്നതിന്റെ ലക്ഷണമില്ല. പലതും നികത്തപ്പെട്ടിരിക്കുന്നു. ഇനിയും നികത്തപ്പെട്ടിട്ടില്ലാത്ത പാടങ്ങളിൽ മുഴുവൻ പുല്ലുവളർന്നുനിൽക്കുകയാണ്. കാഴ്ചയിൽ നെൽച്ചെടിപോലെ തന്നെ തോന്നിക്കും. ആ പാടങ്ങളുടെ പൂർവകാലങ്ങളിലേക്കു നോക്കിയാവണം, അമ്മ അൽപനേരം നിന്നു. ഒരു ദീർഘനിശ്വാസത്തിലാണ് ആ നോട്ടം അവസാനിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തെ നഷ്ടങ്ങൾ ആ ദീർഘനിശ്വാസത്തിലൂടെ അമ്മ കുടഞ്ഞുകളയുകയാണെന്നു തോന്നിച്ചു.

പിന്നെ വളരെ ഉത്സാഹത്തോടെ അമ്മ വരമ്പത്തേക്കിറങ്ങി നടക്കാൻ തുടങ്ങി. വരമ്പത്തേക്ക് തലചായ്ച്ചു നിൽക്കുന്ന പുൽച്ചെടികളിലെ മഞ്ഞുതുള്ളികൾ കാലുകളെ ഉമ്മവെച്ചു. ചെരിപ്പിനകത്തേക്ക് നനവ് പടർന്നുകയറി.

അമ്മ പെട്ടെന്നു നിന്നു. ആ പുല്ലുകൾക്കുമേൽ പാറിക്കളിക്കുന്നുണ്ട്, ചിറകുകളിൽ കറുപ്പും വെളുപ്പും ഡിസൈനുള്ള പഴയ വയൽത്തുമ്പികൾ. നാൽപതു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ആ തുമ്പികളെ കാണുന്നത്.

‘ഇത് ഇപ്പോഴും ഇവിടെയുണ്ടല്ലേ’ എന്ന് ഞാൻ ആശ്ചര്യപ്പെടെ അമ്മ പറഞ്ഞു.

“എവിടെപ്പോവാനാ അത്. ഇതല്ലേ അതിന്റെ ലോകം.”

പണ്ടു കേട്ടുമറന്ന പലതരം പക്ഷികളുടെ ശബ്ദങ്ങൾ എവിടുന്നൊക്കെയോ ഉയർന്നുവരുന്നുണ്ട്.

“പണ്ട് മഴക്കാലത്ത് നമ്മൾ വരുമ്പോൾ ഈ പാടത്തൊക്കെ നിറയെ ഇരണ്ടകൾ ഉണ്ടാവും. ദേശാടനംചെയ്യുന്ന പക്ഷികളാ ഇരണ്ടകള്. പിന്നെ ദാ അവിടെയുള്ള തെങ്ങിന്മേലൊക്കെ തൂക്കണാംകുരുവിയുടെ കൂടുകൾ തൂങ്ങിത്തൂങ്ങിക്കിടക്കും. ഇവിടൊക്കെ ഓരോ കാലത്ത് ഒരോതരം പക്ഷികളെ കാണാം.”

പച്ചക്കറികൃഷിക്കായി ഒരുക്കിയിട്ട ഒരു വയലിൽ ചുറുചുറുക്കോടെ ചാടിനടക്കുന്ന പച്ചനിറമുള്ള ഒരു പക്ഷിയെ നോക്കി അമ്മ ചോദിച്ചു.

“നിനക്കറിയാമോ ഇതിനെ?”

“വാഴക്കിളിയാണോ” പഴയ അവ്യക്തമായ ഒരോർമയിൽ ഞാൻ പറഞ്ഞു.

“അല്ല. പച്ചിലക്കുടുക്ക എന്ന് നമ്മൾ വിളിക്കുന്ന കിളിയാ. മരത്തിലും മൺതിട്ടകളിലും മാളമുണ്ടാക്കി അതിലാ ഈ കിളി മുട്ടയിടുക.”

“ഞാൻ ആദ്യമായിട്ടാ ഈ കിളിയെ കാണുന്നത്.”

“കണ്ടിട്ടുണ്ടാവും. ശ്രദ്ധിച്ചിട്ടുണ്ടാവില്ല.”

കഴിഞ്ഞ കുറെക്കാലമായി ഞാൻതന്നെ മറന്നുപോയിരുന്ന അമ്മയുടെ ഒരു പഴയ മുഖമാണ് അപ്പോൾ ഞാൻ കണ്ടത്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കമ്പ്യൂട്ടറിലിട്ട് കളറാക്കിയ പോലെ. എന്റെ കുട്ടിക്കാലത്ത് അമ്മ പങ്കുവെച്ച കഥകളും നാട്ടറിവുകളും പല ഇരുട്ടുമൂലകളിൽനിന്നായി എന്റെ മനസ്സിലേക്ക് അപ്പോൾ പൊന്തിവന്നുകൊണ്ടിരുന്നു.

ആ പഴയകാലത്ത് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ആളായിരുന്നു അമ്മ. ഏതു വിഷയം പഠിച്ചാലും ആ രംഗത്ത് ശോഭിക്കാൻ അമ്മയ്ക്ക് കഴിയുമായിരുന്നു. ജന്തുശാസ്ത്രം പഠിച്ചിരുന്നെങ്കിൽ ആ രംഗത്ത് ഒരു വിദഗ്ധയാകാൻ ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല എന്ന് അമ്മയുടെ ഓരോ നിരീക്ഷണവും വ്യക്തമാക്കിത്തരുന്നുണ്ട്. വിവാഹം കഴിക്കുന്ന സമയത്ത് അമ്മക്ക് ജോലിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. യഥാർഥത്തിൽ, കുഴിയിൽവീണ ആനയുടേതുപോലുള്ള ജീവിതത്തിലേക്ക് അമ്മ വീണുപോയത് അതോടെയാണ്.

ചെങ്കല്ലിൽ പടുത്ത എൺപത് പടവുകൾ. എൺപത് എന്നത് അമ്മയുടെ ഓർമയാണ്. ആ പടവുകൾക്ക് ചുവട്ടിലെത്തിയപ്പോൾ ഞാൻ അമ്മയെ നോക്കി ആശങ്കപ്പെട്ടു.

“അമ്മയ്ക്ക് കയറാൻ പറ്റുമോ. ഞാൻ പിടിക്കണോ?”

“എന്തിന്? എനിക്ക് അത്രക്ക് അവശതയൊന്നുമില്ല. ഞാൻ കയറിക്കോളാം.”

നടന്നു തുടങ്ങിയപ്പോൾ അമ്മയുടെ ശൗര്യമുള്ള മറ്റൊരു മുഖവും കണ്ടു. ചുറുചുറുക്കുള്ള ഒരു കുട്ടിയെപ്പോലെ ഉയരമുള്ള പടവുകൾ അനായാസമായി നടന്നുകയറുകയാണ് അമ്മ. ഞാൻ പാതിദൂരം പിന്നിടുമ്പോഴേക്കും അമ്മ പടവുകൾ താണ്ടി മുകളിലെത്തിക്കഴിഞ്ഞിരുന്നു. ഡൽഹിയിലെ ഫ്ലാറ്റിൽ ലിഫ്റ്റ് ഒഴിവാക്കി നാലാം നിലയിലേക്ക് നടന്നുകയറുന്നതായിരുന്നു എന്റെ ശീലം. അമ്പട ഞാനേ എന്ന ആ കേമത്തമൊക്കെ ഇതോടെ അവസാനിച്ചിരിക്കുന്നു.

ഞാൻ മുപ്പത്തഞ്ചു കൊല്ലം മുമ്പ് വന്നിട്ടുള്ള അമ്പലമാണ്. അമ്മ വന്നിട്ട് കാൽ നൂറ്റാണ്ടെങ്കിലും ആയിക്കാണും. എങ്കിലും അമ്മക്ക് എല്ലാം ഇന്നലെ കണ്ടതുപോലെ പരിചിതമാണ്. മതിലും ഒരു ഓഫിസ് കെട്ടിടവും ഉണ്ടായി എന്നതൊഴിച്ചാൽ അമ്പലത്തിന് വലിയ മാറ്റമൊന്നും ഇല്ല എന്നാണ് അമ്മയുടെ കണ്ടെത്തൽ. എന്നാൽ, എനിക്ക് ആദ്യം കാണുന്ന സ്ഥലംപോലെ എല്ലാം അപരിചിതമായി തോന്നി.

ഓഫിസിനോട് ചേർന്നുള്ള ബോർഡിൽ കണ്ട വഴിപാടുകളിൽ പലതും സ്വയം പോയി ശീട്ടാക്കിയിട്ടാണ് അമ്മ വന്നത്.

“ഇത്രയധികം വഴിപാടുകളോ” എന്ന് ആശ്ചര്യപ്പെട്ടപ്പോൾ അമ്മ പറഞ്ഞു.

“മോക്ഷം കിട്ടട്ടെ.”

അമ്പലത്തിൽ നിന്നു മടങ്ങുമ്പോൾ കണ്ട അമ്മ കഴിഞ്ഞ ഇരുപതു വർഷം കണ്ട അമ്മയായിരുന്നില്ല. മനസ്സിന്റെ ലോക്കർ തുറന്ന് പഴയ ഉത്സാഹമൊക്കെ തിരിച്ചെടുത്തതുപോലെ.

അമ്മ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിലേക്കെല്ലാം ഇനി അമ്മയെ കൊണ്ടുപോകണം. അമ്മ പണ്ട് ആഗ്രഹിച്ചിരുന്നതുപോലെ രാജ്ഘട്ടിലും ശാന്തിനികേതനിലുമൊക്കെ.

രാത്രി. ‘ക്ഷീണം തോന്നുന്നു’ എന്നുപറഞ്ഞ് താഴത്തെ മുറിയിൽ അമ്മ നേരത്തേ കിടന്നു. മുകളിലായിരുന്നു എനിക്കുള്ള മുറി. എങ്കിലും താഴെ നിലയിൽ അമ്മയെ തനിച്ചാക്കേണ്ട എന്നു നിശ്ചയിച്ച് താഴെയുള്ള ചെറിയ ഹാളിൽ മടക്കുകട്ടിൽ നിവർത്തിയിട്ട് അതിൽ കിടന്നു.

പാതിരാത്രി. ശ്വാസം ഉറക്കെ വലിച്ചുവിടുന്ന ശബ്ദം വന്ന് എന്നെ തട്ടിവിളിക്കുകയായിരുന്നു. അമ്മയുടെ മുറിയിൽ നിന്നാണ്. തിടുക്കപ്പെട്ട് എഴുന്നേറ്റ് അമ്മയുടെ മുറിയിലെത്തി ലൈറ്റിടുമ്പോൾ അമ്മ കട്ടിലിൽ എഴുന്നേറ്റിരിക്കുകയാണ്. ശ്വാസമെടുക്കാൻ വളരെ പ്രയാസപ്പെടുന്നുണ്ട്.

ഒരു പാന്റ്സ് വലിച്ചുകയറ്റേണ്ട സമയമേ വേണ്ടിയിരുന്നുള്ളൂ. അമ്മയെ ഇരുകൈകളാൽ പൊക്കിയെടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി. ആശുപത്രി ലക്ഷ്യംവെച്ച് കുതിക്കുന്നതിനിടയിൽ പ്രാർഥിച്ചു, ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ പ്രാണൻ പോകരുത്.

പ്രത്യേകിച്ച് ഒരു അസുഖവുമില്ലാതെയാണ് അച്ഛൻ ഇരുപതു വർഷം രോഗത്തിന്റെ വേഷം കെട്ടി വീടിനുള്ളിൽ തകർത്തഭിനയിച്ചത്. ആ നാടകത്തിന് പക്ഷേ, ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ഉണ്ടായത്. ഒരു മൂത്രതടസ്സമായിരുന്നു ആദ്യലക്ഷണം. ദേഹം മുഴുവൻ നീരുകെട്ടി വീർത്തു. രോഗാഭിനയത്തിന്റെ ഭാഗമായി സ്വന്തം പ്രിസ്ക്രിപ്ഷനിൽ വാരിവിഴുങ്ങിയ മരുന്നുകൾ രണ്ടു കിഡ്നികളെയും പ്രവർത്തനരഹിതമാക്കിക്കളഞ്ഞു എന്നായിരുന്നു ഡോക്ടറുടെ നിഗമനം. കിഡ്നി മാറ്റിവെക്കുകയല്ലാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമില്ല എന്നുകേട്ട് എത്രയും വേഗം കിഡ്നി കണ്ടെത്തണമെന്ന ഒരുതരം ഭ്രാന്തമായ ശാഠ്യം കൊണ്ട് അച്ഛൻ പിന്നെയും അമ്മയെ സ്വൈരം കെടുത്തിക്കൊണ്ടിരുന്നു.

ഒറ്റ തവണ മാത്രമേ ഡയാലിസിസ് എടുക്കേണ്ടിവന്നുള്ളൂ. ആ ഡയാലിസിസിനിടയിൽ കിട്ടിയ ഒരവസരം മുതലെടുത്ത് ഒരു ഹാർട്ട് അറ്റാക്ക് അച്ഛനെയും കൊണ്ട് കടന്നുകളഞ്ഞു.

കാർ ആശുപത്രി മുറ്റത്തെത്തിയപ്പോൾ എന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം വളരെ ക്ലേശിച്ചാണെങ്കിലും അമ്മ സ്വയം നിവർന്നിരുന്നു.

ഇ.സി.ജി പൂർത്തിയായ അടുത്ത നിമിഷം തന്നെ അമ്മയെയും കൊണ്ട് ഒരു സ്ട്രെച്ചർ ഐ.സി.യു ലക്ഷ്യമാക്കി ഓടിമറഞ്ഞു കഴിഞ്ഞിരുന്നു. എത്രയോ കാലമായി ലോകമറിയാതെ, അമ്മ തന്നെയും അറിയാതെ, മറഞ്ഞുനിൽക്കുകയായിരുന്ന രോഗങ്ങളെല്ലാം അമ്മയോടൊപ്പം സ്വാതന്ത്ര്യം നേടി പുറത്തുചാടി ആഘോഷം തുടങ്ങിയെന്ന് പിറ്റേന്ന് ലാബ് റിസൽട്ട് വന്നപ്പോഴാണ് അറിയുന്നത്. ഹൃദയാഘാതം ഒരു സൂചന മാത്രം.

ഇത്രയുമാണ് അമ്മയെക്കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ എന്ന് നരേന്ദ്രൻ ഉപസംഹരിക്കെ രേണുക ഒരു ദീർഘനിശ്വാസത്തോടെ നിവർന്നിരുന്നു. ഈ വിവരണംവെച്ച് ഏത് നിഗമനത്തിലേക്കാണ് എത്തിച്ചേരേണ്ടതെന്ന് വ്യക്തമാവുന്നില്ല. എത്രയോ കുടുംബങ്ങളിലെ അമ്മമാരുടെ ജീവിതംതന്നെയാണ് ഈ അമ്മയും അഭിനയിച്ചുതീർത്തത്. ആ ബന്ധനവും അവസാനിച്ചുകഴിഞ്ഞ സ്ഥിതിക്ക് എന്തിനവർ വീടുവിട്ടിറങ്ങണം? അതിൽ മക്കൾക്ക് ഉണ്ടായിരിക്കാവുന്ന പങ്ക് അവഗണിക്കാവുന്നതാണോ.

“അത്രമേൽ പ്രയാസം അനുഭവിച്ചിരുന്നെങ്കിൽ അച്ഛന്റെ കാലത്തുതന്നെ അമ്മ ഇറങ്ങിപ്പോകേണ്ടതായിരുന്നല്ലോ?” എന്നു ദുസ്സൂചനകൾ ഒളിപ്പിച്ച ഒരു ചോദ്യം അപ്പോൾ രേണുക പ്രായം പരിഗണിക്കാതെ നരേന്ദ്രനു മുന്നിലേക്ക് എറിഞ്ഞിട്ടു.

 

“അത് എന്തുകൊണ്ടാണെന്ന് അമ്മയോടുതന്നെ ചോദിക്കേണ്ടിവരും. ഞാനാദ്യമേ പറഞ്ഞതാണല്ലോ, കഴിഞ്ഞ മുപ്പതു വർഷങ്ങളായി അമ്മ ആരാണെന്നോ എന്താണെന്നോ സത്യത്തിൽ ഞങ്ങൾ മക്കൾക്കുതന്നെ ഒരു പിടിയുമില്ല.”

സരോജിനി എന്ന ആ പേഷ്യന്റിന്റെ ലക്ഷ്യം എന്തായിരിക്കാമെന്ന് അൽപമെങ്കിലും സൂചിപ്പിക്കാൻ കഴിയുന്ന ആൾ എന്ന നിലക്ക് ഡ്യൂട്ടി നേഴ്സ് റീനയ്ക്ക് ഒരു പ്രധാന റോളുണ്ട്. അവസാന ദിവസങ്ങളിൽ അവരുമായി സംസാരിച്ച ഒരേയൊരാൾ നേഴ്സ് ആണ്.

“സ്വന്തം ആരോഗ്യത്തെപ്പറ്റിയൊക്കെയാ അവര് എന്നോട് ചോദിച്ചുകൊണ്ടിരുന്നെ. ഒരു ആറു മാസംകൂടി ചാവാതിരിക്കാൻ പറ്റുവോന്നാണ് പ്രധാനമായും ചോദിച്ചെ. ആറു മാസമല്ല ആറു വർഷം തന്നെ അമ്മച്ചി സുഖായി ജീവിക്കൂന്ന് ഞാനും പറഞ്ഞു. പിന്നെ ചോദിച്ചത് തീവണ്ടീല് യാത്ര ചെയ്താ കൊഴപ്പോണ്ടോന്നാണ്. തീവണ്ടിയല്ല, വേണെങ്കില് വിമാനത്തിലും പോകാംന്ന് ഞാൻ. അവർക്ക് സമാധാനമാവാൻ വേണ്ടി ഞാനിത്തിരി കടത്തിപ്പറഞ്ഞതാ. സത്യത്തില് അവര്ടെ കണ്ടീഷൻ കുറച്ച് മോശം തന്നെയായിരുന്നു. ഇങ്ങനെ മക്കളോട് പോലും പറയാണ്ട് അവര് എറങ്ങിപ്പോവൂന്ന് ആരും വിചാരിച്ചതല്ലല്ലൊ.”

ഡ്യൂട്ടി നേഴ്സ് റീനയുടെ ആ സംഭാഷണത്തിൽ ഒരു അപസർപ്പകയെപ്പോലെ മുങ്ങിനിവർന്നിട്ട് രേണുക നരേന്ദ്രനോട് ചോദിച്ചു: “അമ്മ എവിടെയാണ് പോയിരിക്കുക എന്നതിനെപ്പറ്റി നിങ്ങൾക്കെന്താണ് തോന്നുന്നത്”?

ചില തോന്നലുകൾ പക്ഷേ പൊലീസിന് മുമ്പാകെ തുറന്നുവെക്കണമെന്ന് നരേന്ദ്രന് തോന്നിയില്ല. എന്തു ചെയ്യണമെന്ന്, എവിടെയൊക്കെ പോകണമെന്ന് തീരുമാനിക്കാൻ അമ്മക്ക് അവകാശമുണ്ട്. സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തമായി ഒരു പദ്ധതി തയാറാക്കുകയാവണം അമ്മ ചെയ്തിരിക്കുക. ആ പദ്ധതിക്ക് താനായിട്ട് തുരങ്കംവെക്കാൻ പാടില്ല.

നരേന്ദ്രൻ ഒറ്റക്കിരിക്കുമ്പോഴാണ് ഡൽഹിയിൽനിന്ന് പത്രപ്രവർത്തക സുഹൃത്ത് മാധവന്റെ കോൾ നാടകീയമായി ചാടിവീണത്.

“നരേന്ദ്രൻ ഊഹിച്ചപോലെ തന്നെയാണല്ലോ കാര്യങ്ങൾ നടക്കുന്നത്. പക്ഷേ, നമ്മൾ ഉദ്ദേശിച്ച സ്ഥലത്തേയ്ക്കല്ല അമ്മ പോയതെന്നുമാത്രം.”

രണ്ടുദിവസം മുമ്പ് മാധവന് അമ്മയുടെ ഒരു ഫോട്ടോ വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഒരുപക്ഷേ, ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥാനമായ രാജ്ഘട്ടിൽ അമ്മ എത്തിയേക്കാം എന്ന സൂചനയോടെ. അതുകൊണ്ട് രാജ്ഘട്ടിൽ ഒരു നോട്ടമുണ്ടാവുന്നത് നല്ലതാണ്. അങ്ങനെ സംഭവിച്ചാൽ അമ്മയുടെ യാത്രയെ അൽപംപോലും തടസ്സപ്പെടുത്തരുത്. പൊലീസിനെ അറിയിക്കരുത്. ഒരു ചിത്രമെടുത്ത് എനിക്ക് അയച്ചുതരിക മാത്രം ചെയ്യുക.

“ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യം എന്നാണ് ഞാൻ കരുതിയത്. നീ പറഞ്ഞതുകൊണ്ടുമാത്രം ഞാൻ രാജ്ഘട്ടിനു മുന്നിൽ പോയി കാത്തുനിന്നു എന്നേയുള്ളൂ. ഒരു വാനിൽ മറ്റു ചില യാത്രക്കാർക്കൊപ്പം അമ്മ രാജ്ഘട്ടിന് സമീപം വന്നിറങ്ങി. കൂടെയുള്ളവർ രാജ്ഘട്ടിനു നേർക്ക് നടക്കുമ്പോൾ അമ്മ പഞ്ചാബി ഡ്രൈവറുമായി എന്തോ സംസാരിക്കുകയായിരുന്നു. അൽപമകലെ മരങ്ങൾക്കിടയിലേക്ക് കൈചൂണ്ടി ഡ്രൈവർ അമ്മക്ക് എന്തോ നിർദേശം നൽകുന്നുണ്ടായിരുന്നു. കൂടെയുള്ള ആരെയും ഗൗനിക്കാതെ, രാജ്ഘട്ടിനു നേർക്ക് യാന്ത്രികമായി ഒന്ന് നോക്കുകമാത്രം ചെയ്തിട്ട് അമ്മ ഡ്രൈവർ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് നടക്കുകയായിരുന്നു. രാജ്ഘട്ടിലേക്കല്ലെങ്കിൽ പിന്നെ അമ്മ എവിടേക്കാണ് പോകുന്നത് എന്ന അമ്പരപ്പോടെ ഞാൻ അമ്മയെ പിന്തുടർന്നു... ആ ദൃശ്യങ്ങൾ ഞാൻ നിന്റെ വാട്സാപ്പിൽ ഇട്ടിട്ടുണ്ട്.”

നരേന്ദ്രൻ കോൾ കട്ട് ചെയ്ത് വാട്സാപ്പിലേക്ക് ഓടിക്കയറി. പച്ചമരങ്ങൾക്കിടയിലേക്ക് നീളുന്ന ടൈൽസ് വിരിച്ച നടപ്പാതയിലൂടെ, നേർത്ത കാറ്റിൽ പാറുന്ന സാരിയിൽ, അൽപം കുനിഞ്ഞ ഉടലുമായി അമ്മ ശാന്തഭാവത്തിൽ നടന്നുനീങ്ങുന്നു. പിൻഭാഗത്തുനിന്നുള്ള കാഴ്ചയാണ്. ആ ദൃശ്യത്തിൽ അമ്മക്കു പിന്നാലെ നരേന്ദ്രൻ നടന്നു.

നടപ്പാതയുടെ അങ്ങേയറ്റത്ത് വിശാലമായ പുൽത്തകിടിക്ക് മധ്യത്തിൽ നാലാൾ പൊക്കമുള്ള ഒരു കൂറ്റൻ പാറക്കല്ല് പ്രത്യക്ഷമായി... ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥാനമായ ശക്തിസ്ഥലിലേക്കാണ് അമ്മ നടക്കുന്നത്.... ഉള്ളിലുണർന്ന നിശ്ശബ്ദമായ ഒരു തേങ്ങലിന്റെ അകമ്പടിയോടെ ഞെട്ടിയെഴുന്നേൽക്കുന്നതിനിടയിൽ നരേന്ദ്രന്റെ മനസ്സിലേക്ക് ആ പഴയ ദിനങ്ങൾ പൊടുന്നനെ പൊന്തിവന്നു.. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച 1984 ഒക്ടോബർ 31ൽ തുടങ്ങുന്ന ഏതാനും ദിവസങ്ങൾ. വീട്ടിൽ ടെലിവിഷൻ വന്ന കാലമാണ്. ഓണാക്കിവെച്ച ടെലിവിഷനിൽ നിന്ന് നിരന്തരം ഉയർന്നുകൊണ്ടിരുന്ന വിഷാദമയമായ സംഗീതം. സ്ക്രീനിൽ ഇന്ദിരാഗാന്ധിയുടെ ചേതനയറ്റ മുഖം. ആ സ്ക്രീനിലേക്ക് നോക്കി അമ്മ സദാ കരഞ്ഞുകൊണ്ടിരുന്നു. ഭക്ഷണംപോലും ഉപേക്ഷിച്ച് രണ്ടു മൂന്നു ദിവസങ്ങൾ...

ശക്തിസ്ഥലിലെ ആ കൂറ്റൻ പാറക്കു മുന്നിൽ അതിലേക്ക് മുഖമുയർത്തി അമ്മ നിശ്ചലയായി നിൽക്കുന്നു. പുൽത്തകിടിയുടെയും പച്ചമരങ്ങളുടെയും പശ്ചാത്തലത്തിൽ മറ്റൊരു ശിലാപ്രതിമ പോലെ. ശിലയുടെ ഭാവം അമ്മയുടെ മുഖത്തും പ്രതിബിംബിക്കുന്നു. വിഡിയോ ആയിരുന്നിട്ടും ആ ദൃശ്യം ഒരു നിശ്ചലചിത്രം പോലെ തോന്നിച്ചു. സ്കൂൾ ക്ലാസിൽ പഠിക്കുന്ന കാലംമുതലേ താൻ ഇന്ദിരാഗാന്ധിയുടെ ഒരു വിമർശകനാണെന്ന ചരിത്രമൊക്കെ നരേന്ദ്രൻ അപ്പോൾ മറന്നുപോയി. പഴയ എൻ.സി.സി കാഡറ്റ് ഉള്ളിൽ വീറോടെ നിവർന്നുനിന്ന് ആ ദൃശ്യത്തിനുനേർക്ക് സല്യൂട്ട് ചെയ്യുന്നതായി നരേന്ദ്രൻ അറിഞ്ഞു.

News Summary - Malayalam story