Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightആ ദൈവദൂതന് ബിഗ്​...

ആ ദൈവദൂതന് ബിഗ്​ സല്യൂട്ട്

text_fields
bookmark_border
car-and-rain
cancel

ശനിയാഴ്ച്ച ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഹിച്ചൂട്ട​​​​​െൻറ പതിവില്ലാത്ത ഡിമാൻറ്​ ‘ഇന്ന് വൈകിട്ട് ഉമ്മി വിളിക്കാൻ വരണോ ട്ടോ’. സാധാരണ ചോക്ലേറ്റ്​, ലെയ്​സ്​, കളിപ്പാട്ടങ്ങൾ, കളർ പെൻസിൽ ഇതൊക്കെയാണ് ആവശ്യങ്ങൾ. മാസാവസാനം ആയത്​ കൊണ്ട് നടത്തി കൊടുക്കാൻ ഒരു സാധ്യതയുമില്ലാത്ത ഡിമാൻറ്​ കൂടിയാണ്​. എങ്കിലും അവനോട് പറഞ്ഞു: ‘പിന്നേയ്.... ഇന്ന് ബസിറങ്ങുമ്പോ നോക്കിക്കോ... ഉമ്മിയായിരിക്കും വിളിക്കാൻ വരണേ’ സൂപ്പർ ഒരു ചിരി സമ്മാനിച്ച് അവനെന്നെ യാത്രയാക്കി.

വാളറ മണ്ണിടിച്ചിൽ കാരണം അന്നും രാവിലെ ബസ് വൈകിയാണ്​ വന്നത്. അപ്പോ വൈകിട്ടത്തെ കാര്യം ഇന്നും കട്ടപ്പൊക.. വിളിക്കാൻ പോവുന്നത് പോയിട്ട് അവൻ ഉറങ്ങുന്നതിനു മുന്നേ എങ്കിലും വീടെത്ത്യാ മതിയാർന്നു. ഓഫീസിലെ അവസ്ഥ എന്നത്തേയും പോലെ തന്നെ... യു.പി.എസ്​ കത്തിപ്പോയെപ്പിന്നെ കറൻറ്​ പോക്കും കൂടുതലാ. പെൻഷൻ, സാലറി, ആർ.ഡി. ഏജൻറ്​ ലിസ്റ്റ്​ അങ്ങനെ പതിവിൽ കൂടുതൽ തിരക്കുള്ള ദിവസം.. അപ്പോഴാണ് മനസ്സിൽ ലഡു പൊട്ടിച്ചു കൊണ്ട് റജൂ​​​​​െൻറ (ഭർത്താവ്​) വിളി.. ‘മീറ്റിങ്​ ​ലേറ്റാവും ആവും.. വൈകിട്ട് നമുക്കൊന്നിച്ചു പോവാം’ ഹാവൂ... ഇന്നത്തെ കാര്യം രക്ഷപെട്ടു..

വേഗം ജോലിയൊക്കെ തീർത്ത് പതിവിലും കുറച്ചു നേരത്തേ ഓഫീസീന്നിറങ്ങി. കുഞ്ഞിനു കൊടുത്ത വാക്കു പാലിക്കാല്ലോ എന്ന സന്തോഷത്തിൽ ബസിൽ കയറി. മങ്ങാട്ടുകവലയിൽ കണ്ടേക്കാം എന്നാണ് റജു പറഞ്ഞേക്കുന്നത്. കാരിക്കോടു കഴിഞ്ഞപ്പോ മുതൽ റോഡ് ബ്ലോക്കാണ്. ജോഷി​​​​​െൻറ രണ്ട്​ മൂന്ന്​ ബസുകളിൽ യൂണിഫോമിട്ട കുട്ടികൾ കൂക്കിവിളിച്ചു പോവുന്നു.

ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഇവരെങ്ങോട്ടു പോവുന്നുവെന്നാലോചിച്ചിരുന്നപ്പോ പിന്നാലെ വന്ന അനൗൺസ്മ​​​​െൻറ്​ ‘പ്രളയക്കെടുതിയിൽ കൂടെ നിന്ന് സഹായിച്ച ലോക ജനതയ്ക്ക് കേരളത്തി​​​​​െൻറ ബിഗ് സല്യൂട്ട്’.. സംഗതി കൊള്ളാം.. കേൾക്കുമ്പോ ഒരു രോമാഞ്ചമൊക്കെയുണ്ട്..... പക്ഷേ ഈ ബ്ലോക്ക്. അതു കുറച്ച് കടുപ്പമാണ്.

ബസ് ഇഴഞ്ഞ് വലിഞ്ഞ് മങ്ങാട് കവല എത്തി. സ്റ്റാൻഡ് നിറയെ ഘോഷയാത്രക്കാരാണ്. ബസ് കുറെ മുന്നോട്ടു കയറ്റി നിർത്തി. ഹോ.. ഇതിനിടയിൽ എങ്ങനെ റജൂനെ കണ്ടു പിടിക്കും..? ഫോൺ ചെയ്യുമ്പോ ബെല്ലടിച്ചു തീരുന്നതല്ലാതെ മറുപടിയൊന്നും ലഭിക്കുന്നുമില്ല. ഒരു പത്ത്​ മിനിറ്റ് കഴിഞ്ഞും ആളെ കാണാതായപ്പോ ഒന്നു കൂടി വിളിക്കാന്നു വിചാരിച്ച് ഫോൺ എടുത്തപ്പോഴേക്കും ദേ മുന്നിൽ നിൽക്കുന്നു ബൈക്കുമായി റജു.

എന്നെ കാണാതെ ഫോൺ എടുത്തു വിളിക്കാൻ തുടങ്ങുന്നുണ്ട്. ഞാൻ വേഗം ചെന്ന് ബൈക്കിനു പിന്നിൽ കേറി.. ഇനിയീ ബ്ലോക്ക് ഒക്കെ കഴിഞ്ഞ് എപ്പോ പോവാനാ....? എ​​​​​െൻറ ചോദ്യത്തിന് ഉത്തരമായി ഒന്നു ചിരിച്ചിട്ട് ‘നീ പിടിച്ചിരുന്നോ’ എന്ന് പറഞ്ഞ് ബൈക്ക് കറക്കി തിരിച്ച് സ്റ്റാൻഡിനുള്ളിലെ ഘോഷയാത്രയ്ക്കിടയിലൂടെ ബൈപാസിലോട്ടു കയറി. ബൈക്കായതു ഭാഗ്യം ഇല്ലേൽ അവിടെ പെട്ട് കിടന്നേനെ..

അല്ലേലും ബൈക്ക് യാത്രയാണ് ഞങ്ങൾക്കിഷ്ടം. കുറെ നാളുകൾക്കു ശേഷം തരപ്പെട്ട ഒരു ബൈക്ക് യാത്രയാണ്. വഴിയിൽ പള്ളി കണ്ടപ്പോ നിസ്കരിച്ചിട്ടുവരാന്നു പറഞ്ഞു റജു ബൈക്ക് ഒതുക്കി. ബൈക്കിൽ ചാരി നിന്ന് ഫേസ്​ബുക്ക്​ പോസ്റ്റുകൾ സ്​ക്രോൾ ചെയ്യുന്നതിനിടയിൽ ആകാശത്ത് മിന്നലി​​​​​െൻറ വെള്ളിവെളിച്ചം പൊട്ടിച്ചിതറുന്നത് കണ്ടു. പടച്ചോനേ.. പണി കിട്ട്വോ..?

അഞ്ച്​ മിനിറ്റു കൊണ്ട് റജു നിസ്കരിച്ചു വന്നു. ഇടി ചെറുതായിട്ടുണ്ടേലും അന്തരീക്ഷം തെളിഞ്ഞതാണ്. ഞങ്ങൾ ഞങ്ങളുടേതായ ലോകത്തിലൂടെ യാത്ര തുടർന്നു. പെരുമ്പള്ളിച്ചിറ കഴിഞ്ഞപ്പോ മുഖത്ത് മഴത്തുള്ളി വീണപ്പോഴാണ് മേലോട്ട് നോക്കുന്നത്. നേരത്തെ ചിരിച്ചു നിന്ന സൂര്യൻ ഇല്ല.. കറുത്തിരുണ്ട കാർമേഘങ്ങൾ മാത്രം... കുറച്ചൂടെ ചെന്നപ്പോ മഴേടെ ശക്തി കൂടി.. കയ്യിലാണേ ആകെയുള്ളത് ഒരു കോട്ടും. ഒരു പനി കഴിഞ്ഞ് തിരിച്ച്​ ​ജോയിൻ ചെയ്തതേ ഉള്ളൂ.. നീ കോട്ട്​ ഇട്ടോ.. കുറെ ആയി മഴ നനഞ്ഞിട്ട്’ ഇതും പറഞ്ഞ് റജു ബൈക്ക്​ ഒതുക്കി.

കൂടെ മഴ നനയാൻ ആഗ്രഹമുണ്ടേലും ജലദോഷം കാരണം മൂക്ക് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇനീം ആശുപത്രിയിൽ പോണമെങ്കിൽ അതും റജു തന്നെ വേണോല്ലോന്ന് കരുതി മനസില്ലാ മനസോടെ കോട്ട്​ തലയിലൂടെ മാത്രമിട്ട് യാത്ര തുടർന്നു. മഴ ശക്തി പ്രാപിച്ചു കൊണ്ടേയിരുന്നു.. മഴതുള്ളി വീണു മുഖം തുളഞ്ഞു പോകുന്ന അവസ്ഥ... ഞാൻ കോട്ടിനുള്ളിൽ മുഖം താഴ്ത്തി റജൂ​​​​​െൻറ പിന്നിൽ ഒളിച്ചിരുന്നു..

കുറെ ദൂരം ചെന്നപ്പോ ബൈക്ക് തുമ്മാൻ തുടങ്ങി .. ന്താ റജൂ ന്താ പറ്റിയേ..?? പെട്രോൾ തീർന്നതാണോ?? ഹെയ് അങ്ങനെ വരാൻ ഒരു വഴീം ഇല്ല.. രാവിലെ പോന്നപ്പോ അടിച്ചതാണല്ലോ.. വെള്ളം കേറീതാവും.. കുഴപ്പമില്ലന്നേ.. ഒന്നു കൂടി ബൈക്ക് സ്റ്റാർട്ടാക്കി.. ഹോ ഭാഗ്യം! സ്റ്റാർട്ട് ആയി. പക്ഷെ അധികം കഴിയും മുന്നേ വീണ്ടും വണ്ടി നിന്നു... പിന്നെഎത്ര അടിച്ചിട്ടും നോ രക്ഷ..

നിൽക്കുന്ന സ്ഥലം അത്ര പന്തിയല്ല.. റബർ മരങ്ങൾ തിങ്ങി നിറഞ്ഞ കലുങ്കുള്ള ഒരു വളവ്.. അടുത്തെങ്ങും ഒരു കട പോലും ഇല്ല. ബൈക്ക് നിർത്തി ഞങ്ങൾ ഇറങ്ങി നിന്നു.. സൈഡ് കേട്ടീട്ടില്ല.. കാലിനടിലൂടെ വെള്ളം കുത്തിയൊലിച്ചു പോവുന്നു.. കാതടിച്ചു പോവുന്ന ഇടീം കണ്ണഞ്ചിപ്പിക്കുന്ന മിന്നലും.. റജു ബൈക്ക് ചാച്ചും ചെരിച്ചും ഒക്കെ സ്റ്റാർട്ട് ആക്കി നോക്കുന്നുണ്ട്.. എന്തൊക്കെയോ അഴിച്ച് ഊതുന്നു.. അവസാനം ഒരു ഡയലോഗും "ചിലപ്പോ പെട്രോൾ തീർന്നതായിരിക്കും.. 100 രൂപക്കേ അടിച്ചാർന്നുള്ളൂ.. മങ്ങാട്ടു കവലേന്നു അടിക്കാന്നു വിചാരിച്ചതാ..അപ്പേ റോഡ് ബ്ലോക്കായില്ലേ?"

അത് കേട്ടപ്പോ അതു വരെ കെട്ടിപ്പിടിച്ച് സൊറ പറഞ്ഞ് ശൃംഗാര ഭാവത്തിലായിരുന്ന എ​​​​​െൻറ ഭാവം മാറി രൗദ്രമായി... ന്തൊരു കഷ്ടാ ഇത്.. ഏതു നേരത്താണോ ഈ പൊട്ട വണ്ടീൽ കേറാൻ തോന്നിയേ.. ഇനി എന്ത് ചെയ്യാനാ. മേലാകെ നനഞ്ഞു ചീഞ്ഞിട്ടുണ്ട്.. ബാഗിൽ കിടക്കുന്ന കാശ്​ വരെ നനഞ്ഞു. ഒരു ബസ് വന്നാ വരെ കേറാൻ പറ്റ്വോ... അല്ലെങ്കി തന്നെ ഈ സ്ഥലത്ത് ഏതു വണ്ടി നിർത്താനാ... വായിൽ തോന്ന്യ തൊക്കെ പറഞ്ഞിട്ടും റജൂന് ആ പതിവു ചിരി തന്നെ...

അല്ലേലും ആറര കൊല്ലായി ഒന്നിച്ചു ജീവിക്കണ്​.. മര്യാദക്കൊരു അടിയുണ്ടാക്കാൻ ഈ ചിരി അവസരം തന്നിട്ടില്ല.. എന്തു പറഞ്ഞാലും ഒരു ചിരി... ഇങ്ങോട്ട് രണ്ട്​ ചീത്ത പറഞ്ഞാലല്ലേ അടിക്കൊരു പഞ്ച്​ ഉണ്ടാവൂ... ഏതായാലും അങ്ങോട്ടുമിങ്ങോട്ടും പോവുന്ന വണ്ടീന്നൊക്കെ ആളുകൾ കൃത്യമായി ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് സഹതാപം.. ചിലരുടെ മുഖത്ത് പുച്ഛം... എന്നാൽ ആരും നിർത്തി എന്താ പറ്റ്യേന്നു പോലും ചോദിക്കണില്ല. ഈ പെരുമഴയത്ത് പെട്രോൾ പമ്പു വരെ വണ്ടി തള്ളുക എന്നത് പ്രായോഗികമല്ല...

ഞങ്ങടെ എതിരേ വന്ന ഒരു കറുത്ത എസ്റ്റീം കാർ പതുക്കെ ഒതുക്കി ഒരാൾ എന്താ പറ്റ്യേന്നന്വേഷിച്ചു. ഹോ! സമാധാനം .. ഒരാളേലും ചോദിച്ചല്ലോ.. മറുപടി പറയാൻ തുടങ്ങും മുന്നേ പിറകീന്ന് നീണ്ട ഹോണടി.. ഒരു വലിയ ടോറസാണ്​. സഹായിച്ചില്ലേലും ഉപദ്രവിക്കാൻ കുറെ പേരുണ്ടാവൂല്ലോ! വല്ലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓരോ വണ്ടി പോയ്ക്കൊണ്ടിരുന്ന ആ റോഡ് എം സി റോഡു പോലായി. ഇരു സൈഡും ബ്ലോക്ക്​.. ആളുകളുടെ നീട്ടിയുള്ള ഹോണടി...

'അങ്ങനെ ഞങ്ങളെ സഹായിക്കാൻ വന്ന ആ വണ്ടിയും മുന്നോട്ടു നീങ്ങി... അങ്ങനെ ആ ഒരു പ്രതീക്ഷയും അസ്തമിച്ചു. വണ്ടി വഴീൽ നിന്നു പോയ കുറ്റവാളികളായ ഞങ്ങളെ നോക്കിക്കൊണ്ട് എല്ലാ വണ്ടിയും പോയി.. എന്നാൽ ആ കറുത്ത എസ്റ്റീം കാർ വീണ്ടും തിരിച്ച് ഞങ്ങടെയടുത്തെത്തി. ഞാനങ്ങോട് പോയതാർന്നു. നിങ്ങളിവിടെ ഈ മഴയത്തിങ്ങനെ നിക്കണ കണ്ടതു കൊണ്ട് തിരിച്ചു വന്നതാ...! എന്തേലും സഹായം വേണോന്നറിയാൻ... ന്താ പറ്റിയേ? പെട്രോൾ തീർന്നതാണോ? ന്താ പറ്റ്യേന്നറീല്ല.. ചിലപ്പോ പെട്രോൾ തീർന്നതാവും ഒരു ചമ്മിയ ചിരിയോടെ മറുപടി പറഞ്ഞു.

‘എങ്കിൽ ഒരാളിവിടെ നിന്നിട്ട് ഒരാൾ കേറ്! പെടോൾ വാങ്ങി കൊണ്ടു വരാം’ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ബൈക്കവിടെ നിർത്തി റജു പോവുന്നതും സേഫ്​ അല്ല. എന്നെ കാറിൽ കയറ്റി പെട്രോൾ വാങ്ങാൻ വിടുന്നതും സേഫ്​ അല്ല. ഏതായാലും ഞങ്ങടെ അവസ്ഥ മനസിലായിട്ടെന്ന പോലെ അദ്ദേഹം പറഞ്ഞു ‘ഞാൻ പോയി വാങ്ങീട്ട് വരാം.. നിങ്ങൾ ബൈക്ക് കുറച്ച് മുന്നോട്ട് തള്ളി വെയ്ക്ക്.. ഇവിടെ നിക്കണ്ട’ റജു വേഗം പഴ്സ് എടുത്ത് 100 രൂപ നീട്ടി. ‘കുപ്പി ഇല്ലല്ലോ’ ഏയ് അതൊക്കെ ഞാനൊപ്പിച്ചോളാം.. ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് അദ്ദേഹം മുന്നോട്ട് നീങ്ങി.

ഞങ്ങൾ വണ്ടി തള്ളി കുറച്ച് മുന്നിൽ കാണുന്ന ഒരു ഫ്ലവർ ഗാർഡനിൽ ഒതുക്കി വെച്ചു. ഒരു പത്തു മിനിറ്റിനുള്ളിൽ ആ മനുഷ്യൻ തിരിച്ചെത്തി.. പെട്രോൾ കുപ്പിയും ബാക്കി വന്ന 20 രൂപയും നീട്ടി.. കുപ്പി മാത്രം വാങ്ങി തിരിച്ചു നടക്കാൻ തുടങ്ങിയ റജൂനോട് ദേഷ്യപ്പെട്ട് 20 രൂപയും കയ്യിൽ വെച്ചു കൊടുത്തു. എന്തൊക്കെയോ പറയാൻ തുനിഞ്ഞ റജൂനോട് പോയ് പെട്രോളൊഴിച്ച് സ്റ്റാർട്ട് ആക്കി നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.. കിട്ടേണ്ടത് കിട്ടിയപ്പോ ബൈക്ക് സ്റ്റാർട്ട് ആയി. .. അതു കണ്ടതും വണ്ടിയെടുത്ത് അദ്ദേഹം പോയി... ഒരു നന്ദി വാക്കു പോലും കേൾക്കാൻ നിക്കാതെ..

ഞങ്ങടെ എതിർദിശയിൽ പോയിരുന്ന വണ്ടി പക്ഷേ ഞങ്ങൾക്കു പോകേണ്ട ഡയറക്ഷനിൽ തന്നെയാണ് പോയത്... അപ്പോ തന്നെ ബൈക്കെടുത്ത്​ പുറകെ വിട്ടെങ്കിലും അങ്ങനൊരു വണ്ടി ഞങ്ങൾ കണ്ടില്ല... എന്നാലും അതാരായിരുന്നു? എന്തിനാ അദ്ദേഹം തിരിച്ചു പോയത്? മനസിൽ ഒരു നൂറു ചോദ്യങ്ങൾ ഉണ്ടായിരുന്നു...

അപ്പോ റജൂ​​​​​െൻറ മറുപടി ‘നിനക്കു മനസിലായില്ലേ? ഞാൻ പ്രാർഥിച്ചപ്പോ അല്ലാഹു വിട്ട ദൂതനാ അത് നമ്മളെ സഹായിക്കാൻ’ ഏതായാലും മക​​​​​െൻറ ബസ്​ എത്തുന്നതിനു മുന്നേ ഞങ്ങളവിടെ എത്തി. ബസ്​ നിർത്തിയപ്പോ പുറത്തേക്ക് പ്രതീക്ഷയോടെ നോക്കുന്ന രണ്ടു കുഞ്ഞി കണ്ണുകൾ എന്നെ കണ്ടതും തിളങ്ങുന്നത് പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു..

അതെ.. അതൊരു ദൈവദൂതൻ തന്നെ.. കോരിച്ചൊരിയുന്ന മഴയത്ത് ഞങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോവാൻ മനസു വരാത്ത ദൈവദൂതൻ.. എ​​​​​െൻറ കുഞ്ഞി​​​​​െൻറ കണ്ണുകളിലെ ആ തിളക്കം എനിക്ക് സമ്മാനിച്ച ആ നല്ല മനുഷ്യൻ... അല്ല ആ ​ൈദവദൂതന്​ ഞങ്ങടെ ഹൃദയത്തിൽ നിന്നും ഒരായിരം ബിഗ്​ സല്യൂട്ട്​.......

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliterature newsmalayalam newsente ezhuthkadha
News Summary - a big sallute to that messenger of god -literature
Next Story