Begin typing your search above and press return to search.
proflie-avatar
Login

റാഹേലിന്‍റെ പലായാനം

റാഹേലിന്‍റെ പലായാനം
cancel

പുലരാറായ നേരം കട്ടിലിൽ കിടന്ന് കുര്യച്ചൻ പെടുക്കണമെന്ന് ഞരങ്ങിയപ്പോൾ മുറ്റത്തേക്ക് കൊണ്ടുപോകാമെന്നാണ്, തൊട്ടടുത്ത മുറിയിലുള്ള റാഹേൽ വിളിച്ചുപറഞ്ഞത്. കയ്യിലെടുക്കാവുന്ന മൂത്രപ്പുരപോലെ കട്ടിലിനടിയിൽ വെച്ചിരിക്കുന്ന യൂറിനറി പോട്ട് കാലുകൾക്ക് ഇടയിലേക്ക് തിരുകി കൊടുക്കുകയാണ് സാധാരണ ചെയ്യുക. ഇന്ന് അതല്ല വേണ്ടതെന്ന് അതിവേഗം അവൾ ഉറപ്പിച്ചു. രാത്രി മുഴുവൻ ഉറങ്ങാതെ മിഴിച്ച് കിടന്ന റാഹേൽ, അപ്പന്റെ ഒറ്റവിളിയിൽ സാഹസികയായി. അവൾ കട്ടിലിൽനിന്ന് പിടഞ്ഞെഴുന്നേറ്റു. രാത്രി പിഞ്ചി തുടങ്ങിയിരുന്നു. എണ്ണവറ്റി കത്തുന്ന നിലാവിന്റെ വെളിച്ചം കൂമൻതുരുത്തിന് മുകളിൽ വീണ് കിടപ്പുണ്ട്. കൂമൻതുരുത്തിൽ...

Your Subscription Supports Independent Journalism

View Plans

പുലരാറായ നേരം കട്ടിലിൽ കിടന്ന് കുര്യച്ചൻ പെടുക്കണമെന്ന് ഞരങ്ങിയപ്പോൾ മുറ്റത്തേക്ക് കൊണ്ടുപോകാമെന്നാണ്, തൊട്ടടുത്ത മുറിയിലുള്ള റാഹേൽ വിളിച്ചുപറഞ്ഞത്. കയ്യിലെടുക്കാവുന്ന മൂത്രപ്പുരപോലെ കട്ടിലിനടിയിൽ വെച്ചിരിക്കുന്ന യൂറിനറി പോട്ട് കാലുകൾക്ക് ഇടയിലേക്ക് തിരുകി കൊടുക്കുകയാണ് സാധാരണ ചെയ്യുക. ഇന്ന് അതല്ല വേണ്ടതെന്ന് അതിവേഗം അവൾ ഉറപ്പിച്ചു. രാത്രി മുഴുവൻ ഉറങ്ങാതെ മിഴിച്ച് കിടന്ന റാഹേൽ, അപ്പന്റെ ഒറ്റവിളിയിൽ സാഹസികയായി. അവൾ കട്ടിലിൽനിന്ന് പിടഞ്ഞെഴുന്നേറ്റു. രാത്രി പിഞ്ചി തുടങ്ങിയിരുന്നു. എണ്ണവറ്റി കത്തുന്ന നിലാവിന്റെ വെളിച്ചം കൂമൻതുരുത്തിന് മുകളിൽ വീണ് കിടപ്പുണ്ട്. കൂമൻതുരുത്തിൽ റാഹേലിന്റെ വീട്ടിൽ മാത്രമാണ് ഇപ്പോൾ താമസമുള്ളത്. ചുറ്റും മീനപ്പള്ളിപ്പാടത്തിന്റെ ജലത്തരിശാണ്. വർഷങ്ങൾക്കുമുമ്പ് മട പൊട്ടി വന്ന ജലത്തിന്റെ ജഡം.

വീട്ടിൽനിന്ന് കുര്യച്ചനെ താങ്ങിയിറക്കി വെള്ളക്കെട്ടിനോട് ചേർന്നുള്ള ചെത്തിവേലിയിൽ പിടിച്ചുനിർത്തി. കറപിടിച്ച കാവിമുണ്ട് വകഞ്ഞു മാറ്റി കുര്യച്ചൻ വെള്ളത്തിലേക്ക് മൂത്രമൊഴിച്ചു. ചൊങ്ങിയ ലിംഗത്തിൽനിന്നുള്ള അവസാന തുള്ളികൾ കാലിലും മുണ്ടിലും വീണു. മൂത്രമൊഴിച്ച് കഴിഞ്ഞ് കുര്യച്ചൻ തല തിരിച്ച് പിന്നിലേക്ക് നോക്കി, മോളെ എന്ന് വിളിച്ചു. അപ്പോൾ റാഹേൽ ഇടതുകാൽ പിന്നിലേക്ക് വെച്ച്, ചുവടുറപ്പിച്ച് ആയമെടുത്ത് രണ്ട് കൈ കൊണ്ടും കുര്യച്ചനെ ആഞ്ഞു തള്ളി. ഉണക്കച്ചുള്ളിപോലെ കോലാഹലമുണ്ടാക്കാതെ കുര്യച്ചൻ വെള്ളത്തിലേക്ക് തലകുത്തി വീണു. ആ ദുർബല ശരീരം ഒന്നുരണ്ട് വട്ടം കൈകാലിട്ടടിച്ച് പിടഞ്ഞു. ഒരുകാലത്ത് നടുക്കായലിൽ നീന്തിനിന്നിട്ടുള്ള കുര്യച്ചൻ വഴക്കം കിട്ടാതെ കുഴഞ്ഞു. പ്രാണനെ ഞെരുക്കിയമർത്തി മൂക്കിലും വായിലും കൂടി വെള്ളം വളഞ്ഞു കയറി. ജലത്തോട് നിരാശ്രയമായി തോറ്റ് അയാൾ ആഴങ്ങളിലേക്ക് താണു. കുര്യച്ചനിൽനിന്നോ അടിപ്പായലിൽനിന്നോ എന്നറിയാതെ ചെറുകുമിളകൾ പൊന്തിവന്ന് പൊട്ടി, ജലപ്പരപ്പിന് മുകളിലെ കാറ്റിലലിഞ്ഞ് എങ്ങോ പോയി. ഒരു ജീവൻ മുങ്ങിയൊടുങ്ങിയതിന്റെ ഓളവൃത്തങ്ങളെ ജലം അതിവേഗം മായിച്ചു.

റാഹേൽ ചുറ്റും നോക്കി. ആരെയും കണ്ടില്ല. ആകാശത്തിന്റെ അറ്റത്ത് വരാനിരിക്കുന്ന പ്രഭാതത്തിന്റെ പ്രവാചക പ്രകാശം. മരണത്തിന്റെ വിരൽത്തണുപ്പുള്ള രാത്രി ഒടുങ്ങുകയാണ്. റാഹേലിന് ഉറക്കം വന്നു.

ഇന്നലെ രാത്രിയും റാഹേലിന് ഇടപാടുകാരൻ ഉണ്ടായിരുന്നു. കൈനകരി സ്റ്റേഷൻ ജങ്ഷനിൽ കള്ളുഷാപ്പ് നടത്തുന്ന പ്രസാദ്. റമ്മിന്റെ എരിമധുരം കേറുമ്പോൾ ഒറ്റയ്ക്ക് വള്ളമെടുത്ത് ഇടത്തോടുകളിലൂടെ പ്രസാദ് വരും. നാട്ടുകാരുടെ പതിവിനേക്കാൾ ഇരട്ടി കാശ് കൊടുക്കുമെങ്കിലും അയാളുടെ പതിവുകളും വിചിത്രമാണ്. റാഹേലിന്റെ നിതംബങ്ങളാണ് അയാളുടെ ജീവിതത്തിലെ അവസാനിക്കാത്ത അതിശയം. അയാൾ കൈകളിൽ ഉയർന്നുനിന്ന് വേഗമെടുക്കുമ്പോൾ ഇരുമ്പുകട്ടിൽ മുളകൾ ഉരയുംപോലെ ശബ്ദമുണ്ടാക്കും. അസ്ഥികൾ പുളിക്കുന്ന ലോഹശബ്ദം. തൊട്ടപ്പുറത്തെ കതകില്ലാത്ത മുറിയിൽ കിടക്കുന്ന കുര്യച്ചന്റെ ചെവികളിലേക്കും ആ ശബ്ദത്തിന്റെ ഏറ്റയിറക്കങ്ങൾ തുളച്ചിറങ്ങും.

പ്രസാദ് പോയ ശേഷവും റാഹേലിന്റെ ഉറക്കത്തിൽ ചൂട്ടുകത്തിച്ചത്, ഈ കോമൻതുരുത്തിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആകുലതയാണ്. അയൽപക്കത്ത് ഉണ്ടായിരുന്ന രവിയേട്ടന്റെയും കോശിച്ചായന്റെയും വീട്ടുകാർ, കൊച്ചിക്കടുത്ത് തുറവൂരിലേക്ക് വീട് മാറിപ്പോയി. മകൾ ജിൻസിയെ കെട്ടാൻ ആരും ഇങ്ങോട്ട് വരാത്തതുകൊണ്ട് ആലീസിന്റെ കുടുംബം ചങ്ങനാശ്ശേരിയിൽ വാടകവീട് എടുത്ത് മാറി. അവരുടെയൊക്കെ പറമ്പുകൾ വാങ്ങാൻ ആളില്ലാതെ അജ്ഞാതശവം കണക്കെ കിടന്ന് ചീഞ്ഞു. ചത്തവെള്ളത്തിൽ പുതഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന ഈ തുരുത്തിൽനിന്ന് ഓടിപ്പോയില്ലെങ്കിൽ, ഇവിടെ കിടന്ന് പുഴുത്ത് തീരുമെന്ന് റാഹേലിന് ഉറപ്പായിരുന്നു. പക്ഷേ സ്വന്തമായി എഴുന്നേറ്റ് കക്കൂസ് വരെ പോകാൻപോലും ആവതില്ലാത്ത അപ്പനെ കെട്ടിവലിച്ച് എങ്ങോട്ട് പോകാൻ? അങ്ങനെ പോയാലും അപ്പനെ എന്തുചെയ്യാൻ? അപ്പനെ ഒറ്റയ്ക്ക് ഏതെങ്കിലും വാടകമുറിയിലിട്ടിട്ട് എങ്ങനെ ജോലിക്ക് പോകാൻ..?

ജലയഴികളുള്ള തുറുങ്കാണ് തുരുത്തെന്ന് റാഹേലിന് അറിയാമായിരുന്നു. കുര്യച്ചന്റെ ഊർധംവലി പുളഞ്ഞ് വന്ന് ഇരുമ്പുതുടൽപോലെ അവളുടെ കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു. അതുകൊണ്ടാണ് ചേർത്തലയിലെ ജ്വല്ലറിയിൽ തട്ടാൻ പണിക്ക് പോകുന്ന ബാബുവിനെ ചട്ടംകെട്ടി ഒരു ചെറുകുപ്പിയിൽ സയനൈഡ് എത്തിച്ചത്. മരണത്തിന്റെ പരലുകൾ. അത് ബാബുവിനോട് പറഞ്ഞപോലെ കോശിച്ചായന്റെ പട്ടിയെ കൊല്ലാനായിരുന്നില്ല. അപ്പന്റെ ജീവനിൽ പുരട്ടാനായിരുന്നു. പക്ഷേ ആ സയനൈഡ് പാഴാക്കേണ്ടി വന്നില്ല.

വണ്ടാനം മെഡിക്കൽ കോളേജിൽ പോയി ഗർഭപാത്രം കീറിമുറിച്ചെടുത്ത് കളയേണ്ടി വന്നതിനുശേഷമാണ് തുരുത്ത് വിടണമെന്ന ചിന്ത റാഹേലിൽ ഉറച്ചത്. അടിവയറ്റിലെ ചെറിയ വേദനയായിട്ടാണ് അസ്വസ്ഥത തുടങ്ങിയത്. അന്നൊക്കെ വീട്ടിൽ വന്ന ഇടപാടുകാരെ, വയ്യെന്ന് പറഞ്ഞ് തിരിച്ചയച്ചു. ടൂറിസ്റ്റുകൾക്കായി ഹൗസ്‌ബോട്ടിലേക്ക് പ്രസാദ് വിളിച്ചപ്പോൾ അസുഖമാണെന്ന് പറഞ്ഞൊഴിഞ്ഞു. വേദന ചൂണ്ടക്കൊളുത്തുപോലെ കൊളുത്തി വലിച്ചപ്പോൾ ബാബുവിനോട് പറഞ്ഞ് ചേർത്തലയിൽനിന്ന് പെയിൻ കില്ലർ ഗുളിക മേടിപ്പിച്ചു. കാരണം സമീപദേശങ്ങളിലൊന്നും ഒരു മെഡിക്കൽ സ്റ്റോർ പോലുമില്ല.

മുമ്പ് കൈനകരിയിലൊരു പി.എച്ച്‌.സി ഉണ്ടായിരുന്നു. ആളുകൾ കൂട്ടത്തോടെ നാടൊഴിഞ്ഞ് പോയതോടെ രോഗികൾ വരാതായി. ആവശ്യക്കാരില്ലാതെ പി.എച്ച്‌.സി പൂട്ടി. കാരണം രോഗം കുട്ടനാടിനായിരുന്നു. മഹാപ്രളയത്തിന് ശേഷം കനകാശേരിയിൽ തുടർച്ചയായി മട വീണു. ചേറിൽ കുത്തി​പ്പൊക്കിയതൊക്കെ പമ്പയാറിന്റെ ജലവിരലുകൾ ആന്തിപ്പറിച്ചു. വെള്ളക്കെട്ട് ഇനിയൊരിക്കലും ഒഴിയില്ലെന്ന് ഉറപ്പായപ്പോൾ മീനപ്പള്ളിപ്പാടത്തെ കൂമൻതുരുത്തിൽ റാഹേലൊഴികെ എല്ലാവരും പെരയൊഴിഞ്ഞു. വീടിനുള്ളിൽ വർഷം മുഴുവൻ വെള്ളവും പുളവനും പാഷാണങ്ങളും നിറഞ്ഞതോടെ കാനാച്ചേരി ഭാഗത്തുള്ളവർ പുരയിടം വിട്ട് ആദ്യം ക്യാമ്പിലേക്കും പിന്നെ അരൂരിന്റെ പല ദിക്കിലേക്കും പോയി. വലയിൽ മീനുകളേക്കാൾ വെള്ളക്കുപ്പികൾ നിറഞ്ഞപ്പോൾ പള്ളിത്തോട്ടത്തെ വള്ളക്കാരൊക്കെ എടത്വായിൽ പോയി വറ്റാലുറപ്പിച്ചു. അങ്ങനെ മൂന്നാല് വർഷംകൊണ്ട് നാട് ശൂന്യമായി. ചികിത്സിക്കാൻ നാട്ടാരില്ലാതെ മുഷിഞ്ഞ കൈനകരി പി.എച്ച്‌.സിയിലെ സുരേഷ് ഡോക്ടർ സ്ഥലംമാറ്റം വാങ്ങി വണ്ടാനത്തേക്ക് പോയി. പിന്നാലെ പി.എച്ച്‌.സിക്ക് തൊട്ടടുത്തുള്ള വേണുവിന്റെ മെഡിക്കൽ സ്റ്റോറും അടച്ചു.

അകപ്പുണ്ണ് പോലുള്ള വയറുവേദന മൂർച്ഛിച്ച് ഛർദിലും തുടങ്ങിയപ്പോഴാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പോകാൻ റാഹേൽ തീരുമാനിച്ചത്. കാരണം, കുടലുപറിഞ്ഞ് ഛർദിക്കുമ്പോഴും അണ്ണാക്കിൽനിന്ന് ശ്വാസമെടുക്കുമ്പോഴും, ഉള്ളിൽനിന്നൊരു ദുഷിച്ച നാറ്റം വരുന്നു. എലി ചത്ത് ചീഞ്ഞതിന്റെ പോലെ കെടുമ്പുനാറ്റം. അമീറിനെ ഒപ്പം വിളിച്ചാണ് റാഹേൽ മെഡിക്കൽ കോളേജിൽ പോയത്. പ്രസാദിന്റെ കള്ളുഷാപ്പിലേക്കായി തെങ്ങ് ചെത്തുന്ന ബംഗാളിയാണ് അമീറുൾ.

യാദൃച്ഛികമെന്നോണം മെഡിക്കൽ കോളേജിലും സുരേഷ് ഡോക്ടറെയാണ് കണ്ടത്. സ്‌കാൻ ചെയ്തപ്പോൾ തെളിഞ്ഞത്, ഗർഭപാത്രത്തിനുള്ളിൽ നാലാഴ്ച വളർച്ചയുള്ളൊരു ഭ്രൂണത്തിന്റെ ശവമാണ്. എങ്ങനെയോ ഛിദ്രമാക്കപ്പെട്ട ഭ്രൂണം ജീവനറ്റ് ചീഞ്ഞുതുടങ്ങിയിരുന്നു. അതിന്റെ അണുബാധയാൽ ഗർഭപാത്രത്തിന്റെ അകവശമാകെ കുരുക്കൾ പൊങ്ങി. ചില കുരുക്കൾ പൊട്ടിയിട്ടുണ്ട്. മരുന്നുകൾകൊണ്ട് ഭേദമാക്കാനാകാത്ത വിധം പുണ്ണുകൾ പടർന്നിരുന്നു.

സ്വയമൊരു ശവക്കല്ലറയായതുപോലെ സ്വശരീരത്തോട് റാഹേലിന് അറപ്പ് തോന്നി. ജീവൻ ഉരുവാകേണ്ട ഗർഭപാത്രത്തിലെ ദ്രവതൽപം, ശവം ചീയുന്ന വെള്ളക്കെട്ടായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനെപ്പറ്റി സുരേഷ് ഡോക്ടർ ചോദിച്ചപ്പോൾ, മറുചിന്തയില്ലാതെ റാഹേൽ സമ്മതിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞാൽ ഇനിയൊരിക്കലും പ്രസവിക്കാനാകില്ലെന്ന് സുരേഷ് ഡോക്ടർ അനുതാപത്തോടെ ഓർമിപ്പിച്ചു. മാതൃത്വത്തിന്റെ മാംസവീട് കൊത്തിപ്പറിച്ച് കളയാനുള്ള സമ്മതപത്രത്തിൽ റാഹേൽ ചാഞ്ചല്യമില്ലാതെ ഒപ്പിട്ട് കൊടുത്തു. ഡോക്ടർ പറയുന്നതിന്റെ പൊരുളൊന്നും തിരിയാതെ ഒപ്പമിരിക്കുന്ന അമീറുളിന്റെ ബീജത്തിൽനിന്നാകാം തന്റെ ഗർഭപാത്രത്തിൽ ആദ്യമായി ജീവസ്പന്ദനം ഉണ്ടായതെന്ന് റാഹേൽ ഊഹിച്ചു.

കള്ളുഷാപ്പിലെ കറിപ്പണിക്ക് പോകുന്നതിനിടെ പ്രസാദാണ് ആദ്യമായി റാഹേലിന്റെ ശരീരത്തിൽ കയറിപ്പിടിച്ചത്. അന്ന് പ്രസാദിന്റെ അച്ഛൻ വേലായുധപ്പണിക്കരാണ് ഷാപ്പ് നടത്തിയിരുന്നത്. അമ്മച്ചി മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ റാഹേൽ ഷാപ്പിലെ പണിക്ക് പോകാൻ തുടങ്ങിയിരുന്നു. ഹൗസ്‌ബോട്ടുകൾ തള്ളുന്ന വിഷങ്ങളിൽ മുങ്ങിക്കിടന്ന് കക്ക് വാരിയാണ്, അമ്മച്ചിക്ക് അർബുദം പിടിച്ചത്. പഴന്തുണിപോലെ തൊലി പിഞ്ചിപ്പൊട്ടി പുഴുത്ത് നാറി അമ്മച്ചി മരിച്ചു. കാലം തെറ്റിയ മഴക്കാറുകൾ ആകാശ ഭ്രാന്തികളായതോടെ, അപ്പൻ കണ്ടവും ഉപേക്ഷിച്ചിരുന്നു.

വാളയും കണമ്പും മഞ്ഞക്കൂരിയുമൊക്കെ കൊടംപുളിയിട്ട് കറിവെക്കുകയായിരുന്നു ഷാപ്പിലെ പണി. ഒരു വൈകുന്നേരം വീട്ടിലേക്ക് പോകാനായി തുണി മാറ്റാൻ മറപ്പുരയിൽ കയറിയപ്പോൾ, പ്രസാദ് ഓടിച്ചെന്ന് റാഹേലിനെ ഭിത്തിയിലേക്ക് തിരിച്ചുനിർത്തി രണ്ട് കൈകൊണ്ടും നിതംബത്തിൽ പിടിച്ചമർത്തി. ഒരു മിനിറ്റിൽ ഒരു ജന്മത്തിന്റെ ആർത്തി തീർക്കാനുള്ള വെപ്രാളം. അവൾക്ക് വേദനിച്ചു. മാംസംകൊണ്ട് ഉണ്ടാക്കിയ രണ്ട് നിതംബങ്ങളാണ് താനെന്ന്, അന്ന് റാഹേലിന് മനസ്സിലായി. തിരിഞ്ഞു പോകുന്നതിനിടെ പ്രസാദ് ചെവിയിൽ പറഞ്ഞു: ‘‘പെറകീന്ന് നിന്നെ കാണുമ്പോ പ്രാന്ത് പിടിക്കുവാ.’’

വീട്ടിൽ ചെന്ന് കൈകൾ പിന്നിലേക്ക് വളച്ച് തന്റെ നിതംബ വലുപ്പം റാഹേൽ അളന്നു. നിവർന്ന് നിൽക്കുന്നതിലെ അഭിമാനമായും വാക്കത്തിക്ക് ചെത്തിക്കളയേണ്ട അപമാനമായും ഒരേസമയം അവൾ നിതംബത്തെ അറിഞ്ഞു. കുര്യച്ചൻ ഇല്ലാത്ത സമയം നോക്കി പ്രസാദ് വീട്ടിൽ വരാൻ തുടങ്ങി. ആ വരവുകൾ പലരിൽനിന്ന് നാട്ടിലാകെ പരന്നു. കാലം കഴിഞ്ഞപ്പോൾ അവളെ തേടി പലരും വന്നു.

പിന്നെ ഹൗസ്‌ബോട്ടിൽ വരുന്ന ആവശ്യക്കാർക്ക് വേണ്ടിയും പ്രസാദ് റാഹേലിനെ വിളിക്കാൻ തുടങ്ങി. വീട്ടിൽ വരുന്നവരിൽ നിന്ന് എതിർ സ്വഭാവക്കാരായിരുന്നു ഹൗസ്‌ബോട്ടിലുള്ളവർ. വീട്ടിലെത്തുന്നവർ ഭാര്യമാരോട് കള്ളം പറഞ്ഞ് വരുന്നവരായതുകൊണ്ട് എല്ലാം തിടുക്കത്തിൽ തീർത്ത് തിരികെ പോകണം. പക്ഷേ ഹൗസ് ബോട്ടിലെ എ.സി മുറിയിലുള്ളവർക്ക് ഒരുപാട് അഴിക്കണം. അതുകൊണ്ട് ബോട്ടിൽ പോകണമെങ്കിൽ സാരിയാണ് ഉടുക്കുക. അല്ലെങ്കിൽ സെറ്റും മുണ്ടും.

ദേവരാജ് എന്നൊരു പത്രക്കാരൻ റാഹേലിനെ കാണാൻ മാസത്തിൽ ഒരിക്കലെങ്കിലും ഹൗസ്‌ബോട്ടിൽ വരും. എത്ര തിരുത്തിയിട്ടും റാഹേലിനെ അയാൾ സാറ എന്നാണ് വിളിച്ചത്. അങ്ങനെ വിളിക്കുന്നതിന്റെ കാരണവും അയാൾ ഒരിക്കൽ പറഞ്ഞിരുന്നു. അസാധാരണ നിതംബ വലുപ്പമുള്ള ആഫ്രിക്കൻ അടിമസ്ത്രീയായിരുന്നു സാറ. ബ്രിട്ടീഷുകാർ സാറ ബാർമാനെ ദക്ഷിണാഫ്രിക്കയിൽനിന്ന് വിലയ്ക്ക് വാങ്ങി. എന്നിട്ട് നഗ്നയാക്കി അഴികളുള്ള ഇരുമ്പുകൂട്ടിലിട്ട് നഗരത്തിലൂടെ ടിക്കറ്റ് നിരക്കിൽ പ്രദർശിപ്പിച്ചു. അവളുടെ നിതംബം കാണാൻ നൂറുകണക്കിന് ബ്രിട്ടീഷുകാരാണ് ഒത്തുകൂടിയത്.

‘‘നിന്നെയും വിലയ്ക്ക് വാങ്ങി ഇരുമ്പുകൂട്ടിലിട്ട് ഞാൻ പ്രദർശിപ്പിക്കട്ടെ.’’ റാഹേൽ ചിരിച്ചില്ല. അപ്പോൾ അയാളുടെ വിരലുകളിൽ ഇരുമ്പഴികളുടെ ലോഹത്തണുപ്പ്.

റാഹേലിനേക്കാൾ പ്രായത്തിൽ ഇളയതാണ് അമീറുൾ. മീശ മുളച്ച് തുടങ്ങുന്ന പ്രായത്തിലാണ് ബംഗാളിൽനിന്ന് ആലപ്പുഴയിൽ എത്തിയത്. ചെത്തുകാരൻ ദിവാകരൻ ഒരിക്കൽ ചേർത്തല കോടതിയിൽ പോയി വന്നപ്പോൾ ഒപ്പം കൂട്ടിയതാണ്. കുറേക്കാലം പാടത്ത് പണിക്ക് പോയി. ഇതിനിടെ തെങ്ങുകയറ്റവും ചെത്തും ദിവാകരൻ പഠിപ്പിച്ചു. കൈനകരിയിൽ നാടൻ ചെത്തുകാർ ഇല്ലാതായപ്പോൾ അമീറായി ഷാപ്പിലെ ചെത്തുകാരൻ.

കള്ളുമായി ഷാപ്പിൽ വരുന്ന കാലം മുതൽ തുടങ്ങിയതാണ് റാഹേലിനെ ചുറ്റിപ്പറ്റി നിൽക്കുന്നത്. ചെതുമ്പൽ കളഞ്ഞ് മീൻ മുറിക്കുമ്പോഴൊക്കെ ആശയോടെ അവളെ നോക്കിനിൽക്കും. ഇടയ്ക്ക് മുറി മലയാളത്തിൽ ഓരോന്ന് ചോദിക്കും. രാത്രികളിൽ റാഹേലിന്റെ വീടിന് തെക്കുള്ള കൊച്ചുതുരുത്തിലേക്ക് വള്ളത്തിൽ വന്ന്, അവൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കിനിൽക്കും. നിറനിലാവുള്ള രാത്രിയിൽ കൊച്ചുതുരുത്തിലെ തെങ്ങിൽ ചാരി അമീർ നിൽക്കുന്നത് റാഹേൽ കണ്ടിട്ടുണ്ട്.

ഒരിക്കൽപോലും റാഹേലിന്റെ വീട്ടിലേക്ക് അമീർ വന്നില്ല. അടുത്ത മുറിയിൽ അപ്പൻ കിടക്കുന്ന ഒരു വീട്ടിൽ വന്ന് അരുതാത്തതൊന്നും ചെയ്യാൻ പറ്റില്ലെന്ന് അവൻ പറയും. വില്ലേജ് ഓഫീസർ ദീപു വിട്ടൊഴിഞ്ഞ് പോയതോടെ ആൾപ്പാർപ്പില്ലാതായ ആ വീട്ടിലാണ് ഇപ്പോൾ അമീറിന്റെ താമസം. ദിനേന ചെളിയിലേക്ക് ഇരിക്കുന്ന വീടാണത്. മുമ്പ് മൂന്ന് സ്റ്റെപ്പ് ചവിട്ടിയാണ് വീട്ടിലേക്ക് കയറേണ്ടിയിരുന്നത്. ഇപ്പോൾ തറനിരപ്പിലേക്ക് വീടിരുന്നു. ഒരുനാൾ വീട് അതേപടി ചെളിയിൽ പൂണ്ടുപോവുകയും സമചതുര ഗർത്തം ബാക്കിയാവുകയും ചെയ്യുമോ എന്ന് പേടിയാകും.

അമീറിന്റെ അടുത്ത് എത്തുമ്പോഴൊക്കെ റാഹേലിന് സംശയം തോന്നും: താൻ അവന്റെ ആരാണ്? തുണിയഴിച്ചാൽ ഒരു കുട്ടിയുടെ കൗതുകത്തോടെ അവൻ ചുറ്റും വലംവെച്ച് ശരീരമാകെ ഒറ്റവിരലാൽ തൊട്ടൊഴിയും. അവൻ മാത്രം ശരീരത്തിനുള്ളിലേക്ക് തുളുമ്പിവീഴ്ത്തിയത് സ്‌നേഹദ്രവമാണ്. ചിലപ്പോൾ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകും. കാരണം ചോദിച്ചാൽ നാടിനെപ്പറ്റി ഓർത്തെന്ന് പറയും. പക്ഷേ കൈനകരിയിൽ വന്ന് ഇത്ര വർഷങ്ങൾക്ക് ശേഷവും ബംഗാളിലേക്ക് പോയിട്ടില്ല. അവൻ പോകണമെന്ന് റാഹേലും ആഗ്രഹിച്ചില്ല.

കുര്യച്ചന്റെ ശവം മീനപ്പള്ളിപ്പാടത്തിൽ തുരുത്തിനോട് ചേർന്ന് രാവിലെ തന്നെ പൊങ്ങി. കൈകാലുകളുള്ള കരിയില പോലെ ശവശരീരം ഓളങ്ങളിൽ ഇളകിയാടി. കുര്യച്ചൻ ശയ്യാവലംബിയാകാൻ കാരണമായ മീനപ്പള്ളിപ്പാടത്ത് തന്നെ, കുര്യച്ചന്റെ ശവവും പൊന്തിക്കിടന്നു.

വർഷങ്ങൾക്ക് മുമ്പുള്ള മഹാപ്രളയത്തിനു ശേഷം കനകാശേരി മട തുടരെ വീണുകൊണ്ടിരുന്നു. പതിറ്റാണ്ടുകളായുള്ള ഇരുപ്പുക്കൃഷി മുടങ്ങി. മൂന്നുവട്ടം പാടശേഖര സമിതി മട വീണ്ടും കുത്തിപ്പൊക്കി. അതിനുശേഷവും ഒരിക്കൽ കനാച്ചേരിയിൽ പോയി വരുമ്പോൾ മടയിൽ ഒലിപ്പുണ്ടായത് കുര്യച്ചൻ കണ്ടു. അടിയുറപ്പില്ലാതെ മടയിൽ അള്ള വീണതാണ്. ഉറവ കേറുന്ന തുളയിൽ മുളയും അലകും കുത്തി, ചെളിയും കടകലുംകൊണ്ട് അള്ള അടയ്ക്കാൻ കുര്യച്ചൻ പണി തുടങ്ങി. ഇതിനിടെ മട മൊത്തത്തിൽ വീണ് തോട്ടിലെ വെള്ളം കുത്തിയൊലിച്ചു. നിലതെറ്റി വീണ് കരണംമറിഞ്ഞ കുര്യച്ചന്റെ വലതുകാലിൽ, പൊട്ടിക്കീറിയ അലകിന്റെ അറ്റം തുളഞ്ഞിറങ്ങി.

കുറേക്കാലം വണ്ടാനം മെഡിക്കൽ കോളേജിൽ കിടന്നെങ്കിലും പ്രമേഹരോഗിയായ കുര്യച്ചന്റെ കാലിന് സൗഖ്യമായില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പാലിയേറ്റീവ് യൂനിറ്റിനെ ഏൽപിച്ച് അവർ വീട്ടിലേക്ക് വിട്ടു. പക്ഷേ തുരുത്തിലുള്ളവരൊക്കെ അരൂരിലേക്കും ചങ്ങനാശ്ശേരിയിലേക്കും നാടുവിട്ടതോടെ കനകാശേരി ബ്രാഞ്ച് കമ്മിറ്റി ആൾശൂന്യമായി. പാലിയേറ്റീവ് യൂനിറ്റ് നിലച്ചു. പിന്നെ കുര്യച്ചനെ കക്കൂസിൽ കൊണ്ടുപോയി ഇരുത്തുന്നതും കുളിപ്പിക്കുന്നതുമൊക്കെ റാഹേൽ ഒറ്റയ്ക്കായി. പലതരം വിസർജ്യങ്ങൾക്ക് ഇടയിലായി അവളുടെ ജീവിതം മലം, മൂത്രം, ശുക്ലം. അതിന്റെ ആവർത്തനം.

കുര്യച്ചന്റെ ശവം വെള്ളത്തിൽനിന്നെടുത്ത് മുറ്റത്തെ തഴപ്പായയിൽ കിടത്തിയപ്പോൾതന്നെ, പുളിങ്കുന്നിൽനിന്ന് ബോട്ടിൽ പോലീസെത്തി. തുരുത്തുകളും, പുരകളും ആളൊഴിഞ്ഞ ശേഷം കുറ്റവും ശിക്ഷയുമില്ലാത്ത വിരസതയിലാണ് പോലീസുകാർ. അതുകൊണ്ട് ചെറിയ അപകടങ്ങൾ ഉണ്ടായാൽപോലും പോലീസ് ഓടിയെത്തും. കുറ്റകൃത്യങ്ങൾ ഇല്ലാത്തതിനാൽ സ്വയം അപ്രസക്തരായി പോകാതിരിക്കാനുള്ള പോലീസുകാരുടെ അസംബന്ധ നാടകം.

വന്ന പോലീസുകാരുടെ കൂട്ടത്തിൽ എ.എസ്.ഐ രാജീവ് ഉണ്ടായിരുന്നു. റാഹേലിന് രാജീവിനെ നേരത്തെ അറിയാം. ഒന്നുരണ്ടു വട്ടം റാഹേലിനെ തേടി രാജീവ് വീട്ടിൽ വന്നിട്ടുണ്ട്.

കുതിർന്ന കൊതുമ്പ് കണക്കെ പായിൽ കിടക്കുന്ന അപ്പന്റെ ശവം നോക്കി ചെത്തിവേലിയിൽ ചാരിനിന്ന റാഹേലിനോട് രാജീവ് ചോദിച്ചു: ‘‘എന്താ പറ്റിയെ?’’

‘‘വെളിപ്പാംകാലത്ത് പെടുക്കാൻ ഇറങ്ങിയതായിരിക്കും. വലതുകാല് മേലാണ്ടായതല്ലേ. സ്ലിപ്പായി വീണ് കാണും.’’ റാഹേൽ മറുപടി പറയുമ്പോൾ രാജീവിന്റെ മുഖത്ത് നോക്കിയില്ല.

‘‘എന്തേലും സംശയം?’’

‘‘പത്തെഴുപത് വയസ്സായ അപ്പൻ കാല് തെന്നി വീണ് ചത്തേല് ആർക്കെന്ത് സംശയം...’’

‘‘എന്നാ അൺനാച്വറൽ ഡെത്ത് രജിസ്റ്റർ ചെയ്യുന്നില്ല. ജിഡി എൻട്രി ഇട്ടേക്കാം. ഡെത്ത് സർട്ടിഫിക്കേറ്റിന് ആവശ്യം വരും.’’ മുമ്പ് റാഹേൽ നൽകിയ സൗജന്യത്തിന് രാജീവിന്റെ നന്ദിപ്രകടനം.

ചടങ്ങ് പൂർത്തിയാക്കി പോലീസ് മടങ്ങി. എന്നാൽ പോലീസ് വന്നപ്പോൾ മുതൽ പോകുംവരെ അമീർ വീടിന്റെ പിന്നാമ്പുറത്ത് മറഞ്ഞിരുന്നത് റാഹേൽ മാത്രം ശ്രദ്ധിച്ചു.

കുര്യച്ചന്റെ ശവം പൊങ്ങിയപ്പോൾ മുതൽ കാര്യദർശിയായി നിന്ന പ്രസാദാണ്, മൃതദേഹം ചിതയൊരുക്കി ദഹിപ്പിക്കാമെന്ന നിർദേശം വെച്ചത്. റാഹേലിന്റെ മുന്നിലും മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇടവകക്കാരൊക്കെ പല ദേശത്തേക്ക് പോയതോടെ, റാഹേൽ കൂടി നടന്ന ഗോവേന്ദ പള്ളിയിലെ ആഴ്ചക്കുർബാന നിർത്തി. ശേഷിക്കുന്നവർ ചാവറയച്ചന്റെ സി.എം.ഐ പള്ളിയിലേക്ക് പോയി. റാഹേൽ അവിടെ വരി കൂടുകയോ കുഴിക്കാണം കൊടുക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ശവവുമായി അങ്ങോട്ട് പോകാൻ പറ്റില്ല. കുര്യച്ചൻ മൂപ്പനായിരുന്ന ഗോവേന്ദ പള്ളി ഇപ്പോൾ മൃതസ്ഥലങ്ങൾ കാണാനെത്തുന്ന ടൂറിസ്റ്റുകൾക്കായി തുറന്നിട്ടിരിക്കുകയാണ്. ഇടവകക്കാരുടെ കണ്ണീരപേക്ഷകൾ കേട്ടിരുന്ന ക്രിസ്തുരൂപം ഇന്നൊരു പുരാവസ്തുവാണ്. അൾത്താരയിലെ വെള്ളിക്കുരിശ് ഭദ്രാസനക്കാർ എടുത്തുകൊണ്ട് പോയി. പകരം തടിക്കുരിശ് കൊണ്ടുവെച്ചു.

മുമ്പ് തന്നെ തുരുത്തിൽ കുഴിയെടുത്ത് ശവമടക്കാൻ പറ്റില്ല. തൂമ്പ കൊണ്ടുള്ള രണ്ട് കൊത്ത് കഴിയുമ്പോൾ തന്നെ ചേറും ചെളിവെള്ളവുമാണ്.

ഉച്ച കഴിഞ്ഞപ്പോൾതന്നെ കുര്യച്ചനെ ചിതയിൽ വെച്ചു. കോശിച്ചായന്റെ പറമ്പിലെ മാവ് കീറിയതും അലകും തൊണ്ടും ചുള്ളികളുമെല്ലാം വെച്ച് ചിതയൊരുക്കിയതും അമീറാണ്. ചടങ്ങായിട്ടല്ല എങ്കിലും റാഹേലാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അപ്പൻ കത്തിയമരുന്നത് കള്ളക്കണ്ണീരിന്റെ പൊയ്മുഖമില്ലാതെ നിർവികാരയായി നോക്കിനിന്നു. ചിത പാതി കത്തി വാരിയെല്ല് പൊട്ടുന്ന ശബ്ദം കേട്ടതോടെ പ്രകാശ് അടക്കം എല്ലാവരും പലവഴി പിരിഞ്ഞു. അമീർ മാത്രം ബാക്കിയായി. അവന്റെ വെളുത്ത മുഖത്ത് പിതൃനഷ്ടത്തിന്റെ ചിതക്കനൽ ചുവന്നത് റാഹേൽ ശ്രദ്ധിച്ചു. ജന്മബന്ധമില്ലെങ്കിലും മരണത്തിലൂടെ കുര്യച്ചനുമായി പുത്രബന്ധം സ്ഥാപിക്കപ്പെട്ടത് പോലെ.

അടിച്ചേറിലേക്കും തീച്ചൂടേറ്റി ഒരു ചതുരം കനലായി കുര്യച്ചൻ എന്നെന്നേക്കുമായി ഇല്ലാതായി. ഒറ്റമുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടച്ച് അമീർ റാഹേലിന്റെ അടുത്തേക്ക് ചെന്നു. സ്‌നേഹ നിസ്സഹായതയോടെ അവൻ ചോദിച്ചു: ‘‘എന്നാലും കൊന്ന് കളഞ്ഞു. അല്ലേ... നഹി കർന ദാ...’’

സ്വാഭാവികത അഭിനയിക്കാൻപോലും മറന്ന് അവൾ സ്തബ്ധയായി. ‘‘ന്താ പറഞ്ഞെ..?’’

‘‘തർക്കിക്കണ്ട. ഇന്നലെ രാത്രി കൊച്ചുതുരുത്തിലെ തെങ്ങിന്റെ ചോട്ടിലാണ് ഞാൻ കിടന്നത്.’’

അപ്പോൾ മാത്രം റാഹേലിന്റെ ദേഹത്തേക്ക് ചിതച്ചൂട് കത്തിക്കയറി. അവൾ വിയർത്തു. ‘‘നീ വെല്ലോം കണ്ടോ?’’

‘‘ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ബാപ്പ തന്നെത്താൻ മരിച്ചപ്പോൾ ഒറ്റയ്ക്കായവനാണ് ഞാൻ. അന്ന് തുടങ്ങിയ യാത്രയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എത്ര നാട് കണ്ടെന്ന് അറിയോ. ആ എനിക്ക് ഇന്ന് കണ്ണുകൊണ്ട് കണ്ടതൊന്നും താങ്ങാൻ വയ്യ.’’ അമീറിന്റെ വാക്കുകൾ നനഞ്ഞു.

അടിവയറ്റിൽനിന്ന് കത്തിക്കയറിയ ആധിയിൽ റാഹേൽ ചോദിച്ചു: ‘‘ന്നിട്ട് നീയിത് ആരോടേലും പറഞ്ഞോ? ഒരക്ഷരം ഒരാളോട് പറേല്ലേ... ന്റെ അമീറല്ലേ...’’

‘‘ഇല്ല. ഞാൻ ആരോടും പറയില്ല. പക്ഷേ പോലീസൊക്കെ എന്നോട് ഇങ്ങോട്ട് വന്ന് ചോദിച്ചാൽ ഞാൻ പറഞ്ഞ് പോകുമോന്ന് പേടി. അതാ പോലീസ് വന്നപ്പോൾ ഞാൻ വീടിന് പിന്നിലേക്ക് മാറിയത്.’’

‘‘ഇന്ന് രാത്രി നീ ഇങ്ങോട്ട് വരണം. പണ്ടത്തെ ഒഴിവുകഴിവ് ഇനി വേണ്ടല്ലോ. അപ്പനില്ലല്ലോ. എന്തായാലും രാത്രി നീ വരണം.’’

‘‘അച്ഛൻ മരിച്ച ഇന്ന് തന്നെയോ?’’

‘‘ഇന്ന് തന്നെ. നിന്നോട് എനിക്ക് സംസാരിക്കാനൊണ്ട്. ഈ രാത്രി എനിക്ക് നിന്നെ വേണം.’’

അമീർ നിലത്തേക്ക് നോക്കി തലകുലുക്കി.

രാത്രി ഒമ്പത് മണിയോടെ അമീർ എത്തുമ്പോഴേക്കും റാഹേൽ ശാന്തയായിരുന്നു. താൻ നടത്തിയ കൊലയ്ക്ക് അപ്രതീക്ഷിത സാക്ഷി ഉണ്ടായതിന്റെ വിറ മാറി. അവൾ കുളിച്ച് സാരി മാറ്റി നൈറ്റിയാണ് ഇട്ടിരുന്നത്. അമീറിനെ കിടപ്പുമുറിയിൽ ഇരുത്തിയിട്ട്, പ്രസാദ് കൊണ്ടുവെച്ച റമ്മിൽനിന്ന് ഓരോ ലാർജ് ഒഴിച്ചു. അപ്പോഴും അമീർ വെള്ളത്തിൽ പിടഞ്ഞുള്ള മരണം കണ്ടതിന്റെ പകപ്പിലായിരുന്നു. അവൻ ഒറ്റവലിക്ക് ആ ഗ്ലാസ് കുടിച്ച് തീർത്തു. റാഹേൽ ഒരെണ്ണം കൂടി ഒഴിച്ചുകൊടുത്തു.

കട്ടിലിൽ അമീറിനോട് ചേർന്നിരുന്ന്, ഒരു കൈ പിടിച്ച് മടിയിൽ വെച്ച് റാഹേൽ സംസാരിച്ച് തുടങ്ങി. ‘‘നിനക്ക് അറിയാല്ലോ, ഞാനെത്ര കാലമായി ഈ തുരുത്തി ഒറ്റയ്ക്കാന്ന്. വല്ലോരും വന്നാലും പത്താകും മുമ്പ് അവനവനോന്റെ പൊര പറ്റും. പിന്നെ ഞാനും ചാവാൻ കിടക്കുന്ന അപ്പനും മാത്രം. കഴിഞ്ഞ ദെവസമൊരു രാത്രി അടുക്കളേടെ കതക് അടയ്ക്കാൻ നോക്കിയിട്ട് സാക്ഷ വീഴുന്നില്ല. കതക് ഏങ്ങോണിച്ചിരിക്കുന്നു. പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയപ്പോഴാ കണ്ടെ, വീടിന്റെ വടക്കേമൂല ഇരിക്കുവാ. ചേറിൽ പൊതയുവാ. പണ്ടാണെ വെള്ളപ്പൊക്കം കഴിഞ്ഞാ ചേറ് കുത്തിയോ ഗ്രാവൽ ഇറക്കിയോ തുരുത്തിന്റെ തറ പൊക്കും. ഇപ്പോ അതിനൊക്കെ ആരാ. നിനക്കറിയോ അടുത്ത വെള്ളപ്പൊക്കത്തിന് ഈ വീട് നെലം പൊത്തും. അതിന് മുമ്പ് എനിക്ക് രക്ഷപ്പെടണം. അരൂർക്കോ ചെങ്ങനാശേരിക്കോ പോയൊരു വാടകമുറി എടുക്കണം. ഈ പണിയെങ്കി ഈ പണി, എന്തെങ്കിലുമെടുത്ത് ജീവിക്കണം. അതിനിടെ നേരാംവണ്ണം എഴുന്നേറ്റൊന്ന് നിക്കാമ്പറ്റാത്ത അപ്പനെ ഞാനെന്ത് ചെയ്യും. അപ്പനെ വലിച്ചുകെട്ടി കൊണ്ടുപോയാ ഞാനെങ്ങനെ വെല്ല പണിക്ക് പോം. അതോർത്ത് ഇന്നലെ രാത്രി ഒരു പോള ഉറങ്ങാൻ പറ്റീല്ല. അങ്ങനെ കെടക്കുമ്പോഴാ അപ്പൻ തന്നെ വിളിച്ചെ...’’ റാഹേൽ ഒരിറക്ക് റം കുടിച്ചിട്ട് തുടർന്നു. ‘‘എടാ എനിക്ക് ജീവിക്കണം. ഇനി നേരമില്ല. എത്രേം പെട്ടെന്ന് ഈ നശിച്ച വെള്ളക്കെട്ടീന്ന് കര പറ്റണം. നീ എന്നെ ചതിക്കല്ല്...’’

ഒരു ലാർജ് കൂടി വലിച്ച് കുടിച്ചപ്പോൾ അമീറിന് തീരുചി തികട്ടി. എരിയുന്ന നെഞ്ചിൽനിന്ന് ശ്വാസമെടുത്ത് ഊതിയിട്ട് അവൻ ചോദിച്ചു: ‘‘ഇങ്ങനെ രക്ഷപ്പെട്ട് നമ്മൾ ആർക്കു വേണ്ടിയാണ് ജീവിക്കുന്നത്? നമുക്ക് വേണ്ടി മാത്രമോ? സ്വന്തം അച്ഛനെ കൊന്നിട്ട് ഓടിപ്പോയാൽ അത് രക്ഷപ്പെടലാകുമോ?’’

‘‘പിന്നെ ഞാനെന്ത് ചെയ്യണം? അടി താഴുന്ന ഈ തുരുത്തി, ഇടിഞ്ഞു വീഴാറായ വീട്ടി കെടന്ന് ചാവണോ? കള്ളുഷാപ്പി കറിക്കരച്ചും ആർക്കൊക്കെയോ നൈറ്റി പൊക്കിയും അളിഞ്ഞ് കെടക്കണോ? എനിക്കുമില്ലേ ജീവിക്കാൻ മോഹം...’’

അമീർ തന്നെ ഒരു പെഗ് ഒഴിച്ചു. സ്റ്റീൽ ജഗ്ഗ് കാലിയായതുകൊണ്ട് റാഹേൽ ഗ്ലാസ് എടുത്ത് അടുക്കളയിൽ പോയി വെള്ളമൊഴിച്ച് കൊണ്ടുവന്നു. അമീറിന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ‘‘ബാപ്പ ഇല്ലാതായതുകൊണ്ട് മാത്രം നശിച്ചുപോയ ജീവിതമാണ് എന്റേത്. അച്ഛനെ ഇല്ലാതാക്കിയാലാണ് രക്ഷപ്പെടാനാവുക എന്ന് റാഹേലേച്ചി പറയുന്നു. എനിക്കത് മനസ്സിലാകുന്നില്ല. സ്‌കൂളിൽ പോയുള്ള പഠിപ്പൊന്നും എനിക്കില്ല. പക്ഷേ ജീവിതം പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് റാഹേലേച്ചിക്ക് ഒപ്പം നിൽക്കാമെന്ന് ഞാൻ ഉറപ്പ് തരാത്തത്. ഈ കാലത്തിനിടയ്ക്ക് ഞാൻ ഒരുപാട് യാത്ര ചെയ്തു. ചതിയും സ്‌നേഹവും കിട്ടി. മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട്. ഒരു രാജ്യത്തെയല്ല. രണ്ട് രാജ്യത്തെ ജീവിതം കണ്ടു. ഇന്നുവരെ ഞാനിവിടെ ആരോടും പറയാത്ത ഒരു രഹസ്യം റാഹേലേച്ചിയോട് മാത്രം പറയട്ടെ. സത്യത്തിൽ ഞാൻ ബംഗാളിയല്ല. ഇന്ത്യാക്കാരനുമല്ല. ഞാൻ ബംഗ്ലാദേശിയാണ്...’’

റാഹേൽ ഞെട്ടിയില്ല. പകരം ഗൂഢമായി ചിരിച്ചു. അമീറിനെ എന്നെന്നേക്കും കുരുക്കിയിടാനുള്ള രഹസ്യം വൈകി കിട്ടിയപ്പോൾ റാഹേലിന്റെ ചുണ്ടുകൾ ചൂണ്ട പോലെ വളഞ്ഞു. ബംഗ്ലാദേശിലെ സത്ഖിരയിലായിരുന്നു അമീറിന്റെ കുടുംബം. ബറ്റ്‌ന നദിയുടെ കനാലുകൾ ഊർവരമാക്കിയ നെൽപ്പാടങ്ങളെ ഉപജീവിച്ചുള്ള ജീവിതം. അമീറിന്റെ ബാപ്പ സൈനലുദ്ദീന് രണ്ടര ഹെക്ടർ പാടമായിരുന്നു ഉണ്ടായിരുന്നത്. ഓരോ വർഷവും ക്രിഷോക് സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത് കൃഷിയിറക്കുന്ന അതിസാധാരണ കർഷകൻ. വീട്ടിൽ അമീറും സൈനലുദ്ദീനും മാത്രമാണ്. വീട്ടിൽ കിടന്ന് അമീറിനെ പ്രസവിക്കുമ്പോൾ ഉണ്ടായ രക്തസ്രാവംകൊണ്ടാണ് തൗഫിയ മരിച്ചത്. ചോരക്കുഞ്ഞിനൊപ്പം സ്വന്തം മരണത്തെയും പ്രസവിച്ച ഉമ്മ. എങ്കിലും പിതൃവാത്സല്യത്തിന്റെ മുലപ്പാലൂട്ടി, കതിര് മൂപ്പെത്തിക്കുംപോലെയാണ് അമീറിനെ സൈനലുദ്ദീൻ വളർത്തിയത്.

പക്ഷേ തീർത്തും അവിചാരിതമായി രണ്ട് വിളവുകാലങ്ങൾക്കിടയിൽ സൈനലുദ്ദീന്റെ ജീവിതം തണ്ടൊടിഞ്ഞ് വീണു. അന്ന് സത്ഖിര ജില്ലയിലെ മൊത്തം പാടങ്ങളിലെയും കതിര് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചീഞ്ഞടിഞ്ഞു. പച്ചപ്പ് വെട്ടിത്തിളങ്ങേണ്ട പാടങ്ങളെല്ലാം പെട്ടെന്ന് മഞ്ഞിച്ച് അഴുകി. സൈനലുദ്ദീന്റെ കൃഷി ഒരു കതിരൊഴിയാതെ നശിച്ചു. സത്ഖിരയ്ക്ക് തെക്കുള്ള ബംഗാൾ ഉൾക്കടൽ ഉഗ്രതാപത്താൽ തിളച്ച് പൊന്തി നദികളിലേക്ക് തിരിച്ച് കയറിയതാണ്. നദിയിൽ ലവണവിഷം പടർന്നു. ആ ഉപ്പുവെള്ളമാണ് കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിച്ചത്. കര കടന്നെത്തിയ കടൽ, പാടങ്ങളെ ചാവുനിലമാക്കി.

ആദ്യ വർഷം സൊസൈറ്റിയിലെ പലിശ പലരിൽനിന്ന് കടം വാങ്ങി അടച്ചു. രണ്ടാം വർഷവും നദികളിലൂടെ കടൽ കയറി വന്ന് പാടങ്ങളിൽ ഉപ്പ് തള്ളിയതോടെ സൈനലുദ്ദീന് പിടിച്ച് നിൽക്കാനാകാതെയായി. അവസാന ശ്രമമെന്ന നിലയിൽ പാടത്ത് ചെമ്മീൻ കൃഷി നടത്തിയ വർഷമാണ് ബംഗ്ലാദേശിനെയാകെ തകർത്ത മഹാചുഴലി വീശിയത്. എട്ടുദിവസം നീണ്ട പ്രളയത്തിൽ കെട്ടുകൾ പൊട്ടി ചെമ്മീനുകളെല്ലാം ഒലിച്ചുപോയി. ആകാശവും കടലും ഒരുപോലെ ജലത്താൽ ആക്രമിച്ചപ്പോൾ സൈനലുദ്ദീൻ പൂർണമായി പരാജയപ്പെട്ടു.

കീടനാശിനി കുടിച്ചാണ് സൈനലുദ്ദീൻ ജീവനൊടുക്കിയത്. വായ്പ എടുക്കാൻ ഈട് വെച്ച പാടവും വീടും പിടിച്ചെടുക്കാൻ പലിശക്കാർ രാവും പകലും കയറിയിറങ്ങി ഭീഷണിപ്പെടുത്തിയിരുന്നു. ഇനി അവധി ചോദിക്കാനാകാത്തവണ്ണം ജീവിതം അറ്റം കണ്ടെന്ന് സൈനലുദ്ദീന് ഉറപ്പായി. ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് കൈവഴികളൊന്നും ബാക്കിയുണ്ടായില്ല. എന്നാലും ജീവനെടുക്കാൻ തീരുമാനിച്ച നിമിഷത്തേക്കാൾ, തന്നെ ഒറ്റയ്ക്കാക്കാൻ ബാപ്പ തീരുമാനിച്ച നിമിഷത്തെ കുറിച്ചാണ് അമീർ എപ്പോഴും ചിന്തിച്ചത്. പിതൃശാഠ്യങ്ങളില്ലാതെ സ്‌നേഹിക്കുകയും സങ്കോചമില്ലാതെ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു സൈനലുദ്ദീൻ. മരിക്കുന്നതിന്റെ തലേന്ന് അയാൾ അമീറിനോട് പറഞ്ഞു: ‘‘മണ്ണിനെ വിശ്വസിക്കാം. വെള്ളത്തെ വിശ്വസിക്കരുത്. വെള്ളമൊരു ചതിയാണ്. ഏറ്റവും വലിയ ചതിയാണ് കടൽ. നമ്മളെയെല്ലാം കൊന്ന് തിന്നാൻ ഒരുനാൾ കടൽ ഇഴഞ്ഞിഴഞ്ഞ് വരും.’’

സൈനലുദ്ദീൻ ജീവനൊടുക്കിയത് പള്ളിയിലെ മഹല്ല് കമ്മിറ്റിക്കാരെ അമീർ അറിയിച്ചില്ല. പകരം വീടിനോട് ചേർന്ന് അഞ്ചടി നീളത്തിൽ, ആറടി താഴ്ചയിൽ അവൻ തന്നെ കുഴി കുത്തി. സമീപത്തെ വീട്ടുകാരെയെല്ലാം പടിഞ്ഞാറൻ ബംഗാളിലേക്ക് ഒളിച്ചു കടന്നതിനാൽ ഏങ്ങലോടെ കൈക്കോട്ട് കൊണ്ട് അവൻ കുഴിയെടുത്തത് ആരും കണ്ടില്ല. ആരും അറിഞ്ഞില്ല. ബാപ്പയെ കുളിപ്പിച്ച് വെള്ളത്തുണിയിൽ പൊതിഞ്ഞ് പായയിൽ കിടത്തി. ആ പായ കുഴിക്കരികിലേക്ക് വലിച്ചു കൊണ്ടുവന്നു. പിന്നെ കുഴിയിൽ ഇറങ്ങിനിന്ന് മയ്യിത്ത് കൈയിൽ താങ്ങി, ഇറക്കിവെച്ചു. ഓരോ പാളി മണ്ണിടുമ്പോഴും അടിച്ചുറപ്പിച്ചെങ്കിലും, ഒടുവിൽ ബാപ്പയുടെ എല്ലിച്ച വലുപ്പത്തിൽ കുഴി പൊന്തി നിന്നു. ലവണ ദോഷമുള്ള മണ്ണിൽ ബാപ്പ ജീർണിച്ച് തീരാനും ഏറെ നാളെടുക്കുമെന്ന് അമീറിന് അറിയാമായിരുന്നു. പാടങ്ങളിലേക്ക് കടലേറ്റമുണ്ടായി കൃഷി പിഴച്ച് ജീവിതം തുലഞ്ഞ കർഷകരെല്ലാം പടിഞ്ഞാറൻ ബംഗാളിലേക്കാണ് രക്ഷപ്പെട്ടത്. സത്ഖിരയിലെ ഏത് ഗ്രാമീണനെയുംപോലെ അമീറും ഹൃദയത്തിൽ കുറിച്ചിട്ടിരുന്നു, പലായനത്തിന്റെ ഭൂപടരേഖ.

ബറ്റ്‌നയുടെ കൈവഴികളിലൂടെ ഒരു പകൽ തോണി തുഴഞ്ഞാൽ ഹരിഭംഗ നദിയിലെത്താം. ഹരിഭംഗയിലൂടെ തുഴഞ്ഞ് പർഗാനയിൽ എത്തിയാൽ രാത്രി അവിടെ ഏജന്റുമാരുണ്ടാകും. ആയിരം രൂപ കൊടുത്താൽ ബി.എസ്.എഫ് ഇല്ലാത്ത വേലിമതിലിന് ഇടയിലൂടെ അവർ കയറ്റിവിടും. ഹസ്‌നബാദിലെ ജമീന്ദാറിന്റെ കരിമ്പിൻ പാടത്ത് ഒരു കൊല്ലം കൂലിയില്ലാതെ പണിയെടുത്താൽ നോർത്ത് പർഗാനയിലെ ഏതെങ്കിലും വിലാസത്തിൽ തിരിച്ചറിയൽ കാർഡ് എടുത്ത് തരും. അതാണ് ഏജന്റുമാരുമായുള്ള വാക്കാൽ വ്യവസ്ഥ.

പ്രൊബീർ എന്നയാളുടെ പാടത്ത് അമീർ രണ്ട് കൊല്ലം അടിമപ്പണിയെടുത്തു. പിന്നെ ബംഗ്ലാദേശിൽനിന്ന് തന്നെ വന്നവരുടെ ടോട്ടോ കുറച്ച് കാലം ഓടിച്ചു. അക്കാലത്താണ് നാലിരട്ടി കൂലി കിട്ടുന്ന കേരളത്തിലേക്ക് ബംഗാളിൽനിന്നുള്ള ഒഴുക്ക് തുടങ്ങിയത്. അമീറും ഷാലിമാർ എക്‌സ്പ്രസിൽ കയറി ആലുവയിൽ ഇറങ്ങി. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് ആദ്യം പണി കിട്ടിയത്. അവിടത്തെ കോൺട്രാക്ടർക്ക് വെളുത്ത ആൺശരീരങ്ങളോടുള്ള ആർത്തി സഹിക്കാനാകാതെ വന്നപ്പോൾ ഒരുദിവസം ആലുവയിൽനിന്ന് ആലപ്പുഴ ബസിൽ കയറി ചേർത്തലയിൽ ഇറങ്ങി. ചേർത്തല സ്റ്റാൻഡിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ്, സ്വത്ത് കേസിലെ കോടതി വിസ്താരം കഴിഞ്ഞ് ലോക്കൽ ബാറിൽനിന്ന് വരുന്ന ദിവാകരനെ കണ്ടത്. അങ്ങനെ കുട്ടനാട് എത്തി. കുട്ടനാടിന് ഏറക്കുറെ സത്ഖിരയുടെ ഭൂരൂപമായിരുന്നു.

റാഹേൽ കട്ടിലിൽ മലർന്ന് കിടന്നു. കൈകൾ നീട്ടി അമീറിനെ മുഖംകൊണ്ട് വിളിച്ചു. ഇന്ന് അമീറിനെ നെഞ്ചോട് ചേർത്തുവെച്ച് ഉറക്കണമെന്ന് റാഹേൽ തീരുമാനിച്ചിരുന്നു.

അമീറും നഗ്നനായി റാഹേലിലേക്ക് നൂഴ്ന്നു കയറി. മാംസക്കൊളുത്ത് റാഹേലിൽ കൊരുത്ത് കൈകളിൽ പൊങ്ങിനിന്നു. പക്ഷേ അവൾ ചുമലിൽ പിടിച്ച് അമീറിനെ ചേർത്തു കിടത്തി. സ്‌നേഹദ്രവങ്ങളിലെ ആവേഗത്തിനായി അവൻ അരക്കെട്ടിളക്കി. എന്നാൽ കുതിക്കാനാകാതെ ശരീരം വിയർത്തു. റമ്മിന്റെ ലഹരിമുനകൾ തലയോട്ടിയിൽ ചെന്ന് കുത്തി. മുഖത്ത് നാഡീതന്തുക്കൾ തരിച്ചു. എന്നിട്ടും അമീർ മാംസമുരച്ച് സ്വയം ശൂന്യനാകാൻ ആയാസപ്പെട്ടു. കാരണം അവന് ദൃക്‌സാക്ഷ്യത്തിന്റെ ആധികളെ ഈ രാത്രിയിൽ തന്നെ ശൂന്യമാക്കി, സ്‌നേഹത്താൽ വീണ്ടും നിറയണമായിരുന്നു.

പെട്ടെന്ന് നെഞ്ചൊന്ന് ആളി. ശ്വാസകോശത്തിൽനിന്ന് ജീവവായു ഒറ്റയടിക്ക് ചോർന്ന് പോയ വിമ്മിട്ടം. അവന്റെ കണ്ണുകൾ തുറിച്ചു. ശരീരമാകെ വൈദ്യുതാഘാതമേറ്റ കണക്കെ വിറച്ചു. റാഹേൽ അവനെ ശരീരത്തോട് ചേർത്ത് ഇറുക്കി പിടിച്ചു. അവന്റെ അരക്കെട്ടിന് മുകളിലേക്ക് കാലുകൾ പൊക്കി കാൽപ്പത്തികൾ പിണച്ച് പൂട്ടിട്ടു. അമീർ തലയുയർത്തി വെള്ളം വറ്റിയ വായ പിളർത്തി നാക്ക് പുറത്തേക്ക് നീട്ടി. റാഹേലും മുഖമുയർത്തി. ഉമിനീര് ദാഹജലമായി. അമീർ ശ്വാസത്തിനായി നിസ്സഹായമായി കൈകാലിട്ടടിച്ചു. വെപ്രാളത്തോടെ ഏങ്ങിവലിഞ്ഞു. ഈ ചുറ്റിപ്പിടിത്തത്തിന് ഇടയിലും ഒരുവട്ടം മാത്രം തലവെട്ടിച്ച് മാറ്റി അമീർ ചോദിച്ചു: ‘‘റാഹേലേച്ചി, എന്നാലും എന്നെയും...’’

 

അമീറിന്റെ പിടച്ചിൽ മിനിറ്റുകൾക്കുള്ളിൽ അടങ്ങി. കുറച്ചുനേരം കൂടി അവന്റെ ചൂടിറങ്ങുന്ന ശരീരം നെഞ്ചോട് ചേർത്ത് വെച്ച ശേഷം, കട്ടിലിന്റെ ഇടതുവശത്തേയ്ക്ക് തള്ളി മാറ്റിക്കിടത്തി.

റാഹേൽ അലമാരയിൽനിന്ന് സാരിയെടുത്ത് ഉടുത്തു. കസേരയിൽ കിടന്ന നൈറ്റി മടക്കി, നേരത്തേ തയ്യാറാക്കി വെച്ച ബാഗിലിട്ടു. അടുക്കളയിൽ പോയി രവി മുമ്പ് തന്ന ചെറുകുപ്പി എടുത്തു കൊണ്ടുവന്ന്, അതിലാകെ അമീറിന്റെ വിരൽ പതിപ്പിച്ച് തെളിവായി കട്ടിലിന് താഴേക്ക് വെച്ചു.

ബാഗെടുത്ത് ഇറങ്ങുന്നതിന് മുമ്പ് കട്ടിലിൽ നഗ്നനായി കിടക്കുന്ന അമീറിനെ ഒന്നുകൂടി നോക്കി. നിശ്ചേതന ശരീരം. അമീറിന്റെ വായ തുറന്നിരുന്നു. അവന്റെ വെളുത്ത് വിളറിയ നെറ്റിയിൽ അവസാനമായി റാഹേൽ ഒരു ചുംബനം കൂടി കൊടുത്തു. ചുണ്ടിൽ കടൽരുചി പുരണ്ടു. റാഹേൽ വീട് വിട്ടിറങ്ങി. കതകടയ്ക്കാതെ. കാനാച്ചേരി തോട് വഴി പമ്പയാറ് കടന്ന് റാഹേൽ വേമ്പനാട്ടുകായലിലേക്ക് തോണി തുഴഞ്ഞു. തുഴയുടെ ആയത്തിൽ പടിയിലിരുന്ന അവളും ഉലഞ്ഞു. നാളെ പുലർച്ചയോടെ പരിചയക്കാരില്ലാത്ത ഏതെങ്കിലും കര പറ്റി, അരൂരിലേക്ക് വണ്ടി കയറണമെന്ന് മാത്രമായിരുന്നു അവളുടെ ചിന്ത.

മീനപ്പള്ളിപ്പാടത്തിലെ കോമൻതുരുത്ത് അവളിൽനിന്ന് അകലെയായി കഴിഞ്ഞു. പക്ഷേ ഒരു വട്ടംപോലും തുഴയുന്നതിനിടെ അവൾ തിരിഞ്ഞു നോക്കിയില്ല. കായലിന്റെ ജലശ്മശാനത്തിന് മേൽ നിലാവെളിച്ചത്തിന്റെ വിശാല വിരിപ്പ്. ജലവിതാനത്തിൽ റാഹേലിന്റെ ഒറ്റത്തോണി മാത്രം. തുഴയുന്നതിനിടെ ഓളപ്പരപ്പിൽ എന്തോ തീ പോലെ ആളുന്നത് അവൾ കണ്ടു. നിലാവെട്ടം വെട്ടിത്തിളങ്ങുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്, ഓളങ്ങളിൽ പച്ചനിറമുള്ള തീ പടരുന്നു. തീരങ്ങളിൽ മഞ്ഞുകാലത്ത് കാണുന്ന കടൽത്തീ ആണ്. രാത്രികളിൽ ഓളങ്ങളിൽനിന്ന് ജ്വാലാരൂപത്തിൽ പച്ചനിറം പ്രസരിപ്പിക്കുന്ന കടൽക്കറ. അസാധാരണമായി ഇവിടെ ഇപ്പോൾ എങ്ങനെ കടൽക്കറ വന്നെന്ന് റാഹേൽ അത്ഭുതപ്പെട്ടു. പക്ഷേ നോക്കിനിൽക്കെ ക്ഷണനേരത്തിൽ കായൽപ്പരപ്പാകെ കടൽത്തീ പടർന്നു. ഓളങ്ങൾ തീനാളങ്ങളായി. തോണിക്ക് ചുറ്റും കണ്ണെത്താദൂരം പച്ചത്തീ തിരതല്ലി. റാഹേൽ തുഴ തോണിപ്പടിയിൽ വെച്ച് അന്ധാളിപ്പോടെ അത് നോക്കിയിരുന്നു. വെള്ളത്തിൽ വെന്തുപോകുമോ എന്ന ഭയചിന്ത അവളെ ഇറുക്കി. അവളുടെ കൈകളിലെ പേശികൾ തളർന്നു. വീണ്ടും തുഴയെടുക്കാൻ ആകാത്തവണ്ണം വിറച്ചു. കാരണമിത് പ്ലവഗങ്ങൾ പൂക്കുന്നതിന്റെ വിനാശ വസന്തമാണ്.

News Summary - Malayalam story