സ്വന്തമായി രാജ്യം സ്ഥാപിച്ച 21കാരന് യു.എന്നിൽ പുരസ്‌കാരം
text_fieldsഡാനിയേൽ ജാക്സൺ
ന്യൂയോർക്ക്: ക്രൊയേഷ്യക്കും സെർബിയക്കും ഇടയിൽ ഡാന്യൂബ് നദിക്കരയിലെ ആരും അവകാശപ്പെടാത്ത 0.5 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ സ്വന്തമായി 'ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസ്' എന്ന പേരിൽ ഒരു രാജ്യം സ്ഥാപിച്ച 21കാരന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ഡാനിയേൽ ജാക്സനാണ് യുഎന്നുമായി ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഡിപ്ലോമസി റിസർച്ചിന്റെ പുരസ്കാരം ഏറ്റുവാങ്ങിയത്. ന്യൂയോർക്കിൽ നടന്ന ഗാല ചടങ്ങിൽ താൻ സ്ഥാപിച്ച സ്വയം പ്രഖ്യാപിത സൂക്ഷ്മ രാഷ്ട്രമായ ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിന്റെ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഡാനിയേൽ എത്തിയത്.
ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘തീർച്ചയായും അത് തീവ്രമായ അനുഭവമായിരുന്നു. വളരെ രസകരമായ അനുഭവം. അവിടെ ഒരുപാട് ഉന്നതർ ഉണ്ടായിരുന്നു. വളരെ പരിഭ്രാന്തി തോന്നി. 21 വയസ്സ് മാത്രമേയുള്ളൂ, ഇത്രയും രസകരവും സ്വാധീനമുള്ളതുമായ ആളുകളുള്ള പരിപാടികളിൽ പങ്കെടുക്കുന്ന അനുഭവം ഞാൻ ഇപ്പോഴും ശീലിച്ചു വരുന്നതേയുള്ളൂ.’ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഡാനിയേൽ പറഞ്ഞു.
ഡാന്യൂബ് നദിക്കരയിൽ ക്രൊയേഷ്യക്കും സെർബിയക്കും ഇടയിൽ ആരും അവകാശപ്പെടാതെ കിടന്ന ഒരു ചെറിയ ഭൂപ്രദേശത്താണ് (ഏകദേശം 0.5 ചതുരശ്ര കിലോമീറ്റർ) 'വെർഡിസ്' എന്ന സ്വയംപ്രഖ്യാപിത രാഷ്ട്രത്തിന്റെ തുടക്കം. ആരും അവകാശപ്പെടാത്ത ഈ ഭൂമിയിൽ ഡാനിയേൽ ജാക്സണും സുഹൃത്തുക്കളും ചേർന്ന് സ്വന്തം പതാക നാട്ടുകയും, 'ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസ്' എന്ന് പേരിട്ട് ഡാനിയേൽ തന്നെത്തന്നെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു.
വർഷങ്ങൾ കൊണ്ട് ഇവർ സ്വന്തമായി ഭരണഘടനയും ഭരണസംവിധാനവും ഓൺലൈൻ കൂട്ടായ്മയും ഉണ്ടാക്കിയെടുത്തു. ഇന്ന് ലോകമെമ്പാടുമുള്ള നിരവധിയാളുകൾ താല്പര്യം കാണിക്കുന്ന ഈ കുഞ്ഞുരാഷ്ട്രത്തിന് നൂറുകണക്കിന് രജിസ്റ്റർ ചെയ്ത പൗരന്മാരുണ്ട്. വെർഡിസിനെ യുഎസോ മറ്റ് ലോക സർക്കാരുകളോ ഇതുവരെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല. എങ്കിലും, ഡാനിയേൽ ജാക്സൺ ഇതിന് ലോകത്തിന്റെ ശ്രദ്ധ നേടിക്കൊടുക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഐവറി കോസ്റ്റിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മാനിച്ചാണ് വെർഡിസിന് അടുത്തിടെ ഒരു യുഎൻ അനുബന്ധ അവാർഡ് ലഭിച്ചത്. വെർഡിസിനെ പ്രതിനിധീകരിക്കുന്ന സർക്കാർ മന്ത്രിമാരും ആഗോള സംഘടനകളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് യുഎൻ ജനറൽ അസംബ്ലി യൂത്ത് മൊബിലൈസേഷൻ സെഗ്മെന്റിൽ പങ്കെടുത്തു. ജാക്സണെ സംബന്ധിച്ചിടത്തോളം, നിരവധി വെല്ലുവിളികൾ നേരിടുന്നതിനാൽ ഈ അംഗീകാരം വലിയ കാര്യമായിരിക്കും. ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിൽ താമസിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.
2023ൽ ക്രൊയേഷ്യൻ പൊലീസ് ജാക്സൺ അടക്കമുള്ളവരെ തടങ്കലിൽ വെക്കുകയും നാടുകടത്തുകയും ചെയ്തു. കൂടാതെ ജാക്സണ് ആജീവനാന്തം ക്രൊയേഷ്യയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സെർബിയ വഴി ആരും വെർഡിസ് തീരത്തേക്ക് കടക്കാതിരിക്കാൻ ക്രൊയേഷ്യൻ അധികൃതർ അവിടെ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംഭവങ്ങളോടെ വെർഡിസ് നിലവിൽ ഒരു 'പ്രവാസ ഗവൺമെന്റ്' ആയി പ്രവർത്തിക്കേണ്ട അവസ്ഥയിലായെന്ന് ജാക്സൺ വെളിപ്പെടുത്തി.

