സെർബിയയിൽ വിദ്യാർഥി വിപ്ലവം; ഭരണ പാർട്ടിയെ പരാജയപ്പെടുത്തി പ്രതിപക്ഷ കൂട്ടായ്മക്ക് വിജയം
text_fieldsവിദ്യാർഥി സഖ്യം
ബെൽഗ്രേഡ്: സെർബിയൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വിദ്യാർഥി നേതൃത്വത്തിലുള്ള പ്രസ്ഥാനം. ഞായറാഴ്ച നടന്ന നിർണായക പാർലമെന്റ് സ്നാപ് തെരഞ്ഞെടുപ്പിൽ വിദ്യാർഥി സഖ്യം ഉജ്ജ്വല വിജയം നേടി. 14 വർഷമായി രാജ്യം അടക്കിവാണ അലക്സാണ്ടർ വുചിചിന്റെ വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ സെർബിയൻ പ്രോഗ്രസീവ് പാർട്ടി (SNS) പരാജയം സമ്മതിച്ചതോടെ ബെൽഗ്രേഡിന്റെ തെരുവുകൾ ആഘോഷത്തിമിർപ്പിലായി.
‘സ്റ്റുഡന്റ് ലിസ്റ്റ് - സ്റ്റുഡന്റ്സ് വിൻ’ എന്ന തെരഞ്ഞെടുപ്പ് പട്ടികയുടെ നൂറുകണക്കിന് പിന്തുണക്കാരാണ് തലസ്ഥാനമായ ബെൽഗ്രേഡിൽ വിജയാഘോഷത്തിനായി ഒത്തുകൂടിയത്. റോയിട്ടേഴ്സ് പുറത്തുവിട്ട ചിത്രങ്ങളിൽ വിദ്യാർഥികൾ ദേശീയ പതാകയേന്തി ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച വുചിച് തന്നെ തോൽവി സമ്മതിച്ചതോടെ ആഘോഷങ്ങൾ രാജ്യമെമ്പാടും വ്യാപിച്ചു.
ഒരു റെയിൽവേ അപകടത്തിൽ നിന്ന് തുടങ്ങിയ ജനകീയ പ്രക്ഷോഭം എങ്ങനെ ഒരു ഭരണകൂടത്തെ തന്നെ വീഴ്ത്തി എന്നതിന്റെ നേർസാക്ഷ്യമാണ് സെർബിയയിൽ കണ്ടത്. 2024 നവംബറിൽ നോവി സാഡ് റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ച സംഭവമാണ് എല്ലാത്തിനും തുടക്കം. നിർമാണത്തിലെ അഴിമതിയും സർക്കാരിന്റെ അലംഭാവവുമാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ അന്ന് തെരുവിലിറങ്ങി.
ആദ്യം നോവി സാഡിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് ബെൽഗ്രേഡ് ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും പടർന്നു. സർവകലാശാലകൾ അടച്ചിട്ട്, തെരുവുകൾ ഉപരോധിച്ച് വിദ്യാർഥികൾ നടത്തിയ സമരം സെർബിയ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രസ്ഥാനമായി മാറി. സർക്കാർ അടിച്ചമർത്തലുകളെയും മാധ്യമ വിലക്കുകളെയും പൊലീസ് നടപടികളെയും അതിജീവിച്ചാണ് വിദ്യാർഥികൾ മുന്നോട്ട് പോയത്.
ഏകദേശം രണ്ട് വർഷത്തോളം നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ, പ്രതിഷേധം കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാർഥികൾ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സ്റ്റുഡന്റ് ലിസ്റ്റ് രൂപീകരിക്കപ്പെടുന്നത്.
2012 മുതൽ സെർബിയയുടെ രാഷ്ട്രീയ ഭാവി നിയന്ത്രിച്ചിരുന്ന നേതാവാണ് അലക്സാണ്ടർ വുചിച്. ശക്തമായ ദേശീയതയും വലതുപക്ഷ നിലപാടുകളും ഉയർത്തി അധികാരം നിലനിർത്തിയ അദ്ദേഹത്തിന് ഇത്തവണ വിദ്യാർഥികളുടെ കൂട്ടായ്മക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ഈ വിജയം സെർബിയയെ സംബന്ധിച്ച് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ വർഷങ്ങളായി ശ്രമിക്കുന്ന സെർബിയയിൽ, കൂടുതൽ ജനാധിപത്യപരവും സുതാര്യവുമായ ഒരു ഭരണകൂടം വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. അഴിമതി രഹിത ഭരണം, സ്വതന്ത്ര മാധ്യമ പ്രവർത്തനം, യൂറോപ്പുമായി കൂടുതൽ അടുപ്പം എന്നിവയാണ് പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

