അരുന്ധതി റോയ് comes to me

എനിക്കിഷ്ടമുള്ള എഴുത്തുകാരിലൊരാളും നടന്മാരിലൊരാളും കോട്ടയംകാരായിരുന്നു. അപ്പോ അവിടത്തുകാരനായ ഒരാളോട് കഠിനപ്രേമം തോന്നിയപ്പോ ഞാൻ കൂടുതൽ അർമാദിച്ചു. ബഷീറിന്റെ ദർശനം, മമ്മൂട്ടിയുടെ സിനിമ, കാമുകന്റെ പ്രേമം –ഒരു നാട് പ്രിയപ്പെട്ടതാവാൻ വേണ്ടുവോളം കാരണങ്ങളായി. പക്ഷേ, ഞങ്ങളുടെ പ്രേമം ഒരു കോമഡിയായിരുന്നു. ഉണ്ടോയെന്ന് ചോദിച്ചാൽ –ഇല്ല, ഇല്ലേയെന്ന് ചോദിച്ചാൽ –ഉണ്ട്. ഒരു പ്രത്യേകതരം. ഞാനവനോട് ഇടക്കിടെ ‘‘ഇച്ചിരി പൊടിയോളം സ്നേഹം തരാവോ ചെറ്ക്കാ...’’ എന്ന് ചോദിക്കും. ചിലപ്പോഴൊക്കെ തരും (അപ്പോഴവനെന്റെ തങ്കം..!), ചിലപ്പോ ഗൗനിക്കുക കൂടിയില്ല (അപ്പോൾ പ്രേമം മണ്ണാങ്കട്ട..!). താങ്കളുടെ നാട് കാണാൻ വരട്ടെയെന്ന്...
Your Subscription Supports Independent Journalism
View Plansഎനിക്കിഷ്ടമുള്ള എഴുത്തുകാരിലൊരാളും നടന്മാരിലൊരാളും കോട്ടയംകാരായിരുന്നു. അപ്പോ അവിടത്തുകാരനായ ഒരാളോട് കഠിനപ്രേമം തോന്നിയപ്പോ ഞാൻ കൂടുതൽ അർമാദിച്ചു. ബഷീറിന്റെ ദർശനം, മമ്മൂട്ടിയുടെ സിനിമ, കാമുകന്റെ പ്രേമം –ഒരു നാട് പ്രിയപ്പെട്ടതാവാൻ വേണ്ടുവോളം കാരണങ്ങളായി. പക്ഷേ, ഞങ്ങളുടെ പ്രേമം ഒരു കോമഡിയായിരുന്നു. ഉണ്ടോയെന്ന് ചോദിച്ചാൽ –ഇല്ല, ഇല്ലേയെന്ന് ചോദിച്ചാൽ –ഉണ്ട്. ഒരു പ്രത്യേകതരം. ഞാനവനോട് ഇടക്കിടെ ‘‘ഇച്ചിരി പൊടിയോളം സ്നേഹം തരാവോ ചെറ്ക്കാ...’’ എന്ന് ചോദിക്കും. ചിലപ്പോഴൊക്കെ തരും (അപ്പോഴവനെന്റെ തങ്കം..!), ചിലപ്പോ ഗൗനിക്കുക കൂടിയില്ല (അപ്പോൾ പ്രേമം മണ്ണാങ്കട്ട..!). താങ്കളുടെ നാട് കാണാൻ വരട്ടെയെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ ഇവിടെന്ത് കോപ്പിരിക്കുന്നു എന്ന് ചോദിക്കും, ഞാൻ ദുഃഖിക്കും (വേറെ കാരണങ്ങളൊന്നും പോരാഞ്ഞ്...)
ഒരിക്കെ കണ്ണിനുനേരെ കണ്ടൂടാത്ത സ്ഥലമായിരുന്നു എനിക്ക് കോട്ടയം. മൂന്നുമാസം ജീവിച്ച നഗരം. അന്നത്തെ ജോലി വെറുത്തതുകൊണ്ടാണോ കോട്ടയത്തെ വെറുത്തതുകൊണ്ടാണോ അവിടന്ന് പെട്ടെന്ന് മടങ്ങിയതെന്ന് ഇപ്പോഴുമറിയില്ല. പഠിപ്പ് കഴിഞ്ഞ് ജോലികിട്ടി ആദ്യമായി ജീവിച്ചത് അവിടെയാണല്ലോ എന്ന് പിന്നീട് തിരിച്ചറിഞ്ഞപ്പോ ഒരു മമതയൊക്കെ തോന്നിത്തുടങ്ങി. പക്ഷേ എനിക്കറിയാം, കോട്ടയത്തെ ശരിക്ക് പ്രേമിച്ച് തുടങ്ങിയത് അവനോട് പ്രേമം തുടങ്ങിയതിൽ പിന്നെയാണ് (മമ്മൂട്ടിയും ബഷീറുമൊക്കെ മുന്നേ അവിടുണ്ടല്ലോ). ഒരാളോടുള്ള സ്നേഹം നമുക്ക് ആ നാടിനെ കൂടി പ്രിയങ്കരമാക്കുന്നു. കണ്ടിട്ടും നടന്നിട്ടുമില്ലാത്ത വഴികളോട്, അവിടത്തെ ഭക്ഷണത്തോട്, സിനിമാശാലകളോട്, മഴയോട്, ആകാശത്തോട്, തട്ടുകടകളോട് വരെ –എല്ലാത്തിനെയുംകൂടി നമ്മൾ പ്രണയിക്കുന്നു. ഒരിക്കൽ ഇഷ്ടമല്ലാതിരുന്ന നാടാണെങ്കിൽ കൂടി ഇഷ്ടമുള്ള ഒരാൾ വന്നാൽ എല്ലാം ഇഷ്ടമുള്ളതാവുന്നു. (പറഞ്ഞുപറഞ്ഞ് ഓവറാവുന്നു.)
പക്ഷേ, അതുകൊണ്ടായിരുന്നില്ല വീണ്ടും കോട്ടയത്തേക്ക് പോവാൻ തീരുമാനിച്ചത്. അതിന് സാഹചര്യമൊരുക്കിയത് അരുന്ധതി റോയിയാണ്, Mother Mary Comes to Me. അത് വായിച്ചുതുടങ്ങി മുന്നോട്ട് പോകവേ, നീങ്ങിനീങ്ങി ഒടുക്കമെത്തവേ, അതിന്റെ അവസാന അധ്യായം കോട്ടയത്തിരുന്ന് വായിക്കണമെന്ന് ഒരുൾവിളിയുണ്ടായി, A Declaration of Love.
* * *
ആകാശപാതയുടെ തുരുമ്പിച്ച കാലുകൾക്കും വഴി കണ്ടുപിടിക്കാമോ കളിപോലുള്ള കമ്പികൾക്കും ഇടയിലൂടെ തലങ്ങ് വിലങ്ങ് പായുന്ന വണ്ടികളെ നോക്കി ഒരു മൂലയ്ക്ക് ഞാൻ നിന്നു. മുന്നേ അവിടെ കഴിഞ്ഞ മൂന്നുമാസ കാലത്ത് പേരുപോലെ തന്നെ എയറിലായ ആ പാതയുണ്ടായിട്ടില്ല. അതുണ്ടായതിൽ പിന്നെ ആദ്യമായാണ് പോകുന്നത്. കൊള്ളാം, ഒര് രസമൊക്കെയുണ്ട്. വേറെ പണിയൊന്നുമില്ലാതെ നഗരത്തിലൂടെ നടക്കുന്നവർക്ക് കാണാവുന്ന സ്മാരകം.
ഞാൻ നടക്കാനാണ് പോയത്. ജോലിക്കാലത്ത് നടന്ന അതേ വഴി, തിരുനക്കര അമ്പലത്തിനടുത്തുള്ള വീട്ടിൽനിന്നും ഓഫീസിലേക്കുള്ളത്. അതങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമല്ലാതെ, അതിനിടയിലുള്ള കടകളിലല്ലാതെ ആ കാലത്ത് വേറെവിടെയും ഞാൻ പോയിട്ടില്ല. പക്ഷേ നടപ്പിന്റെ സ്റ്റാർട്ടിങ് പോയന്റായി കണക്കാക്കിയത് അമ്പലമായിരുന്നു, നേരേ ഓഫീസിന്റെ മുന്നിലേക്ക് (ഉള്ളിലേക്കില്ല).
പോക്കിനിടെ ശീമാട്ടി കണ്ടപ്പോൾ ശിൽപക്ക് മെസേജയക്കാൻ തോന്നി. ആദ്യമായി സാലറി കിട്ടിയപ്പോൾ ഞങ്ങൾ ഡ്രസ്സെടുക്കാൻ പോയത് അവിടെയായിരുന്നു. തിരുനക്കര നമ്മൾ താമസിച്ച സ്ഥലത്തിന്റെ പേര് ചോദിച്ചപ്പോ അവൾക്കും കൃത്യമായി ഓർമയില്ല. അല്ലെങ്കിലും അങ്ങോട്ടേക്ക് പോവൽ അജണ്ടയിലില്ല. തിരുനക്കര അമ്പലത്തിന്റെയോ (അതോ മൈതാനത്തിന്റെയോ..?) ഇടതുവശത്തുള്ള ഒരുപാട് പാർപ്പുമേഖലകളിൽ, കുറേ ഇടവഴികളിലെ ഏതോ ഒരെണ്ണത്തിൽനിന്ന് തിരിഞ്ഞ്, നടക്കാൻ മാത്രം വീതിയുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നാൽ, അത് തീരുന്നിടത്തുള്ള ഇരുനില വീടിന്റെ മുകൾഭാഗത്തെ ചെറിയ മുറിയിലെ നാല് കട്ടിലിലൊരെണ്ണം, അതും പുറത്തേക്കുള്ള ഒരു വാതിൽ പൂട്ടി കാറ്റ് കടക്കാതിരിക്കാൻ തുണിതിരുകി അതിനോട് ചേർത്തിട്ടത്. ഈ പറഞ്ഞ അതേവിധം സ്വഭാവമുള്ള ഒരു വീടും –കൂടിക്കുഴഞ്ഞുമറിഞ്ഞത്. വീടിന്റെ താഴെനിലയിൽ ആന്റിയെന്ന് വിളിക്കുന്ന പേയിങ് ഗസ്റ്റ്സ് ഓണർ, അവരുടെ ഭർത്താവ്, ഭർത്താവിന്റെ മാത്രം മകൻ. അയാൾ പട്ടാളത്തിലായിരുന്നെന്നും നോർത്തീസ്റ്റിലായിരുന്ന സമയത്ത് ഒരു ബന്ധത്തിലുണ്ടായ മകനെ ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നും എന്റെ മുഖത്ത് വായിച്ച സംശയത്തിന് ആരോ വിശദീകരിച്ചു. അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇരുണ്ടനിറത്തിലുള്ള ആ പയ്യന് ചൈനീസ് മൂക്കും കണ്ണുമായിരുന്നു. അവനൊട്ടുമൊരു കോട്ടയംകാരനായിരുന്നില്ല (കേരളക്കാരനും). എങ്ങോട്ടോ കല്യാണം കഴിപ്പിച്ചുവിട്ട ആന്റിയുടെ ശരിക്കുള്ള മകൾ ഇടയ്ക്ക് തന്റെ നുറുങ്ങുപിള്ളേരെയുംകൊണ്ട് താമസിക്കാൻ വരും. അന്ന് ആന്റിയുടെ മുഖത്ത് ചിരി അധികം കാണും. ഭർത്താവിന്റെ മകന് കേൾക്കുന്ന ചീത്തകളുടെ എണ്ണം കുറയുമെങ്കിലും അവന്റെ അനാഥത്വം ഉച്ചസ്ഥായിയിലാവും.
പുഴുങ്ങിയ ചോറിന്റെയും തേങ്ങാ അരപ്പിന്റെയും മണം എപ്പോഴുമുള്ള വീടിന്റെ മുകളിലായിരുന്നു ഞങ്ങൾ, ടെറസിൽ ഒരു മൂലയിൽ എൽ ആകൃതിയിലുണ്ടാക്കിയ മൂന്നു മുറികളിൽ. മഴ പെയ്യുമ്പോൾ ഒന്നിൽനിന്ന് അടുത്തതിലേക്ക് പോവാൻ കുട ചൂടണം. രണ്ടു മുറിയിൽ നാലുപേർ വീതം. മൂന്നാമത്തേത് ചെറുതായതുകൊണ്ട് രണ്ടുപേർ മാത്രം.
മൊത്തത്തിൽ ഇടുങ്ങിയ ജീവിതം. ഈർപ്പവും പായലും നിറഞ്ഞ കറുത്ത കോൺക്രീറ്റ് മുറ്റം, മഴ കൂടിയായാൽ കെട്ടിക്കിടക്കുന്ന വെള്ളം, കാലുകൊണ്ട് വെള്ളത്തെ തെള്ളിനീക്കി നടന്നാലെത്തുന്ന പെട്ടിക്കൂട് –എട്ടുപേർക്ക് ഒരു ടോയ്ലറ്റ് അറ്റാച്ച്ഡ് കുളിമുറി, അതിനുപുറത്ത് റോട്ടിലൂടെ പോകുന്നവർക്ക് കാണാനും നോക്കാനും പാകത്തിൽ പല്ലുതേപ്പിനായി ചീനച്ചട്ടി വലിപ്പത്തിൽ വാഷ് ബേസിൻ, വിരിച്ചിടാനും വിരിഞ്ഞുകിടക്കാനും ഇടമില്ലാതെ വീർപ്പുമുട്ടുന്ന അലക്കിയ തുണികൾ, വിങ്ങിയ ഗന്ധം, വിരസമായ ആകാശം, ടെറസിന്റെ മറ്റേയരികിൽ ഞാന്നുകിടക്കുന്ന പേരയ്ക്കാമരവും തെങ്ങോലകളും, താഴെ കുരച്ചോണ്ടേയിരിക്കുന്ന ഒരു പട്ടിയും മുകളിലും താഴെയുമായി അളവിലധികം ഭക്ഷണം തിന്ന് കൊഴുത്ത രണ്ട് തടിമാടൻ പൂച്ചകളും മുകളിൽ മനുഷ്യരായ പത്ത് ജീവബിന്ദുക്കളും കണ്ണിൽപെടാത്ത പ്രാണിവർഗങ്ങൾ നിരവധിയും –സമ്പൂർണ ആവാസവ്യൂഹം.

ഞാനും ശിൽപയും വേറെവേറെ മുറികളിലായിരുന്നു. ഞാനധികവും അവളുടെ മുറിയിൽ പോയിരിക്കും. അവിടെയായിരുന്നു ശബ്ദങ്ങൾ, ഇപ്പുറം നിശ്ശബ്ദമായിരുന്നു. പഠിക്കുന്ന പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽമുറികൾ പോലെയല്ല ജോലിക്കാരായ സ്ത്രീകളുടെ സഹവാസം. അതിന് സ്വയംപര്യാപ്തതയുടെയും സ്വാതന്ത്ര്യത്തിന്റെയും രൂപവും ശബ്ദവുമുണ്ട്. എന്നുകരുതി കുന്നായ്മകൾ ഇല്ലെന്നല്ല. ഉദാഹരണമായിരുന്നു ചങ്ങനാശ്ശേരിക്കാരി ലൈലത്തായും കാഞ്ഞിരപ്പള്ളിക്കാരി ഹസീനത്തായും. ഒരേസ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നതെങ്കിലും വഴിയിൽ നേർക്കുനേരാണെങ്കിൽക്കൂടി രണ്ടാളും മുഖത്ത് നോക്കില്ല. രണ്ടുപേരും പറയപ്പെട്ട പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തവർ. ലൈലത്ത ഹസീനത്തായെ എപ്പോഴും കുറ്റം പറയും. അവർ വണ്ടിയോടിക്കുന്നതിനെ കളിയാക്കും.
ആരെ കാണിക്കാനാണ് അവൾക്കിത്ര പവറെന്ന് കൊഞ്ഞനംകാട്ടും. ഒച്ച താഴ്ത്തി, അവളുടെ തൂങ്ങിയ മാറ് കണ്ടാലറിയില്ലേ പെറ്റതാണെന്ന് കുശുകുശുക്കും. മാമാടെ കൊച്ചിന്റെ സുന്നത്ത് കല്യാണത്തിന് ഇവളവിടെ പോയി കൂടണമെങ്കിൽ അത് മാമാടെ മോന്റെയല്ലാത്തതു കൊണ്ടാണെന്ന് എന്തോ കണ്ടെത്തിയപോലെ പ്രസ്താവിക്കും. ഹസീനത്ത അവരോടെന്നല്ല, ആരോടും ഉറക്കെ സംസാരിച്ചിരുന്നില്ല. റൂമിലെ, കൊച്ചിയിലെ ജോലിക്ക് അവിടെ നിൽക്കാതെ കോട്ടയത്തുനിന്ന് ദിവസവും ട്രെയിനിൽ പോയിവരുന്നതിൽ ആനന്ദംകണ്ടെത്തിയ മലയോരക്കാരിയോടും, കാണുമ്പോ തന്നെ പാവമെന്ന് തോന്നുന്ന ചേച്ചിയോടും മാത്രം മിണ്ടി.
അപ്പുറത്തെ റൂമുകളിലെ ആരോടും ചിരിക്കാറ് കൂടിയില്ല. എല്ലാ മിണ്ടാട്ടങ്ങളും നിലച്ചമട്ടിൽ തന്റേത് മാത്രമായ ലോകത്ത് കഴിഞ്ഞുപോന്നു. വല്ലപ്പോഴും കുടുംബത്തിന്റെയൊന്നാകെ പല പരിപാടികളിലായി എടുത്ത ഫോട്ടോ ആൽബം മറിച്ചുനോക്കിയിരിക്കും. ഒരിക്കെ സഹമുറിയത്തിയായ എനിക്കുനേരെ അത് നീട്ടി. കുറേ മനുഷ്യരുടെ ഏതൊക്കെയോ നല്ല നിമിഷങ്ങൾ. ഒരിക്കലും കാണാനിടയില്ലാത്ത അവരെയെല്ലാം ഹസീനത്ത എനിക്ക് പരിചയപ്പെടുത്തി. അതേപ്പറ്റിയും ‘‘അവരൊരു പാവമാണല്ലോ’’ എന്നും പറഞ്ഞപ്പോൾ ലൈലത്തായും ആ റൂമിലെ എപ്പോഴും ജലദോഷംപിടിച്ച പോലെ മിണ്ടുന്ന കട്ടപ്പനക്കാരിയും ‘‘നീ പുള്ളിക്കാരീടെ ലിസ്റ്റിൽ കേറി, എല്ലാവർക്കുമൊന്നും ആ ആൽബം കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലെ’’ന്ന് കളിയാക്കി. എന്തിനാലാവും അവർക്കിടയിലിത്ര ശത്രുതയെന്ന് അപ്പോഴും പിടികിട്ടിയില്ല. ചോദിച്ചുമില്ല.
അതൊരു കഥാപാത്രമാണ് എന്നുപറയുന്ന തരം മനുഷ്യരിൽപെട്ട ഒരാളായിരുന്നു ലൈലത്ത. കൂസലില്ലായ്മയാണ് അവരുടെ ശരീരത്തിന്റെയും നാവിലെയും ഭാഷ. വീട്ടുകാരെ കുറിച്ച് പറഞ്ഞുകേൾക്കൽ കുറവായിരുന്നു. ജോലി കഴിഞ്ഞ് വന്നാൽ പിന്നെ പരന്ന ശബ്ദത്തിൽ വർത്താനം തുടങ്ങും. ജോലിസ്ഥലത്തേത്, താഴെ ആന്റിയുടെ കുടുംബത്തിൽ നടക്കുന്നത്, പത്രത്തിൽ കാണുന്നത് അങ്ങനെ ഇന്നതെന്നൊന്നുമില്ല. നിസ്കാരം, നോമ്പ്, തട്ടം തുടങ്ങിയ മുസ്‍ലിം ശീലങ്ങളൊന്നും കാണാത്തതുകൊണ്ട് അവർ മതരഹിതജീവിതമാണ് നയിക്കുന്നതെന്നായിരുന്നു എന്റെ ധാരണ. അത് മാറിയത് ആന്റി അവിടെ കോഴിക്കറി വിളമ്പിയ ദിവസമാണ്. എന്റെ പ്ലേറ്റിൽ കോഴിക്കഷ്ണം കണ്ട അവരെന്നെ രണ്ടൊച്ച. ‘‘നീയൊക്കെ എന്നാ മുസ്‌ലിമാ... കൊന്ന, ഹലാലല്ലാത്ത ഇറച്ചിയാണോ തിന്നുന്നേ. നമുക്ക് ബിസ്മി ചൊല്ലി അറുത്തതേ തിന്നാനൊക്കൂ എന്നറിയത്തില്ലേ...’’ പ്ലേറ്റിലിരുന്ന് കോഴിച്ചിറകിന്റെ കഷ്ണം സംശയത്താൽ ഉരുകി, മതചിഹ്നങ്ങൾ അണിഞ്ഞുജീവിക്കുന്ന എന്റെ ഈമാൻ തുലാസിലായി. അവർ വിശ്വാസിയാണ്! എന്റെ തീർപ്പല്ല അവരുടെ മതം..! ആ തിരിച്ചറിവ് കിട്ടി നിൽക്കെ അവരടുത്ത വാചകം പറഞ്ഞു, ‘‘ഞാനും ഹസീനായും ഇവിടുന്ന് എറച്ചി കഴിക്കത്തില്ല...’’
ശുഭം. മംഗളം..!
വിശ്വാസം ചെറിയ കളിയല്ല.
ശത്രുതയും വിശ്വാസമാണ്. പ്രേമം മറ്റൊരെണ്ണം. അവിടൊരു പ്രേമലോല ഉണ്ടായിരുന്നു, കാമുകനെ മാത്രം ശ്വസിച്ചുകൊണ്ട്, കല്യാണം അവൻ നീട്ടിനീട്ടി കൊണ്ടുപോവുന്നതിൽ വേപഥു പൂണ്ട്. പൊയ്കയിൽ അപ്പച്ചനോടും പ്രത്യക്ഷരക്ഷാ ദൈവസഭയോടുമുണ്ടായിരുന്നു അവൾക്ക് അതുപോലെ കടുത്ത വിശ്വാസം. അപ്പച്ചന്റെ പാട്ടുകളും സിനിമാപ്പാട്ടുകളും ഒരുപോലെ പാടിക്കൊണ്ടും പ്രതീക്ഷിച്ചുകൊണ്ടും ആയിരുന്നവൾ.
അന്നത്തെ ഞാനും ഏതാണ്ടങ്ങനെയായിരുന്നു. പ്രേമിക്കുന്നവനെ എത്രയും വേഗം കല്യാണം കഴിക്കണമെന്ന് വിചാരിച്ചുനടന്നിരുന്ന ഇരുപതുകളുടെ തുടക്കത്തിൽ. മറ്റാരെയെങ്കിലും കെട്ടേണ്ട ഗതി വരുമോ എന്ന് ആധിപൂണ്ട ആദർശപ്രേമത്തിൽ. മോഹാ-ലസ്യ-കാലത്തെ ഞാൻ. ഒരു രാത്രി ടെറസിലിരിക്കവേ അപ്പുറത്ത് വീട്ടിലെ കർട്ടനുള്ളിലൂടെ രണ്ട് നിഴലുകളുടെ മുകളിലേക്കും താഴേക്കുമുള്ള ചലനം കണ്ട് പറ്റിയാൽ നാളെത്തന്നെ കെട്ടണമെന്ന് വിചാരിച്ച ഞാൻ. രണ്ടുപേർ തമ്മിലല്ല, സാമൂഹിക സാഹചര്യങ്ങൾ തമ്മിലാണ് വേഴ്ച നടക്കുന്നതെന്ന് ബോധ്യപ്പെട്ടുകൊണ്ടിരുന്ന ഞാൻ. എല്ലാ ദിവസവും രാത്രി വിളിക്കുമ്പോൾ കല്യാണം സമം ദാരിദ്ര്യം അഥവാ ഓട്ടക്കാലണ എന്നതിനെപ്പറ്റി ഞങ്ങൾ ചർച്ചചെയ്തു. രണ്ടാമതായി ജോലിയിലെ എന്റെ പലവിധമാന ഗദ്ഗദങ്ങൾ...
ആ ഗദ്ഗദങ്ങളുടെ ആകത്തുക പത്രപ്രവർത്തകയാവാൻ പത്താം ക്ലാസ് മുതൽ ചിറകുവിരിച്ചൊരു കിളിയുടെ പറക്കാനാവായ്മയായിരുന്നു. പത്രമാഗ്രഹിച്ച് ഓൺലൈൻ മാധ്യമത്തിലേക്ക് എത്തപ്പെട്ട ഓൾഡ് സ്കൂളുകാരി, അതും ജേണലിസം പഠിക്കാത്തത്. അവിടത്തെ പരിചയപ്പെടലുകളുടെ പൊതുസ്വഭാവം ഏതാണ്ടിങ്ങനെയായിരുന്നു,
‘‘ജേർണലിസം എവിടാ പഠിച്ചേ..?’’
‘‘ജേർണലിസം പഠിച്ചിട്ടില്ല.’’
‘‘പിന്നെ..! (പിന്നെന്താ ഇവിടെ..!)?’’
‘‘ആന്ത്രപ്പോളജിയായിരുന്നു, മദ്രാസ് യൂണിവേഴ്സ്റ്റി.’’
‘‘ആന്ത്രപ്പോളജിയോ..? അതെന്താ സാധനം...’’
‘‘അത് നരവംശ ശാസ്ത്രം.’’
‘‘അതിലപ്പോ എന്താ പഠിക്കുന്നത്..?’’
‘‘മനുഷ്യരെ കുറിച്ച്. Study of Man (Woman too). എങ്ങനെ ഉണ്ടായി, പരിണമിച്ചു, കൾച്ചർ, ജെനറ്റിക്സ്... പിന്നെ ആർക്കിയോളജി ഒക്കെ ഇതിന്റെ ഒര് പാർട്ടാണ്.’’
‘‘അത് പഠിച്ചിട്ട് പിന്നെന്തിനാ ഇങ്ങോട്ട് വന്നേ..?’’
‘‘ജേർണലിസം ഇഷ്ടമായതുകൊണ്ട്.’’
‘‘ഓ...’’ (ചിരി, പുച്ഛം ചേർത്തത്)
എനിക്കാ സംഭാഷണങ്ങളൊക്കെ ഒരു പരിഹാസപ്പാട്ട് പോലെ തോന്നി. ജേണലിസം പഠിച്ചിട്ടില്ല, ഇന്റേൺഷിപ് ചെയ്തിട്ടില്ല, പത്രമടിക്കുന്ന പ്രസോ ചാനൽ സ്റ്റുഡിയോയോ കണ്ടിട്ടില്ല, ഓൺലൈനെ കുറിച്ച് ധാരണയില്ല, മലയാളം ടൈപ്പിങ് പഠിച്ചതുതന്നെ ജോലിക്ക് കയറിയിട്ട്, എന്നിട്ട് ജേണലിസ്റ്റാവാൻ വന്നിരിക്കുന്നു –എന്നായിരുന്നു ആ പാട്ടിന്റെ ചുരുക്കം.
‘‘ബൈലൈൻ എന്തെന്നറിയില്ല...
ലീഡെന്തന്നറിയില്ല...
ബ്ലർബെന്തന്നറിയില്ല...’’
പാട്ടിന്റെ ബാക്കി വരികൾ...
ആദ്യത്തെ ഒരുമാസം ലൈഫ് സ്റ്റൈൽ വിഭാഗത്തിലായിരുന്നു. ആദ്യം ട്രാൻസ് ലേറ്റ് ചെയ്ത വാർത്ത കെയ്റ്റ് മിഡിൽറ്റണിന്റെ ഒരു പൊതുചടങ്ങിലെ എല്ലാവരാലും ആകർഷിക്കപ്പെട്ട ഗൗണിനെ കുറിച്ച്. ഓർമയിൽ തങ്ങിനിൽക്കുന്ന മറ്റ് ചിലത് ‘പോൺ വിഡിയോ കാണുന്ന സ്ത്രീകൾക്ക് ലൈംഗികാസക്തി കൂടുതലോ.?, തിളങ്ങുന്ന ചർമത്തിന് നാരങ്ങ കൊണ്ടുള്ള വിദ്യകൾ, അടുക്കളയിലെ റാണിയാവാൻ പൊടിക്കൈകൾ’ എന്നിവയൊക്കെയാണ്. അന്ന് ഇൻസ്റ്റഗ്രാം ഇല്ലാതിരുന്നതുകൊണ്ട് സെലിബ്രിറ്റീസ് പോസ്റ്റ് ചെയ്യുന്ന ‘ബോൾഡ്' ഫോട്ടോഷൂട്ട്, ഗർഭകാലം, ടൂർ വിശേഷങ്ങൾ മുതലായ തുപ്പിയതും തൂറിയതുമായ ജീവിതവ്യവഹാര വാർത്തകൾ തയാറാക്കേണ്ടി വന്നില്ല. ഒരുമാസം കഴിഞ്ഞപ്പോൾ ന്യൂസ് വിഭാഗത്തിലേക്ക് മാറ്റംകിട്ടി. ചാനലിൽ വരുന്ന ബ്രേക്കിങ്ങുകളെ വെബ്സൈറ്റിലേക്ക് പരിവർത്തിപ്പിക്കുക, പാതിരാ ഷിഫ്റ്റാണെങ്കിൽ പത്രത്തിൽ വരാൻ പോകുന്ന വാർത്തകളെ ഇനംതിരിച്ച് കയറ്റുക, സംഭവങ്ങൾക്കായി അലേർട്ടായി ഇരിക്കുക. റെഡി, വൺ, ടു, ത്രീ...
അതിന് മൂന്നുമാസം മുന്നേയായിരുന്നു ഒരു മുഴു ബി.ജെ.പി സർക്കാർ ആദ്യമായി രാജ്യത്ത് അധികാരത്തിൽ വന്നത്. ഏപ്രിലിൽ ജോലിക്കായി നടന്ന ഇന്റർവ്യൂവിലെ ഒരു ചോദ്യം, നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതായിരുന്നു (ഇപ്പോഴും പ്രസക്തിയുള്ള ചോദ്യമാണ്, കാരണം രാജ്യവും രാഹുലും മാറി). മോദിയുടെ വരവിനെ ഭീതിയായി കണ്ട ന്യൂനപക്ഷവും അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ പ്രതീക്ഷയായി കണ്ട ഭൂരിപക്ഷവും –രണ്ടിന്ത്യകളുണ്ടായി. ഇപ്പോഴത് പല ഇന്ത്യകളായി. മാധ്യമ അസ്വാതന്ത്ര്യം, വ്യാജവാർത്ത, ആൾക്കൂട്ട ആക്രമണങ്ങൾ, ബുൾഡോസറിങ് തുടങ്ങിയതൊക്കെ അണിയറയിൽ തയാറാവുകയായിരുന്നു. എന്നാൽ, ആ വാർത്താകാലത്ത് എനിക്ക് മറക്കാനാവാത്ത ഒരു തലക്കെട്ട് ‘നസ്റിയ ഇനി ഫഹദിന് സ്വന്തം’ എന്നതാണ്. വേറൊന്ന് മോദിയുടെ സ്റ്റൈലൻ കുർത്തകളെ കുറിച്ചുള്ളതും.
ചുരുക്കി പറഞ്ഞാൽ മൂന്നുമാസംകൊണ്ടു തന്നെ എന്റെ ഗദ്ഗദങ്ങൾ നിലവിളിയിലേക്കെത്തി. ചുറ്റുമുള്ളവരെപോലെ ഞാനും ആ തീരുമാനത്തിലെത്തി, ജേണലിസം പഠിക്കാത്തവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ജേണലിസം. ഞാൻ കെട്ടുകെട്ടാൻ തീരുമാനിച്ചു. രാജിവെക്കുന്നുവെന്ന് പറഞ്ഞപ്പോൾ സി.ഇ.ഒ ന്യായമായ ചോദ്യം ചോദിച്ചു, ‘‘പിന്നെ എന്നാാാത്തിനാാാ ഇങ്ങോട്ട് വന്നേ...’’ മറുപടിയായി ഞാൻ ഇളിച്ചു. ‘‘ഇവിടുന്ന് പോയാൽ പിന്നെ ഇങ്ങോട്ടേക്ക് വരാൻ പറ്റില്ലെന്നറിയാലോ.’’ എന്നുപറഞ്ഞ് എഡിറ്റർ രാജി സ്വീകരിച്ചു. വീടൊഴിയവേ ‘‘ഈ കൊച്ച് അധികകാലമൊന്നും ഇവിടെ നിക്കില്ലെന്ന് എനിക്കറിയാര്ന്നെന്ന്’’ അവരും.
അങ്ങനെ എല്ലാ നിലയ്ക്കും എന്റെ ആദ്യ ജോലി (കോട്ടയം വാസവും) സമ്പൂർണ പരാജയം ഏറ്റുവാങ്ങി.
* * *
ഇവിടെവിടാണ് അരുന്ധതി റോയിയുടെ വീട്..? അഥവാ അങ്ങനൊരു വീട് അവിടുണ്ടോ..?
അയ്മെനം (Ayemenem) രാജ്യം ഇച്ചിരിയുള്ള സ്ഥലമല്ല, സ്വന്തമായി പഞ്ചായത്ത് ഒക്കെയുള്ള വൻകരയാണ്. ഗൂഗിൾ മാപ്പിന്റെ കണക്കിലെ അയ്മനം, പഞ്ചായത്ത് കാര്യാലയം കഴിഞ്ഞുള്ള ഏതോ ബിൽഡിങ്ങിന് മുന്നിലായിരുന്നു. എത്തി എന്നുപറഞ്ഞ് നോക്കുമ്പോൾ നേരെ കാണുന്നത് റോഡിൽ ഇരുവശത്തും മതിലിനുള്ളിലായി അടക്കത്തോടെ നിരന്നുനിക്കുന്ന വീടുകളാണ്. ആരെയും കാണാനില്ലെങ്കിലും മുന്നോട്ട് സഞ്ചരിച്ചു. കുറച്ച് ദൂരമെത്തിയപ്പോൾ മീനച്ചിലിന് കുറുകേയുള്ള പാലത്തിന്റെ നെഞ്ചത്തെത്തി. മുന്നിലൂടെ ഒളശ്ശയിലേക്കും പരിപ്പിലേക്കുമുള്ള ബസ് ഓടിപ്പോയി. വീതികുറഞ്ഞ പാലം കടന്ന് വീണ്ടും വന്ന വഴി തിരിച്ചു. എങ്ങോട്ട്..?
1997 ഒക്ടോബർ 26ന്റെ ‘ദ വീക്ക്’ ലക്കത്തിൽ വിനു അബ്രഹാം എഴുതിയ ഒരു ലേഖനം, അരുന്ധതി റോയിയുടെ വീടെവിടെ എന്ന് ചോദിച്ചപ്പോ ഗൂഗിൾ കാണിച്ചുതന്നു. പുളിയമ്പള്ളിൽ, ശാന്തി എന്നീ രണ്ട് വീടുകൾ ചേർന്നാണ് റാഹേലിന്റെയും എസ്തയുടെയും പുഴയായതെന്നും, അതിന് പിന്നിലുള്ള ആറ് മീനച്ചിലാണ് അമ്മുവിന്റെയും വെളുത്തയുടെയും വീടായതെന്നും അതിൽ വായിച്ചു. ഒപ്പം ആ വീടുകളുടെ പടം, ഒരു കുടുംബചിത്രവും. അതിന്റെ തലക്കെട്ടിൽ (കുഞ്ഞിലെ) അരുന്ധതിയും സഹോദരൻ ലളിതും അമ്മ മേരി റോയിക്കൊപ്പം അയ്മനത്ത് എന്നാണെങ്കിലും ബാക്കിയുള്ള മൂന്നുപേർ ആരൊക്കെയാണെന്ന് നമ്മൾ ഭാവനയുടെ ബലത്തിൽ പൂരിപ്പിക്കും. ഇടത്തുനിന്ന് വലത്തോട്ട് ബേബിക്കൊച്ചമ്മ (അയ്മനം വീടിനെ ഭ്രാന്തമായി സ്നേഹിച്ചവൾ), മമ്മാച്ചി (കറുത്ത കണ്ണട വെച്ച വയലിൻ വാദക), മാർഗരറ്റ് കൊച്ചമ്മ (സോഫി മോളുടെ വെളുത്ത തൊലിയുള്ള മമ്മി) എന്നിങ്ങനെ. ഇനി ലേഖനത്തിൽ പറയുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടാക്കിയ വീട് കണ്ടുപിടിക്കണം. എങ്ങനെ..?
നല്ല തിരക്കുള്ള ചായക്കടയായിരുന്നു അത്. അപ്പപ്പോൾ പൊരിച്ചിടുന്ന ഉള്ളിവട, പരിപ്പുവട, മുളകുബജി, പഴംപൊരി. അത് വാങ്ങി കൊണ്ടുപോകുന്നവരുടെയും നിന്ന് കഴിക്കുന്നവരുടെയും എടിപിടി. കടയിലെ ചേച്ചിയോട് ചായയ്ക്ക് പറഞ്ഞ് ചൂട് പഴംപൊരി ഊതിയൂതി തിന്നുതുടങ്ങി. ഏത്തക്കാ ബോളി, ഏത്തയ്ക്കാപ്പം എന്നീ പേരുകളിലാണ് പഴംപൊരി ആ നാട്ടിലറിയപ്പെടുന്നതെന്ന അറിവ് നേടിക്കൊണ്ട് അവരോട് സംസാരവും തുടങ്ങി. അത് പിന്നെ അരുന്ധതി റോയിയിലേക്കും അവരുടെ വീടിലേക്കുമെത്തിയപ്പോൾ മൂന്നാല് നാട്ടുകാർ കൂടി അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇടയിൽ ചായ വന്നു, ഒരു ഏത്തയ്ക്കാ ബോളി കൂടിയെടുത്തു.
ചോദ്യം ഒന്ന്: അവരുടെ വീട് ഇവിടെ അടുത്താണോ..?
ഉത്തരങ്ങൾ:
(മുന്നോട്ട് കൈചൂണ്ടി) ‘‘ആ വഴി തീരുന്നിടത്താണ് അന്വേഷിക്കുന്ന വീട്. നേരെ പോയാൽ മതി.’’
‘‘അവരവിടെ കാവലിന് ആളെ നിർത്തിയിട്ടുണ്ട്, പുറമേ നിന്ന് കാണാം. ഉള്ളിലൊന്നും കേറാൻ പറ്റില്ല.’’
‘‘മനുഷ്യര് കേറാതിരിക്കാനാണല്ലോ അത് പൂട്ടിയിട്ടിരിക്കുന്നത്.’’
‘‘ഇപ്പോൾ ഇടയ്ക്കിടെ ആളുകളങ്ങോട്ട് വരുന്നത് കാണാം. ഈയിടെ എങ്ങാണ്ട് അവര്ടെ ബുക്കേതോ എറങ്ങിയെന്ന് കേട്ടു.’’
‘‘ഇന്നാള് ജർമനീന്നുള്ള ഒര് സംവിധായകൻ ഇവടെ വന്ന് എല്ലാം പിടിച്ചോണ്ട് പോയാര്ന്നു.’’
ചോദ്യം രണ്ട്: നിങ്ങളൊക്കെ അവരെ കണ്ടിട്ടുണ്ടാവുമല്ലോ ...ല്ലേ.?
ഉത്തരങ്ങൾ:
‘‘പിന്നെ കാണാതെ. ഞങ്ങളൊരേ നാട്ടുകാരല്ലേ...’’
‘‘വന്നാലിവിടെ നിക്കാറൊന്നുമില്ല. ടൗണിൽ ഹോട്ടലിലായിരിക്കും.’’
‘‘ഇവടെ കൊല്ലത്തിലൊരിക്കേ നിർബന്ധമായും വരും. നരസിംഹ അമ്പലത്തിലെ ഉത്സവത്തിന്. രാത്രിയേ വരുവൊള്ളൂ. പള്ളിവേട്ട കഴിഞ്ഞ് ഒടനെ പോവേം ചെയ്യും.’’
ചോദ്യം മൂന്ന്: അവരെഴുതിയത് വായിച്ചിട്ടുണ്ടോ..?

ഉത്തരങ്ങൾ:
‘‘നമുക്കൊക്കെ വായിക്കാനെവിടാ നേരം...’’
‘‘അവരെഴുതുന്ന ഇംഗ്ലീഷ് നമുക്ക് വായിക്കനറിയണ്ടേ.’’
‘‘ആദ്യമെറങ്ങിയ നോവലിന്റെ മലയാളം കൊറേ മുമ്പ് വായിച്ചാര്ന്നു.’’
‘‘അതൊന്നും അത്ര വായിക്കാൻ കൊള്ളുന്നതല്ലല്ലോ.’’
‘‘കുറേയൊക്കെ രാജ്യദ്രോഹമാണ്.’’
സംസാരത്തിന്റെ കാറ്റ് വലത്തേക്ക് വീശുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ ശ്രദ്ധ നാട്ടുവർത്തമാനത്തിലേക്ക് തിരിച്ചു. മഴക്കാലമെന്ന് തീരും, ഇപ്പോൾ പകല് കുറവും രാത്രി അധികവും എന്നിങ്ങനെയുള്ള അരാഷ്ട്രീയ-കാലാവസ്ഥാ-സംസാരങ്ങൾ. ചായക്കടയിലെ ചേട്ടനത് മലബാറിലെ എണ്ണിയാലൊടുങ്ങാത്ത എണ്ണക്കടികളിലേക്കെത്തിച്ചു.
* * *
കോട്ടയം വാസത്തിലെ ഒരു മാസം റംസാൻ നോമ്പുകാലമായിരുന്നു. ആന്റിയുടെ വീട്ടിലെ രാത്രിയിലെ ചോറാണ് നോമ്പുതുറക്കാനുള്ളത്. അതുകൊണ്ട് കുറച്ച് ദിവസങ്ങൾ ഓടിയപ്പോഴേക്കും ശീലങ്ങളുടെ ശല്യംതുടങ്ങി. പുറത്തുനിന്ന് എന്തെങ്കിലും വാങ്ങാതെ കഴിയില്ലെന്നായി. തിരുനക്കര മൈതാനത്തിന്റെ അടുത്തുള്ള ചെറിയ കട കണ്ടെത്തി. അവിടന്ന് ദിവസവും എന്തെങ്കിലും കടികൾ വാങ്ങും. ഇടവിട്ട ദിവസങ്ങളിൽ ബേക്കർ ജങ്ഷനിലെ ‘ആര്യാസി’ൽനിന്ന് മസാലദോശയും. ആ നോമ്പുദിനങ്ങൾ കോട്ടയത്തെ മടുക്കാനുള്ള മതിയായ കാരണമായിരുന്നു അന്നെനിക്ക്. ‘തെക്കെത്തിയ മലബാറുകാരിയുടെ (ദയനീയ) നോമ്പുകാലം’ എന്ന അപ്പോഴുണ്ടായിരുന്ന (ഇപ്പോഴില്ലെന്ന് പറയപ്പെടുന്ന) വംശീയ മനോഭാവം തികട്ടി വന്നപ്പോ അസ്വസ്ഥത തോന്നി. തെക്ക്-മൂർഖൻ-വടക്ക്-മലബാർ നെന്മ-ബ്ലാാ-ബ്ലാാാ-ബുൾ ഷിറ്റ്.
അപ്പോൾ ഞാനെന്റെ കോട്ടയംകാരനെ ഓർത്തു, കോട്ടയത്ത് കാണാൻ കോപ്പൊന്നുമില്ലെന്ന് പറഞ്ഞവനെ (പഴയ ഞാനായിരുന്നേൽ നൂറുവട്ടം യോജിച്ചേനേ. കാണാൻ മാത്രമല്ല, തിന്നാനും ഒരു കോപ്പുമില്ലെന്ന് പറഞ്ഞേനേ.). തെക്ക്-വടക്ക്, മലയോരം-സമതലം, പാരമ്പര്യം-കുടിയേറ്റം ഇത്യാദികളിലെ വംശീയ മനോഭാവം ഞങ്ങളുടെ പ്രധാന സംസാരവിഷയങ്ങളിലൊന്നായിരുന്നു. കുറ്റകൃത്യങ്ങളുടെയും സദ്പ്രവൃത്തികളുടെയും വാർത്തകളും, ഉപോൽപന്നമായി വരുന്ന പ്രതികരണങ്ങളും ഞങ്ങൾ ചർച്ചചെയ്യും. തെക്കുള്ളവരൊക്കെ വെടക്കും, വടക്കുള്ളവരൊക്കെ തെകഞ്ഞവരുമെന്ന് പറയുന്ന മനുഷ്യരെ പ്രതി നിരാശ പങ്കിടും. ഈ കൊച്ചു കേരളത്തിലെ ചുരുക്കമുള്ള നല്ല മനുഷ്യരിൽ രണ്ടു പേർ നമ്മളാണെന്ന് (വംശീയതയും വേർതിരിവും ഇല്ലാത്തത്) സംഭാഷണങ്ങളിലൂടെ ഉറപ്പിക്കും. വൈകാരികതകളിൽ തലവെച്ച് അനന്തരം ശത്രുക്കളാവരുതെന്ന് ഓർമിപ്പിക്കും. എന്നിട്ടു പിന്നെ കുറച്ച് പ്രേമിക്കും (അടിസ്ഥാനപരമായി കാമുകീകാമുകന്മാർ ആണല്ലോ.). അതായിരുന്നു ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന ഞങ്ങളുടെ പ്രേമത്തിന്റെ ഡയറ്റ് പ്ലാൻ.
പക്ഷേ കോമഡിയെന്താണെന്ന് വെച്ചാൽ –ഞങ്ങളുടെ പ്രേമം പോലെത്തന്നെ– കോട്ടയംപോക്കിന് രണ്ടുദിവസം മുന്നേ ഞങ്ങൾ പിരിഞ്ഞു. ശത്രുക്കളായി എന്ന് പറഞ്ഞൂടെങ്കിലും പ്രേമത്തിന്റെ കെട്ട് വിട്ടു. കാരണം നിസ്സാരമെന്ന് തോന്നുമെങ്കിലും വൈകാരികമായിരുന്നു. അവൻ വേർതിരിവുകൾ ഇല്ലാത്തവനാണെന്ന് പറഞ്ഞത് ഞാൻ മായ്ച്ചുകളഞ്ഞു. എന്നിട്ട് മനുഷ്യരെ കുറിച്ച് ഒറ്റയ്ക്ക് നിരാശപ്പെട്ടു. കേരളത്തിലെ ചുരുക്കമുള്ള നല്ല മനുഷ്യരിൽ ഒരാളുടെ എണ്ണം കുറഞ്ഞതിൽ ദുഃഖം രേഖപ്പെടുത്തി. ഈ നശിച്ച ലോകത്ത് പ്രേമം ഒരു ഓവർറേറ്റഡ് ഫുഡ് സ്പോട്ട് പോലെയാണെന്ന് തോന്നി, നമ്മൾ പ്ലാൻചെയ്യുന്ന ഡയറ്റിനെ തകിടംമറിക്കുന്നത്.
അതോടുകൂടി തീരേണ്ടിയിരുന്ന, അവന്റെ പങ്കുകൊണ്ട് ഉണ്ടായ കോട്ടയംപ്രിയം പക്ഷേ എന്തുകൊണ്ടോ അവസാനിച്ചില്ല. അവൻ പോയെങ്കിലും ആ നാട് എന്നിലവശേഷിച്ചു. ഒരിക്കൽ ഇഷ്ടമായിരുന്ന ഒരാൾ ഇഷ്ടം നിർത്തി മടങ്ങിയാലും ചില ഇഷ്ടങ്ങൾ ബാക്കിയാവുന്നു. ‘ഈ ഞാൻ പരാജയപ്പെട്ട പ്രണയങ്ങളുടേത് കൂടിയാണ്..!’ എന്ന ബോധ്യത്തിൽ അവനെ കോട്ടയംപോക്കിന്റെ മൂന്നാംലക്ഷ്യമാക്കാതെ സൂക്ഷിച്ചുവെച്ചിരുന്നു.
* * *
ഓഫീസിലേക്കെത്താൻ ഇനി കുറച്ച് ദൂരം കൂടിയേയുള്ളൂ. മാമ്മൻ മാപ്പിള ഹാളിന് മുന്നിലെത്തി. ശിൽപക്ക് വീണ്ടും മെസേജയച്ചു. ഞാൻ കൊല്ലങ്ങൾക്കു ശേഷം കോട്ടയത്തിനു പോയതിന് അവൾക്ക് സ്വൈരമില്ലാതായി (പക്ഷേ, അവളത് ക്ഷമിക്കും, കോട്ടയംകാലത്തെ ഒരേയൊരു സമ്പാദ്യം ആ മലമ്പുഴക്കാരിയാണ്). ആ ഹാളിൽവെച്ചാണ് ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനത്തെയും കുപ്പായങ്ങൾ ഉണ്ടായിരുന്ന എക്സിബിഷൻ ആദ്യമായി കാണുന്നത്. ഞങ്ങളന്ന് എല്ലാ സ്റ്റാളിലും തെണ്ടി വളരെ കുറച്ച് സാധനങ്ങൾ മാത്രം വാങ്ങി. അത് ഓർമിപ്പിച്ചപ്പോൾ മറുപടിയായി ഞാൻ മറന്ന കാര്യങ്ങൾ അവൾ ഓർമിപ്പിച്ചു.
പ്രേമ-ഭൂത-കാലം അയവെട്ടി വെട്ടി ക്നാനായ പള്ളിയും കഴിഞ്ഞ് ഓഫീസിന് മുന്നിലെത്തി. സ്കൂളും കോളേജും വിട്ട നേരമായിരുന്നു. സമീപത്തെ രണ്ട് കോളേജുകളിലെയും സ്കൂളിലെയും കുട്ടികളും പലപല സ്ഥാപനങ്ങളിൽനിന്ന് തെറിച്ചിറങ്ങിയ ജോലിക്കാരും അലച്ചിൽക്കാരിയുടെ മുന്നിലൂടെ ഒഴുകി. പഠിക്കുന്ന കാലത്ത് ജോലി കിട്ടിയാൽ എല്ലാം ശരിയാകുമെന്നും, ജോലി കിട്ടിയാൽ ഇതല്ലായിരുന്നു വേണ്ടിയിരുന്നതെന്നുമുള്ള വൈരുധ്യ ചിന്തകളുടെ കൂട്ടിമുട്ടലുകൾ. ആ മനുഷ്യരുടെയൊക്കെ തലയ്ക്കുനേരെ ഒരു ആരോ മാർക്കിട്ട് അവർ ചിന്തിക്കുന്നതെന്താവുമെന്ന് സങ്കൽപിച്ച് അതിന് നേരെ കണ്ടെത്തലെഴുതി നോക്കി. എന്റെ തലയ്ക്കു മുകളിലുമെഴുതി, തൊഴിൽ തേടലിന്റെ ആദ്യകാലത്ത് അപരിചിത ദേശത്തെത്തി ജയിക്കാനാവാതെ മടങ്ങിയവൾ..!
‘ഈ നഗരം പരാജയപ്പെട്ടവരുടേത് കൂടിയാണ്...!’ എന്നാശ്വസിച്ച് കോട്ടയം പോക്കിന്റെ രണ്ടാം ലക്ഷ്യം ആ തിരക്കിൽ ഞാൻ പൂർത്തീകരിച്ചു.
* * *
സഖാവ് കെ.എൻ.എം. പിള്ളയുടെ വീടിന്റെ എതിർവശത്തായിരുന്നു ആ ചായക്കട. വീട് പൂട്ടി കിടക്കുകയായിരുന്നു. അവരതേ പറ്റി എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല, ഏതാണ് സത്യം ഏതാണ് കെട്ടിച്ചമത് എന്നൊന്നും നമുക്കറിയില്ലല്ലോ. എനിക്ക് എഴുത്തുകാരിയുടെ വീട് കണ്ടാൽ മതി. ഇച്ചിരി അലഞ്ഞിട്ടാണെങ്കിലും അത് കണ്ടെത്തിയിട്ടുണ്ട്. (വായന മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഓരോ വഴികൾ.!)
തീർഥാടനത്തിന് തയാറായി നേരത്തേ ഒരു ചേട്ടൻ ചൂണ്ടിക്കാണിച്ചുതന്ന വഴിയിലൂടെ പോയി. പക്ഷേ അത് തെറ്റി, അതിനപ്പുറത്തായിരുന്നു ശരിക്കുള്ളത്. ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത് വീടിന്റെ ഒരുവശത്തെ പടുകൂറ്റൻ മതിലിന് പിന്നിലാണ്. അവിടെ റബർമരങ്ങളുടെ ഏന്തിനോക്കുന്ന തലകൾ. അടുത്തു കണ്ട മനുഷ്യനോട് അരുന്ധതി റോയിയുടെ വീടേതാണെന്ന ചോദ്യത്തിന് താനീ നാട്ടുകാരനേയല്ലെന്ന മട്ടിൽ, കേട്ടുകേട്ട് വെറുത്തത് പിന്നെയും കേൾക്കുന്നുവെന്ന മുഖഭാവം മറുപടിയായി കിട്ടി. പരിഭവിക്കാനൊന്നും നിന്നില്ല, അപ്പുറത്തുള്ള മൺവഴിയിലേക്ക് കയറി.
മെയിൻ റോഡിൽനിന്ന് തിരിഞ്ഞ് വീതിയുള്ള മൺപാത. അറ്റത്താണ് ഓടിട്ട പഴയ തറവാട്. പൊക്കത്തിലായതുകൊണ്ട്, ‘തലയുയർത്തി നിൽക്കുന്ന പഴയ തറവാട്’ എന്ന് വേണമെങ്കിൽ പറയാം. അങ്ങോട്ട് പോകുന്ന വഴിയുടെ ഇടതുവശത്താണ് ‘SANTHI’ എന്ന് ഇംഗ്ലീഷിലും ‘പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്ന് മലയാളത്തിലും ബോർഡുവെച്ച വീട്. അതിന്റെ മുറ്റത്തൊരു പഴയ കാർ (ആകാശനീല പ്ലിമത്തല്ല) ടാർപായകൊണ്ട് മൂടിയിട്ടുണ്ട്. ഗേറ്റ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നു. (രണ്ട് വീടുകളും ‘ദ വീക്കി’ൽ കണ്ടതുതന്നെ.)
ചരൽക്കല്ല് നിറഞ്ഞ വഴിയിലൂടെ മുന്നോട്ടുപോകുമ്പോൾ അയ്മനം ഹൗസിന്റെ ഗേറ്റിലെത്തും. ഉള്ളിൽനിന്നും ചങ്ങലപ്പൂട്ടിട്ട ഗേറ്റ്. അവിടന്ന് ദൂരെയാണ് വീട്. ഗേറ്റിനടിയിലൂടെപോലും അകത്തേക്ക് കയറാൻ ഇടമില്ലാത്തതുകൊണ്ട് അതേ സാഹചര്യത്തിൽ നിൽക്കുന്ന എന്നെ നോക്കി കരഞ്ഞുകൊണ്ട് ഒരു പൂച്ച അപ്പോൾ കടന്നുപോയി. ഗേറ്റിനപ്പുറത്തെ തകിടി കഴിഞ്ഞ് ഒമ്പത് പടികൾ കടന്നാലേ മുറ്റത്തെത്തൂ. അതിന്റെയുമപ്പുറത്ത് പുരാതന-ഗേഹം, അതിനേക്കാൾ പ്രായമുള്ള പന്തലിച്ച മരങ്ങളുടെ മറവിൽ. മഞ്ഞയെന്നോ ക്രീമെന്നോ പറയാനാവാത്ത ചായം, ഷഡ്ഭുജാകൃതിയിൽ മുന്നോട്ടുന്തിയ കൂടത്തിന്റെ ഇരുവശത്തുമായി നീണ്ടുകിടക്കുന്ന ചരിത്രവീട്. പാരമ്പര്യത്തിന്റെ ഭാരം ചുമക്കുന്ന ജനൽപ്പാളികൾ. ഓടിട്ട മേൽക്കൂരയെ താങ്ങിനിർത്തുന്ന തടിച്ച തൂണുകൾ. പെട്ടെന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ എത്രയോ മുട്ടവെള്ളകൾകൊണ്ട് മിനുസപ്പെടുത്തിയ അതിന്റെ നീളൻ വരാന്തയുടെ വാസ്തുവിദ്യ ഓർമവന്നു. അപ്പോഴവിടെ കൈയിൽ വെളിച്ചവുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു. ശരിക്കും, ആ നീണ്ട വരാന്തയുടെ കൃത്യം നടുവിൽ. അയാൾ വെളിച്ചം മുകളിലേക്കും താഴേക്കും ഊഞ്ഞാലാട്ടി കളിക്കുകയായിരുന്നു.
പുറത്തെ ആകാശത്തിനപ്പോൾ പല നിറങ്ങളുണ്ടായിരുന്നു. വഴുവഴുക്കുന്ന വെള്ള, ചുവപ്പ് കലർന്ന ഓറഞ്ച്, തീ പോലെ മഞ്ഞ, ഇടയിലെവിടെയൊക്കെയോ വട്ടത്തിൽ ഇളംനീല. ഉടനെയത് മഞ്ഞപ്പുള്ളികളുള്ള കറുത്ത കുപ്പായമിടും. ചീവീടുകൾ ചിലപ്പ് ആരംഭിച്ചിരുന്നു. കിളികൾ തിരക്കിട്ട് പറക്കുന്നു. ഗേറ്റിന്റെ ഇടതുവശത്തുകൂടെയുള്ള വളഞ്ഞ ഇടവഴിയിലൂടെ പുഴ കൊണ്ടുവന്ന സങ്കടങ്ങളുടെ കാറ്റ് വീശി. അതിലെ താഴേക്ക് പോയാൽ, വീടിന്റെ പിന്നിലൂടെ ഇറങ്ങിയാൽ മീനച്ചിലിലെത്തും. പായൽകെട്ടിയ പുഴമണത്തിലേക്ക്.
അതിനപ്പുറത്ത് എന്താവും..? അതിന്റെയും അപ്പുറത്ത്..? അതിന്റെയും അതിന്റെയും അപ്പുറത്തോ..?

* * *
എന്തുകൊണ്ടോ ‘പള്ളിക്കൂടം’ കാണണമെന്ന് എനിക്ക് തോന്നിയതേയില്ല. ബാക്കിയെല്ലാം സങ്കൽപിച്ചതുപോലെ അത് ഞാൻ സങ്കൽപിച്ചുമില്ല. മുറിവുകളുടെ ഉത്ഭവസ്ഥാനം മാത്രം കണ്ടാൽ മതിയായിരുന്നു എനിക്ക്. ആ മൊട്ടക്കുന്ന് പുറന്തള്ളലിനെ ഓർമിപ്പിച്ചു. ‘നിങ്ങൾ അഭിനന്ദിക്കപ്പെടുമ്പോൾ അപ്പുറത്തെ മുറിയിലൊരാൾ ശിക്ഷയേറ്റ് വാങ്ങുകയാവു’മെന്ന നീണ്ട തിരിച്ചറിവ്.
‘ഈ ലോകം പരാജയപ്പെട്ടവരുടേത് കൂടിയാണ്..!’ എന്നോർമിച്ച് കോട്ടയം പോക്കിന്റെ ആദ്യ ലക്ഷ്യം പൂർത്തീകരിക്കാനായി ഞാനാ പുസ്തകം കൈയിലെടുത്തു. മുന്നേ വായിച്ചുതീർത്ത അധ്യായങ്ങളിൽനിന്ന് പിരിച്ചെടുത്തത് ചേർത്താലൊരൊറ്റ കാര്യമായി ചുരുക്കാമായിരുന്നു –നിങ്ങളെന്തായിരുന്നുവോ അതാണ് നിങ്ങളെ നിർമിക്കുന്നത്, അതിന് സമാനതകളുണ്ടാവില്ല.
ആ തിരിച്ചറിവിന്റെ വെളിച്ചത്തിൽ, തെരുവു വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ അച്ചടക്കത്തോടെ വളരെ സാവധാനം അവസാന അധ്യായം വായിച്ചു.
There is no one in the world whom I have loved more than you...
രാത്രിയുടെ തിരക്കുകൾക്കിടയിൽ നിശ്ശബ്ദതയുടെ ഒരു പുതപ്പെന്നെ പൊതിഞ്ഞു. അപ്പോൾ ആ കോട്ടയം പട്ടണത്തിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
