കുരിശിന്‍റെ വഴി

തന്റെ അഭ്യാസത്തിലൊതുങ്ങുന്ന, പള്ളിയുടെ കുരിശു രൂപത്തിന് മുന്നിലുള്ള നേർച്ചപ്പെട്ടി തുറന്നു ബിനു കീരിക്കാടൻ എന്ന അസ്സൽ പേരുള്ള, ‘കുരിശ്’ എന്ന് വിളിപ്പേരുള്ള കള്ളൻ അന്ന് രാത്രി വീണ്ടും കർത്താവിനെ സ്വന്തമാക്കി. ‘കാപ്പ കുരിശിനു കോപ്പാണ്’ എന്ന് കരിക്കട്ടകൊണ്ട് അവന്റെ വൃത്തിയില്ലാത്ത കയ്യക്ഷരത്തിൽ എഴുതിവെക്കുകയുംചെയ്തു. ആ ചെറിയ നാൽക്കവലയിൽ ഏറ്റവും കൂടുതലുള്ള ശവപ്പെട്ടി കടകളിലെ പെട്ടികൾ കട അടച്ചിടും കുരിശിനോട് പരിചയം പുതുക്കും എന്നോണം തനിയെ അനങ്ങിക്കൊണ്ടിരുന്നു. പിറ്റേന്ന് അത് കണ്ട നാട്ടുകാരും പള്ളീലച്ചനും തലയിൽ കൈവെച്ച് കുരിശിനെ ശപിച്ചു. ക്രിസ്മസ് ന്യൂ ഇയർ സമയമാണ്,...
Your Subscription Supports Independent Journalism
View Plansതന്റെ അഭ്യാസത്തിലൊതുങ്ങുന്ന, പള്ളിയുടെ കുരിശു രൂപത്തിന് മുന്നിലുള്ള നേർച്ചപ്പെട്ടി തുറന്നു ബിനു കീരിക്കാടൻ എന്ന അസ്സൽ പേരുള്ള, ‘കുരിശ്’ എന്ന് വിളിപ്പേരുള്ള കള്ളൻ അന്ന് രാത്രി വീണ്ടും കർത്താവിനെ സ്വന്തമാക്കി. ‘കാപ്പ കുരിശിനു കോപ്പാണ്’ എന്ന് കരിക്കട്ടകൊണ്ട് അവന്റെ വൃത്തിയില്ലാത്ത കയ്യക്ഷരത്തിൽ എഴുതിവെക്കുകയുംചെയ്തു. ആ ചെറിയ നാൽക്കവലയിൽ ഏറ്റവും കൂടുതലുള്ള ശവപ്പെട്ടി കടകളിലെ പെട്ടികൾ കട അടച്ചിടും കുരിശിനോട് പരിചയം പുതുക്കും എന്നോണം തനിയെ അനങ്ങിക്കൊണ്ടിരുന്നു. പിറ്റേന്ന് അത് കണ്ട നാട്ടുകാരും പള്ളീലച്ചനും തലയിൽ കൈവെച്ച് കുരിശിനെ ശപിച്ചു. ക്രിസ്മസ് ന്യൂ ഇയർ സമയമാണ്, ഭണ്ഡാരത്തിൽ കാശുണ്ടാവുമെന്ന് അറിഞ്ഞാണ് കുരിശു വന്നത് എന്ന് പറഞ്ഞു അവന്റെ സ്കൂൾ അധ്യാപകനായ മാത്യൂ സാർ ആണ് കള്ളനെ സ്ഥിരീകരിച്ചത്. മാർഗം കൂടുന്നതിനു മുമ്പും അതിനു ശേഷവും, ശവപ്പെട്ടി സൂക്ഷിപ്പുകാരനായ കീരിക്കാടൻ ദേവസ്യയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് ബിനു എന്ന നാട്ടുകാരുടെ ‘കുരിശ്’.
കാപ്പ ചുമത്തിയിട്ടും ഇതുവരെ പോലീസിന് പിടികൂടാൻ പറ്റാത്ത ‘കുരിശ്’ ഒരു പ്രതിഭാശാലിയായ അഭ്യാസിയാണെന്ന് നാട്ടുകാരിൽ ചിലർ വഴിക്കവലകളിൽനിന്ന് അടക്കംപറഞ്ഞു. ‘കുരിശ്’ മരിച്ചെന്നും പ്രതികാരദാഹിയായ അയാളുടെ ആത്മാവ് തിരിച്ചുവന്ന് കാണിക്കുന്ന പരാക്രമമാണിതെന്നും തന്റെ വെള്ളത്താടിയിൽ വിരലോടിച്ചുകൊണ്ടു പൗലോസ് മാപ്പിള തന്റെ സെന്റ് മേരീസ് ശവപ്പെട്ടി കടയുടെ മുന്നിലിരുന്ന് വീമ്പടിച്ചു. അങ്ങനെ ‘കുരിശു’ ഏറെക്കാലത്തിനു ശേഷം വീണ്ടും പാപ്പൂട്ടി കവലയിൽ ചൂടൻ സംസാര വിഷയവുമായി പെട്ടെന്ന് ഉയർന്നുവന്നു. തലേന്ന് രാത്രി തന്നെ നടന്ന മറ്റു ചില മോഷണങ്ങളും കവലയിൽ ചർച്ചചെയ്യപ്പെട്ടു. തെക്കേ വീട്ടിലെ റോബർട്ടിന്റെ വീട്ടിലെ മുറ്റത്ത് ഉണക്കാനിട്ട കാപ്പിയും കുരുമുളകും ഇല്ലിക്കലെ തൊമ്മിച്ചേട്ടന്റെ റബ്ബർ ഷീറ്റ്, അങ്ങനെ പലതും കാണാതെയായി. അതെല്ലാം കുരിശിന്റെ തലയ്ക്കും വെച്ചുകൊടുത്തു നാട്ടുകാർ.
പിറ്റേന്ന് വൈകീട്ട് ഇതൊന്നും അറിയാതെയാണ് വാവക്കുട്ടൻ എന്ന ബിനീഷ് മാത്യൂ (30) നാട്ടിൽ തിരിച്ചെത്തിയത്. പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിൽ കയറിപ്പറ്റിയത് ഈയടുത്താണ്. ട്രെയിനിങ് തുടങ്ങാൻ ഇനി രണ്ട് മൂന്ന് ആഴ്ചകളേയുള്ളൂ. ട്രെയിനിങ് കഴിഞ്ഞ് മതി കല്യാണം എന്ന് ബെറ്റിയെ പറഞ്ഞു ഒരുതരത്തിലാണ് സമ്മതിപ്പിച്ചത്. ബൈക്കിലാണ് സുഹൃത്ത് അനീഷ് വീട്ടിൽ കൊണ്ടാക്കിയത്. ടൗണിൽനിന്നുള്ള ലാസ്റ്റ് ബസ് പോയിട്ട് കൊറെ നേരം നിൽക്കേണ്ടി വന്നു ഒരു ലിഫ്റ്റ് കിട്ടാൻ. കയ്യിലുള്ള വലിയ ബാഗിൽ എല്ലാം കൂടെ വാരിക്കെട്ടി പോന്നിരിക്കുകയാണ്. ഇനി ആ കോളേജ് ലെക്ചററുടെ താൽക്കാലിക ജോലി വേണ്ട.
“പൊട്ടടാ വാവക്കുട്ടാ നാളെ കാണാം.” അനീഷ് ബൈക്കിൽ തിരിച്ചു പോകുമ്പോൾ ഉറക്കെ പറഞ്ഞത് കേട്ടപ്പോൾ കഠിനമായ ദുഃഖവും ദേഷ്യവും തോന്നി. താനിനി വാവക്കുട്ടൻ അല്ല, ബിനീഷ് മാത്യൂ ആണ്, സബ് ഇൻസ്പെക്ടർ ട്രെയിനി. ഇനി വാവക്കുട്ടാന്നു വിളിക്കുന്നവരെയൊക്കെ നോക്കിവെക്കണം. യൂണിഫോം ഇട്ട് വന്നു ഇടിക്കണം, എന്നൊക്കെ മനസ്സിലോർത്തു വാവക്കുട്ടൻ വീട്ടിലോട്ട് കയറി. വീടിന് മുന്നിൽ ‘വലിയവീട്ടിൽ’ എന്ന ആഢ്യത്തമുള്ള വീട്ടുപേരു രണ്ട് നിലകളുള്ള വീടിന് ഭംഗികൂട്ടിയിട്ടേയുള്ളൂ. അമ്മ മരിച്ചതിനുശേഷമാണ് മൂത്ത പെങ്ങൾ ടിൻസിയും മോളും വീട്ടിലേക്ക് വന്നത്. അളിയൻ ഇടയ്ക്കിടയ്ക്ക് വന്നുപോകും. ടെസ മോൾക്ക് നാലു വയസ്സായി. വാവക്കുട്ടനെ കണ്ടതും ഓടിച്ചാടി വന്നവൾ മേത്തുകയറി കീശയിൽ കയ്യിട്ടു. അവളുടെ ക്വോട്ടയായ ചോക്ലേറ്റ് എടുത്ത് ടി.വിയുടെ മുന്നിൽ പോയിരുന്നു.
“അപ്പൻ എന്തിയെടീ ചേച്ചി?’’ വാവക്കുട്ടൻ ചോദിച്ചു.
“കടയിൽ പോയതാണ്, വരുന്ന സമയം ആയല്ലോ. ഈയിടെ റിട്ടയേർഡ് മാഷന്മാർ എല്ലാംകൂടി കള്ളുകുടി കൂടിയിട്ടുണ്ട്.’’
മാത്യൂ സാർ ടാറിട്ട ചെറിയ റോഡിന് ഇലക്ട്രിക് പോസ്റ്റ് സമ്മാനം കൊടുത്ത ചെറിയൊരു വെട്ടത്തിൽ നടന്നുവരികയാണ്. വീടിന് ഒരു അമ്പത് മീറ്റർ ദൂരം. പെട്ടെന്ന് കറുത്തു മെലിഞ്ഞ ഒരാളുടെ രൂപം ഇരുട്ടിലെ കാപ്പിച്ചെടികൾക്കിടയിൽനിന്നും ഓടിക്കയറി വന്നു. അയാളുടെ വായിൽ കടിച്ചുപിടിച്ച് ഒരു പിച്ചാത്തിയുണ്ടായിരുന്നു. മുഷിഞ്ഞ ലുങ്കിയും കറുത്ത വരയൻ ഷർട്ടും ഇട്ട അയാൾ മാത്യൂ സാറെ കയറിപ്പിടിച്ച് റോഡിന് സൈഡിൽ ഉള്ള മൺഭിത്തിയിൽ ചേർത്തുനിർത്തി. അയാൾ ഒരു അഭ്യാസിയെപ്പോലെ കടിച്ചുപിടിച്ച കത്തി കൈക്കലാക്കി മാത്യൂ സാറിന് നേരെ നീട്ടി.
“ഓർമയുണ്ടോ മാത്യൂ സാറേ എന്നെ?’’
അയാളുടെ സിഗരറ്റ് വലിച്ച് വിണ്ടുകീറിയ തൊണ്ടയിൽനിന്ന് ഭംഗിയില്ലാത്ത മുരളുന്ന ശബ്ദം പുറത്തുവന്നു. മാത്യൂ സാർ പേടിച്ചരണ്ടെങ്കിലും ടോർച്ച് കൈവിട്ടില്ല. ടോർച്ച് എടുത്ത് അയാളെ അടിച്ചാലോ എന്ന് തലച്ചോറിൽ എവിടെയോ ഒരു വേണ്ടാത്ത ചിന്ത മിന്നി മറഞ്ഞെങ്കിലും കഴുത്തിൽ കത്തി ഇരിക്കുന്നതുകൊണ്ട് ആവണം, മാത്യൂ സാർ വിനീതവിധേയനായ രണ്ടാം ക്ലാസിലെ കുട്ടിയെപ്പോലെ അടങ്ങിനിന്നു. അണയാത്ത ടോർച്ചിന്റെ വെട്ടത്തിൽ മാത്യൂ സാർ ആ മുഖം കണ്ടു. മുടി വെട്ടാത്ത, താടി നീട്ടിയ, മുറുക്കി ചുവന്ന, വർഷങ്ങളായി തേക്കാത്ത പല്ലുള്ള, മീശ പിരിച്ച ആ വൃത്തിയില്ലാത്ത കള്ളനെ, ‘കുരിശി’നെ.
മാത്യൂ സാറിന്റെ ജീവൻ തലച്ചോറിലും അവിടുന്ന് ശരവേഗത്തിൽ വയറ്റിലോട്ടും പിന്നീട് കൈകാലുകളിലേക്കും ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൊള്ളിയാനായി പാഞ്ഞു. ഒരിക്കലും നിൽക്കാത്ത രതിമൂർച്ഛ പോലെ പാഞ്ഞ കൊള്ളിയാന്റെ ഞെട്ടലിൽനിന്ന് നിലത്ത് വീഴും മുന്നേ ഒരു വലിയ അലർച്ച തൊണ്ടയിൽനിന്ന് പാഞ്ഞ് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള പാപ്പുട്ടി കുന്നിലെ മലയിൽ ഇടിച്ച് തിരിച്ചുവന്നു. അതുകേട്ട് വീടുകളിൽനിന്നും ആളുകൾ ഇറങ്ങിവന്നു, ഒപ്പം മകൻ വാവക്കുട്ടനും. അയൽക്കാർ വരുന്നത് കണ്ട് കുരിശ് മാത്യൂ സാറെ തള്ളിയിട്ട് ഓടി, ഒരു കള്ളന്റെ വേഗത്തിൽ. ഒരിക്കലും ഓടിയിട്ടില്ലാത്ത വേഗത്തിൽ ഓടിയപ്പോൾ കുരിശിന് താൻ കായംകുളം കൊച്ചുണ്ണിയുടെ തലമുറക്കാരനാണെന്ന് പോലും തോന്നിപ്പോയി. കുരിശിന്റെ മുഖത്തൊരു വല്ലാത്ത ചിരി ഉണ്ടായിരുന്നു, ഒരു വിജയിയുടെ ചിരി, ജയിച്ച കള്ളന്റെ ചിരി. ഒരു കാട്ടുകുതിരയെപ്പോലെ അവൻ കാപ്പിത്തോട്ടത്തിനുള്ളിൽ മറഞ്ഞു. പിന്നാലെ പാഞ്ഞുവന്ന ടോർച്ചു ലൈറ്റുകൾക്കു പിൻഭാഗംപോലും കാണിക്കാതെ. അവന്റെ കൈവെള്ളയിൽ മാത്യൂ സാറിന്റെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല!
മാത്യൂ സാർ വീണുകിടന്ന ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയാണ്. അയൽക്കാരും വാവക്കുട്ടനും എഴുന്നേൽപിച്ച് ഇരുത്തി നെഞ്ചത്ത് തിരുമ്മി.
“ആരാ അപ്പച്ചാ അത്, ആളെ കണ്ടായിരുന്നോ?’’ വാവക്കുട്ടൻ ഒരു പോലീസുകാരന്റെ ആധിയോടും അധികാരത്തോടെയും ചോദിച്ചു.
മടുമടാന്നു അരലിറ്റർ വെള്ളം കുടിച്ച് കണ്ണട എടുത്തുവച്ച് മാത്യൂ സാർ എല്ലാവരോടുമായി പറഞ്ഞു.
“കുരിശ്. ഞാൻ ശരിക്കും കണ്ടവനെ.’’
അയൽക്കാർ നെഞ്ചത്ത് കൈവെച്ചു. ചക്കാലക്കലെ മറിയക്കുട്ടി ചേടത്തി നാടിന്റെ ദുരവസ്ഥയെ ഓർത്ത് ഗീവർഗീസ് പുണ്യാളനെ വിളിച്ച് ഉറക്കെ കരഞ്ഞ് പ്രാർഥിച്ചു. പാപ്പുട്ടിക്കുന്നിലെ കുട്ടിച്ചനാണ് കുരിശിനെ ഇളക്കിവിടുന്നത്, റോബർട്ട് ഉറപ്പിച്ചുപറഞ്ഞു. പണ്ട് മാത്യൂ സാറും കുട്ടിച്ചനും കൂടെ പങ്കാളിത്തത്തിൽ വാഴകൃഷി ചെയ്തുകഴിഞ്ഞപ്പോൾ കണക്ക് ചോദിച്ചതിനുള്ള ദേഷ്യമാണ് കുട്ടിച്ചന് മാത്യൂ സാറോട്. ആളുകൾ കുരിശിനെ പകല് കണ്ടിട്ടുണ്ടെങ്കിൽ അത് കുട്ടിച്ചന്റെ കൂടെ മാത്രമാണ്. കുരിശ് കള്ളും കഞ്ചാവും അടിക്കാൻ വരുന്നത് കുട്ടിച്ചന്റെ വീട്ടിലാണ്. അങ്ങനെയാണ് കുരിശ് ജെസ്സിയെ പരിചയപ്പെടുന്നതും അവളുടെ കൂടെ ഭാഗികമായി പൊറുക്കാൻ തുടങ്ങുന്നതും.
വാവക്കുട്ടൻ അപ്പനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനും അയൽക്കാർ പിരിയാനും തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഉറക്കെയുള്ള തന്റെ പ്രാർഥന നിർത്തി ചക്കാലക്കൽ മറിയക്കുട്ടി ഒരു വെളിപാട് അരുൾ ചെയ്തത്.
“മാത്യൂ സാറേ കുരിശ് നിങ്ങളെ തൊട്ടേച്ചല്ലേ പോയത്. വല്ലതും പോയാരുന്നോ? കീശയൊക്കെ തപ്പി നോക്കിക്കേ.’’
വിട്ടുപോകാൻ തുടങ്ങിയ നാട്ടുകാരെല്ലാം തിരിഞ്ഞുനിന്നു. മാത്യൂ സാർ വീണ്ടും വെട്ടിവിയർത്ത് ആധിയോടെ മേലാകെ പരതി. കീശയിൽനിന്ന് കാശ് ഒന്നും പോയില്ല. വാവക്കുട്ടനാണ് മുൻവശം ബട്ടൻസ് പൊട്ടിയ വിടവിലൂടെ ഞെട്ടലോടെ ചോദിച്ചത്.
“അപ്പച്ചന്റെ മാല എവിടെ?’’
ആധിയോടെ തപ്പി നോക്കി മാത്യൂ സാർ സത്യം മനസ്സിലാക്കി, തന്റെ രണ്ടര പവന്റെ മാല; അത് കുരിശു മോഷ്ടിച്ചിരിക്കുന്നു!
നാട്ടുകാർ വെറുതെ നിലത്ത് പുല്ലിലൊക്കെ ടോർച്ച് അടിച്ചു നോക്കി. യാതൊരു കാര്യവും ഉണ്ടായില്ല. വാവക്കുട്ടന്റെ ചുണ്ടുകൾ പതിയെ പറഞ്ഞു,
“അമ്മച്ചിയുടെ താലിമാല!’’
മാത്യൂ സാർ സങ്കടത്തോടെ വാവക്കുട്ടനെ നോക്കി. ഇരുവരുടെയും കണ്ണുകൾ നനഞ്ഞു.
“നിന്റെ അമ്മച്ചീടെ ഓർമയാണ്, അത് നമുക്ക് വേണം. അവളു ജീവിക്കുന്നത് ആ താലിമാലയിലൂടെയാണ്. അത് ഒരു കള്ളന്റെ കയ്യിൽ ആവണ്ട.’’
മാത്യൂ സാർ ഉറച്ച തീരുമാനമെടുക്കുന്നതുപോലെ കണ്ണുനീർ തുടച്ച് ദൂരെ എറിഞ്ഞുകളഞ്ഞു. വാവക്കുട്ടന്റെ ഞരമ്പുകൾ വലിഞ്ഞുമുറുകി.
പിറ്റേന്ന് രാവിലെ ബേബിക്കുട്ടനും അപ്പൻ മാത്യൂ സാറും കൂടെ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്. പോലീസിന് കുരിശിന്റെ പേരിൽ കേസെടുക്കാൻ പ്രത്യേകിച്ച് താൽപര്യമൊന്നും കണ്ടില്ല. പണ്ട് ഇവിടെ ജോലിചെയ്യാൻ വന്ന ഒരു ചെറുപ്പക്കാരൻ എസ്.ഐയെ പിച്ചാത്തിവെച്ച് പള്ളക്ക് കുത്തി ഒരു കേസും കുരിശിന്റെ മേളിൽ ഉണ്ട് എന്ന് ഒരു ചെറു പേടിയോടെ ഹെഡ് കോൺസ്റ്റബിൾ മണിയപ്പൻ താക്കീതുപോലെ പറഞ്ഞു. കുരിശിനെ വീരപ്പൻ ആയിട്ട് പ്രഖ്യാപിക്കണം എന്നാണ് മണിയൻ പോലീസിന്റെ ഭാഷ്യം. അന്ന് ജോമറ്റ് എസ്.ഐനെ കുത്തിയിട്ട് ഓടിപ്പോയ കുരിശിനെ ഇതുവരെ പിടിക്കാൻ പോലീസിന് പറ്റിയിട്ടില്ല. ഒരിക്കൽ കുരിശിന്റെ പുറകെ ഓടിയിട്ട് അവനാ മാട്ടു തീണ്ടെന്ന് ഒരു ചാട്ടം നേരെ കവുങ്ങിന്റെ മുകളിലേക്ക്. പിന്നെ ഒരു കവുങ്ങിൽനിന്നും മറ്റൊന്നിലേക്ക്. അതും നിത്യാഭ്യാസിയായ ഒരു കുരങ്ങനെപ്പോലെ. വാനരപ്പട മനുഷ്യവംശത്തിനു കൊടുത്ത സമ്മാനം മൊത്തം കുരിശിനു അന്ന് കിട്ടിയത് പോലെ ആയിരുന്നു അവന്റെ ചാട്ടം. അന്ന് തിണ്ടിൽനിന്ന് വീണ് പോലീസുകാരുടെ കാലൊക്കെ ഒടിഞ്ഞു.
“ഇനി കുരിശിനെ പിടിക്കണമെങ്കിൽ വല്ല മെഷീൻ ഗണ്ണോ പുതിയ ഡ്രോണുകളോ ഒക്കെ കൊണ്ടുവരേണ്ടി വരും.” മണിയൻ പോലീസ് ആധിയോടെ പറഞ്ഞു.
കുരിശിനെ പിടിക്കാനുള്ള ഒരു ഉറപ്പും പോലീസിന്റെ അടുത്ത് കിട്ടാത്തതുകൊണ്ട് വാവക്കുട്ടനും മാത്യൂ സാറും പാപ്പുട്ടിക്കുന്നിലുള്ള കുട്ടിച്ചനെ കാണാൻപോയി. തന്റെ രണ്ടു നാടൻ പട്ടികൾ വേട്ടയാടി പിടിച്ചുകൊണ്ടുവന്ന ഉടുമ്പിനെ കറിവെക്കാൻ വൃത്തിയാക്കുകയായിരുന്നു കുട്ടിച്ചൻ. നാടൻ വാറ്റും കഞ്ചാവും നാടൻ തോക്കും കുട്ടിച്ചന്റെ കയ്യിലുണ്ടെന്നുള്ളത് നാട്ടിൽ പാട്ടാണ്. മാത്യൂ സാർ കുട്ടിച്ചന്റെ അടുത്ത് പോകാതെ വണ്ടിയിൽതന്നെ ഇരുന്നു. പണ്ട് ഇവന്റെ കൂടെ കൊടകിൽ ഒരു കൂട്ടുകക്ഷിക്ക് പോയി ഒരു അബദ്ധം പറ്റിയതാണ്. മാല എങ്ങനെയെങ്കിലും തിരിച്ചുകിട്ടണം എന്നുള്ളതുകൊണ്ട് വാവക്കുട്ടൻ കുട്ടിച്ചന്റെ വീടിന്റെ മുറ്റത്തേക്ക് നടന്നു കയറിച്ചെന്നു.
‘‘എന്നാടാ നീ ഇവിടെ?’’
കുട്ടിച്ചൻ അത്യാവശ്യം നല്ല അഹങ്കാരത്തോടെ തന്നെ ചോദിച്ചു. കരണംപുകഞ്ഞൊരൊറ്റ അടി ആയിരുന്നു മറുപടി. പ്രതീക്ഷിക്കാത്ത അടിയിൽ തലകറങ്ങി കുട്ടിച്ചൻ താഴോട്ടും വീണു. വാവക്കുട്ടന്റെ മസിലുള്ള കൈകൾ കണ്ടു കുട്ടിച്ചനു വീണ്ടും തലകറങ്ങി. കുട്ടിച്ചൻ വീണുകിടക്കുന്നത് കണ്ട് അവന്റെ നാടൻ പട്ടികൾ ജീവനുംകൊണ്ട് ഓടി. ഒപ്പം അടിയുടെ ഒച്ച കേട്ട് പറമ്പിലെ അയനിപ്ലാവിൽ കൂട്ടമായിരുന്നു വെടിപറഞ്ഞുകൊണ്ടിരുന്ന വവ്വാലുകളൊക്കെയും കുട്ടിച്ചനെ വിട്ടു പറന്നുപോയി.
‘‘പൊലീസുകാരോട് കോണച്ച വർത്താനം പറയുന്നോടാ നാറീ!’’
വാവക്കുട്ടൻ അലറി. കുട്ടിച്ചന്റെ പറമ്പിൽ ബാക്കിയുണ്ടായിരുന്ന കിളികളും ജീവികളും പേടിച്ച് ദൂരെ പാപ്പൂട്ടികുന്നിലെ ചന്ദനമരങ്ങളിലേക്ക് ചേക്കേറി.
മാത്യൂ സാറിന്റെ മകൻ പൊലീസായ വിവരം പാവം കുട്ടിച്ചൻ അറിഞ്ഞിരുന്നില്ല. തന്റെ വിവരക്കേടിൽ തന്നോട് തന്നെ ഒരു അമർഷം തോന്നിയെങ്കിലും കുട്ടിച്ചൻ ഒരു ചിരിയോടെ വാവക്കുട്ടനെ നേരിട്ടു.
‘‘സാർ എന്നാ വേണ്ട എന്ന് പറഞ്ഞാൽ മതി ഞാൻ അത് ചെയ്തുതരാം.’’
കുട്ടിച്ചൻ അവസാനത്തെ ആയുധമെടുത്ത് വാവക്കുട്ടന്റെ മുമ്പിൽവെച്ച് നമസ്കരിച്ചു.
‘‘കുരിശ്. എനിക്ക് കുരിശിനെ വേണം. അവനെ കാണണം. എനിക്കും അപ്പനും ഏറ്റവും പ്രിയപ്പെട്ടതോന്ന് അവന്റെ കൈയിലുണ്ട്. മോഷ്ടിച്ചോണ്ട് പോയതാണ്. എനിക്കത് തിരിച്ചുവേണം.’’
വാവക്കുട്ടൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

‘‘എന്നതാ സാറേ? കാശോ സ്വർണവും മറ്റും ആണെങ്കിൽ അവൻ എങ്ങും കൊണ്ടുപോകത്തില്ല. അത് ജെസ്സിയുടെ അടുത്ത് കാണും. അവളാണ് അവന്റെ സൂക്ഷിപ്പുകാരി.’’
‘‘അവൾ എവിടെ കാണും?’’
വാവക്കുട്ടന്റെ ചോദ്യത്തിന് കുട്ടിച്ചൻ മറുപടിയൊന്നും പറഞ്ഞില്ല. വീട്ടിനുള്ളിൽ പോയി ഒരു ഷർട്ട് ഇട്ട് തിരിച്ചുവന്നു.
ഇതേസമയം കുരിശ് ജസ്സിയുടെ വീടിന്റെ ഉമ്മറത്തിരുന്നു ലുങ്കിയും പഴയ കറുത്ത വരയൻ ഷർട്ടുമിട്ട് തണുത്ത കാറ്റുകൊള്ളുകയായിരുന്നു. തന്റെ കാൽമുട്ടിലെ ചെറിയ മുറിവ് തിരുമ്മി എന്തോ ആലോചിച്ച് ഇരിക്കുകയാണ് അയാൾ. ജെസ്സിയുടെ വീട്ടിലെ പട്ടി കുരിശിനെ തൊട്ടുരുമ്മി ഇരിപ്പാണ്, സ്ഥിരമായി ഒരു അടുപ്പക്കാരനെ കാണുന്നപോലെ. ജെസ്സിയുടെ കെട്ടിയോൻ ജോപ്പന് കുരിശിനെ കാണുമ്പോഴേ ഒരു നാണം കുണുങ്ങലാണ്. കുരിശിന്റെ വരവ് ആഘോഷിക്കാൻ കാട്ടിറച്ചി മേടിക്കാൻ പോയതാണ് ജോപ്പൻ. ചേകാടിയിലെ ജോസച്ചൻ കൊടകീന്നു കൃഷി കഴിഞ്ഞ് വരുമ്പോൾ കാട്ടുപന്നി ഇറച്ചി കൊണ്ടുവരും. അതിലൊരു പങ്കു നാട്ടുകാർക്ക് വിൽക്കും. തിരിച്ച് വീട്ടിലെത്തിയപ്പോൾ ജെസ്സി ബ്ലൗസിന്റെ ഹൂക്കൊക്കെ ഇട്ട് വാതിൽ തുറന്നു പുറത്തേക്ക് എത്തിനോക്കി. തന്റെ കാമുകനായ കുരിശിനെയും ഭർത്താവായ ജോപ്പനെയും ഒരേ ഫ്രെയിമിൽ കണ്ടു തന്റെ സ്ത്രീത്വത്തിൽ അഭിമാനംകൊണ്ടു. എന്തൊരു ഒരുമയാണ് രണ്ടു പേർക്കും. ഒരമ്മപെറ്റ സഹോദരന്മാരെപ്പോലെ, അർജുനനെയും ഭീമനെയും പോലെ. താൻ പാഞ്ചാലിയും.
‘‘മക്കൾ വന്നിട്ട് പോയാൽ പോരെ?’’
ജെസ്സി ചോദിച്ചു.
‘‘പോരാ, ഇരുട്ടുന്നതിന് മുമ്പേ പോണം.’’
ജെസ്സി, ജോപ്പൻ കൊണ്ടുവന്ന കാട്ടുപന്നി ഇറച്ചി എടുത്ത് വൃത്തിയാക്കാൻ തുടങ്ങി.
‘‘ഇന്നലെ എന്നാ ഒപ്പിച്ചത്? എന്തൊക്കെയോ സംസാരം നാട്ടിൽ കേൾക്കുന്നുണ്ട്.’’ ജോപ്പൻ കുരിശിന്റെ മുഖത്ത് നോക്കാതെ നാണത്തോടെ പറഞ്ഞു.
‘‘എനിക്ക് കാശിനു കുറച്ച് അത്യാവശ്യമുണ്ടായിരുന്നു, ഒരു ചെറിയ മാല അടിച്ചതാ.’’ കുരിശു ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യം അവതരിപ്പിക്കുന്നത് പോലെ പറഞ്ഞു.
‘‘സ്വർണം ആണെങ്കിൽ ഇവിടെ വച്ചൊ, ഞാൻ വിൽക്കുകയോ പണയംവയ്ക്കുകയോ ചെയ്തോളാം.’’
ആർത്തിയോടെ ജെസ്സി മൊഴിഞ്ഞു.
‘‘പണ്ട് നിന്നെ ഏൽപ്പിച്ചിട്ട് എന്തായി? വിൽക്കാൻ പറഞ്ഞത് നീ കൊണ്ട് പണയംവെച്ചു. പോലീസ് അത് ബാങ്കിൽനിന്ന് എടുത്തോണ്ട് പോയി. ആദ്യമായിട്ടാ ഞാൻ കട്ട മുതൽ പോലീസിന്റെ കയ്യിൽ കിട്ടുന്നെ, ആകെ നാണക്കേടായി. അതുകൊണ്ട് ഈ മുതൽ എന്റെ കയ്യിൽ ഇരുന്നാൽ മതി.’’
ചെറിയ ചമ്മലോടെ ജെസ്സി കാട്ടിറച്ചിയുടെ എല്ല് വാക്കത്തികൊണ്ട് ആഞ്ഞു വെട്ടി മുറിച്ചു. അവളുടെ വളർത്തുനായ അവന് കിട്ടാനുള്ള വേവിക്കാത്ത ഇറച്ചിക്കും എല്ലിനുമായി അക്ഷമനായി കാത്തിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് കുരിശ് വീടിനുള്ളിൽ ജസ്സിയുടെ കൂടെ കിടക്കുകയാണ്. അവൻ, അവളുടെ പിള്ളേര് കുടിച്ച് വലുതായ അമ്മിഞ്ഞ കൗതുകത്തോടെ നോക്കി കിടന്നു. കുരിശിന്റെ നെഞ്ചത്ത് കരടിരോമങ്ങളിൽ വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചു.
‘‘എന്തിനാ കാട്ടിലും കൊടകിലൊക്കെ പോയി ഒളിച്ചുനിൽക്കുന്നത്. ഇവിടെ എന്റെ കൂടെ താമസിച്ചു കൂടെ?’’
കുരിശ് അവളെ നോക്കി മന്ദഹസിച്ചു.
‘‘അത് നിന്റെ കെട്ടിയോൻ ജോപ്പന് ഇഷ്ടാവോ?’’
‘‘പിന്നെ, ചേട്ടായിക്കും മക്കൾക്കും കുരിശിനെ എന്നാ ഇഷ്ടമാണെന്ന് അറിയാമോ, ഒരുതരം ആരാധനയാണ്.’’
ജെസ്സി സത്യസന്ധമായി മറുപടി പറഞ്ഞു.
ഇതേസമയം ജോപ്പൻ വീടിന് ഉമ്മറത്ത് ബീഡി വലിച്ച് പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു. പല്ലിൽ കുടുങ്ങിയ കാട്ടിറച്ചി ഈർക്കിൽകൊണ്ട് കുത്തിയിളക്കുന്നുണ്ട് അയാൾ.
‘‘അതിന് നാട്ടുകാരും പോലീസും എന്നെ വിലക്കിയേക്കുവല്ലേ, കാപ്പ ചുമത്തി പുറത്താക്കിയില്ലേ?’’
തെല്ലൊരു ദേഷ്യത്തോടെ കുരിശ് ജെസ്സിയോട് സങ്കടം പറഞ്ഞു.
‘‘എനിക്കിട്ട് പണിത ഈ നാട്ടുകാരെ ഞാൻ വെറുതെ വിടില്ല. ഞാൻ ഇനിയും വരും, ഇനിയും കക്കും, ഈ നാട് ഞാൻ കട്ടുമുടിക്കും. ശവപ്പെട്ടി മാത്രം വിൽക്കുന്ന നശിച്ച നാട്! കാപ്പ കുരിശിന് കോപ്പാണ്. ഞാൻ കൊടകിലേക്ക് പോവാ, ഇന്ന് വൈകുന്നേരം, ഇന്നലത്തെ മാലയും തപ്പി നാട്ടുകാരും പോലീസും വരും.’’
കുരിശിന്റെ ഗതികേടോർത്ത് ജെസ്സി തന്റെ ആദ്യ പ്രണയത്തെ പിരിയുന്ന ടീനേജുകാരിയായ കാമുകിയുടെ സങ്കടംപോലെ കവിൾ നിറച്ചും കണ്ണീർപ്പുഴയൊഴുക്കി.
കോട ഇറങ്ങി മഞ്ഞുമൂടിനിൽക്കുന്ന അന്ന് വൈകുന്നേരം ആണ് വാവക്കുട്ടനും കുട്ടിച്ചനും കൂടെ ജെസ്സിയുടെ വീട്ടിലെത്തിയത്. അപരിചിതരെ കണ്ട ജെസ്സിയുടെ പട്ടി ആഞ്ഞു കുരച്ചു. കുട്ടിച്ചൻ ഏറാത്ത് ചെന്ന് എന്തൊക്കെയോ അവരോട് സംസാരിച്ചു. കുട്ടിച്ചന്റെ വരവ് കണ്ടപ്പോഴേ വാവക്കുട്ടന് കാര്യം മനസ്സിലായി.
‘‘അവൻ പോയി സാറേ, കുറച്ചു നേരം മുന്നേ വരെ ഇവിടെ ഉണ്ടായിരുന്നു.’’
‘‘മാല?’’
വാവക്കുട്ടൻ ആകുലതയോടെ ചോദിച്ചു.
‘‘ഇവിടെ കൊടുത്തിട്ടില്ല. ഉറപ്പാ; ഉണ്ടായിരുന്നെങ്കിൽ എന്നോട് അവൾ സത്യം പറഞ്ഞേനെ.’’
നിരാശയോടെ വാവക്കുട്ടനും കുട്ടിച്ചനും തിരിച്ചു നടന്നു. നടക്കുന്ന വഴി വാവക്കുട്ടൻ എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടുന്നുണ്ടായിരുന്നു.
‘‘കുട്ടിച്ചാ നമ്മൾ കുടകിന് പോവാണ്. അവനെ കണ്ടുപിടിച്ചേ പറ്റൂ. അത് ഞാൻ എന്റെ അപ്പനും പെങ്ങക്കും കൊടുത്ത വാക്കാ.’’
കുട്ടിച്ചൻ പതുക്കെ നടത്തം നിർത്തി.
‘‘എന്നാപ്പിന്നെ സാറ് പോയേച്ചുവാ, ഞാൻ വീട്ടിൽ പോട്ടെ.’’
പറഞ്ഞു തുടങ്ങിയതേ കുട്ടിച്ചന് ഓർമയുള്ളൂ. ഓടാൻ ആദ്യത്തെ സ്റ്റെപ്പ് എടുക്കും മുമ്പേ വാവക്കുട്ടൻ കുട്ടിച്ചനെ ഇടം കാലിട്ട് ചവിട്ടി വീഴ്ത്തി. കൈകൾ പുറകോട്ട് കെട്ടി ഒരു കത്രിക പൂട്ടിട്ട് പൂട്ടി. കാപ്പി തോട്ടത്തിലെ കീരാംകീരികൾ കുട്ടിച്ചനോട് ശ്വാസം മുട്ടി മരിക്കാൻ ഉറക്കെ ആഹ്വാനംചെയ്യുന്നുണ്ടായിരുന്നു. തല മണ്ണിൽ ഉരഞ്ഞ് ശ്വാസം കിട്ടാതെ ആയപ്പോൾ കുട്ടിച്ചൻ സുല്ല് പറഞ്ഞു. വാവക്കുട്ടൻ ഒരു ശരാശരി പോലീസുകാരൻ അല്ലെന്നും, കളരിയോ കരാട്ടയോ കുംഫുവോ പഠിച്ച ഒരു അഭ്യാസി ആണെന്നും കുട്ടിച്ചന് ഒറ്റയടിക്ക് പിടികിട്ടി. ഇവൻ കൊള്ളാം, കുരിശിന് പറ്റിയ എതിരാളി. കുട്ടിച്ചൻ മനസ്സിൽ ഓർത്തു.
ജനുവരിയിലെ ആ തണുത്ത വെളുപ്പാൻകാലത്ത് മാനന്തവാടിയിൽനിന്നും ബസ്സ് കയറി അവർ കൊടകിലെത്തി. ആന്ത്രസന്തയിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങി. വാവക്കുട്ടനും കുട്ടിച്ചനും കൂടെ ആ ചെറിയ ജങ്ഷനിൽനിന്ന് കാണാൻ ഒട്ടും വൃത്തിയില്ലാത്ത ഒരു കടയിൽനിന്നും ഒരു ചായയും കുടിച്ച് നേരെ കണ്ട മണ്ണ് റോഡിലൂടെ നീണ്ടു വലിഞ്ഞു നടന്നു. ഇരുവരുടെയും തോളിൽ ഒരു ബാഗ് ഉണ്ടായിരുന്നു. വാവക്കുട്ടൻ വെള്ളമുണ്ടും ഷർട്ടുമാണ് വേഷം, കുട്ടിച്ചൻ ഒരു ലുങ്കിയും ഒരു കള്ളി ഷർട്ടും ഇട്ടിരിക്കുന്നു.
‘‘ഇവിടുന്ന് രണ്ട് ഫർലോങ്ങ് നടക്കണം. അവിടെയാണ് ചേകാടിയിലെ ജോസച്ചന്റെ വാഴത്തോട്ടം. കുരിശ് ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അത് അങ്ങേർക്ക് അറിയാം.’’
കുട്ടിച്ചൻ വാവക്കുട്ടനോട് പറഞ്ഞു. നിരന്നു കിടക്കുന്ന ഒരുപാട് സ്ഥലം. നിറയെ മഞ്ഞുണ്ടെങ്കിലും ദൂരെയുള്ള മലനിരകൾ അവ്യക്തമായി കാണാം.
നിറയെ ഇഞ്ചി-വാഴ കൃഷി. വാഴകൾ കൊലച്ചു തുടങ്ങിയിട്ടേയുള്ളൂ. നെഞ്ചോളം ഉണ്ട് ഇഞ്ചിയുടെ തണ്ട്. ഒരു മണിക്കൂറോളം നടന്ന് അവർ ജോസച്ചന്റെ വാഴത്തോട്ടത്തിൽ എത്തി. ബീച്ചിനഹള്ളി ഡാമിൽനിന്നും പിടിച്ച വലിയ ചെമ്പല്ലി പൊരിച്ചതും ചോറും നല്ല വാറ്റു ചാരായവും കൊടുത്തു ജോസച്ചൻ അവരെ സ്വീകരിച്ചു. നാലഞ്ചു പേർക്ക് കിടക്കാൻ പറ്റുന്ന ഷെഡ് ആണ്. ജോസച്ചൻ വലിയ ലെവല് കൃഷിക്കാരനാണ്. പത്തിരുപത്തഞ്ച് ഏക്കർ കൃഷിയുണ്ട് പുള്ളിക്ക് ഇഞ്ചിയും വാഴയും. പത്തു പതിനഞ്ച് പണിക്കാരും സ്ഥിരം ആയിട്ടുണ്ട്. കുട്ടച്ചന്റെ വരവിനെ പറ്റി ജോസച്ചന് ധാരണയില്ലാത്തതായി വാവക്കുട്ടന് മനസ്സിലായി. ഇടക്കിടയ്ക്ക് ബെറ്റിയുടെ കോൾ വരുന്നുണ്ടായിരുന്നു, കട്ട് ചെയ്തുകളഞ്ഞു. തനിമല്ലന്മാരായ പണിക്കാർ ഉച്ചകഴിഞ്ഞ് രണ്ടുമൂന്നു കാട്ടുമുയലും കൊണ്ട് വന്നു.
‘‘നിങ്ങടെ വരവ് കൊള്ളാലോ കുട്ടിച്ചാ, ഇന്ന് കോളാണ്.’’
ജോസച്ചൻ ആവേശപ്പെട്ട് പറഞ്ഞു.
നാലഞ്ചു കുപ്പി വാറ്റ് റെഡിയാക്കാൻ തന്റെ അനുയായികളിലൊരാളോട് ആജ്ഞാപിക്കുകയുംചെയ്തു. വാവക്കുട്ടന് സന്തോഷമായത് ഇതൊന്നും കണ്ടപ്പോഴല്ല, മറിച്ച് നാട്ടിൽനിന്നും ഹെഡ് കോൺസ്റ്റബിൾ മണിയപ്പന്റെ ഫോൺ വന്നപ്പോഴാണ്. കുരിശ് അന്ത്രസന്തതയിൽ ഉള്ളതായി പോലീസിന് റിപ്പോർട്ട് കിട്ടിയിരിക്കുന്നു. ഉച്ചമയക്കത്തിനു ശേഷം കുട്ടിച്ചനും ജോസച്ചനും വാവക്കുട്ടനും കൂടെ കുരിശിനെ തപ്പി മറ്റു വാഴത്തോട്ടങ്ങളിലേക്ക് ഊഴ്ന്ന് ഇറങ്ങി. ഇരുട്ട് തണുപ്പിനെ കെട്ടിപ്പിണഞ്ഞ് പുറത്ത് കറങ്ങിനടപ്പുണ്ട്. കമ്പിളി പുതച്ചിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് തണുപ്പ് ചെറിയ കാറ്റായി തന്നെ തൊട്ട് നോക്കുന്നത് വാവക്കുട്ടൻ അറിയുന്നുണ്ട്.
ജോസച്ചന്റെ കയ്യിൽ ഒരു ഉശിരൻ ഡബിൾ ബാരൽ ഗൺ ഉണ്ടായിരുന്നു. ഇതു സമ്മാനമായി കൊടുത്ത കൊടകൻ സൗക്കാർ ജോസച്ചന്റെ വളരെ അടുത്ത സുഹൃത്താണെന്നും കാട്ടു വേട്ടയിലുള്ള തന്റെ വൈദഗ്ധ്യത്തിന് സമ്മാനം കിട്ടിയതാണെന്നും ജോസച്ചൻ വീമ്പടിച്ചു. കുരിശിനെ പിടിക്കാൻ കർണാടക പോലീസിന്റെ സഹായം തേടിയാലോ എന്ന് വാവക്കുട്ടൻ മണിയൻ പോലീസിനോട് വിളിച്ചു ചോദിച്ചു. കൂടെ കേരളത്തിൽനിന്ന് പോലീസുകാരോ ആവശ്യത്തിനുള്ള ഒഫീഷ്യൽ പേപ്പറുകളും ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അതു നടക്കാൻ പോകുന്നില്ലെന്ന് വാവക്കുട്ടന് മനസ്സിലായി. ഇനി അവനെ തനിയെ വലവിരിച്ചു പിടിക്കണം. ജോസച്ചനെയും കുട്ടിച്ചനെയും തന്റെ കൂടെ നിർത്തണം. ഇരുട്ടിൽ, വാവക്കുട്ടൻ വാഴത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള ദുർഘടമായ വഴികളിലൂടെ വേച്ചുവേച്ചു നടക്കുമ്പോൾ മനസ്സിൽ കൃത്യമായി പ്ലാനുകൾ ഉണ്ടാക്കാൻ തുടങ്ങി.
വാഴത്തോട്ടത്തിലൂടെയും അവിടന്ന് അങ്ങോട്ട് മണ്ണിട്ട റോഡിലൂടെയും നടന്നു അവർ അടുത്തുള്ള ഷെഡ്ഡിൽ എത്തി. ഇരിട്ടിക്കാരൻ ഒരു കുഞ്ഞേട്ടന്റെ ആയിരുന്നു അവിടെയുള്ള ഏക്കർ കണക്കിന് തോട്ടം. കുഞ്ഞേട്ടനും മൂന്നാല് പണിക്കാരും നാട്ടിൽനിന്ന് വന്ന പുതിയൊരാളും കാട്ടിൽ വേട്ടയ്ക്ക് പോയതായി അവർ പറഞ്ഞു. നാട്ടിൽനിന്ന് വന്ന ആ ‘പുതിയ ഒരാളെ’ തേടി വാവക്കുട്ടനും ടീമും തോട്ടത്തിന് പുറത്തേക്ക് ഇറങ്ങി. കാടിന് അടുത്തപ്പോൾ ജോസച്ചൻ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി, ഒരു കാട്ടുകിളി കൂവുന്നതുപോലെ. നിമിഷങ്ങൾക്കുള്ളിൽ അതിനു മറുപടിയുംകിട്ടി. അങ്ങനെ കുഞ്ഞേട്ടനെയും വേട്ടക്കാരെയും കണ്ടുപിടിച്ചു. നാട്ടിൽനിന്നും ഇന്നലെ എത്തിയ വരത്തൻ കാട്ടിൽ കയറിപ്പോയെന്നും കുഞ്ഞേട്ടൻ പറഞ്ഞു. അവനെ കാത്തിരിക്കുകയാണ് കുഞ്ഞേട്ടനും സംഘവും. അവർ ഏഴുപേർ ഒരുമിച്ച് തിരിച്ച് ഷെഡ്ഡിലേക്ക് പോന്നു. കുഞ്ഞേട്ടൻ, വാറ്റും പോർക്കും പൊള്ളിച്ച പുഴമീനുംകൊണ്ട് കൊടകൻ സദ്യ തന്നെ നടത്തി. ഏറെ രാത്രിയായിട്ടും വാവക്കുട്ടന് ഉറങ്ങാൻ കഴിഞ്ഞില്ല. അവൻ കാട്ടിൽനിന്നും വേട്ടകഴിഞ്ഞ് വരുന്ന വരുത്തനെയും കാത്ത് തന്റെ ഇരയെ കാത്തിരിക്കുന്ന സിംഹത്തിന്റെ ശ്രദ്ധയോടെ വാവക്കുട്ടൻ ആ പാതിരാത്രിയുടെ തണുപ്പിൽ വിറങ്ങലിച്ച് കമ്പിളി മൂടി പുതച്ചിരുന്നു. ഇതേസമയം കുട്ടിച്ചൻ തന്റെ ബാഗിൽനിന്നും നാട്ടിലെ കൊല്ലനെകൊണ്ട് ഉണ്ടാക്കിയ നാടൻ തോക്കെടുത്ത് എന്തിനോ തയ്യാറെടുക്കുന്നുണ്ടായിരുന്നു.
കുഞ്ഞേട്ടനും ജോസച്ചനും പണിക്കാരുമെല്ലാം ഉറക്കംപിടിച്ചിരുന്നു. കുട്ടിച്ചനും വാവക്കുട്ടനും തണുപ്പ് മാറ്റാൻ കുപ്പിയിലെ നാടൻവാറ്റ് തീർക്കുമെന്ന് വാശിയോടെ മാട്ടിക്കൊണ്ടിരുന്നു. ഏതാണ്ട് പുലർച്ചെ മൂന്നുമണിയോടെ മൂന്ന് റൗണ്ട് വെടിവെക്കുന്ന ശബ്ദം കാട്ടിൽനിന്നും മാറ്റൊലിയോട് കേട്ടു. ഇതൊരു സ്ഥിരം സംഭവമെന്നോണം ഉറക്കം പിടിച്ചവർ ആരും എഴുന്നേറ്റില്ല. കുട്ടിച്ചനും വാവക്കുട്ടനും ജാഗ്രതയോടെ കാത്തിരുന്നു. അൽപനേരത്തിനുശേഷം ഒരു മെലിഞ്ഞ ആൾരൂപം മഞ്ഞിന്റെ മറ നീക്കി അവരുടെ മുന്നിലേക്ക് വന്നു. അയാളുടെ തോളിൽ അസാമാന്യം വലുപ്പമുള്ള ഒരു കാട്ടുപന്നി ഉണ്ടായിരുന്നു. ആ ഇരുണ്ട രാത്രിയിലും ആ രൂപത്തെ വാവക്കുട്ടൻ വായിച്ചെടുത്തു. താൻ തേടി വന്നവൻ തന്നെ, ‘കുരിശ്’.
വാവക്കുട്ടൻ കുരിശിനെ കാണുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കൊമ്പല്ലിന് നീളം കുറഞ്ഞ ചിമ്പാൻസിയാണത്രെ മനുഷ്യൻ! കുരിശിനെ കണ്ടപ്പോൾ പെട്ടെന്ന് വാവക്കുട്ടന്റെ മനസ്സിലേക്ക് ഓടിവന്ന സിദ്ധാന്തം ഇതായിരുന്നു. സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചവർ, താൻ മുൻ ബെഞ്ചിലും കുരിശ് ഏറ്റവും പിൻ ബെഞ്ചിലും.
കാട്ടുപന്നിയെ നിലത്തിട്ട് കുരിശു കുട്ടിച്ചനോട് ഒരൊറ്റ ചാട്ടം.
‘‘നീ എന്നാ കാണിക്കാനാ മൈരേ ഇങ്ങോട്ട് പോന്നത്?’’
കുട്ടിച്ചൻ ഒരളിഞ്ഞ ചിരിയോടെ വാവക്കുട്ടനെ ചൂണ്ടി.
“നിനക്കെന്നെ ഓർമയുണ്ടോ കുരിശേ?’’
വാവക്കുട്ടൻ ചോദിച്ചു.
കുരിശ് മറുപടിയൊന്നും പറയാതെ ബാക്കിയുണ്ടായിരുന്ന കുപ്പിയിലെ വാറ്റെടുത്ത് മടുമടാന്ന് കുടിച്ചു. വലിയ വിശപ്പോടെ അവിടെ ഉണ്ടായിരുന്ന ബാക്കി ഭക്ഷണം വാരി കഴിച്ചു ഒരു വലിയ ഏമ്പക്കോം വിട്ടു. അവരോടൊന്നും പറയാതെ കുരിശ് ഒരു ചെറിയ സഞ്ചിയും എടുത്ത് പുറത്തേക്കിറങ്ങി. നേരം പതിയെ വെളുത്തു വരുന്നുണ്ടായിരുന്നു. വാവക്കുട്ടനും കുട്ടിച്ചനും കുരിശിന്റെ പിറകെ കൂടി.
പോകും വഴി വാവക്കുട്ടൻ തങ്ങളുടെ സ്കൂൾ സമയങ്ങളെ പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. കുരിശു മറുപടിയൊന്നും പറയാതെ വേഗത്തിൽ മുന്നേ നടന്നു. കുട്ടിച്ചൻ ഏറ്റവും പുറകെയും. അവർക്ക് പിറകെ അവിടുത്തെ കൊടിച്ചിപ്പട്ടിയും. കുരിശിനു പേര് വീണത് സ്കൂളിൽ പഠിക്കുമ്പോൾ സെമിത്തേരി പൊളിച്ചു കുരിശു കട്ടോണ്ട് പോയതിന് ആയിരുന്നു എന്ന് വാവക്കുട്ടൻ ഓർമപ്പെടുത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പാപ്പുട്ടിക്കുന്നിലെ ചന്ദനമരം മുറിച്ചു കടത്താൻ നോക്കിയതിന് ചന്ദനക്കള്ളൻ കുരിശ് ആയതും വാവക്കുട്ടൻ ഓർമിപ്പിച്ചു. തന്റെ മൂത്ത കസിൻ ഷീബ ചേച്ചിയെ ആക്രമിക്കാൻ ചെന്നതിന് അവളുടെ അപ്പൻ തഹസിൽദാർ ജോണും തന്റെ അപ്പൻ മാത്യൂ സാറും കൂടെ കാല് തല്ലിയൊടിച്ച കാര്യവും വാവക്കുട്ടൻ ചെറിയ ചമ്മലോടെ പറഞ്ഞു.
മുന്നിൽ നടക്കുന്നതുകൊണ്ട് കുരിശിന്റെ കണ്ണ് നിറയുന്നതു ആരും കണ്ടില്ല. അയാളുടെ മുന്നിലൂടെ വാവക്കുട്ടൻ പറഞ്ഞ ഓർമകൾ എല്ലാം വെള്ളിടിപോലെ മിന്നി മാഞ്ഞു. ഹോം വർക്ക് ചെയ്യാത്തതിന് മുമ്പിൽ വിളിച്ചുവരുത്തി, ഓട്ടയുള്ള ട്രൗസറിന്റെ ചന്തിക്കടിച്ച് ബ്ലാക്ക് ബോർഡിൽ കയറ്റിയ മലയാളം മാഷെയും കൂട്ടുകാർ ആരൊക്കെയോ സെമിത്തേരിയിൽ പോയപ്പോൾ തമാശക്ക് കൂടെ പോയി കള്ളൻ എന്ന പേര് കിട്ടിയ ബിനു എന്ന ഒമ്പതാം ക്ലാസുകാരനെയും, പാപ്പുട്ടിക്കുന്നിലെ ചന്ദനത്തടി വെട്ടിയവരെ കിട്ടാതെ, കോളനിയിൽനിന്നും തങ്ങളെ പിടിച്ചുകൊണ്ടുപോയതും, ഷീബയോട് തനിക്ക് തോന്നിയ ഇഷ്ടം തുറന്നുപറയാൻ നിന്നതിന് വാവക്കുട്ടന്റെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയി കാല് തല്ലിയൊടിച്ചതും ഒക്കെ ഒരു കൊള്ളിയാന്റെ വെട്ടത്തിൽ നിറയെ നക്ഷത്രങ്ങൾ ഉള്ള ആകാശത്ത് കുരിശ് ഒരു സിനിമപോലെ കണ്ടു. ആ സിനിമ കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുനീര് ഒലിച്ചു കവിളിനെ നനച്ചു, ചുണ്ടുകളെ ഉപ്പ് തൊടുവിച്ചു, മഞ്ഞിനെ ലജ്ജിപ്പിച്ചു.
‘‘എനിക്ക് എന്റെ അമ്മച്ചിയുടെ മാല വേണം. നീ എനിക്ക് അത് തരണം കുരിശെ.’’
കുരിശിന്റെ സിനിമ ഓർമകൾ ഭേദിച്ചുകൊണ്ട് വാവക്കുട്ടൻ പറഞ്ഞു.
‘‘നീ പറ്റുംപോലെ മേടിക്ക്. നിന്റെ കുടുംബക്കാരെയും നാട്ടുകാരെയും ഞാൻ നശിപ്പിക്കും, കട്ടുമുടിക്കും. എന്നോട് ചെയ്തതിനൊക്കെ ഞാൻ പകരം വീട്ടും.’’ വർഷങ്ങളോളം വാറ്റ് കുടിച്ച് കരുണ വറ്റിപ്പോയ തലച്ചോറുകൊണ്ട് ആലോചിച്ചു കുരിശ് ഉറപ്പിച്ചു പറഞ്ഞു.
പെട്ടെന്ന് കുട്ടിച്ചൻ ബാഗിൽനിന്നും ആ നാടൻ തോക്കെടുത്ത് കുരിശിന് നേരെ നീട്ടി.
‘‘നിനക്ക് പ്രാന്തായോ #@#?’’ കുരിശ് തന്റെ സ്നേഹിതനായ കുട്ടിച്ചനോട് ചോദിച്ചു.
‘‘കുരിശേ ഇത് ഇവന്റെ കൊട്ടേഷനാ, ഞാൻ അത് ഏറ്റു പോയി. ഭാവിയിൽ ഇവൻ പോലീസാ, നീയത് തിരിച്ചു കൊടുത്തേരെ.’’
കുട്ടിച്ചന്റെ പുറകിൽ നിന്ന നായയെ കുരിശു തറപ്പിച്ചൊന്നു നോക്കി. ശ്രദ്ധയില്ലാത്ത ജീവിയാണെന്ന് സ്വയം തിരിച്ചറിവിൽ നിന്നാണത്രേ മനുഷ്യൻ നായകളെ കൂട്ടുപിടിച്ചത്! കുരിശിന്റെ ആജ്ഞാനുവർത്തിയെന്നോണം ആ കൊടിച്ചിപ്പട്ടി കുട്ടിച്ചന്റെ കൈ കടിച്ചുപറിച്ചു. വാവക്കുട്ടനും കുരിശും തോക്കിനു വേണ്ടി നിലത്തു വീണ് പൊരുതി. അവരുടെ മൽപ്പിടുത്തത്തിനിടയിൽ നിലത്തു കിടന്ന കുട്ടിച്ചന്റെ കാലിൽ വെടിയേറ്റു. കുട്ടിച്ചൻ ഉറക്കെ അലറിക്കൊണ്ട് ഇഞ്ചിക്കണ്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങി. പിന്നീട് അഭ്യാസികളെ പോലെ വാവക്കുട്ടനും കുരിശും മൽപ്പിടുത്തത്തിൽ ഏർപ്പെട്ടു. ലോകാവസാനം എന്നോണം ആകാശത്ത് എരിഞ്ഞു തീരാനായി, ഒരു നൂറു ഉൽക്കകൾ ഭൂമിയെ തേടി വന്നു. മനുഷ്യന്റെ മൽപ്പിടുത്തം ഇനിയും കണ്ടുനിൽക്കാൻ കഴിയാതെ കുട്ടിച്ചനെ കടിച്ച കൊടിച്ചിപ്പട്ടി ഓടിപ്പോയി. കുരങ്ങന്മാർ മരക്കൊമ്പിൽ കൂട്ടമായിരുന്നു കാലം തെറ്റിപ്പിറന്ന മനുഷ്യരുടെ മല്ലയുദ്ധം കണ്ടു പൊട്ടിച്ചിരിച്ചു.
യുഗങ്ങൾ നീണ്ട ആ യുദ്ധത്തിനൊടുവിൽ ഒരു വിജയിയുണ്ടായില്ല. കുരിശും വാവക്കുട്ടനും വാഴ തോട്ടത്തിലെ ചെളി കണ്ടത്തിൽ തളർന്നു മലർന്നു കിടന്നു. നേരം പൂർണമായും വെളുത്തു കഴിഞ്ഞു. കിതപ്പ് കഴിഞ്ഞ് ശ്വാസം നേരമായപ്പോൾ കുരിശ് പറഞ്ഞുതുടങ്ങി.
‘‘സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് കുറെ ഹോംവർക്ക് എഴുതി തന്നിട്ടുണ്ട്. കുറെ തല്ലൊന്നും കിട്ടാതെ ഞാൻ രക്ഷപ്പെട്ടിട്ടുണ്ട്. ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. ‘കുരിശ്’ എന്ന പേര് വരാൻ ശവപ്പെട്ടി കാവലിനിടെ കളവ് നടത്തിയതും പാപ്പുട്ടിക്കുന്നിലെ ചന്ദനമരം മുറിച്ചു കടത്തിയതും നിന്റെ പെങ്ങൾ ഷീബയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതും ഒക്കെ നുണയാണ്, കല്ലുവെച്ച നുണ!’’
കുരിശ് വാതോരാതെ പറഞ്ഞ കഥകളൊക്കെ വാവക്കുട്ടൻ ഒരക്ഷരംപോലും മിണ്ടാതെ കേട്ടുനിന്നു, വിശ്വസിച്ചു. തന്റെ പ്രിയപ്പെട്ട സഹപാഠിയായിരുന്ന കുരിശിന്റെ സങ്കടം മുഴുവൻ വാവക്കുട്ടൻ ഒരു സിനിമക്കഥ പോലെ കേട്ടു. കുരിശിനെ വിശ്വാസമാണെന്ന് ഉറപ്പും കൊടുത്തു. തന്നെ വിശ്വസിച്ച ജീവിതത്തിലെ ആദ്യത്തെ ആത്മാവിനെ കുരിശ് മനസ്സുകൊണ്ട് ആരാധിച്ചു.
‘‘എന്നെ വിശ്വസിച്ച നിനക്ക് ഞാനൊരു സമ്മാനം തരും!’’
കുരിശ് എഴുന്നേറ്റ് നടന്നു, എങ്ങോട്ടെന്നറിയാതെ കൂടെ വാവക്കുട്ടനും. രണ്ടുപേർക്കും ഒരേ മണ്ണിന്റെ നിറമായിരുന്നു, വാഴത്തോട്ടത്തിലെ ചെളിയുടെ നിറം. മനുഷ്യന്റെയും മണ്ണിന്റെയും തനത് നിറം!

ആന്ത്രസന്തയിൽനിന്നും രാവിലെ ഓരോ കട്ടൻചായയും കുടിച്ച് ഇരുവരും ബസ് കാത്തിരുന്നു. കുരിശിന്റെ ശരീരത്തിലെയും വസ്ത്രത്തിലെയും ചെളിനിറം കണ്ട് വാവക്കുട്ടന് ചിരി വന്നു. കുരിശ് തിരിച്ചും നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ബസ് വന്നപ്പോൾ കയറി രണ്ടുപേരും ഒരേ സീറ്റിൽ ഇരുന്നു. കണ്ടക്ടറും മറ്റ് യാത്രക്കാരും ചെളി പുരണ്ട രണ്ട് ആത്മാക്കളെ വല്ലാണ്ട് ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു. പുറത്തുനിന്നും നല്ല തണുത്ത കാറ്റ് ചുളുചുളാന്ന് വീശി അടിച്ചുകൊണ്ടിരുന്നു.
അന്നൊരു സാബത്ത് ദിവസമായിരുന്നു. മഞ്ഞുള്ള ആ തണുത്ത പ്രഭാതത്തിൽ, പാപ്പൂട്ടി കവലയിൽ രാവിലെ ആളുകൾ ചായ കുടിക്കാനും പാൽ കൊടുക്കാനും പള്ളിയിൽ പോവാനും വരുന്നതിന്റെ തിരക്കായിരുന്നു. അപ്രതീക്ഷിതമായി ബസ്സിൽനിന്നിറങ്ങിയ കുരിശിനെയും വാവക്കുട്ടനെയും കണ്ടു ആളുകൾ ഞെട്ടി. കുരിശ് ഏറെക്കാലത്തിനുശേഷം ആദ്യമായാണ് നാട്ടിൽ പകൽവെട്ടത്ത് പ്രത്യക്ഷപ്പെടുന്നത്. സബ് ഇൻസ്പെക്ടർ ട്രെയിനി ആണെങ്കിലും വാവക്കുട്ടന് തന്റെ ചെളിനിറഞ്ഞ രൂപത്തിൽ തെല്ലും ജാള്യത ഉണ്ടായിരുന്നില്ല. ബസ് ഇറങ്ങി കുരിശിനെ പിന്തുടർന്ന് അയാൾ നടന്നുനീങ്ങി. കുരിശിനെ കണ്ട നാട്ടുകാർ കുശുകുശുക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ വടികൾ കയ്യിലെടുത്തു, മറ്റു ചിലർ ആയുധങ്ങൾ ഒപ്പിക്കാനുള്ള തിരക്കിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പിടികിട്ടാ കള്ളനെ പിടിക്കാൻ ഇനിയൊരു അവസരം കിട്ടണമെന്നില്ല. കുരിശ് തന്റെ കത്തിയെടുത്ത് കടിച്ചുപിടിച്ച് നാട്ടുകാരെ നോക്കി ഭയപ്പെടുത്തി. അയാൾ നേരെ പോയത് ജങ്ഷനിലുള്ള കന്യാമറിയത്തിന്റെ കപ്പേളയിലെ കുരിശുരൂപത്തിന് മുന്നിലായിരുന്നു. അതിലെ ഭണ്ഡാരത്തിലേക്ക് കുരിശു നോക്കി നിന്നു.
ആണുങ്ങളും പെണ്ണുങ്ങളുമായ നാട്ടുകാരെല്ലാം, പതിയെ കുരിശിനെയും വാവക്കുട്ടനെയും അവർ അറിയാതെ ഒരു ചക്രവ്യൂഹംപോലെ പൊതിയുന്നുണ്ടായിരുന്നു. കുരിശ് കടിച്ചു പിടിച്ച കത്തി എടുത്തു അനായാസം നിലത്തിരുന്ന് ഭണ്ഡാരപ്പെട്ടി തുറന്നു. അതിനുള്ളിൽ കയ്യിട്ടു, ചൂയിംഗം കൊണ്ട് ഭണ്ഡാര പെട്ടിയുടെ മുകൾ ഭിത്തിയിൽ ഒട്ടിച്ചുെവച്ച രണ്ടര പവന്റെ മാല പുറത്തെടുത്തു. നാട്ടുകാർ അത്ഭുതത്തോടെ നെടുവീർപ്പെട്ടു, ഒപ്പം വാവക്കുട്ടനും!
‘‘കട്ടമുതൽ ഒളിപ്പിക്കാൻ ഇതിലും നല്ല സ്ഥലം ഒന്നും എനിക്ക് കിട്ടിയില്ല വാവക്കുട്ടാ.’’
കുരിശ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മല വാവക്കുട്ടനു കൈമാറി. കയ്യിലിരുന്ന കത്തി എറിഞ്ഞുകളഞ്ഞു. തന്നെ വിശ്വസിച്ച വാവക്കുട്ടനെ അടുത്തുവന്ന് കുരിശ് സ്നേഹപൂർവം കെട്ടിപ്പിടിച്ചു. ഒരു ചിമ്പാൻസി മറ്റൊരു ചിമ്പാൻസിയെ കെട്ടിപ്പിടിക്കുന്നപോലെ.
കവലയിലെ കടകളിൽനിന്നും ശവപ്പെട്ടികൾ അനങ്ങിത്തുടങ്ങി. ശവപ്പെട്ടി സൂക്ഷിപ്പുകാരനോടുള്ള ആരാധനയല്ല, കുരിശ് എന്ന ആത്മാവിനെ ആവാഹിക്കാനുള്ള തിടുക്കമായിരുന്നു അവറ്റകൾക്ക്. ഇതിനിടയിൽ നാട്ടുകാർ അവരുടെ ചക്രവ്യൂഹം കല്ലും കോലുംകൊണ്ട് ബലപ്പെടുത്തി. നിരായുധനായ കുരിശിനെ അവർ പൊതിഞ്ഞു. വാവക്കുട്ടനെ പിന്നിലാക്കി ആണും പെണ്ണും അടങ്ങുന്ന ആ ‘വാനരസംഘം’ കുരിശ് എന്ന ഇരയെ പ്രാപിച്ചു. നിസ്സഹായനായി വാവക്കുട്ടൻ തന്റെ മുമ്പിലുള്ള ആൾക്കൂനയെ നോക്കി. ആളുകളുടെ ആക്രോശങ്ങൾക്കിടയിലും വീണുകിടന്ന കുരിശിന്റെ കത്തിയെടുത്ത് വാവക്കുട്ടൻ അലറി, ആൾക്കൂമ്പാരത്തിലേക്ക് ഓടിക്കയറി, ആളുകളെ വലിച്ചുമാറ്റി. ഇരയെ തിന്നുതീർത്ത വേട്ടപ്പട്ടി കൂട്ടങ്ങളെ പോലെ നാട്ടുകാർ പതിയെ പിൻവാങ്ങി. ചോരയിൽ കുളിച്ചുകിടന്ന കുരിശിനെ വാവക്കുട്ടൻ മടിയിൽ കിടത്തി. ഇരുവരുടെയും ചെളിനിറഞ്ഞ രൂപത്തെ ചോര തന്റെ നിറംകൊണ്ട് പൊതിഞ്ഞു. ചെറിയ ചിരിയോടെ കുരിശിന്റെ ശ്വാസം നിലച്ചു. ചങ്ക് തകർന്നു വാവക്കുട്ടൻ ആകാശത്തേക്കു നോക്കി അലറി.
ആകാശത്തുനിന്ന് ഒരു ആഞ്ഞ മിന്നലും, ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ആയിരം ഉൽക്കകളെയും വാവക്കുട്ടൻ മാത്രം കണ്ടു! കള്ളൻ കുരിശിന്റെ സത്യം അറിയാവുന്ന കൊള്ളിയാനുകൾ! എരിഞ്ഞു തീരാതെ ഈ കവലയിലെത്താൻ, അതിൽ ഒരെണ്ണം താനായിരുന്നെങ്കിൽ എന്ന് വാവക്കുട്ടൻ വെറുതെ ആഗ്രഹിച്ചു!
