Begin typing your search above and press return to search.
proflie-avatar
Login

പഗ്മാര്‍ക്‌സ്

പഗ്മാര്‍ക്‌സ്
cancel

ഇന്ന് നമ്മള്‍ കുറച്ചുകൂടി കാട്ടിനുള്ളിലേക്കു പോകും, മറിയം റിസാ സല്‍മയെ ഓർമപ്പെടുത്തി. രണ്ടുദിവസത്തെ പരിചയമേ ഉള്ളൂവെങ്കിലും അവര്‍ തമ്മില്‍ ഒരു സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അട്ടയുണ്ടാകില്ലേ ഇപ്പോ കാട്ടില്‍? ഇപ്പോള്‍ അങ്ങനെ അട്ടയുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ, മാനിന്റെ മേലൊക്കെയുള്ള ഒരു ചെള്ള് ഉണ്ടാകും. ചൊറിഞ്ഞുതിണര്‍ക്കും. ചെറിയ അസ്വസ്ഥതയും ഉണ്ടാകും. നല്ല തണുപ്പായിരിക്കുംട്ടോ. സ്വെറ്ററും മങ്കി ക്യാപ്പുമൊക്കെ കരുതിയിട്ടില്ലേ? ഉണ്ടുണ്ട്. ഇന്നലെയല്ലേ ഇവിടെയെവിടെയോ വെച്ച് ഒരു പുലിയെ പിടിച്ചത്. ഉം. പലപ്പോഴും ഇരപിടിക്കാനൊക്കെ വയ്യാണ്ടായ നല്ല പ്രായമുള്ള പുലികളാ നാട്ടിലേക്കു...

Your Subscription Supports Independent Journalism

View Plans

ഇന്ന് നമ്മള്‍ കുറച്ചുകൂടി കാട്ടിനുള്ളിലേക്കു പോകും, മറിയം റിസാ സല്‍മയെ ഓർമപ്പെടുത്തി. രണ്ടുദിവസത്തെ പരിചയമേ ഉള്ളൂവെങ്കിലും അവര്‍ തമ്മില്‍ ഒരു സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

അട്ടയുണ്ടാകില്ലേ ഇപ്പോ കാട്ടില്‍?

ഇപ്പോള്‍ അങ്ങനെ അട്ടയുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ, മാനിന്റെ മേലൊക്കെയുള്ള ഒരു ചെള്ള് ഉണ്ടാകും. ചൊറിഞ്ഞുതിണര്‍ക്കും. ചെറിയ അസ്വസ്ഥതയും ഉണ്ടാകും.

നല്ല തണുപ്പായിരിക്കുംട്ടോ. സ്വെറ്ററും മങ്കി ക്യാപ്പുമൊക്കെ കരുതിയിട്ടില്ലേ?

ഉണ്ടുണ്ട്. ഇന്നലെയല്ലേ ഇവിടെയെവിടെയോ വെച്ച് ഒരു പുലിയെ പിടിച്ചത്.

ഉം. പലപ്പോഴും ഇരപിടിക്കാനൊക്കെ വയ്യാണ്ടായ നല്ല പ്രായമുള്ള പുലികളാ നാട്ടിലേക്കു കടന്നു മനുഷ്യനെയും മൃഗങ്ങളെയുമൊക്കെ പിടിക്കുന്നേ... വേട്ടയാടാനുള്ള ആരോഗ്യമില്ലാത്തവ.

ചുറ്റുവട്ടത്തെവിടെയെങ്കിലും പുലിയുണ്ടോന്ന് നമ്മള്‍ക്കെങ്ങനെയാ അറിയാൻ പറ്റുക?

പഗ്മാര്‍ക്ക് നോക്കി തിരിച്ചറിയാം. മറിയം റിസാ പറഞ്ഞു, പുലിയുടെ കാല്‍പ്പാടുകള്‍ വലുതും റൗണ്ട് ഷേപ്പിലുള്ളതുമാണ്. നാലു കാല്‍വിരലുകളും കൃത്യമായി തെളിഞ്ഞു കാണാം. എന്നാല്‍, നഖങ്ങള്‍ കാണാന്‍ പറ്റുകയേയില്ല. നടക്കുമ്പോള്‍ നഖങ്ങള്‍ ഉള്ളിലോട്ട് പിന്‍വലിച്ചുകൊണ്ടാണ് മൂപ്പര്‍ നടക്കുന്നത്. മാത്രമല്ല നിശ്ശബ്ദം നടക്കാന്‍ ഒരു ടെക്‌നിക്കുമുണ്ട്. മുന്‍കാലുകള്‍ പതിഞ്ഞ അതേ പഗ്മാര്‍ക്കില്‍ത്തന്നെയാണ് പിന്‍കാലുകളും പതിയുക. പിന്നെ എന്തിനെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളും വഴിയരികില്‍ കാണാല്ലോ. മറ്റു മൃഗങ്ങളുടെ അലാംകോളില്‍നിന്നും പുലിയുടെ സാന്നിധ്യം നമുക്ക് മനസ്സിലാക്കാം. കുരങ്ങുകള്‍, മയിലുകള്‍, മാനുകള്‍ തുടങ്ങിയവയൊക്കെ അധികമായി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും ഇതിന്റെ പ്രെസെന്‍സ് അറിഞ്ഞാല്‍. എന്നാല്‍ ചിലപ്പോഴാകട്ടെ കാടാകെ വല്ലാത്തൊരു നിശ്ശബ്ദതയിലേക്കു വീണുപോവുകയും ചെയ്യും.

കാടിന്റെ ഫ്രിന്‍ജ് ഏരിയ കഴിഞ്ഞപ്പോള്‍ സല്‍മയുടെ മുന്നിലായി നാലഞ്ചു പേരുണ്ടായിരുന്നു. പിറകില്‍ ഒരു പത്തുപതിനാറുപേരും. മുന്നിലും പിന്നിലുമായി വനപാലകരുമുണ്ട്. മറിയം റിസാ വാണ്‍ചെയ്തു, കാട്ടിലൂടെ നടക്കുമ്പോള്‍ നിങ്ങളുടെ നാക്കിനെ വായ്ക്കുള്ളില്‍ത്തന്നെ അടച്ചുപൂട്ടിയേക്ക്. അനാവശ്യചിന്തകളെയൊക്കെ പുറത്തേക്കോടിച്ചേക്കൂ. ഇനിയൊന്നു കണ്ണ് തുറന്നു കാടിനെ കാണൂ. കാടിന്റെ ശബ്ദത്തിനു കാതോര്‍ക്കൂ. മൂക്ക് വിടര്‍ത്തി കാടിന്റെ ഗന്ധം ഉള്ളിലേക്കെടുക്കൂ.

സല്‍മയൊന്നു ശ്രമിച്ചുനോക്കി. പതുക്കെ വീശുന്ന കാറ്റില്‍ ചന്ദനത്തിന്റെയും വേപ്പിന്റെയും യൂക്കാലിയുടെയും സമ്മിശ്രഗന്ധം ഉണ്ടായിരുന്നു. അതൊരു വല്ലാത്ത ഫീലാണ്. കാടിനെ ഉള്ളിലേക്കെടുത്തുവെക്കുകയെന്ന അനുഭൂതി. ഒരിക്കലതറിഞ്ഞവന്‍ മറക്കില്ല. പച്ചയുടെ തിമിര്‍പ്പിലേക്ക് കണ്ണു കൊതിയെടുത്തു പായുമ്പോള്‍ മറിയം റിസാ ചോദിച്ചു, നോക്കൂ, ആ കരിമരുതിനും അയണിക്കുമപ്പുറം നില്‍ക്കുന്നതാരാണെന്നറിയോ? നമ്മുടെ സാക്ഷാല്‍ കടമ്പ്. Anthocephalus Cadamba. സുഗത കുമാരി ടീച്ചറുടെ ഒരു കവിതയുണ്ട്:

‘‘കാടാണ്, കാട്ടില്‍ കടമ്പിന്റെ കൊമ്പില്‍

കാല്‍തൂക്കിയിട്ടിരിപ്പാണ് രാധ.’’

‘ഒരു വൃദ്ധാവനരംഗം’ അല്ലേ കവിത? എനിക്കതിലെ മറ്റൊരു വരിയാണിഷ്ടം, സല്‍മ പറഞ്ഞു.

ആമയമാറ്റുമസൂര്യനെപ്പാവമീ

ഭൂമിയെപ്പോല്‍ വലംവെച്ച രാധ

ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍

തീരാത്ത തേടലാകുന്നു ജന്മം.

പെട്ടെന്ന് പിറകില്‍നിന്ന് ആരോ സ്വന്തം ബാക്ക് പാക്കില്‍ ശക്തമായി ആഞ്ഞടിക്കുന്ന ശബ്ദം കേട്ടു. ഞെട്ടിപ്പോയി. തിരിഞ്ഞുനോക്കിയപ്പോള്‍ വെളുത്ത മെലിഞ്ഞ ഒരു ചെറുപ്പക്കാരനാണ്. മുഖത്തേക്ക് വീണുകിടക്കുന്ന ചുരുളന്‍മുടി ചിതറിച്ചുകൊണ്ട് അവന്‍ ഷൂസിട്ട കാലുകള്‍കൊണ്ട് നിലത്താഞ്ഞു ചവിട്ടുന്നുമുണ്ട്. മറിയം ചുണ്ടില്‍ വിരല്‍വെച്ചുകൊണ്ട് ‘പ്ലീസ് ബി സൈലന്റ്’ എന്ന് അവനോട് മന്ത്രിച്ചു. ശബ്ദമുണ്ടാക്കുമ്പോള്‍ മൃഗങ്ങള്‍ ഭയപ്പെട്ടുവെന്നുവരാം. അത് മറ്റുള്ളവര്‍ക്കു കൂടി ആപത്താണ് എന്ന് താക്കീതുചെയ്യുകയും ചെയ്തു. എല്ലാവരും ഒരു നിമിഷം നിന്നുപോയ ആ യാത്രയില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. മുന്നില്‍നിന്ന ആള്‍ പറഞ്ഞു, ‘ഒന്നുകില്‍ എന്തെങ്കിലും ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഡിപ്രഷന്‍പോലെന്തോ. ഇത്രയൊക്കെ പറഞ്ഞിട്ടും അല്ലെങ്കില്‍ തലയില്‍ കേറാതാവോ?’

മുന്നില്‍ നീള്‍മിഴികളുടെ തേരോട്ടം. മാന്‍കൂട്ടങ്ങളാണ്. മേലെ പേരറിയാത്ത ഏതോ വന്‍വൃക്ഷത്തില്‍ ഒരുപറ്റം കുരങ്ങന്മാര്‍ ഊഞ്ഞാലാടുന്നുണ്ട്. ദൂരെ മനുഷ്യരുടെ ശബ്ദം കേട്ട് വഴി മാറിപ്പോയ ആനക്കൂട്ടങ്ങളെ സല്‍മ കാമറയില്‍ പകര്‍ത്താന്‍ നോക്കി. ചെറിയ ഒരു ആനക്കുട്ടിയുണ്ട്, ആനക്കൂട്ടത്തില്‍. അവയ്‌ക്കൊക്കെ അതിനോട് ഒരുപാട് വാത്സല്യമുള്ളതുപോലെ തോന്നി. സ്‌നേഹമെന്ന വികാരം എല്ലാ ജീവനിലുമുണ്ടല്ലോ. സ്‌നേഹം മാത്രമോ, എല്ലാമുണ്ട് വെറുപ്പും യുദ്ധവും പകയുമൊക്ക. പക്ഷേ പിറകോട്ടൊഴുകുന്ന സ്‌നേഹം മനുഷ്യരിലേയുള്ളൂ. ഗോറില്ല, ഏപ്പ് മുതലായവയിലൊക്കെ നമ്മള്‍ മനുഷ്യരെപ്പോലെ 28-30 ദിവസം കൂടുമ്പോള്‍ മെന്‍സ്‌ട്രേഷന്‍ ഉണ്ട്. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നുമുണ്ട്. എന്നാലും പിറകോട്ടൊഴുകുന്ന സ്‌നേഹം -അമ്മമാരിലേക്കും അച്ഛന്മാരിലേക്കുമൊക്കെ തിരിച്ചൊഴുകിയെത്തുന്ന സ്‌നേഹം- അവര്‍ക്കുണ്ടോ? ഉണ്ടാവാനിടയില്ല.

പെട്ടെന്ന് സ്റ്റീലിന്റെ വാട്ടര്‍ ബോട്ടില്‍ ഊക്കോടെ നിലത്തേക്കെറിയുന്ന ശബ്ദം കേട്ടു. കാട്ടുകാഞ്ഞിരത്തില്‍ വിശ്രമിച്ചിരുന്ന ഏതെല്ലാമോ പക്ഷികള്‍ കൂട്ടത്തോടെ ശബ്ദമുയര്‍ത്തി പറന്നുയര്‍ന്നു. അവനാണ് –മറിയം റിസായുടെ ശബ്ദം കനത്തു. കുറച്ച് സമയം മുമ്പാണ് കയ്യിലിരുന്ന സിഗററ്റ് ലൈറ്റര്‍ കൂടക്കൂടെയെടുത്ത് കത്തിച്ചുകളിച്ചതിന് മറിയം അത് പിടിച്ചുവാങ്ങിയത്. ഉണങ്ങിനില്‍ക്കുന്ന കാട്ടിലെ പുല്ലുകള്‍ക്കും നിലത്ത് പരന്നു കിടക്കുന്ന ചവലകള്‍ക്കും തീ പിടിച്ചാലോ?

‘‘അപകടകാരി ഇവനൊക്കെ ഇതിനുള്ളില്‍ എങ്ങനെ എത്തിപ്പെട്ടു?’’ മറിയം റിസാ പിറുപിറുത്തു ‘‘ഗെറ്റ് ഹിം ഔട്ട്!’’ കൂടെയുണ്ടായിരുന്ന കാക്കിധാരികളോട് അവര്‍ ആക്രോശിച്ചു. അവര്‍ അവനെ വലിച്ച് പുറത്തേക്ക് നടക്കുന്നതിനിടയില്‍ മറിയം തന്റെ കയ്യിലിരുന്ന സിഗററ്റ് ലൈറ്റര്‍ അവന്റെ ബാക്ക് പാക്കിന്റെ പോക്കറ്റിലേക്കുതന്നെ തിരുകി. ‘‘കാടിനു വെളിയില്‍ എത്തുന്നവരെ ഇത് പുറത്തെടുക്കരുത്. കേള്‍ക്കുന്നുണ്ടോ?’’ മറിയം അവനെ ഭീഷണിപ്പെടുത്തി.

മുന്നിലൂടെ അവര്‍ അവനെ പിടിച്ചുവലിച്ചുകൊണ്ടുപോയി. നിലത്തുകിടന്ന വാട്ടര്‍ബോട്ടില്‍ കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ തല തൊട്ടു മുന്നിലുള്ള മുള്ളുമരത്തില്‍ ആഞ്ഞിടിച്ചു. അറിയാതെ ഉള്ളില്‍ എന്തോ കൊളുത്തിവലിഞ്ഞു. ഒരു ചെറിയ വേദന. എന്തിനാണെന്നറിയാതെ. പിന്നെ അത് വകവെച്ചില്ല. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നു. അതെല്ലാം കാര്യമാക്കിയാല്‍... സല്‍മ സ്വയം ആശ്വസിച്ചു. പതുക്കെ മുന്നോട്ടു നടന്നപ്പോള്‍ തണുപ്പ് കുറയുന്നതുപോലെ തോന്നി. ചൂടിന്റെ വിമ്മിട്ടം കൂടുന്നുണ്ട്. സ്വെറ്റര്‍ ഊരി ചുമലിലേക്ക് ഇട്ടു. പിന്നെ അവരോടൊപ്പമെത്താന്‍ ഓടി.

മുന്നിലെ ചളി കലങ്ങി നിൽക്കുന്ന ഒരു തോടു കടന്നുവേണം പോകാന്‍. തോടു കടക്കാന്‍ തടിപ്പാലമൊന്നുമില്ല. വെള്ളത്തില്‍​ ​േഫ്ലാട്ട് ചെയ്തു നീങ്ങുന്ന ഏതാനും തടിക്കഷണങ്ങള്‍ മാത്രം. അതിലേക്കു കാലെടുത്തുവെക്കാന്‍ പേടി തോന്നി. തെന്നിപ്പോയാലോ... സാവകാശം വെള്ളത്തില്‍ കാലു താഴ്ത്തിയപ്പോള്‍ അധികമാഴമില്ല. ഇറങ്ങിനടന്നു. കാലിലെ ഷൂസും സോക്‌സും നനഞ്ഞുകൂതിര്‍ന്നു. എന്നാലും ഒന്നടങ്കം വീഴാന്‍വയ്യായിരുന്നു. കാടിറങ്ങിക്കഴിഞ്ഞപ്പോള്‍ ഓരോരുത്തര് ഓരോ വഴിയിലൂടെ തിരിഞ്ഞു. നെഞ്ചോട് ചേര്‍ത്ത് സൗഹൃദം അറിയിച്ചുകൊണ്ട് മറിയം റിസാ ജീപ്പില്‍ കയറി.

ശൂന്യമായ വഴിത്താരയിലൂടെ പതുക്കെ നടക്കുമ്പോള്‍ എന്തുകൊണ്ടോ പതുങ്ങിനില്‍ക്കുന്ന പുലിയെക്കുറിച്ചല്ല ചിന്തിച്ചത്. നിശ്ശബ്ദസഞ്ചാരിയുടെ പഗ്മാര്‍ക്കുകള്‍ തിരയുന്നതിനു പകരം പുലിക്കൂട്ടില്‍ കെട്ടിയിടപ്പെടാന്‍ വിധിക്കപ്പെട്ട ആട്ടിന്‍കുട്ടിയെക്കുറിച്ചാണ് ഓര്‍ത്തത്. എങ്ങനെയാണ് അതിനെ പോറ്റിവളര്‍ത്തിയവര്‍ക്ക് അതിന് ഇത്രേം ക്രൂരമായ ഒരു മരണത്തിന് വിട്ടുകൊടുക്കാന്‍ തോന്നുന്നത്? വളര്‍ത്തുന്ന ആടിനെ കശാപ്പുകാരന് കൊടുക്കാറില്ലേ, അതുപോലെത്തന്നെയല്ലേയിത് എന്നാണ് മറ്റുള്ളവര്‍ ചോദിച്ചത്. ഇതതുപോലെയാണോ? അതൊരു നിമിഷം കൊണ്ടു കഴിയില്ലേ? മരണത്തിന്റെ മഞ്ഞക്കണ്ണുകള്‍ ഇരുട്ടിലൂടടുത്തുവരുന്നത്, അതിന്റെ ജന്തുചോദനയാല്‍ അതറിഞ്ഞിട്ടുണ്ടാവില്ലേ... ചിലപ്പോള്‍ അടുത്തുവരാതെ ചുറ്റിക്കറങ്ങുന്ന മരണത്തെ വിറങ്ങലിച്ചു നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടാവില്ലേ...ഭയങ്കരമാണ്, ഇഞ്ചിഞ്ചായുള്ള മരണം. ‘അനായാസേന മരണപ്രാപ്ത.’ ഇതല്ലേ എല്ലാരും പ്രാർഥിക്കേണ്ടത്?

എന്തുകൊണ്ടോ പെട്ടെന്ന് ഓര്‍മകളിലേക്ക് അവന്‍ ഇടിച്ചുകയറി. രാവിലെ അവനെ പുറത്താക്കിയതോര്‍ത്തപ്പോള്‍ എന്തോ വിഷമംതോന്നി. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍മാത്രം വലിച്ചിറക്കപ്പെടുന്നത്... അവന്റെ കൈയിലിരുപ്പുകൊണ്ടാണെങ്കിലും... അപമാനിതന്റെ വേദന അവളെ വന്നുപൊതിഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, സല്‍മ ചിന്തിച്ചുനോക്കി, അവന്റെ വീട്ടിലാര്‍ക്കും അവനൊരു ​ൈസ്വരവും കൊടുക്കുന്നുണ്ടാവില്ല. രാത്രി സമാധാനത്തോടെ ഒന്നുറങ്ങാന്‍ കഴിയാതെ, സമാധാനത്തില്‍ ഒരു നേരത്തെ ഭക്ഷണംപോലും കഴിക്കാനാകാതെ അവരെല്ലാവരും ജീവിതത്തെ വെറുത്തുപോയിട്ടുണ്ടാവണം. ചിലപ്പൊഴെങ്കിലും അവനൊന്നു മരിച്ചുപോയെങ്കില്‍ എന്നുപോലും അവരാഗ്രഹിച്ചിട്ടുണ്ടാകാം. ഒരാളൊഴികെ. അവനൊരമ്മയുണ്ടെങ്കില്‍ അവരൊഴിച്ച്. ആരും കേള്‍ക്കാതെയുള്ള നിശ്ശബ്ദമായ അവരുടെ കരച്ചില്‍പോലും ഒരുപക്ഷേ അവനുള്ള പ്രാർഥനയായിരിക്കും.

 

അതാ, ദൂരെ ആദ്യവളവില്‍ അവന്‍ നില്‍ക്കുന്നു. എന്തോ പേടി തോന്നി. തലതിരിഞ്ഞവന്‍. എന്തെങ്കിലും ചെയ്യോ... പിറകിലും മുന്നിലും ആരുമില്ല. കുറച്ചുദൂരെ ഒരു മരത്തിനോടു ചേര്‍ന്ന് അവന്റെ തവിട്ടു നിറമുള്ള ബാഗിരിക്കുന്നതു കണ്ടു. സല്‍മ ​ൈബനോക്കുലറെടുത്തു വെറുതെ നോക്കി. അവനെന്താ ഈ ചെയ്യുന്നത്... കുറച്ചു ദൂരെ മാറിനിന്ന് അവന്‍ എന്തോ എടുത്ത് തലവഴി ഒഴിക്കാന്‍ ശ്രമിക്കുകയാണ്. അടുത്തനിമിഷം തന്റെ മുമ്പില്‍ അവനൊരു കത്തുന്ന കാടാകുമോ... സകല ഞരമ്പുകളെയും തളര്‍ത്തിക്കൊണ്ട് അജ്ഞാതമായ ഒരു ഭയം തീക്കാറ്റുപോലെ ഉള്ളിലൂടെ കടന്നുപോയി. സ്വന്തം ശരീരത്തില്‍നിന്നുതന്നെയാണോ ഈ ശബ്ദമെന്നു സംശയിക്കുംവിധം അവളാര്‍ത്തു കരഞ്ഞു. അവന്‍ ഞെട്ടിത്തിരിയുന്നതു കണ്ടു.

അടുത്തനിമിഷംതന്നെ ഏതോ ഒരു ശക്തി ഉള്ളിലേക്ക് ദ്രുതവേഗത്തില്‍ ആവേശിക്കുന്നതുപോലെ തോന്നി അവള്‍ക്ക്. ആ ബാഗിലല്ലേ മറിയം റിസാ സിഗററ്റ് ലൈറ്റര്‍ തിരുകിവെച്ചത്? അവന്‍ അതെടുക്കാന്‍ എത്തുന്നതിനുമുമ്പ് തനിക്കത് ദൂരെ കളഞ്ഞേ മതിയാവൂ. കാലുകള്‍ക്കു മാനിന്റെ വേഗം കിട്ടുന്നത് അവളറിഞ്ഞു. ഇപ്പോള്‍ അവള്‍ക്കും ആ ബാഗിനും അവനും ഇടയില്‍ തുല്യ ദൂരമാണ്. അവള്‍ തന്റെ കാലുകള്‍ പന്തയക്കുതിരകളായെങ്കില്‍ എന്നാശിച്ചു. പടച്ചോന്‍ കാത്തു. അവന്‍ അടുത്തെത്തുന്നതിനുമുമ്പ് ആ തവിട്ടു ബാഗ് അവളുടെ കയ്യിലൊതുങ്ങി. കയ്യില്‍നിന്നതു കറങ്ങിക്കറങ്ങി, ഒരു കഴുകനെപ്പോലെ താഴ്‌വാരത്തിലേക്ക് പറന്നു. അവള്‍ക്ക് വിശ്വസിക്കാനായില്ല, ഇതു താന്‍തന്നെയാണോ ചെയ്തത്! തളര്‍ന്ന് അവള്‍ നിലത്തേക്കു കുമ്പിട്ടുവീണുപോയി. തന്റെ കാലുകള്‍ക്ക് ആരാണീ ശക്തി തന്നത്? ഉള്ളിലിരുന്നാരാണ് വേഗമന്ത്രങ്ങള്‍ ഉരുവിട്ടത്? അറിയില്ല... അറിയില്ല... അവള്‍ പിറുപിറുത്തു.

തല ഉയര്‍ത്തി നോക്കിയപ്പോള്‍ അവന്‍ ചെകുത്താനെപ്പോലെ തന്റെ നേര്‍ക്ക് കുതിക്കുകയാണ്. അവള്‍ കണ്ണടച്ചുപിടിച്ചു. തലമുടിയില്‍ അവന്റെ കൈ മുറുകുന്നത് അവളറിഞ്ഞു. തല പിറകോട്ടു മലര്‍ത്തി മുഖത്തേക്ക് അവന്‍ ആഞ്ഞുതുപ്പി. നായിന്റെ മോളേ... എനിക്ക് മരിക്കണമായിരുന്നു. എനിക്ക് മരിക്കണം. നീയെന്തിനാ അത് തടഞ്ഞത്? ഞാന്‍ നിന്റെ ആരാണെടീ കൊടിച്ചിപ്പട്ടീ? അടുത്തുകിടന്ന ഒരു മരക്കൊമ്പെടുത്ത് അവന്‍ അവളെ തലങ്ങുംവിലങ്ങും ആഞ്ഞടിച്ചു. വേദനകൊണ്ട് അവള്‍ ആര്‍ത്തുകരഞ്ഞു. കൈയിലും കാല്‍വെള്ളയിലും ചോര നനഞ്ഞു. പിന്നെ വടി ദൂരെക്കളഞ്ഞ് അവന്‍ നിലത്തേക്കു കുഴഞ്ഞിരുന്നു.

അസ്തമിക്കാന്‍ ഒരുങ്ങിയ സൂര്യന്റെ ചുവപ്പുവെട്ടത്തില്‍ സല്‍മയും അവനുമല്ലാതെ അവിടെ ആ വിജനതയില്‍ മറ്റാരുമുണ്ടായിരുന്നില്ല. അവള്‍ നിരങ്ങി അവന്റെ അടുത്തേക്കു ചെന്നു. പക്ഷേ അവനെ തൊടാനോ മിണ്ടാനോ അവള്‍ക്കു ധൈര്യമുണ്ടായില്ല. തലയില്‍ വിറകുമായി കുറച്ചാളുകള്‍ അവരെ കടന്നുപോയി. ഒരത്ഭുതം കണ്ടതുപോലെ അവര്‍ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. കുറച്ചു നേരംകൂടി അവന്റരികിലിരുന്നിട്ടു പോകാമെന്നു അവള്‍ക്കു തോന്നി. അവനൊന്ന് നോര്‍മലായിട്ട്...

പെട്ടെന്നു കയറ്റം കയറിവന്ന ജീപ്പില്‍നിന്ന് തല പുറത്തേക്കിട്ട് ഒരു താടിക്കാരന്‍ ചോദിച്ചു, നീഡ് എനി ഹെല്‍പ്?

യെസ് പ്ലീസ്, സല്‍മ കൈകൂപ്പി. കുറച്ചു വെള്ളം സംഘടിപ്പിക്കാന്‍ പറ്റോ സാര്‍? കുറച്ചെങ്കിലും പെട്രോള്‍ ഇവന്റെ മേല്‍ തെറിച്ചിട്ടുണ്ടാവും. കുറച്ചധികനേരം കഴിഞ്ഞാല്‍ പൊള്ളിപ്പോകും. അവിശ്വസനീയതയോടെ, ചോര കിനിയുന്ന അവളുടെ ശരീരത്തിലേക്കും അവിടവിടെ നനവി​െന്റ കറുത്ത വട്ടങ്ങള്‍ വീണ അവന്റെ ഷര്‍ട്ടിലേക്കും അയാള്‍ മാറിമാറി നോക്കി. കൈകൂപ്പിക്കൊണ്ട് അവള്‍ അയാളോടഭ്യർഥിച്ചു, പുറത്താരും അറിയരുത് സാര്‍, മകനാണ്. ഹിസ് ഫ്യൂചര്‍ വില്‍ ബി അഫക്റ്റഡ്.

അയാള്‍ പുഞ്ചിരിച്ചു, നിങ്ങള്‍ക്ക് വല്ല സഹായവും ആവശ്യമുണ്ടോ എന്നത് മാത്രമാണ് എന്റെ കണ്‍സേണ്‍. വണ്ടിയില്‍നിന്ന് വെള്ളത്തിന്റെ കാനെടുത്തു പുറത്തുവെച്ചിട്ട് അവന്റെ ഷര്‍ട്ടൂരിക്കളഞ്ഞ്, അയാള്‍ തലവഴി വെള്ളമൊഴിച്ചു. പത്തു മിനിട്ടിനുള്ളില്‍ ഞാന്‍ മുകളില്‍ പോയിട്ടു വരും. ഒരത്യാവശ്യത്തിനു വന്നതാണ്. പോകാതെ പറ്റില്ല. അതുവരെ ഇവിടെ വിശ്രമിച്ചോളൂ. ഒട്ടും പേടിക്കണ്ട. എന്റെ ഫോണ്‍നമ്പറാണ്. പോക്കറ്റില്‍നിന്ന് ഒരു കാര്‍ഡെടുത്ത് അയാള്‍ അവളുടെ മടിയിലേക്കിട്ടു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ. ഞാനിപ്പം എത്തും. അയാള്‍ ജീപ്പില്‍ക്കയറി ഓടിച്ചുപോയി. അത്ഭുതം തോന്നി. ചില മനുഷ്യര്‍ ഇങ്ങനെയുമുണ്ടല്ലോ.

അയാള്‍ കടന്നുപോയപ്പോള്‍ സല്‍മയുടെ മുറിവുകളില്‍ കൈവെച്ചുകൊണ്ടവന്‍ പൊട്ടിക്കരഞ്ഞു. തന്റെ ബാഗില്‍നിന്നു തോര്‍ത്തെടുത്തു നനഞ്ഞുകുതിര്‍ന്ന അവന്റെ തല തുവര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു, ‘‘കുഞ്ഞേ, നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയണ്ട. നീയെന്തിനാണ് ജീവനെടുക്കാന്‍ തുനിഞ്ഞതെന്നും എനിക്കറിയേണ്ട. തക്കസമയത്ത് ആരെങ്കിലും ഞാനുണ്ടെന്നു പറഞ്ഞാശ്വസിപ്പിച്ചിരുന്നെങ്കില്‍ മരിക്കില്ലെന്ന് ഞാന്‍ കരുതുന്ന, മരിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.

അവന്‍ എത്ര വേദന തിന്നെന്നോ, എത്ര ഒറ്റയ്ക്കായിപ്പോയെന്നോ ഞാനറിഞ്ഞിരുന്നില്ല. കാരണം ഞാന്‍ പലപല തിരക്കുകളിലായിരുന്നു. എനിക്കൊരു നേട്ടവും തരാത്ത പലതരം തിരക്കുകളില്‍. എപ്പോഴും നമ്മളെക്കൊണ്ട് വെറുതേ തിരക്കുകൂട്ടിച്ചു ശ്വാസംമുട്ടിക്കുകയാണീ നെറികെട്ട ജീവിതം. ഒന്ന് അവന്റെ അരികില്‍ തക്കസമയത്ത് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒന്നവനെ വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍ എന്നൊക്കെയോര്‍ത്ത് ഉരുകിത്തീരാത്ത ഒരു ദിവസംപോലും അതിനുശേഷം എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല.’’ അവള്‍ വിങ്ങിപ്പൊട്ടി.

പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ തുനിഞ്ഞ അവളുടെ കാലില്‍ അവന്‍ കെട്ടിപ്പിടിച്ചു: ‘‘എന്നെ വെറുക്കരുത്, എന്നെയിട്ടു പോകരുത്. എങ്ങനെയെങ്കിലും തുലഞ്ഞുപോയിക്കോട്ടെ ഈ ജന്മം എന്നാണ് തോന്നിയത്. മരിക്കുക എന്നതല്ലാതെ എനിക്ക് മറ്റൊരു ആവശ്യവും ഇല്ലായിരുന്നു. മറ്റൊരു വഴിയും ഇല്ലായിരുന്നു. അതുകൊണ്ടാ...’’ തലയ്ക്കു പിറകില്‍ രണ്ടു കൈകൊണ്ടും താങ്ങിപ്പിടിച്ച് അവന്‍ പൊട്ടിക്കരഞ്ഞു.

സല്‍മ അവനെ പതുക്കെ തലോടി. ‘‘നിന്നെ രക്ഷിക്കുന്നതിനു മുമ്പ് എന്റെ ജീവിതത്തിലും ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്ന് എനിക്കും അറിയില്ലായിരുന്നു. ഒറ്റപ്പെടല്‍ തന്ന സ്വാതന്ത്ര്യവും ആര്‍ഭാടവും ശൂന്യതയുമായിരുന്നു, എന്റെ നേരറിവുകള്‍. കാടിറങ്ങിയെത്തിയ ഒരു തണുത്ത കാറ്റ് അവരെ കടന്നുപോയി. മടങ്ങിപ്പോകുന്ന സന്ധ്യയുടെ മങ്ങൂഴത്തില്‍, മരക്കൊമ്പുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന മുനകൂര്‍ത്ത തണുപ്പില്‍ അവളൊരമ്മക്കിളിയെപ്പോലെ അവനെ ചേര്‍ത്തുപിടിച്ചു. പിന്നെ സ്വെറ്ററിന്റെ ഇളംചൂടിലേക്കൊതുക്കി.

News Summary - malayalam novel