Begin typing your search above and press return to search.
proflie-avatar
Login

പാശ്മരങ്ങളുടെ നൊമ്പരം

പാശ്മരങ്ങളുടെ നൊമ്പരം
cancel

ലേക് പാർക്കിൽ ഷെയർ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കണ്ണുകൾ നീണ്ടത് നടപ്പാതയുടെ ഇരുവശങ്ങളിലായി നിരയായി നിൽക്കുന്ന പ്ലാശ് മരങ്ങളുടെ നേരെയാണ്. നിറയെ തീപ്പൂക്കളുമായി അവയെന്നെ വിളിച്ചു. ‘‘വാ വേം വാ. ഏടെയായിരുന്നു നീ തുവരെ?’’ തഴക്കൂട്ടം കോളനിയിലെ രാമൻ മകൻ കൃഷ്ണനെ എന്നും വിസ്​മയിപ്പിച്ചിട്ടുള്ളത് പിച്ചിയോ മുല്ലയോ റോസോ ഒന്നുമല്ല, നെഞ്ചിൽ കത്തുന്ന തീ കോരിയിടും പ്ലാശ് പൂക്കളുടെ സൗന്ദര്യമാണ്. കാട്ടിലും കയ്യാലപ്പുറത്തുമായി അവഗണിച്ചെറിയപ്പെട്ടവർ. ഉള്ളിലെ കോപവും സങ്കടങ്ങളും ജ്വലിക്കുന്ന അഗ്നിപോലെ, തിളങ്ങുന്ന ചോരപ്പൂക്കളാക്കി പ്ലാശ് മരങ്ങൾ. നിരത്തിലും നെറുകയിലും നിറയെ പൂക്കളുമായി...

Your Subscription Supports Independent Journalism

View Plans

ലേക് പാർക്കിൽ ഷെയർ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കണ്ണുകൾ നീണ്ടത് നടപ്പാതയുടെ ഇരുവശങ്ങളിലായി നിരയായി നിൽക്കുന്ന പ്ലാശ് മരങ്ങളുടെ നേരെയാണ്. നിറയെ തീപ്പൂക്കളുമായി അവയെന്നെ വിളിച്ചു.

‘‘വാ വേം വാ. ഏടെയായിരുന്നു നീ തുവരെ?’’

തഴക്കൂട്ടം കോളനിയിലെ രാമൻ മകൻ കൃഷ്ണനെ എന്നും വിസ്​മയിപ്പിച്ചിട്ടുള്ളത് പിച്ചിയോ മുല്ലയോ റോസോ ഒന്നുമല്ല, നെഞ്ചിൽ കത്തുന്ന തീ കോരിയിടും പ്ലാശ് പൂക്കളുടെ സൗന്ദര്യമാണ്. കാട്ടിലും കയ്യാലപ്പുറത്തുമായി അവഗണിച്ചെറിയപ്പെട്ടവർ. ഉള്ളിലെ കോപവും സങ്കടങ്ങളും ജ്വലിക്കുന്ന അഗ്നിപോലെ, തിളങ്ങുന്ന ചോരപ്പൂക്കളാക്കി പ്ലാശ് മരങ്ങൾ. നിരത്തിലും നെറുകയിലും നിറയെ പൂക്കളുമായി അവയെന്നെ സ്വാഗതം ചെയ്തു.

ഇപ്പോൾ. എത്ര നാളായിക്കാണും ഇങ്ങോട്ടേക്കു വന്നിട്ട്? കഷ്ടിച്ച് ഒരു കൊല്ലം. എന്നിട്ടും വർഷങ്ങളായതു പോലെ. ‘‘കൂടിയാൽ ഒരു വർഷം. അടുത്തകൊല്ലം തിരിച്ചു കൊണ്ടുവരാം’’ എന്നു പറഞ്ഞാണ് മുതലാളി മിഡ്നാപ്പൂരിന് വിട്ടത്. തിരിച്ചു വരവൊന്നും ഇനി നടക്കുമെന്നു തോന്നുന്നില്ല.

അപ്പൻ ചത്ത് ഗതിയൊന്നുമില്ലാതെ, ചത്ത പെരുച്ചാഴികൾ വഴികളെല്ലാം മുടക്കിയപോലെ ജീവിതം വഴിമുട്ടി നിന്നപ്പോൾ അമ്മച്ചി പോയി മുതലാളിയെ കണ്ടു.

‘‘മൂത്തോന് എന്തേലും പണിയായിരുന്നേൽ ഗതി പിടിച്ചേനെ. ഗൾഫിൽ വിടാൻ പണമില്ല. ഇളയത് മൂന്നു പെങ്കൊച്ചിങ്ങളാ. വീട്ടിലെ കാര്യങ്ങൾ മുതലാളിക്കറിയാല്ലോ?’’

‘‘എടാ ജോർജേ, ഇവടെ മോൻ വെൽഡിങ് പഠിച്ചതാണ്. നീ വിചാരിച്ചാൽ കൽക്കത്തയിൽ എവിടേലും ജോലി വാങ്ങിച്ചു കൊടുക്കാമോ? എന്നാതാടി അവന്റെ പേര്...’’

‘‘കൃഷ്ണൻ’’ എന്ന് പറഞ്ഞു മുന്നോട്ടു കേറി നിന്നപ്പോൾ ജോർജ് സാർ ചിരിച്ചു.

ഏട്ടൻ ഭാഗ്യം കൊണ്ടുവരുമെന്ന് മൂന്ന് അനിയത്തിമാരേയും ചെറുപ്പത്തിലേ അമ്മ പറഞ്ഞു പഠിപ്പിച്ചതാണ്. അയാൾക്ക് ചിരി വന്നു.

ഇരുപതു കൊല്ലം മുമ്പ് കൽക്കത്തയിൽ വന്നിറങ്ങുമ്പോൾ മീശ മുളച്ചിട്ടില്ല. ഹോം സിക്നെസ്​ കാരണം ശരിക്കൊന്നുറങ്ങാൻ പോലുമാകാതെ പത്തു നാൾ പ്രാഞ്ചി നടന്നു. തന്റെ പ്രശ്നങ്ങൾ അറിഞ്ഞിട്ടാകണം ജോർജ് സാറാണ് ആദ്യമായി ഇവിടെ ലേക് പാർക്കിലേക്ക് കൊണ്ടുവരുന്നത്.

‘‘ഞാനും അനുഭവിച്ചിട്ടുണ്ട്. വീട്ടുകാരെയോർക്കുമ്പോൾ സങ്കടങ്ങൾ വരും. അതുകൊണ്ട് ആദ്യം അവരെ മറക്കുക. മറക്കാനായി മാനത്ത് നോക്കണം മരങ്ങളെ നോക്കണം. ചുറ്റുമുള്ള മനുഷ്യരെ നോക്കണം. പിന്നേം സങ്കടം പോയില്ലേൽ ഇവിടെയിരുന്നു തടാകത്തിലെ ഓളങ്ങളിലേക്കു നോക്കണം. കുഞ്ഞോളങ്ങൾ ഇക്കരെയിൽനിന്നും അക്കരെ പോകുന്നതുവരെ കൂടെപ്പോണം. അപ്പോ എല്ലാ സങ്കടങ്ങളും പോകും.

ഒന്ന് ഓർത്തു നോക്കിക്കേ. നമ്മളില്ലെങ്കിലും അവർ ജീവിക്കില്ലേ? ജീവിക്കും. അപ്പോൾ നമ്മൾ അവർക്ക് എന്ത് കൊടുത്താലും അത് എക്സ്​ട്രാ ആണ്. ആ എക്സ്​ട്രാ കൊടുക്കാനായി നമുക്ക് ജീവിക്കാം.’’

ആദ്യമൊക്കെ ഞായറാഴ്ച വൈകുന്നേരം മാത്രമാണ് വന്നിരുന്നത്. പിന്നതു എല്ലാ ദിവസവുമായി. ഞാൻ സങ്കടങ്ങൾ കളഞ്ഞിരുന്നത് തീപ്പൂക്കളിലായിരുന്നു, ചോരപ്പൂക്കളിൽ, പ്ലാശ് പൂക്കളിൽ.

നടപ്പാതയിലേക്കു കയറി. തടാകക്കരയിൽ ചാരുബെഞ്ചുകളിൽ കാറ്റു

കൊള്ളാനെത്തിയവർ, പാർക്കിൽ കറങ്ങാനിറങ്ങിയ ടൂറിസ്റ്റുകൾ, അനുരാഗം പങ്കിടാൻ വീടുകളിൽ സൗകര്യമില്ലാതെ സ്വകാര്യത തേടി വന്നു, കുറ്റിച്ചെടികളുടെ മറവുകളിൽ ഇരുൾ തേടുന്ന നാട്ടുകാരായ യുവമിഥുനങ്ങൾ. മരങ്ങൾക്കിടയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. റൗണ്ടുകളെണ്ണി നടക്കാനിറങ്ങിയ വൃദ്ധജനങ്ങൾ. ചണ്ണമസാലയും മുടിയും ബേൽപ്പൂരിയും റോളുകളും ഐസ്​ ക്രീമും വിൽക്കുന്ന കച്ചവടക്കാർ. അവരെ ചുറ്റിപ്പറ്റി കുറെ ചാവാലി പട്ടികൾ. പിന്നെ സങ്കടങ്ങൾ പേറി കുറെ മനുഷ്യർ.

ഗുൽമോഹർത്തറ. കോമൾ ബാനർജിയും കൂട്ടുകാരും സായാഹ്നങ്ങൾ സംഗീതമയമാക്കിയ ഇടം. ആരോ തട്ടിമറിച്ച മസാലക്കപ്പലണ്ടി തൂവിക്കിടക്കുന്ന ആൽത്തറയും തറക്കു മുകളിൽ ചുരുണ്ടു കിടക്കുന്ന ചാവാലിപ്പട്ടികളും. ആളൊഴിഞ്ഞ അരങ്ങുപോലെ അനാഥമായി നാടകത്തറ. കട്ടകൾ പൊട്ടിയ ഹാർമോണിയംപെട്ടി പോലെ ആർക്കും വേണ്ടാതെ. വിപ്ലവകവിയുടെ ചോരപ്പാടുകൾപോലെ പ്ലാശ് മരങ്ങളുടെ കൊഴിഞ്ഞുവീണ രക്തപ്പൂക്കൾ.

 

‘‘സ്വാധീനോതാ ദൗ അമാർ സന്താനദേർ

താദേർ ഉറ്തേ ദൗ

താരാ എകബാർ ഉറെ ദേഖൂക്, കോനോ ഭോയ് ബാരായ്

താതേ അമാർ ഹൃദോയ് ആർ കലിജാ നീയെ ദൗ

ചോഖേ ചോഖ് റെഖേ മേറെ ഫെലോ.’’

മുറിഞ്ഞുപോകുന്ന ശബ്ദത്തിൽ കോമൾ ബാനർജി പാടും. രാവേറെ വൈകുവോളം ഒരു വയലിന്റെ, പരാതിയില്ലാത്ത തേങ്ങൽപോലെ, കോമൾ ബാനർജിയുടെ രാഷ്ട്രീയ സങ്കടങ്ങൾ പെയ്തിറങ്ങും. ഒറ്റപ്പെട്ടവന്റെ നിരാലംബന്റെ സ്വാതന്ത്ര്യത്തിന്റെ സമരാഹ്വാനങ്ങൾ. അത് കേൾക്കുമ്പോൾ എന്റെ ചോര തിളക്കും. ശത്രുക്കൾക്കെതിരെ വാളെടുക്കണമെന്നു തോന്നും. വീട്ടിലെ ദാരിദ്യ്രം ഓർക്കുമ്പോൾ ചോര അടങ്ങും. താഴെക്കിടക്കുന്ന ഒരു പ്ലാശ് പൂവിനെയെടുത്തു നെഞ്ചോട് ചേർക്കും.

‘‘സ്വാതന്ത്ര്യം കൊടുക്കൂ എന്റെ മക്കൾക്ക്

നിങ്ങളവരെ പറക്കാൻ അനുവദിക്കൂ

അവരൊന്നു പാറിപ്പറക്കട്ടെ ഭയമേതുമില്ലാതെ

പകരമെന്റെ ചങ്കും കരളും എടു​േത്താളൂ

കണ്ണു തുരന്നു കൊന്നോളൂ എന്നെ.’’

അങ്ങനെയെന്തോ ആണ് അതിന്റെ അർഥം. സ്​നേഹം പറയുന്നതും കാട്ടുന്നതും ഭരണാധികാരിക്ക് വിപ്ലവമാണോ? ചോര ചീന്തേണ്ടുന്ന കുറ്റമാണോ? പിന്നെയെന്തിനാണ്?

തടാകക്കരയിലെ വക്കുപൊട്ടിയ സിമന്റ് ബെഞ്ചിൽ ആ നീല ഷർട്ടുകാരനുണ്ടോ? ഷർട്ട് നരച്ചു പിഞ്ചാറായതാണ്. എന്നാലും അയാൾ അതു മാത്രമേ ഇടൂ. ഇല്ല, അയാളെ മാത്രം എവിടേയും കാണാനില്ല. പണ്ടാണെങ്കിൽ ഒരു ദിവസവും അയാൾ ഇവിടെ വരാതിരിക്കില്ല. വന്നാൽ ഈ സിമന്റ് ബെഞ്ചിന്റെ അങ്ങേത്തലക്കൽ ആണിരിക്കുക. ഇമകൾ വെട്ടാതെ തടാകത്തിലേക്ക് നോക്കിയിരിക്കും. എന്ത് ചോദിച്ചാലും ഉത്തരമില്ല, നിർജീവമായ നോട്ടം മാത്രം. പോകുന്നത് എല്ലാവരും പോയി അയാളൊറ്റക്കാകുമ്പോൾ മാത്രം. ഇടക്കിടെ എന്തോ ഓർത്തപോലെ ആൾക്കൂട്ടങ്ങളിൽ ആരെയോ തിരയുന്നത് കാണാം. അയാൾക്ക് എന്തു പറ്റിയോ, ആവോ? അയാളിപ്പോൾ വരാറേയില്ലേ? ആരോടാണ് ചോദിക്കുക?

എന്നാണ് നീലഷർട്ടുകാരൻ മനസ്സിലേക്ക് വന്നത്? ഒരുനാൾ കോമൾ ബാനർജിയോട് കുശലം പറഞ്ഞു നിൽക്കുകയായിരുന്നു. പിറകിൽ ബഹളം കേട്ട് നോക്കുമ്പോൾ ഒരു പെൺകുട്ടിയെ അയാൾ നെഞ്ചോടു ചേർത്തു മുറുകെ പിടിച്ചിരിക്കുകയാണ്. കുട്ടി കിടന്നു കരയുന്നു. അയാളുടെ കുട്ടിയാണ​േത്ര. ബോട്ടിങ് ഒക്കെ കഴിഞ്ഞു വന്ന ടൂറിസ്റ്റുകളുടെ കുട്ടികൾ അവിടെ ഓടി കളിക്കുകയായിരുന്നു. അപ്പോഴാണ് അതിലൊരു കുട്ടി തന്റെ മകളാണ് എന്നു പറഞ്ഞു നീല ഷർട്ടുകാരൻ കടന്നുപിടിച്ചത്. അത് വലിയ പ്രശ്നമായി.

കോമളും കൂട്ടരും ഞാനുമൊന്നും പറഞ്ഞിട്ട് അയാൾ കേട്ടില്ല. മാത്രമല്ല, വളരെ വയലന്റാകുകയും എല്ലാവരെയും ആക്രമിക്കുകയുംചെയ്തു. പോലീസ്​ എത്തി അയാളെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് കോമൾ സ്റ്റേഷനിൽ പോയി ഇറക്കി കൊണ്ടുവന്നു. അതൊന്നും ഓർമയില്ലാത്തതുപോലെ അന്നും സാധാരണമാതിരി അയാൾ പാർക്കിൽ വന്നു. സ്​ഥിരമായി ഇരിക്കുന്ന ബെഞ്ചിൽ നടപ്പാതയിലേക്ക് നോക്കിയിരുന്നു. എത്രയോ ദിവസമായി കൂടെയിരിക്കുന്ന എന്റെ നേരെ നോക്കിയതുപോലുമില്ല.

അതുപോലെ നല്ല മഴയുള്ള ഒരു സായാഹ്​നം. പാർക്കിലെങ്ങും ആരുമില്ല. പാർക്കിന് അരികെയുള്ള റോഡിൽകൂടി വേണം താമസിക്കുന്നിടത്തേക്ക് പോകാൻ. അങ്ങനെ നടന്നുവരുമ്പോൾ കണ്ടു, തടാക തീരത്തു പെരുമഴയത്ത് ഒരാൾ നിൽക്കുന്നു. നീല ഷർട്ടുകാരനാണോ എന്ന് സംശയം തോന്നി വേഗം ചെന്നു. അയാൾ തന്നെയാണ്. ആകെ നനഞ്ഞുകുളിച്ചു നിൽക്കുന്നു. മുഖത്തൊരു ഭാവവുമില്ല. ഇമയനക്കാതെ നടപ്പാതയിലേക്ക് കണ്ണും നട്ട് ആരെയോ പ്രതീക്ഷിച്ച്.

ശരീരം മുഴുവനായി കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന ഒരു മനുഷ്യനെപ്പോലെ. ആ ഒരു കാഴ്ച വല്ലാതെ നോവിച്ചു, ഒരുപാട് നാൾ.

‘‘മാഷെ വല്ലാണ്ട് നനഞ്ഞിരിക്കുന്നു. അസുഖം വരുത്തണ്ട. നമുക്ക് ഏതെങ്കിലും കടത്തിണ്ണയിൽ കയറി നിൽക്കാം.’’

അരികെ ചെന്ന് കൈകളിൽ പിടിച്ചു. എന്തോ, അയാൾ കൂടെ വന്നു. കുറെ നടന്നു. റോഡരികിൽ കണ്ട ടീ സ്റ്റാളിലേക്ക് കയറി. ഇഞ്ചിച്ചായ വാങ്ങിക്കൊടുത്തു.

‘‘വീട്ടിൽ ആക്കണോ?’’

അയാളൊന്നും മിണ്ടിയില്ല. രക്ഷയില്ലെന്ന് കണ്ടപ്പോൾ അയാളെ വിട്ടിട്ടു വീട്ടിലേക്ക് പോയി. തിരിഞ്ഞു നോക്കുമ്പോൾ കണ്ടു അയാൾ വീണ്ടും പാർക്കിലേക്ക് നടക്കുന്നു.

 

അടുത്ത ദിവസം പാർക്കിൽ ചെല്ലുമ്പോൾ ഇരിക്കുന്ന സിമന്റ് ബെഞ്ചിലെ ചാരിൽ കോറിയിട്ടിരുന്ന ഇംഗ്ലീഷ് പേരുകളിൽ വിരലോടിക്കുകയായിരുന്നു അയാൾ. അപ്പോഴാണ് ഞാനതു കാണുന്നത്.

അലോക് + അരുന്ധതി. ഇടയിൽ ഒരു ലവ് ചിഹ്നവും അമ്പിന്റെ പടവും.

എഴുത്തിൽ അരുമയോടെ വിരലുകൾ ഓടിക്കുന്നത് കണ്ടാലറിയാം നേരത്തേ എപ്പോഴോ അയാൾ തന്നെ കോറിയിട്ടതാകും.

‘‘അലോക്, അതാണോ പേര്?’’

പ്രതികരിക്കാതെ ഇരുന്നപ്പോൾ അരുന്ധതി ഭാര്യയോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. അതിനും അയാൾ പ്രതികരിക്കാതെ പാതവക്കിലേക്ക് കണ്ണും നട്ട് ഇരുന്നു. അപ്പോഴാണ് കണ്ടത് ആ അക്ഷരങ്ങൾക്ക് താഴെയായി മറ്റൊരു ചെറിയ കോലുമനുഷ്യന്റെ രൂപം. പിന്നിലോട്ട് തലമുടി പോലെ രണ്ടു വരയും.

‘‘മോൾ? ഇത് നിങ്ങളുടെ മോളല്ലേ?’’

രണ്ടാമത് ഞാൻ ചോദിച്ചത് ഇത്തിരി ഉറക്കെ ആയിപ്പോയി. പെട്ടെന്ന് അയാൾ കരയാൻ തുടങ്ങി. കരച്ചിലിന്റെ ഭാഷ എനിക്കു വേഗം മനസ്സിലാകും. അയാളെ ഞാൻ ചേർത്തുപിടിച്ചു. ഇഷ്ടംപോലെ കരയാൻ വിട്ടു. ഒന്നും ചോദിച്ചില്ല. എന്നാലയാൾ വേഗം സ്വയം നിയന്ത്രിച്ചു.

‘‘എന്റെ മകൾ മുറുകെപ്പിടിച്ചിരുന്ന കയ്യാണിത്. അലറിക്കരഞ്ഞ് ഈ വിരലിൽനിന്നാണ് അവൾ ഊർന്ന് പോയത്. അവൾക്കന്ന് ആറ് വയസ്സാണ്.’’ അയാൾ ഇടത്തെ കൈയുടെ നടുവിരൽ ഉയർത്തിക്കാട്ടി.

‘‘കണ്ടോ എന്റെ മോളെപ്പോലെ ചുവന്ന് തുടുത്ത വിരൽ. മോൾ പിടിച്ചുവലിച്ച വിരലാണിത്. ഇത് വളർന്ന് വലുതാകുന്നത് കണ്ടോ?’’

‘‘തടാകത്തിൽ മുങ്ങിമരിച്ചതാണോ, അതോ?’’

അയാൾ മറുപടി പറഞ്ഞില്ല. ആ വിരലിനെ അരുമയോടെ താലോലിക്കാനും ഉമ്മവെക്കാനും തുടങ്ങി. മറ്റു വിരലുകളെപ്പോലെ തന്നെയാണ് അതും. അല്ലാതെ വലുതൊന്നുമല്ല. എന്നാലത് അൽപം തുടുത്തു ചുമന്നിട്ടാണ്. എപ്പോഴുമതിനെ തലോടുന്നതും വലിച്ചു നീട്ടുന്നതുംകൊണ്ടാകാം അങ്ങനെ.

അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു. നീല ഷർട്ടുകാരന്റെ ഇടത് കൈയിലെ നടുവിരൽ വളരാൻ തുടങ്ങുന്നു. വളർന്നു നീണ്ട് അത് അയാളുടെ ഷർട്ടിന്റെ കഫും കടന്ന് എന്റെ നേരെ വരുന്നു. എവിടെയോ പോകാൻ എന്നെ കൂട്ടിനു വിളിക്കുന്നു. ഒരു മായാവലയത്തിലെന്നവണ്ണം ഞാൻ അതിനൊപ്പം പോകുന്നു. ലേക് ഗാർഡനും ദേശങ്ങളും താണ്ടി എവിടെയൊക്കെയോ യാത്രചെയ്ത് അവസാനമത് അയാളുടെ മോളുടെ അടുത്തെത്തുന്നു. മോളിപ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടിയാണ്. അവൾ ഓടിവന്ന് അങ്കിളേ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിക്കുന്നു. വേഗം അവ​െളയുംകൂട്ടി ഞാൻ തിരികെ വരുന്നു.

നീല ഷർട്ടും അതേ ചാരുബെഞ്ചും കണ്ട് മോൾ അച്ഛനെ തിരിച്ചറിയുന്നു, കെട്ടിപ്പിടിക്കുന്നു, രണ്ടാളും കരയുന്നു. അച്ഛനും മകളുംകൂടി ഗാർഡനിലൊക്കെ ഓടിക്കളിക്കുന്നു. മാറിനിന്ന എന്നെയും കൂടെ കളിക്കാൻ വിളിക്കുന്നു. അവിടെ ​െവച്ച് സ്വപ്നം അവ്യക്തമായി. ഞാൻ ഉണർന്നു.

ഒന്നിച്ചു ചായയൊക്കെ കുടിച്ചതല്ലേ, അയാളിനി എന്നോട് സംസാരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ, അയാൾ ഒട്ടും അടുപ്പം കാട്ടിയില്ല. മൗനത്തിൽതന്നെ. അങ്ങനെ നീല ഷർട്ടുകാരൻ വലിയൊരു സമസ്യയായി എന്റെ മുന്നിൽ വീണ്ടും ഇരുന്നു. അപൂർവം ചില ദിവസങ്ങളിൽ വലിയ ഇമോഷനൽ ആകുമ്പോൾ ഇടതു കൈയിലെ നടുവിരൽ ഉയർത്തിപ്പിടിച്ച് സങ്കടപ്പെടുന്നത് കാണാം. ഒന്നോ രണ്ടോ മിനിറ്റ്. തീർന്നു പ്രതികരണങ്ങൾ.

ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ നീല ഷർട്ടുകാരൻ തന്റെ ഇടത്തെ കൈ ഷർട്ടിനുള്ളിൽ ഒളിച്ചു

െവച്ചിരിക്കുകയാണ്. ആരെയും കാട്ടുന്നില്ല. പ്രത്യേകിച്ച് എന്നെ. മാത്രമല്ല ഞാനിപ്പോൾ ആ ബെഞ്ചിൽ ഒപ്പമിരിക്കുന്നതുപോലും അയാൾ ഇഷ്ടപ്പെടുന്നില്ല.

ഒരുദിവസം ചെല്ലുമ്പോൾ ഞാനിരിക്കുന്ന ഭാഗത്തെല്ലാം കുതിരച്ചാണകം തേച്ചു വൃത്തികേടാക്കി ​െവച്ചിരിക്കുന്നു. ഒന്നും മിണ്ടാതെ പൈപ്പിൽനിന്നും വെള്ളം എടുത്തുവന്ന് വൃത്തിയാക്കി ഇരുന്നു. സൗമ്യമായി പറഞ്ഞു.

‘‘നിങ്ങളുടെ കൂട്ടുകാരനാണ് ഞാൻ. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.’’

അയാൾ നിസ്സംഗനായി ഇരുന്നതേയുള്ളൂ. എനിക്കു സംശയമായി, അയാളുടെ നടുവിരൽ വളരുന്നുണ്ട്. അതാണയാൾ ഇടത്തെ കൈ പുറത്തു കാട്ടാത്തത്. എന്നെ ഒഴിവാക്കുന്നത്.

ആഴ്ചകൾ കടന്നുപോയി. നീലഷർട്ടുകാരന്റെ ഇരിപ്പുകണ്ടാൽ മെലിഞ്ഞ ഒരു മനുഷ്യന് കുടവയർ ​െവച്ചതുപോലെയായിരുന്നു. അയാൾ വയറ്റത്ത് ഒളിപ്പിച്ചിരിക്കുന്നത് ഇടതു കൈയിലെ വളരുന്ന നടുവിരലാണോ അതോ? എനിക്ക് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല. മൂന്നുനാല് മാസങ്ങൾ കടന്നുപോയി. കുടവയർ കൂടിവന്നത് കൂടാതെ പാന്റിന്റെ ഇടതു കാലുറയും വീർത്തു വീർത്തു വന്നു. വയറ്റത്ത് ​െവച്ചിരിക്കുന്ന ഇടതു കൈയുടെ വിരൽ പാന്റിന്റെ കാലുറയിലേക്ക് കടത്തി​െവച്ചിരിക്കയാണെന്ന് ബട്ടണുകൾക്കിടയിലൂടെ കണ്ടതോടെ എനിക്കുറപ്പായി.

ഒന്നും സംഭവിക്കാത്തതുപോലെ പാതയിലേക്ക് കണ്ണുകളും നട്ടാണ് നീലഷർട്ടുകാരന്റെ ഇരിപ്പ്. അതുകൊണ്ട് തന്നെ സത്യം അറിയാണ്ട് വീർപ്പുമുട്ടിയെങ്കിലും ഈ കാര്യം കോമൾ ബാനർജിയോട് പോലും പറയാൻ ഞാൻ ഭയപ്പെട്ടു. കൂടാതെ, നമ്മുടെ അരിപ്രശ്നത്തിനുള്ള നെട്ടോട്ടത്തിൽ സി.ഐ.ഡി പണിക്ക് സമയമെവിടെ?

മൂന്ന് അനിയത്തിമാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കണ്ടേ?

തഴക്കൂട്ടം കോളനിയിലെ രാമന്റെ മോൻ കൃഷ്ണന് കൈനിറയെ പണം വേണം. സിയാൽഡയിലും ഹൗറയിലും അലിപ്പൂരിലും ബഹലയിലുമായി പല ലെയിത്തുകളിൽ മാറിമാറി ഓവർടൈം ജോലി ചെയ്തു. ഡേയും നൈറ്റും. കാർബൈഡും വെൽഡിങ് റോഡുകളും കൈകളിലിട്ടു അമ്മാനമാടി.

ഇതിനിടയിൽ പല രാത്രികളിലും നടുവിരലിന്റെ സ്വപ്നം ആവർത്തിച്ചു കണ്ടു. ഇതേപ്പറ്റി നീലഷർട്ടുകാരനോട് സംസാരിക്കണോന്നു പലപ്പോഴും ആലോചിച്ചു. എന്തിനാണ് അയാൾക്ക് വെറുതെയൊരു ആശ കൊടുക്കുന്നത് എന്നു കരുതി മിണ്ടാതിരുന്നു.

അങ്ങനെയിരിക്കെ നീലഷർട്ടുകാരന്റെ നടുവിരൽ ഞാനുമായി വലിയ ചങ്ങാത്തത്തിലായി. ഒരുനാൾ അത് ചോദിച്ചു. ‘‘കൃഷ്ണാ, നിനക്ക് എവിടെയെങ്കിലും പോകണമോ?’’

‘‘വീട്ടിൽ ഒന്ന് പോണം. പിള്ളാരേം അമ്മയെയും ഒക്കെ ഒന്ന് കാണണം. പ്രാരബ്ധങ്ങൾക്കിടയിൽ പോകാനൊത്തില്ല.’’

‘‘നീ എന്റെ വിരൽതുമ്പത്തു പിടിച്ചോ.’’

പിടിച്ചു, നാട്ടിൽ പോയി. ചെല്ലുമ്പോൾ അമ്മ കപ്പയും മീൻകറിയും വിളമ്പുകയായിരുന്നു.

‘‘എന്റെ മോന് കപ്പയും മീൻകറിയും ജീവനാ. പാവം ഇപ്പോൾ കടുകെണ്ണയുടെ നാറ്റംകൊണ്ട് ഒന്നും കഴിക്കാതെ ഉണക്ക ചപ്പാത്തി കഴിക്കുകയാകും.’’

‘‘ദാ ഞാൻ വന്നമ്മെ. അമ്മയുടെ വിളിപ്പാടിൽ ഞാനുണ്ട്. വിഷമിക്കണ്ട. അമ്മ എനിക്കും കൂടി കപ്പയും കറിയും വിളമ്പ്.’’

അമ്മ വിളമ്പി. മിഴികളിൽ സന്തോഷമുത്തുകളുമായി മകൻ കഴിക്കുന്നത് നോക്കിയിരുന്നു.

പോകാൻ നേരം വിരൽ പറഞ്ഞു, ‘‘ഇനി പോകണമെങ്കിൽ എന്നെ വിളിച്ചാൽ മതി, വരാം.’’

നീലഷർട്ടുകാരന്റെ വിരലിനൊപ്പം വീട്ടിൽ പോകുന്നത് പിന്നീ

ടൊരു പതിവായി. അത് കൂടാതെ തനിക്കിഷ്ടപ്പെട്ട നാടുകളിലേക്കും നടുവിരലിനൊപ്പം യാത്രചെയ്യാൻ തുടങ്ങി.

‘‘നമ്മുടെ കൂട്ടും ഒന്നിച്ചുള്ള യാത്രയും അയാളറിയണ്ട.’’ വിരലി

നോട് പറഞ്ഞു.

‘‘അതെന്താ?’’

‘‘നിങ്ങൾ വിരലുകൾക്കുള്ള സ്​നേഹമൊന്നും മനുഷ്യർക്കില്ല. സമൻമാർക്കിടയിൽ മറ്റൊരാൾ കേമനാകുന്നത് മനുഷ്യന് സഹിക്കാനാവില്ല.’’

അരവയറും അത്യധ്വാനവുമായി നന്നായി കഷ്ടപ്പെട്ടു. വിലയേറിയ ഭക്ഷണവും ജീവിതരീതികളും ഒഴിവാക്കി മൂന്ന് അനിയത്തിമാരെയും കെട്ടിച്ചുവിട്ടു. നരകയറിയതും നാൽപതു കഴിഞ്ഞതും അറിഞ്ഞില്ല. ഒരുദിവസം ജീവിതത്തിലേക്ക് റോക്കിയ കടന്നുവന്നു. അതും അവിചാരിതമായി, ഒട്ടും പ്രതീക്ഷിക്കാതെ. അല്ലെങ്കിൽതന്നെ അവിചാരിതകൾക്കു ജീവൻ വെക്കുന്നതല്ലേ ജീവിതം? ബംഗ്ലാദേശിയാണ്. പണ്ടേ കൽക്കത്തയിലേക്കു കുടിയേറിയവർ.

വൈകിട്ട് റൊട്ടിയും സബ്ജിയും കഴിക്കുന്ന തട്ടുകടക്കാരനോട് ഒരു മടക്കു കട്ടിലെങ്കിലുമുള്ള താമസസ്​ഥലം തിരക്കിയതാണ്. തറയിൽ വെറും പായയിൽ കിടന്നു തണുപ്പടിച്ചിട്ടാണെന്നു തോന്നുന്നു വല്ലാത്ത നടുവേദന. അവിടെ കഴിച്ചുകൊണ്ടിരുന്ന മറ്റൊരാൾ അടുത്തേക്ക് വന്നു. പേരഴക്, ഒരു തമിഴൻ േബ്രാക്കർ.

അങ്ങനെയാണ് ആ കൊച്ചുവീടിന്റെ പിറകിലുള്ള ചരിപ്പിലേക്കു മാറുന്നത്. അവിടെ രണ്ടു പെൺകുട്ടികളും അച്ഛനും അമ്മയും. പിള്ളേർ രണ്ടും കാണാൻ നല്ല കുട്ടികൾ. നല്ല അടക്കവും ഒതുക്കവുമുള്ള കുടുംബം. മൂത്തവളുടെ ഭർത്താവ് ഒരു മട്ടൺ സ്റ്റാളിലെ ജോലിക്കാരനാണ്. ബംഗാളി. ഒരു കാൽമുട്ടിന് താഴെയില്ല. ഏതോ അടിപിടി കേസിൽ ആരോ നാടൻ ബോംബ് എറിഞ്ഞതാണ്. എറിഞ്ഞവൻ ഇപ്പോൾ ജയിലിൽ. എന്തോ ആ കേസിനെപ്പറ്റി പറയാൻ അവർക്കാർക്കും ഇഷ്ടമുണ്ടായിരുന്നില്ല.

വീട് കണ്ടുപിടിച്ചു തന്ന പേരഴകൻ ഒരിക്കൽ വാടകവീട്ടിൽ വന്നു. അവരുടെ മുറ്റത്തു നിൽക്കുമ്പോൾ അയാൾ ചോദിച്ചു.

‘‘കൃഷ്ണനും ഒരു കല്യാണമൊക്കെ വേണ്ടേ?’’

കൂട്ടിപ്പോകാൻ വന്ന നടുവിരൽ ചെവിയിൽ മന്ത്രിച്ചു. ‘‘വേണ്ടാം. പെണ്ണിനെ നമ്പമുടിയാതെ. തീരുമണം പണ്ണാതുംഗോ.’’

എനിക്ക് ദേഷ്യം വന്നു, ഇവനാരാണ് തന്നെ ഉപദേശിക്കാൻ? ‘‘നാൽപത്തിരണ്ടായി. ഇനിയിപ്പോ?’’

‘‘അതൊന്നും പ്രശ്നമല്ല. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇവിടത്തെ അനിയത്തിക്കുട്ടിയെ ആലോചിക്കാം. ഡിഗ്രിക്കാരിയാണ്. അവർക്കിഷ്ടമാണ്.’’ പേരഴകൻ.

‘‘വേണ്ടാം.’’ നടുവിരൽ വേഗം പിറുപിറുത്തു.

ആരും കാണാതെ വിരലിനെ ദൂരോട്ട് എറിഞ്ഞു. ‘‘അതിപ്പോൾ?’’

‘‘എനിക്കറിയാം, കൃഷ്ണന് ഇനിയിപ്പോൾ കൽക്കത്ത വിട്ടൊരു ജീവിതമില്ലെന്ന്. എന്നും ഹോട്ടൽ ഭക്ഷണം മതിയോ?’’

‘‘വീട്ടിൽ ഒന്ന് ആലോചിക്കണ്ടേ?’’

‘‘വേണോ? അവിടെനിന്ന് ആര് വരാനാണ്?’’

‘‘എന്നാലും?’’

‘‘തൽക്കാലം ഒരു ചെറിയ ചടങ്ങ്. അടുത്തുള്ള കോവിലിലേക്ക് പോകുക. മിന്നുകെട്ട്. പരസ്​പരം മാലയിടൽ. അതു മതി. പിന്നെ വേണേൽ, കൃഷ്ണന്റെ ബന്ധുക്കൾ വരുന്നേൽ അപ്പോൾ വിപുലമായി നടത്താം.’’

കതകിന് പിന്നിൽ മിന്നായംപോലെ രണ്ട് കണ്ണുകൾ. അതുവന്ന് ഉടക്കിയത് ചങ്കിൽ. അങ്ങനെ എടിപിടീന്ന് റോക്കിയ എന്റെ ഭാര്യയായി. കിടപ്പ് അവരുടെ വീട്ടിലായി. ശാപ്പാട് കുശാലായി. രാത്രികൾ പ്ലാശ് പൂക്കൾ ചിരിക്കുന്നതായി. ഹോം സിക്നെസ്​ പോയി. പ്ലാശ് മൊട്ടുകൾ

പോലെ ഞാനൊന്ന് ചുവന്നു തുടുത്തു. മുഖത്തൊരു സന്തോഷമൊക്കെ വന്നു. എന്നാലും വൈകുന്നേരങ്ങളിൽ ലേക് പാർക്കിലേക്കുള്ള യാത്ര മുടക്കിയില്ല. പ്ലാശുകൾ എനിക്കായി പൂത്തുലഞ്ഞു നിന്നു.

കുറെ ദിവസം നടുവിരൽ പിണങ്ങി നടന്നെങ്കിലും പിന്നെ കൂട്ടായി. റോക്കിയോട് കഥകളൊക്കെ പറഞ്ഞു, വീട്ടിലെയും നാട്ടിലെയും. പത്തിൽ പഠിക്കുമ്പോൾ അയലത്തെ പാറുവിനോട് തോന്നിയ േപ്രമവും പറഞ്ഞു. എന്നിട്ടും നടുവിരലുമായുള്ള കൂട്ടും യാത്രകളും മറച്ചു​െവച്ചു.

അപ്പോൾ അവളും ഒരു രഹസ്യം പറഞ്ഞു. ‘‘എനിക്കൊരു മുടിഞ്ഞ േപ്രമം ഉണ്ടായിരുന്നു. ഒത്തിരി കഴിഞ്ഞാണ് അറിഞ്ഞത്, അവനൊരു കള്ളനായിരുന്നു. എന്നിട്ടും ഞാൻ അവനെ ജീവനുതുല്യം സ്​നേഹിച്ചു. വീട്ടിലാർക്കും ആ ബന്ധത്തിന് ഇഷ്ടമല്ലായിരുന്നു. പ്രധാനമായി ചേച്ചിയുടെ ഭർത്താവിന്. അവർ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടായിട്ടുണ്ട്. ഒരുനാൾ എന്റെ ചെറുക്കൻ ബോംബെറിഞ്ഞാണ് ചേച്ചിയുടെ ഭർത്താവിന്റെ കാൽ പോയത്. അവൻ താമസിയാതെ ജയിലിൽനിന്നുമിറങ്ങും. അന്നു ഞാനവന്റെ കൂടെ ഒളിച്ചോടുമെന്നു പറഞ്ഞപ്പോൾ അതിനുമുമ്പ് ഇറച്ചിക്കത്തികൊണ്ടു വെട്ടിനുറുക്കുമെന്നാണ് അയാൾ പറയുന്നത്. ഇനി ആ കല്യാണം നടക്കില്ല. എല്ലാവരുംകൂടി നിർബന്ധിച്ചു എന്നെ കെട്ടിച്ചതാണ്. എന്നാലും എനിക്കിഷ്ടമാ കേട്ടോ.’’

പണിക്കിടയിൽ അവളോടുള്ള പ്രണയം സിരകളിൽ പതഞ്ഞു പൊങ്ങുമ്പോൾ നീലഷർട്ടുകാരന്റെ നടുവിരലിനെ വരുത്തി അവളെ തേടിപ്പോകും. അൽപം പഞ്ചാര വർത്തമാനങ്ങൾ പറഞ്ഞിട്ട് ആരുമറിയാതെ തിരികെപ്പോരും. അവൾ കെട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കാതെ ചിരിക്കും. അതുപോലെ കൊച്ചുകൊച്ചു കാര്യങ്ങൾ മതി റോക്കിക്ക് സങ്കടപ്പെടാനും കരയാനും. കവി കോമൾ ബാനർജിയെ ഇരുളിന്റെ മറവിൽ ആരോ രാഷ്ട്രീ യ ശത്രുക്കൾ വെട്ടിപ്പരിക്കേൽപിച്ചു സീരിയസായി ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ അന്ന് രാത്രി മുഴുവൻ അവൾ വിതുമ്പി വിതുമ്പി കരഞ്ഞു.

‘‘നല്ല മനുഷ്യരെ ദൈവം കൂടുതൽ പരീക്ഷിക്കും അല്ലേ കൃഷ്ണേട്ടാ?’’

അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അത്തവണയും കോമൾ ബാനർജി മരണത്തെ തോൽപിച്ചു. എങ്കിലും കുറെ നാളേക്ക് അയാൾ പാർക്കിൽ വന്നില്ല.

കല്യാണം കഴിഞ്ഞിടക്ക് ഒരുദിവസം കൂടെ പാർക്കിൽ വന്ന റോക്കിയാണ് ചോദിച്ചത്.

‘‘കൃഷ്ണേട്ടാ, നീലഷർട്ടുകാരന്റെ കഥയുടെ രഹസ്യം ഒന്ന് തേടിപ്പിടിക്കണമെന്ന് തോന്നുന്നില്ലേ?’’

അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓർത്തത്. സന്ധ്യയായപ്പോൾ സ്​ഥിരമിരിക്കുന്ന ബെഞ്ചിൽനിന്നും കുറെ മാറി അശോകത്തെറ്റിയുടെ മൂട്ടിൽ അയാളിൽ കണ്ണുകളുറപ്പിച്ച് കാത്തിരുന്നു. രാവേറെ ചെന്ന് പാർക്കിൽ വന്നവരെല്ലാം പിരിഞ്ഞു, കിളികളും ചേക്കേറിക്കഴിഞ്ഞു, ലേക്കിന് മുകളിൽ വട്ടമിട്ടിരുന്ന പരുന്തുകളും കൂടേറിക്കഴിഞ്ഞു.

പാർക്കിൽനിന്നും അൽപം മാറി കാടുപിടിച്ചു കിടക്കുന്ന വെളിമ്പറമ്പിൽ കുറ്റിച്ചെടികളുടെ മറവിൽ ഇര പിടിക്കാൻ അഭിസാരിണികൾ ബീഡിക്കണ്ണുകളുമായി ഉണർന്നെണീറ്റപ്പോൾ നീലഷർട്ടുകാരൻ എഴുന്നേറ്റു. ആരോ കീ കൊടുത്തുവിട്ട പാവ കണക്കെ നടക്കാൻ ആരംഭിച്ചു. അയാളുടെ പിറകെ ഒരു നിശ്ചിത അകലത്തിൽ അയാളറിയാതെ പിന്തുടരുക. അത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. അവിടെനിന്നുമിറങ്ങി രാഷ്ബിഹാരി അവന്യൂവും ട്രയാങ്കുലർ പാർക്കും ഗരിയാഹട്ടും താണ്ടി ബാലിഗഞ്ചിലെ ഇടത്തരം ആളുകൾ പാർക്കുന്ന ഒരു ഫ്ലാറ്റിലേക്കാണ് അയാൾ കയറിപ്പോയത്. പിറ്റേന്ന് രാവിലെ സെക്യൂരിറ്റിക്കാരന് നൂറു രൂപ കൈയിൽ കൊടുത്തപ്പോൾ തത്ത പറയുംപോലെ അവൻ കഥകൾ പറഞ്ഞു.

‘‘കേട്ടറിഞ്ഞ കഥകളാണ്. ഇയാൾ ചത്തീസ്​ഘട്ടിൽനിന്നാണ്. ദണ്ഡകാരുണ്യ. പാർക്ക് സ്​ട്രീറ്റിൽ ഒരു കമ്പനിയിൽ മാനേജർ ആയിരുന്നു. ഇവിടെവച്ച് ഒരു ബംഗാളിയെ േപ്രമിച്ചുകെട്ടി. സ​േന്താഷമായി കഴിഞ്ഞ കുടുംബം. ഇയാളുടെ കൊച്ചച്ഛന്റെ മകനൊരുത്തൻ നാട്ടിൽ നക്സൽ ആയിരുന്നു. പൊലീസ്​ പിടിക്കുമെന്നായപ്പോൾ രണ്ടാഴ്ചത്തേക്ക് ഒളിവിൽ താമസിക്കാൻ വീട്ടിലേക്കു വന്നതാണ്.

അവൻ പക്ഷേ, രണ്ടു മാസം നിന്നു. പോകാൻ നേരം ഇയാളുടെ ഭാര്യയെയും അടിച്ചോണ്ടുപോയി. സാർ മോളെയുംകൊണ്ട് ലേക്കിൽ പോയതാണ്. അവിടെ ചെന്നാണ് ഭാര്യയും കാമുകനുംകൂടി മോളെ ബലമായി പിടിച്ചുകൊണ്ടുപോയത്. അതോടെ, പുള്ളിയുടെ പിരിയിളകി. കുറച്ചുനാൾ ആശുപത്രിയിലായിരുന്നു, ഈ ഭ്രാന്തന്മാരുടെ. ജോലി പോയി. പെൻഷൻ ഉണ്ട്. ആരോടും മിണ്ടാട്ടവും ഉരിയാട്ടവും ഇല്ലാത്ത ഒരു നരകജീവിതം.

ഒരുനാൾ മോൾ തേടിവരും. പിരിഞ്ഞ സ്​ഥലത്ത് അന്നത്തെ അതേ ഷർട്ടിട്ടിരുന്നാൽ വേഗം തിരിച്ചറിയും എന്നാണ് പാവത്തിന്റെ ധാരണ. ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് കൊല്ലം പത്തായി.’’

ഈ കഥ റോക്കിയോട് പറഞ്ഞപ്പോൾ അവൾ പൊട്ടിത്തെറിച്ചു.

‘‘കള്ളി. സത്യത്തിൽ അവളെ ഒറ്റ കുത്തിന് തീർക്കണം. എന്തു

കൊണ്ടയാൾ രണ്ടാൾക്കും നല്ലിടി കൊടുത്തിട്ട് നക്സലിനെ പൊലീസിലേൽപിച്ചില്ല. ശുംഭൻ.’’

‘‘ഇരുട്ടടിയേറ്റതല്ലേ? അയാൾ പകച്ചുപോയിട്ടുണ്ടാകും.’’

‘‘ഒന്നുമില്ലേലും കുഞ്ഞിനെയെങ്കിലും പിടിച്ചുവാങ്ങാമായിരുന്നു.’’

കല്യാണം കഴിഞ്ഞതോടെ പണത്തിന് ബുദ്ധിമുട്ടായി. നാട്ടിലും അയക്കണം വീട്ടിലെ ചിലവും നോക്കണം. അങ്ങനെയാണ് തുകൽ ഫാക്ടറിയിലെ ജോലി സ്വീകരിക്കുന്നത്. തുകൽ ഈറക്കിടുന്ന ജോലി. കൂടുതൽ ശമ്പളം കിട്ടും. എന്നാൽ, വലിയ കഷ്ടപ്പാടാണ്. കടുത്ത ദുർഗന്ധവും സഹിക്കണം. എല്ലാറ്റിലുമുപരി കുറച്ചുനാൾ മിഡ്നാപ്പൂരിൽ പോകണം. അവിടെയാണ് ഫാക്ടറി. മാസത്തിലൊരിക്കലേ വരാനാകൂ.

‘‘പോയിട്ട് വാ. ഒരാളൂടെ വരികയല്ലേ?’’ റോക്കി ചിരിച്ചു.

അവളെ പൊക്കിയെടുത്തു ഉമ്മ​െവച്ചു. ‘‘നേരോ?’’

‘‘നേര്. പോയിട്ട് വാ.’’ പ്ലാശിൻ പൂക്കളെപ്പോലെ അവൾ ചിരിച്ചു.

എപ്പോൾ വേണേലും അത്യാവശ്യത്തിന് വരാൻ നടുവിരലുണ്ടല്ലോ, പോകാമെന്നു തീരുമാനിച്ചു. എന്നാൽ കണക്കുകളൊക്കെ തെറ്റി. മാസത്തിലൊരിക്കൽ വരുന്നതിനിടക്ക് എങ്ങോട്ടും പോകാൻ നേരമില്ല. ലേക്കിലേക്കുള്ള പോക്ക് നിന്നു. കൂടാതെ വിരൽ പിണങ്ങി. ഒരിക്കൽ എന്തോ അതിനോട് ദേഷ്യപ്പെട്ടു. അതാകും കാരണം.

‘‘കോപപ്പെട്ടാൽ, തിട്ടിയാൽ നാൻ വരുമാട്ടെ. അൻപൻ താൻ, അടിമയല്ലെ.’’

അങ്ങനെ പറഞ്ഞിട്ട് പോയതാണ്. പിന്നെ വന്നില്ല. പിണക്കം മാറി വരും. ഒരുനാൾ തീർച്ചയായും വരും എന്നൊക്കെ വിശ്വസിച്ചത് വെറുതെ.

ഇന്ന് ഒഴിവായിരുന്നു. ഊണ് കഴിഞ്ഞു കിടന്നപ്പോൾ ഒരു പ്ലാശിൻ പൂവിനെപ്പോലെ അവൾ അടുത്തു ജ്വലിച്ചുകിടക്കുന്നതു കണ്ടപ്പോൾ തീയാളി. പരസ്​പരം പടർന്നു കയറി തീ കെട്ട ശേഷം നെഞ്ചിൽ ചൂണ്ടുവിരലൂന്നി അവൾ ചോദിച്ചു.

‘‘ഒരു ജീവിതമല്ലേയുള്ളൂ. അത് സുഖിക്കണ്ടേ? അല്ലേൽ പിന്നെ എന്ത് ജീവിതം?’’

അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കൊരു ചിരി വരുന്നുണ്ടായിരുന്നു. ‘‘ഡേറ്റൊക്കെ അടുത്തു വരുകയാണ്. സൂക്ഷിക്കണം.’’

‘‘രണ്ടാഴ്ചയില്ലേ? ചിലരിങ്ങനെയാണ്. ജീവിക്കാനറിയില്ല. കൃഷ്ണേട്ടനെപ്പോലെ, മാട് ജന്മങ്ങൾ. കൂടെ നിന്നാൽ നമ്മളും പെട്ടുപോകും.’’

‘‘പെട്ടുപോയെന്ന് നിനക്ക് തോന്നുന്നുണ്ടോ?’’

‘‘അല്ല കൃഷ്ണേട്ടാ. നമ്മൾ മനുഷ്യരൊക്കെ സാധുക്കളാണ്. തെറ്റ് ചെയ്യാനൊന്നും ആർക്കും ഇഷ്ടമല്ല. എല്ലാം അങ്ങ് സംഭവിക്കുകയാണ്. ആരോ കളിക്കുന്ന കളികളിലെ കരുക്കൾ മാത്രമല്ലേ നമ്മൾ? ശരിയല്ലേ?’’

 

‘‘ആവോ അറിയില്ല.’’

‘‘കൃഷ്ണേട്ടൻ ജീവിതത്തിൽ തെറ്റുകൾ ചെയ്തിട്ടുണ്ടോ?’’

‘‘ഉണ്ടാവും. തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ? തെറ്റും ശരിയും ഓരോരുത്തർക്കും ഓരോന്നല്ലേ?’’

‘‘തെറ്റാണെന്നറിഞ്ഞാൽ തിരുത്തണ്ടേ?’’

‘‘വേണം. തിരുത്തണം.’’

‘‘ഇപ്പോൾ നമ്മുടെ പാർക്കിലെ നീലഷർട്ടുകാരന്റെ ഭാര്യയുടെ കാര്യം. അവർ അവർക്കിഷ്ടമുള്ള ആളിന്റെ കൂടെ പോയി. കൃഷ്ണേട്ടന് അത് തെറ്റാണെന്നു തോന്നുന്നുണ്ടോ?’’

‘‘ഉണ്ട്. മറ്റൊരു രീതിയിൽ നോക്കുമ്പോൾ ഇഷ്ടപ്പെട്ടവന്റെ കൂടെ അവൾ പോയതും ശരിയല്ലേ?’’

‘‘ഞാൻ ആയിരുന്നു ആ സ്​ഥാനത്തെങ്കിൽ എന്താകും കൃഷ്ണേട്ടൻ പറയുക?’’

‘‘കുഞ്ഞിന്റെ അച്ഛനെ ചതിക്കുന്നതു ശരിയാണോ? എന്നാലും ഇഷ്ടമുള്ളവന്റെ കൂടെ പോകുകയല്ലേ ശരി? ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ? രണ്ടും രണ്ടു രീതിയിൽ ശരിയാകണം.’’

‘‘ഉറപ്പാണേ? എന്റെയും അഭിപ്രായം അതു തന്നെ. ഇതിനാണ് മനപ്പൊരുത്തം എന്ന് പറയുന്നത്.’’

എപ്പോഴോ മയങ്ങിപ്പോയി. ഉണർന്നു ധൃതിപിടിച്ചു പാർക്കിലേക്കിറങ്ങുമ്പോൾ റോക്കി പറഞ്ഞതാണ്, ‘‘കൃഷ്ണേട്ടാ മഴക്കോളുണ്ട്, നനയല്ലേ.’’

ദാ, പാർക്കിൽ മഴയുടെ വരവറിയിച്ച് ശക്തമായി കാറ്റടിക്കാൻ തുടങ്ങി. മഴയും ഇരുട്ടും ഭയന്ന് കുട്ടികൾ കളികൾ നിർത്തി. അതിശക്തമായ കാറ്റിൽ പ്ലാശ് മരങ്ങളിലെ ചോരപ്പൂക്കളെല്ലാം

കൊഴിഞ്ഞുവീഴാൻ തുടങ്ങി. അന്തിവെയിലിൽ കരിപുരളാൻ തുടങ്ങി. നിഴലുകൾ മരിച്ചു മൂക്കുകുത്തി.

അച്ഛനമ്മമാർ ഷെയർ ഓട്ടോകൾക്കും റിക്ഷാവാലകൾക്കുമായി റോഡിലേക്കിറങ്ങിത്തുടങ്ങി. കാമുകിമാർ മരങ്ങളുടെ മറവുകളിൽനിന്നും എഴുന്നേറ്റ് സാരികൾ നേരെ പിടിച്ചിട്ട് കാമുകന്മാരോട് യാത്ര പറഞ്ഞു തുടങ്ങി. കുരുവികൾ കൂടുകൾ പിടിച്ചു. തെരുവു നായ്ക്കൾ ആഹാരത്തിനായി പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോകാൻ തുടങ്ങി. സാരമില്ല, സമയമായില്ലല്ലോ. ഇത്തിരി നേരംകൂടിരിക്കാം. അന്നേരം അങ്ങോട്ടേക്ക് ഒരു ചെറുപ്പക്കാരൻ വരുകയും വക്കുപൊട്ടിയ സിമന്റ് ബെഞ്ചിന്റെ അറ്റത്തോട്ട് നീങ്ങിയിരിക്കാൻ കൃഷ്ണനോട് പറയുകയുംചെയ്തു. അയാളുടെ മുഖത്തേക്ക് നോക്കി. തഴക്കൂട്ടം കോളനിയിലെ രാമൻ മകൻ കൃഷ്ണനെപ്പോലെ തന്നെയുണ്ട്. ജാരന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണ് തുണി വാരിച്ചുറ്റി വെപ്രാളപ്പെട്ട് ചുറ്റിലും നോക്കുംപോലെ നീലഷർട്ടുകാരൻ ഇരുന്ന സീറ്റിലേക്ക് നോക്കി. സീറ്റിൽ പൊഴിഞ്ഞു കിടന്ന ജ്വാലകെട്ട, തിളക്കം നഷ്ടപ്പെട്ട വാടിയ പ്ലാശ് പൂക്കൾ പെറുക്കിക്കളഞ്ഞു. പിന്നീട് നീല ഷർട്ടുകാരന്റെ സീറ്റിലേക്ക് ഒരുതരം ഉന്മാദത്തോടെ നീങ്ങിയിരുന്നു. ഇടത്തെ കൈയിലെ നടുവിരൽ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു. അനന്തരം താഴെ കിടന്ന കരിങ്കൽ ചീളുകൊണ്ട് ബെഞ്ചിന്റെ ചാരിൽ എഴുതാൻ തുടങ്ങി.

News Summary - Malayalam story