ശകുനമ്മോങ്ങി

ഏതാണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍നിന്ന് ആരോ എറിഞ്ഞ ഒരുരുളച്ചോറ് തനിക്കുനേരേ പാഞ്ഞുവന്നുകൊണ്ടിരിക്കുന്നത് കണ്ടാണ് കിളവമ്മോനായി സ്വപ്നത്തില്‍നിന്ന് തെന്നിമാറി കണ്ണുതുറന്നത്. താന്‍ കമ്പിളിപ്പുതപ്പ് മൂടിയതല്ല, ഇപ്പോള്‍ രാത്രിയാണെന്ന് അയാള്‍ ഒരു നിമിഷം ചിന്തിച്ചുറപ്പുവരുത്തി. പുറത്തൊരു കൂമന് മൂളുന്നുണ്ട്. കുറച്ചു മുമ്പേ ഉറക്കം ഞെട്ടിയപ്പോള്‍ ചെമ്പോത്തുകള്‍ കരയുന്ന പോലെയാണ് കേട്ടത്. ഇത്തരം ശകുനമ്മോങ്ങിപ്പക്ഷികള് കുറേയുണ്ട് പറമ്പിലെ...
Your Subscription Supports Independent Journalism
View Plansഏതാണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍നിന്ന് ആരോ എറിഞ്ഞ ഒരുരുളച്ചോറ് തനിക്കുനേരേ പാഞ്ഞുവന്നുകൊണ്ടിരിക്കുന്നത് കണ്ടാണ് കിളവമ്മോനായി സ്വപ്നത്തില്‍നിന്ന് തെന്നിമാറി കണ്ണുതുറന്നത്. താന്‍ കമ്പിളിപ്പുതപ്പ് മൂടിയതല്ല, ഇപ്പോള്‍ രാത്രിയാണെന്ന് അയാള്‍ ഒരു നിമിഷം ചിന്തിച്ചുറപ്പുവരുത്തി. പുറത്തൊരു കൂമന് മൂളുന്നുണ്ട്. കുറച്ചു മുമ്പേ ഉറക്കം ഞെട്ടിയപ്പോള്‍ ചെമ്പോത്തുകള്‍ കരയുന്ന പോലെയാണ് കേട്ടത്. ഇത്തരം ശകുനമ്മോങ്ങിപ്പക്ഷികള് കുറേയുണ്ട് പറമ്പിലെ മരങ്ങളില്‍. പകലൊന്നും ഇവറ്റകളെ കാണത്തില്ല. അതോ കാഴ്ചയൊക്കെ ഒരുവഴിക്കായതുകൊണ്ട് തനിക്ക് കാണാമ്മേലാത്തതാണോ എന്നും കിളവന് അറിഞ്ഞുകൂടാ. ഒരൊറ്റ ജനലിലൂടെയാണ് പുറംലോകം കാണുന്നത്. ആ ഫ്രെയിമിലാവട്ടെ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം സദാ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ മൊത്തം മരക്കൊമ്പുകളേ കാണൂ. കാക്കയും പരുന്തും അടയ്ക്കാക്കുരുവികളുമൊക്കെ പറന്നുവന്ന് ആ കൊമ്പുകളിലിരുന്ന് സംസാരിക്കുന്നത് കാണാറുണ്ട്. പക്ഷേ കൂമനോ ചെമ്പോത്തോ കഴുകനോ വരുന്നതായി കണ്ടിട്ടില്ല. രാത്രിയില്‍ അവര്‍ വരും.
തട്ടുമ്പുറത്ത് മുഴുവനും പ്രാക്കള്ടെ ശല്യവും കലപില ഒച്ചയും കുറുങ്ങലും സദാസമയവും കേള്‍ക്കാം. അവിടവിടെ തൂറിയിടുകേം ചെയ്യും. രാവും പകലും വല്ലോം ശാപ്പാടിന് വക കിട്ടുമോന്ന് നോക്കി മൂന്നാല് പട്ടികളും പൂച്ചകളും വരാന്തയിലും വടക്കേപ്പൊറത്തും തെണ്ടിനടക്കുന്നതും കാണാറുണ്ട്. മോനായിക്ക് ആരോഗ്യമുള്ള കാലത്താണെങ്കില്‍ ഒരെണ്ണംപോലും പരിസരത്തെങ്ങും വരത്തില്ലായിരുന്നു. അവറ്റകള്‍ക്ക് വേണ്ടത് വേണ്ട സ്ഥലത്ത് മോനായി എത്തിക്കുമായിരുന്നു.
ആ പാഞ്ഞുവന്ന ചോറ് ആര് ഉരുട്ടിയെറിഞ്ഞതായിരിക്കുമെന്ന് ആലോചിച്ച് കിളവന് കട്ടിലില്‍തന്നെ കിടന്നു. സ്വപ്നത്തിലായാലും ഒരു നൂറ്റാണ്ട് പിറകീന്നൊക്കെ എറിഞ്ഞ ചോറുരുള ഇങ്ങനെ താഴെവീഴാതെ പാഞ്ഞ് തന്റെ പിറകേ വരുമോ? സ്വപ്നത്തില്‍ നൂറുകൊല്ലത്തിനൊന്നും ഒരു വിലയുമില്ല. എന്നാണേലും വെടിയുണ്ടയൊന്നുമല്ലല്ലോ. കിളവന് അതില്‍ ആശ്വസിച്ചു. വെടിയുണ്ടയും ചോറുരുളയും തമ്മില്‍ അന്നംമുടക്കിയും അന്നദാനവും തമ്മിലുള്ള വ്യത്യാസം കിടക്കുവാണല്ലോ. അപ്പോ പക്ഷേ, ബലിച്ചോറാണെങ്കിലോ? ഓര്‍ക്കാപ്പുറത്ത് വന്ന ആ വിചാരത്തില്‍ അയാള്‍ക്ക് പെരുവിരലില്‍ തണുപ്പ് അരിച്ചുകയറിയെങ്കിലും താന്‍ ക്രിസ്ത്യാനിയാണ്, മരണത്തിന്റെ അമ്മാതിരി സ്വപ്നനമ്പരൊന്നും തന്റെയടുത്ത് നടക്കില്ല എന്നയാള്‍ സമാധാനിച്ചു.
മഴക്കാലമാണ്. എടവം തന്നെ കര്‍ക്കടകം പോലാരുന്നു. ഇനി കര്‍ക്കടകം എങ്ങനെ കടക്കുമെന്ന് അറിയത്തില്ല. അടുക്കളയുടെ കിഴക്കുഭാഗത്തും പിന്നാമ്പുറത്തെ കോവണി കയറുന്നിടത്തും ചോര്‍ച്ചയുണ്ട്. തെയ്യോലത്തുള്ള വര്‍ക്കിച്ചനോട് പറഞ്ഞാല്‍ ആരെയെങ്കിലും കൂട്ടിക്കൊണ്ടുവന്ന് ആ ചോര്ച്ചയൊന്ന് അടച്ചുതരുമായിരുന്നു. റോസമ്മയോട് നാലഞ്ച് പ്രാവശ്യമായി പറയുന്നു. അഞ്ചാറു വീട്ടില്‍ കിടപ്പ് രോഗികളെ നോക്കാന്‍ പോകുന്ന അവർക്കുണ്ടോ വര്‍ക്കിച്ചനെ അന്വേഷിച്ചു പോകാന്‍ നേരം. കാലത്ത് വന്ന് ആഹാരവും തന്ന് ഓടിച്ചൊന്ന് അടിച്ചുതുടച്ച് പാത്രവും കഴുകിവച്ച് അവളൊരു പോക്കങ്ങ് പോകും. പിന്നെ ഈ മുറ്റത്ത് ഒരു കാല്‍പ്പെരുമാറ്റം ഉണ്ടാവണേല്‍ പിറ്റേന്ന് രാവിലെയാകണം.
പ്രായമൊന്നുമല്ല, ഏകാന്തതയാണ് കിളവനെ വൃദ്ധനാക്കിയതെന്ന് റോസമ്മ ഒരിക്കല്‍ ഏലിയാസച്ചനോട് പറഞ്ഞു.
‘‘അതെന്നാ റോസമ്മോ നീ അങ്ങനൊരു സിത്താന്തം പറേണേ. കെളവന് തന്നെയല്ലിയോ വൃദ്ധന്?’’
‘‘അതച്ചന്‍ ഈയിടെയല്ലായോ ഈയെടവകേ വന്നത്. അയിന്റെയാ. മുമ്പൊള്ള അച്ചനൊക്കെ അറിയാവാരുന്നു ആ വെത്തിയാസം.’’
ഏലിയാസച്ചനോട് റോസമ്മ പറഞ്ഞത് ശരിയാണ്. കിളവമ്മോനായിക്ക് വാര്‍ധക്യം പുതിയതാണ്. പക്ഷേ, അയാള്‍ പണ്ടേ കിളവനായിരുന്നു. പണ്ടേ എന്നുവച്ചാല്‍ ഒരു നാല്പത് വയസ്സായപ്പം തൊട്ട്. പുരയിടത്തിന്റെ പടിഞ്ഞാറേ അതിരില്‍ നില്ക്കുന്ന ഒരു മാവുണ്ട്. നല്ല വണ്ണമുള്ള തടിയുള്ള ആ മാവിന്റെ ഉയരത്തിന്റെ ഏതാണ്ട് പകുതിെവച്ചേ ശാഖകള്‍ തുടങ്ങുന്നുള്ളൂ. അവിടേക്ക് തന്നെ ഏതാണ്ടൊരു പതിനഞ്ചടിെയങ്കിലും കാണും. അതുകഴിഞ്ഞ് മേലോട്ട് നിറയെ ശാഖകളും ശിഖരങ്ങളുമായി പൊങ്ങിയങ്ങ് നില്‍ക്കുവാണ്. ആ കിളവമ്മാവിന്മേല് ഏണിവച്ച് വലിഞ്ഞുകയറി പച്ചമാങ്ങാ പൊട്ടിക്കാന്‍ നോക്കിയതാണ് മോനായി. കാലുതെന്നി പത്തിരുപതടി താഴേക്ക് പോന്നു. ആ വീഴ്ചയില്‍ അയാള്‍ പത്തിരുപത് വര്‍ഷം മുന്നോട്ടാഞ്ഞ് പറന്നു. താഴെയെത്തിയപ്പോള്‍ മുഖം ഒരു ഊശാങ്കല്ലില് വന്നിടിച്ച് മേല്‍നിരയിലെ പല്ലുകളത്രയും പോയി. കീഴ്നിരയിലെ മൂന്നാലെണ്ണവും പോയി. വലതുകൈയും ഇടതുകാലുമൊടിഞ്ഞു. മാഞ്ചോട്ടില്‍നിന്ന് ആരൊക്കെയോ കൂടി പൊക്കിയെടുത്ത് അകത്തേ മുറിയില്‍ കൊണ്ടുപോയി കിടത്തിയതാണ്. പിന്നെ എണീറ്റിട്ടില്ല. ഡോക്ടര്‍ വീട്ടീവന്ന് നോക്കി ആകാവുന്നത്രയും പ്ലാസ്റ്ററിട്ട് മരുന്നൊക്ക കൊടുത്ത് ചികിത്സിച്ചു. അതുകൊണ്ട് കൈകാലുകള്‍ക്ക് കുറച്ച് ചലനശേഷിയൊക്കെ കാലംകൊണ്ട് കിട്ടി. പക്ഷേ, നട്ടെല്ല് കഷണങ്ങളായി പോയതിന് ഒന്നും ചെയ്യാനില്ലായിരുന്നു. കിടപ്പ് ശാശ്വത സത്യമായി.
അന്ന് അത്രയും ഉയരത്തിലുള്ള മാവീക്കേറി മാങ്ങാ പൊട്ടിക്കാന്‍ അയാള്‍ കാണിച്ച ആര്‍ത്തി നാട്ടുകാര്‍ക്ക് അതിശയമായിരുന്നു. അങ്ങനൊന്നും ഒരു പതിവുള്ള ആളേ ആയിരുന്നില്ല. അതന്ന് എന്നാ തോന്നിട്ടാ ആ പണിക്ക് ഇറങ്ങിയതെന്ന് എല്ലാവരും മൂക്കത്ത് വിരലുവച്ചു. ‘‘പെണ്ണുമ്പിള്ളയ്ക്ക് വല്ലോം വയറ്റിലായിട്ടുണ്ടോ... പച്ചമാങ്ങ കടിച്ചുതിന്നണമെന്ന് പറഞ്ഞിട്ടാവ്വോ?’’, ആരൊക്കെയോ ചോദിച്ചു. എന്തായാലും ആ വകയില്‍ നാട്ടുകാരിട്ട പേരാണ് കിളവമ്മോനായി. പിന്നെപ്പിന്നെ മോനായിയെ നാട്ടുകാര്‍ മറന്നു. കിളവനെ മാത്രം ഓര്‍മിച്ചു.
കിടപ്പിലായ കിളവനെ വിട്ട് കെട്ടിയോള് അവരുടെ നാടായ കുഞ്ചിത്തണ്ണിയിലേക്ക് പോയി. കൂടപ്പിറപ്പുകളില് ഇളയതൊരു പെങ്ങള് കുറച്ചുകാലം ആ വീട്ടീനിന്ന് കിളവനെ നോക്കുന്നുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവളും ഇട്ടേച്ചുപോയി. പിന്നെ അയല്‍വക്കത്തെ റോസമ്മയാണ് കിളവന്റെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. അവള് നഴ്സിങ് കുറച്ച് പഠിച്ചിട്ടുള്ളതുമാണ്. മാവീന്നുള്ള വീഴ്ചയില്‍ കിളവന്റെ ഉടല് പറന്നിടത്തേക്ക് മനസ്സ് പറക്കാന്‍ ആ ഇരുപത് വര്‍ഷം തന്നെയെടുത്തു. ഇത്രയും കാലവും ഇപ്പോഴും വീട്ടിലുണ്ടാക്കുന്നതിന്റെ വിഹിതവുംകൊണ്ട് റോസമ്മ ആ ഇരുള്‍ക്കാട് വകഞ്ഞ് അങ്ങോരുടെ മുറിയിലെത്തും. ആഹാരം തീറ്റിക്കും. ശരീരവും മുറിയും വൃത്തിയാക്കും.
‘‘നിനക്ക് മടുത്തില്ലേടീ, എത്ര കാലോന്ന് വെച്ചാ?’’
റോസമ്മയോട് കെട്ടിയോന് ജോണി തന്നെ ചോദിക്കാറുണ്ട്. പക്ഷേ വേണ്ടെന്ന് വച്ചാലും റോസമ്മയ്ക്കത് സാധിക്കില്ല. ഒരു ജീവനല്ലേ. ഇപ്പറത്ത് നമ്മള് ഉണ്ടുടുത്ത് ജീവിക്കുമ്പോ അങ്ങോട്ടൊന്ന് തിരിഞ്ഞുനോക്കാതിരുന്നാല് കര്‍ത്താവ് ക്ഷമിക്കുവോ. നല്ല നിലയ്ക്കുള്ള ബന്ധമൊന്നുമായിരുന്നില്ല ആ വീടുമായി പണ്ടേ റോസമ്മയ്ക്ക്. അവിടുത്തെ പെണ്ണുമ്പിള്ളയുമായി ഒത്തുപോകാനേ പറ്റില്ലായിരുന്നു. മനുഷ്യപ്പറ്റുള്ളതായി തോന്നിയിട്ടേയില്ല. പുറത്തേക്കിറങ്ങുവോ ആളുകളുമായി സംസാരിക്കുവോ ഒന്നും ചെയ്യില്ല. പള്ളീവച്ച് കണ്ടാല്‍ത്തന്നെ ഒരു ചടങ്ങിന് ചിരിച്ചുകാണിച്ചങ്ങ് പോകും. എന്നാല്‍ എന്തെങ്കിലും ശത്രുതയൊട്ടില്ല താനും. അവര്‍ അവരുടെ പാട്ടിന് ജീവിക്കുന്നു. അത്രതന്നെ. മോനായി വീണ് കിടപ്പായപ്പോള്‍ ആ പെണ്ണുമ്പിള്ള ഇട്ടേച്ചുപോയെന്ന് കേട്ടപ്പോള്‍ തങ്ങള്‍ മനസ്സില്‍ കരുതിയതെല്ലാം ശരിയായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി. അവനോട് ഒരു സ്നേഹവുമില്ലാത്ത പെണ്ണ്. കര്ത്താവിന് നിരക്കാത്ത പണിയല്ലേ അവള് ചെയ്തേ. ‘‘നശിച്ചുപോകത്തേള്ള്’’, ചുറ്റുവട്ടത്തെ പെണ്ണുങ്ങളെല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു.
പിന്നെയാണ് ആ മുറ്റത്തേക്കൊന്ന് റോസമ്മ കയറിയതുതന്നെ. മോനായിച്ചനെ നാട്ടുകാര്‍ക്കൊക്കെ ഇഷ്ടമായിരുന്നു. അതിന് കാരണവുമുണ്ട്. പത്തറുപത് ഏക്ര റബറൊക്കെ കൃഷിചെയ്തിരുന്ന, രണ്ട് ജീപ്പും രണ്ടുമൂന്ന് കാറുമൊക്കെ ഉണ്ടായിരുന്ന പണച്ചാക്കുകളായിരുന്നു ഏതോ കാലംതൊട്ടേ ആ കുടുംബം. അതിന്റെ ഗര്‍വും ഗോഷ്ടികളും കണ്ടുനിക്കാന്പോലും പ്രയാസമായിരുന്നുവെന്ന് റോസമ്മയുടെ അപ്പന് പറയാറുണ്ട്. എടവകപ്പള്ളിയില്‍ മാറിമാറി വരുന്ന അച്ചമ്മാര്ക്ക് അവരുടെ കാലുകഴുകലായിരുന്നു പ്രധാന പണിയെന്ന് അപ്പന് പറയും. പള്ളിക്ക് വാരിക്കോരി കൊടുക്കുകേം ചെയ്യും. മോനായിച്ചന്റെ കാലമായപ്പോഴേക്കൊക്കെ ഈ ധാടീം മോടീം ഒക്കെ ഏതാണ്ട് അസ്തമിച്ചിരുന്നെങ്കിലും പാടേ പട്ടുപോയിരുന്നില്ല. മോനായി കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു. അമ്മച്ചി മോനായീടെ ഇളതിനെക്കൂടി പ്രസവിച്ച ഉടനേ രക്തം വാര്‍ന്ന് മരിച്ചുപോയി. മോനായീടപ്പനാണേ, മോനായീടെ മൂന്ന് പെങ്ങമ്മാരെ കെട്ടിച്ചയച്ച ശേഷം അധികം കഴിയാതെ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു.

പെങ്ങമ്മാര്‍ക്ക് പണമായി കൊടുക്കേണ്ടതൊക്കെ കൊടുത്ത ശേഷം ബാക്കി കിടന്നതൊക്കെ മോന്റെ പേര്‍ക്ക് എഴുതിവച്ചാണ് അങ്ങേര് പോയത്. മോനായിക്കാണേ, നാടുമുഴുക്കെ ചങ്ങാതിമാരും അടുപ്പക്കാരുമാണ്. കെട്ടണേന് മുന്നേതന്നെ ആള് കൂട്ടുകാരുടെയൊപ്പം നാടൊട്ടുക്ക് സഞ്ചരിച്ചും ചെലവഴിച്ചും ജീവിച്ചു. സ്വത്തില്‍ നല്ലൊരു പങ്ക് വല്ലോരുടെയും പേരിലായി. എന്നാലങ്ങനെ ദുഷിച്ച സ്വഭാവമൊന്നും അല്ലായിരുന്നു. ആരുടെ സങ്കടം കണ്ടാലും ചോദിക്കുന്നത് എടുത്തു കൊടുക്കും. അതാണ് പ്രശ്നമായത്. അറ്റകൈക്ക് ഉപ്പുതേക്കാത്ത പാരമ്പര്യമുള്ള കുടുംബം മോനായീടെ കാലത്ത് ദാനശീലത്തിന് കേളികേട്ടു. തനിക്കില്ലേലും നാട്ടുകാര്‍ക്ക് കൊടുക്കും. കേട്ടറിഞ്ഞ് വരുന്നവരെ പോലും വെറുങ്കയ്യോടെ പറഞ്ഞയക്കില്ല. മോനായിയെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ പെങ്ങമ്മാരോ ബന്ധുക്കളോ ഒന്നും മിനക്കെട്ടുമില്ല. കെട്ടിയതിനു ശേഷം കാര്യങ്ങള്‍ കോഞ്ഞാണ്ടയായി.
കുഞ്ചിത്തണ്ണിയിലെ പ്രമാണി കുടുംബത്തിലെയായിരുന്നു റബേക്കയും. കെട്ട് കേമവുമായിരുന്നു. നാട്ടുകാരു മുഴുവന്‍ സ്വന്തം കുടുംബത്തിലെ കെട്ട് പോലെ ആഘോഷിച്ചു. പക്ഷേ അധികം വൈകുംമുന്നേ റബേക്കയുടെ ഭരണത്തിലായി വീട്. പേരക്കൊച്ചിന്റെ കോളേജ് പഠിത്തത്തിന് സഹായം ചോദിച്ച് വീട്ടുമുറ്റത്തെത്തിയ നാരായണിയമ്മയാണ് ഈ വിവരം ആദ്യമറിയുന്നത്. അന്നേരം മോനായീടെ കെട്ട് കഴിഞ്ഞ് ഒരാഴ്ചയോ മറ്റോ ആയതേയുള്ളൂ. രണ്ടര രൂപ വണ്ടിക്കൂലി മുടക്കി അടുത്തൊരു നാട്ടീന്നാണ് നാരായണിയമ്മ മോനായിയെ അന്വേഷിച്ച് വന്നത്. അച്ഛനുമമ്മയും പുഴയില്‍ വീണ് മരിച്ചുപോയ തന്റെ പേരക്കൊച്ച് പത്താംക്ലാസ് പാസായെന്നും കോളജീച്ചേരാന് എന്തേലും സഹായിച്ചാ ഉപകാരമെന്നും അവര്‍ വീടിനുപുറത്തേക്കു വന്ന റബേക്കയോട് പറഞ്ഞു.
‘‘ഈ വീട്ടീവന്നാ പണം കിട്ടുമെന്ന് അമ്മച്ചിയോടാരാ പറഞ്ഞേ?’’, റബേക്ക അവരോട് ചിരിച്ചുകൊണ്ട് ചോദിച്ചു.
‘‘ആരെല്ലാമോ പറഞ്ഞിട്ടറിയാം കുഞ്ഞേ... ഇവിടുത്തെ മോനായി സാറ് സഹായം ചോദിച്ചുവരുന്നവരെ മടക്കി അയക്കത്തില്ലെന്ന്’’, നാരായണിയമ്മ ഉള്ളത് പറഞ്ഞു.
‘‘ശരി... എന്നാ മോനായി സാറിനൊരു സഹായം വേണ്ടിവന്നാ നിങ്ങളൊക്ക കാണുവോ ഇവിടെ?’’
നാരായണിയമ്മ ചിരിച്ചു.
‘‘ഞങ്ങളെക്കൊണ്ടൊക്കെ മോനായി സാറിന് എന്നാ സഹായവാ ചെയ്യാന്‍ ഒക്കുക?’’
‘‘പണം തന്നെ ആവണന്നില്ലല്ലോ... ചെലപ്പ ദേഹംകൊണ്ട് എന്തെങ്കിലും സഹായിക്കണന്നു വച്ചാ?.. അതിന് പ്രായൊന്നും ഒരു വിഷയാവില്ലെങ്കീ...’’
പണം പോയിട്ട് മാനംപോലും തിരിച്ചു ചോദിക്കാന്‍ നിക്കാതെ നാരായണിയമ്മയ്ക്ക് സ്ഥലംവിടേണ്ടിവന്നു. പിന്നൊരാളും ആ മുറ്റത്തേക്ക് ദയാവായ്പ് തേടി ചെന്നിട്ടില്ല.
‘‘വീട്ടിനകത്തെന്നതാ നടക്കുന്നതെന്ന് നാട്ടുകാര്‍ക്കൊന്നും അറിയാമ്മേലാരുന്നു. പക്ഷേ മോനായിച്ചന്റെ പൊടിപോലും നാട്ടിലെങ്ങും കാണാതായി. ഞങ്ങക്കെക്കെ വലിയ സങ്കടാരുന്നു’’, മോനായീടെ മുഴുവന്‍ ചരിത്രവും കവലേല് പൈലിപ്പാപ്പന്റെ കടയിലിരുന്ന് കേട്ട ഏലിയാസച്ചനോട് അവിടിരുന്ന ആരോ ഒരാള്‍ പറഞ്ഞു.
‘‘എന്നിട്ട് നിങ്ങളെന്താ അങ്ങര്ടെ സഹായത്തിനിപ്പ ചെല്ലാത്തത്? ആ റോസമ്മ ഇല്ലാരുന്നേല്‍ കാണാരുന്നല്ലോ...’’, ഏലിയാസച്ചന് അപ്പറഞ്ഞത് കാറ്റത്ത് പറന്നങ്ങ് പോയി. ആരും ഒരക്ഷരം മിണ്ടിയില്ല.
സമയം രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവുമെന്ന് കിളവമ്മോനായി അനുമാനിച്ചു. ഇനിയങ്ങോട്ട് ഉറക്കം കിട്ടാന്‍ പ്രയാസമാണ്. റോസമ്മയോട് പറഞ്ഞ് വാങ്ങിപ്പിച്ച ഉറക്കഗുളികയൊക്കെ തീര്‍ന്നു. പറഞ്ഞാലവള് വീണ്ടും വാങ്ങിക്കൊണ്ടുത്തരും. അതിന് മനസ്സ് വരുന്നില്ല. മൂന്നുനേരവും വന്ന് ഊട്ടുന്നതും പോരാഞ്ഞ്.
‘‘ഈ വീടും പുരയിടോം മോനായിക്ക് എന്താച്ചാ ചെയ്യാം. തെയ്യോലം വര്ക്കിച്ചന്റടുത്ത് പറഞ്ഞേക്കാം വിക്കാനുദ്ദേശുണ്ടെങ്കീ... അല്ല, നാട്ടുകാര്‍ക്ക് ദാനോം തീറും കൊടുത്താണല്ലോ ശീലം. അതാണെങ്കീ അങ്ങനെ... ബാങ്കിലിരിക്കുന്നത് എന്റെ ചെലവിന് ഞാനെട്ക്കും...’’
റബേക്ക അന്ന് ഇത്രയും പറഞ്ഞാണ് പടിയിറങ്ങിപ്പോയത്. എണീറ്റിരിക്കാന്പോലും മേലാത്ത താന്‍ ഈ വീട്ടീത്തന്നെ കിടക്കേണ്ടിവരുമെന്നും എന്തെങ്കിലും ഉണ്ടാക്കിത്തരാന്പോലും ആരുമില്ലെന്നും അറിഞ്ഞുതന്നെയാണ് അവള് പോയത്. അന്നേരം അവളുടെ നല്ലതിനുവേണ്ടി മോനായി പ്രാര്‍ഥിച്ചു. അല്ലാതെ റബേക്കയെ കൊല്ലാനുള്ള ദേഷ്യമൊന്നും അയാള്‍ക്ക് വന്നില്ല. കെട്ടിക്കൊണ്ടുവന്ന ദിവസം തൊട്ടിങ്ങോട്ട് കാര്യങ്ങള്‍ കൈവിട്ടുപോയതാണ്. മാവിനുമോളീന്നുള്ള വീഴ്ച രണ്ടാമതാണ്. ആദ്യത്തെ വീഴ്ച മണിയറയില്‍ ആദ്യരാത്രിയിലായിരുന്നു.
അന്നത്തെ മോനായി എന്ന മുപ്പത്തഞ്ചു വയസ്സുകാരനെ കിളവന് ഓര്‍ത്തു. കല്യാണത്തിനും എത്രയോ മുമ്പേ റബേക്കയെ കണ്ടിട്ടുണ്ടായിരുന്നു. ആര്‍ഭാടകരമായ ജീവിതം നയിച്ച വല്യപ്പമ്മാരുടെ വഴിവിട്ട് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുംവേണ്ടി എല്ലാം സമര്‍പ്പിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്ന കാലം. പെങ്ങമ്മാരില്‍ ഇളയവളുടെ കെട്ടായിരുന്നു ഏറ്റവും പൊടിപൊടിച്ചത്. അപ്പന്റെ പഴയ പരിചയക്കാരായ കുഞ്ചിത്തണ്ണിയിലെ റബേക്കയുടെ കുടുംബത്തിലേക്ക് വരെ വിളിപോയത് അതിന്റെ ഭാഗമായിട്ടാണ്. ആ കല്യാണത്തിനാണ് റബേക്കയെ കണ്ട് മോഹിച്ചത്. വേറെ ആലോചനകളുമായി അളിയമ്മാരും ചങ്ങായിമാരുമൊക്കെ വന്നിരുന്നെങ്കിലും മോനായിയുടെ മനസ്സില്‍ റബേക്ക മാത്രമായിരുന്നു. പക്ഷേ അത് ആരോടെങ്കിലും പറയാന്‍ മടിച്ചു. മുപ്പത്തഞ്ച് വയസ്സായപ്പോള്‍ മൂത്ത പെങ്ങള് വന്ന് കണക്കിന് ശകാരിച്ച് പെണ്ണുകെട്ടാന്‍ തീരുമാനമുണ്ടാക്കിച്ചു.
കൂട്ടുകാരെന്നുവച്ചാ ഏത് രാത്രിയും പകലാക്കുന്ന കൂട്ടത്തിലായിരുന്നു മോനായി. ഒരാളെങ്കിലും ഉറങ്ങാതെ ബാക്കിയുണ്ടെങ്കില്‍ മോനായി ഇരിക്കും. കല്യാണരാത്രിയില്‍ പക്ഷേ ചങ്ങാതിമാര്‍ പിരിഞ്ഞുപോകാന്‍ താമസിക്കുന്നതില്‍ മോനായിക്ക് അല്പം ക്ഷമകെട്ടു. എന്തോ കാരണം പറഞ്ഞ് പതിയെ പിന്‍വലിഞ്ഞപ്പോള്‍ അവരൊരു കൂട്ടച്ചിരിയായിരുന്നു. മോനായിയെ മനഃപൂര്‍വം കൂട്ടത്തില്‍ കരുക്കിയിട്ട് അവന്റെ ക്ഷമപരീക്ഷിക്കുകയായിരുന്നു അവര്‍. തോല്‍വി സമ്മതിച്ച് മുറിയിലെത്തിയപ്പഴേക്ക് റബേക്ക കുളിയൊക്കെ കഴിഞ്ഞ് ഉഷാറായിരിക്കുന്നു. പക്ഷേ, നവവധുവിന്റെ വേഷത്തിലായിരുന്നില്ല. വീട്ടില്‍നിന്ന് കൊണ്ടുവന്ന ഒരു സാധാരണ ചുരിദാര്‍ ഇട്ട് സാധാരണ മട്ടിലിരിക്കുന്ന റബേക്കയെ കണ്ട് മോനായി അമ്പരന്നു.
‘‘ഇതെന്താ ഇങ്ങനെ... ആദ്യരാത്രിക്കും മുന്നേ വീട്ടുകാരിയായോ...’’, ആ സമയത്ത് തമാശകള്‍ രസക്കൂട്ടാണല്ലോ എന്നോര്‍ത്ത് മോനായി പറഞ്ഞു. അയാള്‍ കട്ടിലിലിരുന്നു. റബേക്ക എഴന്നേറ്റു.
‘‘വായോ.. ഇവിടിരിക്ക്’’, മോനായി വിളിച്ചു. റബേക്ക ഒന്നും പറഞ്ഞില്ല.
താന്‍ മുഷിഞ്ഞിരിക്കുന്നതിന്റെ പ്രയാസമാവുമെന്ന് കരുതി, അയാള്‍ ബാത്റൂമില്‍ കയറി കുളിച്ച് വേഷംമാറി വന്നിരുന്നു. അപ്പോഴും റബേക്ക ഒരടുപ്പവും കാണിക്കാതെ മാറിനില്‍ക്കുന്നതിന്റെ കാരണം മോനായിക്ക് മനസ്സിലായില്ല.
‘‘മോനായി, ഇങ്ങനെ അന്തംവിടാനൊന്നൂല്ല. ഞാനിങ്ങനാരിക്കും... ഈ ബെഡ് എനിക്ക് ഒറ്റയ്ക്ക് വേണം. മറ്റൊരു ബെഡ് ഇവിടെത്തന്നെ ഇട്ടാലും എനിക്ക് പ്രശ്നമൊന്നൂല്ല. അടുത്ത മുറിയിലായാലും വിരോധൂല്ല...’’
പടക്കം പൊട്ടുന്നപോലെയായിരുന്നു റബേക്കയുടെ സംസാരം. മോനായി പൊള്ളലേറ്റ് നിന്നു.
തന്റെ ശരീരം തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് റബേക്ക തീര്‍ത്തു പറഞ്ഞു.

ചങ്ങാതിമാരുടെ ചിരികള്‍ ആക്കം കുറഞ്ഞിട്ടായാലും മുറിക്കുള്ളിലേക്ക് മോനായിക്ക് കേള്‍ക്കാന്‍ പാകത്തില്‍ എത്തുന്നുണ്ടായിരുന്നു. അവരിലാരോ നല്ല താളമിട്ട് പാടി. കീലാപ്പിലെ ടോണിക്കൊച്ചനാകുമെന്ന് മോനായി ഓര്‍ത്തു. പക്ഷേ ആരായാലും, എന്തായാലും അവരുടെ അടുത്തേക്ക് മടങ്ങിപ്പോകാനാകില്ല. മോനായി ആരും കാണാതെ ഒരു ഷീറ്റ് എടുത്തോണ്ടുവന്ന് നിലത്ത് വിരിച്ചുകിടന്നു. പിറ്റേന്നും അതിനുപിറ്റേന്നും മോനായി താഴെയും റബേക്ക കട്ടിലിലും കിടന്നു. കുറച്ച് വൃത്തിക്കു കിടക്കാന്‍ മോനായിക്കൊരു കിടക്ക വാങ്ങിയാലെന്താ എന്ന് മൂന്നാമത്തെ ദിവസം റബേക്ക ചോദിക്കുകയുംചെയ്തു. നാലാം ദിവസം മോനായി കുഞ്ചിത്തണ്ണിയില്‍ റബേക്കയുടെ വീട്ടീച്ചെന്നു. അവളുടെ ഡാഡിയും മമ്മിയും മോനായിയെ ആര്‍ഭാടകരമായ അലങ്കാരങ്ങള്‍ നിറഞ്ഞ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ വരവ് അവരു പ്രതീക്ഷിച്ചിരുന്നെന്ന് അവരുടെ മുഖഭാവങ്ങള്‍ തെളിയിച്ചു.
‘‘മോനായി മനുഷ്യരുടെ സങ്കടങ്ങള്‍ കേള്ക്കുന്നയാളാന്ന് ഞങ്ങടെ മരുമോനാവണേനും എത്ര കാലംമുമ്പ് കേള്ക്കുന്നതാണെന്നറിയാമോ... മോന് നല്ലതുമാത്രം സംഭവിക്കട്ടെ...’’, റബേക്കയുടെ മമ്മിയാണ് സംസാരിച്ചത്. ഡാഡി ഒന്നും മിണ്ടാതെയിരുന്നു.
അവര്‍ തുടര്‍ന്നു: ‘‘ഞങ്ങടെ മോളെ കെട്ടുവോന്നൊരു റിക്വസ്റ്റ് ഞങ്ങക്ക് മോനോട് വേണ്ടിവന്നില്ല... അവളെ വിട്ടുകളയല്ലേന്നൊരു റിക്വസ്റ്റ് മാത്രേള്ളൂ...’’
അവര്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ‘‘ഒരു മോളേ ഒള്ള്... ഇക്കാണ്ണതെല്ലാം അവക്കുള്ളതാ. അവളെ കൈവിട്ടേക്കല്ല മോനേ...’’
കുഞ്ചിത്തണ്ണിയില്നിന്നുള്ള മടക്കയാത്രയില്‍ വഴിതെറ്റി വണ്ടിയോടിച്ച് മോനായി എവിടെയൊക്കെയോ ചെന്നെത്തി. ഒരു പള്ളി കണ്ടപ്പോള്‍ നിര്‍ത്തി പ്രാര്‍ഥിച്ചു. എട്ടാംവയസ്സില്‍ ഒരജ്ഞാതന്റെ കാമക്രൗര്യത്തില്നിന്ന് ബാക്കിയായ ദുര്‍ബല നിലവിളിയാണ് തന്റെ മുറിയിലുറങ്ങുന്നതെന്ന ഓര്മ അയാളെ കണ്ണീരിലാഴ്ത്തി. റബേക്കയ്ക്ക് തന്നില്‍നിന്ന് പ്രയാസമുണ്ടാവാതിരിക്കട്ടെ എന്നയാള്‍ നിത്യേന കര്‍ത്താവിനോട് പ്രാര്‍ഥിച്ചു. പിന്നെ മോനായി പുറത്തിറങ്ങിയില്ല. ചങ്ങാതിമാര്‍ മോനായിയെ കാണാന്‍ വന്നുമില്ല. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്ക് റബേക്കക്ക് വന്ന മാറ്റം അവള് അമ്മയാകാന്‍ ആഗ്രഹിച്ചു എന്നതാണ്. അക്കാര്യം അവള് മോനായിയെ അറിയിച്ചു. മോനായിക്ക് സന്തോഷമായി. ജീവിതം മാറാന്‍ പോകുന്നതില്‍ അയാള്‍ ദൈവത്തിന് നന്ദി പറഞ്ഞു.
‘‘കൊച്ചീല് എന്റെ ക്ലാസ് മേറ്റ് രോഹിണി ഗൈനക്കാണ്... നമുക്കവളെ കാണാം. ഇപ്പോ കാര്യങ്ങള്‍ വളരെ സിംപിളാന്നാ അവള് പറഞ്ഞേ’’, റബേക്ക ഒരു കൂസലുമില്ലാതെ പറഞ്ഞു.
കൊച്ചുണ്ടാകാനെന്തിനാണ് ഡോക്ടറെ കാണുന്നതെന്ന് മോനായിക്ക് മനസ്സിലായില്ല. രണ്ടാളും തമ്മില്‍ ബന്ധപ്പെടുകയല്ലേ വേണ്ടത്.
‘‘ആദ്യം പോയി നമുക്ക് രണ്ടാള്‍ക്കും ടെസ്റ്റുകള്‍ ചെയ്യണം... പിന്നെ എന്റെ പിരീഡ്സിന്റെ ഡേയ്സ് നോക്കി മോനായിടെ സെമന്‍ കളക്റ്റ് ചെയ്യണം... അവള് പറയുന്ന അടുത്തദിവസം നോക്കി...’’
റബേക്ക അത് പറഞ്ഞുതീരുന്നതിനു മുന്നേ അവളുടെ കഴുത്തിനുപിടിച്ച് ഞെക്കാന്‍ മോനായിക്ക് സാധിച്ചില്ല. കൊച്ചിയിലേക്കുള്ള യാത്രയില്‍ മോനായി പ്രാര്‍ഥിച്ചു. റബേക്കയ്ക്ക് പ്രയാസമൊന്നും വരുത്താതിരിക്കണേ. ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിലെ വിശാലമായ ഉദ്യാനങ്ങളും കാര്‍ പാര്‍ക്കിങ്ങും പിന്നിട്ട്, വരാന്തയുടെ തീരാത്ത വളവുകളും തിരിവുകളും താണ്ടി ഡോ. രോഹിണിയുടെ മുറിയുടെ മുന്നില്‍ മോനായി ഇരുന്നു. താന്‍ അകത്തേക്കില്ലെന്ന് അയാള്‍ പറഞ്ഞു. റബേക്ക പറയുന്നതെല്ലാം ചെയ്യാം. നഴ്സ് വിളിച്ച് റബേക്ക അകത്തുകയറി ഏറെനേരം കഴിഞ്ഞശേഷം അതേ നഴ്സ് വന്ന് മോനായിയോട് കൂടെച്ചെല്ലാന്‍ പറഞ്ഞു. ബാത്ത് റൂമിന്റെ മുന്നിലേക്കാണ് അവരെത്തിയത്. നഴ്സ് ഒരു കുഞ്ഞുബോട്ടില്‍ മറ്റാരും കാണാതെ കയ്യില്‍ തന്നിട്ട് അകത്തുകയറി സെമന്‍ കിട്ടാന്‍ വേണ്ടത് ചെയ്യാന്‍ പറഞ്ഞു. മോനായിക്ക് അത് പിടികിട്ടിയില്ല. സെമന്‍ എടുക്കുക വല്ല സിറിഞ്ചുകൊണ്ടും മറ്റുമായിരിക്കുമെന്നേ അയാള്‍ സത്യത്തില്‍ വിചാരിച്ചിരുന്നുള്ളൂ. മൂത്ര സാമ്പിളൊക്കെ എടുക്കുംപോലെ ബാത്ത് റൂമില്‍ െവച്ചാണെന്ന് മോനായി പ്രതീക്ഷിച്ചില്ല.
‘‘ഇപ്പ ഇവിടെവച്ച് തന്നെ... വേണോ?’’, മോനായി പതുക്കെ ചോദിച്ചു.
‘‘റബേക്ക ഡോക്ടര്‍ടെ ഫ്രണ്ടാല്ലേ? ആ കുട്ടിക്ക് പിരീഡ്സ് കറക്ടാ... അതുകൊണ്ട് ഇന്നെടുക്കുന്ന സാമ്പിളിന് നല്ല കൗണ്ട് ഉണ്ടെങ്കീ സംഗതി നാളെത്തന്നെ നടത്തും... പെട്ടെന്നായിക്കോട്ടെ കാര്യങ്ങള്‍’’, ആ സീനിയര്‍ നഴ്സിന്റെ കള്ളച്ചിരി എന്തോ തന്റെ മേല്‍ ഒരു മരുന്നുകുപ്പി തട്ടിമറിഞ്ഞപോലാണ് മോനായിക്ക് തോന്നിയത്.
നിരന്നുകിടക്കുന്ന ടോയ്ലറ്റുകളില് ഒന്നില്‍ കയറി മോനായി വിറകുകൊള്ളി കണക്കെ നിന്നു. ചെവിവട്ടത്തില്‍ കല്യാണരാത്രിയിലെ കൂട്ടുകാരുടെ ചിരി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കുലുങ്ങി. പകലിനെ പിഴിഞ്ഞുകിട്ടിയതുമാതിരി കുറച്ചെന്തോ വെട്ടം മാത്രമുണ്ടായിരുന്ന ആ കുടുസ്സു ടോയ്ലറ്റില് കുറച്ചുനേരം നിന്ന് മോനായി മൂത്രമൊഴിച്ച് പുറത്തിറങ്ങി. സംഗതി നടന്നില്ലെന്ന് മനസ്സിലാക്കി നഴ്സ് ചോദിച്ചു, ‘‘ശരിക്ക് ശ്രമിച്ചില്ലേ.’’
മോനായി മറുപടിയൊന്നും പറഞ്ഞില്ല.
‘‘മൂഡൊന്ന് മാറട്ടെ... ഇത്തിരി കഴിഞ്ഞ് നോക്കാം... എന്തേലും പടമോ കഥയോ ഒക്കെ വച്ച് ട്രൈ ചെയ്യുന്നതിലും തെറ്റില്ല കേട്ടോ. ഒന്നും വിചാരിക്കണ്ട... അങ്ങനൊക്കെയാ...’’
മോനായി പ്രാര്‍ഥിച്ചു. മൂന്നാമത്തെ തവണ, മൂന്നാമത്തെ ടോയ്ലറ്റില്, മൂന്നാമത്തെ വള്‍ഗര്‍ ഓര്‍മയുടെ കൊടുമുടി കയറിയിട്ടും പരാജിതനായി, അപമാനിതനും അശരണനുമായി, മോനായി പുറത്തിറങ്ങി. നഴ്സ് മുഖത്തേക്കു നോക്കാതെ ബോട്ടില്‍ തിരിച്ചുവാങ്ങി. മടങ്ങുംവഴി കാറില്‍ റബേക്ക കണ്ണുകളടച്ചിരിക്കുന്നതായി മോനായി കണ്ടു. ‘‘അടുത്ത ചാന്‍സ് ഒരുമാസം കഴിഞ്ഞാ... അത് ഫെയിലിയറാകാതെ നോക്കണം’’, കണ്ണുതുറക്കാതെ അവള് പറഞ്ഞു. കുഞ്ഞുണ്ടാകാനുള്ള മോഹം മോനായിയിലും കൊതിതുള്ളി. പക്ഷേ, ടോയ്ലറ്റ് സാഹസത്തെക്കുറിച്ചുള്ള ഓര്മ വീണ്ടും വീണ്ടും വേട്ടയാടി. ആശുപത്രിയിലേക്ക് പോകേണ്ട ദിവസമടുത്തപ്പോള്‍ മോനായി റബേക്കയോട് പറഞ്ഞു.
‘‘ആ ഹോസ്പിറ്റലിലെ ടോയ്ലറ്റില് വച്ചുള്ള പരിപാടി പറ്റത്തില്ല.’’
മോനായി വിചാരിച്ചത് റബേക്ക ദേഷ്യപ്പെടുമെന്നാണ്. അവള് പൊട്ടിച്ചിരിച്ചു.
‘‘കൂള്‍ മോനായി... നമുക്ക് ഇവിടെ, നമ്മടെ വീട്ടിലെ ടോയ്ലറ്റീന്ന് തന്നെ എടുക്കാം. ഒരു ടെന്‍ഷനും വേണ്ട.’’
റബേക്ക ഡോ. രോഹിണിയെ വിളിച്ചുപറഞ്ഞ് ഫ്രീസര്‍ വരുത്തിച്ചു. വീട്ടില്‍നിന്ന് എടുത്ത് അതിലടച്ച് കൊണ്ടുപോയാല്‍ മതി. പക്ഷേ സെമന്‍ എടുക്കേണ്ട ദിവസമാണ് മോനായി മാവേന്നു വീണത്. ആ വീഴ്ച ഒരുവട്ടംകൂടി സംഭവിച്ചതുപോലത്തെ ഞെട്ടലോടെയാണ് കിളവന് കണ്ണുതുറന്നത്. എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയതെന്ന ചിന്തയില്‍ അയാള്‍ നോക്കിയത് റോസമ്മയുടെ മുഖത്തേക്കാണ്. പുലര്‍ന്നിരിക്കുന്നു. രാത്രിയില്‍ പെയ്ത മഴയുടെ തണുപ്പ് ജനലിനപ്പുറം കെട്ടിക്കിടക്കുന്നുണ്ട്. പാളി തുറന്നാല്‍ അതിങ്ങോട്ട് ഒഴുകിവരും.
‘‘ഇഡ്ഡലിയാണ്. ചമ്മന്തി ഇച്ചിരിച്ചിരെ കൂട്ടിയാമതി കേട്ടോ മോനായിച്ചാ... രണ്ട് തവണ കഴിക്കാനൊള്ളതുണ്ട്, ഞാനിന്നിനി വൈകീട്ടേ വരത്തുള്ളൂ...’’, ഇഡ്ഡലിയും ചമ്മന്തിയും കിളവന്റെ പാത്രത്തിലേക്ക് മാറ്റി, ജനല്‍പ്പാളി തുറന്നുകൊണ്ട് റോസമ്മ പറഞ്ഞു. കിളവന് ഒന്നും പറഞ്ഞില്ല.
റോസമ്മ അയാളുടെ യൂറിന്‍ ബാഗ് മാറ്റുകയും പാഡ് നീക്കി ശരീരം തുടച്ചു വൃത്തിയാക്കുകയും കഴുകാനുള്ളത് ഒരു ബക്കറ്റിലേക്ക് മാറ്റി, അയാളുടെ ശരീരം ചെറുതായി പിടിച്ച് ചെരിച്ചുകിടത്തി ബെഡിലെ വിരി പുതിയതിടുകയും ഒക്കെ ചെയ്തു. എല്ലാം ചെയ്യുമ്പോള്‍ റോസമ്മ വിചാരിക്കും, തന്നെ കര്‍ത്താവ് നഴ്സാക്കിയത് ജീവിക്കാനൊരു തൊഴില്‍ ആയിക്കോട്ടെ എന്നു വിചാരിച്ചിട്ടായിരിക്കില്ല. ആയകാലത്ത് നാട്ടുകാരുടെ മുഴുവനും സങ്കടങ്ങളും കണ്ട് ഉപകാരങ്ങള്‍ ചെയ്ത മോനായിച്ചന് ഈ കിടപ്പ് കിടക്കുമ്പോള്‍ സഹായിക്കാനായിട്ടായിരിക്കും. ഈ മനുഷ്യന്റെ കാലംകഴിഞ്ഞാല്‍ വീടും പുരയിടവും പെങ്ങമ്മാരു വന്ന് വിറ്റു കാശാക്കി പോകുമെന്ന് റോസമ്മക്ക് ഉറപ്പാണ്. പക്ഷേ, കര്‍ത്താവ് അവര്‍ക്കൊക്കെ ഏത് തെങ്ങോ മാവോ ആണ് കണ്ടുവച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം?
പോകാനിറങ്ങുമ്പോഴാണ് പതിവില്ലാതെ കിളവന് റോസമ്മയെ പേരെടുത്ത് വിളിച്ചത്.
‘‘റോസമ്മേ... നീയൊന്ന് നില്ല്... എനിക്കൊരു കാര്യം പറയാനുണ്ട്.’’
കിളവമ്മോനായി കാര്യം പറഞ്ഞതിന്റെ മൂന്നാംദിവസം റോസമ്മ ഏലിയാസച്ചന്റെ അടുത്തെത്തി.
‘‘എനിക്ക് കുമ്പസരിക്കണമച്ചോ.’’
കുമ്പസാരക്കൂട്ടില്‍ ഏലിയാസച്ചന്റെ ഹൃദയം മിടിച്ചു. നല്ലൊരു പാപകര്‍മം കേട്ടിട്ടുതന്നെ കാലം കുറച്ചായി. ഭൂമിയില്‍ പാപങ്ങള്‍ ഇല്ലാതാവുകയില്ലെന്ന് ഏലിയാസച്ചന് ഉറപ്പാണ്. പക്ഷേ എടവകക്കാര് മടിയമ്മാരാണ്. കുമ്പസാരത്തിന്റെ അനുഗ്രഹം വാങ്ങാനൊന്നും ആര്‍ക്കുമിപ്പോ താല്പര്യമില്ല. അതോയിനി, ജീവിതം തന്നെ അവര്‍ക്കൊക്കെ പാപമായോ? പിന്നെ കുമ്പസാരത്തിന് അര്‍ഥമില്ലല്ലോ.

മുഖ്താർ ഉദരംപൊയിൽ
‘‘അച്ചോ, ഞാനൊരാളെ തൂക്കിക്കൊന്നു.’’
റോസമ്മ കിളിവാതിലിനപ്പുറം നിന്ന് അതുതന്നെയാണ് പറഞ്ഞതെന്ന് ഉറപ്പിക്കാന്‍ ഏലിയാസച്ചന് ഒന്ന് ശ്വാസംപിടിച്ചുനിന്നു. പിന്നെ ആ ശ്വാസം ദീര്‍ഘനിശ്വാസമായി പുറപ്പെടുവിച്ചുകൊണ്ട് അച്ചന് വിളിച്ചു.
‘‘റോസമ്മോ.’’
കിടപ്പുമുറിയില്‍ കെട്ടിത്തൂക്കി നിര്‍ത്തിയിരുന്ന കിളവമ്മോനായിയുടെ ശവം അഴിച്ച് വരാന്തയില്‍ കിടത്താനും കര്‍മങ്ങള്‍ ചെയ്യാനും പൊലീസിനെ കൂടാതെ നാട്ടുകാര്‍ ഒരുപാടുപേരുണ്ടായി. ഭാര്യ റബേക്കയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസില്‍ സെഷന്‍സ് കോടതി റോസമ്മയെ റിമാന്‍ഡ് ചെയ്തു. ശവമടക്ക് കഴിഞ്ഞുള്ള ഞായറാഴ്ചയായപ്പോഴേക്കും റോസമ്മയുടെ കുമ്പസാര രഹസ്യം ആരോടെങ്കിലും പറയാതെ ഏലിയാസച്ചന് എരിപിരികൊണ്ടു. കാര്യം സഭാനിയമം പാലിക്കുകയൊക്കെ വേണമെന്നിരുന്നാലും അച്ചനൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു. ഇനിയൊരാള്‍ക്കും അങ്ങനൊരു പാപം ചെയ്യേണ്ടിവരരുതല്ലോ. അടുത്ത ഞായറാഴ്ച ഏലിയാസച്ചന് കുര്‍ബാനയൊക്കെ കഴിഞ്ഞ് തെയ്യോലം വര്‍ക്കിച്ചനെ അടുത്തുവിളിച്ചു.
‘‘വര്‍ക്കി, ഞാന്‍ പറയുന്ന കാര്യം മനസീ വെച്ചേച്ചാ മതി... പുറത്താരോടും പറയരുത്... നമ്മടെ കിളവമ്മോനായി പണ്ട് മാവേക്കേറിയത് മാങ്ങാ പൊട്ടിക്കാനായിരുന്നില്ല...’’
‘‘പിന്നെന്നാത്തിനാ?’’, ആകാംക്ഷയോടെ റോസമ്മ കിളവനുനേര്ക്ക് കണ്ണുമിഴിച്ച് നോക്കി.
‘‘അതേയ് കൊച്ചേ... ആ കെളവമ്മാവ് നിങ്ങടെ പെരേടത്തിന്റെ അതിരിനോട് ചേര്ന്നല്ലിയോ നിക്കുന്നേ... അന്ന്, നഴ്സിങ്ങിന് പഠിക്കുന്ന പ്രായുള്ള നീ ആ അതിരിന് ചേര്‍ന്ന് ഓല വളച്ചുകെട്ടിയ കുളിമുറീലല്ലാരുന്നോ കുളിക്കാറ്...’’
റോസമ്മയുടെ കയ്യില്‍നിന്ന് കിളവന് ഇഡ്ഡലി കൊണ്ടുവന്ന പാത്രം പിടിവിട്ട് താഴെവീണു.
‘‘എനിക്കൊരത്യാവശ്യം വന്നപ്പോ...’’
