Begin typing your search above and press return to search.
proflie-avatar
Login

ഇദ്ദയിൽ വിരിഞ്ഞ ചെമ്പരത്തി

ഇദ്ദയിൽ വിരിഞ്ഞ ചെമ്പരത്തി
cancel

01 കെട്ട്യോൻ താരീഖ് മരിച്ചതിന്റെ അഞ്ചാം ആഴ്ചയാരംഭിക്കുന്ന ദിവസം രാവിലെ, ഷഹനാസ് കണ്ണ് തുറന്നത് ജനൽച്ചതുരക്കാഴ്ചയിലേക്കാണ്.ജനൽക്കമ്പിയിൽ ഉമ്മ ​െവച്ചുകൊണ്ട് ചുവപ്പ്! വിരിഞ്ഞ ചെമ്പരത്തി! അന്നേരം ഷഹനാസിന്റെ അടിവയറ്റിലൊരാന്തൽ. അവൾ ചാടിയെണീറ്റു. മലമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന താരീഖ്! ചിതറുംപോലെ ചെഞ്ചോര! ഇരട്ടക്കട്ടിലിൽ താരീഖിന്റെ ഉമ്മ നിസ്കാരം കഴിഞ്ഞ് വന്ന് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു. അത് കുറച്ചുനേരം കൂടി നീണ്ടുപോകണേയെന്നാശിച്ച് അവൾ ജനാലക്കലേക്ക് നടന്നു. കൃഷ്ണയുടെ വീടിന്റെ വശത്തേക്ക് വലിഞ്ഞ് നോക്കിയപ്പോൾ ചെമ്പരത്തി അവളുടെ മുഖത്തുരസി. അടുക്കളവശത്ത് ലൈറ്റ്...

Your Subscription Supports Independent Journalism

View Plans

01

കെട്ട്യോൻ താരീഖ് മരിച്ചതിന്റെ അഞ്ചാം ആഴ്ചയാരംഭിക്കുന്ന ദിവസം രാവിലെ, ഷഹനാസ് കണ്ണ് തുറന്നത് ജനൽച്ചതുരക്കാഴ്ചയിലേക്കാണ്.

ജനൽക്കമ്പിയിൽ ഉമ്മ ​െവച്ചുകൊണ്ട് ചുവപ്പ്!

വിരിഞ്ഞ ചെമ്പരത്തി!

അന്നേരം ഷഹനാസിന്റെ അടിവയറ്റിലൊരാന്തൽ. അവൾ ചാടിയെണീറ്റു. മലമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന താരീഖ്! ചിതറുംപോലെ ചെഞ്ചോര!

ഇരട്ടക്കട്ടിലിൽ താരീഖിന്റെ ഉമ്മ നിസ്കാരം കഴിഞ്ഞ് വന്ന് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നു. അത് കുറച്ചുനേരം കൂടി നീണ്ടുപോകണേയെന്നാശിച്ച് അവൾ ജനാലക്കലേക്ക് നടന്നു.

കൃഷ്ണയുടെ വീടിന്റെ വശത്തേക്ക് വലിഞ്ഞ് നോക്കിയപ്പോൾ ചെമ്പരത്തി അവളുടെ മുഖത്തുരസി. അടുക്കളവശത്ത് ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. അൽപനേരത്തിനു ശേഷം അലക്കാനുള്ളതുമെടുത്ത് കൃഷ്ണ പുഴയിലേക്ക് നടക്കും. കാച്ചെണ്ണ ഗന്ധം നുകർന്ന് പുഴയിലേക്കുള്ള പുലർകാല നടത്തത്തിന്റെ ഓർമ ഷഹനാസിനെ കൊതിപ്പിച്ചു.

‘‘നാല് മാസോം പത്തൂസോം... അതിൽ നാലായ്ച കയിഞ്ഞു. ഞ്ഞി…’’

കണക്ക് കൂട്ടുന്നതിനിടെ ഉമ്മ എണീറ്റതും അടുത്തുവന്ന് നിന്നതും അവളറിഞ്ഞില്ല.

‘‘ജ്ജാരോടാ ഷാന്വോ മുണ്ട്ണത്?’’

‘‘ആരൂല്ലുമ്മാ.’’

വിശ്വാസം വരാതെ അവർ ജനാലയിലൂടെ ഏന്തിനിന്ന് അവളുടെ നോട്ടത്തെ പിന്തുടർന്നു. പത്രക്കാരൻ പയ്യന്റെ നിഴൽ ഗേറ്റ് കടന്നുപോയി.

‘‘ഉം… ജനലങ്ങട്ട് അടച്ചാളാ...’’

പറയലും അടക്കലും കഴിഞ്ഞു. ചെമ്പരത്തിത്തണ്ടിനെ അവൾ പുറത്തേക്കാക്കിയില്ലായിരുന്നെങ്കിൽ ചതഞ്ഞുപോയേനെ! ഷഹനാസിന് ദേഷ്യം വന്നു.

‘‘അന്യപുര്ഷമ്മാരെ നേർക്ക്ന്നേരെ കാണാതിര്ന്നാപ്പോരേ ഇദ്ദ*ക്കാലത്ത്? വജ്ജ്ക്കൂടെപ്പോണോരെ നെയലും കാണാമ്പാടില്ലേ?’’

നാലാഴ്ചയായി ഷഹനാസ് സഹിക്കുന്നു! മുറിക്കുള്ളിൽ സദാസമയം പെണ്ണുങ്ങളുണ്ടാവും. നാട്ടുവിശേഷം, വീട്ടുവിശേഷം, സമയാസമയം പ്രാർഥന, ഭക്ഷണം ആകെ ബഹളം. ഉമ്മയാണെങ്കിൽ മിക്കപ്പോഴും ഖുർആൻ പാരായണത്തിലാവും. എല്ലാ മുസീബത്തുകളും ഷഹനാസിന്റെ ചെവിക്ക് ചുറ്റും വേലികെട്ടി അർമാദിക്കുകയാണ്.

‘‘ആനയൊക്കെ എറങ്ങണ വയീക്കൂടേ ഇബരെത്തിനാവോ ആ മല കേറ്യേത്’’ എന്ന കുശുകുശുക്കലുകൾ ഷഹനാസിനെ തളർത്തും. ആ സമയത്തു മാത്രം ഉമ്മയവളെ ചേർത്തുപിടിക്കും. നെറ്റിയിലെയും കൈയിലെയും ബാൻഡേജിൽ പതുക്കെ തലോടും.

‘‘ന്റെ കുട്ടിക്ക് പടച്ചോൻ ആയുസ്സ് നീട്ടിത്തന്നതാ. എങ്ങന്യോ ഒരു പാറമ്മെ പുട്ത്തം കിട്ടി ഓൾക്ക്. അല്ലെങ്കിലിപ്പോ…’’

ഓർക്കാൻപോലും വയ്യെന്ന മട്ടിൽ കണ്ണടച്ച് അവർ തല കുടയും.

എത്ര മറിച്ചാലും ഒരേ പേജ് തന്നെ ആവർത്തിച്ചുവരുന്ന പുസ്തകംപോലെ വിരസമായിത്തുടങ്ങി പകലുകൾ. ഒറ്റക്കിരിക്കണമെന്നില്ല അവൾക്ക്.

സ്വന്തമെന്ന് കരുതി മിണ്ടാൻ ഒരു കാതു കിട്ടിയാൽ മതി.

ഉമ്മ മുറിവിട്ട് പുറത്തുപോയതും അവൾ ജനാല തുറന്നു. ചെമ്പരത്തി ഒന്നുലഞ്ഞ് ജനൽക്കമ്പിയിൽ കാതുചേർക്കുമ്പോലെ നിന്നു.

കുറച്ചുനാൾ മുമ്പ്, കൊമ്പിലൂടെ പാമ്പ് മുറിക്കകത്ത് കയറുമെന്ന് ഭയന്ന താരീഖ് വെട്ടിയൊതുക്കാൻ തുനിഞ്ഞ ചെടിയാണ്! പൂവിടാറായ ചെടി വെട്ടാൻ അവളനുവദിച്ചില്ല. ചെമ്പരത്തിയെ നോക്കിയപ്പോൾ അവളുടെ കണ്ണുനിറഞ്ഞു. വിരിഞ്ഞുവരുന്നതേയുള്ളൂ. പുലർവെയിൽ, ഇതളിനറ്റത്ത് തുളുമ്പുന്ന മഞ്ഞുതുള്ളിയിൽ മുത്തി ഏഴു വർണങ്ങൾ വിരിയിച്ചിരിക്കുന്നു.

മഴവിൽ ചെമ്പരത്തി!

അവൾ അതിന്റെ നനുപ്പിൽ സ്പർശിച്ചു. അപ്പോൾ കടും ചുവപ്പ് ദളങ്ങൾക്കിടയിലൂടെ മഞ്ഞപൂശിയ ചുവന്ന ദണ്ഡിന്റെ തുമ്പ് പുറത്തേക്ക് തലനീട്ടി. പെട്ടെന്നവൾ കൈ വലിച്ചു.

‘‘അപ്പോ ജ്ജ് പെണ്ണല്ലേ, ആണാ?’’

ചോദ്യം മനസ്സിലായില്ലെന്ന മട്ടിൽ ചെമ്പരത്തി ദളങ്ങൾ ഒന്ന് വിടർത്തി. അറ്റത്ത് മഞ്ഞപൂശിയ ദണ്ഡ് അൽപംകൂടി വെളിവായി. പണ്ട് ക്ലാസിൽ ടീച്ചർ ചെമ്പരത്തിയെ ബ്ലേഡ് ​െവച്ച് കീറി പ്രദർശിപ്പിച്ചത് അവളോർത്തു. ചുവന്ന ദണ്ഡിനെ നെടുകെ കീറി താഴെയെത്തിയപ്പോൾ ഞെട്ടിയോട് ചേർന്ന് പൂവിന്റെ പെണ്ണറയും വിത്താവാൻ കാത്തിരിക്കുന്ന മുത്തുകളും!

ഷഹനാസ് ചെമ്പരത്തിയുടെ ദളങ്ങളിൽ വിരലോടിച്ചു. അതൊന്ന് നാണിച്ച് ലേശംകൂടി ചുവന്നതായി അവൾക്ക് തോന്നി.

‘‘ജ്ജ് പെണ്ണാന്ന് ഞാനങ്ങട്ട് ഒറപ്പിക്ക്യാ... ക്ക് ചെൽതൊക്കെ പറയാണ്ട്. വേറാരോടും പറയാമ്പറ്റൂല്ല. പറയാണ്ട്ക്കെറ്റ സമാധാനോണ്ടാവൂല്ല... ജ്ജ് കേക്ക്.’’

പൂർണമായും വിടർന്ന ദളങ്ങളിലൊന്നിലേക്ക് ഷഹനാസ് ചുണ്ടു ചേർത്തു. ശ്വാസം തട്ടി അതൊന്നിളകി. പിന്നെ ഒതുങ്ങി.

ചെമ്പരത്തിക്കാതിലേക്ക് കിലുകിലെ ഒച്ച​െവച്ച് സുവർണനദിയൊഴുകി.

02

ചാലിയാറിന്റെ അടിത്തട്ട് വരെ മുങ്ങാങ്കുഴിയിട്ട് പൊങ്ങിവന്ന ഫായിസ കൈനിവർത്തി. ഒരുപിടി കറുത്ത മണ്ണ്!

‘‘ഷാന്വോ ഈന്റെടേല് സൊർണം ഒളിഞ്ഞ് കെടക്ക്ണ്ട്ന്ന് പറഞ്ഞാ ആരാ വിശ്വസ്ച്ചാ? കണ്ടാത്തോന്ന്വോ കറ്കറ്ത്ത മണ്ണ്!’’ ദുനിയാവിലെല്ലാം കണ്ടാത്തോന്ന്ണ ചേല്ക്കാണാ? അല്ലല്ലോ. ഇതീല് സൊർണണ്ട്.’’

‘‘ന്നാ യ്യ് സൊർണോം അരിച്ച് നിന്നോ ഞാൻ കേറിപ്പോവ്വാ.’’ കുറച്ചുനേരം കൂടി എന്ന ഷഹനാസിന്റെ കെഞ്ചൽ വക​വെക്കാതെ കടവിലേക്ക് നീന്തിയും നടന്നും ഫായിസ നീങ്ങി.

നിശ്ശബ്ദമായ് മുങ്ങി, പുഴയ്ക്കടിത്തട്ടിൽക്കൂടി മുങ്ങാങ്കുഴിയിട്ട് ഫായിസയുടെ കാലുകൾക്കിടയിലൂടെ തലകേറ്റി ഒറ്റപ്പൊക്കിനു അവളെ മറിച്ചിട്ടു ഷഹനാസ്. മുങ്ങിപ്പിടഞ്ഞ് പൊങ്ങിയ ഫായിസയുടെ നെഞ്ചിലെ പൊഴിയിലേക്ക് കൈയിൽ വാരിയെടുത്ത കറുത്ത മണ്ണിട്ട് പൊട്ടിച്ചിരിച്ചു.

വായിൽ നിറഞ്ഞ വെള്ളം ത്ഫൂ എന്ന് ചീറ്റി ഫായിസ ഉറക്കെ ഒച്ച​െവച്ചു. ‘‘ജ്ജ് ന്നെ കൊല്ല്വോ ബലാലേ...’’

ഫായിസയുടെ വായിൽനിന്ന് ചീറ്റിയ വെള്ളത്തിൽ വെയിൽ തട്ടി വിരിയുന്ന മഴവിൽ ചിത്രം. ഫായിസയെ പിടിച്ചുവലിച്ച് പുഴയിലേക്ക് തള്ളിയിടുന്ന ഷഹനാസ്. രണ്ടുംകൂടി വെള്ളത്തിൽ ഉരുണ്ടു മറിയുമ്പോൾ ‘‘ഈറ്റാളെന്താ ബ്രാലും കുട്ട്യേളാ’’ എന്ന് കരയിലിരുന്ന് അലക്കുന്ന ഉമ്മമാർ. ഫായിസയില്ലാതെ ഷഹനാസില്ല. ഷഹനാസില്ലാതെ ഫായിസയും ഇല്ല.

‘‘ഈറ്റാളെ ഒരു കുടീക്ക് കെട്ടിച്ചണ്ട്യേര്വോ?’’

‘‘അയിന് ഞങ്ങളെ കെട്ടിച്ചണ്ടല്ലോ.’’

രണ്ടാൾക്കും ഒരേ ഉത്തരം.

എന്നിട്ടും, ചൊങ്കനൊരു പുയ്യാപ്ല ഗൾഫിൽനിന്നെത്തിയപ്പോൾ ഫായിസ കാല് മാറി


പുതിയ പെണ്ണായി ഒരുങ്ങിനിന്ന ഫായിസയെ കാണാൻ ഷഹനാസ് പോയില്ല. ബിരിയാണിയും തിന്നില്ല. ‘‘ഇമ്മാന്റുട്ടിക്കും വരും നല്ലൊരു പുയ്യാപ്ല. പ്പ ജ്ജ് ചോറ് ബെയ്ച്ച്’’ എന്ന സമാധാനിപ്പിക്കലൊന്നും ഏറ്റില്ല. ഷഹനാസ് അന്നും പിറ്റേന്നും കരഞ്ഞിരുന്നു. ഉമ്മ പറഞ്ഞതുപോലെ പുയ്യാപ്ല വന്നു.

കറുകറുത്തൊരു മരപ്പണിക്കാരൻ!

എല്ലാം ശരിയാവുമായിരിക്കും.

‘‘ഒന്നും ശര്യായില്ല ന്റെ ചെമ്പരത്ത്യേ… അയാക്ക് എപ്പളും മരത്തിന്റെ മണാ. അന്ത്യായാൽ ഞാനും അയാക്കൊരു പൊത്ത്ള്ള മരം! അത്രന്നെ. ഒര് സമാധാനെന്താച്ച്ണ്ടെങ്കി ന്റെ പൊഴ ഞങ്ങളെ കടവിനെ ഉമ്മച്ച്, രണ്ട് മണിക്കൂറൊഴുകി അയാളെ തൊടീന്റപ്പൊർത്തെത്തും! കൂട്ടിന് നീന്താൻ ഫായിസാനെപ്പോനെ... അല്ല, അയ്ലും ചൊർക്ക്ള്ള നാത്തൂൻ കുട്ടീം, ന്റെ സുൽഫത്ത്!’’ സുവർണനദി വീണ്ടുമൊഴുകി. ചെമ്പരത്തി അത് കണ്ട് ചിരിച്ചു.

03

പിഴിഞ്ഞെടുത്ത വെള്ളിലത്താളി പ്ലാസ്റ്റിക് പാട്ടയിലാക്കി പുഴയോരത്തെ കല്ലിൽ ​െവച്ച്, പരന്ന പാത്രത്തിലെ ചെറുപയറുപൊടി വെള്ളംചേർത്ത് കുഴമ്പ് പരുവമാക്കുകയാണ് ഷഹനാസ്. മറ്റൊരു കല്ലിൽ സുൽഫത്ത് ഇരിക്കുന്നുണ്ട്. മുടി മുകളിലേക്ക് കയറ്റി കെട്ടി​െവച്ച് അയഞ്ഞൊരു ഷർട്ടും ധരിച്ച് പുഴയിലേക്ക് കാലിട്ട് തുഴഞ്ഞാണ് ഇരിപ്പ്. അവളുടെ മുഖത്തും കഴുത്തിലുമെല്ലാം പയറുപൊടി തേച്ച് പിടിപ്പിക്കുകയാണ് ഷഹനാസ്. അവൾ ചിണുങ്ങിയപ്പോൾ ഷഹനാസ് കണ്ണുരുട്ടി.

‘‘മോത്തും കഴുത്തിലുമൊക്കെ ഒര് ജാതി കറ്ത്ത കുരുക്കള്ണ്ട് പെണ്ണേ. ഒക്കെ ഇളകിപ്പോരട്ടെ.’’

ഉണങ്ങിയ പയറുപൊടി കഴുകിക്കളയുമ്പോൾ സുൽഫത്ത് ഇക്കിളിയായപോലെ ചിരിച്ചു. പിറകിൽ പൊറ്റപിടിച്ച താരനൊക്കെ ഇളകിപ്പോയി. അവളുടെ ചെവികൾ പിങ്ക് നിറത്തിലിളകി. നീന്തലും കുളിയുമായി തിമിർക്കുന്ന പെണ്ണുങ്ങളെ നോക്കി കൗതുകപ്പേച്ചുകൾ താളമിട്ടു.

‘‘നാത്തൂന്മാരാന്ന് കണ്ടാപ്പറയ്യോ! സുൽഫീക്കറ് പെണ്ണ് കൊണ്ടന്നപ്പോ കദീസാക്ക് രണ്ട് പെങ്കുട്ട്യേളായി.’’

സുൽഫീക്കറിനും പരാതിക്കുള്ള വക ഒന്നുമുണ്ടായില്ല. പകലും രാത്രിയിലും പണിയാൻ മരമുണ്ടല്ലോ! എന്നിട്ടും പോകെപ്പോകെ എന്തോ ഒരു തെളിച്ചക്കുറവുപോലെ. ‘‘സൊന്തം പെരേല് പത്തീസം പോയി നിക്കാത്ത പുത്യണ്ണ്ങ്ങള്ണ്ടാവ്വോ! ന്റെ ഷാനൂന് അതും മാണ്ട’’ എന്ന കദീജയുടെ അഭിമാനം അയാളുടെ വായടപ്പിച്ചു.

നോമ്പുകളും പെരുന്നാളുകളും രണ്ടുതവണ കടന്നുപോയി. സുൽഫത്ത് തുടുത്തുമിനുത്ത് മൊഞ്ചത്തിയായി! ആളുകൂടുന്നിടത്ത് അവളെ കൊണ്ടുപോകുമ്പോഴെല്ലാം ഷഹനാസിന് വെപ്രാളമാണ്. ‘‘എന്ത് നോട്ടാണ് ആ ചെക്കൻ നോക്ക്ണത്. പെണ്ണ്ങ്ങളെ കണ്ട്ട്ടില്ലേ ഈറ്റ.’’ മുറുമുറുത്ത് അവളെ പൊതിഞ്ഞ് പിടിക്കുമ്പോലെ നടക്കും. എന്നിട്ടും സുൽഫത്തിന്റെ കണ്ണിലെ മീൻപിടച്ചിൽ എത്തേണ്ടിടത്തൊക്കെ എത്തി, കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു, കൊണ്ട് വശംകെട്ട ചില മോഹങ്ങൾ അവളെ തേടിയെത്തുകയും ചെയ്തു. രണ്ടെണ്ണം നടക്കുമെന്ന പ്രതീക്ഷ നൽകി അവസാന നിമിഷം മുടങ്ങി. മൂന്നാമതൊരെണ്ണം ഏതാണ്ടൊക്കെ ഒത്ത മട്ടിലായ സമയത്ത് ഒരുദിവസം സുൽഫീക്കർ ഉച്ചക്ക് വീട്ടിലേക്ക് പാഞ്ഞുവന്നു. വന്നവഴി ഷഹനാസിന്റെ മുഖത്തൊന്ന് പൊട്ടിച്ച് ഒരു കടലാസും പൊക്കിപ്പിടിച്ച് തുള്ളി.

‘‘ഊമക്കത്തെയ്തണ പണി അണക്ക് പണ്ടേള്ളതാ? അതോ ബടെ വന്നേന്റേഷം തൊടങ്ങ്യേതോ? ഈന്റെ മുന്നത്തെ രണ്ടും മൊടക്ക്യേത് ഇതേ മാതിരിക്കെന്നെയ്ക്കാരം.’’

സുൽഫത്തിന്റെ നിറഞ്ഞ കണ്ണുകളും കണ്ട് ഷഹനാസ് തറഞ്ഞുനിന്നു.

ചെമ്പരത്തിയുടെ ദളങ്ങൾ ഒന്ന് ചുരുങ്ങി ചോദ്യമായ് വിടർന്നു. അതിന്റെ ചുവപ്പ് അൽപംകൂടി തുടുത്തിരുന്നു.

‘‘മുയുവൻ കേക്കുമ്പോ അനക്കെല്ലാം മൻസ്സിലാവും ചെമ്പര്ത്ത്യേ.’’

04

‘‘രണ്ട് കൊല്ലായ്ട്ടും പെറ്റിട്ട്ല്ലോലെ! അതോളെ മാത്രം കുറ്റാ? ആസൂത്രീപ്പോണം ഡോട്ടറാ പറയണ്ടീ ആരിക്കാ തരക്കട്ന്ന്. ഞങ്ങളെ കുടുമ്മത്തില് പെറാത്തെ പെണ്ണ്ങ്ങള് ആരേലും ണ്ടോ? ങ്ങള് പറയീം. കാര്യം തീർത്തൊരു പെണ്ണ്* പെരീല്ണ്ടെങ്കി തള്ളാരെ നെഞ്ഞത്ത് തിജ്ജാണ്!’’

നെഞ്ചിലൊന്ന് ആഞ്ഞിടിച്ച് ഷഹനാസിന്റെ ഉമ്മ പറഞ്ഞ് തീർത്തു. സുൽഫീക്കറിന്റെ ആലോചന കൊണ്ടുവന്ന, വകയിലുള്ള അമ്മായിയാണ് കേൾവിക്കാരി.

‘‘അത് പിന്നാമിന്വോ ഏത് കാലായാലും ദൊക്കെ ആണ്ങ്ങളെ തീര്മാനല്ലേ. പള്ളേല്ണ്ടാവാത്തത് മാത്രല്ലല്ലോ ഞാൻ കേട്ട കുറ്റം?’’

അമ്മായിയുടെ ചുഴിഞ്ഞനോട്ടം തനിക്കു നേരെ വരും മുമ്പ് ഷഹനാസ് മുറിക്കുള്ളിലേക്ക് കയറി. അവരുടെ കുശുകുശുപ്പ് തീർന്നപ്പോൾ ഒരു ബക്കറ്റും സോപ്പുമെടുത്ത് പുറത്തിറങ്ങി.

‘‘ഇമ്മാ ഞാമ്പൊഴേപ്പോട്ടെ.’’

‘‘മൂന്നു മാസം പെരീന്റുള്ളില് കുത്തിർന്നോണ്ടു ഹറാമ്പെറ്നോളേ.’’

നെഞ്ചിലെ തീ ഉമ്മയുടെ കണ്ണിലാളി. ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഇദ്ദ! അത് തീർന്നിട്ടേ ഇനി പുഴയെ കാണാനാവൂ എന്ന ഭാരത്തോടെ ഷഹനാസ് നിലത്തിരുന്നു.

‘‘ന്റെ ചെമ്പരത്ത്യേ… നാലാമ്മാസം തൊട്ട് ഇമ്മ പിന്നീം കല്യാണക്കാര്യം പറയാന്തൊടങ്ങി. ന്നെ ഇനി കെട്ടിക്കണ്ടാന്ന് ഞാനെത്ര പറഞ്ഞതാ. കാര്യം തീർത്ത പെങ്ങള് പെരീല്ള്ള കാരണം ആങ്ങളക്ക് കല്യാണം ശര്യാവണില്ലാമ്പോലും.’’


‘ങ്ങള് മനിശമ്മാരുടെ ഒരു കാര്യം’ എന്ന് ചെമ്പരത്തി തന്റെ ചെടിസഹിതം ഒന്ന് തലയാട്ടി.

‘‘വര്ണതൊക്കെ രണ്ടാംകെട്ടും വയസ്സമ്മാരും. ഞാനോലെ മുമ്പിക്കേ എറങ്ങീല്ല. അവസാനം ഒരുത്തൻ വന്നു. രണ്ടാംകെട്ട് തന്നെ. ഓന് ന്നോട് നേരിട്ട് മുണ്ടണംപോലും. ന്നെപ്പറ്റി ചെല കാര്യങ്ങള് തൊറന്നങ്ങട്ട് പറയണം ന്ന് ഞാനും കെര്തി. പക്ഷേ... വന്നത് ന്റെ താരീഖായിരുന്നു. സുറുമയിട്ടപോലെ കണ്ണുള്ള ഓനെ ക്കങ്ങട്ട് പെര്ത്തിഷ്ടായി. വേറൊരു സന്തോഷെന്താച്ചാ... ഓന്റെ പെരീന്ന് അഞ്ച് മിന്ട്ട് നടന്നാ ന്റെ പൊഴയാ!’’

05

ഷഹനാസ് ചെല്ലുമ്പോൾ വീടിന് പിറകുവശത്തെ ചെമ്പരത്തിച്ചെടി പിടിച്ച് ചെറിയൊരു നാണത്തോടെ താരീഖ് നിന്നു.

അവളെക്കണ്ടതും അൽപം വിറയലോടെ ചുണ്ടനക്കി.

‘‘ന്നെ ഇശ്റ്റായില്ലാന്ന് പറഞ്ഞോണ്ടു.’’

‘‘ഇത് പറയാനേ വന്നത്?’’

‘‘മ്മച്ചി നിർബന്ധിച്ചിട്ടാ. യ്യ് പറഞ്ഞോ ന്നെ ഇശ്റ്റായീല്ലാന്ന്. ഞ്ഞി ഒര് പെണ്ണുങ്കൂടി ന്നെ വേണ്ടാന്ന് പർഞ്ഞ് എറങ്ങിപ്പോയാൽ മ്മച്ചി താങ്ങൂല്ല.’’

ഷഹനാസ് ചുറ്റും നോക്കി ഒന്ന് പരുങ്ങി അവന്റെയടുത്തേക്ക് നീങ്ങി. കൊതിപ്പിക്കുന്ന മണം! അവളിലൊരു തുടിയുണർന്നു.

‘‘ക്ക് അന്നെ ഇസ്റ്റായിക്ക്ണ്. ഞാനൊയിവാക്കിപ്പോരൂല്ല. ന്താ പോരേ...’’

താരീഖിന്റെ മുഖം തെളിഞ്ഞില്ല.

‘‘വേണ്ട, അത് ശര്യാവൂല്ല.’’

‘‘ശര്യാവും, അതേ ശര്യാവൂ.’’

ആദ്യരാത്രി, അവന്റെ സുറുമയിട്ട കണ്ണുകളിൽ മൂക്ക് മുട്ടിച്ച് ഷഹനാസ് ചോദിച്ചു:

‘‘ഒറങ്ങാൻ പോണ നേരത്ത് സുറുമ ഇടൽ ആണിനും പെണ്ണിനും *സുന്നത്താന്ന് ഫത്ഹുൽ മുഈനിൽ പറയ്ണ്ടല്ലേ?’’

അവൻ കണ്ണുകളടച്ച് മൂളി. ആ മൂളലും സുറുമയുടെ ഗന്ധവും! ഷഹനാസിൽ ഒരു നീരുറവ പൊട്ടി!

‘‘അതിനമ്മള്ന്ന് ഒറങ്ങാൻ പോണില്ലല്ലോ’’ എന്നവൾ കുസൃതിയോടെ ചിരിച്ചപ്പോൾ അവൻ ഞെട്ടിയകന്നു.

‘‘ഷഹനാസ്, യ്യ് വിചാരിക്കുമ്പോലെ...’’

അവളവന്റെ വായ പൊത്തി.

‘‘ഞാൻ വിചാരിക്കുമ്പോലെ യ്യും വിചാരിച്ചാപ്പോരേ...’’

അവന്റെ മിഴിഞ്ഞ കണ്ണുകളിലേക്ക് നോക്കി വൃത്തിയായി ഷേവ് ചെയ്ത കവിളിൽ അവൾ മൂക്ക് ചലിപ്പിച്ചു. പിന്നെ കാതിലേക്ക് ചുണ്ടു ചേർത്തു.

‘‘ഞാനൊര് കാര്യം പറയട്ടെ, ഇത് വരെ ആരോടും പറയാത്തത്...’’

കാത് പൊള്ളി അവനത് കേട്ടു. ശേഷം അവളെ ഇറുകെ പുണർന്നു. അങ്ങനെത്തന്നെ കട്ടിലിലേക്ക് മറിഞ്ഞു. കാറ്റിലിളകിയ ജനൽ കർട്ടനിൽ തട്ടി മുറിയിലെ നേർത്ത വെളിച്ചം ഏഴായി പിളർന്നു. അർധരാത്രിയാവാൻ കാത്തിരുന്ന നിശാഗന്ധി വിരിഞ്ഞു. പൂവിനുള്ളിലെ നാഗരൂപം ഫണം വിരിച്ചു. തേനൂറുന്ന പൂവിൽ മുത്തിനുകർന്ന് രണ്ട് നിശാശലഭങ്ങൾ ഉന്മത്തരായി.

‘‘നിശാഗന്ധി വിരിയ്ണത് യ്യ് കണ്ട്ട്ട്ണ്ടോ ചെമ്പരത്ത്യേ? ഓ യ്യ് അപ്പഴേക്കും വാടി ചുരുളല്ലോ ല്ലേ! ഒപ്പം വിരിയണോർക്കല്ലേ അങ്ങട്ടുമിങ്ങട്ടും കാണാമ്പറ്റൂ. എല്ലാരും ഒറങ്ങിക്കഴീമ്പോ പതുക്കെപ്പതുക്കെയങ്ങനെ വിരിഞ്ഞ് വിരിഞ്ഞ്... ന്ത് രസാന്നറിയോ!’’

ഷഹനാസിനെ മുട്ടിയുരുമ്മി ചില പകലുകളും താരീഖ് വീട്ടിൽ തുടർന്നപ്പോൾ ആയിഷ ദേഷ്യപ്പെട്ടു.

‘‘ഓളെ ആരും കൊണ്ടോവില്ല. ങ്ങനെ കാവല് കുത്തിരിക്കാൻ. ജ്ജ് പോയി പീട്യ തൊർക്ക്. സ്നേഗം മാത്രം പോരല്ലോ!’’

മനസ്സില്ലാ മനസ്സോടെ അവൻ പോയിക്കഴിയുമ്പോൾ ആയിഷ മരുമകളെ ചേർത്തുപിടിക്കും.

‘‘ഞ്ചുട്ടിക്ക് മ്മച്ചീനോട് ഈറ തോന്നര്ത് ട്ടോ. ജ്ജ് വന്നേന്റെ ശേഷാ ഓനൊന്ന് ചിർച്ച് കണ്ടത്. ആദ്യത്തോള് ഇട്ട് പോയപ്പോ ഓൻ നല്ലോം മനസ്സുരുകീണ്. ന്നാലും... പീട്യ തൊർക്കാഞ്ഞാപ്പറ്റൂല്ലാല്ലോ...’’

ഷഹനാസ് എല്ലാം കേട്ട് ചിരിക്കും.. ഇടയ്ക്ക് താരീഖിന്റെ കൂടെ അവൾ കടയിൽ പോകും.

‘‘ന്റെ ചെമ്പരത്ത്യേ! അക്കാലത്തെ ന്റെ സന്തോഷം അനക്ക് പറഞ്ഞാ തിരിയൂല്ല!

രാത്രീല് താഖു ന്റെ ഉടുപ്പൊക്കെട്ട് അണിഞ്ഞൊരുങ്ങും. ഞാൻ ഓന്റെ കൈലീം മുണ്ടും ബനിയനും! എന്ത് രസേര്ന്ന്!

പറഞ്ഞ്ട്ടെന്താ ചെമ്പരത്ത്യേ, എത്ര വിചാരിച്ചാലും അനക്ക് റോസാപ്പുഗ്ഗാവാൻ കജ്ജ്വോ? ല്ല... കജ്ജൂല്ല!’’

ഇതെന്താണിപ്പോൾ ഇങ്ങനെ പറയുന്നതെന്ന സംശയത്തിൽ ചെമ്പരത്തി ദണ്ഡിൻതുമ്പ് വിറപ്പിച്ചു.

‘‘ആ, അതേന്ന്... പൊഴേടെ പേരിള്ള ഒരു സുന്നരി. കൃഷ്ണ. ദാ നോക്ക്യേ… ആ വീട്ടില്.. ഓള് വന്നു ചെമ്പരത്ത്യേ... ക്ക് മാത്രം തിരിച്ചറിയാൻ പറ്റണ ചെലത്ണ്ട് ഈ ദുനിയാവില് അനക്കറിയോ!’’

06

‘‘താത്താ, ​െന്റാെപ്പം പൊഴേക്ക് വര്വോ? രാവിലെ വെളിച്ചം വീഴും മുമ്പേ പോവാറ്ള്ളതാ. ഇന്നിച്ചിരി വൈകി. ഒറ്റയ്ക്ക് പോവാനൊരു പേടി. ചൂണ്ടയിടാൻ ആണുങ്ങള് വന്ന് കാണും ചെലപ്പോ.’’

താനെവിടെച്ചെന്നാലും അവിടെയെത്തുന്ന പുഴയെ കണ്ടപ്പോൾ ഷഹനാസിന് സഹിച്ചില്ല. ആർത്തിയോടെ ഇറങ്ങി. മതിയാവോളം നീന്തി. കൂടെ നീന്താൻ വിളിച്ചപ്പോൾ കൃഷ്ണ മടിച്ചു. അവളുടെ ഇളം തവിട്ടുനിറമുള്ള കവിളത്ത് നാണം മുളപ്പിച്ച ചുഴിയിൽ മുങ്ങാങ്കുഴിയിടാൻ ഷഹനാസിന് കൊതിമൂത്തു.

‘‘അല്ലാ... യ്യെന്താ കല്യാണൊന്നും കയ്ക്കാഞ്ഞേ...’’

കൃഷ്ണയൊന്ന് ചിരിച്ചു. വെള്ളത്തിലൂടെ പതിയെ നടന്ന് ഷഹനാസിന്റെ തൊട്ടടുത്തെത്തി. ഒന്നാഞ്ഞാൽ നെറ്റിമുട്ടുന്നത്രയും അടുത്ത്! കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുത്തു. എന്നിട്ട് പിറുപിറുക്കും പോലെ പറഞ്ഞു.


‘‘നിക്കാഹ് കഴിഞ്ഞ് താത്ത കേറിവന്നന്നേ എനിക്ക് കിട്ടി ഈ മണം. ന്തൊരു രസാ!’’

പുഴ കുടിച്ച് വറ്റിച്ചാലും തീരാത്ത ദാഹം തന്റെയുള്ളിലുണരുന്നത് ഷഹനാസറിഞ്ഞു.

കൃഷ്ണയെ പിടിച്ചു വലിച്ചവൾ വെള്ളത്തിലിട്ടു. ശ്വാസം മുട്ടുംവരെ വെള്ളത്തിനടിയിൽ പെടപെടച്ച് രണ്ടുപേരും ഒന്നിച്ചുയർന്നു. ഉദിച്ചുവരുന്ന സൂര്യനു നേരെ വായിലെ വെള്ളം ചിതറിച്ചു.

‘‘ന്റെ ചെമ്പരത്ത്യേ. ആദ്യായിട്ടാ ഞാൻ എരട്ടമഴവില്ല് കാണണേ! നോക്ക്യേ ഈ ഇതള്മ്മെത്തൊട്ണ ചേല്ക്കാ ഓൾടെ...’’

ഇക്കിളികൊണ്ട് ചെമ്പരത്തിയൊന്ന് പുളഞ്ഞു.

പുഴയുണരും മുമ്പേ അലക്കാനുള്ളതെടുത്ത് പോക്ക് പതിവായി പിന്നെ. ‘‘ലേശംകൂടി വെള്ത്തിട്ട് പോയാപ്പോരേ’’ എന്ന് ഉമ്മ. ‘‘വെളിച്ചായാൽ മേനി മുയോൻ ആൾക്കാര് കാണൂല്ലേ. കൃഷ്ണേണ്ടല്ലോ ​െന്റാപ്പം’’ എന്ന് ഷഹനാസും.

പുലർവെട്ടത്തിൽ മുന്നിൽ നിൽക്കുന്ന നനഞ്ഞ ശിൽപത്തെ നോക്കി, പടച്ചോൻ അളന്നെടുത്ത് നിർമിച്ചതോയെന്നതിശയിക്കും ഷഹനാസ്. ‘‘താത്തയ്ക്ക് എന്തൊരു നിറാ’’ കൃഷ്ണയുടെ കണ്ണുമിഴിക്കല് കണ്ട് ‘‘ഓ അനക്കുംണ്ടല്ലോ നല്ല തേനിന്റെ നറം!’’ പിന്നെ ചെവിയിൽ ‘‘അന്റെ തേനിന് മധുരോം’’ എന്ന് ഷഹനാസും!

കൃഷ്ണ കൂമ്പി വെള്ളത്തിലേക്കാഴ്ന്ന് മുങ്ങും. പിന്നാലെ ഷഹനാസും! തേനൊഴുകുന്ന പുഴയിൽ മലർന്ന് നീന്തുന്ന രണ്ടിതൾ പുഷ്പങ്ങളെ ചന്ദ്രൻ നോക്കിനിന്ന് ചിരിതൂകും.

‘‘യ്യ് ന്തിനാ എന്നും രാവിലെ പൊഴേപ്പോണേ?’’

താരീഖിന്റെ ശബ്ദം അവൾക്ക് പരിചയമില്ലാത്തവണ്ണം ഉറച്ചതായിരുന്നു.

‘‘എല്ലാരും ന്തിനാ പൊഴേപ്പോണത്! അയ്ന് പ്പൊന്താ?’’

‘‘ഞ്ഞി മേലാൽ യ്യ് പൊഴേൽക്ക് പോണ്ട. അതന്നെ.’’

ഇതുവരെ കാണാത്ത ആൺചൂര് അവനിൽ!

‘‘ഞ്ഞിമ്പോവും. യ്യെന്ത് കാട്ടും?’’

ഒരുനിമിഷം താരീഖൊന്ന് തളർന്നു. കണ്ണ് നിറഞ്ഞുവന്നു. എന്നിട്ടും ശബ്ദം അതേ മട്ടിൽ കൂർപ്പിച്ച് ‘‘ജ്ജ് പെണ്ണാ! അന്നെ വീട്ടിൽ കൊണ്ടാക്കും. അവടേം ണ്ടല്ലോ പൊഴ. പൊഴ വേണോ ഞാൻ വേണോന്ന് ആലോയ്ക്ക്’’ എന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയി.

അന്ന് കുളി കഴിഞ്ഞവൻ എത്തുമ്പോൾ ചൂടു ചായയുമായി മുന്നിലവൾ ചിരിച്ചു നിന്നു. ചുവന്ന് കലങ്ങിയ കണ്ണുകൾകൊണ്ടവൻ അവളെ ദയനീയമായി നോക്കി.

‘‘അനക്ക് പൊഴേപ്പോണെങ്കി ഞാൻ വരാ. ആ പെണ്ണിന്റൊപ്പം പോണ്ട.’’

ഞാൻ വിചാരിക്കുമ്പോലെ നീ വിചാരിക്ക് എന്ന മന്ത്രം പിന്നീടൊരു രാത്രിയിലും അവളുരുവിട്ടില്ല. പല വേഷങ്ങൾ കെട്ടി താരീഖ് അരങ്ങ് തകർക്കുമ്പോൾ ആസ്വദിക്കുന്നതായി വെറുതെ നടിച്ചു. അവനിൽനിന്നുയരുന്ന ആൺവാടയടിച്ച് അവൾക്ക് ഓക്കാനം വന്നു തുടങ്ങിയിരുന്നു.

നിശാഗന്ധി പിന്നീടൊരിക്കലും പൂവിട്ടില്ല!

‘‘ചെമ്പരത്ത്യേ… പെരീലൊന്ന് പോണംന്നും ഇമ്മാനോട് ന്റെ സങ്കടം മുയോൻ പറയണം ന്നും ഞാനെപ്പഴും കെര്തീര്ന്നു. അതെങ്ങന്യാ എപ്പ വിളിക്കുമ്പളും ആങ്ങളന്റെ പെണ്ണിനെ കുറ്റം പറയാര്ന്നു ഇമ്മാക്ക് പണി. ഓളൊരു ജഗല് സാനായിരുന്നു. ഇമ്മാക്ക് തന്നെ ഓളൊപ്പം പൊറുക്കാൻ വയ്യ. പിന്നെ ഞാങ്കൂടി ചെന്നാൽ...’’

അതും പറഞ്ഞ് ഷഹനാസ് നോക്കുമ്പോൾ ചെമ്പരത്തിയിതളുകൾക്ക് ചെറിയ വാട്ടം.

‘‘വാടും മുമ്പ് ജ്ജ് ദ്ദും കൂടി കേക്ക്…’’

07

മലകേറിപ്പയ്യന്മാരുടെ ചാനലിൽ മരുതമല കണ്ട രാത്രി ഷഹനാസ് താരീഖിനോട് പറ്റിച്ചേർന്ന് കിടന്നു.

‘‘താഖു പോയിക്ക്ണോ മരുതമലേമ്മത്തെ റോക്ക് വ്യൂ കാണാൻ.’’

‘‘ല്ല, ന്താവടെ?’’

‘‘ഉം ന്ത് ചന്താണ്. ത്ര അട്ത്തായിറ്റ് മ്മളൊന്നും കണ്ട്ട്ട്ല്ല.’’

അവൾ ചാനൽ തുറന്ന് റോക്ക് വ്യൂ കാണിച്ചു.

‘‘ഈ മലേന്റെ നെറൂക്കോ. റബ്ബേ!’’

‘‘ഞാനൂല്ലേ അന്റൊപ്പം. പിന്നെത്തിനാ പേടി?’’

‘‘വണ്ടീമ്മെ പോവാമ്പറ്റ്വോ? ബൈക്ക്മ്മേ.’’

‘‘നെലമ്പൂര്ന്ന് മരുതേക്ക് പിന്നെ വീമാനം വേണോ.’’

‘‘ന്നാപ്പോവാല്ലേ.’’

എങ്ങോട്ടാണ് യാത്രയെന്നുപോലും ചോദിക്കാതെ ആയിഷ അവർക്ക് ചോറ് പൊതിഞ്ഞു. തേങ്ങാച്ചോറും ബീഫും വാട്ടിയ വാഴയിലയിൽ അനുസരണയോടെ ചേർന്ന് കിടന്നു.

‘‘രണ്ടാക്കും പള്ള നർച്ച് ബെയ്ച്ചാനുള്ളത്ണ്ട്.’’

ഷഹനാസ് ഉമ്മയെ ചേർത്തണച്ചു. കുറച്ച് നാളായുള്ള മകന്റെയും മരുമകളുടെയും വീർത്തമുഖം മാറിയത് കണ്ട് ആയിഷ തട്ടം വലിച്ച് കണ്ണ് തുടക്കുന്നതും കണ്ടാണ് അവർ യാത്ര തുടങ്ങിയത്.

ബൈക്കിൽ താരീഖിനെ ചുറ്റിപ്പിടിച്ച് അവളിരുന്നപ്പോൾ ‘മലേന്റെ നെറൂന്ന് യ്യ് വിചാരിക്കുമ്പോലെ ഞാൻ വിചാരിക്കണോ’ എന്നവൻ കള്ളച്ചിരി ചിരിച്ചു. ‘വിചാരിച്ചാൽ നന്നായി’ എന്നവളും.

‘‘എടീ ബടെ ആന ണ്ട് തോന്ന്ന്നു. വല്ലാത്ത ചൂര്!’’

മലകയറ്റം നിർത്തി​െവച്ച് താരീഖ് മണം പിടിച്ചു.

‘‘കാടല്ലേ ണ്ടാവും.’’

‘‘അനക്ക് പേടില്ലേ?’’

‘‘പേടിത്തൂറി. യ്യ് ന്റെ പിന്നാലെ കേറ്.’’

മുന്നിൽ ഷഹനാസ് ധൃതിയിൽ കയറാൻ തുടങ്ങി.

‘‘ഫോറസ്റ്റ്കാര് കണ്ടാ കേസാവൂല്ലേ ഷാനൂ?’’

‘‘കാണൂല്ല.’’

ഷഹനാസ് താരീഖിന്റെ കൈയിൽ പിടിച്ച് വലിച്ച് ഒരുവിധം മുകളിലെത്തി. ചാനലിൽ കണ്ട ഭാഗത്തേക്ക് നടന്ന് ചെന്നു.

‘‘ഹായ്! സൂപ്പർ.’’

താരീഖ് ഫോണെടുത്ത് തുരുതുരാ അമർത്തി.

‘‘മ്മക്ക് ഒരു സെൽഫിട്ക്കണം.’’

‘‘അയ്നെന്താ പ്പോത്തന്നെട്ക്കാലോ.’’

അവൻ കാമറ സെൽഫി മോഡിലിട്ടു.

‘‘പ്പളല്ല. ചോറ് ബെയ്ച്ച്ട്ട്.’’

‘‘പയ്നൊന്നരക്കോ!’’

‘‘ആ, ക്ക് പയ്ക്ക്ണ്ട്.’’

തേങ്ങാച്ചോറിന്റെ പൊതിയഴിച്ചതും ഷഹനാസിന്റെ കണ്ണ് നീറി. സവാള പച്ചക്ക് നുറുക്കിയിട്ടതും നല്ല എരിവുള്ള ബീഫും! അവളവന്റെ വായിൽ ഒരുരുള ​െവച്ചുകൊടുത്തു. അവൻ തിരിച്ചും.

‘‘അനക്ക് ന്നോട്ള്ള ഈറയൊക്കെ മാറ്യോ?’’

അവൻ ചോദിച്ചു.

‘‘ച്ചെന്തിനാ അന്നോട് ഈറ?’’

‘‘ഞാൻ വിചാരിക്കുമ്പോലെ യ്യ് വിചാരിക്കണില്ലല്ലോ ഇപ്പോ. ക്കറിയാ...’’

‘‘ചെമ്പര്ത്തി എത്ര വിചാരിച്ചാലും റോസാപ്പുഗ്ഗാവ്വോ താഖോ?’’

അത് കേട്ടതും താരീഖിന്റെ മുഖം ചുവന്നു.

‘‘ആവും. പയേ കാലല്ല. ചെമ്പരത്തിക്ക് റോസും റോസിന് ചെമ്പരത്തീം ആവാം. ഞാൻ തീര്മാനിച്ച്ണ്ട്. കായി കൊർച്ച് ചെലവാവും. ന്നാലും മ്മക്ക് രണ്ടാക്കും ഇഷ്ടള്ള കോലത്തിക്ക് മാറാം.’’ ഉരുട്ടിയ ഉരുള കയ്യിൽതന്നെ പിടിച്ച് സ്തബ്ധയായി നിൽക്കുകയാണ് ഷഹനാസ്! താരീഖ് വായ തുറന്ന് ആ ഉരുള അകത്താക്കി.

‘‘ജ്ജെന്താ തീര്മാനിച്ചത്?’’

മറുപടി പറയാതെ അവൻ വായും കയ്യും കഴുകി പാറയുടെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് ചെന്നുനിന്ന് സെൽഫിയെടുക്കാൻ തുടങ്ങി. ബാക്കി ചോറും കഴിച്ച് കൈകഴുകി ഷഹനാസ് അവന്റെയടുത്ത് ചെന്നു.

‘‘മ്മക്കേ ടൈറ്റാനിക്ക് മോഡലില് നിന്ന് സെൽഫിട്ക്കാ.’’

കൈ രണ്ടും ഇരുവശങ്ങളിലേക്കും വിടർത്തിയ നിലയിൽ പാറയുടെ അറ്റത്ത് അവൾ താരീഖിനെ നിർത്തി. പിറകിൽ, വലംകൈ അവന്റെ കൈക്ക് സമാന്തരമായി നീട്ടിപ്പിടിച്ച് ഇടംകൈയിലെ ഫോണിലെ ടൈമർ സെറ്റ് ചെയ്ത് അവളും നിന്നു.


ആഴം കണ്ട് താരീഖിന് തലകറങ്ങി.

‘‘വേം വേണം ക്ക് പേട്യാവ്ണ്.’’

ഷഹനാസ് നോക്കുമ്പോൾ പാറക്കൂട്ടങ്ങൾക്കും മരങ്ങൾക്കും ഇടയിലൂടെ ഉച്ചവെയിൽ ആഴ്ന്നിറങ്ങുന്നു. വെയിലിന്റെ ദിശയെപ്പോലും മാറ്റിക്കളയുമെന്ന ഗർവ് കാറ്റിന്! കണ്ണുകളടച്ച് പിടിച്ച് നിൽക്കുകയാണ് താരീഖ്. അവന്റെ ഉടലാകെ വിറക്കുന്നത് അവളറിഞ്ഞു.

കാമറ ക്ലിക്ക് ചെയ്ത് അവൾ കാത്തുനിന്നു. ഒന്ന് രണ്ട് മൂന്ന് നാല്… പൊടുന്നനെ ഷഹനാസിന്റെ കൈയിൽനിന്ന് ഫോൺ വഴുതി. അയ്യോ എന്നവളും ഇന്റുമ്മാ എന്നവനും ആർത്തു. ആഴങ്ങളിലേക്ക് പറന്ന ഫോണിൽ ആ നിമിഷം സെൽഫിയായി പതിഞ്ഞിട്ടുണ്ടാവണം. പാറക്കൂട്ടങ്ങളിൽ തട്ടി അലയടിച്ച നിലവിളി അവിടെത്തന്നെ അമർന്നടങ്ങി.

08

അലർച്ച കേട്ട് കാതു പൊട്ടിയ ചെമ്പരത്തി തളർന്ന് തൂങ്ങിനിന്നു.

ഇരുട്ടിൽ, കൃഷ്ണയുടെ വീട് തിളങ്ങുന്നുണ്ടെന്ന് ഷഹനാസിന് തോന്നി.

‘‘ഇനിയൂണ്ട്... പതിമൂന്നാഴ്ചകൾ...’’

കണ്ണടച്ച് കണക്ക് കൂട്ടുന്ന ഷഹനാസിന്റെ മൂക്കിൻതുമ്പിൽ ഒരു നിശാശലഭം പറന്നു വന്നിരുന്നു.

* ഇദ്ദ -വിവാഹമോചിതയായ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവൾ ഗർഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി ആചരിക്കുന്ന കാത്തിരിപ്പു കാലത്തെയാണ് ഇസ്‍ലാമിൽ ഇദ്ദ എന്ന് പറയുന്നത്. വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദാ കാലം മൂന്ന് ആർത്തവ കാലമാണ്, ഭർത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാലു മാസവും പത്ത് ദിവസവും.

* സുന്നത്ത് -പരമ്പരാഗത മാർഗം, പ്രവാചകന്റെ മാർഗം, നബിചര്യ എന്നൊക്കെ അർഥം.

* കാര്യം തീർത്ത പെണ്ണ് -ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ.

* സുവർണ നദി -മണലിൽ സ്വർണത്തരികൾ കണ്ടെത്തിയതിനാൽ വില്യം ലോഗൻ ചാലിയാറിനെ വിശേഷിപ്പിച്ചത്

News Summary - madhyamam weekly malayalam story