Begin typing your search above and press return to search.
proflie-avatar
Login

ഇറമ്പം

ഇറമ്പം
cancel

അയാളെ കാണാതാവുന്നതിന്‍റെ രണ്ടു ദിവസം മുന്നേ അയാള്‍ അവളെ ​െട്രയിന്‍ കയറ്റാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ വന്നിരുന്നു. ജോലിസംബന്ധിച്ചാണ് അന്നവള്‍ കണ്ണൂര്‍ പോകാന്‍ ഇടയായത്. ഡ്യൂട്ടിയുള്ള സ്ഥലത്തുനിന്നും കുറെ ദൂരത്തായിരുന്നു അയാളുടെ വീട്. അവള്‍ക്കയാളുടെ വീട് വരെ എത്തി തിരിച്ചുള്ള ​െട്രയിന്‍ പിടിക്കാന്‍ സ്റ്റേഷനില്‍ എത്താനാകും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. ഉച്ചക്ക് ഓഫീസില്‍നിന്നും ഇറങ്ങാം എന്നു കരുതി. എന്നാല്‍, അവിടെ ഉള്ളവര്‍ പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ പ്ലാന്‍ ചെയ്തതുകൊണ്ട് അതും നടന്നില്ല. അയാള്‍ക്കു വീട്ടില്‍നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അമ്മയുടെ അസുഖം അന്ന്...

Your Subscription Supports Independent Journalism

View Plans

അയാളെ കാണാതാവുന്നതിന്‍റെ രണ്ടു ദിവസം മുന്നേ അയാള്‍ അവളെ ​െട്രയിന്‍ കയറ്റാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ വന്നിരുന്നു. ജോലിസംബന്ധിച്ചാണ് അന്നവള്‍ കണ്ണൂര്‍ പോകാന്‍ ഇടയായത്. ഡ്യൂട്ടിയുള്ള സ്ഥലത്തുനിന്നും കുറെ ദൂരത്തായിരുന്നു അയാളുടെ വീട്. അവള്‍ക്കയാളുടെ വീട് വരെ എത്തി തിരിച്ചുള്ള ​െട്രയിന്‍ പിടിക്കാന്‍ സ്റ്റേഷനില്‍ എത്താനാകും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. ഉച്ചക്ക് ഓഫീസില്‍നിന്നും ഇറങ്ങാം എന്നു കരുതി. എന്നാല്‍, അവിടെ ഉള്ളവര്‍ പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ പ്ലാന്‍ ചെയ്തതുകൊണ്ട് അതും നടന്നില്ല. അയാള്‍ക്കു വീട്ടില്‍നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അമ്മയുടെ അസുഖം അന്ന് രാവിലെ കുറച്ചു കലശലായതുപോലെ തോന്നിച്ചു. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ തലചുറ്റി കട്ടിലിന് പിന്നിലേക്ക് മറിഞ്ഞു. അയാള്‍ നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ പെ​െട്ടന്നു പിടിച്ച് കട്ടിലിലേക്ക് കിടത്തി. ചെരിച്ചു വായയിലുള്ള ഭക്ഷണം തോണ്ടിക്കളഞ്ഞു, മുഖത്തേക്ക് വെള്ളം കുടഞ്ഞപ്പോള്‍ അമ്മ മെല്ലെ കണ്ണുതുറന്നു അയാളെ നോക്കി.

അയാള്‍ പേടിച്ചുപോയി. “അമ്മേ, അമ്മേ”, എന്നു പലവട്ടം വിളിച്ചപ്പോള്‍ മെല്ലെ അമ്മയുടെ കണ്ണില്‍ തിരിച്ചറിവുണ്ടായതുപോലെ തോന്നി. കഞ്ഞിവെള്ളം ഉപ്പിട്ട് മെല്ലെ കുടിക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു. അയാള്‍ വേഗം അനിയത്തിയെ വിളിച്ചു. ഒന്നു വരാമോ എന്നു ചോദിച്ചു. അനിയത്തിയുടെ ശബ്ദത്തില്‍ ഭയത്തിന്റെ ചെറിയ നാളങ്ങള്‍ പടര്‍ന്നു കയറുന്നത് അയാള്‍ക്ക് അറിയാമായിരുന്നു. ഒരു കാറ്റിനപ്പുറത്ത് അവര്‍ രണ്ടുപേരും വീണ്ടും രാത്രിയിലെ ഇരുട്ടിലേക്ക് പകച്ചിരിക്കുന്ന ചെറിയ കുട്ടികളായി. “ഏട്ടാ, ഇപ്പോ ഇറങ്ങാ. അതുവരെ അമ്മയെ...’’ അവള്‍ പകുതി പറഞ്ഞു നിര്‍ത്തി. അവള്‍ വരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. വീടിന് മുന്നില്‍നിന്നും ബസ് കിട്ടും. എന്നാല്‍, രണ്ടു കുട്ടികളെയും ഒരുക്കി കൂടെ കൂട്ടണം. ഭര്‍ത്താവിന്റെ, പ്രായമായ അമ്മക്കും അച്ഛനും വേണ്ട ഭക്ഷണം മൂടിവെക്കണം. അമ്മ ചെറുതായി ഒന്നു മയങ്ങിയപ്പോള്‍ അയാള്‍ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു. മെലിഞ്ഞ നെഞ്ചിന്‍കൂട് മുഴുവന്‍ ശ്വാസവുമെടുക്കാതെ പെ​െട്ടന്നു പെ​െട്ടന്നു ഉയര്‍ന്നുതാണു.

അയാള്‍ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പാത്രങ്ങള്‍ കഴുകി, അമ്മയുടെ സാരികള്‍ അലക്കി വിരിച്ചിട്ടപ്പോളേക്കും അനിയത്തിയും കുട്ടികളും എത്തിയിരുന്നു. അകത്തുനിന്നും “നീ ഇപ്പോ എന്തിനാ തിരക്കിട്ട് വന്നേ?”, എന്ന അനിയത്തിയോടുള്ള അമ്മയുടെ ചോദ്യം അയാളെ കടന്നു ഉച്ചവെയിലില്‍ നേര്‍ത്തുപോയി. അവളുടെ മക്കളില്‍ ഒരുവന്‍ ടി‌.വി ഇട്ടു ചടഞ്ഞുകൂടിയത് മെല്ലേ നോക്കി അയാള്‍ അകത്തേക്ക് കയറി. അനിയത്തി കട്ടിലില്‍ ഇരുന്ന് അമ്മയെ നോക്കുന്നു. അയാള്‍ വന്നത് അവള്‍ അറിഞ്ഞില്ല എന്നു തോന്നി. അമ്മയുടെ കൈയെടുത്ത് അവള്‍ വിരലുകളെ തൊട്ടുകൊണ്ടിരുന്നു. അകന്നുപോകാനായ ഒരു വെളിച്ചത്തെ ഓര്‍ത്തെടുക്കാന്‍ എന്നപോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. ഇല്ലാതെയായാല്‍ ഈ തൊലിയുടെ തണുപ്പ് ഓര്‍ക്കണം. എല്ലിനോട് ഒട്ടിനില്‍ക്കുന്ന ഇറച്ചിയുടെ മൃദുത്വം. ഈ വിരലുകള്‍ ചൂണ്ടിക്കാണിച്ച വഴികളുടെ തളിരിലകള്‍. ആ വിരലുകള്‍കൊണ്ട് തന്നെ കിട്ടിയ പുറത്താക്കലിന്റെ വേവ്.

ഇപ്പോള്‍ അമ്മ കണ്ണുപൂട്ടി കിടക്കുകയാണ്. അമ്മയെ എറണാകുളത്തെ ആശുപത്രിയില്‍നിന്നും കൊണ്ടുവന്നിട്ട് ഒരാഴ്ച ആകുന്നേയുള്ളൂ. അയാളും അവിടെയായിരുന്നു താമസം. താമസിക്കുന്ന ഇടവും ഹോസ്പിറ്റലും തമ്മില്‍ അധികം ദൂരമില്ല. അമ്മക്ക് ഓരോ വട്ടം റേഡിയേഷൻ ചെയ്യേണ്ടപ്പോഴും അയാള്‍ താമസിക്കുന്ന ഇടത്തുനിന്നും ആശുപത്രിയിലേക്ക് പോകും. അമ്മയുടെ കൂടെ അവരുടെ അനിയത്തി ഉണ്ടായിരുന്നു. ഭക്ഷണം വാങ്ങാനും മറ്റും അയാള്‍ ഇടക്ക് പുറത്ത് ഇറങ്ങുന്നതൊഴിച്ചാല്‍ മൂന്നാഴ്ചയോളം അയാളും അമ്മയോടൊപ്പം തന്നെയായിരുന്നു. ഇടക്കൊരു വൈകുന്നേരം പുറത്തേക്കിറങ്ങണം എന്നുതോന്നി, പുറത്തേക്കൊന്നു നടന്നെങ്കിലും അമ്മയ്ക്കെന്തെങ്കിലും ആവശ്യം വന്നെങ്കിലോ എന്നു കരുതി വേഗം തിരികെ നടന്നു. വരുന്ന വഴിക്കു ചെറിയ ഒരു പെട്ടിക്കടയില്‍ ആഴ്ചപ്പതിപ്പ് അന്വേഷിച്ചെങ്കിലും അതുണ്ടായില്ല. അവളുടെ പുതിയ കഥ അച്ചടിച്ചുവന്ന ആഴ്ചയായിരുന്നു അത്.

അവള്‍ വിളിച്ച് പറഞ്ഞിരുന്നു, വാങ്ങാന്‍. കഥയെഴുതി അച്ചടിച്ചുവന്നതിനു ശേഷം മാത്രമേ അവള്‍ അയാളെ അറിയിച്ചിരുന്നുള്ളൂ. അച്ചടിമഷിയില്‍ അവളുടെ പേര് കാണുമ്പോള്‍ അയാള്‍ക്കു ചിരിവരും. അവള്‍ എഴുതിയത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി പിന്നെയും ഒന്നു രണ്ടു കൊല്ലം കഴിഞ്ഞാണവര്‍ വീണ്ടും കണ്ടുമുട്ടുന്നത്. കാണുമ്പോള്‍ പണ്ട് നിര്‍ത്തിയ ഇടത്തുനിന്നും അവര്‍ വീണ്ടും സംസാരിച്ചു തുടങ്ങി. കാലങ്ങള്‍ അവര്‍ക്ക് മുന്നില്‍ നേര്‍ത്ത നീര്‍ച്ചാലുകളായി. അതിന്റെ കരയില്‍ അവര്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചുകൊണ്ടേയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അമ്മക്ക് ഈ അസുഖമാണെന്ന് അറിഞ്ഞത്. പിന്നെ ജീവിതത്തിന്റെ മുഖം മാറുകയായിരുന്നു. അയാള്‍ പണിയെടുക്കുന്ന സ്ഥാപനത്തില്‍നിന്നും ഇടയ്ക്ക് ലീ​െവടുക്കാന്‍ നിര്‍ബന്ധിതനായി. മൂന്നുപേരെക്കൊണ്ട് ഓടിയിരുന്ന ഒരു ചെറിയ പത്രമായിരുന്നു അത്. അയാള്‍ ഇല്ലെങ്കില്‍ പിന്നെ മറ്റ് രണ്ടുപേര്‍ മാത്രമുള്ള ഒരു ബ്യൂറോ. അയാള്‍ ഇല്ലാത്ത കുറെ കാലം അവര്‍ രണ്ടുപേരും എങ്ങനെയോ തള്ളിനീക്കി. അയാള്‍ തിരികെ വരുമ്പോള്‍ പിന്നെ കുറെക്കാലം ഒരു അവധിയും ഇല്ലാതെ പണിയെടുക്കും.

അയാളെ കാണാതായെന്ന് ഒന്നുരണ്ടു ദിവസത്തേക്ക് അവള്‍ക്ക് മനസ്സിലായില്ല. കണ്ണൂരില്‍നിന്നും വന്നതിന്റെ പിറ്റേ ദിവസം അവള്‍ അയാള്‍ക്കു മെസേജ് ഒന്നും അയച്ചിരുന്നില്ല. അതിന്റെ പിറ്റേദിവസം എന്തോ ഒരു മെസേജ് അയച്ചു. അയാള്‍ അത് കണ്ടതിന്റെ ലക്ഷണമൊന്നുമില്ല. അല്ലെങ്കിലും അയാള്‍ ചിലപ്പോള്‍ ഡേറ്റ ഓഫ് ചെയ്തു കുറെനേരം ഇരിക്കും. അതിന്റെയും പിറ്റേ ദിവസം അവള്‍ “നിനക്കു കുഴപ്പം ഒന്നും ഇല്ലല്ലോ” എന്നു മെസേജ് അയച്ചു. അതിനു കുറെ നേരത്തേക്ക് മറുപടി ഇല്ലായിരുന്നു. രാത്രി ആയപ്പോഴാണ് വിളിക്കാന്‍ ഒത്തത്. This mobile is switched off എന്നു മുഖമില്ലാത്ത സ്ത്രീ പറഞ്ഞുകൊണ്ടിരുന്നു. എന്തെങ്കിലും ഒരു ഹാല്‍ ഇളകിയതാവും എന്നു കരുതി. പിന്നേയും രണ്ടു ദിവസം കാത്തു. എന്നിട്ടും ഫോണ്‍ കിട്ടാതേ തന്നെ. ഈ വട്ടം അവള്‍ കോട്ടയത്തായിരുന്നു. അവിടെ ഉള്ള ഒരാള്‍ക്കൊപ്പം സൂര്യാസ്തമനം കാണാന്‍ ഒരു വയല്‍ക്കരയില്‍ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അവള്‍ക്കു ചെറിയതോതില്‍ ഭയം തോന്നി. എന്തുപറ്റി ആവോ... അയാളുടെ വീട്ടിലുള്ള ആരുടെയും നമ്പര്‍‌ അറിയില്ല. പിന്നെയാണ് അവരുടെ രണ്ടുപേരുടെയും സുഹൃത്തായ ജംഷീറിനെ ഓര്‍മവന്നത്. അവനെ വിളിച്ചപ്പോള്‍ കിട്ടിയില്ല. വയല്‍ക്കരയില്‍നിന്നും സൂര്യന്‍ അപ്പോള്‍ താണിരുന്നു. ഇരുട്ടിനിടെ ചെറിയ ഇളക്കങ്ങള്‍ കാറ്റിലാടി. കൂടെയുള്ള സുഹൃത്ത് എന്തുപറ്റിയെന്നു ചോദിച്ചപ്പോഴാണ് കുറച്ചു നേരമായി അയാളെ ഗൗനിക്കാതെ ഫോണും പിടിച്ച് ഇരിക്കുകയായിരുന്നു എന്ന ബോധം വന്നത്. “ഒരാളെ കാണാനില്ല.” അത് പറഞ്ഞപ്പോള്‍തന്നെ സത്യമാവുമോ എന്ന് ഓര്‍ത്തു. അയാള്‍ ഫോണ്‍ എടുക്കുന്നില്ല. ശരിതന്നെ. മെസേജും അയക്കുന്നില്ല. മറ്റൊരു തരത്തിലും ബന്ധപ്പെടാനും ആകുന്നില്ല.

എന്നാല്‍, അയാള്‍ അപ്പുറത്ത് ഉണ്ടാകുമോ? അയാള്‍ അവിടെ ഉണ്ടെങ്കിലോ? ഒന്നും മിണ്ടാതെ. പറയാതെ. അവിടെ അങ്ങനെ അങ്ങ് ഇരിക്കുകയാണെങ്കിലോ? “ആരെ?” “എന്റെ ഒരു സുഹൃത്താണ്. കൂടെ പണ്ട് ഉണ്ടായിരുന്ന... ഞാന്‍ എം.ഫില്‍ ചെയ്യുമ്പോള്‍ യൂനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു. ആദ്യമൊന്നും ഞാന്‍ തീരെ മിണ്ടില്ലായിരുന്നു. അയാള്‍ ഗവേഷണം ചെയ്യുകയായിരുന്നു. ചെയ്യാനാവില്ല എന്ന് അയാള്‍ക്കു തോന്നിത്തുടങ്ങിയ കാലത്തെപ്പോഴോ ആണ് ഞാന്‍ അയാളോട് മിണ്ടുന്നത്. എങ്ങനെയാണ് എന്നൊന്നും ഓര്‍മയില്ല...” നിര്‍ത്താതെ സംസാരിക്കുകയാണല്ലോ എന്ന ജാള്യതയോടെ അവള്‍ കൂടെയുള്ള ആളെ നോക്കി. അയാള്‍ മുഖത്തേക്ക് നോക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയില്ല. അയാള്‍ മുഖത്തൊരു ചിരി വരുത്തി. “പറഞ്ഞോ, പറഞ്ഞോ... ഞാന്‍ കേള്‍ക്കുന്നുണ്ട്.” “എയ്... പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ല... കാണാനില്ല എന്നു പറഞ്ഞത് ശരിയാണോ എന്നറിയില്ല. ഒരുപക്ഷേ അയാള്‍ ഉണ്ടാകും. ഫോണ്‍ എടുക്കുന്നില്ല എന്നുമാത്രം.’’ അപ്പോള്‍ ആണ് ജംഷീര്‍ തിരിച്ചുവിളിച്ചത്.

“ഹലോ... നീ എന്താ വിളിച്ചത്?’’ “ഗൗതം...” “ആ, എനിക്കു തോന്നി... ഇതിപ്പോ നീ രണ്ടോ മൂന്നാമത്തെയോ ആളാണ് അവനെക്കുറിച്ച് ചോദിച്ചു വിളിക്കുന്നത്... ഞാനും ഇന്നലെയാ വിളിച്ചുനോക്കിയത്. അവന്റെ ഫോണ്‍ കിട്ടുന്നില്ല. നിനക്കൊന്നു പോയി നോക്കാമോ? ബുദ്ധിമുട്ടാകുമോ?’’ “ഏയി, ഏത് ബുദ്ധിമുട്ട്. ഞാന്‍ നാളെ ഒാഫീസില്‍ പോകും വഴി അവന്റെ വീട്ടില്‍ ഒന്നു കയറാം എന്നു കരുതി ഇരിക്കുകയായിരുന്നു. അവന്റെ ജോലിസ്ഥലത്തു ഞാന്‍ വിളിച്ച് നോക്കിയിരുന്നു. അവന്‍ അവിടെയും പോയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ വിളിച്ചിട്ടും ഫോണ്‍ കിട്ടുന്നില്ലാ. അവരോടും ഒന്നും പറഞ്ഞിട്ടില്ല.” ഈ വട്ടം ഭയം ശരിക്കും ഒന്നു തലപൊക്കി. അയാള്‍ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ. അവള്‍ കുറച്ചുനേരം ഒന്നു ഉറഞ്ഞുപോയി. “പോകാമോ?” കൂടെയുള്ള ആള്‍ വിളിച്ചപ്പോഴാണ് ചുറ്റുമുള്ള ഇരുട്ടു കണ്ടത്. തിരികെയുള്ള യാത്രയില്‍ അയാള്‍ എ​െന്തല്ലാമോ പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കുമ്പോഴും എന്തൊക്കെയോ പറഞ്ഞു. അവള്‍ മറുപടി പറയുന്നുണ്ടായിരുന്നു. എന്നാല്‍ അവളുടെ ഉള്ളില്‍ ഘനം കൂടിയ ഒരിരുള്‍ പെരുത്തുകൊണ്ടിരുന്നു. രാത്രി മുറിയില്‍ എത്തിയപ്പോ​ഴാണ് ശ്വാസം വീണത്. വേഗം വീണ്ടും ഫോണ്‍ എടുത്തുനോക്കി. അയാള്‍ മറുപടി അയച്ചിരിക്കുമോ. ഇല്ല. Last seen ഇപ്പോഴും കഴിഞ്ഞ ആഴ്ചത്തെ ഒരു ഡേറ്റ് തന്നെ. വിളിച്ച് നോക്കാന്‍ ആയില്ല. അപ്പുറത്തുനിന്നുള്ള blankness സഹിക്കാന്‍ ആവുമോ എന്നറിയില്ല. അവള്‍ അറിയാതെ എന്തെങ്കിലും ആയിട്ടുണ്ടാവുമോ.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ അയാളുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ജീവിതം കീഴ്മേല്‍ മറിഞ്ഞ കാലങ്ങളില്‍ അയാള്‍ ഇല്ലായിരുന്നു. പ്രതീക്ഷയുടെ തുരുത്തില്‍ കഴിഞ്ഞിരുന്ന കാലങ്ങളില്‍ എപ്പോഴോ ആണ് അവര്‍ തമ്മില്‍ സംസാരിക്കുവാന്‍ തുടങ്ങുന്നത്. അവളുടെ കൂടെ യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്ന കുട്ടി ജോലി അന്വേഷിച്ചു ഡെല്‍ഹിയിലേക്ക് പോയിരുന്നു. എം.ഫില്‍ കഴിഞ്ഞു അവളും പി‌എച്ച്‌.ഡിക്കു ചേരാന്‍ കാത്തിരുന്ന കാലം. ലോകത്തിലെ സകലതിന്നും ചാരനിറം കലര്‍ന്ന കാലങ്ങള്‍. ചുട്ട ഉച്ചകളില്‍ മലമുകളില്‍ ഉള്ള കാമ്പസില്‍ ചൂട് കാറ്റിനോടൊപ്പം മയിലുകളും ഇറങ്ങിനടന്നു. യൂനിവേഴ്സിറ്റിയുടെ കിഴക്കേ അതിര്‍ത്തിയില്‍ ഒരു സ്കൂളായിരുന്നു. വേനലവധിക്കു പൂട്ടിയ സ്കൂളിന്റെ വരാന്തയില്‍ വിശന്നുണങ്ങിയ ഓറഞ്ചു നിറത്തിലുള്ള ഒരു പട്ടി ഇടക്ക് വന്നു കിടന്നിരുന്നു. വലിയ കൂട്ടം മാവുകള്‍ അതിന്റെ അതിര്‍ത്തിയില്‍ പടര്‍ന്ന് കിടന്നു. ചെറിയ ഒരു ടാറിട്ട റോഡ് ചെന്നെത്തുന്നത് ഈ മാവുകളുടെയും സ്കൂള്‍ ഗ്രൗണ്ടിന്റെയും വിശാലതയിലാണ്. അതിനും അപ്പുറത്താണ് സ്കൂളുള്ളത്. അവളും അയാളും മിക്കവാറുമുള്ള ഉച്ചക്ക് മെല്ലെ നടന്ന് മാവിന്‍കൂട്ടങ്ങളുടെ തണലില്‍ വന്നിരിക്കും. അങ്ങനെയുള്ള പല ഉച്ചകളിലും മാവിന്റെ ചാഞ്ഞ ചില്ലമേല്‍ ഇരിക്കുമ്പോള്‍ വേനല്‍കാറ്റില്‍ പഴുത്ത മാങ്ങകള്‍ അവര്‍ക്ക് ചുറ്റും വീണുപൊട്ടും. ഒലിക്കുന്ന പഴങ്ങളുമായി അയാള്‍ അവള്‍ക്കരികിലേക്ക് ചിരിച്ചുടയും.

ഏറെ നേരത്തിനുശേഷം ചായുന്ന സൂര്യനെ കാണാന്‍ അവര്‍ രണ്ടുപേരും അധ്യാപകരുടെ ക്വാർ​േട്ടഴ്സിനപ്പുറത്തുള്ള കുഞ്ഞ് മലക്ക് മുകളില്‍ ഇരിക്കുമായിരുന്നു. പോകുന്ന വഴിയില്‍ സ്ത്രീകള്‍ കപ്പ ഉണക്കിയത് വാരിവെക്കുന്നുണ്ടാകും. അന്നൊരിക്കല്‍ മുറിയുന്ന ചൂടില്‍നിന്നും ഭൂമി പതുത്ത തീനാളങ്ങളിലേക്ക് ചാഞ്ഞപ്പോള്‍ അവര്‍ ചുറ്റും തെളിയുന്ന വെളിച്ചത്തിലേക്ക് നോക്കിയിരുന്നു. “ക്ലാസുകള്‍ അടച്ച് എല്ലാരും വീട്ടില്‍ പോയല്ലോ... നമ്മളെപ്പോലെ കുറച്ചുപേര്‍ ഇവിടെ ഇങ്ങനെ ഉണ്ടാവും അല്ലേ...” യൂനിവേഴ്സിറ്റിയില്‍ പലരും വീടുകളിലേക്കു പോയ സമയം. അവള്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ തുടര്‍ന്നു, “നാളെ അച്ഛന്‍ ഈ വഴി പോകും എന്നു പറഞ്ഞിരുന്നു.” “എപ്പോ?” “അമ്മോ... അറീല്ല. രാവിലെ ആകും എന്നു പറഞ്ഞു. കണ്ണൂരുന്ന് രാത്രി നല്ലോണം വൈകി പുറപ്പെട്ട മൂപ്പര്‍ പുലര്‍ച്ച ആണ് ഈ വഴി കടക്കുക. ലോറീന്‍റെ കിളി കൂടെ ണ്ടാകും എന്നാ പറഞ്ഞേ. ഇരുട്ടത്താണെല്‍ വിളിക്കില്ല എന്നു പറഞ്ഞു.’’ “ഉം” അയാള്‍ അകലെ നിന്നും കണ്ണെടുക്കാതെ തുടര്‍ന്നു.“ചെലപ്പോ ഞാന്‍ ഒന്നു രണ്ടു ദൂസം കഴിഞ്ഞ് നാട്ടില്‍ ഒന്നു പോയിട്ട് വരും. അമ്മേനെം കണ്ടിട്ടു കുറച്ചായി.’’ (നിശ്ശബ്ദത) ‘‘നീ പോകുന്നില്ലേ?” അവള്‍ പെ​െട്ടന്നു ഒന്നുലഞ്ഞപോലെ തോന്നി. “അവിടെ അമ്മമ്മ ഇല്ലല്ലോ. അവര്‍ ചെറിയമ്മയുടെ അടുത്താണ്, അവിടെ പോയാലും ഒറ്റക്കാവും.” അവര്‍ മിണ്ടാതെ ഇരുന്നപ്പോള്‍ രാത്രി മെല്ലെ പതഞ്ഞരമ്പി.

 

* * *

അയാളെ കാണാതാവുന്നതിന്‍റെ രണ്ടു ദിവസം മുന്നേ അയാള്‍ അവളെ ​െട്രയിന്‍ കയറ്റാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ വന്നിരുന്നു.ആറു മണിക്ക് വരേണ്ട അവളുടെ ​െട്രയിന്‍ ഒരു മണിക്കൂര്‍ വൈകി ഓടുകയായിരുന്നു. “എനിക്കു നിന്റെ ​െട്രയിന്‍ വരുന്ന വരെ നിൽക്കാനാകും എന്നു തോന്നുന്നില്ല. ഇന്നു അമ്മക്ക് തീരെ വയ്യ. അനിയത്തിയെ അവിടെ നിര്‍ത്തിയിട്ടാണ് വന്നത്.” “സാരമില്ല. നിനക്കു പറ്റുകയാണേല് വന്നാ മതി. വന്നാലും സമയം ആകുമ്പോ വേഗം തിരിച്ചു പൊയ്ക്കൊ.” വരുമെന്നു ഉറപ്പില്ലായിരുന്നുവെങ്കിലും അന്ന് വൈകുന്നേരം അവള്‍ വരുന്നതും കാത്തു അയാള്‍ വഴിയില്‍ നിൽപുണ്ടായിരുന്നു. അമ്മക്ക് ഒരുവിധം ഭേദമാണെന്നും അതുകൊണ്ട് വരാമെന്നും അയാള്‍ പറഞ്ഞു. സ്റ്റേഷന്‍ വരെ അവര്‍ ഒരുമിച്ച് കുറച്ചു ദൂരം നടന്നു. നടക്കുന്ന വഴി ദൂരെ മുത്തപ്പന്‍ തെയ്യം കണ്ടു. “ഇപ്പോ സമയമില്ല.” അയാള്‍ റോഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവള്‍ ചെറുതായി ചിരിച്ചു. “ഞാന്‍ പോകണം എന്നു പറഞ്ഞില്ലല്ലോ.” “നിന്നെ എനക്കു അറിഞ്ഞൂടെ?’’ അയാള്‍ തിരിഞ്ഞുനോക്കി പറഞ്ഞു. ‘‘യൂണിവേര്‍സിറ്റീന്നു ഒരൂസം നീ കൊടുങ്ങല്ലൂര്‍ പോകണം എന്നു പറഞ്ഞത് ഓര്‍മയുണ്ടോ. ചുവന്ന പട്ട് ഉടുക്കണം എന്നൊക്കെ പറഞ്ഞു എന്തൊരു ബഹളം... ’’ “ഞാന്‍ പോയില്ലല്ലോ.

നിനക്കു ഓര്‍മയില്ലേ? അയാള്‍ പ്രശ്നമുണ്ടാക്കിയത്?” ഒരു നിമിഷം അവളുടെ മുഖത്തെ വെളിച്ചം കെട്ടുവോ? അയാള്‍ അവളെ തട്ടിവിളിച്ചു. “നീ അത് വിട്ടാട്ടെ. വാ, ഇവടെ കേറി ഒരു കാപ്പി കുടിക്കാ...” ‘‘സമയം ഉണ്ടാകുവോ?” “പതിനഞ്ചു മിനിട്ടില്ലേ? ഇനി ഇവടന്നു ആ സ്റ്റെപ്പ് കയറി ഇറങ്ങിയാ പോരേ?” (അവിടെ എത്തിയപ്പോഴാണ് ആറു മണിക്ക് വരേണ്ട ​െട്രയിന്‍ ഒരു മണിക്കൂര്‍ വൈകിയെന്ന് അവര്‍ അറിയുന്നത്.) ആടുന്ന മേശക്ക് ഇരുവശവും അവര്‍ ഇരുന്നു. അയാള്‍ക്കു പിന്നെയും മെലിവ് തോന്നിച്ചു. മുഖം ഇരുണ്ടിരുന്നു. “നീ ഇപ്പോ വലിയ കുക്ക് ആണോ?” “അല്ല പിന്നെ...” അയാള്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു. “നല്ലോണം ഒന്നു ചിരിക്കെടോ.’’ അയാള്‍ അത് പറഞ്ഞപ്പോള്‍ അവള്‍ തുറന്നൊന്ന് ചിരിച്ചു. “ഇപ്പ നിന്നെ കാണാന്‍ ശേല്.” “നിന്റെ കൂടെ ഇരിക്കുമ്പോ ചിരിക്കാന്‍ ഇപ്പത്തെ കാര്യങ്ങള്‍ വേണം എന്നൊന്നും ഇല്ലല്ലോ. വേറെ എന്തൊക്കെയുണ്ട്. യൂനിവേഴ്സിറ്റിയുടെ ചുവന്ന മണ്ണില്‍ കൂടി നടക്കുമ്പോ അവട ഉള്ള ഓരോരുത്തരേയും പറ്റി എത്ര പറയുമായിരുന്നു... നമ്മള്‍ ഒരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ പോയതോർമയുണ്ടോ?” ഇത്തവണ രണ്ടുപേരും ചിരിച്ചു പോയി. ആകാശത്തേക്ക് ചൂണ്ടിയ ക്യാമറയുമായി ഷാജു ഭായി അവര്‍ക്ക് ചുറ്റും നൃത്തം​െവച്ചു. കറങ്ങി കറങ്ങി “ഇന്നാ എന്നെ പിടിച്ചോ” എന്നുറക്കെ വിളിച്ച് കൊണ്ടയാള്‍ നിലത്തേക്കു വീണത് രണ്ടുപേരും ഒരേ സമയത്ത് ഓര്‍ത്തെടുത്തു. ചൂട് കട്ടന്‍ കാപ്പി മോന്തിക്കൊണ്ട് അവര്‍ പതിയെ ചിരിച്ചത് അതിനായിരുന്നു എന്നു രണ്ടു പേര്‍ക്കും മനസ്സിലായി. ആ ഷോര്‍ട്ട് ഫിലിമിന്റെ ഡയറക്ടര്‍ കുറച്ചു പ്രായമായ ഒരാള്‍ ആയിരുന്നു.

വളരെ കാലത്തിനു ശേഷം വീണ്ടും പഠിക്കാന്‍ വന്നുചേര്‍ന്ന ഒരാള്‍. അയാള്‍ പശുവിനെ കെട്ടുകയാണെങ്കിലും തിയറിയുടെ ആലയില്‍ കെട്ടും എന്നവര്‍ അയാളെ കളിയാക്കുമായിരുന്നു. വൈകുന്നേരം ഷൂട്ടിനു ശേഷം എല്ലാരും പിരിഞ്ഞുപോയാലും അവര്‍ രണ്ടുപേരും നിറങ്ങള്‍ മുറിഞ്ഞൊഴുകിയ ആകാശത്തേക്ക് നോക്കി, പറയാന്‍ വാക്കുകള്‍ ആവശ്യമില്ലാത്ത ഭ്രമിച്ചുപോയ കുട്ടിക്കാലത്തെയും, തിരിച്ചുപോകാന്‍ ഇല്ലാത്ത ചുമരുകളെയും ഓര്‍ത്തിരിക്കും. ഇരുട്ടുമ്പോള്‍ ചെറുവീടുകളില്‍ തെളിയുന്ന വെളിച്ചത്തിനെക്കാള്‍ തെളിവ് ആകാശത്തുള്ള നക്ഷത്രങ്ങള്‍ക്ക് ഉണ്ടാകും. കൈവെള്ളപോലെ പരിചിതമായ വഴികളിലൂടെ അവര്‍ നടന്നു വെളിച്ചം നാട്ടിയ റോട്ടിലേക്ക് കയറുമ്പോള്‍ തട്ടുകടയില്‍ ദോശ ആയിട്ടുണ്ടാകും. അവിടെ പിന്നെ കുറെനേരം പതുങ്ങി, നടന്നു റൗണ്ടില്‍ എത്തി ലേഡീസ് ഹോസ്റ്റല്‍ വരെ അയാള്‍ അവളെ അനുഗമിക്കും. പിറ്റേന്നു രാവിലെ പത്രവും കട്ടനുമായി സഹകരണ ഭവനില്‍ കാണുന്ന വരെ ഉള്ള ഒരു രാത്രിയുടെ ദൂരം. അവള്‍ വിവാഹം കഴിക്കുവാനാണ് ഗവേഷണം നിര്‍ത്തി പോയത്. അയാള്‍ പിന്നെയും കുറച്ചു കാലം അവിടെ തുടര്‍ന്നു.

പിന്നെ ഇനി ഗവേഷണം ചെയ്യുന്നില്ല എന്നു എഴുതിക്കൊടുത്തു നാട്ടിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ഗവേഷണം പൂര്‍ത്തിയാക്കിയപ്പോള്‍ അയാളെ കുറിച്ച് ഓര്‍ത്ത് കുറ്റബോധം തോന്നി. അയാള്‍ നിര്‍ത്തിപ്പോകുന്നു എന്നു പറഞ്ഞപ്പോള്‍ അയാളെ പിന്തുണച്ചതിന്. അയാള്‍ക്കു വാതിലിനിടയിലൂടെ പതിഞ്ഞിറങ്ങുന്ന വെളിച്ചപ്രതീക്ഷയുടെ ചെറു നാരുകള്‍ കാട്ടി കൊടുക്കാത്തതിന്. വര്‍ഷങ്ങളുടെ അധ്വാനത്തിനൊടുവില്‍ ഭയവും, നിരാശയും അയാളെ നിശ്ചലനാക്കിയപ്പോള്‍ അയാളുടെ കാതോരത്ത് ഒരു ശംഖിലൊളിച്ചിരിക്കുന്ന കടലിന്റെ ഇരമ്പം ഓര്‍മപ്പെടുത്താത്തതിന്. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം അവളെ കണ്ടപ്പോള്‍ അയാള്‍ അതേ ലാഘവത്തോടെ അവളെ നോക്കി ചിരിച്ചു. വൈകി വന്ന ​െട്രയിന്‍ ദൂരെനിന്നും ചൂളം അടിച്ചപ്പോള്‍ അവള്‍ അയാളെ നോക്കി. “നീ ok അല്ലേ?’’ “അല്ലാതെ പിന്നെ?” അയാള്‍ ചിരിച്ചു. “നിനക്കു എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ നീ എന്നോടു പറയില്ലെ?” അവള്‍ വീണ്ടും ചോദിച്ചു. “എന്തുണ്ടാകാന്‍? നീ നിന്റെ കാര്യങ്ങള്‍ ഒക്കെ ശരിയാക്കാന്‍ നോക്കൂ. എനിക്കുള്ള എല്ലാ പ്രശ്നങ്ങളും ഞാന്‍ പണ്ടേ തീര്‍ത്തതല്ലേ. ഞാന്‍ fully ok ആണ്.” അയാള്‍ വീണ്ടും ചിരിച്ചു. “എനിക്കെന്തെങ്കിലും പറയാന്‍ നീ ഉണ്ടാകണം. അതാണ്.’’ “അതുണ്ടല്ലോ. ഞാന്‍ ഇവിടെ ഉണ്ട്. എപ്പോളും ഉണ്ടാകും. നീ ​െട്രയിന്‍ കയറാന്‍ നോക്കൂ.” അവള്‍ കയറാന്‍ കാത്തുനില്‍ക്കാതെ അയാള്‍ ഇരുട്ടിലേക്ക് മറഞ്ഞു.

 

* * *

അയാളെ കാണാതാവുന്നതിന്‍റെ രണ്ടു ദിവസം മുന്നേ അയാള്‍ അവളെ ​െട്രയിന്‍ കയറ്റാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ വന്നിരുന്നു. കാണാതായപ്പോള്‍ അവള്‍ക്ക് തോന്നിയത് ഇത്രയും കാര്യങ്ങളാണ്.

1. അവള്‍ നിരന്തരം അയാളെ വിളിക്കുമായിരുന്നു. ഒരിക്കല്‍പോലും അയാള്‍ സംസാരിക്കുമ്പോള്‍ അവളോടു നിര്‍ത്താന്‍ പറഞ്ഞിരുന്നില്ല. പല കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു അവള്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. എന്നാല്‍ അയാള്‍ ഒരിക്കലും മടുക്കുന്നു എന്നു പറഞ്ഞില്ല.

2. അവള്‍ സംസാരിക്കുമ്പോള്‍ നിരന്തരം അവളെ കുറിച്ച് മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. അയാളെ കുറിച്ചു അയാള്‍ വളരെ കുറച്ചും. അയാള്‍ ഒന്നും പറയാതിരുന്നത് അവളുടെ സ്വാര്‍ഥതയില്‍ അവള്‍ കണ്ടില്ല എന്നു നടിച്ചു.

3. അയാളുടെ ഉള്ളിലുള്ള ഇരുട്ടിനെ കുറിച്ചു മറ്റാരെക്കാളും നന്നായി അറിഞ്ഞിട്ടും അയാള്‍ ഒന്നും ഇല്ല എന്നു പറഞ്ഞപ്പോള്‍ അത് ശരിതന്നെ എന്ന് അവള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

4. അയാള്‍ ഇല്ല ഇല്ല എന്നു പറയുമ്പോഴും അയാള്‍ കെട്ടി നിര്‍ത്തിയ ഇറമ്പങ്ങളുടെ ദ്വാരങ്ങളിലൂടെ ഇളം പച്ച നിറത്തില്‍ വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. അതിനു മറന്നു തുടങ്ങിയ ഇലപ്പച്ചകളുടെ മണമായിരുന്നു. അവര്‍ പണ്ട് ഒരുമിച്ചിരുന്ന ചെറുകുന്നുകളെ അത് ഓര്‍മിപ്പിച്ചു. ആ കുന്നുകളില്‍നിന്നും സന്ധ്യ പടിയിറങ്ങി തുടങ്ങിയിരുന്നു. ആദ്യത്തെ നക്ഷത്രങ്ങള്‍ പതിയെ നൂലിലാടി അവര്‍ക്ക് ചുറ്റും പെയ്തു. എന്നാല്‍ അവളുടെ കണ്ണുകളിലേക്ക് ചേക്കേറിയ രാത്രി അവയെ മറച്ചു. കുന്നിറങ്ങുമ്പോള്‍ അവള്‍ വീഴാതിരിക്കാന്‍ അയാളുടെ കൈകള്‍ മുറുക്കെ പിടിച്ചു. അയാള്‍ ഓരോ ചുവടും നക്ഷത്ര വെളിച്ചത്തില്‍ ​െവച്ചപ്പോള്‍ അവള്‍ രാത്രിയെ ഭയക്കാതെ അയാളുടെ വഴിയേ നടന്നു.

5. നമുക്ക് സഹായിക്കാനാകുക അതിനു അനുവദിക്കുന്നവരെ മാത്രമാണ്. ‘‘You can’t help someone if they won’t let you, but you can still offer your hand and wait for them to take it’’ എന്നു Maya Angelo. അവള്‍ കൈ നീട്ടിയപ്പോഴേക്കും അയാള്‍ പോയിരുന്നു. അല്ലെങ്കില്‍ അവളുടെ നീട്ടിപ്പിടിച്ച കൈകള്‍ അയാള്‍ കണ്ടില്ലെന്നു കരുതിയിരുന്നു.

6. അയാള്‍ പിന്നീട് തിരിച്ചു വരുമോ എന്ന് അറിയില്ല. എന്നാല്‍ അയാള്‍ പോയ വഴികളില്‍ നീലിച്ചു കിടക്കുന്ന നക്ഷത്രവെളിച്ചം അയാള്‍ പോയതിനു ശേഷമാണ് അവള്‍ കണ്ടത്. അതിന്റെ വിളര്‍ത്ത വിരലുകളില്‍ അവള്‍ വെറുതെ തലോടിക്കൊണ്ടിരുന്നു. ഉറങ്ങാത്ത രാത്രികളില്‍ അവളുടെ കണ്ണുകളില്‍ പല നിറങ്ങളുള്ള സ്വപ്നങ്ങള്‍ പെയ്തുകൊണ്ടിരുന്നു. അവള്‍ തല വെട്ടിച്ചും, കണ്ണിറുക്കി അടച്ചും അവയെ ആട്ടിപ്പായിക്കുന്തോറും അവ അവളെ കൂടുതല്‍ ചൂഴ്ന്നുകിടന്നു.

7. അയാളെ കാണാതാവുന്നതിന്‍റെ രണ്ടുദിവസം മുന്നേ അയാള്‍ അവളെ ​െട്രയിന്‍ കയറ്റാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ വന്നിരുന്നു. അയാളെ പിന്നീട് കാണാതാകുമെന്നും, അയാള്‍ ഇല്ലാത്ത ഒരു ലോകത്ത് പകച്ചുനില്‍ക്കുമെന്ന് അവള്‍ ഓര്‍ത്തിരുന്നില്ല. ഉവ്വെങ്കില്‍ അതിനു തയാറെടുക്കാമായിരുന്നു. ഒഴിഞ്ഞ ഭാണ്ഡത്തില്‍ എന്തെങ്കിലും നിറച്ചുവെക്കാമായിരുന്നു, അവസാനം അയാള്‍ വരുന്നതു വരെ എണ്ണിയൊടുക്കാന്‍. പുതിയ ഭാഷയില്‍ കവിതയെഴുതുന്ന ഒരു തീനാളത്തെ കണ്ടെത്തും വരെ.

News Summary - Malayalam Story