നീരും പൂവും

പയ്യനെ വിളിച്ച് കട തുറക്കേണ്ടെന്നു പറഞ്ഞു. ബുക്ക്സ്റ്റാളിന്റെ പേരിലൊരു റീത്ത് വാങ്ങുന്ന കാര്യവും ഓർമിപ്പിച്ചു. ‘‘അടുത്ത ബന്ധുവല്ലേ ചേട്ടാ. ഈ ഫോർമാലിറ്റിയൊക്കെ വേണോ?’’ ‘‘വേണം.’’ അർഹിക്കുന്ന പരിഗണന ഒരിക്കലും കൊടുത്തിട്ടില്ല. ഇന്നെങ്കിലും അതു വേണം. മരിച്ചൊരുവനോടു കാട്ടേണ്ട കേവലമര്യാദയായ ശവദാഹത്തിൽ കവിഞ്ഞുള്ള കർമങ്ങളുടെയൊക്കെ ആവശ്യമുണ്ടോയെന്നാണ് ദീപുവിന്റെ ചോദ്യം! കുടുംബക്കാരും കരക്കാരും ചേർന്ന് നാട്ടുനടപ്പിന്റെ തൊടുന്യായങ്ങൾ...
Your Subscription Supports Independent Journalism
View Plansപയ്യനെ വിളിച്ച് കട തുറക്കേണ്ടെന്നു പറഞ്ഞു. ബുക്ക്സ്റ്റാളിന്റെ പേരിലൊരു റീത്ത് വാങ്ങുന്ന കാര്യവും ഓർമിപ്പിച്ചു.
‘‘അടുത്ത ബന്ധുവല്ലേ ചേട്ടാ. ഈ ഫോർമാലിറ്റിയൊക്കെ വേണോ?’’
‘‘വേണം.’’
അർഹിക്കുന്ന പരിഗണന ഒരിക്കലും കൊടുത്തിട്ടില്ല. ഇന്നെങ്കിലും അതു വേണം.
മരിച്ചൊരുവനോടു കാട്ടേണ്ട കേവലമര്യാദയായ ശവദാഹത്തിൽ കവിഞ്ഞുള്ള കർമങ്ങളുടെയൊക്കെ ആവശ്യമുണ്ടോയെന്നാണ് ദീപുവിന്റെ ചോദ്യം! കുടുംബക്കാരും കരക്കാരും ചേർന്ന് നാട്ടുനടപ്പിന്റെ തൊടുന്യായങ്ങൾ നിരത്തി നിർബന്ധിക്കുന്നുണ്ടെങ്കിലും തീരുമാനം അവന്റെ താൽപര്യത്തിനു വിടണമെന്നാണെനിക്ക്. അതുകൊണ്ടുതന്നെ നിർബന്ധിക്കാൻ തോന്നിയില്ല. അതിനു വേറെയും ചില കാരണങ്ങളുണ്ടെന്നു കൂട്ടിക്കോളൂ.
ഇറയത്തെ തൂണിൽ ചാരി ഇരിക്കയാണവൻ. മരിച്ചത് അവന്റെ അച്ഛനാണ്. എന്റെ അമ്മാവൻ, ജയൻ.
ആരോടുമങ്ങനെ വൈകാരികമായി അടുപ്പമുള്ളയാളായിരുന്നില്ല കക്ഷി. ഇപ്പോൾ ദീപു ഇരിക്കുന്നിടത്തോ അകത്തെ മുറിയിലോ ഇരുന്നുള്ള പത്രപുസ്തകങ്ങളുടെ വായന, അല്ലെങ്കിൽ വായിച്ചുതീർന്നവയും കൈയിൽ പിടിച്ച് റോഡിലേക്കു നോക്കി എന്തെല്ലാമോ ചിന്തിച്ചുകൊണ്ടുള്ള നിൽപ്. കഴിഞ്ഞ പത്തിരുപതുകൊല്ലക്കാലമായി ഈ രണ്ടവസ്ഥകളിലല്ലാതെ അദ്ദേഹത്തെ കാണാനാകുക വളരെ വിരളമായിരുന്നു.
‘‘നല്ല കഴിവൊള്ളവനാരുന്നു. സ്കൂളിലും കോളേജിലുമൊക്കെവെച്ച് എന്തു നന്നായിട്ടു പഠിച്ചിരുന്നതാ.’’ പണ്ടെപ്പൊഴോ അമ്മ പറഞ്ഞതോർത്തു, ‘‘രവി പത്ത് കഷ്ടിച്ചു കടന്നുകൂടിയപ്പോൾ ബി.കോമിന് ഫഷ്ട് ക്ലാസായിരുന്നു ജയന്. ബോംബെയിൽ പോയേപ്പിന്നാ അവൻ ആളാകെ മാറിയത്. അമ്മയൊറ്റയൊരുത്തിയാ... അല്ലേത്തന്നെന്തിനാ അമ്മേ പറയുന്നത്. നന്നാവുന്നതും നശിക്കുന്നതുവൊക്കെ അവനോന്റെ ചെയ്ത്തുകൊണ്ടുതന്നെ.’’
ഇവർ മൂന്ന് മക്കളാണ്. അമ്മയാണ് ഏറ്റവും മുതിർന്നത്. രണ്ടാമനായ രവിയമ്മാവൻ പത്താംതരം കഴിഞ്ഞ് ഐ.ടി.ഐക്കു ചേർന്ന്, അത് പാതിക്കു നിർത്തിയാണ് ബോംബെക്കു പോയത്. പലപല ജോലികൾചെയ്തും അണയോടണ ചേർത്ത് മിച്ചംപിടിച്ചും ഏഴെട്ടുകൊല്ലം കഴിഞ്ഞപ്പോൾ പുള്ളി അവിടൊരു സ്വിച്ചുഗിയർക്കമ്പനി തുടങ്ങി. കമ്പനിയെന്നൊക്കെ ചേലിനങ്ങു പറയാമെന്നേയൊള്ളൂ, ഒരു ചെറിയ സെറ്റപ്പ്. അതിന്റെ പിന്നാലെയുള്ള ഓട്ടപ്പാച്ചിലിനിടെ നാട്ടിലേക്കുള്ള വരവൊക്കെ വല്ലാതങ്ങു കുറഞ്ഞ്, തൊട്ടടുത്ത കൊല്ലം ഒരിക്കൽപോലും വരാതായതോടെ, കക്ഷിയുടെ ബോംബെജീവിതത്തെപ്പറ്റി അമ്മൂമ്മക്കെന്തൊക്കെയോ സംശയമായി. അങ്ങനെയാണ്, ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചില പരീക്ഷകൾക്കും ജോലികൾക്കുമൊക്കെ ശ്രമിച്ചുകൊണ്ടിരുന്ന ചെറിയമ്മാവനെ അങ്ങോട്ടയക്കുന്നത്.
‘‘അവിടെയാടാ മക്കളെ എനിക്കു പിഴപറ്റിയത്. എന്റെ കൺവെട്ടത്തായിരുന്നപ്പോൾ ഒരാപത്തിലും ചെന്നുചാടാതെ തപ്പിപ്പൊത്തി വളർത്തിയ മക്കൾ ദൂരോട്ടൊക്കെ പോകുമ്പോ, ഒരുപാട് സ്വാതന്ത്ര്യവൊക്കെ കിട്ടുമ്പോ, വേണ്ടാത്ത പല ശീലങ്ങളിലേക്കും പോയേക്കുമെന്ന് ഞാൻ പേടിച്ചു. എന്റെ ഈ ഭയപ്പാടിനൊരർഥോമില്ലെന്ന് രവി തെളിയിച്ചു. പക്ഷേ, ജയൻ അതുറപ്പിച്ചു.’’
‘‘അമ്മ ഞങ്ങളെ വളർത്തിയ രീതികളൊക്കെ കേട്ടാൽ, ആള് ഭയങ്കര ടോക്സിക്കാന്നേ നിങ്ങക്ക് തോന്നൂ. പക്ഷേ, ഞാനൊരിക്കലും അങ്ങനെ പറയത്തില്ല.’’ ഒരിക്കൽ വല്യമ്മാവനിൽനിന്നു കേട്ടതാണ്. ‘‘പതിനഞ്ചാം വയസ്സിൽ കല്യാണംചെയ്തു കൊണ്ടുവന്ന അന്നുമുതൽ അച്ഛൻ മരിക്കുന്നതുവരെ മനസ്സമാധാനമെന്തുവാന്ന് അവരറിഞ്ഞിട്ടില്ല. അടികൊണ്ട് കണ്ണും കവിളും വീങ്ങിയ പരുവത്തിൽ പലതവണ കാണേണ്ടിവന്നിട്ടും അച്ഛന്റെ നേരെ എന്തെങ്കിലുവൊന്ന് കയർത്തുപറയാനൊള്ള പാങ്ങൊണ്ടാരുന്നില്ല, അമ്മയ്ക്കോ അമ്മേടെ ഒടപ്രന്നോന്മാർക്കോ.’’
വീട്ടുവേലിയ്ക്കൽത്തന്നായിരുന്നു അപ്പൂപ്പന്റെ ഉയിരുപോയ ദേഹം ചാരിനിർത്തിയിരുന്നത്; ഇരുതോളെല്ലിനുമിടയിലൂടെ താഴേയ്ക്കാഴ്ന്നനിലയിൽ കഠാരകളുമായിട്ട്. കൊന്നതാരെന്നോ എന്തിനെന്നോ ആർക്കും അറിയുമായിരുന്നില്ല. അമ്മക്കന്ന് പതിനൊന്ന് വയസ്സ്. ജയനമ്മാവൻ അമ്മൂമ്മയിൽ അഞ്ചാംമാസം ഗർഭത്തിലും.
ആങ്ങളമാർ ആവുന്നത്ര നിർബന്ധിച്ചെങ്കിലും ഇവിടംവിട്ട് എവിടേക്കെങ്കിലും പോകാനോ മറ്റൊരു കല്യാണത്തിനോ പുള്ളിക്കാരി തയാറായില്ല. തന്റേം മക്കടേം ഭാവിയോർത്തൊള്ള അങ്കലാപ്പാണേൽ ഇവിടുന്നു പറിച്ചുമാറ്റുവല്ലാ, പകരം നാല് പയ്യിനെ വാങ്ങിച്ചുതരുവാ വേണ്ടതെന്ന് തീർത്തുപറഞ്ഞു.
സ്ഥാനംനോക്കിക്കെട്ടിയ തൊഴുത്തിൽ കാലികളെ വളർത്തി പാലുകറന്നു വിറ്റ് പണമുണ്ടാക്കിയും പോച്ചകേറിക്കിടന്ന പറമ്പ് ചെത്തിവാരി നട്ടുവളർത്തിയ നടുതലകളുടെ വിളവെടുത്ത് വിശപ്പടക്കിയും പറമ്പിലെ ആണെടുപ്പതും പെണ്ണെടുപ്പതുമായ പണികളത്രയും ഒറ്റയ്ക്കുനോക്കിയും അവർ കാലമുന്തിനീക്കി, ചൂരലുവടിച്ചിട്ടയിൽ മക്കളെ വളർത്തി.
മുറ്റത്ത്, വീടിനോടു ചേർന്നുണ്ടായിരുന്ന കിളിമരച്ചോട്ടിൽ നട്ടുകിളിപ്പിച്ച മുല്ലയും പിച്ചിയുമൊഴികെ, ഉണ്ണാനുതകാത്തൊരൊറ്റച്ചെടിപോലും പുരയിടത്തിൽ നാമ്പുനീട്ടിനിൽക്കാൻ അമ്മൂമ്മ അനുവദിച്ചിരുന്നില്ല. അവ വള്ളികൾ വലുതാക്കി മരക്കൊമ്പിൽ പടർന്നുകയറിയ കാലക്രമത്തിൽ കിളിമരം ചെതുക്കിച്ചുണങ്ങി. അതങ്ങ് ഒടിഞ്ഞുവീഴുമെന്നായപ്പോൾ അവിടൊരു പടർപ്പുപന്തൽ കെട്ടിയത് ജയനമ്മാവനായിരുന്നു. ഇന്ന് വീട്ടുമുറ്റത്തുള്ളൊരു തണലിടമായി അത് മാറിയിരിക്കുന്നു.
മുല്ലപ്പന്തലിനു കീഴെ അച്ഛനും വല്യമ്മാവനും ഒരു പരിചയക്കാരനും കസേരകളിലിരിപ്പുണ്ട്.
‘‘ജയന് ലിവർസിറോസിസാരുന്നെന്ന് കേട്ടപ്പോ, ഇന്ന് രാവിലെ ഇവിടെ വന്നവരൊക്കെ വായും പൊളിച്ച് നിക്കുവാരുന്നു.’’
വല്യമ്മാവൻ ഒന്നും മിണ്ടുന്നില്ല. പരിചയക്കാരൻ മൂളിക്കേൾക്കുന്നു.
‘‘എങ്ങനെ കുറ്റം പറയാനൊക്കും. അങ്ങനൊരു മോശം പരുവത്തിൽ ഇവിടത്തുകാരാരും ഇതുവരെ അവനെ കണ്ടിട്ടില്ലല്ലോ. എന്റെകൂടെ, അതും വല്ലപ്പഴെങ്ങാനും കഴിച്ചിട്ടുള്ളതല്ലാതെ, പൊറത്താരുടേംകൂടെ കമ്പനികൂടാൻ അവൻ താൽപര്യപ്പെട്ടിട്ടില്ല. പണ്ടൊരിക്കൽ കമലാനഗറിലെ അവന്റെ റൂമിൽ ചെന്നപ്പോൾ ഏതോ മാർവാടിപ്പാട്ടൊക്കെ കേട്ടോണ്ടിരുന്ന് കള്ളടിക്കുന്നു. സ്വസ്ഥം!’’

അച്ഛൻ ബോയ്സറിലുണ്ടായിരുന്നപ്പോഴാണത്. കോളേജ് കഴിഞ്ഞ അവധിക്കാലത്ത് കുറച്ചുനാൾ അവിടേക്ക് എന്നെ കൊണ്ടുപോയിരുന്നു. ഒരു ചെറുകിട വാടകഫ്ലാറ്റ്, എന്നാൽ വളരെ ഇമ്പമുളവാക്കുന്ന തരം അന്തരീക്ഷവും. പതിഞ്ഞ ശബ്ദത്തിൽ ഓളമിടുന്ന മറാഠി-ഹിന്ദി മെലഡികൾ, അവിടവിടെയായി ‘അടുക്കി
െവച്ചിട്ടുള്ള’ പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ, പുകയുന്ന ബുഖൂറിന്റെ നറുമണം, ഓരോ കോണിലും എഴുന്നുനിൽക്കുന്ന വൃത്തിചൂഴലിൻ പ്രസാരം, ആകെയിട്ടുനോക്കിയാൽ നാട്ടിലുള്ളപ്പോൾ അമ്മാവനെ കാണാനാകുന്നതിനു നേർവിപരീതമായ സാഹചര്യങ്ങൾ! ഇടക്കിടെ വന്നുപോകാറുണ്ടായിരുന്നൊരു സുഹൃത്തുമൊത്ത്, ആ ഒരാളല്ലാതെ മറ്റാരെങ്കിലും അമ്മാവനെ തേടി വരുന്നതോ ആരെയെങ്കിലും കാണാനായി അമ്മാവൻ പോകുന്നതോ കണ്ടിട്ടില്ല. ഏറെനേരം മാറിനിന്ന് എന്തൊക്കെയോ രസംപൂണ്ടു സംസാരിച്ചിരുന്നതൊഴിച്ചുനിർത്തിയാൽ അദ്ദേഹത്തിന്റെ മിച്ചമുള്ള താൽപര്യങ്ങളത്രയും വട്ടമിട്ടുനിന്നിരുന്നത് വായനയിലും പാചകത്തിലും മദ്യപാനത്തിലുമായിരുന്നു.
ഭക്ഷണമുണ്ടാക്കുന്നതിനൊപ്പം തുടങ്ങും മദ്യപാനവും. ഭിത്തിത്തട്ടിൽ കരുതിയിട്ടുള്ള കുപ്പിയിൽനിന്നു കൃത്യമായ ഇടവേളകളിൽ ചെറിയചെറിയ അളവുകളാണകത്താക്കുക. ആഹാരം പാകമായാൽ അത് ആറുവോളം, മദ്യസേവക്ക് പക്കമെന്നോണം എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും.
‘‘ആദ്യമാദ്യമൊക്കെ ചെറിയൊരു കുപ്പി വാങ്ങി അടിച്ചോണ്ടിരുന്നിടത്തൂന്ന് കൈവിട്ട പരുവത്തിലേക്ക് കളി തിരിഞ്ഞത് ശ്ശേ-ന്ന് പറയുന്ന നേരംകൊണ്ടായിരുന്നു.’’
അപ്പോഴും പരിചയക്കാരൻ മൂളി.
‘‘പിന്നെ ഇതു മാത്രമായി അങ്കം. മുറിക്കകത്തൂന്ന് പുറത്തെറങ്ങാതെ കള്ളും വെള്ളോം മിക്സുചെയ്ത് അടിയോടടിതന്നെ. എത്രടിച്ചാലും ങേഹേ! കരള് ചീയാൻ വേറെ വല്ലോം വേണോ? അല്ലാ, ഇതിനൊക്കെ അവനെ മാത്രം പറഞ്ഞിട്ടെന്താ വിശേഷം.’’
അച്ഛന്റെ നോക്ക് നീണ്ടത് ജനാലക്കലേക്കായിരുന്നു. ഇന്നലെ രാത്രിയിൽ അമ്മാവൻ മരിച്ചതറിഞ്ഞപ്പോൾ മുതൽ മുഖത്തു ചൂടിയിട്ടുള്ള ദുഃഖശൂന്യമായ ഭാവപ്പകർപ്പിന് ഒരൽപവും അയവുവരുത്താതെ തുടരുന്ന ഉഷയമ്മായി അവിടെയുണ്ട്. പലരും അതേപ്പറ്റി മുറുമുറുക്കുന്നത് അവർ ഗൗനിക്കുന്നതേയില്ല; യാതൊരുവിധത്തിലും അവയൊന്നും അവരെ ബാധിക്കാത്തതുപോലെ!
അമ്മായി ആയുർവേദ കോളജിൽ നാലാംവർഷം പഠിക്കവെയാണ്, പത്തുകൊല്ലത്തെ ബോംബെവാസം മൂർധന്യത്തിലെത്തിച്ച കുടിശ്ശീലവുമായി ജയനമ്മാവന്റെ ആലോചനയെത്തുന്നത്. ജാതകച്ചേർച്ച നോക്കണമെന്ന് അവരുടെ അമ്മക്കായിരുന്നു നിർബന്ധം. കണിയാൻ തലക്കുറി ഒത്തുനോക്കി രജ്ജുദോഷത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി ബന്ധം ചേരില്ലെന്നു തീർത്തുപറയുന്നത്, ഉഷയമ്മായിയുടെ അച്ഛൻ നാസ്തികനായിമാറിയതിനു രണ്ടു പകലുകൾക്കിപ്പുറമായിരുന്നു.
കിം ഫലം? കന്നിപ്പൂവ് കൊയ്ത കണ്ടത്തിലെ കുറ്റികൾ കിളച്ചുമാറ്റി തട്ടുപന്തലിട്ട് കല്യാണം.
അമ്മായിയുടെ ചേച്ചിയാണ് മരണവാർത്തയറിഞ്ഞ് ആദ്യമെത്തിയത്. വിവരം വിളിച്ചുപറഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചങ്ങലയിൽക്കിടന്ന നായ് ഉറക്കെ ഓലിയിട്ടതും കണ്ണി കടിച്ചുമുറിക്കാൻ പരവേശപ്പെട്ടതുമൊക്കെ, ഓരോരുത്തരോടായി, സഭയുടെ ഭാവനില നോക്കാതെ അവർ വിസ്തരിച്ചുകൊണ്ടിരുന്നു.
ഇന്നലെ അത്താഴമുണ്ണാൻ വന്നപ്പോൾ ചിലതൊക്കെ പറയാതെവയ്യെന്ന മട്ടായിരുന്നു അവർക്ക്.
‘‘അവളിപ്പോ ഊണും വെള്ളോം വേണ്ടാതപ്പുറത്തിരിക്കുന്നതു കാണുമ്പോ എനിക്ക് കലിയാ വരുന്നത്...’’ (അത് അവരൽപം കൈയിൽനിന്നിട്ടതാ. അല്ലേൽ ഞാൻ ആഹാരം കൊണ്ടുക്കൊടുത്തത് കാണാഞ്ഞതുമാകാം.) ‘‘...അന്ന് നാള് നോക്കിയേച്ച് ഈ ബന്ധം വേണ്ടാന്ന് ഞങ്ങൾ ആവുന്നത് പറഞ്ഞതാ. ഇവള് മകയിരം. ജയൻ പൂയം. ദീർഘപ്പൊരുത്തോമില്ല, പോരാഞ്ഞ് മധ്യമരജ്ജുദോഷോം. ആരോട് പറയാൻ. ആര് കേൾക്കാൻ.’’
‘‘ഇപ്പോൾ ഇതൊക്കെ പറയാനൊള്ള നേരവാണോ സുധേ?’’
‘‘എന്റെ എളേയൊരുത്തിക്ക് ഇങ്ങനൊരവസ്ഥ വന്നാപ്പിന്നെ എന്തുവാ ചേച്ചി ഞാൻ പറയണ്ടേ?’’
ആർക്കും മറുപടിയില്ല. സുധയമ്മായി തുടർന്നു.
‘‘കല്യാണത്തിനു മുന്നേതന്നെ ജയൻ മഹാ കള്ളുകുടിയാന്ന് എന്റെ ഏട്ടൻ പറഞ്ഞതാ. പക്ഷേ, അവള് വകവെച്ചില്ല. ഇവനേത്തന്നെ മതിയെന്നും പറഞ്ഞ് ഒറ്റക്കാലേൽ നിക്കുവല്ലാരുന്നോ. കല്യാണോം കഴിഞ്ഞ് അങ്ങോട്ട് പോയവൻ പിറ്റേക്കൊല്ലം ജോലീം കൂലീം കളഞ്ഞ് ഇങ്ങോട്ടുവന്നേന്റെ കാര്യവെന്തുവാന്ന് നിങ്ങക്കാർക്കേലുവറിയാവോ?’’
അമ്മയും വല്യമ്മാവനും അന്യോന്യം നോക്കി.
‘‘നാട്ടിലെന്തേലും ജോലി നോക്കാനെന്നൊക്കെയാ ഇവിടെല്ലാരോടും പറഞ്ഞുനടന്നതേലും സംഗതി അതൊന്നുവല്ല. അവനെ പറഞ്ഞുവിട്ടതാ. കള്ളും കുടിച്ചോണ്ട് ഓഫീസിൽ ചെന്നേന്.’’
ഒരിക്കൽ ഉഷയമ്മായിയും ഇക്കാര്യം പറഞ്ഞിരുന്നു. ഏതോ ഒരു സുഹൃത്ത് മരിച്ചതിന്റെ വിഷമത്തിലായിരുന്നുപോലും. പണ്ട് ബോംബെയിലെ ഫ്ലാറ്റിൽെവച്ച് ഞാൻ അയാളെ കണ്ടിട്ടുണ്ടെന്ന് അമ്മാവനും ഓർമിപ്പിച്ചു.
അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയ കാലമായപ്പോഴേക്കും കച്ചേരിപ്പടിയിലെ എന്റെ ബുക്ക്സ്റ്റാളിനോടു ചേർന്ന കടമുറിയിൽ അമ്മായി ഒരു ആയുർവേദ ക്ലിനിക് തുടങ്ങിയിരുന്നു. മോശമല്ലാത്ത വരുമാനത്തിന്റെ പിൻബലമുണ്ടെന്ന ബോധ്യത്തോടെ, ഇനി ജോലിക്കൊന്നും പോകേണ്ടെന്ന് അമ്മാവനോട് അവർ പറഞ്ഞു. അടുത്ത കൊല്ലം ദീപു പിറന്നു.
‘‘പിന്നെ വേറൊരു കാര്യം ആലോചിച്ചാൽ എന്തിനാ ഈ ജോൽസ്യവൊക്കെ നോക്കുന്നെ…’’ സുധയമ്മായിയുടെ ശബ്ദം അടക്കിപ്പിടിക്കലിന്റെ അതിരുകൾ താണ്ടാൻ ആയാസപ്പെട്ടുനിന്നു. ‘‘...ഇതുപോലെ കുടിക്കുന്നവനൊക്കെ ഇവളേന്നല്ല വേറെ ഏതൊരുത്തിയെ കെട്ടിയിരുന്നേലും ഒരു ജാതകദോഷോവില്ലേലും കരളുപഴുത്തുതന്നെ ചത്തേനേ.’’
വല്യമ്മാവൻ ഇറങ്ങിപ്പോയി.
‘‘നേരാ, ജയൻ കുടിക്കുവാരുന്നു. പക്ഷേ, ഇപ്പോ അവൻ ഈ കെടപ്പ് കെടക്കുന്നേന് അവനെ മാത്രായിട്ട് കുറ്റം പറയാനൊക്കത്തില്ല സുധേ.’’
‘‘പിന്നാരെയാ ചേച്ചി പഴിക്കണ്ടേ? ഓണിയപ്പൊറത്തെ ഷാപ്പിൽ ഒഴിച്ചുകൊടുക്കാൻ നിക്കുന്നവനെയോ?’’
‘‘അല്ല. നിന്റനിയത്തിയെ.’’
തർക്കത്തിന്റെ ഒച്ചയുയർന്നതു കേട്ട് അച്ഛൻ ഇടപെട്ടു.
‘‘ചത്തുപോയ ഒരുത്തനെ കത്തിച്ചുകളയാതെ ഇപ്പഴും അപ്പുറത്ത് കെടത്തിയേക്കുവാന്ന് ഓർക്കണം കേട്ടോ. ഇനി ഇതേപ്പറ്റി സുധ ഇവിടിരുന്ന് ഒന്നും പറയരുത്. പ്ലീസ്.’’
‘‘ഇപ്പൊ ഞാൻ പറഞ്ഞതായോ ചേട്ടാ കുറ്റം.’’
‘‘ഹാ മതിയെന്നേ, ഇവിടിനി ആർക്കും കൂടുതലെന്തേലും കേൾക്കണമെന്നില്ല. ഇനിയതല്ലാ വല്ലോക്കെ പറഞ്ഞേ ഒക്കത്തൊള്ളൂന്നാണേൽ സഞ്ചയനം വിളിക്കാൻ ഞാൻ വരുന്നുണ്ട്. അന്നേരം നമുക്ക് അവിടിരുന്ന് സംസാരിക്കാം. നീ ഇപ്പൊ ഇവിടുന്നെറങ്ങ്.’’
‘‘ഇത് നല്ല കൂത്ത്. ജയൻ കരള് ചീഞ്ഞ് ചത്തേന് ഉണ്ണിച്ചേട്ടനെന്തിനാ എന്റെ മേക്കിട്ട് കേറുന്നത്! ഒന്നാലോചിച്ചാൽ നിങ്ങളും കൂടെ ഒഴിച്ചുകൊടുത്തിട്ടല്ലയോ അവൻ ഈ ഗതിയിലിപ്പൊ കെടക്കുന്നത്?’’
‘‘എടീ വേണ്ടാതീനം പറഞ്ഞാൽ കണ്ണടിച്ച് പൊട്ടിക്കും, പറഞ്ഞില്ലെന്നു വേണ്ട. അവന് ഞാൻ കള്ളൊഴിച്ചുകൊടുക്കുന്നത് എന്നാടീ പന്നച്ചീ നീ കണ്ടത്? ആ ചെറുക്കനെ ഒരു ജോലിക്കും വേലക്കും വിടാതെ വീട്ടിൽപ്പിടിച്ചിരുത്തിയേച്ച്, കണ്ടടം നെരങ്ങാൻ പോന്നവളല്ലിയോ നിന്റെ അനിയത്തിപ്പെണ്ണ്. എന്നിട്ട് അവന്റെ അണ്ണാക്കിൽ കമത്താനായിട്ട് വൈദ്യശാലേൽ എടുത്തുകൊടുക്കാൻ നിക്കുന്ന ചെറുക്കനെക്കൊണ്ട് വാങ്ങിപ്പിച്ച ബ്രാണ്ടീംകൊണ്ടാരുന്നു അവൾടെ ഇങ്ങോട്ടൊള്ള വരവ്. അതും അരിഷ്ടക്കുപ്പിയിലൊഴിച്ചോണ്ട്...’’ അച്ഛനെ ഇനിയുമങ്ങനെ തുടരാൻവിടുന്നത് പന്തിയല്ലെന്നോർത്ത് വിളിച്ചോണ്ടുപോകുന്നതിനൊപ്പം ആളിന്റെ നാവിൽനിന്ന് പിന്നെയുമോരോന്നു വീണുകൊണ്ടിരുന്നു. ‘‘...ഹാ, നീ എന്നെയൊന്ന് വിട്ടേടാ. ഇതൊന്നും ആരും കാണുന്നും അറിയുന്നുമില്ലെന്നാ ഇവളുമാർടെയൊക്കെ വിചാരം. എന്നിട്ട് പഴി ബാക്കിയൊള്ളോർക്കും. കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടാനായിട്ട് ജയനെ അവള് കരുതിക്കൂട്ടി കുടിപ്പിച്ച് കൊന്നതാണോന്നുപോലും എനിക്കിപ്പോ സംശയവൊണ്ട്.’’
അച്ഛൻ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നു തോന്നി.
എങ്ങോട്ടുമൊന്നിറങ്ങാതെ വീട്ടിൽത്തന്നെയിരിക്കുന്നതിനെച്ചൊല്ലി അമ്മൂമ്മ പറയാറുണ്ടായിരുന്ന പഴിവാക്കുകളെയും കലിയേറുന്ന ഇടനേരങ്ങളിൽ നയം അകന്നുനിൽക്കുന്ന നാക്കുവളച്ച് അച്ഛൻ പറഞ്ഞിരുന്ന ഭോഷ്കിനെയുമെല്ലാം ഒരിക്കൽപോലും അമ്മാവൻ ഗൗനിച്ചിരുന്നില്ല. വൈകുന്നേരമാകുമ്പോൾ അമ്മായി കൊണ്ടുവരുന്ന ‘അരിഷ്ടവും’ സേവിച്ച്, അവർക്കൊപ്പമിരുന്ന് അത്താഴമുണ്ണും. കിടന്നുറങ്ങും. അത്രതന്നെ!
ഏകദേശം ആറുമാസം മുമ്പുവരെ നേരിയ ഏറ്റക്കുറച്ചിലുകളോടെ തുടർന്നുപോന്ന ഈ ചര്യക്കു തടവീണത് കക്ഷിക്ക് കരൾരോഗം സ്ഥിരീകരിച്ചതോടെയാണ്.
‘‘അന്ന് മരുന്നും ചികിത്സയുമൊക്കെ നടക്കെ, ഡോക്ടറെ കണ്ടേച്ചിറങ്ങിവന്നപ്പോ ഉണ്ണി പറഞ്ഞ കാര്യം ഇപ്പഴുമെന്റെ നെഞ്ചത്തിരുന്ന് വിങ്ങുവാടീ കൊച്ചേ. അവൻ ഇനിയൊരു തുള്ളിയെങ്ങാനും കുടിച്ചാൽ എല്ലാരും ഇഡ്ഡലി തിന്നാൻ റെഡിയായിരുന്നോളാനെന്ന്.’’
‘‘പക്ഷേ, അതിൽപ്പിന്നങ്ങനെ അവൻ മുറീലിരുന്ന് കുടിക്കുന്നതൊന്നും നമ്മൾ കണ്ടിട്ടില്ലല്ലോ, അല്ലേ?’’
അമ്മൂമ്മ, ഇല്ലെന്നു തലയാട്ടി.
‘‘കുടിയങ്ങോട്ട് നിർത്തിയേപ്പിന്നെ, ആദ്യമാദ്യവൊക്കെ അവന് വല്യ എതക്കേടാരുന്നു. അല്ലിയോ അമ്മേ?’’
‘‘ഹാ... വെറയലും വെപ്രാളോമൊക്കെയായിട്ട് ഒരുമാതിരിപ്പടുതി. ഒരിക്കൽ അവന്റെ വയറ്റിലെന്തോ ഉരുണ്ടുകേറിവന്നപ്പോ ഞെട്ടേക്കെട്ടൻ ചവയ്ക്കുന്നത് നല്ലതാന്നോ മറ്റോ അബദ്ധത്തിലൊന്ന് പറഞ്ഞുപോയി. അതിപ്പിന്നാ മുറുക്കാൻ തുടങ്ങിയത്. ഇവിടെയീ മുല്ലപ്പന്തലിന്റെ ചെവിട്ടിലും നടുതലേടെടേലുവൊക്കെ പാറ്റിത്തുപ്പി ചൊവപ്പിക്കുന്നത് കാണുമ്പോൾ നല്ല പള്ളുപറഞ്ഞിട്ടുണ്ട് ഞാൻ.’’
അമ്മൂമ്മയുടെ തൊണ്ടയിടറി.
ഒന്നരയാഴ്ചക്കു മുമ്പൊരിക്കൽ മുറ്റം തൂത്ത്, അമ്മാവന്റെ മുറിയുടെ അടുത്തെത്തിയപ്പോൾ ജനലിലൂടെ നീട്ടിത്തുപ്പുന്നതു കണ്ട്, എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് അമ്മൂമ്മ അകത്തേക്ക് കയറിച്ചെന്നത്.
‘‘അവനന്നേരം ജനൽക്കമ്പിയേൽ പിടിച്ചോണ്ടുനിന്ന് ഛർദിക്കുവാരുന്നു. എന്റെ ശബ്ദം കേട്ടതും തിരിഞ്ഞുനോക്കി ഒരു കവിട്ടൽ...’’
‘‘അമ്മ നിലവിളിക്കുന്നതും കേട്ട് ഞങ്ങളങ്ങോട്ടോടിച്ചെന്നു നോക്കുമ്പോൾ തറേലാകെയങ്ങനെ ചോര. പിന്നെ, ഇത്രിച്ച നീളത്തിലൊള്ള കഷണങ്ങളും. എനിക്കറിയത്തില്ലെന്റെ ദൈവമേ അതെന്തുവാരുന്നെന്ന്. അപ്പഴേ എടുത്തോണ്ടോടി ആശുപത്രീലോട്ട്.’’
സ്ഥിരമായി പരിശോധിച്ചിരുന്ന ഡോക്ടർ കൈയൊഴിഞ്ഞ്, മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. നാല് യൂണിറ്റ് രക്തം വേണ്ടിയിരുന്നു. ഒടുവിലായി ചോര കൊടുക്കാൻ ചെന്നത് ഞാനാണ്. അന്നേരം കണ്ടപ്പോൾ പഴയപോലുള്ള പ്രസരിപ്പിനു പകരം അദ്ദേഹത്തിന്റെ മുഖത്ത് കനത്തുകിടന്നത് ആസന്നമരണത്തിന്റെ ഭയപ്പാട് വിരിച്ചിട്ട കരിനീലനിഴൽപ്പടർപ്പായിരുന്നു.
അപ്പോഴും ഉഷയമ്മായിക്ക് യാതൊരു വെപ്രാളവുമുണ്ടായിരുന്നില്ല.
ഞങ്ങൾക്ക് ചായ വാങ്ങാനായി അവർ കാന്റീനിലേക്കു പോയപ്പോൾ അച്ഛനോടായി അമ്മാവൻ പറഞ്ഞു, ‘‘ഉണ്ണിച്ചേട്ടാ, എനിക്കാണേലേ ഇപ്പൊ ഒരു തോന്നല്. ഒരു കൊതി. കുറച്ചുകാലംകൂടൊക്കെയൊന്ന് ജീവിക്കണംന്ന്.’’
അറത്തുമുറിച്ചായിരുന്നു മറുപടി, ‘‘ഇനി പറഞ്ഞിട്ട് എന്തേലും കാര്യവൊണ്ടോ ജയാ.’’
ഒരു ദീർഘനിശ്വാസം.
എന്തൊക്കെയോ ചോദ്യങ്ങളടങ്ങിയൊരു ക്ഷീണിച്ച നോട്ടം.
ദൈന്യമെങ്കിലും ഉള്ളിലെവിടൊക്കെയോ മുറിവേൽപിക്കാൻ പാകത്തിൽ മൂർച്ചയവശേഷിച്ച ആ നോക്ക് നേരിടാനാകാതെ ഞാൻ പുറത്തേക്കിറങ്ങി.
തെക്കേപ്പറമ്പിൽ ചിതയൊരുങ്ങുന്നു. നിലവിളക്കിനു മുന്നിലെ തൂശനിലയിലേക്ക് കർമത്തിനുവേണ്ട സാമഗ്രികളൊന്നൊന്നായി പകുത്തുവെക്കുന്നു. പവിത്രങ്ങളുണ്ടാക്കുന്നു. മുറിക്കുള്ളിലെ അയഞ്ഞും അടക്കിയുമുള്ള തേങ്ങലുകൾക്കിടയിലൂടെയിഴയാൻ ഏകാദശസ്കന്ദത്തിലെ വരികൾ പാടുപെടുന്നു. സർവവും സജ്ജം. ഞാനും അനിയനും ദീപുവും വല്യമ്മാവനും ചേർന്ന് മൃതദേഹം പുറത്തേക്കെടുത്ത് മുല്ലപ്പന്തലിനു ചുവടെ വെച്ചു. വൈമുഖ്യത്തോടെയെങ്കിലും മകൻ എള്ളും പൂവും ചന്ദനവും ചേർത്ത് പരേതനു വായ്ക്കരിയിടുന്നുവെന്ന സങ്കൽപത്തിൽ ദർഭക്ക് മുകളിലേക്കിട്ടു. നീരും പാലും കൊടുത്തു. അവനെ ആരും നിർബന്ധിക്കേണ്ടിയിരുന്നില്ലെന്ന് അപ്പോഴും തോന്നി.
കൂടിനിന്നവരിൽ പലരും കോടി പുതപ്പിച്ചു. പൂവിട്ടു തൊഴുതു.

അരവിന്ദ് വട്ടംകുളം
കരഞ്ഞുതളർന്ന അമ്മൂമ്മ ഇറയത്തിരിപ്പുണ്ട്. ഉഷയമ്മായിയെ അമ്മയും ബന്ധുസ്ത്രീകളും ചേർന്ന് താങ്ങിനിർത്തിയിരിക്കുന്നു. ഇപ്പോഴെങ്കിലും തന്നിലൊരൽപം വ്യസനഭാവം കലരേണ്ടതിന്റെ അനിവാര്യതയെപ്പറ്റി പൂർണബോധ്യമുള്ളവൾ തന്റെ താൽപര്യങ്ങൾക്കൊത്തുനിന്നവനുവേണ്ടി മനസ്സറിഞ്ഞു കരഞ്ഞു.
നേരമായെന്ന് ആരോ ഓർമിപ്പിച്ചു.
ചിതയെരിഞ്ഞു തുടങ്ങി.
ചടങ്ങുകൾ കഴിഞ്ഞപ്പോൾ സഞ്ചയനത്തിനുവേണ്ട സാധനങ്ങളുടെ ചാർത്തും കോടിപ്പണവും അച്ഛൻ എന്നെ ഏൽപിച്ചു. അതത്രയുംകൊണ്ട് അമ്മായിയുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവരവിടെ ഒറ്റക്കായിരുന്നു. എന്നെ കണ്ട്, എപ്പോഴത്തെയുംപോലെ മുഖം തെളിഞ്ഞു. എന്തെങ്കിലുമൊന്നു സംസാരിക്കണമെന്ന് ഉള്ളിൽ തോന്നിയെങ്കിലും സ്വയമടക്കി.
കൈയിലുള്ളവ നീട്ടി.
കബോർഡിനു നേരെ അമ്മായി കൈ ചൂണ്ടി.
പാളി തുറന്ന് പണവും ശീട്ടും തട്ടിലേക്ക് വെച്ചു. ഓരത്തായി അരിഷ്ടക്കുപ്പിയിലേക്കു കൂടുമാറപ്പെട്ട മദ്യം അടപ്പ് അയഞ്ഞമട്ടിലിരുപ്പുണ്ട്. അതിലേക്ക് കൈയെത്തിക്കുന്ന ശീലത്തെ സ്വയം നിയന്ത്രിച്ച്, മുറിവിട്ടിറങ്ങി. എപ്പോഴത്തെയുംപോലെ അമ്മായിയെ ഒന്നു തിരിഞ്ഞുനോക്കി.
