സ്വയം കുത്തിപ്പരിക്കേൽപിച്ച് മുസ്‍ലിം കുടിയേറ്റക്കാരൻ ആക്രമിച്ചുവെന്ന് കള്ളം പറഞ്ഞു; ക്രൊയേഷ്യയിൽ കന്യാസ്ത്രീക്കെതിരെ കേസ്
text_fieldsസാഗ്രെബി: മുസ്‍ലിം കുടിയേറ്റക്കാരെ കുടുക്കാൻ സ്വയം കുത്തിപ്പരിക്കേൽപിച്ച 35 വയസ്സുള്ള കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ക്രൊയേഷ്യയുടെ തലസ്ഥാന നഗരമായ സാഗ്രെബിലാണ് സംഭവം. സിസ്റ്റർ മരിജ ടട്ജന സ്ർണോ സ്വയം കുത്തുകയും പിന്നീട് താൻ ആക്രമിക്കപ്പെട്ടുവെന്ന് തെറ്റായി ആരോപിക്കുകയും ചെയ്തതായി സാഗ്രെബ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
നവംബർ 28ന് നടന്ന ആക്രമണത്തിനിടെ അക്രമി ‘അല്ലാഹു അക്ബർ’ എന്ന അറബി വാക്യം ഉൾപ്പെടെയുള്ള മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, ഈ അവകാശവാദങ്ങൾ പൊലീസന്വേഷണത്തിൽ സ്ഥിരീകരിക്കാനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രൊയേഷ്യൻ പൊലീസ് ഉടനടി ക്രിമിനൽ അന്വേഷണം ആരംഭിച്ചു. നാലു ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കന്യാസ്ത്രീക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. സംഭവം തുടക്കത്തിൽ ദേശീയ മാധ്യമങ്ങളിലടക്കം ഇടം നേടുകയും പലരും മതപരമായ ആക്രമണമാണെന്ന് അനുമാനിച്ച് വൻ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ കടുത്ത പരിശോധനകൾ തുടർന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീ ക്രിമിനൽ കുറ്റകൃത്യം തെറ്റായി റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. സാഗ്രെബ് പ്രദേശത്തെ ഒരു കടയിൽ നിന്ന് മുമ്പ് വാങ്ങിയ കത്തി ഉപയോഗിച്ച് അവർ സ്വയം മുറിവേൽപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. പരിചയമുള്ള ഒരാളുടെ കൂടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്.
സാഗ്രെബിലെ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്‌സിന്റെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗമായ സിസ്റ്റർ സ്ർണോ, ചികിൽസക്കുശേഷം സുഖം പ്രാപിച്ചുവരികയാണെന്ന് പറയപ്പെടുന്നു. അവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതായിരുന്നില്ലെന്നും ചികിൽസ തേടിയ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

